Thursday, December 30, 2010

ഒലിവര്‍ അസായസ്‌ അഭ്രപാളിയില്‍ ഓര്‍മ്മപ്പെടുത്തുന്നത്‌ഫ്രഞ്ച്‌ സംവിധായകരില്‍ വ്യത്യസ്‌ത ക്യാമറക്കാഴ്‌ചയാണ്‌ ഒലിവര്‍ അസായസ്‌. അദ്ദേഹത്തിന്റെ ചലച്ചിത്ര സമീപനത്തെപ്പറ്റി...
സംവിധായകനും തിരക്കഥാകൃത്തുമായ ഒലിവര്‍ അസായസ്‌ ഫ്രഞ്ച്‌ നവസിനിമയിലെ ഏറ്റവും കരുത്തുറ്റ പ്രതിഭയാണ്‌. നവതരംഗത്തിന്റെ പിന്തുടര്‍ച്ചയെ പ്രതിനിധീകരിക്കുന്ന ഒലിവര്‍ അസായസ്‌ സിനിമയെ അഴിച്ചുപണിയുന്ന പരിഷ്‌ക്കരണവാദിയായിട്ടാണ്‌ അറിയപ്പെടുന്നത്‌. ഫ്രഞ്ച്‌ സിനിമ പലകാലഘട്ടത്തില്‍ നേരിട്ട ശൂന്യതയെ അതിവര്‍ത്തിച്ച നവതരംഗം പ്രമേയ സ്വീകരണത്തിലും ആവിഷ്‌ക്കാരത്തിലും കൈവരിച്ച നേട്ടങ്ങള്‍ തൊണ്ണൂറുകളില്‍ ശക്തമായ സാന്നിധ്യമായിരുന്നു. പുതിയ കാലത്തിന്റെ ക്യാമറക്കണ്ണായി ചലച്ചിത്രത്തെ മാറ്റുന്നതില്‍, പരീക്ഷണാര്‍ത്ഥത്തില്‍ തന്നെ കഠിനാദ്ധ്വാനം നടത്തിയവരില്‍ ഒലിവര്‍ അസായസിന്റെ പങ്ക്‌ വലുതാണ്‌.
ഓരോ ഫ്രഞ്ചുകാരനിലും സിനിമയുണ്ട്‌. അല്ലെങ്കില്‍ ഓരോ ഫ്രഞ്ച്‌ സിനിമയും ഫ്രഞ്ചുകാരന്റെ ഭിന്നരൂപങ്ങളെ അടയാളപ്പെടുത്തുന്ന ചരിത്ര പുസ്‌തകമാണ്‌. ഫ്രഞ്ച്‌ എന്ന സംജ്ഞയുടെ സാമൂഹികവും സര്‍ഗാത്മകവും സാംസ്‌കാരികവും സൗന്ദര്യശാസ്‌ത്രപരവുമായ അനേകം ഇടങ്ങളെ അസായസ്‌ വെളിപ്പെടുത്തുന്നുണ്ട്‌. ഫ്രഞ്ചുകാരുടെ ദൃശ്യബോധവും ദൈനംദിന ജീവിതവ്യവഹാരങ്ങളും സ്വപ്‌നങ്ങളും അദ്ദേഹത്തിന്റെ സിനിമ അതിന്റെ വിപുലമായ ക്യാന്‍വാസില്‍ വരച്ചുവെച്ചു.
ഫ്രഞ്ച്‌ നവതരംഗത്തിനു ശേഷം പുതിയൊരു തരംഗമായി മാറിയ സംവിധായകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു ഒലിവര്‍ അസായസ്‌. സിനിമയെ വൈദ്യുതചാലകമാക്കുകയായിരുന്ന ഈ സംവിധായകന്‍ ചലച്ചിത്രത്തിന്റെ ജനകീയ സംസ്‌കാരം വീണ്ടെടുക്കുകയായിരുന്നു. ഫ്രഞ്ച്‌ ചലച്ചിത്രം പരമ്പരാഗതമായി കാത്തുസൂക്ഷിക്കുന്ന പല രീതികളും അട്ടിമറിക്കുയായിരുന്നു അസായസ്‌. അദ്ദേഹത്തിന്റെ `ഇര്‍മ വെപ്പ്‌' എന്ന ചിത്രം ചലച്ചിത്രത്തിന്റെ സാങ്കേതികവും ഘടനാപരവുമായ തലങ്ങളെക്കുറിച്ചുള്ള തീക്ഷ്‌ണമായ ആവിഷ്‌ക്കാരമാണ്‌. ലെസ്‌വാമ്പര്‍ എന്ന നിശബ്‌ദ സിനിമ പുനര്‍നിര്‍മ്മിക്കാന്‍ തായാറെടുക്കുകയാണ്‌ വൃദ്ധനായ റെനെ വിദാല്‍. അദ്ദേഹം ഹോങ്കോങ്ക്‌ നടി മാഗീ ച്യുങ്ങിനെയാണ്‌ ഈ സിനിമയില്‍ നായികയാക്കുന്നത്‌. മാഗീ ച്യുങ്ങ്‌ എന്ന പേരില്‍ തന്നെയാണ്‌ റെനെ വിദാല്‍ നടിയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. ഫ്രഞ്ച്‌ ബുദ്ധിജീവി സിനിമയെ പരിഹസിക്കാനും അസായസ്‌ മറക്കുന്നില്ല. ഇങ്ങനെ ശക്തമായ പ്രഹരമാണ്‌ തന്റെ സിനിമകളിലൂടെ പരമ്പരാഗത വാദികള്‍ക്ക്‌ ഏല്‍പ്പിച്ചത്‌. `ഏ പോര്‍ട്രയിറ്റ്‌ ഹൗ യോ ഹെയിന്‍' തായ്വാന്‍ ചലച്ചിത്രകാരന്‍ ഹു സിയാവോ സിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്‌. തായ്‌പെയ്‌ നഗരത്തിലൂടെ അലഞ്ഞുനടന്ന, കുട്ടിക്കാലത്തെ കൂട്ടുകാരനിലൂടെയും ഹൂവിന്റെ ജീവിതത്തിലൂടെയും ചരിത്രങ്ങളിലൂടെയും യാത്രചെയ്യുന്നു. തായ്‌വാനില്‍ ഉണ്ടായ ബൗദ്ധിക മുന്നേറ്റം പ്രതിഫലിപ്പിക്കുന്ന ഹൂ ഉള്‍പ്പെടെയുള്ള നവതരംഗ സംവിധായകരുടെ സിനിമകള്‍ മുന്‍ തലമുറയോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചു. കഹേന്ദു സിനിമയുടെ വിമര്‍ശകനായിരിക്കുമ്പോള്‍ തന്നെ ഹൂവിന്റെ ചലച്ചിത്രകലയുടെ മേന്മ തിരിച്ചറിയപ്പെട്ടു.
ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ വേട്ടയാടുന്ന ഒരു സ്‌ത്രീയെ-എമിലി വാങ്ങിനെയാണ്‌ `ക്ലീന്‍'എന്ന സിനിമയില്‍ അസായസ്‌ അവതരിപ്പിക്കുന്നത്‌. ഗായികയാവാന്‍ മോഹിച്ച യുവതി. പക്ഷേ, അമ്മയുടെ ജോലിയില്‍ ഒതുങ്ങിനില്‍ക്കേണ്ടിവന്നു. ഭര്‍ത്താവിന്റെ അകാലമരണവും മയക്കുമരുന്ന്‌ കച്ചവടം നടത്തിയതിനാല്‍ കിട്ടിയ ജയില്‍ ശിക്ഷയും അവളുടെ ജീവിതം സങ്കീര്‍ണ്ണമാക്കി. ഭര്‍ത്താവിന്റെ അമ്മയുടെ ശകാരവും സംശയവും എമിലിയെ വേദനപ്പെടുത്തി. ഭൂതകാലത്തെ ഉപേക്ഷിക്കാന്‍ കഴിയാത്ത ലോകമാണ്‌ നമ്മുടേതെന്ന്‌ അവര്‍ മനസ്സിലാക്കുന്നു. തന്നെ എവിടെയെങ്കിലും അടയാളപ്പെടുത്താനുള്ള ശ്രമമാണ്‌ എമിലി നടത്തുന്നത്‌.
കൂലിത്തല്ലുകാരനും വിപ്ലവകാരിയുമായ കാര്‍ലോസിനെപ്പറ്റിയുള്ള ജീവചരിത്ര സിനിമയാണ്‌ അസായസിന്റെ `കാര്‍ലോസസ്‌. ജാപ്പനീസ്‌ ചുകന്ന പട്ടാളത്തോടും പലസ്‌തീന്‍ പോരാട്ടത്തോടും ബന്ധപ്പെടുന്ന ചിത്രമാണിത്‌. പ്രശസ്‌തി, പണം, അധികാരം, സ്‌ത്രീ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ വിശകലനം ചെയ്യുകയാണ്‌ സംവിധായകന്‍. കഥാഗതിയില്‍ ആസ്‌ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ്‌, ഹംഗറി, ലെബനോണ്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലൂടെ ഈ സിനിമ കടന്നുപോവുന്നുണ്ട്‌. അസായസിന്റെ മറ്റൊരു ചിത്രമായ` സെന്റിമെന്റല്‍ ഡയനീഷസ്‌' ജാക്‌സ്‌ഷാന്‍ ഡണ്ടിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ്‌ നിര്‍മ്മിച്ചത്‌. പതിവുരീതിയില്‍ നിന്നും മാറിയാണ്‌ ഈ സിനിമയില്‍ അസായസ്‌ സഞ്ചരിക്കുന്നത്‌. ബൂര്‍ഷ്വാ കുടുംബ ബന്ധങ്ങളുടെ അടുപ്പമാണ്‌ സംവിധായകന്‍ അന്വേഷിക്കുന്നത്‌. ദു:ഖത്തിന്റെ അലകടലിലെത്തുന്ന പാസ്റ്ററായ ജീന്‍ ബാര്‍ബെറിക്ക്‌ തന്റേതായ ശൈലിയുണ്ട്‌. വ്യാഖ്യാനപരതയും. നന്മയെ ചലച്ചിത്രത്തിലൂടെ തിരിച്ചുവിളിക്കുകയാണ്‌ ഈ ഫ്രഞ്ച്‌ സംവിധായകന്‍.

ഉന്മാദികളുടെ വെള്ളിത്തി


കേരളത്തിന്റെ പതിനഞ്ചാമത്‌ രാജ്യാന്തര ചലച്ചിത്രമേളയില്‍ മാസ്റ്റേര്‍സ്‌ ഫോക്കസ്‌ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ജര്‍മ്മന്‍ സംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിന്റെ ചലച്ചിത്രങ്ങളെപ്പറ്റി...
മണ്ണിനെ തൊട്ടുകൊണ്ടാണ്‌ വെര്‍ണര്‍ ഹെര്‍സോഗിന്റെ ക്യാമറക്കാഴ്‌ചകള്‍ ആരംഭിക്കുന്നത്‌. ഇംഗ്‌മര്‍ ബര്‍ഗ്‌മാന്റെ ദൃശ്യതലത്തില്‍ മനുഷ്യമുഖം തെളിയുമ്പോള്‍ വെര്‍ണര്‍ ഭൂപ്രദേശത്ത്‌ നിലയുറപ്പിക്കുന്നു. ഒരു സിനിമയുടെ ജൈവ സംസ്‌കൃതി നിര്‍ണ്ണയിക്കുന്നതില്‍ ഫ്രെയിമിനകത്ത്‌ കയറിവരുന്ന ദൃശ്യപംക്തി മുഖ്യപങ്കുവഹിക്കുന്നു. രാഷ്‌ട്രീയവും അധികാരവും സാമൂഹികവും മാനുഷികവുമായ അതിരുകളെ അഥവാ ഭ്രാന്തുകളെക്കുറിച്ചുള്ള ആകുലതകള്‍. അതുകൊണ്ടാണ്‌ ഭൂമിയുടെ സങ്കടക്കടലാണ്‌ ഹെര്‍സോഗിന്റെ സിനിമകളെന്ന്‌ വിശേഷിപ്പിക്കുന്നത്‌. എന്നാല്‍ ഈ സംവിധായകന്‍ പ്രതിപാദിക്കുന്ന ഭൂപ്രദേശം ചിലപ്പോഴെങ്കിലും ഭാവനയില്‍ തങ്ങിനില്‍ക്കുന്നു. ഈ സ്ഥലങ്ങളെല്ലാം എവിടെയായാലും പൊതുവായി ചിലത്‌ പങ്കുപറ്റുന്നുണ്ട്‌. അസ്വസ്ഥരുടെ വേവലാതികള്‍. ഹൊര്‍സോഗിന്റെ കഥാപാത്രങ്ങള്‍ ഉന്മാദികളാണ്‌. പക്ഷേ, വൈദ്യശാസ്‌ത്രം വിശദീകരിക്കുന്ന തരത്തില്‍ അവര്‍ കിറുക്കന്മാരല്ല. ഭ്രാന്തിന്റെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുകയാണവര്‍. പ്രാന്തവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ കഥയാണ്‌ ഈ സംവിധായകന്‌ പ്രിയം. ക്യാമറയുടെ തെളിച്ചത്തില്‍ പതിയാതെ പോവുന്ന ജീവിതത്തിന്റെ അപരമുഖം തേടുകയാണ്‌ ഹെര്‍സോഗിന്റെ തിരഭാഷകള്‍. എല്ലാ പ്രതിബന്ധങ്ങളും വകഞ്ഞുമാറ്റി അവര്‍ വിജയിച്ചു വരുമ്പോഴും ഒന്നും നേടിയിട്ടില്ലെന്ന്‌ ബോധ്യപ്പെടുത്തുന്നു. എങ്കിലും നിരാശയില്‍ മുങ്ങിമരിക്കാന്‍ ഹെര്‍സോഗിന്റെ നായകന്മാര്‍ തയാറല്ല.
ബാവേറിസത്തിന്റെ ഭാഗമായി നില്‍ക്കുമ്പോഴും വേറിട്ട സംസ്‌ക്കാരത്തിന്റെ അടയാളപ്പെടുത്തലാണ്‌ ഹെര്‍സോഗിന്റെ ദൃശ്യപഥം. സ്‌കോട്ടുകളെപ്പോലെ ബാവേറിയക്കാരും മദ്യപാനികളും ഉഷ്‌മള ഹൃദയരുമാണ്‌. അവരവരുടെ ആഗ്രഹങ്ങള്‍ക്ക്‌ അനുസരിച്ച്‌ ജീവിക്കാന്‍ കൊതിക്കുന്ന മനുഷ്യര്‍. വിഭിന്ന മാനസികാവസ്ഥയില്‍ കഴിയുമ്പോഴും ഒരു കുടുംബത്തിന്റെ ഇഴചേര്‍പ്പ്‌ ഹെര്‍സോഗിന്റെ പ്രധാന കഥാപാത്രങ്ങള്‍ക്കുണ്ട്‌. ബഹിഷ്‌കരണത്തിന്റെ മുദ്രകള്‍ പേറി സ്വയം പുകഞ്ഞു തീരുന്നവര്‍. കാസ്‌പെര്‍ ഹോസ്റ്ററിനെപ്പോലെ പുറത്താക്കപ്പെട്ടവരുമല്ല. യാഥാര്‍ത്ഥ്യത്തിനും സ്വപ്‌നത്തിനും ഇടയില്‍ ജീവിക്കുന്ന മനുഷ്യരുടെ ലോകം. മറ്റുള്ളവര്‍ക്ക്‌ അറപ്പു തോന്നിക്കുന്ന തരത്തില്‍ പെരുമാറുകയും മനുഷ്യരെന്ന നിലയില്‍ കറപുരളാത്ത അന്തസ്സ്‌ കാത്തുസൂക്ഷിക്കുന്നു. ഇരുളില്‍ നിന്ന്‌ പൊരുതിക്കയറുകയും സംസാരിക്കാന്‍ ഭാഷയില്ലാതെ വരികയും ചെയ്യുമ്പോള്‍ അവരുടെ ദുരിതങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതല്ല. എന്നിട്ടും പരസഹായമില്ലാതെ യാത്ര തുടരുന്ന മനുഷ്യരെ നമുക്ക്‌ ഹെര്‍സോഗിന്റെ തിരശീലയില്‍ കാണാം. പന്നികളെ പോലെയോ, ബൂര്‍ഷ്വാസി സമൂഹത്തിലെ അംഗമായോ ജീവിക്കാന്‍ ഹെര്‍സോഗ്‌ കഥാപാത്രങ്ങള്‍ കൊതിക്കുന്നു. ഒരര്‍ത്ഥത്തില്‍ ജീവിതം ഒരു തുഴച്ചലായി വിശ്വസിക്കുന്നവരുടെ ധര്‍മ്മസങ്കടങ്ങളാണ്‌ ഈ ജര്‍മ്മര്‍ സംവിധായകന്‍ വരച്ചു ചേര്‍ക്കുന്നത്‌.
ഹെര്‍സോഗും അദ്ദേഹത്തിന്റെ പ്രിയ നടന്‍ ക്ലോസ്‌കിന്‍സ്‌കിയും ഒന്നിച്ച എല്‍ദൊറാഡോ (സ്വര്‍ണ്ണനഗരം) അന്വേഷിച്ച്‌ പെറുവിലെ ഒരു വനാന്തരത്തിലൂടെയുള്ള യാത്രയാണ്‌ ഉള്ളടക്കം. നിധി അന്വേഷിച്ചലയുന്ന ഗോണ്‍സായോവിന്റെയും ലോപ്‌ ഡി അഗിറെയുടെയും ഇതിഹാസ തുല്യമായ കഥ. കാട്ടാറും ചങ്ങാടവും പ്രതിസന്ധികളും എല്ലാം കലങ്ങിമറിയുന്ന അന്തരീക്ഷവും ഈ ചിത്രത്തിന്റെ ഘടന രൂപപ്പെടുത്തുന്നു. കാട്ടുവര്‍ഗ്ഗക്കാരുടെ എതിര്‍പ്പുകളും മറ്റും ചെറുത്തുതോല്‍പ്പിച്ച്‌ നായകന്‍ മുന്നേറുന്നു. ഒടുവില്‍ വിജയിച്ചെത്തുമ്പോള്‍ അയാളുടെ ചങ്ങാടത്തില്‍ കുറെ ശവങ്ങളും കുരങ്ങുകളും മാത്രം. ഒരുതരം ഉന്മാദത്തിലെത്തുന്ന അഗിറെയുടെ മനോതലത്തിലാണ്‌ ഈ സിനിമ ഊന്നല്‍ നല്‍കുന്നത്‌. അഗിറദ റാത്ത്‌ ഓഫ്‌ ഗോഡ്‌ (1972) എന്ന ചിത്രം ഹെര്‍സോഗിന്റെ കരുത്തുറ്റ രചനയാണ്‌. കോബ്ര വെര്‍ദെ (1987) ബ്രസീലിയന്‍ കൊള്ളക്കാരുടെ ജീവിത കഥ പറയുന്നു. കാട്ടിനുള്ളിലെ തിയേറ്റിനെ തേടിയുള്ള യാത്രയും തുടര്‍ന്നുള്ള സംഭവങ്ങളുമാണ്‌ ഫിറ്റ്‌സ്‌ കറാള്‍ഡോ (1982). ജൂത വിരുദ്ധ വികാരം തിളച്ചുമറിയുന്ന ഇന്‍വിസിബിള്‍. വീല്‍ ഓഫ്‌ ദ ടൈം തിബത്തന്‍ കഥ ആവിഷ്‌കരിക്കുന്നു. ഹേര്‍ട്ട്‌ ഓഫ്‌ ഗ്ലാസ്‌ (1976) കണ്ണാടിവാര്‍പ്പുകാരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നു. അന്യം നിന്നുപോകുന്ന വിദ്യയെപ്പറ്റിയുള്ള ആശങ്കയാണ്‌ ഈ സിനിമയില്‍ സൂചിപ്പിക്കുന്നത്‌. മാണിക്യക്കല്ലിന്റെ നിര്‍മ്മാണ സൂത്രം കണ്ടെത്താനുള്ള വ്യഗ്രതയില്‍ ഒരു ജനത ഭ്രാന്തിലെത്തുന്നു. ബാവേറിയന്‍ നാടോടിക്കഥയാണ്‌ അടിസ്ഥാനം. മൈ ബെസ്റ്റ്‌ ഫ്രണ്ട്‌ തുടങ്ങിയ ഹെര്‍സോഗ്‌ ചിത്രങ്ങള്‍ ഭൂപ്രദേശത്തെ പ്രഥമസ്ഥാനത്ത്‌ നിര്‍ത്തുന്നു. അത്‌ ഹെര്‍സോഗ്‌ സിനിമകളുടെ ആത്മാവ്‌ തന്നെയാണ്‌. ചിലപ്പോള്‍ കഥയും കഥാപാത്രങ്ങളുമായി മാറുന്നു.
കാഴ്‌ചയുടെ വിരുദ്ധതലത്തിലൂടെ ജാഗ്രതയോടെ നീങ്ങുന്ന ഹെര്‍സോഗ്‌ ക്യാമറ മനുഷ്യന്റെ അകവും പുറവും സമഗ്രതയോടെ അനുഭവപ്പെടുത്തുന്നു. ഭൂമിഗീതങ്ങളുടെ സ്‌പന്ദനം തങ്ങിനില്‍ക്കുന്ന ഹോര്‍സോഗിയന്‍ ദൃശ്യതലം നമ്മുടെ കണ്ണിലും മനസ്സിലും പതിഞ്ഞുനില്‍ക്കുന്നു.
കാലഘട്ടത്തെ അലോസരപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന കൃതികളാണ്‌ ഹെര്‍സോഗിന്റേത്‌. ബിംബങ്ങളെ സ്വന്തമായി രൂപപ്പെടുത്തി ആഖ്യാനകലയിലേക്ക്‌ ചേര്‍ത്തുവയ്‌ക്കുകയാണ്‌ ഈ ചലച്ചിത്രകാരന്‍. വൃത്തങ്ങളില്‍ ഒതുങ്ങാതെ വേറിട്ട വഴികളിലൂടെ നടക്കുന്ന ഈ ജര്‍മ്മന്‍ സംവിധായകന്‍ ഒട്ടേറെ ഡോക്യുമെന്ററികളും ഫീച്ചര്‍ ഫിലിമുകളും സംവിധാനം ചെയ്‌തിട്ടുണ്ട്‌. കേരളത്തിന്റെ 15-ാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഹെര്‍സോഗിന്റെ പ്രധാന ചിത്രങ്ങളെ മാസ്റ്റേര്‍സ്‌ ഫോക്കസ്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

പ്രതിബോധത്തിന്റെ ദൃശ്യരേഖ
കേരളത്തിന്റെ പതിനഞ്ചാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തെപ്പറ്റി...

ഒരു ദേശത്തിന്റെ സാമൂഹിക സാമ്പത്തിക, സാംസ്‌കാരിക മുദ്രകളെ അടയാളപ്പെടുത്തുന്നതില്‍ സിനിമ വഹിക്കുന്ന പങ്ക്‌ സാമൂഹിക ശാസ്‌ത്ര പഠനങ്ങളില്‍ നിര്‍ണായകമാണ്‌. ഈ യാഥാര്‍ത്ഥ്യം മനസ്സിലിരുത്തി സര്‍ഗാത്മകമായ പ്രതിബോധം സൃഷ്‌ടിക്കുകയെന്നതാണ്‌ ചലച്ചിത്രത്തിന്റെ രാഷ്‌ട്രീയ ദൗത്യം. സിനിമയെ പൂര്‍ണ്ണമായും വാണിജ്യത്തിന്‌ വിട്ടുകൊടുക്കാതെ സജീവമാക്കി നിര്‍ത്തുന്ന പതിന്നാല്‌ ചിത്രങ്ങളാണ്‌ കേരളത്തിന്റെ 15-ാമത്‌ രാജ്യാന്തര ചലച്ചിത്ര മേളയുടെ തിരശ്ശീലയിലെത്തുന്നത്‌. ഈ സിനിമകളെല്ലാം വ്യത്യസ്‌തവും വൈവിദ്ധ്യവുമാര്‍ന്ന അവതരണ ശൈലികള്‍ സ്വീകരിക്കുന്നു. ഇറാന്‍, തുര്‍ക്കി, ടുണീഷ്യ, തെക്കന്‍ കൊറിയ, വെനീസ്വല, ഈജിപ്‌ത്‌, ചിലി, ഇന്ത്യ, ശ്രീലങ്ക, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ്‌ മത്സര വിഭാഗത്തിലെത്തുന്നത്‌.
പുതിയ കാലത്തിന്റെ കാഴ്‌ചകളോട്‌ പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതിലെ പിഴവുകളും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ്‌ ഇത്തവണ മേളയിലെത്തിയത്‌. ഒട്ടുമിക്ക സിനിമകളും രാഷ്‌ട്രീയവും സാമൂഹികവും മാനുഷികവുമായ അതിരുകളെക്കുറിച്ചുള്ള ആകുലതകളാണ്‌ ഇവയെ തീവ്രമായ ആഖ്യാനങ്ങളാക്കുന്നത്‌. പ്രവാസവും പലായനവും രാഷ്‌ട്രീയവും-വംശീയവുമായ പ്രശ്‌നങ്ങളാണ്‌ സംവിധായകര്‍ ചര്‍ച്ചചെയ്യുന്നത്‌. ഹെലിയോപോളിസ്‌ എന്ന ഈജിപ്‌ഷ്യന്‍ ചിത്രത്തില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ മഞ്ഞുകാലത്തെ ഒരു ദിവസം കയ്‌റോയുടെ പ്രാന്തപ്രദേശത്ത്‌ എത്തിച്ചേരുന്നു. അവരുടെ പ്രശ്‌നങ്ങളും ജീവിതവുമാണ്‌ ഈ ചിത്രം അനാവരണം ചെയ്യുന്നത്‌. അഹ്‌മദ്‌ അബ്‌ദുല്ല സംവിധാനം ചെയ്‌ത ഹെലിയോപോളിസ്‌ മികവുറ്റ ഫ്രെയിമുകള്‍ കൊണ്ട്‌ സമ്പന്നമാണ്‌. ഇറാന്‍ ചിത്രമായ വാക്കിംഗ്‌ ഓണ്‍ ദി റെയിലില്‍ പുതിയ പ്രസിഡണ്ടിന്റെ തെരഞ്ഞെടുപ്പും സോക്കര്‍ മത്സരവും ഇഴചേര്‍ക്കുകയാണ്‌. സാമൂഹ്യജീവിതത്തിലെ പ്രശ്‌നങ്ങളും അപഗ്രഥിക്കുന്നു. സിനിമയുടെ കഥ സാധാരണ ജീവിതവുമായി അടുത്തുനില്‍ക്കുന്നതാണ്‌.
ബെല്‍മ ബാസിന്റെ സഫ്‌യര്‍ എന്ന തുര്‍ക്കി ചിത്രത്തില്‍ സഫര്‍ എന്ന പെണ്‍കുട്ടി വേനല്‍ക്കാല ഒഴിവുസമയം ചെലവഴിക്കുന്നതും അവളുടെ സ്വപ്‌നവുമാണ്‌ ഇതിവൃത്തം. അമ്മയുടെ അഭാവത്തില്‍ സഫറിന്റെ മനോലോകമാണ്‌ അവതരിപ്പിക്കുന്നത്‌. രജ അമരി സംവിധാനം ചെയ്‌ത ബറീഡ്‌ സീക്രട്ട്‌സ്‌ എന്ന ടുണീഷ്യന്‍ സിനിമ രണ്ടുതലങ്ങളിലൂടെ കടന്നുപോവുന്നു. കുടുംബാന്തരീക്ഷത്തിലെ പ്രശ്‌നങ്ങളും മെലോഡാറയുമാണ്‌ ചിത്രത്തിന്റെ കഥാഗതി നിര്‍ണയിക്കുന്നത്‌. കടുംപിടുത്തക്കാരിയായ വീട്ടമ്മയും അവരുടെ രണ്ടു പെണ്‍കുട്ടികളും ഒരു എസ്റ്റേറ്റ്‌ ക്വാര്‍ട്ടേഴ്‌സിലെത്തുന്നു. ഒരു ദിവസം വളരെ സ്വാതന്ത്ര്യം അനുഭവിക്കുന്ന രണ്ടുപേര്‍ അവിടെ എത്തുന്നു. അവര്‍ക്കിടയിലെ സ്വാതന്ത്ര്യവും വീട്ടമ്മയും കുട്ടികളും നേരിടുന്ന വിഷമ സന്ധികളും അവതരിപ്പിച്ച്‌ സ്‌ത്രീജീവിതത്തിലെ പ്രതിസന്ധികളിലേക്ക്‌ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുകയാണ്‌ സംവിധായിക. ചിലിയുടെ ഒപ്‌റ്റിക്കല്‍ ഇല്യൂഷന്‍, ജിയോന്‍ ക്യുവാന്റെ അനിമവ്‌ ടൗണ്‍(തെക്കന്‍ കൊറിയ), കാര്‍ലോസ്‌ ഗവരിയയുടെ പോട്ട്‌ട്രൈറ്റ്‌ ഇന്‍ എ സീ ഓഫ്‌ ലൈസ(കൊളംബിയ), ജുലിയ സൊളോമണിന്റെ ദ ലാസ്റ്റ്‌ സമ്മര്‍ ഓഫ്‌ ലാ ബോയ്‌റ്റ(അര്‍ജന്റീന), ഡിജിയോ ഫ്രെയിഡിന്റെ അര്‍ജന്റീനിയന്‍ ചിത്രം വൈന്‍, എ ഡേ ഇന്‍ ഓറഞ്ച്‌ (വെനീസ്വല) എന്നിവയോടൊപ്പം മലയാളത്തില്‍ നിന്നും രഞ്‌ജിത്തിന്റെ പാലേരി മാണിക്യം, മോഹന്‍ രാഘവന്റെ ടി.ഡി. ദാസന്‍, അപര്‍ണ സെന്നിന്റെ ബംഗാളി ചിത്രമായ ദ ജാപ്പനീസ്‌ വൈഫ്‌, ഹിന്ദി ചിത്രമായ ഐ ആം അഫിയ മെഗാ അഭിമന്യു ഒമര്‍ എന്നിവയും മത്സര വിഭാഗത്തിലുണ്ട്‌.
മത്സരത്തിലെ സിനിമകളെല്ലാം മനുഷ്യജീവിതത്തിന്റെ ഇരുവശങ്ങളില്‍ നിന്ന്‌ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന വിവിധ ദുരന്തങ്ങള്‍ ആവിഷ്‌കരിക്കുന്നു. ഹോളിവുഡ്‌ ചലച്ചിത്ര സംസ്‌ക്കാരത്തിനു നേരെ കലഹിക്കുന്ന ഈ സിനിമകളുടെ താളം മാനുഷികതയുടേതാണ്‌. അതിജീവനത്തിന്റെ കാഴ്‌ചകളുമാണ്‌. മനുഷ്യന്റെ മുഖവും അകവും തമ്മിലുള്ള അന്തരവും അന്യവല്‍ക്കരണവും അവതരിപ്പിച്ച്‌ നവീനമായൊരു ചലച്ചിത്രഭാഷ കണ്ടെടുക്കുകയാണ്‌ മത്സരവിഭാഗം ചിത്രങ്ങളുടെ ശില്‍പികള്‍.
മേളയിലെ ഇന്ത്യന്‍ സിനിമകള്‍ പ്രേക്ഷകര്‍ക്ക്‌ വലിയ പ്രതീക്ഷ നല്‍കുന്നവയാണ്‌. രഞ്‌ജിത്തിന്റെ പാലേരി മാണിക്യം കഥപറച്ചിലിന്റെ രീതികൊണ്ടും അഭിനേതാക്കളുടെ അച്ചടക്കം കൊണ്ടും ശ്രദ്ധേയമാണ്‌. അപര്‍ണാ സെന്നിന്റെ ജാപ്പനീസ്‌ വൈഫും ഒനീറിന്റെ ചിത്രവും സാമൂഹിക നന്മയുടെ കിരണങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്നു.

