Tuesday, March 24, 2009

സി. രാധാകൃഷ്‌ണന്റെ ക്യാമറക്കാഴ്‌ചകള്‍‍

‍സിനിമ സ്വത്വമുദ്രകളുടെ പാഠപുസ്‌തകമാണ്‌. അത്‌ നിവര്‍ത്തി നോക്കുമ്പോള്‍, ഓരോ കാലഘട്ടത്തിലും, ദേശത്തും സിനിമയെ പാകപ്പെടുത്തിയത്‌ വ്യത്യസ്‌ത സാംസ്‌കാരിക- രാഷ്‌ട്രീയ പരിസ്ഥിതികളാണെന്ന്‌ കാണാം. എഴുപതുകളില്‍ മലയാളസിനിമയില്‍ രൂപപ്പെട്ട നവതരംഗത്തിന്റെ അടിസ്ഥാനധാരയും മറ്റൊന്നല്ല. പാശ്ചാത്യ ചലച്ചിത്ര കൃതികളും സമീപനങ്ങളും മലയാളത്തിന്റെ തിരഭാഷയിലുണ്ടാക്കിയ മാറ്റത്തിന്റെ പ്രതിഫലനമായിരുന്നു ന്യൂസ്‌ പേപ്പര്‍ബോയ്‌, ഓളവും തീരവും, സ്വയംവരം, ഉത്തരായണം, കബനിനദി ചുവന്നപ്പോള്‍, സ്വപ്‌നാടനം, അതിഥി തുടങ്ങിയ ചിത്രങ്ങള്‍. ജീവിതത്തിന്റെ താളഭംഗവും മൃദുലഭാവങ്ങളും അതിജീവനത്തിന്റെ കുതിപ്പും സ്വത്വാവബോധത്തിന്റെ തീക്ഷ്‌ണതയും ഉള്‍ക്കൊള്ളുന്ന ചലച്ചിത്ര സംസ്‌കൃതി മലയാളത്തിലും തളിര്‍ത്തു. സിനിമയുടെ പ്രമേയ സ്വീകരണത്തിലും ആവിഷ്‌കരണത്തിലും നിലനിന്ന പരമ്പരാഗത രീതിയെ വെല്ലുവിളിച്ചവരുടെ നിരയിലാണ്‌ എഴുത്തുകാരനായ സി. രാധാകൃഷ്‌ണന്‍ ഇടം കണ്ടെത്തിയത്‌. പാരമ്പര്യവും കാലികവുമായ ജീവല്‍സന്ധികളിലേക്ക്‌ ക്യാമറ ഉറപ്പിച്ചു നിര്‍ത്തണമെന്ന്‌ സി. ആറിന്റെ ആദ്യകാല ചിത്രങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. എഴുപതിന്റെ ഉത്തരാര്‍ദ്ധത്തില്‍ രണ്ടു ധാരകളായിരുന്നു മലയാളത്തില്‍ സജീവസാന്നിദ്ധ്യമായത്‌. ജീവിതത്തിനു നേരെ ക്യാമറ പിടിക്കുന്നവരും, ജീവിതത്തിന്‌ പുറംതിരിഞ്ഞു നടക്കുന്നവരും കാഴ്‌ചയുടെ തലത്തില്‍ വേറിട്ടവഴികളിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരുന്നു. ഈ രണ്ടു ധാരകളോടും ഇണങ്ങിയും പിണങ്ങിയും നില്‍ക്കാന്‍ തയ്യാറായ സംവിധായകനാണ്‌ രാധാകൃഷ്‌ണന്‍.

അക്ഷരത്തില്‍ അഗ്നി കടഞ്ഞെടുക്കുന്ന രാധാകൃഷ്‌ണന്‍ ചലച്ചിത്രകലയെ തന്റെ വരുതിയിലേക്ക്‌ വലിച്ചടുപ്പിക്കുകയായിരുന്നു. അറുപതുകളില്‍ മലയാളത്തിലെ എഴുത്തുകാര്‍ സിനിമയുമായി അടുത്ത ചങ്ങാത്തം പുലര്‍ത്തിയത്‌ സ്വന്തം കൃതികള്‍ക്ക്‌ തിരക്കഥകളൊരുക്കിയായിരുന്നു. സി. രാധാകൃഷ്‌ണനും ഇതേ വഴി തന്നെയാണ്‌ സ്വീകരിച്ചത്‌. പക്ഷേ, തന്റെ പഠന മേഖലയിലും ഔദ്യോഗികതലത്തിലും ചലച്ചിത്രവും അതിന്റെ സാങ്കേതികവശങ്ങളും രാധാകൃഷ്‌ണന്‌ അന്യമായിരുന്നില്ല. പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും പി. കെ. നായരുമായുള്ള പരിചയവും സി. ആറിന്റെ ചലച്ചിത്രവീക്ഷണത്തിന്‌ കരുത്തു പകര്‍ന്നു. ലോക ക്ലാസ്സിക്കുകളും സംവിധായകരും അനുഭവപ്പെടുത്തിയ ദൃശ്യസംസ്‌കൃതി സി. ആറിന്റെ തിരഭാഷാ സമീപനം വിപുലപ്പെടുത്തിക്കൊണ്ടിരുന്നു.

തന്റെ ആശയങ്ങളും ഉള്ളുരുക്കങ്ങളും ദൃശ്യപഥത്തിലേക്ക്‌ പകര്‍ത്തിയപ്പോള്‍ പ്രതിലോമപരമായ ചിന്താഗതികളേയും സംസ്‌കാരത്തേയും പ്രതിരോധിക്കാന്‍ രാധാകൃഷ്‌ണന്‌ സാധിച്ചത്‌ സിനിമയെ കുറിച്ചുള്ള ആഴക്കാഴ്‌ചകള്‍ തന്നെയാണ്‌.ലോകസിനിമ മുന്നോട്ടുവയക്കുന്ന സൗന്ദര്യശാസ്‌ത്രവും പ്രത്യയശാസ്‌ത്രവും മലയാളിയുടെ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടുത്താന്‍ കഴിയുമെന്ന അന്വേഷണം സി. ആറിന്റെ തിരക്കഥകളിലും ചിത്രങ്ങളിലും പതിഞ്ഞുനില്‌പുണ്ട്‌. നടന്‍ മധുവിന്റെ പ്രേരണയും സഹകരണവുമാണ്‌ രാധാകൃഷ്‌ണന്റെ സിനിമാ പ്രവേശത്തിന്‌ സഹായകമായത്‌. `തേവടിശ്ശി' എന്ന തന്റെ നോവലിന്‌ തിരക്കഥയൊരുക്കിയാണ്‌ രാധാകൃഷ്‌ണന്‍ ചലച്ചിത്രലോകത്തേക്ക്‌ പ്രവേശിച്ചത്‌. മധു സംവിധാനം ചെയ്‌ത `പ്രിയ' എന്ന (1970) ചിത്രത്തിന്‌ ഒട്ടേറെ പുതുമകളുണ്ട്‌. മധുവിന്റെ സംവിധാനകലയും രാധാകൃഷ്‌ണന്റെ തിരക്കഥയും ചലച്ചിത്രഗാന രംഗത്ത്‌ ബാബുരാജ്‌, പി. ലീല, എസ്‌. ജാനകി, യൂസഫ്‌ അലി തുടങ്ങിയ പ്രഗല്‍ഭ നിരയും `പ്രിയ'യെ ശ്രദ്ധേയമാക്കി. പിന്നീട്‌ തുലാവര്‍ഷം, പിന്‍നിലാവ്‌, പാല്‍ക്കടല്‍, അവിടുത്തെപോലെ ഇവിടെയും തുടങ്ങിയ സിനിമകള്‍ക്ക്‌ തിരക്കഥ രചിച്ചത്‌ രാധാകൃഷ്‌ണനായിരുന്നു. അക്കാലത്ത്‌ മലയാളസിനിമയില്‍ വേറിട്ട പ്രതിഭകളായി നിറഞ്ഞുനിന്ന അഭിനേതാക്കളായിരുന്നു രാധാകൃഷ്‌ണന്റെ തിരഭാഷക്ക്‌ ജീവന്‍ നല്‍കിയത്‌.

