Friday, October 30, 2015

വാക്ക് മുട്ടുന്ന, നാടിനെ ഭയക്കുന്ന കാലം
എഴുത്തുകാരന്റെ ഒസ്യത്ത് അദ്ദേഹത്തിന്റെ കൃതികളാണെന്ന് സര്‍ വാള്‍ട്ടര്‍ സ്‌കോട്ട് പറഞ്ഞിട്ടുണ്ട്. എഴുത്തുകാരന് മരണമില്ലായ്മ ദാനം ചെയ്യുന്നതും ആ സൃഷ്ടികള്‍ തന്നെ. അക്ഷരങ്ങളിലൂടെ കവിയും നോവലിസ്റ്റും കഥാകാരനും ആചന്ദ്രതാരം ജീവിക്കുന്നു. എഴുത്തിന്റെയും എഴുത്തുകാരന്റെയും കരുത്തിനെപ്പറ്റിയാണ് സ്‌കോട്ട് ഓര്‍മ്മിപ്പിച്ചത്.
കഴിഞ്ഞവാരത്തിലെ ആനുകാലികങ്ങളില്‍ മുഖ്യവിഷയം വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ചില പ്രശ്‌നങ്ങളാണ്. ഫാഷിസം അതിന്റെ പല രൂപങ്ങളായി സാമൂഹികജീവിതത്തിലേക്ക് കടന്നുവരുന്നതിനെപ്പറ്റിയാണ് ഏതാനും മാസങ്ങളായി മുഖ്യധാരാ ആനുകാലികങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കിയും സ്ഥാനമാനങ്ങള്‍ ത്യജിച്ചും പ്രതികരിക്കുന്നു. എക്കാലത്തും ഫാഷിസം അതിന്റെ ചെങ്കോലുകള്‍ ഉറപ്പിക്കാന്‍ സാംസ്‌കാരിക സ്ഥാപനങ്ങളെ ഉപയോഗിക്കാറുണ്ട്. ഇതേപ്പറ്റി പ്രൊഫ. എം. എന്‍ വിജയന്‍ സ്വര്‍ണ്ണമത്സ്യങ്ങള്‍ (പുസ്തകം-ചിതയിലെ വെളിച്ചം) എന്ന ലേഖനത്തില്‍ പറഞ്ഞുവെച്ചിട്ടുണ്ട്-എഴുത്തുകാര്‍ എസ്റ്റാബ്ലിഷ്‌മെന്റിന്റെ പൊണ്‍വലയില്‍ കുരുങ്ങുമ്പോള്‍ അയാള്‍ക്ക് നഷ്ടമാകുന്നത് സ്വാതന്ത്ര്യമാണ്. അവാര്‍ഡുകളും അംഗീകാരങ്ങളും സ്ഥാനങ്ങളും (എം. എന്‍ വിജയന്‍ 'ചിതയിലെ വെളിച്ചത്തിന്' ലഭിച്ച അക്കാദമി അവാര്‍ഡ് നിരസിച്ചിരുന്നു) ഈ നിരയില്‍ വരും. അവാര്‍ഡുമായി ബന്ധപ്പെട്ട ചര്‍ച്ച ഇടയ്‌ക്കെങ്കിലും സജീവമാണ്. മുമ്പ് ഡോ.സുകുമാര്‍ അഴീക്കോടും അവാര്‍ഡിനെ ചോദ്യം ചെയ്തിരുന്നു. പക്ഷേ, ഇപ്പോള്‍ അവാര്‍ഡല്ല വിഷയം. ഫാഷിസമാണ്. അതിലും എഴുത്തുകാര്‍ രണ്ട് തട്ടിലെന്നരീതിയില്‍ നിലപാട് സ്വീകരിക്കുന്നു. 
മാതൃഭൂമിയിലെ(നികുതിയടയ്ക്കുന്നവരുടെ നീതി) ലേഖനത്തില്‍ ടി. പി. രാജീവന്‍ അവാര്‍ഡ് നിരാസത്തെ ചെറിയതരത്തില്‍ ഒന്നു നോവിച്ചു. കവി സച്ചിദാനന്ദന്‍ കടുത്തഭാഷയില്‍ രാജീവനെ ചോദ്യം ചെയ്യുന്നു(ഗാലറിയിലെ സിനിക്കുകള്‍). ഒരു യാഥാര്‍ത്ഥ്യം തൊട്ടുകാണിക്കാന്‍ സച്ചിദാനന്ദന്‍ മറന്നില്ല- 'ഒരു ജാഥയിലും പങ്കെടുക്കാത്ത, ഒരു മുദ്രാവാക്യവും വിളിക്കാത്ത ആനന്ദിനെപ്പോലെ ഒരു എഴുത്തുകാരന്‍ പ്രാമുഖ്യം നേടുന്നത് അധികാരത്തിനെതിരെ എഴുത്തിലൂടെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചുപോരുന്ന നിലപാടിലൂടെയാണ്. ഞാനും നിവൃത്തികെട്ട അവസരങ്ങളില്‍ മാത്രമാണ് മറ്റു രീതികളില്‍ പ്രതികരിച്ചിട്ടുള്ളത്.'
വിഷയം അധികാരമായതിനാല്‍ ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ലേഖനമാണ് മുസഫര്‍ അഹമ്മദ് എഴുതിയ 'വാക്ക് മുട്ടുന്ന, നാടിനെഭയക്കുന്ന കാലം '(മാതൃഭൂമി). ലോകം മുഴുവന്‍ ഭയം നിറയുന്ന കാഴ്ചയിലേക്കാണ് മുസഫര്‍ അഹമ്മദ് വായനക്കാരനെ നയിക്കുന്നത്.
വെറുപ്പിന്റെയും പകയുടെയും ഹിന്ദുരാഷ്ട്രം എന്ന ലേഖനത്തില്‍ (ചന്ദ്രിക ആഴ്ചപ്പതിപ്പ്) സി.ആര്‍.പരമേശ്വരന്‍ ഫാഷിസത്തെ, സംഘ്പരിവാറിനെ തോല്‍പിക്കാന്‍ രണ്ടുവഴികള്‍ നിര്‍ദേശിക്കുന്നു. അവരുടെ തന്നെ രണ്ട് ഋണാത്മക ഘടകങ്ങള്‍.അഴിമതിയും ജാതീയതയുമാണത്. ഫാഷിസത്തിന്റെ കാലത്ത് ഏകാന്തതയും പ്രതിരോധമാണ് എന്ന അഭിമുഖലേഖനത്തില്‍ എന്‍. എസ് മാധവന്‍ (അനില്‍ ചേലേമ്പ്ര, സമീര്‍ കാവാദ്/ ദേശാഭിമാനി) ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല. ശബ്ദിച്ചിട്ട് കാര്യമില്ല എന്ന ഒരുതരം തോന്നലിലേക്ക് പൊതുസമൂഹം പോവുകയാണ്. പ്രതികരിക്കുന്നൊരു സമൂഹമായിരുന്നെങ്കില്‍ ഇത്ര കണ്ടാല്‍പോര- എന്നിങ്ങനെ കേരളീയ സമൂഹവുമായി ബന്ധപ്പെട്ട ഗഹനമായ ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്നിടുകയാണ് എന്‍. എസ് മാധവന്‍.
