Friday, July 04, 2014

പൊതുമുറയ്ക്ക് വഴങ്ങാത്ത എഴുത്തുകാരന്‍ എസ്.വി.വേണുഗോപന്‍നായര്‍/കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

അസ്തിത്വദു:ഖത്തന്റെയും അന്യവല്‍കരണത്തിന്റെയും വലക്കണ്ണിയില്‍ നിന്നു വഴുതിമാറി മലയാളകഥയില്‍ ഒറ്റയാന്‍ നടപ്പുശീലം കൊണ്ടുവരികയായിരുന്നു എസ്.വി.വേണുഗോപന്‍ നായര്‍. വ്യക്തിചിത്രങ്ങളുടെ എഴുത്തുകകാരനായ എസ്‌വി.കഥയെഴുത്തിന്റെ ആദ്യകാലത്തുതന്നെ എഴുപതുകളുടെ കഥാഭാഷ പൊളിച്ചെഴുതി. സാമൂഹിക പ്രശ്‌നങ്ങള്‍ ആവിഷ്‌കരിക്കുമ്പോഴും മാനവികതയുടെ അടയാളവാക്യം പോലെ നിറവാര്‍ന്ന ഒരു കഥാപാത്രം ഇദ്ദേഹത്തിന്റെ കഥകളില്‍ കാണാം. മൂല്യശോഷണത്തെ നേരിടാന്‍ കരുത്തുറ്റ ഒരു ജീവിതവീക്ഷണം അനിവാര്യമാണെന്ന് ഈ കഥാകൃത്ത് വിശ്വസിക്കുന്നു. മലയാളകഥയുടെ രചനാതലത്തില്‍ പരീക്ഷണ കഥാകൃത്ത് എന്നു വിശേഷിപ്പിക്കാവുന്ന നിരവധി കഥകള്‍ എസ്.വി. രചിച്ചിട്ടുണ്ട്. ലളിതമായോ, സങ്കീര്‍ണ്ണമായോ തുടങ്ങുന്ന കഥപറച്ചില്‍ വൃത്തനിബദ്ധമായ ഭാഷയില്‍ വ്യത്യസ്തവിതാനങ്ങളിലേക്ക് വഴിമാറുന്ന കാഴ്ചയും ഇദ്ദേഹത്തിന്റെ കഥാലോകത്തുണ്ട്.
ചരിത്രത്തിന്റെ നീറ്റലും വര്‍ത്തമാനകാലത്തിന്റെ ഉള്ളുരുക്കവും പ്രാദേശികതനിമയും മലയാളകഥയുടെ ഭാഗമാറ്റി മാറ്റിയെഴുതുകയാണ് വേണുഗോന്‍ നായര്‍. എതിരെഴുത്തിന്റെയും കാഴ്ചയുടെയും പ്രത്യയശാസ്ത്രവും സൗന്ദര്യശാസ്ത്രവും കണ്ണി ചേര്‍ന്നുനില്‍ക്കുന്ന കഥകള്‍ എസ്.വി.യുടെ ഭാവതീവ്രമായ എഴുത്തിന്റെ സാക്ഷ്യമാണ്.
'വേനല്‍മഴ'യിലെ സരസുവും, 'അടുക്കളയില്‍ നിന്ന്' എന്ന കഥയിലെ ആനന്ദകൃഷ്ണനും, 'എരുമ'യിലെ ആമിയും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. സ്‌നേഹവും രതിയും വിശ്വാസമാനങ്ങളും എസ്.വി. എഴുത്തിന്റെ വിഷയങ്ങളാക്കുന്നു. നുഷ്യന്റെ വിഹ്വലതകളും അതിജീവനത്വരയും ജാതിയുടെയും ആചാരങ്ങളുടെയും ജീവിതകാമനകളുടെയും സ്ഥിവാരത്തില്‍ സ്പര്‍ശിച്ച് അവതരിപ്പിക്കുന്ന കഥകള്‍ സ്വത്വവിചാരത്തിന്റെ അഗ്നിപഥ സാന്നിധ്യമാണ്.
ഭൂമിപുത്രന്റെ വഴി, മൃതിതാളം, ആദിേശഷന്‍, രേഖയില്ലാത്ത ഒരാള്‍, തിക്തം തീക്ഷ്ണം തിമിരം, ഒറ്റപ്പാലം, വരുമ്പോള്‍ ഞാനെന്ത് പറയും, എന്റെ പരദൈവങ്ങള്‍, 51 തെരഞ്ഞെടുത്ത കഥകള്‍, വീടിന്റെ നാനാര്‍ത്ഥങ്ങള്‍ എന്നിങ്ങനെ 12 കഥാസാമാഹരങ്ങള്‍ ഉള്‍പ്പെടെ 22 കൃതികള്‍ രചിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, സി.വി.പുരസ്‌കാരം, പത്മരാജന്‍ അവാര്‍ഡ്, ലളിതാംബികാ പുരസ്‌കാരം, ഡോ.കെ.എം.ജോര്‍ജ് ട്രസ്റ്റ് പുരസ്‌കാരം തുടങ്ങിയവ ഇതിനകം ലഭിച്ചിട്ടുണ്ട്. ധനുവച്ചപുരത്ത് താമസിക്കുന്ന എസ്.വി.വേണുഗോപന്‍ നായര്‍ സപ്തതിയുടെ നിറവിലാണ.് 
? ആധുനികതയെ കളിയാക്കി എഴുതിയതിന് പിന്നാലെ, അത് സ്ഥാപിച്ചെടുക്കാനും എഴുതിയല്ലോ.
എന്റെ ആദ്യത്തെ കഥ ആധുനികരെ കളിയാക്കിക്കൊണ്ടുള്ളതാണ്. മദ്രാസില്‍ നിന്നും പ്രസിദ്ധീകരിച്ച അന്വേഷണം മാസികയിലാണ് അത് വന്നത്. ഞാന്‍ അന്ന് മഞ്ചേരി കോളജില്‍ ജോലി ചെയ്യുകയായിരുന്നു. കാക്കനാടന്‍, സക്കറിയ തുടങ്ങിയവരുടെ കഥകള്‍ വായിച്ചിട്ട് ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ആധുനികതയെ തമാശയാക്കി കഥ എഴുതിയത്.കഥയെഴുതാനറിയുമോ എന്നായിരുന്നു കഥയുടെ പേരുതന്നെ. കഥയിലെ ഒരു സന്ദര്‍ഭത്തില്‍ ' ഒന്നും മനസ്സിലാവരുത്' എന്നാണ് കഥാകൃത്തിന് പത്രാധിപര്‍ നല്‍കുന്ന നിര്‍ദേശം. കാമതീര്‍ത്ഥം, പ്രസിഡണ്ടിന്റെ മരണം മുതലായ കഥകള്‍ പിന്നീട് ഞാന്‍ എഴുതിയിട്ടുണ്ട്. ധനുവച്ചപുരത്ത് വന്നതിന് ശേഷമാണ് വിമോചനം എഴുതിയത്. അതായിരുന്നു മാതൃഭൂമിയില്‍ വന്ന എന്റെ ആദ്യകഥ. 