Monday, November 15, 2010

മനസ്സും സിനിമയും

പുതിയ പുസ്‌തകം-മനസ്സും സിനിമയും -കുഞ്ഞിക്കണ്ണന്‍ വാണിമേല്‍പ്രസാധനം: കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്‌, തിരുവനന്തപുരം. വില-140 രൂപ

Saturday, November 06, 2010

ലീലാവതി ടീച്ചര്‍

എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ ലീലാവതി ടീച്ചര്‍ക്ക്‌ അഭിനന്ദനം...

Wednesday, November 03, 2010

ഹോളി ആക്‌ടര്‍
അഭിനയത്തെക്കുറിച്ച്‌ കിഴക്കിനും പടിഞ്ഞാറിനും പിണങ്ങിപ്പിരിയുന്ന സങ്കല്‌പങ്ങളാണുള്ളത്‌. കിഴക്കു തന്നെയും പരസ്‌പര വിരുദ്ധമായ ചില നിലപാടുകളും തുടരുന്നു. അതിനാല്‍ ഒരു നടനെയോ, നടിയെയോ വിലയിരുത്തുമ്പോള്‍ വ്യത്യസ്‌ത സമീപനങ്ങള്‍ സ്വാഭാവികം. ഏതെങ്കിലും ഒരു നടനെ ഇന്ത്യയില്‍ `സമ്പൂര്‍ണ്ണ നടന്‍'എന്ന്‌ വിശേഷിപ്പിച്ചതായി കണ്ടില്ല. പോളിഷ്‌ സംവിധായകന്‍ ഗ്രോട്ടോവിസ്‌കിയുടെ `ഹോളി ആക്‌ടര്‍' പ്രയോഗം നല്‍കി നടന്‍ മുരളിയെ ആദരിക്കുന്ന പുസ്‌തകമാണ്‌ ഭാനുപ്രകാശ്‌ എഡിറ്റ്‌ ചെയ്‌ത `ഹോളി ആക്‌ടര്‍'.

മുരളി എന്ന നടനും എഴുത്തുകാരനും രാഷ്‌ട്രീയക്കാരനും വിലയിരുത്തുന്നതോടൊപ്പം അദ്ദേഹത്തെ ഗൃഹനാഥന്‍ എന്ന സ്ഥാനത്തുനിര്‍ത്തിയും ഈ സമഗ്ര പഠന/നിരീക്ഷണ കൃതി അടയാളപ്പെടുത്തുന്നു. മുരളിയെ കണ്ടു നേടിയ അിറവും മുരളിയെപ്പറ്റി അലഞ്ഞുനേടിയ അറിവും ഹോളി ആക്‌ടറില്‍ മേളിക്കുന്നു.പ്രതിച്ഛായ, രംഗഭൂമി, വെള്ളിത്തിര, എഴുത്ത്‌, അനുഭവം, സംഭാഷണം, ആത്മകഥനം, ചലച്ചിത്രരേഖ എന്നിങ്ങനെ എട്ടു ഭാഗങ്ങളായിട്ടാണ്‌ ലേഖനങ്ങള്‍ ഈ പുസ്‌തകത്തില്‍ ചിട്ടപ്പെടുത്തിയത്‌. 704 പേജുകളില്‍ 111 എഴുത്തുകാരുടെ നിരീക്ഷണങ്ങളും കാഴ്‌ചപ്പാടുകളും ഹോളി ആക്‌ടറിലുണ്ട്‌.

ഒരു നടനെക്കുറിച്ചുള്ള സമഗ്രചിത്രം എന്ന നിലയില്‍ മികവുറ്റ കൃതിയാണിത്‌.അവതാരികയില്‍ എം. ടി. വാസുദേവന്‍ നായര്‍ എഴുതി:`സംവിധായകന്‍ തനിക്കനുവദിച്ചിട്ടുള്ളത്രയും സമയം വേദിയില്‍ ക്ലേശിക്കുകയും സന്തോഷിക്കുകയും കിതയ്‌ക്കുകയും ചെയ്‌തശേഷം അനന്തമായ നിശ്ശബ്‌ദതയിലേക്ക്‌ സ്വയം അലിഞ്ഞു ചേരുന്ന ഒരു പാവം നിഴല്‍നാടകക്കാരനാണ്‌ ജീവിതം. ഒരു നടനാകട്ടെ ജീവിതമെന്ന വലിയ ക്യാന്‍വാസില്‍ തനിക്കു ചുറ്റും അഭിനയിച്ചുകൊണ്ടിക്കുന്നവരായും അഭിനയിച്ചു കഴിഞ്ഞവരായും അഭിനയിക്കാന്‍ പോകുന്നവരായും കേവലം ഭാവനാസൃഷ്‌ടികളായും തന്റെ കൊച്ചു ക്യാന്‍വാസില്‍ പകര്‍ന്നാടാന്‍ നിയോഗിക്കപ്പെട്ടവനും. അതുകൊണ്ടുതന്നെ വ്യക്തമായ ജീവിതവീക്ഷണവും ജീവിതനിരീക്ഷണവും ഒരു നടന്‌ അനിവാര്യമായിത്തീരുന്നു. ഇവയുടെ രൂപീകരണത്തിനും സ്വാംശീകരണത്തിനുമാകട്ടെ നാനാതരത്തിലുള്ള ജീവിതാനുഭവങ്ങളും സാമൂഹ്യാവബോധവും ആവശ്യമാണ്‌. അങ്ങനെ സ്വന്തം ജീവിതം തന്നെ ദക്ഷിണയായി നല്‍കി നേടിയെടുക്കുന്ന വീക്ഷണങ്ങളും നിരീക്ഷണങ്ങളും ജന്മസിദ്ധമായ പ്രതിഭയുമായി മേളിക്കുമ്പോഴാണ്‌ ഒരു നടന്‍ പിറവിയെടുക്കുന്നത്‌. അത്തരം നടനായിരുന്നു മുരളി'.- എം. ടി. ഓര്‍മ്മപ്പെടുത്തുന്നതുപോലെ മുരളിയുടെ അഭിനയകല സമഗ്രജ്‌ഢാനത്തിന്റെ ശരീരബാഷയായിരുന്നു. അതുതന്നെയാണ്‌ അദ്ദേഹത്തെ മലയാളചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത്‌. മുരളിയുടെ ശരീരഭാഷയിലേക്കും ഭാവാഭിനയത്തിലേക്കുമുള്ള വാതായനമാണ്‌ ഭാനുപ്രകാശ്‌ തയാറാക്കിയ `ഹോളി ആക്‌ടര്‍'.

പ്രതിച്ഛായ എന്ന ഭാഗത്ത്‌ സുകുമാര്‍ അഴീക്കോട്‌, കെ. പി. അപ്പന്‍, എം. എന്‍. വിജയന്‍, കെ. ജി. ശങ്കരപ്പിള്ള, ചുള്ളിക്കാട്‌, പിണറായി വിജയന്‍, വീരേന്ദ്രകുമാര്‍, സമദാനി, റസൂല്‍പൂക്കുട്ടി തുടങ്ങി ശ്രീകാന്ത്‌ കോട്ടക്കല്‍വരെ മുരളിയുടെ ധിഷണാവിലാസം വിശകലനം ചെയ്യുന്നു. രംഗഭൂമിയില്‍ നാടകക്കാരനായ മുരളിയെ എഴുതുകയാണ്‌ അയ്യപ്പപ്പണിക്കര്‍, കാവാലം, വ.യലാ വാസുദേവന്‍പിള്ള, നരേന്ദ്രപ്രസാദ്‌, കെ.സി.നാരായണന്‍ മുതലായവര്‍. അടൂര്‍, കെ.ജി.ജോര്‍ജ്ജ്‌,ടി.വി. ചന്ദ്രന്‍, ലെനിന്‍ രാജേന്ദ്രന്‍, പി.ടി.കുഞ്ഞുമുഹമ്മദ്‌, സത്യന്‍ അന്തിക്കാട്‌, സിബി, കമല്‍, പ്രിയനന്ദനന്‍, ലോഹിതദാസ്‌, ഭരത്‌ ഗോപി, മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍, തുടങ്ങിയവര്‍ വെള്ളിത്തിരയിലെ മുരളിയെ തിരിച്ചറിയുന്നു. മുരളി എന്ന എഴുത്തുകാരനെപ്പറ്റിയാണ്‌ സച്ചിദാനന്ദന്‍, പി. ഗോവിന്ദപിള്ള, അക്‌ബര്‍ കക്കട്ടില്‍, പ്രേംചന്ദ്‌, ബാബുജോണ്‍ എന്നിവര്‍ പറയുന്നത്‌. അനുഭവത്തില്‍ ടി. പത്മനാഭന്‍, കാക്കനാടന്‍, എം. മുകുന്ദന്‍,കൈതപ്രം, എ. അയ്യപ്പന്‍, പന്ന്യന്‍ രവീന്ദ്രന്‍, ജെ. ആര്‍. പ്രസാദ്‌, വി. കെ. ജോസഫ്‌ തുടങ്ങിയവരുടെ നിരീക്ഷണങ്ങളുണ്ട്‌. ശൈലജ മുരളി `അയാള്‍' എന്ന ശീര്‍ഷകത്തില്‍ എഴുതി:`നീണ്ട ഷെഡ്യൂള്‍ ഉള്ള ഏതോ ഷൂട്ടിങ്ങിലാണ്‌ അയാള്‍.ഏറെ വൈകാതെ മടങ്ങിവരും എന്നു മാത്രമേ ആ വിയോഗത്തെക്കുറിച്ച്‌ എനിക്കിപ്പോഴും വിചാരിക്കാന്‍ കഴിയുന്നുള്ളൂ. അയാള്‍ (മുരളിയെ ഞാന്‍ വിളിച്ചിരുന്നത്‌ അങ്ങനെയാണ്‌. സഹോദരങ്ങള്‍ അയാളെ സ്‌നേഹത്തോടെ അങ്ങനെയാണ്‌ വിളിക്കുന്നത്‌ കേട്ടാണ്‌ ഞാനും വിളിച്ചിരുന്നത്‌) അവശേഷിപ്പിച്ച ശൂന്യതയിലേക്ക്‌ പലപ്പോഴും ആ മുഖം കുടുംബനാഥന്റെ സൗമ്യതയുമായി കടന്നുവരാറുണ്ട്‌'.

മുരളിയുടെ ജീവിതത്തിലെ ഓരോ അധ്യായവും ഇങ്ങനെ നിവര്‍ത്തിയിടുകയാണ്‌ ഈ ഗ്രന്ഥത്തില്‍. ലേഖനങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഭാനുപ്രകാശ്‌ പ്രകടിപ്പിച്ച സൂക്ഷ്‌മതയും കഠിനശ്രമവും ഹോളി ആക്‌ടറിന്റെ ഓരോ പേജിലും പ്രതിഫലിക്കുന്നു.ഒരു നടന്റെ ഉള്ളിലും പുറത്തുമായി നില്‍ക്കുന്ന വിശാല ലോകങ്ങളെ കൂട്ടിയിണക്കുന്ന ശ്രമകരമായ ജോലിയാണ്‌ ഭാനുപ്രകാശിന്റെ എഡിറ്റിംഗ്‌. ലേഖന സമാഹരണവും ഒരു കലയാണെന്ന്‌ ഹോളി ആക്‌ടര്‍ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും മലയാളത്തിലിറങ്ങുന്ന ഓര്‍മ്മപ്പുസ്‌തകങ്ങള്‍ കേവലം കൗതുകത്തിനോ, വിപണനത്തിനോ ഊന്നല്‍ നല്‍കി എഡിറ്റര്‍മാര്‍ പിന്‍വാങ്ങുമ്പോള്‍ `ഹോളി ആക്‌ടറി'ന്റെ സര്‍ഗാത്മകരചനയുടെ ഔന്നിത്യത്തിലെത്തുന്നു സമാഹരണ കര്‍മ്മം. ലേഖനങ്ങളും ഫോട്ടോകളും അപൂര്‍വ്വ കണ്ടെത്തലുകളും ശേഖരിത്താല്‍ മാത്രംപോരാ. അത്‌ സൗന്ദര്യബോധത്തോടെ പ്രസിദ്ധീകരിക്കുമ്പോഴാണ്‌ എഡിറ്ററുടെ ജോലി ഫലവത്താകുന്നത്‌.

ഹോളി ആക്‌ടര്‍ പോലുള്ള ഒരു പുസ്‌തകത്തിന്റെ പ്രസാധന ചുമതല ഏറ്റെടുത്ത ഒലിവ്‌ പബ്ലിക്കേഷന്‍സിന്റെ ദൗത്യം പ്രശംസനീയമാണ്‌. നല്ല കൃതിക്കും എഴുത്തുകാരനും ആത്മാര്‍ത്ഥതയുള്ള പ്രസാധകരും അനിവാര്യമാണ്‌. സാംസ്‌കാരിക ദാത്യമാണത്‌. `ഹോളി ആക്‌ടറി'ല്‍ ഒലിവ്‌ വ്യക്തമാക്കിയതും മറ്റൊന്നല്ല.മുരളി എന്ന നടന്റെ, വ്യക്തിയുടെ കര്‍മ്മമേഖലകളിലൂടെയും സൗഹൃദങ്ങളിലൂടെയും സഞ്ചരിച്ചതിന്റെ സാക്ഷ്യപത്രമാണിത്‌. യൗവ്വനം കവിതകളിലൂം നാടകങ്ങളിലും ഉഴുതുമറിച്ച ഒരു മനുഷ്യന്റെ നിശ്ശബ്‌ദവും ശബ്‌ദമുഖരിതവുമായ അന്തരീക്ഷം ഈ പുസ്‌തകത്തിലുണ്ട്‌. അതിന്റെ നേരിയ ശബ്‌ദമോ, ഇടവേളകളിലെ മൗനമോ വിട്ടുപോകാതെ കരുതിവെക്കാന്‍ ഭാനുപ്രകാശിന്‌ സാധിച്ചിട്ടുണ്ട്‌. മുരളിയുടെ അവിസ്‌മരണീയ മുഹൂര്‍ത്തങ്ങളിലെ നിരവദി ഫോട്ടോകളും കമനീയ അച്ചടിയും ഹോളി ആക്‌ടറിന്റെ മേന്മ വര്‍ദ്ധിപ്പിക്കുന്നു. എഴുത്തുകാരന്റെയും പ്രസാധകന്റെയും മൂല്യബോധം ഉള്‍ക്കൊള്ളുന്ന മലയാളത്തിലെ അപൂര്‍വ്വ ഗ്രന്ഥമാണ്‌ ഹോളി ആക്‌ടര്‍.

മുരളിയുടെ ജീവിതമുദ്രകളുടെ ദീപ്‌തി. മുരളിയിലേക്കെന്നപോലെ മലയാളസിനിമയിലേക്കും നാടകത്തിലേക്കും തുറന്നിട്ട ജാലകം. പുതിയ തലമുറ മുരളിയെ ഹോശി ആക്‌ടറിലൂടെ സൂക്ഷ്‌മതയോടെ കാണാതിരിക്കില്ല.-വര്‍ത്തമാനം പത്രം 31-10-2010ഹോളി ആക്‌ടര്‍(ഓര്‍മ്മപ്പുസ്‌തകം)എഡിറ്റര്‍: ഭാനുപ്രകാശ്‌ഒലിവ്‌, കോഴിക്കോട്‌പേജ്‌: 704 വില-450 രൂപ

Thursday, October 28, 2010

വെയില്‍ തിന്ന കവി

ഏറ്റവും വലിയ തിന്മ എന്താണ്‌? അത്‌ വ്യവസ്ഥാപിത ജീവിതസങ്കല്‌പത്തെ നിഷേധിക്കലാണ്‌. മലയാളകവിതയില്‍ എ. അയ്യപ്പന്‍ എന്ന കവി തീവ്രവും സൗമ്യവുമായ വാക്കുകളില്‍ അടയാളപ്പെടുത്തിയതും മറ്റൊന്നല്ല. അയ്യപ്പന്റെ കവിതകള്‍ നിരന്തരം ചോദിച്ചുകൊണ്ടിരുന്നതും ജീവിതത്തെക്കുറിച്ചാണ്‌. ആറിത്തണുത്ത ജീവിതത്തിന്റെ ഓരത്തിരുന്ന്‌ കൊച്ചുകൊച്ചു ചോദ്യങ്ങള്‍ കുറിച്ചിട്ട അയ്യപ്പന്‍ ജീവിതത്തിനും മരണത്തിനും ഇടയിലെ അതിര്‍വരമ്പുകള്‍ മാറ്റിവരച്ചു.

ആചാരങ്ങളും സദാചാരങ്ങളും അയ്യപ്പന്റെ രചനകളില്‍ തലകീഴ്‌ മറിഞ്ഞു. ഈ കുഴമറിച്ചിലിന്റെ അദൃശ്യമായ ഒരു തുടല്‍ അയ്യപ്പന്റെ കവിതകളിലുണ്ട്‌. അത്‌ എഴുത്തുകാരന്റെ വ്യക്തിസ്വാതന്ത്ര്യത്തെ തളച്ചിടുന്ന തുടല്‍ അല്ലായിരുന്നു. വികലമായ അനുഭവങ്ങളും അസംബന്ധത്തില്‍ ഇളകിയാടുന്ന ഭ്രമാത്മകമായ ധാരണകളും കവിതയിലേക്ക്‌ കൊണ്ടുവരികയായിരുന്നു അയ്യപ്പന്‍. അവയൊക്കെയും സംഭ്രമത്തിലും വിലാപത്തിലും ലയിക്കുകയും ചെയ്‌തു. ഒരിക്കലും ഉറച്ചുനില്‍ക്കാത്ത ഭ്രാന്തന്റെ കണ്ണുകള്‍പോലെ അയ്യപ്പന്റെ കവിതകളില്‍ വാക്കുകള്‍ എഴുന്നുനില്‍പ്പുണ്ട്‌. ഭ്രാന്ത്‌ അയ്യപ്പന്റെ കവിതകളില്‍ രോഗമല്ല; അത്‌ പകരമായി വരുന്ന ഒരു ദര്‍ശനമാണ്‌. ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ മനസ്സിന്റെ എല്ലാ തലങ്ങളുടെയും നഗ്നതയാണ്‌. ഭ്രാന്തിനെ വാഹനമാക്കിക്കൊണ്ട്‌ ഒരു സാംസ്‌കാരിക വിമര്‍ശനത്തിന്റെ സാധ്യത അയ്യപ്പന്‍ കവിതയില്‍ സൃഷ്‌ടിച്ചു:
`മൃത്യുഞ്‌ജയന്‍ഞരക്കത്തിലൂടെ
ചുവന്നു നനയുന്നുജീപ്പിന്റെ
ശബ്‌ദമോസൈറനോ,ഞാനിപ്പോള്‍
എവിടെപ്പോയൊളിക്കുംഏതു മരത്തിന്റെ മറവില്‍.' -(കള്ളനും പോലീസും)
സമൂഹത്തിലെ ഉത്‌കണ്‌ഠയും അനിശ്ചിതത്ത്വവും ഭ്രാന്തിനെക്കുറിച്ചുള്ള ആഖ്യാനഭാവന പ്രതിഫലിപ്പിക്കുന്നു. ഭ്രാന്തിന്റെ അനുഭവ സീമകളില്‍ നിന്നുകൊണ്ട്‌ ഈ കവി വാക്കുകള്‍ കുറിച്ചിട്ടു.മനുഷ്യചരിത്രം അയ്യപ്പന്‍ കണ്ടെടുക്കുന്നത്‌ ഒരാവര്‍ത്തനമായാണ്‌.

ധര്‍മ്മസങ്കടങ്ങളുടെയും നിരാസത്തിന്റെയും വഞ്ചനകളുടെയും ആവര്‍ത്തനം. കാപട്യപൂര്‍ണമായ ഒരു ലോകം. അതിന്റെ മോഹങ്ങളും സ്വപ്‌നങ്ങളും അനുഭവിച്ചു തീര്‍ക്കുന്ന ഒരു കാല്‍പനിക രീതിയും അയ്യപ്പന്റെ കാവ്യലോകത്തുണ്ട്‌. വ്യവസ്ഥാപിത സമൂഹത്തില്‍ അപ്രത്യക്ഷമായി വരുന്ന മൂല്യങ്ങളെ സ്വപ്‌നാത്മകമായി സാക്ഷാത്‌ക്കരിക്കുന്ന തന്ത്രമാണത്‌. സ്‌നേഹരാഹിത്യത്തിന്റെയും അനാഥത്വത്തിന്റെയും ഒരു ലോകത്തിരുന്ന്‌ തൊടുത്തുവിടുന്ന അമ്പുകളാണ്‌ അയ്യപ്പന്റെ വരികള്‍. `മാളമില്ലാത്ത പാമ്പ്‌' തുടങ്ങിയ കൃതികളില്‍ ഒരു ഇഴച്ചലിന്റെ വേവലാതി കവിമനസ്സ്‌ വഹിക്കുന്നു.ബുദ്ധനും ആട്ടിന്‍കുട്ടിയും എന്ന കാവ്യകൃതിയില്‍ കവിതയെ തൊട്ടടുത്തുവച്ചു കാണുകയും അതില്‍ പ്രവര്‍ത്തിക്കുന്ന-അടിയൊഴുക്കായ സൗന്ദര്യബോധവും ജീവിതദര്‍ശനവും അയ്യപ്പന്‍ ആറ്റിക്കുറുക്കിയെടുത്തു. കറുപ്പ്‌ എന്ന പുസ്‌തകത്തിലെ ഒരു കവിതയില്‍ അയ്യപ്പന്‍ എഴുതി:
`ഒന്നുമില്ലാത്തൊരുവന്‌
ആരെന്ന്‌ പേരിടുക?
ഇണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെത്തീ കാണുക.' -(ഈശാവാസ്യം)ഇങ്ങനെ മുറിവേറ്റ ശീര്‍ഷകങ്ങളുടെ കവിള്‍ത്തടങ്ങള്‍ വ്യക്തമാക്കുന്നു.വിശപ്പിന്റെ നീറുന്ന അവസ്ഥ അയ്യപ്പന്റെ രചനകളില്‍ പതിഞ്ഞുകിടപ്പുണ്ട്‌. ശരീരം നീറ്റുന്ന തീച്ചൂളയായി വിശപ്പ്‌ മാറിക്കൊണ്ടിരുന്നപ്പോള്‍ ഇഷ്‌ടമില്ലാതെ കഴിച്ച നാട്ടുചാരായവും മരുന്നും കവിയുടെ രക്തത്തില്‍ വിഷമായി പരിണമിച്ചിരിക്കണം. വാക്കുകളെ തരള നക്ഷത്രങ്ങളാക്കി മാറ്റാന്‍ അയ്യപ്പന്‍ ശ്രമിച്ചില്ല. ഭാവനയുടെ ലഹരിയില്‍ ജീവിക്കുമ്പോഴും പീഡിതന്റെ ഉള്‍ക്കാഴ്‌ചയും ഉപേക്ഷിക്കാനും തയാറായില്ല. പ്രവാസിയുടെ ഗീതം, ബലിക്കുറിപ്പുകള്‍, വെയില്‍തിന്നുന്ന പക്ഷി തുടങ്ങിയ കൃതികളില്‍ അനാഥത്വത്തിന്റെ നിസ്സാഹയതയും മുള്‍മുനകളും അടയാളപ്പെട്ടുകിടപ്പുണ്ട്‌.
`അമ്മയുടെ മുലക്കണ്ണുകളില്‍
നിന്ന്‌ജാഞസ്‌നാനത്തിന്റെ അരുവിപോലെ,
കാഴ്‌ചയുടെ അതിര്‍ത്തി കുറിക്കുന്നകുരുതിത്തിറപോലെ
ഭ്രാന്തസ്‌നേഹത്തിന്റെ സഹോദരാ,ആന്തളിരുകളുടെ
കൂട്ടില്‍നിന്ന്‌,ഞാനിതാ വെയിലിലേക്ക്‌ പറക്കുന്നു.' -(കറുപ്പിന്റെ ആമുഖക്കുറിപ്പ്‌)
അസ്‌തിത്വത്തിന്റെ അനിവാര്യമായ വേദനകള്‍ സഹിക്കാന്‍ തയാറെടുത്ത മനസ്സിന്റെ സാന്നിദ്ധ്യം ഈ എഴുത്തുകാരന്റെ തട്ടകത്തിലുണ്ട്‌. മരണവും വേര്‍പിരിയലും കവിതയില്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയ കവിയാണ്‌ അയ്യപ്പന്‍.

മരണം അപകടരൂപത്തിലാണ്‌ അയ്യപ്പന്റെ കവിതകളില്‍ കടന്നുവരുന്നത്‌. വാഹനചക്രത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഭയരഹിതനായി വീടുവിട്ടിറങ്ങിയ പാമ്പിന്റെ ദുര്‍ഘട സന്ധികള്‍ അയ്യപ്പന്‍ വാങ്‌മയചിത്രങ്ങളാക്കി. പ്രാവിന്റെ കുറുകലും ഇരുട്ടിന്റെ സങ്കീര്‍ണ്ണതയും ഇഴചേര്‍ത്തു ജീവിതം തഥാഗതന്റെ ആത്മസാക്ഷ്യപത്രമാക്കി.`കവിതയുടെ ഒലീവില്‍ നിന്നുംആ വിളക്കു കൊളുത്തുവാന്‍നാം കടക്കുന്നു.' -കാല്‍പനികതയും വിപ്ലവവീര്യത്തിന്റെ കാലവുംസ്ഥലരാശിയും ഉപേക്ഷിക്കാന്‍ അയ്യപ്പന്‍ കാണിച്ച വ്യഗ്രത അക്ഷരങ്ങളിലുള്ള ആത്മവിശ്വാസം തന്നെയായിരുന്നു. സാമൂഹികബോധത്തിന്റെ വലുതും ചെറുതുമായ തെറ്റിദ്ധാരണ തിരുത്തിക്കുറിക്കുകയും ചെയ്‌തു. ഞാനെന്ന പൊരുളിനെ കീഴടക്കി, തന്നെത്തന്നെ അതിവര്‍ത്തിക്കുകയായിരുന്നു ഈ കവി. രാഗദ്വേഷങ്ങള്‍ ഇടതടവില്ലാതെ വന്നുനിറയുന്ന ശമിക്കാത്ത കാമനകള്‍ വാക്കിന്റെ അകംപൊരുളില്‍ തപസ്സനുഷ്‌ഠിക്കുന്ന കാഴ്‌ച അയ്യപ്പന്റെ കവിതകളിലുണ്ട്‌.

