സ്‌ത്രീരോഗം:
പ്രശ്‌നങ്ങളും പ്രതിവിധികളും
സ്‌ത്രീകള്‍ അഭിമുഖീകരിക്കുന്ന രോഗങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും പ്രമുഖരായ ഡോക്‌ടര്‍മാര്‍ തങ്ങളുടെ പഠനത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും എഴുതിയ ലേഖനങ്ങളുടെ സമാഹാരം. രോഗങ്ങളെ തടയാനും ചികിത്സിക്കാനും ഓരോ സ്‌ത്രീയും എങ്ങനെയെല്ലാം തയ്യാറെടുക്കണമെന്ന് വ്യക്തമാക്കുന്ന പുസ്‌തകം. ആരോഗ്യപൂര്‍ണ്ണവും സൗന്ദര്യപരവുമായ ജീവിതത്തിന് ഈ പുസ്‌തകം സഹായകമാകുന്നു.
എഡിറ്റര്‍: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ഒലിവ്,കോഴിക്കോട്
വില-70 രൂപ
സിനിമ കാഴ്‌ചയുടേയും? ചിന്തയുടേയും കലയാണ്. ക്യാമറ കൊണ്ടെഴുതുന്ന പാഠപുസ്‌തകമായി സിനിമമാറിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്രത്തിന്റെ കാഴ്‌ചയിലും വായനയിലും പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും നടക്കുന്നു. ലോകസിനിമയില്‍ നിര്‍മ്മിതിയുടെയും വ്യാഖ്യാനത്തിന്റെയും തലത്തില്‍ അട്ടിമറികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മേളകളിലെത്തുന്ന മിക്ക ചിത്രങ്ങളും പ്രേക്ഷകനോട് സംസാരിക്കുന്നത് ചലച്ചിത്രകലയുടെ പുതിയ മേച്ചില്‍പ്പുറങ്ങളെപ്പറ്റിയാണ്. കഥാകഥനത്തിനപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ തീക്ഷ്‌ണതകള്‍ പങ്കുവയ്‌ക്കുന്നു. അണ്ടര്‍ഗ്രൗണ്ട് ചിത്രങ്ങളിലും ഡോക്യമെന്ററികളിലുമാണ് ക്യാമറയുടെ ഉണര്‍ത്തുപാട്ടുകള്‍ ആദ്യം കേള്‍ക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രങ്ങളിലും രാഷ്‌ട്രീയവും സാമൂഹികവും മാനുഷികവുമായ അവസ്ഥകളെക്കുറിച്ചുള്ള ആകുലതകള്‍ നിറയുന്നുണ്ട്. അസുഖകരവും അത്യന്തം സംഘര്‍ഷാത്മകവുമായ സാഹചര്യങ്ങളുടെ ഡോക്യുമെന്ററി ഫൂട്ടേജുകള്‍ സൂക്ഷ്‌മതയോടെ ഉപയോഗപ്പെടുത്തുന്നതില്‍ ചലച്ചിത്രകാരന്മാര്‍ താല്‍പര്യം കാണിച്ചു തുടങ്ങി. ഇതിന്റെ ശക്തമായ പ്രതിഫലനം ഡോക്യുമെന്ററികളിലും ഷോര്‍ട്ടുഫിലിമുകളിലും കാണാം.
മനുഷ്യര്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ സംസാരിക്കുകയും വികാരപ്രകടനങ്ങള്‍ പങ്കുവയ്‌ക്കുകയും ചെയ്യുന്ന മൂന്ന് ഗിരിവര്‍ഗ വിഭാഗത്തിലേക്കാണ് ഉണ്ണികൃഷ്‌ണന്‍ ആവളയുടെ `ഒടുവിലത്തെ താള്‍' എന്ന ഡോക്യുമെന്ററി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.നിലമ്പൂര്‍ വനത്തില്‍ താമസിക്കുന്ന ചോലനായ്‌ക്കരുടെയും ആളരുടെയും അറനാടരുടെയും ജീവിതപ്രതിസന്ധികളാണ് ഉണ്ണികൃഷ്‌ണന്‍ ആവള രചനയും സംവിധാനവും നിര്‍വ്വഹിച്ച `ഒടുവിലത്തെ താളി'ലൂടെ പറയുന്നത്. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് വംശനാശത്തിലേക്ക് പതിച്ചു കഴിഞ്ഞവരാണ് ഏഷ്യയിലെ പ്രാക്തന ആദിവാസികളില്‍പെട്ട ചോലനായ്‌ക്കരും ആളരും അറനാടരും(കാടിറങ്ങി നാട്ടിലെത്താത്തവര്‍). ഈ രണ്ടു വിഭാഗം ആദിവാസികളും അനുഭവിക്കുന്ന ദുരിതങ്ങളും നേരിടുന്ന ചൂഷണങ്ങളും അവരുടെ ആചാരങ്ങളും എല്ലാം 55 മിനിറ്റ് ദൈര്‍ഘ്യമുള്ള `ഒടുവിലത്തെ താളില്‍' അടയാളപ്പെടുത്തുന്നുണ്ട്. ഒരു ജനവര്‍ഗ്ഗം കുറ്റിയറ്റുപോകുന്നതിന്റെ കണ്ണീര്‍പ്പാടമാണ് ഈ ഡോക്യുമെന്ററി. വിറകും പച്ചമരുന്നും ശേഖരിച്ച് ജീവിക്കുന്ന ഈ കാട്ടുജാതികളെ ഏതൊക്കെവിധത്തിലാണ് നാഗരികര്‍ ഇരകളാക്കുന്നത്? ഇതിന്റെ ദൃശ്യരേഖ ഭംഗിയായി ഇത് വ്യക്തമാക്കുന്നുണ്ട്. ചോലനായ്‌ക്കരുടെയും അറനാടുകാരുടെയും ആളരുടെയും വംശനാശം ഒരു സംസ്‌കാരത്തിന്റെയും ഭാഷയുടെയും അറുതിയാകും. അത് സംബന്ധിച്ച വേവലാതിയാണ് ഈ ചിത്രം പങ്കുവയ്‌ക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തേക്കിന്‍തോപ്പാണ് നിലമ്പൂര്‍ വനം. ഇവിടെ വസിക്കുന്ന ചോലനായ്‌ക്കന്മാരെപ്പറ്റി 1972-ലാണ് പുറംലോകമറിയുന്നത്. പണ്ട് 1000 പുരുഷന്മാര്‍ക്ക് 1069 സ്‌ത്രീകള്‍ എന്നതായിരുന്നു ചോലനായ്‌ക്കരുടെ സ്‌ത്രീപുരുഷ അനുപാതം. ഇപ്പോള്‍ ഇവരില്‍ സ്‌ത്രീകളുടെ എണ്ണം വളരെ കുറഞ്ഞു. പുരുഷന്മാര്‍ 223ഉം സ്‌ത്രീകള്‍ 186ഉം എന്നാണ് ഇപ്പോഴത്തെ കണക്ക്. ആകെ 43 കുടുംബങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ഈ ഡോക്യുമെന്ററി ഓര്‍മ്മപ്പെടുത്തുന്നു. തമിഴ്, കന്നഡ, മലയാളം കലര്‍ന്ന സങ്കരഭാഷയാണ് ഈ ആദിവാസികള്‍ സംസാരിക്കുന്നത്. 1300 അടി ഉയരത്തിലുള്ള മലമടക്കുകളിലാണ് ഇവര്‍ വസിക്കുന്നത്. 2500 വര്‍ഷത്തെ പാരമ്പര്യമുള്ള സംസ്‌കാരം. മക്കത്തായികളായ ഇവര്‍ വിധവാവിവാഹം അനുകൂലിക്കുന്നില്ല. അധിനിവേശത്തിന്റെ പാടുകളും നിലമ്പൂര്‍പാട്ടും, സര്‍വാണിസദ്യയും എല്ലാം ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യശാസ്‌ത്രവും ഫോക്‌ലോറും കലര്‍ന്ന ജീവിതാന്തരീക്ഷം പിന്തുടരുന്ന ഈ ഡോക്യുമെന്ററിയില്‍ ആദിവാസികളുടെ യാതനകളും രോഗങ്ങളും ശീലങ്ങളും ഇരകളാകുന്നവഴികളും ദൃശ്യപംക്തികളായി ഇഴചേര്‍ന്നിരിക്കുന്നു. വൈദേഹി ക്രിയേഷന്‍സിന്റെ `ഒടുവിലത്തെ താള്‍' അകംനീറ്റലിന്റേയും പുറംകാഴ്‌ചയുടേയും തിരഭാഷയാണ്. പ്രേംകുമാര്‍, മുഹസിന്‍ കോട്ടക്കല്‍, പ്രദീപന്‍ പാമ്പിരിക്കുന്ന്, മൈന ഉമൈബാന്‍, ജിനു ശോഭ, ഡാറ്റസ്, ഷമീര്‍ മച്ചിങ്ങല്‍, പ്രീത, ഹിഷാം തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍. -ചന്ദ്രിക വാരാന്തപ്പതിപ്പ്
പൊതുനിരത്തുകളില്‍ ദിവസവും പൊലിയുന്നത് നിരവധി ജീവനാണ്. റോഡപകടങ്ങളുടെ വിവിധ കാരണങ്ങളെക്കുറിച്ച് കേരളത്തില്‍ ആദ്യമായി ബി. സുജാതന്‍ നടത്തിയ സമഗ്രമായ പഠനത്തെപ്പറ്റി
മോട്ടോര്‍വാഹനങ്ങളുടെ വരവോടെ യാത്രാസൗകര്യങ്ങള്‍ക്ക് ഏറെ സഹായം ലഭിക്കുന്നുവെന്നത് ഒരു വസ്‌തുത തന്നെ. വാഹനങ്ങളുടെ ലഭ്യതയില്‍ ആഹ്ലാദിക്കുന്നതോടൊപ്പം ദു:ഖങ്ങളുടെയും രോദനങ്ങളുടെയും നേര്‍ക്കാഴ്‌ചയില്‍ നിസ്സഹായരായി നില്‍ക്കുന്ന സമൂഹവും. യാഥാര്‍ത്ഥത്തില്‍ ഇത് വാഹനങ്ങളുടെ കുഴപ്പംകൊണ്ടല്ല, ശകടങ്ങളെ നിയന്ത്രിക്കുന്ന മനുഷ്യരുടെ വകതിരിവില്ലായ്‌മയും അഹങ്കാരവും നിയമലംഘനവുമാണ് കാരണം. രാജ്യത്ത് പ്രതിവര്‍ഷം 10 ലക്ഷത്തിലധികം റോഡപകടങ്ങളിലായി ഒരു ലക്ഷത്തിലേറെ പേര്‍ മരണമടയുന്നു. ഓരോ മണിക്കൂറിലും ശരാശരി 13 പേരാണ് അകാലത്തില്‍ മരണപ്പെടുന്നത്. കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ലെന്നുള്ളതാണ് സത്യം. സംസ്ഥാനത്ത് സംഭവിക്കുന്ന റോഡപകടങ്ങളില്‍ 40 ശതമാനവും വാഹനമോടിക്കുന്നവര്‍ മദ്യം ഉപയോഗിക്കുന്നതുകൊണ്ടാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജനസാന്ദ്രതപോലെ വാഹനസാന്ദ്രതയ്‌ക്കും കേരളം ഇന്നു മുന്നിലാണ്.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളില്‍ മരിക്കുകയും ഗുരുതരമായ പരിക്കുകള്‍ മൂലം ദു:ഖം അനുഭവിക്കുകയും ചെയ്യുന്ന ചില സംഭവങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യമാണ് `കണ്ണീര്‍ച്ചാലുകളേ സാക്ഷി'യിലൂടെ വെളിപ്പെടുത്തുന്നത്. അപകടങ്ങളില്‍ മരിച്ച് അനാഥമാകുന്ന കുടുംബങ്ങളെക്കുറിച്ചോ, പരിക്കേറ്റ് വിദഗ്‌ധ ചികിത്സയ്‌ക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ സങ്കടങ്ങളുടെ നേര്‍ക്കാഴ്‌ചകളെക്കുറിച്ചോ ഒരു ഗ്രന്ഥം മലയാളത്തില്‍ ഇതുവരെയുണ്ടായില്ല. അതുതന്നെ ഈ പുസ്‌തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ലക്ഷ്യസ്ഥലത്തെത്തുവാന്‍ എത്രദൂരം വേണമെങ്കിലും മനുഷ്യന്‍ നടന്നുപോയിരുന്ന ഒരു ഗതകാലം. യാത്രകള്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ നടത്തം എല്ലാവര്‍ക്കും അന്ന് വളരെ പ്രിയം. രോഗങ്ങളും തീരെ കുറവുള്ള ഒരു കാലഘട്ടം, അരോഗദൃഢഗാത്രരായ ആള്‍ക്കാര്‍. ഇന്ന് അങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. ഇന്ന് ഒരു കീ.മീറ്റര്‍ ദൂരം പെട്ടെന്ന് നടന്നെത്താവുന്നതാണെങ്കിലും നമ്മള്‍ അരമണിക്കൂര്‍ സമയം ബസ്സ് കാത്തുനില്‍ക്കും. നടന്നുപോകുന്നത് അന്തസ്സിന്റെ പ്രശ്‌നമായും ചിലര്‍ കാണുന്നുണ്ട്. തീരെ നടക്കാത്തതുകൊണ്ട് രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു.
മോട്ടോര്‍ വാഹനങ്ങള്‍ പ്രചാരത്തിലാകുന്നതിനു മുമ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കരിഗ്യാസ് വണ്ടികള്‍ യാത്രാ സൗകര്യത്തിന് നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ റോഡുകള്‍ മത്സരവേദികളാവുകയാണ്. വാഹനപ്പെരുപ്പം കൊണ്ട് വീര്‍പ്പുമുട്ടുന്ന സംസ്ഥാനത്തെ നിരത്തുകളില്‍ വാഹനമോടിക്കുന്നവരുടെ കര്‍ശനനിയന്ത്രണങ്ങളും അച്ചടക്കവും കാല്‍നടക്കാരുടെ അതീവ ശ്രദ്ധയുമുണ്ടെങ്കില്‍ എത്രയോ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. അമേരിക്കയില്‍ ഏഴുപേര്‍ക്ക് ഒരു വാഹനമുള്ളപ്പോള്‍ കേരളത്തില്‍ ആറുപേര്‍ക്ക് ഒരു വാഹനമുണ്ട്.
ചക്രത്തില്‍ കയറ്റിവച്ച അപായമാണ് മോട്ടോര്‍ വാഹനം. അതിന്റെ ചക്രം പിടിക്കുന്നവര്‍ കൂടി അപകടകാരിയാണെങ്കില്‍ കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയതുപോലിരിക്കും. മൂന്ന് ഋ യുടെ അഭാവം കൊണ്ടാണ് വാഹന അപകടങ്ങള്‍ പെരുകാന്‍ കാരണം. മൂന്ന് ഋ എന്നാല്‍ എഞ്ചിനിയറിംഗ്, എന്‍ഫോഴ്‌സ്‌മെന്റ്, എജ്യുക്കേഷന്‍ എന്നാണ് അര്‍ത്ഥമാക്കേണ്ടത്.
