Wednesday, November 25, 2009

മുഖംമാന്തിക്കവിതകള്‍

ബലിയ ഗാസിപ്പൂര്‍ മേഖലയില്‍ ഒരു കിംവദന്തിയായി ആരംഭിച്ചത്‌ ഉത്തര്‍പ്രദേശിനെ ഒട്ടാകെ ഭയത്തിലാഴ്‌ത്തുന്നവിധം വളര്‍ന്നു. ചില ഗ്രാമീണരെ വെളിച്ചം വമിക്കുന്ന ഏതോ ജീവി കടിച്ചു. അജ്ഞാതമായ ആ പറക്കുംജീവി മുഖംമാന്തിപ്പക്ഷിയാണെന്ന്‌ ഏവരും പറഞ്ഞുറപ്പിച്ചു. മുഖംമാന്തിയുടെ പറക്കല്‍ മുപ്പതു ജില്ലകളിലേക്ക്‌ വ്യാപിച്ചു. മുഖത്തും കൈകളിലും ഗുരുതരമായ മാന്തലും പോറലുമേറ്റവരുടെ എണ്ണം നൂറുകണക്കായും കൂടി. മുഖംമാന്തിയേക്കാള്‍ അതുണ്ടാക്കിയ ഭയമാണ്‌ കടുത്തതായത്‌. രാത്രി തന്റെ മുഖം എന്തോ നക്കുന്നത്‌ അറിഞ്ഞ്‌ ഉണര്‍ന്ന ഒരു ഗ്രാമീണന്‍ തന്റെ നായയെ കൊന്നു. മറ്റൊരാള്‍ മുഖംമാന്തിയെന്ന്‌ കരുതി രാത്രി തന്റെ അച്ഛനെ അടിക്കാന്‍ ആരംഭിച്ചു. ആ ഭീകരജീവിയില്‍ നിന്നു രക്ഷനേടാന്‍ ഗ്രാമീണര്‍ രാത്രി പട്രോളിംങ്‌ ആരംഭിച്ചു. പക്ഷേ, മുഖംമാന്തി അവരുടെ ജാഗ്രതയെ തോല്‍പിച്ച്‌ ആക്രമണം തുടര്‍ന്നു.- ഇത്‌ ഉത്തര്‍പ്രദേശില്‍ നടന്ന ഒരു സംഭവം (ഇന്ത്യാടുഡേ,2002). മലയാളസാഹിത്യത്തില്‍ കവിതകളുടെ രൂപത്തിലാണ്‌ മുഖംമാന്തികള്‍ പ്രത്യക്ഷപ്പെടുന്നത്‌. ആ നിരയില്‍ ഉള്‍പ്പെട്ടതാണ്‌ എന്‍. പ്രഭാകരന്റെ ബാബേല്‍ (മാതൃഭൂമി, നവം.12), അസീസ്‌ വില്യാപ്പള്ളിയുടെ ഒട്ടകം (ചന്ദ്രിക വാരാന്തപ്പതിപ്പ്‌,നവം.22) എന്നീ രചനകള്‍.

ആനുകാലികം:
പി. കെ. ഗോപിയുടെ സമുദ്രതാളത്തില്‍:ജീവന്റെപ്രകാശനിശ്വാസങ്ങളില്‍സ്വയമലിഞ്ഞ്‌ആത്മസമുദ്രങ്ങളുടെതാളലയത്തില്‍പ്രവഹിക്കുക മാത്രം ചെയ്യും.-(കലാകൗമുദി)- സംഗീതത്തിന്റെ വഴികളെപ്പറ്റിയാണ്‌ ഗോപി എഴുതുന്നത്‌. സംഗീതം സാഗരമാണെന്നൊക്കെ പലപാട്‌ പാടുകയും എഴുതുകയും ചെയ്‌തിട്ടുണ്ട്‌. ജി. ശങ്കരക്കുറുപ്പിന്റെ സാഗരസംഗീതമാണ്‌ ആദ്യം ഓര്‍മ്മയില്‍ തെളിയുക. സമുദ്രതാളത്തില്‍ സംഗീതം കേള്‍ക്കുന്ന പി. കെ. ഗോപി അത്‌ എഴുതി വരുമ്പോള്‍ സംഗീതം നഷ്‌ടമാകുന്നു. ഇത്‌ കവിക്ക്‌ തന്നെ ചികഞ്ഞെടുക്കാവുന്ന പ്രതിസന്ധിയാണ്‌. മികച്ച കവിതകളെഴുതുന്ന ഗോപിക്ക്‌ അതൊക്കെ അനായാസം മറികടക്കാന്‍ സാധിക്കുന്നതേയുള്ളൂ.

പി. കെ. പാറക്കടവ്‌ നവംബര്‍ ലക്കം ഭാഷാപോഷിണിയില്‍ എഴുതിയ സ്‌നേഹം കായ്‌ക്കുന്ന മരം എന്ന കവിത സ്വര്‍ഗക്കാഴ്‌ചയാണ്‌. അവിടെ അഭിലഷിച്ചതൊക്കെയും ലഭിച്ചു. എങ്കിലും കാവ്യപഥികന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുന്നു:
ദൈവമേ,
എനിക്കൊന്നും വേണ്ട
നീയെനിക്കൊരു
നീര്‍മാതളംനട്ടുതരിക
നിറയെ സ്‌നേഹം കായ്‌ക്കുന്ന
നീര്‍മാതളം.- ജോണ്‍ മില്‍ട്ടന്റെ നഷ്‌ടസ്വര്‍ഗമല്ല പാറക്കടവ്‌ വരച്ചുചേര്‍ത്തത്‌. മനുഷ്യന്റെ അകത്തളത്തിന്റെ നീറ്റലാണ്‌.

കെ.ടി. സൂപ്പിയുടെ ഒഴിവ്‌ എന്ന കവിത (മലയാളം വാരിക, നവം.20) ഉറക്കത്തിന്റെ വിവിധമാനങ്ങളിലേക്കാണ്‌ വായനക്കാരെ നയിക്കുന്നത്‌. കവിത വാക്കുകളുടെ ശില്‍പമാണ്‌. കെ. ടി. സൂപ്പിയുടെ കവിത പ്രതിഫലിപ്പിക്കുന്നതും വാങ്‌മയത്തിന്റെ മനോഹാരിതയും ആശയധാരയുമാണ്‌. കവി ഉറങ്ങാതിരിക്കുന്നു. പക്ഷേ, എഴുന്നേല്‍ക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. പതിവുപോല ഉറക്കമുണരുന്നു. ഉറക്കത്തിന്റെയും ഉറക്കമില്ലായ്‌മയുടെയും രണ്ടുകാലങ്ങളാണ്‌ ഈ കവിത ചര്‍ച്ചചെയ്യുന്നത്‌. സ്വപ്‌നഭരിതമായ ഒരു രാവിന്റെ പകര്‍പ്പെഴുത്താണ്‌ ഒഴിവ്‌. ആരും ആരെയും ഭയപ്പെടാത്ത സ്വപ്‌നത്തിന്റെ തെരുവിലൂടെ നടക്കുമ്പോള്‍ വ്യക്തികള്‍ക്ക്‌ ഒരു നിറമാണെന്ന്‌ കവി തിരിച്ചറിയുന്നു. വരികള്‍ക്കിടയില്‍ വിരിയുന്ന പ്രകൃതിമുഖമാണ്‌ കെ. ടി. സൂപ്പിയുടെ ഒഴിവ്‌ എന്ന കവിതയും അനുഭവപ്പെടുത്തുന്നത്‌. കവിതയില്‍ നിന്നും:ഉറങ്ങാതെയാണ്‌നേരം വെളുത്തതെങ്കിലുംഉറക്കമുണര്‍ന്നപോലെഎണീറ്റിരുന്നു.- ചില നിമിഷത്തിന്റെ തോന്നലുകളാണ്‌ കവിത. ഇത്തരമൊരു ചിത്രത്തില്‍ നിന്നും ഈ എഴുത്തുകാരന്‍ തെന്നിമാറുന്നതിങ്ങനെ:
ഉറങ്ങുമ്പോളെന്തായാലും
ആരും ആരേയും ഭരിക്കുന്നില്ല
സ്വപ്‌നത്തെരുവുകളില്‍മേഞ്ഞുനടക്കുമ്പോള്
‍എല്ലാവരുംരാജാക്കന്മാര്‍ തന്നെ.- കവിയുടെ ചോദ്യം മുനകൂര്‍ത്തു വരുന്നുണ്ട്‌. പകല്‍ ഓടിക്കൊണ്ടിരിക്കുന്നത്‌ രാത്രിയുടെ കയ്യൊപ്പ്‌ വാങ്ങാനോ? അടയാളപ്പെടലാണ്‌ ജീവിതത്തിന്റെ ലക്ഷ്യമെന്ന്‌ ധ്വനിപ്പിക്കാന്‍ ഒഴിവിന്‌ കഴിയുന്നു.
മത്സ്യഗ്രഹണം എന്ന കവിതയില്‍ (മാധ്യമം) കെ. പി. റഷീദ്‌ മീനിന്റെ പിടച്ചിലില്‍ ജീവിതവും മരണവും തമ്മിലുള്ള ഇടനാഴികളാണ്‌ എഴുതുന്നത്‌. കവിതയില്‍ നിന്നും:ഇല്ലപിടയില്ല ഞാനിനിമുക്കവാചൂണ്ടക്കുമാഴത്തില്‍തറഞ്ഞിരിപ്പൂ മരണംഒറ്റവലിക്കുയരാന്‍കുതറുംവീര്‍പ്പുബാക്കിയെങ്കിലുംവലിക്കാതിരിക്കേണ്ടഞാനുയര്‍ന്നു തരാം......വലിക്കാനറക്കേണ്ടമുക്കവാമരിച്ചിട്ടെത്രനാളായിഞാനെന്നോ.- കെ. പി. റഷീദിന്റെ വരികളില്‍ ഇരയുടെ നിതാന്ത സാന്നിധ്യമുണ്ട്‌. പ്രതിഭാഷയുടെ നീരൊഴുക്കും.കടാപ്പുറക്കവിതയില്‍ വിനു ജോസഫ്‌:പിന്നത്തെ ചാകരയ്‌ക്ക്‌തോണി മുങ്ങിച്ചാകുമ്പോള്‍കണവത്തരിയൊന്നും പെട്ടിരുന്നില്ലാ വലയില്‍ഒരു സമാഹാരത്തിനുപോലുംതികഞ്ഞില്ല കവിതകള്‍മൂന്നാംപക്കം കവിതയാ-യൊഴുകിവന്നു കരയില്‍- (കലാകൗമുദി, 1785). വിനു ജോസഫ്‌ കാവ്യരചനയുടെ വഴി കൂടി വെളിപ്പെടുത്തുന്നു. കവിത എഴുത്തിന്റെ രസതന്ത്രമായി മാറുന്നിടത്താണ്‌ ഹൃദ്യമാകുന്നത്‌.
രാവുണ്ണിയുടെ തപ്പലാട്ടം (ദേശാഭിമാനി, നവം.22) എന്ന കവിത പേരു സൂചിപ്പിക്കുന്നതുപോലെ, കാണാതാകലും അന്വേഷണവുമാണ്‌ കവിതയുടെ വിഷയം. ഓരോ സ്ഥലങ്ങളിലും ഓരോന്നു കാണാതാവുന്നു. വീട്ടമ്മ, അകത്തമ്മ, മുത്തമ്മ എല്ലാവരും തെരയുന്നു. അടുപ്പും അടുക്കളയും കാണാതാവുന്നു. എല്ലാം കളവുപോയതോ, അതോ മണ്‍മറഞ്ഞതോ. ഒന്നിനും ഒരു നിശ്ചയമില്ല. കവിതയുടെ അവസാന ഖണ്‌ഡികയില്‍ കവി പറയുന്നു:
മുഖം വീര്‍പ്പിച്ചിങ്ങിരുന്നാല്‍നാടു കിട്ട്വോ
മണ്ടാമിണ്ടാട്ടം മുട്ടിയിരുന്നാല്‍
ഉയിരു കിട്ട്വോ പൊട്ടാ?.

കവിതാപുസ്‌തകങ്ങള്‍
മോഹന്‍ദാസ്‌ മൊകേരിയുടെ 20 കവിതകളുടെ സമാഹാരം. രണ്ടുകാലങ്ങളുടെ ഇടകലര്‍പ്പാണ്‌ ഈ കവിതകളിലെഴുതുന്നത്‌. ത്യാഗത്തിന്റെ പച്ചപ്പ്‌ നിറഞ്ഞുനില്‍ക്കുന്ന ഒരു കാലഘട്ടം. എല്ലാറ്റിലും ശൂന്യതമാത്രം വായിച്ചെടുക്കുന്ന മറ്റൊരു കാലം. ഈ രണ്ടുകാലത്തിലും ശാഖകള്‍ വിരിച്ചുനില്‍ക്കുന്ന നാട്ടുമാവിന്റെ തണലും തണുപ്പും മധുരവും മോഹന്‍ദാസ്‌ മൊകേരിയുടെ എഴുത്തിലുണ്ട്‌. നീയും ഞാനും എന്ന്‌ പേരിട്ടു വിളിക്കുന്ന മോഹന്‍ദാസിന്റെ പുസ്‌തകത്തില്‍, തണല്‍മര ചോലയില്‍ (തണല്‍ മരം എന്ന കവിത) നിന്നും തപിക്കുന്ന കാലത്തിലേക്കുള്ള (ഒരു സന്ധ്യയുടെ മരണം എന്ന കവിത) യാത്രാനുഭവങ്ങളുടെ രേഖാചിത്രമാണ്‌ അടയാളപ്പെടുത്തുന്നത്‌. വേവുന്ന മനസ്സിന്റെ രോദനവും നോട്ടം വറ്റിപ്പോകുന്ന ജീവിതസന്ധികളും മോഹന്‍ദാസ്‌ മനോഹരമായി ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌. എഴുത്ത്‌ ഒരു ഉപാസനയായി കണ്ടെടുക്കുകയാണ്‌ ഈ എഴുത്തുകാരന്‍. ഉപാസന എന്ന കവിതയില്‍ എഴുതി:അറിയുന്നു കവിതേ, നിനക്കായ്‌ മാത്രമെന്‍ഹൃദയം ത്രസിച്ചു നില്‍ക്കുന്നു-എന്നിങ്ങനെ ധാര്‍മ്മികമൂല്യത്തിനായി നിലകൊള്ളുന്ന കവിതക്കുവേണ്ടിയാണ്‌ മോഹന്‍ദാസിന്റെ എഴുത്ത്‌. കടത്തനാട്ട്‌ നാരായണന്റെ അവതാരിക, ഡോ. ദേശമംഗലം രാമകൃഷ്‌ണന്റെ പഠനം, മദനന്റെ ചിത്രങ്ങള്‍ എന്നിവ നീയും ഞാനും എന്ന കൃതിയുടെ അര്‍ത്ഥഗരിമ പ്രതിഫലിപ്പിക്കുന്നു.- (എവര്‍ഗ്രീന്‍ ബുക്‌സ്‌, 35 രൂപ).