ജീവിതത്തെക്കുറിച്ച്‌ ഒരുപാട്‌ ദര്‍ശനങ്ങളുണ്ടാകുകയും അവയോട്‌ ഇണങ്ങിനില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്‌ത കവിമനസ്സായിരുന്നു അയ്യപ്പന്റേത്‌. എല്ലാ പ്രതിസന്ധികളും നിഷ്‌കളങ്കമായ എതിരേല്‍പ്പിലൂടെ അതിജീവിക്കുകയും ചെയ്‌തു. തുറന്ന മനസ്സോടെ സമൂഹത്തിന്റെ മുന്നില്‍ എപ്പോഴും അയ്യപ്പന്‍ നില്‌പുറപ്പിച്ചു.`കാല്‍നടക്കാരന്റെകഷ്‌ടപ്പാടുകള്‍ആരറിയുന്നു.' -(ട്രാഫിക്ക്‌)അയ്യപ്പന്‌ കവിത ഊര്‍ജ്ജമാണ്‌. ചേതസ്സില്‍ നിന്നും ഇഴപിരിഞ്ഞ്‌ അക്ഷരതേജസ്സികളായ വാക്കായും വാങ്‌മയമായും പരിണമിച്ച ജൈവോര്‍ജ്ജം. വാക്കിന്റെ അകത്തളത്തില്‍ ഈ ഊര്‍ജ്ജത്തിന്റെ സജീവസാന്നിദ്ധ്യമുണ്ട്‌. മനസ്സിന്റെയും മാംസത്തിന്റെ സംഘര്‍ഷം കുമാരനാശാനെപ്പോലെ അയ്യപ്പനും അനുഭവിക്കുന്നുണ്ട്‌:
`വേഗമെത്താന്‍ പോയവന്റെഈ
ശവത്തെയാരു മറവുചെയ്യും(നാടു നീങ്ങിയ രാജാവിന്റെഅസ്ഥിയും ചാരവുമായ്‌പ്രേമഭാജനങ്ങള്‍ പോകുമ്പോള്‍ഈ ഭ്രാന്തിപ്പെണ്ണെന്തിനുവാവിട്ടു കരയുന്നു)'.
സമൂഹത്തില്‍ പടര്‍ന്നു പന്തലിക്കുകയും ദിക്കുകളിലേക്ക്‌ ശാഖകള്‍ വിരിച്ചുനില്‍ക്കുകയും ചെയ്യുന്ന കാവ്യവൃക്ഷത്തിന്റെ വേദനയും തുടിപ്പുമാണ്‌ അയ്യപ്പന്‍ വരച്ചിട്ടത്‌. മറ്റൊരു കവിയുടെ നിഴലിലിരുന്നായിരുന്നില്ല അയ്യപ്പന്‍ വാക്കുകള്‍ ഉരുവിട്ടത്‌. ആധുനികതയുടെ പൊടിപ്പും തൊങ്ങലും അയ്യപ്പനെ ഏറ്റെടുക്കാന്‍ മടികാണിച്ചു. മാളമില്ലാത്ത ചോദ്യവും ഉത്തരം അയ്യപ്പന്റെ കവിതകള്‍ വായനക്കാരുടെ പങ്കുവച്ചു. തെരുവുഗീതത്തിന്റെ കാര്‍ക്കശ്യവും ധ്വനിയും മലയാളിയെ ഓര്‍മ്മപ്പെടുത്തുകയായിരുന്നു ഈ കവി. കാലത്തിന്റെ, ജീവിതത്തിന്റെ നാല്‍ക്കവലയിലിരുന്നും നിന്നും സ്വയം ഒരു ചൂണ്ടുപലകയായി അയ്യപ്പന്‍ എഴുതി. എഴുതിയതുപോലെ ജീവിച്ചു. മരിച്ചു. കവിതയെ എഴുത്തുകാരന്റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ സാധിക്കാത്തവിധം മജ്ജയും മാംസവും നല്‍കി വളര്‍ത്തി. തീപക്ഷിയുടെ കനലെരിവും ആര്‍ദ്രതയും അനുഭവപ്പെടുത്തി. മലയാളകവിതയുടെ മുഖക്കുറിപ്പുകള്‍ തിരുത്തിയെഴുതി. അയ്യപ്പന്റെ വാക്കുകളില്‍ കൊത്തിവച്ച സിഗ്‌നലുകളെ കാണാതെ മലയാളകവിതയുടെ ചരിത്രത്തിന്‌ മുന്നോട്ടു പോകാനാവില്ല:
`സിഗ്‌നല്‍ തെറ്റിയ വണ്ടി
എത്തുന്നതിനിയെപ്പോള്‍?
കത്തിയെരിഞ്ഞു കാണും
കണ്ടിരിക്കേണ്ട ചിത.' -(ചുവന്ന സിഗ്‌നല്‍)

Friday, October 08, 2010

ആത്മശാന്തിയുടെ അമൃതാക്ഷരം

കവിത അകവെളിച്ചത്തിന്റെ അടയാളമാണ്‌. ജീവധാരയായി പെയ്‌തിറങ്ങുന്ന ആത്മഭാഷണം തന്നെ. കവിതയുടെ നീറ്റലും കുറുകലും നിലാവെളിച്ചം ചേര്‍ന്നുനില്‍ക്കുന്ന ഒരു കവി മലയാളത്തിലുണ്ട്‌ -ഒ.എന്‍.വി. കുറുപ്പ്‌. മലയാളകവിതയിലെ കതിര്‍ക്കനിയുടെ നിറവ്‌. സ്‌നേഹദീപ്‌തിയില്‍ തളിര്‍ക്കുന്ന സമുദ്രസംഗീതമാണ്‌ ഒ.എന്‍.വി.യുടെ കവിതകള്‍. മനുഷ്യനും പ്രകൃതിയും പ്രത്യയശാസ്‌ത്രങ്ങളുമെല്ലാം ഇഴചേര്‍ന്നുനില്‍ക്കുന്ന ചിത്രകമ്പളമാണ്‌ അക്ഷരക്കൂട്ടില്‍ ഈ കവി നെയ്‌തെടുക്കുന്നത്‌.

ഇത്തിരി ചുവപ്പും അതിലേറെ പച്ചപ്പും അതിലേറെ മോഹഭംഗവും. എല്ലാറ്റിനുമുപരി മാനവീയതയുടെ ഹംസധ്വനിയുമാണ്‌ ഒ.എന്‍.വി. മലയാളി മനസ്സിലേക്ക്‌ എഴുതിച്ചേര്‍ക്കുന്നത്‌. സാമസംഗീതത്തിന്റെ ആര്‍ദ്രതയോടൊപ്പം മാറ്റത്തിന്റെ കാഹളവും ഇച്ഛാഭംഗത്തിന്റെ വേലിയേറ്റവും ഒ.എന്‍.വി.യുടെ കാവ്യപഥത്തില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌. മലയാള കവിതയില്‍ കാല്‍പ്പനികതയുടെ താളവും രാഗവും നക്ഷത്രദീപ്‌തിയുതിര്‍ത്ത ദശാസന്ധിയിലാണ്‌ ഒ.എന്‍.വി. ``നീലക്കണ്ണുകളുടെ'' ദ്യുതിയുമായി എഴുത്തിന്റെ സ്ഥലരാശിയില്‍ പുതിയൊരു ദിശാസൂചിക അടയാളപ്പെടുത്തിയത്‌. ദുരിതത്തിന്റെ തീക്ഷ്‌ണതയും ജീവിതപ്രശ്‌നങ്ങള്‍ക്ക്‌ ഒറ്റമൂലിയായ വാഗ്‌ദത്തഭൂമിയുടെ സ്വപ്‌നവും ഒ.എന്‍.വി.യുടെ കവിതകളില്‍ വ്യത്യസ്‌തമാനങ്ങളില്‍ മുദ്രിതമായി. സ്വകാര്യ ദു;ഖങ്ങളുടെ പച്ചത്തുരുത്തില്‍ നിന്നുകൊണ്ടുതന്നെ സമകാലിക സാമൂഹിക-രാഷ്‌ട്രീയസംഭവങ്ങളും ഈ കവിയുടെ വരികളില്‍ കൂടുവച്ചു. മയില്‍പ്പീലിത്തുണ്ടുകളും വളപ്പൊട്ടുകളും മഞ്ചാടിമണികളും മനുഷ്യന്റെ കരാളമുഖവും പ്രകൃതിയുടെ രോദനവും കവി വാക്കുകളില്‍ ചാലിച്ചെടുത്തു. പ്രത്യയശാസ്‌ത്ര വെളിച്ചത്തില്‍ തുടിക്കുന്ന പുലരി കാത്തിരുന്ന കവി. തന്റെ സ്വപ്‌നം മണ്ണടിഞ്ഞപ്പോള്‍ അകംനൊന്തുപാടാനും മറന്നില്ല.

`കവിയും സുഹൃത്തും' - എന്ന രചനയില്‍ സര്‍ഗ്ഗാത്മകതയുടെ ഉണ്മ തിരയുന്നവരുടെ ചിത്രമുണ്ട്‌. ``ഇത്തിരിപ്പുവേ ചുവന്നപൂവേ''യില്‍ ഇച്ഛാഭംഗത്തിന്റെ ചവര്‍പ്പും കയ്‌പ്പും എഴുതിച്ചേര്‍ക്കുകയാണ്‌ കവി. പ്രകൃതി ഒ.എന്‍.വി.യുടെ കവിതകളില്‍ പല വിതാനത്തില്‍ നിറഞ്ഞാടുന്നുണ്ട്‌. മനുഷ്യന്റെ ക്രൂരതയ്‌ക്കുമുന്നില്‍ നിരാലംബയായി മാറിയ ഭൂമിയുടെ നിലവിളിയും മുറിപ്പാടും `ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിലുണ്ട്‌. ചുട്ടുപൊള്ളുന്ന പാതയിലൂടെ വിങ്ങുന്ന മനസ്സുമായി നടന്നലയുന്ന ഭൂമിദേവിയുടെ ചിത്രം നമ്മുടെ ഹൃദയത്തില്‍ വരച്ചിടുകയാണ്‌ ഒ.എന്‍.വി. അര്‍ത്ഥഗരിമായര്‍ന്ന ബിംബങ്ങളുടെ കനത്തുനില്‍പ്പ്‌ ഈ കവിയുടെ രചനകളില്‍ സദാജാഗരൂകമായി അനുവാചകനെ വന്നുതൊട്ടുകൊണ്ടിരിക്കുന്നു. സംഗീതത്തിലും സൗന്ദര്യത്തിലും സാരാംശരേഖയാകുന്ന നിരവധി ബൈബിള്‍ ബിംബങ്ങള്‍ രചനകളില്‍ ഉപയോഗപ്പെടുത്തുന്ന ഒ.എന്‍.വി.യെപ്പോലെ മറ്റൊരു കവി മലയാളത്തിലില്ല.

എഴുത്തിന്റെ വഴിയില്‍ ഈ കവിയുടെ പാഥേയം വിശ്വസംസ്‌കൃതിതന്നെ.ജീവിതത്തിന്റെ അനിശ്ചിതത്വവും ഒഴുകിപ്പോക്കും നിസ്സാരതയും തിരഞ്ഞുപോകുന്ന ഒരു തഥാഗത ജന്മം ഒ.എന്‍.വി.യുടെ കവിതാതട്ടകത്തിലുണ്ട്‌. ആത്മവേദനയില്‍ പിടയുന്ന യാത്രികനാണയാള്‍. കൊച്ചുസുഖദു:ഖ മഞ്ചാടിമണികള്‍ കൊണ്ടുള്ള കളിയാണ്‌ മനുഷ്യജീവിതമെന്ന കാവ്യ കാഴ്‌ച ``വാടകവീട്‌'' പോലുള്ള കൃതികള്‍ അനുവാചകന്റെ മനസ്സില്‍ വരച്ചിടുന്നു. ഭൂമിയുടെ ഉപ്പും മൃഗയയും ഭൈരവന്റെ തുടിയും അപരാഹ്നവും ആഗ്രയും സ്വയംവരവും ഉജ്ജയിനിയും ,കറുത്തപക്ഷിയുടെ പാട്ടും സ്‌നേഹിച്ചുതീരാത്തവരുമെല്ലാം മലയാളിയെ ഊട്ടിക്കൊണ്ടിരിക്കുന്നത്‌ ഉള്ളില്‍ തുടിക്കുന്ന സ്‌നേഹപ്പെരുമയാണ്‌. അതിന്റെ വൈതരണിയും വൈവിധ്യവുമാണ്‌ ഒ.എന്‍.വി.യുടെ കാവ്യലോകത്തു നിന്നു മലയാളി കേട്ടുകൊണ്ടിരിക്കുന്നത്‌.``എന്നോ പൊടുന്നനെ-പത്തിവിടര്‍ത്തുവാ-ന്നെങ്ങോ പതുങ്ങി-ക്കിടക്കും ഭുജംഗമേ''-എന്നിങ്ങനെ ഈ ഭാവഗായകന്‍ ജീവിതത്തിന്റെ പരുപരുത്ത പ്രതലങ്ങളെ കണ്ടെടുക്കുന്നു.

എങ്കിലും-``എന്റെ മകുടിയി-ലൂടെ മൃത്യുഞ്‌ജയ-മന്ത്രമായ്‌ത്തീരുന്നുഞാനുമെന്‍ ഗാനവും''-ആത്മവിശ്വാസത്തിന്റെ തുടിപ്പും പുലര്‍ത്തുന്നു. കാലഘട്ടത്തിന്റെ പ്രതിസന്ധികളും എഴുത്തുകാരന്റെ വേപഥുകളും കവി അതിജീവിക്കുന്നത്‌ വാക്കിന്റെ അഗ്നികടഞ്ഞെടുത്ത കാവ്യങ്ങളിലൂടെയാണ്‌. ഒ.എന്‍.വി.യുടെ കൃതികള്‍ വായനക്കാരുടെ ഉള്ളുപൊള്ളിക്കുന്നതും ഇളംതെന്നലിന്റെ തലോടല്‍പോലെ സ്‌പര്‍ശിക്കുന്നതും കവിതയുടെ ധ്വനിച്ചുനില്‍പ്പുകൊണ്ടാണ്‌.മനുഷ്യജന്മത്തിന്റെ സൂര്യഗീതം തീര്‍ത്ത കവി കന്നിനിലാവിന്റെ കുളിര്‍മ പരന്ന പ്രണയത്തിന്റെ നൊമ്പരപ്പാടുകള്‍ കാവ്യകലയുടെ ജാലകപ്പഴുതിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ``പേരറിയാത്തൊരു പെണ്‍കിടാവിന്റെ നേരറിയുന്ന...'' ഒരു നിത്യകാമുകന്‍ ഒ.എന്‍.വി.യുടെ മനമെഴുത്തിലുണ്ട്‌. തപിച്ചും തളര്‍ന്നും നാട്ടുവഴിയിലും അരുവിയുടെ ഈണത്തിലും പുല്‍ക്കൊടിത്തുമ്പിലും മഞ്ഞിന്‍കണികയിലും ജീവിതത്തിന്റെ അടരുകള്‍ വായിച്ചെടുക്കുകയാണ്‌ അയാള്‍.``നിര്‍ത്താതെ നി്രദയുമില്ലാതെ, മാത്രകള്‍തെറ്റാതെ,യെത്രയോ കാലമായിങ്ങനെനിന്റെ കടുംതുടി കൊട്ടുന്നു നീ, യിങ്ങുനിന്റെയുണര്‍വിനെ തന്നെ തോറ്റുന്നു.'' - ഈ പ്രകീര്‍ത്തനങ്ങള്‍ കവിതയുടെ വെണ്‍വെളിച്ചമാണ്‌.

പോക്കുവെയിലിന്റെ പൊന്നാട തെറുത്തേറ്റി പോകാനൊരുങ്ങുന്ന പകലിനെയും, കൊക്കും പിളര്‍ത്തി അടുക്കുന്ന കഴുകുകള്‍ ശുദ്ധവായു വില്‍ക്കുന്നതും കവി കണ്ടെടുക്കുന്നുണ്ട്‌. ജന്മഗേഹത്തിലേക്കുള്ള വഴിതേടുന്ന പ്രവാസിയുടെ മൗനദു:ഖവും അറിയുന്നു. വിശ്വദര്‍ശനത്തിലേക്ക്‌ ഉറ്റുനോക്കുന്ന കവിക്ക്‌ കാളിദാസനും യവനദേശവും ചിത്രകലയും സംഗീതവും ക്രിസ്‌തുവും കൃഷ്‌ണനും ബുദ്ധനും മുഹമ്മദും മാര്‍ക്‌സുമെല്ലാം ജീവിതത്തിന്റെ പാഥേയമാണ്‌. അമാവാസിക്ക്‌ ഊര്‍ന്നിറങ്ങുന്ന വെളിച്ചത്തിന്റെ ഇത്തിരിക്കീറുപോലെ ഏതു സങ്കടക്കടലില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്‌, കൈത്താങ്ങായി മാറുന്നത്‌ കവിത തന്നെയാണ്‌. മലയാളത്തിന്റെ സുകൃതവും അഗ്നിസ്‌പര്‍ശമാര്‍ന്ന കവനകലയുടെ സജീവസാന്നിദ്ധ്യവുമാണ്‌ ഈ കാവ്യപഥികന്‍. കവിതയുടെ പാലാഴി തീര്‍ത്ത്‌ വാക്കിന്റെ അമരമധുരം നേദിക്കുന്ന കവിതയുടെ ഉള്‍ക്കരുത്ത്‌.ഹൃദയം പാടുന്നു രാഗാര്‍ദ്രമായ്‌

മലയാളകവിതയില്‍ ഏറ്റവും മുഴക്കമുള്ള ശബ്‌ദമാണ്‌ ഒ.എന്‍.വി. 1949-ല്‍ തൃശ്ശൂരില്‍ നടന്ന പുരോഗമന സാഹിത്യ സമ്മേളനത്തില്‍ കവിതയ്‌ക്കുള്ള ചങ്ങമ്പുഴ പുരസ്‌കാരം വാങ്ങിക്കൊണ്ടായിരുന്നു ഒ.എന്‍.വി. കാവ്യസപര്യയുടെ മുഖ്യപഥത്തിലെത്തിയത്‌. അന്ന്‌ മലയാള കവിത ചങ്ങമ്പുഴയുടെ മാസ്‌മര സ്വാധീനത്തിലായിരുന്നു.എഴുതി മുന്നേറുന്നവര്‍ക്ക്‌ വഴിവിളക്കായി ചങ്ങമ്പുഴയുടെ നിതാന്ത സാന്നിദ്ധ്യമുണ്ടായിരുന്നു. സ്വാഭാവികമായും ഒ.എന്‍.വി.യും ചേര്‍ന്നുനിന്നത്‌ ചങ്ങമ്പുഴയുടെ തട്ടകത്തിലാണ്‌. എന്നാല്‍, ചങ്ങമ്പുഴയെ അതിശയിക്കുന്ന സംഗീതാത്മകത ഒ.എന്‍.വി.യെ വേറിട്ടുനിര്‍ത്തുകയായിരുന്നു. നാടകഗാനങ്ങളും വിപ്ലവകവിതകളും വായനാലോകത്ത്‌ ഒ.എന്‍.വി.ക്ക്‌ ഏറെ പ്രചാരം നേടിക്കൊടുത്തു.

ചങ്ങമ്പുഴക്കവിതയുടെ അതിഭാവുകത്വമോ, വാചാലതയോ, ആവര്‍ത്തനവിരസതയോ ഒ.എന്‍.വി.യുടെ രചനകളില്‍ തങ്ങിനിന്നിരുന്നില്ല. പ്രതിഭയുടെ കരുത്തും ഉര്‍വരതയും ഒ.എന്‍.വി.യുടെ വാക്കിലും താളത്തിലും അന്തര്‍ധാരയായി. മനുഷ്യവേദനയെ ഒപ്പിയെടുക്കുന്ന സംഗീതമായി ഒ.എന്‍.വി.ക്കവിത എളുപ്പം വഴിമാറി. ആര്‍ദ്രഹൃദയം ഈ കവിയുടെ വലിയ സിദ്ധിയാണ്‌. പ്രത്യയശാസ്‌ത്രത്തിന്റെ അനുഗാതാവായിട്ടും വാചാലതയും ബഹുരംഗസ്‌പര്‍ശിത്വവും ഒ.എന്‍.വി.യെ അലോസരപ്പെടുത്തിയില്ല.നിസ്വവര്‍ഗത്തോടുള്ള അഭിജാതമായ ആഭിമുഖ്യം ഒ.എന്‍.വി.യുടെ വാക്കിലും പൊരുളിലും തുടിച്ചുനിന്നു. സൗന്ദര്യപരമായ പരിണാമം കാവ്യലോകത്ത്‌ അനുഭവപ്പെടുത്തുന്നതില്‍ ഒ.എന്‍.വി.യോളം വൈദഗ്‌ധ്യം പ്രകടിപ്പിച്ച എഴുത്തുകാര്‍ മലയാളത്തില്‍ കുറവാണ്‌. വേദന കണ്ട്‌ ആത്മാവിലൂറിയ വേദാന്തവും നീര്‍ച്ചാലുകളുമാണ്‌ ഒ.എന്‍.വി.യുടെ കവിത. അത്‌ മനസ്സില്‍ ആഴത്തില്‍ പതിയുന്നു. അനുഭവധാരകളുടെ ഇരമ്പം തീര്‍ക്കുന്ന ഒ.എന്‍.വി.യുടെ വരികള്‍ വായനയുടെ ഭൂമികയില്‍ `സന്ധ്യതന്‍ ചുംബനമുദ്രയായ്‌, നിര്‍വൃതി സ്‌പന്ദനമായ്‌'- വിടര്‍ന്നു നില്‍ക്കുന്നു.കാല്‍പ്പനിക കവിതയുടെ നിത്യഭാസുരമുഖമാണ്‌ ഒ.എന്‍.വി.യുടെരചനകളില്‍ തിളങ്ങിനില്‍ക്കുന്നത്‌. എല്ലാ പ്രതിബദ്ധതകള്‍ക്കും അതീതമായി കലാപരമായ ചാരുത നേദിക്കുന്ന അംശമായി കാല്‍പ്പനികത ഒ.എന്‍.വി.യുടെ കവിതകളിലുണ്ട്‌. അതുകൊണ്ടാണ്‌ കവി വിചാരരമണീയതയെ അതിക്രമിക്കുന്ന വികാരതരളത അനുഭവപ്പെടുന്നത്‌.

വാക്കിന്റെ ഇണക്കത്തില്‍ സൂക്ഷ്‌മമായ ജീവിതസത്യത്തിന്റെ ആവിഷ്‌കാരമാണ്‌ ഒ.എന്‍.വി. സാധിച്ചെടുക്കുന്നത്‌. കാലദേശഭേദമില്ലാതെ കവിതയെ സാമാന്യമായി സ്‌പര്‍ശിക്കുന്ന വസ്‌തുതയുമാണത്‌. `നരനായിങ്ങനെ' എന്ന കവിതയില്‍ മനുഷ്യ ദു:ഖങ്ങളെ പാടിയതിന്‌ ശാസ്‌ത്രസംഭാവനകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രഭാഷകന്റെ ചിത്രത്തിന്‌ താഴെ അച്ഛന്‍ അത്താഴമുണ്ണാനുഴക്കരിയുമായെത്തുന്നത്‌ കാത്തുകഴിയുന്ന പിഞ്ചുകിടാവിന്റെ ചിത്രം ഒ.എന്‍.വി. വരച്ചിട്ടുണ്ട്‌. ലോകം നരകവാരിധിയാക്കാന്‍ എത്ര എളുപ്പമാണെന്ന്‌ കവി സൂചിപ്പിക്കുകയാണിവിടെ. താന്‍ പോറ്റിവളര്‍ത്തിയ കിളി യജമാനന്റെ തീന്‍മേശയില്‍ വിഭവമായി തീരുന്നത്‌ കണ്ട്‌ നെഞ്ചകം പിളരുന്ന ചെറുമിയുടെ ചിത്രവുമുണ്ട്‌ കവിതയില്‍. ദു:ഖത്തിന്റെ വെയിലാറുന്ന കവി മനസ്സില്‍ പൂവിരിയുന്ന സന്ദര്‍ഭവും ഒ.എന്‍.വി.യുടെ കാവ്യപഥത്തിലുണ്ട്‌.തപ്‌തദു:ഖത്തിന്റെ തണലിലിരുന്ന്‌ ഭൂതഭാവികളെ ഇരുപുറത്തുംവച്ച്‌ നോക്കിക്കാണുന്ന കവിയെ `മധ്യാഹ്നഗീത'ത്തില്‍ കാണാം. നിഴലിനെ സംബോധനചെയ്‌ത്‌ സ്വയം വെളിപ്പെടുന്ന കവിമനസ്സ്‌ `ആവു നട്ടുച്ചയായ്‌' എന്ന്‌ ഉള്‍ക്കിടിലത്തോടെ നിഴലിനെ ആശ്വസിപ്പിക്കുന്നു. `കരയേണ്ട' എന്നും തന്റെ തപ്‌ത പാദങ്ങളില്‍ തന്നെ തലചായ്‌ച്ചുകൊള്‍ക എന്ന്‌ സാന്ത്വനിപ്പിക്കുന്നു. ഹരിതസ്‌മൃതികളും കൗതുകങ്ങളുടെ മുത്തുക്കുടകളും ശീതളസ്വപ്‌നങ്ങളും തൊട്ടുരുമ്മിനില്‍ക്കുന്ന ജീവിതത്തിന്റെ ഇടവേളകളില്‍ വിശ്രമിക്കുകയും ആറിത്തണുക്കാത്ത ദു:ഖങ്ങള്‍ നീട്ടിത്തരുന്ന ഗ്രീഷ്‌മപുഷ്‌പങ്ങളില്‍ മധുനുകര്‍ന്നും നിലക്കൊള്ളുന്നു.മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമായ ജ്വാലാ കലാപത്തെ വാക്കില്‍ നിറയ്‌ക്കുന്ന കവിയാണ്‌ ഒ.എന്‍.വി. `കോതമ്പുമണി'കളിലെ പേരറിയാത്ത പെണ്‍കിടാവിന്റെ നേരറിയുന്ന കവി ശാമ്യമായ അസ്വാസ്ഥ്യം അനുഭവപ്പെടുത്തുന്നു. `ഞങ്ങളിലെ സൂര്യന്‍ കെട്ടുപോയ്‌' എന്നിങ്ങനെ `സൂര്യഗീത'ത്തില്‍ ചാന്ദ്രശിലകളെപ്പോലും കണ്ണീരില്‍ നനയ്‌ക്കുന്നു.

തന്റെ പ്രിയപ്പെട്ട ഭൂമിക്കും ഇതേ അനുഭവം ഉണ്ടാകുമോ എന്ന്‌ സന്ദേഹിച്ച്‌ `ഭൂമിക്കൊരു ചരമഗീതം' എഴുതിത്തീര്‍ക്കുകയും ചെയ്‌തു.സര്‍വനഷ്‌ടത്തിന്റെ കനത്തഭാരം നെഞ്ചുകൊണ്ടറിയുന്ന എഴുത്തുകാരനെ ഒ.എന്‍.വി.യുടെ അക്ഷരഖനിയില്‍ കണ്ടെത്താം. അപ്പോഴും കടല്‍ക്കാറ്റില്‍ നിലവിളിയും, മണ്ടചീയുന്ന തെങ്ങിന്‍ നിരയില്‍ ദൈന്യവും, ഞണ്ടുകളുടെ കാലില്‍ ചതിയന്ത്രവും, ചന്ദനമരത്തില്‍ വിഷപ്പത്തിയും, പൊന്തക്കുള്ളില്‍ പതിയിരിക്കുന്ന ഭയവും കണ്ടു നടുങ്ങാതിരിക്കാന്‍ ഈ കവിക്ക്‌ കഴിയുന്നില്ല.``തമസ്സില്‍ തുരുമ്പിച്ച കൂടാരമൊന്നില്‍തളച്ചിട്ട ദുഃഖങ്ങള്‍, ഞങ്ങള്‍'' എന്നിങ്ങനെ തിരിച്ചറിവിന്റെ തീക്ഷ്‌ണതയോടൊപ്പം മൃത്യുബോധത്തിന്റെ അകപ്പൊരുളും ഒ.എന്‍.വി. പകരുന്നു. ഇരുണ്ട സത്യങ്ങളും മര്‍തൃവീര്യവും ബൈബിളിന്റെ അകത്തളവും കവിതയുടെ നീരുറവയായി മാറ്റുന്നതില്‍ ഒ.എന്‍.വി. കാണിക്കുന്ന കലാത്മകത അന്യാദൃശ്യമാണ്‌.