? ജാതിപ്രശ്‌നമായിരുന്നു വിമോചനത്തിന്റെ വിഷയം. ഇത് വ്യക്തിപരമായ അനുഭവമാണോ.
വിമോചനം എഴുതുന്ന കാലത്ത് ജാതി എന്നെ വല്ലാതെ ബാധിച്ചിരുന്നു. ഞാന്‍ വളര്‍ന്ന ചുറ്റുപാടിന്റെ പ്രശ്‌നമായിരുന്നു. അന്യസമുദായത്തില്‍പെട്ടവര്‍ നടത്തുന്ന കടകളില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ പ്രയാസമായിരുന്നു. മഞ്ചേരിയില്‍ ജോലി ചെയ്യുമ്പോള്‍ മറ്റു വഴികളുമില്ല. മനസ്സിന്റെ അടിമത്തത്തില്‍ നിന്നുള്ള മോചനം. അതായിരുന്നു വിമോചനം. അതിന്റെ വിഷയം ആധുനികമാണോ എന്ന് എനിക്ക് നിശ്ചയമില്ല. പിന്നീട് ആധുനികരെ തിരിച്ചറിഞ്ഞ ശേഷം ഞാനും അക്കാലത്തെ കഥകളില്‍ കാണുന്ന ചിലതെല്ലാം പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം കേരളീയ പശ്ചാത്തലത്തിലായിരുന്നു ഉപയോഗപ്പെടുത്തിയത്.
ആധുനികത കൊണ്ടുവരാന്‍ ഡല്‍ഹി തന്നെ വേണമെന്നില്ല. നമ്മുടെ നാട്ടില്‍ ആധുനികതയുടെ പ്രശ്‌നങ്ങള്‍ പറയുന്നതിന് ധാരാളം പ്രശ്‌നങ്ങളുണ്ട്. ഒറ്റപ്പെടലോ, അസ്തിത്വദു:ഖമോ ഒക്കെ നമുക്കുണ്ട്. ഈ പറയുന്നതെല്ലാം ഞാനും എഴുതിയിട്ടുണ്ട്. പക്ഷേ, പശ്ചാത്തലം നമ്മുടെതാണ്.
? 'വടി' മലയാളകഥയുടെ ഭാഷയയെ മാറ്റിപ്പണിയുകയായിരുന്നു.
'വടി' എന്ന കഥയില്‍ ഒരു വൃദ്ധന്റെ കാര്യമാണ് പറയുന്നത്. അയാള്‍ സര്‍ക്കാര്‍വക പെന്‍ഷന്‍ വാങ്ങാന്‍വേണ്ടി പോകുന്നു, ആരുമില്ലാതായിപ്പോകുന്ന ഒരു വൃദ്ധന്‍. സര്‍ക്കാര്‍ ഓഫീസില്‍ ചെല്ലുമ്പോള്‍ ചില റെക്കോര്‍ഡുകള്‍ അവര്‍ ചോദിക്കുന്നു. വൃദ്ധന്റെ കൈവശം റെക്കോര്‍ഡുകളൊന്നും ഇല്ല. ഇതേകാര്യം കുറേക്കൂടി വ്യക്തമായി 'രേഖയില്ലാത്ത ഒരാള്‍' എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. വൃദ്ധന് വേണ്ടപ്പെട്ടവരൊന്നും തന്നെ ഇല്ല. ഇയാള്‍ക്കു വേണ്ടത് മക്കളില്ല എന്ന സര്‍ട്ടിഫിക്കറ്റാണ്. ജീവിച്ചിരിക്കുന്നവര്‍ ആരുമില്ലെന്ന സ്റ്റേറ്റ്‌മെന്റ് കൊടുക്കണം. ഇയാളുടെ മകന്‍ പണ്ട് ഹിപ്പി ആയിട്ട് പോയതാണ്. ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് വൃദ്ധന് അറിയില്ല. തെളിവ് എങ്ങനെ കൊടുക്കും? അയാള്‍ ഒന്നും മിണ്ടാതെ ഓഫീസില്‍ നിന്നും ഇറങ്ങിപ്പോകുന്നു. നടക്കാന്‍ വയ്യാതെ അയാള്‍ ബുദ്ധിമുട്ടിയാണ് പോകുന്നത്. കഷ്ടപ്പെട്ട് അങ്ങനെ പോകുമ്പോള്‍ വൃദ്ധന്‍ ഒരു സ്വപ്നം കാണുന്നു. മകള്‍ വന്ന് അയാള്‍ക്ക് ചായ ഉണ്ടാക്കിക്കൊടുക്കുന്നത്. ഈ കഥയില്‍ ഉപയോഗിച്ച ഭാഷ നെയ്യാറ്റിന്‍കരയിലേതാണ്. അതിനാല്‍ കഥ പ്രസിദ്ധീകരിച്ചപ്പോള്‍ പല വാക്കുകള്‍ക്ക് ഫുട്ട്‌നോട്ട് നല്‍കിയാണ് മാതൃഭൂമിയില്‍ കൊടുത്തിരുന്നത്. അല്ലെങ്കില്‍ കഥ ആര്‍ക്കും മനസ്സിലാവില്ല.
? സമകാലിക കഥയുടെ ഭാഷയില്‍ വ്യതിയാനം വരുത്താന്‍ പ്രേരണ എന്തായിരുന്നു.
നമ്മുടെ ഭാഷയും- അതായത് നെയ്യാറ്റിന്‍കരക്കാരുടെ ഭാഷയും തിരുവനന്തപുരത്തെ ഭാഷയും വള്ളുവനാടന്‍ ഭാഷയുമായിട്ട് ഒരുപാട് വ്യത്യാസമുണ്ട്. കാരണം എനിക്ക് വള്ളുവനാടന്‍ ഭാഷയില്‍ എഴുതാന്‍ പറ്റും. പക്ഷേ, അവിടെയുള്ള ഒരു എഴുത്തുകാരന് നെയ്യാറ്റിന്‍കരയിലെ ഭാഷയില്‍ എഴുതാന്‍ പറ്റില്ല. ഇങ്ങനെയൊരു പ്രത്യേകത ഞങ്ങളുടെ ഭാഷക്കുണ്ട്. അത് ഭൂമിശാസ്ത്രപരമാണ്. ഇവിടെ നിന്ന് കുറച്ചുകൂടി തെക്കോട്ട് പോയിക്കഴിഞ്ഞാല്‍ പാറശ്ശാല. പിന്നെ കളിക്കുളമാണ്. അത് തമിഴ്‌നാട് ജംങ്ഷനാണ്. എന്റെ കുടുംബവീട് തമിഴ്‌നാടിനടുത്താണ്. അവിടെ തമിഴും മലയാളവും ഇടകലര്‍ന്നാണ് പറയുന്നത്. 
