Monday, December 29, 2008

നിലാപ്പെയ്‌ത്തിലുംകണ്ണുനീര്‍ത്തുള്ളികള്‍

കുര്‍ദുകളും പലസ്‌തീനികളും അനുഭവിക്കുന്ന അനിശ്ചിതത്വത്തിന്റെ ആഴം പലപ്പോഴും നമുക്ക്‌ തിരിച്ചറിയാന്‍ സാധിക്കാറില്ല. കാരണം അവര്‍ നേരിടുന്ന ജീവിതസാഹചര്യം ലോകത്തില്‍ മറ്റൊരു മേഖലയില്‍ വസിക്കുന്നവര്‍ക്കും ഉണ്ടാകാനിടയില്ല. അന്തിയുറങ്ങുന്ന വീടോ, പിറന്ന ദേശമോ എപ്പോഴാണ്‌ ഒഴിഞ്ഞു പോകേണ്ടി വരികയെന്ന്‌ പറയാന്‍ സാധിക്കാത്ത ഒരു ജനതയുടെ കണ്ണുനീര്‍ച്ചാലുകളാണ്‌ കുര്‍ദ്‌ മേഖലയില്‍ നിന്നും പലസ്‌തീനില്‍ നിന്നും ജനഹൃദയങ്ങളിലേക്ക്‌ നാളുകളായി ഒഴുകിയെത്തുന്നത്‌. കാലത്ത്‌ പാല്‌ വാങ്ങാനോ മറ്റോ പുറത്തിറങ്ങിയ കുട്ടി തിരിച്ചെത്താന്‍ വൈകുമ്പോള്‍ ചങ്കിടിച്ച്‌, വിറപൂണ്ട്‌ ഏങ്ങലടിക്കുന്നവര്‍ക്ക്‌, ഗാസയിലേയും മറ്റ്‌ പ്രദേശങ്ങളിലേയും മനുഷ്യരുടെ ജീവിതത്തിലേക്ക്‌ ഇടിത്തീ കണക്കെ വന്നുപതിക്കുന്ന ദുരന്തങ്ങളുടെ ആഴം തിരിച്ചറിയണമെന്നില്ല. കുടിയിറക്ക്‌ ഭീഷണിയും കൂട്ടക്കുരുതിയുടെ ചോരപ്പാടുകളും നാള്‍തോറും വര്‍ദ്ധിച്ചു വരികയാണ്‌ അവരുടെ ഓരോ ദിവസങ്ങളിലും. പിഞ്ചുകുട്ടികളടക്കം നിരവധിപേര്‍ ഇസ്രേഈലിന്റെ നിഷ്‌ഠൂര സൈനിക നടപടികളില്‍ മരണപ്പെടുകയാണ്‌. പരിക്കേറ്റ പിഞ്ചുകുഞ്ഞുങ്ങളെ മാറോടക്കിപ്പിടിച്ച്‌ ആശുപത്രകളിലേക്ക്‌ ഓടുന്ന സ്‌ത്രീകളുടെ ചിത്രം വാര്‍ത്താ മാധ്യമങ്ങളില്‍ നിറയുന്നു. കൊലക്കളത്തിലൂടെ കുഞ്ഞുങ്ങളുടെ ജീവനുവേണ്ടി ആര്‍ത്തലച്ച്‌ ഓടുന്ന സ്‌ത്രീകള്‍ക്കുപോലും രക്ഷയില്ലാത്ത ഒരവസ്ഥയിലാണ്‌ പലസ്‌തീനികളുടെ ഓരോ ദിനവും പിന്നിടുന്നത്‌.

അധികാരം സ്ഥാപിച്ചെടുക്കാനുള്ള തത്രപ്പാടില്‍ മനുഷ്യത്വം കാറ്റില്‍പ്പറത്തി, മനുഷ്യരെ കീടങ്ങളെപ്പോലെ ചുട്ടുകരിച്ച്‌ മുന്നേറുന്ന ശക്തികളുടെ ക്രൂരതകള്‍ എത്ര ഭീകരമാണെന്ന്‌ ഗാസയിലെ ഓരോ ആക്രമണങ്ങളും ലോകത്തോടു പറഞ്ഞുകൊണ്ടിരിക്കുന്നു. ഭൂമിയും വീടും സ്വന്തമെന്ന്‌ വിളിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ജനതയായി പലസ്‌തീനികള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ദിവസത്തിന്റെ ഏത്‌ നിമിഷത്തിലാണ്‌ തങ്ങള്‍, അതുവരെ തങ്ങളുടേതെന്ന്‌ കരുതിയതെല്ലാം ഉപേക്ഷിച്ച്‌ പോകേണ്ടി വരിക എന്ന ഉത്‌കണ്‌ഠയിലാണ്‌ പലസ്‌തീനികള്‍. രാവെന്നോ, പകലെന്നോ, ഉറക്കെന്നോ, ഉണര്‍വ്വെന്നോ അതിരിട്ടു വിളിക്കാന്‍ അവര്‍ക്ക്‌ സാധിക്കില്ല. തലയ്‌ക്കു മീതെ ബോംബര്‍ വിമാനങ്ങളുടെ ഇരമ്പം മാത്രം. മിന്നായംപോലെ കുതിച്ചെത്തുന്ന മിസൈലുകള്‍. അവയുടെ ഇരകളാകുന്നതോ പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരുമെല്ലാം അടങ്ങുന്ന ജനത. ഇറാഖിലാണെങ്കില്‍ സ്‌ത്രീകളും പെണ്‍കുട്ടികളും തലയ്‌ക്കു മുകളില്‍ നിന്നു മാത്രമല്ല, ഏതുനേരത്തും തങ്ങളുടെ ശരീരത്തിലേക്ക്‌ ചാടിവീഴുന്ന അധിനിവേശസൈനികരെ പേടിച്ചുകഴിയുന്നു. മാനവൂം ആത്മാഭിമാനവും സംരക്ഷിക്കാന്‍ സാധിക്കാത്തവരുടെ കരച്ചിലുകളാണ്‌ ഗാസയില്‍ നിന്നും ഇറാഖില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്‌. അവരുടെ കണ്ണുനീര്‍ച്ചാലുകളില്‍ നിലംപതിക്കാത്ത ഭരണകൂടങ്ങളുണ്ടോ? ഉണ്ടാകിനിടയില്ലെന്നാണ്‌ ലോകചരിത്രം സൂചിപ്പിക്കുന്നത്‌. എങ്കിലും സിംഹാസനങ്ങള്‍ കടപുഴകാനെടുക്കുന്ന കാലമത്രയും അശരണരായി കഴിയേണ്ടി വരുന്ന ജനതയുടെ വേദന എത്രയാണെന്ന്‌ കണക്കുകൂട്ടാന്‍ സാധിക്കില്ല.

ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി പരക്കം പായുന്ന മനുഷ്യരുടെ ഇടയിലേക്കാണ്‌ പൊടുന്നനെ മിസൈലുകള്‍ വന്നു പതിക്കുന്നത്‌. അവരുടെ താമസസ്ഥലങ്ങളാണ്‌ വ്യോമാക്രമണങ്ങള്‍ ലക്ഷ്യമിടുന്നത്‌. അവര്‍ക്കിടിയിലാണ്‌ വന്‍സ്‌ഫോടനങ്ങള്‍ നടക്കുന്നത്‌. ഈയ്യാംപാറ്റകളെപ്പോലെ നിലംപറ്റിപ്പോകുന്ന ജീവിതങ്ങള്‍. കുടുംബങ്ങളുടെ കണ്ണികള്‍ നിമിഷംകൊണ്ട്‌ വേരറ്റുപോകുന്നു. അതുവരെ ജീവിച്ച വീടുകള്‍ മറ്റൊരാളുടേതായി മാറുന്നു. പണം നിക്ഷേപിച്ച ബാങ്കുകള്‍ മാറുന്നു. സ്വന്തം പണംപോലും തിരിച്ചെടുക്കാന്‍ സാധിക്കാത്ത സ്ഥിതി. ആര്‌ അവശേഷിക്കുമെന്നോ, എവിടെ നിലനില്‍ക്കുമെന്നോ പറയാന്‍ കഴിയില്ല. ഒന്നിനും ഒരു നിശ്ചയവുമില്ലാത്ത ഗതികേട്‌. വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ അടുത്തനിമിഷത്തില്‍ കാണുന്നത്‌. തലയറ്റ്‌ വികൃതമായ ശരീരത്തോടു കൂടിയായിരിക്കും. മാര്‍ക്കറ്റിലേക്ക്‌ പോയ സ്‌ത്രീയെ പിന്നീട്‌ ഒരിക്കലും കാണണമെന്നില്ല. ജോലി കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ സ്വന്തം വീടോ, കുടുംബങ്ങളോ അവിടെ ഉണ്ടാകണമെന്നില്ല. ഇത്‌ ഗാസയുടെ മാത്രം പ്രശ്‌നമായിരിക്കില്ല. ഏതാണ്ടെല്ലാ കലാപഭൂമികളുടെയും ചിത്രമിങ്ങനെതന്നെ. കലാപങ്ങള്‍ പടരാനോ, പടര്‍ത്താനോ ആര്‍ക്കും വലിയ അധ്വാനമുണ്ടാകില്ല. പക്ഷേ അത്‌ വിതയ്‌ക്കുന്ന വിതുമ്പലുകള്‍ കെട്ടടങ്ങാന്‍ നൂറ്റാണ്ടുകള്‍ തന്നെ വേണ്ടിവരും. ലോകത്തിലെ യുദ്ധഭൂമികള്‍ നല്‍കുന്ന ജീവല്‍പാഠമിതാണ്‌. പലസ്‌തീനികളുടെയും ചിത്രമിതുതന്നെ. ദാഹിച്ചു വരളുന്ന തൊണ്ട നനയ്‌ക്കാന്‍ ഇത്തിരി കുടിനീരിനുവേണ്ടി സൈനികരുടെ ഇംഗിതങ്ങള്‍ക്ക്‌ കീഴടങ്ങേണ്ടിവരുന്നവരും ചെറിയ ചെറുത്തുനില്‌പിനുപോലും മരണം പ്രതിഫലമായി നല്‍കേണ്ടിവരുന്നവരുമാണ്‌ പലസ്‌തീനികള്‍. അവരുടെ കണ്ണുനീീര്‍ത്തുള്ളികള്‍ക്ക്‌ ചുടുചോരയുടെ നിറമാണ്‌. മനംകത്തിയമരുന്ന ഗന്ധമാണ്‌.

കാമനകളോ, മോഹങ്ങളോ, സ്വപ്‌നങ്ങളോ മനസ്സില്‍ കുടിയിരുത്താന്‍ വകയില്ലാത്ത ജീവിതങ്ങളിലൂടെയാണ്‌ സാമ്രാജ്യത്വത്തിന്റെ വെടിയുണ്ടകള്‍ ചീറിപ്പായുന്നത്‌. മനുഷ്യരെ ഭിന്നിപ്പിച്ച്‌, തമ്മില്‍ തല്ലിച്ച്‌ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ വേട്ടക്കാര്‍ക്ക്‌ സാധിക്കുന്നു. ഉറക്കപ്പായില്‍ നിന്നും ഞെട്ടിയുണരുന്നത്‌ തോക്കുകള്‍ക്ക്‌ മുന്നിലോ, സ്‌ഫോടനത്തിന്റെ ബലിപീഠത്തിലോ ആകാനിടവരുന്നവരുടെ ജീവിതം ഒന്നു സങ്കല്‌പിച്ചു നോക്കുക. നമ്മുടെ മനസ്സിലും കണ്ണിലും എവിടെനിന്നോ ഇരുട്ട്‌ കയറിവരുന്നു. ഒരു നിമിഷത്തേക്ക്‌ ഒന്നും കാണാനോ, പറയാനോ കഴിയാത്ത സ്ഥിതി. യഥാര്‍ത്ഥത്തില്‍ പലസ്‌തീനികളും മറ്റും അകപ്പെട്ടത്‌ ഇത്തരമൊരു ഗര്‍ത്തത്തിലാണ്‌. ഭക്ഷണം കുഴച്ച്‌ ഉരുകളാക്കി കുഞ്ഞിന്റെ വായിലേക്ക്‌ തിരുകി ലാളിക്കുമ്പോഴായിരിക്കും വെടിമുഴക്കം. ചിലപ്പോള്‍ വെടിയുണ്ട നേരെ വന്നുതറയ്‌ക്കുന്നത്‌ മാതാവിന്റെ നെഞ്ചിലായിരിക്കും. അപ്പോള്‍ രക്ഷപ്പെടുന്ന ഒരു കുട്ടിയുടെ മനസ്സ്‌ എന്തായിരിക്കും? ആ കുട്ടി ജീവിക്കുകയാണെങ്കില്‍ വളര്‍ച്ചയില്‍ ഉണ്ടാകാനിടയുള്ള മാനസികാവസ്ഥ എന്തായിരിക്കും?