തിരക്കഥാകാരനായി സിനിമാരംഗത്തെത്തിയ രാധാകൃഷ്‌ണന്‍ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം `അഗ്നി' (1978) ആണ്‌. അഗ്നി എന്ന തന്റെ നോവലാണ്‌ ഈ സിനിമയ്‌ക്ക്‌ ആധാരമാക്കിയത്‌. മുസ്‌ലിം സമുദായത്തിന്റെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രണയത്തിന്റെയും കണ്ണീരിന്റെയും മാനുഷികതയുടെയും നിറദീപ്‌തിയിലാണ്‌ സംവിധായകന്‍ ക്യാമറ ഉറപ്പിച്ചുനിര്‍ത്തിയത്‌. ഇറച്ചിവെട്ടുകാരനായ പിതാവിന്റെ ക്രൗര്യവും വേപഥും ബാലന്‍ കെ. നായരിലൂടെ ശക്തമായി വെള്ളിത്തിരയിലെത്തിക്കാന്‍ സി. ആറിന്റെ സംവിധാനശൈലിക്ക്‌ കഴിഞ്ഞു. ചലച്ചിത്രഗാന രചനയില്‍ ശകുന്തളാ രാജേന്ദ്രന്റെ സാന്നിദ്ധ്യവും `അഗ്നി'യില്‍ ശ്രദ്ധേയമാക്കി. നവീനഭാവുകത്വവും പുതിയ യാഥാര്‍ത്ഥ്യങ്ങളും ഇഴചേര്‍ത്ത്‌ രൂപപ്പെടുത്തിയ `അഗ്നി' എന്ന സിനിമയെ നമ്മുടെ നിരൂപകരും സിനിമയെ ഗൗരവപരമായി സമീപിക്കുന്നവരും വേണ്ടത്ര ഗൗനിച്ചില്ല. ആ ചിത്രത്തില്‍ പ്രയോജനപ്പെടുത്തിയ സംജ്ഞകളുടെ ഇഴപിരിക്കല്‍ ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ രാധാകൃഷ്‌ണന്റെ ജാഗരൂകത അടയാളപ്പെടുത്തുന്നുണ്ട്‌.

കനലെരിയുന്ന മനസ്സുകളും മുമ്പേപറക്കുന്ന പക്ഷികളും ശാസ്‌ത്രദീപ്‌തിയും കൊണ്ട്‌ ഭാവനയുടെ ആഴക്കടലും ആകാശവിതാനവും അനുഭവിപ്പിക്കുന്ന രാധാകൃഷ്‌ണന്‍ സിനിമകളിലും പുതുമയുടെ അന്വേഷണാത്മകതക്ക്‌ പ്രാധാന്യം നല്‍കി. സമകാലിക കേരളീയ പരിസരത്തിലേക്കാണ്‌ `കനലാട്ടം' എന്ന (1979) സിനിമയിലൂടെ ഈ സംവിധായകന്‍ പ്രേക്ഷകരെ നടത്തിച്ചത്‌. സ്‌ത്രീശാക്തീകരണവും സ്‌ത്രീപക്ഷ ചിന്തയുമാണ്‌ `കനലാട്ട'ത്തിന്റെ അന്തര്‍ധാര. വാര്യസ്യര്‍ കുട്ടിയുടെ ജീവിതഖണ്‌ഡത്തിലൂടെ, അവളുടെ ദു:ഖങ്ങളിലൂടെ സഞ്ചരിക്കുന്ന ക്യാമറ മനുഷ്യന്റെ ഉള്ളുരുക്കങ്ങളിലേക്കും വികാരവിചാരങ്ങളിലേക്കും ഇറങ്ങിനില്‍ക്കുന്നു. തന്റെ സ്വത്വം സമൂഹത്തിനു മുമ്പില്‍ വരച്ചുചേര്‍ക്കാനുള്ള ഒരു സ്‌ത്രീയുടെ തയ്യാറെടുപ്പുകളാണ്‌ 'കനലാട്ട'ത്തിന്റെ കടുത്ത ഫ്രെയിമുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌.

ജാത്യാചാരങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്തൊഴുകിയ പ്രണയം `കനലാട്ട'ത്തിലെ മുഖ്യവിഷയമാണ്‌. ഉയര്‍ന്ന ജാതിക്കാരിയായ നായികയുടെ അനുരാഗം ചെന്നുപതിച്ചത്‌ കീഴ്‌ജാതിക്കാരനായ യുവാവില്‍. അവരുടെ അനുരാഗനദിക്ക്‌ വിഘ്‌നം തീര്‍ത്തത്‌ ജാതിയും. യുവാവ്‌ നാട്ടുകാരാല്‍ കൊലച്ചെയ്യപ്പെടുന്നു. മൂകനായ ഏട്ടന്റെ ജീവിതവും തകര്‍ന്നതോടെ യുവതിയുടെ ജീവിതം സമൂഹത്തിന്റെ മുമ്പില്‍ ചോദ്യചിഹ്‌നമായി. ആ സ്‌ത്രീയുടെ കാഴ്‌ചകളിലൂടെയാണ്‌ `കനലാട്ട'ത്തിന്റെ ക്യാമറ ചലിക്കുന്നത്‌. സംഗീതത്തിലും പരിചരണത്തിലും കേരളീയത്തനിമ പുലര്‍ത്തിയ ചിത്രമാണ്‌ `കനലാട്ടം'. സാങ്കേതികമായി ഈ സിനിമയുടെ മറ്റൊരു സവിശേഷത ആറുദിവസം ഇരുപതു മണിക്കൂര്‍ വീതം ചിത്രീകരിച്ചാണ്‌ പൂര്‍ത്തിയാക്കിയത്‌.

കനലാട്ടത്തെ തുടര്‍ന്ന്‌ രാധാകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത സിനിമ `പുഷ്യരാഗ'മാണ്‌. മനുഷ്യബന്ധങ്ങളുടെ അടിയൊഴുക്കുകളും നീര്‍ച്ചോലകളും ഭംഗിയായി അവതരിപ്പിക്കുകയാണ്‌ ഈ ചിത്രത്തില്‍. ചേച്ചിയും അനുജത്തിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷങ്ങളും ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ ആവിഷ്‌ക്കരിക്കുകയാണ്‌ സംവിധായകന്‍. സാമൂഹികവും സാംസ്‌കാരികവുമായ ചില ധാരകള്‍ ഈ സിനിമയില്‍ കാത്തുസൂക്ഷിക്കാന്‍ രാധാകൃഷ്‌ണന്‌ സാധിച്ചു. മധു, ജയന്‍, കെ. പി. ഉമ്മര്‍, ശാരദ തുടങ്ങിയവര്‍ വേഷപ്പകര്‍ച്ച നടത്തിയ പുഷ്യരാഗം ഹൃദയനൊമ്പരങ്ങളുടെ ദൃശ്യാഖ്യാനമാണ്‌.