ജീവിത വൈചിത്ര്യങ്ങളെ `പാഥേയ'മായി പൊതിഞ്ഞെടുത്ത്‌ യാനം നടത്തുന്ന ഒ.എന്‍.വിയുടെ മനസ്സ്‌ സംഗീതത്തിന്റെ വിശാലതയില്‍ ചേര്‍ന്നുനില്‍ക്കുന്നു. അത്‌ ഈടുവെപ്പായി, സര്‍ഗാത്മകതയുടെ അമൃതവര്‍ഷമായി മലയാളത്തിന്റെ കാവ്യരേഖയില്‍ വേരുകളാഴ്‌ത്തി, തലയുയര്‍ത്തി നില്‍ക്കുകയാണ്‌. അമരഗീതത്തിന്റെ ഹൃദയധ്വനിയായി.വാക്കിന്റെയും യാത്രയുടെയും അടയാളമാണ്‌ കവിത. കവിയുടെ വെളിപാടിന്റെ മുദ്രയും മണ്ണിന്റെ മണവും മനുഷ്യശക്തിയും ഇഴചേര്‍ന്നുനിലല്‍ക്കുന്ന ഭാഷയുടെ അമൃതകുംഭങ്ങളാണ്‌ ഈടുറ്റ കവിതകള്‍. സ്‌നേഹത്തിന്റെ നാനാര്‍ത്ഥവും സ്‌നേഹിച്ചുതീരാത്ത ഒരാത്മാവിന്റെ ആലാപവിലാപങ്ങളും മാനവികതയുടെ വ്യംഗ്യമാധുരിയൂറുന്ന സല്ലാപങ്ങളുമാണവ. മഹത്തായ കവിതകളുടെ അര്‍ത്ഥവും ഈണവും നിറഞ്ഞുനില്‍ക്കുന്ന മുഴക്കമുള്ള ഒരു ശബ്‌ദം മലയാളത്തിലുണ്ട്‌; ഒ.എന്‍.വി. ചങ്ങമ്പുഴക്കളരിയില്‍ പൂത്തും തളിര്‍ത്തും പന്തലിച്ച കാല്‍പ്പനികകവി.

മനുഷ്യവേദനയൊപ്പിയെടുക്കാന്‍ പോന്ന ആര്‍ദ്രമായ ഹൃദയം ഈ എഴുത്തുകാരന്റെ സവിശേഷതയാണ്‌. നടന്നുപോയ വഴികളത്രയും സംഗീതാത്മകരക്തം പൊടിഞ്ഞുനിന്ന വിപ്ലവകവിത. അര്‍ത്ഥാവബോധം വേണ്ടുവോളം നിറയുന്ന ഭൂമിഗീതങ്ങള്‍. പ്രതിഭയുടെ കരുത്തും ഉര്‍വരതയുമലങ്കരിക്കുന്ന കാവ്യതല്ലജങ്ങളുടെ ശില്‍പ്പപരമായ പൂര്‍ണ്ണതയാണ്‌ ഒ.എന്‍.വി.ക്ക്‌ കവിത.`ഏകാന്തതയുടെ അമാവാസിയില്‍ എനിക്കു കൈവന്ന ഒരു തുള്ളി വെളിച്ചമാണ്‌ കവിത' - എന്ന്‌ പേരിട്ടുവിളിച്ചുകൊണ്ട്‌ കവിതയെ ജീവിതത്തിലേക്ക്‌ ക്ഷണിച്ചിരുത്തിയ കവിഹൃദയം പാടുന്നു: `കരളിലിന്നുമിടയ്‌ക്ക പാടുന്നൂ-വീണക്കിടാവുംഒരു കടുംതുടി പുള്ളിക്കുടവും!- (സ്‌മൃതിതാളങ്ങള്‍). ***`എന്നെന്നും വിടര്‍കണ്ണാല്‍കാണട്ടേ നിന്നെ! സ്‌നേഹ-മെന്ന സത്യമേ! നിന്നെസ്‌നേഹിപ്പേന്‍, നീയെന്‍ പാതി'-(സ്‌നേഹത്തെക്കുറിച്ചൊരു ഗീതം).കാല്‍പ്പനികതയുടെ നിത്യഭാസുരതയില്‍ ഇണങ്ങിയും പിണങ്ങിയും നില്‍ക്കുന്ന ആത്മവേദന ഒ.എന്‍.വി.ക്കുണ്ട്‌. പരമദുഃഖത്തിന്റെ ചുട്ടുപൊള്ളിക്കുന്ന സാന്നിദ്ധ്യവും മറ്റൊരാളുടെ നിദ്രയ്‌ക്ക്‌ കാവലിരിക്കാനുള്ള സൗമ്യമനസ്‌കതയും. ദൈന്യതയില്‍ പൂക്കുന്ന വനജ്യോത്സന, ജീവിതത്തിന്റെ കയ്‌പുനീര്‌ വാറ്റി മധുരമാക്കുന്ന രാസവിദ്യയില്‍ കത്തിയെരിയുന്ന സൂര്യനും ഓര്‍മ്മയില്‍ പൊതിഞ്ഞ ശീതളഛായയുമുണ്ട്‌. കവിയുടെ കൊച്ചുകൊച്ചു മൊഴികളില്‍ ചിതറിക്കിടക്കുന്ന ജീവിതദര്‍ശനം മാനവികതയുടെ തലങ്ങളിലേക്ക്‌ വളര്‍ന്നുയര്‍ന്നുനില്‍ക്കുന്നു. അധികാരത്തിനും ധിക്കാരത്തിനുമെതിരെ നിലകൊള്ളുന്നു.

ഇതിഹാസങ്ങളുടെ ചാരുതയില്‍ തീര്‍ത്ത കൃതികളില്‍ വര്‍ത്തമാനകാലത്തിന്റെ നീറ്റല്‍ അനുഭവപ്പെടുന്നു. മരണവും വിരഹവും ഒ.എന്‍.വി.യുടെ കവിതകളില്‍ പലപ്പോഴും കൂടുവച്ചിട്ടുണ്ട്‌. യാത്രാമൊഴിയുടെ വര്‍ണ്ണപ്പകര്‍ച്ചയും കണ്ണീരുവാറ്റി ഉപ്പായി ഉരുവമെടുക്കുന്ന കവിതകള്‍ നേഞ്ചേറ്റിനില്‍ക്കുന്ന ഒ.എന്‍.വി.യുടെ മുപ്പതിലധികം കൃതികള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. `അഗ്നിശലഭങ്ങള്‍ക്ക്‌' കേരള സാഹിത്യ അക്കാദമി അവാര്‍ഡും `ഉപ്പി'ന്‌ വയലാര്‍ അവാര്‍ഡും സോവിയറ്റ്‌ലാന്റ്‌ നെഹ്‌റു അവാര്‍ഡും `കറുത്ത പക്ഷിയുടെ പാട്ടി'ന്‌ പന്തളം കേരളവര്‍മ്മ പുരസ്‌കാരവും `ഭൂമിക്ക്‌ ഒരു ചരമഗീത'ത്തിന്‌ വിശ്വദീപ്‌തി പുരസ്‌കാരവും `ശാര്‍ങ്‌ക പക്ഷികള്‍'ക്ക്‌ ഉള്ളൂര്‍ അവാര്‍ഡും ആശാന്‍ പ്രൈസും `മൃഗയ'ക്ക്‌ ഓടക്കുഴല്‍ അവാര്‍ഡും `അപരാഹ്ന'ത്തിന്‌ ആശാന്‍ പ്രൈസും ലഭിച്ചിട്ടുണ്ട്‌. സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്‌ 1992-ല്‍ എം.കെ.കെ. നായര്‍ അവാര്‍ഡും 1995-ല്‍ ജോഷ്വാ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്‌. ചലച്ചിത്ര ഗാനരചനയ്‌ക്ക്‌ പന്ത്രണ്ട്‌ തവണ കേരളസംസ്ഥാന അവാര്‍ഡും 1989-ല്‍ ദേശീയ അവാര്‍ഡും 1998-ല്‍ പത്മശ്രീയും 2007-ല്‍ കേരള സര്‍വ്വകലാശാലയുടെ ഡോക്‌ടറേറ്റും 2008-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും നേടിയ ഒ.എന്‍.വി.ക്ക്‌ 2007-ലെ ജ്ഞാനപീഠ പുരസ്‌കാരം നല്‍കി രാഷ്‌ട്രം ആദരിച്ചു. 1931-ല്‍ കൊല്ലം ജില്ലയില്‍ ചവറയിലാണ്‌ ഒ.എന്‍.വി. (ഒറ്റപ്ലാക്കല്‍ നീലകണ്‌ഠന്‍ വേലുക്കുറുപ്പ്‌) ജനിച്ചത്‌.

Friday, October 01, 2010

മലയാളത്തിന്റെ കാലവിജയം


ഭാഷയും കവിതയും മലയാളിക്ക്‌ അല്‍ഭുതവും അവിശ്വസനീയതയും ജനിപ്പിക്കുന്ന പ്രതിഭാസങ്ങളായിക്കൊണ്ടിരിക്കുമ്പോഴാണ്‌ ഒ. എന്‍. വി. കുറുപ്പിന്‌ 2007-ലെ ജ്ഞാനപീഠം നല്‍കി രാഷ്‌ട്രം ആദരിച്ചത്‌. ജീവിതത്തിന്റെ ലാഭഛേദങ്ങള്‍ നിര്‍ണയിക്കാനാവാത്ത ഭാഷയുടെ `ഓട്ടെക്കൈ'യായി മലയാളകവിത പരിണമിച്ചുക്കൊണ്ടിരിക്കുന്നു. അഥവാ കവിതയെ അങ്ങനെയൊരു തലത്തിലേക്ക്‌ ഇറക്കിക്കെട്ടുമ്പോഴാണ്‌ ഒ. എന്‍. വി.ക്ക്‌ ഭാരതത്തിന്റെ സ്‌നേഹാദരം. കേരളീയജീവിതത്തിന്റെ നഷ്‌ട സൗഭാഗ്യങ്ങളെയും പ്രകൃതിയെയും കവിതയില്‍ പ്രതിഫലിപ്പിക്കുന്ന കവി പരമോന്നത ദേശീയ സാഹിത്യ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌ മലയാളഭാഷ ക്ലാസിക്കല്‍ പദവിക്കുവേണ്ടി പൊരുതിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ്‌. മലയാളികളെ അവരെന്തെന്നു തിരിച്ചറിയാന്‍ എക്കാലവും സഹായിക്കുന്ന സ്വത്വബോധത്തിന്റെ പ്രതീകമെന്ന നിലയിലാണ്‌ മലയാളകവിത നിലകൊള്ളുന്നത്‌.
നമ്മുടെ നാടും അതിലെ സസ്യജാലങ്ങളും ജന്തുജാലങ്ങളും ഗോത്രസമ്പത്തും ഉത്സവങ്ങളും ആചാരങ്ങളും ദേശീയപോരാട്ടങ്ങളും ഐക്യമുന്നേറ്റങ്ങളും എന്തായിരുന്നു എന്നറിയാന്‍ മലയാളികള്‍ക്ക്‌ തിരിഞ്ഞുനോക്കാവുന്ന ഒരിടമാണ്‌ ഒ. എന്‍.വി.യുടെ കാവ്യലോകം.രുചിയുടെയും ഗന്ധത്തിന്റെയും സംഗീതത്തിന്റെയും സ്‌നേഹത്തിന്റെയും വൈവിധ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം മരവിച്ചുപോയ പുതിയകാലത്തിന്റെ ഇന്ദ്രിയങ്ങള്‍ക്ക്‌ ഒ. എന്‍. വി.യുടെ കവിത വിഭാവന ചെയ്യുന്ന ആര്‍ദ്ര സങ്കീര്‍ത്തനങ്ങള്‍ ഒരല്‍ഭുതമാവും. ഊര്‍വരതയേക്കാള്‍ വരള്‍ച്ചയുടെ നോവും, ഒറ്റുപ്പെടിലിനേക്കാള്‍ സംഘബോധവുമാണ്‌ ഒ. എന്‍. വി.യുടെ കവിതയില്‍ പതിഞ്ഞുനില്‍ക്കുന്നത്‌. ദു:ഖത്തിന്റെ ഭാവഭേദങ്ങള്‍ നിവര്‍ത്തിയാടുന്ന മയൂരം പോലെ ഒ. എന്‍. വി. യുടെ കവിതയില്‍ ശ്യാമമൗനം ഉണര്‍ന്നിരിക്കുന്നു. മകരനിലാവിന്റെയും ധനുമാസ രാവിന്റെയും വ്യത്യസ്‌താനുഭൂതികള്‍ വരച്ചിടുന്നു. പ്രകൃതിക്കുനേരെ നടക്കുന്ന കൈയേറ്റത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നു. ഭൂമിക്കൊരു ചരമഗീതവും സൂര്യഗീതവും കറുത്തപക്ഷിയുടെ പാട്ടും വളപ്പൊട്ടുകളും കവിമനസ്സില്‍ തിരതല്ലിയാര്‍ക്കുന്നു. പ്രകൃതിയില്‍ മനുഷ്യഭാവവും മനുഷ്യനില്‍ പ്രകൃതിഭാവവും ആരോപിക്കുന്നത്‌ ഒ. എന്‍. വി. യുടെ രചനകളില്‍ കാണാം.
അസഹിഷ്‌ണുതയുടെയും വിഭാഗീയതയുടെയും അഴുക്കുവെള്ളം നമ്മുടെ ജീവിതത്തില്‍ കെട്ടിക്കിടക്കുന്നു. അതുകൊണ്ടാണ്‌ സാഹിത്യത്തില്‍ നിലവാരത്തകര്‍ച്ച സംഭവിച്ചുക്കൊണ്ടിരിക്കുന്നത്‌. ഇത്തരം വിഷയങ്ങള്‍പോലും ഒ. എന്‍. വി.യുടെ കവിതകളില്‍ അടയാളപ്പെടുന്നുണ്ട്‌. ഓര്‍മ്മ, വിവരണം, പ്രതികരണം, സാമൂഹിക ജീവിതചിത്രങ്ങള്‍ എന്നിവയെപ്പറ്റി തന്നോടുതന്നെയും കാലഘട്ടത്തോടും ഒരാള്‍ നടത്തുന്ന ആത്മസംവാദങ്ങളും നിരീക്ഷണങ്ങളുമാണ്‌ ഒ. എന്‍. വി.യുടെ കാവ്യാഖ്യാനങ്ങള്‍. മലയാളത്തിന്റെ പച്ചത്തുരുത്തില്‍ പചിച്ചെടുത്ത കവിതയുടെ ഉപ്പുകൊണ്ട്‌ ഭാരതത്തിനും ലോകത്തിനു കൂടെ സംസ്‌കാരികദൗത്യം നിര്‍വ്വഹിക്കുകയാണ്‌ ഈ കവി. ലോകത്തിന്റെ വര്‍ത്തമാനഗതി സ്വാര്‍ത്ഥതയിലേക്ക്‌; അശാന്തിയിലേക്കാണ്‌. കലാപഭരിതമായ ഈ കാലത്തിനു ഒ. എന്‍. വി. പകരുന്നത്‌ ആത്മശാന്തിയുടെ അമൃതാക്ഷരങ്ങളാണ്‌. വീണ്ടും വീണ്ടും നമ്മിലേക്കും, സ്‌നേഹത്തിലേക്കും തിരിച്ചെത്താന്‍ ക്ഷണിക്കുകയാണ്‌. അനുഭവത്തിന്റെ നേര്‍ക്കാഴ്‌ചകളും ദേശത്തിന്റെ മുദ്രകളും നിറഞ്ഞ വരികളിലൂടെ. അതാകട്ടെ കാലം ചെല്ലുന്തോറും കനം വയ്‌ക്കുന്ന ഉള്‍നിറവാണ്‌. കാപട്യമില്ലാത്ത മൂല്യദര്‍ശനവും.``എന്നെയും പെറ്റുവളര്‍ത്തിയോരിക്കരി-മണ്ണില്‍ പൊടിച്ച പുല്ലിന്‍-മിഴിത്തുമ്പിലും എന്റെ കണ്ണീര്‍ക്കണമല്ലീ,യതിന്‍-തുടുപ്പെന്റെ, രക്താണുക്കളല്ലീ,യതിനെയും-മറവിയായി മായ്‌ക്കുവതെന്നേ...' ഇങ്ങനെ ചെടിയുടെയും തന്റെയും കണ്ണുനീര്‍ ഓന്നാണെന്ന തിരിച്ചറിവിന്റെ വെളിച്ചമാണ്‌ ഒ. എന്‍. വി. യുടെ പദസംഗീതം. മലയാളഭാഷയുടെ സുകൃതവും സാഗരഗീതവും ഇഴചേര്‍ന്ന സംസ്‌കാരത്തിന്റെ കണ്ണാടി. രാജ്യം കവിയെ ആദരിച്ചതിലൂടെ മലയാളഭാഷയും ഒരിക്കല്‍കൂടി പരമോന്നത ദേശീയ സാഹിത്യപുരസ്‌കാര പീഠത്തിലേറി.

ചിതയിലെ വെളിച്ചം

മലയാളഭാഷയില്‍ സര്‍ഗാത്മകമൗനം അപഗ്രഥിച്ചെടുത്ത എഴുത്തുകാരനെക്കുറിച്ച്‌ ഓര്‍മ്മയുണര്‍ത്തുന്നതാണ്‌ ഈ വാരം. പ്രത്യയശാസ്‌ത്രത്തിന്റെ അസഹ്യ നിലപാടുകളോടും ജീവിതസാഹചര്യത്തോടും നിരീക്ഷണത്തിന്റെ ഉഷ്‌ണമാപിനിയുമായി പോരടിച്ച പ്രൊഫസര്‍ എം. എന്‍. വിജയന്‍ ഓര്‍മ്മയായിട്ട്‌ മൂന്ന്‌ വര്‍ഷം തികയുന്നു ഒക്‌ടോബര്‍ മൂന്നിന്‌. സ്വാഭിപ്രായം മൂടിവയ്‌ക്കാതെ വാക്കുകളെ കൊടുങ്കാറ്റാക്കിമാറ്റിയ വിജയന്‍ മാഷുടെ ചെറുത്തുനില്‍പ്പുകള്‍ ലക്ഷ്യസ്ഥാനത്ത്‌ ചെന്നുതറച്ചുകൊണ്ടിരിക്കുന്നു. വാക്കുകള്‍ക്കിടയില്‍ അദ്ദേഹം കാത്തുസൂക്ഷിച്ച മൗനങ്ങള്‍ക്ക്‌ കാവ്യാത്മതയുടെ തീക്ഷ്‌ണതയുണ്ടായിരുന്നു. മുഖ്യവ്യവസ്ഥയെ, പ്രത്യയശാസ്‌ത്രച്യുതിയെ ചോദ്യം ചെയ്‌ത്‌ നിര്‍മമതയോടെ നിലപാടെടുത്തു. പ്രതിലോമ ചിന്തകളെ പ്രകോപിപ്പിച്ചിരുത്തി.
വാക്കുകള്‍ ജീവിതത്തിന്റെ പര്യായമാക്കിയ എം. എന്‍. വിജയന്‍ സാമൂഹികമായ ഇടര്‍ച്ചകളുടെ ആഴം ചൂണ്ടിക്കാണിച്ചു. സാമൂഹികശാസ്‌ത്രത്തിന്റെയും മനോദര്‍ശനത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്ന സാംസ്‌കാരിക വിമര്‍ശനമായിരുന്നു വിജയന്‍ മാഷുടേത്‌. ആശയത്തിലും വിശദീകരണത്തിലും അദ്ദേഹത്തിനുമാത്രം സാധിക്കാവുന്ന കൈയൊതുക്കവും വേറിട്ടുനില്‍ക്കുന്നു. ശില്‍പവടിവോടെ അദ്ദേഹം പ്രഭാഷണങ്ങളും രചനകളും വാക്കുകളും പൂര്‍ണ്ണതയിലെത്തിച്ചു. കണിശമായ കാഴ്‌ചപ്പാടുകളോടെ ഇടതുപക്ഷത്തിന്റെ ആശയപരമായ പാപ്പരത്തങ്ങളും ജീര്‍ണതകളും വിജയന്‍ മാഷ്‌ ധ്വനിപ്പിച്ചു. അത്‌ ആകുലതകള്‍ നിറഞ്ഞ കാലത്ത്‌ ശക്തമായ മുന്നറിയിപ്പുകളായിരുന്നു. കുറുകിയൊഴുകിയ വിജയവാണികള്‍ ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഊറ്റാണ്‌. ഏതു വരള്‍ച്ചയിലും എളുപ്പം വറ്റിപ്പോക്കാത്ത അനുഭവക്കിണറുകള്‍; ഓര്‍മ്മച്ചെപ്പുകളാണ്‌ വിജയന്‍ മാഷ്‌ അടയാളപ്പെടുത്തിയത്‌ -ചന്ദ്രിക (29/9/10)

Wednesday, July 21, 2010

ഉണ്ണികളെ ഇതിലെ ഇതിലെ

കുഞ്ഞുമനസ്സുകളിലേക്ക്‌ ജീവിതത്തിന്റെ മൂല്യവത്തായ ആശയങ്ങള്‍ അടയാളപ്പെടുത്തുകയാണ്‌ ബാലസാഹിത്യ കൃതികള്‍. നന്മ-തിന്മകള്‍ വേര്‍തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്‌തരാക്കുന്ന പുസ്‌തകങ്ങളുടെ വായന ശക്തമായ അനുഭവമാണ്‌. മികച്ച വായനാനുഭവങ്ങളിലേക്ക്‌ ബാലമനസ്സുകളെ കൂട്ടിക്കൊണ്ടുപോകുന്ന പത്തുപുസ്‌തകങ്ങളാണ്‌ മാതൃഭൂമി ബുക്‌സ്‌ ബാലസാഹിത്യമാല വിഭാഗത്തില്‍ പുതുതായി പ്രസിദ്ധീകരിച്ചത്‌. മഹാകവികളുടെ ബാലകവിതകള്‍ (സമാഹരണം: മലയത്ത്‌ അപ്പുണ്ണി) എന്ന പുസ്‌തകത്തില്‍ മലയാളത്തിലെ വിഖ്യാതരായ കവികള്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ കവിതകളാണ്‌. തുഞ്ചത്ത്‌ എഴുത്തച്ഛന്‍ മുതല്‍ പള്ളത്ത്‌ രാമന്‍ വരെ കവികളുടെ നിരയിലുണ്ട്‌. ചൊല്ലി രസിക്കാനും അറിവ്‌ നേടാനും പ്രയോജനപ്പെടുന്ന കൃതി. മഹാകവി അക്കിത്തം എഴുതിയ ഈ ഏടത്തി നൊണേ പറയൂ എന്ന കൊച്ചുനാടകത്തില്‍ നാട്ടിന്‍പുറത്തെ തറവാടിന്റെ കഥ പറയുന്നു. വിദ്യാലയവും കൂട്ടുകാരും ആഘോഷങ്ങളും ഹൃദ്യമായി ഈ പുസ്‌തകത്തിലുണ്ട്‌.
അയല്‍വാസികളും സഹപാഠികളുമായ ഗോപിയുടെയും ഗീതയുടെയും വീട്ടകാര്‍ തമ്മിലുള്ള പിണക്കത്തിന്റെയും ഇണക്കത്തിന്റെയും കഥയാണ്‌ യു. എ. ഖാദറിന്റെ ഇളം മനസ്സിലെ തിളക്കം എന്ന നോവലില്‍ ആവിഷ്‌കരിക്കുന്നത്‌.ബാലാമണിയമ്മയുടെ വള എന്ന പുസ്‌തകത്തില്‍ ഏഴുകഥകളുണ്ട്‌. സ്‌നേഹവും കനിവും സൂത്രവും എല്ലാം വിഷയങ്ങളാകുന്ന കഥകളാണിത്‌. കുഞ്ഞുമനസ്സുകള്‍ക്ക്‌ ഭാവനയുടെ ചിറകുകള്‍ നല്‍കുകയാണ്‌ ഈ കഥകള്‍. പൊന്‍കുന്നം വര്‍ക്കിയുടെ നല്ല അവസരങ്ങള്‍ കുട്ടികളെ സ്‌നേഹത്തിന്റെയും നന്മയുടെയും ലോകത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്ന കഥ പറയുന്നു. കൊച്ചുകുട്ടി കുടുംബത്തിനു വേണ്ടി ചെയ്യുന്ന ത്യാഗങ്ങളുടെ വിവരണം ഭംഗിയായി കഥാകാരന്‍ അവതരിപ്പിക്കുന്നുണ്ട്‌.
സിപ്പി പള്ളിപ്പുറത്തിന്റെ മാന്ത്രിക മയില്‍ രസകരമായ കഥകളുടെ സമാഹാരമാണ്‌. മാന്ത്രിക മയില്‍, മത്തങ്ങാ ഭൂതം, ആനക്കുട്ടിയുടെ അഹങ്കാരം തുടങ്ങി ഇരുപത്തിയഞ്ച്‌ കഥകളാണ്‌ ഈ പുസ്‌തകത്തില്‍. കളിയും ചിരിയും നിറഞ്ഞ ഒരു യാത്രയിലൂടെ വനക്കാഴ്‌ചയാണ്‌ മൃഗങ്ങളുടെ സിനിമാ ഷൂട്ടിംഗ്‌ എന്ന കൃതിയില്‍. സിപ്പി പള്ളിപ്പുറം കാടിന്റെ അകത്തളത്തിലെ കൗതുകകരമായ വിവരണങ്ങള്‍ നല്‍കുന്നു. കുറുക്കനും പക്ഷികളും മറ്റും നമ്മുടെ കണ്‍വെട്ടത്തില്‍ നിറയുന്നു. പ്രസിദ്ധ സാഹിത്യകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ അഞ്ചു കഥകളാണ്‌ ഹാപ്പി പ്രിന്‍സില്‍. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും വായിച്ചു രസിക്കാനും വിജ്ഞാനം നുകരാനും ഈ കഥകള്‍ ഉപകരിക്കും. നന്മയുടെ ഗുണപാഠമാണ്‌ ഓസ്‌കാര്‍ വൈല്‍ഡ്‌ അടയാളപ്പെടുത്തുന്നത്‌.
പ്രശസ്‌തരായ കുറെ വ്യക്തികള്‍ അവരുടെ അധ്യാപക- വിദ്യാര്‍ത്ഥി ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്‌ അക്‌ബര്‍ കക്കട്ടിലിന്റെ അധ്യയനയാത്ര എന്ന പുസ്‌തകത്തില്‍. അക്കിത്തം, നിത്യചൈതന്യ യതി, ഒ. വി. വിജയന്‍, ടി. പത്മനാഭന്‍, കുഞ്ഞുണ്ണി, സി. രാധാകൃഷ്‌ണന്‍ തുടങ്ങി നിരവധി പേര്‍ ഈ അധ്യയന യാത്രയിലുണ്ട്‌. മനോഹരവൂം വിജ്ഞാനപ്രദവുമാണ്‌ ഈ ഓര്‍മ്മപ്പുസ്‌തകം. പുനത്തില്‍ കുഞ്ഞബ്‌ദുള്ള രചിച്ച കൊച്ചുനോവലാണ്‌ അമ്മയെ കാണാന്‍. അമ്മയോടുള്ള സ്‌നേഹത്തിന്റെ ചിറകിലേറി സ്വര്‍ഗ്ഗ കവാടത്തിനു മുന്നിലെത്തുന്ന ഒരു കുട്ടി. അവന്‍ അവിടെ കണ്ട വിസ്‌മയക്കാഴ്‌ചകളാണ്‌ പുനത്തില്‍ ഹൃദ്യമായി ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്‌. ലളിത സുന്ദരമായ ശൈലിയില്‍ രചിച്ച ഈ കൊച്ചുനോവല്‍ കുട്ടികളുടെ വായനയില്‍ പ്രിയപ്പെട്ടതാകും. ഈ പുസ്‌തകങ്ങളില്‍ സഗീര്‍, കെ. സതീഷ്‌. വെങ്കി, മന്‍സൂര്‍ ചെറൂപ്പ എന്നിവരുടെ ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്‌. മലയാളത്തിലെ ബാലസാഹിത്യ വിഭാഗത്തിന്‌ മികച്ച മുതല്‍കൂട്ടാകുന്നവിധത്തിലാണ്‌ ഈ പത്തുപുസ്‌തകങ്ങളും രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. -വായന

Wednesday, July 07, 2010

രാഗലാവണ്യം പെയ്‌തൊഴിഞ്ഞു

മലയാളിക്ക്‌ എക്കാലവും നെഞ്ചേറ്റിലാളിക്കാന്‍ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചിട്ടാണ്‌ എം. ജി. രാധാകൃഷ്‌ണന്‍ വിടപറഞ്ഞത്‌. വ്യക്തിമുദ്രയുള്ള ചലച്ചിത്ര സംഗീതത്തിന്റെ കരുത്തുറ്റ കണ്ണിയായിരുന്നു എം. ജി. രാധാകൃഷ്‌ണന്‍. `തമ്പ്‌' (1978)എന്ന ചിത്രത്തില്‍ നിന്നാരംഭിച്ച്‌ `അനന്തഭ്രദ്ര'ത്തില്‍ (2005) അവസാനിച്ച ആ സംഗീതയാത്ര മലയാള സംഗീതചരിത്രത്തിന്റെ സുവര്‍ണ്ണരേഖകള്‍കൂടിയാണ്‌. ലളിതഗാനങ്ങള്‍, ശാസ്‌ത്രീയസംഗീതം, നാല്‌പതിലധികം ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനം എന്നിങ്ങനെ വിവിധതലത്തില്‍ രാധാകൃഷ്‌ണന്റെ സംഗീതയാത്ര ശ്രോതാക്കളുടെ ആത്മാവില്‍ തൊട്ടുനില്‍ക്കുന്നതാണ്‌.

