Monday, June 29, 2009

ഹൃദയ ശില്‍പങ്ങളുടെ അമരക്കാരന്‍

‍ജീവിതം ഒഴുകിപ്പരക്കുന്ന രചനകളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന ലോഹിതദാസ്‌ വിസ്‌മയങ്ങളുടെ കാഴ്‌ചക്കാരനായിരുന്നു. നാട്യങ്ങളില്ലാത്ത മലയാളത്തനിമയാര്‍ന്ന ആത്മാന്വേഷണങ്ങളുടെ ഭൂമികയാണ്‌ ലോഹിതദാസിന്റെ രചനകള്‍. മനുഷ്യമനസ്സിന്റെ സങ്കീര്‍ണ്ണ ഭാവങ്ങള്‍ സിനിമയുടെ അകക്കണ്ണാടിയിലൂടെ ഈ ചലച്ചിത്രകാരന്‍ കണ്ടെടുത്തു. ആദ്യ തിരക്കഥ `തനിയാവര്‍ത്തനം' മുതല്‍ ലോഹി സഞ്ചരിച്ചത്‌ മനസ്സിന്റെ വര്‍ണ്ണവൈവിധ്യങ്ങളിലൂടെയാണ്‌. അകമെരിയുന്ന ജീവിതങ്ങള്‍ പല ഭാവത്തിലും രൂപത്തിലും ഈ കലാകാരന്റെ കൃതികളില്‍ പതിഞ്ഞുനിന്നു. മാനവികതയുടെ ഹൃദയകവാടം പ്രേക്ഷകരുടെ മുമ്പില്‍ തുറന്നിടുകയാണ്‌ ലോഹിതദാസ്‌ ചെയ്‌തത്‌. കലയുടെയും വിനോദത്തിന്റെയും ചേരുവകള്‍ കോര്‍ത്തിണക്കി മലയാളത്തില്‍ പുതിയൊരു ദൃശ്യസംസ്‌കാരം അവതരിപ്പിക്കുന്നതില്‍ ലോഹിതദാസിന്‌ കഴിഞ്ഞു.

അരങ്ങിന്റെയും അഭിനയത്തിന്റെയും ഭൂതകാലമുള്ള ലോഹിതദാസ്‌ തിരക്കഥയിലും സംവിധാനകലയിലും സ്വന്തമായ വഴികള്‍ മലയാളത്തിന്റെ ദൃശ്യപഥത്തിലും എഴുതിച്ചേര്‍ത്തു. ജീവിതത്തിന്റെ ഉള്ളറകള്‍ കാട്ടിത്തരുന്നവയാണ്‌ ലോഹിയുടെ ചിത്രപഥം.സംവിധായകന്‍, തിരക്കഥാകൃത്ത്‌ എന്നീ തലത്തില്‍ ലോഹിതദാസിന്റെ രചനകള്‍ ഊന്നിനില്‍ക്കുന്നത്‌ അകമെരിയുന്ന മനുഷ്യരിലാണ്‌. ജീവിതപാഠങ്ങള്‍ സിനിമയുടെ അനുഗ്രഹമാക്കി ക്യാമറക്കാഴ്‌ചയുടെ നിറസാന്നിദ്ധ്യമായി പുനരാവിഷ്‌കരിച്ചു. വ്യക്തിജീവിതത്തിന്റെയും സമൂഹജീവിതത്തിന്റെയും ഉരക്കല്ലായി ഈ ചലച്ചിത്രകാരന്‍ കാണുന്നത്‌ കുടുംബത്തെയാണ്‌. പുറമേക്ക്‌ അലകളില്ലാത്ത, ശാന്തമായ ചട്ടക്കൂടുകളായി എളുപ്പം എഴുതപ്പെടുന്ന കുടുംബം സംഘര്‍ഷങ്ങളുടെ ഞെരിപ്പോടുകളാണെന്ന്‌ നിരവധി സിനിമകളിലൂടെ ലോഹിതദാസ്‌ അനുഭവപ്പെടുത്തി.

കണ്ണീരും ഏറ്റുപറച്ചിലും നിറഞ്ഞ ഈ അവസ്ഥ ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം ഒരേസമയം ബാധ്യതയും നേട്ടവുമാണ്‌. ജീവിത ഭാഷയില്‍ ഹൃദയസ്‌പര്‍ശമുള്ള കഥയും കഥാപാത്രങ്ങളും മലയാളത്തില്‍ മുന്‍നിരയില്‍ തന്നെയാണ്‌ സ്ഥാനം നേടിയത്‌. യാന്ത്രിക ജീവിതത്തിന്റെ ഭീഷണമായ മനുഷ്യവിരുദ്ധതകള്‍ക്കു മുന്നില്‍ നില്‍ക്കുമ്പോഴും ഗ്രാമ്യതയും വിശുദ്ധ സ്‌നേഹവും കാപട്യങ്ങളുടെ ആഴക്കയങ്ങളും സര്‍ഗാത്മകമായ വിരല്‍പ്പാടുകളിലൂടെ ലോഹിതദാസ്‌ തൊട്ടറിഞ്ഞു. `തനിയാവര്‍ത്തനം' മുതല്‍ `നിവേദ്യം' വരെയുള്ള ചലച്ചിത്രങ്ങളില്‍ പ്രേക്ഷകര്‍ അനുഭവിച്ചറിയുന്നതും മറ്റൊന്നല്ല.

തിരക്കഥയെപ്പറ്റി ലോഹിതദാസ്‌ സൂചിപ്പിച്ചതിങ്ങനെ: `സിനിമ ആദ്യം ജനിക്കുന്നത്‌ മനസ്സിലാണെന്നും മനസ്സിലെ സിനിമ കടലാസിലേക്ക്‌ പകര്‍ത്തുന്നതാണ്‌ തിരക്കഥയെന്നും അത്‌ തികച്ചും ഒരു സാഹിത്യരചന തന്നെയാണ്‌.' നാടകങ്ങള്‍ അരങ്ങിന്റെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതുപോലെ തിരക്കഥ ചലച്ചിത്രത്തിന്റെ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്നു. എം.ടി. വാസുദേവന്‍ നായര്‍, പി. പത്മരാജന്‍ എന്നിവരുടെ തിരക്കഥകള്‍ പോലെ മലയാളത്തിന്റെ മുദ്രകളും ജീവിതവും അടയാളപ്പെടുത്തിയ തിരക്കഥകളാണ്‌ ലോഹിതദാസിന്റേത്‌. ലോഹിയുടെ തിരക്കഥകളില്‍ മനുഷ്യസഹജമല്ലാത്ത വികാരങ്ങളില്ല. പ്രണയവും പ്രതികാരവും ഏകാന്ത വിഹ്വലതകളും സംഭവിക്കുന്നതും പരിണമിക്കുന്നതും സ്വാഭാവികമായാണ്‌. ജീവിതത്തില്‍ നിന്ന്‌ വേറിട്ട്‌ അവക്ക്‌ നിലനില്‍പ്പില്ല. `മന്ദാര പുഷ്‌പം പോലെ പ്രണയത്തെ കാണാന്‍ എനിക്ക്‌ കഴിയില്ല'-എന്നിങ്ങനെ ലോഹിതദാസ്‌ പറഞ്ഞുവെച്ചിട്ടുണ്ട്‌. പ്രണയം ഒരു ജന്മം മുഴുവന്‍ മധുരമായ, ശാന്തമായ നൊമ്പരക്കടലു പോലെ അനുഭവിച്ചു തീര്‍ക്കാനുള്ളതാണെന്ന്‌ ഈ ചലച്ചിത്രകാരന്റെ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു.

ജീവിതത്തിന്റെ പ്രതിസന്ധികള്‍ക്ക്‌ മുന്നില്‍ അതിജീവനത്തിന്റെ കരുത്ത്‌ പകരുന്നത്‌ ഈ തീവ്രാനുരാഗമാണ്‌. `ഓര്‍മ്മച്ചെപ്പു'കളുടെ ചിത്രഭാഷ്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നതും സ്‌നേഹക്കടലിന്റെ ദൃശ്യതലമാണ്‌.വിജയവും പരാജയവും കൊണ്ട്‌ എഴുതിനിറയുന്ന കഥാപ്രപഞ്ചമാണ്‌ ലോഹിയുടെ ഇഷ്‌ട വിഷയം. `കിരീട'ത്തിലെ സേതുമാധവനും അച്യുതന്‍ നായരും `വാത്സല്യ'ത്തിലെ വല്യേട്ടനായ രാഘവനും എല്ലാം നിയോഗം പോലെ എതിരേല്‍ക്കുന്നു. അമരം, അരയന്നങ്ങളുടെ വീട്‌, ഭൂതക്കണ്ണാടി, ഭരതം, കസ്‌തൂരിമാന്‍, കമലദളം എന്നിങ്ങനെ നാല്‍പത്തിനാല്‌ തിരക്കഥകളിലും ലോഹിതദാസ്‌ സങ്കീര്‍ണ്ണതകളുടെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്ന മനസ്സുകളെയാണ്‌ എഴുതിയത്‌.