സി. രാധാകൃഷ്‌ണന്‍ എന്ന സംവിധായകന്റെ ചലച്ചിത്ര സമീക്ഷയാണ്‌ `ഒറ്റയടിപ്പാതകള്‍' എന്ന സിനിമ. 1998-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒരു എഴുത്തുകാരന്റെ അകംകാഴ്‌ചയുടെ ദീപ്‌തി പ്രസരിപ്പിച്ചു. ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും കണ്ടെടുത്ത വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ഒറ്റയടിപ്പാതകള്‍. രാധാകൃഷ്‌ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ സിനിമയും കുടുംബങ്ങളുടെയും വ്യക്തിമനസ്സുകളുടെയും വൈവിധ്യമാര്‍ന്ന ദൃശ്യപംക്തികളാണ്‌. റിട്ടേര്‍ഡ്‌ ജഡ്‌ജിയുടെ മകള്‍ സുന്ദരിയും സുശീലയുമാണ്‌. അവളുടെ അനുജന്‍ വൈകല്യംബാധിച്ച കുട്ടിയും. പ്രണയത്തിനുവേണ്ടി ജീവിതം നീക്കിവെച്ച മുറച്ചെറുക്കനും. കഥയുടെ കുഴമറിച്ചിലില്‍ മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി പിതാവ്‌ തന്നെ അനുജനെ കൊല്ലുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ മകള്‍ കാമുകനെയും തന്റെ പ്രണയത്തെയും ഉപേക്ഷിക്കുന്നു. അച്ഛനെ വെറുക്കുന്നു. നിറഞ്ഞ സ്‌നഹവും വറ്റിപ്പോകുന്ന സ്‌നേഹവും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ ഒറ്റയടിപ്പാതകളിലെ പ്രതിപാദ്യം. മാനസികാപഗ്രഥനത്തിന്‌ നിരവധി നീക്കിയിരിപ്പുകള്‍ നല്‍കുന്ന മലയാളസിനിമകളിലൊന്നാണ്‌ സി. രാധാകൃഷ്‌ണന്റെ `ഒറ്റയടിപ്പാതകള്‍'.സിനിമ ജീവിതത്തിന്റെ കണ്ണാടിയായി കാണാനാഗ്രഹിക്കുന്ന എഴുത്തുകാരനാണ്‌ സി. രാധാകൃഷ്‌ണനെന്ന്‌, അദ്ദേഹത്തിന്റെ ചിത്രലോകം പ്രതിഫലിപ്പിക്കുന്നു. വാക്കിന്റെ തിരമാലകള്‍ക്കുള്ളില്‍ തെളിയുന്ന വെളിച്ചവും മധുരിമയും സംഗീതവും മാനവീയതയും സാഹിത്യകൃതികളിലെന്നപോലെ ദൃശ്യപഥത്തിലും അനുഭവപ്പെടുത്താന്‍ രാധാകൃഷ്‌ണന്‌ സാധിക്കുന്നു. ചലച്ചിത്രകലയില്‍ തന്റേതായ ഒറ്റയടിപ്പാതയുടെ അമരത്തുനില്‍ക്കാന്‍ ഈ പ്രതിഭാശാലിക്ക്‌ കഴിയുന്നത്‌ മാധ്യമങ്ങളില്‍ നിവര്‍ത്തിക്കുന്ന ആത്മസമര്‍പ്പണത്തിന്റെ അഗ്നിസ്‌പര്‍ശം കൊണ്ടാണ്‌. അക്ഷരങ്ങളായി, ദൃശ്യാംശങ്ങളായി വഴിമാറുന്ന കലാത്മകഭൂമികയാണത്‌.

Tuesday, March 03, 2009

പ്രതിഭ-എത്രയും പറയാംതിരിച്ചെഴുത്ത്‌ റെഡി!

അക്ഷരമോ, അക്ഷരക്കൂട്ടങ്ങളോ മാത്രമല്ല, ഖണ്‌ഡികകളും പുസ്‌തകം മുഴുവനോ ആയാലും പെട്ടെന്ന്‌ അതിന്റെ തിരിച്ചെഴുത്ത്‌ റെഡിയാണ്‌. മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിലെ ഏത്‌ വാചകമായാലും കവിതകളായാലും പുസ്‌തകങ്ങളായാലും ആര്യ സുരേന്ദ്രന്‍ നിമിഷത്തിനുള്ളില്‍ തിരിച്ചെഴുതി കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കും. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ തിരിച്ചെഴുത്തില്‍ പുതിയ വേഗതയും അത്ഭുതവും സൃഷ്‌ടിക്കുന്ന ആര്യ വായനക്കാരുടെയും പറച്ചിലുകാരുടെയും സദസ്സുകളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്‌. പിന്നീട്‌ നിരവധി വേദികളിലും ആര്യ സുരേന്ദ്രന്‍ തിരിച്ചെഴുത്തിലെ കലാപാടവം അടയാളപ്പെടുത്തിയിട്ടുണ്ട്‌.

പ്രശസ്‌ത കഥാകാരി പ്രിയ എ. എസിന്റെ കഥയും അനില്‍പാച്ചൂരാന്റെ കവിതയും അവരെ വേദിയിലിരുത്തി വളരെ പെട്ടെന്ന്‌ ആര്യ തിരിച്ചെഴുതി. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന പുസ്‌തകത്തിന്റെ സുവര്‍ണ്ണ ജൂബിലിയാഘോഷ ചടങ്ങില്‍ കവിയുടെ സാന്നിധ്യത്തില്‍ കൃതി തിരിച്ചെഴുതി അദ്ദേഹത്തിന്റെ അനുഗ്രഹം നേടി. ഇങ്ങനെ പൊതുവേദികളിലും സ്‌കൂള്‍ തലത്തിലും ധാരാളം മത്സരങ്ങളിലും മറ്റും പങ്കെടുത്ത്‌ ആര്യ ഈ രംഗത്ത്‌ തന്റെ കഴിവ്‌ വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.

തിരിച്ചെഴുത്തിന്റെ തുടക്കത്തെക്കുറിച്ച്‌ ആര്യ സുരേന്ദ്രന്‍ പറഞ്ഞു: ``ഒരു ദിവസം വെറുതെ അക്ഷരങ്ങള്‍ തിരിച്ചെഴുതാന്‍ ശ്രമിച്ചപ്പോള്‍ അനായാസമായി തോന്നി. പിന്നീട്‌ എന്തും തിരിച്ചെഴുതാമെന്ന്‌ മനസ്സിലായി.'' ആര്യയുടെ അഭിരുചിയും പ്രാവീണ്യവും ആദ്യം തിരിച്ചറിഞ്ഞത്‌ അമ്മ മോളിയാണ്‌. ജോലി ആവശ്യാര്‍ത്ഥം കുടുംബം കാസര്‍കോട്ട്‌ താമസിക്കുമ്പോഴാണ്‌ ആര്യ കന്നഡ പഠിച്ചത്‌. പിന്നീട്‌ കന്നഡയിലെ ഖണ്‌ഡികകളും മറ്റും നിമിഷം കൊണ്ട്‌ തിരിച്ചെഴുതി ശീലിച്ചു. അക്ഷരങ്ങളും അക്കങ്ങളും ആര്യ തിരിച്ചെഴുതും.ആര്യ ഇപ്പോള്‍ കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌. തിരിച്ചെഴുത്തിന്‌ പുറമെ ക്യൂബുകള്‍ വിവിധ രീതിയില്‍ ക്രമീകരിക്കല്‍, ചിത്രരചന, സംഗീതം എന്നിവയും ആര്യയുടെ ഇഷ്‌ട മേഖലയാണ്‌. ചേച്ചി ആതിരയുടെ സംഗീത പഠനം കേട്ടുപഠിച്ച ആര്യ ശാസ്‌ത്രീയസംഗീതത്തില്‍ ഉപജില്ലാ തലത്തില്‍ സമ്മാനം നേടിയിട്ടുണ്ട്‌. ചുമരില്‍ തൂക്കിയ കലണ്ടറിന്റെ പ്രതിരൂപം കണ്ണാടിയില്‍ കണ്ടപ്പോള്‍ തോന്നിയ കുസൃതിയാണ്‌ ആര്യയെ തിരിച്ചെഴുത്തിന്‌ പ്രചോദനമായത്‌. നിലത്ത്‌ ചോക്ക്‌ ഉപയോഗിച്ചായിരുന്നു ആദ്യകാലത്ത്‌ എഴുത്ത്‌. സഹപാഠികള്‍ക്ക്‌ മുന്‍പില്‍ ഇത്‌ അവതരിപ്പിച്ചു. പിന്നീട്‌ കടലാസിലേക്ക്‌ മാറ്റി. ചിത്രകഥകളൊക്കെ നിലത്ത്‌ തിരിച്ചെഴുതി അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശംസ നേടിയതോടെ മാതാപിതാക്കളും ആര്യയുടെ കഴിവ്‌ ശ്രദ്ധിക്കാന്‍ തുടങ്ങി.