വായനയില്‍ വേറിട്ട അനുഭവമായിമാറുന്ന ഇതര വിഷയങ്ങള്‍ മൊബൈല്‍ഫോണ്‍ മലയാളചെറുകഥയും തമ്മിലെന്ത് (സുനില്‍ സി. ഇ / മാധ്യമം), ആരുടെ കാഞ്ചനമാല (ജയന്തി പി/ കലാകൗമുദി) എന്നിവയാണ്. മിണ്ടാട്ടം മുട്ടുന്ന കാലത്തിന്റെ വേവലാതികള്‍ കവിതയിലൂടെ ഒ.പി.സുരേഷും (തെളിവുകള്‍-മാധ്യമം) ഭംഗിയായി അവതരിപ്പിച്ചു. ജീവിതത്തിന്റെ വൈതരണികളാണ് സുസ്‌മേഷ് ചന്ത്രോത്ത് നിത്യസമീല്‍ (മാതൃഭൂമി) എന്ന കഥയില്‍ ആവിഷ്‌കരിക്കുന്നത്. ദാമ്പത്യജീവിതം കഥയില്‍ പ്രധാനഘടകമായി കടന്നുവരുന്നു.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്. നവം.1 /2015

Saturday, October 24, 2015

ചില ചോദ്യങ്ങള്‍ കൂടുതല്‍ പ്രസക്തമാണ്ഇപ്പോള്‍ എല്ലാറ്റിനും വ്യക്തതയും നിര്‍വ്വചനങ്ങളും ലഭ്യമാകുന്ന കാലമാണല്ലോ. വിവരാവകാശ കമ്മീഷന്‍ പറഞ്ഞത് ഒരാളുടെ വരുമാനംപോലും രഹസ്യമായതൊന്നുമല്ലെന്നാണ്. ആ നിലയില്‍ നമുക്ക് സ്വാഭാവികമായും സംശയിക്കാവുന്ന കാര്യമാണ് എന്താണ് യഥാര്‍ത്ഥ സ്‌നേഹം അഥവാ പ്രണയം? മാധ്യമപ്രവര്‍ത്തകരും ലേഖകരും തലങ്ങും വിലങ്ങും എഴുതിക്കൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും വലുതും ചെറുതുമായ ചലച്ചിത്രനിരൂപകപ്രതിഭകള്‍. പ്രേമം എന്ന സിനിമ വന്നപ്പോള്‍ ഭൂമിമലയാളത്തില്‍ വിശുദ്ധ പ്രണയത്തിന്റെ (സിനിമയുടെയും) താമ്രപത്രമാണ് നിവിന്‍പോളി ചിത്രമെന്ന് ഘോഷിച്ചു. ഇപ്പോഴിതാ 'എന്ന് നിന്റെ സ്വന്തം മൊയ്തീന്‍' എന്ന സിനിമയുടെ പിറകെയാണ് എഴുത്തുകാര്‍. ചില ആനുകാലികങ്ങള്‍ ഒറ്റ ലേഖനം കൊണ്ട് അവസാനിപ്പിക്കാതെ പ്രത്യേകപതിപ്പോ, അതിനു തുല്യമോ പ്രസിദ്ധീകരിച്ചു. മാതൃഭൂമി കാലികമായ ജീവല്‍ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് ആര്‍. എസ് ബിമലിന്റെ (യുവസംവിധായകന്റെ കരിയറിലെ മഹത്തായ വിജയംതന്നെ) ചിത്രത്തെ മതമൈത്രിയുടെ വിജയമെന്ന് പ്രഖ്യാപിക്കുന്ന തരത്തില്‍ രണ്ടു പ്രശസ്ത നിരൂപകരുടെലേഖനം കൊടുത്തു. മലയാളത്തിലെ ഇതര വാരികകളും ഇതേ പാത തുടരുന്നു. ദിലീപിന്റെ മീശമാധവന്‍ വന്നപ്പോള്‍ ഇന്ത്യാടുഡേ ഉള്‍പ്പെടെ വിശേഷാല്‍ പതിപ്പുകള്‍ ഇറക്കി സായൂജ്യമടഞ്ഞത് ഓര്‍ക്കാം. 
ബുദ്ധിജീവികളെ ആര്‍ക്കു വേണം എന്നൊരു ചോദ്യം സക്കറിയ സാക്ഷരകേരളത്തില്‍ ഉയര്‍ത്തിയപ്പോള്‍ പലരും കോപിച്ചു. ബുദ്ധിപ്രയോഗം കേവലം സ്തുതിവചനമായി മാറിക്കൊണ്ടിരുന്നപ്പോഴായിരുന്നു സക്കറിയയുടെ കമന്റ്. ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ചോദ്യമാണ് ആര്‍ എസ് ബിമലിന്റെ സിനിമയാണോ യഥാര്‍ത്ഥ പ്രണയം പ്രസരിപ്പിക്കുന്നത്? കോപം അരുത് (ഒരു സംശയം തുറന്നിട്ടു എന്നേയുള്ളൂ).
ടി.പി.രാജീവന്റെ വിവര്‍ത്തകരുടെ ഇരിപ്പിടങ്ങള്‍ (മലയാളം വാരിക) എന്ന ലേഖനം വലിയ ചോദ്യമാണ്. വിവര്‍ത്തകര്‍ക്ക് ലോകത്തെവിടെയും വേണ്ടത്ര പരിഗണന കിട്ടാറില്ലെന്ന് എഡ്വിത്ത് ഗ്രോസ്മാന്റെ നിഗമനം എഴുതി വ്യക്തമാക്കുന്നു. ബൈബിളിന്റെ ആദ്യത്തെ ആധികാരിക ഭാഷ്യമായ കിങ് ജെയിംസ് പതിപ്പിന്റെ ആമുഖത്തില്‍ നിന്നും: 'വിവര്‍ത്തനം, അത് ജനാലകള്‍ തുറന്ന് വെളിച്ചത്തെ അകത്തേക്ക് കൊണ്ടുവരുന്നു. തോടു പൊട്ടിച്ച് അകക്കാമ്പ് നമുക്ക് തിന്നാന്‍ തരുന്നു. തിരശീല നീക്കി വിശുദ്ധസ്ഥലങ്ങള്‍ നമുക്ക് കാണിച്ചു തരുന്നു. ജലസ്രോതസ്സുകളുടെ വായ തുറന്ന് ജലം ഒഴുക്കി വിടുന്നു'. തൃശൂരില്‍ പുസ്തകപ്രകാശന ചടങ്ങില്‍ നിന്ന് ശ്രീദേവി എസ്. കര്‍ത്തയെ (പുസ്തകത്തിന്റെ വിവര്‍ത്തക) മാറ്റി നിര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് രാജീവന്‍ എഴുതിയത്. എങ്കിലും വിവര്‍ത്തനം സര്‍ഗാത്മക സൃഷ്ടിയാണോ എന്ന ചോദ്യം വീണ്ടും വായനാ സമൂഹത്തിന് മുമ്പില്‍ ഉന്നയിക്കുന്നു.
ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച അഭിമുഖങ്ങളില്‍ വേറിട്ടുനില്‍ക്കുന്നു 'കണ്ണാടികള്‍ മുഖം കാണുന്ന നേരത്ത് '(ടി. എന്‍ ഗോപുകുമാര്‍/ കെ .പി റഷീദ,് മാധ്യമം). ഗോപകുമാറിന്റെ എഴുത്തുജീവിതത്തെപ്പറ്റി അദ്ദേഹം സൂചിപ്പിക്കുന്നു: നോണ്‍ ഫിക്ഷന്‍ എഴുതുമ്പോള്‍ ഞാന്‍ കള്ളം എഴുതാറില്ല. ടി. എന്‍.ജി നെഞ്ചുകീറി നേരിനെ കാട്ടുന്നു.(കടപ്പാട്: കവി വൈലോപ്പിള്ളി ശ്രീധര മേനോന്‍).
മലയാളത്തിലെ രണ്ട് കഥാകൃത്തുക്കളുടെ രചനാ സവിശേഷത അവതരിപ്പിക്കുന്ന ലേഖനങ്ങളാണ് മലയാളകഥയിലെ ഒറ്റയാന്‍ (മലയാളം വാരിക, വി. എച്ച് നിഷാദ്), കലാബോധത്തിന്റെ കഥകള്‍ (മാധ്യമം , ഡോ. എന്‍ പി വിജയകൃഷ്ണന്‍) എന്നിവ. ഫാന്റസിയുടെ ഒരു വല്ലാത്ത കഥാലോകം മനോജ് ജാതവേദര്‍ക്ക് സ്വന്തമായുണ്ട്... ആത്മഭാഷണങ്ങളുടെ പുതിയൊരു കണ്ണാടിക്കാഴ്ചയാണിത്...എന്നിങ്ങനെ മനോജ് ജാതവേദരുടെ കഥകളിലെ ബിംബങ്ങളും അവ ഒളിപ്പിച്ചുവെക്കുന്ന വായനകളുമാണ് വി. എച്ച്. നിഷാദ് വ്യക്തമാക്കുന്നത്. സുഭാഷ് ചന്ദ്രന്റെ കഥകളുടെ പ്രകൃതിതാളത്തിലേക്കാണ് ഡോ. എന്‍. പി. വിജയകൃഷ്ണന്‍ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. കവിതയില്‍ പി. കുഞ്ഞിരാമന്‍ നായര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന കലാതന്ത്രമാണ് കഥയില്‍ സുഭാഷ് ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നതെന്ന് ലേഖകന്‍ നിരവധി ഉദാഹരണങ്ങള്‍ സഹിതം സൂചിപ്പിക്കുന്നു.
സര്‍ഗാത്മകതയെപ്പറ്റി ഏറെ ചിന്തിപ്പിക്കുകയാണ്‌യാണ് എം .ടിയുടെ കുറിപ്പ് (പഴയതാളുകള്‍,മലയാളം വാരിക):'താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ശാസ്ത്രീയമായ വികാസപരിണാമങ്ങള്‍ ഒരെഴുത്തുകാരന്റെ മുഖ്യമായ ആകുലതകളിലൊന്നാണ്. സാഹിത്യനിര്‍മ്മാണം ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് കാട്ടുന്ന ഇന്ദ്രജാലമല്ലല്ലോ'. (എഴുത്തുകാരന്റെ ആകുലതകള്‍ എന്ന ലേഖനം).
നിബ്ബ്- കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, 2015 ഒക്‌ടോബര്‍ 25.

Tuesday, October 20, 2015

അക്ഷരങ്ങളെ ഭയക്കുമ്പോള്‍
വായിക്കാന്‍ സമയമില്ലെന്നു പറയുന്നതു ജീവിക്കാന്‍ സമയമില്ലെന്നു പറയുന്നതുപോലെയാണെന്നു സ്റ്റാലിന്‍ പറഞ്ഞ കാര്യം ഞാന്‍ മനസ്സിലാക്കിയത് ആലപ്പുഴയിലെ ഐക്യഭാരത വായനശാലയില്‍ നിന്നെടുത്ത ഒരു പുസ്തകത്തില്‍ നിന്നാണ്. ഒരുപാടു പാതകം ചെയ്യുന്നവര്‍ ചിലപ്പോള്‍ വിശുദ്ധമായ പരാമര്‍ശങ്ങള്‍ വിളിച്ചു പറയാറുണ്ട്.- കെ. പി. അപ്പന്‍ (കാറ്റും കഥകളും ജീവിതവും മനോരമ വാര്‍ഷികം 2001). ആത്മാര്‍ത്ഥമായ വായനയില്‍ നിന്നാണ് നമ്മുടെ മനസ്സില്‍ സംവാദ സാമര്‍ത്ഥ്യം രൂപപ്പെടുന്നത്. വിമര്‍ശകന്‍ ചരിത്രത്തിന്റെ മുന്നിലേക്ക് കുതിക്കുന്നവനായിരിക്കണം. കെ. പി. അപ്പന്‍ വായനയുടെ പ്രാധാന്യം സൂചിപ്പിച്ച് ഓര്‍മ്മപ്പെടുത്തിയതും മറ്റൊന്നല്ല.