വിട്ടുവീഴ്‌ചകള്‍ക്ക്‌ തയ്യാറാകാത്ത വ്യക്തമായ നിലപാട്‌ ചലച്ചിത്ര രചനയില്‍ ലോഹിതദാസ്‌ പുലര്‍ത്തി. അതെല്ലാം തൊഴിലുമായി ബന്ധപ്പെട്ടതായിരുന്നു. എഴുത്ത്‌ ആത്മനിവേദനത്തിന്റെ സാക്ഷ്യപത്രമായിരിക്കണമെന്ന്‌ ലോഹി ഉറച്ചു വിശ്വസിച്ചു. നാടകാനുഭവങ്ങളിലൂടെയാണ്‌ ലോഹിതദാസ്‌ സിനിമയിലെത്തിയത്‌. തോപ്പില്‍ഭാസിയാണ്‌ തന്റെ നാടക ഗുരുവെന്ന്‌ ലോഹിതദാസ്‌ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. സമൂഹത്തെ ഇളക്കി മറിച്ച ഭാസിയോടുള്ള ആദരവ്‌ ലോഹിതദാസിന്റെ രചനാപാടവത്തിന്‌ കരുത്ത്‌ പകര്‍ന്നു. ഭാസിയെപ്പോലെ ഒരു നാടകമെഴുതാന്‍ തനിക്ക്‌ സാധിക്കുന്നില്ല, എന്ന്‌ തുറന്നു പറയാനും ലോഹി തയ്യാറായിരുന്നു.

`തനിയാവര്‍ത്തന'ത്തിലൂടെ സിനിമയിലെത്തിയ ലോഹിതദാസ്‌ സംവിധായകന്റെ വേഷത്തിലെത്തിയത്‌ `ഭൂതക്കണ്ണാടി' എന്ന ചിത്രത്തിലാണ്‌. മലയാളത്തിലെ മികച്ച സിനിമകളിലൊന്നായ `ഭൂതക്കണ്ണാടി' വിഹ്വലതകളുടെ പാഠപുസ്‌തകമാണ്‌. വിദ്യാധരന്റെ ഭയപ്പാടുകളില്‍ നിന്നു കേരളീയ മനസ്സുകള്‍ക്ക്‌ മോചനം എളുപ്പമല്ല. മനസ്സിന്റെ ഇഴയടുപ്പവും ഇടര്‍ച്ചകളും മനോഹരമായി ആവിഷ്‌കരിച്ച `ഭൂതക്കണ്ണാടി' ലോഹിതദാസിന്റെ ചലച്ചിത്ര ജീവിതത്തില്‍ ഔന്നത്യത്തിന്റെ തെളിച്ചമായി നിലനില്‍ക്കും.

കാല്‍നൂറ്റാണ്ടോളം മലയാള സിനിമയുടെ അവിസ്‌മരണീയ ഘടകമായി പ്രവര്‍ത്തിച്ച ലോഹിതദാസ്‌ `അക്ഷരകല'യുടെ സൗഭാഗ്യമായിരുന്നു. ജീവിത സങ്കല്‍പങ്ങളും മൂല്യബോധവും കരുപ്പിടിപ്പിക്കാന്‍ സിനിമക്ക്‌ കഴിയണമെന്ന്‌ വിശ്വസിച്ച ലോഹിയുടെ ഇഷ്‌ട മാതൃകകള്‍ സത്യജിത്‌ റേയും കുറസോവയുമാണ്‌. സിനിമ ജനസാമാന്യത്തോട്‌ നേരിട്ട്‌ സംവദിക്കുന്ന കലയാണെന്ന്‌ ലോഹി തന്റെ ചലച്ചിത്ര ജീവിതത്തിലൂടെ വ്യക്തമാക്കി. മലയാളത്തിലും തമിഴിലും ലോഹിതദാസിന്റെ കയ്യൊപ്പ്‌ പതിഞ്ഞിട്ടുണ്ട്‌. ജീവിതത്തിലേക്കൊരു സൂക്ഷ്‌മ ദര്‍ശനമായി ചലച്ചിത്ര കലയെ നോക്കിക്കണ്ട ലോഹിതദാസിനെ തേടി നിരവധി പുരസ്‌കാരങ്ങളെത്തി. എഴുത്തുകാരന്റെ മനസ്സ്‌ സിനിമയുടെ ആഘോഷങ്ങള്‍ക്ക്‌ വിട്ടുകൊടുക്കാത്ത ഈ കലാകാരന്‍ മീരാജാസ്‌മിന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കളെ മലയാള സിനിമയിലെത്തിച്ചു. തിരക്കഥാകാരന്‍, സംവിധായകന്‍, ഗാനരചയിതാവ്‌, നടന്‍ എന്നിങ്ങനെ വിവിധ തരത്തില്‍ ചലച്ചിത്രവുമായി ഇഴചേര്‍ന്ന ലോഹിതദാസിന്റെ സ്വപ്‌നം `ഭീഷ്‌മരെ' അവതരിപ്പിക്കാനായിരുന്നു. ഉള്ളുലയാത്ത ഭീഷ്‌മ ദര്‍ശനം സിനിമാ മോഹം പോലെ ലോഹിയുടെ ജീവിതത്തിനും ചലച്ചിത്ര സപര്യക്കും ഇണങ്ങും. കാലം മായ്‌ക്കാത്ത ജീവിത രേഖയായി ലോഹിയും രചനകളും മലയാള ചരിത്രത്തില്‍ നിലനില്‍ക്കും.
- ചന്ദ്രിക 29/6/09

Wednesday, June 24, 2009

കാവ്യമാലിന്യം പെരുകുന്നു

ചാലേ കവടിയെടുക്കുന്നവരതി,നാലേ ഗണകരുമെന്നുവരാമോ, ധാര്‍ഷ്‌ട്യം കാട്ടുകയെന്നതൊഴിഞ്ഞൊരു, കൂട്ടംപോലുമവന്നറിയില്ല?- എന്നിങ്ങനെ വ്യാജരൂപങ്ങളെപ്പറ്റിയാണ്‌ കുഞ്ചന്‍ നമ്പ്യാര്‍ വിവരിച്ചത്‌. നമ്പ്യാരുടെ വിശേഷണം മലയാളത്തിലെ പല കവികള്‍ക്കും ഇണങ്ങും. അക്ഷരങ്ങള്‍ക്കൊണ്ട്‌ തലപ്പന്ത്‌ കളിക്കുന്നവരെ കാണുമ്പോള്‍ കുഞ്ചന്റെ പരാമര്‍ശം വായനക്കാരുടെ ഓര്‍മ്മയിലെത്താതിരിക്കില്ല.

വായനാവാരത്തില്‍ കേരളം കണിക്കണ്ടുണര്‍ന്നത്‌ കാവ്യമാലിന്യത്തിലേക്കായിരുന്നു. മാലിന്യനിക്ഷേപകരില്‍ കെ. സച്ചിദാനന്ദനും ദേശമംഗലം രാമകൃഷ്‌ണനും ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവും പി. എന്‍. ഗോപീകൃഷ്‌ണനും പവിത്രന്‍ തീക്കുനിയും അന്‍വര്‍ അലിയും മുന്‍നിരയിലുണ്ട്‌. സ്റ്റീവന്‍ഗ്രീനും കരേന്‍മിന്‍കോവിസ്‌കിയും സിംഹവാലന്‍ കുരങ്ങുകളെപ്പറ്റി പഠനം നടത്തിയത്‌ അവയെ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. മലയാളകവികള്‍ എഴുതുന്നത്‌ ഭാഷയെ മലിനമാക്കാനും.