സാധാരണ എഴുത്തിന്റെ വേഗതയില്‍ തന്നെ തിരിച്ചെഴുതാനും ആര്യക്കു സാധിക്കുന്നു.കണ്ണൂര്‍ ചാലാട്‌ സ്വദേശിയാണ്‌ ആര്യ. കണ്ണൂര്‍ പി. എസ്‌. സി. ഓഫീസിലെ സെക്‌ഷന്‍ ഓഫീസര്‍ വി. വി. സുരേന്ദ്രന്റെയും സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസില്‍ ക്ലാര്‍ക്ക്‌ പി. മോളിയുടെയും ഇളയമകളാണ്‌ ആര്യ. സഹോദരി ആതിര മമ്പറം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയാണ്‌.

Monday, March 02, 2009

നാല്‌ പെണ്ണുങ്ങള്‍ക്യാമറയിലൂടെജീവിതം കാണുമ്പോള്‍

കേരളത്തിന്റെ പതിമ്മൂന്നാമത്‌ രാജ്യാന്തര ചലച്ചിത്രമേള സ്‌ത്രീ പ്രതിഭകളുടെ സംഗമവേദിയായിരുന്നു. ചിത്രനിര്‍മ്മിതിയുടെ മുന്നിലും പിന്നിലും നിറഞ്ഞുനിന്ന സ്‌ത്രീ സാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായ നിരവധി സിനിമകളുണ്ടായിരുന്നു. സ്‌ത്രീകളുടെ സര്‍ഗാത്മകതയുടെ മുന്നേറ്റമായിരുന്നു ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ പതിമ്മൂന്നാമത്‌ രാജ്യാന്തര ചലച്ചിത്ര വേദി. ജൂറികളില്‍ അഞ്ചില്‍ നാലുപേരും സ്‌ത്രീകളായിരുന്നു. രാജ്യാന്തര മേളകളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയവരും പ്രസിദ്ധ സംവിധായികമാരുമാണ്‌ ജൂറിയിലുണ്ടായിരുന്നത്‌. പല പുരസ്‌കാരങ്ങളുടെയും നിര്‍ണ്ണയ സമിതിയിലും സ്‌ത്രീകളുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സവിശേഷതകള്‍ കൂടാതെ മേളയില്‍ പ്രധാന പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങളും സംവിധാനം ചെയ്‌തത്‌ സ്‌ത്രീകളായിരുന്നു. രാജ്യാന്തരതലത്തില്‍ ചലച്ചിത്രകലയില്‍ സ്‌ത്രീകളുടെ പങ്കും പ്രതിഭാ വിന്യാസവും വര്‍ദ്ധിച്ചുവരുന്നു. ക്യാമറയുടെ മുന്നിലും പിന്നിലും സ്‌ത്രീകള്‍ മുഖ്യപങ്കുവഹിക്കുമ്പോള്‍ വരുന്ന മാറ്റവും കലാത്മകതയും വ്യക്തമാക്കുന്ന ധാരാളം സിനിമകളും പതിമ്മൂന്നാമത്‌ മേളയുടെ തിരശ്ശീലയിലെത്തി. പന്ത്രണ്ടാമത്‌ മേളയുടെ ഉദ്‌ഘാടന ചിത്രം പത്തൊമ്പത്‌ വയസ്സുകാരി ഹന്ന മക്‌മല്‍ ബഫിന്റെ ബുദ്ധ കൊളാപ്‌സ്‌ഡ്‌ ഔട്ട്‌ ഓഫ്‌ ഷെയിം ആയിരുന്നു. ഇറാനിലെ പ്രശസ്‌ത സിനിമാ കുടുംബത്തിലെ ഇളയകുട്ടിയാണ്‌ ഹന്ന. ജീവിതത്തിലെ ഏത്‌ വിഷയവും കരുത്തുറ്റ രീതിയില്‍ ആവിഷ്‌കരിക്കാനും കഥ പറയാനും സ്‌ത്രീകള്‍ക്ക്‌ കഴിയുമെന്ന്‌ ഈ പത്തൊമ്പതുകാരി തന്റെ ആദ്യ ഫീച്ചര്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക്‌ ബോദ്ധ്യപ്പെടുത്തി. തീവ്രവാദവും അധിനിവേശവും വിതക്കുന്ന വിപത്തുകള്‍ കാഴ്‌ചക്കാരുടെ മനസ്സുകളില്‍ പുതിയ അവബോധം സൃഷ്‌ടിക്കാന്‍ പാകത്തില്‍ ഹന്നയ്‌ക്ക്‌ ബുദ്ധ ഔട്ട്‌ ഓഫ്‌ ഷെയിമിലൂടെ കഴിഞ്ഞിട്ടുണ്ട്‌. സര്‍ഗാത്മകതയില്‍ പെണ്‍പെരുമ എത്രമാത്രം മുന്നിട്ടുനില്‍ക്കുന്നു എന്നതിന്‌ മികച്ച ഉദാഹരണമാണ്‌ മരിന റോണ്ടന്‍, സമീറ മക്‌മല്‍ ബഫ്‌, നന്ദിതാ ദാസ്‌, അഞ്‌ജലി മേനോന്‍ തുടങ്ങിയവര്‍. ഇവരെല്ലാം അവരവരുടെ ചിത്രങ്ങളിലൂടെ നടത്തിയ സാമൂഹിക ഇടപെടലിലൂടെയും സര്‍ഗസാന്നിദ്ധ്യത്താലും അനന്തപുരിയില്‍ കലാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. മരിന റോണ്ടനും അഞ്‌ജലി മേനോനും നന്ദിതാദാസും പുരസ്‌കാരങ്ങളും നേടി.വെനിസ്വലേനിയന്‍ സംവിധായിക മരിന റോണ്ടന്‍ രാജ്യാന്തരതലത്തില്‍ ചലച്ചിത്രപ്രേമികളുടെ പ്രശംസ നേടിയ പ്രതിഭയാണ്‌. സിനിമയിലും ടെലിവിഷനിലും ഒരുപോലെ പ്രശസ്‌തി കൈവരിക്കാന്‍ മരിനയ്‌ക്ക്‌ ഇതിനകം കഴിഞ്ഞിട്ടുണ്ട്‌.