നാട്ടിന്‍പുറത്താണ് ഞാന്‍ വളര്‍ന്നത്. തമിഴ്‌നാടിന്റെ അതിര്‍ത്തിയില്‍. അവിടുത്തെ ഭാഷ വേറെയാണ്. എന്റെ അച്ഛന്റെ അച്ഛനും അമ്മയും ഒക്കെ പറഞ്ഞ ഭാഷ. അതെനിക്കറിയാം. ഇപ്പോള്‍ തെക്കന്‍തിരുവിതാംകൂറിലെ ഭാഷ എന്നൊക്കെ സിനിമയില്‍ പറഞ്ഞു വരുന്നത് കാണുമ്പോള്‍ പ്രയാസം തോന്നാറുണ്ട്. ഞങ്ങളുടെ ഒറിജിനല്‍ ഭാഷയാണ് വടിയില്‍ ഉപയേഗിച്ചത്. ആ ഭാഷയില്‍ കുറേ കഥകള്‍ ഞാന്‍ എഴുതിയിട്ടുണ്ട്. പക്ഷേ, ഇതല്ല തിരുവനന്തപുരത്തെ ഭാഷ. 
? എസ്.വി.യുടെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന 'എരുമ'യില്‍ ഭാഷ മാറന്നു. 
എരുമയില്‍ തിരുവനന്തപുരത്തെ ഭാഷയാണ് ഉപയോഗിച്ചത്. ഭാഷാപരമായ വ്യത്യാസം അറിയണമെങ്കില്‍ സി.വി.രാമന്‍പിള്ളയുടെ നോവല്‍ വായിക്കണം. അതിലെ ഭാഷ ഒരുപക്ഷേ മലബാറുകാര്‍ക്ക് അറിയാന്‍ പറ്റില്ല. ഉദാഹരണത്തിന് സി.വി.യുടെ നോവലില്‍ ഭവതിക്കൊച്ച് എന്നൊരാളുണ്ട്. അവള്‍ വിളവങ്കോട്ടുകാരിയാണ്. വിളവങ്കോട് , കല്‍ക്കുളം, അഗസ്തിശ്വരം, തോവാള എന്നിങ്ങനെ നാല് താലൂക്കുകളാണ് തമിഴ്‌നാട്ടില്‍ പോയത്. അവിടെ നാല് ഭാഷ. വിളവങ്കോട്ടുകാര്‍ പറയാത്ത് കല്‍ക്കുളത്തുകാര്‍ പറയും. ഇതില്‍ നിന്ന് വ്യത്യസ്തമായ ഭാഷയാണ് സി.വി.യുടെ കേശവദാസന്‍ എന്ന കഥാപാത്രം പറയുന്നത്. എന്റെ പുതിയ കഥ 'അക്കച്ചി' എന്നത് ഇങ്ങനെയൊരു പ്രയോഗമാണ്. ഞങ്ങളുടെ നാട്ടില്‍ നിന്ന് വലിയതോതിലാണ് തിരുവനന്തപുരത്തേക്ക് കുടിയേറ്റം നടന്നത്. അത് ഭാഷാപരമായ വ്യതിയാനത്തിനും കാരണമായിട്ടുണ്ട്.
'എനക്ക്' എന്ന് വിളവങ്കോട്ടുകാര്‍ പറയാത്തത് കല്‍ക്കുളത്തുകാര്‍ പറയും. ഇങ്ങനെ ഒരുപാട് വാക്കുകള്‍. ഇതില്‍ നിന്നും കുറച്ചുകൂടി തമിഴ് കലരും തൊട്ടടുത്ത താലൂക്കില്‍. ഇങ്ങനെയുള്ള ഭാഷാ വ്യത്യാസം സി.വി നോവലുകളില്‍ കൊണ്ടുവന്നിട്ടുണ്ട്. തെക്കുള്ള ഈ ഭാഷാഭേദം അറിയുമ്പോള്‍ നാം അല്‍ഭൂതപ്പെടും. സി.വിയുടെ പെരിഞ്ചക്കോടന്‍ പറയുന്നത് കല്‍ക്കുളത്തെ ഭാഷയാണ്. 
ഇതിനെക്കാള്‍ വേറൊരു ഭാഷയുണ്ട്. 'അവിച്ചിയാ ചേച്ചുവന്തത്...' ഇത് മലബാറില്‍ പറയുന്നില്ല. ഇതിന്റെ അര്‍ത്ഥം.- അവര്‍ ഇന്നലെ വന്നു. ഇതുപോലെ പല ഭാഷാഭേദങ്ങളും സി.വി ഉപയോഗിച്ചിട്ടുണ്ട്. ഭ്രാന്തന്‍ ചാന്നാന്റെ ഭാഷയില്‍ ഇത്തരം പ്രയോഗം കാണാം.
യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ നിന്നും ഞാന്‍ തമ്പാനൂരിലേക്ക് നടന്നാണ് പോയിരുന്നത്. അപ്പോഴൊക്കെ നഗരത്തില്‍ കണ്ടിട്ടുള്ളതാണ് എരുമയില്‍ എഴുതിയത്. കൈ ഇടുപ്പില്‍ വെച്ചുനില്‍ക്കുന്ന ഒരു സത്രീയെ തമ്പാനൂര്‍ ബസ്സ്റ്റാന്‍ില്‍ കാണാറുണ്ട്. എരുമ പ്രസിദ്ധീകരിച്ചതോടെ കുറക്കാലം തിരുവനന്തപുരത്തു നക്കാന്‍ വയ്യായിരുന്നു.
? കൊപ്ലന്‍ ഒരു അശ്ലീലവാക്കില്‍ നിന്നും രൂപപ്പെടുത്തിയതാണോ.
പണ്ട് പന ചെത്തുന്ന താളം കേട്ടാണ് ഞങ്ങള്‍ ഉണരുന്നത്. പ്രത്യേക താളത്തിലാണ് അവര്‍ ചെത്തുന്നതും പോകുന്നതും. ഇവിടെ ഒരാളുണ്ട.് അവര്‍ക്ക് ഒരു ഭാഷയുണ്ട്. ഞങ്ങളുടെ നാട്ടില്‍പറയുന്ന ചീത്തവാക്കില്‍ നിന്ന് ഉണ്ടായതാണ് ഈ കഥ. പനകയറുന്നവരുടെ ശരീരം റഫ് ആയിരിക്കും. മരത്തില്‍ കയറുമ്പോള്‍ അതിനനോട് ഉരഞ്ഞ് രൂപപ്പെടുന്നു. ഇതെല്ലാം കഥയില്‍ വന്നിട്ടുണ്ട്. ഭാഷയിലും വ്യത്യാസമുണ്ടാകും. പെണ്ണെഴുത്ത് എന്നൊരു കഥ എഴുതിയിട്ടുണ്ട്. അതില്‍ തെക്കന്‍തിരുവിതാംകൂറിലെ ഭാഷയാണ് വരുന്നത്.
