Friday, December 30, 2011

മലയാളസിനിമ -2011 നിറംമങ്ങിയ കെട്ടുകാഴ്‌ച

മലയാളസിനിമയെ സംബന്ധിച്ച്‌ പ്രധാനപ്പെട്ട വര്‍ഷമാണ്‌ 2011. തമിഴ്‌സിനിമയുടെ വിരസങ്ങളായ ചട്ടക്കൂടുകള്‍ക്കു മുന്നില്‍ തലകുനിച്ചു കൊണ്ടിരുന്ന മലയാളസിനിമയെ മലയാളഭാഷയുടേയും സംസ്‌കൃതിയുടേയും തനിമയിലേക്ക്‌ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച കുറെ യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ സജീവമായ സാന്നിദ്ധ്യമാണ്‌ കഴിഞ്ഞ വര്‍ഷത്തിന്റെ ഈടുവെയ്‌പ്പ്‌. ചലച്ചിത്ര പരീക്ഷണങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴും വന്‍ പ്രതീക്ഷകളുമായി വിപണി കീഴടക്കാന്‍ അരങ്ങേറിയ ഒട്ടുമിക്ക ചിത്രങ്ങളും ബോക്‌സോഫീസില്‍ തറപറ്റി. തിയേറ്ററുകളിലെത്തിയ എഴുപതു ശതമാനം ചിത്രങ്ങള്‍ക്കും മുടക്കുമുതലിന്റെ പത്തിലൊന്നുപോലും ലഭിച്ചില്ല. തെറ്റുന്ന കണക്കുകൂട്ടലുകളും പാളുന്ന ധാരണകളും എവിടെയാണ്‌ മലയാളസിനിമക്ക്‌ പിഴച്ചത്‌?

പിന്നിട്ട വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വിചിത്ര വിജയം നേടിയത്‌ സാള്‍ട്ട്‌ ആന്റ്‌ പെപ്പറും ട്രാഫിക്കും ചാപ്പാകുരിശുമാണ്‌. രാജേഷ്‌ പിള്ള സംവിധാനം ചെയ്‌ത ട്രാഫിക്കും ആഷിക്ക്‌ അബു സംവിധാനം ചെയ്‌ത സോള്‍ട്ട്‌ ആന്റ്‌ പെപ്പറും സമീര്‍ താഹിര്‍
സംവിധാനം നിര്‍വ്വഹിച്ച ചാപ്പാകുരിശും പ്രദര്‍ശന വിജയത്തോടൊപ്പം പുതിയ ചില ആലോചനകള്‍ക്കും തുടക്കമിട്ടു. മലയാളി പുതുമ കൊതിക്കുന്നു. പക്ഷേ, നവീനതയിലേക്ക്‌ പ്രവേശിക്കുമ്പോള്‍ എന്തൊക്കെ തയാറെടുപ്പുകള്‍ വേണം? സിനിമയുടെ കഥയിലും ആവിഷ്‌ക്കാരത്തിലും മാത്രമല്ല, വിതരണത്തിലും സൂക്ഷ്‌മത പുലര്‍ത്തണം. നാം കാണാന്‍കൊതിക്കുന്ന സിനിമയെപ്പറ്റിയുള്ള ചില നന്മകളൊക്കെയാണ്‌ ഈ ചിത്രങ്ങളുടെ വിജയത്തിന്‌ സഹായകമായത്‌. കൃത്രിമത്വം നിറഞ്ഞ തിരക്കഥകള്‍ക്കിടയില്‍ ചാപ്പാകുരിശും ട്രാഫിക്കും സോള്‍ട്ട്‌ ആന്റ്‌ പെപ്പറും വേറിട്ടൊരു കാഴ്‌ചയായതില്‍ അല്‍ഭുതമില്ല.
വിശ്വാസങ്ങളെ തകര്‍ത്തുകൊണ്ടാണ്‌ അടുത്തകാലത്ത്‌ മറ്റു ചില ചിത്രങ്ങള്‍ വിജയിച്ചത്‌. ഇതില്‍ നിന്ന്‌ ഒരു കാര്യം മനസ്സിലാക്കാം സിനിമയുടെ വിജയത്തിന്‌ ഒന്നും അനിവാര്യഘടകമല്ല. നടനോ, നടിയോ എന്തിന്‌ സംവിധായകന്‍പോലും. പ്രേക്ഷകരുടെ മനസ്സ്‌ അളന്നെടുക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ പ്രയാസപ്പെടുന്നു. സ്വന്തം കഴിവ്‌ ഇനിയും വേണ്ടത്ര സ്ഥാപിച്ചെടുക്കാന്‍ കഴിയാതിരുന്ന പൃഥ്വിരാജിനെ നായകനാക്കി സന്തോഷ്‌ ശിവന്‍ സംവിധാനം ചെയ്‌ത ഉറുമി സാമ്പത്തിക വിജയം നേടി. ഇത്‌ മികച്ച ചിത്രമെന്ന്‌ അവകാശപ്പെടാന്‍ കഴിയില്ല. പക്ഷേ, കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ട്രീറ്റ്‌മെന്റാണ്‌ സന്തോഷ്‌ശിവന്‍ ഈ ചിത്രത്തിന്‌ നല്‍കിയത്‌. ഒരു ചിത്രം വിജയിച്ചാല്‍ അതിന്റെ പിന്നാലെ പോകുന്ന പ്രവണത 2011-ലും മലയാളസിനിമ ഉപേക്ഷിച്ചില്ല. മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ നിരയില്‍ ജോഷിയുടെ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സും റാഫി മെക്കാര്‍ട്ടിന്റെ ചൈനാടൗണും ഉണ്ടായി . സാമ്പത്തികമായും ഈ ചിത്രങ്ങള്‍ പരിക്കില്ലാതെ കരകയറി. ഗദ്ദാമ, ബ്യൂട്ടിഫുള്‍, മാണിക്യക്കല്ല്‌, സീനിയേഴ്‌സ്‌, ജനപ്രിയന്‍, രതിനിര്‍വ്വേദം, ഇന്ത്യന്‍ റുപ്പി, സ്‌നേഹ വീട്‌, സ്വപ്‌ന സഞ്ചാരി എന്നിവ വിജയചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.

ജയറാമിന്റെ മേക്കപ്പ്‌മാന്‍ ആവര്‍ത്തനവിരസമായിരുന്നു. ജയറാം അഭിനയിച്ച മൂന്നു ചിത്രങ്ങളും ആവറേജ്‌ വിജയങ്ങളായി എന്നത്‌ ഈ നടന്‌ ആശ്വാസം നല്‍കുമെങ്കിലും ചിത്രങ്ങളെല്ലാം പള്‍പ്പു ഉല്‍പന്നങ്ങളായിരുന്നു എന്നത്‌ വിസ്‌മരിക്കാന്‍ കഴിയില്ല. പൃഥ്വിരാജിന്‌ അഭിനയത്തികവിലേക്ക്‌ ഇനിയും ദൂരമേറെയുണ്ടെന്ന്‌ കഴിഞ്ഞവര്‍ഷവും ഈ നടനെ ഓര്‍മ്മപ്പെടുത്തി. വീട്ടിലേക്കുള്ള വഴി ഡോ.ബിജു തുറന്നുകൊടുത്തെങ്കിലും നടനചാതുരി വഴങ്ങിയില്ല. അര്‍ജ്ജുനന്‍ സാക്ഷി എന്നും സാക്ഷിയായതുമില്ല. ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഭേദപ്പെട്ടനിരയിലേക്ക്‌ ഉയര്‍ന്നു. ജയസൂര്യയാണ്‌ യുവനിരയില്‍ ശ്രദ്ധപിടിച്ചുപറ്റിയത്‌. 2011 ഏറെ പരിക്കേല്‍പ്പിച്ചത്‌ മമ്മൂട്ടിയെയാണ്‌. മമ്മൂട്ടിയുടെ ഒരു ചിത്രംപോലും വിജയിച്ചവയുടെ പട്ടികയില്‍ ഇടംനേടിയില്ല. ജോഷി, പ്രിയദര്‍ശന്‍, റാഫിമെക്കാര്‍ട്ടിന്‍ ചിത്രങ്ങളുണ്ടായിട്ടും സത്യന്‍ അന്തിക്കാട്‌ സിനിമ മാത്രം മോഹന്‍ലാലിന്‌ ആശ്വാസം നല്‍കി. ബ്ലസിയുടെ പ്രണയം ലാലിന്‌ മികച്ചവേഷമാണ്‌. കഥാപാത്രത്തെ തന്മയത്വത്തോടെ മോഹന്‍ലാല്‍ അവതരപ്പിക്കുകയും ചെയ്‌തു. പക്ഷേ, പ്രണയം സാമ്പത്തികവിജയം നേടിയില്ല. ടി.വി.ചന്ദ്രന്‍ സംവിധാനം ചെയ്‌ത ശങ്കരനും മോഹനനും പുതുമയൊന്നും കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ചന്ദ്രന്റെ മികച്ച കൃതികളുടെ നിര
യിലേക്ക്‌ ഈ ചിത്രത്തിന്‌ ഉയരാനും സാധിച്ചില്ല. പ്രിയനന്ദന്റെ ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌ കലയോ, കച്ചവടമോ ഇല്ലാതെ പോയി. വിപണി കീഴടക്കുന്ന സിനിമ ചെയ്യാന്‍ അത്ര എളുപ്പമല്ലെന്ന്‌ ടി.വി.ചന്ദ്രനും പ്രിയനന്ദനനും തിരിച്ചറിയാന്‍ ഈ ചിത്രങ്ങളുടെ പരാജയം കാരണമായത്‌ മെച്ചം.

പി.ടി.കുഞ്ഞിമുഹമ്മദ്‌ സംവിധാനം ചെയ്‌ത വീരപുത്രന്‍ വിവാദങ്ങളില്‍ ചെന്നുപെട്ടിട്ടും പ്രദര്‍ശനശാളയില്‍ ചലനം സൃഷ്‌ടിക്കാതിരുന്നുത്‌ സംവിധാനത്തിലും അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലും വന്നുചേര്‍ന്ന പരാജയമാണ്‌. നരന്‍ എന്ന നടന്‌ ഒരു ചരിത്രപുരുഷന്റെ ജീവിതത്തിലേക്ക്‌ പരകായപ്രവേശം നടത്താന്‍ കഴിഞ്ഞില്ല. പ്രാഞ്ചിയേട്ടന്‍ ആന്‍റ്‌ ദി സെയിന്റ്‌ എന്ന ചിത്രത്തിലൂടെ സംവിധാനകലയുടെ വിസ്‌മയം തീര്‍ക്കാന്‍ സാധിച്ച സംവിധായകന്‍ രഞ്‌ജിത്തിന്‌ ഇന്ത്യന്‍ റുപ്പി ആശ്വാസം നല്‍കിയെങ്കിലും ചിത്രംമികവ്‌ പുലര്‍ത്തിയിരുന്നില്ല. വിലക്കും വിവാദവും സമരവുമൊക്കെയായി മലയാളസിനിമ പ്രദര്‍ശനശാലകളില്‍ നിന്നുമാത്രമല്ല, പ്രേക്ഷകരില്‍ നിന്നും അകന്നുപോകുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ വര്‍ഷം അടയാളപ്പെടുത്തിയത്‌.
എഴുത്തുകാരുടെ പ്രതിസ
ന്ധിയാണ്‌ സിനിമയുടെ തകര്‍ച്ചയ്‌ക്ക്‌ മറ്റൊരു കാരണം. ഓടുന്ന കഥ എന്ന സങ്കല്‍പത്തിന്റെ പിന്നാലെ ഓടുകയാണ്‌ അവര്‍. കച്ചവടക്കണ്ണിനാണ്‌ അധീശശക്തി. അതിന്‌ മേല്‍ പരുന്തും പറക്കില്ല. പ്രേക്ഷകരുടെ അഭിരുചി പോലും നിര്‍മ്മാതാക്കള്‍ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക്‌ നീങ്ങുകയാണ്‌. പുതിയ കഥകള്‍ കണ്ടെത്താനോ, അതിന്‌ അനുയോജ്യമായ തിരക്കഥകള്‍ എഴുതാനോ സാധിക്കുന്നില്ല. ഫാസില്‍ മാജിക്ക്‌ പോലും മലയാളത്തില്‍ അപ്രത്യക്ഷമായി എന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌ ലിവിംഗ്‌ ടുഗെദര്‍ എന്ന സിനിമ. വര്‍ത്തമാനകാല സമൂഹത്തോട്‌ എങ്ങനെ സംവദിക്കണമെന്ന്‌ തിരിച്ചറിയാന്‍ സാധിക്കാതെ പകച്ചുനില്‍ക്കുന്ന സംവിധായകനെയാണ്‌ ലിവിംഗ്‌ ടുഗെദര്‍ വ്യക്തമാക്കിയത്‌.
2011-ല്‍ എണ്‍പത്തിയൊമ്പത്‌ ചിത്രങ്ങളാണ്‌ തിയേറ്ററുകളിലെത്തിയത്‌. വിജയിച്ച ഏതാനും സിനിമകള്‍ മാറ്റിവെ

ച്ചാല്‍ പരാജയത്തിലേക്ക്‌ വീണ ചിത്രങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതകളാണ്‌ മലയാളസിനിമയില്‍ ഉണ്ടാക്കിയത്‌. 90-ലധികം കോടികളുടെ നഷ്‌ടക്കണക്കാണ്‌ സിനിമാരംഗം സൂചിപ്പിക്കുന്നത്‌. ഇത്‌ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ അതിഭീകരമാണ്‌. ഓരോ വര്‍ഷം പിന്നിടുമ്പോഴും മലയാളിയുടെ സിനിമയോടുള്ള മോഹം വന്‍വീഴ്‌ചകളുടെ കണക്കുകളാണ്‌ നല്‍കുന്നത്‌. ഇതിനുള്ള പരിഹാരം സ്വയം തിരിച്ചറിയും യാഥാര്‍ത്ഥ്യബോധത്തോടെ ചലച്ചിത്രരംഗത്തെ സമീപിക്കുകയമാണ്‌ വേണ്ടത്‌.
സാറ്റലെറ്റ്‌ വിപണനം കൊണ്ടുമാ
ത്രം സിനിമയെ രക്ഷപ്പെടുത്താന്‍ അധികകാലം സാധിക്കില്ല. തിയേറ്ററില്‍ പരാജയപ്പെട്ടാലും സാറ്റ്‌ലൈറ്റ്‌ കച്ചവടത്തില്‍ ലാഭം നേടുന്ന ചിത്രങ്ങളുടെ നിരയില്‍ ഏതാനും ചിത്രങ്ങള്‍ ഈ വര്‍ഷവും കടന്നുകൂടിയാലും കോടികളുടെ നഷ്‌ടപ്പട്ടികയില്‍ നിന്നും സിനിമാവ്യവസായം മോചനം നേടുന്നില്ല.
ജയറാമും പൃഥ്വിരാജും അഭിനയിച്ച ചിത്രങ്ങളുടെ സാമ്പത്തിക നിലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും അഭിനയത്തില്‍ ഉയരത്തിലെത്തിയത്‌ ജയസൂര്യയും കുഞ്ചാക്കോ ബോബനുമാണ്‌. യുവനിരയില്‍ തിളങ്ങിയത്‌ ആസിഫ്‌ അലി. പുതുമുഖനടന്മാരില്‍ ഉണ്ണിമുകുന്ദനും ശ്രദ്ധിക്കപ്പെട്ടു. മേല്‍വിലാസം , വീട്ടിലേക്കുള്ള വഴി, മകരമഞ്ഞ്‌ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ല.

ആദാമിന്റെ മകന്‍ അബു, ഗദ്ദാമ എന്നിവ നേടിയെടുത്ത അവാര്‍ഡുകളും പ്രശംസയും ഗൗരവമുള്ള സിനിമകള്‍ ചെയ്യാന്‍ മലയാളത്തില്‍ സാധ്യത വര്‍ദ്ധിപ്പിച്ചു. മലയാളസിനിമയില്‍ തീവ്രവാദത്തിന്റെയും താന്തോന്നിത്തത്തിന്റെയും മൊത്തക്കച്ചവടം ചാര്‍ത്തിയ മുസ്‌ലിം കഥാപാത്രാവതരണത്തിന്‌ മങ്ങലേല്‍പ്പിക്കാന്‍ ആദാമിന്റെ മകന്‍ അബുവിന്‌ സാധിച്ചു. ജീവിത വേവലാതിയും അതിജീവനത്തിന്റെ ത്വരയും വിശുദ്ധിയും അടയാളപ്പെടുത്തുന്ന മുസ്‌ലിം കഥാപാത്രം അബുവില്‍ പ്രേക്ഷകന്റെ മനസ്സ്‌ തൊട്ടു. എന്നാല്‍ ഗദ്ദാമയില്‍ അറബികള്‍ വില്ലന്മാര്‍ മാത്രമായി വീണ്ടും ചിത്രീകരിക്കുകയായിരുന്നു. അടിച്ചും അടികൊണ്ടും പരിക്കുപറ്റി ഓടി രക്ഷപ്പെടുന്ന ബാബുരാജിനെപോലുള്ള പല നടന്മാര്‍ക്കും സോള്‍ട്ട്‌ ആന്റ്‌ പെപ്പറും ആദാമിന്റെ മകനും പുതിയ താരപദവി നല്‍കി.
സ്‌ത്രീകഥാപാത്രങ്ങള്‍ക്ക്‌ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞ കുറച്ചുചിത്രങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഗദ്ദാമ, കഥയിലെ നായിക, ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌, സ്വപ്‌നസഞ്ചാരി മുതലായ ചിത്രങ്ങള്‍. നായികയിലൂടെ ശാരദയും സ്‌നേഹവീടിലൂടെ ഷീലയും പ്രത്യക്ഷപ്പെട്ടു. ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ അനൂപ്‌ മേനോന്‍ തിരക്കഥയില്‍ മികവു പുലര്‍ത്തി. സന്തോഷ്‌ പണ്‌ഡിറ്റിന്റെ കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെ പ്രത്യുഷയും നഖരത്തിലൂടെ അര്‍പ്പിതയും കളഭമഴയില്‍ ദീപികയും കൗസ്‌തുഭത്തില്‍ കാര്‍ത്തികയും ലിവിംഗ്‌ടുഗെദറില്‍ ശ്രീലേഖയും പുതുമുഖനടിമാരായി. ഗദ്ദാമയില്‍ കാവ്യയും കയത്തില്‍ ശ്വേതാമേനോനും തിളങ്ങി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ പാട്ടുകളുടെ ഗുണനിലവാരം കുറഞ്ഞു. പ്രണയം, ഒരു മരുഭൂമിക്കഥ, ബ്യൂട്ടിഫിള്‍,മാണിക്യക്കല്ല്‌, സ്‌നേഹവീട്‌ എന്നിങ്ങനെ ഏതാനും ചിത്രങ്ങളിലെ പാട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹിറ്റുകളും കുറഞ്ഞു.
ഹാസ്യനിരയില്‍ ജഗതിയും സൂരജ്‌ വെഞ്ഞാറമൂടും തന്നെ സൂപ്പറുകളായി. മനോജ്‌ കെ.ജയന്‌ തിരിച്ചുവരവിന്റെ വര്‍ഷമായിരുന്നു. മുകേഷിന്‌ ഒരു മരുഭൂമിക്കഥ മുതല്‍ക്കൂട്ടായി.ചെറുതുംവലുതുമായ വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞുനില്‍ക്കുമ്പോഴും പുതി.യൊരു കാഴ്‌ചാസംസ്‌ക്കാരത്തിന്റെ ആരോഗ്യകരമായ സാന്നിധ്യമാകാന്‍ മലയാളസിനിമയ്‌ക്ക്‌ സാധിക്കുന്നില്ല.

സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകര്‍ എന്‌ ലേബിള്‍ പലര്‍ക്കും നഷ്‌ടമാകുന്നതിനും കഴിഞ്ഞ വര്‍ഷം സാക്ഷിയായി. ജോഷി, ഫാസില്‍, പ്രിയദര്‍ശന്‍,രാജസേനന്‍,കമല്‍ എന്നിവര്‍ കരിയറില്‍ ഉയര്‍ച്ചനേടിയില്ല. ശക്തമായ ആശയങ്ങളുള്ള സംവിധായകര്‍ മലയാളത്തിലേക്ക്‌ പ്രവേശിക്കുകയായിരുന്നു. സലീം അഹ്‌മ്മദ്‌, വൈശാഖ്‌, മാധവ്‌ രാമദാസ്‌, ബോബന്‍ സാമുവല്‍, ഡോ.ബിജു,സാമിര്‍ താഹിര്‍, വി.െക.പ്രകാശ്‌ തുടങ്ങിയവര്‍ പ്രതീക്ഷ നല്‍കി. നിര്‍മ്മാതാക്കള്‍ റിസ്‌ക്‌ എടുത്ത്‌ പുതിയവരെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത മലയാളത്തില്‍ ഇനിയും കരുത്താര്‍ജ്ജിച്ചിട്ടില്ല. സിനിമയുടെ വിജയത്തിന്‌ ഇവിടെ ആരും അവസാന വാക്കല്ല എന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുകയാണ്‌ പോയവര്‍ഷം. പൊതുവില്‍ മലയാളസിനിമയുടെ അടിത്തറ ഭദ്രമല്ല. എവിടെയോ ചില അപാകതകള്‍ നിഴലിക്കുന്നു. അത്‌ തിരിച്ചറിഞ്ഞ്‌ പരിക്കാന്‍ ആരാണ്‌ തയാറാകുക? പുതുവര്‍ഷത്തെ ആശങ്കപ്പെടുത്തുന്ന ചോദ്യവും മറ്റൊന്നല്ല. -വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌ 1/1/201
2

