Showing posts with label വായന. Show all posts
Showing posts with label വായന. Show all posts

Saturday, May 30, 2009

വായന

ഏകാന്തം

കാലഘട്ടത്തിലേക്കും ജീവിതത്തിലേക്കുമുള്ള ക്യാമറയുടെ ഇടപെടലാണ്‌ സിനിമ. സൂക്ഷ്‌മതയോടെ ജീവിതത്തിന്റെ വൈവിദ്ധ്യങ്ങള്‍ പകര്‍ത്തെഴുതുന്ന ചലച്ചിത്രം പ്രേക്ഷക മനസ്സില്‍ അവബോധത്തിന്റെയും പാരസ്‌പര്യത്തിന്റെയും അടയാളമായി പതിഞ്ഞുനില്‍ക്കും. മധു കൈതപ്രത്തിന്റെ `ഏകാന്തം' എന്ന സിനിമയും തിരശ്ശീലയില്‍ എഴുതിച്ചേര്‍ത്തത്‌ മറ്റൊന്നല്ല. അകംനോവിന്റെ ആഴക്കാഴ്‌ചകള്‍ മലയാളത്തില്‍ സംഭവിക്കുന്നത്‌ വല്ലപ്പോഴുമാണ്‌. ആക്രിസിനിമകളും ക്വൊട്ട്വേഷന്‍ ചിത്രങ്ങളും ഉഴുതുമറിക്കുന്ന മലയാളത്തില്‍ മനുഷ്യപ്പറ്റിന്റെ ശീതളസ്‌പര്‍ശം വരദാനംപോലെയാണ്‌ വന്നുനിറയുന്നത്‌. ആ നിരയിലൊന്നാണ്‌ `ഏകാന്തം'. കാഴ്‌ചയില്‍ തങ്ങിനില്‍ക്കുന്ന ഫ്രെയിമുകളും തിയേറ്ററില്‍ നിന്നും കൂടെപ്പോരുന്ന കഥാപാത്രങ്ങളും ഓര്‍മ്മയില്‍ പതിയുന്ന സംഭാഷണങ്ങളും കൊണ്ട്‌ സമ്പന്നമായ ഏകാന്തം സംവിധായകന്റെ ചിത്രമെന്നപോലെ തിരക്കഥാകൃത്തിന്റെയും ജിവിതമെഴുത്താണ്‌. ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ രചിച്ച `ഏകാന്തം' ദൃശ്യപഥത്തിലും വായനയിലും അനുഭവപ്പെടുത്തുന്നതും കണ്ടെടുക്കുന്നതിന്റെയും അവതരണത്തിന്റെയും കലയാണ്‌; കലോപാസനയാണ്‌.