തിരക്കഥാരചനയും സംവിധാനവും കൂടാതെ നിര്‍മ്മാതാവുമാണ്‌ മരിന റോണ്ടന്‍. സംവിധാനകലയില്‍ മരിനയ്‌ക്കുള്ള പാടവം പ്രതിഫലിപ്പിക്കുന്ന ചിത്രമാണ്‌ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പോസ്റ്റ്‌ കാര്‍ഡ്‌സ്‌ ഫ്രം ലെനിന്‍ഗാഡ്‌. കേരളത്തിന്റെ രാജ്യാന്തരമേളയില്‍ ഏറ്റവും മികച്ച സംവിധായികയ്‌ക്കുള്ള ഫിപ്രസി പുരസ്‌കാരം മരിന റോണ്ടനാണ്‌ കരസ്ഥമാക്കിയത്‌. വെനിസ്വലേയിലെ വിപ്‌ളവകാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ സിനിമയില്‍ പെണ്‍ജീവിതത്തിന്റെ വേദനപ്പാടുകളും ജീവിതപ്രതിസന്ധിയുമാണ്‌ അവതരിപ്പിക്കുന്നത്‌. വിപ്‌ളവകാരികള്‍ക്ക്‌ ജനിക്കുന്ന ഒരു പെണ്‍കുഞ്ഞിന്റെ കണ്ണിലൂടെ വെനിസ്വലേയുടെ ഒളിപ്പോരാളികളുടെ സാഹസികതയും ആത്മവീര്യവുമാണ്‌ ഈ ചിത്രത്തില്‍ മരിന ആവിഷ്‌കരിച്ചത്‌. സൂക്ഷ്‌മതയോടെ ചിട്ടപ്പെടുത്തിയ സിനിമയുടെ ഓരോ ഫ്രെയിമും പ്രേക്ഷകരെ കീഴ്‌പ്പെടുത്തുന്നു. ക്യാമറ കൊണ്ട്‌ മനുഷ്യജീവിതമെഴുതുകയാണ്‌ ഈ സംവിധായിക. അല മെഡിനോചി യ മീഡിയ, ലോ ഗൂസീ ഹെറിഡനോ സീ ഹര്‍ട്ട (ടിവി-ചിത്രം) തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്‌ മരിന റോണ്ടനാണ്‌. ലോക ചലച്ചിത്ര വേദികളില്‍ ശ്രദ്ധേയ വെനിസ്വലേനിയന്‍ സാന്നിദ്ധ്യമാണ്‌ ഇപ്പോള്‍ മരിന റോണ്ടന്‍.

പ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ മുഹ്‌സിന്‍ മക്‌മല്‍ ബഫിന്റെ മകളാണ്‌ സമീറ മക്‌മല്‍ ബഫ്‌. നൂറുകണക്കിന്‌ രാജ്യാന്തര ഫിലിം ഫെസ്റ്റ്‌വെലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ദ ആപ്പില്‍ എന്ന ചിത്രത്തിലൂടെ ലോകസിനിമയില്‍ മാറ്റത്തിന്റെ തരംഗം സൃഷ്‌ടിച്ചാണ്‌ സമീറ മുന്നേറിയത്‌. ഇറാനിലെ സാമൂഹിക ജീവിതത്തില്‍, പ്രത്യേകിച്ച്‌ സ്‌ത്രീകള്‍ നേരിടുന്ന പ്രതിബന്ധങ്ങളാണ്‌ സമീറ തന്റെ ചിത്രങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധയില്‍ ചേര്‍ത്തുപിടിക്കുന്നത്‌. സിനിമ ഇടപെടലിന്റെ കലയായി കാണുന്ന സമീറ ചെയ്‌ത ചിത്രങ്ങളെല്ലാം ഒന്നിനൊന്ന്‌ വ്യത്യസ്‌തമാണ്‌. ബ്‌ളാക്ക്‌ ബോര്‍ഡ്‌, അറ്റ്‌ ഫൈവ്‌ ഇന്‍ ദ ആഫ്‌റ്റര്‍നൂണ്‍, ടൂ ലഗ്‌ഡ്‌ ഹോസസ്‌, ഗോഡ്‌ കണ്‍സ്‌ട്രക്‌ഷന്‍ ആന്റ്‌ ഡിസ്‌ട്രക്‌ഷന്‍, സപ്‌തംബര്‍ പതിനൊന്ന്‌ മുതലായ സിനിമകള്‍ സമീറക്ക്‌ സ്വന്തം നാട്ടില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. എങ്കിലും ഒരു കലാകാരി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ സദാ ജാഗരൂകയാണ്‌ സമീറ മക്‌മല്‍ ബഫ്‌. കേരളത്തിന്റെ പതിമ്മൂന്നാമത്‌ രാജ്യാന്തരമേളയില്‍ ജൂറിമാരിലൊരാളായിരുന്നു സമീറ.1998-ല്‍ ലണ്ടന്‍ ഫെസ്റ്റില്‍ സുതര്‍ലാന്റ്‌ ട്രോഫി, സ്വിറ്റ്‌സര്‍ലാന്റില്‍ ഇന്റര്‍നാഷണല്‍ ക്രിട്ടിക്‌സ്‌ പ്രൈസ്‌, ഗ്രീസില്‍ തസ്ലോണിക്ക ഫെസ്റ്റില്‍ സ്‌പെഷ്യല്‍ പുരസ്‌കാരം, 1999-ല്‍ അര്‍ജന്റീന ഇന്റിപെന്റര്‍ സിനിമ സ്‌പെഷ്യല്‍ അവാര്‍ഡ്‌, ക്രിട്ടിക്‌സ്‌ പ്രൈസ്‌, ഓഡിയന്‍സ്‌ പ്രൈസ്‌, 2000-ല്‍ കാനില്‍ ജൂറി സ്‌പെഷ്യല്‍ അവാര്‍ഡ്‌, യുനസ്‌കോയുടെ ഫെഡറിക്കോ ഫെല്ലനി മെഡല്‍, ഗിഫോണി ഫെസ്റ്റില്‍ ഗിഫോണി മേയര്‍ പ്രൈസ്‌, ഫ്രാന്‍സ്‌കോയിസ്‌ പ്രൈസ്‌, സ്‌പെഷ്യല്‍ കള്‍ച്ചറല്‍ പ്രൈസ്‌, അമേരിക്കയില്‍ ഗ്രാന്റ്‌ ജൂറി പ്രൈസ്‌, 2003-ല്‍ കാനില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്‌, കാനില്‍ ഇക്യുമെനിക്കല്‍ ജൂറി പ്രൈസ്‌, ഇന്ത്യന്‍ ഫിലിം ഫെസ്റ്റില്‍ രജത ചകോരം, 2004-ല്‍ സിങ്കപ്പൂര്‍ യൂത്ത്‌ സിനിമ അവാര്‍ഡ്‌, 2008-ല്‍ സാന്‍സബാസ്റ്റ്യന്‍ ഫെസ്റ്റില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം തുടങ്ങിയവക്ക്‌ സമീറ അര്‍ഹയായിട്ടുണ്ട്‌. പിതാവും പ്രശസ്‌ത ഇറാനിയന്‍ സംവിധായകനുമായ മൊഹ്‌സന്‍ മക്‌മല്‍ ബഫിന്റെ ചിത്രമായ ദ ബൈസിക്കളില്‍ ഏഴാമത്തെ വയസ്സില്‍ അഭിനയിക്കാനും സമീറക്ക്‌ സാധിച്ചു. സംവിധായിക, തിരക്കഥാകൃത്ത്‌, അഭിനേത്രി എന്നിങ്ങനെ സര്‍ഗാത്മകതലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതിഭയാണ്‌ സമീറ മക്‌മല്‍ ബഫ്‌.