ദേശമംഗലം രാമകൃഷ്‌ണന്‍ 'മൂന്നുകവിതക' ളില്‍-(മലയാളം-ജൂണ്‍26)എഴുതുന്നു:
സ്വപ്‌നമിനിയും ബാക്കിയാണ്‌, ഓര്‍മ്മയിനിയും ബാക്കിയാണ്‌, അതെന്തെന്നു മാത്രമറിയാതെയീ, ഫ്രെയിമില്‍ നോക്കിയിരിപ്പാണ്‌ ഞാന്‍-ദേശമംഗലത്തിന്‌ ഓര്‍മ്മപ്പിശകില്ലെന്ന്‌ വ്യക്തം. മൂന്നുകവിതകള് ‍പോലുള്ള ചാപിള്ളകള്‍ മാത്രമാണ്‌ രാമകൃഷ്‌ണന്‍ നാളിതുവരെ എഴുതി നിറച്ചത്‌. സച്ചിദാനന്ദന്റെ വൃത്തം-(മാതുഭൂമി-ജൂണ്‍28) എന്ന കവിത തുടങ്ങുന്നത്‌
നിന്നെ ഞാനോര്‍ക്കുന്നു-ഹൃദ്യമായ വരിയില്‍. കവി വായനക്കാരെ ഓര്‍മ്മയുടെ ആഴങ്ങളിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. കവിതയുടെ തുടര്‍ന്നുള്ള വരികള്‍ അക്ഷരപീഡനമാണ്‌.
‌നൃത്തം ചെയ്യൂ, നിറത്തില്‍, ഭൂമിയില്‍, ആകാശത്തില്‍, ജലത്തില്‍, കാറ്റില്‍, അഗ്നിയില്‍, കാലത്തില്‍, കാലാതീതത്തില്‍?. നൃത്തം'' പോലുള്ള രചനകളില്‍ നിന്നും വായനക്കാരെ രക്ഷിക്കാനായിരിക്കാം, കവികളെ നാട്ടില്‍ നിന്നും ഓടിക്കണമെന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ പ്ലാറ്റോ വാശിപ്പിടിച്ചത്‌.

ആവര്‍ത്തനം കൊണ്ട്‌ എഴുത്തുകാരന്‌ കാവ്യമാലിന്യം പെരുപ്പിക്കാന്‍ എളുപ്പമാണെന്നതിന്‌ ഉത്തമോദാഹരണമാണ്‌ പവിത്രന്‍ തീക്കുനി എഴുതിയ ശിഥിലകാണ്‌ഡം(കലാകൗമുദി-ജൂണ്‍28).
കടം കൊണ്ട്‌, പണിതവീട്ടില്‍, കണ്ണീര്‌ കത്തുന്നു- അക്ഷരമറിയാവുന്ന ആര്‍ക്കും എഴുതിപ്പിടിക്കാവുന്ന വരികള്‍, എഴുത്തുകാരന്റെ ഉദാസീനതയക്ക്‌ ഈടുറ്റ അടയാളമാണിത്‌. അന്‍വര്‍ അലി പള്ളിപ്പുറം വണ്ടിയാപ്പീസ്‌-(മാധ്യമം- ജൂണ്‍ 29) എന്ന കാവ്യപ്രേതത്തിന്റെ നെറ്റിത്തടത്തിലെഴുതി:
ഇംഗ്ലീഷ്‌ വിളക്കുകാല്‍ പണ്ടത്തെ, പുങ്ക്‌ ചൊറിഞ്ഞു തുരുമ്പിച്ച്‌. മലയാളകവിത കീറച്ചാക്കാക്കി മാറ്റുന്നതില്‍ പള്ളിപ്പുറം വണ്ടിയാപ്പീസ്‌പോലുള്ള രചനകള്‍ വഹിക്കുന്ന പങ്ക്‌ ചെറുതല്ല.

പുനത്തില്‍ കുഞ്ഞബ്‌ദുള്ള കഥ, നോവല്‍, ആത്മകഥ എന്നിവ കൂടാതെ മരുന്നുംമന്ത്രവും എഴുതുന്നു. പുനത്തില്‍ എഴുതുന്നതെന്തായാലും അതിലൊക്കെ സര്‍ഗ്ഗാത്മകതയുടെ സാന്നിദ്ധ്യമുണ്ട്‌. വായനയില്‍ പുതുമയും. മലയാളത്തില്‍ ഇടയ്‌ക്കെങ്കിലും ഭേദപ്പെട്ട കഥയെഴുതുന്നവരില്‍ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്റെ പേരും ഉള്‍പ്പെടുന്നു. ശിഹാബുദ്ദീന്റെ കഥകള്‍ മാത്രമല്ല, ആത്മകഥ വരെ (ഭാഷാപോഷിണി- വാര്‍ഷികപ്പതിപ്പ്‌ 09) വായനയില്‍ ഇടം നേടുന്നു. പക്ഷേ, ശിഹാബുദ്ദീന്‍ കവിതയെഴുതുമ്പോള്‍ വായനക്കാരുടെ മൂക്കില്‍ ഓടകളുടെ മണംമാത്രമല്ല, കവിതയില്‍ കീടനാശിനിപ്രവാഹവുമാണ്‌ അനുഭവപ്പെടുത്തുന്നത്‌. ഇതിന്‌ ദൃഷ്‌ടാന്തമാണ്‌ വാരാദ്യമാധ്യമത്തില്‍ (ജൂണ്‍ 21-ലക്കം 1112) ശിഹാബുദ്ദീന്‍ എഴുതിയ `കടലറിവ്‌' എന്ന കവിത.``മരിച്ച ഏതോ വൃക്ഷത്തിന്റെ, മഴക്കാലത്തെ ശവാവശിഷ്‌ടങ്ങളായിരുന്നു., കടലേ, നമുക്ക്‌ പോകാം, എനിക്ക്‌ നീയും നിനക്ക്‌ ഞാനും, മാത്രം സ്വന്തം'' കടലിന്റെ അക്കരയില്ലായ്‌മ തൊട്ടറിയുന്നു കവി. കെട്ടൊടുങ്ങിയ മരത്തിന്റെ അവശിഷ്‌ടമാണ്‌ ഇലകളും പൂക്കളും എന്ന്‌ തിരിച്ചറിഞ്ഞ്‌ മായാഭ്രമത്തില്‍ മുഴുകുന്ന കവിയുടെ ചിന്താപഥം ശൂന്യമാണെന്ന്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടേണ്ടിവരില്ല. കടലിനെ ചൊല്ലി ഡി. വിനയചന്ദ്രനും വിപലിക്കുന്നുണ്ട്‌. കടലൊരു കണ്ണാടി എന്ന കവിത (തോര്‍ച്ച മാസിക ജൂണ്‍09). ``മരണത്തെ, നേര്‍ക്കുനേര്‍ കണ്ട കണ്ണാടി, ഭയം കൊണ്ട്‌ പൊട്ടിത്തെറിച്ചു, കടല്‍ ഇന്നും കടല്‍ തന്നെ''. കടല്‍ ഉപേക്ഷിക്കപ്പെട്ട കണ്ണാടിക്കാഴ്‌ചയിലൂടെയാണ്‌ വിനയചന്ദ്രന്‍ സഞ്ചരിക്കുന്നത്‌. വിനയചന്ദ്രന്റെ വഴിയിലൊരിടത്തും കവിതയില്ല. കവിതയിലേക്കുള്ള അക്ഷരപ്പടര്‍പ്പുകള്‍ കൊണ്ട്‌ ഇരുളാണ്ട കുഴിയിലാണ്‌ ലബ്‌ധപ്രതിഷ്‌ഠനായ വിനയചന്ദ്രനെന്ന്‌ `കടലൊരു കണ്ണാടി' വിളിച്ചുപറയുന്നു.

കവിതകളുടെ മാലിന്യക്കൂമ്പാരത്തിനിടയിലും എഴുത്തിന്റെ വിരല്‍സ്‌പര്‍ശം കെ. പി. റഷീദ്‌ അടയാളപ്പെടുത്തി:
കടലാസിനേക്കാള്‍, കാറ്റലയും തിരയും, നിന്റെ ഞരമ്പില്‍ തന്നെ മരമേ, എന്റെ പച്ചവനമേ-( മരമേ എന്ന കവിത -മാധ്യമം ). വനം കടലാസായി എഴുതിനിറയുന്ന ചിത്രം.

പുതുവഴി
പുതുവഴിയില്‍ നാല്‌ കവിതകളാണ്‌ ഉള്‍പ്പെടുത്തിയത്‌. സേറയുടെ `സാക്ഷി', മൊയ്‌തു തിരുവള്ളൂരിന്റെ `പേനയുടെ സംവാദം', യു. വി. എം. സാലിയുടെ `നൊമ്പരങ്ങള്‍', ദിലീപ്‌ ഇരിങ്ങാവൂരിന്റെ `കണ്ണാടി' എന്നിവ. സാക്ഷിയില്‍ എഴുത്തുകാരന്‍ ചരിത്രത്തിനും മനുഷ്യനും ഇടയില്‍ യഥാര്‍ത്ഥ സാക്ഷി ആരെന്ന്‌ അന്വേഷിക്കുന്നു. കവിതയില്‍ ഉള്‍ക്കിടിലം പൂണ്ട അന്വേഷണങ്ങള്‍ സ്വാഭാവികമാണ്‌. സേറയുടെ അന്വേഷണം കാവ്യരൂപത്തിലല്ല, പ്രബന്ധത്തിലാണ്‌. ഇത്‌ ചരിത്രത്തില്‍ മനുഷ്യനെ കാണാത്ത ചരിത്രപണ്‌ഡിതന്മാര്‍ക്കുള്ള വാറോലയാണ്‌. മൊയ്‌തുവിന്റെ പേന കൃപാണമാണ്‌. ഇതിന്റെ കുത്തേല്‍ക്കാതെ വായനക്കാര്‍ ജാഗ്രത പാലിക്കുക. യു. വി. എം. സാലിം മരീചികയ്‌ക്ക്‌ രൂപം വരക്കാന്‍ ശ്രമിക്കുന്നു. ഫലം കണ്ടില്ല. കൊലക്കത്തി മാറില്‍പ്പതിഞ്ഞ ഇരയുടെ നിലവിളി ദിലീപ്‌ കേള്‍ക്കുന്നു. പുതുവഴിക്കാരുടെ കാവ്യമോഹം ശ്രദ്ധേയം. കവിതയെഴുതാന്‍ പേനയും കടലാസ്സും മാത്രം മതിയാവില്ല. ഇവര്‍ക്കായ്‌ എന്‍. എന്‍. കക്കാടിന്റെ വരികള്‍ കുറിക്കുന്നു:
ഓരോ തവണയും, ജീവനൊരു ദാനമായ്‌, വിലകൂടി നീണ്ടുകിട്ടുന്നു, തീരാക്കടങ്ങള്‍ തന്‍ വന്‍കൂട്ടുപലിശയായ്‌, അറിയാതെ ഭീതി വളരുന്നു-(മൂല്യം -എന്ന കവിത).