? കാര്യവട്ടത്തെപ്പറ്റിയൊരു തമാശയുണ്ട്, അതിനപ്പുറം ലോകമില്ലെന്ന്
ശരിയാണ് കാര്യവട്ടത്ത് വന്നാല്‍ അതിനപ്പുറം ഒരു ലോകമില്ല എന്നു കരുതും. അവിടെച്ചെന്ന് അങ്ങനെയിരിക്കും. കാര്യവട്ടത്ത് ആര് ചെന്നാലും അവസ്ഥ അങ്ങനെയാണ്. പലരും റിസര്‍ച്ച് പൂര്‍ത്തിയാക്കാതെ മടങ്ങിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റിയില്‍ കാലം കഴിച്ചുപോകുകയാണ് അധികപേരും. ചില സ്ഥലങ്ങള്‍ അങ്ങനെയൊരു തോന്നല്‍ ഉണ്ടാക്കും. കാര്യവട്ടം അതുപോലൊരിടമാണ്. 
? രാജലക്ഷ്മി പഠിപ്പിച്ച കോളജില്‍ ജോലി ചെയ്തിരുന്നല്ലോ.
ഞാന്‍ രാജലക്ഷ്മിയെ കണ്ടിട്ടില്ല. ഒറ്റപ്പാലത്ത് രണ്ട് വര്‍ഷമുണ്ടായിരുന്നു. രാജലക്ഷ്മിയുടെ മരണം കഴിഞ്ഞ് കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അവിടെ എത്തുന്നത്. രാജലക്ഷ്മിയുടെ കൂടെ ജോലി ചെയ്ത ഒരു ടീച്ചര്‍ അവിടെ ഉണ്ടായിരുന്നു. അവിടെയുള്ള ടീച്ചറെക്കുറിച്ച് രാജലക്ഷ്മിയുടെ ഡയറിയില്‍ പരാമര്‍ശമുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. 1965-ലാണ് രാജലക്ഷ്മി ആത്മഹ്യ ചെയ്തത്. ഒറ്റപ്പാലത്ത് വരുന്നതിന് മുമ്പ് രാജലക്ഷ്മി പന്തളം കോളജില്‍ ജോലി ചെയ്തിട്ടുണ്ട്. അവരുടെ ആത്മഹത്യ സംബന്ധിച്ച് പല കഥകളുമുണ്ടായിരുന്നു. പക്ഷേ, അതൊന്നും ശരിയല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത്തരത്തിലുള്ള കഥകളിലൊന്നാണ് മുന്‍ മന്ത്രിയായിരുന്ന നാരായണക്കുറുപ്പിന്റെ കൈവശം രാജലക്ഷ്മിയുടെ ഡയറി ഉണ്ടായിരുന്നു എന്നത്. നാരായണക്കുറുപ്പ് 1969- കാലത്താണ് അവിടെ അധ്യാപകനായിരുന്നത്. 
? താങ്കളുടെ കുറെയധികം കഥകളില്‍ വീടിന്റെ നാനാര്‍ത്ഥങ്ങള്‍ ശക്തമായ സാന്നിധ്യമാണ്.
വീടിനെപ്പറ്റി മാത്രമായി ഒരു കഥയില്ല. ഞാന്‍ മഞ്ചേരി ജോലി ചേര്‍ന്നപ്പോഴാണ് വീടിന്റെ പണ തുടങ്ങുന്നത്. പ്ലാന്‍ കണ്ടപ്പോള്‍ മോന്‍ പറഞ്ഞുഇങ്ങനെയൊരു വീട് നഷ്ടമാണെന്ന്. അവന് ഇത് ഉള്‍ക്കൊള്ളാന്‍ വയ്യ. മഞ്ചേരിയിലേക്ക് എന്നെ സ്ഥലമാറ്റം നല്‍കിയത് ഉപ്രവിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ, എനിക്ക് അതൊരു ബ്രേക്കായി...അന്നത്തെ ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ട്് ഒരു കഥയുണ്ട്. എന്റെ അമ്മാവന്‍ വലിയജ്യോത്സനാണ്. ഒരു മുണ്ടു പുതച്ചിരിക്കുന്നയാളാണ്. എന്റെ അച്ഛന് ജ്യോതിഷം അറിയാം. അച്ഛന്‍ പറയുന്നത് പുള്ളി ഗൗരവമായിട്ടെടുക്കും. അദ്ദേഹത്തിന്റെ അടുത്ത് വീടു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഞാന്‍ പോയിരുന്നു. രാത്രി ഞാന്‍ അവിടെ ചെല്ലുമ്പോള്‍, അതേ ആവശ്യവുമായി മറ്റെരാള്‍ എത്തി. രാത്രി 8 മണിക്ക്. കാടും മലയും കടന്ന് ഓലച്ചൂട്ടിന്റെ വെളിച്ചത്തിലാന്നു വന്നത്. രാത്രി പ്രശ്‌നമില്ല എന്ന് അമ്മാന്‍ പറഞ്ഞു. പക്ഷേ, അയാള്‍ വളരെ വിനയത്തോടെ ഞങ്ങളുടെ വീട് പൊളിച്ചിട്ടിരിക്കുകയാണ്. ഏതെങ്കിലും വിധത്തില്‍ എന്ന് പഞ്ഞുപ്പോള്‍ അമ്മാവന്‍ കാര്യം തിരക്കി. വീടിന്റെ പ്ലാന്‍ മാറ്റണമെന്ന് അനുജന്‍. അവര്‍ രണ്ടുപേരും ഒന്നച്ചാണ് താമസിക്കുന്നത്. നാള്‍ ചോദിപ്പോള്‍ രോഹിണിയാണെന്ന് പറഞ്ഞു. പിന്നീട് പണി എന്താണെന്ന് ചോദിച്ചു.കാളവണ്ടിയിലാണ് പണി. അമ്മാവന്‍ പറഞ്ഞു നിങ്ങളുടെ കാള ചാവും. കണ്ടക ശനിക്ക് വീടുപണി കുറെ കഷ്ടപ്പെടും. പൊളിച്ചിട്ടത് അതേ പോലെ കെട്ടിവെച്ചാല്‍ മതി. കുന്നുകയറി പാടമൊക്കെ കട്ന്നാണ് അവന്‍ വന്നിരിക്കുനനത്. നമ്മള്‍ ഇവിടെ ഒരു കാര്യം അന്വേഷിക്കുന്നത്, അതേ കാര്യവുമായി മറ്റൊരാള്‍ വരുന്നു. നല്ല ലക്ഷണമാണ്. അതിനാല്‍ വീടുപണി തുടങ്ങിക്കോ. കഷ്ടപ്പാടുകളൊക്കെ അവിടെ തീരും. 