ഫാഷിസം ഇന്ത്യയില്‍ മനുഷ്യാവസ്ഥക്ക് മുന്നില്‍ നിന്ദ്യവും ഹീനവുമായ ദുരന്തങ്ങളും ദുരവസ്ഥകളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സാംസ്‌കാരികരംഗം കയ്യടക്കി ഹിഡന്‍ അജന്‍ഡ നടപ്പാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍. പുസ്തകപ്രകാശനംപോലും വെറുതെ വിടാന്‍ അവര്‍ തയാറല്ല. ഇതിന് പ്രതിവിധിയെന്ത്? സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സ്വപ്‌നങ്ങള്‍ പൊലിപ്പിച്ചെടുത്ത് സമകാലിക ഉത്കണ്ഠകളെ അതിജീവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുകയാണ് എഴുത്തുകാര്‍. ഇത് എന്റെ ആത്മകഥയല്ല (-മാതൃഭൂമി) എന്ന ലേഖനത്തില്‍ ആനന്ദിന്റെ കാഴ്ചപ്പാടുകള്‍ക്ക് സമകാലിക ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുണ്ട്. മനുഷ്യന്‍ നേടിരുന്ന നവദുരിതങ്ങളിലേക്കാണ് ആനന്ദ് വീണ്ടും വായനക്കാരനെ നടത്തിക്കുന്നത്. ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന കവര്‍‌സ്റ്റോറിയാണ് ഭാഷാപോഷിണിയുടേത് (2015,ഒക്‌ടോബര്‍,ലക്കം)-കൊലയും സെന്‍സര്‍ഷിപ്പും. എഴുത്തുകാരെ കൊല്ലുന്നതും സെന്‍സര്‍ഷിപ്പാണ്. നാസികള്‍ പുസ്തകം കത്തിച്ചതും സ്റ്റാലിന്‍ നാടുകടത്തിയതും ആഫ്രിക്കയിലെ ഏകാധിപതികള്‍ എഴുത്തുകാരെ ചുട്ടുകൊന്നതുംപോലെ. ഇത് ധ്വനിപ്പിക്കുകയാണ് നിശബ്ദതയാണ് ഏറ്റവും വലിയ പ്രഹരമെന്ന ലേഖനത്തില്‍ (ശാന്തന്‍- ഭാഷാപോഷിണി) 
വൈരുധ്യാത്മകമായ സാംസ്‌കാരിക തീര്‍ത്ഥാടനങ്ങള്‍ക്കൊണ്ട് ജാഗരൂകമായിരുന്നു ആനുകാലികങ്ങളുടെ പേജുകള്‍. ഒഴിഞ്ഞ കസേരയില്‍ കയറിയിരിക്കരുത് (ബാലചന്ദ്രന്‍ വടക്കേടത്ത്, മാധ്യമം) എന്ന ലേഖനം ഫാഷിസത്തിന്റെ മറ്റൊരു മുഖം തുറന്നിടുന്നു. ഒഴിഞ്ഞ കസേരകള്‍ പലേയിടങ്ങളിലുമായി നിറച്ചിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഫാഷിസം. കലാകാരന്മാരേയും എഴുത്തുകാരേയും അവര്‍ പ്രതീക്ഷിക്കുന്നു. ചില എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുമുള്ള മുന്നറിയിപ്പുകൂടിയാണ് ബാലചന്ദ്രന്‍ നല്‍കിത്.
പെണ്‍മൊഴികളുടെ തുറന്നുപറച്ചിലുകളും നിലപാടുകളുമാണ് ദേശാഭിമാനിയുടെ പേജുകളെ സജീവമാക്കി നിര്‍ത്തിയത്. പെണ്‍കൂട്ടങ്ങള്‍ ഇറങ്ങി നടക്കട്ടെ (അഭിമുഖം, സിത്താര എസ്/ എ പി സജിഷ), അരങ്ങിലേക്കൊരു പെണ്‍ദൂരം (അഭിമുഖം, സജിത മഠത്തില്‍/ വി കെ ജോബിഷ്). എഴുത്തിലും ദൃശ്യകലയിലും സ്വാതന്ത്ര്യത്തിന്റെ വായുസഞ്ചാരത്തിനുള്ള പ്രസക്തിയാണ് ഈ രണ്ടു സംഭാഷണങ്ങളും ഊന്നല്‍ നല്‍കുന്നത്. സാമൂഹിക സാഹചര്യത്തിന്റെ സമ്മര്‍ദം സ്ത്രീജീവിതത്തെ എങ്ങനെയെല്ലാം ബന്ധിക്കപ്പെടുന്നുവെന്ന് ഇതില്‍ സൂചിപ്പിക്കുന്നു.
മണ്ണും വിത്തും ഭാഷയും നഷ്ടപ്പെടുന്നതോടെ മനുഷ്യരുടെ മാത്രമല്ല, ജീവരാശിയുടെതന്നെ തനതു ജീവിതവും സര്‍ഗാത്മകതയും അപകടകരമായ രീതിയില്‍ ഇല്ലാതാകുമെന്ന് കല്ലേന്‍ പൊക്കുടന്‍ പറഞ്ഞത് കടങ്കഥയല്ല. അദ്ദേഹത്തിന്റെ ജീവിതം തുറന്നുവായിക്കാന്‍ പ്രചോദനമാകുന്നു എ.വി അനില്‍കുമാര്‍ എഴുതിയ പൊക്കുടനെക്കുറിച്ചുള്ള അനുസ്മരണലേഖനം- ഓര്‍മകളുടെ ശാഠ്യങ്ങള്‍ (ചന്ദ്രിക ആഴ്ചപ്പതിപ്പ്). പ്രകൃതിയുടെ മണം അന്യമാകുന്ന മനുഷ്യദുരിതത്തെക്കുറിച്ചുള്ള ഉത്കണ്ഠയാണ് പൊക്കുടന്റെ സ്മരണയില്‍ ലേഖകന്‍ അനുഭവപ്പെടുത്തിയത.്
കലയുടെയും ജീവിതത്തിന്റെയും അസാധാരണ മുദ്രകളാണ് ശ്രീകുമാരന്‍ തമ്പി എഴുതിയ പ്രതിസ്വരം (കുന്നും കുഴിയും-മാധ്യമം). മനസ്സില്‍ അണയാത്ത കനലായി മാറിയ കവിതകളാണ് കെ.ടി സുപ്പി (രണ്ടു കവിതകള്‍, മാധ്യമം) പവിത്രന്‍ തീക്കുനി (മഴ- മാധ്യമം), വി. എച്ച്. നിഷാദ് (തിരിച്ചറിയല്‍ പരേഡ്- ചന്ദ്രിക) എന്നിവര്‍ എഴുതിയത്. കവിത ചിന്തയും പ്രതിബോധവും സൃഷ്ടിച്ചെടുക്കാനുള്ള വഴിയാണെന്ന് പറഞ്ഞുറപ്പിക്കാനുള്ള ജാഗ്രതയാണ് ഈ കാവ്യപാഠാവലികള്‍.