ഇസ്രാഈല്‍ വേട്ടയാടുന്ന ഗാസയില്‍ മാത്രമല്ല, അധിനിവേശ സേനയുടെ സകലമാന ക്രൂരതകളും നേരിട്ടുകഴിയാന്‍ വിധിക്കപ്പെട്ട ഇറാഖികളുടെയും സ്ഥിതി ഇതുതന്നെയാണ്‌. വീടിനു പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ. കുട്ടികളുടെ വിദ്യാഭ്യാസം നിവര്‍ത്തിച്ചു കൊടുക്കാന്‍ കഴിയുന്നില്ല. തൊഴിലിടങ്ങളില്‍ സുരക്ഷിതത്വമില്ലായ്‌മ. സ്‌ത്രീകള്‍ക്ക്‌ വീടിനകത്തുപോലും രക്ഷയില്ലാത്ത സ്ഥിതി. പിഞ്ചുകുഞ്ഞുങ്ങള്‍ കൊലച്ചെയ്യപ്പെടുന്നു. എവിടെയും അരക്ഷിതത്വം. ഇതിനൊക്കെ ഈ ജനത എന്തുപിഴച്ചു? അവരവരുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും ജീവിതക്രമങ്ങളും അനുസരിച്ച്‌ കഴിയാനുള്ള അവകാശം ആര്‍ക്കുമുണ്ട്‌. പക്ഷേ, ഗാസയിലേയോ, ഇറാഖിലെയോ അല്ലെങ്കില്‍ അതുപോലെ അരക്ഷിതത്വം നിറഞ്ഞുനില്‍ക്കുന്ന സ്ഥലങ്ങളിലെയോ മനുഷ്യര്‍ക്ക്‌ ഇല്ലാതെ പോകുന്നത്‌ ഈ അവകാശമാണ്‌. പൊലിഞ്ഞുപോകുന്ന ജീവനും തകര്‍ന്നടിയുന്ന മാനത്തിനും പിച്ചിച്ചീന്തപ്പെടുന്ന ശരീരങ്ങള്‍ക്കും കരിഞ്ഞുപോകുന്ന പിഞ്ചുമനസ്സുകള്‍ക്കും ആര്‌ സമാധാനം പറയും. എന്ത്‌ പകരം നല്‍കും. ഒരു നേരം യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്ക്‌ കണ്ണുതുറക്കുന്നവര്‍ക്ക്‌ ഉത്തരമില്ല. എവിടെയാണ്‌ മനുഷ്യത്വം കടലെടുത്തുപോകുന്നത്‌? എവിടെയാണ്‌ സഹജീവികള്‍ക്കുള്ള നീതി നിഷേധിക്കപ്പെടുന്നത.്‌ അവിടങ്ങളിലൊക്കെയും വേദനയുടെ കണ്ണുനീര്‍ക്കയങ്ങളാണ്‌. ഇതിനെന്തു പരിഹാരം? ഓരോ സുമനസ്സുകളും സ്വയം ചോദിക്കുന്നു. ഉത്തരം ലളിതമായിരിക്കും. പക്ഷേ, അത്‌ നടപ്പില്‍ വരുത്താന്‍ സാധിക്കാതെ പോകുന്നതെന്തു കൊണ്ട്‌. ഓരോ ദിവസവും കരിഞ്ഞുപോകുന്ന ശലഭച്ചിറകുകള്‍ ലോകത്തിനോട്‌ പറയുന്നത്‌ എന്താണ്‌? ദ്രോഹമരുത്‌. മണ്ണില്‍ പുലരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌. അത്‌ നിഷേധിക്കരുത്‌. അധികാരത്തിനുവേണ്ടി മണ്ണുംവിണ്ണും പങ്കുവയ്‌ക്കാന്‍ ശ്രമിക്കരുത്‌. പരസ്‌പരം തിരിച്ചറിയുന്ന, പരസ്‌പരം ആദരിക്കുന്ന, ഒരുമയുടെ ലോകം എന്തുകൊണ്ട്‌ പുലരുന്നില്ല? ഉത്തരം ഒന്നേയുള്ളൂ, അപരന്റെ വേദന കാണുക. അതിന്റെ കാരണം തിരയുക. പരിഹരിക്കാനുള്ള മനസ്സ്‌, നന്മയുടെ വെളിച്ചം എവിടെയും നിറയ്‌ക്കാന്‍ കൊതിക്കുക. വേദനപുരളുന്ന ജീവിതങ്ങളെ, കരിപുരണ്ട മനസ്സുകളെ തേയ്‌ച്ചുമിനുക്കി പ്രതീക്ഷയുടെ വെട്ടത്തിലേക്ക്‌ നയിക്കുക. അങ്ങനെയുള്ള നവലോകക്രമത്തില്‍ മാംസത്തിന്റെ കരിഞ്ഞമണവും, മാനം നഷ്‌ടപ്പെട്ടവരുടെ വിതുമ്പലും കുഞ്ഞുപൂക്കള്‍ വാടിക്കരിയുന്ന ദീനരോദനവും താനേ നിലയ്‌ക്കാതിരിക്കില്ല.

Saturday, December 27, 2008

വിലാപങ്ങള്‍ക്കപ്പുറം

‍നമ്മുടെ കുട്ടികള്‍ക്ക്‌ എന്തുപറ്റി? ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും നാം പരസ്‌പരം പഴിചാരുകയും നിലവിളിക്കുകയും ചെയ്യന്നു. അപ്പോഴും സംഭവങ്ങളുടെ യഥാര്‍ത്ഥ കാരണം പരിഹരിക്കാതെ നിലനില്‌ക്കുന്നു. അത്‌ തീവ്രവാദമായാലും വാഹനാപകടമായാലും ദുര്‍നടത്തമായാലും ഒരുവിധത്തിലും പരിഹരിക്കുന്നില്ല. കണ്ണീര്‍കഥകളെഴുതിയും കുറ്റപ്പെടുത്തലിന്റെ കെട്ടഴിച്ചും പകലുകളും രാത്രികളും കടന്നുപോകുന്നു. നമ്മുടെ കുട്ടികള്‍ക്ക്‌ എവിടെയാണ്‌ വഴിതെറ്റുന്നത്‌. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കളുടെ നിരീക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശാസനകളും വേണ്ടുംവിധത്തില്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടോ. അഥവാ അതിന്‌ നാം സമയം കണ്ടെത്താറുണ്ടോ? ഇല്ലാത്തപക്ഷം കുട്ടികള്‍ വഴിതെറ്റുമ്പോള്‍ സങ്കപ്പെട്ടിട്ട്‌ എന്ത്‌ പ്രയോജനമാണുള്ളത്‌. ചെടിയുടെ വളര്‍ച്ചപോലെയാണ്‌ കുട്ടികളുടെ വളര്‍ച്ചയും. രണ്ടും ശരിയായ രീതിയില്‍ പരിചരിച്ചാല്‍ ആരോഗ്യകരമായ വളര്‍ച്ചയായിരിക്കും. ഈയിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കലാപത്തിലും മറ്റ്‌ തീവ്രവാദ സംഭവങ്ങളിലും മുമ്പെങ്ങുമില്ലാത്തവിധത്തില്‍ കേരളത്തിലെ യുവാക്കളുടെ പേരുകള്‍ ഉയര്‍ന്നു വരുന്നു. അവര്‍ അപരാധികളോ, നിരപരാധികളോ എന്നത്‌ അന്വേഷണത്തിനും നിയമത്തിനും വിട്ടുകൊടുക്കാമെങ്കിലും കുട്ടികളുടെ, യുവാക്കളുടെ കാര്യത്തില്‍ പ്രബുദ്ധരെന്ന്‌ കരുതുന്ന മലയാളികള്‍പോലും എത്രമാത്രം ഉദാസീനരാണെന്ന്‌ വ്യക്തമാകും.സംഭവങ്ങള്‍ എവിടെ നടന്നാലും അതിന്റെ ആത്യന്തികഫലം അനുഭവിക്കുന്നത്‌ മാതാപിതാക്കളാണ്‌. പ്രത്യേകിച്ചും അമ്മമാര്‍. മക്കള്‍ നഷ്‌ടപ്പെടുമ്പോഴും, ചതിക്കുഴിയില്‍ അകപ്പെടുമ്പോഴും ഓരോ മാതാവും അനുഭവിച്ചു തീര്‍ക്കുന്ന കണ്ണീരിനും വേദനയ്‌ക്കും പരിധിയില്ല. കലാപങ്ങളിലും സംഘര്‍ഷങ്ങളിലും തകരുന്നത്‌ കുടുംബങ്ങളാണ്‌. കുടുംബിനികളാണ്‌. മാതൃഹൃദയങ്ങളാണ്‌. അവരുടെ തേങ്ങല്‍ ശമിപ്പിക്കാന്‍ നാം കെട്ടിപ്പടുക്കുന്ന ഉപജാപങ്ങള്‍ക്കോ, ദുര്‍വാശിക്കോ സാധിക്കില്ല. മാതാപിതാക്കള്‍ ശ്രദ്ധിക്കാതിരുന്നാല്‍ കൂട്ടുകാരിലൂടെയും മറ്റും കുട്ടികള്‍ വഴിമാറിപ്പോകാനിടയുണ്ട്‌. സാംസ്‌കാരികവും ധാര്‍മ്മികവുമായ മൂല്യങ്ങളില്‍ നിന്നും അകന്ന്‌ എന്തെങ്കിലും കാര്യലാഭത്തിനുവേണ്ടി വഴിതെറ്റിക്കുന്നവരുടെ വലയില്‍ കുട്ടികള്‍ അകപ്പെട്ടാല്‍, ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്തവിധത്തില്‍ അവരെ നമുക്ക്‌ നഷ്‌ടപ്പെടുന്നു. പിന്നീട്‌ തീവ്രവാദികളായി മറ്റും വിശേഷിപ്പിക്കുന്നവരുടെ പേരുകളോട്‌ ചേര്‍ത്തും അല്ലാതെയും വാര്‍ത്തകളില്‍ നിറയുമ്പോഴായിരിക്കും കുട്ടികളുടെ മുഖം നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നത്‌.റോഡുകളിലെ നിലവിളിനാം ഓരോ ദിവസത്തേയും എതിരേല്‍ക്കുന്നത്‌ റോഡപകടങ്ങളുടെ വാര്‍ത്തകള്‍ കൊണ്ടാണ്‌. റോഡപകടങ്ങളെക്കുറിച്ചും, അപകടം വരാതിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുറപോലെ നടക്കുന്നു. ഇതിന്‌ ആരാണ്‌ ഉത്തരവാദി? വാഹനമോടിക്കുന്നവരും റോഡിന്റെ സൗകര്യമില്ലായ്‌മയും വാഹനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും യാത്രക്കാരും എല്ലാം ഒരുപോലെ കുറ്റക്കാരോ, പങ്കാളികളോ ആണ്‌. കാരണം റോഡില്‍ പാലിക്കേണ്ട നിരവധി സംഗതികളുണ്ട്‌. അവ ഓരോരുത്തരും എത്രമാത്രം കര്‍ക്കശമായി പാലിക്കുന്നുണ്ട്‌. ഒരാത്മ പരിശോധന നടത്തിയാല്‍ മിക്ക അപകടങ്ങളിലും നമുക്കും ചെറിയ പങ്കില്ലേ. യാത്രാവാഹനം അല്‌പം വേഗത കുറയുമ്പോള്‍ അസ്വസ്ഥത അനുഭവിക്കുന്നവരാണ്‌ നമ്മളില്‍ ഏറെയും. അമിതവേഗതയില്‍ വാഹനമോടിക്കാനുള്ള സംവിധാനം നമ്മുടെ നാട്ടിലെ റോഡുകള്‍ക്കുണ്ടോ. അതുപോലെ ഡ്രൈവര്‍മാരും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും പാലിക്കുന്നുണ്ടോ. കാല്‍നട യാത്രക്കാര്‍ റോഡുമുറിച്ചു കടക്കുമ്പോഴും മറ്റും ട്രാഫിക്‌ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടോ. പലരും ഇതൊന്നും കാര്യമാക്കാറില്ല. ഓരോ ദിവസവും നഗരങ്ങളിലും നാട്ടിലെ കവലകളില്‍പോലും നടക്കുന്ന അപകട മരണങ്ങളുടെ കണ്ണീര്‍ച്ചാലുകള്‍ ഒഴുകിയെത്തുന്നത്‌ അമ്മമനസ്സുകളിലേക്കാണ്‌. പിതൃവേദന സഹനത്തിലൊതുങ്ങുമ്പോഴും മാതൃവേദന കടുത്തനീറ്റലായി വീടകങ്ങളില്‍ പതിഞ്ഞുനില്‌ക്കുന്നു.ഇത്തരം സംഭവങ്ങളിലെല്ലാം നിറയുന്ന യാഥാര്‍ത്ഥ്യം, നാം ഇനിയും ജീവിതത്തില്‍ പാലിക്കേണ്ട പാഠങ്ങളിലേക്ക്‌ മനസ്സ്‌ ചേര്‍ക്കുന്നില്ലെന്നാണ്‌. ദുര്‍വിധികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക സംഭവങ്ങളും ലഘൂകരിക്കാന്‍ നമുക്ക്‌ സാധിക്കും. ഇത്തിരിനേരം ജീവിതത്തെക്കുറിച്ചും ചുറ്റുപാടിനെ സംബന്ധിച്ചും അതിലുപരി നാം പാലിക്കേണ്ട ചുമതലാബോധത്തെക്കുറിച്ചും ഓര്‍ത്താല്‍ കണ്ണീര്‍ച്ചാലുകളും ചോരപ്പുഴകളും ജീവിതത്തില്‍ നിന്നും ഒരു പരിധിവരെ അകന്നുനില്‌ക്കും. കാലത്തിന്റെ മാറ്റം അംഗീകരിക്കുമ്പോഴും തിരിച്ചറിവിന്റെ കണ്ണും കാതും നാം ഉപേക്ഷിക്കാതിരിക്കുക. അത്‌ ധാര്‍മ്മിക സമ്പന്നവും ആശ്വാസകരവുമായ ജീവിതത്തിന്റെ നടുത്തളത്തിലേക്ക്‌ നമ്മെ നയിക്കാതിരിക്കില്ല. ഒരു പൂ വിരിയുമ്പോള്‍ അനുഭവിക്കുന്ന സന്തോഷത്തേക്കാള്‍ പതിന്മടങ്ങായിരിക്കും ഒരു പൂ കൊഴിയുമ്പോള്‍ സുമനസ്സുകള്‍ നേരിടുന്നത്‌.