ഒരു കഥ പറഞ്ഞുകേട്ടിട്ടുണ്ട്. കുബേരന് പണത്തിന്റെ ആധിക്യം കൊണ്ട് ഇരിക്കപ്പൊറുതിയില്ല. അഹങ്കാരം കൂടുതലാകുന്നു. ഇക്കാര്യം ബ്രഹ്മാവിനോട് പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ് കുബേരനോട് പറഞ്ഞത് ഒരു വീടു വെക്കാനായിരുന്നു. വീടു വെക്കുന്നവര്‍ സ്വന്തം കഴിവ് അനുസരിച്ചല്ല ചെയ്യുക. അപ്പോള്‍ തെണ്ടിപ്പോവും.
? ഹാസ്യം ഗവേഷണ വിഷയം മാത്രമല്ല എസ്.വിക്ക് എന്ന് കഥകള്‍ വായിക്കുമ്പോള്‍ മനസ്സിലാവും. ഹാസ്യത്തോടുള്ള പ്രതിപത്തി.
ഞാന്‍ ഒരു കാര്യത്തെ രണ്ടു തരത്തില്‍ കാണാന്‍ ശ്രമിക്കും. ഉദാഹരണം പറഞ്ഞാല്‍, മഞ്ചേരി കോളജില്‍ ജോലി ചെയ്യുമ്പോള്‍ എനിക്ക് മുമ്പ് കോട്ടേഴ്‌സില്‍ താമസിച്ച ആള്‍ ഹാര്‍ട്ട് ഹറ്റാക്ക് വന്ന് മരിച്ചിരുന്നു. അവിടെ താമസിക്കുന്നത് ദുര്‍ലക്ഷണമായിട്ടാണ് പലരും കണ്ടത്.
പക്ഷേ, അവിടെ നിന്നാല്‍ ഏറനാടിന്റെ സൗന്ദര്യം അനുഭവിക്കാം. രാവിലെ ഏണീറ്റു ഇരിക്കുമ്പോള്‍ പഞ്ഞിനാരുപോലെ കാണും. നോക്കിക്കൊണ്ടിരുന്നപ്പോള്‍ അത് കോടമഞ്ഞാണ്. അപ്പോള്‍ നമുക്ക് നമ്മള്‍ മാത്രമേ ഉള്ളൂ എന്ന തോന്നല്‍. ഇങ്ങനെ ഏത് സംഗതിയേയും രണ്ടുവിധത്തില്‍ കാണുക എന്നത് ശീലമാണ്. ബഷീര്‍, തകഴി, വിജയന്‍ എന്നിവരാണ് എന്റെ വിഷയം. ഇവരാരും ഹാസ്യസാഹിത്യകാരന്മാരല്ല. ഹാസ്യം കൊണ്ട് എങ്ങനെ മെച്ചമുണ്ടാക്കാമെന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരാണ്.
മറ്റൊരു സംഭവം പറയാം, ഒറ്റപ്പാലം കോളജില്‍ ജോയിന്‍ ചെ്തു. ഒരു ക്ലാസില്‍ വലിയ ബഹളം.. ചെന്നുനോക്കിയപ്പോള്‍ ഒരു കൊച്ചുപയ്യന്‍. 'എന്തുവേണം?' നമ്മളെ വെരട്ടുംപോലെ... എന്തു വേണം... ഞാന്‍ പറഞ്ഞു: ഒന്നും വേണ്ട. എനിക്ക് നിന്നെക്കാള്‍ പ്രായമുണ്ടല്ലോ. ഇപ്പോള്‍ പിരീഡ്? ഇന്ത്യന്‍ ഹിസ്റ്ററി. അറിഞ്ഞിട്ട് എന്തുവേണം. അറിവ് നല്ലതല്ലേ, ടീച്ചറുടെ പേരെന്താണ്... ഇത് കൊള്ളാമല്ലോ?. ടീച്ചറുടെ പേരു പറഞ്ഞു. നിങ്ങളാരാ 'ഞാന്‍ ഇവിടുത്തെ പ്രിന്‍സിപ്പാളാണ് എന്നു പറയും'. മുണ്ടുടുത്തുപോയാല്‍ എന്ത് പ്രിന്‍സിപ്പല്‍? 
തിരുവനന്തപുരത്താണെങ്കില്‍ നമ്മള്‍ കുട്ടിയെ പിടിച്ച് അടിക്കുകയോ, പുറത്താക്കുകയോ ചെയ്യും. പക്ഷേ, ഇതെല്ലാതെ മറ്റൊരു വഴിയുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി. വേറൊരു സംഭവം, കോളജില്‍ ദേശീയഗാനം പാടുമ്പോള്‍ ഒരു പയ്യന്‍ മുണ്ടുമടക്കിക്കുത്തി നില്‍ക്കുന്നു. മുണ്ടുതാഴ്ത്തിയിടുന്നില്ല. വാസ്തവത്തില്‍ എന്തുചെയ്യാം. കുട്ടിയെ വിളിച്ചുചേദിച്ചു, ഞാന്‍ അപേക്ഷാഫോം വാങ്ങിക്കാന്‍ വന്നതാണ്.നിങ്ങളോ? എനിക്ക് ഇവിടെ പണിയുണ്ട്. ഞാനാണ് പ്രിന്‍സിപ്പാള്‍. മുണ്ടുടത്തു വരുന്ന പ്രിന്‍സിപ്പാലിനെ ആരെങ്കിലും ഗൗണിക്കുമോ. അപ്പോള്‍ അവന്‍ മുണ്ടിന്റെ മടക്കിക്കുത്ത് താഴ്ത്തി. എങ്കിലും ഞാന്‍ തമാശ പറഞ്ഞുനടക്കുന്ന ആളല്ല.
?ബഷീറിനോടും വി. കെ എന്നിനോടും താല്‍പര്യം
ബഷീറിനെ ഇന്നും നാം വായിക്കുന്നു. ബഷീറിനെക്കാളും വോള്യങ്ങള്‍ എഴുതിയവര്‍ നമുക്കുണ്ട്.പക്ഷേ, അവര്‍ക്ക് ഹാസ്യം മാത്രമില്ല. വി. കെ .എന്നിനെ അളക്കാന്‍ നമ്മുടെ കൈയില്‍ അളവുകോല്‍ ഇല്ല. ഹാസ്യത്തില്‍ സകല അടവുകളും പയറ്റിയ ആളാണ് വി.കെ.എന്‍. 