ഒറ്റപ്പെടലിന്റെ പാഠപുസ്‌തകമാണ്‌ ആലങ്കോട്‌ ലീലാകൃഷ്‌ണന്റെ `ഏകാന്തം'എന്ന തിരക്കഥ. ബന്ധങ്ങളുടെ വേര്‍പ്പാടില്‍ മനസ്സുനീറുന്ന കുറെ മനുഷ്യരാണ്‌ ഏകാന്തത്തിന്റെ തിരഭാഷയിലുള്ളത്‌. അവര്‍ ഓരോരുത്തരും അനുഭവിക്കുന്ന ജീവിതാവസ്ഥ വ്യത്യസ്‌തമാണ്‌. എങ്കിലും അവരെല്ലാം പങ്കുപറ്റുന്ന നൊമ്പരങ്ങള്‍ ഒന്നുതന്നെയാണ്‌. ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ നിനച്ചിരിക്കാതെ ഒറ്റപ്പെട്ടുപോകുമ്പോള്‍ പലരും പകച്ചുപോകുന്നു. സ്‌നേഹത്തിന്റെ പച്ചപ്പിലൂടെ അതിജീവനം കൊതിക്കുന്നവരുമുണ്ട്‌. ഏകാന്തത, വാര്‍ദ്ധക്യം, രോഗം തുടങ്ങിയ മനുഷ്യാവസ്ഥകളില്‍ ആരും ആഗ്രഹിച്ചുപോകുന്ന നിരുപാധിക സ്‌നേഹമാണ്‌ `ഏകാന്ത'ത്തിന്‌ അടിസ്ഥാനധാരയായി സ്വീകരിച്ചത്‌.``നീ പോയാല്‍ എനിക്കു പിന്നെ ആരാടോ ഉള്ളത്‌''?-(സീന്‍-2) എന്നിങ്ങനെ ഏകാന്തത്തിലെ കേന്ദ്രകഥാപാത്രമായ കെ. പി. എ. മേനോന്‍ (തിലകന്‍) ചോദിക്കുന്നുണ്ട്‌. ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കൊടുവില്‍ ജാതകം ഒഴുക്കുന്ന മേനോന്റെ ഓര്‍മ്മയുടെ നിറവിലാണ്‌ ബന്ധങ്ങളുടെ അകവരമ്പിലൂടെ അയാള്‍ നടന്നുപോകുന്നത്‌. കെ. പി. എ. മേനോന്‌ നഷ്‌ടപ്പെടുന്നത്‌ ഭാര്യയും രാവുണ്ണി മേനോനു(മുരളി)മാണ്‌. രണ്ടുപേരും വിടവാങ്ങിയത്‌ മരണത്തിലേക്കും. പിന്നെയും ജീവിതം താങ്ങി നടക്കുന്ന മേനോന്‍ ചിത്രാന്ത്യത്തില്‍ വിജനതയിലേക്ക്‌ നോക്കിനില്‍ക്കുന്നു. ഒരുതരത്തിലുള്ള അലിഞ്ഞുചേരല്‍.ഏകാന്തത്തിലെ എല്ലാ കഥാപാത്രങ്ങളും മനംപൊള്ളുന്ന പാതയിലൂടെ നടന്നുപോകുന്നവരാണ്‌. അവര്‍ സ്‌നേഹം കൊതിക്കുന്നു. സാന്ത്വനത്തിന്റെ വിരല്‍സ്‌പര്‍ശം ആഗ്രഹിക്കുന്നു. വേഗതയോടൊപ്പം കുതിക്കാന്‍ വിധിക്കപ്പെട്ട ലോകത്ത്‌ ഒറ്റപ്പെടുന്നവരുടെ മുറിപ്പാടുകള്‍ ആരാണ്‌ തിരിച്ചറിയുന്നത്‌? അവരുടെ ഹൃദയവേപഥുകളിലേക്കാണ്‌ ഏകാന്തത്തിന്റെ തിരക്കഥാകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്‌. എഴുത്തിന്റെയും ദൃശ്യത്തിന്റെയും പാകപ്പെടുത്തലാണ്‌ തിരക്കഥയുടെ മേന്മകളിലൊന്ന്‌. സാഹിത്യവും സിനിമയും ഇഴുകിച്ചേരുന്നതിന്റെ മനോഹാരിതയും ആത്മസ്‌പര്‍ശവും ഏകാന്തത്തിലുണ്ട്‌.

കോട്ടേപാടത്ത്‌ പയ്യാനക്കല്‍ തറവാടും ഗ്രാമവും ഉള്ളുരുക്കം പേറുന്നവരുടെ കഥാഭൂമികയാവുന്നു. തറവാട്ടിലെത്തുന്നവരും അകന്നുപോകുന്നവരും. എല്ലാവരും ദൂരത്തേക്ക്‌ മാറിപ്പോവുന്ന ജീവിതത്തിലൂന്നി രാവുണ്ണി മേനോന്‍ പറയുന്നന്നു: ``സുഖം. ഭാര്യപോയി. മക്കളും അടുത്തില്ല. സുഖം...പരമസുഖം....? (സീന്‍-11). വാര്‍ദ്ധക്യത്തിന്റെ വേവലാതി ഏകാന്തത്തിന്റെ സീനുകളില്‍ ഇരമ്പം തീര്‍ക്കുന്നു. മക്കള്‍ അകലങ്ങളില്‍ ജോലിത്തിരക്കുകളില്‍ മുങ്ങിനില്‍ക്കുന്നു. വീട്ടില്‍ വിങ്ങുന്ന മനസ്സുകള്‍ നോക്കെത്താദൂരത്ത്‌ കണ്ണുകളര്‍പ്പിച്ചു കഴിയുന്നു. വര്‍ത്തമാന ജീവിത്തത്തിന്റെ വിഷമവൃത്തത്തില്‍ നിന്നും മലയാളിക്കും വേറിട്ടുനില്‍പ്പില്ല. കരുണം, തനിയെ, ഏകാന്തം എന്നിവ പറയുന്നത്‌ ഈയൊരു യാഥാര്‍ത്ഥ്യമാണ്‌. പുതിയകാലത്തിന്റെ ആര്‍ക്കും വിട്ടുനില്‍ക്കാന്‍ സാധിക്കാത്ത ജീവിതാവസ്ഥയാണ്‌. അത്‌ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍ ഭംഗിയായി `ഏകാന്ത' ത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്‌. തിലകനും മധുകൈതപ്രത്തിനും ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത `ഏകാന്തം'മലയാളത്തിലെ തിരക്കഥാകൃതികളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്‌തകങ്ങളിലൊന്നാണ്‌.
-ചന്ദ്രിക വാരാന്തപ്പതിപ്പ്‌