Wednesday, November 26, 2008

മഞ്ഞണിഞ്ഞ ഒരു പ്രഭാതത്തില്‍

`മഞ്ഞണിപ്പൂനിലാവ്‌പേരാറ്റിന്‍കടവത്ത്‌മഞ്ഞളരച്ചുവച്ചു നീരാടുവാന്‍...'മഞ്ഞുകാലം മലയാളിയുടെ സര്‍ഗഭാവനയെ പലവിധത്തിലും പ്രചോദിപ്പിച്ചിട്ടുണ്ട്‌. കഥയായി, കവിതയായി, ഗാനമായി... അങ്ങനെ പലരൂപത്തില്‍ മഞ്ഞും മഞ്ഞുകാലവും നമുക്ക്‌ ഹൃദ്യമായ അനുഭവമാണ്‌. മഞ്ഞുതുള്ളികള്‍ നിറന്നുനില്‍ക്കുന്ന നെല്‍പ്പാടങ്ങളും പൂവിതള്‍ത്തുമ്പുകളും ഒരിക്കലെങ്കിലും തൊട്ടുതലോടാത്ത മലയാളി ഉണ്ടാവില്ല. മരംകോച്ചുന്ന വെളുപ്പാന്‍കാലവും ചപ്പുചവറുകളും കരിയിലകളും കത്തിച്ച്‌ കുളിരകറ്റിയ തലമുറയും കേരളീയ ജീവിതത്തിന്റെ ഭാഗംതന്നെ. കാലത്തിന്റെ കുത്തൊഴുക്കില്‍ മഞ്ഞുകാലത്തിന്റെ വരവിലും ആഴസ്‌പര്‍ശത്തിലും ചെറിയ ചെറിയ മാറ്റങ്ങള്‍ കാണാമെങ്കിലും ഡിസംബറിന്റെ അടയാളമായി മഞ്ഞിന്‍കണികകള്‍ എങ്ങുനിന്നോ കേരളീയരുടെ രാത്രികളിലേക്കും പുലര്‍വേളകളിലേക്കും കുടിയേറുന്നു. ചിലപ്പോള്‍ കടുത്ത തണുപ്പായും ഇളം കുളിരായും മഞ്ഞുതുള്ളികള്‍ പെയ്‌തിറങ്ങുന്നു.മഞ്ഞെഴുതിയ കഥകളും കവിതകളും നാം വീണ്ടും വീണ്ടും വായിക്കാനെടുക്കുന്നു. അവയില്‍ പതിഞ്ഞ മഞ്ഞിന്‍ സ്‌പര്‍ശം മനസ്സിലേക്ക്‌ ചേര്‍ത്തുപിടിക്കാന്‍ നാം പലപ്പോഴും കൊതിക്കുന്നു. പ്രശസ്‌ത കഥാകൃത്ത്‌ പി. പത്മരാജന്‍ `പാര്‍വ്വതിക്കുട്ടി' എന്ന കഥയില്‍ ഒരിടത്ത്‌ എഴുതി: `അങ്ങനെയൊക്കെ ഞങ്ങള്‍ കോളജിലേക്ക്‌ നടന്നുപോകുമായിരുന്നു. ചെറിയ ചൂടുള്ള മഞ്ഞുവീഴുകയും തണുത്ത കാറ്റു വീശുകയും ചെയ്യുന്ന, കനത്ത തുള്ളികള്‍ ഉതിര്‍ക്കുന്ന മഴയുള്ള പുലര്‍വേളകളില്‍...ഓമന കൂടിയാകുമ്പോഴേക്കും ഞങ്ങളുടെ ബാച്ചു തികഞ്ഞിരുന്നു.''മഞ്ഞുകാലത്തിന്റെ ആര്‍ദ്രതയും മഞ്ഞിന്റെ ബഹുവിധമാനങ്ങളും യു. പി. ജയരാജ്‌ `മഞ്ഞി'ല്‍ ഇഴചേര്‍ത്തതിങ്ങനെ: `പുറത്ത്‌ മഞ്ഞ്‌ പൊഴിയുകയായിരുന്നു. തുറന്നിട്ട ജനാലകളിലൂടെ ആദ്യം തണുത്ത കാറ്റ്‌ ആഞ്ഞുവീശി. ഈ സീസണില്‍ അത്‌ തികച്ചും സ്വാഭാവികം.'മാമരം കോച്ചുന്ന തണുപ്പുകാലത്തിന്റെ വ്യത്യസ്‌തമായ ഒരു ചിത്രം ചെറുശ്ശേരി നമ്പൂതിരി അടയാളപ്പെടുത്തി: `ശീതം തഴച്ചോരു ഹേമന്തകാല'ത്തെപ്പറ്റി കൃഷ്‌ണഗാഥയിലും എഴുതിയിട്ടുണ്ട്‌. ചങ്ങമ്പുഴ കാവ്യദേവതയെ കണ്ടെടുക്കുന്നതും മഞ്ഞുനീരണിഞ്ഞ പ്രഭാതത്തിലാണ്‌. `മഞ്ഞതെച്ചിപ്പൂങ്കുല പോലെ മഞ്‌ജിമവിടരും പുലര്‍കാലേ... നിന്നൂ ലളിതേ നീയെന്‍ മുന്നില്‍നിവൃതി തന്‍...'കണ്ണീര്‍പ്പാടത്തിലൂടെ നീന്തിക്കയറുന്ന ദമ്പതിമാരുടെ ജീവിതയാത്രയിലൊരിടത്ത്‌ വൈലോപ്പിള്ളി ഇങ്ങനെ എഴുതി: `നേര്‍ത്തലിഞ്ഞിടും മഞ്ഞിലൂളിയിട്ടെത്തീടുന്നുപൂത്തമാന്തോപ്പിന്‍ മണംപുലരുന്നൊരു തെന്നല്‍...' -(യുഗപരിവര്‍ത്തനം)പുലര്‍മഞ്ഞിന്റെ വ്യത്യസ്‌തതയാര്‍ന്ന മുഖം എന്‍. എന്‍. കക്കാടിന്റെ കവിതയിലുണ്ട്‌:`നീഹാരനാളില്‍ ശുചിസ്‌മിതക്കായ്‌ നീള്‍മിഴിക്കോണിന്റെ യാചനയാആതിരക്കണ്ണിന്‍ തിളക്കമായിശൈശവവായുവിന്‍ ഹര്‍ഷമായി...'-(ഊര്‍ണ്ണനാഭി)മഞ്ഞിന്‍പാളികള്‍ വകഞ്ഞുമാറ്റി കാത്തിരിപ്പിന്റെ മുക്തത എഴുതിയ 'മഞ്ഞി'ല്‍ എം. ടി. വാസുദേവന്‍ നായര്‍ അടയാളപ്പെടുത്തി: `ഞാനും നിങ്ങളുമെല്ലാം യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു. കാലത്തിന്റെ പാറക്കെട്ടുകളില്‍ മഞ്ഞുവീഴുന്നു. ഉരുകുന്നു. വീണ്ടും മഞ്ഞിന്‍ പടലങ്ങള്‍ തണുത്തുറഞ്ഞു കട്ടപിടിക്കുന്നു. നാമെല്ലാം കാത്തിരിക്കുന്നു...'ടി. പത്മനാഭന്റെ വാക്കുകളില്‍ തെളിയുന്ന മഞ്ഞിന്റെ ശീതളിമ: `ഒന്നിലധികം തവണ അയാള്‍ എഴുന്നേറ്റു ജനലിന്നരികില്‍ ചെന്നു വെളിയിലേക്ക്‌ നോക്കി. നല്ല നിലാവുള്ള രാത്രിയായിരുന്നു. അല്‌പം മാത്രം തണുപ്പുള്ള വളരെ സുഖകരമായ ഒരു കാറ്റും വീശുന്നുണ്ടായിരുന്നു. മഞ്ഞില്‍ നനഞ്ഞ വൃക്ഷത്തലപ്പുകള്‍ക്ക്‌ നിലാവിന്റെ വെളിച്ചം അഭൗമമായ ഒരു കാന്തി നല്‍...' -(കത്തുന്ന രഥചക്രം)ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്റെ `മഞ്ഞുകാലം' എന്ന കഥയില്‍ പറയുന്നതുപോലെ: `മഞ്ഞുകാലം വരുന്നതോടെ സ്ഥിതിയാകെ മാറും. അസൈനാര്‍ക്കയ്‌ക്ക്‌ ഭ്രാന്തിളകുന്ന കാലമാണിത്‌. പലര്‍ക്കും ആശ്വാസമോ, നഷ്‌ടബോധമോ അങ്ങനെ എന്തൊക്കെയോ തോന്നും...' പ്രിയ എ.എസ്‌. മഞ്ഞണിഞ്ഞ കാലത്തിലേക്ക്‌ കണ്ണയച്ച്‌ ഓര്‍മ്മയുടെ ജാലകം തുറക്കുന്നതിങ്ങനെ: `ഇളം മഞ്ഞിന്റെ നേര്‍ത്ത ആവരണത്തിനിടയിലൂടെ ഒളിഞ്ഞുനേക്കി, നാണിച്ചു നാണിച്ച്‌ കടന്നുവന്ന മഴയുടെ കൈപിടിച്ചെത്തിയ പ്രഭാകരന്റെ തുടുത്തമുഖം കണ്ടിരിക്കുമ്പോഴാണ്‌ ഇന്ന്‌ സ്‌കൂളില്‍ പോകാതിരിന്നാലോ... എന്ന ചിന്ത ആഗ്രഹമായി പീലിനീര്‍ത്തിക്കഴിഞ്ഞിരുന്നു...' -(എഴുത്ത്‌)മഞ്ഞ്‌ ജീവിതത്തിന്റെ കുപ്പായമായിത്തീരുകയാണ്‌. മലയാളത്തിന്റെ ചലച്ചിത്രഗാന ശാഖയിലാണ്‌ മഞ്ഞിന്‍തുടിപ്പ്‌ ഏറ്റവും സജീവമായി പടര്‍ന്നുനില്‌ക്കുന്നത്‌. മഞ്ഞിന്‍പ്പൊലിമ നോക്കി പി. ഭാസ്‌ക്കരന്‍ എഴുതി:`മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിമധുമാസ ചന്ദ്രിക വന്നൂനിന്നെ മാത്രം കണ്ടില്ലല്ലോനീ മാത്രം വന്നില്ലല്ലോപ്രേമചകോരീ ചകോരീ ചകോരീ..'-(കളിത്തോഴി)വയലാറിന്റെ വരികളില്‍ തുളുമ്പുന്ന മഞ്ഞുകാലത്തിന്റെ മറ്റൊരു മുഖമിങ്ങനെ:`ഇന്ദുമുഖീ... ഇന്ദുമുഖീ...എന്തിനിന്നു നീ സുന്ദരിയായ്‌ഇന്ദുമുഖീ... ഇന്ദുമുഖീമഞ്ഞിന്‍ മനോഹര ചന്ദ്രികയില്‍മുങ്ങി മാറുമറയ്‌ക്കാതെ.'-(അടിമകള്‍)ഗിരീഷ്‌ പുത്തഞ്ചേരിയുടെ കാഴ്‌ചയില്‍ തെളിഞ്ഞ ഒരു മഞ്ഞുകാല ചിത്രമിങ്ങനെ:`മൂടല്‍മഞ്ഞിനാല്‍...മണിപ്പുടവകള്‍ ഞൊറിയുമിപ്പുലര്‍വനിയില്‍,കുഞ്ഞുപ്പൂക്കളാല്‍... അതില്‍കസവണിക്കരയിടുമരുവികളില്‍പകല്‍പ്പക്ഷിയായി പാടുവാന്‍നേരമായ്‌...'-(കൃഷ്‌ണഗുഡിയില്‍ ഒരു പ്രണയകാലത്ത്‌)സാഹിത്യത്തിലും കലകളിലും എന്നതുപോലെ മലയാളിയുടെ ജീവിതപുസ്‌തകത്തിലും മഞ്ഞുകാലത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. മഞ്ഞിന്‍പുകമറക്കുള്ളിലൂടെ ഈറനുടുത്ത്‌ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക്‌ പോകുന്നവരും ജോലിസ്ഥലത്തേക്ക്‌ പുറപ്പെടുന്നവരും കേരളത്തിന്റെ ജീവല്‍ച്ചിത്രങ്ങളുടെ ഭാഗമാണ്‌. മഞ്ഞുകാലത്തിന്റെ വസ്‌ത്രധാരണാ രീതിക്കൊന്നും വലിയ പ്രചാരം ലഭിക്കുന്നില്ലെങ്കിലും തണുപ്പിനെ അതിജീവിക്കാന്‍ പാകത്തിലുള്ള വിവിധതരം വസ്‌ത്രങ്ങള്‍ കേരളീയരുടെ അലമാരകളിലും ഇടംനേടുന്നുണ്ട്‌.തണുപ്പ്‌ കാലത്ത്‌ ചിലതരം ഭക്ഷണവിഭവങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പൊതുവെ പച്ചക്കറികള്‍ക്കാണ്‌ മുന്‍ഗണന കിട്ടുന്നത്‌. മഴക്കാലം മാറിക്കഴിയുമ്പോഴാണ്‌ കേരളത്തില്‍ മഞ്ഞിന്റെ വരവ്‌. തണുത്ത കാറ്റിന്റെ വീശിയടിക്കലും മഞ്ഞുതുള്ളിയില്‍ പ്രതിബിംബിച്ചെത്തുന്ന സൂര്യകിരണങ്ങളും മഞ്ഞുകാല പ്രഭാതത്തിന്‌ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. മഞ്ഞില്‍ കുതിര്‍ന്നുനില്‌ക്കുന്ന പനിനീര്‍പ്പൂക്കളും മഞ്ഞിന്‍തുള്ളികള്‍ നിറുകയിലേറ്റിനില്‌ക്കുന്ന പുല്‍ക്കൊടികളും മലയാളിയുടെ കാഴ്‌ചയിലും മനസ്സിലും എന്തെന്തു ഭാവനകള്‍ക്കാണ്‌ നിറംകൊടുക്കുന്നത്‌.ആരോഗ്യകാര്യങ്ങളിലാണ്‌ മഞ്ഞുകാലത്ത്‌ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടത്‌. കൈകാലുകളിലെ മൃദുലമായ ഭാഗവും ചുണ്ടുകളും വിണ്ടുകീറാന്‍ തുടങ്ങും. ചര്‍മ്മത്തിന്‌ വരള്‍ച്ചയും കൂടും. വാതരോഗത്തിന്റെ ആധിക്യം പ്രായമുള്ളവരെ മാത്രമല്ല, ചെറുപ്പക്കാരെയും പിടികൂടും. ജലദോഷം ഉള്‍പ്പെടെ കഫജന്യരോഗങ്ങള്‍ വര്‍ദ്ധിക്കും. മഞ്ഞുകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ തരണംചെയ്യാന്‍ ചികിത്സാരംഗത്ത്‌ ചില മുന്‍കരുതലൊക്കെ മലയാളി ആസൂത്രണം ചെയ്യാറുണ്ട്‌. അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ അംശം വര്‍ദ്ധിക്കുമെങ്കിലും ഹൃദ്യമായ കാലാവസ്ഥയാണ്‌ മഞ്ഞുകാലത്തിന്റേത്‌. തണുപ്പു രാജ്യങ്ങളിലേതുപോലെ കേരളത്തില്‍ മഞ്ഞിന്റെ കാഠിന്യം അനുഭവപ്പെടുന്നില്ലെങ്കിലും മഞ്ഞുകാലമെന്ന്‌ കേള്‍ക്കുമ്പോള്‍ തന്നെ മലയാളിക്ക്‌ ആത്മാവിന്റെ സംഗീതംപോലെ പ്രിയപ്പെട്ട രാപ്പകലുകളാണ്‌. മഞ്ഞുകാലം നോല്‍ക്കുന്ന കുമാരന്മാരും കുമാരികളും നമ്മുടെ നിനവിലുമുണ്ട്‌. അരുമയായ ഒട്ടേറെ ചിത്രങ്ങളായ്‌ നിരന്നുനില്‍ക്കുകയാണ്‌ മഞ്ഞണിഞ്ഞ ഡിസംബറിന്റെ രാപ്പകലുകള്‍.