Saturday, December 03, 2011

ഇനി നല്ല സിനിമ കാണാം

കേരളത്തിന്റെ പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്ര മേളക്ക്‌ ഈ ആഴ്‌ച തുടക്കം. ലോകസിനിമയുടെ വിവിധതലങ്ങളിലേക്ക്‌ കണ്ണുതുറക്കുന്ന തിരഭാഷകളിലേക്ക്‌
ഓരോ കലാരൂപവും കാലഘട്ടത്തിന്റെ സവിശേഷ നിര്‍മ്മിതി കൂടിയാണ്‌.കാലത്തിന്റേയും സാമൂഹികാന്തരീക്ഷത്തിന്റേയും സൂക്ഷ്‌മ സ്‌പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ്‌ കലാരൂപം പൂര്‍ണ്ണതയിലെത്തുന്നത്‌.ചലച്ചിത്രങ്ങളും അര്‍ത്ഥമാക്കുന്നത്‌ മറ്റൊന്നല്ല. സിനിമ പ്രജ്ഞയുടെയും അന്വേഷണത്തിന്റെയും മാറ്റുരയ്‌ക്കലാണെന്ന്‌ തിരിച്ചറിയുന്നവര്‍, കാലത്തിന്‌ നേരെ പിടിക്കുന്ന കണ്ണാടിയായി സിനിമയെ മാറ്റീത്തീര്‍ക്കുന്നു. ലോകജീവിതത്തിന്റെ പരിച്ഛേദത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുന്ന ചലച്ചിത്രഭാഷ തൊട്ടറിയാനുള്ള വേദിയായി മാറിയിരിക്കയാണ്‌ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള. മനുഷ്യബന്ധങ്ങള്‍ക്കും ലോകരാഷ്‌ട്രീയത്തിനും നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ ദൃഢവും സുതാര്യവുമായ തിരഭാഷയാണ്‌ ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത്‌ നടക്കുന്ന പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്‌.
ലോകരാഷ്‌ട്രീയത്തിലും ജീവിത വ്യവസ്ഥയിലും ചലച്ചിത്രകാരന്മാരുടെ ഇടപെടല്‍ പ്രതിഫലിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ പതിനാറാമത്‌ മേളയിലുണ്ട്‌. പ്രത്യേകിച്ചും അറബ്‌ സിനിമകളുടെ ശക്തമായ സാന്നിധ്യം. ആഭ്യന്തര കലഹങ്ങളും അധിനിവേശത്തിന്റെ പുതിയ പ്രവണതകളും പ്രതിരോധത്തിന്റെ ജനമുന്നേറ്റവും തിരകാഴ്‌ചയില്‍ നടത്തുന്ന പകര്‍പ്പെഴുത്തുകളാണ്‌ അറബ്‌ ചിത്രങ്ങളുടെ പാക്കേജ്‌. ലോകരാഷ്‌ട്രങ്ങളിലെ കലാകാരന്മാര്‍ ജീവിതത്തെയും സിനിമയെയും എങ്ങനെ സമീപിക്കുന്നു എന്നതിന്റെ വ്യക്തമായ അടയാളങ്ങള്‍ ഈ മേളയുടെ സന്ദേശമായി മാറുന്നു. മനുഷ്യര്‍പാര്‍ക്കുന്ന ലോകത്തെപ്പറ്റിയുള്ള ആകുലതകള്‍ പങ്കുപറ്റുന്ന ചിത്രങ്ങള്‍ക്കാണ്‌ മേള മുന്‍ഗണന നല്‍കുന്നത.
ഏകാന്തത, അവഗണന, പീഡനം,നിന്ദ,ഭീതി തുടങ്ങി അനേകം വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ പതിനാറാമത്‌ മേളയുടെ പൊതുസ്വഭാവമാണ്‌. അവ ഇറാനില്‍ നിന്നോ, മഗ്‌രിബ്‌ പ്രവശ്യയില്‍ നിന്നോ, ഈജിപ്‌തില്‍ നിന്നോ പകര്‍ത്തിയതാവാമെങ്കിലും എല്ലാ ഫ്രെയിമുകളിലും മനുഷ്യന്റെ ആഗോളപ്രശ്‌നങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും. ദൃശ്യസമൃദ്ധിയില്‍ നിന്നും ഓരം ചേര്‍ത്തു നിര്‍ത്തിയ ചില കാഴ്‌ചകളുടെ വേദിയാവുകയാണ്‌ രാജ്യാന്തര മേള.
60-ലധികം രാജ്യങ്ങളില്‍ നിന്നും 185 സിനിമകളാണ്‌ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. മത്‌ലവിഭാഗത്തില്‍ മെക്‌സിക്കന്‍ സംവിധായകനന്‍ സെബാസ്റ്റ്യന്‍ ഹിറിയാറ്റിന്റെ എ സ്റ്റോണ്‍സ്‌ ത്രോ എവേ, ബ്ലാക്ക്‌ ബ്ലഡ്‌(മൈയോന്‍ഷാങ്‌-ചൈന), ബോഡി (മുസ്‌തഫ-തുര്‍ക്കി), ഫ്‌ലാമിംഗോ (ഹാമിദ്‌-ഇറാന്‍),കെനിയുടെ ഇല്‍ബിഡി, ഫിലിപ്പെന്‍സിന്റെ പാലവാന്‍, സിറിയന്‍ ചിത്രം സെപ്‌തംബര്‍റെയ്‌ന്‍,
കൊളംബിയയുടെ കളര്‍ഓഫ്‌ മൗണ്ടന്‍സ്‌, പാബ്ലോ പില്‍മാന്‍ സംവിധാനം ചെയ്‌ത ദ പെയിന്റിംഗ്‌ ലെസ്സണ്‍, മലയാളത്തില്‍ നിന്ന്‌ ആദിമധ്യാന്തം, ആദാമിന്റെ മകന്‍ അബു, ഡല്‍പി ഇന്‍ ഡേ(ഹിന്ദി) ബംഗാളി ചിത്രം അറ്റ്‌ ദി എന്റ്‌ ഓഫ്‌ ഓള്‍ എന്നിവയാണ്‌ മാറ്റുരക്കുന്നത്‌.
ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള അറബ്‌ സിനിമകളാണ്‌ മേളയിലെ ഏറ്റവും ആകര്‍ഷണീയമായ. പാക്കേജ്‌. ഈജിപ്‌ത്‌, മൊറോക്കോ, സിറിയ,ലെബനന്‍, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുതിയ കാലത്തിന്റെ വേലിയേറ്റങ്ങളും വേലിയിറക്കവും അനുഭവപ്പെടുത്തുന്നു. ഡീഫ ഫിലിംസ്‌ യുദ്ധാനന്തര ജര്‍മ്മനിയുടെ പരിച്ഛേദം പ്രതിഫലിപ്പിക്കും. ഇതര മേളകളില്‍ നിന്നും വ്യത്യസ്‌തമാകുന്ന പാക്കേജാണ്‌ പഴയ ജര്‍മ്മന്‍ സിനിമകള്‍. കൂടാതെ ഫുട്‌ബോള്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും പതിനാറാമത്‌ മേളയിലുണ്ട്‌. കിക്കിങ്‌ ആന്റ്‌ സ്‌ക്രീനിങ്‌ വിഭാഗം. ആഫ്രിക്കന്‍ സിനിമയുടെ വിപ്ലകാരി മെംബേറ്റിയുടെ സിനിമകള്‍,അമേരിക്കന്‍ ചലച്ചിത്രകാരന്‍ അഡോള്‍ഫാസിന്റെ ചിത്രങ്ങള്‍. നവ അമേരിക്കന്‍ വ്യവസ്ഥിതി പ്രേക്ഷകരുമായി പങ്കുവെക്കുന്നു. ഫിലിപ്പെന്‍സ്‌ പാക്കേജ്‌, റെസ്‌ട്രോപറ്റീവ്‌ വിഭാഗത്തില്‍ ഒഷിമ, മഖ്‌മുറെ,റോബര്‍ട്ട്‌ ബെസ്‌നി കെയിഡന്‍ ഹൊറോര്‍, മലയാളത്തില്‍ നിന്ന്‌ നടന്‍ മധു അഭിനയിച്ച സ്വയംവരം, ഓളവും തീരവും, ചെമ്മീന്‍ ഉള്‍പ്പെടെ നാല്‌ ചിത്രങ്ങളുമുണ്ട്‌. ലോകസിനിമാ വിഭാഗത്തില്‍ ജപ്പാന്‍, ശ്രീലങ്ക, ഫ്രാന്‍സ്‌, റഷ്യ,തായ്‌ലന്റ്‌, പോളണ്ട്‌,ബംഗ്ലാദേശ്‌,ബെല്‍ജിയം, പെറു,തുര്‍ക്കി,ഇറ്റലി,പെയിന്‍,ബ്രസീല്‍,ചൈന,ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമ, മലയാളത്തിലെ നവസിനിമ വിഭാഗവുമുണ്ട്‌. ഇങ്ങനെ പ്രതീക്ഷയുടെ ഒരു കാഴ്‌ചാ സംസ്‌ക്കാരത്തിന്റെ വേദിയാവുകയാണ്‌ കേരളത്തിന്റെ പതിനാറാമത്‌ രാജ്യാന്തര ചലച്ചിത്രമേള.

ലോകസിനിമയില്‍ വന്‍വീഴ്‌ചകളുടെ കാലം

കാഴ്‌ചകളുടെ നദി ഒഴുകുകയാണ്‌. കാലദേശങ്ങളിലൂടെ ക്യാമറ തൊട്ടുകാണിക്കുന്ന ദൃശ്യപംക്തികള്‍ നമ്മുടെ മുന്നില്‍ വിരിച്ചിടുന്ന ലോകജീവിതമാണ്‌ സിനിമ അനുഭവപ്പെടുത്തുന്നത്‌.ലോകസിനിമയുടെ പുതിയ കാഴ്‌ചകളെപ്പറ്റി മധു ഇറവങ്കര സംസാരിക്കുന്നു:
ലോകസിനിമ?
ലോകസിനിമയുടെ പുതിയ കാഴ്‌ചകള്‍ എന്നെ പലപ്പോഴും നിരാശപ്പെടുത്തുന്നു. പൊതുവെ പഴയകാല പ്ര

താപം കാത്തുസൂക്ഷിക്കാന്‍
മിക്കരാജ്യങ്ങളിലേയും ചലച്ചിത്രകാരന്മാര്‍ക്ക്‌ സാധിക്കുന്നില്ല. യൂറോപ്യന്‍ സിനിമകള്‍ വാണിജ്യതന്ത്രങ്ങളിലേക്ക്‌ വഴിമാറുകയാണ്‌. പണ്ട്‌ പോളാന്‍സ്‌കിയുടെയും മറ്റും ചിത്രങ്ങള്‍ നല്‍കിയ പ്രതീക്ഷകള്‍ ഇപ്പോള്‍ മേളകളില്‍ അനുഭവപ്പെടുന്നില്ല. പ്രധാന കാരണം ഇഷ്യുകളുടെ അഭാവമാണ്‌. യൂറോപ്യന്‍ സിനിമകളെ പിന്തള്ളി ലാറ്റിനമേരിക്കന്‍ ചിത്രങ്ങള്‍ ശ്രദ്ധനേടിയയിരുന്നു. അതുപോലെ അറബ്‌ സിനിമകള്‍. എന്നാല്‍ അറബ്‌ ചിത്രങ്ങളും പഴയകാല പ്രതാപം നിലനിലര്‍ത്തുന്നില്ല. ലോകജീവിതത്തില്‍ വരുന്ന മാറ്റമാകാം ഇതിനു കാരണമെന്ന്‌ കരുതുന്നു.
അറബ്‌ സിനിമകളുടെ വസന്തം?
അങ്ങനെയൊന്ന്‌ ഇപ്പോഴില്ല. കാരണം പല അറബ്‌്‌ രാജ്യങ്ങളിലും അവരുടെ സിനിമകള്‍ നേരത്തെ കൈകാര്യം ചെയ്‌ത പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്‌. അതുപോലെ ഇറാഖ്‌, ഇറാന്‍ സിനിമകള്‍. ഈ സിനിമകളില്‍ ശക്തമായി നിലനിന്നത്‌ കുര്‍ദുകളുടെ പ്രശ്‌നമാണ്‌. സദ്ദാമിന്റെ മരണത്തോടെ അങ്ങനെയുള്ള പ്രശ്‌നങ്ങള്‍ കുറഞ്ഞു. ഇപ്പോള്‍ ഫലസ്‌തീന്‍ പ്രശ്‌നം മാത്രമാണ്‌ പരിഹരിക്കപ്പെടാതെ യുള്ളത്‌. മാത്രമല്ല, ഇസ്രേയല്‍, ടര്‍ക്കി എന്നിങ്ങനെ ചില രാജ്യങ്ങളില്‍ നിന്നുള്ള കൊച്ചുചിത്രങ്ങള്‍ അല്‍ഭുതപ്പെടുത്തുന്നുണ്ട്‌.
എന്തുകൊണ്ടാണ്‌ ലോകസിനിമയില്‍ പ്രമേയപരമായ മാറ്റം സംഭവിക്കുന്നത്‌?
കമ്മ്യൂണിസമായിരുന്നു ഒട്ടേറെ സിനിമകളുടെ പ്രമേയം. കമ്മ്യൂണിസത്തിന്റെ ഭീകരതയും മറ്റും വിഷയീഭവിക്കുന്ന ചിത്രങ്ങളായിരുന്നു പ്രേക്ഷക ശ്രദ്ധനേടിയിരുന്നത്‌. എന്നാല്‍ കമ്മ്യൂണിസം തകര്‍ന്നതോടെ ആ
വിഷയത്തിലുള്ള സിനിമകള്‍ക്ക്‌ വലിയ പ്രസക്തിയില്ലാതായി. പൂര്‍വേഷ്യന്‍ സിനിമകളും അതാണ്‌ സൂചിപ്പിക്കുന്നത്‌. പിന്നെ ലാറ്റിനമേരിക്കന്‍ ചിത്രങ്ങളാണ്‌ ആശ്വാസം നല്‍കുന്നത്‌. ടര്‍ക്കി ചിത്രങ്ങളും.
മലയാളത്തില്‍ പുതിയ സിനിമകള്‍ ഉണ്ടാകുന്നില്ല?
ഇന്ത്യന്‍ സിനിമയിലും ഈ പ്രശ്‌നമുണ്ട്‌. മുന്‍കാല സംവിധായകരുടെ സിനിമകളോട്‌ താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നോട്ടു പോകുന്ന സ്ഥിതി. എന്നാല്‍ ചരിത്രത്തെ ഉപജീവിച്ചെടുക്കുന്നതുകൊണ്ട്‌ മാത്രം സിനിമ പഴഞ്ചനാകുന്നില്ല. അടൂര്‍ ഗോപാലകൃഷ്‌ണനും ഷാജി എന്‍ കരുണും എല്ലാം ചരിത്രത്തെ സ്വീകരിക്കുന്നു. എന്നാല്‍ അവരുടെ ചിത്രങ്ങളില്‍ പ്രതിപാദിക്കുന്ന വിഷയത്തിന്‌ ഇപ്പോഴും പ്രാധാന്യമുണ്ട്‌. തകഴിയുടെ കഥകളെ ആസ്‌പദമാക്കിയുള്ള അടൂരിന്റെ നാല്‌ പെണ്ണുങ്ങള്‍ വിശകലനം ചെയ്യുന്ന സ്‌ത്രീകളുടെ പ്രശ്‌നങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്‌. അതുപോലെ ഷാജിയുടെ കുട്ടിസ്രാങ്കിലെ ചവിട്ടുനാടക വിഷയത്തിനും പ്രാധാന്യമുണ്ട്‌.
ഇറാന്‍ സിനിമകള്‍ക്കൊക്കെ എന്താണ്‌ സംഭവിച്ചത്‌?
ഇറാനില്‍ നിന്ന്‌ നേരത്തെ പുറത്തുവന്ന സിനിമകള്‍ മിക്കതും സ്‌ത്രീയുടെ സ്വത്വപ്രതിസന്ധികളും അസ്വാതന്ത്ര്യവുമൊക്കെയാണ്‌ അവതരിപ്പിച്ചത്‌. അതൊക്കെ ഇപ്പോള്‍ അവിടെ അത്രമാത്രം അനുഭവപ്പെടുന്നില്ല. അതുകൊണ്ട്‌ പുതിയ ഇറാന്‍ ചിത്രങ്ങള്‍ ബോളിവുഡിന്റെ പാതയിലേക്ക്‌ മാറുകയാണ്‌. സമീറ മക്‌ബല്‍വഫിന്റെ സിനിമകളിലൊക്കെ കൈകാര്യം ചെയ്‌ത പ്രശ്‌നങ്ങള്‍ ഇറാനികളുടെ സാമൂഹികജീവിത്തില്‍ നിന്നും മാറിക്കൊണ്ടിരിക്കുകയാണ്‌. ഇത്തരമൊരു മാറ്റമാണ്‌ ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സിനിമകള്‍ വ്യക്തമാക്കുന്നത്‌. ടര്‍ക്കി ചിത്രങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഇപ്പോഴും സജീവമായി തുടരുന്നു. പ്രത്യേകിച്ചും കുട്ടികളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍. അവ മുന്നോട്ട്‌ വെക്കുന്ന പ്രശ്‌നങ്ങളും പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. ഈയിടെ `ഡസ്‌ക'്‌ എന്ന ചിത്രം കണ്ടു. വിസ്‌മയകരമായിരുന്നു ആ ചിത്രം. മനുഷ്യന്റെ നീറുന്ന പ്രശ്‌നങ്ങളിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
ഏത്‌ രീതിയിലാണ്‌ ലോകസിനിമ പുതുമ സൃഷ്‌ടിക്കുന്നത്‌.
സിനിമയുടെ ട്രീറ്റ്‌മെന്റിലാണ്‌ പുതുമ കൈവരിക്കുന്നത്‌. പഴയ വിഷയമാണെങ്കിലും അത്‌ പുതിയ കാലത്തോട്‌ സംവദിക്കുന്ന രീതിയിലേക്ക്‌ കൊണ്ടുവരാന്‍ സാധിക്കണം.
ശ്രീലങ്കന്‍ സിനിമകള്‍?
സിംഹളരുടെ ജീവിതത്തിലേക്ക്‌ പലപ്പോഴും ശ്രീലങ്കന്‍ ചിത്രങ്ങള്‍ ഇറങ്ങിച്ചെല്ലാറില്ല. അവര്‍ ബുദ്ധമതത്തിന്റെ ചില സവിശേഷതകളാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. പക്ഷേ, തമിഴ്‌ സിനിമകള്‍ സിംഹളവിഷയങ്ങള്‍ ചെയ്യുന്നുണ്ട്‌.
ആഫ്രിക്കന്‍ സിനിമകള്‍ നവഭാവുകത്വം നല്‍കുന്നു?
ആഫ്രിക്കന്‍ സിനിമാപ്രേക്ഷകര്‍ ഒരുകാലഘട്ടം വരെ ഇന്ത്യന്‍ സിനിമകളുടെ ആരാധകരായിരുന്നു. അവര്‍ക്ക്‌ പ്രിയപ്പെട്ട നടന്‍ അമിതാഭ്‌ ബച്ചന്‍ ആയിരുന്നു. അവിടെ സന്ദര്‍ശിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുംു അവര്‍ എന്നോട്‌ അമിതാഭ്‌ ബച്ചനെപ്പറ്റിയൊക്കെ ചോദിച്ചിട്ടുണ്ട്‌. പിന്നീട്‌ യൂറോപ്യന്‍ വാണിജ്യസിനിമകള്‍ ആഫ്രിക്കന്‍ പ്രേക്ഷകരെ കീഴടക്കി. ഇതിനിടയിലും ഫ്രാന്‍സിന്റേയും മറ്റും സഹകരണത്തോടെ ചില ആഫ്രിക്കന്‍ സംവിധായകര്‍ സിനിമകള്‍ ചെയ്യുന്നുണ്ട്‌. സെനഗല്‍, ചാഡ്‌ തുടങ്ങിയ രാജ്യങ്ങളുടെ ചിത്രങ്ങള്‍ ചെറിയ തരത്തിലുള്ള പ്രാദേശിക പ്രശ്‌നങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാറുണ്ട്‌. മറ്റൊരു രസകരമായ സംഭവം എറിട്രിയ സിനിമയുടെ പയനിയറില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ചെറിയ സിനിമകള്‍ അവരെ കാണിച്ച്‌ മാറ്റങ്ങളിലേക്ക്‌ അവരുടെ ശ്രദ്ധ കൊണ്ടുവരാന്‍ എനിക്ക്‌ സാധിച്ചു.
ഇന്ത്യന്‍ സിനിമയുടെ അവസ്ഥ?
ബംഗാളി സിനിമ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമ പുതുമയില്ലാത്ത സ്ഥിതിയിലാണ്‌. സത്യജിത്‌റേ, മൃണാള്‍സെന്‍, ജത്വിക്‌ ഘട്ടക്‌ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍ ഉണ്ടാക്കിയ ചടുലതയോ, ജീവിതത്തുടിപ്പോ ഇപ്പോഴത്തെ ബംഗാളി സിനിമ നല്‍കുന്നില്ല. ഗൗതംഘോഷിന്റെ ചിത്രങ്ങളാണെല്ലോ ഇപ്പോള്‍ വരുന്നത്‌.
പ്രതീക്ഷ നല്‍കുന്ന ലോകസിനിമ?
ഇസ്രായേലി സിനിമകളും കെനിയന്‍ സിനിമകളും ചൈനീസ്‌ ചിത്രങ്ങളുമാണ്‌ പുതുമയിലേക്ക്‌ മുന്നേറുന്നത്‌. കൊറിയയിലും ചില മുന്നേറ്റ സംരംഭങ്ങളുണ്ട്‌. പൊതുവെ വാണിജ്യവല്‍ക്കരണമാണ്‌ ലോകസിനിമാ മേഖലയില്‍ സജീവമാകുന്നത്‌.
മലയാളത്തിലെ പുതിയ സിനിമകള്‍?
മലയാളത്തില്‍ പുതുമ എന്നുപറയാന്‍ കഴിയുന്നവ കുറച്ചുമാത്രമാണ്‌. ട്രാഫിക്കോ, സാള്‍ട്ട്‌ ആന്റ്‌ പെപ്പറോ അല്ലെങ്കില്‍ അതുപോലുള്ള സിനിമകള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടെന്ന്‌ പറയാന്‍ കഴിയില്ല. `ആദാമിന്റെ മകന്‍ അബു' നല്ല ചിത്രമാണ്‌. അതിന്റെ വിഷയം പുതിയ കാലവുമായി ബന്ധപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്‌. ആ നിലയില്‍ അതുമെച്ചപ്പെട്ട വര്‍ക്കാണ്‌. നമ്മുടെ സിനിമയില്‍ ട്രീറ്റുമെന്റില്‍ പുതുമവരുത്തണം.
കേരളത്തിന്റെ രാജ്യാന്ത ചലച്ചിത്രമേളയെക്കുറിച്ച്‌?
ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന മേളകളിലൊന്നാണിത്‌. പ്രേക്ഷക പങ്കാളിത്തമാണ്‌ നമ്മുടെ മേളയുടെ സവിശേഷത. അതുപോലെ ഇവിടെ എത്തുന്ന ചിത്രങ്ങളും. ഗോവയില്‍ മറ്റും നടക്കുന്നത്‌ കാര്‍ണിവല്‍ മൂഡാണ്‌. സിനിമയെ ഗൗരവപൂര്‍വ്വം കാണുകയും വിലയിരുത്തുകയും ചെയ്യുന്ന രീതി നമ്മുടെ രാജ്യാന്തര മേളക്ക്‌ മാറ്റുകൂട്ടുന്നു. എങ്കിലും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌. ലോകസിനിമകള്‍ കാണുന്നവരുടെ നിര്‍ദേശവും പരിഗണിക്കാവുന്നതാണ്‌.
ഓപ്പണ്‍ഫോറത്തിന്റെ സ്ഥിതി?
ഓപ്പണ്‍ഫോറത്തിന്റെ അവസ്ഥ വളരെ ശോച്യാവസ്ഥയാണ്‌. സിനിമയെപ്പറ്റി ഗഹനമായി ചര്‍ച്ചചെയ്യപ്പെടുന്നില്ല. കുറച്ചു സമയം വെറുതെ ചെലവഴിക്കുന്ന ഏര്‍പ്പാടായിപ്പോകുന്നു. അത്‌ മാറണം. കണ്ട സിനിമയെക്കുറിച്ച്‌, അതിന്റെ സംവിധായകരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകണം.
പുതിയ പ്രൊജക്‌ടുകള്‍?
സുനില്‍ ഗംഗോപാധ്യായുടെ `രക്തം' എന്ന കൃതി സിനിമയാക്കണെമെന്ന്‌ നേരെത്ത ആലോചിച്ചിരുന്നു. അതിനുള്ള അനുവാദം അദ്ദേഹം നല്‍കിയിരുന്നു. ഒന്നുരണ്ട്‌ പദ്ധതികള്‍ വേറെയും മനസ്സിലുണ്ട്‌. അതോടൊപ്പം അടൂര്‍ ഗോപാലകൃഷ്‌ണനെക്കുറിച്ചുള്ള പുസ്‌തകം. അദ്ദേഹത്തെപ്പറ്റിയുള്ള സമഗ്രപഠനം. എന്റെ ഏറ്റവും പുതിയ ഡോക്യുമെന്ററി `പുനര്‍ജ്ജനി' അട്ടപ്പാടിയെക്കുറിച്ചായിരുന്നു.