സൂചന: എയ്‌ഡ്‌സ്‌വൈറസിനെക്കുറിച്ചുള്ള ഭീതിയാണ്‌ സാഹിത്യഭാഷയെ പിടികൂടുന്നതെന്ന്‌ -സൂസന്‍ സൊന്റാഗ്‌ പറഞ്ഞുവെച്ചിട്ടുണ്ട്‌. മലയാളകവിത ഭയപ്പെടുന്നത്‌ പി. എന്‍. ഗോപീകൃഷ്‌ണന്റെ `ഹൃദയംമാഷ്‌' (മാധ്യമം-ജൂണ്‍29)പോലുള്ള കാവ്യവൈറസ്സുകളെയാണ്‌.

കവിതകള്
‍സാക്ഷി
സേറ
(ഗവേഷക വിദ്യാര്‍ത്ഥി, നെഹ്‌റു യൂനിവേഴ്‌സിറ്റി, ന്യൂഡല്‍ഹി)മനുഷ്യര്‍ ചരിത്രത്തിന്‌സാക്ഷിയാവാറുണ്ട്‌.
ചരിത്രത്തിന്‌ മനുഷ്യര്‍സാക്ഷിയാവാറുണ്ട്‌.
പക്ഷേ, ചരിത്രം മറക്കുന്നമനുഷ്യര്‍ക്കും,
മനുഷ്യരെ മറക്കുന്നചരിത്രത്തിനും
യഥാര്‍ത്ഥ സാക്ഷി ആരായിരിക്കും?
രക്തസാക്ഷിയോ
അതോദൃക്‌സാക്ഷിയോ?

പേനയുടെ സംവാദം
മൊയ്‌തു തിരുവള്ളൂര്
‍പേനയ്‌ക്ക്‌ ജീവനുണ്ട്‌.
ചലിക്കുകയുംചലിപ്പിക്കുകയും ചെയ്യും
.ശക്തി-രക്തവുമാണ്‌.
ചുവപ്പായുംപച്ചയായും
നീലയായും കറുപ്പായും
നിര്‍ഗളിക്കാറുണ്ട്‌.
അതിന്റെവിസര്‍ജ്ജനംചിലപ്പോള്
‍പ്രതികരണങ്ങളുംപ്രക്ഷോഭങ്ങളും
യുദ്ധങ്ങളുമുണ്ടാക്കും.
ഹൃദയത്തിന്‌ മുറിവുണ്ടാക്കുന്നകൂര്‍ത്ത- കൂര്‍ത്തമുനയുണ്ടതിന്‌.
എപ്പോഴുമതിന്‌മുന്നറിയിപ്പില്ലാത്ത
ആക്രമണത്തിന്റെറോളാണ്‌.

നൊമ്പരങ്ങള്‍
യു. വി. എം. സാലിം വേങ്ങര
(സി. എം. മഖാം കോളജ്‌, മടവൂര്‍)
മനസ്സിനോട്‌ ഞാന്‍ നൊമ്പരപ്പെടാന്‍ പറഞ്ഞു.
ഒരു നഗ്ന സത്യം തിരിച്ചറിഞ്ഞതിന്‌തുറന്നെഴുതാന്‍ മടിയുണ്ടെങ്കിലുംമനസ്സിന്റെ വിങ്ങലുകള്‍ക്ക്‌
വിശ്രമമേകാന്‍ചുറ്റും
നിഴല്‍പോല്‍ നിലയുറപ്പിച്ച
ചോദ്യചിഹ്നങ്ങള്‍ക്കുത്തരം
നല്‍കാന്‍ചലിപ്പിക്കുന്നു
ഞാനെന്റെ തൂലികചുരത്തുന്ന
അതിന്റെ പൊന്‍പീലികള്‍..
അവള്‍ അന്ന്‌ ചിരിച്ചതും
പിരിയുമ്പോള്‍ ടാറ്റാ കാണിച്ചതും
അവളെ പെറ്റുവളര്‍ത്തിയ
അണയാത്ത വാത്സല്യം
ചാര്‍ത്തിയപൊന്നമ്മയോടാണ്‌ പോലും!
എന്നാല്‍,മനസ്സ്‌
തള്ളിയെന്റെ അഭ്യര്‍ത്ഥനകൊഞ്ഞനം കാട്ടീ,
അത്‌ കേട്ടമാത്രയില്‍ശക്തമാം
നെടുവീര്‍പ്പോടെയുംഅതിലേറെ
വേദനയോടൊയുംഓര്‍ക്കുന്നു
ഞാന്‍ വീണ്ടും ആ നെരിപ്പോടുകള്‍
ഇന്നും മായാത്ത മറയാത്ത
കരിമ്പടങ്ങള്‍ഏകനായി
ജനല്‍പാളി തുറന്നിട്ട്‌
ഏപ്രിലിലെ മീനച്ചൂടില്
‍ഏകാന്തതയില്‍
കണ്ണുംനട്ട്‌മരീചികയ്‌ക്ക്‌
രൂപം വരച്ചപ്പോഴും
എന്റെ മനസ്സിനെ ഞാന്‍ കണ്ടു,
വീണ്ടും മുഖംപൊത്തിരിച്ചിരിക്കുന്നതായി..

കണ്ണാടി
ദിലീപ്‌ ഇരിങ്ങാവൂര്
‍ചോര കിനിയുന്നൊരുപാദത്തിന്റെ
കാലൊച്ചഉള്‍ക്കണ്ണാടിയില്‍ പ്രതിധ്വനിക്കുന്നു.
കൊലക്കളം കണ്ട്‌ മനംമടുത്ത ബുദ്ധന്‍അകലേയ്‌ക്ക്‌..
തൂവല്‍പോലെ ഓര്‍മ്മകൊഴിഞ്ഞുവിഴുന്നു.
സുഹൃത്തിന്റെ വാക്കിന്റെ
ഉടഞ്ഞ കണ്ണാടിനോക്കുമ്പോള്‍കൊലക്കത്തി മാറില്‍ആഴ്‌ന്നിറങ്ങിയനിലവിളി കോള്‍ക്കുന്നു.
-നിബ്ബ്‌-ചന്ദ്രിക വാരാന്തപ്പതിപ്പ്‌,21/6/09

Thursday, June 18, 2009

കവിതയുടെ ശവഘോഷയാത്ര


`ആശയങ്ങളേക്കാള്‍ അനുഭവങ്ങളുടേതായ ഒരു ജീവിതം'- എന്നിങ്ങനെ കാവ്യകലയെ കീറ്റ്‌സ്‌ വിശേഷിപ്പിച്ചിട്ടുണ്ട്‌.
ജീവിതമെഴുത്തെന്ന്‌ കവിതയെ പേരിട്ടു വിളിക്കാം.
ജീവിതത്തിന്റെ കുതിപ്പും കിതപ്പും ചാരുതയായും പ്രശ്‌നോത്തരങ്ങളായും കണ്ടെടുക്കുന്ന വിളവെടുപ്പാണ്‌ കവിതയെന്ന്‌ ഇടശ്ശേരിയും പറഞ്ഞുവെച്ചിട്ടുണ്ട്‌. ``ഇരുളിന്റെ നേര്‍ക്കായൊരായിരം, ശരനികരം തൂകിക്കൊണ്ടുയരും ഭാനുമാന്‍''- (പ്രഭാതം എന്ന കവിത). ഓരോ കവിതയിലും ജീവിതത്തിന്റെതായ കുടിയിരുത്തലും കുടിയിറക്കവുമുണ്ട്‌. ഇത്‌ തെളിമയോടെ അവതരിപ്പിക്കുന്ന എഴുത്തുകാരന്റെ വരികള്‍ വായനക്കാരുടെ മനസ്സില്‍ കുളിര്‍മയുടെ ഒരടരയായി അടയാളപ്പെടുന്നു. കവിതയുടെ ഈ നീരിറക്കത്തില്‍ ഉള്ളുരയുടെ കാര്‍ക്കശ്യവും മനോഹാരിതയും പതിഞ്ഞുനില്‍ക്കും. മലയാളത്തിലെ പുതുകവികളുടെ രചനകളില്‍ നിന്നും ചോര്‍ന്നുപോകുന്നത്‌ സര്‍ഗ്ഗാത്മകതയുടെ ഈ പശിമയാണ്‌.