Thursday, November 20, 2008

അഭിനയത്തികവിന്റെചരിത്രപാഠം

‍നടനകലയുടെ വിസ്‌മയമായിരുന്നു എം. എന്‍. നമ്പ്യാര്‍. ദക്ഷിണേന്ത്യന്‍ സിനിമാ ചരിത്രത്തിലെ മികവുറ്റ അധ്യായം. വില്ലന്‍ വേഷങ്ങള്‍ക്ക്‌ വ്യത്യസ്‌തമായ ഒരു ശൈലിയും ശരീരഭാഷയും സൃഷ്‌ടിച്ചെടുക്കാന്‍ നമ്പ്യാര്‍ക്ക്‌ ആദ്യകാല ചിത്രങ്ങളില്‍ തന്നെ സാധിച്ചു. എം. ജി. ആര്‍. സിനിമയെക്കുറിച്ച്‌ ആലോചിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുവരുന്ന രൂപം എം. എന്‍. നമ്പ്യാരുടെ സിംഹഗര്‍ജ്ജനമാണ്‌. തമിഴ്‌ ചലച്ചിത്രത്തിന്‌ വേറിട്ടൊരു സൗന്ദര്യബോധം രൂപപ്പെടുത്താന്‍ മലയാളിയായ നമ്പ്യാര്‍ക്ക്‌ അനായാസം സാധിച്ചത്‌ അദ്ദേഹത്തിന്‌ അഭിനയകലയോടുള്ള അഭിനിവേശം തന്നെയായിരുന്നു. നാടകവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ച നമ്പ്യാര്‍ മദിരാശിയിലെത്തുകയും നാട്യകലാസംഘത്തോടൊപ്പം ഊരുചുറ്റുകയും ചെയ്യുന്നതിനിടയിലാണ്‌ സിനിമയിലെത്തുന്നത്‌. ആദ്യകാലത്ത്‌ നാടകട്രൂപ്പില്‍ നിന്ന്‌ കിട്ടിയ വരുമാനം മൂന്നു രൂപയായിരുന്നു. അതില്‍ നിന്നും മിച്ചംവെച്ച രണ്ടു രൂപ തന്റെ അമ്മയ്‌ക്ക്‌ മണിയോര്‍ഡറായി അയച്ചുകൊടുക്കും. പതിമൂന്നാമത്തെ വയസ്സിലാണ്‌ നമ്പ്യാര്‍ പ്രശസ്‌ത നാടകട്രൂപ്പായ നവാബ്‌ രാജമാണിക്യത്തില്‍ ചേര്‍ന്നത്‌.തെക്കേന്ത്യന്‍ സിനിമയില്‍ അരനൂറ്റാണ്ട്‌ ജ്വലിച്ചു നിന്ന നടനാണ്‌ എം. എന്‍. നമ്പ്യാര്‍. വില്ലന്‍ വേഷങ്ങള്‍ക്ക്‌ നമ്പ്യാര്‍ പുതിയ റോള്‍മോഡല്‍ തീര്‍ത്തത്‌ പ്രതിനായക കഥാപാത്രങ്ങളിലൂടെയാണ്‌. എം. ജി. ആര്‍., ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍ എന്നീ ത്രിമൂര്‍ത്തികള്‍ക്കൊപ്പം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ നമ്പ്യാര്‍ക്ക്‌ സാധിച്ചത്‌ അദ്ദേഹം പ്രദര്‍ശിപ്പിച്ച നടനകാന്തിയിലൂടെയാണ്‌. നായകനെ ചുറ്റിക്കറങ്ങുന്ന ചിത്രങ്ങളില്‍ നിന്നും ഒരു വില്ലന്‌ ആസ്വാദകരുടെ ഹൃദയത്തില്‍ കുടിയേറാന്‍ കഴിഞ്ഞത്‌ കഥാപാത്രങ്ങളിലേക്കുള്ള നമ്പ്യാരുടെ പരകായപ്രവേശ ബലമാണ്‌. തമിഴ്‌ സിനിമാ പ്രവര്‍ത്തകര്‍ക്ക്‌ നമ്പ്യാരെ മാറ്റിനിര്‍ത്തി വില്ലനെക്കുറിച്ച്‌ ചിന്തിക്കാന്‍ സാധിക്കാത്തവിധം അദ്ദേഹം തന്റെ അവതരണശൈലിയൂടെ ഒരു യുഗം തന്നെ നിര്‍മ്മിച്ചെടുക്കുകയായിരുന്നു. 1935-ല്‍ ഭക്തരാംദാസ്‌ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ എം. എന്‍. നമ്പ്യാര്‍ പിന്നീട്‌ കരുത്തുറ്റ ഭാവാഭിനയത്തിലൂടെ ചില സിനിമകളില്‍ നായകനെപ്പോലും നിഷ്‌പ്രഭമാക്കുന്നതിനും തമിഴ്‌ സിനിമ സാക്ഷ്യം വഹിച്ചിട്ടുണ്ട്‌. ഏഴ്‌ തലമുറയോടൊത്ത്‌ അദ്ദേഹം അഭിനയിച്ചു. ഓരോ കാലത്തും സിനിമയ്‌ക്കും ആസ്വാദനത്തിനും വരുന്ന മാറ്റംപോലും സൂക്ഷ്‌മതയോടെ നിരീക്ഷിക്കുകയും മാറുന്ന അഭിരുചിയെ മാനിക്കുകയും ചെയ്‌ത നടനായിരുന്നു നമ്പ്യാര്‍. തമിഴ്‌, തെലുങ്ക്‌, ഹിന്ദി, മലയാളം, ഇംഗ്ലീഷ്‌ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളില്‍ നമ്പ്യാര്‍ അഭിനയിച്ചു. വില്യം ബ്രൂക്ക്‌ സംവിധാനം ചെയ്‌ത ജംഗില്‍ എന്ന സിനിമയില്‍ പ്രശസ്‌ത നടന്‍ റോഡ്‌ കാമറോണോടൊപ്പമാണ്‌ നമ്പ്യാര്‍ മാറ്റുരച്ചത്‌. എം. ജി. രാമചന്ദ്രനോടൊത്ത്‌ അഭിനയിച്ച ആയിരത്തിലൊരുവന്‍ എന്ന സിനിമയാണ്‌ തമിഴില്‍ നമ്പ്യാര്‍ക്ക്‌ ഏറ്റവും ജനപ്രീതി നേടിക്കൊടുത്തത്‌. ശിവാജിക്കൊപ്പം അംബികാപതിയും മിസ്സിയമ്മയിലൂടെ ജെമിനി ഗണേശനോടൊത്തും നമ്പ്യാര്‍ ദൃശ്യപഥത്തില്‍ തന്റെ സാന്നിധ്യം പതിപ്പിച്ചു. കല്യാണി, കവിത എന്നീ സിനിമകളില്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴിലെ പ്രശസ്‌ത സംവിധായകരായ ശ്രീധറിന്റെ നെഞ്ചം മറപ്പതില്ലെ, ഭാഗ്യരാജിന്റെ തൂരല്‍ നിന്നുപോച്ചു തുടങ്ങിയ ചിത്രങ്ങളില്‍ നമ്പ്യാരുടെ നടനം അവിസ്‌മരണീയാനുഭവമാണ്‌. പതിനൊന്ന്‌ റോളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ട സിനിമയാണ്‌ ദിഗംബരസ്വാമിയാര്‍. ഉത്തമപുതിരന്‍, എങ്കവീട്ടുപിള്ളെ, മന്നവന്‍ വന്ദനാദി, സര്‍വ്വാധികാരി, സ്വാമി അയ്യപ്പന്‍, രാജ രാജചോളന്‍, എന്‍ തമ്പി, പാശമലര്‍ മുതലായ ചിത്രങ്ങളിലുടെ നമ്പ്യാര്‍ എന്ന നടന്റെ അഭിനയമുഹൂര്‍ത്തങ്ങള്‍ തിളങ്ങിനില്‍പ്പുണ്ട്‌.1919 മാര്‍ച്ച്‌ 9-ന്‌ കണ്ണൂരിലാണ്‌ മഞ്ചേരി നാരായണന്‍ നമ്പ്യാര്‍ എന്ന എം. എന്‍. നമ്പ്യാര്‍ ജനിച്ചത്‌. തമിഴ്‌ സിനിമാലോകത്ത്‌ ചരിത്രം സൃഷ്‌ടിച്ച എം. ജി. ആറിനോടൊപ്പം എം. എമ്മനും അഭിനയത്തിന്റെയും ആത്മാര്‍ത്ഥതയുടെയും സഹജാവബോധത്തിന്റെയും ചരിത്രപാഠാവലിയാണ്‌. കാലത്തിന്‌ എളുപ്പം മായ്‌ക്കാന്‍ സാധിക്കാത്ത ഒരു നടനദീപ്‌തി തന്നെ.