Friday, October 14, 2011

ഉടയുന്ന ജീവിതവും വേനല്‍ക്കിനാവിന്റെ കവിതകളും

`എന്തെങ്കിലുമാട്ടെ,
മുറിയിന്ന്‌ തൂത്തുവാരണം'
-ഒറ്റമുറിയുള്ള വീട്‌ എന്ന പുസ്‌തകത്തിലേക്ക്‌ ഇങ്ങനെയൊരു വാതില്‍തുറന്നിടുകയാണ്‌ രാധാകൃഷ്‌ണന്‍ എടച്ചേരി. മുപ്പത്തിയേഴ്‌ കവിതകളുടെ സമാഹാരത്തിലെ രചനകളെല്ലാം ധ്വനിയുടേയും മൗനത്തിന്റേയും ഭാഷയിലെഴുതിയവയാണ്‌. ഇവ സാമൂഹികജീവിതത്തിന്റെ മറപറ്റി തിടംവയ്‌ക്കുന്ന കാവ്യവിവാദവ്യവസായത്തോട്‌ ഒട്ടിനില്‍ക്കുന്നില്ല. അതിനാല്‍ ജനാധിപത്യപരമായ ഉല്‍ക്കണ്‌ഠകളേ ഈ പുസ്‌തകത്തിലുള്ളൂ. `മൂന്നാമത്തെ/ കാല്‍ വെക്കാന്‍/ശിരസ്സ്‌, പക്ഷേ/എന്റേതല്ലല്ലോ-(അധിനിവേശം എന്ന കവിത) -എന്ന ആശങ്കയും ഈ എഴുത്തുകാരനുണ്ട്‌.
വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണ്ണതയും ഉല്‍ക്കണ്‌ഠയും അടയാളപ്പെടുത്തുന്ന കവിതകള്‍. വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക്‌ പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ ഈ കവിതകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തി്‌ന്റെ കനല്‍പ്പാടുമുണ്ട്‌. വേട്ടക്കാരന്റെ നിതാന്ത ജാഗ്രതയോടൊപ്പം ഇരയുടെ പിടച്ചിലും സൂക്ഷ്‌മമായി അനുഭവപ്പെടുത്തുന്നു. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്നു.
അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ ആധുനിക കവിതയില്‍ പുതുകാലത്തിന്റെ ഉപ,സംസ്‌ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്‌. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്‍പ്പങ്ങളും രാധാകൃഷ്‌ണന്‍ എടച്ചേരിയുടെ കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്‌മവുമായ സ്വരവിന്യാസത്തിന്‌ വഴങ്ങുന്നുണ്ട്‌. ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ്‌ രാധാകൃഷ്‌ണന്റെ കവിത പിറക്കുന്നത്‌.പക്ഷേ, ശീലുകള്‍ താളക്രമത്തിന്റെ ചാലുകളില്‍ വന്നു വീഴുന്നു. നാട്ടിന്‍പുറത്തുകാരന്റെ ഗ്രാമ്യതയുണ്ട്‌.
കവിത സംസ്‌ക്കാരത്തിന്റെ തനതായ ഉറവകളിലേക്ക്‌ പോവുകയാണെന്ന ആശയം രാധാകൃഷ്‌ണന്റെ കവിതകളുടെ അന്തരീക്ഷത്തിലുണ്ട്‌. ഉള്ളിലെ ഭാവങ്ങളെ ബാഹ്യവല്‍ക്കരിക്കുന്ന ഒരു രസബോധം സാമൂഹ്യ ശുദ്ധീകരണക്രിയയായാണ്‌ ഈ കവി കണ്ടെടുക്കുന്നത്‌. അതുകൊണ്ടുതന്നെ ഗദ്യത്തിന്റെ കാവ്യപരമായ വിനിയോഗം സൂക്ഷ്‌മതയോടെ ഉദാസീനതയെ ധിക്കരിക്കുന്ന കവിയുടെ മാനുഷികത ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിമിഷങ്ങളും ഈ പുസ്‌തകത്തില്‍ കാണാം.`ഇടപ്പള്ളിക്ക്‌/വണ്ടികേറാന്‍/എന്തെളുപ്പം/ഒരു കയര്‍വട്ടത്തില്‍/ അകലമേയുള്ളൂ'-(അകലം).
സ്വന്തം കാഴ്‌ചയുടെ നിഴലായിത്തീരാന്‍ നടത്തുന്നഎഴുത്തുകാരന്റെ സാന്നിധ്യവും രാധാകൃഷ്‌ണന്റെ രചനകളിലുണ്ട്‌.`ഏതുരാത്രിയിലാവും/അച്ഛനും/അമ്മയും/മുറ്റത്തെ/കിണറിന്‍/ആഴമളക്കാന്‍/ഞങ്ങളേയും/കൊണ്ടുപോകുക'-(പേടി).ഇങ്ങനെ എരിയുന്ന മനസ്സില്‍ ഫണം വിടര്‍ത്തിയാടുന്ന ആത്മരോഷങ്ങളെ, പൊള്ളുന്ന വാക്കുകളാക്കി താന്‍ ജീവിക്കുന്ന കാലത്തില്‍, എല്ലാം ഒരു പൊട്ടിത്തെറി കാത്തുനില്‍ക്കുന്നു എന്ന തിരിച്ചറിവുണ്ട്‌.
`സഹിക്കില്ല/മൂലയില്‍ തനിച്ചിരുന്ന്‌/ദഹിക്കുമ്പോള്‍/ചൂലെന്ന/തെറിവിളി'(ചൂല്‌)-നിഷേധാത്മകത വാക്കിന്റെ തുടരെത്തുടരെയുള്ള ആവര്‍ത്തനവുമായിട്ടാണ്‌. ഒപ്പം കരയാനും നടക്കാനും ആരുമില്ല. ഓര്‍ത്തീടുവാനും മറക്കാനുമില്ലാതിരിക്കുന്ന ഇരുണ്ട ലോകത്തിന്റെ വിത്തുകളും പൊള്ളയായ മധുരത്തിന്റെ ചെടിപ്പുകളും അദൃശ്യമായ മരണത്തിന്റെ വേട്ടയാടലും രാധാകൃഷ്‌ണന്‍ എടച്ചേരിയുടെ കവിതകളില്‍ തെളിഞ്ഞോ, മെലിഞ്ഞോ ഒഴുകുന്നു.`ആഴങ്ങളില്‍/ഞാനും/നീയും/ഉടലുകളില്ലാതെ/ഒറ്റമരമായി/കത്തും' (ശിരോവസ്‌ത്രം). വേരിലേക്കും ഊരിലേക്കും തിരിച്ചുവരാനുള്ള യാത്രക്കാരന്റെ വെമ്പല്‍. ഇത്തരം തിരിച്ചുവരവുകളുടെ പ്രമേയം രാധാകൃഷ്‌ണന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്‌. അനുഭവത്തിന്റെ നേര്‍സ്‌പര്‍ശവും ദേശത്തനിമയുടെ മുദ്രകളും ഉള്ളതാണ്‌ ഈ കവിതകള്‍.
സിവിക്‌ ചന്ദ്രന്‍ ആമുഖക്കുറിപ്പില്‍ എഴുതുന്നു:`ഈ കവിതകള്‍ കവിതകളാകുന്നത്‌ കവിതയുടെ മുഹൂര്‍ത്തങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതു കൊണ്ടുമാത്രമല്ല, നര്‍മ്മവും നിര്‍മമതയും മിക്കവാറും കവിതയിലൊളിപ്പിക്കുന്നതു കൊണ്ടുകൂടിയാണ.്‌ നമ്മിലോരോരുത്തരിലുമുള്ള ആ കള്ളനെ, ചെറ്റയെ അഭിമുഖീകരിക്കാതെ നമുക്കിനിമുതല്‍ കവിതയെഴുതാനാവില്ല. അതികാല്‌പനികതയുടെ ചുഴികളിലേക്ക്‌ നമുക്ക്‌ നമ്മെ തന്നെ എറിഞ്ഞുകൊടുക്കാനും വയ്യ. `മുമ്പെങ്ങും/കണ്ടിട്ടില്ല/കണ്ണടച്ച്‌/ശാന്തമായുള്ള/ ഈ കിടപ്പ്‌/പക്ഷേ/കൈത്താങ്ങില്ലാതെ/ എങ്ങനെ പോകും....(പോക്കിരി)..പുതിയ കാലത്തെയും ലോകത്തെയും ഈ കവിതകള്‍ അഭിമുഖീകരിക്കുകതന്നെ ചെയ്യുന്നു'. പുതുകവിതയുടെ വേറിട്ടുനില്‍പ്പ്‌ ഈ കൃതിയില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌. -ഒക്‌ടോബര്‍16, ചന്ദ്രിക വാരാന്തപ്പതിപ്പ്‌. (പുസ്‌തകം, 16-10-2011 എം.മുകുന്ദന്‍ വടകരയില്‍ പ്രകാശനം ചെയ്യുന്നു.)
ഒറ്റമുറിയുള്ള വീട്‌, രാധാകൃഷ്‌ണന്‍ എടച്ചേരി, അടയാളം പബ്ലിക്കേഷന്‍സ്‌, തൃശൂര്‍,വില-40രൂപ

Friday, September 02, 2011

ബാംസുരി സ്‌കെച്ചുകള്‍

``മധുവര്‍ണ്ണ പൂവല്ലേ
നറുനിലാ പൂമോളല്ലേ
മധുര പതിനേഴില്‍
ലങ്കി മറിയുന്നോളേ''
പി.സി.ലിയാഖത്തിന്റെ ശബ്‌ദത്തില്‍ മലയാളികളുടെ മനസ്സില്‍ തളിര്‍ത്തുനില്‍ക്കുന്ന ഈ മാപ്പിളപ്പാട്ട്‌ എഴുതിയത്‌ നാലുപതിറ്റാണ്ടു മുമ്പ്‌ വടകരയിലെ എസ്‌.വി. ഉസ്‌മാന്‍. സംഗീതത്തിന്റേയും ആയുര്‍വേദത്തിന്റേയും മണവും സ്‌പര്‍ശവും ആവോളം നുകരുന്ന ഉസ്‌മാന്റെ ഓര്‍മ്മയില്‍ വടക്കന്‍ മലബാറിന്റെ ചരിത്രത്താളുകളും ചിത്രപംക്തികളും നിറയുന്നു.
പോയകാലത്തിന്റെ ധൂളീപടലങ്ങളിലുറങ്ങുന്ന നാട്ടറിവുകളും കഥകളും ചരിത്രാംശങ്ങളും എപ്പോഴും നമ്മെ മാടിവിളിക്കാറുണ്ട്‌. ഒരു കുട്ടിയുടെ കൗതുകമനസ്സോടെ ഇന്നലേകളുടെ ആഴങ്ങളിലേക്കിറങ്ങുമ്പോള്‍ നമ്മെ വലയം ചെയ്യുന്ന അനുഭൂതി അനിര്‍വ്വചനീയമാണ്‌. ബാല്യകാലം ഓര്‍ത്തെടുക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത്‌ വടകര താഴെഅങ്ങാടിയിലെ വ്യാപാര കേന്ദ്രമാണ്‌. ഗുജറാത്തി സേട്ടുമാരുടെ കൊപ്രവ്യാപാരവും വടകര കടപ്പുറത്ത്‌ നങ്കൂരമിടുന്ന ചരക്കുകപ്പലുകളും. നാലുുവയസ്സുകാരന്‍ ഉസ്‌മാന്‍ ബാപ്പയുടെ കൂടെ കടപ്പുറത്തും താഴെഅങ്ങാടിയിലും വൈകുന്നേരങ്ങളില്‍ ചുറ്റിക്കറങ്ങുമായിരുന്നു. വടകര എന്നാല്‍ താഴങ്ങാടിയായിരുന്നു. കച്ചവടത്തിന്റെ മാത്രമല്ല, സംഗീതത്തിന്റേയും ലോകം. ഉസ്‌മാന്റെ പിതാവ്‌ കടവത്ത്‌ ബാബ വടകരയിലെ ആദ്യകാല സ്റ്റേഷനറിക്കച്ചവടക്കാരനായിരുന്നു. കലാകാരന്മാരുമായും പാട്ടുകാരുമായും ഉറ്റ ചങ്ങാത്തം പുലര്‍ത്തിയ അദ്ദേഹം നല്ലൊരു ഹാര്‍മോണിയം വായനക്കാരനുമായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ വടകരയില്‍ കച്ചേരിക്ക്‌ വന്നപ്പോള്‍ (ഭാഗവതരുടെ സംഗീതകച്ചേരിക്ക്‌ സ്ഥിരം ഹാര്‍മോണിയം വായിച്ചിരുന്ന ആള്‍ സ്ഥലത്ത്‌ എത്തിച്ചേരാന്‍ പത്തുമിനിറ്റ്‌ വൈകി.) കച്ചേരി തുടങ്ങാന്‍ ചെമ്പൈക്കു വേണ്ടി പത്തുമിനിറ്റു ഹാര്‍മോണിയത്തില്‍ ശ്രുതിയിട്ടത്‌ ബാബയായിരുന്നു. ക്ലാസിക്കലും ഖവാലിയും ഹിന്ദുസ്ഥാനിയും എല്ലാം ബാബക്ക്‌ പ്രിയമാണ്‌. ഒപ്പം കഥകളിയും നാടകവും. താഴെഅങ്ങാടിയില്‍ അക്കാലത്ത്‌ നിരവധി നാടകങ്ങള്‍ അദ്ദേഹവും കൂട്ടുകാരും കളിപ്പിച്ചിട്ടുണ്ട്‌. വടക്കേ മലബാറിലെ, പ്രത്യേകിച്ച്‌ കടത്തനാട്‌ പ്രദേശങ്ങളിലെ ജനസഞ്ചയത്തിന്റെ ആചാരവിശ്വാസങ്ങളില്‍ വേരു പടര്‍ത്തിനില്‍ക്കുകയാണ്‌ ഉസ്‌മാന്റെ ഓര്‍മ്മകള്‍.
ഫോര്‍ ബ്രദേഴ്‌സ്‌
ഉസ്‌മാന്റെ പിതാവ്‌ ബാബയും അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരും ചേര്‍ന്ന്‌ വടകരയില്‍ ഒരു സംഗീത ട്രൂപ്പുണ്ടാക്കി. സഹോദരന്മാര്‍ പാടുകയും ഇന്‍സ്‌ട്രുമെന്റുകള്‍ വായിക്കുകയും ചെയ്‌തു. അക്കാലത്ത്‌ വടകരയില്‍ സംഗീത സംവിധായകന്‍ ബാബുരാജിന്റെ പിതാവ്‌ ജാന്‍ മുഹമ്മദ്‌, കെ.ജി.സത്താറുടെ പിതാവ്‌ ഗുല്‍ മുഹമ്മദ്‌ എന്നിവരെല്ലാം ഒത്തുകൂടും. അവര്‍ക്കൊപ്പം ബാബയും ഉണ്ടാകും. പില്‍ക്കാലത്ത്‌ സംഗീതവൃന്ദത്തില്‍ എസ്‌. എം. കോയയും ബാബുരാജും മറ്റും എത്തി. ബാബയുടെ ഗ്രൂപ്പില്‍ ഖവാലി പാട്ടുകാരന്‍ ബാര്‍ദ്ദാന്‍ അബ്‌ദുറഹിമാനും ഉണ്ടായിരുന്നു. അങ്ങനെ സംഗീതത്തിന്റെ അന്തരീക്ഷത്തിലായിരുന്നു ഉസ്‌മാന്റെ ബാല്യം.
മലബാര്‍ കലാപം
മലബാര്‍ കലാപത്തിന്റെ കാലത്താണ്‌ ഉസ്‌മാന്റെ പിതാവ്‌ ബാബ വടകര എത്തുന്നത്‌. മലപ്പുറത്തെ നാലകത്ത്‌ തറവാട്ടിലെ അംഗമായ ബാബയുടെ സ്ഥലം വെട്ടത്തു പുതിയങ്ങാടിയാണ്‌. വടകര കോട്ടക്കലിലാണ്‌ വിവാഹം ചെയ്‌തത്‌. കലാപത്തിന്റെ ദുരിതങ്ങളും അന്നത്തെ സാമൂഹികാന്തരീക്ഷവും ബാബയുടെ മനസ്സില്‍ തീക്കനലുകളായി. പിന്നീട്‌ അദ്ദേഹം ഹാര്‍മോണിയത്തിന്റെ ശ്രുതിയില്‍ അലിയിച്ചെടുത്തത്‌ ആ വേദനകള്‍ തന്നെയായിരുന്നെന്ന്‌ ഉസ്‌മാന്‍ കരുതുന്നു.
കൊപ്രക്കച്ചവടം
താഴെഅങ്ങാടിയിലെ കൊപ്രക്കച്ചവടം അന്ന്‌ പ്രസിദ്ധമായിരുന്നു. സേട്ടുമാരും അവരുടെ വ്യാപാരവും. സോട്ടുമാര്‍ സംഗീതത്തോട്‌ ആഭിമുഖ്യമുള്ളവരും. കൊപ്രവ്യാപാരത്തില്‍ പ്രശസ്‌തി നേടിയ വടകരയിലെ പെരുവാട്ടിന്‍താഴ ചരിത്രത്തിലിടം നേടാന്‍ തുടങ്ങിയത്‌ പില്‍ക്കാലത്താണ്‌. കിഴക്കന്‍മലയോരത്തു നിന്ന്‌ കാളവണ്ടിയിലായിരുന്നു ആദ്യകാലത്ത്‌ കൊപ്ര എത്തിയിരുന്നത്‌. നാദാപുരം, കുറ്റിയാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ്‌ കൊപ്ര എത്തിയത്‌. പിന്നീട്‌ വാനുകളിലും ലോറികളിലുമായിട്ടാണ്‌ കൊപ്ര എത്തിയത്‌. പെരുവാട്ടിന്‍താഴയിലെ വ്യാപാരത്തിന്റെ നല്ലനാളുകള്‍ കടന്നുപോയി. തലച്ചുമട്‌ എടുക്കുന്ന സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്‌തിരുന്നതും പെരുവാട്ടിന്‍ താഴെയായിരുന്നു. വടകര കോട്ടപ്പറമ്പ്‌ പിന്നീടാണ്‌ അങ്ങാടിയായി മാറിയത്‌. കോട്ടപ്പറമ്പിലെ ആഴ്‌ചച്ചന്തയും കുലച്ചന്തയും വടകരയുടെ ചരിത്രത്തില്‍ ഇടംനേടി. പട്ടണത്തിന്റെ മാറ്റവും വ്യാപാര കേന്ദ്രങ്ങള്‍ വ്യാപിച്ചതും ഉസ്‌മാന്റെ കണ്ണുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇന്ന്‌ കോട്ടപ്പറമ്പിലെ ചന്തകള്‍ ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു. വടകരയിലെ അരിമുറുക്കും ശര്‍ക്കരയും ഓര്‍മ്മകളിലേക്കും. പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ `സ്‌മാരകശിലകള്‍'എന്ന നോവലില്‍ അരിമുറുക്ക്‌ വില്‍പ്പനക്കാര്‍ ജീവിക്കുന്നു. ഉസ്‌മാന്റെ യൗവ്വനത്തോടൊപ്പം പുതിയ ബസ്‌സ്റ്റാന്റും നാരായണനഗരവും എല്ലാം രൂപപ്പെട്ടു. പഴയ വടകര മാറി. ഉസ്‌മാന്റെ ജീവിതവും.
ആയുര്‍വേദ ഏജന്‍സി
കോട്ടക്കല്‍ ആര്യവൈദ്യശാല വടകരയില്‍ ഏജന്‍സി തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ അതിന്റെ ചുമതല ഏല്‍പ്പിച്ചത്‌ ഉസ്‌മാന്റെ ബാപ്പയെ ആയിരുന്നു. കാരണം വടകരയില്‍ വ്യാപാരത്തിന്റേയും കലയുടേയും രംഗത്ത്‌ അന്ന്‌ കടവത്ത്‌ ബാബ നിറഞ്ഞുനില്‍ക്കുന്നകാലം. പി.എം.വാര്യര്‍ ആയിരുന്നു അന്ന്‌ ഏജന്‍സി ബാബക്ക്‌ നല്‍കിയത്‌. ഉസ്‌മാന്‍ വളര്‍ന്നപ്പോള്‍ ബാപ്പ തുടങ്ങിവെച്ച ആയുര്‍വേദ സ്ഥാപനം ഏറ്റെടുത്തു. സംഗീതം നിറഞ്ഞ മനസ്സില്‍ ആയുര്‍വേദവും മരുന്നുകളുടെ ഗന്ധവും പച്ചപിടിച്ചു. ഇപ്പോഴും ഉസ്‌മാന്റെ ലോകം ആയുര്‍വേദ കട തന്നെ.
സൂഫിസവും
സംഗീതവും
സുകൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ന്നു പഠിക്കാന്‍ ഉസ്‌മാന്‌ കഴിഞ്ഞില്ല. ഉത്തരവാദിത്വങ്ങളുടെ ഇടയില്‍ പിടഞ്ഞനാളുകളായിരുന്നു. ഹാര്‍മോണിയത്തിന്റെ താളരാഗങ്ങള്‍ പതിഞ്ഞ വിരല്‍ത്തുമ്പില്‍ പേര്‍ഷ്യന്‍ സൂഫി ഹല്ലാജിയുടെ വെളിപാടുകളും പാക്കിസ്ഥാനി ഗായകന്‍ മേഹ്‌ജി ഹസ്സന്റേയും ലതാമങ്കേഷ്‌കറിന്റേയും ഗാനങ്ങള്‍ കുടിയേറി. ബൂല്‍ബിസ്‌ലി, നിസാര്‍ ഖബ്ബാനി,ഷജാത്ത്‌ ഹുസൈന്‍ ഖാനും ഇറാനിഖാനും (സിത്താര്‍) എല്ലാം ചേരുകയായിരുന്നു ഉസ്‌മാന്റെ തട്ടകത്തില്‍. `ആപ്‌ കീ നസ്‌റോ....' ചുണ്ടിലും മനസ്സിലും തിളങ്ങി.
കടയുടെ ഒറ്റമുറിയില്‍ പ്രിജ്‌റ്റ്‌ കാപ്രയും ഖലീല്‍ ജിബ്രാനും ജിദ്ദു കൃഷ്‌ണമൂര്‍ത്തിയും ഉസ്‌മാന്റെ വായനയെ വിശാലതകളിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. തലതാഴ്‌ത്തി മുട്ടുമടക്കി, മുതുക്‌ വളച്ച്‌ ജീവിതത്തില്‍ അനുസരണത്തിന്റെ ഒരു രൂപകംപോലെ എസ്‌.വി.ഉസ്‌മാന്‍. അധികാര സ്വരൂപങ്ങള്‍ക്ക്‌ മുമ്പില്‍ വ്യക്തിജീവിതം നിസ്സാരവും തുച്ഛവുമായി പോകുന്നത്‌ സിവില്‍ സമൂഹത്തിന്റെ പ്രത്യേകതയാണെന്ന്‌ ഉസ്‌മാന്‍ തിരിച്ചറിഞ്ഞു. ആത്മഭാഷണമായി ജീവിതം പകര്‍ത്തെഴുതുമ്പോള്‍ വിട്ടുപോകുന്നത്‌ പറയാന്‍ കരുതിവെച്ച കാര്യങ്ങള്‍ തന്നെയാണെന്ന്‌ എസ്‌,വി,യും തിരിച്ചറിഞ്ഞു.
ആരോ കൊളുത്തിവെച്ച
മാന്ത്രികവിളക്ക്‌
സാധാരണ ഒരു തിരശീലക്ക്‌ പിന്നിലാണ്‌ കവിയുടെ പണിപ്പുര. ഈ കീഴ്‌വഴക്കം ഇവിടെ തലകീഴ്‌മേല്‍ മറിയുകയാണ്‌. ഉസ്‌മാന്റെ കാവ്യലോകം തിടംവെക്കുന്നത്‌ ജോലി ചെയ്യുന്ന ഒറ്റമുറിയില്‍ത്തന്നെ. അദ്ദേഹം എഴുതിയതുപോലെ: `മസിലുകള്‍ മുഴുവന്‍, എഴുന്ന്‌ കാണത്തക്കവിധം, നിര്‍ഭയം നെഞ്ച്‌ വിരിച്ച്‌, കറങ്ങുന്ന സീലിംങ്‌ ഫാനില്‍ കണ്ണുംനട്ട്‌ നീണ്ട്‌ മലര്‍ന്ന്‌...' കവിതയുടെ ഈ കിടപ്പ്‌ ജീവിതത്തിലേക്ക്‌ വിവര്‍ത്തനം ചെയ്യുകയാണ്‌ ഉസ്‌മാന്‍.
വൈലോപ്പിള്ളിയെ കവിതാ വായനയില്‍ തിടമ്പേറ്റി നടത്തിക്കുന്ന ഉസ്‌മാന്‍ എഴുത്തിലും ഒറ്റയാനിരിപ്പ്‌ കൂടെചേര്‍ത്തു. അധികം എഴുതിയില്ല. എഴുതിക്കഴിഞ്ഞവ പ്രസിദ്ധീകരണത്തിന്‌ അയക്കുന്നതും കുറവ്‌. ആദ്യകവിത പ്രസിദ്ധപ്പെടുത്തിയത്‌ വയലാറിന്റെ പത്രാധിപത്യത്തിലിറങ്ങിയ `അന്വേഷണ'ത്തില്‍.
മരണം, മഴ, പ്രണയം
മരണത്തിന്റെ കാല്‍പ്പെരുമാറ്റത്തിന്‌ കാതോര്‍ത്ത ദിനങ്ങള്‍ നിരവധി ഉസ്‌മാന്റെ ജീവിതത്തിലൂടെ കടന്നുപോയി. പ്രിയപ്പെട്ടവരുടെ മരണത്തിന്‌ കാവലാളായി. രണ്ടര വയസ്സുകാരി മകളെയും മരണം വന്നുവിളിച്ചു. മരണത്തിന്റെ കാലൊച്ചയുടെ നാളുകള്‍. ഉസ്‌മാന്റെ കവിതകളിലും മരണം മുന്നറിയിപ്പില്ലാതെ കയറിവരുന്നുണ്ട്‌.``ഓരോ പിറവിയും, തിരോധാനവും, മരണത്തിന്‌, എത്തിപ്പെടാനാവാത്ത, പ്രാണന്റെ, ഒളിത്താവളങ്ങളാണ്‌''-(കാഴ്‌ചയ്‌ക്കപ്പുറം).
മഴയുടെ സംഗീതം ഉസ്‌മാനെ ഇപ്പോഴും ഹരംപിടിപ്പിക്കുന്നു. കുഞ്ഞുനാളില്‍ മഴയുടെ ശബ്‌ദത്തിന്‌ കാത്തിരുന്നു. അത്‌ ജീവിത്തിന്റെ ഭാഗമായി. എഴുത്തിലും മഴപെയ്‌തുകൊണ്ടിരിക്കുന്നു.:`` മഞ്ഞും മഴയും, പാട്ടുമണക്കുന്ന കാറ്റും, ചിറക്‌ വെച്ചെത്തുന്ന, പ്രണയവും മൊഴിയുന്നു''.
മഴയോടൊപ്പം പ്രണയത്തിലും നനഞ്ഞതാണ്‌ ഉസ്‌മാന്റെ മനസ്സ്‌. മൂന്നുകടുത്ത പ്രണയങ്ങള്‍ യൗവ്വനത്തിലൂടെ കടന്നുപോയി. അവരെല്ലാം ജീവിതത്തിന്റെ തുഴച്ചിലിനിടയില്‍ മറുകരതേടി. ``മുറിയടച്ച്‌ ആദ്യം, വാക്ക്‌, മൗനത്തിലേക്ക്‌ പടിയിറങ്ങി. പിറകെ, നിലവിളിച്ച്‌, പ്രണയം....''-അത്‌ ഒന്നാളിക്കത്തിയ ശേഷം ഓര്‍മ്മയില്‍ പൊടുന്നനെ ഒരു തിരിയായി എരിഞ്ഞടങ്ങി. ഉസ്‌മാന്‌ അതേപ്പറ്റി അത്രമാത്രമേ പറയാനുള്ളൂ. അധിനിവേശകാലത്തെ പ്രണയം കുറിക്കുമ്പോഴും ആദ്യപ്രണയകഥകള്‍ എവിടെയോ ഒളിപ്പിച്ചു വെക്കുകയായിരുന്നു എസ്‌.വി. ഉസ്‌മാന്‍.
ഒറ്റപ്പെട്ട ഒലിമുഴക്കം
പേനയുടെ സ്‌കൂളില്‍ നിന്ന്‌ യുണിഫോമിട്ട്‌ വാക്കുകള്‍ നടന്നുപോകുന്നത്‌ ഒറ്റമുറിയിലിരുന്ന്‌ എസ്‌.വി. ഉസ്‌മാന്‍ കണ്ടെടുക്കുന്നു. എന്നെ എന്റെ പാട്ടിന്‌ വിട്‌ എന്നൊരഭ്യര്‍ത്ഥനയും. മലയാളകവിതയില്‍ വേറിട്ട ഒരൊളിത്തിളക്കമായി നില്‍ക്കുന്ന ഉസ്‌മാന്റെ ആദ്യകവിതാ സമാഹാരത്തിന്‌ പേര്‌ `ബലിമൃഗങ്ങളുടെ രാത്രി' എന്നാണ്‌. രണ്ടാമത്തേത്‌ `അധിനിവേശകാലത്തെ പ്രണയവും'. തികഞ്ഞ ആത്മവിശ്വാസത്തോടെ, വേറിട്ടു കേള്‍ക്കുന്ന തന്റെ ശബ്‌ദത്തെക്കുറിച്ച്‌, എഴുതാനുള്ള തന്റേടവും ഈ കവിക്കുണ്ട്‌. ഇടിവെട്ടുമ്പോള്‍ മാത്രം ചില്ലകളില്‍ തളിരുപൊട്ടുന്നതുപോലെയാണ്‌ എസ്‌.വി.യുടെ കവിത. ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ ആല്‍ബങ്ങള്‍ക്കുവേണ്ടി എഴുതി. `ഇത്രയും പോരെ' എന്നാണ്‌ എസ്‌.വി.ഉസ്‌മാന്റെ ചോദ്യം.