2009 ജൂണ്‍15 തിങ്കളാഴ്‌ച മലയാളികള്‍ കണ്‍തുറന്നത്‌ കവിതയുടെ ശവഘോഷയാത്രയിലേക്കാണ്‌. കവിതയുടെ ശവമഞ്ചം വഹിച്ചവരുടെ മുന്‍നിരയില്‍ സെബാസ്റ്റ്യനും രാജലക്ഷ്‌മിയും എ. സി. ശ്രീഹരിയും ബാലകൃഷ്‌ണന്‍ മൊകേരിയുമാണ്‌. ഉള്ളനങ്ങുമ്പോഴൊക്കെ വളര്‍ന്നു വരുന്ന ഒരു ഹനുമല്‍ ചിത്രം ഇടശ്ശേരിയുടെ കവിതകളിലുണ്ട്‌. കവിയുടെയും കവിതയുടെയും കരുത്തിന്റെ സ്‌പന്ദനമാണത്‌. സെബാസ്റ്റ്യന്റെ `റിയല്‍ എസ്റ്റേറ്റ്‌'-(മാധ്യമം ജൂണ്‍ 22- ലക്കം),`ആരണ്യകം'-(കലാകൗമൂദി, ജൂണ്‍ 21), `ഒരു പാനപാത്രത്തിന്റെ മടക്കയാത്ര' (രാജലക്ഷ്‌മി- മലയാളം വാരിക ജൂണ്‍ 19), `പുസ്‌തകമേ' -(എ.സി.ശ്രീഹരി- പച്ചക്കുതിര, ജൂണ്‍ ലക്കം), `കാവ്യനീതി'-(ബാലകൃഷ്‌ണന്‍ മൊകേരി- പച്ചക്കുതിര, ജൂണ്‍ ലക്കം) എന്നീ രചനകള്‍ കവിതയുടെ ശവപ്പെട്ടിയില്‍ അടിച്ച തുരുമ്പാണികളാണ്‌.

ദിവസം കഴിയുന്തോറും പൊടിഞ്ഞില്ലാതാകുന്നവ.എന്‍. വി. കൃഷ്‌ണവാരിയര്‍ ടി. എസ്‌. എലിയറ്റിനെ തൊട്ടെഴുതിയാണ്‌ ആധുനികകവിതയുടെ പടിപ്പുരയില്‍ പരസ്യപ്പലക നാട്ടിയത്‌. അതിപ്പോഴും വായനക്കാരുടെ മനസ്സില്‍ മുനകൂര്‍പ്പിച്ചുനില്‍പ്പുണ്ട്‌. ഭാഷയിലേക്കും ഭാവത്തിലേക്കും പരകായപ്രവേശം എന്‍. വി. അനായാസം സാധിച്ചെടുത്തു. പുതുകവികള്‍ക്ക്‌ അന്യരുടെ ജീവിതം നോക്കിയെഴുതാനോ, സ്വയം കാഴ്‌ചയിലേക്ക്‌ അടയിരിക്കാനോ കഴിയുന്നില്ലെന്നതിന്‌ ദൃഷ്‌ടാന്തം വായനക്കാര്‍ മറ്റെങ്ങും അന്വേഷിക്കേണ്ടതില്ല- സെബാസ്റ്റ്യന്റെ `റിയല്‍എസ്റ്റേറ്റ്‌' എന്ന കവിത മുന്നിലുണ്ട്‌. ``വിറ്റും വാങ്ങിയും, തീര്‍ന്നുപോയ ഭൂമിയുടെ, ഇടപാടുകാരേ, കണ്ണുവെക്കല്ലേ, ഈ മുതലിനെ''- കവിയുടെ വിലാപം ശ്രദ്ധേയം. എല്ലാം ആഹരിച്ചുപോകുന്ന മാഫിയാവല്‍ക്കരണത്തെ ധ്വനിപ്പിക്കാനുള്ള ഈ എഴുത്തുകാരന്റെ യത്‌നം കവിതയാകുന്നില്ല. തലതല്ലിക്കരച്ചിലിന്റെയും മുഖംമൂടിയുരിയലിന്റെയും മര്‍മ്മരങ്ങള്‍ക്ക്‌ കവിതയുടെ ചരിത്രത്തിലും താഴ്‌വേരുകളുണ്ട്‌. തിരസ്‌കരണത്തിന്റെ വിനിയ വൈഷമ്യം കൊണ്ട്‌ സെബാസ്റ്റ്യന്റെ കവിത കോടാലിപോലെ വായനക്കാരന്‌ മുന്നില്‍ തിളങ്ങിനില്‍ക്കുന്നു.

`ആരണ്യക'ത്തില്‍ ``പെട്ടെന്ന്‌ മഴ പെയ്യും, ചൂളംവിളിച്ച്‌ പാഞ്ഞുപോകും, തീവണ്ടിയായി തീര്‍ന്ന കടല്‍'' എന്ന്‌ സെബാസ്റ്റ്യന്റെ വരികള്‍ വായിക്കുമ്പോള്‍, നിലാവില്‍ മുങ്ങിനില്‍ക്കുന്ന അമ്പലമുറ്റം പാല്‍ക്കടലാണെന്ന്‌ ധരിച്ച്‌ മുങ്ങിമരിച്ച പഴയ കവിഭാവന വായനക്കാരുടെ ഓര്‍മ്മയില്‍ തെളിയാതിരിക്കില്ല. പദങ്ങള്‍ അവയുടെ സ്ഥായീഭാവത്തില്‍ നിന്നും മോചനം നേടി നക്ഷത്രങ്ങളാകുമ്പോള്‍ കവിത വിരിയും. കടമ്മനിട്ട വാക്കുകളെ കര്‍പ്പൂരദീപമായും കസ്‌തൂരിഗന്ധമായും കണ്ടെടുത്തു. സെബാസ്റ്റ്യന്‍ അവയെ ഇഷ്‌ടികക്കട്ടയായി കവിതയില്‍ വിന്യസിച്ചിരിക്കുന്നു.

സായിപ്പ്‌ മലയാളം പഠിച്ച്‌ ബോധംകെട്ടത്‌ അക്കിത്തത്തിന്റെ ?ഇരുപതാം നൂറ്റാണ്ട്‌' വായിച്ചിട്ടായിരുന്നു. സായിപ്പിന്റെ ഉള്ളിലൊരു ചിരിയും- ഇംഗ്ലീഷ്‌ മലയാളത്തിലെഴുതിയതില്‍. `പാനപാത്രത്തിന്റെ മടക്കയാത്ര'യില്‍ രാജലക്ഷ്‌മി എഴുതി-``ഭാഷയോടുള്ള, ആത്മബന്ധം, ഉപേക്ഷിച്ചിരിക്കുന്നു, ഏതു പദവും, നിര്‍മ്മമതയോടെ, ഉപയോഗിക്കാന്‍, എനിക്കാവുന്നു, പദങ്ങള്‍ ചൂണ്ടുപലക, പദങ്ങള്‍, കറ്റച്ചൂട്ട്‌''. മലയാള അക്ഷരങ്ങള്‍ രാജലക്ഷ്‌മിയെ കാണുമ്പോള്‍ പ്രാണഭയത്താല്‍ ഓടിയൊളിക്കാതിരിക്കില്ല. ``ചിത കത്തിത്തീരും വരേക്കു നമ്മള്‍, ചിതമായ്‌ പെരുമാറാം ദോഷമില്ല''എന്ന്‌ (ചാക്കാല) കടമ്മനിട്ട എഴുതിയത്‌ രാജലക്ഷ്‌മിയുടെ കാവ്യപ്രേതത്തെ മുന്‍കൂട്ടികണ്ടിട്ടാകാം.