Tuesday, July 01, 2008

2007-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍

2007-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. പതിവുപോലെ പുരസ്‌കാരം പ്രതീക്ഷിച്ചവരും ലഭിക്കാത്തവരും വാദപ്രതിവാദത്തിന്‌ കച്ചകെട്ടിയിരുന്നു. പക്ഷേ, എന്തുകൊണ്ടോ മുന്‍കാലങ്ങളില്‍ നടന്ന രീതിയിലുള്ള പൊട്ടിത്തെറികളൊന്നുമുണ്ടായില്ല. മലയാളികള്‍ സാംസ്‌കാരികതലത്തില്‍ ഉയര്‍ന്നതുകൊണ്ടോ, അവാര്‍ഡ്‌ വിമര്‍ശനങ്ങള്‍ക്ക്‌ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കാത്തതോ, പ്രതികരിച്ചവര്‍ ചലച്ചിത്രരംഗത്തെ പ്രഗത്ഭമതികളായതുമൂലമോ ആകാം വിഴുപ്പലക്കലിന്‌ വലിയ കോപ്പ്‌ ലഭിച്ചില്ല.കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍ തുടങ്ങിയവയ്‌ക്കുള്ള അവാര്‍ഡ്‌ നേടിയത്‌ എം. ജി. ശശിയാണ്‌. ഡോക്യുമെന്റികളിലൂടെയും കൊച്ചുസിനിമകളിലൂടെയും തന്റെ ചലച്ചിത്ര സംബന്ധിയായ നിലപാടുകള്‍ ഇതിനകം ശശി വ്യക്തമാക്കിയിട്ടുണ്ട്‌. പുതിയ ചിത്രം- അടയാളങ്ങള്‍ നന്തനാരുടെ ജീവിതരേഖയില്‍ തളിര്‍ത്ത ചിത്രപാഠമാണ്‌. (സിനിമ ഇനിയും പ്രദര്‍ശനശാലയില്‍ എത്തിയിട്ടില്ല എന്നത്‌ അവാര്‍ഡിന്‌ തടസ്സമാകുന്നില്ല. മുന്‍കാലത്തും റിലീസ്‌ ചെയ്യാത്ത ചിത്രങ്ങള്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌.) മികച്ച നടന്റെ കാര്യത്തിലും വലിയ മത്സരം നടന്നില്ല. പരദേശിയിലെ വലിയകത്ത്‌ മൂസ്സയുടെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രകടിപ്പിച്ച അഭിനയപാടവത്തില്‍ മിമിക്രിയുടെ ചന്തം കണ്ടവരെ പുരസ്‌കാരം അല്‌പം പ്രകോപിച്ചത്‌ സ്വാഭാവികം. ഇത്തരമൊരു സിനിമ രൂപപ്പെടുത്തുമ്പോള്‍ സംഭവിക്കാവുന്ന പാളിച്ചകള്‍ മാത്രമേ പരദേശിക്കും പറ്റിയുള്ളൂ. ചിത്രം പി. ടി. കുഞ്ഞിമുഹമ്മദ്‌ ചെയ്‌തതുകൊണ്ടും മോഹന്‍ലാല്‍ വേഷമിട്ടതിനാലും വന്നുചേരാവുന്ന പാകപ്പിഴയല്ല പരദേശിയുടെ പ്രശ്‌നം. പരദേശിയുടെ സ്വത്വപ്രതിസന്ധി ഇനിയും തിരിച്ചറിയാത്തവരുടെ മനോഭാവം മാത്രമാണ്‌. ആകാശഗോപുരവും ലാലിനെ മികച്ച നടന്റെ സ്ഥാനത്തേക്ക്‌ ഉയര്‍ത്താവുന്നതേയുള്ളൂ. നല്ലനടനെ തെരഞ്ഞെടുക്കുന്നതില്‍ ഏഴംഗ ജൂറിക്ക്‌ മുമ്പില്‍ വെല്ലുവിളി ഒന്നുമുണ്ടായിരുന്നില്ല. ഒരേകടലിലെ മമ്മൂട്ടിയുടെ വേഷം അദ്ദേഹത്തിന്റെ അഭിനയതലത്തില്‍ ഒരു പ്രത്യേകതയും ഉയര്‍ത്തിയില്ല. ശ്യാമപ്രസാദ്‌ രൂപപ്പെടുത്തിയ കഥാപാത്രം തന്റെ കരിയറിലെ ഹൈലൈറ്റാണെന്ന്‌ മമ്മൂട്ടിപോലും കരുതാനിടയില്ല. അറബിക്കഥയിലെ ക്യൂബാമുകുന്ദന്‍- ശ്രീനിവാസന്റെ ഒരു ടൈപ്പ്‌ കഥാപാത്രം. അതിനാല്‍ മികച്ചനടന്‍ അനായാസമായി തീരുമാനിക്കപ്പെട്ടു. മികച്ച നടിയുടെ സ്ഥാനത്തേക്ക്‌ മീരാജാസ്‌മിനെ പിന്തള്ളാന്‍ പാകപ്പെട്ട മറ്റൊരു കഥാപാത്രാവിഷ്‌കാരം കഴിഞ്ഞ വര്‍ഷം മലയാളത്തിലുണ്ടായില്ല. രണ്ടാമത്തെ നടനും നടിയും വലിയ അഭിപ്രായ വ്യത്യാസത്തിന്‌ ഇടം നല്‍കിയില്ല. നല്ല കഥ, നല്ല ചിത്രം, മികച്ച സംവിധായകന്‍ മുതലായ പുരസ്‌കാരങ്ങളിലാണ്‌ അടുര്‍ ഗോപാലകൃഷ്‌ണനും കെ. പി. കുമാരനും ചൊടിച്ചത്‌. അടുരിന്റെ ടൊറന്റോ പ്രദര്‍ശന സിനിമ- നാല്‌ പെണ്ണുങ്ങള്‍, കെ. പി. കുമാരന്റെ ആകാശഗോപുരം എന്നിവയെ അവഗണിച്ചെന്നാണ്‌ മുഖ്യപരാതി. നാല്‌ പെണ്ണുങ്ങള്‍ അടൂരിന്റെ മികച്ച സിനിമകളുടെ നിരയില്‍ വരുന്നില്ല. തകഴിയുടെ കഥയാണ്‌ ചിത്രത്തിന്‌ അടിസ്ഥാനമാകുന്നത്‌ എന്നതുകൊണ്ട്‌ പ്രേക്ഷകരോ, ജൂറിയോ മികച്ചതെന്ന്‌ അംഗീകരിക്കണമെന്നില്ല. പിന്നാമ്പുറക്കഥയില്‍ നിറയുന്നത്‌ ജനുബറുവയുടെ പ്രതികാരമാണ്‌. ദേശീയതലത്തില്‍ പലതവണ ഏറ്റുമുട്ടി പരാജയപ്പെട്ടതിന്റെ പകയാണ്‌ അടൂരിനോട്‌ കേരളത്തില്‍വച്ച്‌ ബറുവ തീര്‍ത്തതെന്ന നിഗമനത്തിന്‌ പ്രസക്തിയില്ല. ജനപ്രീതി നേടിയ കലാമൂല്യമുള്ള സിനിമയായി കഥപറയുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ അത്ഭുതത്തിന്‌ വകനല്‍കുന്നു. ഗാനാലാപനം, സംഗീതം, മേയ്‌ക്കപ്പ്‌, ഗാനരചന, ഛായാഗ്രഹണം എന്നിങ്ങനെ ഇതര പുരസ്‌കാരങ്ങള്‍ എതിരെഴുത്തിന്‌ വിധേയമായില്ല. മികച്ച ചലച്ചിത്രഗ്രന്ഥ നിര്‍ണ്ണയത്തിലും ബി. രാജീവന്റെ പാനലിന്‌ പ്രയാസപ്പെടേണ്ടി വന്നില്ല. എന്‍. പി. സജീഷിന്റെ `ശലഭച്ചിറകുകള്‍...' അവാര്‍ഡ്‌ നേടി. ലോകസിനിമയുമായി മലയാളിയെ അടുപ്പിച്ചുനിര്‍ത്തുന്നതിലും ചലച്ചിത്ര സമീപനത്തില്‍ അവലംബിക്കാവുന്ന പുതിയ വഴികളും ചര്‍ച്ചക്ക്‌ വിധേയമാക്കുന്ന `ശലഭച്ചിറകുകള്‍..' സിനിമാസംബന്ധ പുസ്‌തകങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു. പുരസ്‌കാര നിര്‍ണ്ണയത്തില്‍ ആരോപിക്കപ്പെടുന്ന പതിവു വേലിയേറ്റവും വേലിയിറക്കവും ഇത്തവണയും നടന്നിരിക്കാം. ജഗതിക്ക്‌ പ്രത്യേക അംഗീകാരം നല്‍കിയതിലൂടെ ജനുബറുവ അടങ്ങുന്ന സമിതി, നിര്‍ദേശങ്ങള്‍ക്കും പ്രീണനത്തിനുമപ്പുറം സിനിമാസ്വാദകരുടെ പ്രശംസ നേടാതിരിക്കില്ല.

മുങ്ങുന്ന കപ്പല്‍

സര്‍ഗശേഷിയില്ലാത്തവരാണ്‌ മാക്‌ടയുടെ തലപ്പത്ത്‌. അവര്‍ക്ക്‌ ആരോടും ബഹുമാനമില്ല. മാക്‌ടയുടെ പിളര്‍പ്പിനെ നിര്‍ഭാഗ്യകരമെന്നല്ല, ഭാഗ്യകരമെന്നാണ്‌ വിശേഷിപ്പിക്കേണ്ടത്‌. സര്‍ഗശേഷിയില്ലാത്ത കുറേ ആളുകളെ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കുത്തിക്കയറ്റി മാക്‌ടയെ നശിപ്പിച്ചു. ഇനിയൊരു സംഘടനവേണോ എന്ന്‌ കൂട്ടായി ആലോചിക്കണം. സംഘടനയാണ്‌ എല്ലാ പ്രശ്‌നത്തിനും കാരണമെങ്കില്‍, സംഘടന വേണ്ടെന്ന്‌ വച്ച്‌ വ്യക്തിപരമായി നില്‍ക്കാം. അതല്ല സാംസ്‌കാരിക കൂട്ടായ്‌മക്കും സര്‍ഗപരമായ വളര്‍ച്ചയ്‌ക്കും സംഘടന അനിവാര്യമാണെങ്കില്‍ അതുമാകാം.''- -ശ്രീനിവാസന്‍ (ചിത്രഭൂമി ജൂണ്‍ 19/2008)