കര്‍ണ്ണാടക സംഗീതത്തിന്റെ രാഗഭാവങ്ങളും ലളിതസംഗീതത്തിന്റെ ലാവണ്യവും ഇഴചേര്‍ത്തു രാധാകൃഷ്‌ണന്‍. കേരളീയ സംഗീതപരിസരവും നാടോടിത്തവും വാഴ്‌ത്താരികളുടെ താളവും എം. ജി.യുടെ ഗാനങ്ങളുടെ സവിശേഷതയാണ്‌. ലളിതഗാനത്തില്‍ തുടങ്ങിയതാണ്‌ എം. ജി. ശൈലിയുടെ വേറിട്ടുനില്‍പ്പ്‌. ഘനശ്യാമ സന്ധ്യാഹൃദയവും(യേശുദാസ്‌), ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും(സുജാത), ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കാമയോ (ജയചന്ദ്രന്‍) എന്നിങ്ങനെ എം. ജി. യുടെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞ ലളിതസംഗീതലോകം ആസ്വാദക മനസ്സുകളില്‍ പതിഞ്ഞുനിന്നു. രാധാകൃഷ്‌ണനും കാവാലം നാരായണപണിക്കരുമായുള്ള കൂട്ടുകെട്ട്‌ മലയാളത്തിന്‌ നല്‍കിയത്‌ മനോഹരമായ നിരവധി ഗാനങ്ങളാണ്‌.

കേരളത്തിലെ സ്‌കൂള്‍വേദികളില്‍ ഒരു കാലഘട്ടത്തില്‍ മുഴങ്ങി നിന്നത്‌ എം. ജി.യുടെ ലളിതഗാനങ്ങളായിരുന്നു. ചലച്ചിത്രഗാനത്തിന്റെ മാസ്‌മരികത ലളിതസംഗീതത്തിന്റെ ഹൃദ്യതകൊണ്ട്‌ അതിവര്‍ത്തിച്ച എം. ജി. ലളിതസംഗീതവും ഗാനാലാപനവും കൂടെ നടത്തിച്ചാണ്‌ ചലച്ചിത്രരംഗത്തേക്ക്‌ പ്രവേശിച്ചത്‌.രവീന്ദ്രന്‍ മാഷിന്റെയും ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും ബാബുരാജിന്റെയും കെ. രാഘവന്‍ മാസ്റ്ററുടെയുമൊക്കെ സവിശേഷ പരിലാളനയേറ്റ മലയാള ചലച്ചിത്രസംഗീതം അതിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴാണ്‌ തമ്പ്‌ എന്ന ചിത്രത്തിലൂടെ വേറിട്ട ഈണവുമായി എം. ജി. രംഗപ്രവേശം നടത്തിയത്‌. തനിക്കു മുമ്പേ ഉന്നതിയില്‍ നില്‍ക്കുന്നവര്‍ സൃഷ്‌ടിച്ചെടുത്ത അടിത്തറയില്‍ നിന്നുകൊണ്ടുതന്നെ സ്വതന്ത്രമായ പുതിയൊരു ശൈലി രൂപപ്പെടുത്താന്‍ എം. ജി. രാധാകൃഷ്‌ണന്‌ സാധിച്ചതോടെ മലയാളസിനിമാ സംഗീതത്തില്‍ പുതിയൊരു ഭാവമാറ്റം പ്രതിഫലിച്ചു. രാധാകൃഷ്‌ണന്റെ ഈണങ്ങള്‍ ശ്രോതാവിന്റെ മനസ്സിലേക്ക്‌ എത്ര ഹൃദ്യവും മൃദുലവുമായാണ്‌ ഒഴുകിയെത്തുന്നത്‌.

ശാസ്‌ത്രീയ സംഗീതത്തിന്റെയും നാടന്‍പാട്ടിന്റെയും അഗാധതയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്നവയാണ്‌ എം. ജി. യുടെ മിക്ക ഗാനങ്ങളും. എങ്കിലും അവ എല്ലാതരത്തിലുമുള്ള ആസ്വാദകരെ തൃപ്‌തിപ്പെടുത്തുന്നവയാണ്‌. നേര്‍ത്തനൊമ്പരങ്ങളെയും വിഷാദങ്ങളെയും പുണരുന്ന മധുരമനോഹരമായ ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. കവിതയുടെ കല്‍പ്പനാചിമിഴുകളെ താലോലിച്ചുണര്‍ത്തിയെടുക്കുകയായിരുന്നു സാഹിത്യപ്രണയി കൂടിയായ എം.ജി. രാധാകൃഷ്‌ണന്‍. `തകര'യിലെ മൗനമേ നിറയും മൗനമേ എന്ന ഗാനത്തോടെ രാധാകൃഷ്‌ണന്റെ സംഗീതം വേറിട്ടൊരു വിതാനത്തിലേക്ക്‌ ഉയര്‍ന്നുനില്‍ക്കുകയായിരുന്നു.

പിന്നീട്‌ എത്രയോ ഗാനങ്ങള്‍ രാധാകൃഷ്‌ണന്‍ ഹൃദ്യമാക്കി. നാഥാ നീ വരും കാലൊച്ച..(ചാമരം), ഒരു ദളം മാത്രം (ജാലകം), ശലഭം വഴിമാറുമാ (അച്ഛനെയാണെനിക്കിഷ്‌ടം), കാറ്റേ നീ വീശരുതിപ്പോള്‍... (കാറ്റുവന്നു വിളിച്ചപ്പോള്‍), ഓ... മൃദുലേ... (ഞാന്‍ ഏകനാണ്‌), പൂമുഖ വാതില്‍ക്കല്‍... (രാക്കുയിലിന്‍ രാഗസദസ്സില്‍), നിലാവിന്റെ നീലഭസ്‌മക്കുറി (അഗ്നിദേവന്‍), തിരനുരയും (അനന്തഭദ്രം), അമ്പപ്പുഴ ഉണ്ണിക്കണ്ണനോട്‌ (അദൈ്വതം), പ്രണയവസന്തം തളിരണിയും (ഞാന്‍ ഏകനാണ്‌) തുടങ്ങി രാധാകൃഷ്‌ണന്‍ സംഗീതം പകര്‍ന്ന ഗാനങ്ങള്‍ സംഗീതത്തിന്റെ തള്ളിക്കയറ്റം കൊണ്ടോ, ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ ആധിക്യത്താലോ വികൃതമല്ല. കവിതയ്‌ക്ക്‌ അനുയോജ്യമായ ഈണം കണ്ടെടുക്കുന്നതിലായിരുന്നു അദ്ദേഹം സൂക്ഷ്‌മത പുലര്‍ത്തിയത്‌.എം. ജി. രാധാകൃഷ്‌ണന്‍ എന്ന സംഗീതജ്ഞന്‌ വഴിത്തിരിവായത്‌ ഫാസിലിന്റെ മണിച്ചിത്രത്താഴ്‌ എന്ന സിനിമയ്‌ക്കു വേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ്‌. പഴംതമിഴ്‌ പാട്ടിഴയും..., ഒരു മുറയെ... വരുവാനില്ലാരുമീ തുടങ്ങിയവ എത്ര കേട്ടാലും ആസ്വാദകര്‍ക്ക്‌ ഇപ്പോഴും മതിവരില്ല. വരുവാനില്ലാരുമീ എന്ന ഗാനം വിഷാദാര്‍ദ്ര ഈണത്തിന്റെ പാരമ്യമാണെന്ന്‌ ശ്രോതാക്കള്‍ തിരിച്ചറിഞ്ഞു. പിന്നീട്‌ ആ നിരയില്‍ നിരവധി ഗാനങ്ങള്‍ പിറന്നെങ്കിലും മണിച്ചിത്രത്താഴിലെ ഈ ഗാനത്തെ മറികടക്കാന്‍ അവയ്‌ക്കൊന്നും സാധിച്ചില്ല.

തമ്പിലെയും കുമ്മാട്ടിയിലെയും പാട്ടുകള്‍ അരവിന്ദന്‍ എന്ന സംവിധായകന്റെ മനസ്സറിഞ്ഞ്‌ രൂപപ്പെടുത്താന്‍ എം. ജി. ക്ക്‌ കഴിഞ്ഞു. കാവാലത്തിന്റെ വരികള്‍ക്ക്‌ തികച്ചും വ്യത്യസ്‌തമായ ഈണം ചേര്‍ക്കുന്നതില്‍ രാധാകൃഷ്‌ണന്‍ പുലര്‍ത്തിയ നിഷ്‌ഠയെപ്പറ്റി കാവാലം ഒരിടത്ത്‌ സൂചിപ്പിച്ചതിങ്ങനെ: ഘനശ്യാമസന്ധ്യാ ഹൃദയം നിറയെ മുഴങ്ങി, മഴവില്ലിന്‍ മാണിക്യവീണ... എന്ന വരികളിലെ ഘനം മാറ്റണമെന്ന്‌ രാധാകൃഷ്‌ണന്‌ നിര്‍ബന്ധം. പറ്റില്ലെന്നു ഞാനും. ഒടുവില്‍ അദ്ദേഹം എന്റെ വാശിക്കു കീഴടങ്ങി. ഈ വരികളിലെ ഘനം തന്നെയാണ്‌ ഹിറ്റായി മാറിയ ഈ പാട്ടിന്റെ കനമെന്ന്‌ രാധാകൃഷ്‌ണന്‍ പിന്നീട്‌ പറഞ്ഞിട്ടുണ്ട്‌. അങ്ങനെ തുറന്നു സമ്മതിക്കാന്‍ സാധിക്കുന്നതുതന്നെയാണ്‌ അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നത്‌.

ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായിരുന്ന രാധാകൃഷ്‌ണന്‍ ലളിതസംഗീതത്തില്‍ സജീവമാക്കുന്നതിനിടയിലും പിന്നണി ഗായകനായും ശോഭിച്ചിരുന്നു. നിര്‍മ്മാതാവ്‌ ശോഭനാപരമേശ്വരന്‍ നായരുടെ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തില്‍ കെ. രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പാടിയ ഉണ്ണിഗണപതിയെ എന്ന ഗാനമാണ്‌ രാധാകൃഷ്‌ണന്റെ അരങ്ങേറ്റം. തുടര്‍ന്ന്‌ ശാരികേ ശാരികേ (ശരശയ്യ), പല്ലനയാറ്റിന്‍ത്തീരത്ത്‌ (നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി), നാവാമുകന്ദേ (കീര്‍ത്തനം-ദേവാസുരം) എന്നിങ്ങനെ രാധാകൃഷ്‌ണന്‍ ആലപിച്ചവ കുറവാണെങ്കിലും പുതുശൈലി അടയാളപ്പെടുത്തി.സംഗീതത്തിന്റെ നേര്‍ത്ത പ്രതലങ്ങളിലൂടെ വളരെ ശ്രദ്ധയോടെ നടന്നുനീങ്ങിയ സംഗീതപ്രിയനായിരുന്നു എം. ജി. രാധാകൃഷ്‌ണന്‍. അങ്ങനെ നടക്കുമ്പോഴും ഇളംതലമുറയുടെ ആത്മശക്തി ആവാഹിക്കാനും അവരുടെ പാതകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കാനും രാധാകൃഷ്‌ണന്‍ ഏറെ ശ്രദ്ധിച്ചിരുന്നു.

ചലച്ചിത്രസംഗീതത്തിന്റെയും സിനിമയുടെയും ലോകത്ത്‌ ഞെരുങ്ങി കഴിയുമ്പോഴും ഇഷ്‌ടപ്പെടാത്ത ഈണവും രാഗവും രാധാകൃഷ്‌ണന്‍ സൃഷ്‌ടിച്ചിട്ടില്ല. സാഹിത്യത്തിലെ, കവിതയിലെ ശൂന്യസ്ഥലങ്ങളെ പരിഗണിച്ചു കൊണ്ടായിരുന്നു രാധാകൃഷ്‌ണന്‍ വരികള്‍ക്ക്‌ ഈണം പകര്‍ന്നത്‌.എം. ജി. ആദ്യമായി ഈണമിട്ട ഗാനം ആകാശവാണിക്കു വേണ്ടി പാടിയത്‌ കരമന കൃഷ്‌ണന്‍ നായരായിരുന്നു. പില്‍ക്കാലത്ത്‌ കൃഷ്‌ണന്‍ നായരുടെ മകള്‍ കെ. എസ്‌. ചിത്രയെയും പിന്നണിഗാന രംഗത്തേക്ക്‌ കൊണ്ടുവന്നതും രാധാകൃഷ്‌ണനാണ്‌. ചിത്രയുടെ അഞ്ചാം വയസ്സില്‍ ആകാശവാണിക്കു വേണ്ടിത്തന്നെ` എന്റെ പേര്‌ കണ്ണനുണ്ണി..' എന്നു തുടങ്ങുന്ന പാട്ട്‌ രാധാകൃഷ്‌ണന്‍ പാടിച്ചിരുന്നു. ചിത്രയുടെതായി പുറത്തുവന്ന ആദ്യ ചലച്ചിത്രഗാനത്തിനും ഈണം നല്‍കിയതും അദ്ദേഹം തന്നെ- (അട്ടഹാസം എന്ന സിനിമയില്‍ ചെല്ലം ചെല്ലം..) തടുര്‍ന്ന്‌ സ്‌നേഹപൂര്‍വ്വം മീര എന്ന ചിത്രത്തിലെ ഗാനങ്ങളിലും ചിത്രയെ ഉള്‍പ്പെടുത്തി. കെ. എസ്‌. ചിത്രയുടെ ഗാനാലാപനത്തില്‍ വഴിത്തിരിവായ രജനീ പറയൂ എന്ന ഗാനത്തിനും (ഞാന്‍ ഏകനാണ്‌) സംഗീതം നല്‍കിയത്‌ എം. ജി.യായിരുന്നു. ഗായിക സുജാത പതിനൊന്നാം വയസ്സില്‍ ആലപിച്ച ഓടക്കുഴല്‍വിളി ഒഴുകിയൊഴുകിവരും എന്ന ലളിതഗാനത്തിനും രാധാകൃഷ്‌ണന്റെതായിരുന്നു സംഗീതം. എസ്‌. ജാനകിക്ക്‌ സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത മൗനമേ നിറയും മൗനമേ (തകര) എന്ന പാട്ടും രാധാകൃഷ്‌ണന്‍ ചിട്ടപ്പെടുത്തിയതാണ്‌. ഗായകന്‍ ജി. വേണുഗോപാലിന്‌ കേരള സര്‍വ്വകലാശാലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ലളിതഗാനത്തിന്റെയും ഈണം എം. ജി. യുടെതാണ്‌. വേണുഗോപാലിനെ ആദ്യമായി സിനിമയിലെത്തിച്ചതും രാധാകൃഷ്‌ണന്റെ സംഗീതത്തിലൂടെയാണ്‌. ഗായകന്‍ എം. ജി. ശ്രീകുമാറിനെ പ്രശസ്‌തിയിലേക്കുയര്‍ത്തിയ `ദേവാസുര'ത്തിലെ സൂര്യകിരീടം വീണുടഞ്ഞു... എന്ന ഗാനത്തിനും സംഗീതം ഒരുക്കിയത്‌ എം. ജി. യാണ്‌. ഗായിക അരുന്ധതിക്കും പിന്തുണ അദ്ദേഹം തന്നെ. ഇങ്ങനെ പുതുതലമുറയ്‌ക്ക്‌ അവര്‍ അര്‍ഹിക്കുന്ന സ്ഥാനം എം. ജി. രാധാകൃഷ്‌ണന്‍ നല്‍കിയിരുന്നു.

സംഗീതപാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന രാധാകൃഷ്‌ണന്‌ സര്‍വ്വം സംഗീതമായിരുന്നു. ഗുരു ശെമ്മാങ്കുടിയും ക്ലാസിലെ സഹപാഠികള്‍ യേശുദാസും നെയ്യാറ്റിന്‍കരയും എല്ലാം എം. ജി. യുടെ സംഗീതജീവിതത്തിന്റെ ഭാഗമായിരുന്നു. സംഗീതത്തിലെ അപൂര്‍വ്വരാഗങ്ങളെ( ആഹരി പോലുള്ളവ) ഉപയോഗപ്പെടുത്താന്‍ അദ്ദേഹം സദാ സന്നദ്ധനായിരുന്നു.തമ്പ്‌, തകര, ആരവം, ഞാന്‍ ഏകനാണ്‌, പൂച്ചയ്‌ക്കൊരു മൂക്കുത്തി, പറയാനും വയ്യ പറയാതിരിക്കാനുംവയ്യ, അയല്‍വാസി ഒരു ദരിദ്രവാസി, ഗീതം, സര്‍വ്വകലാശാല, ജാലകം, നൊമ്പരത്തിപ്പൂവ്‌, വെള്ളാനകളുടെ നാട്‌, അദൈ്വതം, മണിച്ചിത്രത്താഴ്‌, ചെങ്കോല്‍, അഗ്നിദേവന്‍, കണ്ണെഴുതിപ്പൊട്ടും തൊട്ട്‌, നരസിംഹം, അച്ഛനെയാണെനിക്കിഷ്‌ടം, യാനം, അനന്തഭദ്രം തുടങ്ങി നാല്‌പതിലേറെ മലയാളചിത്രങ്ങള്‍ക്ക്‌ എം. ജി. വൈവിധ്യമാര്‍ന്ന ഈണങ്ങളൊരുക്കി. അച്ഛനെയാണെനിക്കിഷ്‌ടം (ശലഭം), അനന്തഭദ്രം (തിരനുരയും) എന്നീ ചിത്രങ്ങളിലൂടെ രണ്ടുതവണ സംസ്ഥാന അവാര്‍ഡ്‌ അദ്ദേഹത്തെ തേടിയെത്തി. സംഗീതം ആത്മാര്‍പ്പണത്തില്‍ സൃഷ്‌ടിച്ചെടുത്ത്‌ കൈരളിയെ ധന്യമാക്കിയ എം. ജി. രാധാകൃഷ്‌ണന്‍ മലയാളിയുടെ മനസ്സിലും നഭസ്സിലും നിറഞ്ഞുനില്‍ക്കും. 3-7-2010

Thursday, June 03, 2010

ഉള്ളുരയുടെ കരുത്ത്‌

``കണ്ടാണിശ്ശേരിക്കാരെ മറ്റുള്ളവര്‍ക്ക്‌ ഭയമാണ്‌. അവര്‍ കണ്ടത്‌ പറയും''- സ്വന്തം തട്ടകത്തെപ്പറ്റി കോവിലന്‍ പറഞ്ഞതിങ്ങനെയായിരുന്നു. കണ്ടാണിശ്ശേരിയെപ്പറ്റി കവി കെ. ജി. ശങ്കരപ്പിള്ളയുടെ ചോദ്യത്തിന്‌ മറുപടി നല്‍കുകയായിരുന്നു കോവിലന്‍. കണ്ടാല്‍ ശരി പറയുന്നവരുടെ നാടെന്നാണ്‌ കോവിലന്റെ വ്യാഖ്യാനം. സ്വകാര്യ സംഭാഷണത്തിലും അഭിമുഖങ്ങളിലും മാത്രമല്ല, കോവിലന്റെ എഴുത്തിലും നിറഞ്ഞുനില്‍ക്കുന്നത്‌ തുറന്നുപറച്ചിലിന്റെ കരുത്താണ്‌.

എല്ലുറപ്പുള്ള വാക്കുകളുടെ കാമുകനായിരുന്നു കോവിലന്‍. മലയാളകഥയില്‍ തന്റേടിത്തത്തിന്റെ ശബ്‌ദം കേള്‍പ്പിച്ച എഴുത്തുകാരന്‍.പട്ടാളക്കഥകളെന്ന്‌ പേരിട്ടു വിളിക്കുമ്പോഴും കോവിലന്‍ പറഞ്ഞത്‌ പച്ചയായ മനുഷ്യന്റെ വേവലാതികളാണ്‌. ഒടുങ്ങാത്ത വിശപ്പിന്റെ വെല്ലുവിളികള്‍. തിളച്ചുമറിയുന്ന മനസ്സുകളും കലങ്ങിയ കണ്ണുകളും ഉശിരിന്റെ ശരീരഭാഷയും കൊണ്ട്‌ കൂടെനില്‍ക്കുന്നവര്‍ക്ക്‌ ആത്മധൈര്യം നല്‍കുന്ന പട്ടാളക്കാരന്‍. അയാള്‍ അകമെരിയുമ്പോഴും പ്രസന്നത കൈവെടിയുന്നില്ല. അനുഭവത്തിന്റെ ഭൂഖണ്‌ഡമാണ്‌ ഈ കഥാകൃത്ത്‌ രേഖപ്പെടുത്തിയത്‌.പ്രായം കൊണ്ട്‌ മുമ്പെനാണെങ്കിലും കഥയെഴുത്തില്‍ കോവിലന്‍ മലയാളത്തിലെ ആധുനികരോടൊപ്പമാണ്‌ നിലയുറപ്പിച്ചത്‌. സ്വത്വാവബോധവും അസ്‌തിത്വപ്രശ്‌നവും കേരളത്തിന്റെ ഭൂമികയിലൂന്നി ചര്‍ച്ച ചെയ്‌ത കഥപറച്ചിലുകാരന്‍. യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷ്‌ണതയില്‍ കാല്‌പനികതയെ തൊഴിച്ചകറ്റാനും കോവിലന്‍ മടികാണിച്ചില്ല.

മനുഷ്യരോദനത്തിന്റെയും ആത്മസംഘര്‍ഷങ്ങളുടെയും ഗോത്രസംസ്‌കൃതിയുടെയും പട്ടിണിയുടെയും കഥകളാണ്‌ കോവിലന്‍ എഴുതിയത്‌. മുനകൂര്‍ത്ത വാക്കുകളും വജ്രസമാനമായ ആവിഷ്‌കാരശൈലിയും കോവിലന്റെ രചനകളെ വേറിട്ടു നിര്‍ത്തുന്നു. നടപ്പുവായനാ രീതികളോട്‌ കോവിലന്റെ രചനകള്‍ കലഹിച്ചുകൊണ്ടിരുന്നു. ഒരു കഷ്‌ണം അസ്ഥി പോലുള്ള കോവിലന്റെ കൃതികള്‍ മലയാളകഥയില്‍ ജീവിതത്തിന്റെ കറുപ്പും വെളുപ്പും ശക്തമായി അടയാളപ്പെടുത്തി. ധ്വന്യാത്മകമായ ഭാഷയും ചെറു വാക്കുകളും ഇഴചേര്‍ത്ത്‌ കോവിലന്‍ വരച്ചെടുത്ത ജീവിതത്തിന്റെ തട്ടകങ്ങള്‍ വായനക്കാരുടെ മനസ്സില്‍ നിന്നു മാഞ്ഞുപോകുന്നില്ല.

ബോധധാരാ സങ്കേതത്തിന്റെയും മാജിക്കല്‍ റിയലിസത്തിന്റെയും സങ്കലനം കോവിലന്റെ രചനകളിലുണ്ട്‌. തോറ്റങ്ങള്‍, ഭരതന്‍, ഏഴാമിടങ്ങള്‍, ഹിമാലയം തുടങ്ങിയ കൃതികള്‍ നോവല്‍ശില്‌പത്തിന്റെയും കലയുടെയും തിരുത്തിയെഴുത്തുകളാണ്‌. ``എനിക്ക്‌ എന്റെ ഏകാന്തതയില്‍ എഴുതണം, എങ്കിലേ സംഗീതം വരൂ''- എന്നിങ്ങനെ എഴുത്തൊരുക്കത്തിന്റെ പ്രകൃതി വ്യക്തമാക്കിയ കോവിലന്റെ തട്ടകം അനുഭവപ്പെടുത്തുന്നതും മറ്റൊന്നല്ല. ഓര്‍മ്മയുടെ കോള്‍വരമ്പ്‌ പൊട്ടുമ്പോള്‍ തോറ്റങ്ങളിലെ ഉണ്ണിമോള്‍ ചേന്നന്‍ മകന്‍ ചേന്നപ്പനെ പുതിയ കാഴ്‌ചയിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. ഒരര്‍ത്ഥത്തില്‍ സ്‌ത്രീശാക്തീകരണവും പ്രതിരോധവുമാണ്‌ തോറ്റങ്ങളിലൂടെ കോവിലന്‍ കേള്‍പ്പിച്ചത്‌.മലയാളത്തിലെ പട്ടാളക്കഥകളുടെ അമരക്കാരനായ കോവിലന്‍ പ്രവാസത്തിന്റെ ഉള്ളുരുക്കങ്ങള്‍ എഴുതി നിറയുമ്പോഴും നിശ്ചയദാര്‍ഢ്യത്തിന്റെയും അതിജീവനത്തിന്റെയും കനലെരിച്ചല്‍ അനുഭവപ്പെടുത്തി.

ഹിമാലയവും ഏ മൈനസ്‌ ബിയും പട്ടാളക്കാരന്റെ ഹൃദയ മന്ത്രധ്വനികളാണ്‌. അതിര്‍ത്തിയിലെ നീറിപ്പുകയുന്ന മനസ്സുകളാണ്‌. കോവിലന്റെ മനുഷ്യനും പട്ടിയുമെല്ലാം ദൈന്യത കൂടെ വഹിക്കുന്നവരാണ്‌. അവര്‍ക്ക്‌ എല്ലിന്‍ തുണ്ടുപോലും വിശപ്പു മാറ്റാനുള്ളതാണ്‌. വിശപ്പിന്റെ നിലവിളികളാണ്‌ കോവിലന്റെ കഥകളും നോവലുകളും. ജീവിതത്തിന്റെ അനാഥത്വം പേറിനടക്കുമ്പോഴും ലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കുന്നവരല്ല കോവിലന്റെ കഥാപാത്രങ്ങള്‍. അവര്‍ അനുസരണക്കേടിന്റെ താഴ്‌വാരങ്ങളില്‍ ഇറങ്ങി നില്‍ക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ സമഗ്രദര്‍ശനവും കൂടെ നിര്‍ത്തുന്നു. മലയാളത്തിന്റെ മണവും കരുത്തും പകര്‍ന്ന കോവിലനും അദ്ദേഹത്തിന്റെ രചനകളും എഴുത്തിലെ കലാപമായും ചൊടിപ്പിച്ചുണര്‍ത്തുന്ന സൗന്ദര്യബോധമായും നിലനില്‍ക്കുകതന്നെ ചെയ്യും.

Thursday, May 06, 2010

നാടകവും സാങ്കേതികതയും

നാടകത്തിലൂടെ നാം അന്വേഷിക്കുന്നതെന്താണ്‌? നാടകത്തിലൂടെ നാം സൃഷ്‌ടിക്കുന്നത്‌ ജീവിതം തന്നെയാണ്‌. നമ്മുടെ പ്രത്യാശയും മൂല്യങ്ങളും തന്നെ. അതുകൊണ്ട്‌ നാടകത്തെപ്പറ്റി സംസാരിക്കുന്ന രീതിയില്‍, നാടക കാഴ്‌ചയെ ബന്ധപ്പെടുത്താനും അനുഭവപ്പെടുത്താനും കഴിയുന്നു. എന്നാല്‍ നാടകവേദി ഇന്നു നേരിടുന്ന പ്രധാന പ്രതിസന്ധികളിലൊന്ന്‌ സാങ്കേതികതയാണ്‌.