്-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്, 18/10/2015

Saturday, October 10, 2015

നാവടക്കത്തിന്റെ വേവലാതികള്‍സമൂഹം, ചരിത്രം, ഭാഷ, സിനിമ, യാത്ര, സാഹിത്യം, മതം എന്നിങ്ങനെ ജീവിതത്തിന്റേയും സമൂഹത്തിന്റേയും സാഹിത്യത്തിന്റേയും വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ കൊണ്ട് സമ്പന്നമാണ് കഴിഞ്ഞ വാരത്തിലെ മുഖ്യധാരാ ആനുകാലികങ്ങള്‍. ഗഹനമായ വിഷയങ്ങളോടെപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി പുതിയ ഭാവുകത്വം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഒട്ടുമിക്ക ആനുകാലികങ്ങളും വിഷയങ്ങളുടെ പ്രസക്തിക്കനുസരിച്ച് അവതരിപ്പിക്കുന്നതിലും ശ്രദ്ധിച്ചിട്ടുണ്ട്. 
വാക്‌സിനേഷന്‍ തിരിച്ചുകൊണ്ടുവരുന്നതിനെപ്പറ്റിയാണ് ഡോ. പി എന്‍ എന്‍ പിഷാരോടി രണ്ടു പ്രസിദ്ധീകരണങ്ങളില്‍ എഴുതിയത്. വാക്‌സിനുകള്‍ ഉറങ്ങുന്നില്ല (പച്ചക്കുതിര മാസിക), വാസ്‌കിന്‍ ശാസ്ത്രവും മിഥ്യയും (മാതൃഭൂമി) എന്നിവ. വാക്‌സിനെപ്പറ്റിയുള്ള ചര്‍ച്ചകളുടെ പോരായ്മയാണ് ഡോക്ടര്‍ സൂചിപ്പിക്കുന്നത്. ഡിഫ്തീരിയപോലുള്ള രോഗങ്ങള്‍ തിരിച്ചുവരുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്റെ പ്രസക്തി വര്‍ധിക്കുന്നതായി അദ്ദേഹം എഴുതുന്നു. വരും നാളുകളില്‍ ആരോഗ്യക്കുറിപ്പുകള്‍ സജീവമാകാനുള്ള വകുപ്പ് ഡോക്ടര്‍ നല്‍കിക്കഴിഞ്ഞു. ആരോഗ്യപ്രശ്‌നവുമായി ബന്ധപ്പെട്ട ഗൗരവ വിഷയത്തില്‍ ഇടപെടുകയാണ് ഡോക്ടര്‍ എന്ന് നമുക്ക് മനസ്സിലാക്കാം. വാക്‌സിന്‍ ഉല്‍പാദനം വന്‍വ്യവസായമായി മാറിയപ്പോള്‍ ഇതിന്റെ പിറകില്‍ നടക്കുന്ന ചതിക്കുഴികള്‍ പലപ്പോഴും പുറംലോകം അറിയുന്നില്ല. ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ലേഖനമാണ് 'ആരോഗ്യ ഉട്ടോപ്യയിലെ വാക്‌സിന്‍ വ്യാപാരം' (ജീവന്‍ ജോബ് തോമസ്. മാതൃഭൂമി-മാര്‍ച്ച് 9, 2014) മരുന്നു കമ്പനികളുടെ വ്യാപാര മനോഭാവത്തിലേക്ക് സംശയത്തിന്റെ വാതിലുകളാണ് ജീവന്‍ ജോബ് ലേഖനത്തില്‍ തുറന്നിട്ടത്. 
മലയാളിയുടെ സാഹിത്യവീക്ഷണത്തിലും വായനയിലും അട്ടിമറികള്‍ സൃഷ്ടിക്കുന്ന കഥാകൃത്താണ് ഉണ്ണി. കഥാകൃത്ത് എസ്. ഹരീഷ് ഉണ്ണിയുമായി നടത്തിയ അഭിമുഖം (മലയാളം വാരിക) ചില അടയാളപ്പെടുത്തലുകള്‍ കൊണ്ട് ശ്രദ്ധേയമാണ്. കഥയുടെ രാഷ്ട്രീയവും എഴുത്തിലെ നിലപാടുകളുമാണ് ഉണ്ണിയുടെ രചനകളുടെ സവിശേഷത. ലീല മുതലുള്ള ഉണ്ണിയുടെ കഥകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നതും മറ്റൊന്നല്ല. ' സ്വന്തം രചനകളില്‍ ഒട്ടും ആത്മരതിയുള്ളയാളല്ല ഞാന്‍ എന്ന് ഉണ്ണി നയം വ്യക്തമാക്കുന്നു. തന്റേത് ഒഴികെ മറ്റൊന്നും വായിക്കാത്തവര്‍ക്ക് ഉണ്ണിയുടെ തുറന്നുപറച്ചില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്നു വരാം.
കഥപറച്ചിലില്‍ വീണ്ടും നവീന ഭാവുകത്വം തീര്‍ക്കുകയാണ് കാട്ടുപന്നികള്‍ (മാതൃഭൂമി) എന്ന കഥയിലൂടെ ജോര്‍ജ് ജോസഫ് കെ. ചാരായം കൊണ്ട് അസ്ഥികള്‍ വെന്ത ദിവസമാണ് കഥാപുരുഷന്‍ തബീഥയെ വിവാഹം കഴിച്ചത്. ജീവിതത്തില്‍ മാറ്റങ്ങള്‍ ഒന്നൊന്നായി അയാള്‍ സ്വീകരിക്കുന്നു. കഥാന്ത്യത്തില്‍ ഇരകളെ രക്ഷപ്പെടുത്തുന്ന വെടിയൊച്ച കേള്‍ക്കുന്നു. പക്ഷെ, ആരാണ് ഇര? ആരാണ് സംരക്ഷകന്‍ എന്ന ചോദ്യമാണ് കഥാകൃത്ത് ഭംഗിയായി ധ്വനിപ്പിക്കുന്നത്. 
മനുഷ്യന്റെ സങ്കടം നിവാരണം ചെയ്യാനുള്ള മാര്‍ഗം എന്താണെന്ന ആലോചനയാണ് വിജയലക്ഷ്മിക്കും വീരാന്‍കുട്ടിക്കും കവിത. 'എതിരൊച്ച കേള്‍പ്പിക്കുന്നവരെ തട്ടിക്കളയുമെന്ന പേടി ബാധിക്കുന്നേയില്ല'-എന്നിങ്ങനെ നാവടക്കം (മാതൃഭൂമി) എന്ന കവിതയില്‍ വീരാന്‍കുട്ടി എഴുതി. നാവടക്കി പണിചെയ്യേണ്ടുന്ന മറ്റൊരു ജീവിതസാഹചര്യം ഇരുളായി, കാര്‍മേഘമായി തലയ്ക്കുമുകളില്‍ നിറയുന്ന ജീവിതാവസ്ഥയാണ് വീരാന്‍കുട്ടി വരച്ചിടുന്നത്. വിജയലക്ഷ്മി തച്ചന്റെ മകള്‍ എന്ന കവിത എഴുതിയതിനുശേഷം വീണ്ടും അച്ഛന്റെ ചിരി (മാതൃഭൂമി) എഴുതുന്നു. അച്ഛന്‍ മരങ്ങളെചുറ്റുന്ന കാറ്റായി മാറുന്ന കാഴ്ചയാണ് ഈ കവിത. 