ക്ഷാമത്തില്‍ മുങ്ങിനില്‍ക്കുന്ന ഗ്രാമത്തിന്റെ മനുഷ്യത്വം വറ്റിപ്പോകുന്നത്‌ അവതരിപ്പിക്കുന്ന ഒരു ജാപ്പനീസ്‌ സിനിമയുണ്ട്‌. ഇമാമുറയുടെ `ബേലഡ്‌ ഓഫ്‌ നരയാമ'. മലമുകളിലെ മരണത്തിലേക്കുള്ള സാഹസികയാത്രയിലാണ്‌ ചിത്രം അവസാനിക്കുന്നത്‌. മലയാളസിനിമാ മേഖലയുടെ അവസ്ഥയും ഇമാമുറയുടെ സിനിമയിലെ അവസാന സീന്‍ ഓര്‍മ്മപ്പെടുത്തുന്നു. നിലനില്‍ക്കാനുള്ള ശ്രമങ്ങളുടെ അവസാന ഉറവും വറ്റിപ്പോകുന്ന കാഴ്‌ചയാണ്‌ മലയാളസിനിമാ രംഗത്ത്‌ പ്രതിഫലിക്കുന്നത്‌. നിര്‍മ്മാണത്തിലും വിതരണത്തിലും പ്രദര്‍ശനവിജയത്തിലും കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന മലയാളസിനിമാ വ്യവസായം അടുത്തിടെ ചെന്നുപതിച്ചത്‌ മറ്റൊരു ദുരന്തത്തിലേക്കാണ്‌.വന്‍ പബ്ലിസിറ്റിയുടെ അകമ്പടിയിലിറങ്ങുന്ന താരചിത്രങ്ങള്‍ക്കുപോലും `ഇനീഷ്യല്‍ഫുള്‍' ഉണ്ടാക്കാന്‍ സാധിക്കാത്ത ദുരിതാവസ്ഥക്കിടയില്‍ ചലച്ചിത്രസംഘടനകള്‍ തമ്മിലുള്ള വടംവലിയും സംഘടനകള്‍ക്കുള്ളില്‍ രൂപപ്പെടുന്ന പടലപ്പിണക്കങ്ങളും കലാകാരന്മാര്‍ക്കിടിയിലെ വ്യക്ത്യാരോപണങ്ങളും കൊണ്ട്‌ മലയാളചലച്ചിത്ര മേഖല മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ അവസ്ഥയിലെത്തി നില്‍ക്കുന്നു.2008-ന്റെ ആദ്യപകുതി കടന്നുപോകുന്നത്‌ മലയാളസിനിമക്ക്‌ കടുത്ത പ്രഹരം ഏല്‍പ്പിച്ചുകൊണ്ടാണ്‌. മലയാളസിനിമ നാളിതുവരെ കാത്തുസൂക്ഷിച്ച (പുറമെയെങ്കിലും) ഐക്യവും സര്‍ഗോന്മുഖതയും കെട്ടുപോകുന്ന അഥവാ കെടുത്തിക്കളയുന്ന ശബ്‌ദഘോഷങ്ങളാണ്‌ വാര്‍ത്താമാധ്യമങ്ങളില്‍. കഴിഞ്ഞ മൂന്നാലുവര്‍ഷമായി ഒളിഞ്ഞും തെളിഞ്ഞും സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ പുകഞ്ഞുകൊണ്ടിരുന്ന അനൈക്യം ശക്തിയ3ര്‍ജ്ജിച്ചിരിക്കുകയാണ്‌.ഫിലിംചേംബറും അമ്മയും തമ്മിലുണ്ടായ പോരാട്ടവും ചിത്രങ്ങളുടെ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കലും ചാനല്‍ഭീഷണിയും എല്ലാം കുഴഞ്ഞു നിന്ന പ്രതിസന്ധിയില്‍ നിന്നും ഒരുവിധം കരകയറി വിരലിലെണ്ണാവുന്ന സിനിമകളെങ്കിലും സാമ്പത്തികമായി വിജയിപ്പിച്ചെടുത്ത്‌ മുന്നേറാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ മാക്‌ടയുടെ പിളര്‍പ്പും അനുബന്ധ സംഘടനാ പ്രശ്‌നങ്ങളും അരങ്ങേറുന്നത്‌. ജനാധിപത്യ സംവിധാനത്തില്‍ സംഘടനയും പ്രവര്‍ത്തന സ്വാതന്ത്ര്യവും അവകാശസംരക്ഷണവുമെല്ലാം അനിവാര്യമാണ്‌. എന്നാല്‍ സംഘടനകള്‍ പരസ്‌പരം പകപ്പോക്കലിന്റെ ഭാഷ്യം തീര്‍ത്താല്‍ അത്‌ ആരോഗ്യകരമായ മുന്നേറ്റത്തിന്‌ പ്രതിബന്ധമാകും. പ്രത്യേകിച്ചും കലാകാരന്മാരുടെ സംഘടനകളാകുമ്പോള്‍. സിനിമ കൂട്ടായ്‌മയുടെ കലയാണ്‌. വ്യത്യസ്‌ത കാഴ്‌ചപ്പാടും അഭിപ്രായവും കാത്തുസൂക്ഷിക്കുന്ന കലാകാരന്മാര്‍ക്കിടയില്‍ ആശയപരമായ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണ്‌. പക്ഷേ, മലയാളസിനിമയില്‍ ഇപ്പോള്‍ നടക്കുന്നത്‌ അത്തരമൊരു സംഘട്ടനമല്ല. വ്യക്തികള്‍ തമ്മിലുള്ള പോരാട്ടമാണ്‌. അതിന്‌ മാക്‌ടയുടെയും അനുബന്ധ സംഘടനകളുടെയും പേര്‌ സ്വീകരിക്കുന്നുവെന്നുമാത്രം.പുതിയ പ്രശ്‌നത്തിന്‌ കാരണമായത്‌ നടന്‍ ദിലീപും സംവിധായകന്‍ തുളസിദാസും തമ്മിലുള്ള കരാര്‍പ്രശ്‌നമാണ്‌. നടനും സംവിധായകനും പരസ്‌പരം പറഞ്ഞുതീര്‍പ്പാക്കാന്‍ സാധിക്കുന്ന കാര്യം ആയിരക്കണത്തിന്‌ തൊഴിലാളികള്‍ പ്രത്യക്ഷമായും അതിലേറെ പേര്‍ പരോക്ഷമായും ജീവിതമാര്‍ഗമായി കണ്ടെടുക്കുന്ന മലയാളസിനിമാ മേഖലയുടെ കെട്ടുറപ്പ്‌ തകര്‍ക്കുന്നതിലേക്ക്‌ എത്തിനില്‍ക്കുകയാണ്‌. കോടാമ്പക്കത്തുനിന്നും മലയാളസിനിമ കേരളത്തിലേക്ക്‌ വന്നപ്പോള്‍ പ്രതീക്ഷകള്‍ ഏറെയായിരുന്നു. മലയാളത്തിന്റെ മണവും ജീവിതവും കൂടുതല്‍ കരുത്തോടുകൂടി പതിഞ്ഞുനില്‍ക്കും എന്നതിനപ്പുറം. കേരളത്തില്‍ സജീവമാകാനിടയുള്ള ചലച്ചിത്രപ്രവര്‍ത്തന രംഗത്തെക്കുറിച്ചായിരുന്നു മിക്കവരുടെയും സ്വപ്‌നം. സ്റ്റുഡിയോകളും മറ്റും കേരളത്തില്‍ സജീവമായതോടെ മലയാളസിനിമ സ്വന്തം മണ്ണില്‍ വേരുറപ്പിക്കുന്നതിന്റെ പ്രതിഫലനവുമുണ്ടായി. എന്നാല്‍ മലയാളസിനിമക്ക്‌ ചാകര എന്ന്‌ വിശേഷിപ്പിക്കുന്ന `ഉത്സവ' സീസണുകളിലേക്കുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗ്‌ ജോലികള്‍ പുരോഗമിക്കുന്ന സമയത്ത്‌ അരങ്ങേറുന്ന പടലപ്പിണക്കം ചലച്ചിത്രവ്യവസായത്തെ ദോഷകരമായി ബാധിച്ചുതുടങ്ങി. നേരത്തെ അമ്മ- ഫിലിം ചേംബര്‍ തര്‍ക്കം, ഇപ്പോള്‍ ദിലീപ്‌- തുളസിദാസ്‌ പ്രശ്‌നം. എല്ലാം അരങ്ങേറിയത്‌ ഉത്സവകാല സിനിമകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതരത്തിലാണ്‌. ഇതില്‍ നിന്നും സംഘടനകള്‍ക്കോ, പ്രവര്‍ത്തകര്‍ക്കോ ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. മലയാളസിനിമ തിയേറ്ററുകളില്‍ മൂക്കുകുത്തുമ്പോള്‍ തമിഴ്‌, ഹിന്ദി, തെലുങ്ക്‌ റീമേക്ക്‌, ഹോളിവുഡ്‌ ചിത്രങ്ങള്‍ സാമ്പത്തികമായി വന്‍നേട്ടം കൊയ്യുന്നു. വ്യാജസിഡികളും മാറുന്ന പ്രേക്ഷകാഭിരുചിയും ചാനല്‍ഷോകളും, ചിത്രങ്ങളുടെ ഗുണനിലവാരത്തകര്‍ച്ചയും വര്‍ദ്ധിച്ച തിയേറ്റര്‍ ചാര്‍ജ്ജും ആഘോഷവേളകളില്‍ പോലും കണ്ണീര്‍പ്പാടം തീര്‍ത്തുകൊണ്ടിരിക്കുമ്പോഴാണ്‌ `സിനിമയാണ്‌ വലുതെന്ന്‌ കരുതുന്നവരും സിനിമയല്ല, സംഘടനയാണ്‌ വലുതെന്ന്‌ വിശ്വസിക്കുന്നവരും തമ്മിലുള്ള പുതിയ യുദ്ധം'( ചിത്രഭൂമിയോട്‌ കടപ്പാട്‌). കാലത്തിന്‌ നിരക്കാത്ത ഉരുപ്പടികള്‍ തീര്‍ത്തതുകൊണ്ടോ, തട്ടുപൊളിപ്പന്‍ വാക്‌ധോരണി ക്യാമറയെ നോക്കിപ്പറഞ്ഞതുകൊണ്ടോ സംവിധായകനോ, നടനോ രൂപപ്പെടുന്നില്ല. ജീവിതത്തിന്റെ പൊള്ളുന്ന മുഖത്തേക്ക്‌ കണ്ണയച്ച്‌ സര്‍ഗാത്മകതയോടെ ആവിഷ്‌കരിക്കാനുള്ള ഗൃഹപാഠം സംവിധായകര്‍ക്കും കഥയും കഥാപാത്രവും അറിഞ്ഞുകൊണ്ടുള്ള മുന്നൊരുക്കം അഭിനേതാക്കള്‍ക്കും സാങ്കേതിക വിദഗ്‌ധര്‍ക്കും ഉണ്ടാകുമ്പോഴാണ്‌ നല്ല ചലച്ചിത്രങ്ങള്‍ രൂപപ്പെടുന്നത്‌. അത്തരം ഗൃഹപാഠത്തിന്‌ ഊന്നല്‍ നല്‍കുന്ന സിനിമകള്‍ മലയാളത്തില്‍ ചെയ്‌താലും നിര്‍മ്മാതാവും വിതരണക്കാരും കൈപൊള്ളാതെ രക്ഷപ്പെടുന്നുണ്ട്‌. മലയാളസിനിമയുടെ മുഖ്യപ്രതിസന്ധികളിലൊന്ന്‌ സിനിമയെക്കുറിച്ച്‌ തിരിച്ചറിവ്‌ നേടിയ പ്രേക്ഷകരും മാധ്യമാവബോധത്തിന്‌ നേരെ മുഖം തിരിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുമാണ്‌. സിനിമയുടെ നിലവാരത്തകര്‍ച്ചക്ക്‌ പ്രധാനകാരണം സംവിധായകര്‍ തന്നെ. പിന്നീട്‌ മാത്രമേ, നിര്‍മ്മാതാവോ, അഭിനേതാക്കളോ വരുന്നുള്ളൂ. സംവിധാനകലയുടെ അഭാവമാണ്‌ മലയാളത്തില്‍ നിലനില്‍ക്കുന്നത്‌. സംവിധായകരുടെ പേരില്‍ ജനം തിയേറ്റിലെത്തുന്ന പതിവ്‌ മലയാളം ഒഴികെയുള്ള ഭാഷാചിത്രങ്ങളിലുണ്ട്‌. മലയാളത്തില്‍ ഇപ്പോഴും മൂന്നോ, നാലോ സംവിധായകരുടെ പേരില്‍ മാത്രമേ സിനിമയെ വിശേഷിപ്പിക്കുന്നുള്ളൂ. ഏത്‌ സംഘടന എന്നതിനപ്പുറം ചലച്ചിത്രത്തെ കലാപ്രവര്‍ത്തനമായി അംഗീകരിക്കലാണ്‌ പ്രധാനം. ഒരു വ്യവസായമെന്ന നിലയില്‍ മലയാളചലച്ചിത്ര മേഖലയില്‍ മാക്‌ടക്ക്‌ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. എന്നാല്‍ സമീപകാലത്ത്‌ മാക്‌ടയുടെ പേരില്‍ വിവാദമാകുന്ന പ്രശ്‌നങ്ങളൊക്കെ മലയാളസിനിമയുടെ വികാസത്തിന്‌ തടസ്സമാകുന്ന രീതിയിലേക്കാണ്‌ നീങ്ങുന്നത്‌. സംഘടനകള്‍ പിളരുകയും തളിര്‍ക്കുകയും ചെയ്യുന്നത്‌ ജനാധിപത്യ രാജ്യത്ത്‌ അല്‍ഭുതമല്ല. മാക്‌ടയുടെ പിളര്‍പ്പും ആ രീതിയില്‍ കാണാന്‍ പഠിക്കുമ്പോള്‍ അതിശയോക്തിയില്ല. എന്നാല്‍ അനന്തരകാര്യങ്ങള്‍ മലയാളചലച്ചിത്രത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നമാകുമ്പോള്‍ അത്‌ സാംസ്‌കാരിക അപചയമായി വായിക്കപ്പെടാം.മാക്‌ടയിലെ പട ക്രമേണ അനുബന്ധ സംഘടനകളിലേക്കും വ്യക്തികള്‍ തമ്മിലുള്ള സൗന്ദര്യപ്രശ്‌നത്തിലേക്ക്‌ വിഴുപ്പലക്കലുകളിലേക്കും വ്യാപിക്കുന്നു. ഇത്‌ കലാ കേരളത്തിന്‌ ക്ഷീണമുണ്ടാക്കും. മലയാളചിത്രങ്ങള്‍ ദേശീയതലത്തില്‍ വീണ്ടും അംഗീകാരങ്ങള്‍ നേടിക്കൊണ്ടിരിക്കുമ്പോള്‍, കൂടുതല്‍ മെച്ചപ്പെട്ട സിനിമയും മികവും നിലനിര്‍ത്താന്‍ കൂട്ടായമുന്നേറ്റത്തിന്‌ തയാറാകാതെ ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ച്‌ വാക്‌പ്പയറ്റ്‌ തീര്‍ക്കുന്നവര്‍ക്ക്‌ സിനിമയോടാണോ കൂറ്‌ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കുത്തക, പാര, വീട്ടുപടിക്കല്‍ സത്യഗ്രഹം, നിര്‍മ്മാണം സ്‌തംഭിപ്പിക്കല്‍ എന്നിങ്ങനെയുള്ള വേവലാതികള്‍ക്കിടയില്‍ നല്ല സിനിമ എന്ന ആശയവും മാറുന്ന ചലച്ചിത്രകലെപ്പറ്റിയുള്ള പഠനവും പുതിയകാലത്തിന്റെ സിനിമയെക്കുറിച്ചുള്ള ആലോചനയും പ്രവര്‍ത്തനങ്ങളുമാണ്‌ നഷ്‌ടമാകുന്നത്‌. മലയാളത്തിലെ ചലച്ചിത്രാസ്വാദകര്‍ക്ക്‌ ലഭിക്കാതെ പോകുന്നതും മറ്റൊന്നല്ല. സിനിമയെ ഗൗരവമായി സമീപിക്കുന്നവര്‍ക്ക്‌ മലയാളസിനിമ ആശ്വാസത്തിന്‌ വകനല്‍കാത്ത കാലത്ത്‌ പ്രത്യേകിച്ചും. തര്‍ക്കങ്ങളും എതിര്‍കാഴ്‌ചകളും ചലച്ചിത്രകല പാഠാന്തരത്തിലേക്കുള്ള പുതിയ നീക്കിയിരിപ്പുകളാകണം. അതിനുവേണ്ടിയുള്ള മുന്നൊരുക്കമാണ്‌ മലയാളത്തില്‍ രൂപപ്പെടേണ്ടത്‌.