സാങ്കേതികവിദ്യയുടെ അഭാവം നാടകത്തെ എത്രമാത്രം സമകാലികതയില്‍ നിന്നും അകറ്റിനിര്‍ത്തും. ടെലിവിഷന്റെ അധിനിവേശം നാടകത്തെ എങ്ങനെ പ്രതിസന്ധിയിലാക്കുന്നു? ഇത്തരമൊരു പ്രതിഭാസത്തില്‍ നിന്നും നാടകവേദിയെ എങ്ങനെ സംരക്ഷിക്കാന്‍ സാധിക്കും?സാങ്കേതികവിദ്യ നാടകാവതരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നമ്മളെ അനുവദിക്കുന്നു. വ്യത്യസ്‌തവും വൈകാരികവുമായ പല രീതികളിലും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം. എങ്കിലെ നാടക തിയേറ്റര്‍ കാലഘട്ടത്തിന്‌ അനുസരിച്ച്‌ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയൂ.

ചലച്ചിത്രത്തിന്റെ മുഖ്യധാരയാണ്‌ സാങ്കേതികവിദ്യ. സാങ്കേതികവിദ്യ നാടകത്തില്‍ ഉപയോഗപ്പെടുത്തിയാല്‍ പ്രേക്ഷകര്‍ കുറയുമോ? പക്ഷേ, നാടകപാരമ്പര്യം പരിശോധിച്ചാല്‍ ഒന്നു വ്യക്തമാകുന്നത്‌ ഏത്‌ പ്രതിസന്ധിയും മറികടക്കാനുള്ള ഒരിടം നാടകത്തിനുണ്ടെന്നാണ്‌. നാടകത്തിന്റെ സൗന്ദര്യശാസ്‌ത്രത്തിന്‌ അതിന്റെ പ്ലോട്ടിനെപ്പോലെ ഒരു പ്രധാന സ്ഥാനമുണ്ട്‌. ഏതു ദേശത്തെ സംബന്ധിച്ചും ഇത്‌ ശരിയാണ്‌. ഏതൊരു ആവിഷ്‌കാരവും ഉല്‍പാദിപ്പിച്ചിരിക്കേണ്ട അടിസ്ഥാന അനുഭവ രസം ആണെന്ന്‌ നാട്യശാസ്‌ത്രം വ്യക്തമാക്കുന്നുണ്ട്‌.

ഇത്‌ സങ്കീര്‍ണ്ണമായ വിഷയമാണ്‌. രസം പ്രതീതമാക്കാന്‍ ഏതെങ്കിലും വികാരമോ, ഒന്നിലധികം വികാരങ്ങളോ ആവിഷ്‌കരിക്കുന്നതിലാണ്‌ സൗന്ദര്യം എന്നു പറയാം. വികാരത്തേക്കാള്‍ ആവിഷ്‌കാരത്തിലാണ്‌ മാറ്റം സംഭവിക്കേണ്ടത്‌. നാടകകലാകാരന്റെ ഉത്തരവാദിത്വം അതിന്റെ പാരമ്യതയിലെത്തുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌.ആധുനിക നാടകവേദി പലപ്പോഴും സാങ്കേതികവിദ്യയ്‌ക്ക്‌ വിധേയമാകുന്നുണ്ട്‌. പാരമ്പര്യാധിഷ്‌ഠിതവും ഗിമ്മിക്കുകളില്‍ അധിഷ്‌ഠിതവുമായ ക്ലാസിനെ ആകര്‍ഷിക്കാന്‍ കഴിവുള്ള ഒരു നാടകഭാഷ അതിനുള്ള പരീക്ഷണങ്ങളാണ്‌ നാടകത്തിലെ പുതുപരീക്ഷണങ്ങളിലൊന്ന്‌.

ദലിത്‌ നാടകങ്ങളും സ്‌ത്രീകളുടെ അരങ്ങുകളും നിശ്ശബ്‌ദമായെങ്കിലും കണിശതയോടെ പുതിയ നാടകസൗന്ദര്യശാസ്‌ത്രം അവതരിപ്പിക്കുന്നുണ്ട്‌. നാടകത്തിന്റെ വ്യവസ്ഥാപിത രൂപങ്ങളില്‍ നിന്നും മാറിനില്‍ക്കുന്ന നാടകങ്ങള്‍, വ്യത്യസ്‌ത ആകുലതകളും ആശങ്കകളും പങ്കുവയ്‌ക്കുന്നുണ്ട്‌. ആധുനികോത്തര ബദല്‍ രംഗഭാഷയുടെ രചനകളും അവതരണവുമാണ്‌ മലയാളത്തിലെ അരങ്ങുകള്‍ക്കും പുതുജീവന്‍ നല്‍കുക.നാടകതിയേറ്റര്‍ ഇത്രയും ആവേശമാക്കുന്നത്‌ നമുക്ക്‌ ചുറ്റുമുള്ള യാഥാര്‍ത്ഥ ലോകത്താണ്‌ അത്‌ സംഭവിക്കുന്നത്‌ എന്നതുകൊണ്ടാണ്‌. നാം എപ്പോഴും അതിന്റെ ഭാഗമാണ്‌.

സാധാരണ പ്രേക്ഷകന്റെ കല്‍പനകളുടെ പരിമിതിയെ വെല്ലുവിളിക്കുകയാണ്‌ പുതിയ നാടകം. നാടകവേദിയുടെ പ്രതിഷേധത്തിന്‌ സമൂഹത്തില്‍ എന്തെങ്കിലും നിര്‍വഹിക്കാന്‍ സാധിക്കുമോ? ജനത്തിന്റെ വേവലാതികളെ ഇല്ലാതാക്കാനുള്ള ഒരു കാലഘട്ടത്തെ വിഭാവന ചെയ്യാന്‍ സാധിക്കുമോ? വളരെ ശാന്തമായ ആത്മകഥന ഭാവത്തിലുള്ള ഒരു ആവിഷ്‌കാരം കാണാനുള്ള ക്ഷമയോ, സമയമോ ഇന്നത്തെ പ്രേക്ഷകര്‍ക്കില്ല. മാസങ്ങള്‍ നീക്കിവെച്ചുള്ള തയാറെടുപ്പിന്‌ കലാകാരന്മാര്‍ക്കും കഴിയില്ല. കാലത്തിന്‌ അനുസരിച്ചുള്ള മാറ്റം നാടകത്തിനും അനിവാര്യമാണ്‌. നാടകം സാങ്കേതികവിദ്യയെ അധികദൂരത്തേക്ക്‌ മാറ്റി നിര്‍ത്തരുത്‌. വേണ്ടുംവിധത്തില്‍ ഉപയോഗപ്പെടുത്തണം.- ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 9/5

Friday, April 23, 2010

ബാലനിലെ കമലശബ്ദം

സെബാസ്‌റ്റിയന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ കൈരളി കലാനിലയത്തിന്റെ നാടകത്തില്‍ നിന്നും എം. കെ. കമലം മലയാളസിനിമയുടെ വെള്ളിത്തിരയിലെത്തിയതും ഒരു വിചിത്രവിജയമാണ്‌. കമലം അഭിനയിച്ച വിചിത്രവിജയം എന്ന നാടകം കണ്ട ടി. ആര്‍. സുന്ദരം (സേലം മോഡേണ്‍ തിയേറ്റേഴ്‌സ്‌ ഉടമ), നടന്‍ ആലപ്പി വിന്‍സെന്റ്‌, ചലച്ചിത്രസംവിധായകന്‍ എസ്‌. നൊട്ടാണി എന്നിവര്‍ കമലത്തെ ബാലന്‍ എന്ന സിനിമയിലേക്ക്‌ വിളിച്ചു. മലയാളത്തിലെ ആദ്യത്തെ ശബ്ദസിനിമയിലേക്കാണ്‌ തന്നെ ക്ഷണിച്ചതെന്ന്‌ കമലത്തിന്‌ അറിയില്ലായിരുന്നു. പതിനഞ്ചാം വയസ്സില്‍ കമലം മലയാളസിനിമയിലെത്തി.

രണ്ടാനമ്മയുടെ പീഡനങ്ങള്‍ സഹിച്ച്‌ കഴിയുന്ന സരസ എന്ന നായികയായിട്ടാണ്‌ കമലത്തിന്റെ അരങ്ങേറ്റം. വീട്ടിലെ പീഡനങ്ങളില്‍ നിന്നും രക്ഷതേടി തെരുവിലെത്തിയ ബാലനും സരസയും. അവര്‍ക്ക്‌ മുന്നില്‍ ഭിക്ഷാടനം മാത്രമായിരുന്നു ഏകവഴി. ബാലന്‍ എന്ന നായകകഥാപാത്രമായി കെ. കെ. അരൂരാണ്‌ അഭിനയിച്ചത്‌.മലയാളസിനിമയില്‍ ആദ്യം സംസാരിച്ച നായികയാണ്‌ എം.കെ. കമലം. പക്ഷേ, ബാലനുശേഷം ഭൂതരായര്‍ എന്ന സിനിമയിലാണ്‌ കമലം അഭിനയിച്ചത്‌. അപ്പന്‍ തമ്പുരാന്റെ മരണത്തെത്തുടര്‍ന്ന്‌ ഭൂതരായര്‍ പുറത്തിറങ്ങിയില്ല. അക്കാലത്ത്‌ മദ്രാസില്‍ പോയി സിനിമയിലഭിനയിക്കാനുള്ള സാഹചര്യമില്ലായിരുന്നതിനാല്‍ കമലം തന്റെ തട്ടകമായി നാടകരംഗം തന്നെ തെരഞ്ഞെടുത്തു.

അനാര്‍ക്കലി, ശാകുന്തളം, സത്യവാന്‍ സാവിത്രി, മഗ്‌ദലന മറിയം എന്നിങ്ങനെ നിരവധി നാടകങ്ങളില്‍ കമലം വേഷമിട്ടു. നാലായിരത്തിലധികം വേദികളിലൂടെ മലയാളത്തിന്റെ അരങ്ങില്‍ നിറഞ്ഞുനിന്ന കമലം നല്ലൊരു കഥാപ്രാസംഗിക കൂടിയായിരുന്നു. നാടകഗാനങ്ങളും കമലം ആലപിച്ചിട്ടുണ്ട്‌.സംഗീതജ്ഞനും നാടകക്കാരനുമായ മങ്ങാട്ടു കൊച്ചുപള്ളി പണിക്കര്‍ മകള്‍ കമലത്തെ ചെറുപ്പത്തിലെ സംഗീതം പഠിപ്പിച്ചിരുന്നു. കൊച്ചുപള്ളി പിള്ളയുടെ അല്ലിറാണി എന്ന നാടകത്തിലാണ്‌ പത്താമത്തെ വയസ്സില്‍ കമലം അഭിനയിച്ചു തുടങ്ങിയത്‌. നാല്‍പത്തിയഞ്ചാം വയസ്സില്‍ അഭിനയത്തോട്‌ വിടപറഞ്ഞ കമലം എം. പി. സുകുമാരന്‍ നായര്‍ സംവിധാനം ചെയ്‌ത ശയനം (2000) എന്ന സിനിമയില്‍ അമ്മവേഷത്തില്‍ അഭിനയിച്ചു.

തൃശൂര്‍ നാടക കലാസമിതിയുടെ ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിലാണ്‌ കമലം അവസാനമായി അഭിനയിച്ചത്‌.ബാലന്‍ ചിത്രീകരിക്കുന്ന കാലഘട്ടത്തില്‍ പ്ലേബാക്ക്‌, ഡബ്ബിങ്‌ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ഷൂട്ടിങ്‌ സമയത്തുതന്നെ റെക്കോര്‍ഡിങും നടക്കും. അതിനാല്‍ പാട്ടുപാടി അഭിനയിക്കുന്ന സീനുകളൊക്കെ എടുക്കുമ്പോള്‍ സംഗീതം കമ്പോസിങ്‌ കൈകാര്യം ചെയ്യുന്നവരൊക്കെ ക്യാമറയില്‍പെടാതെ നോക്കണം.സ്‌ത്രീകള്‍ സിനിമാഭിനയ രംഗത്തേക്ക്‌ വരാന്‍ മടിച്ചിരുന്നു കാലത്താണ്‌ കമലം മലയാളസിനിമയില്‍ ആദ്യത്തെ പെണ്‍ശബ്‌ദമായത്‌. അഭിനയത്തിലും മികവു പ്രദര്‍ശിപ്പിച്ച ഈ കലാകാരി പാട്ടുസീനുകള്‍ വളരെ തന്മയത്വത്തോടെയാണ്‌ ബാലനില്‍ അവതരിപ്പിച്ചത്‌.

എട്ടു പതിറ്റാണ്ട്‌ പിന്നിട്ട മലയാളസിനിമയില്‍ ശക്തമായ സാന്നിദ്ധ്യമാകാന്‍ ഈ നടിക്ക്‌ സാധിച്ചില്ല. നാടകത്തിലും സംഗീതത്തിലും കഥാപ്രസംഗത്തിലും മനസ്സുകൊടുത്തപ്പോള്‍ സിനിമയുടെ തിരക്കുകളിലേക്ക്‌ വരാന്‍ കമലം മടിച്ചു. അത്‌ മികച്ച ഒരു നടിയുടെ മാറിനില്‍പ്പുകൂടിയായിരുന്നു.ബാലന്‍ എന്ന സിനിമയിലെ നായികയാകാന്‍ വേണ്ടി അഞ്ചു പെണ്‍കുട്ടികളെ തെരഞ്ഞെടുത്തിരുന്നു. ഒടുവില്‍ നറുക്ക്‌ വീണത്‌ എം.കെ. കമലത്തിനായിരുന്നു. ബാലന്‍ എന്ന സിനിമയുടെ പിറവിക്കു പിന്നിലും ചില കഥകളുണ്ട്‌. തിരുവനന്തപുരം സ്വദേശിയായ എ. സുന്ദരംപിള്ള 1929-ല്‍ വിധിയും മിസിസ്‌ നായരും എന്നൊരു കഥ എഴുതി. അത്‌ അദ്ദേഹം തിരക്കഥയാക്കി.

മലയാളത്തിലെ ആദ്യത്തെ തിരക്കഥയെഴുതിയതും സുന്ദരന്‍പിള്ളയാണ്‌. തന്റെ തിരക്കഥയുമായി ടി.ആര്‍. സുന്ദരത്തെ കണ്ടു. വിധിയും മിസിസ്‌ നായരും എന്ന തിരക്കഥ ബാലന്‍ എന്ന പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. അതിനിടയില്‍ സുന്ദരപിള്ളയും ടി.ആര്‍. സുന്ദരവും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായി. അതിനാല്‍ ബാലന്റെ ആദ്യ തിരക്കഥയില്‍ ചെറിയ മാറ്റങ്ങളോടൊയാണ്‌ സിനിമയാക്കിയത്‌. 1937 ആഗസ്റ്റ്‌ 17-ന്‌ ബാലന്റെ ചിത്രീകരണം തുടങ്ങി. ഡിസംബര്‍ 31-ന്‌ പൂര്‍ത്തിയാക്കി. 1938 ജനുവരി 10-ന്‌ ചിത്രം പ്രദര്‍ശനത്തിനെത്തിച്ചു. ബാലന്റെ സംഭാഷണവും ഗാനവും രചിച്ചത്‌ മുതുകുളം രാഘവന്‍ പിള്ളയാണ്‌. കെ.കെ. അരൂര്‍ (കെ. കുഞ്ചുനായര്‍), കമലം എന്നിവര്‍ക്കൊപ്പം എം.വി. ശങ്കു, എ.കെ. നമ്പ്യാര്‍, ആലപ്പി വിന്‍സെന്റ്‌, മദന്‍ഗോപാല്‍, മാലതി, കെ.എന്‍. ലക്ഷ്‌മി തുടങ്ങിയവരും ബാലനില്‍ അഭിനയിച്ചു. മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നില്‍ക്കുന്ന കമലത്തിന്റെ കലാത്മകജീവിതം അവസാനിക്കുന്നില്ല. കമലം അവസാനമായി ചായംതേച്ച ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിന്റെ പേരുപോലെത്തന്നെ.-ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 25/4/10

Friday, April 16, 2010

നാടകമേ ജീവിതം

മലയാളനാടകത്തിന്റെ അരനൂറ്റാണ്ട്‌ ആഹ്വാന്‍ സെബാസ്റ്റിന്‍ എന്ന നടന്റെ, സംഗീതസംവിധായകന്റെ, സംവിധായകന്റെ, ഗായകന്റെ കാലമാണ്‌. നാടകവും സംഗീതവും ജീവിതത്തില്‍ നിന്ന്‌ വേര്‍തിരിച്ചു നിര്‍ത്താന്‍ കഴിയാത്തവിധം ലയിപ്പിച്ചെടുത്ത കലാകാരന്റെ ചരിത്രം. നാടകം രചിച്ച്‌, സംഗീതം നല്‍കി, അഭിനയിച്ച്‌, നാടകസംഘത്തോടൊപ്പം കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു ആഹ്വാന്‍.

സാഹിത്യവും നാടകവും ഇഴചേര്‍ത്ത നാടകപ്രവര്‍ത്തകന്‍. സെബാസ്റ്റിന്റെ ജീവിതവും അനുഭവവും എഴുതിയ ചക്രവര്‍ത്തി നാടകകലയുടെ സമഗ്രതലങ്ങളിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ചക്രവര്‍ത്തിയുടെ അവതാരികയില്‍ യു. എ. ഖാദര്‍ എഴുതി: ആഹ്വാന്‍ സെബാസ്റ്റിന്റെ നാടകരംഗത്തെ പാരമ്പര്യങ്ങളെക്കുറിച്ച്‌ ഏറെ വിശദീകരണം ആവശ്യമില്ല; മ്യൂസിക്കല്‍ തിയേറ്റേഴ്‌സ്‌ എന്ന നാടകസംഘത്തെ ഏകോപിപ്പിച്ചു കൊണ്ടു ഭാരതത്തിലുടനീളം വിവിധ അരങ്ങുകളിലായി നാടകാവതരണം വിജയകരമായി നടത്തി അനുഭവപാഠമുള്‍കൊണ്ട വ്യക്തിയാണ്‌; സംഗീതജ്ഞനാണ്‌; നിരവധി നാടകങ്ങള്‍ക്ക്‌ അണിയറയില്‍ മറഞ്ഞ്‌ നിന്ന്‌ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കനുസരിച്ചുള്ള സംഗീതധ്വനികള്‍ നല്‍കി രംഗങ്ങളുടെ വൈകാരികസീമകളെ ഉദ്ദീപിപ്പിച്ച വ്യക്തിയാണ്‌; നാടകരംഗത്തെ നടീനടന്മാരുമായും രംഗവിദ്വാന്മാരുമായും ആശയവിനിമയവും സൗഹാര്‍ദ്ദവും സ്ഥാപിക്കാന്‍ സാധിച്ചയാളാണ്‌... കുറേയേറെ നാടകാസ്വാദന ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്ത്‌ തനിക്ക്‌ പറയാനുള്ളത്‌ പറഞ്ഞ്‌ സമര്‍ത്ഥിച്ചു പാഠമുള്‍ക്കൊണ്ടിട്ടുണ്ട്‌; പകര്‍ന്നു നല്‍കിയിട്ടുമുണ്ട്‌. -നാടകം, തിയേറ്റര്‍, അവതരണം, സംവിധാനം, സംഗീതം, സിനിമ, രംഗസജ്ജീകരണം എന്നിങ്ങനെ വിവിധ വശങ്ങളെപ്പറ്റി ചക്രവര്‍ത്തിയില്‍ ആഹ്വാന്‍ സെബാസ്റ്റിന്‍ പ്രതിപാദിക്കുന്നുണ്ട്‌.

ആഹ്വാന്‍ സെബാസ്റ്റിന്റെ സഞ്ചാരപാതയില്‍ നിന്നും: സ്‌കൂള്‍ വിദ്യാഭ്യാസം പരിമിതം. അന്‍പത്‌ വര്‍ഷത്തിലേറെ ആയി കലാ പ്രവര്‍ത്തനം. നടന്‍, ഗായകന്‍, ഹാര്‍മോണിസ്റ്റ്‌, സംഗീത സംവിധായകന്‍, നാടക അവതാരകന്‍, നാടകകൃത്ത്‌, തിരക്കഥാകൃത്ത്‌, നാടകസംവിധായകന്‍ എന്നീ നിലകളിലെ പ്രവര്‍ത്തനങ്ങള്‍ വഴി വിവിധ മേഖലയിലെ പ്രതിഭകളുമായി ബന്ധങ്ങള്‍. കലാകാരന്മാര്‍, നിയമപണ്‌ഡിതര്‍, രാഷ്‌ട്രീയ ആചാര്യന്മാര്‍ തുടങ്ങി സമൂഹത്തിലെ വിവിധ പ്രഗത്ഭരുമായുള്ള നിരന്തരമായ സമ്പര്‍ക്കത്തില്‍ നിന്ന്‌ കിട്ടിയ അറിവാണ്‌ എന്റെ കൈമുതല്‍. വായനയും ജീവിതാനുഭവങ്ങളും അതിനു ശക്തിപകരുന്നു.ആഹ്വാനം, ഭ്രാന്താലയം, ഉപാസന, മാണിക്യം വിഴുങ്ങിയ കണാരന്‍ എന്നീ നാടകങ്ങളില്‍ അഭിനയിച്ചു.

മേഫലുകളിലും കല്യാണപുരകളിലും സ്റ്റേജുകളിലും പാടി നടന്നിരുന്ന കാലത്ത്‌, എം.എം.വി. ഗ്രാമഫോണ്‍ റിക്കാര്‍ഡിങ്ങ്‌ കമ്പനി എന്റെ പാട്ടുകള്‍ റിക്കാര്‍ഡ്‌ ചെയ്‌തു പുറത്ത്‌ ഇറക്കിയിട്ടുണ്ട്‌. സംഗീതസംവിധായകനായപ്പോള്‍ നാടകങ്ങളിലും സിനിമയിലുമായി സംഗീതം ചെയ്‌തു...ആഹ്വാന്‍ സെബാസ്റ്റിന്‌ നാടകം ഒരു ജ്വരമാണ്‌ എന്നാണ്‌ ഡോ. സുകുമാര്‍ അഴീക്കോട്‌ വിശേഷിപ്പിച്ചത്‌. എം.ടി. വാസുദേവന്‍ നായര്‍ അനുഗ്രഹവാക്യത്തില്‍ എഴുതി: സെബാസ്റ്റിന്‌ നാടകം ജീവിതമാണ്‌.

കലകളുടെ ചക്രവര്‍ത്തിയായി അദ്ദേഹം കാണുന്നത്‌ നാടകത്തെയാണ്‌. നിരവധി നാടകങ്ങള്‍ അവതരിപ്പിച്ച അനുഭവങ്ങളില്‍ നിന്നാണ്‌ ഈ പുസ്‌തകം രൂപം കൊണ്ടത്‌. അതുകൊണ്ടുതന്നെ ഇത്‌ ശ്രദ്ധേയമാവുന്നു.ജീവിതത്തിന്റെ വസന്തം മുഴുവന്‍ നാടകവേദിക്കു സമര്‍പ്പിച്ച കലാകാരനാണ്‌ ആഹ്വാന്‍ സെബാസ്റ്റിന്‍. മലയാളിക്ക്‌ ശങ്കകൂടാതെ വിശേഷിപ്പിക്കാന്‍ കഴിയുന്ന പേരുകളിലൊന്നാണ്‌ ആഹ്വാന്‍ സെബാസ്റ്റിന്‍. നാടകത്തിലൂടെ ജീവിതം നടന്നുതീര്‍ക്കുന്നൊരാള്‍. -ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 18-4-2010

Saturday, April 03, 2010

വിശ്രമിക്കാനായിരുന്നില്ല ശ്രമം

നിലാവെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന സ്‌കൂളിലെ കിഴക്കേ ഹാളില്‍ നിന്ന്‌ പെട്ടെന്നാണ്‌ ഞങ്ങള്‍ എന്തോ ഒരു ശബ്‌ദം കേള്‍ക്കാന്‍ തുടങ്ങിയത്‌.കാതോര്‍ത്തുനോക്കി. ആരോ സംസാരിക്കുന്നതല്ലേ? ആരായിരിക്കും? എന്തായിരിക്കുമവിടെ? ഞങ്ങള്‍ ഗ്രൗണ്ടിനപ്പുറത്തുള്ള കിഴക്കേ ഹാളിലേക്ക്‌ കുതിച്ചു.ശബ്‌ദം കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലാവുകയായിരുന്നു. അപ്പോള്‍ കണ്ട ആ കാഴ്‌ച-അല്‍ഭുതം കൊണ്ട്‌ ഞങ്ങളുടെ കണ്ണു തള്ളിപ്പോയി.
കുഞ്ഞിരാന്‍ മാഷ്‌!ബോര്‍ഡില്‍ എന്തെല്ലാമോ എഴുതിക്കൊണ്ട്‌ മാഷ്‌ ക്ലാസ്സെടുക്കുകയാണ്‌.മുന്നില്‍ ഒഴിഞ്ഞ ബെഞ്ചുകളും ഡസ്‌ക്കുകളും മാത്രം!
- ഇത്‌ അക്‌ബര്‍ കക്കട്ടിലിന്റെ 'കുഞ്ഞിരാമന്‍ മാഷെ കാണാനില്ല' എന്ന കഥയില്‍ നിന്നും. അദ്ധ്യാപക ജീവിതത്തിന്റെ മുഖങ്ങളിലൊന്നാണിത്‌. ഇറങ്ങിയ പടവുകളിലേക്ക്‌ വീണ്ടുമൊരു തിരിച്ചു കയറ്റം കൊതിക്കുന്ന ജന്മം.
മൂന്നു പതിറ്റാണ്ടിന്റെ അദ്ധ്യാപന അനുഭവം മനസ്സിലും വാക്കിലും എഴുത്തിലും ചേര്‍ത്തുപിടിക്കുന്ന അക്‌ബര്‍ കക്കട്ടില്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചു. സ്‌കൂളും കുട്ടികളും സഹപ്രവര്‍ത്തകരും അക്‌ബര്‍ കക്കട്ടിലിന്റെ കാഴ്‌ചയിലൂടെ...

വിശ്രമിക്കാനായിരുന്നില്ല ശ്രമം
പല ദേശക്കാരും തരക്കാരുമായ കുറെ ആളുകള്‍ ഒരു വീടെടുത്ത്‌ താമസിക്കുകയാണ്‌. ഒരു പാട്‌ നല്ല കാര്യങ്ങള്‍ അവിടെ താമസിച്ചു കൊണ്ട്‌ അവര്‍ ചെയ്യുന്നു. അങ്ങനെയിരിക്കെ ചിലര്‍ ബാക്കിയുള്ളവര്‍ക്ക്‌ വീടിന്‌ തങ്ങളുടെ അവകാശം കൂടി കൊടുത്തുകൊണ്ട്‌ പിന്മാറുന്നു. സര്‍വ്വീസില്‍ നിന്ന്‌ വിരമിക്കുന്ന ഏതൊരാളും ഇങ്ങനെ പിന്‍വാങ്ങുന്നവരാണെന്ന്‌ എനിക്ക്‌ തോന്നുകയാണ്‌.

മാര്‍ച്ച്‌ 31-ന്‌ ശേഷം ഇനി സ്‌കൂളിലേക്ക്‌ തിരിച്ചു ചെല്ലുമ്പോള്‍ `വിറ്റ വീട്ടി'ലേക്ക്‌ ചെല്ലുന്ന അനുഭവമായിരിക്കും. അവിടെയുള്ള ബാക്കിയായവര്‍ക്ക്‌ എന്നോടുള്ള സ്‌നേഹത്തിനോ, പരിഗണനക്കോ ഒരു കുറവും ഉണ്ടാകുകയില്ല എന്നറിയാം. എന്നാലും? അവകാശാധികാരങ്ങള്‍ നഷ്‌ടപ്പെട്ട ഒരുവന്റെ മനസ്സും രൂപവും ഭാവവും എന്നിലേക്ക്‌ കടന്നുവരുന്നു.മുപ്പതു വര്‍ഷമായി ഞാന്‍ അദ്ധ്യാപകനായിട്ട്‌. ഇപ്പോള്‍ വിരമിക്കുന്ന വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 22 വര്‍ഷം. ഏഴ്‌ വര്‍ഷത്തോളം കൂത്താളി ഹൈസ്‌കൂളില്‍. ഒരു വര്‍ഷം കോട്ടയം ജില്ലാ നവോദയ വിദ്യാലയത്തിലും കുറ്റിയാടി ഗവ. ഹൈസ്‌കൂളിലും. തുടക്കവും ഒടുക്കവും വട്ടോളിയില്‍ തന്നെ.