രണ്ടു പ്രണയ ചിത്രങ്ങളാണ് അടുത്തകാലത്ത് കേരളത്തിലെ തിയേറ്ററുകളെ ചലിപ്പിച്ചത്. ഒന്നില്‍ മോഹവും മറ്റൊന്നില്‍ ശോകവുമായി പര്യവസാനിക്കുന്ന പ്രണയം. മലരും കാഞ്ചനയും രണ്ടു നായികമാര്‍. ഒരാള്‍ക്കുവേണ്ടി മാത്രമുള്ള ആത്മമബലിക്ക് പിന്തുണ പുരുഷപക്ഷത്തും പ്രതീക്ഷിക്കാമോ എന്ന ചോദ്യം കൊണ്ടാണ് കാഞ്ചനയുടെയും മൊയ്തീന്റെയും കഥപറയുന്ന സിനിമയെ താഹമാടായി വിലയിരുത്തുന്നത്(കാഞ്ചനയാണ് കാമുകി- മാധ്യമം ആഴ്ചപ്പതിപ്പ്). 
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്് 2015, ഒക്ടോബര്‍ 11

Wednesday, October 07, 2015

കവിതകൊണ്ട് ജീവിതം തൊടുന്നവര്‍

നെഞ്ചിടിപ്പിന്റെ താളത്തിലും ജീവിതത്തിന്റെ വൃത്തത്തിലും എഴുതിയിരിക്കുന്ന മൂന്നുകവിതകളാണ് സുഗതകുമാരിയുടെ കടല്‍പോലൊരു രാത്രി (മാതൃഭൂമി, സെപ്തംബര്‍ 20), അമൃതയുടെ - മൗനത്തിനു താഴെ (ദേശാഭിമാനി, സെപ്തംബര്‍ 20), കെ. ആര്‍ ടോണിയുടെ ഊഹം (ചന്ദ്രിക ആഴ്ചപ്പതിപ്പ് സെപ്തംബര്‍ 19). ഒഴുക്ക് അടിസ്ഥാനധാരയായി നില്‍ക്കുകയാണ് ഈ കവിതകളില്‍.
അവനവനെ ഊഹിച്ചെടുക്കുകുയാണ് കെ. ആര്‍ ടോണി ഊഹം എന്ന കവിതയില്‍. കുടുംബാംഗങ്ങളുടെ മരണ വര്‍ഷം എഴുതുന്ന കവി, സ്വന്തം ജീവിത്തിന്റെ ഓരോ ഘട്ടവും ഊഹിച്ചെടുക്കുന്നു. പഴയ കുടുംബചിത്രം പാലന്‍മൂട്ട തിന്നുന്നതും കുട്ടിക്കാലവും കവിയിലേക്ക് ഒഴുകിയെത്തുന്നു. രാത്രിമഴക്ക് ശേഷം സുഗതകുമാരി മഴയും രാത്രിയും ഇഴചേര്‍ത്ത് രചിച്ച ഹൃദ്യകവിതയാണ് കടല്‍പോലൊരു രാത്രി. ബാല്യസൂര്യന്റെ കയ്യുംപിടിച്ച് പുലരിയെത്തുമ്പോള്‍ വാതില്‍ തുറക്കാന്‍ എനിക്കാവുമോ എന്ന് കവയിത്രി സംശയിക്കുന്നു. മൂടിക്കെട്ടിയ ആകാശംപോലെ ഊഹം സുഗതകുമാരിയുടെ എഴുത്തിലും മുനിഞ്ഞുകത്തുന്നു. ഒഴുക്കിനെ കേന്ദ്രീകരിച്ചാണ് അമൃതയുടെ കവിതയും-മൗനത്തിനു താഴെ (ദേശാഭിമാനി, സെപ്തംബര്‍ 20). മഹാസങ്കടങ്ങളുടെ ഉഷ്ണപ്രവാഹങ്ങള്‍ക്കുമേല്‍ കടല്‍ ശാന്തമാണ്. ഈ കവിതയിലെ അടിയൊഴുക്കാണ് വായനക്കാരന്റെ ഉള്ളുണര്‍ത്തുന്നത്.
വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണ്ണതയും ഉല്‍ക്കണ്ഠയും അടയാളപ്പെടുത്തുന്ന കവിതകള്‍. വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക് പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ ഈ കവിതകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തിന്റെ കനല്‍പ്പാടുമുണ്ട്. വേട്ടക്കാരന്റെ നിതാന്ത ജാഗ്രതയോടൊപ്പം ഇരയുടെ പിടച്ചിലും സൂക്ഷ്മമായി അനുഭവപ്പെടുത്തുന്നു. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്നു. അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ കവിതയില്‍ പുതുകാലത്തിന്റെ ഉപ,സംസ്‌ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്‍പങ്ങളും കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്മവുമായ സ്വരവിന്യാസത്തിന് വഴങ്ങുന്നുണ്ട്. 

്‌വയനാട്ടില്‍ മഴ പെയ്യുമ്പോള്‍
കവിത ഏകധാരയിലേക്ക് ചുരുങ്ങിയോ എന്ന സംശയത്തിനുള്ള മറുപടിയാണ് വി. മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ എന്ന പുസ്തകം. നാല്‍പത്തിയൊന്‍പത് കവിതകളുടെ ഉള്ളടക്കം. നിശബ്ദതയുടെ വാളിന് ഇരുതല മൂര്‍ച്ചയുണ്ടെന്ന് വായനക്കാരെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കാവ്യസമാഹാരം. ഹൃദയത്തെ ഈര്‍ന്നുമുറിക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട് സങ്കീര്‍ണ്ണത സൃഷ്ടിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു ശാന്തിമന്ത്രത്തിന്റെ കിലുക്കമുണ്ട്. വാക്കിന്റെ ചങ്ങലക്കണ്ണികളിലൂടെ ആസ്വാദകരെ കവിതയുടെ ആഴക്കാഴ്ചകളിലൂടെ നടത്തിക്കുകയാണ് ഈ എഴുത്തുകാരന്‍.