Thursday, June 12, 2008

കവിതയിലെ പാലാഴി

നൈര്‍മ്മല്യത്തിന്റെയും തീക്ഷ്‌ണതയുടെയും സ്‌നേഹഗാഥയുടെയും പൂക്കളൊരുക്കിയാണ്‌ പാലാ നാരായണന്‍ നായര്‍ അടയാളപ്പെട്ടത്‌. കവിത മനമെഴുത്തും കണ്ടെടുപ്പുമാണെന്ന്‌ ഓര്‍മ്മപ്പെടുത്തുകയായിരുന്നു പാലാ നാരായണന്‍ നായര്‍. ജീവിതത്തിന്റെ തളിരും പൂവും വാക്കിന്റെ ചെപ്പിലൊതുക്കുന്നതില്‍ ജാഗരൂകനായിരുന്നു അദ്ദേഹം.
ആധുനികകവിത്രയത്തിലൂടെ വ്യത്യസ്‌തധാരകളായി നിറഞ്ഞും കുറുകിയും ഒഴുകിയ മലയാളകവിതയില്‍ `നിഴല്‍' എന്ന ആദ്യകവിതയിലൂടെ പാലാ നാരായണന്‍ നായര്‍ തന്റേതായ ഒരിടം എഴുതിച്ചേര്‍ത്തിരുന്നു. തെളിനീരിന്റെ ശുദ്ധിയും ആര്‍ദ്രതയുടെ പച്ചപ്പും നിറഞ്ഞ പാലായുടെ കാവ്യലോകം കേരളീയ പ്രകൃതിയും മീനച്ചിലാറിന്റെ സംഗീതവും കോമളപദാവലിയില്‍ അനുഭവപ്പെടുത്തി. വനഭംഗിപോലെ മന:ശുദ്ധിയും നമ്മുടെ കവിതയില്‍ ചേര്‍ത്തുവെക്കുന്നതില്‍ ഈ കവി പ്രകടിപ്പിച്ച ആവേശം മധുരോദാരമായ കവിതകളുടെ പൂക്കാലം വിതച്ചു. പ്രകൃതിയില്‍ നിന്നും മനുഷ്യനു വേറിട്ടൊരസ്‌തിത്വമില്ലെന്ന്‌ പാലാ വിശ്വസിച്ചു. ജീവിതത്തിന്റെ കയറ്റിറക്കവും കലങ്ങലും തെളിയലുമെല്ലാം ആഴക്കാഴ്‌ചയോടെ അവതരിപ്പിച്ച പാലാ എപ്പോഴും ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ പതിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തി. അദ്ദേഹത്തിന്റെ കവനകലെ വേറിട്ടുനിര്‍ത്തുന്ന ഒരു ഘടകവുമാണിത്‌. കൊച്ചു കൊച്ചു ദു:ഖങ്ങളുടെ ഉപാസകനായിരിക്കുമ്പോഴും വേദാന്ത ദര്‍ശനത്തിലേക്കും സമകാലിക സാമൂഹികജീവിതത്തിലേക്കും ദേശീയസമരങ്ങളിലേക്കും അദ്ദേഹം മനസ്സ്‌ ചേര്‍ത്തുവെച്ചിട്ടുണ്ട്‌. ഖണ്‌ഡകാവ്യങ്ങളും ലഘുഗീതങ്ങളും മലയാളത്തിന്റെ കാവ്യരേഖയില്‍ ശക്തമായ സാന്നിദ്ധ്യമായിട്ടും മഹാകാവ്യകല്‍പനകളോട്‌ ആഭിമുഖ്യം പുലര്‍ത്താനും പാലാ മറന്നില്ല. ``പൊന്നണിയിക്കപ്പെട്ട സുന്ദരി'' എന്ന്‌ പാലായുടെ കവിത മഹാകവി വള്ളത്തോള്‍ വിശേഷിപ്പിച്ചതും മറ്റൊന്നല്ല.പതിനേഴാം വയസ്സില്‍ `നിഴല്‍' എന്ന കവിത എഴുതി ഗ്രാമത്തിന്റെ മഹത്വവും മനുഷ്യത്വത്തിന്റെ തളിര്‍പ്പും പ്രകൃതിലാളനയും കമനീയമായി വരച്ചുചേര്‍ത്ത ഈ കവി പാരമ്പര്യത്തിന്റെ ഊറ്റവും നവഭാവുകത്വത്തിന്റെ അകമെഴുത്തും നിരവധി കൃതികളിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഭാരതീയ സംസ്‌കൃതിയും വിശാലമായ ജീവിതാവബോധവും ഇഴചേര്‍ത്ത്‌ വാക്കിന്റെ ജാലകത്തിലൂടെ മാനുഷികതയുടെ ഈടുവെപ്പുകള്‍ കോര്‍ത്തെടുത്ത്‌ വായനക്കാരെ വെളിച്ചത്തിന്റെ അനന്തതയിലേക്ക്‌ നടത്തിക്കുകയായിരുന്നു. പലതീരങ്ങളെ സ്‌പര്‍ശിച്ച്‌ പതിഞ്ഞൊഴുകിയ നദി പോലെയായിരുന്നു പാലായുടെ കര്‍മ്മരംഗം. പട്ടാളക്കാരന്‍, അധ്യാപകന്‍, സാഹിത്യ അക്കാദമി സെക്രട്ടറി എന്നിങ്ങനെ വിവിധ തുറകളില്‍ അദ്ദേഹം പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്‌. 1943- ല്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ സൈനികസേവനം അനുഷ്‌ഠിച്ചു. തൂലികയേന്തിയ കൈയില്‍ തോക്കെടുത്ത്‌ നാടിനുവേണ്ടി വീറോടെ പൊരുതി. ബര്‍മ്മയുടെ വനാന്തരങ്ങളില്‍ കര്‍മ്മധീരനായ പട്ടാളക്കാരനായിരുന്നു. യുദ്ധത്തില്‍ പങ്കെടുത്ത മഹാകവി എന്ന വിശേഷണവും പാലാ നാരായണന്‍ നായര്‍ക്ക്‌ സ്വന്തം.കാല്‍പനികതയുടെ ശീതളിമയും മഹാകാവ്യ പാരമ്പര്യത്തിന്റെ ഓജസ്സും ഒത്തിണങ്ങിയ കവനഭാവുകത്വമായിരുന്നു പാലായുടെ ശൈലി. പ്രതിപാദ്യ വിഷയത്തിന്റെ സവിസ്‌തര വര്‍ണ്ണനയിലായിരുന്നു അദ്ദേഹത്തിന്‌ താല്‍പര്യം. ഈ രീതി ഗഹനമായ കവിതയുടെ ചാലില്‍ നിന്നും ചില സന്ദര്‍ഭത്തിലെങ്കിലും പാലായുടെ കവിതയെ മാറ്റിനിര്‍ത്തിയിട്ടുണ്ട്‌. നാടിന്റെ മാറുന്ന മുഖച്ഛായ `കേരളം വളരുന്ന'തിലൂടെ ഭംഗിയായി അവതരിപ്പിച്ചു. ആത്മരേഖയായി വായിച്ചെടുക്കാവുന്ന ധാരാളം കവിതകള്‍ പാലായുടെ കാവ്യതട്ടകത്തിലുണ്ട്‌.കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നീ മഹാകവികളുടെ കാവ്യാദര്‍ശത്തെ പിന്‍പറ്റി വളരുന്നു വികസിച്ച മലയാളകവിത സാമൂഹികവും വൈയക്തിവുമായ വിഷയങ്ങളില്‍ ആഴ്‌ന്നിറങ്ങി പുതുമയുടെ അന്തരീക്ഷം തീര്‍ത്തു. അത്തരമൊരു കാവ്യകലയുടെ അകംപുറം തലോടിക്കൊണ്ടാണ്‌ പാലാ നാരായണന്‍ നായരും കവിത എഴുതിത്തുടങ്ങിയത്‌. എന്നാല്‍, നാട്ടിമ്പുറത്തുകാരനായ ഒരാളുടെ ചിന്താശീലങ്ങളും ജീവിതനിറവും ഈ കവിയുടെ രചനകളുടെ അടിസ്ഥാനധാരയായിരുന്നു. മലയാളത്തിന്റെ മണവും രുചിയും നിറഞ്ഞ വരികളെന്ന്‌ പാലായുടെ കവിതകളെ പേരിട്ടുവിളിക്കാം.കേരളം വളരുന്നു ( എട്ടുഭാഗങ്ങള്‍), ശിശുഗാനങ്ങള്‍, പാലാഴി, കുഞ്ഞിക്കവിതകള്‍, ആലിപ്പഴം, വിളക്കു കൊളുത്തൂ, ശാന്തി, കസ്‌തൂര്‍ബ, വൈഖരി തുടങ്ങിയ കാവ്യപുസ്‌തകങ്ങള്‍ ജീവിതത്തിന്റെ ഇടനിലങ്ങളില്‍ വെളിച്ചംനേദിച്ചുള്ള തീര്‍ത്ഥാടക ജന്മത്തിന്റെ മുദുസ്‌പര്‍ശനമാണ്‌. ആരോരുമറിയാതെ, പതിയെ ജീവന്‍ മണത്തെത്തുന്ന `മരണ'ത്തെ ഈ കവി പല കവിതകളിലും സൂചിപ്പിട്ടുണ്ട്‌. കാലനെപ്പോലെ തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ഗ്രാമീണനെക്കുറിച്ച്‌ ആത്മകഥനത്തിലൊരിടത്ത്‌ പാലാ അനുസ്‌മരിച്ചിട്ടുണ്ട്‌. കൊട്ടിയം കോളേജുമായി ബന്ധപ്പെട്ട ഒരു ലേഖനത്തില്‍.ഇരുലോകങ്ങളെ ചേര്‍ത്തുപിടിക്കലാണ്‌ കവിതയെന്ന്‌ സാമാന്യമായി വിശേഷിപ്പിക്കാം. ഒരര്‍ത്ഥത്തില്‍ പാലായുടെ കാവ്യങ്ങള്‍ അത്തരമൊരു വിതാനത്തിലാണ്‌. ആകാശത്തിലേക്ക്‌ ചില്ലകള്‍ വിരിച്ചുനില്‍ക്കുന്ന ഒരു വടവൃക്ഷംപോലെയാണ്‌ നാരായണന്‍ നായരുടെ കവിത. സ്വപ്‌നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും മേച്ചില്‍പുറങ്ങളിലൂടെ നിതാന്തമായി സഞ്ചിച്ചുകൊണ്ടിരിക്കുന്ന യാത്രാക്കാരന്റെ ഇരുളും വെളിച്ചവും കലര്‍ന്ന കാഴ്‌ചയുടെ ഭുപടം വാക്കുകളില്‍ തീര്‍ക്കുകയായിരുന്നു ഈ കവി.കീപ്പള്ളിയില്‍ ശങ്കരന്‍ നായരുടെയും പുലിയന്നൂര്‍ പുത്തൂര്‍വീട്ടില്‍ പാര്‍വതിയമ്മയുടെയും മകനായി 1911 ഡിസംബര്‍ 11-നാണ്‌ പാലാ നാരായണന്‍ നായര്‍ ജനിച്ചത്‌. 1928-ല്‍ ആദ്യകൃതി ``പൂക്കള്‍'' പ്രസിദ്ധപ്പെടുത്തി. സ്‌കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ പാലാ കോളേജ്‌ അധ്യാപകനായും ജോലിചെയ്‌തിട്ടുണ്ട്‌. ദേശീയസമരകാലത്ത്‌ സമകാലിക രാഷ്‌ട്രീയ സംഭവങ്ങള്‍ മലയാളകവിതയില്‍ മുഴങ്ങിയപ്പോള്‍ പാലാ ക്ഷേത്രപ്രവേശന വിളംബരത്തെ ഉപജീവിച്ച്‌ രചിച്ച കവിതയിലൂടെ പുരസ്‌കാരം നേടി. 1937-ല്‍ മഹാകവി ഉള്ളൂരില്‍ നിന്ന്‌ ആദ്യപുരസ്‌കാരം വാങ്ങാന്‍ അദ്ദേഹത്തിന്‌ സാധിച്ചു. പിന്നീടുള്ള കാവ്യസരണിയില്‍ കേരള സാഹിത്യ അക്കാദമി, വള്ളത്തോള്‍, ആശാന്‍, കാളിദാസ, മാതൃഭൂമി, പുത്തേഴത്ത്‌, എഴുത്തച്ഛന്‍, മൂലൂര്‍, ഭാരതഭൂഷണ്‍ മുതലായ ഒട്ടേറേ പ്രശസ്‌ത പുരസ്‌കാരങ്ങള്‍ പാലാ നാരായണന്‍ നായരെ തേടിയെത്തി.കവിതകൊണ്ട്‌ മലയാളിയെ ഊട്ടുകയും ഉദാത്ത ജീവിതമാതൃകകളിലേക്ക്‌ വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചും നിത്യജീവിതത്തിന്റെ ആരോഹണ അവരോഹണക്രമത്തിലൂടെ ഈ കവി എന്നും ജീവിതത്തിലേക്ക്‌ കണ്ണയച്ച്‌ നിന്നു. കവിത സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള വിളക്ക്‌ കൊളുത്തലായി വായിച്ചെടുക്കാന്‍ മലയാളത്തിന്റെ കവികാരണവരായ പാലാ എന്നു ശുഷ്‌കാന്തി പുലര്‍ത്തിയിരുന്നു. ഒരു വിസ്‌മൃതിയായി, പുഞ്ചിരിയായി അമൃതകലയായി മനുഷ്യജീവിതം തലോടിനില്‍ക്കാനായിരുന്നു പാലാ നാരായണന്‍ നായര്‍ക്ക്‌ കൗതുകം. കവനകലയിലൂടെ എഴുത്തിന്റെ വസന്തംവിരിയിച്ച പാലാ നാരായണന്‍ നായര്‍ കവിതയുടെ വെണ്‍ശോഭയിലൂടെ മലയാളഭാഷയില്‍ നിലനില്‍ക്കും.