നന്ദിതാ ദാസ്‌ നടിയെന്ന നിലയില്‍ മലയാളിക്ക്‌ സുപരിചിതയാണ്‌. അഭിനയകലയോടൊപ്പം സംവിധാനവും തനിക്ക്‌ വഴങ്ങുമെന്ന്‌ നന്ദിതാ ദാസ്‌ വ്യക്തമാക്കിയ സിനിമയാണ്‌ ഫിറാഖ്‌. രാജ്യാന്തര മേളയില്‍ പ്രേക്ഷകപങ്കാളിത്തം നേടിയ ചിത്രങ്ങളിലൊന്ന്‌. ഗുജറാത്ത്‌ കലാപാനന്തര നാളുകളുടെ പശ്ചാത്തലത്തില്‍ ജനജീവിതം നേരിടുന്ന വിഷമവൃത്തങ്ങളാണ്‌ നന്ദിത ഈ സിനിമയിലൂടെ പറയുന്നത്‌. ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രതിബന്ധങ്ങളുടെ ആഴക്കാഴ്‌ചയിലേക്കാണ്‌ സംവിധായിക പ്രേക്ഷകരെ നടത്തിക്കുന്നത്‌. അഭിനയലോകത്ത്‌ മികച്ച പ്രകടനം കാഴ്‌ചവച്ച നന്ദിത്‌ക്ക്‌ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. 2001-ല്‍ ഭവാന്ദര്‍ എന്ന സിനിമയിലൂടെ മികച്ചനടിക്കുള്ള സാന്താമോണിക്ക ഫിലിം ഫെസ്റ്റ്‌ അവാര്‍ഡ്‌ നേടി. തുടര്‍ന്ന്‌ 2002-ല്‍ അമര്‍ഭവനിലൂടെ കെയ്‌റോ, സീ സിനി എന്നീ അവാര്‍ഡുകളും 2006-ല്‍ കാംലിയിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള പുരസ്‌കാരം, ഫിറാഖിന്‌ 2008-ല്‍ മികച്ച ചിത്രത്തിനും തിരക്കഥയ്‌ക്കും ഏഷ്യന്‍ ഫെസ്റ്റ്‌ അവാര്‍ഡ്‌, മികച്ച ചിത്രത്തിനുള്ള പര്‍പ്പിള്‍ ഓര്‍ച്ചിഡ്‌ അവാര്‍ഡ്‌, 2008-ല്‍ കേരളത്തിന്റെ രാജ്യാന്തര മേളയില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം. 2009-ല്‍ താസലോണിയ ഫെസ്റ്റില്‍ സ്‌പെഷ്യല്‍ പ്രൈസ്സ്‌ എന്നിവ നേടി. ചിത്രകാരനായ ജതിന്‍ ദാസിന്റെയും എഴുത്തുകാരി വര്‍ഷാ ദാസിന്റെയും മകളാണ്‌ നന്ദിത. ഭര്‍ത്താവ്‌ സൗമ്യ സെന്‍.

മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ നിരവധി അവാര്‍ഡുകള്‍ നേടിയ സംവിധായികയാണ്‌ അഞ്‌ജലി മേനോന്‍. യു. കെ.-യില്‍ ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ അഞ്‌ജലി ഫീച്ചര്‍- നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ കൃതികള്‍ ചെയ്യുന്നു. ടെലിവിഷനിലും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തും സിനിമയുമായും ചാനല്‍ പരിപാടികളുമായും ഉറ്റബന്ധം പലുര്‍ത്തുന്ന അഞ്‌ജലി നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്‌തിട്ടുണ്ട്‌.മഞ്ചാടിക്കുരു എന്ന സിനിമയില്‍ ഒരു മലയാളിയുടെ ഗൃഹാതുരത്വമാണ്‌ ആവിഷ്‌കരിക്കുന്നത്‌. അമേരിക്കയില്‍ ജീവിക്കുന്ന പത്തുവയസ്സുകാരനായ വിക്കി എന്ന കുട്ടിയുടെ ഓര്‍മ്മകളിലൂടെ കേരളീയമായ ജീവിതചിത്രം അവതരിപ്പിക്കുന്നു. തറവാട്ടിലെ ഒരു മരണാനന്തരച്ചടങ്ങിന്‌ എത്തിയവരുടെ നിരയിലാണ്‌ ഈ കുട്ടിയും. കേരളീയ പ്രകൃതിയും സാഹചര്യങ്ങളും പ്രവാസികളായ മലയാളികളുടെ പ്രശ്‌നങ്ങളാണ്‌ ഈ ചിത്രത്തില്‍ അഞ്‌ജലി ക്യാമറയിലൂടെ അടയാളപ്പെടുത്തുന്നത്‌. മഞ്ചാടിക്കുരുവില്‍ ഓര്‍മ്മകളുടെ നനുത്ത സ്‌പര്‍ശവും മനോഹാരിതയും ഒത്തിണങ്ങുന്നു.നാലു സ്‌ത്രീകള്‍ ക്യാമറക്കണ്ണുകളിലൂടെ ജീവിതം ആവിഷ്‌കരിക്കുമ്പോള്‍ അവരവരുടെ സാംസ്‌കാരിക ഭൂപടവും സര്‍ഗാത്മകതയുടെ ഇരമ്പവും അനുഭവിപ്പിക്കുന്നു. പ്രതിഭകളുടെ മാറ്റുരയ്‌ക്കലില്‍ ഈ കലാകാരികള്‍ പ്രേക്ഷകലോകത്തിന്റെ പ്രീതി സമ്പാദിച്ചു. നിരന്തര പ്രയത്‌നവും അന്വേഷണാത്മകതയുമാണ്‌ കലയുടെ രംഗത്തും ജീവിതത്തിലും വിജയത്തിനുള്ള പ്രചോദനമെന്ന്‌ ഇവരുടെ ജീവിതരേഖ വ്യക്തമാക്കുന്നു.