മുളയരി എന്ന പുസ്‌തകത്തില്‍ 44 കവിതകളുണ്ട്‌. അന്തര്‍ദാഹത്തില്‍ നിന്നും ദുരന്തത്തിലേക്കുള്ള തിരിച്ചു നടത്തമെന്ന്‌ ഈ സമാഹാരത്തെ വിശേഷിപ്പിക്കാം. കാര്‍മേഘങ്ങളെ ഭയപ്പെടുന്നത്‌ നാട്ടില്‍ പിറന്നതുകൊണ്ടാണെന്ന്‌ കവയിത്രി തിരിച്ചറിയുന്നു. എങ്കിലും അതിജീവനത്തിന്റെ കരുത്തില്‍, അന്തര്‍ദാഹം കൂടെ നടത്തുന്നതിനാല്‍ ചാവുകടലും ഉപ്പുനീരും തലവരയും അതിര്‍വര്‍ത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ്‌ ഹരിതയുടെ എഴുത്തിന്റെ ചാലകശക്തി. ഉയരത്തില്‍ പറക്കാത്ത കിളിയുടെ സന്തോഷവും സങ്കടവും ഹരിതയുടെ കവിതകളിലുണ്ട്‌. മാഞ്ഞുപോയ അക്ഷരങ്ങളില്‍ നിന്നും ജീവിതത്തെ തിരിച്ചുവിളിക്കാനുള്ള തയ്യാറെടുപ്പുകളോടെ കനത്ത നിശബ്‌ദതയോട്‌ കാരണങ്ങള്‍ ചോദിക്കുകയാണ്‌ മുളയരി. മലയാളത്തിന്റെ മണവും രൂചിയും ഇഴചേര്‍ന്നു നില്‍ക്കുന്ന മുളയരി കാഴ്‌ചയുടെയും വായനയുടെയും പറച്ചിലുകളാണ്‌. അഥവാ മഴപ്പറിച്ചുകളാണ്‌. സൂക്ഷ്‌മതയോടെ വാക്കുകളെ നിബന്ധിക്കാന്‍ ഹരിത പ്രകടിപ്പിക്കുന്ന ജാഗരൂകത ശ്രദ്ധേയമാണ്‌. മലയാളത്തിലെ പുതുനിരയില്‍ വേറിട്ടൊരു എഴുത്തുഭാഷയാണ്‌ ഹരിത മുളയരിയിലെ കവിതകളിലൂടെ അനുഭവപ്പെടുത്തുന്നത്‌. അവതാരിക സംപ്രീത.- (പായല്‍ ബുക്‌സ്‌, 35 രൂപ).

ബ്ലോഗ്‌ കവിത
ബ്ലോഗുകളില്‍ കവിതയുടെ വസന്തകാലമാണ്‌. വ്യത്യസ്‌ത ശൈലിയിലും താളത്തിലും മലയാളകവിതയുടെ വഴിമാറ്റം ശക്തമായി അനുഭവപ്പെടുത്തുന്നത്‌ ബ്ലോഗുകളാണ്‌. കൊച്ചു കൊച്ചു വാക്കുകള്‍ കൊണ്ട്‌ തീര്‍ക്കുന്ന എഴുത്തിന്റെ വിസ്‌മയമാണ്‌ ബ്ലോഗുകവിതകളിലേക്ക്‌ നമ്മെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്നത്‌.വി. ജയദേവിന്റെ ആനമയിലൊട്ടകം എന്ന ബ്ലോഗില്‍ നിന്നും:
സ്വന്തം തലയറുത്തു
വഴിയരികില്‍സ്വന്തം ജാതകം
കാഴ്‌ചയ്‌ക്ക്‌വച്ചിരുന്ന
ചെറുപ്പക്കാരനെഈയിടെയായി
വഴിവിളക്കുകള്‍ക്കുംകണ്ടാലറിയില്ല.- (ശ്‌മശാനത്തിലെ ഓരോ പകല്‍). യാഥാര്‍ത്ഥ്യത്തിന്‌ മുഖം കൊടുക്കാത്ത കാലമാണ്‌ ജയദേവന്‍ വാക്കുകളില്‍ പ്രതിഫലിപ്പിക്കുന്നത്‌.
പുതുകവിതാ ബ്ലോഗില്‍ സി. പി. ദിനേശ്‌ എഴുതിയ ഒഴുക്ക്‌ എന്ന കവിതയില്‍ പറയുന്നു:തോരാത്ത മഴയുടെ ചുവട്ടില്‍കുട ചൂടാതെനനഞ്ഞിരിക്കുന്നു
കുട.
കാറ്റടിച്ചീടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍ഉള്ളു കുതിര്‍ന്നങ്ങനെ.- വാക്കിന്റെ പെരുമവയില്‍ കുതിരുന്ന മനസ്സാണ്‌ കവിത. നിയോഗത്തിന്റെയും നിവേദനത്തിന്റെയും രീതിശാസ്‌ത്രമാണ്‌ ദിനേശ്‌ ഓര്‍മ്മപ്പെടുത്തുന്നത്‌.

സ്‌കൂള്‍ബ്ലോഗ്‌
സ്‌കൂള്‍ ബ്ലോഗില്‍ ഇത്തവണ ഓല ഓലഓണ്‍ലൈന്‍ മാസികയും നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ രചനകള്‍ മാത്രം പ്രസിദ്ധപ്പെടുത്തുന്ന വൈല്‍ഡ്‌ഫ്‌ളവേര്‍സുമാണ്‌ പരാമര്‍ശിക്കുന്നത്‌. വടകര പുതുപ്പണം ജെ. എന്‍. എം. ഗവ. ഹയര്‍ സെക്കണ്ടറി സൂളിലെ ഓലയില്‍ ശരണ്യ പി. എഴുതിയ ബലിച്ചോറ്‌ എന്ന കവിത അവതരണത്തിലും ഇതിവൃത്തത്തിലും മികച്ചുനില്‍ക്കുന്നു. വായനക്കാരുടെ ഓര്‍മ്മയില്‍ വൈലോപ്പിള്ളിയുടെ കാക്കകള്‍ എന്ന കാവ്യം കൂടെനടക്കുമെങ്കിലും ശരണ്യ പഴയ കവിയില്‍ നിന്നും ഏറെ മാറിനടക്കുന്നുണ്ട്‌. ശരണ്യയുടെ കവിതയില്‍ നിന്നും:
കാലം കഴിഞ്ഞവര്‍ക്കായി
ഞാന്‍ ഉരുട്ടി വച്ച ബലിച്ചോറ്‌
ആര്‍ത്തിയോടെ കൊത്തിതിന്ന
കാക്കകള്‍സ്വര്‍ഗ്ഗത്തിലേക്കെന്നപോലെ
പറക്കാന്‍ തുടങ്ങി.- ഈ രചനയില്‍ മനോഹരവും അര്‍ത്ഥഗരിമയുമുള്ള നിരവധി വാക്കുകളുടെ സന്നിവേശമുണ്ട്‌. നിലപറങ്കിയുടെ കൊമ്പ്‌ പോലുള്ള പദപ്രയോഗം മികച്ച കാവ്യരചനയിലേക്കുള്ള വഴിയടയാളമാണ്‌ തെളിയുന്നത്‌. ശരണ്യയുടെ കവിതയുടെ തുടക്കം തന്നെ ഹൃദ്യമാണ്‌.
എന്റെ മൗനത്തെയും വലിച്ചിഴച്ച്‌ ഈ രാത്രി മണ്ണിന്റെ ഈര്‍പ്പത്തിലേക്ക്‌ ഊര്‍ന്നിറങ്ങുകയാണ്‌.ആര്‍. എന്‍. എം. എച്ച്‌. എസിലെ വൈല്‍ഡ്‌ഫ്‌ളവേഴ്‌സില്‍ ശ്രീഹരി എസ്‌. എന്‍ എഴുതിയ അടുപ്പ്‌ കല്ല്‌, അടുപ്പിന്റെ വേവും മനസ്സിന്റെ ചൂടുമാണ്‌ അടയാളപ്പെടുത്തുന്നത്‌. കവിതയില്‍ പറയുന്നു:
വേദനകളെരിച്ചിടുന്നു
മോഹമായ്‌ പുകപൊങ്ങുന്നു
എങ്കിലുമൊന്നാളിക്കത്താന്‍
നം നിറയെ കൊതിച്ചിടുന്നു.-നോട്ടത്തില്‍ തളിര്‍ക്കുന്ന ജീവിതചിത്രമാണിത്‌.
ഹര്‍ഷമേനോന്റെ മലകയറ്റം, അരുണ്‍ ജി. പി.യുടെ ചൂല്‍ എന്നീ രചനകളും ശ്രദ്ധേയമാണ്‌. മലകയറുന്ന തന്നെ പുലരിയുടെ കരങ്ങള്‍ താങ്ങിനിര്‍ത്തുന്നതിനെപ്പറ്റിയാണ്‌ ഹര്‍ഷ ആലോചിക്കുന്നത്‌. അരുണ്‍ ഒരേ വൃത്തത്തില്‍ കറങ്ങുന്ന ജീവിതമാണ്‌ ചൂലില്‍ വായിച്ചെടുക്കുന്നത്‌.

കാമ്പസ്‌ കവിത
കാമ്പസ്‌ കവിതയില്‍ ഈ ലക്കത്തില്‍ രണ്ട്‌ രചനകളാണ്‌ ഉള്‍പ്പെടുത്തിയത്‌. ശരണ്യ ശശി (പാലക്കാട്‌) യുടെ നിനക്കായ്‌ (മാതൃഭൂമി, നവം.22). അര്‍പ്പണത്തിന്റെ പാട്ടാണിത്‌. കൂട്ടുകാരിക്കായ്‌ എല്ലാം നീക്കിവയ്‌ക്കുന്ന മനസ്സാണ്‌ ശരണ്യ എഴുതിയത്‌:
എന്റെ മോഹങ്ങള്‍
പൂവിട്ടു പഴുത്തതും
കനിയായ്‌ നില്‌പതും
നിനക്കായ്‌ സഖീ
നിനക്കായ്‌ മാത്രം.-പ്രണയത്തിന്റെ കുമ്പസാരം എന്ന രചനയില്‍ ശ്യാം പി. എസ്‌ എഴുതുന്നത്‌ പ്രണയത്തിന്റെ ഇരിപ്പിടങ്ങളെക്കുറിച്ചാണ്‌. പ്രണയത്തെ പലവിതാനത്തില്‍ വെച്ച്‌ വായിക്കുകയാണ്‌ എഴുത്തുകാരന്‍. ശ്യാം പറയുന്നത്‌:
ചിലരുടെ പ്രണയങ്ങള്
‍ബസ്‌ യാത്രക്കാരെപ്പോലെയാണ്‌
കയറിയാല്‍ ഇറങ്ങിപ്പോകുവാന്‍
തിരക്കുക്കൂട്ടുന്നവരുണ്ട്‌
ചില പ്രണയങ്ങള്‍
നിന്ന്‌ നിന്ന്‌ കാല്‍ കഴച്ച്‌
ആത്മഹത്യ ചെയ്യും.......
ഇനിയും ചിലരുടെ പ്രണയം
എന്നും കണ്ടുമുട്ടുന്ന
യാത്രക്കാരെപ്പോലെയാണ്‌
പരസ്‌പരം മിണ്ടാറില്ല.

കാവ്യനിരീക്ഷണം
ഏതൊരനുഭവത്തേയും ഭാവനയുടെ സഹായത്തോടെ വൈകാരികാനുഭൂതിയാക്കി മാറ്റാന്‍ കവിക്ക്‌ കഴിയണം. കവിമനസ്സില്‍ രൂപപ്പെടുന്ന ജീവിതത്തിന്റെ വ്യാഖ്യാനമാണ്‌ കവിത.- പ്രൊഫ. കടത്തനാട്ട്‌ നാരായണന്‍.-നിബ്ബ്‌, ചന്ദ്രിക 29-11-2009

Thursday, November 19, 2009

തണുപ്പിന്റെ കിസ്സ


തൊരു കിസ്സയാകുന്നു. ചേറുമ്പ്‌ കിസ്സ. കിസ്സ എന്നാല്‍ എന്തെന്ന്‌ താങ്കള്‍ക്കെന്ത്‌ അറിയാം? പറയാം, അതൊരു ചിരപുരാതനമായ അറബി വാക്കാകുന്നു. അതിന്റെ അര്‍ത്ഥം കഥ, കെട്ടുകഥ, കേട്ട കഥ, ഇതിഹാസം, പിന്തുടരല്‍, ചരിത്രം എന്നൊക്കെയാകുന്നു.

ഈ നൂറ്റാണ്ടിലെഴുതപ്പെടുന്ന ആദ്യത്തെ കിസ്സയാകുന്നു ചേറുമ്പ്‌ കിസ്സ. ലാ ശക്ക ഫീഹി.....
അതില്‍ യാതൊരു സംശയവുമില്ല......

മറ്റൊരിടത്ത്‌ നോവലിസ്റ്റ്‌ : കാലമങ്ങനെ ഒളിച്ചുകളിച്ച്‌ കുഞ്ഞാലനേയും ആയിശയേയും സൈദിനേയും സുഖിപ്പിച്ചു.- ചേറമ്പിലെ ജീവിതത്തിന്റെ കയറ്റിറക്കത്തിലൂടെ കഥയും കഥപറച്ചിലുകാരനും വേറിട്ടൊരു വിതാനത്തിലെത്തുന്നു. ഉപദേശത്തിന്റെയും തിരിച്ചറിവിന്റെയും തലത്തില്‍.

സാരോപദേശത്തിന്റെ ഒരു സന്ദര്‍ഭത്തില്‍, ആയിശയെ മുസ്‌ലിയാര്‍ ജീവിതത്തിന്റെ പാഠം ഒര്‍മ്മപ്പെടുത്തുന്നതിങ്ങനെ: പ്രായമായ ഉമ്മബാപ്പമാരെ നോക്കലാണ്‌ ഈ ലോകത്ത്‌ മനുഷ്യന്‌ ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ നന്മ.- ഇത്‌ അബു ഇരിങ്ങാട്ടിരിയുടെ ദൃഷ്‌ടാന്തങ്ങള്‍ എന്ന നോവലില്‍ (മാതൃഭൂമി ബുക്‌സ്‌) നിന്നും.

കിസ്സ പറഞ്ഞുതുടങ്ങി (തുടക്കം) അതെന്താണെന്ന്‌ താങ്കള്‍ക്കെന്തറിയാം! എന്ന ആശ്ചര്യത്തിലവസാനിക്കുമ്പോള്‍ (ഒടുക്കം) കേരളത്തിലെ മുസ്‌ലിം ജീവിതാവസ്ഥകളിലേക്ക്‌ വാതില്‍ തുറക്കുകയാണ്‌ അബു ഇരിങ്ങാട്ടിരി. ജീവിതത്തിന്റെ അകംപുറം കാഴ്‌ചകളിലേക്ക്‌ പെയ്‌തിറങ്ങുന്ന പുതുവെളിച്ചമാണ്‌ കഥകള്‍. കഥ പറച്ചിലിന്റെ താളവും ലയവും മറ്റൊ
ന്നല്ല.
ആനുകാലികം:
മലയാളകഥയുടെ ജാഗ്രതയുടെയും തളര്‍ച്ചയുടെയും പ്രതിഫലനമാണ്‌ ആനുകാലികങ്ങളില്‍ നിറഞ്ഞത്‌. സി. രാധാകൃഷ്‌ണന്‍, യു. കെ. കുമാരന്‍, നര്‍ഗീസ്‌, ഡോ. എം. ഷാജഹാന്‍, പി. എസ്‌. റഫീഖ്‌ തുടങ്ങിയവരുടെ കഥകള്‍ അവതരണത്തിലും വിഷയ സ്വീകരണത്തിലും വേറിട്ടുനില്‍ക്കുന്നു.