Friday, May 30, 2008

വാക്കിന്റെ തൂവല്‍സ്‌പര്‍ശം

നേരറിവിന്റെ പുസ്‌തകമാണ്‌ ചന്ദ്രമതിയുടെ `പേരില്ലാപ്രശ്‌നങ്ങള്‍'. ന്യൂയോര്‍ക്കില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന `മലയാളം പത്ര'ത്തിന്‌ വേണ്ടി എഴുതിയ ലേഖനങ്ങളുടെ സമാഹാരം. പംക്തിയെഴുത്തില്‍ പലപ്പോഴും പതിഞ്ഞുനില്‌ക്കാത്ത അനുഭവ സ്‌പര്‍ശത്തിന്റെ തീവ്രത ഈ പുസ്‌തകത്തിലെ ലേഖനങ്ങളില്‍ നിറഞ്ഞുനില്‍പ്പുണ്ട്‌. കഥ പറച്ചിലിന്റെ മാധുര്യവും അവതരണത്തിന്റെ മനോഹാരിതയും ആര്‍ദ്രതയുടെ നീരൊഴുക്കും ചന്ദ്രമതിയുടെ ലേഖനങ്ങളുടെ സവിശേഷതയാണ്‌. ``പേരില്ലാപ്രശ്‌നത്തിലേക്ക്‌ കടക്കുമ്പോള്‍ ഓരോ ലേഖനവും വിഷയത്തിലെന്നപോലെ, അവ നമ്മുടെ മനസ്സില്‍ ചേര്‍ത്തുവയ്‌ക്കുന്ന ജീവിതപാഠങ്ങളും വേറിട്ടുനില്‌ക്കുന്നു.

ജീവിതാനുഭവങ്ങളുടെ വ്യത്യസ്‌തതലങ്ങളിലൂടെയുള്ള തീര്‍ത്ഥാടനമാണ്‌ `പേരില്ലാപ്രശ്‌നങ്ങള്‍'. ആദ്യലേഖനമായ പേരില്ലാപ്രശ്‌നങ്ങളില്‍ ചന്ദ്രമതി എന്ന എഴുത്തുകാരിയെ സ്വയം പരിചയപ്പെടുത്തുന്നു. ചന്ദ്രമതി എന്ന തൂലികാനാമം സ്വീകരിച്ചപ്പോഴുണ്ടായ പ്രശ്‌നങ്ങളിലേക്കാണ്‌ വായനക്കാരെ നടത്തിക്കുന്നത്‌. ഒരു പേരിലെന്തിരിക്കുന്നു എന്നൊക്കെ ഷേക്‌സ്‌പിയര്‍ ചോദിച്ചേക്കാം. എന്നാല്‍ പേരിനെ നിസ്സാരമായി കാണാന്‍ കഴിയില്ലെന്നാണ്‌ ഗ്രന്ഥകാരിയുടെ സ്വാനുഭവം വ്യക്തമാക്കുന്നത്‌. സരസമായി ഒരു വലിയ കാര്യമാണ്‌ ചന്ദ്രമതി ഈ ചെറുലേഖനത്തില്‍ വിശകലനം ചെയ്യുന്നുന്നത്‌. പത്മതീര്‍ത്ഥമേ ഉണരൂ എന്ന ലേഖനത്തില്‍ തിരുവനന്തപുരത്ത്‌ നടന്ന ഒരു സംഭവത്തെയാണ്‌ നമ്മുടെ ഓര്‍മ്മയിലേക്ക്‌ കൊണ്ടുവരുന്നത്‌. ക്ഷേത്രകുളത്തില്‍ ഭ്രാന്തന്റെ കൈപ്പിടിയില്‍പെട്ട്‌ ജീവന്‍ നഷ്‌ടപ്പെട്ട ഒരാളുടെ ദുരന്തം. അയാള്‍ മുങ്ങിമരിക്കുമ്പോള്‍ നിയമപാലകരും ഫയര്‍ഫോഴ്‌സുകാരും മറ്റും കാഴ്‌ചക്കാരായിരുന്നു എന്നതാണ്‌ മനുഷ്യമനസ്സാക്ഷിയെ മുറിപ്പെടുത്തുന്ന കാര്യം. നാമൊക്കെ എത്ര നിസ്സംഗരായി മാറിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ്‌ ചന്ദ്രമതി തൊട്ടുകാണിക്കുന്നത്‌. സാമൂഹിക മനസ്സിന്റെ പൊതുപ്രവണതയിലേക്ക്‌ വെളിച്ചം നല്‌കുന്ന മറ്റൊരു സൂചനയാണ്‌ നിര്‍വികാരമാകുന്ന പൊതുജനം എന്ന ലേഖനം. കേള്‍വിക്കാരുടെ എണ്ണംകുറയുന്നു. ആര്‍ക്കും പൊതുവേദികള്‍ക്ക്‌ കാഴ്‌ചക്കാരോ, കേള്‍വിക്കാരോ ആകാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക്‌ മലയാളിയുടെ ജീവിതരീതി മാറിയിരിക്കുന്നു. ഒരു പുസ്‌തകപ്രകാശന ചടങ്ങിന്റെ അനുഭവത്തിലൂടെയാണ്‌ ചന്ദ്രമതി വിഷയത്തിന്‌ ഊന്നല്‍ നല്‌കുന്നത്‌. പ്രശ്‌നക്കുട്ടി, ഒരമ്മയുടെ വിഷമസന്ധി, ടി. പി. കിഷോറിനെക്കുറിച്ചാണ്‌ `മരണത്തിനപ്പുറ'ത്തില്‍ പ്രതിപാദിക്കുന്നത്‌. സമകാലിക സാമൂഹിക വിഷയങ്ങളാണ്‌ ആയുധരാഷ്‌ട്രീയം, ടേക്‌മീ ഹോം തുടങ്ങിയ ലേഖനങ്ങളില്‍ അവതരിപ്പിക്കുന്നത്‌.

ജീവിതത്തിലെ ചെറുതും വലുതമായ പ്രശ്‌നങ്ങളും പ്രതിസന്ധികളും അക്ഷരങ്ങളിലൂടെ പകരുമ്പോള്‍ അവയ്‌ക്ക്‌ കൈവരുന്ന അര്‍ത്ഥവ്യാപ്‌തിയും സാംസ്‌കാരികമൂല്യവും നമ്മെ അത്ഭുതപ്പെടുത്തും. ഇങ്ങനെയുള്ള വായനാനുഭവമാണ്‌ ചന്ദ്രമതിയുടെ `പേരില്ലാപ്രശ്‌നങ്ങള്‍' എന്ന പുസ്‌തകം അടയാളപ്പെടുത്തുന്നത്‌. കാവ്യാത്മകമായി ഗൗരവ വിഷയങ്ങള്‍ എങ്ങനെ അവതരിപ്പിക്കാന്‍ സാധിക്കുമെന്നതിന്‌ മികച്ച ഉദാഹരണമാണ്‌ ചന്ദ്രമതിയുടെ എഴുത്ത്‌. കഥയിലെന്നപോലെ ലേഖനങ്ങളിലും വാക്കിന്റെ അര്‍ത്ഥസാഗരവും വിശാലതയും കണ്ടെടുക്കുന്ന കൗതുകരമായ കാഴ്‌ച ഈ കൃതിയിലും വായനക്കാരെ അനുഭവിപ്പിക്കാന്‍ ഗ്രന്ഥകാരിക്ക്‌ സാധിച്ചിട്ടുണ്ട്‌. പുസ്‌തകത്തിലെ അവസാനലേഖനമായ `കണ്ണുകളി'ല്‍ ചന്ദ്രമതി എഴുതി: ``ശരീരഭാഷ എന്നൊക്കെ നാം പറയുകയും കേള്‍ക്കുകയും ചെയ്യുന്നു. ശരീരത്തില്‍ ഏറ്റവുമധികം സംസാരിക്കുന്നത്‌ കണ്ണുകളാണെന്ന്‌ എനിക്കു തോന്നിയിട്ടുണ്ട്‌. ചുണ്ടുകള്‍ ചിരിയില്‍ വിടര്‍ന്നും ക്രോധത്താല്‍ കോടിയുമൊക്കെ ആശയവിനിമയം നടത്തുമ്പോള്‍ കണ്ണുകള്‍ക്ക്‌ അത്തരം ഗോഷ്‌ഠികളൊന്നും വേണ്ട. അവയ്‌ക്ക്‌ ആകെ സാധിക്കുന്ന ഒരേ ഒരു ചലനം ഇമകളുടേതാണ്‌. അടയ്‌ക്കുക. തുറയ്‌ക്കുക. പിന്നെ ഉള്ളില്‍ കൃഷ്‌ണമണികളുടെ ചലനവും'' എന്നിങ്ങനെ കണ്ണിനെപ്പറ്റി സൂചിപ്പിച്ച്‌ കണ്ണടകളിലേക്കും കണ്ണുനഷ്‌ടമാകുന്നതിലേക്കും പകരം കണ്ണുകള്‍ തേടുന്നതിലേക്കുമായി ലേഖനം നീണ്ടുപോകുന്നു. ഇങ്ങനെ ഓരോ കാര്യവും നമ്മുടെ മനസ്സില്‍ കിന്നാരംപറയും വിധത്തിലാണ്‌ ചന്ദ്രമതി എഴുതിയിരിക്കുന്നത്‌.

പേരില്ലാപ്രശ്‌നങ്ങള്‍
ചന്ദ്രമതി
പ്രസാ: പൂര്‍ണ പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌
വില- 100 രൂപ