കല

ഓരോ ബജറ്റ്‌ വരുമ്പോഴും

റ്ഫെ ബ്രുവരി-മാര്‍ച്ച്‌ മാസങ്ങള്‍ ഇന്ത്യയിലെ ഓരോ കുടുംബങ്ങളും പലവിധ വേവലാതികള്‍ നേരിടുന്നു. വരും വര്‍ഷത്തെ സാമ്പത്തിക സംബന്ധമായ കാര്യങ്ങളാണ്‌ പ്രധാനം. അതാകട്ടെ കേന്ദ്ര-സംസ്ഥാന ബജറ്റുകളെ ആശ്രയിച്ചിരിക്കും. അവശ്യ സാധനങ്ങളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും വിലയില്‍ വരുന്ന മാറ്റം അടുക്കളയെയാണ്‌ നേരിട്ട്‌ ബാധിക്കുക. ഭക്ഷ്യവസ്‌തുക്കളുടെ വിലനിലവാരം കൂടുന്ന രീതിയിലാണെങ്കില്‍ ഗ്രാമീണരുടെ വീടുകളില്‍ മാത്രമല്ല, നഗരവാസികളുടെ അടുക്കളയിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും. യാത്രാക്കൂലിയും ചരക്കുകൂലിയും വര്‍ദ്ധിക്കുമ്പോള്‍ ഓരോ വീട്ടിലും രൂപപ്പെടുന്ന പരാതികളും പരിഭവങ്ങളും നമ്മുടെ മുഖ്യധാരാക്കണക്കുകളില്‍ പലപ്പോഴും കടന്നുവരാറില്ല. സന്തുലിതമായി മുന്നോട്ടു പോകുന്ന ഒരു കുടുംബത്തില്‍ പെട്ടെന്ന്‌ ഒരു അലയുണ്ടാകുമ്പോള്‍ തളരുന്നത്‌ ഗൃഹനാഥനോ, ഗൃഹനായികയോ മാത്രമല്ല കുട്ടികളുമാണ്‌. വീട്ടിലെ ചെറിയ അലോസരങ്ങള്‍ പോലും കുട്ടികളുടെ മനസ്സില്‍ ചെറുതും വലുതുമായ പോറലുകള്‍ ഏല്‌പിക്കും. സാമ്പത്തിക കാര്യത്തില്‍ വ്യതിയാനങ്ങള്‍ വരുമ്പോള്‍ ഏതൊരു വീട്ടിലും അതിന്റെ അസ്വാരസ്യം ഉടലെടുക്കാം.ഉപ്പു തൊട്ട്‌ കര്‍പ്പൂരം വരെ സ്വന്തം തൊടിക്കു പുറത്തുനിന്നു വരുന്നതും കാത്തുകഴിയുന്നവരെ സംബന്ധിച്ചിടത്തോളം ഓരോ വാര്‍ഷിക ബജറ്റും ഉള്‍ക്കിടിലമുണ്ടാക്കുന്നതാണ്‌. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വസ്‌ത്രങ്ങള്‍ക്കും പുറമെ വീട്ടാവശ്യത്തിനുള്ള സാധനങ്ങളും ഭക്ഷ്യവസ്‌തുക്കളും കൂടിച്ചേരുമ്പോള്‍ ഒരു കുടുംബത്തിന്റെ പ്രധാന വാര്‍ഷിക പട്ടിക തയ്യാറാകുന്നു. പിന്നെ ചികിത്സക്കും യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കുമുള്ളതാണ്‌. അതില്‍ ചികിത്സ ഒഴികെ മറ്റുള്ളവ ഞെരുങ്ങിയാല്‍ കുറയ്‌ക്കാവുന്നതാണ്‌. ചികിത്സാ ചെലവ്‌ വര്‍ഷന്തോറും കൂടിവരുന്ന പ്രവണതയാണ്‌. കുടുംബ ബജറ്റ്‌ എപ്പോഴും തെറ്റുന്നത്‌ ചികിത്സയിനത്തിലാണ്‌. ഭക്ഷ്യവസ്‌തുക്കളുടെ വിലയില്‍ മാറ്റം വരുമ്പോഴും മറ്റ്‌ അവശ്യവസ്‌തുക്കളുടെ വിലയിലുണ്ടാകുന്ന വര്‍ദ്ധനയും പല കുടുംബങ്ങളുടെയും മാസ ബജറ്റ്‌ തെറ്റിക്കുന്നു. മാസത്തിന്റെ ആദ്യ ആഴ്‌ചയില്‍ തന്നെ കടം വാങ്ങി ബാക്കിയുള്ള ദിവസം നീന്തിക്കയറാന്‍ പാടുപെടുന്നവരുടെ എണ്ണം പതിന്മടങ്ങ്‌ കൂടിക്കൊണ്ടിരിക്കുകയാണ്‌. ഇത്‌ ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പ്രശ്‌നമല്ല. എന്നാല്‍ മാറിവരുന്ന സാമ്പത്തിക വ്യതിയാനങ്ങളെ സൂക്ഷ്‌മമായി വിലയിരുത്തി അതിനനുസരിച്ച്‌ ജീവിക്കാന്‍ ശ്രമിച്ചാല്‍ പല വേവലാതികളില്‍ നിന്നും ഒരു പരിധിവരെ മോചനം നേടാം.എങ്ങനെയാണ്‌ ചെലവു നിയന്ത്രിച്ച്‌ ജീവിക്കാന്‍ സാധിക്കുക. ഈ ചോദ്യം നാം പലപ്പോഴും കേള്‍ക്കുന്നതാണ്‌. അല്‌പം ആലോചിച്ചാല്‍ ഈ നിയന്ത്രണം നമുക്ക്‌ സാധിക്കാവുന്നതേയുള്ളൂ. ആദ്യമേ ഓരോ കുടുംബവും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ തിരിച്ചറിയുക. അതിനനുസരിച്ച്‌ ഒരു ധാരണ ഉണ്ടാക്കണം. എവിടുന്നൊക്കെ വരുമാനം ഉണ്ടാകും. എവിടുന്നൊക്കെ വരുമാനം ഉണ്ടാകില്ല എന്ന്‌ മനസ്സിലാക്കിയാല്‍ ചെലവിനത്തിലും മാറ്റം വരുത്താന്‍ തയാറാകണം. തീരെ അവഗണിക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ക്ക്‌ മുന്‍ഗണന നല്‌കണം. എങ്കിലും നമ്മുടെ ഒരു കണക്കുകൂട്ടലിലും പെടാത്ത ചില സംഭവങ്ങള്‍ പൊടുന്നനെ വരാവുന്നതാണ്‌. അതിലേക്കായി ഒരു നിശ്ചിത സംഖ്യ എപ്പോഴും കാണണം. മുന്‍കൂട്ടി ഗണിക്കാന്‍ കഴിയാത്ത ചെലവിനത്തിലാകും മിക്ക കുടുംബങ്ങളും വേവലാതി അനുഭവിക്കുന്നത്‌. വരവുചെലവുകള്‍ കൂട്ടിക്കിഴിക്കുന്നവരുടെ അവസ്ഥ ഇങ്ങനെയൊക്കെയാണെങ്കില്‍ അതൊന്നും ഗണിക്കാത്തവരുടെ സ്ഥിതിയോ? അവര്‍ക്ക്‌ മാത്രമല്ല, കുടുംബത്തിന്റെ മൊത്തം താളം തെറ്റുന്നു. ഇത്തരം താളപ്പിഴകള്‍ ചിലരെ ആത്മഹത്യയിലേക്കും മറ്റുചിലരെ രോഗശയ്യയിലേക്കും എത്തിക്കാം. കുടുംബത്തിന്റെ താളംപിഴച്ചാല്‍ കുട്ടികളടക്കമുള്ളവരുടെ ജീവിതത്തിലും അത്‌ പ്രതിഫലിക്കും. അതിനാല്‍ പ്രശ്‌നങ്ങളെ സമീപിക്കുമ്പോള്‍ ഏതുതരത്തിലുള്ള പ്രശ്‌നമാണെന്നും എന്താണ്‌ അതിന്‌ ഇടയാക്കിയെതെന്നോ, ഇടവരുത്തുന്നതെന്നോ വ്യക്തമായി മനസ്സിലാക്കണം. അല്ലാത്തപക്ഷം നമുക്ക്‌ ഫലപ്രദമായി ഇടപെടാന്‍ സാധിക്കില്ല.