? കോവിലനുമായുള്ള സൗഹൃദം
വ്യത്യസ്തനായ എഴുത്തുകാരനായിരുന്നു കോവിലന്‍. അദ്ദേഹത്തിന്റെ 'ഹിമാലയം' പഠിപ്പിച്ചത് എനിക്ക് വലിയ അനുഭവമായിരുന്നു. മിക്ക കോളജിലും ആ നോവല്‍ പഠിപ്പിച്ചിട്ടില്ല. എന്റെ അനുജന്‍ പഠിച്ച കോളജില്‍ എടുത്തില്ല. ഇത് വലിയ ആളുകള്‍ പഠിപ്പിക്കേണ്ടതാണ് എന്നായിരുന്നു അവന്‍ പഠിച്ച കോളജിലെ ടീച്ചര്‍ പറഞ്ഞത്. ക്രാഫ്റ്റിന്റെ അസാധാരണത കോവിലനിലുണ്ട്. മറ്റൊരാളെപ്പോലെ കഥപറയാന്‍ കോവിലന്‍ ശ്രമിച്ചില്ല. കോവിലന് ഒരു ലോകം ഉണ്ട്. തകഴിയുടെ കയര്‍ വന്നു. കോവിലന്റെ തട്ടകവും വന്നു. പക്ഷേ, തട്ടകത്തിലുള്ളത് മറ്റൊരാള്‍ക്ക്് അനുകരിക്കാന്‍ കഴിയില്ല. തകഴിയെ അനുകരിച്ച് ഇന്നും പുതിയ ആളുകള്‍പോലും കഥകളെഴുതുന്നുണ്ട്. അവരുടെ പേരു പറയുന്നില്ല. 
ഒരിക്കല്‍ മാവേലിക്കരയില്‍ സാഹിത്യസമ്മേളത്തില്‍ പങ്കെടുത്തിരുന്നു. ആ സമ്മേളനത്തില്‍ കോവിലനും എത്തിയിരുന്നു. ആരോ പറഞ്ഞു കോവിലന്‍ വന്നിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. അന്ന് 'എ മൈനസ് ബി' വായിച്ചിട്ടുണ്ട്. യോഗം കഴിഞ്ഞപ്പോള്‍ കോവിലന്‍ എന്റെ അടുത്ത് വന്നു. അദ്ദേഹത്തിന്റെ അടുത്ത് എന്റെ പേര് ആരെങ്കിലും പറഞ്ഞിരിക്കാം. അദ്ദേഹം ന്നോട് ചോദിച്ചു- 'തനിക്ക് ലേശം വട്ടുണ്ടോ....' ഞാന്‍ ഒന്നും പറഞ്ഞില്ല... കോവിലന്‍ പറഞ്ഞു-'ഉണ്ട് എനിക്കും ലേശമുണ്ട്'. ലേശം വട്ടു ഉണ്ടെങ്കില്‍ മാത്രമേ എഴുതാന്‍ കഴിയൂ. വിമോചനം എന്ന കഥയെ പറ്റിയാണ് കോവിലന്‍ പറഞ്ഞത.് ഇതാണ് ഞങ്ങള്‍ തമ്മിലുള്ള പരിചയത്തിന്റെ തുടക്കം. മനസ്സില്‍ ലേശവും കാപട്യമില്ലാത്ത ഒരാളായിരുന്നു കോവിലന്‍.
? എം.ടി.യുമായുള്ള ബന്ധം
ഞാന്‍ കഥ എഴുതിത്തുടങ്ങുമ്പോള്‍ മലയാളഭാഷ എന്നാല്‍ വള്ളുവനാടന്‍ മലയാളം എന്നായിരുന്നു ധാരണ. കാരണം എം.ടി.യുടെ എഴുത്ത് ലളിതവും മനോഹരവുമാണ്. വശ്യതയുമുണ്ട്. അദ്ദേഹത്തിന്റെ കൃതികള്‍ നമ്മള്‍ വീണ്ടും വീണ്ടും വായിക്കുന്നു. അങ്ങനെയുള്ള കാലത്താണ് തെക്കന്‍ തിരുവിതാംകൂറിന്റെ ഭാഷയില്‍ കഥ എഴുതാന്‍ ഞാന്‍ ശ്രമിച്ചത്. വിമോചനം എന്ന കഥ എം.ടി.യാണ് പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തെപോലുള്ള, കഥാകാരന്മാരായ പത്രാധിപന്മാരുണ്ടാകുന്നത് നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. എം.ടി.യോട് ആരാധനയുണ്ട്. വശ്യതയുണ്ട് അദ്ദേഹത്തിന്റെ രചനകള്‍ക്ക്. എന്നാല്‍ വലിയ നര്‍മ്മബോധം ഇല്ലതാനും. അതുപോലെ എം.ടി. അക്കാദമി പ്രസിഡണ്ടായിരുന്നപ്പോള്‍ ഞാനും കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. എന്തു ഗൗരവവും അച്ചടക്കവുമാണ് അദ്ദേഹം കാണിച്ചത്. പലരും അവിടെ ഇരുന്ന് നാറിയിട്ടുണ്ട്. പക്ഷേ, എം.ടി. അങ്ങനെയായിരുന്നില്ല. എം. ടി. ഒരിക്കല്‍പോലും അദ്ദേഹത്തിന്റെ അഭിപ്രായം കമ്മിറ്റിയംഗങ്ങളില്‍ അടിച്ചേല്‍പ്പിച്ചില്ല. ഞാന്‍ സീരിയസായി വായിക്കാന്‍ തുടങ്ങിയതും മഞ്ഞ്, നാലുകെട്ട് തുടങ്ങിയ കൃതികളാണ്.
? ടി.പത്മനാഭനുമായി അടുപ്പമുണ്ടോ.
കോവിലന്റെ മൂത്തമകളുടെ കല്യാണത്തിന് ഗുരുവായൂരില്‍ ചെന്നു. അവിടെ ഒരു ഹോട്ടലില്‍ ആയിരുന്നു താമസം. ടി.പത്മനാഭനുമുണ്ട്. ഞാന്‍ സ്വയം പരിചയപ്പെടുത്തി, വേണുഗോപന്‍. അദ്ദേഹം 'ങ്ാ' എന്നു പറഞ്ഞു. എനിക്ക് ചമ്മലായി. കുറേക്കഴിഞ്ഞിട്ട്, കല്യാണം കഴിഞ്ഞതിന ശേഷം കോവിലന്‍ പത്മനാഭന് എന്നെ പരിചയപ്പെടുത്തി. അയ്യോ ക്ഷമിക്കണം നമ്മള്‍ ചെറിയ ഓര്‍മ്മ കാണും എന്നു പറഞ്ഞു. എനിക്ക് വലുത്, ചെറുത് എന്നില്ല. ഇപ്പോള്‍ പറഞ്ഞ മൂന്നുപേരോടും നല്ല ബന്ധമാണ്.