പ്രമേയത്തിന്‌ പുതുമയില്ലെങ്കിലും അവതരണത്തിലെ ഭംഗിയാണ്‌ ഈ കഥകളില്‍ പലതിന്റെയും മേന്മ.സി. രാധാകൃഷ്‌ണന്‍ സന്തോഷിന്റെ സങ്കടങ്ങള്‍ എന്ന കഥയില്‍ ബാങ്ക്‌ മാനേജറായ സുരേഷ്‌ മകന്റെ ജന്മദിനത്തിന്‌ കൊടുക്കാന്‍വേണ്ടി ഒരു സമ്മാനം വാങ്ങാന്‍ ആലോചിക്കുന്നു. സുരേഷ്‌ അയല്‍വാസിയോട്‌ ഏതുതരം സമ്മാനമാണ്‌ തെരഞ്ഞെടുക്കാന്‍ സാധിക്കുക എന്ന്‌ ചോദിക്കുന്നു. സുരേഷിന്‌ മകനെ എന്‍ജിനീയറാക്കണമെന്നാണ്‌ മോഹം. അയാള്‍ മകന്‌ കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുക്കുന്നു. പിന്നീട്‌ കഥയില്‍ മകന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളാണ്‌ വിവരിക്കുന്നത്‌. മകന്‍ ജന്മദിന സമ്മാനമായി ഓടക്കുഴല്‍ മതിയെന്നു പറഞ്ഞിട്ടും സുരേഷിന്‌ അത്‌ അംഗീകരിക്കാന്‍ കഴിഞ്ഞില്ല. മകനെ കൂടുതല്‍ പഠനത്തിനു വേണ്ടി കഥാകാരന്റെ അടുത്തേക്ക്‌ വിടുന്നു. അവന്റെ മാറ്റം കഥാകാരനെ വിസ്‌മയിപ്പിക്കുന്നു. കഥയിലൊരിടത്ത്‌ രാധാകൃഷ്‌ണന്‍ പറയുന്നു: അവന്‍ ആളാകെ മാറിയതുപോലെ എനിക്കു തോന്നി. പഴയ മാര്‍ദ്ദവം കണ്ണുകളില്ല. പകരം ഏതോ ദുരൂഹക്രൗര്യത്തിന്റെ നേര്‍ത്ത നിഴല്‍ ഉണ്ടെന്നു തോന്നി. യുവത്വത്തിലേക്കുള്ള പരിണാമം എന്നു ഞാന്‍ വിചാരിച്ചു. ശബ്‌ദവും നോട്ടവും മാറുന്നഘട്ടം എല്ലാ ആണ്‍കുട്ടികള്‍ക്കും ഉണ്ടാകുന്നതാണെല്ലോ.- സി. രാധാകൃഷ്‌ണന്റെ മികച്ച കഥയല്ലിത്‌. എങ്കിലും കുട്ടികളുടെ മനസ്സും രക്ഷിതാക്കളില്‍ പടരുന്ന കരിയറിസവും ഭംഗിയായി ഈ കഥ വ്യക്തമാക്കുന്നു.


യു. കെ. കുമാരന്റെ ഒറ്റമുറിക്കൊട്ടാരം വീടെഴുത്തിന്റെ കഥയാണ്‌: നോക്കൂ ഇവിടെ എത്രമാത്രം സുരക്ഷിതമാണെന്ന്‌. ചുറ്റും മതില്‍. പുറത്തുനിന്ന്‌ അപരിചിതനായ ഒരാള്‍ക്ക്‌ അത്ര പെട്ടെന്ന്‌ ഇതിനകത്തേക്ക്‌ പ്രവേശിക്കാന്‍ കഴിയില്ല. ഇക്കാലത്ത്‌ നമ്മള്‍ ഏറ്റവുമധികം പേടിക്കേണ്ടത്‌ അത്തരക്കാരെയാണെല്ലോ? ആരൊക്കെയാണ്‌ നമ്മുടെ വീട്ടിലേക്ക്‌ വരുന്നുത്‌.- കഥയുടെ സ്വാഭാവികമായ തുടക്കം.കഥാന്ത്യത്തില്‍ കാറില്‍ അമര്‍ന്നിരുന്ന്‌ സ്വാതി പറഞ്ഞു: ഈ ഒറ്റമുറി വീട്ടില്‍ അവരെങ്ങനെയാണ്‌ കഴിയുന്നത്‌? എന്തൊരു ചൂടാണിവിടെ? അപ്പോള്‍ ബിജു ചോദിച്ചു:ആരു പറഞ്ഞു അത്‌ ഒറ്റമുറിയാണെന്ന്‌? അതിന്‌ ധാരാളം മുറികളുണ്ട്‌. അവ നമ്മള്‍ കാണാത്തതല്ലേ?- (മാതൃഭൂമി, നവം.1). മലയാളത്തില്‍ വീടെഴുത്തിന്റെ കഥാകാരനെന്ന്‌ യു. കെ. കുമാരനെ വിശേഷിപ്പിക്കാം. വീടിന്റെ വിവിധമാനങ്ങള്‍ യു. കെ. യുടെ കഥകളില്‍ കൂടുവയ്‌ക്കാറുണ്ട്‌. പുതിയ കഥയിലും വീടാണ്‌ താരം. ഒപ്പം മനുഷ്യസ്വഭാവത്തിന്റെ വൈവിധ്യങ്ങളും. നല്ലൊരു വായനാനുഭവം പകരുന്ന കഥ.

ഡോ. എം. ഷാജഹാന്റെ കഥയില്‍ നിന്നും: കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍ ദിനങ്ങളോളം അന്നപാനീയങ്ങള്‍ പോലും മറന്നുപോകുന്ന പ്രണയത്തിന്റെ കാന്തശക്തിയെപ്പറ്റി.മഞ്ഞുമലകള്‍ക്കും കൊടുമുടികള്‍ക്കും ഭൂഖണ്‌ഡാന്തര വിടവുകള്‍ക്കുപോലും അകറ്റി നിര്‍ത്താന്‍ കഴിയാതിരുന്ന ഹൃദയങ്ങളെപ്പറ്റി. ഒരു നോക്കിനും ഒരു വാക്കിനും വേണ്ടി ചലിപ്പിക്കപ്പെട്ട കപ്പല്‍ വ്യൂഹങ്ങളെയും സൈന്യങ്ങളെയും പറ്റി... വാര്‍ദ്ധക്യത്തിലും നഷ്‌ടപ്പെട്ട കമിതാവിനുവേണ്ടി നോവുന്നവരെപ്പറ്റി അങ്ങനെ പലതും.

സന്തോഷത്താല്‍ തുടുത്ത മുഖത്തോടുകൂടി അയാള്‍ വാചാലനായി.എന്തുകൊണ്ട്‌ പ്രണയത്തെപ്പറ്റി രണ്ടുതരത്തില്‍ അവതരിപ്പിച്ചത്‌ എന്നു മാത്രം തുമ്പി ചോദിച്ചു.- (ശബ്‌ദങ്ങള്‍ക്കുശേഷം-സമയം മാസിക).

ശബ്‌ദങ്ങള്‍ക്കുവേണ്ടി ദാഹിക്കുന്ന ഒരാളിലൂടെയാണ്‌ ഡോ. ഷാജഹാന്‍ കഥപറയുന്നത്‌. അയാള്‍ ജീവികളില്ലാത്ത ഒരിടത്തെത്തുന്നു. ഒടുവില്‍ ഒരു തുമ്പിയെ കാണുന്നു. പിന്നീട്‌ തുമ്പിയുടെ ചോദ്യത്തിന്‌ ഉത്തരം പറയുകയാണ്‌. അതാകട്ടെ പ്രണയവും. ഈ കഥയുടെ വായനയില്‍ പ്രതിബന്ധമായി നില്‍ക്കുന്ന നിരവധി വാക്കുകളുണ്ട്‌. ഉദാഹരത്തിന്‌ അന്നപാനീയം. എഴുതുമ്പോള്‍ വാക്കുകള്‍ കൈക്കുടന്നയിലേക്ക്‌ കയറിവരികയാണെന്ന്‌ ഒ. വി. വിജയന്‍ പറഞ്ഞിട്ടുണ്ട്‌. അത്‌ എഴുത്തിനെക്കുറിച്ചുള്ള പ്രാഥമികബോധമാണ്‌. ഡോ. ഷാജഹാന്റെ കഥപറച്ചിലില്‍ താളമുണ്ട്‌. പക്ഷേ, ലയമില്ല. കഥയ്‌ക്കുവേണ്ടി സ്വീകരിച്ച വിഷയവും പശ്ചാത്തലവര്‍ണ്ണനയും മനോഹരം. ഈ കഥയുടെ വൃഥാസ്ഥൂലത ഒഴിവാക്കിയിരുന്നെങ്കില്‍ എന്ന്‌ വായനക്കാര്‍ ആഗ്രഹിച്ചാല്‍ കുറ്റംപറയാന്‍ സാധിക്കില്ല.
ആദ്യകഥയിലൂടെ മലയാളത്തില്‍ സര്‍ഗാത്മകതയുടെ വിസ്‌മയം തീര്‍ക്കുകയാണ്‌ നര്‍ഗീസ്‌. ബോട്ടപകടത്തിന്റെ ദൃശ്യാംശങ്ങള്‍ ഇടകലര്‍ത്തി നര്‍ഗീസ്‌ കഥപറയുമ്പോള്‍, എഴുത്തിന്റെ ഗരിമയും സൗന്ദര്യവും അനുഭവപ്പെടുത്തുന്നു. ജീവിതത്തിന്റെ പാഠാവലിയാണ്‌.

തണുപ്പ്‌
എന്ന കഥയില്‍ നര്‍ഗീസ്‌ അവതരിപ്പിക്കുന്നതും ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴികളാണ്‌. കഥയിലെ സോനാലി രണ്ടുതീരങ്ങളില്‍ വിരല്‍സ്‌പര്‍ശിക്കുന്നുണ്ട്‌. ഇരുകരകള്‍ പുണര്‍ന്നുനില്‍ക്കുയാണ്‌ തണുപ്പ്‌ എന്ന കഥയില്‍. സാധാരണനിലയില്‍ നിന്നും ഒഴുക്കന്‍മട്ടില്‍ പറഞ്ഞുതുടങ്ങുന്ന കഥയുടെ അവസാനത്തില്‍ നര്‍ഗീസ്‌ വരുത്തുന്ന ട്വിസ്റ്റ്‌ ഹൃദ്യമാണ്‌. വസ്‌തുനിഷ്‌ഠ വര്‍ണ്ണന ചിലയിടങ്ങളില്‍ മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും അതൊന്നും തണുപ്പ്‌ എന്ന കഥയുടെ ഗാംഭീര്യം കുറയ്‌ക്കുന്നില്ല. വിഷയം എന്തായാലും കഥപറയാനുള്ള സിദ്ധിയാണ്‌ നര്‍ഗീസിനെ മലയാളകഥയില്‍ പുതുനിരയുടെ അമരത്ത്‌ നിര്‍ത്തുന്നത്‌. തണുപ്പ്‌ എന്ന കഥയുടെ തുടക്കം: തടാകത്തിലെ ഇരുണ്ട വെള്ളത്തില്‍ ഒരു തടിക്കഷ്‌ണത്തില്‍ പിടിച്ചു തൂങ്ങി നില്‍ക്കുകയായിരുന്നു അവള്‍. മരവിച്ചു തുടങ്ങിയ കാലുകളില്‍ നിന്ന്‌ ജീവന്റെ മിടിപ്പ്‌ ഏതു നിമിഷവും പിന്‍വാങ്ങാം. കൈകളിലെ അവസാന പ്രയത്‌നവും തോറ്റു വിരലുകളൂര്‍ന്നു. താന്‍ ഈ തടാകത്തില്‍ ഒന്നോ, രണ്ടോ കുമിളകള്‍ ഉയര്‍ത്തി അപ്രത്യക്ഷയാകും.സോനാലി തടിയില്‍ മുഖം ചേര്‍ത്തുവെച്ചു. കീറി മുറിഞ്ഞുപോകുന്ന ഓര്‍മ്മകളില്‍ നിന്ന്‌ ഉല്ലാസബോട്ടിലെ ഹിന്ദിഗാനവും താളവും കരഘോഷവും ഉയര്‍ന്ന ചിരികളും അവളുടെ ബോധമനസ്സിലേക്ക്‌ വന്നു.താണുപോയ ബോട്ടിന്റെ മുനപോലും കാണുന്നില്ല.............പതറിപ്പോകുന്ന ചിന്തകള്‍ക്കിടയില്‍ നിലതെറ്റിവന്ന ഒരു കുഞ്ഞോളം അവളുടെ മൂക്കോളം നനച്ചു കടന്നുപോയി.കഥയുടെ അവസാനത്തില്‍ നര്‍ഗീസ്‌ എഴുതുന്നു: തടാകത്തിലെ തണുപ്പിന്‌ കനം വെച്ചു. ആഞ്ഞു വരുന്ന തിരകള്‍ക്കുമേല്‍ അനിവാര്യമായ ഒരു ആക്രമണം കാത്തു സോനാലി കണ്ണുകള്‍ ഇറുക്കി അടച്ചു.- (വാരാദ്യമാധ്യമം, നവം.8). മലയാളത്തില്‍ അടുത്തകാലത്തിറങ്ങിയ മികച്ച കഥകളിലൊന്നാണ്‌ തണുപ്പ്‌.

പി. എസ്‌. റഫീഖ്‌ ചാനല്‍ലോകത്തിന്റെ ജീവിതവൃത്താന്തത്തിലേക്ക്‌ നമ്മുടെ ശ്രദ്ധപതിപ്പിക്കുകയാണ്‌ കടലെടുത്തവരുടെ നഗരം എന്ന കഥയില്‍. ജനതാ ചാനലിന്റെ വിഷ്വല്‍ എഡിറ്റര്‍ സാം ഡോക്‌ടറുടെ മുറിയില്‍ ഇരിക്കുന്നു. അയാള്‍ സംശയത്തിന്റെ ആനുകൂല്യം പറ്റുന്നുണ്ട്‌. തന്റെ രോഗം അല്‍ഷിമേഴ്‌സല്ലെന്ന്‌ ഡോക്‌ടര്‍ പറഞ്ഞിട്ടും സാം ഉത്‌ക്കണ്‌ഠപ്പെടുന്നു. കഥയിലൊരിടത്ത്‌: മണിക്കൂറുകളെടുത്ത ദീര്‍ഘദൂര ഓട്ടത്തിനിടയില്‍ എവിടെയോ ഇടിച്ചുനിന്ന സാം താനെത്തിച്ചേര്‍ന്നിരിക്കുന്നത്‌ എന്നും പല്ലിളിച്ചു കാണിക്കുന്ന നിത്യപരിചിതമായ ടവറിനു മുന്നിലാണെന്ന്‌ നിസ്സഹായനായി മനസ്സിലാക്കി. മുങ്ങിപ്പോയ ഓര്‍മ്മകളുടെ തെളിവെടുപ്പിനായി ഭൂമിയിലെ അവസാനത്തെ ഒരിറ്റു ശ്വാസത്തിനെന്നപോലെ അയാള്‍ ആ വലിയ ടവറിനു മുന്നില്‍ മുട്ടുകുത്തി ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള ഘടികാരത്തിനു നേരെ നോക്കി....കഥയുടെ അവസാനത്തില്‍ റഫീക്ക്‌ പറയുന്നു: പെട്ടെന്ന്‌, അന്നു പകല്‍ താന്‍ എഡിറ്റു ചെയ്‌ത ഡോക്യുഫിക്‌ഷന്റെ സംവിധായകനാരെന്ന്‌ അയാള്‍ ഭീതിയോടെ ചിന്തിക്കാന്‍ തുടങ്ങി.-( ഭാഷാപോഷിണി, നവം. ലക്കം). വേഗതയില്‍ കുതിരുന്ന ജീവിതമെഴുത്താണ്‌ ഈ കഥ.


കഥാപുസ്‌തകങ്ങള്‍: മലയാളകഥയില്‍ രണ്ട്‌ വ്യത്യസ്‌തധാരകള്‍ ഉള്‍ക്കൊള്ളുന്ന പുസ്‌തകങ്ങളാണ്‌ അശ്രഫ്‌ ആഡൂരിന്റെ പെരുമഴയിലൂടൊരാള്‍, സെക്രട്ടേറിയറ്റ്‌ ഉദ്യോഗസ്ഥരുടെ കഥകളുടെ സമാഹാരം നിലാവിന്‍ വഴിയിലൂടെ എന്നിവ. ചെറിയ ചെറിയ കഥകളിലൂടെ മലയാളത്തില്‍ വേറിട്ടൊരു ഇടം സ്വന്തമാക്കിയ കഥപറച്ചിലുകാരനാണ്‌ അശ്രഫ്‌ ആഡൂര്‌. ജീവിതം തൊട്ടെഴുതുന്ന ഈ കഥാകൃത്ത്‌ അല്‍ഭുതങ്ങളൊരിക്കലും അടയാളപ്പെടുത്തുന്നില്ല. തന്റെ ചുറ്റുപാടും താനും നിറഞ്ഞുനില്‍ക്കുന്ന ലോകമാണ്‌ അശ്രഫിന്റെ കഥാതട്ടകം. 23 കഥകളാണ്‌ ഈ പുസ്‌തകത്തിലുള്ളത്‌. ഓരോരുത്തരുടെയും ജീവിതം, പെയ്‌ത്ത്‌, പമ്പരം, കടലെഴുത്ത്‌, മുട്ട, ചെക്ക്‌, മരം, മുള്ളൂത്തി തുടങ്ങിയവ. വാക്കുകളെ കണ്ണാടിപോലെ മിനുസപ്പെടുത്തുന്ന രചനാതന്ത്രമാണ്‌ അശ്രഫിന്റേത്‌.