Thursday, August 25, 2011

കഥാപുസ്‌തകം


അകാലത്തില്‍ പൊലിഞ്ഞുപോയ റസാഖ്‌ കുറ്റിക്കകത്തിന്റെ `കഥാപുസ്‌തകം
കഥകള്‍ മരണത്തിന്റെ മൗനഭാഷയിലേക്ക്‌ മൊഴിമാറ്റം ചെയ്‌ത എഴുത്തുകാരന്റെ പത്തുകഥകളുടെ സമാഹാരം. മരണത്തിന്റേയും വേവലാതിയുടേയും പ്രതിരോധത്തിന്റേയും കഥകളാണ്‌ റസാഖ്‌ കുറ്റിക്കകം എഴുതിയത്‌. സാധാരണവും അസാധാരണവുമായ
ജീവിതചിത്രങ്ങള്‍. നാട്ടുഭാഷയുടെ താളത്തിലും സൗമ്യതയിലും അടയാളപ്പെടുത്തുകയാണ്‌ ഈ കഥാകാരന്‍. തെളിമയുള്ള ഭാഷയും അനാര്‍ഭാടമായ ശൈലിയും കൊണ്ട്‌ മലയാളകഥയെ വായനക്കാരിലേക്ക്‌ തിരിച്ചുപിടിക്കുകയാണ്‌ ഈ പുസ്‌തകം. അഴിമതിയും അതിന്റെ പൊരുളും ചെക്കുപോസ്റ്റിലെ ജോലിക്കാരന്‍ ശങ്കരന്‍കുട്ടിയുടെ ജീവിതത്തിലൂടെ വരച്ചുകാണിക്കുകയാണ്‌ `പാപത്തിന്റെ ശമ്പളം' എന്ന കഥയില്‍. പുസ്‌തകത്തിലെ അവസാനകഥ `റോജാ മിസ്സി'ല്‍ വസ്‌ത്രധാരവും പെരുമാറ്റവും കൊണ്ട്‌ നിമിഷ എന്ന വിദ്യാര്‍ത്ഥിനിയുടെ ഇഷ്‌ടപ്പെട്ട റോജ ടീച്ചറെക്കുറിച്ചാണ്‌ പറയുന്നത്‌.
കടക്കെണി മൂലം ആത്മഹത്യ ചെയ്‌ത കുടുംബമാണ്‌ `നാലാമത്തെ ചിത്രം' എന്ന കഥയില്‍. പാസഞ്ചര്‍ വ
ണ്ടിയില്‍ സഹയാത്രികരായ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയാണ്‌ വിഷയം. വര്‍ത്തമാന ജീവിതാവസ്ഥയിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ്‌ ഈ കഥയിലൂടെ റസാഖ്‌. കഥയും കഥാപാത്രങ്ങളും നമുക്ക്‌ ചുറ്റും ജീവിക്കുന്നവരാണ്‌. അവരും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളും നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. പക്ഷേ, നാം അത്‌ തിരിച്ചറിയുന്നില്ല. കഥാകൃത്തിന്‌ അത്‌ കാണാതിരിക്കാനാവുന്നില്ല. `അജ്ഞാതന്റെ വിളികളി'ലും കലാപവും കുടുംബങ്ങളും ഇഴചേരുകയാണ്‌. മൊബൈലില്‍ ഇടയ്‌ക്കിടെ തന്നെ വിളിക്കുന്ന അജ്ഞാതനില്‍ പ്രതീക്ഷയമര്‍പ്പിക്കുന്ന ഒരു അച്ഛന്റെ മനസ്സാണ്‌ ഈ കഥയില്‍ ആവിഷ്‌ക്കരിക്കുന്നത്‌.
കുടുംബകലഹത്തിന്റെ തീരാക്കഴങ്ങളിലേക്ക്‌ ഇറങ്ങിനില്‍ക്കുകയാണ്‌ `ദൃക്‌സാക്ഷി' എന്ന കഥ. മനുഷ്യന്റെ അകംപുറം കാഴ്‌ചയാണ്‌ ഈ കഥ അനുഭവിപ്പിക്കുന്നത്‌. ശ്യാമനൗനത്തിന്റെ പാട്ടുകാരനായ കഥയെഴുത്തുകാരന്റെ കാഴ്‌ചകളും നമ്മുടെ മനസ്സില്‍ വന്നുതൊടുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ റസാഖ്‌ കുറ്റിക്കകത്തിന്റെ `അജ്ഞാതന്റെ വിളികള്‍' എന്ന പുസ്‌തകം ജീവിതത്തിലേക്കുള്ള പിന്‍വിളിയാണ്‌. മറുകാഴ്‌ചയിലേക്കുള്ള ഉണര്‍ത്തലും.

അജ്ഞാതന്റെ വിളികള്‍
റസാഖ്‌ കുറ്റിക്കകം
ലിഖിതം ബുക്‌സ്‌, കണ്ണൂര്‍
വില-40രൂപ

Thursday, July 21, 2011

പുസ്‌തകം


സ്‌ത്രീരോഗം:
പ്രശ്‌നങ്ങളും പ്രതിവിധികളും

സ്‌ത്രീകള്‍ അഭിമുഖീകരിക്കുന്ന രോഗങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും പ്രമുഖരായ ഡോക്‌ടര്‍മാര്‍ തങ്ങളുടെ പഠനത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും എഴുതിയ ലേഖനങ്ങളുടെ സമാഹാരം. രോഗങ്ങളെ തടയാനും ചികിത്സിക്കാനും ഓരോ സ്‌ത്രീയും എങ്ങനെയെല്ലാം തയ്യാറെടുക്കണമെന്ന്‌ വ്യക്തമാക്കുന്ന പുസ്‌തകം. ആരോഗ്യപൂര്‍ണ്ണവും സൗന്ദര്യപരവുമായ ജീവിതത്തിന്‌ ഈ പുസ്‌തകം സഹായകമാകുന്നു.
എഡിറ്റര്‍: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ഒലിവ്‌,കോഴിക്കോട്‌
വില-70 രൂപ

നാടുനീങ്ങുന്ന ജനതയിലേക്ക്‌

സിനിമ കാഴ്‌ചയുടേയും? ചിന്തയുടേയും കലയാണ്‌. ക്യാമറ കൊണ്ടെഴുതുന്ന പാഠപുസ്‌തകമായി സിനിമമാറിക്കൊണ്ടിരിക്കുകയാണ്‌. ചലച്ചിത്രത്തിന്റെ കാഴ്‌ചയിലും വായനയിലും പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും നടക്കുന്നു. ലോകസിനിമയില്‍ നിര്‍മ്മിതിയുടെയും വ്യാഖ്യാനത്തിന്റെയും തലത്തില്‍ അട്ടിമറികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. മേളകളിലെത്തുന്ന മിക്ക ചിത്രങ്ങളും പ്രേക്ഷകനോട്‌ സംസാരിക്കുന്നത്‌ ചലച്ചിത്രകലയുടെ പുതിയ മേച്ചില്‍പ്പുറങ്ങളെപ്പറ്റിയാണ്‌. കഥാകഥനത്തിനപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ തീക്ഷ്‌ണതകള്‍ പങ്കുവയ്‌ക്കുന്നു. അണ്ടര്‍ഗ്രൗണ്ട്‌ ചിത്രങ്ങളിലും ഡോക്യമെന്ററികളിലുമാണ്‌ ക്യാമറയുടെ ഉണര്‍ത്തുപാട്ടുകള്‍ ആദ്യം കേള്‍ക്കുന്നത്‌. ഇന്ത്യന്‍ ചലച്ചിത്രങ്ങളിലും രാഷ്‌ട്രീയവും സാമൂഹികവും മാനുഷികവുമായ അവസ്ഥകളെക്കുറിച്ചുള്ള ആകുലതകള്‍ നിറയുന്നുണ്ട്‌. അസുഖകരവും അത്യന്തം സംഘര്‍ഷാത്മകവുമായ സാഹചര്യങ്ങളുടെ ഡോക്യുമെന്ററി ഫൂട്ടേജുകള്‍ സൂക്ഷ്‌മതയോടെ ഉപയോഗപ്പെടുത്തുന്നതില്‍ ചലച്ചിത്രകാരന്മാര്‍ താല്‍പര്യം കാണിച്ചു തുടങ്ങി. ഇതിന്റെ ശക്തമായ പ്രതിഫലനം ഡോക്യുമെന്ററികളിലും ഷോര്‍ട്ടുഫിലിമുകളിലും കാണാം.
മനുഷ്യര്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ സംസാരിക്കുകയും വികാരപ്രകടനങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്യുന്ന മൂന്ന്‌ ഗിരിവര്‍ഗ വിഭാഗത്തിലേക്കാണ്‌ ഉണ്ണികൃഷ്‌ണന്‍ ആവളയുടെ `ഒടുവിലത്തെ താള്‍' എന്ന ഡോക്യുമെന്ററി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌.നിലമ്പൂര്‍ വനത്തില്‍ താമസിക്കുന്ന ചോലനായ്‌ക്കരുടെയും ആളരുടെയും അറനാടരുടെയും ജീവിതപ്രതിസന്ധികളാണ്‌ ഉണ്ണികൃഷ്‌ണന്‍ ആവള രചനയും സംവിധാനവും നിര്‍വ്വഹിച്ച `ഒടുവിലത്തെ താളി'ലൂടെ പറയുന്നത്‌. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട്‌ വംശനാശത്തിലേക്ക്‌ പതിച്ചു കഴിഞ്ഞവരാണ്‌ ഏഷ്യയിലെ പ്രാക്തന ആദിവാസികളില്‍പെട്ട ചോലനായ്‌ക്കരും ആളരും അറനാടരും(കാടിറങ്ങി നാട്ടിലെത്താത്തവര്‍). ഈ രണ്ടു വിഭാഗം ആദിവാസികളും അനുഭവിക്കുന്ന ദുരിതങ്ങളും നേരിടുന്ന ചൂഷണങ്ങളും അവരുടെ ആചാരങ്ങളും എല്ലാം 55 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള `ഒടുവിലത്തെ താളില്‍' അടയാളപ്പെടുത്തുന്നുണ്ട്‌. ഒരു ജനവര്‍ഗ്ഗം കുറ്റിയറ്റുപോകുന്നതിന്റെ കണ്ണീര്‍പ്പാടമാണ്‌ ഈ ഡോക്യുമെന്ററി. വിറകും പച്ചമരുന്നും ശേഖരിച്ച്‌ ജീവിക്കുന്ന ഈ കാട്ടുജാതികളെ ഏതൊക്കെവിധത്തിലാണ്‌ നാഗരികര്‍ ഇരകളാക്കുന്നത്‌? ഇതിന്റെ ദൃശ്യരേഖ ഭംഗിയായി ഇത്‌ വ്യക്തമാക്കുന്നുണ്ട്‌. ചോലനായ്‌ക്കരുടെയും അറനാടുകാരുടെയും ആളരുടെയും വംശനാശം ഒരു സംസ്‌കാരത്തിന്റെയും ഭാഷയുടെയും അറുതിയാകും. അത്‌ സംബന്ധിച്ച വേവലാതിയാണ്‌ ഈ ചിത്രം പങ്കുവയ്‌ക്കുന്നത്‌.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തേക്കിന്‍തോപ്പാണ്‌ നിലമ്പൂര്‍ വനം. ഇവിടെ വസിക്കുന്ന ചോലനായ്‌ക്കന്മാരെപ്പറ്റി 1972-ലാണ്‌ പുറംലോകമറിയുന്നത്‌. പണ്ട്‌ 1000 പുരുഷന്മാര്‍ക്ക്‌ 1069 സ്‌ത്രീകള്‍ എന്നതായിരുന്നു ചോലനായ്‌ക്കരുടെ സ്‌ത്രീപുരുഷ അനുപാതം. ഇപ്പോള്‍ ഇവരില്‍ സ്‌ത്രീകളുടെ എണ്ണം വളരെ കുറഞ്ഞു. പുരുഷന്മാര്‍ 223ഉം സ്‌ത്രീകള്‍ 186ഉം എന്നാണ്‌ ഇപ്പോഴത്തെ കണക്ക്‌. ആകെ 43 കുടുംബങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന്‌ ഈ ഡോക്യുമെന്ററി ഓര്‍മ്മപ്പെടുത്തുന്നു. തമിഴ്‌, കന്നഡ, മലയാളം കലര്‍ന്ന സങ്കരഭാഷയാണ്‌ ഈ ആദിവാസികള്‍ സംസാരിക്കുന്നത്‌. 1300 അടി ഉയരത്തിലുള്ള മലമടക്കുകളിലാണ്‌ ഇവര്‍ വസിക്കുന്നത്‌. 2500 വര്‍ഷത്തെ പാരമ്പര്യമുള്ള സംസ്‌കാരം. മക്കത്തായികളായ ഇവര്‍ വിധവാവിവാഹം അനുകൂലിക്കുന്നില്ല. അധിനിവേശത്തിന്റെ പാടുകളും നിലമ്പൂര്‍പാട്ടും, സര്‍വാണിസദ്യയും എല്ലാം ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സാമൂഹ്യശാസ്‌ത്രവും ഫോക്‌ലോറും കലര്‍ന്ന ജീവിതാന്തരീക്ഷം പിന്തുടരുന്ന ഈ ഡോക്യുമെന്ററിയില്‍ ആദിവാസികളുടെ യാതനകളും രോഗങ്ങളും ശീലങ്ങളും ഇരകളാകുന്നവഴികളും ദൃശ്യപംക്തികളായി ഇഴചേര്‍ന്നിരിക്കുന്നു. വൈദേഹി ക്രിയേഷന്‍സിന്റെ `ഒടുവിലത്തെ താള്‍' അകംനീറ്റലിന്റേയും പുറംകാഴ്‌ചയുടേയും തിരഭാഷയാണ്‌. പ്രേംകുമാര്‍, മുഹസിന്‍ കോട്ടക്കല്‍, പ്രദീപന്‍ പാമ്പിരിക്കുന്ന്‌, മൈന ഉമൈബാന്‍, ജിനു ശോഭ, ഡാറ്റസ്‌, ഷമീര്‍ മച്ചിങ്ങല്‍, പ്രീത, ഹിഷാം തുടങ്ങിയവരാണ്‌ അണിയറ പ്രവര്‍ത്തകര്‍. -ചന്ദ്രിക വാരാന്തപ്പതിപ്പ്‌

Friday, July 15, 2011

സങ്കടങ്ങളുടെ നേര്‍ക്കാഴ്‌ച



പൊതുനിരത്തുകളില്‍ ദിവസവും പൊലിയുന്നത്‌ നിരവധി ജീവനാണ്‌. റോഡപകടങ്ങളുടെ വിവിധ കാരണങ്ങളെക്കുറിച്ച്‌ കേരളത്തില്‍ ആദ്യമായി ബി. സുജാതന്‍ നടത്തിയ സമഗ്രമായ പഠനത്തെപ്പറ്റി

മോട്ടോര്‍വാഹനങ്ങളുടെ വരവോടെ യാത്രാസൗകര്യങ്ങള്‍ക്ക്‌ ഏറെ സഹായം ലഭിക്കുന്നുവെന്നത്‌ ഒരു വസ്‌തുത തന്നെ. വാഹനങ്ങളുടെ ലഭ്യതയില്‍ ആഹ്ലാദിക്കുന്നതോടൊപ്പം ദു:ഖങ്ങളുടെയും രോദനങ്ങളുടെയും നേര്‍ക്കാഴ്‌ചയില്‍ നിസ്സഹായരായി നില്‍ക്കുന്ന സമൂഹവും. യാഥാര്‍ത്ഥത്തില്‍ ഇത്‌ വാഹനങ്ങളുടെ കുഴപ്പംകൊണ്ടല്ല, ശകടങ്ങളെ നിയന്ത്രിക്കുന്ന മനുഷ്യരുടെ വകതിരിവില്ലായ്‌മയും അഹങ്കാരവും നിയമലംഘനവുമാണ്‌ കാരണം. രാജ്യത്ത്‌ പ്രതിവര്‍ഷം 10 ലക്ഷത്തിലധികം റോഡപകടങ്ങളിലായി ഒരു ലക്ഷത്തിലേറെ പേര്‍ മരണമടയുന്നു. ഓരോ മണിക്കൂറിലും ശരാശരി 13 പേരാണ്‌ അകാലത്തില്‍ മരണപ്പെടുന്നത്‌. കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ലെന്നുള്ളതാണ്‌ സത്യം. സംസ്ഥാനത്ത്‌ സംഭവിക്കുന്ന റോഡപകടങ്ങളില്‍ 40 ശതമാനവും വാഹനമോടിക്കുന്നവര്‍ മദ്യം ഉപയോഗിക്കുന്നതുകൊണ്ടാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജനസാന്ദ്രതപോലെ വാഹനസാന്ദ്രതയ്‌ക്കും കേരളം ഇന്നു മുന്നിലാണ്‌.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളില്‍ മരിക്കുകയും ഗുരുതരമായ പരിക്കുകള്‍ മൂലം ദു:ഖം അനുഭവിക്കുകയും ചെയ്യുന്ന ചില സംഭവങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യമാണ്‌ `കണ്ണീര്‍ച്ചാലുകളേ സാക്ഷി'യിലൂടെ വെളിപ്പെടുത്തുന്നത്‌. അപകടങ്ങളില്‍ മരിച്ച്‌ അനാഥമാകുന്ന കുടുംബങ്ങളെക്കുറിച്ചോ, പരിക്കേറ്റ്‌ വിദഗ്‌ധ ചികിത്സയ്‌ക്ക്‌ സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവരുടെ സങ്കടങ്ങളുടെ നേര്‍ക്കാഴ്‌ചകളെക്കുറിച്ചോ ഒരു ഗ്രന്ഥം മലയാളത്തില്‍ ഇതുവരെയുണ്ടായില്ല. അതുതന്നെ ഈ പുസ്‌തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ലക്ഷ്യസ്ഥലത്തെത്തുവാന്‍ എത്രദൂരം വേണമെങ്കിലും മനുഷ്യന്‍ നടന്നുപോയിരുന്ന ഒരു ഗതകാലം. യാത്രകള്‍ക്ക്‌ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ നടത്തം എല്ലാവര്‍ക്കും അന്ന്‌ വളരെ പ്രിയം. രോഗങ്ങളും തീരെ കുറവുള്ള ഒരു കാലഘട്ടം, അരോഗദൃഢഗാത്രരായ ആള്‍ക്കാര്‍. ഇന്ന്‌ അങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച്‌ ചിന്തിക്കാനേ കഴിയില്ല. ഇന്ന്‌ ഒരു കീ.മീറ്റര്‍ ദൂരം പെട്ടെന്ന്‌ നടന്നെത്താവുന്നതാണെങ്കിലും നമ്മള്‍ അരമണിക്കൂര്‍ സമയം ബസ്സ്‌ കാത്തുനില്‍ക്കും. നടന്നുപോകുന്നത്‌ അന്തസ്സിന്റെ പ്രശ്‌നമായും ചിലര്‍ കാണുന്നുണ്ട്‌. തീരെ നടക്കാത്തതുകൊണ്ട്‌ രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു.
മോട്ടോര്‍ വാഹനങ്ങള്‍ പ്രചാരത്തിലാകുന്നതിനു മുമ്പ്‌ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കരിഗ്യാസ്‌ വണ്ടികള്‍ യാത്രാ സൗകര്യത്തിന്‌ നിര്‍ണ്ണായകമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ഇപ്പോള്‍ റോഡുകള്‍ മത്സരവേദികളാവുകയാണ്‌. വാഹനപ്പെരുപ്പം കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന സംസ്ഥാനത്തെ നിരത്തുകളില്‍ വാഹനമോടിക്കുന്നവരുടെ കര്‍ശനനിയന്ത്രണങ്ങളും അച്ചടക്കവും കാല്‍നടക്കാരുടെ അതീവ ശ്രദ്ധയുമുണ്ടെങ്കില്‍ എത്രയോ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. അമേരിക്കയില്‍ ഏഴുപേര്‍ക്ക്‌ ഒരു വാഹനമുള്ളപ്പോള്‍ കേരളത്തില്‍ ആറുപേര്‍ക്ക്‌ ഒരു വാഹനമുണ്ട്‌.
ചക്രത്തില്‍ കയറ്റിവച്ച അപായമാണ്‌ മോട്ടോര്‍ വാഹനം. അതിന്റെ ചക്രം പിടിക്കുന്നവര്‍ കൂടി അപകടകാരിയാണെങ്കില്‍ കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയതുപോലിരിക്കും. മൂന്ന്‌ ഋ യുടെ അഭാവം കൊണ്ടാണ്‌ വാഹന അപകടങ്ങള്‍ പെരുകാന്‍ കാരണം. മൂന്ന്‌ ഋ എന്നാല്‍ എഞ്ചിനിയറിംഗ്‌, എന്‍ഫോഴ്‌സ്‌മെന്റ്‌, എജ്യുക്കേഷന്‍ എന്നാണ്‌ അര്‍ത്ഥമാക്കേണ്ടത്‌.
ദിവസേന സംസ്ഥാനത്തെ നിരത്തുകളിലുണ്ടായിക്കൊണ്ടിരിക്കുന്ന ഭയാനകമായ വാഹനാപകടങ്ങള്‍ കണ്ടും കേട്ടും വായിച്ചും മനം മടുത്ത ഒരു മനുഷ്യസ്‌നേഹി അതിന്‌ അല്‌പമെങ്കിലും തടയിടാനോ ജനത്തെ ബോധവല്‍ക്കരിക്കുവാനോ കഴിയുമെന്ന വിശ്വാസത്തിലാണ്‌ ഈ പുസ്‌തകം രചിച്ചത്‌.
റോഡപകടങ്ങളുടെ വിവിധ കാരണങ്ങളെക്കുറിച്ചും നിയന്ത്രണ മാര്‍ഗ്ഗങ്ങളെപ്പറ്റിയും അവയോട്‌ ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും അപകടത്തെത്തുടര്‍ന്ന്‌ ഉടനെ ഉണ്ടാവേണ്ട കാര്യങ്ങളെപ്പറ്റിയും സുജാതന്‍ സവിസ്‌തരം ഈ പുസ്‌തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്‌. അവതാരിക കല്ലേലി രാഘവന്‍പിള്ള.