? മൃതിതാളം എന്ന കഥ
എന്റെ അനുജന്‍ അലോപ്പതി ഡോക്ടറാണ്. ആദ്യം തൃപ്പനച്ചിയിലായിരുന്നു. അവന്‍ വന്ന് പറഞ്ഞ കഥയാണ് മൃതിതാളത്തില്‍. അവിടെ അമ്പലത്തില്‍ കൊട്ടാന്‍ വരുന്ന ഒരു പയ്യന്‍. കൊട്ട് അനുജന്‍ കേട്ടിട്ടുണ്ട്. പക്ഷേ, ഒരു നിമിഷം അവന്റെ കൊട്ട് നിന്നുപോയി.. താളത്തിന്റെ കൂടെ അവന്‍ പോകുന്നുണ്ട്. അപ്പോള്‍ ആളുകള്‍ പലതും പറഞ്ഞു. അവന്‍ മോഷണം നടത്തിട്ടാണ് സംഭവിച്ചത് എന്നൊക്കെ. അന്ന് രാത്രി ആരുമറിയാതെ പയ്യന്‍ ഡോക്ടറുടെ മുറിയിലേക്ക് കയറിവരുകയാണ്. ഞാന്‍ ഒന്നും മോഷ്്ടിച്ചിട്ടില്ല.... കൈയിലെ ചൊറി കാണിച്ചു. അതാണ് കാരണം. ചൊറിയുണക്കിത്തരാം എന്ന അനുജന്‍ പറഞ്ഞു. ചൊറി ഉണങ്ങി. അടുത്തവര്‍ഷം ഭംഗയായി ചെയ്യാമെന്ന് അവന് വിശ്വാസമുണ്ട്. അവന്റെ ചൊറി മാറിയത് ഭഗവതിയുടെ ഭസ്മം കൊണ്ടാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അവന്‍ പോകുമ്പോള്‍ ഡോക്ടറെ കാണാന്‍ വന്നു. അവന് അമ്മ മാത്രമാണ് ഉള്ളൂ. കഥയില്‍ അവന്റെ കാളിസങ്കല്‍പം, ദേവി തന്നെ അവന്റെ അമ്മയായിവരുന്നുണ്ട്. 
? ആദിദേശഷന്‍, കഥകളതിസാരം...വ്യത്യസ്ത പേരുകള്‍
കഥകളതിസാരം എന്നത് എഴുത്തച്ഛന്റെതാണ്. മധുരം സൗമ്യം ദീപ്തം ജി.ശങ്കരക്കുറുപ്പിന്റെയും. ഇത് തിരിച്ചിട്ടാണ് തിക്തം തീക്ഷ്ണം തിമിരം... കെ.പി.ശങ്കരന്‍ മാഷ് എന്റെ 51 തെരഞ്ഞെടുത്ത കഥകളെപ്പറ്റി പറയുമ്പോള്‍ നിശിതം എന്നു സൂചിപ്പിച്ചു. പക്ഷേ, അതല്ല പ്രശ്‌നം. '51 തിരഞ്ഞെടുത്ത കഥകള്‍' എന്ന പുസ്തകത്തില്‍ അവസാനമാണ് തിക്തം തീക്ഷ്ണം തിമിരം കൊടുത്തത്. കഥകളെപ്പറ്റി എഴുതിയപ്പോള്‍-' എരുമ ദുരന്തനായികയുടെ പദവി നേടുന്നു. ( ഈ പാപത്തിനു നേരിട്ട വിധിയെ ആണ് തിക്തം തീക്ഷ്ണം തിമിരം എന്നെല്ലാം വിശേഷപ്പിക്കേണ്ടത്. അല്ലാതെ ആ പേരില്‍ എഴുതിയ അവസാനത്തെ മൂന്നു കഥകളെയല്ല. അവയില്‍ പ്രമേയത്തിന്റെ സങ്കീര്‍ണ്ണത പ്രതിപാദനം പെരുപ്പിച്ചിരിക്കുയാണ്)' എന്നിങ്ങനെ എഴുതുന്നു.ഇത് പറയുമ്പോള്‍ മാഷ് വര്‍ഷം നോക്കിയില്ല. മൂന്നുകഥകളിലും കഥാപാത്രങ്ങള്‍ ഒന്നാണ്. അവ ചേര്‍ത്തു വായിക്കണം. 
? എരുമ എഴുതാനുണ്ടായ സാഹചര്യം
യൂണിവേഴിസിറ്റി ലൈബ്രറിയിലെ സുഹൃത്ത് എന്നോ ജ്യേഷ്ഠസഹോദരന്‍ എന്നോ വിളിക്കാവുന്ന ഒരാള്‍ പറഞ്ഞതാണ് ഇതിന്റെ സബ്ജക്റ്റ്. ഇത് എഴുതാന്‍ കൊള്ളാവുന്നതാണ് എന്നുതോന്നി. പിന്നെ നിത്യപരിചയമുള്ള സംഭവമാണ.് അന്ന് ആധുകിതയുടെ കാലമാണ്. കഥ എഴുതി മാതൃഭൂമിക്ക് അയക്കുമ്പോള്‍ സംശയമുണ്ടായിരുന്നു സ്വീകരിക്കുമോ എന്ന്. പക്ഷേ, അതില്‍വന്നു. രണ്ടുലക്കങ്ങളിലായി. പണ്ട് ദേവും തകഴിയും ഒക്കെ ഇതുപോലെ എഴുതിയിട്ടുണ്ട്. അവരില്‍ നിന്നും വ്യത്യസ്തമായിട്ട് കാണുമായിരുക്കും. ഭാഷയില്‍ മാറ്റം വന്നപ്പോള്‍ സംഭവിച്ചതാണ്. കാലം ഭാഷക്ക് വരുത്തിയ കരുത്താണ്. ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നതുകൊണ്ടാണ് അങ്ങനെ എഴുതിയത്. പണ്ടാണെങ്കില്‍ ഇങ്ങനെയായിരിക്കില്ല എഴുതുക.
? കഥാനിരൂപണം ശ്രദ്ധിക്കാറുണ്ടോ
നിരൂപണത്തെക്കുറിച്ച് എനിക്ക് വലിയ അഭിപ്രായമില്ല. ഒരിക്കല്‍ എം.പി.നാരായണപിള്ളയുടെ പത്തുവരി കഥയ്ക്ക് (അവന്‍) ഞാന്‍ പത്തു പേജില്‍ നിരൂപണം എഴുതിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ പോലും അറിയാത്തവര്‍ എന്നെ കുറിച്ച് എഴുതിയിട്ടുണ്ട്. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് സാഹിത്യലോകത്തില്‍ എന്റെ കഥയെപ്പറ്റി എഴുതി. ശിഹാബുദ്ധീനെ ഞാന്‍ കണ്ടിട്ടില്ല. അതുപോലെ നിരവധി പേര്‍ കഥ വായിച്ച് വിളിക്കുന്നു. ഞാന്‍ ഒരിക്കലും മാര്‍ക്കറ്റിംഗിന് പോയിട്ടില്ല. ചിലര്‍ കൊപ്ലന്‍ വായിച്ച് വിളിക്കും. പുതിയ നിരയിലെ എഴുത്തുകാര്‍ ഉള്‍പ്പെടെ. മലബാറില്‍ നിന്നാണ് കൂടുതല്‍ വിളി വരാറുള്ളത്.