ബാലകൃഷ്‌ണന്‍ മൊകേരിയുടെ `കാവ്യനീതി'യുടെ ആദ്യവരി കാവ്യജൂസുപോലെ മധുരമാണ്‌-``മരമാണ്‌ രാവണന്‍''. തുടര്‍ന്നുള്ള വരികള്‍ മധുരമാണെന്ന്‌ തെറ്റിദ്ധരിച്ച്‌ അകത്താക്കാതിരിക്കുക.``വനനാശം രാജനീതി താന്‍, അവനീനാശമതില്‍പരം, കാവ്യനീതി നമുക്കാശ, മരമാകുന്നു രാവണന്‍''-എന്നിങ്ങനെ കവിതയിലൂടെയല്ലാതെ കാവ്യശില്‍പത്തിലൂടെ കവി കരയുമ്പോള്‍ വായനക്കാര്‍ കാതുകള്‍ മാത്രമല്ല കണ്ണുകളും പൊത്തും. പദതാളത്തില്‍ രമിക്കാതെ കാവ്യദൃശ്യം അനാവരണം ചെയ്യാനുള്ള ജാഗ്രതയാണ്‌ ബാലകൃഷ്‌ണനെപോലുള്ള എഴുത്തുകാര്‍ക്ക്‌ നഷ്‌ടമാകുന്നത്‌.

ശ്രീഹരിയുടെ വിലാപം-``പുസ്‌തകമേ, പുനര്‍ജ്ജനിക്കായി, പ്രാര്‍ത്ഥിക്കുന്നുണ്ട്‌, പുസ്‌തകമേളകള്‍''. ശ്രീഹരിയുടെ പേനത്തുമ്പില്‍ വിരിഞ്ഞത്‌ കാവ്യചഷകമല്ല; കുരുഡാനാണ്‌. ഭാവനയെ തീപിടിപ്പിച്ച ഒരു അനുഭവം- എന്നൊരിടത്ത്‌ റൊളാങ്‌ ബാര്‍ത്ത്‌ എഴുതിയിട്ടുണ്ട്‌. ശ്രീഹരി അതിനെ വായനക്കാരന്റെ നെഞ്ചിലേക്ക്‌ കുത്തിയിറക്കുന്ന വാരിക്കുന്തമാക്കുന്നു.

കവിതയുടെ ശവഘോഷയാത്രയില്‍ നിന്നും മാറിനില്‍ക്കുന്ന എഴുത്തുകാരുടെ സാന്നിദ്ധ്യവും മലയാളത്തിലുണ്ട്‌. അവരുടെ നിരയില്‍ വിജയലക്ഷ്‌മി നില്‍ക്കുന്നതിങ്ങനെ:``ഉച്ചരിക്കാത്ത വാക്കിന്റെ, ചൂടായ്‌ മാറാത്ത രാപ്പനി, ദൂരദൂരം പറന്നിട്ടും, കൊമ്പത്തെത്താത്ത കാക്കകള്‍ ''-(പറന്നിട്ടും- മാതൃഭൂമി, ജൂണ്‍ 21).തന്‍ ചിതയ്‌ക്ക്‌ സ്വയം തീകൊളുത്തുന്ന ജന്മത്തെപ്പറ്റി ഹൃദ്യമായൊരു ചിത്രം വിജയലക്ഷ്‌മി വരച്ചിടുന്നു.

പുതുവഴി

പുതുവഴിയില്‍ വഴി (അലി കെ.വാളാട്‌),രണ്ടു കവിതകള്‍ (അബ്ദുള്ള നസീഫ്‌), മൂന്നുകവിതകള്‍(ഇ.എം.ഹസ്സന്‍) എന്നീ രചനകളാണ്‌ ഉള്‍പ്പെടുത്തിയത്‌. ജനനം മുതല്‍ മരണംവരെ ഒരാളോടൊപ്പം നടക്കുന്ന വഴിയെക്കുറിച്ചാണ്‌ അലി എഴുതിയത്‌. മനുഷ്യന്റെ മറുപുറം കാണാനുള്ള വെമ്പലാണ്‌ അബ്‌ദുള്ള നസീഫിന്‌. അന്ത്യയാത്രയുമായി ബന്ധപ്പെട്ടാണ്‌ ഇ.എം.ഹസ്സന്‍ ചിന്തിക്കുന്നത്‌. ഈ എഴുത്തുകാര്‍ക്ക്‌ ജീവിതത്തില്‍ ഇടപെടണമെന്ന മോഹമുണ്ട്‌. കവിതയുടെ പ്രമേയങ്ങളില്‍ ഈ ധാരകളുമുണ്ട്‌. പക്ഷേ കവിതയെഴുത്തിന്റെ കരപറ്റാന്‍ അലിക്കും അബ്‌ദുള്ളക്കും ഹസ്സനും നടക്കാനുള്ള ദൂരം ആര്‍ക്കും തിട്ടപ്പെടുത്താന്‍ കഴിയില്ല. കവിത കണ്ണാടിയായി കണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍, വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്‌: 'ചെറ്റയാംവിടന്‍ ഞാനെനിമേല്‍, കഷ്‌ടമെങ്ങനെ കണ്ണാടിനോക്കും??. ഈ വരികള്‍ പുതുവഴിയിലെ എഴുത്തുകാര്‍ക്കും ബാധകമാണ്‌. അക്ഷരങ്ങളെ കഴുത്തുഞെരിച്ചു കൊല്ലുന്നതിനും, പേനയില്‍ കാളകൂടം നിറയ്‌ക്കുന്നതിനും ഉത്തമോദാഹരണമാണ്‌ പുതുവഴിയില്‍ ചേര്‍ത്ത കവിതാരൂപങ്ങള്‍.

സൂചന: ഖലീല്‍ജിബ്രാന്റെയും റൂമിയുടെയും നാട്ടുകാര്‍ മലയാളം വായിക്കാന്‍ പഠിച്ചാല്‍, അവരില്‍ പലര്‍ക്കും ഹൃദയസ്‌തംഭനം വരും. രോഗകാരണം വടക്കന്‍കവികളുടെ പുസ്‌തകങ്ങളല്ലാതെ മറ്റൊന്നായിരിക്കില്ല.
-നിബ്ബ്‌, ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 21/6

കവിതകള്
‍വഴി
അലി കെ. വാളാട്‌
വളഞ്ഞും തിരിഞ്ഞും
ചിലപ്പോള്‍ നേരെയുംവഴികള്‍
പലതായിപിരിഞ്ഞു പോകുന്നു.
ദൂരക്കാഴ്‌ചയില്‍മണ്ണിരയെപ്പോലെ പുളഞ്ഞും.
അടുക്കുമ്പോള്‍ അകന്നകന്ന്‌അഹങ്കരിക്കുന്നു വഴി.
നടന്നകലുമ്പോള്‍പലതിനും
സാക്ഷിയായ്‌ഓര്‍മ്മയെ വിലക്കെടുത്ത്‌
വഴിനീളെ നാഴികക്കല്ലുകള്‍.വഴിമുട്ടിയും
പുതിയവ തുറന്നുംനടന്ന്‌ തീര്‍ക്കുമ്പോള്‍ഉ
ടലിലേറ്റാന്‍ കഴിയാത്ത ദൂരമായി
മനസ്സില്‍ കനക്കും.
ഒരു വഴി അവസാനംമറ്റൊരു വഴി തുടക്കം.
തീരാതെ മനസ്സില്‍ വഴി
വീണ്ടുംനീണ്ടും നിവര്‍ന്നും.വളഞ്ഞും
തിരിഞ്ഞും വഴിഇടകലര്‍ന്നു നീളുമ്പോള്‍ജീവിതത്തിനുപമയായിവഴിയമ്പലങ്ങള്‍.
ഇനി നിത്യശാന്തിക്ക്‌ പാഥേയമൊരുക്കാം
അന്ത്യയാത്രക്കായ്‌ അല്‌പം കാത്തിരിക്കാം.

രണ്ട്‌ കവിതകള്
‍അബ്‌ദുള്ള നസീഫ്‌ എസ്‌.എ
(എന്‍.എസ്‌. എസ്‌ കോളജ്‌, മഞ്ചേരി)ആര്‍ക്കറിയാം

സന്തോഷംഅതിരുവിടുമ്പോള്‍,
കരയാറുണ്ട്‌എന്നാല്‍,
സങ്കടംഏതറ്റം കണ്ടാലുംചിരിപ്പിക്കാറില്ല,
എന്താണാവോ? ആര്‍ക്കറിയാം.

ഇനി

ഇനിയൊരിക്കലും
ഞാന്‍കള്ളം പറയില്ല
അതിരാവിലെ, ഞാന്‍പ്രതിജ്ഞയെടുത്തു.
രാത്രി മെത്തയില്‍കിടന്നു ഞാനോര്‍ത്തു.
ഇങ്ങനെയെത്ര കള്ളം!
ഇനിയെത്ര കള്ളം,ഇല്ലെയില്ല,
ഇനിയൊരിക്കലുംഇങ്ങനെ പറയില്ല.

മൂന്നു കവിതകള്

‍ഇ. എം. ഹസ്സന്
‍യാത്ര

എത്ര വിചിത്രമെന്‍ യാത്ര
സത്രമൊഴിഞ്ഞു.
മിത്രങ്ങളെ വെടിഞ്ഞു.
പുത്രകളത്രാദികളാരു-
മില്ലാത്തേടത്തേക്കൊരു യാത്ര.