കണ്ണീര്‍ച്ചാലുകളേ സാക്ഷി, ബി.സുജാതന്‍, സാഷണല്‍ ബുക്ക്‌ സ്റ്റാള്‍, വില-100 രൂപ

അശാന്തമായ മനസ്സുകളിലാണ്‌ എന്റെ കണ്ണുകള്‍


പ്രകൃതിക്കും വ്യക്തികള്‍ക്കും രൂപാന്തരപ്രാപ്‌തികളിലൂടെ നന്മയുടെ മണവും മധുരവും നല്‍കുന്ന മാജിക്കാണ്‌ പെരുമ്പടവം ശ്രീധരന്റെ രചനകള്‍. മലയാളകഥയുടെയും നോവലിന്റെയും വര്‍ത്തമാനകാലത്തും പെരുമ്പടവം എന്ന എഴുത്തുകാരന്‍ ഒറ്റയാനായി,പിന്നെയും പിന്നെയും പൂക്കുന്ന മരമായി അക്ഷരങ്ങളുടെ ഒളിയിടങ്ങളെ പ്രക്ഷുബ്‌ധമാക്കി നിര്‍ത്തുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും പ്രശസ്‌ത എഴുത്തുകാനുമായ പെരുമ്പടവം ശ്രീധരനുമായി നടത്തിയ അഭിമുഖം.

`എഴുതാന്‍ പോകുന്ന ചൂതാട്ടക്കാരന്റെ കഥയ്‌ക്ക്‌ ഒരു തുടക്കം കണ്ടുപിടിക്കാന്‍ അര്‍ദ്ധരാത്രിവരെ എഴുത്തുമേശയ്‌ക്കരികില്‍ ദസ്‌തേവ്‌സ്‌കി ഉറക്കമിളച്ചു. ഏതാണ്ടൊരു ധ്യാനംപോലെയായിരുന്നു അത്‌. പ്രക്ഷുബ്‌ധമായ മനസ്സ്‌ ഏകാന്തമായ ഒരു നിമിഷം പ്രാര്‍ത്ഥിക്കുന്നു. ആ നിമിഷത്തില്‍ നിന്നു വേണം തുടങ്ങാന്‍.ഒരു ചൂതാട്ടക്കാരന്റെ കഥയെന്നു പറയുമ്പോള്‍ എന്താണുദ്ദേശിക്കുന്നത്‌? ജീവിതത്തിന്റെ ആകസ്‌മികതകളെ നേരിടുന്ന ഒരാളിന്റെ മനസ്സ്‌ തന്റെ ദൈന്യം നിറഞ്ഞ അവസ്ഥയില്‍ ഒരു മനുഷ്യന്‌ പിണയുന്ന അബദ്ധങ്ങള്‍, അവനു സംഭവിക്കുന്ന തോല്‍വികള്‍, അവന്‍ സഹിക്കുന്ന അപമാനങ്ങള്‍, അവന്റെ സ്വപ്‌നങ്ങള്‍, നിരാശകള്‍, ദു:ഖങ്ങള്‍ അതിന്റെ കൂടെ ലാഭനഷ്‌ടങ്ങളുടെ വിധി തുലാസില്‍ തൂങ്ങുന്ന നിമിഷങ്ങളുടെ വിക്ഷുബ്‌ധതയും ലഹരിയും പിരിമുറുക്കവും! ഉല്‍ക്കടമായ പ്രേമത്തിന്റെ വികാരമൂര്‍ച്ഛപോലെ എന്തോ ഒന്ന്‌ ചൂതുകളിയിലുണ്ട്‌.
അല്ലെങ്കില്‍ വിധിയുമായുള്ള ഒരു കൂടിക്കാഴ്‌ചയായിട്ടും അതിനെ കണക്കാക്കിയാലെന്ത്‌?
ജീവിതം കൊണ്ട്‌ ഒരാള്‍ ചൂതുകളിക്കുന്നു.'-(ഒരു സങ്കീര്‍ത്തനം പോലെ).

?അശാന്തമായ അലഞ്ഞു തിരിച്ചലുകള്‍, ആത്മീയാന്വേഷണങ്ങള്‍. ഇപ്പോള്‍ ഗൃഹസ്ഥാശ്രമം. സത്യത്തില്‍ എവിടെയാണ്‌ എഴുത്തുകാരന്‍ സ്വസ്ഥനായിരിക്കുന്നത്‌.
എഴുത്തുകാരന്‍ ഒരിടത്തും സ്വസ്ഥനായിരിക്കുന്നില്ല. എനിക്ക്‌ തോന്നുന്നത്‌. ഉറങ്ങുമ്പോഴും അയാളുടെ മനസ്സ്‌ അജ്ഞാതമായ ദേശങ്ങളിലും അജ്ഞാതമായ കാലങ്ങളിലും സഞ്ചരിക്കുകയാണ്‌. ഉണര്‍ന്നിരിക്കുമ്പോള്‍ ആ അനുഭവങ്ങളില്‍ അയാള്‍ ചെന്നെത്തുന്നു. മുമ്പെങ്ങോ കണ്ട ഒരു സ്വപ്‌നത്തിലേക്ക്‌ എന്നപോലെ.
എന്റെ ജീവിതം നീളെ അലച്ചിലായിരുന്നു. എന്റെ ജീവിതം അന്വേഷിച്ച്‌, എന്നെ അന്വേഷിച്ച്‌, ഇതൊരു അത്യന്താധുനിക കഥാപാത്രത്തിന്റെ മൊഴിയല്ല. നഗ്നപാദനായി മുള്ളുകളിലൂടെ, തീക്കനലുകളിലൂടെ, കണ്ണീരിലൂടെ സഞ്ചരിച്ച ഒരു പാവം മനുഷ്യാത്മാവിന്റെ അനുഭവമാണ്‌.
?പാഠശാലകളില്‍ നിന്നും നമ്മുടെ വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ മാറുന്നു. മാനവികലോകത്തെ ആരോ അടിച്ചുപുറത്താക്കിക്കൊണ്ടിരിക്കുന്നുണ്ട്‌. എല്ലാവരും സാങ്കേതിക വിദ്യാഭ്യാസത്തിനു പിറകെ മാത്രം മക്കളെ അയക്കുന്നു. ഏതു ലോകത്തെ ഇതു സൃഷ്‌ടിക്കുമെന്നാണ്‌ എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ക്കു തോന്നുന്നത്‌.
മാനവികത നഷ്‌ടപ്പെട്ട ഒരു കാലത്തിന്റെ ഊഷരതകളില്‍ നമ്മുടെ പുതിയ തലമുറ ചെന്നെത്തുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു. അവിടെ പച്ചപ്പുകളില്ല, നനവില്ല, ആര്‍ദ്രതയില്ല, മനുഷ്യബന്ധങ്ങള്‍ നിര്‍ത്ഥകമായിത്തീരുന്നു. ലാഭനഷ്‌ടങ്ങളുടെ കണക്ക്‌ മാത്രമേ അവിടെയുള്ളൂ.ഏറ്റവും കൂടുതല്‍ മാസ ശമ്പളം കിട്ടുന്നവന്‍ മിടുക്കന്‍ എന്ന നിലയിലേക്ക്‌ എത്തുന്നു നമ്മുടെ സാമൂഹിക വീക്ഷണം. പുതിയ സാങ്കേതികവിദ്യകള്‍ വേണ്ടെന്നല്ല. അതുവേണം. പക്ഷേ, ഇതെല്ലാം മനുഷ്യനു വേണ്ടിയുള്ളതാണെന്നും മാനുഷികതയ്‌ക്കു വേണ്ടിയുള്ളതാണെന്നും മറന്നുപോകരുത്‌. മറ്റുള്ളവരെ കുറിച്ച്‌ ആര്‍ദ്രതയോടെ ചിന്തിക്കാനല്ലെങ്കില്‍ ഏത്‌ വിദ്യാഭ്യാസവും പാഴാണ്‌. സാങ്കേതികത മിക്കപ്പോഴും യന്ത്രങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒടുവില്‍ നോക്കുമ്പോള്‍ ഹൃദയമിരുന്ന സ്ഥാനത്ത്‌ ഒരു യന്ത്രമിരിക്കുന്നു. അപ്പോള്‍ മാനവികത നഷ്‌ടപ്പെട്ടുപോവുകയാണ്‌ചെയ്യുക. നമ്മള്‍ യന്ത്രമനുഷ്യരുടെ ഒരു കാലത്തേക്കാണോ നടന്നടുക്കുന്നത്‌. മനുഷ്യബന്ധങ്ങളുടെ പവിത്രതയെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കാത്ത വിദ്യാഭ്യാസം വ്യര്‍ത്ഥമാണ്‌. അത്‌ ശാപഗ്രസ്‌തവുമാണ്‌.
?പുതിയകാലത്തിനും മൂല്യങ്ങള്‍ക്കും മുന്നില്‍ പരുങ്ങിയപ്പോകുന്ന ഏതെങ്കിലും സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നുണ്ടോ.
മൂല്യങ്ങള്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്തിന്റെ വക്കിലാണ്‌ നമ്മള്‍ ചെന്നെത്തിയിരിക്കുന്നത്‌. മൂല്യങ്ങളെക്കുറിച്ച്‌ രാപകല്‍ പ്രസംഗിക്കുകയും സകല മൂല്യങ്ങളും ചവുട്ടിമെതിക്കുകയും ചെയ്യുന്നവരുടെ കാലമാണിത്‌. ആസുരമായ ശക്തികള്‍ വഴിയെ കാത്തുനില്‍ക്കുന്നു. കൂട്ടിക്കൊണ്ടുപോവാന്‍. കൂടെ ചെന്നില്ലെങ്കില്‍ ഇല്ലായ്‌മ ചെയ്യാനും. ആപല്‍ക്കരമായ കാലമാണിത്‌. ആര്‍ക്കാണ്‌ സുരക്ഷിതത്വമുള്ളത്‌? എവിടെയാണ്‌ സുരക്ഷിതത്വമുള്ളത്‌. നോക്കുമ്പോള്‍ കാണുന്നത്‌ മൂല്യങ്ങളൊക്കെയും തകര്‍ന്നടിഞ്ഞ കാലത്തിന്റെ തരിശല്ലെ. മറ്റുള്ളവരുടെ സങ്കടങ്ങളെക്കുറിച്ച്‌ ഓര്‍ക്കാനുള്ള മനസ്സ്‌ നമുക്ക്‌ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ സങ്കടങ്ങള്‍ പങ്കുവെക്കാന്‍ നമ്മള്‍ വിമനസ്‌കരായിരിക്കുന്നു.
ഭൂമിയില്‍ എവിടെയയൊക്കെയോ അപൂര്‍വ്വം ചിലര്‍ ശുദ്ധാത്മാക്കള്‍ ഇപ്പോഴുമുണ്ട്‌. ഇല്ലെങ്കില്‍ ഈ ഭൂമി അതിന്റെ അച്യുതണ്ടില്‍ നിന്ന്‌ തെറിച്ചുപോയേക്കുമോ എന്നാണ്‌ ഞാന്‍ പേടിക്കുന്നത്‌. നമ്മുടെ നാടിന്‌്‌ എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിച്ചു.
?സമൂഹത്തില്‍ നിന്നും പുറംതിരിഞ്ഞ്‌ അന്തര്‍മുഖനായ മനുഷ്യന്റെ വേവലാതികള്‍ പേറുന്നവരാണ്‌ താങ്കളുടെ ഒട്ടുമിക്ക കഥാപാത്രങ്ങളും. അഭയം എന്ന നോവലില്‍ നിന്നും തുടങ്ങി ഒരു സങ്കീര്‍ത്തനംപോലെ എന്ന കൃതിയിലെത്തുമ്പോള്‍ ഇത്‌ കൂടുതല്‍ പ്രകടമാകുന്നു. ഇങ്ങനെയൊരു സ്ഥായീഭാവം സൂക്ഷിക്കുന്നതെന്താണ്‌.
അങ്ങനെയുള്ളൊരു കാലത്താണ്‌, ലോകത്താണ്‌ നമ്മള്‍ ജീവിക്കുന്നത്‌. ഈ അവസ്ഥകളില്‍ നിന്നും ആരും രക്ഷപ്പെടുന്നില്ല. ഇങ്ങനെയൊരു കാലഘട്ടത്തില്‍ അകപ്പെട്ട നിസ്സഹായനായ മനുഷ്യന്റെ ആധികള്‍ അങ്ങനെയൊക്കെയാണ്‌ എന്നാണ്‌ എനിക്കു തോന്നുന്നത്‌. അതായത്‌ ക്ഷുദ്രമായ മനസ്സുകൊണ്ട്‌ നടക്കുന്നവരൊഴികെ.
?താങ്കളുടെ പ്രശസ്‌തമായ പല നോവലുകളും പ്രശസ്‌തരുടെ ജീവിതമാണ്‌ അടിസ്ഥാനമാക്കിയത്‌. ഒരു സങ്കീര്‍ത്തനത്തില്‍ ദസ്‌തേവ്‌സ്‌കി, നാരായണീയത്തില്‍ ഗുരു, ഒരു കീറ്‌ ആകാശം തുടങ്ങിയവ.
ജീവിതത്തിന്റെ മഹാസങ്കടങ്ങള്‍ അനുഭവിക്കുന്നത്‌ അവരൊക്കെയാണ്‌. അതുകൊണ്ടാണ്‌ ഞാന്‍ അവരെ കഥാപാത്രങ്ങളാക്കിയത്‌. മനുഷ്യസങ്കടങ്ങളുടെ ഉള്‍വനങ്ങളിലൂടെ സഞ്ചരിക്കുവാന്‍ അത്തരം ആധികള്‍കൊണ്ട്‌്‌ ജീവിതത്തെ പൊള്ളിച്ചവരുടെ കൂടെ നടക്കുകയായിരുന്നു ഞാന്‍.
?പന്ത്രണ്ടിലധികം സിനിമകള്‍ക്ക്‌ തിരക്കഥയെഴുതിയിട്ടുണ്ട്‌. സിനിമയും സാഹിത്യവും തമ്മിലുള്ള വ്യത്യാസമെന്താണ്‌.
സാഹിത്യവും സിനിമയും വ്യത്യസ്‌തമായ രണ്ട്‌ കലാരൂപങ്ങളാണ്‌. അതിന്റെ ഭാഷയും വേവ്വേറെ. പക്ഷേ, സിനിമയിലും സാഹിത്യത്തിലും കൈകാര്യം ചെയ്യപ്പെടുന്നത്‌ മനുഷ്യനും ജീവിതവുമാണ്‌. മനുഷ്യസങ്കടങ്ങളിലൂടെയുള്ള ആത്മസഞ്ചാരമാണ്‌ രണ്ടും. പക്ഷേ, അതിന്റെ ഭാഷകള്‍ വേറെ. ആവിഷ്‌ക്കാരം വേറെ. കലാസൃഷ്‌ടികള്‍ എന്ന നിലയില്‍ ഇത്‌ ആസ്വാദകന്റെ മനസ്സിനെ ഉലയ്‌ക്കുകയോ, പ്രക്ഷുബ്‌ധമാക്കി തീര്‍ക്കുകയോ ചെയ്യുമ്പോള്‍ ആ കലാരൂപങ്ങള്‍ക്കിടയിലുള്ള വ്യത്യാസം നമ്മള്‍ മറന്നുപോവുന്നു. മഹത്തായ ഒരു കാവ്യം സിനിമപോലെ അവിസ്‌മരണീയമായ അനുഭവമായി മാറും. മഹത്തായ സിനിമ ഒരു സാഹിത്യകൃതിപോലെ അനശ്വരതയെ സ്‌പര്‍ശിക്കുകയും ചെയ്യുന്നു.
? അക്കാദമിയെ എങ്ങോട്ടു നയിക്കാനാണ്‌ ആഗ്രഹിക്കുന്നത്‌.
അക്കാദമിയിലേക്ക്‌ പോകുമ്പോള്‍ ഞാന്‍ എന്നെ വീട്ടില്‍ വെച്ചിട്ടാണ്‌ പോകുന്നത്‌. അക്കാദമിയിലെ മറ്റ്‌ സഹപ്രവര്‍ത്തകരോടും, അഭ്യുദയകാംക്ഷികളോടും, ഗുരുജനങ്ങളോടും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചോദിച്ച്‌, അവരുടെയെല്ലാം സഹകരണത്തോടും പങ്കാളിത്തത്തോടും കൂടി എന്തെങ്കിലും ചെയ്യണം. ഭാഷയ്‌ക്കും സാഹിത്യത്തിനും സാഹിത്യകാരന്മാര്‍ക്കും പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. ആശയങ്ങള്‍ വരട്ടെ, അഭിപ്രായങ്ങളും വരട്ടെ. എല്ലാം സന്തോഷപൂര്‍വ്വം സ്വീകരിക്കും.
? താങ്കളുടെ പുതിയ വായന, എഴുത്ത്‌.
ഞാന്‍ ജീവിതത്തില്‍ എന്തെങ്കിലും നിരന്തരമായി ചെയ്യുന്നുണ്ടെങ്കില്‍ അത്‌ വായനയാണ്‌. കൈയില്‍ കിട്ടുന്നത്‌ എന്തും വായിക്കുന്ന സ്വാഭാവമാണ്‌. തിരഞ്ഞെടുപ്പൊക്കെ വായിച്ചു കഴിഞ്ഞിട്ടാണ്‌. വായിച്ചതില്‍ എന്തുണ്ടെന്ന്‌ നോക്കി. പിന്നെ ഏഴെട്ടു വര്‍ഷം മുമ്പ്‌ എഴുതിയവച്ച ഒരു നോവലുണ്ട്‌. `അവനി വാഴ്‌വ്‌ കിനാവ്‌' എന്നാണ്‌ പേര്‌. അതൊന്നു മിനുക്കിയെടുക്കണം. ഇപ്പോള്‍ മനസ്സു മുഴുവന്‍ അതിനകത്താണ്‌. 17-7-2011 ചന്ദ്രിക വാരാന്തപ്പതിപ്പ്‌

Thursday, July 14, 2011

വാഗണ്‍- 1711 ഓര്‍മ്മയുടെ മൂന്ന്‌ കാലങ്ങള്‍


ഓര്‍മ്മിക്കുന്നതിലൂടെയാണ്‌ ഒരു സമൂഹം സ്വത്വത്തെ അറിയുന്നത്‌. ഓര്‍മ്മ ബുദ്ധിയില്‍ തങ്ങിനില്‍ക്കുന്ന കാലം മാത്രമല്ല, ഓര്‍മ്മയുടെ വൈയക്തികവും സഞ്ചിതവുമായ ഘടകങ്ങളിലൂടെയാണ്‌ നാം ഇന്ദ്രിയാനുഭവങ്ങളുടെ നൈമിഷികതയെ അതിജീവിക്കുക. ഓര്‍മ്മയെ സംബന്ധിച്ച മൂന്നു കാലങ്ങളെ കൂട്ടിയിണക്കുന്ന ഹ്രസ്വചിത്രമാണ്‌ ഹസീം ചെമ്പ്ര രചനയും സംവിധാനം നിര്‍വ്വഹിച്ച `വാഗണ്‍ നമ്പര്‍- 1711(1921)'. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വാഗണ്‍ ട്രാജഡിയില്‍ മരിച്ച വല്യുപ്പാന്റെ ഖബറിടം തേടിയെത്തുന്ന വിദ്യാര്‍ത്ഥിയിലൂടെയാണ്‌ കഥ പറയുന്നത്‌. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ പയ്യനാട്ടുകാരന്‍ കടക്കാരോടും സ്റ്റേഷന്‍ ടിക്കറ്റ്‌ കൗണ്ടറിലും അന്വേഷണം തുടങ്ങുന്നു. തിരൂരിലെ ബേക്കറിയിലും കടകളിലും തന്റെ ചോദ്യം ആവര്‍ത്തിച്ചു. ട്രാജഡിയുടെ സ്‌മാരകമായി നിലനിര്‍ത്തിയ വാഗണ്‍ സന്ദര്‍ശിക്കുന്നു. മരിച്ചവരുടെ പേരുവിവര പട്ടികയില്‍ നിന്നും വല്യുപ്പാന്റെ പേര്‌ കുറിച്ചെടുക്കുന്നു. തുടര്‍ന്ന്‌ നഗരസഭാ ഓഫീസിലും വ്യക്തികളോടും മരിച്ചവരെ മറവുചെയ്‌ത സ്ഥലം ചോദിച്ചറിയുന്നു. കോരങ്ങത്ത്‌ പള്ളിയിലും കോട്ടുപള്ളിയിലുമുള്ള ഖബര്‍സ്ഥാന്‍ സന്ദര്‍ശിക്കുന്നു. ഒരിടത്തും വല്യുപ്പാന്റെ ഖബറിടം വ്യക്തമായി അടയാളപ്പെട്ടുകാണുന്നില്ല. ചിത്രാന്ത്യത്തില്‍ ഉമ്മയുടെ ആഗ്രഹനിവൃത്തിക്കായി വാഗണ്‍ ട്രാജഡിയില്‍ മരിച്ചവരുടെ മുഴുവന്‍ ഖബറിടങ്ങളിലും പ്രാര്‍ത്ഥിക്കുന്നു. വളരെ ലളിതമായ കഥാഖ്യാനം പൂര്‍ണമാകുന്നിടത്താണ്‌ ഈ ചിത്രത്തിന്റെ പ്രസക്തി നിറയുന്നത്‌.
പൂര്‍വ്വ സംസ്‌കൃതിയുടെ ജൈവപരിസരത്തു നിന്നും അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിലേക്ക്‌ വികസിക്കുന്ന തിരഭാഷയാണ്‌ ഹസീമിന്റെ ചിത്രത്തിന്റേത്‌. രാഷ്‌ട്രീയപരമായും ഭൂമിശാസ്‌ത്രപരമായും അധിനിവേശാനന്തര സമൂഹങ്ങളിലുണ്ടാവുന്ന സ്വത്വാവബോധത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഴ്‌ചയാണ്‌ വാഗണ്‍ നമ്പര്‍- 1711. വ്യക്തിപരമായ ഓര്‍മ്മയില്‍ നിന്നും തുടങ്ങി സമൂഹത്തിന്റെ മൊത്തം ഓര്‍മ്മയിലേക്ക്‌ സിനിമ ഇറങ്ങിനില്‍ക്കുന്നു. അടിസ്ഥാനപരമായി കാലബന്ധിതരാണ്‌ എല്ലാ മനുഷ്യരും. ഓര്‍മ്മയുടെ ആ ധാര കാഴ്‌ച, കേള്‍വി, സ്‌പര്‍ശം, രുചി എന്നിങ്ങനെ വ്യക്തിപരമായി മാത്രമല്ല, സാമൂഹികവുമാണ്‌. ഈ ചിത്രത്തില്‍ പല സന്ദര്‍ഭങ്ങളില്‍ ഈ ഘടകങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്‌. ഇരുപത്‌ മിനിറ്റ്‌ ദൈര്‍ഘ്യമുള്ള വാഗണ്‍ നമ്പറില്‍ കഥയ്‌ക്കും പശ്ചാത്തലത്തിനും അനുയോജ്യമായ ദൃശ്യാംശങ്ങളെല്ലാം സന്നിവേശിപ്പിച്ചിട്ടുണ്ട്‌.
വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റിയീട്ടിലെ പഠനവുമായി ബന്ധപ്പെട്ട്‌ നിര്‍മ്മിച്ച ഈ ഡോക്യുഫിക്ഷന്‍ -കാമ്പസ്‌ ചിത്രം ഇന്റര്‍ നാഷണല്‍ ഡോക്യുമെന്ററി -ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റ്‌വെലിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. വാഗണ്‍ ദുരന്തത്തെ പ്രമേയമാക്കിയ വാഗണ്‍ നമ്പര്‍-1711(1921) ചലച്ചിത്രപഠനത്തിന്റെയും കാഴ്‌ചയുടെയും പുതിയതലങ്ങളിലേക്ക്‌ െനമ്മുടെ ശ്രദ്ധക്ഷണിക്കുന്നു. ക്യാമറ, വെളിച്ചം, വര്‍ണ്ണം,സംഗീതക്ലിപ്പിങ്ങുകള്‍ എന്നിവയോടൊപ്പം ചിത്രസംയോജനത്തിലും സൂക്ഷ്‌മത പാലിച്ചിട്ടുണ്ട്‌. മീഡിയാ വിദ്യാര്‍ത്ഥിയും ഷോര്‍ട്ട്‌ഫിലിം സംവിധായകനുമായ സക്കരിയ എടയുരാണ്‌ വിദ്യാര്‍ത്ഥിയുടെ വേഷം ചെയ്‌തത്‌. ഗോപി ചരിത്രാന്വേഷിയായ അഹമ്മദിനെ അവതരിപ്പിച്ചു.
തിരൂര്‍ ചെമ്പ്ര അബ്‌ദുള്‍ ഖരീമിന്റെയും സഫിയയുടെയും മകനായ ഹസീം ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദധാരിയും തിരൂര്‍ മണ്‌ഡലം എം.എസ്‌.എഫിന്റെ ഭാരവാഹിയുമാണ്‌. എം. എസ്‌. എഫ്‌. സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ `ഔട്ട്‌ ഓഫ്‌ കവറേജ്‌ 2010' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്‌തു. പ്രസംഗമത്സരത്തിലും മറ്റുമായി കോളജ്‌തലത്തില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ ഹസീമിന്‌ ലഭിച്ചിട്ടുണ്ട.്‌
ചരിത്രാവബോധം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന മലയാളിമനസ്സിനെ ചോദ്യം ചെയ്യുന്ന ഈ ഹ്രസ്വചിത്രം കാമ്പസിന്റെ സാമൂഹ്യ പ്രതിബദ്ധത ഓര്‍മ്മിപ്പിക്കുന്നു. ഉമേഷ്‌ ക്യാമറയും ഷഹല്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. എം.നൗഷാദ്‌, നസ്‌റുള്ള ഖാന്‍, ജുമാന്‍, കബീര്‍ തിരൂര്‍, വി.കെ.എം. ശാഫി, പി.കെ.ഫിറോസ്‌, ആഷിക്‌ ചെലവൂര്‍, എന്നിങ്ങനെ നിരവധി പേര്‍ ചിത്രത്തിന്റെ പിന്നണിയില്‍ സഹകരിച്ചിട്ടുണ്ട്‌.