? മാര്‍ക്കറ്റിംഗിനുള്ള എഴുത്ത്
ഈയിടെ എം. മുകുന്ദന്‍ മാതൃഭൂമിയില്‍ എഴുതിയ കഥയാണ് അച്ഛന്‍. മുകുന്ദനെപോലുള്ള ഒരു എഴുത്തുകാരന്‍ എഴുതാന്‍ പാടില്ലാതാണ് അതുപോലുള്ള കഥ. ഏവനും അത്തരം കഥ എഴുതാം. അങ്ങാടി നിലവാരം നോക്കിയുള്ള കഥകള്‍ മുകുന്ദന്‍ പണ്ടും കഥ എഴുതിയിട്ടുണ്ട്. തൊട്ടുമുമ്പ് പ്രമോദ് രാമനും ഇങ്ങനെ ഒരു കഥ എഴുതി. എനിക്ക് ആദരവുള്ള എഴുത്തുകാരനാണ് മുകുന്ദന്‍. മാതൃഭൂമിയില്‍ വലിയ പ്രാധാന്യത്തോടെയാണത് കൊടുത്തത്.
? പുതിയ കഥാകാരികളുടെ രചനകള്‍
ചില പെണ്‍കുട്ടികള്‍ എഴുതുന്ന കഥകള്‍ വായിച്ചാല്‍ അറപ്പുതോന്നും. എന്റെ മകളാണ് അത്തരം കഥകളെഴുതിയതെങ്കില്‍ അടിച്ചുകൊന്നുകളയും. അങ്ങനെയുള്ള മകള്‍ ജീവിച്ചിരിക്കേണ്ട ആവശ്യമില്ല. പണ്ട് ഞങ്ങളുടെ നാട്ടില്‍ മത്സ്യം വില്‍ക്കുന്ന സ്ത്രീകള്‍ റോഡില്‍ മൂത്രമൊഴിക്കാറുണ്ട്. അതുനോക്കി ആരും കഥ എഴുതാറില്ല. കാണുന്നതെല്ലാം സാഹിത്യത്തില്‍ അവതരിപ്പിക്കാന്‍ പറ്റില്ല. അവരുടെ സ്വഭാവം കാണിക്കുന്നു. ഇതൊക്കെ അരോചകമാണ്.
? കഥയില്‍ രാഷ്ട്രീയം അത്രമാത്രം കടന്നുവരുന്നില്ല.
ഖണ്ഠകാരത്തിന് തീപിടിച്ചപ്പോള്‍ എന്നൊരു കഥയുണ്ട്. രാഷ്ട്രീയം അതില്‍ പറയുന്നുണ്ട്. നമ്മുടെ നാട്ടില്‍ രാഷ്ട്രീയത്തില്‍ മക്കള്‍ കടന്നുകളിക്കുന്നു. അപ്പോള്‍ ചെറുക്കന്‍ ഇങ്ങനെ കാണിക്കുന്നതാണ് എന്നു പറഞ്ഞ് പലരും ഒഴിവാകും. എന്റെ കഥയില്‍ ഇത് പരാമര്‍ശിക്കുന്നുണ്ട്. പക്ഷേ, അതിലെ രാഷട്രീയം ആരും ചര്‍ച്ചചെയ്തില്ല. മകന്‍ കാട് ചുട്ടെരിക്കുകയാണ്. സഹായിക്കാന്‍ കൃഷ്ണനും ഉണ്ട്.
? സ്വയം വിലയിരുത്തുമ്പോള്‍
എനിക്ക് സാധിക്കുന്നതുപോലെ എഴുതിയിട്ടുണ്ട്. വലിയ വായനക്കാരനൊന്നുമല്ല. എങ്കിലും സംതൃപ്തനാണ്. സാഹിത്യപാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. ദൂരെ നിന്നു കഥവായിച്ചവര്‍ കാണാന്‍ വരുന്നത് തന്നെ നേട്ടമായിട്ടാണ് കരുതുന്നത്. അവര്‍ കഥകള്‍ വായിച്ചു എന്ന അറിവാണ് എനിക്ക് നിര്‍വൃതിയുണ്ടാക്കുന്നത്. ഈയിടെ ഒരു കലക്ഷനുവേണ്ടി എന്റെ കഥ ചോദിച്ചുവാങ്ങി. അതിലെ പിശകുകള്‍ ചൂണ്ടിക്കാന്‍ ഞാന്‍ അവരെ വിളിച്ചു. വലിയ പുസ്തകശാലയാണ്. അവിടെ എഡിറ്റര്‍ അപ്പോള്‍ ഉണ്ടായിരുന്നില്ല. ഫോണെടുത്ത ആള്‍ എന്റെ കൊപ്ലന്‍ എന്ന കഥയെപ്പറ്റി കുറെ സംസാരിച്ചു. പിന്നീട് കലാകൗമുദിയില്‍ വന്ന അക്കച്ചിയെക്കുറിച്ചും. എഴുത്തുകാരന്‍ എന്ന നിലയില്‍ ഇതൊക്കെയല്ലെ സംതൃപ്തി.
ഒരു കാലമുണ്ടാകും എന്നെ തിരിച്ചറിയാന്‍. അത് ന്റെ മകന്റെ മകന്റെ കാലമാകാം. ആരും പരാമര്‍ശിക്കാത്ത കഥയായിരുന്നു കൊപ്ലന്‍. ഇന്ന് എല്ലാവരും ആദ്യം അതേപ്പറ്റി ചോദിക്കുന്നു. അതിനാല്‍ എന്നെ ഘോഷിക്കുന്നില്ലല്ലോ എന്ന് വേവലാതിപ്പെടാറില്ല. അര്‍ഹിക്കുന്നത് എന്നായാലും തിരിച്ചറിയും.
? പുതിയ തലമുറയിലെ കഥയെഴുത്തുകാര്‍
പി.വി.ഷാജികുമാറിനെ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ഞാന്‍ വായിക്കാറുണ്ട്. ഉണ്ണി ആര്‍, വിനുഎബ്രഹാം, സുഭാഷ്ചന്ദ്രന്‍, ബി.മുരളി ഇങ്ങനെ പുതിയ തലമുറയിലെ കഥാകൃത്തുകളെ വായിക്കാറുണ്ട്.
(ചന്ദ്രിക ആഴ്ചപ്പതിപ്പ്, 2014 ജൂണ്‍ 28ന്റെ ലക്കം)