കഥയില്‍ ഓരോ വായനക്കാരും അവരവരുടെ മുഖമാണ്‌ കാണുന്നത്‌. ജീവിതത്തോട്‌ അത്രയും അടുത്തുനിന്നു കഥപറയുകയാണ്‌ ഈ എഴുത്തുകാരന്‍. പെരുമഴയിലൂടൊരാള്‍ എന്ന കഥയില്‍ അശ്രഫ്‌ എഴുതി: ഓരോ നിമിഷവും ഒരു മരിച്ചവീടിന്റെ അവസ്ഥയിലേക്ക്‌ ഓഫീസ്‌
രൂപാന്തരം പ്രാപിക്കുന്നതായി ഞാനറിഞ്ഞു. സകല ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ കയര്‍പോട്ടിച്ചു. വെളുവെളുത്ത പേപ്പറിന്റെ മടക്ക്‌ നിവര്‍ത്തുമ്പോള്‍ എനിക്ക്‌ ഒറ്റ പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്‌ കല്‍ക്കത്തയില്‍ നിന്നുള്ള പാര്‍സല്‍ തന്നെയാവണേ എന്ന്‌.- (കൈരളി ബുക്‌സ്‌ കണ്ണൂര്‍, 40രൂപ).

നിലാവിന്‍ വഴിയിലൂടെ എന്ന കൃതിയില്‍ 17 കഥകളുണ്ട്‌. ഉദയകുമാര്‍, ഹരിലാല്‍ പെരിങ്ങോത്ത്‌, മോഹന്‍ദാസ്‌ മൊകേരി, ഓയൂര്‍ തുളസീധരന്‍, പി. ജയലക്ഷ്‌മി, എസ്‌. ജയശ്രീ, വി. ഒബൈദുള്ള, സി. എസ്‌. ശാരി, പത്മരാജു തുഷാരം, രാജ്‌ കാഞ്ഞിരമറ്റം എന്നിവരുടെ കഥകള്‍. മോഹന്‍ദാസ്‌ മൊകേരിയുടെ കട്ടില്‍ എന്ന കഥ പാരമ്പര്യത്തിന്റെ ഊറ്റവും സ്വാസ്ഥ്യവുമാണ്‌ വിവരിക്കുന്നത്‌. കഥയുടെ അവസാനം നായകന്‍ കുടുംബവീട്ടില്‍ നിന്നും നഗരത്തിലെത്തിച്ച കട്ടിലില്‍ കിടക്കുന്നു. അയാളുടെ അനുഭവധാരയാണ്‌ എഴുത്തുകാരന്‍ പ്രതിപാദിക്കുന്നത്‌: കൃതാര്‍ത്ഥതയോടെ കട്ടില്‍ കാലുകളില്‍ മുറുകെ പിടിച്ചപ്പോള്‍ മുന്‍ഗാമികളുടെ നനുത്ത വിരല്‍ സ്‌പര്‍ശം സിരകളില്‍ പടരുന്നത്‌ ഒരു സ്വപ്‌നത്തിലെന്നപോലെ ഞാനറിഞ്ഞു.- ആറ്റിക്കുറുക്കി കഥപറയാനുള്ള മോഹന്‍ദാസിന്റെ മികവ്‌ കട്ടിലില്‍ തെളിയുന്നു. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ (ഹരിലാല്‍), വിലയം (ഉദയകുമാര്‍), ഉദ്യോഗപര്‍വ്വം (എസ്‌. ജയശ്രീ്‌), അബോധങ്ങളില്‍ ഗുല്‍മോഹര്‍ പൂക്കുമ്പോള്‍ (രാജ്‌ കാഞ്ഞിരമറ്റം), അഭയം (പി. ജയലക്ഷ്‌മി), ശേഷക്രിയ (ഓയൂര്‍ തുളസീധരന്‍), ഒന്നാമന്റെ വരവ്‌ (പത്മരാജു തുഷാരം), അഗ്നി (വി. ഒബൈദുള്ള), കള്ളന്‍ (സി. എസ്‌. ശാരി) തുടങ്ങിയ കഥകളും നടപ്പുശീലത്തിന്റെ മറുപുറം കാഴ്‌ചയിലേക്ക്‌ നമ്മെ നയിക്കുന്നു. -(ബ്ലോഗ്‌ ബുക്‌സ്‌, 65 രൂപ).


ബ്ലോഗ്‌കഥ: നചികേതിന്റെ ബ്ലോഗിലെ ഉണക്കിസൂക്ഷിപ്പുകള്‍ എന്ന കഥ ആധുനികകാല ജീവിതത്തിന്റെ വിഷമസന്ധികളിലൂടെ കടന്നുപോകുന്നു. കഥയുടെ തുടക്കം ഫുള്‍സ്റ്റോപ്പില്ലാത്ത വാചകങ്ങളുടെ പെരുമഴയാണ്‌. തുടക്കത്തില്‍ നിന്നും: നഗരത്തിലെ പ്രധാന നിരത്തുകളിലെ മഴവില്ലിന്റെ നിറം തേച്ച കെട്ടിടങ്ങളില്‍ നിന്ന്‌ പിഴയായി അധിക നികുതി ഈടാക്കാന്‍ തീരുമാനിച്ച നഗരസഭയുടെ തീരുമാനത്തെ ഒരു തരത്തില്‍ അംഗീകരിക്കാമെന്ന തന്റെ വാദം ഒരു നഗരജീവിയുടെ...- നചികേതിന്റെ തുടക്കംതന്നെ വായനക്കാരനെ കഥയില്‍ നിന്നും അകറ്റുന്നരീതിയിലാണ്‌. ബ്ലോഗാകുമ്പോള്‍ എങ്ങനെയും വലിച്ചുനീട്ടാനും ആറ്റിക്കുറക്കാനും സ്വാതന്ത്ര്യമുണ്ടല്ലോ. പക്ഷേ, മാധ്യമം എതായാലും രചന സര്‍ഗാത്മമായിരിക്കുമ്പോള്‍ മാത്രമേ അനുവാചകന്‍ അത്‌ സ്വീകരിക്കൂ. നചികേതിന്റെ കഥയില്ലാത്തതും മറ്റൊന്നല്ല. കഥയുടെ അവസാനഭാഗത്ത്‌ വലിയൊരു തത്ത്വോപദേശവും എഴുതിച്ചേര്‍ക്കാന്‍ കഥാകാരന്‍ മറന്നില്ല: സലീം, ശ്രീകാന്ത്‌ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ക്കുള്ള ഒരു നിര്‍ദേശം കൂടി തന്റെ കൈപടയില്‍ എഴുതിച്ചേര്‍ത്തു. ഇവിടെ ജീവിതം ഉണക്കിസൂക്ഷിക്കാനുള്ളതാണ്‌, മുളപ്പിക്കാനുള്ളതല്ല.- (മലയാളം ബ്ലോഗുകള്‍-ജാലകം).

തര്‍ജ്ജനി ബ്ലോഗിലെ രണ്ടു കഥകളിലും മരണമാണ്‌ പ്രമേയം. രണ്ടു കഥകളും വിദ്യാര്‍ത്ഥിനികളാണ്‌ രചിച്ചത്‌. ഒളിച്ചോടുന്നവര്‍ എന്ന കഥ തിരുവനന്തപുരം കരമന ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ആമിന സി. ആണ്‌ എഴുതിയത്‌. ആമിനക്ക്‌ കഥപറയാനുള്ള താല്‍പര്യമുണ്ട്‌. ആമിനയുടെ കഥയില്‍ മരണമാണ്‌ പ്രതിപാദ്യ വിഷയം. കഥയുടെ തുടക്കം: ജീവിതത്തില്‍ നിന്ന്‌ എങ്ങോ ഒളിച്ചോടുമ്പോലെ ചീറിപ്പായുകയാണ്‌ ബസ്‌. ഓടി മറയുന്ന കാഴ്‌ച..- ഉണ്ണിയുടെ മനസ്സിലൂടെയാണ്‌ കഥാകാരി സഞ്ചരിക്കുന്നത്‌. ഉണ്ണി യാത്രയിലാണ്‌. വീട്ടിലേക്കു തന്നെ. കഥയില്‍ ആമിന എഴുതി: ഉണ്ണി എത്തി. എന്നാലിനി കര്‍മ്മങ്ങള്‍ തുടങ്ങാം.- മരണവീടിന്റെ വ്യക്തമായി ചിത്രം അനുവാചകന്റെ മനസ്സില്‍ പ്രതിഷ്‌ഠിക്കാന്‍ എഴുത്തുകാരിക്ക്‌ സാധിക്കുന്നു. എന്നാല്‍ കഥാന്ത്യം പ്രബന്ധമാണ്‌. - പറ്റിയില്ല. സമയമില്ലായിരുന്നു ഒന്നിനും. ഒന്നു ചിന്തിക്കാന്‍പോലും. എന്നിട്ട്‌ എന്താണ്‌ ആകെ നേടിയത്‌.കരമന ഗവ. ഗേള്‍സ്‌ ഹയര്‍
സെക്കണ്ടറി സ്‌കൂളിലെ ശ്രീജ ജെ. എഴുതിയ അമ്മയുടെ അരികിലേക്ക്‌ എന്ന കഥയും മരണത്തെപ്പറ്റിയാണ്‌. മകന്റെ ഓര്‍മ്മയിലൂടെയാണ്‌ ഈ കഥയിലും അച്ഛന്റെ മരണത്തിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്‌. കഥയില്‍ നിന്നും: ആശുപത്രിയില്‍ എത്തുന്നതിന്‌ മുമ്പ്‌ അച്ഛന്‍ മരിച്ചു. അമ്മയെവിടെ എന്നായിരിക്കാം അച്ഛന്‍ പറയാനാഞ്ഞത്‌. പക്ഷേ, കഴിഞ്ഞില്ല. ബാബു വിചാരിച്ചു.മരണത്തെ അയാള്‍ മറന്നു. അച്ഛന്റെ മറവിയെ അതിജീവിച്ച്‌ അവശേഷിക്കുന്ന എന്തെങ്കിലും ഇനിയും വീട്ടിലുണ്ടോ എന്നന്വേഷിച്ച്‌ പഴയപെട്ടി അയാള്‍ പരതാന്‍ തുടങ്ങി..


കാമ്പസ്‌കഥ: കാമ്പസ്‌കഥയില്‍ ഈ ലക്കം ഏഴാംതരം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ രചനയെപ്പറ്റിയാണ്‌ പരാമര്‍ശിക്കുന്നത്‌. ഉയര്‍ന്ന ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്നിലാക്കുന്ന സര്‍ഗാത്മകതയുടെ തിളക്കമാണ്‌ കാമ്പസ്‌ വിഭാഗത്തിലേക്ക്‌ ഉമാ മധുവിന്റെ കഥ ഉള്‍പ്പെടുത്താനുള്ള പ്രചോദനം. കഥ പറയാനറിയുന്ന കുട്ടികള്‍ മലയാളത്തില്‍ സജീവമാകുന്നതിന്‌ ഉദാഹരണമാണ്‌ ഉമാ മധുവിന്റെ വാല്‍ക്കണ്ണാടി എന്ന കഥ (മാതൃഭൂമി ബാലപംക്തി, നവം.22).

കഥയില്‍ ഉയരങ്ങള്‍ കീഴടക്കിയ ഒരു താരറാണി ഓര്‍മ്മകളിലേക്ക്‌ തിരിച്ചൊഴുകുന്നു. കുട്ടിക്കാലത്തെ സഹപാഠികളെക്കുറിച്ചോര്‍ക്കുന്നു. അവര്‍ നല്‍കിയ വാല്‍ക്കണ്ണാടി തിരിച്ചറിയുന്നു. തികച്ചും ലളിതവും നിരുപദ്രവുമായ ഇതിവൃത്തം. പക്ഷേ, ഉമയുടെ കഥപറച്ചിലിലാണ്‌ വാല്‍ക്കണ്ണാടിയുടെ തിളക്കം. വാല്‍ക്കണ്ണാടിയും കൂട്ടുകാരികളും ജീവിതത്തിലേക്ക്‌ ഇഴചേര്‍ക്കുമ്പോഴാണ്‌ ഈ ചെറിയ കഥ വലിയൊരു അനുഭവമാവുന്നത്‌. കഥയില്‍ നിന്നും ഒരു സന്ദര്‍ഭം: വീട്ടിലെ തട്ടിന്‍പുറത്ത്‌ പൊടിതട്ടി വൃത്തിയാക്കുന്നതിനിടെ ജോലിക്കാര്‍ കൊണ്ടുവന്ന പൊടിപിടിച്ച പെട്ടിക്കുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു, സ്വര്‍ണ്ണത്തിന്റെ വിലയുള്ള ഓര്‍മ്മകളെ പൊത്തിപ്പിടിച്ചുകൊണ്ട്‌... ആ വാല്‍ക്കണ്ണാടി. പണത്തിന്റെയും പ്രശസ്‌തിയുടെയും ലഹരിയില്‍ തനിതങ്കത്തിന്റെ വിലയുള്ള ഓര്‍മ്മകളെയും സൗഹൃദങ്ങളെയും വലിച്ചെറിഞ്ഞ വിഡ്‌ഢിപ്പെണ്ണിനെയും കാത്ത്‌..- ഇന്ദിര, സുകുമാരി, ശ്യാമള എന്നീ കൂട്ടുകാരികള്‍ അഭിനയലോകത്തെ രാജകുമാരിയുടെ കണ്ണില്‍തെളിഞ്ഞുവരുന്നു. ഓര്‍മ്മകള്‍ തുറിച്ചുനോക്കുന്ന നിമിഷത്തില്‍ നിന്നും സൗഹൃദത്തിന്റെ മൂല്യം തിരിച്ചറിയാത്ത ഒരു വിഡ്‌ഢിപ്പെണ്ണിലേക്കുള്ള ദൂരമാണ്‌ ഈ കഥ.