Tuesday, June 07, 2011

വിജയമാര്‍ഗം

ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളോടും എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ്‌ നമ്മുടെ വിജയവും പരാജയവും നിര്‍ണ്ണയിക്കുന്നത്‌. എല്ലാം തകര്‍ന്നെന്നു നാം കരുതുന്ന നിമിഷങ്ങളിലും ഗ്രൗണ്ട്‌ സീറോയില്‍ നിന്ന്‌ ബിഗ്‌ ഹീറോയാകാന്‍ ആര്‍ക്കും കഴിയും. അതിനായി ഏതു മനോഭാവത്തോടെ എപ്രകാരം പ്രവര്‍ത്തിക്കണമെന്ന്‌ - കാണിച്ചുതരുന്ന പുസ്‌തകമാണ്‌ ഐ ക്യാന്‍ വിന്‍.


ലളിതമായ ഇംഗ്ലീഷ്‌ ഭാഷയില്‍ ഉദാഹരണങ്ങളിലൂടെയും കഥകളിലൂടെയും വിജയത്തിന്റെ സൂത്രവാക്യങ്ങളിലേക്ക്‌ വായനക്കാരെകൊണ്ടുചെന്നെത്തിക്കുകയാണ്‌ ഐ ക്യാന്‍ വിന്‍. നിരാശയിലും പരാജയഭീതിയിലും ആത്മവിശ്വാസം നഷ്‌ടപ്പെട്ട്‌ നിഷ്‌ക്രിയരായിരിക്കുന്നവര്‍ക്ക്‌പ്രവര്‍ത്തനോര്‍ജം പകരുകയാണ്‌ ഈ പുസ്‌തകത്തിലൂടെ. സാഹചര്യങ്ങളോ സമ്പത്തോ, കുടുംബമഹിമയോ, ഉന്നത വിദ്യാഭ്യാസമോ ഒന്നുമല്ല ഇച്ഛാശക്തിയും ദൈവവിശ്വാസവും പ്രസാദാത്മകമനോഭാവവും എങ്ങനെ ഒരാളെ വിജയത്തിലേക്ക്‌ നയിക്കുന്നുവെന്ന്‌ ഗ്രന്ഥകര്‍ത്താക്കള്‍ ഈ പുസ്‌തകത്തിലൂടെ വിശദീകരിക്കുന്നു. തുടര്‍ച്ചയായ പാരായണക്ഷമത നിലനിര്‍ത്തുന്ന 248 പേജുകളിലായുള്ള 58 അധ്യായങ്ങളിലൂടെ ഓരോ വായനക്കാരനേയും വിജയത്തിലേക്ക്‌ കൈപിടിച്ചുയര്‍ത്തുന്ന ഐ ക്യാന്‍ വിന്‍ രാജ്യാന്തര വിപണിയില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.ഓരോ അധ്യായവും അവസാനിക്കുന്നത്‌ മനസ്സില്‍ പ്രചോദനത്തിന്റെ അഗ്നിജ്വലിപ്പിക്കുന്ന ഓരോ ചിന്തകളുമായാണ്‌. ഏതൊരു സാധാരണക്കാരനും അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന്‌ എളിയ നിലയില്‍ നിന്ന്‌ ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച ഒട്ടേറെ പ്രമുഖ വ്യക്തികളുടെ ഉദാഹരണങ്ങള്‍ സഹിതം ഈ പുസ്‌തകത്തിലൂടെ പറഞ്ഞുതരുന്നു.




അവഹേളനങ്ങളിലും വീഴ്‌ചകളിലും രോഗങ്ങളിലും ജീവിതത്തില്‍ പരാജയപ്പെട്ടുവെന്ന്‌ തോന്നുന്ന നിമിഷങ്ങളിലും മൂന്നേറാനുള്ള പാഠങ്ങളാണ്‌. ഐ ക്യാന്‍ വിന്നിലൂടെ പകര്‍ന്നു തരുന്നത്‌. കുറവുകളെ എങ്ങനെ കഴിവുകളാക്കി മാറ്റാം. വിജയത്തിലേക്ക്‌ എങ്ങനെ തയാറെടുക്കാം. കഴിവുകളെ എങ്ങനെ തിരിച്ചറിയാം. താല്‍ക്കാലിക തിരിച്ചടികളെ എങ്ങനെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കാം. നല്ല തീരുമാനങ്ങളുടെ വില, പ്രതിസന്ധികളെ അവസരങ്ങളാക്കാം, ബന്ധങ്ങളെ ഊഷ്‌മളമാക്കാം, സ്വപ്‌നം യാഥാര്‍ത്ഥ്യങ്ങളാക്കാം, ആശയങ്ങളുടെ വില, പ്രസന്റേഷന്‍ മികവുറ്റതാക്കാം, പുഞ്ചിരി നല്‍കുന്ന നേട്ടം, ടൈം മാനേജ്‌മെന്റ്‌, മൂലക്കല്ലുകളെ നാഴികക്കല്ലുകളാക്കാം, അവഹേളനങ്ങളെ വിജയമാക്കി മാറ്റിയെഴുതാം, ആത്മവിശ്വാസം, ഉയര്‍ത്താം, വിഷാദത്തെ തൂത്തെറിയാം, അസാധ്യത്തെ സാധ്യമാക്കാം, സ്വന്തം മൂല്യം തിരിച്ചറിയാം, തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ്‌ ഓരോ അധ്യായങ്ങളിലൂടെയും അനാവരണം ചെയ്യുന്നത്‌.മോട്ടിവേഷനല്‍ സ്‌പീക്കറും ധീരതയ്‌ക്കുള്ള ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ രാഷ്‌ട്രപതിയുടെ ജീവന്‍രക്ഷാപഥക്‌ ദേശീയ അവാര്‍ഡ്‌ ജേതാവുമാണ്‌ സെബിന്‍.എസ്‌ കൊട്ടാരം. പ്രമുഖ ഹ്യൂമന്‍ റിസോഴ്‌സസ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധനും മോട്ടിവേഷനല്‍ സ്‌പീക്കറുമാണ്‌ ജോബിന്‍ എസ്‌ കൊട്ടാരം, ഇരുവരുമെഴുതുന്ന പത്താമത്തെ പ്രചോദനാത്മക ഗ്രന്ഥമാണ്‌ ഐ ക്യാന്‍ വിന്.



‍ഐ ക്യാന്‍ വിന്, ‍സെബിന്‍.എസ്‌ കൊട്ടാരം,ജോബിന്‍ എസ്‌ കൊട്ടാരം, ഡോള്‍ഫിന്‍ ബുക്‌സ്‌ (94478 74887) വില- 240 രൂപ.

Tuesday, May 24, 2011

സേതു: സമഗ്രവായന

മലയാളകഥയിലും നോവലിലും സേതു ഒറ്റപ്പെട്ട ശബ്‌ദമാണ്‌. എഴുത്തുശീലത്തിന്റെയും വായനയുടെയും വഴിയില്‍ സേതു രൂപപ്പെടുത്തിയ നവീനധാരയില്‍ അധികമാരും സഞ്ചരിക്കുന്നില്ല എന്നത്‌ തന്നെ ഈ കഥാകാരന്‌ ലഭിക്കുന്ന അംഗീകാരമാണ്‌. എന്നാല്‍ സേതുവിന്റെ സാഹിത്യരചനകളെ സംബന്ധിച്ച്‌ മലയാളത്തില്‍ സമഗ്രപഠനങ്ങള്‍ ഉണ്ടായിട്ടില്ല. പി.എം.ഷുക്കൂര്‍ എഡിറ്റ്‌ ചെയ്‌ത്‌ കറന്‍റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ച `സേതു എഴുത്തും വായനയും' എന്ന പുസ്‌തകം വായനാലോകം പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. മലയാളത്തില്‍ ആധുനികതയും അനുബന്ധ രചനാരീതികളും അട്ടിമറികള്‍ സൃഷ്‌ടിച്ച കാലഘട്ടത്തിലാണ്‌ സേതു എഴുതിത്തുടങ്ങിയത്‌.

ആധുനികതയുടെ ഉപരിവിപ്ലതയോ, ക്ലിഷ്‌ടതയോ, ഈ കഥാകൃത്തിനെ അലട്ടിയില്ല. എന്നാല്‍ മാജിക്കല്‍ റിയലിസം പോലുള്ള ആവിഷ്‌കാര സങ്കേതത്തില്‍ സേതു താല്‍പര്യം കാണിച്ചിട്ടുണ്ട്‌. സേതുവിന്റെ നൂലേണി പോലുള്ള കഥകളും പാണ്‌ഡവപുരം എന്ന നോവലും കൗതുകത്തോടെ വായിക്കപ്പെടുകയും ചെയ്‌തു. സേതു കഥ പറയുമ്പോഴും കഥാപാത്രങ്ങളെ സൃഷ്‌ടിക്കുമ്പോഴും കാണിക്കുന്ന ജാഗ്രതയും സൂക്ഷ്‌മതയും ശ്രദ്ധേയമാണ്‌.സേതുവിന്റെ രചനകളിലേക്ക്‌ കടക്കുമ്പോള്‍ ജീവിതപ്രതിസന്ധികളോട്‌ ഏറ്റുമുട്ടുകയും ആണ്‍നോട്ടങ്ങളുടെ മുനയൊടിക്കുയും ചെയ്യുന്ന സ്‌ത്രീകഥാപാത്രങ്ങളെ കാണാം. ഇവര്‍ ഫെമിനിസ്റ്റു മുദ്രാവാക്യങ്ങളില്‍ അഭിരമിക്കുന്നവരല്ല എന്നത്‌ തിരിച്ചറിയേണ്ടതുണ്ട്‌. എള്ളെണ്ണയുടെ ഗന്ധമാണ്‌ സ്‌ത്രീത്വം എന്നു തെറ്റിദ്ധരിക്കുകയോ, വെളിച്ചം പരത്തി അല്‍ഭുതപ്പെടുത്തുകയോ ചെയ്യുന്നവരല്ല; നിലനില്‍പിനായ്‌ കര്‍ക്കശ നിലപാടുകളെടുക്കുന്നവരാണ്‌സേതുവിന്റെ സ്‌ത്രീകഥാപാത്രങ്ങള്‍. ശരീരവും മനസ്സും തൊട്ടറിയുന്നതില്‍ സേതുവിന്റെ കഥാപാത്രങ്ങള്‍ പുലര്‍ത്തുന്ന തന്റേടവും കണിശതയും വേറിട്ടുനില്‍ക്കുന്നു. സേതുവിനെക്കുറിച്ചുള്ള വിവിധ വായനയും കാഴ്‌ചയും ഉള്‍ക്കൊള്ളുന്ന ഈ പുസ്‌തകത്തില്‍ രണ്ടു ഭാഗങ്ങളിലായി 31 ലേഖനങ്ങളും അനുബന്ധമായി കെ.എം.നരേന്ദ്രന്‍, ഡോ.വത്സലന്‍ വാതുശ്ശേരി, ജോര്‍ജ്‌ ജോസഫ്‌ കെ തുടങ്ങിയവരുടെ പഠനങ്ങളും ചേര്‍ത്തിട്ടുണ്ട്‌.

പുസ്‌തകത്തിന്റെ ഒന്നാം ഭാഗത്ത്‌ എം.ടി., കെ.പി.അപ്പന്‍, വി.രാജകൃഷ്‌ണന്‍, ആഷാമേനോന്‍, വി.സി.ശ്രീജന്‍ തുടങ്ങിയവരുടെയും രണ്ടാംഭാഗത്ത്‌ കെ.ആര്‍.മീര, രോഷ്‌നി സ്വപ്‌ന, ജ്യോതിലക്ഷ്‌മി മുതലായവരുടെയും ലേഖനങ്ങളുമുണ്ട്‌. എം.ടി. `സേതുബന്ധനം' എന്ന ലേഖനത്തിലെഴുതുന്നു:` എപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുള്ള ഒരു കാര്യമുണ്ട്‌. മാസികക്കാരുടെയോ, വിശേഷാല്‍പ്രതികളുടെയോ നിര്‍ബന്ധത്തിനു വഴങ്ങി ,സേതു ഒന്നും എഴുതാറില്ല. പലരും ഓട്ടപ്പാത്രങ്ങളെപ്പോലെ കലമ്പല്‍ കൂട്ടുമ്പോള്‍ അക്കൂട്ടത്തില്‍ സേതുവിനെ കാണാറില്ല...' - ഇതുപോലെ കെ.പി.അപ്പന്‍ സേതുവിനെ നിരീക്ഷിക്കുന്നു:` കഥ എഴുതുന്നതും സംവാദത്തെ രൂപപ്പെടുത്തുന്നതും ജ്ഞാനത്തെ സൃഷ്‌ടിക്കുന്നതും ഒന്നുതന്നെയാണെന്ന്‌ ഈ ആഖ്യാനം വ്യക്തമാക്കുന്നു. ഇതു സേതുവിന്റെ കഥാരചനയിലെ പുതുമയുറ്റ ആരോഗ്യമാണ്‌.' ഇങ്ങനെ തികച്ചും പുതുമയുള്ള ഈടുറ്റ വിലയിരുത്തുലുകള്‍ പുസ്‌തകത്തിലുണ്ട്‌. പുതുതലമുറ സേതുവിനെ ചര്‍ച്ച ചെയ്യുന്നതിലും കാണാം കാതലായ മാറ്റം. കെ.ആര്‍.മീര എഴുതി:` സേതു കഥപറയുന്നതു നിറങ്ങള്‍ കൊണ്ടാണെന്നു തോന്നും. പക്ഷേ, ആ നിറങ്ങളുടെ എണ്ണം കുറവാണ്‌. മഞ്ഞ, കറുപ്പ്‌. പിന്നെ ഇടയ്‌ക്കിടെ ചുവപ്പും റോസും തീര്‍ന്നു. സേതുവിന്റെ നിറക്കൂട്ടിലെ ചായങ്ങള്‍..'-എന്നിങ്ങനെ വ്യത്യസ്‌ത വായനകള്‍ തുറന്നുതരികയാണ്‌ ഓരോ ലേഖനങ്ങളും.

`മനുഷ്യത്വനിര്‍ഭരമായ രചനകള്‍' എന്ന ആമുഖക്കുറിപ്പില്‍ പി.എം.ഷുക്കൂര്‍ സേതുവിനെ അടയാളപ്പെടുത്തുന്നു:` ഏറെ മികച്ച കഥകളെഴുതിയിട്ടും ഈ കഥാകാരന്‌ അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്ന ധാരണയില്‍ നിന്നുമാണ്‌ ഈ പുസ്‌തകത്തിന്റെ പിറവി. ഇതു വലിയ കര്‍മ്മമാണെന്ന യാതൊരു മിഥ്യാധരണയും ഈ കുറിപ്പെഴുതുന്നയാള്‍ക്കില്ല. എങ്കിലും സേതുവിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക്‌ ഇതൊരു നിമിത്തമാകും എന്ന പ്രതീക്ഷയാണുള്ളത്‌.'- ഇതുതന്നെയാണ്‌ `സേതു എഴുത്തും വായനയും' എന്ന പുസ്‌തകത്തിന്റെ സവിശേഷതയും.


സേതുഎഴുത്തും വായനയും, എഡിറ്റര്‍: പി.എം.ഷുക്കൂര്, കറന്റ്‌ ബുക്‌സ്‌, കോട്ടയം, വില-150 രൂപ

Saturday, May 14, 2011

നമുക്കിടയില്‍ ചില ഗോപുരങ്ങള്‍



‍എഴുത്തുകാരന്‍ എന്ന നിലയില്‍ സുപരിചിതനാണ്‌ കല്‍പ്പറ്റ നാരായണന്‍. എന്നാല്‍ ഈ പരിചിതത്വത്തെ ഭേദിക്കുന്ന അസാധാരണമായ പല സവിശേഷതകളും കല്‍പ്പറ്റ നാരായണന്റെ `തത്സമയം' എന്ന പുസ്‌തകത്തിലുണ്ട്‌. സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞ കാപട്യങ്ങളെ ഈ ലേഖനങ്ങള്‍ ചോദ്യംചെയ്യുന്നു. വിട്ടുവീഴ്‌ചയില്ലാത്ത കാഴ്‌ചപ്പാടുകളുടെ നിശിതത്വവും ശിക്ഷണ തീവ്രതയും ഈ ലേഖനങ്ങളിലുണ്ട്‌. ഓര്‍മ, വിവരണം, വ്യക്തിചിത്രങ്ങള്‍ എന്നിങ്ങനെ തന്നോടുതന്നെയും സമൂഹത്തോടും ഒരാള്‍ നടത്തുന്ന ആത്മസംവാദങ്ങളുടേയും നിരീക്ഷണങ്ങളുടേയും സമാഹാരമാണ്‌ തത്സമയം.





ഭാഷയിലും ഭാവനയിലും കല്‍പ്പറ്റ നടത്തുന്ന ഇടപെടലുകളും പ്രതികരണങ്ങളും അവ പ്രകടിപ്പിക്കുന്ന മൗലികതയും എടുത്തുപറയേണ്ടതാണ്‌. മുപ്പതു ലേഖനങ്ങളാണ്‌ പുസ്‌തകത്തിലുള്ളത്‌.എഴുത്തിനെ സംബന്ധിച്ച്‌ തികഞ്ഞ രാഷ്‌ട്രീയ നിലപാട്‌ ഈ പുസ്‌തകത്തിലെ രചനകളുടെ തെരഞ്ഞെടുപ്പിന്‌ പിന്നിലുണ്ട്‌. വിമര്‍ശനം ജീവന്റെ കലയാണ്‌. അത്‌ നിഴല്‍ച്ചിത്രമല്ല. മനസ്സ്‌ മനസ്സിനോട്‌ സംസാരിച്ചു കൊണ്ടിരിക്കണം. ആ ലക്ഷ്യം സാധൂകരിക്കുകയാണ്‌ കല്‍പ്പറ്റ നാരായണന്‍ `തത്സമയ'ത്തില്‍.





പുസ്‌തകത്തിന്റെ ആമുഖത്തില്‍ പറയുന്നു:` നിങ്ങളുടെ യുക്തിയെയല്ല, ഭാവനയെയാണ്‌ ഞാനാശ്രയിക്കുന്നത്‌. അതുകൊണ്ട്‌ കവിതയുടെയോ കഥയുടെയോ ഉടലുകള്‍ ചിലപ്പോള്‍ ഈ രചനകളുടെ ഉടലുകളാവുന്നുണ്ട്‌.'മറ്റൊരിടത്ത്‌ കല്‍പ്പറ്റ എഴുതി: `തത്സമയമേ' കേരളത്തിലിന്നുള്ളൂ. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളൊക്കെ തത്സമയമായി ചുരുങ്ങി മലയാളിയുടെ കാലം ഒരല്‍ഷൈമേഴ്‌സ്‌ രോഗിയുടെ കാലംപോലൊന്നായി മാറുകയാണോ?'പൂര്‍ണമായും കാഴ്‌ചപ്പുറങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാഗരികതയെക്കുറിച്ചുള്ള വ്യസനങ്ങളാണ്‌ കല്‍പ്പറ്റ നാരായണന്റെ ലേഖനങ്ങള്‍. കുറിക്കുകൊള്ളുന്ന നര്‍മ്മഭാഷയും നിശിത വിമര്‍ശനവും സൂക്ഷ്‌മ നിരീക്ഷണവും ഒത്തിണങ്ങിയ ലേഖനങ്ങളാണിവ.





`മുതിര്‍ന്നവരുടെ കലഹം മുഴുവനായി തീരലില്ല, ഏതോ ചിലത്‌ ഉണര്‍ന്നത്‌ വീണ്ടും ഉറങ്ങുന്നുണ്ട്‌. അടുത്ത സന്ദര്‍ഭത്തില്‍ കൂടുതല്‍ വീര്യത്തോടെ ഉണരാന്‍. മുതിര്‍ന്നവരുടെ കലഹം കലഹകാരണം ഇല്ലാതാകുന്നതോടെ ഇല്ലാതാകുന്നില്ല'-(കുട്ടികളെക്കണ്ട്‌ പഠിക്കാം)`കവിതയുടെ ജലവിതാനം താഴുമ്പോള്‍' എന്ന ലേഖനത്തില്‍: `സംഭാഷണഭാഷ കേവലം അറിയിക്കലിന്റേതായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന, ജലവിതാനം നന്നേ താണ ഭൂമിയിലെ കവിതകളാണ്‌ ഇന്ന്‌ ഏറെ എഴുതപ്പെടുന്നതും. കവിയെ കുറ്റപ്പെടുത്തി കൂടാ. ഭാഷ കവിതയില്‍പ്പോലും ഗദ്യമാവുന്നതില്‍ അവര്‍ മാത്രമല്ല കുറ്റക്കാര്‍. മലയാളഭാഷ മങ്ങുകയാണ്‌.'-എന്നിങ്ങനെ വിഷയത്തിലേക്ക്‌ നേരിട്ട്‌ ഇറങ്ങി നില്‍ക്കുന്ന എഴുത്തുശീലമാണ്‌ കല്‍പ്പറ്റയുടേത്‌.





`എന്തിനാണ്‌ എം.ടി. ഡൈ ചെയ്യുന്നത്‌'എന്ന ലേഖനം കടുത്ത വിമര്‍ശനത്തിന്‌ വിധേയമായിട്ടുണ്ട്‌. ലേഖനം ഉന്നയിക്കുന്ന പ്രശ്‌നം വിവാദമല്ല. ഗ്രന്ഥകാരന്‍ എഴുതി: `ഇതൊരു വ്യക്തിയുടെ സ്വകാര്യപ്രശ്‌നമല്ലേ എന്ന്‌ നിങ്ങളുടെ പുരികം ഞാന്‍ കാണുന്നു. കേരളത്തില്‍ ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ അതിന്റെ ഏറ്റവും പ്രമുഖനായ എഴുത്തുകാരന്‍പോലും മുടി കറുപ്പിച്ചേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ എന്നത്‌ ചെറിയൊരു സ്വകാര്യ പ്രശ്‌നമല്ല.'കവിതയിലും നോവലിലുമെന്നപോലെ മറ്റു മേഖലകളിലും കല്‍പ്പറ്റ നാരായണന്റെ സര്‍ഗ്ഗാത്മകവും ചിന്താപരവുമായ വ്യാപാരം ശക്തമായി മുദ്രണം ചെയ്‌ത `തത്സമയം' ആര്‍ജ്ജവമുള്ള ആഖ്യാനവും തെളിമയാര്‍ന്ന കാഴ്‌ചയുമാണ്‌. അതുതന്നെയാണ്‌ ഈ പുസ്‌തകത്തെ മികച്ച വായനാനുഭവമാക്കി മാറ്റുന്നത്‌.