ദിവസേന സംസ്ഥാനത്തെ നിരത്തുകളിലുണ്ടായിക്കൊണ്ടിരിക്കുന്ന ഭയാനകമായ വാഹനാപകടങ്ങള്‍ കണ്ടും കേട്ടും വായിച്ചും മനം മടുത്ത ഒരു മനുഷ്യസ്‌നേഹി അതിന് അല്‌പമെങ്കിലും തടയിടാനോ ജനത്തെ ബോധവല്‍ക്കരിക്കുവാനോ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ പുസ്‌തകം രചിച്ചത്.
റോഡപകടങ്ങളുടെ വിവിധ കാരണങ്ങളെക്കുറിച്ചും നിയന്ത്രണ മാര്‍ഗ്ഗങ്ങളെപ്പറ്റിയും അവയോട് ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും അപകടത്തെത്തുടര്‍ന്ന് ഉടനെ ഉണ്ടാവേണ്ട കാര്യങ്ങളെപ്പറ്റിയും സുജാതന്‍ സവിസ്‌തരം ഈ പുസ്‌തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവതാരിക കല്ലേലി രാഘവന്‍പിള്ള.
കണ്ണീര്‍ച്ചാലുകളേ സാക്ഷി, ബി.സുജാതന്‍, സാഷണല്‍ ബുക്ക് സ്റ്റാള്‍, വില-100 രൂപ
പ്രകൃതിക്കും വ്യക്തികള്‍ക്കും രൂപാന്തരപ്രാപ്‌തികളിലൂടെ നന്മയുടെ മണവും മധുരവും നല്‍കുന്ന മാജിക്കാണ് പെരുമ്പടവം ശ്രീധരന്റെ രചനകള്‍. മലയാളകഥയുടെയും നോവലിന്റെയും വര്‍ത്തമാനകാലത്തും പെരുമ്പടവം എന്ന എഴുത്തുകാരന്‍ ഒറ്റയാനായി,പിന്നെയും പിന്നെയും പൂക്കുന്ന മരമായി അക്ഷരങ്ങളുടെ ഒളിയിടങ്ങളെ പ്രക്ഷുബ്‌ധമാക്കി നിര്‍ത്തുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും പ്രശസ്‌ത എഴുത്തുകാനുമായ പെരുമ്പടവം ശ്രീധരനുമായി നടത്തിയ അഭിമുഖം.
`എഴുതാന്‍ പോകുന്ന ചൂതാട്ടക്കാരന്റെ കഥയ്‌ക്ക് ഒരു തുടക്കം കണ്ടുപിടിക്കാന്‍ അര്‍ദ്ധരാത്രിവരെ എഴുത്തുമേശയ്‌ക്കരികില്‍ ദസ്‌തേവ്‌സ്‌കി ഉറക്കമിളച്ചു. ഏതാണ്ടൊരു ധ്യാനംപോലെയായിരുന്നു അത്. പ്രക്ഷുബ്‌ധമായ മനസ്സ് ഏകാന്തമായ ഒരു നിമിഷം പ്രാര്‍ത്ഥിക്കുന്നു. ആ നിമിഷത്തില്‍ നിന്നു വേണം തുടങ്ങാന്‍.ഒരു ചൂതാട്ടക്കാരന്റെ കഥയെന്നു പറയുമ്പോള്‍ എന്താണുദ്ദേശിക്കുന്നത്? ജീവിതത്തിന്റെ ആകസ്‌മികതകളെ നേരിടുന്ന ഒരാളിന്റെ മനസ്സ് തന്റെ ദൈന്യം നിറഞ്ഞ അവസ്ഥയില്‍ ഒരു മനുഷ്യന് പിണയുന്ന അബദ്ധങ്ങള്‍, അവനു സംഭവിക്കുന്ന തോല്‍വികള്‍, അവന്‍ സഹിക്കുന്ന അപമാനങ്ങള്‍, അവന്റെ സ്വപ്‌നങ്ങള്‍, നിരാശകള്‍, ദു:ഖങ്ങള്‍ അതിന്റെ കൂടെ ലാഭനഷ്‌ടങ്ങളുടെ വിധി തുലാസില്‍ തൂങ്ങുന്ന നിമിഷങ്ങളുടെ വിക്ഷുബ്‌ധതയും ലഹരിയും പിരിമുറുക്കവും! ഉല്‍ക്കടമായ പ്രേമത്തിന്റെ വികാരമൂര്‍ച്ഛപോലെ എന്തോ ഒന്ന് ചൂതുകളിയിലുണ്ട്.
അല്ലെങ്കില്‍ വിധിയുമായുള്ള ഒരു കൂടിക്കാഴ്‌ചയായിട്ടും അതിനെ കണക്കാക്കിയാലെന്ത്?
ജീവിതം കൊണ്ട് ഒരാള്‍ ചൂതുകളിക്കുന്നു.'-(ഒരു സങ്കീര്‍ത്തനം പോലെ).
?അശാന്തമായ അലഞ്ഞു തിരിച്ചലുകള്‍, ആത്മീയാന്വേഷണങ്ങള്‍. ഇപ്പോള്‍ ഗൃഹസ്ഥാശ്രമം. സത്യത്തില്‍ എവിടെയാണ് എഴുത്തുകാരന്‍ സ്വസ്ഥനായിരിക്കുന്നത്.