നിശബ്ദതയുടെ ചിത്രം വരച്ചുകൊണ്ടാണ് മോഹനകൃഷ്ണന്‍ തന്റെ കാവ്യസമാഹാരം തുറന്നിടുന്നത്. ഓര്‍മ്മകളുടെ കല്ലെടുത്ത് എന്നെ എറിയരുതെന്ന അപേക്ഷയാണ് പുസ്തകത്തിലെ അവസാന കവിത (ഉണ്ടായിരുന്നിട്ടുണ്ടാവില്ല). നിശബ്ദതയ്ക്കും വെളിപ്പെടുത്തലിനും ഇടയിലുള്ള ജീവിതത്തിന്റെ കയറ്റിറക്കമാണ് മഴ വയനാട്ടില്‍ പെയ്യുമ്പോള്‍ അനുഭവപ്പെടുന്നത്. 
പഥികനും പാഥേയവും മാത്രമല്ല, വഴിയോര കാഴ്ചകളും വിസ്മയങ്ങളും കൊണ്ട് സമ്പന്നമാണ് മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ എന്ന കൃതി. വയനാട്ടിലെ മഴ നനഞ്ഞ് ചരിത്രവും വര്‍ത്തമാനവും ഓര്‍മ്മകളായി ഒഴുകുകയാണ്. കുത്തൊഴുക്കില്‍ തിടംവയ്ക്കുന്ന ജീവിതഖണ്ഡങ്ങള്‍ കവി കണ്ടെടുക്കുന്നു. ജീവജാലങ്ങളെ നെഞ്ചേറ്റുന്ന ഈ കവി ഒരേ സമയം ആകാശത്തിലേക്കും ‘ഭൂമിയിലേക്കും ശാഖകള്‍ വിരിച്ചു നില്‍ക്കുന്ന വടവൃക്ഷം പോലെയാണ്. സ്വപ്‌നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലൂടെയുള്ള സഞ്ചാരമാണ് മോഹനകൃഷ്ണന് കവിതകള്‍. 
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്, 2015, സെപ്തംബര്‍ 27

കഥയുടെ വര്‍ത്തമാനംപുതിയ കാലത്തിന്റെ നിസ്സംഗതയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതിബോധവും മലയാളകഥകളുടെ അടിയൊഴുക്കുകളാകുന്നുണ്ട്. പുതിയ കഥകള്‍ പറയുന്നതും മറ്റൊന്നല്ല. ടി. എന്‍.പ്രകാശിന്റെ പഗോഡ (മാധ്യമം, ഒക്‌ടോ.5), ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ ഓട്ടോറിക്ഷ (മാതൃഭൂമി, ഒക്‌ടോ.10), എന്‍. പ്രഭാകരന്റെ ഡുണ്ടറഡും ഡുണ്ടറഡും (മാതൃഭൂമി, ഒക്‌ടോ.4), സുസ്‌മേഷ് ചന്ത്രോത്തിന്റെ പിന്‍കഴുത്തില്‍ പക്ഷിയുടെ ടാറ്റു വരയക്കുന്ന നിര്‍ഭാഗ്യവാന്‍ (കലാകൗമുദി, ഒക്‌ടോ.4)), ചന്ദ്രന്‍ പൂക്കാടിന്റെ വായനശാല (മലയാളം വാരിക, ഒക്‌ടോ.2) എന്നിവ വര്‍ത്തമാനകാലത്തിന്റെ ചില മുള്‍മുനകള്‍ അനുഭവപ്പെടുത്തുന്നു.
തീവണ്ടി അപകടം ഒഴിവാക്കാന്‍ ജീവിതം നീക്കിവെക്കുന്ന ഫ്രാങ്ക്‌ലിന്‍ ഫെര്‍ണാണ്ടസിന്റെ കഥയാണ് ടി. എന്‍ പ്രകാശ് എഴുതുന്നത്. ''നി തന്നെ പറ. ഈ കൊച്ചു സമയത്തിനുള്ളില്‍ നിനക്കെവിടെ നിന്നാണ് ഒരു ചുവന്ന തുണിക്കഷ്ണം കിട്ടുന്നത്. ട്രാക്കില്‍ കയറി മംഗ്‌ളൂരു മഡ്ഗാവ് ഇന്റര്‍സിറ്റി നിര്‍ത്തിക്കാന്‍...''. ഫ്രാങ്ക് ലിന്‍ ഫെര്‍ണാണ്ടസിന്റെ കൈയില്‍ അയാളുടെ ഹൃദയം തന്നെ അടര്‍ന്നുവീണു. എത്ര പെട്ടെന്നാണ് അതൊരു പെഗോഡയായി മാറിയത്. ഇപ്പോഴത് ആയിരമായിരം ചോന്ന പൂക്കളുള്ള ഒരു പഗോഡകുലയായി മാറിയിരിക്കുന്നു. ഫ്രാങ്ക്‌ലിന്‍ തന്റെ ലക്ഷ്യം നേടുന്നു. മാനുഷികതയുടെ പച്ചപ്പ് കഥാകൃത്ത് കൊച്ചുകഥയില്‍ ഭംഗിയായി അവതരിപ്പിച്ചു.
എന്‍. പ്രഭാകരന്റെ ഡുണ്ടറഡും ഡുണ്ടറഡും (മാതൃഭൂമി) ഭാര്‍ഗവന്‍ മാഷ് സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരുപാട് നേരമായി.....അദ്ദേഹം ഗോകുലന്‍ മാഷെ കാത്തിരിക്കുന്നു. ഗോകുലന്‍ മാഷുടെ തിരോധാനമാണ് ഭാര്‍ഗവന്‍ മാഷെ അലട്ടുന്നത്. ഏഴാം ക്ലാസിലെ ബിപീഷിന്റെ ഉത്തരകടലാസിലെ വാക്കുകള്‍ ഉരുവിട്ടു ഭാര്‍ഗവന്‍ മാഷ് നൃത്തം ചെയ്യുമ്പോള്‍ വരാന്തയില്‍ കയറിനിന്ന ആടിനുപോലും ചിരിവരുന്നു. വിദ്യാഭ്യാസ പദ്ധതികളുടെ വിഷവൃത്തം വരച്ചാണ് കഥ അവസാനിപ്പിക്കുന്നത്. 