തത്സമയം, കല്‍പ്പറ്റ നാരായണന്, ‍മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌, വില- 90 രൂപ

Tuesday, April 12, 2011

പടികടന്നെത്തുന്ന പദനിസ്വനം

`നാദവിശുദ്ധിനേര്‍ത്ത നൂലിഴപോലെനെഞ്ചില്‍ നെയ്‌തെടുക്കുന്നുഭാവതീവ്രം ലയഭാരം' (ഷഡ്‌ജം എന്ന കവിത)- എന്നിങ്ങനെ തടസ്സങ്ങളില്ലാതെ ഉറന്നൊഴുകുന്ന കവിതയെക്കുറിച്ച്‌ ഗിരീഷ്‌ പുത്തഞ്ചേരി എഴുതി. കവിതയ്‌ക്കും ഗാനത്തിനും ഇടയിലെ വരമ്പ്‌ നേര്‍ത്ത്‌ നേര്‍ത്തില്ലാതാകുന്ന എഴുത്തിനെപ്പറ്റി ഗിരീഷിന്‌ കരളുറപ്പുണ്ടായിരുന്നു. അറിവിന്റെ സമഗ്രത നിറഞ്ഞ മനസ്സില്‍ പൊന്‍വേണുവിന്റെ മൃദുമന്ത്രണം തുളുമ്പി നില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ഗിരീഷിന്റെ വിരല്‍പ്പാടുകളില്‍ കാലവും ജീവിതവും ഭാവങ്ങളും തീവ്രതയോടെ നിറഞ്ഞത്‌.`പിന്നെയും പിന്നെയും ആരോ കിനാവിന്റെപടികടന്നെത്തുന്ന പദനിസ്വനം! -(കൃഷ്‌ണഗുഡിയിലെ പ്രണയകാലത്ത്‌).കിനാവിന്റെ പടികടന്ന്‌, ആസ്വാദകമനസ്സില്‍ പൂത്തുനില്‍ക്കുകയാണ്‌ പുത്തഞ്ചേരിയുടെ ഗാനങ്ങള്‍. നിലാവില്‍ കുളിച്ചുനില്‍ക്കുന്ന രാത്രിയില്‍ ആരോ പൊന്‍വേണു ഊതുന്ന കേള്‍വിയില്‍ ആസ്വാദകര്‍ ലയിക്കുന്നു. വര്‍ണ്ണനയുടെ അന്തരീക്ഷം സൃഷ്‌ടിക്കുന്നതില്‍ ഗിരീഷ്‌ കാണിച്ച ഔന്നത്യം വിസ്‌മയാവഹമാണ്‌. ശ്രീരാഗത്തെ മാത്രം പുല്‍കിയുണര്‍ത്താന്‍ കൂരിരുള്‍ക്കാവിന്റെ മുറ്റത്ത്‌ മുല്ലയെപ്പോലെ ഒറ്റയ്‌ക്ക്‌ നില്‍ക്കുന്ന നായകന്‍ ഈ എഴുത്തുകാരന്‍ തന്നെയല്ലേ എന്നു നാം സംശയിച്ചുപോകും. ജീവിതപ്പാതയില്‍ ഇനി നമ്മള്‍ കാണുമോ എന്ന്‌ നിശ്ചയമില്ലാത്ത ഒരു മനസ്സിന്റെ തേങ്ങല്‍ ഗിരീഷിന്റെ ഗാനലോകത്ത്‌ തങ്ങിനില്‍പ്പുണ്ട്‌.`ഉള്ളിന്നുള്ളിലെയക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു-കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നുജീവിതപ്പാതകളില്‍ ഇനി തമ്മില്‍ കാണുമോ- (ബാലേട്ടന്‍)-എന്ന ആശങ്ക പേറിനടക്കുമ്പോഴും പെയ്‌തൊഴിഞ്ഞ വാനവും, അകമെരിഞ്ഞ ഭൂമിയും, മതിമറന്നു പാടുമെന്റെ ശ്രുതിയിടഞ്ഞ ഗാനമെന്ന്‌ ഏറ്റുപറയാനും ഗിരീഷ്‌ മറക്കുന്നില്ല.`ഞാനെന്റെ ശ്യാമജന്മം, ശുഭസാന്ദ്രമാക്കവേ...(അഗ്നിദേവന്‍)എന്നോര്‍ത്ത്‌ ആശ്വസിക്കുകയും ചെയ്യുന്നു.പ്രണയത്തിന്റെ നാനാവര്‍ണ്ണങ്ങള്‍ മുത്തുകണങ്ങളായി, വെള്ളിവെളിച്ചമായി ഗിരീഷിന്റെ പാട്ടുകളില്‍ പടരുന്നു. അതിന്റെ പ്രഭാവലയത്തില്‍ എത്രയെത്ര ഗാനങ്ങളാണ്‌ രൂപപ്പെട്ടത്‌. മധുരാഗ വരകീര്‍ത്തനം ഇങ്ങനെ എഴുതി നിറയുന്നു:`കൈക്കുടന്നനിറയെതിരുമധുരം തരുംകുരുന്നിളം തൂവല്‍ക്കിളിപ്പാട്ടുമായി'..മഞ്ഞും ഓര്‍മ്മകളെഴുതും തരളനിലാവും ഒരിടത്തും ഉപേക്ഷിക്കാന്‍ തയറാകാത്ത മനസ്സാണ്‌ ഈ എഴുത്തുകാരന്റേത്‌. പക്ഷേ, മരവുരിയും വിണ്‍ഗംഗയും ആ മനസ്സിലേക്ക്‌ യഥേഷ്‌ടം കയറിവരുന്നു. യമുനയുടെ രാപ്പാട്ട്‌ കേള്‍ക്കുകയും നീലക്കൂവളമിഴിയില്‍ ജലബിന്ദുക്കള്‍ നിറയ്‌ക്കുകയും ചെയ്യുമ്പോള്‍ ജന്മാന്തരങ്ങളിലൂടെ ഇനിയും അലയാനുള്ള ദാഹം കവിയുടെ കൂടെ നടക്കുന്നു.`ഒരു കടലായ്‌ ഞാന്‍ നിറയുന്നുവെറുതെ തിരനുരയായ്‌ ചിതറുന്നുതീരാത്ത സങ്കടക്കാടിന്‍ കടല്‍കണ്ണില്‍ വാഴ്‌വിന്റെ കാവല്‍ക്കടല്‍...' (ഒരേകടല്‍).ലളിതമായ വരികളില്‍ ആശയപ്രപഞ്ചം സൃഷ്‌ടിക്കുന്ന ഗിരീഷിന്റെ രചനാ വൈദഗ്‌ധ്യത്തിന്‌ മികച്ച ഉദാഹരണമാണ്‌ `ദേവാസുര'ത്തിലെ ഗാനങ്ങള്‍.`സൂര്യകിരീടം വീണുടഞ്ഞുരാവിന്‍ തിരുവരങ്ങില്‍പടുതിരിയാളും പ്രാണനിലാരോനിഴലുകളാടുന്നു- നീറും...'സൂര്യകിരീടം വീണുടയുകയാണ്‌. പടുതിരിയാളുന്ന പ്രാണനില്‍ നീറുന്നനിഴലുകളാടുന്നു. കഥകളിയുടെ ഭാവതീവ്രതയും മനുഷ്യജന്മത്തിന്റെ കളിയരങ്ങും ഇഴചേര്‍ത്തെടുക്കയാണ്‌ കവി. സമാഗമം പോലെ വിയോഗവും ഗിരീഷിന്റെ ഗാനലോകത്ത്‌ആവര്‍ത്തിച്ചു വരുന്നുണ്ട്‌.`ഇപഹപരശാപം തീരാനമ്മേഇനിയൊരു ജന്മം വീണ്ടും തരുമോ?-(ദേവാസുരം).ഇന്നലെയെന്റെ നെഞ്ചിലെ കുഞ്ഞുമണ്‍വിളക്കൂതിയില്ലേ, കാറ്റെന്‍മണ്‍വിളക്കൂതിയില്ലേകൂരിരുള്‍ക്കാവിന്റെ മുറ്റത്തെമുല്ലപോ-ലൊറ്റയ്‌ക്ക്‌ നിന്നില്ലേ ഞാന്‍-നൊറ്റയ്‌ക്ക്‌ നിന്നില്ലേ'-(ബാലേട്ടന്‍).ആരാണ്‌ തന്റെ മണ്‍വിളക്ക്‌ ഊതിക്കെടുത്തിയത്‌. അത്‌ കാറ്റാണ്‌. എങ്കിലും കാറ്റിന്‍ കൈകളില്‍ സ്‌നേഹദീപവും എഴുത്തുകാരന്‍ കാണുന്നുണ്ട്‌.അറിവിന്റെ പ്രകാശം കെട്ടുപോകുകയും തന്റെ അനാഥത്വം തിരിച്ചറിയും ചെയ്യുന്നു.അനുരാഗത്തിന്റെ നിറപ്പകിട്ടുകള്‍ പുത്തഞ്ചേരിയുടെ കാവ്യലോകത്ത്‌ ധാരാളിത്തത്തോടെ പതിഞ്ഞുനില്‍പ്പുണ്ട്‌.`ചന്ദനവളയിട്ട കൈകൊണ്ടു ഞാന്‍ മണി-ച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍പിറകിലൂടാരൊരാള്‍ മിണ്ടാതെ വന്നെത്തിമഷിയെഴുതാത്തൊരന്‍ മിഴികള്‍പൊത്തി-(ഉത്സവഗാനങ്ങള്‍)ഓര്‍മ്മകളെ താരാട്ടുപാടി താലോലിക്കുകയാണ്‌ കവി.`എത്രയോ ജന്മമായ്‌ നിന്നെ ഞാന്‍ തേടുന്നുഅത്രമേല്‍ ഇഷ്‌ടമായ്‌ നിന്നെയെന്‍ പുണ്യമേദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍'-(സമ്മര്‍ ഇന്‍ ബത്‌ലേഹം)മറ്റൊരു സന്ദര്‍ഭത്തില്‍ എഴുതുന്നു: `പാതിരാപ്പുള്ളുണര്‍ന്നുപരല്‍മുല്ലക്കാവുണര്‍ന്നുപാഴ്‌മുളം കൂട്ടിലെ കാറ്റുണര്‍ന്നു'-(ഈ പുഴയും കടന്ന്‌)പ്രകൃതിയും സഹജീവികളും നിര്‍ലോഭമായി പുത്തഞ്ചേരിയുടെ പാട്ടുകളിലുണ്ട്‌. അവ ജീവിതത്തിന്റെ വേദനയും സന്തോഷവും പങ്കുപറ്റുന്നു.`തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ..'(ഒരു യാത്രാമൊഴി)`മുറ്റത്തെത്തും തെന്നലേമൊട്ടിട്ടെന്നോ ചെമ്പകംഅവളെന്‍ കളിത്തോഴീ..ഓ അഴകാം കളിത്തോഴീ...'-(ചന്ദ്രോത്സവം)-എന്നിങ്ങനെ കളിത്തോഴിയെ പല രൂപത്തിലും ഭാവത്തിലും കാമുകമനസ്സ്‌ വരച്ചിടുന്നു. ഗാനമായും രാഗമായും പൂജാവിഗ്രഹമായും എതിരേല്‍ക്കുകയാണ്‌ പാട്ടുകാരന്‍.`മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേമനസ്സിനുള്ളില്‍-മാരിക്കാവടി ചിന്തും ചിന്തുണ്ടേ.'.-(കന്മദം)`കളഭംതരാം ഭഗവാനെന്‍മനസ്സും തരാംമഴപ്പക്ഷി പാടും പാട്ടില്‍ മയില്‍പ്പീലി...'(വടക്കംനാഥന്‍).ക്ലാസിക്കല്‍ സംഗീതത്തിന്‌ വഴങ്ങുംവിധം ഭാവനയും പദങ്ങളും ചിട്ടപ്പെടുത്താനും ഗിരീഷ്‌ താല്‍പര്യം കാണിച്ചു. സംഗീതത്തിന്റെ ജലരാശിയില്‍ കുളിര്‍ത്തെന്നലായ്‌ പ്രണയപൂരിതമാകുന്ന അന്തരംഗത്തോട്‌ പുത്തഞ്ചേരിക്ക്‌ പ്രിയമായിരുന്നു.`ഹരിമുരളീരവംഹരിതവൃന്ദാവനംപ്രണയസുധാമയ മോഹനഗാനം'-(ആറാംതമ്പുരാന്‍)കരിമിഴിക്കുരുവിയെ കണ്ടീലാ, നിന്‍ചിരിമണിച്ചിലമ്പൊലി കേട്ടീലാ നീ...-(മീശമാധവന്‍)പോരുനീ വാരിളം ചന്ദ്രലേഖേഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍-(കാശ്‌മീരം)`ഗോപികേഹൃദയമൊരു വെണ്‍ശംഖുപോലെതീരാവ്യഥകളില്‍ വിങ്ങുന്നുവോ..'-(നന്ദനം)മഴയും മഴമേഘവും കാറ്റും കൂടുവെച്ചുപോകാത്ത പാട്ടുകള്‍ ഗിരീഷിന്റെ തട്ടകത്തില്‍ കുറയും. അത്രമാത്രം മഴയെ സ്‌നേഹിക്കുന്നു. പ്രണയത്തിന്റെ മധുവായ്‌, മധുരമായ്‌ മഴയെ ഇളവേല്‍ക്കുകയാണ്‌ ഈ പാട്ടുകാരന്‍. `ആറ്റിന്‍കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചുകാറ്റേ കാറ്റേ വരുമോ..'(രസതന്ത്രം)`ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണിവീണയില്‍ഏതോ മിഴിനീരിന്‍..'.-(പ്രണയവര്‍ണ്ണങ്ങള്‍).ഗിരീഷ്‌ പുത്തഞ്ചേരി എന്ന പ്രിയ പാട്ടെഴുത്തുകാരന്‍ ഓര്‍മ്മയായെങ്കിലും നമ്മുടെ വിളിപ്പുറത്ത്‌ പടികടന്നെത്തുന്ന പദനിസ്വനമാണ്‌. സ്വപ്‌നങ്ങളിലും ഓര്‍മ്മയിലും വന്നുനിറയുന്ന എഴുത്തുകാരന്‍.

Monday, March 07, 2011

പെണ്‍ ജീവിതങ്ങള്‍




‍എല്ലാവിഭാഗങ്ങളിലുംപെട്ട സ്‌ത്രീകളുടെ താല്‍പര്യങ്ങളും പ്രശ്‌നങ്ങളും എങ്ങനെ ഏകോപിപ്പിക്കാം എന്ന ചിന്തായായിരുന്നു `മയൂരി'യിലെ ജീവിതപ്പാതയില്‍ എന്ന എല്‍സി ജോണിന്റെ പംക്തിയുടെ പ്രചോദനം. വിവിധ ജാതി -മത വിഭാഗങ്ങളില്‍പ്പെട്ടവരും ദേശപരമായും സാംസ്‌കാരികമായും വ്യത്യസ്‌ത ജീവിതം നയിക്കുന്നവരുമായ സ്‌ത്രീകളുടെ ജീവിതാനുഭവങ്ങളെ എങ്ങനെ ഒരു കുടക്കീഴില്‍ കൊണ്ടുവരാം എന്ന ചോദ്യം `ജീവിതപ്പാതയില്‍' അടിസ്ഥാനധാരയായിരുന്നു.ജീവിതപ്പാതയില്‍ പതിമൂന്ന്‌ സ്‌ത്രീകളെയാണ്‌ എല്‍സി ജോണ്‍ പരിചയപ്പെടുത്തുന്നത്‌. അയ്യക്കുട്ടി, വിമല, കുറുമ്പ, മേരി, അമ്മിണിയേട്ടത്തി, ഷീജ,പാറുക്കുട്ടി, രാധിക മുതല്‍ അമ്മിണി വരെ. ഇവരില്‍ ഓരോരുത്തരുടെയും ജീവിതം അടുത്തറിയുമ്പോള്‍ നമ്മുടെ മനസ്സ്‌ പൊള്ളും.

കണ്ണുകള്‍ കലങ്ങും. ജീവിതത്തിന്റെ അതിരുകളില്‍ ഉള്ള സാധാരണക്കാരായ സ്‌ത്രീകള്‍.അതികഠിനമായ യാതനകളോടും പ്രതികൂല സാഹചര്യങ്ങളോടും പോരാടി ജീവിതായോധനത്തില്‍ ഇവര്‍ പുറംതിരിഞ്ഞ്‌ ഓടിയില്ല. മാരകമായ മുറിവുകളും ദുരിതങ്ങളും ഏറ്റുവാങ്ങി നിര്‍ഭയരായി മുന്നേറി. ഇങ്ങനെയുള്ള പെണ്‍കരുത്താണ്‌ ജീവിതപ്പാതയില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. അവതാരികയില്‍ എം.ടി.വാസുദേവന്‍ നായര്‍ എഴുതി:`അറിയപ്പെടാത്ത,പക്ഷേ നമ്മുടെ കാലവും സമൂഹവും അറിയേണ്ടതും ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതുമായ ചില ജീവിതരേഖകള്‍'.ജീവിതത്തിന്റെ കത്തുന്ന ഏടുകള്‍ തന്നെയാണ്‌ ഈ പുസ്‌തകം പകരുന്നത്‌.-മഹിള ചന്ദ്രിക
ജിവിതപ്പാതയില്‍ - എല്‍സി ജോണ്
‍കൈരളി ബുക്‌സ്‌, കണ്ണര് ‍വില-85രൂപ

Friday, February 25, 2011

കഥയിലെ ഗ്രാമവൃക്ഷം

കഥയിലെ ഗ്രാമവൃക്ഷംനാട്ടെഴുത്തിന്റെ പച്ചപ്പിലേക്ക്‌ മലയാളകഥ വീണ്ടും തിരിച്ചെത്തുകയാണ്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ കഥകളിലൂടെ. എല്ലാം നഗരവല്‍ക്കരിക്കപ്പെടുന്ന കാലത്തില്‍ നാട്ടുപഴമയും പച്ചിലക്കാടുകളും ഇടവഴികളും കൗതുകങ്ങളും നമ്മുടെ ഓര്‍മ്മയിലേക്ക്‌ ചേര്‍ത്തുപിടിക്കുന്ന പത്തുകഥകളുടെ സമാഹാരമാണ്‌ `ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌' എന്ന പുസ്‌തകം. `നെല്ലിക്കുന്നിന്റെ മുകളില്‍ വെയില്‍ തിളച്ചുകൊണ്ടിരിക്കുകയാണ്‌...' എന്നിങ്ങനെ അകംപുറം ചൂടിന്റെ തിളച്ചുമറിയലിലൂടെയാണ്‌ റഹ്‌മാന്റെ കഥകള്‍ വായനക്കാരന്റെ മനസ്സിലേക്ക്‌ പ്രവേശിക്കുന്നത്‌. കഥയുടെ ഈ തിളച്ചുമറിയലില്‍ ഗ്രാമീണസത്യങ്ങളുടെ അടയാളമുണ്ട്‌. കുന്നായ്‌മകളും കുന്നിമണികളുമുണ്ട്‌. താളഭംഗം വന്ന ജീവിതമുണ്ട്‌. ചിതലരിച്ച പ്രണയങ്ങളും ചോരത്തിളപ്പിന്റെ ആവേശവും ഉല്‍ക്കണ്‌ഠയും ഇഴചേര്‍ന്നിട്ടുണ്ട്‌. പുതിയ കാലത്തിന്റെ നിസ്സംഗതയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതിബോധവും ഈ കഥകളുടെ അടിയൊഴുക്കുകളാകുന്നുണ്ട്‌.

നഗരവിരുദ്ധതയുടെ പൊരുതിനില്‍പ്പും പതിഞ്ഞുനില്‍പ്പുണ്ട്‌. ചോദ്യചിഹ്നത്തിന്റെ വളവും ഒടിവുമായി നമ്മുടെ വായനയെ നേര്‍ക്കുന്ന കഥകളാണിത്‌. സര്‍പ്പജന്മം, ഒടി, ചുണഡങ്ങ്‌,മാഗിയാന്റി,അഘോരം,ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌, കാലന്‍പക്ഷിയുടെ രാത്രി, ചെത്ത്‌, വവ്വാലുകള്‍, വിസ്‌മയച്ചിറകുകള്‍ എന്നീ കഥകള്‍ തലമുറകളായിപാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളെ മുഖാമുഖം നിര്‍ത്തുന്നു.മനുഷ്യനെയും അവന്റെ ചുറ്റുപാടും ആഴത്തിലറിയാന്‍ കഴിയുക അനുപമമായ വരദാനമാണ്‌. ഇത്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ രചനകളില്‍ സജീവസാന്നിദ്ധ്യമാണ്‌. പ്രതികരണശേഷി ഉറഞ്ഞുപോകാത്ത എഴുത്തുകാരന്റെ ആകുലതകളും ഉത്‌ക്കണ്‌ഠകളും നിറയുന്ന പുസ്‌തകമാണ്‌ `ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌'. ്‌നഗരവല്‍ക്കരണവും വിപണിവല്‍ക്കരണവും സ്‌നേഹധമനികളുടെ മുറിവുകളും അനുഭവിച്ചു തീര്‍ക്കുന്ന ജനതയുടെ നടുവില്‍ പിടയുന്ന മനുഷ്യമനസ്സുകളാണ്‌ ഗ്രാമവഴികളില്‍ റഹ്‌മാന്‍ കണ്ടെടുക്കുന്നത്‌.

`ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌'എന്ന കഥ നല്‍കുന്ന പാഠാവലിയും മറ്റൊന്നല്ല. ഏത്‌ ഇരുട്ടിലും വെളിച്ചത്തിന്റെ സാന്നിദ്ധ്യം അന്വേഷിച്ചറിയുന്ന എഴുത്തുകാരനെ ഈ കഥാപുസ്‌തകത്തില്‍ കാണാം.ഭാഷാതലത്തിലും ആവിഷ്‌ക്കാരത്തിലും റഹ്‌മാന്‍ കിടങ്ങയം പരമ്പരാഗത ശൈലിയോട്‌ പൊരുതി മുന്നേറുന്നു. ഭാഷാ നാഗരികതയുടെ ഉരഗസഞ്ചാരം അനുഭവിപ്പിക്കുന്ന രചനാ സങ്കേതമാണ്‌ കഥാകാരന്‍ സ്വീകരിച്ചത്‌. സാധാജീവിതങ്ങളെ അവയുടെ കരുത്തോടെ കുറിച്ചുവെച്ചു. ഐതിഹ്യങ്ങളിലേക്ക്‌ വേരുകളാഴ്‌ത്തി ജലവും ലവണവും വലിച്ചെടുക്കുന്ന ആല്‍മരംപോലെ ഭാവാധുനികതയുടെ ഇലകള്‍ വിടര്‍ത്തി അനുഭവസഞ്ചയങ്ങളോടെ ഉയര്‍ന്നുനില്‍ക്കുന്നു. അവതാരികയില്‍ കെ.പി. രാമനുണ്ണി എഴുതി: `പുതിയ സാഹിത്യത്തിന്റെതായി പറയാവുന്ന പൊതുസ്വഭാവം അത്‌ പാരര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ ആഖ്യാനത്തിലേക്ക്‌ കൊണ്ടുവരുന്നു എന്നതാണ്‌. എന്നാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരോടൊപ്പം മുഖ്യധാരാ ട്രെന്റുകള്‍്‌ക്കിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളേയും സധൈര്യം വീണ്ടെടുക്കുന്നു എന്നതാണ്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ കഥകളെ നിസ്‌തുലമാക്കുന്നത്‌.' നാട്ടുവഴക്കത്തിന്റെ ഇടപെടലുകള്‍ കൊണ്ട്‌ നമ്മുടെ മഹിത സംസ്‌ക്കാരത്തെ വീണ്ടെടുക്കാനുള്ള എഴുത്തുകാരന്റെ ഉത്തരവാദിത്വം ഈ കഥാപുസ്‌തകം നിര്‍വ്വഹിക്കുന്നുണ്ട്‌. ചന്ദ്രിക

ഇരുട്ട്‌ എലിസബത്തിനോട്‌ പറഞ്ഞത്‌

റഹ്‌മാന്‍ കിടങ്ങയം, കൈരളി ബുക്‌സ്‌, കണ്ണൂര്‍,
rs- 75 രൂപ

Thursday, February 10, 2011

കവിതയുടെ ധമനികള്‍

വാചാലതയും ഭാഷയുടെ ആര്‍ഭാടതയും കവിതയായി കൊണ്ടാടുന്ന ഇക്കാലത്ത്‌ സൂക്ഷ്‌മധ്യാന രൂപങ്ങളും നവീന സൗന്ദര്യാവബോധങ്ങളും എന്ന നിലയില്‍ ദിവാകരന്‍ വിഷ്‌ണുമംഗലത്തിന്റെ കവിതകള്‍ വേറിട്ടുനില്‍ക്കുന്നു. സമകാലിക കവിതയുടെ പൊതുവഴിയില്‍ കാണാത്ത കാഴ്‌ചകളാണ്‌ ദിവാകരന്‍ വിഷ്‌ണുമംഗലത്തിന്റെ `ധമനികള്‍' എന്ന പുസ്‌തകത്തില്‍. ജീവിതവും കവിതയും കെട്ടുപിണയുന്ന രചനകളാണ്‌ ധമനികളിലുള്ളത്‌. ചെറുതും വലുതുമായ നിരവധി കാവ്യസന്ദര്‍ഭങ്ങളില്‍ നിരന്തരം ചെന്നു തൊടുന്ന ഈ കവിതകളില്‍ വലിയ തിരക്കുകളില്ല; മന്ദതാളത്തില്‍ ഉരുവം കൊള്ളുന്ന ഭാവരൂപങ്ങള്‍ മാത്രം. അതേസമയം താനും തന്റെ ചുറ്റുപാടുകളുമൊക്കെ പ്രമേയ സ്വീകരണങ്ങളില്‍ വിഷ്‌ണുമംഗലം ദിവാകരന്‍ ഇഴചേര്‍ക്കുന്നു. വ്യത്യസ്‌തമായൊരു അനുഭൂതിയിലൂടെ നമ്മുടെ സാമൂഹിക സ്വത്വത്തെ സ്‌പര്‍ശിക്കുന്നു.