ഏകാന്തം
ആലങ്കോട്‌ ലീലാകൃഷ്‌ണന്‍
ഡിസി ബുക്‌സ്‌വില- 55 രൂപ

Wednesday, April 29, 2009

വായന

ഗുല്‍മോഹറിന്റെ തിരഭാഷ

തിരക്കഥയ്‌ക്ക്‌ നിരവധി നിര്‍വ്വചനങ്ങളുണ്ട്‌. കാഴ്‌ചപ്പാടിന്റെയും സമീപനത്തിന്റെയും അടിസ്ഥാനത്തില്‍ വൈവിധ്യവും. തിരശ്ശീലയ്‌ക്ക്‌ അനുയോജ്യമായി കഥയെ രൂപപ്പെടുത്തലാണ്‌ തിരക്കഥയെന്ന്‌ സാമാന്യമായി വിശേഷിപ്പിക്കാം. തിരക്കഥാസാഹിത്യത്തെ സംബന്ധിച്ചും വ്യത്യസ്‌ത വിലയിരുത്തലുകള്‍ സ്വാഭാവികം. ഇത്തരം കാര്യങ്ങള്‍ മാനദണ്‌ഡമാക്കി തിരക്കഥകളെ വിലയിരുത്തുന്ന പ്രവണത മലയാളത്തില്‍ അടുത്തിടെയാണ്‌ സജീവമായത്‌. എണ്‍പത്‌ വയസ്സ്‌ പിന്നിട്ട മലയാളസിനിമയിലെ തിരക്കഥകളുടെ പുസ്‌തകരൂപത്തിലേക്കുള്ള പരകായപ്രവേശത്തിന്‌ ആക്കംകൂടിയത്‌ സിനിമ പാഠപുസ്‌തകങ്ങളില്‍ ഇടംനേടിയതോടുകൂടിയാണ്‌. മുമ്പ്‌ മലയാളത്തില്‍ തിരക്കഥാപുസ്‌തകങ്ങളുണ്ടായത്‌ എം.ടി.യുടെയും പത്മരാജന്റെയുമാണ്‌. അവയോടുചേര്‍ന്നു നിന്നത്‌ സത്യജിത്‌ റായിയുടെ ഏതാനും തിരക്കഥകളുടെ വിവര്‍ത്തനങ്ങളും വിജയകൃഷ്‌ണന്‍ വിവര്‍ത്തനം ചെയ്‌ത വിശ്വോത്തര സിനിമകളുടെ തിരക്കഥകളും നിസ്സാര്‍ അഹ്‌മദ്‌ എഡിറ്റുചെയ്‌ത മലയാളത്തിലെ പരീക്ഷണചിത്രങ്ങളുടെ തിരഭാഷകളുമാണ്‌. ഇത്‌ തിരക്കഥാ പുസ്‌തകങ്ങളുടെ വസന്തകാലമാണ്‌. എല്ലാവിഭാഗം സിനിമകളുടെയും തിരക്കഥകള്‍ ചിത്രങ്ങളുടെ പ്രദര്‍ശനത്തോടനുബന്ധിച്ചോ, പ്രദര്‍ശനത്തിനു മുമ്പുതന്നെയോ പുസ്‌തകരൂപത്തില്‍ പുറത്തിറങ്ങുന്നു. തിരക്കഥകള്‍ ഏതാനും എഴുത്തുകാരുടെ ക്രെഡിറ്റില്‍ നിന്നും ജനകീയദശയിലേക്ക്‌ പ്രവേശിച്ചതും അടുത്തകാലത്താണ്‌. ഈ മാറ്റങ്ങളൊക്കെ മലയാളസിനിമയുടെ നേട്ടമോ, കോട്ടമോ എന്ന്‌ മലയാളിയുടെ കാഴ്‌ചയും വായനയും വിലയിരുത്തപ്പെടേണ്ടിയിരുക്കുന്നു. തിരക്കഥയുടെ പുസ്‌തകരൂപത്തിലേക്കുള്ള കുടിയേറ്റത്തെപ്പറ്റി ഇവിടെ സൂചിപ്പിച്ചത്‌ ഡി. സി. ബുക്‌സ്‌ പ്രസിദ്ധീകരിച്ച ദീദി ദാമോദരന്റെ `ഗുല്‍മോഹര്‍' എന്ന പുസ്‌തകം വായനയ്‌ക്കു മുന്നിലുള്ളതു കൊണ്ടാണ്‌.