ഭവനം
കുടുസ്സായ കല്ലറഇല്ല,
അറയില്‍തെല്ലുംവെളിച്ചം,
തെളിച്ചംകാറ്റില്ല,
പറ്റിയസീറ്റില്ല,
ഉറ്റവരുടയവരില്ല.

കൂട്ടുകാര്

‍സല്‍ക്കര്‍മ്മങ്ങള്
‍സല്‍സന്താനങ്ങള്
‍സദഖകള്‍ അല്ലാതൊന്നും
ഒട്ടുമേ കൂട്ടിനില്ലതിട്ടം
ചിട്ടയോടെ ചരിക്കൂ.

Friday, June 12, 2009

നിബ്ബ്‌- പംക്തി

പുതുകവിതയിലെ പുഴുക്കുത്തുകള്

‍മലയാളസാഹിത്യം കവികളുടെ എണ്ണപ്പെരുപ്പം കൊണ്ട്‌ സമ്പന്നമാണ്‌. പക്ഷേ, ഭാവുകത്വ നിശ്ചലതയെ ചോദ്യംചെയ്യാന്‍ യുവകവികള്‍പോലും തയ്യാറാകുന്നില്ല. എഴുപതുകളിലെ പ്രക്ഷുബ്‌ധതയ്‌ക്കപ്പുറം മലയാളകവിതയില്‍ പാരമ്പര്യം തിരുത്തിക്കുറിക്കാനുള്ള ആര്‍ജ്ജവം പാടെ ഉപേക്ഷിച്ചത്‌ കവികളാണ്‌. ബംഗാളും പിതൃയാനവും പതിനെട്ടുകവിതകളും ചിത്തരോഗാശുപത്രിയിലെ ഭ്രാന്തന്‍കുറിപ്പുകളും രചനകളിലൂടെ അതിവര്‍ത്തിച്ച പുതുകവികളുടെ നിരയില്‍ മോഹനകൃഷ്‌ണന്‍ കാലടി, റഫീഖ്‌ അഹ്‌മദ്‌, വി. എം. ഗിരിജ, പി. എം. ഗോപീകൃഷ്‌ണന്‍, കെ. വീരാന്‍കുട്ടി, കെ. ആര്‍. ടോണി, പവിത്രന്‍ തീക്കുനി, ശിവദാസ്‌ പുറമേരി, എം. ആര്‍. രേണുകുമാര്‍, ഗഫൂര്‍ കരുവണ്ണൂര്‍, ശൈലന്‍ എന്നിങ്ങനെ ചുരുക്കം പേരുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വായനക്കാരുടെ അക്ഷരബോധത്തിനപ്പുറം കവിതയുടെ മിന്നലാട്ടം നിഴലിക്കുന്ന രചനകള്‍ കുറയുന്നു. കവിതയെഴുത്ത്‌ സൂത്രപ്പണ്ണിയായി കണ്ടെടുക്കുന്ന എഴുത്തുകാരില്‍ നിന്നും പുതിയ കാവ്യപ്രവണത രൂപപ്പെടാനുള്ള സാധ്യതയും വിരളമാണ്‌.

രചനാപരമായ നവീകരണത്തിനു പകരം ഭാഷാപ്രയോഗത്തില്‍ ഊറ്റംകൊള്ളുകയാണ്‌ പിന്മുറക്കാരും. എതിരെഴുത്ത്‌, വേറിട്ടൊരു കാഴ്‌ച, പുതിയൊരു താളം തുടങ്ങിയവ കൊണ്ട്‌ വായനക്കാരുടെ മനസ്സ്‌ പൊള്ളിക്കുന്ന രചനകള്‍ മലയാളത്തിലെ പുതുകവിതയില്‍ വിരളമാണ്‌. വ്യവസ്ഥാപിത ഭാഷാപ്രയോഗത്തോടും ആശയധാരയോടും കലഹിക്കുന്നതിനു പകരം നിഴല്‍ക്കവിതകളില്‍ അഭിരമിക്കുന്നവരുടെ നീണ്ടനിരയാണ്‌ മലയാളകവിതയുടെ മുന്നില്‍നില്‍ക്കുന്നത്‌.

കുറുങ്കവിതകളുടെ വിശാലമായ പാരമ്പര്യം മലയാളത്തിലുണ്ട്‌. പലപ്പോഴും അവ സാംസ്‌കാരിക വിമര്‍ശനത്തിന്റെ അടയാളവുമായിരുന്നു. കവിതയുടെ രൂപത്തില്‍ മാത്രമല്ല, അകമെഴുത്തിലും ഇടഞ്ഞുനില്‍പ്പിന്റെ താളവും ഭാവവും പതിയണം.

-ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 7/6/09

Tuesday, June 09, 2009

നിബ്ബ്‌- പംക്തി

`കുഴിച്ചിട്ട ജീവിതത്തിന്റെ നൂലാമാല' എന്നര്‍ത്ഥത്തില്‍ സ്റ്റാന്‍ലി ക്യൂനിറ്റ്‌സ്‌ കവിതയെ വിശേഷിപ്പിച്ചിട്ടുണ്ട്‌. അനുഭവത്തെ, കാഴ്‌ചയെ പുളിപ്പിച്ച്‌ പിശുക്കിയെടുക്കലിന്റെ കലയാണ്‌ കവിതയെന്ന്‌ വൈലോപ്പിള്ളിയും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്‌. പദങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും ചേര്‍ത്തുവെയ്‌ക്കുന്നതിലും കവികള്‍ സൂക്ഷ്‌മത പുലര്‍ത്തണമെന്ന്‌ സാരം. പുറത്തിരിക്കുന്നവരുടെ അകത്തിരിക്കുന്നതെന്തെന്ന അന്വേഷണമാണ്‌ കവിതയുടെ വഴികളിലൊന്ന്‌. എഴുത്തിന്റെ അകമന്വേഷിക്കുമ്പോള്‍ അനുഭവങ്ങള്‍ വായനക്കാരോട്‌ സംസാരിക്കുന്നു. കവിയുടെ ഭാവന, യുക്തി, സങ്കല്‍പം, സങ്കല്‍പനം തുടങ്ങിയവയിലൂടെ ജീവിതത്തിന്റെ കണ്ണാടികള്‍ ആഴത്തില്‍ നോക്കുമ്പോള്‍ മാത്രമാണ്‌ കവിത അതെന്താണോ; അതിനുമപ്പുറത്തേക്ക്‌ നമ്മെ നടത്തിക്കുന്നത്‌. കാവ്യകലയുടെ വിശാലതയിലേക്ക്‌ ഇറങ്ങിനില്‍ക്കാന്‍ സാധിക്കുന്നില്ല എന്നതാണ്‌ മലയാളത്തിലെ പുതുകവികളുടെ പരിമിതികളിലൊന്ന്‌.

അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ മാത്രമായി കവിത കണ്ടെടുക്കുന്നവരുടെ നീണ്ടനിര തന്നെ മലയാളകവിതയുടെ മുന്‍നിരയിലുണ്ട്‌. പുതിയ എഴുത്തുകാര്‍ കവിതയില്‍ പ്രകടിപ്പിക്കുന്ന നിസ്സംഗതയ്‌ക്ക്‌ മികച്ച ഉദാഹരണമാണ്‌ പി. രാമന്റെ ``രണ്ടു കവിതകള്‍''- (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌-ജൂണ്‍7). ``ഉറങ്ങണം എന്ന്‌ നിര്‍ബന്ധമായതുകൊണ്ട്‌, ഉറക്കം നഷ്‌ടപ്പെട്ട മുഴുവന്‍ രാത്രികളെയും പുച്ഛിച്ചു തള്ളി'' എന്നിങ്ങനെ രാമന്റെ കവിത വായിച്ചു തുടങ്ങുന്നവര്‍ പിന്തിരിഞ്ഞു നോക്കാന്‍പോലും ധൈര്യമില്ലാതെ ഓടി രക്ഷപ്പെടും. പി. രാമനൊക്കെ കവിത എഴുതുന്നത്‌ പേന കൊണ്ടല്ല, പിക്കാസുകൊണ്ടാണെന്നതിന്‌ ഇതിലും വലിയ തെളിവ്‌ മറ്റൊന്നുവേണോ?