എഴുത്തുകാരന്‍ ഒരിടത്തും സ്വസ്ഥനായിരിക്കുന്നില്ല. എനിക്ക് തോന്നുന്നത്. ഉറങ്ങുമ്പോഴും അയാളുടെ മനസ്സ് അജ്ഞാതമായ ദേശങ്ങളിലും അജ്ഞാതമായ കാലങ്ങളിലും സഞ്ചരിക്കുകയാണ്. ഉണര്‍ന്നിരിക്കുമ്പോള്‍ ആ അനുഭവങ്ങളില്‍ അയാള്‍ ചെന്നെത്തുന്നു. മുമ്പെങ്ങോ കണ്ട ഒരു സ്വപ്‌നത്തിലേക്ക് എന്നപോലെ.
എന്റെ ജീവിതം നീളെ അലച്ചിലായിരുന്നു. എന്റെ ജീവിതം അന്വേഷിച്ച്, എന്നെ അന്വേഷിച്ച്, ഇതൊരു അത്യന്താധുനിക കഥാപാത്രത്തിന്റെ മൊഴിയല്ല. നഗ്നപാദനായി മുള്ളുകളിലൂടെ, തീക്കനലുകളിലൂടെ, കണ്ണീരിലൂടെ സഞ്ചരിച്ച ഒരു പാവം മനുഷ്യാത്മാവിന്റെ അനുഭവമാണ്.
?പാഠശാലകളില്‍ നിന്നും നമ്മുടെ വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ മാറുന്നു. മാനവികലോകത്തെ ആരോ അടിച്ചുപുറത്താക്കിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാവരും സാങ്കേതിക വിദ്യാഭ്യാസത്തിനു പിറകെ മാത്രം മക്കളെ അയക്കുന്നു. ഏതു ലോകത്തെ ഇതു സൃഷ്‌ടിക്കുമെന്നാണ് എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ക്കു തോന്നുന്നത്.
മാനവികത നഷ്‌ടപ്പെട്ട ഒരു കാലത്തിന്റെ ഊഷരതകളില്‍ നമ്മുടെ പുതിയ തലമുറ ചെന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അവിടെ പച്ചപ്പുകളില്ല, നനവില്ല, ആര്‍ദ്രതയില്ല, മനുഷ്യബന്ധങ്ങള്‍ നിര്‍ത്ഥകമായിത്തീരുന്നു. ലാഭനഷ്‌ടങ്ങളുടെ കണക്ക് മാത്രമേ അവിടെയുള്ളൂ.ഏറ്റവും കൂടുതല്‍ മാസ ശമ്പളം കിട്ടുന്നവന്‍ മിടുക്കന്‍ എന്ന നിലയിലേക്ക് എത്തുന്നു നമ്മുടെ സാമൂഹിക വീക്ഷണം. പുതിയ സാങ്കേതികവിദ്യകള്‍ വേണ്ടെന്നല്ല. അതുവേണം. പക്ഷേ, ഇതെല്ലാം മനുഷ്യനു വേണ്ടിയുള്ളതാണെന്നും മാനുഷികതയ്‌ക്കു വേണ്ടിയുള്ളതാണെന്നും മറന്നുപോകരുത്. മറ്റുള്ളവരെ കുറിച്ച് ആര്‍ദ്രതയോടെ ചിന്തിക്കാനല്ലെങ്കില്‍ ഏത് വിദ്യാഭ്യാസവും പാഴാണ്. സാങ്കേതികത മിക്കപ്പോഴും യന്ത്രങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒടുവില്‍ നോക്കുമ്പോള്‍ ഹൃദയമിരുന്ന സ്ഥാനത്ത് ഒരു യന്ത്രമിരിക്കുന്നു. അപ്പോള്‍ മാനവികത നഷ്‌ടപ്പെട്ടുപോവുകയാണ്‌ചെയ്യുക. നമ്മള്‍ യന്ത്രമനുഷ്യരുടെ ഒരു കാലത്തേക്കാണോ നടന്നടുക്കുന്നത്. മനുഷ്യബന്ധങ്ങളുടെ പവിത്രതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കാത്ത വിദ്യാഭ്യാസം വ്യര്‍ത്ഥമാണ്. അത് ശാപഗ്രസ്‌തവുമാണ്.
?പുതിയകാലത്തിനും മൂല്യങ്ങള്‍ക്കും മുന്നില്‍ പരുങ്ങിയപ്പോകുന്ന ഏതെങ്കിലും സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നുണ്ടോ.
മൂല്യങ്ങള്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്തിന്റെ വക്കിലാണ് നമ്മള്‍ ചെന്നെത്തിയിരിക്കുന്നത്. മൂല്യങ്ങളെക്കുറിച്ച് രാപകല്‍ പ്രസംഗിക്കുകയും സകല മൂല്യങ്ങളും ചവുട്ടിമെതിക്കുകയും ചെയ്യുന്നവരുടെ കാലമാണിത്. ആസുരമായ ശക്തികള്‍ വഴിയെ കാത്തുനില്‍ക്കുന്നു. കൂട്ടിക്കൊണ്ടുപോവാന്‍. കൂടെ ചെന്നില്ലെങ്കില്‍ ഇല്ലായ്‌മ ചെയ്യാനും. ആപല്‍ക്കരമായ കാലമാണിത്. ആര്‍ക്കാണ് സുരക്ഷിതത്വമുള്ളത്? എവിടെയാണ് സുരക്ഷിതത്വമുള്ളത്. നോക്കുമ്പോള്‍ കാണുന്നത് മൂല്യങ്ങളൊക്കെയും തകര്‍ന്നടിഞ്ഞ കാലത്തിന്റെ തരിശല്ലെ. മറ്റുള്ളവരുടെ സങ്കടങ്ങളെക്കുറിച്ച് ഓര്‍ക്കാനുള്ള മനസ്സ് നമുക്ക് നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ സങ്കടങ്ങള്‍ പങ്കുവെക്കാന്‍ നമ്മള്‍ വിമനസ്‌കരായിരിക്കുന്നു.