കഥാനിരീക്ഷണം: എഴുത്തിന്റെ കാര്യത്തില്‍ ഞാനിന്നും ഒരു തുടക്കക്കാരനാണ്‌. എനിക്കിനിയും ഒരു പാടെഴുതാനുണ്ട്‌. എഴുതാനാഗ്രഹിച്ചതിന്റെ, മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ആശയങ്ങളുടെ വളരെ ചെറിയ അംശം മാത്രമേ ഇതുവരെ പുറത്ത്‌ പ്രകടിപ്പിക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടുള്ളൂ... എനിക്കെന്റെ രചനകളെ വിലയിരുത്താനാവില്ലെങ്കിലും ഞാന്‍ അവയെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ട്‌്‌. ഓരോ രചനയ്‌ക്ക്‌ ശേഷം അതിനേക്കാള്‍ മെച്ചമാവണം അടുത്തത്‌ എന്ന്‌ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും അതിനുവേണ്ടി നിര്‍ബന്ധപൂര്‍വ്വം ശ്രമിക്കുകയും ചെയ്യാറുണ്ട്‌- അത്‌ എത്രത്തോളം വിജയകരമായി എന്ന്‌ തീര്‍ച്ച കല്‌പിക്കാന്‍ ഞാനാളല്ല.- കാക്കനാടന്‍ (സര്‍ഗസമീക്ഷ- അക്‌ബര്‍ കക്കട്ടില്‍).- നിബ്ബ്‌, ചന്ദ്രിക 22-11-2009

Wednesday, November 18, 2009

പുസ്‌തകറിവ്യൂ


കഥയുടെ ആറാംകാലം

ചെറുകഥയുടെ അരനൂറ്റാണ്ട്‌-

പുസ്‌തകറിവ്യൂ

Saturday, November 14, 2009

വയനാട്ടിലെ മഴയിലും കവിത


അമേരിക്കയിലെ ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനില്‍പിന്‌ ഇപ്പോള്‍ കാശുകൊടുത്തു പഠിക്കുന്ന വിദേശീയരായ വിദ്യാര്‍ത്ഥികളെ ആശ്രയിക്കുകയാണ്‌. നമ്മുടെ നാട്ടിലും അത്തരത്തിലുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കുകയെന്നത്‌ ഒരു നല്ല ആശയം തന്നെ. എന്നാല്‍ ഇന്നത്തെ നിലയില്‍ മറുനാടന്‍ മലയാളികളുടെ കുട്ടികളെയല്ലാതെ ആരെയും ആകര്‍ഷിക്കാനുള്ള കഴിവ്‌ കേരളത്തിനില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്ത്‌ കലാപങ്ങള്‍ കാരണം അസം, പഞ്ചാബ്‌, കാശ്‌മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോളജുകള്‍ ശരിക്കും പ്രവര്‍ത്തിച്ചിരുന്നില്ല. അതുകൊണ്ട്‌ അവിടങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും സാമ്പത്തികശേഷിയുള്ള മറ്റാളുകളും അവരുടെ മക്കളെ തടസ്സം കൂടാതെ പഠിക്കുവാനായി ഇതര സംസ്ഥാനങ്ങളിലെ കോളജുകളില്‍ ചേര്‍ക്കുകയുണ്ടായി. അവരില്‍ ഏറെയും എത്തിയത്‌ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമാണ്‌. ആരും കേരളത്തിലെത്തിയതായി അറിവില്ല. നിലവിലുള്ള സാഹചര്യങ്ങളില്‍ വെളിനാട്ടുകാര്‍ കേരളത്തെ അവരുടെ കുട്ടികളെ പഠിക്കാനയക്കാന്‍ പറ്റിയ സ്ഥലമായി കരുതാനുള്ള സാധ്യത കുറവാണ്‌. ഈ സ്ഥിതി മാറ്റിയെടുക്കുവാന്‍ നല്ല സ്‌കൂളുകളും കോളജുകളും ഉണ്ടായാല്‍ മാത്രം പോര.- ഇത്‌ ബി. ആര്‍. പി. ഭാസ്‌കറുടെ കാണാപ്പുറം കാഴ്‌ചയാണ്‌ (ഇന്ത്യാടുഡേ).

മലയാള സാഹിത്യരചനകളുടെയും അവസ്ഥ വ്യത്യസ്‌തമല്ല. പ്രത്യേകിച്ചും കവിതയുടേത്‌.


ആനുകാലികം:

മലയാളകവിതയുടെ പാരമ്പര്യഘടന തകര്‍കത്താണ്‌ സിവിക്‌ ചന്ദ്രന്‍ ഓര്‍മകളുടെ സാനിറ്റോറിയം എഴുതിയത്‌. നാളിതുവരെ കവിതയുടെ രൂപം ഭദ്രമാണെന്ന്‌ കരുതുന്നവരുടെ കണക്കുപുസ്‌തകം തിരുത്തേണ്ടി വരും. കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും മറ്റും ഈ സങ്കേതം പരീക്ഷിച്ചിട്ടുണ്ടെങ്കിലും സിവിക്‌ ഒന്നുകൂടി ഊര്‍ജ്ജം സംഭരിച്ചാണ്‌ മലയാളകവിതയുടെ നിലപാടു തറപൊളിച്ചത്‌. തിരക്കഥയുടെ രൂപഭാവത്തിലങ്ങനെ എഴുതിനിറയുമ്പോള്‍ കവിയുടെ ഓര്‍മ്മയില്‍ ഇന്ത്യന്‍ കമ്മ്യൂണിസം മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസം വരെ പന്തലിക്കുന്നു. ചരിത്രത്തോടൊപ്പം നേതാക്കളും സാമൂഹികപരിഷ്‌കര്‍ത്താക്കളും വന്നുചേരുന്നു. സിവിക്കിന്റെ കവിത വായിച്ച്‌ ആരെങ്കിലും കോപിച്ചാല്‍ അവര്‍ക്കുള്ള ശമനൗഷധവും കവിതയിലുണ്ട്‌. ചക്കിയുടെയും സതീഷിന്റെയും പ്രണയപര്‍വ്വം തിരനീക്കിക്കാണിക്കുകയാണ്‌ കവിതയില്‍. രാഷ്‌ട്രീയം, വിദ്യാഭ്യാസം, ഫെമിനിസം ഒന്നും സിവിക്‌ ഉപേക്ഷിക്കുന്നില്ല. എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുപോലെയാണ്‌ സിവിക്കിന്റെ ഓര്‍മ്മകളുടെ സാനിറ്റോറിയം എന്നാരെങ്കിലും പറഞ്ഞാല്‍ മാതൃഭൂമിയുടെ പത്രാധിപരും കവിയും വാളോങ്ങിനില്ലെന്ന്‌ കരുതാം. അതിനുള്ള ന്യായം ഈ കവിതയില്‍ വേണ്ടുവോളമുണ്ട്‌. കവിതയില്‍ നിന്നും:

 • ചക്കി- ഓര്‍മ്മകള്‍ മാത്രമുള്ള അമ്മായിയപ്പനും
 • ഓര്‍മ്മകളേ ഇല്ലാത്ത അമ്മായിയമ്മയും
 • അവരുടെ മക്കള്‍ തമ്മില്‍ ഇണകളായാല്‍
 • ഈ സാനിറ്റോറിയത്തിലേക്ക്‌ ഒരു ഡോക്‌ടര്‍,
 • അല്ലേ സതീശാ, ഹഹഹ! ഈ ആമ്പിള്ളേര്‍
 • പ്രാക്‌ടിക്കലല്ലെന്നാരു പറഞ്ഞു.- (മാതൃഭൂമി, നവം.15).

മലയാളം വാരികയില്‍ ബിജോയ്‌ ചന്ദ്രന്‍ ഇരുമ്പുടുപ്പിട്ട ലോകത്തിന്റെ ഗായകനെപ്പറ്റിയാണ്‌ എഴുതിയത്‌:
 • തകര്‍ന്ന തീവണ്ടിയിലിരുന്നാണ്‌
 • ചില പാട്ടുകള്‍ തേടി നമ്മള്‍
 • പോകുന്നത്‌.
 • ശരീരത്തിന്റെ ഏകാന്തതയില്‍ കൂടി
 • പാഞ്ഞുപോകുന്ന ഒരു കടല്‍
 • പുകച്ചില്ലിനപ്പുറത്ത്‌
 • ഓളം പെരുക്കുന്ന
 • നരകത്തിലെ നദികള്‍.
 • ........
 • പാട്ടിന്റെ ഭ്രാന്ത്‌ പിടിച്ചുലയ്‌ക്കുകയാണ്‌
 • തെരുവുകളെ
 • ഭൂമിയെ ഏതോ തമോഗര്‍ത്തത്തിലേയ്‌ക്ക്‌
 • വലിച്ചെറിയുകയാണ്‌- (ഡേഞ്ചറസ്‌ എന്ന കവിത).-

ഒരുപാട്‌ ഉള്ളറിവുകള്‍ വായനക്കാരിലേക്ക്‌ ധരിപ്പിച്ചുകൊണ്ടാണ്‌ ബിജോയ്‌ ചന്ദ്രന്റെ കവിത മുന്നോട്ടുപോകുന്നത്‌. ജീവിതത്തിന്റെയും സംഗീതത്തിന്റെയും വ്യത്യസ്‌ത വിതാനങ്ങളിലൂടെ. പാട്ടില്‍ നിറഞ്ഞാടുന്ന തെരുവ്‌ ഭൂമിയെ ഇരുട്ടിലേക്ക്‌ തള്ളുന്നതും ഈ എഴുത്തുകാരന്‍ കാണുന്നു.വാരാദ്യമാധ്യമത്തില്‍ (നവം.8) സി. പി. ചന്ദ്രന്‍ പുരയ്‌ക്കകത്തെ മരങ്ങള്‍ എന്ന കവിതയില്‍ പറയുന്നു:


 • തറവാട്‌ തകര്‍ന്നാലെന്താ?
 • പുരക്കകത്തും പുരപ്പുറത്തും
 • പൊന്നു കായ്‌ക്കും മരങ്ങള്‍
 • വളരട്ടെ സ്വച്ഛന്ദം
 • തങ്കക്കായ്‌കള്‍ക്കായ്‌
 • സുവര്‍ണ്ണപുഷ്‌പങ്ങള്‍
 • പൂത്തുലയട്ടെ.
- ദീപസ്‌തംഭം മഹാശ്ചര്യം. നമുക്കും കിട്ടണം പണം. കുഞ്ചന്‍ നമ്പ്യാരുടെ നിരീക്ഷണം പുതിയ കാലത്തില്‍വച്ച്‌ വായിക്കുകയാണ്‌ സി. പി. ചന്ദ്രന്‍. സ്വാര്‍ത്ഥതയുടെ പാരമ്യതയാണ്‌ ഈ കവിത ഓര്‍മ്മപ്പെടുത്തുന്നത്‌. കവിതാപുസ്‌തകംമലയാളകവിതയുടെ പുതുമ ഉറയുരിച്ച്‌ വ്യക്തമാക്കുന്ന കവിയാണ്‌ വി. മോഹനകൃഷ്‌ണന്‍.

കവിത ഏകധാരയിലേക്ക്‌ ചുരുങ്ങിയോ എന്ന സംശയത്തിനുള്ള മറുപടിയാണ്‌ വി. മോഹനകൃഷ്‌ണന്റെ വയനാട്ടിലെ മഴ എന്ന പുസ്‌തകം. നാല്‌പത്തിയൊന്‍പത്‌ കവിതകളുടെ ഉള്ളടക്കം. നിശബ്‌ദതയുടെ വാളിന്‌ ഇരുതല മൂര്‍ച്ചയുണ്ടെന്ന്‌ വായനക്കാരെ ഓര്‍മ്മപ്പെടുത്തുകയാണ്‌ ഈ കാവ്യസമാഹാരം. ഹൃദയത്തെ ഈര്‍ന്നുമുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട്‌ സങ്കീര്‍ണ്ണത സൃഷ്‌ടിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു ശാന്തിമന്ത്രത്തിന്റെ കിലുക്കമുണ്ട്‌. വാക്കിന്റെ ചങ്ങലക്കണ്ണികളിലൂടെ ആസ്വാദകരെ കവിതയുടെ ആഴക്കാഴ്‌ചകളിലൂടെ നടത്തിക്കുകയാണ്‌ ഈ എഴുത്തുകാരന്‍.

നിശബ്‌ദതയുടെ ചിത്രം വരച്ചുകൊണ്ടാണ്‌ മോഹനകൃഷ്‌ണന്‍ തന്റെ കാവ്യസമാഹാരം തുറന്നിടുന്നത്‌. ഓര്‍മ്മകളുടെ കല്ലെടുത്ത്‌ എന്നെ എറിയരുതെന്ന അപേക്ഷയാണ്‌ പുസ്‌തകത്തിലെ അവസാന കവിത- (ഉണ്ടായിരുന്നിട്ടുണ്ടാവില്ല). നിശബ്‌ദതയ്‌ക്കും വെളിപ്പെടുത്തലിനും ഇടയിലുള്ള ജീവിതത്തിന്റെ കയറ്റിറക്കമാണ്‌ വയനാട്ടിലെ മഴ.

പഥികനും പാഥേയവും മാത്രമല്ല, വഴിയോര കാഴ്‌ചകളും വിസ്‌മയങ്ങളും കൊണ്ട്‌ സമ്പന്നമാണ്‌ മോഹനകൃഷ്‌ണന്റെ വയനാട്ടിലെ മഴ എന്ന കൃതി. വയനാട്ടിലെ മഴ നനഞ്ഞ്‌ ചരിത്രവും വര്‍ത്തമാനവും ഓര്‍മ്മകളായി ഒഴുകുകയാണ്‌. കുത്തൊഴുക്കില്‍ തിടംവയ്‌ക്കുന്ന ജീവിതഖണ്‌ഡങ്ങള്‍ കവി കണ്ടെടുക്കുന്നു. മോഹനകൃഷ്‌ണനെ പുതുകവിതയില്‍ വേറിട്ടുനിര്‍ത്തുന്നത്‌ കാഴ്‌ചയ്‌ക്കും മൗനത്തിനും സാക്ഷിയാകുമ്പോഴും എല്ലാം ആറ്റിക്കുറുക്കി സൂക്ഷ്‌മതയുടെ കണ്ണട നല്‍കുന്നതിലാണ്‌. ജീവജാലങ്ങളെ നെഞ്ചേറ്റുന്ന ഈ കവി ഒരേ സമയം ആകാശത്തിലേക്കും ഭൂമിയിലേക്കും ശാഖികള്‍ വിരിച്ചു നില്‍ക്കുന്ന വടവൃക്ഷം പോലെയാണ്‌. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെ സഞ്ചാരമാണ്‌ മോഹനകൃഷ്‌ണന്റെ കവിതകള്‍. ഓരോ വായനയിലും പ്രകൃതിയുടെയും മനുഷ്യന്റെയും അകം തൊട്ടുകാണിച്ച്‌ നമുക്ക്‌ മുന്നില്‍ നടക്കുന്ന കവിയും കവിതയുമാണ്‌ വയനാട്ടിലെ മഴയില്‍ തെളിയുന്നത്‌. പുതുകവിതയുടെ ഊടുംപാവുമാണിത്‌ നേദിക്കുന്നത്‌. കാവ്യരചനയുടെ പാഠവും പാഠാന്തരവുമാണ്‌ വി. മോഹനകൃഷ്‌ണന്റെ കാവ്യതട്ടകം. പി. പി. രാമചന്ദ്രന്റെ അവതാരിക. -( കറന്റ്‌ ബുക്‌സ്‌, തൃശൂര്‍. 55 രൂപ).

.

ബ്ലോഗ്‌ കവിത .

.

ബൂലോകകവിതാ ബ്ലോഗില്‍ ഉണ്ണിശ്രീദളം യാത്രയെപ്പറ്റിയാണ്‌ എഴുതിയത്‌:
 • മുകളിലേക്ക്‌ നോക്കുമ്പോള്‍
 • ഹൗ!
 • എന്റെ കുഞ്ഞുനക്ഷത്രം മാത്രം
 • ദൈവത്തിന്റെ കണ്ണ്‌
 • എന്റെ കണ്ണായ ദൈവം
 • ദൈവമേ,
 • ഞാന്‍
 • വേഗം നടന്നു.

- താരാപഥകാഴ്‌ചയില്‍ കവി തന്റെ മനസ്സിലേക്ക്‌ തിരിഞ്ഞു നോക്കുന്നു. ജി.ശങ്കരക്കുറുപ്പ്‌ അലഞ്ഞുതീര്‍ത്ത തീരത്ത്‌ പുതിയ കാലത്തും ഒരാളുണ്ടാകുന്നത്‌ നല്ലതുതന്നെ. അത്‌ ഉണ്ണി ശ്രീദളമായാലും കുഴപ്പമില്ല.
അമ്മു ബ്ലോഗില്‍ ബിജോയ്‌ സാമുവല്‍:

 • അവള്‍ എന്റെതാകുന്ന ആ
 • ദിവസത്തിനായി
 • ആ കാത്തിരിപ്പിനും ഒരു തണുത്ത
 • കാറ്റിന്റെ സുഖം-
(കാത്തിരിപ്പ്‌).
ഈ കവിത ആര്‍ദ്രതയുടെയും കാരുണ്യത്തിന്റെയും വാതിലുകളാണ്‌ തുറന്നിടുന്നത്‌.