ഇതിനിടയില്‍ പുറത്തുപോയ അവസരങ്ങളില്‍ വട്ടോളി സ്‌കൂളിലേക്ക്‌ വല്ലപ്പോഴും വന്നാല്‍ ഞാന്‍ `വാടകക്ക്‌' കൊടുത്ത ഒരു വീട്ടില്‍ ചെല്ലുന്ന അനുഭവമായിരുന്നു. എല്ലാ പരിചിതരുമുണ്ടായിട്ടും ആകെ ഒരു അപരിചിതത്വം. ഒരു സിം കാര്‍ഡില്ലാത്ത മൊബൈല്‍ ഫോണ്‍ പോലെ. എങ്കില്‍ തീരെ ഇവിടം വിടേണ്ടി വന്നാല്‍ എന്റെ സ്ഥാപനം ഒരു വിറ്റവീടാകുന്നതില്‍ എന്തല്‍ഭുതം.പക്ഷേ, ഈ വീട്‌ എനിക്ക്‌ സ്‌നേഹസ്‌മരണകളുടെ ഗൃഹാതുരത സമ്മാനിക്കുന്നു. ഇതുവരെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും നല്ലൊരു കാലവും കഴിച്ചുകൂട്ടിയത്‌ ഇവിടെയാണ്‌.

ഇഷ്‌ടപ്പെടുന്ന ഒരുപാട്‌ മുഖങ്ങള്‍, ഉള്ളില്‍ തട്ടുന്ന ഒത്തിരി അനുഭവങ്ങള്‍, ഇന്നും വിടാതെ പിടികൂടുന്ന പലവിധ ഓര്‍മ്മകള്‍. ഇതെല്ലാം എന്റെ സമ്പാദ്യമായി വരികയാണ്‌. അഥവാ ഈ വീട്ടില്‍ നിന്നുള്ള എന്റെ ബാങ്ക്‌ ഡെപ്പോസിറ്റ്‌ ആണ്‌ ഈ പറഞ്ഞതെല്ലാം എന്ന്‌ പറഞ്ഞുവെക്കാം.അടുത്തിട കേട്ട ഒരു സംഭവം: ഒരു സ്‌കൂള്‍ മാഷ്‌ക്ക്‌ നല്ല പുറംവേദന വന്നു. ആള്‍ ഒരാഴ്‌ചത്തെ ലീവ്‌ എഴുതിക്കൊടുത്ത്‌ ഡോക്‌ടറെ കാണാനെത്തി. പരിശോധനക്ക്‌ ശേഷം ഡോക്‌ടര്‍ മരുന്ന്‌ കുറിച്ചുകൊടുത്തിട്ട്‌ പറഞ്ഞു: ``നിങ്ങള്‍ ഒരാഴ്‌ച വിശ്രമിക്കണം.'' ഉടനെ മാഷ്‌ ഒരു ഞെട്ടലോടെ പറയുകയുണ്ടായി: ``അയ്യോ എന്റെ സാര്‍, ഞാന്‍ ഒരാഴ്‌ച സ്‌കൂളില്‍ ലീവ്‌ എഴുതിക്കൊടുത്തു പോയല്ലോ.

ഇനി വിശ്രമിക്കണമെങ്കില്‍ അത്‌ ക്യാന്‍സല്‍ ചെയ്‌ത്‌ പോകേണ്ടിവരും.'' ഡോക്‌ടര്‍ അമ്പരന്ന്‌ നില്‍ക്കെ അയാള്‍ പുറത്തിറങ്ങി മരുന്ന്‌ വാങ്ങുംമുമ്പ്‌ സ്‌കൂളില്‍ പോയി ലീവ്‌ ക്യാന്‍സല്‍ ചെയ്‌തു.ഇങ്ങനെ `വിശ്രമിക്കുന്ന' അദ്ധ്യാപകര്‍ നമ്മുടെ വിദ്യാലയങ്ങള്‍ക്ക്‌ ഏറെ `സല്‍പ്പേര്‌' ഉണ്ടാക്കിയിട്ടുണ്ടെന്നുള്ളത്‌ സത്യമാണ്‌. പക്ഷേ, വിശ്രമിക്കാതെ കുട്ടികള്‍ക്ക്‌ നല്ലത്‌ വരുത്താന്‍ `ശ്രമിക്കുന്ന' അദ്ധ്യാപകരായിരുന്നു എന്നും എന്റെ മാര്‍ഗ്ഗദര്‍ശികള്‍. അതിനുവേണ്ടിയുള്ള ശ്രമത്തില്‍ പലപ്പോഴും ഞാന്‍ ജയിച്ചിട്ടുണ്ട്‌.

ചിലപ്പോഴെങ്കിലും തോറ്റിട്ടുമുണ്ടാകാം. പക്ഷേ, പൊതുവെ ചിന്തിക്കുമ്പോള്‍ ഈ ജോലി എനിക്ക്‌ നല്‍കിയത്‌ സന്തോഷവും സംതൃപ്‌തിയും മാത്രമാണ്‌.ഓരോ കുട്ടിയും എനിക്ക്‌ വ്യത്യസ്‌തമായ ഓരോ ജീവിതമായിരുന്നു. അനുഭവങ്ങളുടെ കരയായിരുന്നു. അവനിലൂടെ ഞാന്‍ ഒരുപാട്‌ വ്യക്തികളെയും പരിതസ്ഥിതികളെയും അറിഞ്ഞു. അങ്ങനെ ഓരോരുത്തരും എനിക്ക്‌ ഒരു കഥയായി പല കഥയായി. ഞാന്‍ താമസിച്ച വീടും പരിസരവും കഥയുടെ തട്ടകങ്ങളിലൊന്നായി. ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 4-4-2010

Saturday, March 27, 2010

ചോദ്യമില്ലാത്ത വായന

വായിക്കാന്‍ സമയമില്ലെന്നു പറയുന്നതു ജീവിക്കാന്‍ സമയമില്ലെന്നു പറയുന്നതുപോലെയാണെന്നു സ്റ്റാലിന്‍ പറഞ്ഞ കാര്യം ഞാന്‍ മനസ്സിലാക്കിയത്‌ ആലപ്പുഴയിലെ ഐക്യ ഭാരത വായനശാലയില്‍ നിന്നെടുത്ത ഒരു പുസ്‌തകത്തില്‍ നിന്നാണ്‌. ഒരുപാടു പാതകം ചെയ്യുന്നവര്‍ ചിലപ്പോള്‍ വിശുദ്ധമായ പരാമര്‍ശങ്ങള്‍ വിളിച്ചു പറയാറുണ്ട്‌.- കെ. പി. അപ്പന്‍ (കാറ്റും കഥകളും ജീവിതവും- മനോരമ വാര്‍ഷികം 2001). ആത്മാര്‍ത്ഥമായ വായനയില്‍ നിന്നാണ്‌ നമ്മുടെ മനസ്സില്‍ സംവാദ സാമര്‍ത്ഥ്യം രൂപപ്പെടുന്നത്‌. വിമര്‍ശകന്‍ ചരിത്രത്തിന്റെ മുന്നിലേക്ക്‌ കുതിക്കുന്നവനായിരിക്കണം. കെ. പി. അപ്പന്‍ ഓര്‍മ്മപ്പെടുത്തിയതും മറ്റൊന്നല്ല.

പത്തിമടക്കുന്ന വിമര്‍ശനം
സക്കറിയ വിമര്‍ശനങ്ങള്‍ പിന്‍വലിച്ച്‌ (മാതൃഭൂമി) സൗമ്യശീലനായി മാറുന്നു. കേള്‍ക്കുമ്പോഴും വായിക്കുമ്പോഴും നല്ലകാര്യം. സക്കറിയയുടെ നിലപാടുകളോട്‌ എല്ലാവരും യോജിക്കുന്ന കാലം വരുന്നു. പല സന്ദര്‍ഭത്തിലും സക്കറിയ മറ്റുള്ളവരെ ഇണക്കിയും പിണക്കിയും നിര്‍ത്തിയിട്ടുണ്ട്‌. അതൊരു സക്കറിയാതന്ത്രം എന്നുവരെ വിശേഷിപ്പിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ഗായകന്‍ യേശുദാസിനെപ്പറ്റി 1984-ല്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്കാണ്‌ സക്കറിയ പശ്ചാത്തപിക്കുന്നത്‌. യേശുദാസിന്റെ ആലാപനശൈലിയും ഗാനങ്ങളും വിമര്‍ശനത്തിന്‌ വിധേയമാകുന്നതില്‍ എന്തെങ്കിലും പന്തികേടുണ്ടോ?

ഈടുറ്റ വിമര്‍ശനം കലാകാരനോടുള്ള അനാദരവല്ല; സര്‍ഗാത്മകമായ ഇടപെടലാണ്‌. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കലാകാരന്മാരില്‍ യേശുദാസും ഉള്‍പ്പെടാതിരിക്കില്ല. അദ്ദേഹത്തിന്റെ ഗാനങ്ങളെക്കുറിച്ചും ആലാപനശെലിയെപ്പറ്റിയും ആത്മാര്‍ത്ഥമായി പഠിച്ച്‌ വിമര്‍ശനം നടത്തിയവര്‍ക്ക്‌ സക്കറിയയുടെ അവസ്ഥ ഉണ്ടാവാനിടയില്ല. വിമര്‍ശനമായാലും അവബോധത്തിന്റെ അടിത്തറയില്‍ നിന്നാകുമ്പോള്‍ പശ്ചാത്തപിക്കേണ്ടിവരില്ല.

എഴുത്തിന്റെ പുതുമുദ്രകള്
‍മലയാളത്തിലെ പുതിയ എഴുത്തുകാര്‍ എവിടെ നില്‍ക്കുന്നു? വരമൊഴിയില്‍ തെളിയുന്ന സൗന്ദര്യശാസ്‌ത്രമെന്ത്‌? എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ വായനയില്‍ തെളിയുന്നുണ്ട്‌. ആ വഴിയിലേക്ക്‌ നമ്മുടെ ശ്രദ്ധപതിപ്പിക്കുന്ന അഞ്ച്‌ പുസ്‌തകങ്ങളാണ്‌ ചുവടെ പരാമര്‍ശിക്കുന്നത്‌. ഹക്കീം വെളിയത്ത്‌, സി. കെ. സുജിത്ത്‌, മിനിബാബു, ഇയ്യ വളപട്ടണം, അപ്പുമുട്ടറ എന്നിവരുടെ കൃതികള്‍.

മദീനയുടെ മന്ദഹാസം
വര്‍ത്തമാനകാല ലോകം മനുഷ്യാവസ്ഥക്ക്‌ മുന്നില്‍ നിന്ദ്യവും ഹീനവുമായ ദുരന്തങ്ങളും ദുരവസ്ഥകളും സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. ഇതിന്‌ പ്രതിവിധിയെന്ത്‌? സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സ്വപ്‌നങ്ങള്‍ പൊലിപ്പിച്ചെടുത്ത്‌ സമകാലിക ഉത്‌കണ്‌ഠകളെ അതിജീവിക്കാന്‍ കഴിയുമെന്ന്‌ വിശ്വസിക്കുന്ന എഴുത്തുകാരനാണ്‌ ഹക്കീം വെളിയത്ത്‌.

മദീനയുടെ മന്ദഹാസം എന്ന പുതിയ കാവ്യസമാഹാരത്തിലൂടെ ഹക്കീം ഭൗതിക പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ മാതൃകയായി നബിയുടെ ജീവിതഘട്ടങ്ങള്‍ വിവരിക്കുന്നു. ആത്മഭാഷണങ്ങളും കാരുണ്യദര്‍ശനങ്ങളും ഇഴചേര്‍ത്ത്‌ ഹക്കീം രചിച്ച കവിതകള്‍ സത്യവിശ്വാസിയുടെ ഉള്ളുരയാണ്‌. അത്‌ വിനയത്തിന്റെയും വണക്കത്തിന്റെയും ഭാഷയിലൂടെ മദീനയുടെ മന്ദഹാസം അടയാളപ്പെടുത്തുന്നു. ആമുഖം ഡോ. സുകുമാര്‍ അഴീക്കോട്‌.-(ആര്‍. എസ്‌. സി അബുദാബി, 40 രൂപ)

ലൈഫ്‌ലോങ്‌ വാലിഡിറ്റി
ഒടുവില്‍... അവള്‍ മുലപ്പാല്‍ വിറ്റ്‌ സ്വന്തം കുഞ്ഞുങ്ങളുടെ വിശപ്പകറ്റി- സി. കെ. സുജിത്തിന്റെ മാതൃത്വം എന്ന കഥ. ഒറ്റവരിയില്‍ ആധുനികലോകത്തിന്റെ ഉള്ളുരുക്കം എഴുതിയിരിക്കുന്നു. ജീവിതത്തിന്റെ ദുരന്തചിത്രങ്ങളാണ്‌ കൊച്ചുകഥകളില്‍ സുജിത്ത്‌ വരച്ചിടുന്നത്‌. ആറ്റിക്കുറുക്കിയ വാക്കുകള്‍ കൊണ്ട്‌ വര്‍ത്തമാനകാലത്തിന്റെ ഇരുളിടങ്ങളാണ്‌ സുജിത്ത്‌ എഴുതിയത്‌. 54 കൊച്ചുകഥകളാണ്‌ ലൈഫ്‌ലോങ്‌ വാലിഡിറ്റിയിലുള്ളത്‌. ബാരക്ക്‌, സ്വയം തൊഴില്‍, ആധി, പെന്‍ഷന്‍, നന്ദി, ക്വട്ടേഷന്‍, റിയാലിറ്റിഷോ ഈ രീതിയിലുള്ള പ്രമേയങ്ങളില്‍ കഥയും നര്‍മ്മവും യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷ്‌ണതയും കണ്ടെടുക്കുന്ന എഴുത്തുവിദ്യ സുജിത്തിന്റെ രചനകളുടെ സവിശേഷതയാണ്‌. വീണ്ടും വീണ്ടും വായിക്കാവുന്ന കഥകള്‍. -(കൈരളി ബുക്‌സ്‌ കണ്ണൂര്‍, 40 രൂപ)

നഗരസന്ധ്യമിനിബാബുവിന്റെ 26 കവിതകള്‍. ലളിതവും സുതാര്യവുമായ ഭാഷയിലൂടെ സാമൂഹികജീവിത പ്രശ്‌നങ്ങളാണ്‌ മിനിബാബു പറയുന്നത്‌. കവിതയെക്കുറിച്ചും എഴുത്തിനെപ്പറ്റിയും വ്യക്തമായ ഒരു നിലപാട്‌ മിനിബാബുവിനുണ്ട്‌. ഒരു തുണ്ട്‌ കടലാസില്‍ വടിവൊത്ത കയ്യക്ഷരത്തില്‍ എഴുതുന്നതല്ല കവിത. ആത്മാവിന്റെ നിലവിളിയായി കവിതയെ ചേര്‍ത്തുപിടിക്കുന്ന മനസ്സിന്റെ നിതാന്തസാന്നിദ്ധ്യം നഗരസന്ധ്യയിലുണ്ട്‌. വീട്ടില്‍ വിരിയുന്ന കവിത എന്ന്‌ അവതാരികയില്‍ പി. സോമനാഥന്‍ വിശേഷിപ്പിക്കുന്നു.-(ഭാഷാ ബുക്‌സ്‌ പേരാമ്പ്ര, 25 രൂപ)

കുറുക്കന്റെ കണ്ണുകള്
‍ഇയ്യ വളപട്ടണത്തിന്റെ പ്രഥമ കഥാസമാഹാരം. ഉറക്കത്തിനും ഉണര്‍വ്വിനും ഇടയിലെ തോന്നലുകളാണ്‌ ഈ കഥകളെ ചടുലമാക്കി നിര്‍ത്തുന്നത്‌. കാല്‍പ്പാദം കൊണ്ട്‌ ഭൂമി അളക്കുന്ന സര്‍ക്കസ്സുകാരനെ തൊട്ടുകൊണ്ടാണ്‌ പുസ്‌തകത്തിലെ ആദ്യ കഥ-(തിളങ്ങുന്ന നാട്ടിലെ...), അവസാനകഥയില്‍ (എഴുത്തുപുരയിലെ വിശേഷങ്ങള്‍) തൊണ്ടയില്‍ കുടുങ്ങിയ വാക്കുകളോടെ ദൂരെ നോക്കി അവര്‍ ഇരിക്കുന്നു എന്നൊരു ചിത്രവും. ജീവിതത്തിന്റെയും എഴുത്തിന്റെയും രണ്ടു ദൂരങ്ങളെ കോര്‍ത്തിണക്കുന്ന രേഖാഖണ്‌ഡമാണ്‌ ഇയ്യ വളപട്ടണത്തിന്റെ കുറുക്കന്റെ കണ്ണുകള്‍ അഥവാ ആണ്‍നോട്ടം എന്ന കൃതി.-(കൈരളി ബുക്‌സ്‌, 40 രൂപ)

നമുക്കൊന്നു മിണ്ടാം
വേട്ടക്കാരുടെ മുന്നിലകപ്പെട്ട ഇരയുടെ സുഖമാണ്‌ എന്റേത്‌ -എന്നിങ്ങനെ ഇരയുടെ വേദനയാണ്‌ അപ്പുമുട്ടറയുടെ കവിതകളുടെ മുഖമൊഴി. നമുക്കൊന്നു മിണ്ടാം എന്ന സമാഹാരത്തില്‍ 34 കവിതകളുണ്ട്‌. മനസ്സിന്റെ ഹരിതകാന്തിയും സൗമ്യതയുടെ നീലാകാശവും വിതാനിച്ചു നില്‍ക്കുന്ന കാവ്യതട്ടകമാണ്‌ അപ്പുമുട്ടറയുടെ പുസ്‌തകം. അകംപുറം നിരീക്ഷണത്തിന്റെ കരുത്തും ആര്‍ദ്രതയും ഈ കവിയുടെ രചനകളിലുണ്ട്‌. അവതാരികയില്‍ ആശ്രമം വിജയന്‍: കവി തന്റെ ആത്മനൊമ്പരങ്ങളുടെ പരസഹസ്രം അഗ്നിശലാകകളെ അഷ്‌ടദിക്കുകളിലേക്കും എയ്‌തുവിടുന്ന സവ്യസാചിയാണ്‌. - ജീവിതാവബോധത്തിന്റെ ആഴത്തറകളില്‍ വേരൂന്നിയ കവിതകളുടെ നിറവ്‌.-(ചിദംബരം ബുക്‌സ്‌, 40 രൂപ)-നിബ്ബ്‌, ചന്ദ്രിക-28-03-2010

Saturday, March 20, 2010

മഞ്ഞക്കണ്ണട വെച്ചാല്‍

‍പ്രസംഗം നിലനില്‍ക്കില്ല എന്ന വാദം തെറ്റാണ്‌. വിവേകാനന്ദ സാഹിത്യം ഏറിയ പങ്കും പ്രസംഗങ്ങളല്ലേ. മാത്രമല്ല, എഴുതിയതെല്ലാം നിലനില്‍ക്കണമെന്നാണോ? ഞാന്‍ 3000ല്‍ പരം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. അവ എല്ലാം നിലനില്‍ക്കുകയില്ല.- (ഡോ. സുകുമാര്‍ അഴീക്കോട്‌, ഇന്ത്യാടുഡേ 2002). സാഹിത്യത്തിലെന്ന പോലെ സമൂഹത്തിലും ഉണ്ടാകുന്ന ചലനങ്ങളെ അഴീക്കോടിന്റെ പ്രസംഗവും എഴുത്തും നിതാന്ത ജാഗ്രതയോടെ നിരീക്ഷിക്കുന്നു.

സര്‍ഗാത്മകമായ എഴുത്തിനും പ്രസംഗത്തിനും വേര്‍തിരിവുകളില്ലെന്ന്‌ ഓര്‍മ്മപ്പെടുത്തുകയാണ്‌ അഴീക്കോട്‌. എല്ലാ ഗണിതശാസ്‌ത്രജ്ഞരും രണ്ടു ലോകത്തില്‍ ജീവിക്കുന്നു-എന്ന്‌ പ്രശസ്‌ത ഗണിത ശാസ്‌ത്രജ്ഞന്‍ എസ്‌. കാപ്പന്‍ സൂചിപ്പിച്ചത്‌ ഓര്‍ക്കുക.

കാലത്തിന്റെ നേര്‍ക്കാഴ്‌ച
നാടോടുമ്പോള്‍ നടുവെ ഓടുക എന്നൊരു ചൊല്ലുണ്ട്‌. ഇതിന്‌ വിപരീതമായി ആരെങ്കിലും നടന്നാലോ, വ്യത്യസ്‌തനായി ചിന്തിച്ചാലോ? ഫലം വ്യക്തം; അയാള്‍ സമൂഹത്തില്‍ നിന്നും ബഹിഷ്‌കൃതനാകും. അങ്ങനെയുള്ളവര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇത്തരമൊരു ജീവിതാന്തരീക്ഷത്തിലേക്കാണ്‌ അര്‍ഷാദ്‌ സംവിധാനം ചെയ്‌ത യെല്ലോഗ്ലാസ്സ്‌ എന്ന ഹ്രസ്വചിത്രം പ്രേക്ഷകരെ നടത്തിക്കുന്നത്‌.

നാട്ടില്‍ കണ്ണുരോഗം പടര്‍ന്നു. മെഡിക്കല്‍ ഷോപ്പ്‌ ജീവനക്കാരന്‍ ദിനേശന്‍ മാത്രം രോഗകാരണം സംശയിക്കുന്നു. രോഗപ്രതിരോധത്തിന്‌ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ച മഞ്ഞക്കണ്ണടയ്‌ക്കെതിരെ ശബ്‌ദിക്കുന്നു. ദിനേശന്‍ മാത്രം മഞ്ഞക്കണ്ണട ധരിക്കുന്നില്ല. അതിന്റെ പേരില്‍ ദിനേശന്‌ ജോലി നഷ്‌ടപ്പെടുന്നു. ദിനേശനെ ആളുകള്‍ സംശയത്തോടെ നോക്കാന്‍ തുടങ്ങി. അയാളെ ജനം കല്ലെറിയുന്നു. എല്ലാ പീഡനങ്ങളും നേരിട്ട ദിനേശന്‍ കുടുംബത്തില്‍ സാന്ത്വനം തേടുന്നു. പക്ഷേ, സ്‌നേഹത്തോടെ ഭാര്യയും അയാളെ ഉപദേശിക്കുന്നു.

അര്‍ഷാദിന്റെ യെല്ലോഗ്ലാസ്‌ എന്ന സിനിമയുടെ കഥ ഇത്രമാത്രം. തിരക്കഥാകൃത്തും സംവിധായകനും ഈ കഥാഘടനയിലൂന്നി ഓര്‍മ്മപ്പെടുത്തുന്നത്‌ കാലത്തിന്റെയും ജനങ്ങളുടെയും ഒഴുക്കാണ്‌. ഒഴുക്കിനെതിരെ നില്‍ക്കുന്നവന്‍ ക്രൂശിക്കപ്പെടും. യെല്ലോഗ്ലാസിലെ ദിനേശനും ഇരയായി. ദിനേശന്‍ നാട്ടുകാരുടെ നിരയിലേക്ക്‌ നീങ്ങിനില്‍ക്കുന്നിടത്ത്‌ ചിത്രം അവസാനിക്കുന്നു. പ്രതിരോധങ്ങളില്‍ തളരുന്നുണ്ടെങ്കിലും യെല്ലോഗ്ലാസിലെ ദിനേശന്മാരിലാണ്‌ സംവിധായകന്റെ പ്രതീക്ഷ.

ഈ ചിത്രം ഓര്‍മ്മയില്‍ നിര്‍ത്തുന്ന മറ്റൊരു കാര്യം- ദിനേശന്റെ സമ്പാദ്യം നാല്‌ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ്‌. വര്‍ത്തമാനകാലത്ത്‌ നെഞ്ചുയര്‍ത്തി ഇങ്ങനെ പറയാന്‍ എത്ര പേര്‍ക്ക്‌ സാധിക്കും? വടകരയും പരിസരങ്ങളിലുമായി ചിത്രീകരിച്ച യെല്ലോഗ്ലാസ്‌ സാങ്കേതികതയിലും ആവിഷ്‌കരണത്തിലും മികച്ചു നില്‍ക്കുന്നു. ഹ്രസ്വ സിനിമകള്‍ക്ക്‌ ഇതിനകം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ അര്‍ഷാദിന്റെ പുതിയ ചിത്രമാണ്‌ യെല്ലോഗ്ലാസ്‌.

മുഞ്ഞിനാടിന്റെ പച്ച
മനസ്സിന്റെ പ്രതിരൂപമാണ്‌ വാക്കുകള്‍. വാക്കുകള്‍ പിളരുമ്പോള്‍ എഴുത്തുകാരുടെ മന:സ്‌പന്ദനം വായനക്കാര്‍ തിരിച്ചറിയുന്നു. ഗ്രീഷ്‌മ സൂചിയായി മുറിഞ്ഞ മഷിത്തണ്ടു കൊണ്ട്‌ നമ്മുടെ അകം പൊള്ളിക്കുന്ന കവിതയാണ്‌ മുഞ്ഞിനാട്‌ പത്മകുമാറിന്റെ പച്ച (കലാകൗമുദി, 1802). ഗംഭീര പ്രസ്‌താവനകളോ, കടുംനിറത്തിലുള്ള വാക്കുകളോ ഈ കവിതയിലില്ല. പക്ഷേ, വായനക്കാരുടെ മനസ്സിലേക്ക്‌ ഒഴുകിപ്പരക്കാനുള്ള കരുത്ത്‌ പച്ചയിലുണ്ട്‌. മഴപ്പുസ്‌തകത്തില്‍ നിന്ന്‌ ഇറങ്ങിപ്പോകുന്ന വിഷപ്പാമ്പിനെ കവി കാണാതിരിക്കുന്നില്ല. ഭൂതകാലം പൊള്ളിച്ച പാരിതോഷികവും പത്മകുമാര്‍ കണ്ടെടുക്കുന്നു. ഓര്‍മ്മകള്‍ നിലവിളിച്ച്‌ മരതകപ്പുറ്റിന്റെ ജപമായി മാറുന്ന പച്ച മുഞ്ഞിനാട്‌ അവസാനിപ്പിക്കുന്നതിങ്ങനെ:
അസ്ഥികളില്‍/പച്ചയുടെ അലങ്കാരങ്ങള്‍/പച്ച എന്നിലേക്കും ഞാന്‍ പച്ചയിലേക്കും/കണ്ണുരുട്ടിക്കളിച്ചു.- പ്രകൃതിപാഠത്തെ പ്രസ്ഥാനമുക്തമാക്കുന്ന എഴുത്തിന്റെ കാര്‍ക്കശ്യ നിലപാട്‌ പച്ചയിലുണ്ട്‌.

ആഗ്നസിന്റെ പ്രഭാതങ്ങള്
‍കാഴ്‌ചകളും ഓര്‍മ്മകളും കൊണ്ട്‌ നെയ്‌തെടുക്കുന്ന കഥകളാണ്‌ രാജന്‍ കരുവാരകുണ്ട്‌ പറയുന്നത്‌. രാഷ്‌ട്രീയവും പ്രകൃതിപാഠങ്ങളും സ്വത്വ പ്രതിസന്ധിയും എല്ലാം രാജന്റെ കഥകളില്‍ വിവിധമാനങ്ങളില്‍ കൂടുവയ്‌ക്കുന്നു. പല താളത്തിലും വര്‍ണ്ണത്തിലും അവ വായനക്കാരുടെ മനസ്സില്‍ തൊട്ടുരുമ്മി നില്‍ക്കും. ഭാവനയും യാഥാര്‍ത്ഥ്യവും ഇഴചേര്‍ന്നു നില്‍ക്കുന്ന കഥകള്‍. ആഗ്നസിന്റെ പ്രഭാതങ്ങള്‍ എന്ന സമാഹാരത്തില്‍ പതിമൂന്ന്‌ കഥകളുണ്ട്‌. മലയാളികള്‍ മറന്നുകൊണ്ടിരിക്കുന്ന തനിമയെ തിരികെ വിളിക്കുന്ന രചനകളാണിവ. കളിവീട്‌, ചുരക്കുന്നിലേക്കുള്ള കത്തുകള്‍, നിഴല്‍രൂപങ്ങള്‍, പഴയവീടുകള്‍, സര്‍പ്പം എന്നിങ്ങനെ ഈ കഥകളിലെല്ലാം സമത്വചിന്തയും ഗൃഹാന്തരീക്ഷവും പതിഞ്ഞുനില്‍ക്കുന്നു. ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്ന കഥകള്‍. ആമുഖത്തില്‍ സുബൈദ: സമാഹാരത്തിലെ മിക്ക കഥകളിലും പ്രമേയംപോലെ അവതരണവും ഭാഷയും വായനക്കാരെ ഏറെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്‌.-(തുളുനാട്‌ പബ്ലിക്കേഷന്‍സ്‌, 50 രൂപ).