``എഴുതപ്പെടുന്ന വാക്കുകള്‍, സാഹിത്യത്തില്‍ അന്തിമമാണ്‌. പിന്നീടുള്ള അതിന്റെ വളര്‍ച്ചയും വികാസവുമെല്ലാം വായനക്കാരന്റെ മനസ്സിലാണ്‌. തിരക്കഥയില്‍ അങ്ങനെയല്ല. ഫിലിമിലേക്കു പകര്‍ത്തിയതിനുശേഷംപോലും അതില്‍ വെട്ടിത്തിരുത്തലുകള്‍ ഉണ്ടാവുക അതിസാധാരണമാണ്‌. എഴുതുന്ന വരികള്‍ പലപ്പോഴും ലൊക്കേഷനുകളില്‍ ആവശ്യമില്ലാതെ വരുന്നു. എഡിറ്റിംഗ്‌ ടേബിളില്‍ അവയില്‍ പലതും അര്‍ത്ഥശൂന്യമായി മാറുന്നു''- ( പത്മരാജന്‍- പത്മരാജന്റെ തിരക്കഥകളുടെ മുഖക്കുറിപ്പ്‌) എന്നിങ്ങനെ തിരക്കഥാകൃത്തിന്റെ നിയോഗത്തെപ്പറ്റിയാണ്‌ പത്മരാജന്‍ പറഞ്ഞുവച്ചത്‌. ഒരര്‍ത്ഥത്തില്‍ തിരക്കഥയും സാഹിത്യവും തമ്മിലുള്ള താരതമ്യപ്പെടുത്തലുമാണിത്‌. മലയാളത്തില്‍ ഒട്ടേറെ സാഹിത്യകൃതികള്‍ക്കും തിരക്കഥകള്‍ക്കും പത്മരാജന്‍ സൂചിപ്പിച്ച വിഷമവൃത്തത്തില്‍ നിന്നും കരകയറാനും സാധിച്ചിട്ടില്ലെന്ന്‌ സിനിമകളില്‍ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ഈ പശ്ചാത്തലത്തില്‍ വേണം ദീദി ദാമോദരന്റെ `ഗുല്‍മോഹറി'നെ സമീപിക്കേണ്ടത്‌. ദീദിയുടെ വാക്കുകള്‍ക്ക്‌ അതിന്റെ സാഹിതീയമൂല്യത്തിന്‌ വലിയ കോട്ടം സംഭവിക്കാതെ തിരശ്ശീലയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന്‌ ജയരാജിന്റെ ആവിഷ്‌കാരം വ്യക്തമാക്കിയിട്ടുണ്ട്‌. തിരശ്ശീലയുടെ ക്രമാനുബന്ധം തിരിച്ചറിഞ്ഞ്‌ തിരക്കഥ ഒരുക്കുമ്പോള്‍ രചയിതാവിന്‌ നേടിയെടുക്കാന്‍ സാധിക്കുന്ന വിജയം ദീദി കൈവരിച്ചതും മറ്റൊന്നല്ല.