പുതുകവിതാ ബ്ലോഗില്‍ ഋതുഭേദങ്ങള്‍ എന്ന ബ്ലോഗില്‍ മയൂര എഴുതി:
 • ചൂണ്ട
 • ദു:ഖം
 • സന്തോഷം-(തലകെട്ടില്ലാതെ).

എപ്പോഴും ആരും ഇരയാക്കപ്പെടുന്ന ഒരു അവസ്ഥയുടെ ആവിഷ്‌കാരമാണ്‌ മയൂരയുടെ കവിത.തര്‍ജ്ജനി ബ്ലോഗില്‍ ബാലകൃഷ്‌ണന്‍ മൊകേരി എഴുതിയ നളിനി എന്ന കവിത കുമാരനാശാന്റെ കാവ്യം പുതിയ കാലത്തിന്റെ ലാബില്‍ കിടത്തി ഓപ്പറേഷന്‍ നടത്തുന്നു. കാലത്തിന്റെ ശബ്‌ദം കേള്‍പ്പിക്കാന്‍ ബാലകൃഷ്‌ണന്റെ എതിരെഴുത്തിന്‌ സാധിച്ചു. കാലകാഹളം ശ്രവിക്കാന്‍ സാധിക്കുന്നവരാണ്‌ കവികളെന്ന്‌ വൈലോപ്പിള്ളി ഓര്‍മ്മിപ്പിട്ടുണ്ടല്ലോ. പുതിയ നളിനിയില്‍ നിന്നും: • മരവിപ്പിന്‍ മഞ്ഞുമലയില്‍ നിന്ന്‌
 • ദിവാകരനിറങ്ങി വരുമ്പോള്‍
 • ഓര്‍മ്മകള്‍ തന്‍ കാട്ടുചോലയില്‍
 • മുങ്ങിനിവരുന്നൂ നളിനി.

- കാമുകന്‌ നല്‍കാന്‍ പുതിയ നളിനിക്ക്‌ പ്രണയമൊഴികളില്ല. സ്‌നേഹസൂത്രം കൗമാരത്തിന്റെ പാറയില്‍ തലതല്ലിച്ചത്തുപോയിരിക്കുകയാണെന്ന്‌ ബാലകൃഷ്‌ണന്‍ കണ്ടെടുക്കുന്നു.

.

സ്‌കൂള്‍ബ്ലോഗ്‌ .

.ബ്ലോഗ്‌ ഈടുറ്റ മാധ്യമമായി തിരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പത്രങ്ങള്‍ക്കും വ്യക്തികള്‍ക്കും പുറമെ വിദ്യാലയങ്ങളും ബ്ലോഗിലേക്ക്‌ പ്രവേശിച്ചു. കൂട്ടായ്‌മയുടെ ആലേഖനമെന്ന നിലയില്‍ ശ്രദ്ധേയമായ നിരവധി സ്‌കൂള്‍ ബ്ലോഗുകളുണ്ട്‌. കോഴിക്കോട്‌ ജില്ലയിലെ രണ്ടു സ്‌കൂള്‍ ബ്ലോഗുകള്‍. ഒന്ന്‌ നരിപ്പറ്റ രാമന്‍ നായര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളിന്റെ പുനത്തില്‍ ടൈംസ്‌. രണ്ട്‌. പുതുപ്പണം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഓല. ഈ രണ്ടു ബ്ലോഗുകളിലും സ്‌കൂള്‍ വിശേഷങ്ങള്‍ കൂടാതെ കുട്ടികളുടെ സര്‍ഗരചനകളുണ്ട്‌. വ്യക്തിഗത ബ്ലോഗുകളില്‍ നിന്നും വ്യത്യസ്‌തമായി പുനര്‍വായനക്ക്‌ ശേഷമായിരിക്കും സ്‌കൂള്‍ബ്ലോഗുകളില്‍ രചനകള്‍ പ്രസിദ്ധീകരിക്കുന്നത്‌. എന്നാല്‍ ഈ രണ്ടു ബ്ലോഗുകളിലെയും കുട്ടികളുടെ രചനകള്‍ എഴുത്തിലും വായനയിലും പാകപ്പെടാത്ത അവസ്ഥ നിറഞ്ഞുനില്‍പ്പുണ്ട്‌. ഉദാഹരണത്തിന്‌ പുനത്തില്‍ ടൈംസില്‍ സ്വാതി സുരേഷ്‌ എഴുതിയ അനുജത്തി എന്ന രചന. തന്റെ അനുജത്തിയെക്കുറിച്ചാണ്‌ സ്വാതി എഴുതിയത്‌. പക്ഷേ, എഴുത്തിലെല്ലാം മുതിര്‍ന്നവരുടെ കാഴ്‌ചയാണ്‌ പതിഞ്ഞുനില്‍ക്കുന്നത്‌. അനുജത്തിയെ മകളെപ്പോലെയും പൊന്‍മകള്‍തന്നെയായും സ്വാതി വിശേഷിപ്പിട്ടുണ്ട്‌:

 • പൊന്നനുജത്തീ
 • നീയെനിക്കൊരു
 • മകളെപ്പോലെയാണല്ലോ
 • അല്ലല്ല നീയെന്റെ
 • പൊന്‍മകള്‍ തന്നെയാണല്ലോ-(അനുജത്തി).

വടകര പുതുപ്പണം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഓല ഓണ്‍ലൈന്‍ മാസികയില്‍ സ്‌കൂള്‍ വിവരങ്ങള്‍ക്കപ്പുറം കുട്ടികളുടെ സര്‍ഗസഞ്ചയിക അവതരിപ്പിക്കുന്നു. ഈടുറ്റ കവിതകളും ഭാവനയുടെ ചിറകുണര്‍ച്ചയും ഓലയിലുണ്ട്‌. ദുര്‍ഗ എസ്‌. കുമാര്‍ എഴുതിയ അനാഥ എന്ന രചനയില്‍ തോറ്റുപോയ ഒരു ജന്മമാണ്‌ നിറയുന്നത്‌:

 • എന്റെ സ്വപ്‌നങ്ങള്‍ കേവഞ്ചി
 • കയറിപ്പോകുമ്പോഴും
 • കടമ്പകള്‍ കടന്നുവന്ന ദു:ഖം
 • എനിക്ക്‌ കൂട്ടിരിക്കുന്നു.

-ഈ കൂട്ടിരിപ്പും പിന്നീടുള്ള ജീവിതത്തിന്റെ വൈതരണികളും വകഞ്ഞുമാറ്റി അനാഥപ്രേതമാകുമ്പോഴും അവളുടെ മൗനത്തില്‍ ഒരു സന്ദേശം ദുര്‍ഗ വായിക്കുന്നു:

 • പുതുതലമുറയ്‌ക്കൊരു
 • താക്കീതുണ്ടായിരുന്നു.-

എല്ലാ തോല്‍വികളും വഴിമാറി നടപ്പുശീലത്തിന്റെ എഴുത്തോലയാണ്‌ അനാഥ.കാമ്പസ്‌ കവിതകാമ്പസിന്റെ തീക്ഷ്‌ണതയും ചടുലതയും അനുഭവപ്പെടുത്തുന്ന രണ്ടു രചനകളാണ്‌ ഈ ആഴ്‌ചയിലെ കവിതകള്‍. നിരത്തിലെ ടാപ്പ്‌ തുറന്നിടുകയാണ്‌ മാതൃഭൂമി മാഗസിനില്‍ (നവം.15) വിന്നി ഗംഗാധരന്‍, തളിപ്പറമ്പ്‌ എഴുതിയ നിരത്തിലെ ടാപ്പ്‌ തുറന്നപ്പോള്‍ എന്ന രചന:

 • വിശപ്പിന്റെ കൊടും വഴികളത്രയും
 • താണ്ടിയാണ്‌ ഞാനിവിടെയെത്തിയത്‌
 • അപ്പോഴേക്കും മരിച്ചിരുന്നു വിശപ്പ്‌ ദാഹം
 • ഒരിറ്റു നീരിനായി
 • നിരത്തിലെ ടാപ്പു തുറന്നപ്പോള്‍
 • എവിടെയോ ഉറഞ്ഞുപോയ
 • ഒരു പുഴ കരയുകയായിരുന്നു

കണ്ണുനീരില്ലാതെ.- മനോഹരമായ രചന. വിശപ്പിന്റെ വിളിയില്‍ പുഴയുടെ രോദനം കേള്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. പുഴയെഴുത്തിനപ്പുറം ജീവധാരയുടെ അകംകാഴ്‌ചയാണ്‌ ഈ രചന അനുഭവപ്പെടുത്തുന്നത്‌.ലോങ്‌സൈറ്റ്‌ എന്ന കവിതയില്‍ സുധീഷ്‌ കെ, കാസര്‍ക്കോട്‌ എഴുതി:

 • ഞാന്‍ വായിക്കാറുണ്ട്‌
 • പക്ഷേ, ഞാന്‍ വായിക്കുന്നതൊന്നും
 • എന്നെ വായിക്കാറില്ല.-

വായനയിലൂടെ ജീവിതത്തെ വിശകലനം ചെയ്യുകയാണ്‌ സുധീഷ്‌. നരച്ച വായനയും ചുളിഞ്ഞ വാക്കുകളും ഉടഞ്ഞ ചിത്രങ്ങളും എന്നെ കണ്ടെത്തുമെന്ന്‌ കരുതുന്നതിലര്‍ത്ഥമില്ല. പുതുകവിതയുടെ പ്രഖ്യാപനവും മറ്റെന്നല്ല.

.

കാവ്യനിരീക്ഷണം .

.


കാലമേറെ കടന്നുപോകുമ്പോള്‍ നമ്മളോരുത്തരും അകമേ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്‌. കണക്കെടുപ്പുകളുണ്ട്‌. നമ്മുടെ ചെയ്‌തികള്‍, വാക്കുകള്‍ വേദനിപ്പിച്ചത്‌ ആരെയെല്ലാം. ഏതെല്ലാം സ്‌നേഹബന്ധങ്ങളെ നമ്മള്‍ തന്നെ ബന്ധനങ്ങളാക്കി മാറ്റി? വേദനിപ്പിക്കുന്ന ഈ അറിവുകളില്‍ നിന്നും ഓര്‍മ്മകളില്‍നിന്നും വിടുതല്‍ നേടിയില്ലെങ്കില്‍ നമുക്ക്‌ പുതിയൊരാളായിത്തീരാനാവില്ല.-(ഒ. വി. ഉഷ). സര്‍ഗരചന തുറന്നിടുന്ന വാതിലുകളും സ്വയം തിരിച്ചറിവിന്റേതാണ്‌.

