സിനിമ കാഴ്‌ചയുടേയും? ചിന്തയുടേയും കലയാണ്. ക്യാമറ കൊണ്ടെഴുതുന്ന പാഠപുസ്‌തകമായി സിനിമമാറിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്രത്തിന്റെ കാഴ്‌ചയിലും വായനയിലും പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും നടക്കുന്നു. ലോകസിനിമയില്‍ നിര്‍മ്മിതിയുടെയും വ്യാഖ്യാനത്തിന്റെയും തലത്തില്‍ അട്ടിമറികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മേളകളിലെത്തുന്ന മിക്ക ചിത്രങ്ങളും പ്രേക്ഷകനോട് സംസാരിക്കുന്നത് ചലച്ചിത്രകലയുടെ പുതിയ മേച്ചില്‍പ്പുറങ്ങളെപ്പറ്റിയാണ്. കഥാകഥനത്തിനപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ തീക്ഷ്‌ണതകള്‍ പങ്കുവയ്‌ക്കുന്നു. അണ്ടര്‍ഗ്രൗണ്ട് ചിത്രങ്ങളിലും ഡോക്യമെന്ററികളിലുമാണ് ക്യാമറയുടെ ഉണര്‍ത്തുപാട്ടുകള്‍ ആദ്യം കേള്‍ക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രങ്ങളിലും രാഷ്‌ട്രീയവും സാമൂഹികവും മാനുഷികവുമായ അവസ്ഥകളെക്കുറിച്ചുള്ള ആകുലതകള്‍ നിറയുന്നുണ്ട്. അസുഖകരവും അത്യന്തം സംഘര്‍ഷാത്മകവുമായ സാഹചര്യങ്ങളുടെ ഡോക്യുമെന്ററി ഫൂട്ടേജുകള്‍ സൂക്ഷ്‌മതയോടെ ഉപയോഗപ്പെടുത്തുന്നതില്‍ ചലച്ചിത്രകാരന്മാര്‍ താല്‍പര്യം കാണിച്ചു തുടങ്ങി. ഇതിന്റെ ശക്തമായ പ്രതിഫലനം ഡോക്യുമെന്ററികളിലും ഷോര്‍ട്ടുഫിലിമുകളിലും കാണാം.
മനുഷ്യര്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ സംസാരിക്കുകയും വികാരപ്രകടനങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്യുന്ന മൂന്ന് ഗിരിവര്‍ഗ വിഭാഗത്തിലേക്കാണ് ഉണ്ണികൃഷ്‌ണന്‍ ആവളയുടെ `ഒടുവിലത്തെ താള്‍' എന്ന ഡോക്യുമെന്ററി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.നിലമ്പൂര്‍ വനത്തില്‍ താമസിക്കുന്ന ചോലനായ്‌ക്കരുടെയും ആളരുടെയും അറനാടരുടെയും ജീവിതപ്രതിസന്ധികളാണ് ഉണ്ണികൃഷ്‌ണന്‍ ആവള രചനയും സംവിധാനവും നിര്‍വ്വഹിച്ച `ഒടുവിലത്തെ താളി'ലൂടെ പറയുന്നത്. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് വംശനാശത്തിലേക്ക് പതിച്ചു കഴിഞ്ഞവരാണ് ഏഷ്യയിലെ പ്രാക്തന ആദിവാസികളില്‍പെട്ട ചോലനായ്‌ക്കരും ആളരും അറനാടരും(കാടിറങ്ങി നാട്ടിലെത്താത്തവര്‍). ഈ രണ്ടു വിഭാഗം ആദിവാസികളും അനുഭവിക്കുന്ന ദുരിതങ്ങളും നേരിടുന്ന ചൂഷണങ്ങളും അവരുടെ ആചാരങ്ങളും എല്ലാം 55 മിനിറ്റ് ദൈര്‍ഘ്യമുള്ള `ഒടുവിലത്തെ താളില്‍' അടയാളപ്പെടുത്തുന്നുണ്ട്. ഒരു ജനവര്‍ഗ്ഗം കുറ്റിയറ്റുപോകുന്നതിന്റെ കണ്ണീര്‍പ്പാടമാണ് ഈ ഡോക്യുമെന്ററി. വിറകും പച്ചമരുന്നും ശേഖരിച്ച് ജീവിക്കുന്ന ഈ കാട്ടുജാതികളെ ഏതൊക്കെവിധത്തിലാണ് നാഗരികര്‍ ഇരകളാക്കുന്നത്? ഇതിന്റെ ദൃശ്യരേഖ ഭംഗിയായി ഇത് വ്യക്തമാക്കുന്നുണ്ട്. ചോലനായ്‌ക്കരുടെയും അറനാടുകാരുടെയും ആളരുടെയും വംശനാശം ഒരു സംസ്‌കാരത്തിന്റെയും ഭാഷയുടെയും അറുതിയാകും. അത് സംബന്ധിച്ച വേവലാതിയാണ് ഈ ചിത്രം പങ്കുവയ്‌ക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തേക്കിന്‍തോപ്പാണ് നിലമ്പൂര്‍ വനം. ഇവിടെ വസിക്കുന്ന ചോലനായ്‌ക്കന്മാരെപ്പറ്റി 1972-ലാണ് പുറംലോകമറിയുന്നത്. പണ്ട് 1000 പുരുഷന്മാര്‍ക്ക് 1069 സ്‌ത്രീകള്‍ എന്നതായിരുന്നു ചോലനായ്‌ക്കരുടെ സ്‌ത്രീപുരുഷ അനുപാതം. ഇപ്പോള്‍ ഇവരില്‍ സ്‌ത്രീകളുടെ എണ്ണം വളരെ കുറഞ്ഞു. പുരുഷന്മാര്‍ 223ഉം സ്‌ത്രീകള്‍ 186ഉം എന്നാണ് ഇപ്പോഴത്തെ കണക്ക്. ആകെ 43 കുടുംബങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ഈ ഡോക്യുമെന്ററി ഓര്‍മ്മപ്പെടുത്തുന്നു. തമിഴ്, കന്നഡ, മലയാളം കലര്‍ന്ന സങ്കരഭാഷയാണ് ഈ ആദിവാസികള്‍ സംസാരിക്കുന്നത്. 1300 അടി ഉയരത്തിലുള്ള മലമടക്കുകളിലാണ് ഇവര്‍ വസിക്കുന്നത്. 2500 വര്‍ഷത്തെ പാരമ്പര്യമുള്ള സംസ്‌കാരം. മക്കത്തായികളായ ഇവര്‍ വിധവാവിവാഹം അനുകൂലിക്കുന്നില്ല. അധിനിവേശത്തിന്റെ പാടുകളും നിലമ്പൂര്‍പാട്ടും, സര്‍വാണിസദ്യയും എല്ലാം ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യശാസ്‌ത്രവും ഫോക്‌ലോറും കലര്‍ന്ന ജീവിതാന്തരീക്ഷം പിന്തുടരുന്ന ഈ ഡോക്യുമെന്ററിയില്‍ ആദിവാസികളുടെ യാതനകളും രോഗങ്ങളും ശീലങ്ങളും ഇരകളാകുന്നവഴികളും ദൃശ്യപംക്തികളായി ഇഴചേര്‍ന്നിരിക്കുന്നു. വൈദേഹി ക്രിയേഷന്‍സിന്റെ `ഒടുവിലത്തെ താള്‍' അകംനീറ്റലിന്റേയും പുറംകാഴ്‌ചയുടേയും തിരഭാഷയാണ്. പ്രേംകുമാര്‍, മുഹസിന്‍ കോട്ടക്കല്‍, പ്രദീപന്‍ പാമ്പിരിക്കുന്ന്, മൈന ഉമൈബാന്‍, ജിനു ശോഭ, ഡാറ്റസ്, ഷമീര്‍ മച്ചിങ്ങല്‍, പ്രീത, ഹിഷാം തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍. -ചന്ദ്രിക വാരാന്തപ്പതിപ്പ്
No comments:
Post a Comment