കേരളം പോലുള്ള ഒരു സംസ്ഥാനത്ത്‌ ബജറ്റുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നതിന്‌ പ്രധാന കാരണം ഭക്ഷ്യവസ്‌തുക്കളുടെ ഉല്‍പാദനത്തില്‍ വരുന്ന കുറവാണ്‌. അരിക്കും പച്ചക്കറിക്കും മാത്രമല്ല, ഭക്ഷണം കഴിക്കാനുള്ള ഇലയ്‌ക്കു പോലും അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചുകഴിയുന്ന സംസ്ഥാനം ചരക്കുകൂലിയിലോ, ഭക്ഷ്യവസ്‌തുക്കളുടെ വിലയിലോ നേരിയ വ്യത്യാസം വന്നാല്‍ തളര്‍ന്നുപോകും. ആന്ധ്രയേയും തമിഴ്‌നാട്ടിനേയും വടക്കന്‍ സംസ്ഥാനങ്ങളേയും അമിതമായി ആശ്രയിക്കുന്ന കേരളത്തിന്‌ ഓരോ ബജറ്റ്‌ സമ്മേളനവും ഉറക്കംകെടുത്തുന്ന സംഗതിയാണ്‌. കേരളം നിലനില്‍ക്കുന്നതുപോലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തിലാണ്‌.വൈദ്യുതി, പാചകവാതകം എന്നിവയുടെ ഉപയോഗത്തില്‍ അല്‌പം നിയന്ത്രണം പാലിച്ചാല്‍ കുടുംബ ബജറ്റില്‍ ഗണ്യമായ സംഖ്യ ലാഭിക്കാം. അതുപോലെ ആഢംബര വസ്‌തുക്കളുടെ ഉപയോഗം സാധിക്കുന്നത്ര കുറച്ചാലും വന്‍തുക ലാഭിക്കാവുന്നതാണ്‌. ചെലവു ചുരുക്കല്‍ പദ്ധതി എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുവോ അതിനനുസരിച്ചായിരിക്കും ഓരോ മലയാളിയുടെയും ഭാവിജീവിതത്തിന്റെ തുലാസ്‌ തിട്ടപ്പെടുത്തുന്നത്‌. കാരണം പാശ്ചാത്യ അനുകരണത്തില്‍ നിന്നും സ്വയം ഏറ്റുവാങ്ങിയ വിപത്തുകള്‍ മലയാളികളുടെ വസ്‌ത്രധാരണത്തിലും ഭക്ഷണത്തിലും മാത്രമല്ല, വീടു നിര്‍മ്മാണത്തില്‍ വരെ എത്തിയിട്ടുണ്ട്‌. അതിന്റെ പ്രത്യാഘാതങ്ങളും ഇപ്പോള്‍ കേരളീയര്‍ നേരിടുന്നു. ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ ഇനിയും എന്തൊക്കെ പ്രശ്‌നങ്ങളാണ്‌ വന്നുപതിക്കുന്നതെന്ന്‌ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.പാചകവാതകത്തിന്റെ ഉപയോഗത്തിലേക്ക്‌ മിക്ക കേരളീയ കുടുംബങ്ങളും വഴിമാറിയിട്ടുണ്ട്‌. പ്രകൃതി വിഭവങ്ങളുടെ ലഭ്യതയില്ലായ്‌മയാണ്‌ ഇതിലേക്ക്‌ തള്ളിവിടുന്ന മുഖ്യ പ്രവണത. എന്നാല്‍ പ്രകൃതിവിഭവങ്ങള്‍ യാതൊരു ലക്കുംലഗാനുമില്ലാതെ ഉപയോഗിച്ചതിന്റെയും നശിപ്പിച്ചതിന്റെയും തിക്തഫലം കൂടിയാണിതെന്ന്‌ തിരിച്ചറിയണം. ഇന്ധനവില വര്‍ദ്ധന വരുമ്പോള്‍ മലയാളി ഭയപ്പെടുന്നത്‌ യാത്രയുടെ കാര്യത്തില്‍ മാത്രമല്ല, പാചകവാതക പ്രശ്‌നവുമാണ്‌. പാചകവാതകത്തിന്‌ ചെറിയ വര്‍ദ്ധനപോലും വരുമ്പോള്‍ കേരളീയരെ സംബന്ധിച്ചിടത്തോളം ഉത്‌കണ്‌ഠയ്‌ക്ക്‌ ഇടവരുത്തിയിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മറിച്ചാണ്‌. സകലര്‍ക്കും വേവലാതിലാണ്‌. കാരണം നമ്മുടെ പരിസ്ഥിതിക്ക്‌ അനുയോജ്യമല്ലാത്ത നിലയിലേക്ക്‌ ജീവിതരീതി കൊണ്ട്‌ മലയാളി മാറിയിരിക്കുന്നു. ആഗോളീകരണ കാലഘട്ടത്തില്‍ മലയാളിക്ക്‌ മാത്രം പാരമ്പര്യവ്രതത്തില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന്‌ പറയാം. ലോകം ഒരു കുടക്കീഴിലാകുമ്പോള്‍ ജീവിതനിലവാരത്തിലും ഭക്ഷണക്രമത്തിലും ഇത്‌ ബാധകമാണ്‌. പക്ഷേ, ഇതൊക്കെ സംഭവിക്കുമ്പോഴും അല്‌പം പ്ലാനിംഗോടെ മുന്നേറാന്‍ ശ്രമിച്ചാല്‍ ഭേദപ്പെട്ട അവസ്ഥയില്‍ ജീവിതം തുഴയാന്‍ സാധിക്കും. ഇത്തരമൊരു കാഴ്‌ചപ്പാടുണ്ടെങ്കില്‍ ബജറ്റ്‌ വരുമ്പോള്‍ ഉള്‍ക്കിടിലം അനുഭവിക്കേണ്ടി വരില്ല. ആഗോളതലത്തില്‍ തൊഴില്‍മേഖലയില്‍ വന്നുചേരുന്ന വ്യതിയാനങ്ങള്‍ കേരളത്തെ നന്നായി ബാധിക്കാന്‍ ഇടവരും. മറുനാടന്‍ ജോലികള്‍ ശീലിച്ചു കഴിയുന്നവരെന്ന നിലയില്‍ സാങ്കേതികവിദ്യയുടെ രംഗത്തും സോഫ്‌റ്റ്‌വെയര്‍ തൊഴില്‍മേഖലയിലും മറ്റും സംഭവിക്കുന്ന തകര്‍ച്ചകളും തൊഴില്‍രാഹിത്യവും പാശ്ചാത്യരാജ്യങ്ങളിലെന്ന പോലെ മലയാളി കുടുംബങ്ങളിലും വേവലാതികള്‍ സൃഷ്‌ടിക്കാതിരിക്കില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വരുമ്പോള്‍ കേരളത്തിന്റെ ജീവിതഭൂപടം മാറ്റി വരയ്‌ക്കേണ്ടി വരാം.ബജറ്റില്‍ തുടങ്ങി മലയാളിയുടെ വീടകം വരെ കടന്നുചെല്ലുന്ന ആലോചനകള്‍ കൊണ്ട്‌ സമൃദ്ധമാണ്‌ ഫെബ്രുവരി-മാര്‍ച്ച്‌ മാസം. കടുത്ത വേനല്‍ചൂടില്‍ അകവും പുറവും പൊള്ളുമ്പോള്‍ കേരളീയരുടെ മനസ്സും തലയും ഒരുപോലെ തിളയ്‌ക്കുന്നു. ഇതിന്റെ ആഘാതം വരുംനാളില്‍ കൂടിക്കൊണ്ടിരിക്കാനാണ്‌ സാദ്ധ്യത.അമിത ലാളന കൊണ്ട്‌ ചിട്ടപ്പെടുത്തുന്ന വീട്ടുകാര്യങ്ങളും വിട്ടുവീഴ്‌ചകളില്ലാത്ത പ്രലോഭനങ്ങളില്‍ കുടുങ്ങുന്ന ജീവിതരീതികളും ശക്തമായി വിശകലനം ചെയ്യാന്‍ മടിക്കുന്നവര്‍ക്ക്‌ ആഗോളീകരണം വിപത്തുകളുടെ പറുദീസയാകും. നിയന്ത്രണത്തോടെ ജീവിക്കാന്‍ പഠിക്കുന്നവര്‍ക്ക്‌ ആഗോളീകരണത്തിന്റെ ദൂഷ്യവശങ്ങളെപോലും തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ സാധിക്കും. അങ്ങനെ ചെയ്‌താല്‍ ബജറ്റ്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൃഷ്‌ടിക്കുന്ന മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും ഒരു പരിധിവരെ കരകയറാന്‍ കഴിയും. സൂക്ഷ്‌മതയോടെ ജീവിതത്തെ സമീപിക്കുക എന്നതാണ്‌ മുഖ്യം. ഒരുവേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായി വരും എന്ന കവി വാക്യം ഓര്‍ക്കുക.