-നിബ്ബ്‌ ചന്ദ്രിക, 15-11-2006

Friday, November 06, 2009

കല്ലുപ്പില്‍ വിരിഞ്ഞ കവിത

ചുറ്റുപാടുകള്‍ ഒന്നു ശ്രദ്ധിക്കൂ. മനുഷ്യജീവിതം കഴിഞ്ഞ രണ്ട്‌ മൂന്ന്‌ ദശകങ്ങള്‍ക്കിടയില്‍ വമ്പിച്ച മാറ്റത്തിനു വഴിപ്പെട്ടു. ചിരിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്ന മനുഷ്യരെയാണ്‌ ഇപ്പോള്‍ തെരുവുകളില്‍ കാണുന്നത്‌- ഇത്‌ അശോകന്‍ ചരുവിലിന്റെ പൂമരച്ചോട്ടില്‍ എന്ന കഥയില്‍ നിന്നും (അശോകന്‍ ചരുവിലിന്റെ കഥകള്‍). കാലത്തിന്റെ മാറ്റത്തെപ്പറ്റിയാണ്‌ കഥാകൃത്ത്‌ പറയുന്നത്‌. ഈ കഥയിലെ നായകന്‍ എക്കൗണ്‍ന്റ്‌ വാസുദേവനും കുടുംബത്തിനും മാത്രം മാറ്റമില്ല. അവരിപ്പോഴും ഓലമേഞ്ഞ വീട്ടില്‍ ദാരിദ്ര്യത്തോട്‌ പോരടിക്കുന്നു. മലയാളഭാഷയും കവിതയും ഒരര്‍ത്ഥത്തില്‍ അശോകന്‍ ചരുവിലിന്റെ കഥാപാത്രംപോലെയാണ്‌. ആനുകാലികം: പവിത്രന്‍ തീക്കുനി സഫലം എന്ന കവിതയില്‍ (?) കാഴ്‌ചയെപ്പറ്റിയാണ്‌ എഴുതിയത്‌. അകമെഴുത്തു മടുത്തതുകൊണ്ടാകാം കവി അന്യരിലേരിക്ക്‌ പേന നീട്ടിപ്പിടിച്ചത്‌. കവിയുടെ പുകഴ്‌ത്തലുകള്‍ ചെന്നുതൊടുന്നത്‌ പ്രശംസയെ ദൂരെ മാറ്റിനിര്‍ത്തുന്ന വിഷ്‌ണുനാരായണന്‍ നമ്പൂതിരിയെയാണ്‌. കവിതയും ഭ്രാന്തും പ്രണയവും കാറ്റും കോളും എല്ലാം കുടിച്ചുവറ്റിച്ച പവിത്രന്‍ വിഷ്‌ണുനാരായണന്‍ നമ്പൂതിരിയുടെ ബഹുകായ പ്രതിമ വാക്കുകളില്‍ കൊത്തിയുണ്ടാക്കുന്നു. കാനായി കുഞ്ഞിരാമന്‍ ജാഗ്രത പാലിക്കുക. ഇനിയും ഇതുപോലെ ആരെയൊക്കെ പവിത്രന്‍ വാക്കുകളില്‍ തീര്‍ക്കും. പവിത്രന്‍ സഫലമാകുന്നതിങ്ങനെ : എത്രമേലുദാത്തം/ എത്രമേലുഷ്‌മളം/ കവിത, തന്നയാ സാന്നിധ്യം! സഫലമെനിക്കീയെഴുത്തും ജന്മവും/ സഫലമെനിക്കീ പരിക്കും ദു:ഖവും- സാക്ഷാല്‍ ഒറവങ്കര രാജമാര്‍പോലും ഇങ്ങനെ പ്രശംസ എഴുതിയിട്ടില്ല. പവിത്ര ജന്മം സഫലമാകട്ടെ എന്നാകും കലാകൗമുദി (1783 ലക്കം) നിവര്‍ക്കുന്ന വായനക്കാരുടെ പ്രാര്‍ത്ഥന.അനിത തമ്പി വിചാരണചെയ്യുന്നത്‌ കമ്മ്യൂണിസത്തെയാണ്‌. കമ്മ്യൂണിസം ആര്‍ക്കും എളുപ്പം കൊട്ടാവുന്ന ചെണ്ടയാണ്‌. കമ്മ്യൂണിസ്റ്റുകാരോട്‌ എഴുത്തുകാരി: സ്വന്തം മണ്ണില്‍/ ഞങ്ങള്‍ അന്നുച്ചരിച്ച/ ആദ്യ പ്രാര്‍ത്ഥനയുടെ വരി?/ അതിന്റെ ആദ്യത്തെ വാക്ക്‌?- തുടര്‍ന്ന്‌ അനിത തമ്പിയുടെ വാക്കുകള്‍ക്ക്‌ തീപിടിക്കുന്നു: മറവി ഞങ്ങളുടെ കുലദേവത/ എഴുപതാണ്ട്‌ മുമ്പ്‌ പ്രതിഷ്‌ഠിച്ച/ കല്‍ത്തറയില്‍/ ഓര്‍മ/ നിത്യബലി- (മറക്കരുത്‌- മാതൃഭൂമി, നവം. 8). ഇതിലും ഭേദം മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത്തരം രചനകള്‍ വായിക്കാനിടവരുമ്പോഴാണ്‌ മലയാളകവിതക്ക്‌ കുരുഡാന്‍ തളിക്കണെമെന്ന്‌ ചിലരെങ്കിലും വിളിച്ചുപറയുന്നത്‌. മലയാളം വാരികയില്‍ (നവം.6) അസ്‌മോ പുത്തന്‍ചിറ മനസ്സിലേക്ക്‌, യാഥാര്‍ത്ഥ്യത്തിലേക്ക്‌ നീണ്ടുചെല്ലുന്ന ചോദ്യത്തിലാണ്‌ ഉടക്കിനില്‍ക്കുന്നത്‌. പ്രതി എന്ന കവിതയില്‍ അസ്‌മോ പുത്തന്‍ചിറയുടെ നോട്ടം അല്‌പം കടുപ്പിച്ചാണ്‌: വിഡ്‌ഢിയെക്കുറിച്ച്‌/ പറഞ്ഞപ്പോഴാണ്‌/ രൂക്ഷമായി നോക്കിയിട്ട്‌ അയാള്‍/ എഴുന്നേറ്റുപോയത്‌.- വീട്‌ ആടും ഭക്ഷണം ശാസ്‌ത്രവും രോഗം ഭോഗവും ജീവിതം ജാതിയും മരണം ഭരണവും കവിത ചന്തയുമായി മാറുന്നു. ഇതൊക്കെയും വലിയ ചോദ്യത്തിലേക്കാണ്‌ കവിയെ കൂട്ടിക്കൊണ്ടുപോകുന്നത്‌. അബ്‌ദുസ്സലാം അത്‌ എന്ന കവിതയില്‍ (തൂലിക, ഒക്‌ടോ.): കുതിച്ചു പായുന്നു/ മീനുകള്‍ പോലെ/ പുഴ ഓര്‍മപോല്‍/ ഒഴുകിമറയുന്നു.- തന്നില്‍ നിന്നും നഷ്‌ടപ്പെട്ടത്‌ ആര്‍ക്കാണ്‌ ലഭിക്കുക എന്ന ചിന്ത ഈ കവിയെ അസ്വസ്ഥനാക്കുന്നു. ശാകുന്തളത്തിലെ മോതിരംപോലെ മത്സ്യത്തിന്റെ വയറ്റില്‍ നിന്നും ലഭിച്ചാല്‍ കവിയോടൊപ്പം നമ്മളും രക്ഷപ്പെടും. കവിതാപുസ്‌തകം: കെ. എം. സുധീഷിന്റെ മൂന്നാമത്തെ കാവ്യസമാഹാരത്തിന്‌ കല്ലുപ്പ്‌ എന്നാണ്‌ പേര്‌. വേദനയില്‍ നിന്നും കവിതയുടെ ഉപ്പ്‌ കുറുക്കിയെടുക്കുന്ന എഴുത്തുകാരന്റെ പുസ്‌തകത്തിന്‌ അനുയോജ്യമായ പേരു തന്നെ. വേദന പറയാതെ, ഭ്രഷ്‌ടിന്റെ നിറം എന്നീ കവിതാ സമാഹാരങ്ങള്‍ക്ക്‌ ശേഷം കല്ലുപ്പ്‌. രോഗഗ്രസ്‌തമായ കവിമനസ്സിന്റെ അസ്വസ്ഥതകളും അതിജീവനവും ഇഴചേര്‍ന്നു നില്‍ക്കുന്ന കവിതകളുടെ കലവറയാണ്‌ കല്ലുപ്പ്‌. വേദനയുടെ കവിയാണ്‌ കെ. എം. സുധീഷ്‌. ഹൃദയത്തില്‍ വഹിക്കുന്ന നൊമ്പരങ്ങളുടെ മൃദുസ്‌പര്‍ശനം കല്ലുപ്പില്‍ ആര്‍ദ്രത നിറയ്‌ക്കുന്നു. മനസ്സും ശരീരവും വേദനയുടെ നീരൊഴുക്കില്‍ ആഴ്‌ന്നിറങ്ങുമ്പോള്‍ കവിതയുടെ കുത്തൊഴുക്ക്‌ സുധീഷിന്റെ വിരല്‍പ്പാടുകളില്‍ പതിയുന്നു: എഴുതി ഫലിപ്പിക്കുവാന്‍/ കഴിയാത്ത വേദന/ പുണ്ണായി പൊട്ടിയൊലിച്ച്‌/ ദുര്‍ഗന്ധം വമിച്ചപ്പോള്‍/ തോല്‍വി സമ്മതിച്ച്‌/ തിരിച്ചു നടന്നു- (ഫ്രീഓഫര്‍ എന്ന കവിത).അപ്രതീക്ഷിതമായി കവിയുടെ ശരീരത്തിലേക്ക്‌ കയറിവന്ന മഹാരോഗത്തോട്‌ ശരീരവും പ്രജ്ഞയും കൊണ്ട്‌ പോരാടുന്ന എഴുത്തുകാരന്റെ ശക്തമായ ചെറുത്തുനില്‍പ്പാണ്‌ കല്ലുപ്പിലെ രചനകള്‍. അന്തമില്ലാത്ത കയങ്ങളില്‍ ഒഴുകിനടക്കുന്ന മനസ്സിന്റെ സജീവസാന്നിധ്യമാണ്‌ ഈ പുസ്‌തകത്തിന്റെ കരുത്ത്‌. വേദനകള്‍ കോറിവരച്ചിട്ട ഉത്‌കണ്‌ഠകളും വിഹ്വലതകളും ഇച്ഛാശക്തിയാക്കി മാറ്റുന്ന ഭാവനയുടെ സമരമാണ്‌ സുധീഷിന്‌ കവിതയെഴുത്ത്‌. സ്‌നേഹം എന്ന കവിതയില്‍ സുധീഷ്‌ എഴുതി: നിണം കുടിച്ചുവറ്റിച്ചെടുക്കും മുമ്പ്‌/ കണ്ണീരുപ്പില്‍ പിറന്ന ഏകാന്തതയ്‌ക്ക്‌/ ഓര്‍മകള്‍ കാവലും.- വ്യക്തിതലത്തില്‍ നിന്നും നീതികാരുണ്യത്തിനുവേണ്ടിയുള്ള ന്യൂക്ലിയസ്സായി മാറുമ്പോഴാണ്‌ സ്‌നേഹം വിപ്ലവകരമായിത്തീരുന്നത്‌. സുധീഷിന്റെ കവിതകള്‍ വായനക്കാരുമായി പങ്കുവെക്കുന്നതും മറ്റൊന്നല്ല.മുപ്പത്തിയെട്ട്‌ കവിതകള്‍ ഉള്‍ക്കൊള്ളുന്ന കല്ലുപ്പ്‌ ഉന്നയിക്കുന്ന പ്രധാന ചോദ്യം- ശാന്തിയുടെ വെണ്‍ചിറകില്‍ ഒളിച്ചിരിക്കുന്നത്‌ എന്താണെന്നാണ്‌. കല്ലുപ്പിലെ കവിതകള്‍ തുടങ്ങുന്നത്‌ നമ്മുടെ ഹൃദയത്തെ എയ്‌തുമുറിക്കുന്ന ചോദ്യാവലിയോടെയാണ.്‌ ഈ സമാഹാരത്തിലെ അവസാന കവിതയില്‍ സകല പിഴവുകളും ഏറ്റെടുക്കുന്ന മനസ്സാണ്‌ എഴുതിനിറയുന്നത്‌: ഇന്നിതാ/ ഒരു പൂവുപോലെ/ സ്വീകരിക്കുന്നു/ നിന്റെ പിഴയെ.- തന്നിലേക്ക്‌ വന്നുചേരുന്ന സകല വേദനകളും ചോദ്യാവലികളും മനസ്സുതുറന്നു സ്വീകരിക്കാന്‍ തയാറെടുക്കുന്ന കവിയുടെ ജീവിതമാണ്‌ കല്ലുപ്പ്‌. അഥവാ ജീവിതത്തിന്റെ സാക്ഷ്യപത്രമാണ്‌ ഈ കാവ്യകൃതി.പഠനത്തില്‍ എം. മുകുന്ദന്‍ എഴുതി: വേദനകളെ അക്ഷരങ്ങളാക്കി കവിത രചിക്കുന്ന ഒരു കവിയും ഈ ഭൂമിയില്‍ ഏകാകിയല്ല. നീയും ഏകാകിയല്ല. കവീ, നിന്റെ വ്യഥകളിലും നിന്റെ സര്‍ഗയജ്ഞങ്ങളിലും നീ തനിച്ചല്ല. കെ. ഇ. എന്‍ ലേഖനത്തില്‍ പറയുന്നു: സര്‍വവേദനകളും സഹിച്ച്‌ സ്വയം കുഴിച്ചുമാണ്‌ സുധീഷ്‌ സ്വയം കണ്ടെടുക്കുന്നത്‌. രോഗപീഢകളില്‍ ശരീരം പിടയുമ്പോഴും പോര്‍നിലങ്ങളിലേക്കാണ്‌ മനസ്സ്‌ മുഷ്‌ടി ചുരുട്ടുന്നത്‌.- കവി സ്വയം വെളിപ്പെടുന്ന ഒരു സന്ദര്‍ഭം: എന്തിലും അലിഞ്ഞലിഞ്ഞു തീര്‍ന്നിട്ടും/ നെഞ്ചേറ്റിയത്‌ കൊടുംകയ്‌പ്പ്‌/ അധികമാവരുത്‌ ഒരു നുള്ളുപോലും/ ചുമലേറ്റിയ വായ്‌വാക്കിലെല്ലാം/ ആഴിയുടെ അഗാധത തന്നെ കൂട്ട്‌- (കല്ലുപ്പ്‌). നമ്മുടെ ഉണര്‍വ്വുകളിലെ ഊര്‍ജ്ജരാഹിത്യത്തെ വിചാരണചെയ്യുന്ന കല്ലുപ്പ്‌ പൊള്ളുന്ന ചോദ്യത്തില്‍ നീറ്റലനുഭവിക്കുന്ന ജന്മത്തിന്റെ നീക്കിയിരിപ്പാണ്‌.- (കേരള സാഹിത്യഅക്കാദമി, 45 രൂപ).ബ്ലോഗ്‌ കവിതഎഴുത്ത്‌ സ്വയം വിചാരണ നടത്തലാണ്‌. വാക്കിന്റെ അര്‍ത്ഥ സാധ്യതയിലൂന്നിയുള്ള ആത്മാന്വേഷണം തന്നെ. ബ്ലോഗെഴുത്തുകളില്‍ ഈ പ്രവണത കുറയുന്നു. കാരണം മറ്റൊരു നോട്ടം ഏല്‍ക്കാതെ വെളിപ്പെടുകയാണ്‌ ബ്ലോഗുകളില്‍. ഇത്‌ സ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമാണെന്ന്‌ അംഗീകരിക്കുമ്പോഴും സര്‍ഗാത്മകതയുടെ വിസ്‌മയം നഷ്‌ടപ്പെടുകയാണ്‌ പല ബ്ലോഗ്‌ രചനകളിലും. ഇതിന്‌ നിരവധി ഉദാഹരങ്ങള്‍ നല്‍കുന്നതാണ്‌ ഈ ആഴ്‌ചയിലെ ബ്ലോഗെഴുത്തുകള്‍. വളരെ ശക്തമായ രചനകളെ കാണാതിരിക്കുകയോ, വായിക്കാതിരിക്കുകയോ ചെയ്യുന്നില്ല. അവയെ അതതിന്റെ ഗൗവരത്തോടെ അംഗീകരിക്കുന്നു. ബ്ലോഗ്‌ കവിതകളില്‍ വേറിട്ടുനില്‍പ്പുകളിലേക്ക്‌. ഉറുമ്പിന്‍കൂട്‌ എന്ന ബ്ലോഗില്‍ അന്‍വര്‍ അലി എഴുതിയ പവര്‍കട്ട്‌ എഴുന്നേല്‌പിനെക്കുറിച്ചാണ്‌. അവനവനിലേക്ക്‌ തന്നെയുള്ള തിരിഞ്ഞുനോട്ടമാണ്‌ ഈ കവിത അനുഭവപ്പെടുത്തുന്നത്‌. അന്‍വര്‍ അലിയുടെ വരികളില്‍ നിന്നും: വരാന്ത വരാന്തയിലിരിക്കുന്നു/ ഇരുട്ടിന്റെ കവുങ്ങ്‌/ മടിയില്‍ കേറിയിരിക്കുന്നു/ കൂട്ടുകാരി അതില്‍നിന്നൊരു കുത്തുപാള തെറുക്കുന്നു- (പവര്‍കട്ട്‌). കവിതയുടെ അവസാനത്തിലെത്തുമ്പോള്‍ കവി സൂചിപ്പിക്കുന്നു: വരാന്ത എഴുന്നേല്‍ക്കുന്നു/ വീട്ടിലേക്കോ പുറത്തേക്കോ?. ജീവിതത്തെ തലകീഴയാക്കിപ്പിടിക്കുകയാണ്‌ എഴുത്തുകാരന്‍. ഇന്ദ്രപ്രസ്ഥം ബ്ലോഗില്‍ മനോഹരന്‍ മാനിക്കത്ത്‌ തുറന്നിട്ട ജാലകത്തിലൂടെ കണ്ണോടിക്കുന്നു. ജീവിതത്തിന്റെ വ്യത്യസ്‌ത ചിത്രങ്ങളാണ്‌ മനോഹരന്‍ അവതരിപ്പിക്കുന്നത്‌. അതില്‍ കയ്‌പ്പും ചവര്‍പ്പുമുണ്ട്‌. മനോഹരന്റെ കവിത ശരീരത്തിലൂടെ ഇഴയുകയാണ്‌. ഒരിടത്ത്‌ മനോഹരന്‍ സംശയിക്കുന്നു: ആരോഗ്യം നശിച്ച പേനയും/ വാലും തലയും നഷ്‌ടപ്പെട്ട/ കഥകളും കവിതകളും/ എന്നോട്‌ പറയാന്‍ മടിക്കുന്നതെന്താണ്‌?. ബൂലോകകവിതാ ബ്ലോഗില്‍ സിനു കക്കട്ടില്‍ ഉള്ളെഴുതുകയാണ്‌. പുറംകാഴ്‌ചകളെ കവി നിഷേധിക്കുന്നു. ഒരു തരത്തിലുള്ള കവിതയുടെ മറുപുറംതപ്പല്‍. സിനു എഴുതുന്നു: ചിരിച്ചു തലയാട്ടുമ്പോഴും/ ഇലകള്‍ക്കറിയില്ലല്ലോ/ വേരുകളുടെ ജാരസംഗമങ്ങള്‍.- ഇങ്ങനെ സംശയഗ്രസ്‌തനാകുന്ന കവി സ്വയം കണ്ടെടുക്കുന്നു: എല്ലാമറിഞ്ഞിട്ടും/ എനിക്കറിഞ്ഞു കൂടാത്ത/ എത്ര ഞാനാണ്‌/ എന്റെയുള്ളില്‍-(ഉള്ളില്‍). ഗഫൂര്‍ കരുവണ്ണൂരിന്റെ ചേപ്ര ബ്ലോഗില്‍ നിന്നും ക്ലസ്റ്റര്‍ ബോംബ്‌ എന്ന കവിത. അധ്യയനത്തിലേക്കും അധ്യാപനത്തിലേക്കും വെളിച്ചംപകരുന്ന ഒരു കവിത. പറഞ്ഞുശീലിക്കുന്ന ചില നുണകളുടെ ഉള്ള്‌ തുറക്കുകയാണ്‌ ഗഫൂര്‍ കരുവണ്ണൂര്‍. ക്ലാസ്‌മുറിയിലെത്തുന്ന നുണകളെക്കുറിച്ചാണ്‌ കവി എഴുതുന്നത്‌: ചില നുണകള്‍/ ക്ലസ്റ്ററിലേക്ക്‌ വരുമ്പോഴേക്കും/ പഴുത്തു പാകമായിട്ടുണ്ടാവില്ല/പറഞ്ഞു ഫലിപ്പിക്കാനുള്ള/ എഡിറ്റിംഗിന്റെ തിരക്കിലാവും.- നമ്മുടെ അറിവടയാളങ്ങളുടെ യാഥാര്‍ത്ഥ്യം തിരയുകയാണ്‌ ഈ കവിത. കുട്ടികള്‍ മറന്നുവച്ച പുസ്‌തകത്തില്‍ ചില നുറുങ്ങുകളെങ്കിലും കയറിക്കിടക്കുന്നുണ്ടാവും എന്ന്‌ ഗഫൂര്‍ തിരിച്ചറിയുന്നുണ്ട്‌. കാമ്പസ്‌ കവിത: കാമ്പസ്‌ കവിതയില്‍ പുതുശബ്‌ദങ്ങള്‍ തളിര്‍ക്കാതെയാണ്‌ കഴിഞ്ഞ വാരം പിന്നിട്ടത്‌. മഴച്ചിന്തും യാത്രാമൊഴിയും സമസ്യയും തന്നെ മുഖ്യവിഷയം. കത്തുന്ന വര്‍ത്തമാന ജീവിതം കാമ്പസിന്റെ മനമുടച്ചില്ല. മഴച്ചിന്തുകള്‍ എന്ന രചനയില്‍ നിന്നും: ഉണങ്ങിയ ആകാശങ്ങളില്‍/ കൊടും വെയില്‍ പെയ്‌ത്‌/ തീക്കാറ്റു പടരാന്‍/ ഇനി വെറുതെ കാത്തിരിക്കുക-(സൈനുല്‍ ആബിദ്‌, കൊണ്ടോട്ടി- മാതൃഭൂമി മാഗസിന്‍). പലതും ഓര്‍മക്കേടായിമാറുന്ന ജീവിതമാണ്‌ ഇവിടെ എഴുതുന്നത്‌. യാത്രാമൊഴിയില്‍ സൗദാബി എ. ടി കോട്ടക്കല്‍ മതവൈരമാണ്‌ പ്രതിപാദിക്കുന്നത്‌. സനാതനധര്‍മം വിസ്‌മരിക്കുന്ന മനുഷ്യരെ നോക്കി കവി കണ്ണീരൊഴുക്കുന്നു: അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു/ നെയ്‌ത സ്വപ്‌നഗോപുരത്തിന്റെ/ ചില്ലുകള്‍ പൊട്ടിച്ചിതറി.തൂലിക മാസികയുടെ കാമ്പസ്‌പേജില്‍ കെ. എം. ഫസീല മൂര്‍ശിദ്‌, ഒറ്റപ്പാലം പഴയ സമസ്യയെ പുറത്തെടുക്കുന്നു. കവിതയില്‍ നിന്നും വാക്കുകള്‍ ഇറങ്ങി ഓടി- തെരുവുയുദ്ധം എന്നിങ്ങനെ ഫസീല മൂര്‍ശിദ എഴുതുമ്പോള്‍ മാസിക ദൂരെവെച്ച്‌ വായനക്കാര്‍ ഓടുന്നത്‌ കാണുന്നില്ല. കവിത അകക്കണ്ണിന്റെ ആലേഖനമാണ്‌. എല്ലാറ്റിനും മൂകസാക്ഷിയായ കവിയുടെ പേനത്തുമ്പില്‍ നിന്നും ചോരത്തുള്ളികള്‍ ഒഴുകുന്നു. കവി നടന്നുപോകുന്നത്‌ ഒരു പിടിചാരം കാറ്റില്‍പറത്തിക്കൊണ്ടാണ്‌. ഫലീല മൂര്‍ശിദിന്റെ വരികള്‍: വാക്കുകള്‍പരി/ പേനത്തുമ്പില്‍ നിന്നിറ്റി വീഴുന്നത്‌/ ചോരത്തുള്ളികള്‍- (സമസ്യ). കവിതയുടെ കുതിപ്പാണ്‌ കാമ്പസ്‌ എഴുത്തുകളെ സജിവമാക്കുന്നത്‌. പക്ഷേ, കാമ്പസിലും ഇലകൊഴിയും കാലമെന്നാണ്‌ ഈ ആഴ്‌ചത്തെ രചനകള്‍ നല്‍കുന്ന പാഠം. കാവ്യനിരീക്ഷണം: വി. സി. ശ്രീജന്‍ കാലികപ്രസക്തിയുള്ള ഒരു വിഷയത്തിലേക്ക്‌ നമ്മുടെ കവികളെ നടത്തിക്കുന്നു: ഭാഷയെന്ന നിലയില്‍ മലയാളവും കവിയെന്ന നിലക്ക്‌ താനും അതിജീവിക്കാന്‍ വല്ല സാധ്യതയുമുണ്ടോ എന്ന്‌ ഈയടുത്ത കാലംവരെ ഒരു കവിയും സ്വയം ചോദിച്ചു കാണുകയില്ല. കാരണം അത്ര സുരക്ഷിതമായ ഒരു ഭാഷയാണ്‌ മലയാളമെന്നും അത്രതന്നെ ഭദ്രമായ കലയാണ്‌ കവിതയെന്നുമായിരുന്നു എല്ലാവരുടെയും വിശ്വാസം. കാലം മാറിയതോടെ ഭാഷയുടെയും കവിതയുടെയും അടിത്തറ ഇളകിത്തുടങ്ങി. ഞാന്‍ എന്തിനു എഴുതുന്നു. കാലഹരണപ്പെട്ട ഈ സാഹിത്യകലയില്‍ എന്തിന്‌ ഇനിയും പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ചോദ്യങ്ങള്‍ എഴുത്തുകാര്‍ക്ക്‌ അവഗണിക്കാന്‍ പറ്റാതായിട്ടുണ്ട്‌. ഒരു കവി പുതുതായി എഴുതുന്ന ഓരോ കവിതയിലും കവിതയെഴുത്തു തുടരാന്‍ എന്തു കൊണ്ട്‌ തീരുമാനിച്ചു എന്നതിന്റെ ന്യായം കൂടിവേണം- (നിലാവില്‍ തിമിംഗിലമുയരുന്നു- മാധ്യമം, നവം.9) . കവി അയ്യപ്പന്‌ അറുപത്‌ തികയുന്നു (താഹാ മാടായി- മലയാളം വാരിക,നവം. 6). ജീവിതത്തിന്റെ സാമ്പ്രദായികമായ എല്ലാ ഉള്ളടക്കങ്ങളെയും ഈ കവി നിരാകരിക്കുന്നു. നോവുകളെയെല്ലാം പൂവായി കാണുന്നു. തള്ളവിരല്‍ കടിച്ചുമുറിച്ച്‌ സത്യവചസ്സിന്റെ രുചിയറിയുന്നു. വീടു വേണ്ടാത്ത ഈ കവി വാറുപൊട്ടിയ തന്റെ പാദരക്ഷകള്‍ കൊണ്ട്‌ കാലത്തെ മുറിച്ചുകടക്കുന്നു.- ഈടുറ്റ വിശകലനമാണ്‌ താഹ മാടായി നടത്തിയത്‌. അയ്യപ്പന്റെ കവിതകളും ജീവിതവും നമ്മുടെ അടുത്തിരുത്തി മനസ്സിലേക്ക്‌ ചേര്‍ത്തുപിടിക്കുന്ന അനുഭവം. കവിതകള്‍ എഴുതുപ്പെടുന്നതുകൊണ്ടുമാത്രം കവിയാകുന്നില്ല. കവിത ഉള്‍ക്കൊള്ളുന്ന മനസ്സുകളും അനിവാര്യം. അയ്യപ്പന്‌ ലഭിച്ച സുകൃതമാണത്‌. -നിബ്ബ്‌, ചന്ദ്രിക 8-11-2009