പാരമ്പര്യത്തില്‍ വേരുകളാഴ്‌ത്തി പുതിയ കാലത്തിലേക്ക്‌ വളര്‍ന്നുപടരുന്ന ഈ കവിതകള്‍ സദാ ജാഗ്രത കൊള്ളുന്നു. പദബോധവും കാവ്യാത്മകതയും നിറഞ്ഞ ധമനികള്‍ സൂക്ഷ്‌മബിംബങ്ങള്‍ കൊണ്ട്‌ കാലഘട്ടത്തിന്റെ വിഹ്വലതകള്‍ ആവിഷ്‌ക്കരിക്കുന്നു. ഫോട്ടോ, ധമനികള്‍, മടക്കം, റെയ്‌ഞ്ച്‌, ഒന്നാം പാഠം, കനല്‍, നിമിഷം, മുറിവ്‌, ചന്തയില്‍, ഇരുട്ട്‌, ഭിക്ഷ, പാട്ട, ജലജന്മം, ജാഗ്രത തുടങ്ങി മിക്ക കവിതകളും സാധാരണക്കാരന്റെ ജീവിതത്തിന്റെ ചില ഏടുകളാണ്‌ അടയാളപ്പെടുത്തുന്നത്‌.
നാഗരികതയുടെ ആസുരമായ യന്ത്രഗതിയില്‍ എളുപ്പത്തില്‍ പിഴുതെറിയപ്പെടുന്ന ഗ്രാമ സൗഭാഗ്യങ്ങളുടെ പിടച്ചില്‍ ധമനികളിലെ കവിതകള്‍ അനുഭവിപ്പിക്കുന്നു.

വൈയക്തികവും സാമൂഹികവും രാഷ്‌ട്രീയവും പാരിസ്ഥിതികവുമായ അനുഭവമണ്‌ഡലങ്ങള്‍ കൊണ്ട്‌ ശ്രദ്ധേയമാണ്‌ ദിവാകരന്റെ ഈ കവിതകള്‍. `വെയില്‍ കത്തിയുരുകുന്ന, മനം കണക്കെ, ഉലകെല്ലാം ഉമിത്തീപോല്‍, പുകയുന്നല്ലോ' (അവസ്ഥ-എന്ന കവിത) എന്നിങ്ങനെ എഴുതിച്ചേര്‍ക്കാന്‍ കാണിച്ച ധീരതയാണ്‌ `ധമനിക'ളെ വര്‍ത്തമാനകാല കവിതകളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്‌.

ധമനികള്‍
ദിവാകരന്‍ വിഷ്‌ണുമംഗലം
നാഷണല്‍ ബുക്ക്‌ സ്റ്റാള്‍, കോട്ടയം
വില- 40 രൂപ



Friday, January 28, 2011

കാവ്യ മാധുര്യം ഗാന പരിമളം

പി.ഭാസ്‌ക്കരന്‍ മാസ്റ്ററെ മലയാളം കേട്ടുകൊണ്ടേയിരിക്കുന്നു. കേള്‍വി കാലകാലങ്ങളില്‍ ഭേദപ്പെടുമ്പോഴും ഭാസ്‌ക്കരന്‍ മാസ്റ്ററുടെ വരികള്‍ക്ക്‌ മങ്ങലേല്‍ക്കുന്നില്ല. ജീവിതാനുഭവങ്ങളുടെ സങ്കീര്‍ണ്ണത ആവിഷ്‌ക്കരിച്ച കവിതകളിലൂടെയാണ്‌ അദ്ദേഹം എഴുത്തിലേക്ക്‌ പ്രവേശിച്ചത്‌. അവ മലയാളിയുടെ സൗന്ദര്യബോധവും ഭാവുകത്വവും മാറ്റിപണിഞ്ഞു കൊണ്ടിരുന്നു. കേരളീയരുടെ സാമൂഹികവും രാഷ്‌ട്രീയവും കുടുംബപരവുമായ ഘടന നിശ്ചയിക്കുന്നതില്‍പോലും ഭാസ്‌ക്കരന്‍ മാസ്റ്ററുടെ തലമുറ വഹിച്ച പങ്ക്‌ ചെറുതല്ല.
ജീവിതത്തിന്റെ ഏതെങ്കിലുമൊരു നിമിഷത്തില്‍ പി. ഭാസ്‌ക്കരന്‍ മാസ്റ്ററുടെ വരികള്‍ ഏതു മലയാളിയുടെ മനസ്സിലും വന്നുവീഴാം. ചിലരത്‌ ചിരകാലത്തേക്ക്‌ കാത്തുവെച്ചു എന്നുവരാം.

മലയാളിയുടെ മനസ്സില്‍ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ കവിതകളും ഗാനങ്ങളും നിറഞ്ഞുനില്‍ക്കുന്നതും മറ്റൊന്നുകൊണ്ടല്ല. കാലം എത്ര വേഗത്തില്‍ മുന്നോട്ടു കുതിച്ചാലും ഏതു വേഗത്തേയും പിന്നാലെ നടത്തിക്കുകയാണ്‌ ഭാസ്‌ക്കരന്‍ മാസ്റ്റര്‍. പുലരികള്‍ക്കും ഇലത്തുമ്പുകള്‍ക്കും പൂവിതളുകള്‍ക്കും മീതെ ഇളംകാറ്റ്‌ ഒരു തിരയായ്‌ വന്നു പതിയിരിക്കുന്നതുപോലെ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ വരികള്‍ നമ്മുടെ മനസ്സില്‍ വന്നുതൊടുന്നു. കുങ്കുമച്ചാര്‍ത്തണിഞ്ഞു വരുന്ന പുലര്‍കാലവും മലര്‍പ്പൊയ്‌കയില്‍ നീന്തിക്കുളിക്കുന്ന പൂക്കളും ഒരുമണിക്കിനാവിന്റെ മഞ്ചലും, ഇന്നലെയുടെ സുന്ദരസ്വപ്‌നരാഗമായും താരക്കുമ്പിളില്‍ മധുനിറച്ചും ,പാമരനാം ആട്ടിടയന്റെ കിന്നരിപ്പായും പ്രകാശം ചൊരിയുന്നു.
കവി, ഗാനരചയിതാവ്‌, സംവിധായകന്‍, തിരക്കഥാകൃത്ത്‌, നടന്‍ തുടങ്ങി വിവിധതലങ്ങളിലൂടെ മലയാളിയുടെ നഭസ്സിലും മനസ്സിലും മാസ്റ്റര്‍ നിറഞ്ഞുനില്‍ക്കുന്നു. 1954-ല്‍ രാമുകാര്യാട്ടിനൊപ്പം നീലക്കുയില്‍ സംവിധാനം ചെയ്‌തുകൊണ്ടാണ്‌ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ സിനിമാരംഗത്തേക്ക്‌ വരുന്നത്‌. ഇന്ത്യന്‍ പ്രസിഡണ്ടിന്റെ മെരിറ്റ്‌ സര്‍ട്ടിഫിക്കറ്റും മികച്ച പ്രാദേശിക ചിത്രത്തിനുള്ള വെള്ളി മെഡലും നേടി. പിന്നീട്‌ അദ്ദേഹത്തിന്റെ ഇരുട്ടിന്റെ ആത്മാവ്‌ എന്ന സിനിമയും ദേശീയതലത്തില്‍ ശ്രദ്ധനേടി. ആദ്യകിരണങ്ങള്‍, തുറക്കാത്ത വാതില്‍, ജഗത്‌ഗുരു ആദിശങ്കരന്‍, കാട്ടുകുരങ്ങ്‌, കള്ളിച്ചെല്ലമ്മ, മൂലധനം, ഉമ്മാച്ചു, കുരുക്ഷേത്രം തുടങ്ങിയ ചിത്രങ്ങള്‍ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ സംവിധാന ശൈലിയുടെ സവിശേഷത പ്രതിഫലിപ്പിക്കുന്നു. തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നതിലുപരി മികച്ച ഗാനങ്ങളും ഒരുക്കി മലയാളസിനിമയെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുകയായിരുന്നു മാസ്റ്റര്‍. നാലായിരത്തോളും ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌. നാഴിയുരിപ്പാല്‌, നവകാഹളം, ദേശീയ ഗാനങ്ങള്‍, കരവാള്‍, സ്വപ്‌നസീമ, വില്ലാളി, മര്‍ദ്ദിതന്‍, ഒറ്റക്കമ്പിയുള്ള തംബുരു, വയലാര്‍ ഗര്‍ജ്ജിക്കുന്നു, പാടുന്ന മണ്‍തരികള്‍ തെരഞ്ഞെടുത്ത കവിതകള്‍, ഞാറ്റുവേലപ്പൂക്കള്‍, കാടാറുമാസം എന്നിങ്ങനെ നിരവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്‌
ഒരു കാലഘട്ടത്തെ വിപ്‌ളവത്തിന്റെ വഴികളിലൂടെ നടത്തിച്ച എഴുത്തുകാരനായിരുന്നു പി. ഭാസ്‌ക്കരന്‍ മാസ്റ്റര്‍. മലയാള.സിനിമയിലെ അഭിനയചക്രവര്‍ത്തിയായ സത്യനെ നീലക്കുയില്‍(1954) എന്ന ചിത്രത്തിലൂടെ ഭാസ്‌ക്കരന്‍ മാസ്റ്ററും രാമുകാര്യാട്ടും ചേര്‍ന്നാണ്‌ വെള്ളിത്തിരയിലെത്തിച്ചത്‌. മലയാളത്തില്‍ റിയലിസ്റ്റിക്‌ ശൈലിക്ക്‌ തുടക്കം കുറിച്ച ചിത്രമെന്ന ഖ്യാതിയും നീലക്കുയിലിനുണ്ട്‌. 1955-ല്‍ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ `രാരിച്ചന്‍ എന്ന പൗരന്‍' സംവിധാനം ചെയ്‌തു. സാധാരണക്കാരന്റെ സന്തോഷവും വേദനയും പങ്കുവെയ്‌ക്കുന്ന പ്രമേയങ്ങളോടാണ്‌ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ക്ക്‌ താല്‍പര്യം. സെന്‍സറിംഗ്‌ പ്രശ്‌നം കാരണം രാരിച്ചന്‍ എന്ന പൗരന്‌ കേന്ദ്ര അവാര്‍ഡിന്‌ മത്സരിക്കാന്‍ സാധിച്ചില്ല. നായരുപിടിച്ച പുലിവാല്‌ എന്ന സിനിമയാണ്‌ വാണിജ്യരംഗത്ത്‌ പി.ഭാസ്‌ക്കരന്‍ എന്ന സംവിധായകനെ ശ്രദ്ധേയനാക്കിയത്‌.

1963-ല്‍ വീണ്ടും അദ്ദേഹം സംവിധാനരംഗത്തേക്ക്‌ വന്നു. ലൈലാമജ്‌നു, ഭാഗ്യജാതകം എന്നീ സിനിമകള്‍. ലൈലാമജ്‌നുവിലെ ഗാനരചനയും ഭാസ്‌ക്കരന്‍ മാസ്റ്റര്‍ തന്നെയായിരുന്നു നിര്‍വ്വഹിച്ചത്‌. ഈ ചിത്രത്തിലെ പാട്ടുകള്‍ അദ്ദേഹത്തിന്‌ ഏറെ പ്രശസ്‌തിനേടിക്കൊടുത്തു..
സാമൂഹികമാറ്റങ്ങളോടും കാലഘട്ടത്തോടും പ്രതികരിച്ചു കൊണ്ടാണ്‌ പി. ഭാസ്‌ക്കരന്‍ മാസ്റ്ററും സാഹിത്യത്തിലേക്ക്‌്‌ പ്രവേശിച്ചത്‌. നവോത്ഥാനാശയങ്ങളുടെ തുടര്‍പ്രവര്‍ത്തനമായിട്ടാണ്‌ ആധുനിക കേരളവും ജനാധിപത്യവും നിലവില്‍ വന്നത്‌. അതോടൊപ്പം സാക്ഷരരായ ഒരു മധ്യവര്‍ഗം രൂപപ്പെട്ടു. ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയും നാടുവാഴിത്തിനെതിരെയും പോരാടിയവരുടെ പക്ഷം ചേര്‍ന്നുകൊണ്ടാണ്‌ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ കവിതകള്‍ എഴുതിയത്‌. അവ അയത്‌നലളിതമായി ആസ്വാദകഹൃദയങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നു.
കേരളീയ പ്രമേയങ്ങള്‍ നമ്മുടെ ചലച്ചിത്രഗാനങ്ങളിലേക്ക്‌ കൊണ്ടുവരികയും മലയാളിയുടെ വികാരനിര്‍ഭരമായ ദൃശ്യസന്ദര്‍ഭങ്ങളെ നിറംപിടിക്കുകയുമായിരുന്നു ഭാസ്‌ക്കരന്‍ മാസ്റ്ററുടെ പാട്ടുകള്‍. സാഹിത്യത്തിലും സംഗീതത്തിലും അഗാധമായ അവബോധവും ലോകവിജ്ഞാനവും ധര്‍മ്മാനര്‍മ്മബോധവും ചുറ്റുപാടുകളെപ്പറ്റിയുള്ള വിപുലമായ പരിജ്ഞാനവും അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ നിറഞ്ഞു.`ഇന്നലെ നീയൊരു സുന്ദരഗാനമായെന്‍, പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു...'.
കവിത്വസിദ്ധി പരിലസിക്കുന്നതാണ്‌ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ഗാനങ്ങള്‍. ഉദാഹരണത്തിന്‌-
`കരയുന്നോ പുഴ, ചിരിക്കുന്നോ,
കണ്ണീരുമൊലിപ്പിച്ച്‌ കൈവഴികള്‍ പിരിയുമ്പോള്‍, കരയുന്നോ പുഴ ചിരിക്കുന്നോ?
***
സ്വപ്‌നങ്ങളൊക്കെയും പങ്കുവെയ്‌ക്കാം
ദു:ഖഭാരങ്ങളും പങ്കുവയ്‌ക്കാം
ആശതന്‍ തേനും നിരാശതന്‍ കണ്ണീരും
ആത്മദാഹങ്ങളും പങ്കുവയ്‌ക്കാം...
***
മഞ്ഞണിപ്പൂനിലാവ്‌ പേരാറ്റിന്‍ കരയിങ്കല്‍
മഞ്ഞളരച്ചുവെച്ച്‌ നീരാടുമ്പോള്‍....
***
ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍....
എന്നിങ്ങനെ ഭാസ്‌ക്കരന്‍ മാസ്റ്റുടെ പാട്ടുകള്‍ നമ്മുടെ ഹൃദയത്തില്‍ നിറയുന്നു. പ്രണയഗാനങ്ങളുടെ നിറച്ചാര്‍ത്ത്‌ അനുഭവിപ്പിക്കുന്നതിലും ഭാസ്‌ക്കരന്‍ മാസ്റ്റര്‍ മലയാളത്തില്‍ വേറിട്ടൊരു വിതാനം ഒരുക്കിയിട്ടുണ്ട്‌.
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി
മധുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ,
നീ മാത്രം വന്നില്ലല്ലോ....പ്രേമചകോരീ...
പ്രേമചകോരീ...
***
ഒരു പുഷ്‌പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍....
***
കരിമുകില്‍ കാട്ടിലെ
രജനിതന്‍ വീട്ടിലെ...
***
നിദ്രതന്‍ നീരാഴി നീന്തിക്കടക്കുവാന്‍
സ്വപ്‌നത്തിന്‍ കളിയോടം കിട്ടീ... ഇങ്ങനെ ജീവിതത്തിന്റെ വരള്‍ച്ചയിക്കിടയില്‍ കിനിഞ്ഞിറങ്ങുന്ന തെളിനീരാണ്‌ ഭാസ്‌ക്കരന്‍ മാസ്റ്ററുടെ ഗാനങ്ങള്‍. കോഴിക്കോട്‌ അബ്‌ദള്‍ഖാദറിന്റെ നെല്ലിക്കാമണമുള്ള ശബ്‌ദത്തിലൂടെ `എങ്ങനെ നീ മറക്കും കുയിലെ...'(നീലക്കുയില്‍)ആസ്വാദകരുടെ മനം കുളിര്‍പ്പിക്കുകയാണ്‌ ഇപ്പോഴും.

മലയാളകവിതയുടെയും ചലച്ചിത്രഗാനത്തിന്റെയും മേഖലയില്‍ നിറഞ്ഞുനിന്ന ഭാസ്‌ക്കരന്‍ മാസ്റ്റര്‍ നാല്‍പത്തിയഞ്ച്‌ സിനിമകള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. പന്ത്രണ്ട്‌ ചിത്രത്തിന്‌ തിരക്കഥയെഴുതി. ഭാസ്‌ക്കരന്‍ മാസ്റ്ററുടെ സ്‌മരണ ഓരോ മലയാളിയുടെ മനസ്സിലും തിരയടിക്കുന്നു-`നീ മറഞ്ഞാലും തിരയടിക്കും നീലക്കുയിലെ നിന്‍
ഗാനമെങ്ങും...

Thursday, January 13, 2011

വിന്റര്‍ മെമ്മറീസ്

കവിതയുടെ വിസ്‌മയകരങ്ങളായ ഋതുഭേദങ്ങള്‍ കെ.വി. അബ്‌ദുല്ലയുടെ `വിന്റര്‍ മെമ്മറീസ്‌' എന്ന ഇംഗ്ലീഷ്‌ കാവ്യസമാഹാരത്തിലുണ്ട്‌. ഇടത്തക്കാരുടെ ജീവിതത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ അനുഭവങ്ങളാണ്‌ ഈ കവിതകളില്‍ അടയാളപ്പെടുന്നത്‌. ഓരോ ഋതുവിലും പ്രകൃതി അണിഞ്ഞൊരുങ്ങുന്നു. വര്‍ഷമായും വേനലായും മഞ്ഞായും മാറുന്നു. ഇങ്ങനെ മാറിമാറി കൗതുകമായിത്തീരുന്നു. പ്രകൃതിയെ മനസ്സില്‍ ചേര്‍ത്തുപിടിക്കുകയാണ്‌ ഈ കവി. ഓര്‍മ്മകളുടെ വെള്ളിനൂല്‍ക്കൊണ്ട്‌ കാലഭേദങ്ങളെ തുന്നിച്ചേര്‍ക്കുകയാണ്‌ കെ.വി. അബ്‌ദുല്ല. കാലത്തെ നോക്കി സ്‌തബ്‌ധനാവുന്ന എഴുത്തുകാരന്റെ ശബളിതമായ ഓര്‍മ്മകളുടെ കിലുക്കം ഈ പുസ്‌തകത്തിലുണ്ട്‌.കാലത്തിന്റെയും സ്ഥലത്തിന്റെയും വ്യക്തിയുടെയും സൂക്ഷ്‌മാംശങ്ങള്‍പോലും കെ.വി. അബ്‌ദുല്ലയുടെ ഓര്‍മ്മ പെയ്‌ത്തിലുണ്ട്‌.
ദ മെലഡി ഓഫ്‌ റെയ്‌ന്‍, ഡോണ്‍ ഡ്യൂ, ദ ഫ്‌ളവര്‍ ഓഫ്‌ ദ എമിറേറ്റ്‌സ്‌, യെസ്റ്റര്‍ഡേ ആന്റ്‌ ടുഡേ, മോറല്‍സ്‌, വിന്റര്‍ മെമ്മറീസ്‌, ദ ഗസ്റ്റ്‌, ദഹോസ്റ്റ്‌, ദഗോസ്റ്റ തുടങ്ങിയ കവിതകളിലൂടെ മനുഷ്യമനസ്സിന്റെ സൗന്ദര്യാത്മകത ഉയര്‍ത്തിപ്പിടിക്കുന്നു. മനുഷ്യന്റെ വിപരീത ദിശയിലുള്ള ചിത്രവും ഈ കവിതകളിലുണ്ട്‌.

കാല്‍പനികഛായയാണ്‌ കെ.വി. അബ്‌ദുല്ലയുടെ രചനകളുടെ പരിസരം. വ്യത്യസ്‌തമായ ആഘാതങ്ങള്‍ കൊണ്ട്‌ മലീമസമായ അന്തരീക്ഷം ഈ കവിതകളില്‍ നിറയുന്നു.
മനുഷ്യബന്ധങ്ങളിലെ വിധ്വംസകത്ത്വത്തെ കടുത്ത പരിഹാസച്ചിരിയോടെ നോക്കിക്കാണുന്ന കവിതയാണ്‌ ദ ഗോസ്റ്റ്‌. ആസൂത്രിതമായ ചുവടുവയ്‌പ്പുകളും തന്ത്രശാലിത്വവും `വിന്റര്‍ മെമ്മറീസി'ലുണ്ട.്‌ കവിതയെക്കുറിച്ചുള്ള കാല്‍പനിക മധുരമായ മുന്‍ധാരണകളില്‍ ബോധപൂര്‍വ്വം വരുത്തുന്ന വ്യതിയാനമാണ്‌ അബ്‌ദുല്ല അനുഭവപ്പെടുത്തുന്നത്‌.
സൂക്ഷ്‌മമായ സാമൂഹികബോധവും മൂല്യ സംബന്ധിയായ ഉല്‍ക്കണ്‌ഠകളും അലോസരപ്പെടുത്തുന്ന ഒരു എഴുത്തുകാരനെയാണ്‌ `വിന്റര്‍ മെമ്മറീസി'ല്‍ കാണാനാവുന്നത്‌. പക്ഷേ, ആഴമുള്ള ജീവിതാവസ്ഥകളെയും പ്രകൃതിപാഠങ്ങളെയും രേഖപ്പെടുത്തുന്നതോടൊപ്പം തന്നെ, ഉപരിപ്ലവമായ വര്‍ണഭംഗികളിലേക്ക്‌ മുഖംതിരിക്കുന്ന കാഴ്‌ചയും ഈ കൃതിയിലുണ്ട്‌.

സാധാരണതകളില്‍ നിന്നും അസാധാരണതകള്‍ കണ്ടെടുക്കുന്ന രചനാശൈലിയുടെ സൗന്ദര്യം വിന്റര്‍ മെമ്മറീസില്‍ അനുഭവപ്പെടുത്തുന്നു.

കെ.വി. അബ്‌ദുല്ല
മാരാത്ത്‌ പബ്ലിക്കേഷന്‍സ്‌, കടലുണ്ടി
വില- 100 രൂപ