ഭൂമിയില്‍ എവിടെയയൊക്കെയോ അപൂര്‍വ്വം ചിലര്‍ ശുദ്ധാത്മാക്കള്‍ ഇപ്പോഴുമുണ്ട്. ഇല്ലെങ്കില്‍ ഈ ഭൂമി അതിന്റെ അച്യുതണ്ടില്‍ നിന്ന് തെറിച്ചുപോയേക്കുമോ എന്നാണ് ഞാന്‍ പേടിക്കുന്നത്. നമ്മുടെ നാടിന്‌് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു.
?സമൂഹത്തില്‍ നിന്നും പുറംതിരിഞ്ഞ് അന്തര്‍മുഖനായ മനുഷ്യന്റെ വേവലാതികള്‍ പേറുന്നവരാണ് താങ്കളുടെ ഒട്ടുമിക്ക കഥാപാത്രങ്ങളും. അഭയം എന്ന നോവലില്‍ നിന്നും തുടങ്ങി ഒരു സങ്കീര്‍ത്തനംപോലെ എന്ന കൃതിയിലെത്തുമ്പോള്‍ ഇത് കൂടുതല്‍ പ്രകടമാകുന്നു. ഇങ്ങനെയൊരു സ്ഥായീഭാവം സൂക്ഷിക്കുന്നതെന്താണ്.
അങ്ങനെയുള്ളൊരു കാലത്താണ്, ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഈ അവസ്ഥകളില്‍ നിന്നും ആരും രക്ഷപ്പെടുന്നില്ല. ഇങ്ങനെയൊരു കാലഘട്ടത്തില്‍ അകപ്പെട്ട നിസ്സഹായനായ മനുഷ്യന്റെ ആധികള്‍ അങ്ങനെയൊക്കെയാണ് എന്നാണ് എനിക്കു തോന്നുന്നത്. അതായത് ക്ഷുദ്രമായ മനസ്സുകൊണ്ട് നടക്കുന്നവരൊഴികെ.
?താങ്കളുടെ പ്രശസ്‌തമായ പല നോവലുകളും പ്രശസ്‌തരുടെ ജീവിതമാണ് അടിസ്ഥാനമാക്കിയത്. ഒരു സങ്കീര്‍ത്തനത്തില്‍ ദസ്‌തേവ്‌സ്‌കി, നാരായണീയത്തില്‍ ഗുരു, ഒരു കീറ് ആകാശം തുടങ്ങിയവ.
ജീവിതത്തിന്റെ മഹാസങ്കടങ്ങള്‍ അനുഭവിക്കുന്നത് അവരൊക്കെയാണ്. അതുകൊണ്ടാണ് ഞാന്‍ അവരെ കഥാപാത്രങ്ങളാക്കിയത്. മനുഷ്യസങ്കടങ്ങളുടെ ഉള്‍വനങ്ങളിലൂടെ സഞ്ചരിക്കുവാന്‍ അത്തരം ആധികള്‍കൊണ്ട്‌് ജീവിതത്തെ പൊള്ളിച്ചവരുടെ കൂടെ നടക്കുകയായിരുന്നു ഞാന്‍.
?പന്ത്രണ്ടിലധികം സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. സിനിമയും സാഹിത്യവും തമ്മിലുള്ള വ്യത്യാസമെന്താണ്.
സാഹിത്യവും സിനിമയും വ്യത്യസ്‌തമായ രണ്ട് കലാരൂപങ്ങളാണ്. അതിന്റെ ഭാഷയും വേവ്വേറെ. പക്ഷേ, സിനിമയിലും സാഹിത്യത്തിലും കൈകാര്യം ചെയ്യപ്പെടുന്നത് മനുഷ്യനും ജീവിതവുമാണ്. മനുഷ്യസങ്കടങ്ങളിലൂടെയുള്ള ആത്മസഞ്ചാരമാണ് രണ്ടും. പക്ഷേ, അതിന്റെ ഭാഷകള്‍ വേറെ. ആവിഷ്‌ക്കാരം വേറെ. കലാസൃഷ്‌ടികള്‍ എന്ന നിലയില്‍ ഇത് ആസ്വാദകന്റെ മനസ്സിനെ ഉലയ്‌ക്കുകയോ, പ്രക്ഷുബ്‌ധമാക്കി തീര്‍ക്കുകയോ ചെയ്യുമ്പോള്‍ ആ കലാരൂപങ്ങള്‍ക്കിടയിലുള്ള വ്യത്യാസം നമ്മള്‍ മറന്നുപോവുന്നു. മഹത്തായ ഒരു കാവ്യം സിനിമപോലെ അവിസ്‌മരണീയമായ അനുഭവമായി മാറും. മഹത്തായ സിനിമ ഒരു സാഹിത്യകൃതിപോലെ അനശ്വരതയെ സ്‌പര്‍ശിക്കുകയും ചെയ്യുന്നു.