ഒരു കൂട്ടം ചെറുപ്പക്കാര്‍ അനീതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ്‌ ഗുല്‍മോഹറില്‍ ദീദി ദാമോദരന്‍ പറയുന്നത്‌. അവരില്‍ കൂട്ടംതെറ്റിമേയുന്നവരുണ്ട്‌. എങ്കിലും അവരുടെ ലക്ഷ്യം ഒന്നാണ്‌. അരുണും ഹരികൃഷ്‌ണനും അന്‍വറും ഗായത്രിയും ഇന്ദുചൂഡനും റഷീദും എല്ലാം പ്രക്ഷുബ്‌ധതയുടെ വേനലിലൂടെയാണ്‌ നടക്കുന്നത്‌. വിപ്ലവം സ്വപ്‌നം കാണുന്ന കുറെ മനസ്സുകളുടെ ഘോഷയാത്ര. കഥയും കഥാഗതിയും തീക്ഷ്‌ണതയോടെ പറയുന്നതില്‍ തിരക്കഥാകൃത്ത്‌ കൈയൊതുക്കം നേടിയിട്ടുണ്ട്‌. ഫ്‌ളാഷ്‌ ബാക്കില്‍ കഥയുടെ ചുരുള്‍നിവരുമ്പോള്‍ കേരളത്തിലെ നക്‌സല്‍ കലാപങ്ങളുടെ മണവും നിറവും ചിത്രത്തിനും ദൃശ്യഭാഷക്കും വന്നുചേരുന്നു. തിളക്കുന്ന യൗവ്വനങ്ങളുടെ വിപ്ലവും പ്രണയവും ഇഴചേര്‍ന്നു നില്‍ക്കുന്ന കഥ. പ്രേക്ഷകന്റെ മനസ്സില്‍ കനലുകോരിയിടുന്ന സംഭാഷണങ്ങള്‍. ഹൃദയത്തില്‍ സ്‌പര്‍ശിക്കുന്ന പ്രണയമൊഴികള്‍. എല്ലാം കൂട്ടുചേരുമ്പോഴും എഴുത്തിന്റെ കാര്‍ക്കശ്യം ചോര്‍ന്നുപോകുന്നില്ല എന്നതാണ്‌ ദീദി ഒരുക്കിയ തിരക്കഥയുടെ മികവ്‌. ഇന്ദുചൂഡനോട്‌ ഗായത്രി ഒരിക്കല്‍ പറഞ്ഞു: ?മറുപടി എന്തായാലും എന്റെ പ്രേമം അവസാനിക്കുകയില്ല. ഋതുഭേദങ്ങള്‍ വകവയ്‌ക്കാതെ ഞാനീ ഗുല്‍മോഹര്‍ ചുവട്ടില്‍ കാത്തിരിക്കും. കൊടും വേനല്‍ച്ചൂടില്‍ വിയര്‍ക്കുമ്പോഴും മഴ നനയുമ്പോഴും ഓര്‍ക്കുക ഇവിടെ ഈ മരച്ചുവട്ടില്‍ ഒരാള്‍ കാത്തിരിപ്പുണ്ടെന്ന്‌.'' കഥയുടെ ആരോഹണാവരോഹണത്തില്‍ ഇന്ദുചൂഡന്‍ തലയില്‍ മണ്ണെണ്ണ ഒഴിച്ച്‌ പ്രഖ്യാപിക്കുന്നു: ?ഇതൊരു തോറ്റ ജനതയാണ്‌. ഇവരെ ഇനിയും തോല്‍പിക്കാന്‍ ആവില്ല നിങ്ങള്‍ക്ക്‌.'