ഡേര്‍ട്‌ലെസ്‌ സ്റ്റെപ്‌സ്‌
ഫയിദ ടി. കെ. യുടെ പ്രഥമ ഇംഗ്ലീഷ്‌ കവിതാ സമാഹാരം. പ്രതീക്ഷയെ എതിരേല്‍ക്കാന്‍ കൊതിക്കുന്ന ഒരു മനസ്സിന്റെ നിതാന്ത സാന്നിധ്യം ഫയിദയുടെ കവിതകളിലുണ്ട്‌. പുറംലോകം കണ്ടുനിറയാനും വെളിച്ചത്തെ പുണരാന്‍ കൊതിക്കുകയും ചെയ്യുന്ന കൗതുകമാണ്‌ ഈ സമാഹാരത്തിലെ കവിതകളെ ആര്‍ദ്രവും ഹൃദ്യവുമാക്കുന്നത്‌. ടെണ്ടര്‍ ടച്ച്‌, എ വാക്ക്‌ ത്രൂ ദ ഹെവന്‍, ഓണ്‍ ദ ലൈന്‍ ഓഫ്‌ ലൈഫ്‌, വാല്യൂസ്‌, ക്രോ, മൈ ഫാമിലി എന്നിങ്ങനെ കവിതയുടെ നീരൊഴുക്ക്‌ പതിഞ്ഞുനില്‍ക്കുന്ന രചനകള്‍ കാഴ്‌ചയുടെയും കണ്ടെടുക്കലിന്റെയും ദീപ്‌തി അടയാളപ്പെടുത്തുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഫയിദ ഇംഗ്ലീഷില്‍ എഴുതി എന്നതില്‍ കവിഞ്ഞ്‌, സര്‍ഗ്ഗാത്മകതയുടെ ലാളിത്യം കൊണ്ട്‌ സമ്പന്നമാണ്‌ ഈ സമാഹാരം.-(ക്രസന്റ്‌ ഹൈസ്‌കൂള്‍ വാണിമേല്‍, 50 രൂപ)- നിബ്ബ്‌ ,ചന്ദ്രിക, 21-03-2010

Thursday, March 11, 2010

കാഴ്‌ചയുടെ പൂവിളി

ഒരു സ്വപ്‌നവും അതേ മിഴിവില്‍ സഫലീകരണം പ്രാപിക്കാറില്ല. ലൗകികത്തെ സംബന്ധിച്ചുള്ളവപോലും. പിന്നെയല്ലേ, അലൗകികതയുടെ ഛായ പുരണ്ട സ്വപ്‌നങ്ങള്‍! എങ്കിലും അവ സര്‍ഗ്ഗാത്മകതയുടെ അവിഭാജ്യാംശങ്ങളാണ്‌. അതു നമ്മെ ത്വരിപ്പിക്കുന്നു (ഹിമാലയ പ്രത്യക്ഷങ്ങള്‍- ആഷാമേനോന്‍, ഡിസി ബുക്‌സ്‌). നിറംപുരണ്ട ഇത്തരം സ്വപ്‌നങ്ങളാണ്‌ ഭാവിയെ വിതാനിക്കുന്നത്‌.

ചിത്ര പാഠങ്ങള്‍
ഒരു പെയിന്റിംഗ്‌ കണ്ടുനില്‍ക്കുമ്പോള്‍ അത്‌ നമ്മുടെ സംസ്‌കൃതിയിലെ നിരവധി ആവിഷ്‌ക്കാരങ്ങളെ ഓര്‍മ്മിപ്പിക്കും. ചരിത്രവും കാലഘട്ടവും നിറയുന്ന ഓര്‍മ്മകള്‍. ചിലപ്പോള്‍ ആ പെയിന്റിംഗ്‌ വര്‍ത്തമാനകാല രൂപമായി മാറാം. ഷിറിന്‍ റഫിയുടെ പെയിന്റിംഗിന്‌ മുന്നില്‍ നില്‍ക്കുമ്പോള്‍ കാഴ്‌ചക്കാര്‍ അനുഭവിക്കുന്നത്‌ ജീവിതത്തിന്റെ മൂന്നുകാലങ്ങളാണ്‌. കഥയും കവിതയും ജീവിതവും ചേര്‍ന്നുനില്‍ക്കുന്ന ചിത്രപംക്തിയായി അവ മാറിക്കൊണ്ടിരിക്കുന്നു.വാമൊഴിയുടെയും വരമൊഴിയുടെയും ഘടനകള്‍ക്ക്‌ പലപ്പോഴും പ്രാപ്യമല്ലാത്ത രചനാ രീതിയാണ്‌ ഷിറിന്‍ തെരഞ്ഞെടുക്കുന്നത്‌.

കേരളീയ ചിത്രകലാ പാരമ്പര്യവും വൈദേശിക ചിത്രമെഴുത്തിന്റെ ശൈലികളും ഇഴചേരുന്ന ഒരു പ്രതലമാണ്‌ ഷിറിനിന്റെ പെയിന്റിംഗുകള്‍ അടയാളപ്പെടുത്തുന്നത്‌. സഞ്ചാരികളും അന്വേഷകരും, നക്ഷത്രങ്ങളും തുറന്നിട്ട വാതിലുകളും നിശ്ചലമായ തടാകവും എല്ലാം ഷിറിനിന്റെ ക്യാന്‍വാസുകളിലുണ്ട്‌.അതിരുകളില്ലാത്ത ഭാവനയുടെ തട്ടകത്തില്‍ ഇറങ്ങിനിന്ന്‌ ജീവിതമുഹൂര്‍ത്തങ്ങളെ നിരീക്ഷിക്കുമ്പോള്‍ തന്നെ വീക്ഷണങ്ങള്‍ക്ക്‌ പല മാനങ്ങള്‍ സാധ്യമാക്കുന്നു. പരിചിതത്വത്തെ അപരിചിതത്വമാക്കുന്ന പാത്തുമ്മയുടെ ആടും സൂക്ഷ്‌മലോകത്തിന്റെ വൈപുല്യം അവതരിപ്പിക്കുന്ന പ്രകൃതിയും ഈ ചിത്രകാരിയുടെ ബ്രഷിന്‍ തുമ്പില്‍ നിറയുന്നു.

നീലനിറത്തിലും വെളുപ്പിലും ആലേഖനം ചെയ്‌ത ചിത്രങ്ങള്‍ മനുഷ്യന്റെ അധികാരതൃഷ്‌ണയും മനുഷ്യരാശിയെക്കുറിച്ചുള്ള ചിന്തകളും ഉണര്‍ത്തുന്നു. സാംസ്‌കാരികവും പാരിസ്ഥിതികവുമായ വേരുകളെ സമകാലീന വര്‍ത്തമാനങ്ങള്‍ കൊണ്ട്‌ നിറയ്‌ക്കാനും ഷിറിന്‍ മടികാണിക്കുന്നില്ല. സ്‌ത്രീജീവിതമാണ്‌ ഷിറിനിന്റെ മുഖ്യവിഷയം. ഗ്രാമീണ ജീവിതത്തിന്റെ മുഖങ്ങളും സന്ദേഹങ്ങള്‍ പങ്കുവയ്‌ക്കുന്നവരും ഈ പെയിന്റിംഗുകളിലുണ്ട്‌. പ്രമേയത്തെ ജീവസ്സുറ്റതാക്കി മാറ്റുന്നതില്‍ ഷിറിന്‍ റഫി ഉപയോഗിച്ച വര്‍ണ്ണസങ്കലനം ശ്രദ്ധേയമാണ്‌. ക്രിയാത്മമായൊരു ചിത്ര പാഠങ്ങള്‍ക്ക്‌ ഇടം നല്‍കുന്ന പെയ്‌ന്റിംഗുകള്‍.

സച്ചിദാനന്ദനും പദ്‌മദാസും
മലയാളകവിതയുടെ പുതിയ മുഖമെഴുത്തിലാണ്‌ സച്ചിദാനന്ദനും പദ്‌മദാസും ശ്രദ്ധകേന്ദ്രീകരിച്ചത്‌. സച്ചിദാനന്ദന്റെ അത്രയേ ഉള്ളൂ, പദ്‌മദാസിന്റെ മുണ്ട്‌ എന്നീ കവിതകള്‍ എഴുത്തിന്റെയും ജീവിതത്തിന്റെയും വ്യത്യസ്‌ത തലങ്ങള്‍ അടയാളപ്പെടുത്തുന്നു. കവിതയുടെ ജീവിതമാണ്‌ സച്ചിദാനന്ദന്‍ എഴുതിയത്‌. ഭാഷയില്‍ ഭാഷ സൃഷ്‌ടിച്ച്‌ കവിതയെ പടികടത്തുന്നു. കവിതയ്‌ക്കായി തുറന്നിട്ട വാതിലുകളാണ്‌ സച്ചിദാനന്ദന്‍ ഓര്‍മ്മപ്പെടുത്തുന്നത്‌:
ജീവന്‍ നാറുന്ന വാക്കുകള്‍ കൊണ്ട്‌/
ഞാന്‍ നടക്കുന്ന വഴി അടയാളപ്പെടുത്തുന്നു/
അത്രയേ ഉള്ളൂ.- എഴുത്തുകാരന്റെ സത്യവാങ്‌മൂലമാണിത്‌.

പദ്‌മദാസ്‌ മുണ്ട്‌ (കലാകൗമുദി 1801) എന്ന കവിതയില്‍ പറയുന്നത്‌ കര്‍ഷക ജീവിതത്തെപ്പറ്റിയാണ്‌. പാടത്തും ചെളിയിലും ഉഴുതുമറിഞ്ഞ അച്ഛന്റെ ജീവിതമാണ്‌ പദ്‌മദാസ്‌ എഴുതിയത്‌. ചെളിപ്പാടുകള്‍ വടുകെട്ടിയ അച്ഛന്റെ മുണ്ട്‌ വായനക്കാരന്റെ മുന്നില്‍ തൂക്കിയിടുന്നു. പിന്നീട്‌ അച്ഛനെ കോടിപുതപ്പിച്ച്‌ കിടത്തിയ ചിത്രമാണ്‌ കവി വരച്ചു ചേര്‍ത്തത്‌. കറപുരളാത്ത, ചെളിപ്പാടില്ലാത്ത, കീറാത്ത മുണ്ട്‌ അച്ഛന്‌ കിട്ടുന്നത്‌ നാളികേരം രണ്ടായിമുറിഞ്ഞ നിമിഷത്തിലാണ്‌:
ഒടുവില്‍, /
അച്ഛന്‌ കിട്ടുകതന്നെ ചെയ്‌തു/
കീറാത്ത, കറപുരളാത്ത പുതുമണമുള്ള/
ഉലയാത്തതൂവെള്ള കോടിമുണ്ട്‌.- കര്‍ഷകദുരിതം ശക്തമായി ആവിഷ്‌ക്കരിക്കുന്ന കവിത.

ഫീനിക്‌സ്‌ പക്ഷികള്
‍ഓരോ എഴുത്തുകാരനും മുന്‍തലമുറയെ തിരുത്തിക്കുറിക്കുന്നു. കഥപറച്ചിലിലും ഘടനയിലും മാറ്റത്തിന്റെ മുഴക്കം സൃഷ്‌ടിക്കുന്നു. എം, വി. കരുണന്‍ മാസ്റ്ററുടെ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍ എന്ന നോവലും പുതിയൊരു രീതിശാസ്‌ത്രത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുകയാണ്‌. മലയാളനോവലിന്റെ ശില്‌പഭദ്രത ചോദ്യം ചെയ്‌ത ചന്തുമേനോന്‍ മുതലുള്ള എഴുത്തുകാരോട്‌ ചങ്ങാത്തം കൂടുകയാണ്‌ കരുണന്‍ മാസ്റ്റര്‍.

കേളോത്തു ഗ്രാമത്തിന്റെ കഥയില്‍ രാജ്യത്തിന്റെ ഒരു ചരിത്രഖണ്‌ഡം ഇഴചേര്‍ത്താണ്‌ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍ എന്ന കൃതി രചിച്ചത്‌. ഗ്രാമത്തിലെ അടിയാളജനതയുടെ ദുരിതവും അധികാരികളുടെ ക്രൂരതയും ഈ നോവലില്‍ വിവരിക്കുന്നു. വടക്കന്‍ കേരളത്തിന്റെ ഗ്രാമ്യ ഭാഷാപദങ്ങള്‍ നിര്‍ലോഭം ഉപയോഗപ്പെടുത്താന്‍ നോവലിസ്റ്റ്‌ കാണിച്ച ഔത്സുക്യം ശ്രദ്ധേയമാണ്‌. പലയിടങ്ങളിലും വ്യാസ ദീക്ഷിതമായ ഇടപെടല്‍ നടത്താനും കരുണന്‍ മാസ്റ്റര്‍ മറക്കുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചിലഘട്ടങ്ങളും ദേശീയപ്രസ്ഥാനവും ഈ നോവലിലുണ്ട്‌. അതിന്റെ പ്രതിഫലനങ്ങളും. ഏകനായക കേന്ദ്രീകൃതമായ കഥാഗതി ഈ പുസ്‌തകത്തിനില്ല. വലിയ ക്യാന്‍വാസില്‍ പറയാവുന്ന കഥ. കൊച്ചു കൊച്ചു വാക്കുകളിലും വാചകങ്ങളിലും ഒതുക്കിപ്പറയുന്നതില്‍ കരുണന്‍ മാസ്റ്ററുടെ വൈദഗ്‌ധ്യം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രാദേശികവും ചരിത്രപരവുമായ സംഭവങ്ങള്‍ കോര്‍ത്തിണക്കി വായനക്കാരെ വ്യത്യസ്‌ത കാലഘട്ടങ്ങളുടെ ഉള്ളറകളിലേക്ക്‌ നടത്തിക്കുകയാണ്‌ ഫീനിക്‌സ്‌ പക്ഷികള്‍ സ്വപ്‌നം കാണുമ്പോള്‍. അതിജീവനത്തിന്റെ ഒടുങ്ങാത്ത ആവേശം തന്നെ-(തണല്‍ ബുക്‌സ്‌ വടകര, 85രൂപ). നിബ്ബ്‌,ചന്ദ്രിക 14-03-2010

Thursday, March 04, 2010

മൗനത്തേക്കാള്‍ നിശബ്‌ദമായത്‌

നാം ഉത്തരം തേടുന്നില്ല. അംഗീകരിക്കുകയാണ്‌ ചെയ്യുന്നത്‌. അപ്പോള്‍ ജീവിതം കൂടുതല്‍ തീവ്രവും കൂടുതല്‍ ഉത്‌കൃഷ്‌ടവുമാകും. കാരണം നാം ഓരോ നിമിഷവും വയ്‌ക്കുന്ന ഓരോ ചുവടിനും വ്യക്തികള്‍പ്പുറം പോകുന്ന അര്‍ത്ഥതലമുണ്ടെന്ന്‌ നാം മനസ്സിലാക്കുന്നു. സ്ഥലകാലങ്ങളിലെവിടെയോ ഈ ചോദ്യത്തിന്‌ നിശ്ചയമായും ഉത്തരമുണ്ടെന്നും നാം ഇവിടെ ഉണ്ടായതിന്‌ ഒരു കാരണമുണ്ടെന്നും തിരിച്ചറിയുന്നു. നമ്മെ സംബന്ധിച്ചിടത്തോളം അത്‌ ധാരാളമാണ്‌.- (ബ്രിഡ -പൗലോ കൊയ്‌ലോ, ഡിസി ബുക്‌സ്‌).

പൗലോ കൊയ്‌ലോ എഴുതിയത്‌ മനുഷ്യജീവിതത്തെ പൊതിഞ്ഞു നില്‍ക്കുന്ന സമസ്യയാണ്‌. എഴുത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്‌ വായനയെ ഇങ്ങനെ ആഴങ്ങളിലേക്ക്‌ ഇറക്കിനിര്‍ത്തലാണ്‌. സംസ്‌കാരവും സര്‍ഗാത്മകതയും സമന്വയിക്കുന്ന മൗനത്തേക്കാള്‍ നിശബ്‌ദമായ (കടപ്പാട്‌ : കെ. പി. അപ്പന്‍) ഇടപെടലുകള്‍ ഓര്‍മ്മപ്പെടുത്തുന്നതും മറ്റൊന്നല്ല.

ഗിരീഷ്‌ പുത്തഞ്ചേരി
ഗിരീഷിന്‌ പാട്ടും പാട്ടെഴുത്തും ഉന്മാദമായിരുന്നു. ആത്മാര്‍പ്പണം. വാക്കുകളെ നക്ഷത്രങ്ങളെപ്പോലെ ഗിരീഷ്‌ സ്‌നേഹിച്ചിരുന്നു. ഗിരീഷിന്റെ മനസ്സില്‍ വാക്കുകള്‍ പൂത്ത്‌, മൊട്ടുകളായി വിരിഞ്ഞ്‌ ഫലങ്ങളായി മാറിക്കൊണ്ടിരുന്നു. വിരാമമില്ലാതെ. ഗംഗാപ്രവാഹമായി. പല രാവറുതിയിലും ഗിരീഷിന്റെ മനസ്സിലും കണ്ണിലും സൂര്യകിരീടങ്ങള്‍ വീണുടഞ്ഞു. ശബ്‌ദതാരാവലിയാണ്‌ എന്റെ നിധി എന്ന്‌ അഭിമാനിച്ച ഗാനരചയിതാവായിരുന്നു ഗിരീഷ്‌ പുത്തഞ്ചേരി.

ഭാഷാവബോധമാണ്‌ ഈ എഴുത്തുകാരന്റെ കരുത്ത്‌. പാട്ടെഴുതുന്ന ഗിരീഷിനു മുമ്പില്‍ കവിതയും തിരക്കഥയും പതുങ്ങിനിന്നുകൊണ്ടിരുന്നു. അവ മുന്നിലേക്ക്‌ വന്ന സന്ദര്‍ഭങ്ങളിലെല്ലാം മലയാളത്തിന്‌ കനപ്പെട്ട കവിതയും തിരക്കഥയും ലഭിച്ചിട്ടുണ്ട്‌. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സജ്ജമായ ജന്മമായിരുന്നു ഗിരീഷിന്റേത്‌.ഗുരുനാഥന്മാരെയും സഹപ്രവര്‍ത്തകരെയും സ്‌നേഹിതരെയും ഒരുപോലെ ഗിരീഷ്‌നെഞ്ചേറ്റിയിരുന്നു. കടലുപോലെ സ്‌നേഹം നിറഞ്ഞ മനസ്സില്‍ ചിലപ്പോള്‍ പിണക്കത്തിന്റെ കാര്‍മേഘം ഒളിച്ചുകളിക്കാറുണ്ട്‌. അങ്ങനെയൊരു സംഭവം- വടക്കുംനാഥന്റെ തിരക്കഥ പുസ്‌തകമാക്കാന്‍ കോഴിക്കോട്ടെ ഒരു പ്രസാധക സുഹൃത്ത്‌ ഗിരീഷിനോട്‌ ചോദിക്കാന്‍ ആവശ്യപ്പെട്ടു. കാര്യം ഞാന്‍ സൂചിപ്പിച്ചു. പ്രസാധകര്‍ക്കിടയിലെ ക്ലിക്കുകളില്‍ അകപ്പെട്ടത്‌ അറിഞ്ഞുകൊണ്ടായിരുന്നില്ല.

എന്റെ നിരപരാധിത്വം ഗിരീഷിനോടും തിരക്കഥ പുസ്‌തകമാക്കിയ സ്‌നേഹിതനോടും തുറന്നുപറഞ്ഞപ്പോള്‍ ആ പിണക്കം മാറിക്കിട്ടി. ഒരു സൗഹൃദം നഷ്‌ടപ്പെടുമ്പോള്‍ ജന്മസുകൃതമാണ്‌ നഷ്‌ടമാകുക- ഗിരീഷ്‌ പുത്തഞ്ചേരി ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിരുന്നു. അനുഭവങ്ങളുടെ പാഠപുസ്‌തകമായി മനസ്സില്‍ നിറയുന്ന വാക്കുകള്‍.

പുതിയ കവിത
ഇടിക്കാലൂരി പനമ്പട്ടടി/
കേരളത്തില്‍ പ്രവേശിച്ച ശേഷം/
എന്തു സംഭവിച്ചു?- (ഇടിക്കാലൂരി പനമ്പട്ടടി, മാതൃഭൂമി മാര്‍ച്ച്‌7) പി. എന്‍. ഗോപീകൃഷ്‌ണന്റെ കവിത. കേരളത്തില്‍ എന്തു സംഭവിച്ചു ഇതാണ്‌ ചോദ്യം. ഉത്തരം കണ്ടെത്താന്‍ കേരളചരിത്രവും ലോകചരിത്രവും കയറിയിറങ്ങുകയാണ്‌ കവി. സംശയങ്ങള്‍ നിരവധി ബാക്കിനിര്‍ത്തി ഗോപീകൃഷ്‌ണന്‍ മാറിനില്‍ക്കുന്നതിങ്ങനെ:
ചുണ്ടില്‍ തണുത്തുരുണ്ടു പതിഞ്ഞ/
ഒരു നാമജപം.- ആധുനിക മനുഷ്യന്റെ ഗതിവിഗതികളും ബോധാബോധങ്ങളും ഇഴചേര്‍ക്കുന്ന രചന. ഈ പരീക്ഷണക്കുറിപ്പില്‍ കവിയും കവിതയുമുണ്ട്‌.

കുരുടന്‍ മൂങ്ങ
കേരളത്തിന്റെ സമീപകാല സാമൂഹികാവസ്ഥയാണ്‌ കുരുടന്‍ മൂങ്ങയുടെ രംഗഭാഷ. പ്രശസ്‌ത ചിത്രകാരനും എഴുത്തുകാരനുമായ ഗായത്രി രചനയും സംവിധാനവും നിര്‍വ്വഹിച്ച കുരുടന്‍ മൂങ്ങ ഏക കഥാപാത്ര കേന്ദ്രീകൃതമാണ്‌. കുന്നുംപുരയ്‌ക്കല്‍ മുകുന്ദന്‍ മാഷ്‌. അദ്ദേഹത്തിന്റെ മകള്‍ ക്രൂരമായ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ടു. എട്ടുവയസ്സുകാരിയുടെ മരണവും നിയമനടപടികളും മുകുന്ദന്‍ മാഷുടെ ജീവിതം ദുരന്തഭൂമികയാക്കി. മകളെ കൊലചെയ്‌ത ചെറുപ്പക്കാരന്‍ കോടതി ശിക്ഷയില്‍ നിന്നും സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപ്പെടുന്നു. പക്ഷേ, മുകുന്ദന്‍ മാഷുടെ കോടതി അയാള്‍ക്ക്‌ വധശിക്ഷ നടപ്പാക്കി. എന്നാല്‍ മുകുന്ദന്‍ മാഷക്ക്‌ കൊലക്കുറ്റത്തില്‍ നിന്നും രക്ഷനേടാന്‍ ഒരു സംശയത്തിന്റെ ആനുകൂല്യവും കിട്ടുന്നില്ല. മാഷക്ക്‌ മരണശിക്ഷ തന്നെ ലഭിച്ചു.

മുകുന്ദന്‍ മാഷുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്‌ ഈ നാടകം. മുകുന്ദന്‍ മാഷുടെ ആത്മഗതത്തിലൂടെ ചുരുള്‍ നിവരുന്ന കഥ. നീതിന്യായം പാവപ്പെട്ടവര്‍ക്ക്‌ അപ്രാപ്യമാകുന്ന വ്യവസ്ഥിതിക്കുനേരെയാണ്‌ കുരുടന്‍ മൂങ്ങ പ്രേക്ഷകരെ നടത്തിക്കുന്നത്‌. ദൈവം കഴിഞ്ഞാല്‍ പാവപ്പെട്ടവന്‌ നീതി ധര്‍മ്മങ്ങള്‍ ലഭിക്കുന്നത്‌ കോടതിയിലാണ്‌. അവിടെ തകിടം മറിഞ്ഞാല്‍ പാവപ്പെട്ടവരുടെ വിശ്വാസം തകരും. കുരുടന്‍ മൂങ്ങ എന്ന ഏകാങ്കം ഉന്നയിക്കുന്ന ചോദ്യവുമിതാണ്‌.കാലഘട്ടത്തിന്റെ ശബ്‌ദമാണ്‌ ഈ നാടകം കേള്‍പ്പിക്കുന്നത്‌. ഏതൊരു ശൂന്യതയിലും ഒരു കൊടുങ്കാറ്റ്‌ ഒളിച്ചിരിപ്പുണ്ടെന്ന്‌ ഗായത്രിയുടെ കുരുടന്‍ മൂങ്ങ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ചലച്ചിത്ര നടന്‍ ശിവജി ഗുരുവായൂരാണ്‌ മുകുന്ദന്‍ മാഷായി അരങ്ങില്‍ ജീവിക്കുന്നത്‌. ശിവജിയുടെ ശരീരഭാഷയിലും നടനവൈഭവത്തിലും ഉള്ളെരിയുന്ന കുന്നുംപുരയ്‌ക്കല്‍ മുകുന്ദന്‍ മാഷുടെ ഭാവഭേദങ്ങള്‍ അവിസ്‌മരണീയമാകുന്നു. വര്‍ണ്ണങ്ങളുടെയും വരയുടെയും ലോകത്ത്‌ അല്‍ഭുതങ്ങള്‍ വിതാനിക്കുന്ന ഗായത്രി നാടകത്തിലും പുതിയൊരു ദിശാസൂചികയാണ്‌ കുരുടന്‍ മൂങ്ങയിലൂടെ അടയാളപ്പെടുത്തുന്നത്‌.

ചില കളിനിയോഗങ്ങള്
‍ചില തരം ഓര്‍മ്മകളുണ്ട്‌. എത്ര തല്ലിക്കെടുത്തിയാലും മനസ്സിന്റെ നിഗൂഢമായൊരു കോണിലിരുന്ന്‌ പിന്നെയും ഒരു തീക്കണ്ണായി ജ്വലിക്കും- ചില കളിനിയോഗങ്ങളുടെ ഉള്ളറയിലേക്കുള്ള മുഖമൊഴിയാണിത്‌. ഓര്‍മ്മകളും യാഥാര്‍ത്ഥ്യങ്ങളും കൊണ്ട്‌ പൂത്തുനില്‍ക്കുന്ന കുറെ മനസ്സുകള്‍ തുറന്നിടുകയാണ്‌ റഹ്‌മാന്‍ കിടങ്ങയത്തിന്റെ പുതിയ നോവല്‍. ഒരു ഏറനാടന്‍ ഗ്രാമത്തിന്റെ ചരിത്രവും വര്‍ത്തമാനവും അടയാളപ്പെടുത്തുന്ന പുസ്‌തകം. ശ്രീധരന്‍, സൈതാലി എന്നീ സുഹൃത്തുക്കളിലൂടെയും വാസുവിന്റെയും ജീവിതവൃത്താന്തത്തിലൂന്നിയാണ്‌ റഹ്‌മാന്‍ കിടങ്ങയം കഥ പറയുന്നത്‌. കൗമാരത്തിലേക്ക്‌ കാലൂന്ന വാസുവിന്റെയും രാമന്‍ കുട്ടിയുടെയും കാഴ്‌ചയിലൂടെ വികസിക്കുന്ന കഥാഘടനയില്‍ സൗദാമിനി, ആയിശ, ജാനു എന്നിങ്ങനെ നിരവധിപേരുണ്ട്‌. അവരുടെ ജീവിതവുമുണ്ട്‌. മലയാള നോവലില്‍ ഗ്രാമത്തിന്റെ തളിര്‍പ്പ്‌ വീണ്ടും അനുഭവപ്പെടുത്തുന്ന കൃതിയാണ്‌ ചില കളിനിയോഗങ്ങള്‍. പ്രകൃതിയും മനുഷ്യരും ജീവജാലങ്ങളുമെല്ലാം വേര്‍പിരിക്കാന്‍ കഴിയാത്ത വിധത്തില്‍ ഇതില്‍ ഇഴചേര്‍ന്ന്‌ കിടക്കുന്നു- അവതാരികയില്‍ ആലങ്കോട്‌ ലീലാകൃഷ്‌ണന്‍-(തുളുനാട്‌ പബ്ലിക്കേഷന്‍സ്‌, 40 രൂപ).-നിബ്ബ്‌, ചന്ദ്രിക 07-03-2010.