? അക്കാദമിയെ എങ്ങോട്ടു നയിക്കാനാണ് ആഗ്രഹിക്കുന്നത്.
അക്കാദമിയിലേക്ക് പോകുമ്പോള്‍ ഞാന്‍ എന്നെ വീട്ടില്‍ വെച്ചിട്ടാണ് പോകുന്നത്. അക്കാദമിയിലെ മറ്റ് സഹപ്രവര്‍ത്തകരോടും, അഭ്യുദയകാംക്ഷികളോടും, ഗുരുജനങ്ങളോടും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചോദിച്ച്, അവരുടെയെല്ലാം സഹകരണത്തോടും പങ്കാളിത്തത്തോടും കൂടി എന്തെങ്കിലും ചെയ്യണം. ഭാഷയ്‌ക്കും സാഹിത്യത്തിനും സാഹിത്യകാരന്മാര്‍ക്കും പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. ആശയങ്ങള്‍ വരട്ടെ, അഭിപ്രായങ്ങളും വരട്ടെ. എല്ലാം സന്തോഷപൂര്‍വ്വം സ്വീകരിക്കും.
? താങ്കളുടെ പുതിയ വായന, എഴുത്ത്.
ഞാന്‍ ജീവിതത്തില്‍ എന്തെങ്കിലും നിരന്തരമായി ചെയ്യുന്നുണ്ടെങ്കില്‍ അത് വായനയാണ്. കൈയില്‍ കിട്ടുന്നത് എന്തും വായിക്കുന്ന സ്വാഭാവമാണ്. തിരഞ്ഞെടുപ്പൊക്കെ വായിച്ചു കഴിഞ്ഞിട്ടാണ്. വായിച്ചതില്‍ എന്തുണ്ടെന്ന് നോക്കി. പിന്നെ ഏഴെട്ടു വര്‍ഷം മുമ്പ് എഴുതിയവച്ച ഒരു നോവലുണ്ട്. `അവനി വാഴ്‌വ് കിനാവ്' എന്നാണ് പേര്. അതൊന്നു മിനുക്കിയെടുക്കണം. ഇപ്പോള്‍ മനസ്സു മുഴുവന്‍ അതിനകത്താണ്. 17-7-2011 ചന്ദ്രിക വാരാന്തപ്പതിപ്പ്
ഓര്‍മ്മിക്കുന്നതിലൂടെയാണ് ഒരു സമൂഹം സ്വത്വത്തെ അറിയുന്നത്. ഓര്‍മ്മ ബുദ്ധിയില്‍ തങ്ങിനില്‍ക്കുന്ന കാലം മാത്രമല്ല, ഓര്‍മ്മയുടെ വൈയക്തികവും സഞ്ചിതവുമായ ഘടകങ്ങളിലൂടെയാണ് നാം ഇന്ദ്രിയാനുഭവങ്ങളുടെ നൈമിഷികതയെ അതിജീവിക്കുക. ഓര്‍മ്മയെ സംബന്ധിച്ച മൂന്നു കാലങ്ങളെ കൂട്ടിയിണക്കുന്ന ഹ്രസ്വചിത്രമാണ് ഹസീം ചെമ്പ്ര രചനയും സംവിധാനം നിര്‍വ്വഹിച്ച `വാഗണ്‍ നമ്പര്‍- 1711(1921)'. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വാഗണ്‍ ട്രാജഡിയില്‍ മരിച്ച വല്യുപ്പാന്റെ ഖബറിടം തേടിയെത്തുന്ന വിദ്യാര്‍ത്ഥിയിലൂടെയാണ് കഥ പറയുന്നത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ പയ്യനാട്ടുകാരന്‍ കടക്കാരോടും സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറിലും അന്വേഷണം തുടങ്ങുന്നു. തിരൂരിലെ ബേക്കറിയിലും കടകളിലും തന്റെ ചോദ്യം ആവര്‍ത്തിച്ചു. ട്രാജഡിയുടെ സ്‌മാരകമായി നിലനിര്‍ത്തിയ വാഗണ്‍ സന്ദര്‍ശിക്കുന്നു. മരിച്ചവരുടെ പേരുവിവര പട്ടികയില്‍ നിന്നും വല്യുപ്പാന്റെ പേര് കുറിച്ചെടുക്കുന്നു. തുടര്‍ന്ന് നഗരസഭാ ഓഫീസിലും വ്യക്തികളോടും മരിച്ചവരെ മറവുചെയ്‌ത സ്ഥലം ചോദിച്ചറിയുന്നു. കോരങ്ങത്ത് പള്ളിയിലും കോട്ടുപള്ളിയിലുമുള്ള ഖബര്‍സ്ഥാന്‍ സന്ദര്‍ശിക്കുന്നു. ഒരിടത്തും വല്യുപ്പാന്റെ ഖബറിടം വ്യക്തമായി അടയാളപ്പെട്ടുകാണുന്നില്ല. ചിത്രാന്ത്യത്തില്‍ ഉമ്മയുടെ ആഗ്രഹനിവൃത്തിക്കായി വാഗണ്‍ ട്രാജഡിയില്‍ മരിച്ചവരുടെ മുഴുവന്‍ ഖബറിടങ്ങളിലും പ്രാര്‍ത്ഥിക്കുന്നു. വളരെ ലളിതമായ കഥാഖ്യാനം പൂര്‍ണമാകുന്നിടത്താണ് ഈ ചിത്രത്തിന്റെ പ്രസക്തി നിറയുന്നത്.