മലയാളത്തിലെ നിരവധി സിനിമകളില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചേക്കും. പക്ഷേ, അവയില്‍ നിന്നും ഗുല്‍മോഹറും അതിന്റെ തിരഭാഷയും വേറിട്ടുനില്‍ക്കുന്നത്‌ ആഖ്യാനത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്‌മതയാണ്‌. ഒരേ തൂവല്‍പക്ഷികളുടെ കഥ തിരക്കഥയാക്കി മാറ്റുന്നിടത്ത്‌ മാധ്യമത്തിന്റെ കരുത്തം പരിമിതിയും ദീതി മനസ്സിലാക്കിയിട്ടുണ്ട്‌. വാക്കുകള്‍ ദൃശ്യങ്ങളായി പുനര്‍ജ്ജനിക്കുമ്പോള്‍ വന്നുചേരാനിടയുള്ള വിള്ളലുകള്‍ പരമാവധി അതിവര്‍ത്തിക്കുന്ന തിരക്കഥകളിലൊന്നാണ്‌ ദീദിയുടെ ഗുല്‍മോഹര്‍.സിനിമയുടെ അരങ്ങിലെന്നപോലെ അണിയറയിലും സ്‌ത്രീ സാന്നിദ്ധ്യം ശക്തമാകുന്നതിന്റെ അടയാളമാണ്‌ ദീദി ഒരുക്കിയ തിരക്കഥ. സീന്‍25-ല്‍ ഇന്ദുചൂഡന്‍ പറയുന്നു: ?അതിതുവരെ മനസ്സിലായിട്ടില്ലേ ഗായത്രിക്ക്‌. ഞങ്ങള്‍ ആണുങ്ങള്‍ എന്ത്‌ വിപ്ലവം പ്രസംഗിക്കുമ്പോഴും ഞങ്ങളുടെ ചൊല്‍പ്പടിക്ക്‌ നില്‍ക്കുന്ന ഒരു പെണ്ണിനെ ഞങ്ങള്‍ വീടിനുള്ളില്‍ ആഗ്രഹിക്കും. പുരോഗമനവാദത്തിന്റെ അസ്‌കിതയില്ലാത്ത ഒരടുക്കളക്കാരിയെ.'' സ്‌ത്രീശാക്തീകരണത്തിന്റെ കാലത്തുപോലും മലയാളസിനിമയിലെ സ്‌ത്രീകഥാപാത്രങ്ങള്‍ സംസാരിക്കുന്നതും അവര്‍ക്ക്‌ സമൂഹത്തില്‍ ലഭിക്കുന്ന ഇടങ്ങളും ഓര്‍മ്മപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങള്‍ ഗുല്‍മോഹര്‍ വരച്ചിടുന്നു. ചിത്രത്തിലൊരിടത്ത്‌ ഇന്ദുചൂഡന്‍ സന്ദേഹിക്കുന്നതുപോലെ ?ആര്‍ക്കാണ്‌ തെറ്റുപറ്റിയതെന്ന്‌ ആര്‍ക്കറിയാം.? പരമ്പരാഗത തിരക്കഥാ രചനകള്‍ പിന്തുടരുന്ന സാമാന്യബോധത്തിന്‌ ആഴത്തില്‍ മുറിവേല്‍പിക്കുന്ന സമീപകാല മലയാള തിരക്കഥകളില്‍ ഏറെ ശ്രദ്ധേയമാണ്‌ ഗുല്‍മോഹര്‍. കഥയും കഥാപാത്രങ്ങളും അവരുടെ പ്രശ്‌നങ്ങളും പഠിച്ചറിഞ്ഞ്‌ ദൃശ്യാഖ്യാനത്തിന്‌ പാകമാകുന്ന ശൈലിയില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. കാഴ്‌ചയിലും വായനയിലും സുതാര്യമാണ്‌ ഗുല്‍മോഹര്‍. തിരഭാഷയുടെ സൗന്ദര്യവും കരുത്തും ഒത്തിണങ്ങിയ ഈ പുസ്‌തകം തിരക്കഥാ രചനയിലും സ്‌ത്രീ മുന്നേറ്റത്തിന്റെ നാളുകളിലേക്ക്‌ ചേര്‍ത്തുവായിക്കാന്‍ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രയോജനപ്പെടും.

-ചന്ദ്രിക വാരാന്തപ്പതിപ്പ്‌

ഗുല്‍മോഹര്‍

ഡിസി ബുക്‌സ്‌

വില- 90 രൂപ