Thursday, November 05, 2009

രാമായണത്തിന്റെ വയനാടന്‍ മാതൃക

രാമായണത്തിന്റെ കേരളീയ ചരിത്രം വയനാടന്‍ പറച്ചിലുകളെ അടിസ്ഥാനമാക്കി ഡോ. അസീസ്‌ തരുവണ തിരുത്തിക്കുകയാണ്‌ `വയനാടന്‍ രാമായണം' എന്ന പുസ്‌തകത്തില്‍. ഭാരതീയ സാഹിത്യത്തിന്റെ അക്ഷയഖനികളിലൊന്നായ രാമായണ പറച്ചിലുകളാണ്‌ അച്ചടിമാധ്യമങ്ങളും അക്കാദമിക്‌ കാഴ്‌ചപ്പാടുകളും പിന്തുടരുന്നത്‌. ജനപഥങ്ങളിലൂടെ കൈമാറിക്കൊണ്ടിരുന്ന രാമകഥയ്‌ക്ക്‌ ഭാരതീയ കാവ്യചരിത്രത്തില്‍ അടിസ്ഥാനധാര വാല്‍മീകി രാമായണം തന്നെ. രാമായണത്തിന്‌ ഇന്ത്യന്‍ ഭാഷകളില്‍ ഒട്ടേറെ വിവര്‍ത്തനങ്ങളും സ്വതന്ത്രാഖ്യാനങ്ങളും തിരുത്തലുകളും വന്നിട്ടുണ്ടെങ്കിലും അവയൊക്കെ വാല്‍മീകി നിന്നും ഏറെയൊന്നും അകലത്തിലല്ല.

ഒരു ജനതയുടെ ജ്ഞാനനിക്ഷേപകേന്ദ്രം അവരുടെ പറച്ചിലുകളാണെന്ന്‌ തിരിച്ചറിയുന്ന വായനാവബോധവും അന്വേഷണാത്മകതയുമാണ്‌ പ്രാദേശിക പറച്ചിലുകളില്‍ മാരകഥയ്‌ക്ക്‌ പുതിയ വേറിട്ടുനില്‍പുകളുണ്ടെന്ന്‌ കണ്ടെത്താന്‍ ഡോ. അസീസ്‌ തരുവണയ്‌ക്ക്‌ പ്രചോദനമായത്‌. വയനാടന്‍ രാമായണം എന്ന കൃതിയിലൂടെ കടന്നുപോകുന്നവര്‍ക്കും ഇക്കാര്യം വ്യക്തമാകും.

വയനാട്ടിലെ ജനവിഭാഗങ്ങളുടെ കഥപറച്ചിലുകളില്‍ നിന്നും ദേശപേരുകളില്‍ നിന്നും ഗ്രന്ഥകാരന്‍ സ്വരൂപിച്ചെടുത്ത നിരവധി പാഠഭേദങ്ങളിലൂടെ ബഹുസ്വര സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ ഡോ. അസീസ്‌ നടത്തിയ ഗവേഷണ- നിരീക്ഷണമാണ്‌ ഈ പുസ്‌തകത്തിലെ പ്രതിപാദ്യം.

പുസ്‌തകത്തിന്റെ ആദ്യഭാഗത്ത്‌ വയനാടന്‍ രാമായണങ്ങളും രണ്ടാംഭാഗത്ത്‌ വാല്‍മീകി രാമായണം മുതല്‍ ഇന്ത്യയിലും വിദേശങ്ങളിലും പ്രചാരത്തിലുള്ള ഒട്ടുമിക്ക രാമകഥകളെയും അപഗ്രഥിക്കുന്നുണ്ട്‌. രാമകഥയുടെ വൈവിധ്യമാര്‍ന്ന ഒരു താരതമ്യപഠനത്തിന്‌ വഴിയൊരുക്കുന്ന ഇന്ത്യയിലെ മികച്ച കൃതികളുടെ നിരയിലാണ്‌ ഡോ. അസീസ്‌ തരുവണയുടെ വയനാടന്‍ രാമായണത്തിന്‌ സ്ഥാനം.

രാമായണ കഥകളുടെയും സ്ഥലനാമങ്ങളുടെയും വയനാടന്‍ പാഠാന്തരത്തില്‍ വിവിധങ്ങളായ പറയലുകളുണ്ട്‌. ചെട്ടി രാമായണം, അടിയരാമായണം, സീതായനം, പാട്ടുരൂപങ്ങള്‍ എന്നിങ്ങനെ വയനാടന്‍ രാമായണങ്ങളുടെ സമഗ്രചിത്രം വ്യക്തമാക്കുന്നതോടൊപ്പം വിദേശ രാമായണങ്ങള്‍, ബൗദ്ധ-ജൈന രാമായണങ്ങള്‍, മുസ്‌ലിം രാമായണം, വാല്‍മീകി രാമകഥയുടെ ബഹുരൂപങ്ങള്‍ തുടങ്ങിയവ അടിസ്ഥാന ഉപലബ്‌ധികളുടെ സഹായത്താല്‍ വിശദീകരിക്കുന്നു.

രാമായണ ചരിത്രത്തില്‍ മാത്രമല്ല, നമ്മുടെ സാഹിത്യത്തിലും ഭാഷാചരിത്രത്തിലും കൗതുകകരമായ ചില പൊളിച്ചെഴുത്തുകള്‍ നടത്താന്‍ ഈ പഠനത്തില്‍ ഡോ. അസീസിന്‌ കഴിഞ്ഞിട്ടുണ്ട്‌. ഗവേഷണത്തിന്റെ ശാഠ്യങ്ങള്‍ക്ക്‌ വഴങ്ങാത്ത ആര്‍ജ്ജവം തന്നെയാണ്‌ ഈ പുസ്‌തകത്തിന്റെ മേന്മ. ചില വസ്‌തുതകളെ വിശകലനം ചെയ്യുമ്പോള്‍ ഗ്രന്ഥകാരന്‍ അക്കാദമിക്‌ ശൈലിയിലേക്ക്‌ മാറുന്നു. അത്‌ ഈ പഠനത്തിന്റെ ഹൃദ്യത കുറയ്‌ക്കുന്നില്ല. മതേതര മൂല്യങ്ങളുടെ വളര്‍ച്ച കുറച്ചുകാലത്തേക്കെങ്കിലും ഭാരതത്തില്‍ നിലനിന്നുവെന്ന്‌ രാമകഥകളുടെ പറയലുകള്‍ സുതാര്യമായി പ്രതിഫലിപ്പിക്കുന്നു. രാമകഥ ഒരു സമൂഹത്തിന്റെ സഹജാവബോധത്തിന്‌ നേര്‍വിപരീതമായ ദിശയിലേക്ക്‌ പ്രവേശിക്കാനിടയായ സന്ദര്‍ഭങ്ങളെ വിമര്‍ശനാത്മകമായി കാണാന്‍ ഗവേഷകന്‍ എന്ന നിലയില്‍ ഗ്രന്ഥകാരന്‌ സാധിച്ചിട്ടില്ല. എന്നാല്‍, അതൊന്നും വയനാടന്‍ രാമായണം എന്ന പുസ്‌തകത്തിന്റെ ഗാംഭീര്യം കോട്ടംവരുത്തുന്നില്ല. അവതാരികയില്‍ കെ. എന്‍. പണിക്കര്‍ എഴുതി: `വയനാടന്‍ രാമായണങ്ങള്‍ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളില്‍ പ്രചാരത്തിലുള്ള വ്യത്യസ്‌ത രാമകഥകളുടെ ഒരു ഉദാഹരണം മാത്രമാണ്‌. അവ സൂചിപ്പിക്കുന്നത്‌ ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയാണ്‌. ഈ അര്‍ഥത്തില്‍ രാമായണം ഒരു മതപാഠമല്ല; സാമൂഹ്യപാഠമാണ്‌. ജനജീവിതം പ്രതിഫലിക്കുന്ന സാമൂഹ്യപാഠം'. സ്ഥലരാശികളുടെ രാമായണ മൊഴികള്‍ക്ക്‌ വിശകലനം നല്‍കുന്ന വ്യത്യസ്‌ത പാഠപഠനമാണ്‌ ഡോ. അസീസ്‌ തരുവണയുടെ `വയനാടന്‍ രാമായണം'. മലയാളഭാഷക്ക്‌ ലഭിച്ച കനപ്പെട്ട ഗ്രന്ഥം.

വയനാടന്‍ രാമായണം

കറന്റ്‌ ബുക്‌സ്‌, തൃശൂര്. ‍വില- 120 രൂപ