പൂര്‍വ്വ സംസ്‌കൃതിയുടെ ജൈവപരിസരത്തു നിന്നും അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിലേക്ക് വികസിക്കുന്ന തിരഭാഷയാണ് ഹസീമിന്റെ ചിത്രത്തിന്റേത്. രാഷ്‌ട്രീയപരമായും ഭൂമിശാസ്‌ത്രപരമായും അധിനിവേശാനന്തര സമൂഹങ്ങളിലുണ്ടാവുന്ന സ്വത്വാവബോധത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഴ്‌ചയാണ് വാഗണ്‍ നമ്പര്‍- 1711. വ്യക്തിപരമായ ഓര്‍മ്മയില്‍ നിന്നും തുടങ്ങി സമൂഹത്തിന്റെ മൊത്തം ഓര്‍മ്മയിലേക്ക് സിനിമ ഇറങ്ങിനില്‍ക്കുന്നു. അടിസ്ഥാനപരമായി കാലബന്ധിതരാണ് എല്ലാ മനുഷ്യരും. ഓര്‍മ്മയുടെ ആ ധാര കാഴ്‌ച, കേള്‍വി, സ്‌പര്‍ശം, രുചി എന്നിങ്ങനെ വ്യക്തിപരമായി മാത്രമല്ല, സാമൂഹികവുമാണ്. ഈ ചിത്രത്തില്‍ പല സന്ദര്‍ഭങ്ങളില്‍ ഈ ഘടകങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്. ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള വാഗണ്‍ നമ്പറില്‍ കഥയ്‌ക്കും പശ്ചാത്തലത്തിനും അനുയോജ്യമായ ദൃശ്യാംശങ്ങളെല്ലാം സന്നിവേശിപ്പിച്ചിട്ടുണ്ട്.
വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റിയീട്ടിലെ പഠനവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച ഈ ഡോക്യുഫിക്ഷന്‍ -കാമ്പസ് ചിത്രം ഇന്റര്‍ നാഷണല്‍ ഡോക്യുമെന്ററി -ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്‌വെലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാഗണ്‍ ദുരന്തത്തെ പ്രമേയമാക്കിയ വാഗണ്‍ നമ്പര്‍-1711(1921) ചലച്ചിത്രപഠനത്തിന്റെയും കാഴ്‌ചയുടെയും പുതിയതലങ്ങളിലേക്ക് െനമ്മുടെ ശ്രദ്ധക്ഷണിക്കുന്നു. ക്യാമറ, വെളിച്ചം, വര്‍ണ്ണം,സംഗീതക്ലിപ്പിങ്ങുകള്‍ എന്നിവയോടൊപ്പം ചിത്രസംയോജനത്തിലും സൂക്ഷ്‌മത പാലിച്ചിട്ടുണ്ട്. മീഡിയാ വിദ്യാര്‍ത്ഥിയും ഷോര്‍ട്ട്‌ഫിലിം സംവിധായകനുമായ സക്കരിയ എടയുരാണ് വിദ്യാര്‍ത്ഥിയുടെ വേഷം ചെയ്‌തത്. ഗോപി ചരിത്രാന്വേഷിയായ അഹമ്മദിനെ അവതരിപ്പിച്ചു.
തിരൂര്‍ ചെമ്പ്ര അബ്‌ദുള്‍ ഖരീമിന്റെയും സഫിയയുടെയും മകനായ ഹസീം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദധാരിയും തിരൂര്‍ മണ്‌ഡലം എം.എസ്.എഫിന്റെ ഭാരവാഹിയുമാണ്. എം. എസ്. എഫ്. സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ `ഔട്ട് ഓഫ് കവറേജ് 2010' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്‌തു. പ്രസംഗമത്സരത്തിലും മറ്റുമായി കോളജ്‌തലത്തില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ ഹസീമിന് ലഭിച്ചിട്ടുണ്ട.്
ചരിത്രാവബോധം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന മലയാളിമനസ്സിനെ ചോദ്യം ചെയ്യുന്ന ഈ ഹ്രസ്വചിത്രം കാമ്പസിന്റെ സാമൂഹ്യ പ്രതിബദ്ധത ഓര്‍മ്മിപ്പിക്കുന്നു. ഉമേഷ് ക്യാമറയും ഷഹല്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. എം.നൗഷാദ്, നസ്‌റുള്ള ഖാന്‍, ജുമാന്‍, കബീര്‍ തിരൂര്‍, വി.കെ.എം. ശാഫി, പി.കെ.ഫിറോസ്, ആഷിക് ചെലവൂര്‍, എന്നിങ്ങനെ നിരവധി പേര്‍ ചിത്രത്തിന്റെ പിന്നണിയില്‍ സഹകരിച്ചിട്ടുണ്ട്.