സുസ്‌മേഷ് ചന്ത്രോത്തിന്റെ പിന്‍കഴുത്തില്‍ പക്ഷിയുടെ ടാറ്റു വരയ്ക്കുന്ന നിര്‍ഭാഗ്യവാന്‍ (കലാകൗമുദി) പിന്‍കഴുത്തില്‍ കിളിയുടെ ടാറ്റു വരക്കുന്ന പെണ്‍കുട്ടിയെ കണ്ടശേഷമാണ് അയാള്‍ ചില സുപ്രധാന ചിന്തകളിലേക്ക് അവിചാരിതമായി വീണുപോയത്. പിന്നീട് അയാളുടെ ഓരോ തിരിഞ്ഞുനോട്ടത്തിലും നിരവധി പിന്‍കഴുത്തുകള്‍ കടന്നുവരുന്നുണ്ട്. എങ്കിലും അയാളുടെ ദൃഷ്ടിയില്‍ ഭാര്യയുടെ പിന്‍കഴുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ചില ചോദ്യചിഹ്നത്തിന്റെ വളവും ഒടിവുമായി വായനയെ നേര്‍ക്കുന്ന കഥയാണിത്. കഥ കാലിക വിഷയത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണ.്ഭീകരതയും വിധ്വംസക പ്രവര്‍ത്തനങ്ങളുമാണ് മലയാളകഥയുടെ പുതിയമുഖം എഴുതിനിറയുന്നത.്ചന്ദ്രന്‍ പൂക്കാടിന്റെ വായനശാല എന്ന കഥയില്‍ (മലയാളം വാരിക, ഒക്‌ടോ.2) എഴുതുന്നു: ഉടുമ്പ് അശോകന്റെ പുതിയ പുസ്തകങ്ങളെയോര്‍ത്ത് പ്രബീഷിന് കലികയറി. ആ 'പുസ്തകങ്ങള്‍ക്കൊന്നും ജനമൈത്രി വായനശാലയില്‍ നിന്ന് പുറത്തുപോകാന്‍ സാധിച്ചില്ലെങ്കില്‍ എത്ര നന്നായിരുന്നു. പ്രതികാരം ഒരു വലിയ തമാശയാണ്. എതിര്‍ചേരിയെ വീഴ്ത്തുക ഉടുമ്പിനെ സംബന്ധിച്ച് അത്ര പ്രയാസമുള്ള സംഗതിയല്ല. പിഴച്ചു പോകുന്ന ചില കണക്കുകള്‍. ഇരുട്ടിന്റെ ചരിത്രമുറങ്ങുന്ന ജനമൈത്രി വായനശാലയും പൊതുയിടങ്ങളും പകജീവിതത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നതിലേക്കാണ് കഥ നമ്മുടെ ശ്രദ്ധക്ഷണിക്കുന്നത്. 
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് പറയാനുള്ളത് മറ്റൊന്ന്. വാക്കുകള്‍ കൈവിട്ടുപോയാല്‍ തിരിച്ചെടുക്കാന്‍ പറ്റില്ല എന്നത് പഴയമൊഴിയാവാം. ജീവിതത്തില്‍ ഇതിന് നേര്‍സാക്ഷ്യങ്ങള്‍ നിരവധിയാണ്. ഉപകാരമാണ് ശിഹാബുദ്ദീന്റെ ഓട്ടോറിക്ഷ എന്ന കഥയുടെ അടിസ്ഥാനധാര. ആര്‍ത്തിരമ്പുന്ന തിരമാലയിലേക്ക് എടുത്തുചാടി എങ്ങനെയോ മറുകരപറ്റിയ കുട്ടി, നീന്തിവന്ന വഴിയിലേക്ക് തിരിഞ്ഞുനോക്കുന്നതുപോലെയാണ് ഉപകാരം ചെയ്തയാള്‍ പിന്നെ ഉപകാരപ്പെട്ടവനെ കാണുന്നത്. കഥയില്‍ അയാള്‍ ഓടി രക്ഷപ്പെടുന്നു. സഹായിച്ചവരെക്കൊണ്ട് രണ്ടുതവണ നാടുവിട്ടവനാണ് ഞാന്‍ എന്നാണ് കഥപറച്ചിലുകാരന്റെ വെളിപ്പെടുത്തല്‍.
പുഴ മത്സ്യത്തില്‍ ഒഴുകുമ്പോള്‍
എം. ചന്ദ്രപ്രകാശിന്റെ കാല്‍നൂറ്റാണ്ടിലെ കഥാജീവിതത്തെ അന്വയിക്കുമ്പോള്‍ സവിശേഷമായ ഒരു കഥാശൈലി വ്യക്തമാകുന്നുണ്ട്. വാങ്മയത്തെയും ദൃശ്യമാധ്യമത്തെയും അര്‍ത്ഥവത്തായി ഇണക്കുന്ന ആഖ്യാനഘടന കൊണ്ടുവന്ന എഴുത്തുകാരനാണ് ചന്ദ്രപ്രകാശ്. സംഭവബഹുലമായ നൂതനഭാവരാശികളാണ് പുഴ മത്സ്യത്തില്‍ ഒഴുകുമ്പോള്‍ എന്ന പുസ്തകത്തിന്റെ (ഡി. സി ബുക്‌സ്)പ്രത്യേകത. 
കഥ പറയുക, കേള്‍ക്കുക, കഥയാകുക എന്ന രൂപാന്തരങ്ങളുടെ നാഗരികസാക്ഷ്യങ്ങളാണ് എം. ചന്ദ്രപ്രകാശിന്റെ കഥകള്‍. ആഖ്യാനത്തിന്റെ നൂതനസാധ്യതകള്‍ തേടുന്നവയാണ്. കഥയേക്കാള്‍ കഥപറയുന്ന രീതിക്ക് പ്രാധാന്യം നല്‍കുന്ന എഴുത്തുകാരനാണ് എം. ചന്ദ്രപ്രകാശ്. ഭ്രമാത്മകമായ അന്തരീക്ഷം സൃഷ്ടിച്ച് കഥയെ മറച്ചുപിടിക്കാനും യാഥാര്‍ത്ഥ്യങ്ങളെ കഥയുമായി ഇഴചേര്‍ക്കാനുമുള്ള ശ്രമം ഓരോ കഥയിലുമുണ്ട്. ചന്ദ്രപ്രകാശിന്റെ കഥകള്‍ ഒരു കാലഘട്ടത്തിലെ മലയാളകഥാഭിരുചി സാക്ഷ്യപ്പെടുത്തുന്നു. പൊതുധാരയില്‍ നിന്ന് ഈ കഥകളെ വ്യത്യസ്തമാക്കുന്നത് 
കഥാകൃത്ത് അബോധപൂര്‍വ്വം നടത്തുന്ന സ്വയം വെളിപ്പെടുത്തലുകളാണ്. 
നിബ്ബ്- ചന്ദ്രിക വാരാന്തപ്പതിപ്പ്, ഒക്ടോബര്‍ 4/ 2015