``ആകാശം വേഗം വന്ന്‌, ഭൂമിയുടെ കണ്ണ്‌ പൊത്തിയതാണ്‌, വിറങ്ങലിച്ച ദൂര വൃക്ഷങ്ങള്‍, നടക്കാന്‍ മറന്ന, മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു''- (ആവി എന്ന കവിത- ബിജോയ്‌ ചന്ദ്രന്‍, സമയം മാസിക മെയ്‌ 09). ``ചിറകില്ലാത്ത പറവയില്‍, ആകാശത്തിന്റെ ചില്ല, മുളപ്പിച്ചെടുക്കുന്നൊരു സ്വപ്‌നത്തിനിടയില്‍''- നൗഷാദ്‌ പത്തനാപുരത്തിന്റെ ?കൊളസ്‌ട്രോള്‍' എന്ന കവിത.(സമയം മാസിക-മെയ്‌09). ഈ രചനകള്‍ മനസ്സിരുത്തി വായിച്ചതിനു ശേഷം പ്രസിദ്ധീകരണത്തിന്‌ അയച്ചിരുന്നെങ്കില്‍ കവിതയോട്‌ ഏറെഅടുത്തുനില്‍ക്കാതിരിക്കില്ല.

വ്യവസ്ഥയുടെ മറുപുറം കാഴ്‌ചയിലേക്കുള്ള നിറവാണ്‌ കവിത. വാക്കിന്റെ അര്‍ത്ഥഗരിമയുടെ ആഴക്കാഴ്‌ചയില്‍ എഴുത്തുകാര്‍ വിസ്‌മയിച്ചതും മറ്റൊന്നല്ല. പുതിയ കവിതയെഴുത്തുകാര്‍ക്ക്‌ വാക്കുകള്‍ ഗണിതക്ലാസ്സിലെ അക്കങ്ങളായി മാറുന്നു. സബിത ടി. പി.യുടെ കവിതയില്‍ എഴുതി: : ജയിലിനുള്ളിലേക്ക്‌, വിപ്ലവംപോലെ മെലിഞ്ഞ്‌, ചിന്നിച്ചിതറിയെത്തിയ, ഒറ്റയൊറ്റ സൂര്യരശ്‌മികള്‍, അമ്പരപ്പോടെ ചോദിച്ചു.''- (ബിനായക്‌ സെന്നിന്‌- മാതൃഭൂമി,മെയ്‌ 31). ആലങ്കാരിക സൂചകങ്ങളാവാം. പക്ഷേ, അവ വരച്ചിടുന്ന ഭാവുകത്വം തിരിച്ചറിയുമ്പോഴാണ്‌ എഴുത്തുകാരുടെ മാധ്യമാവബോധം പ്രതിഫലിക്കുന്നത്‌. സബിതയുടെ രചനയില്‍ ഇല്ലാത്തതും കവിമനസ്സിന്റെ ജാഗ്രതയാണ്‌.
- ചന്ദ്രിക വാരാന്തപ്പതിപ്പ്‌

Friday, June 05, 2009

പുതുകവിത

മലയാളസാഹിത്യം കവികളുടെ എണ്ണപ്പെരുപ്പം കൊണ്ട്‌ സമ്പന്നമാണ്‌.
പക്ഷേ, ഭാവുകത്വ നിശ്ചലതയെ ചോദ്യംചെയ്യാന്‍ യുവകവികള്‍പോലും തയ്യാറാകുന്നില്ല. എഴുപതുകളിലെ പ്രക്ഷുബ്‌ധതയ്‌ക്കപ്പുറം മലയാളകവിതയില്‍ പാരമ്പര്യം തിരുത്തിക്കുറിക്കാനുള്ള ആര്‍ജ്ജവം പാടെ ഉപേക്ഷിച്ചത്‌ കവികളാണ്‌. ബംഗാളും പിതൃയാനവും പതിനെട്ടുകവിതകളും ചിത്തരോഗാശുപത്രിയിലെ ഭ്രാന്തന്‍കുറിപ്പുകളും രചനകളിലൂടെ അതിവര്‍ത്തിച്ച പുതുകവികളുടെ നിരയില്‍ മോഹനകൃഷ്‌ണന്‍ കാലടി, റഫീഖ്‌ അഹ്‌മദ്‌, വി. എം. ഗിരിജ,
പി. എം. ഗോപീകൃഷ്‌ണന്‍, കെ. വീരാന്‍കുട്ടി, കെ. ആര്‍. ടോണി, പവിത്രന്‍ തീക്കുനി, ശിവദാസ്‌ പുറമേരി, എം. ആര്‍. രേണുകുമാര്‍, ഗഫൂര്‍ കരുവണ്ണൂര്‍, ശൈലന്‍ എന്നിങ്ങനെ ചുരുക്കം പേരുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍
വായനക്കാരുടെ അക്ഷരബോധത്തിനപ്പുറം കവിതയുടെ മിന്നലാട്ടം നിഴലിക്കുന്ന രചനകള്‍ കുറയുന്നു.

കവിതയെഴുത്ത്‌ സൂത്രപ്പണ്ണിയായി കണ്ടെടുക്കുന്ന എഴുത്തുകാരില്‍ നിന്നും പുതിയ കാവ്യപ്രവണത രൂപപ്പെടാനുള്ള സാധ്യതയും വിരളമാണ്‌. രചനാപരമായ നവീകരണത്തിനു പകരം ഭാഷാപ്രയോഗത്തില്‍ ഊറ്റംകൊള്ളുകയാണ്‌ പിന്മുറക്കാരും. എതിരെഴുത്ത്‌, വേറിട്ടൊരു കാഴ്‌ച, പുതിയൊരു താളം തുടങ്ങിയവ കൊണ്ട്‌ വായനക്കാരുടെ മനസ്സ്‌ പൊള്ളിക്കുന്ന രചനകള്‍ മലയാളത്തിലെ പുതുകവിതയില്‍ വിരളമാണ്‌.

വ്യവസ്ഥാപിത ഭാഷാപ്രയോഗത്തോടും ആശയധാരയോടും കലഹിക്കുന്നതിനു പകരം നിഴല്‍ക്കവിതകളില്‍ അഭിരമിക്കുന്നവരുടെ നീണ്ടനിരയാണ്‌ മലയാളകവിതയുടെ മുന്നില്‍നില്‍ക്കുന്നത്‌. കുറുങ്കവിതകളുടെ വിശാലമായ പാരമ്പര്യം മലയാളത്തിലുണ്ട്‌. പലപ്പോഴും അവ സാംസ്‌കാരിക വിമര്‍ശനത്തിന്റെ അടയാളവുമായിരുന്നു. കവിതയുടെ രൂപത്തില്‍ മാത്രമല്ല, അകമെഴുത്തിലും ഇടഞ്ഞുനില്‍പ്പിന്റെ താളവും ഭാവവും പതിയണം.

-ചന്ദ്രിക വാരാന്തപ്പതിപ്പ്‌

Wednesday, June 03, 2009

ഭൂമിമലയാളം

ഉമിത്തീപോലെയാണ്‌ ടി.വി. ചന്ദ്രന്റെ `ഭൂമിമലയാളം'. പ്രേക്ഷമനസ്സിലേക്ക്‌ പതിയെകത്തിക്കയറുന്ന ചിത്രം. കേരളീയ സാമൂഹികജീവിതത്തിലെ ചില ഏടുകള്‍ തുറന്നിട്ടിരിക്കുകയാണ്‌ ഈ ചിത്രത്തില്‍. 1948 മുതല്‍ 1980 വരെയുള്ള കേരളീയ ജീവിതഭൂമികയിലെ ചിന്തോദ്ദീപകവും സങ്കീര്‍ണ്ണവുമായ പല പ്രശ്‌നങ്ങളും സ്‌പര്‍ശിച്ചുണര്‍ത്തുന്ന `ഭൂമിമലയാളം' വ്യത്യസ്‌തതലങ്ങളിലൂന്നി സ്‌ത്രീജീവിതം വായിച്ചെടുക്കുകയാണ്‌. കേരളത്തിന്റെ ആറുപതിറ്റാണ്ടിലൂടെ കറങ്ങുന്ന ക്യാമറ ഇരുണ്ടതും തെളിഞ്ഞതുമായ നിരവധി ഭയപ്പാടുകള്‍ അടയാളപ്പെടുത്തുന്നു. 1948ല്‍ തില്ലങ്കേരിയില്‍ നടന്ന കമ്മ്യൂണിസ്റ്റ്‌വേട്ട മുതല്‍ സമകാലീന സംഭവങ്ങള്‍ വരെ ഈ സിനിമയുടെ തിരഭാഷയില്‍ പതിഞ്ഞുനില്‍ക്കുന്നു.

സിനിമയെ കലാപത്തിന്റെയും പ്രതിരോധത്തിന്റെയും മാര്‍ഗ്ഗമായി കണ്ടെടുക്കുന്ന ടി.വി.ചന്ദ്രന്‍ വ്യത്യസ്‌ത കാലങ്ങളിലും ദേശങ്ങളിലും ജീവിക്കുന്ന ഏഴു പെണ്‍കുട്ടികളിലൂടെയാണ്‌ കേരളീയ ജീവിതത്തിന്റെ ദുരന്തമുഖം അനാവരണം ചെയ്യുന്നത്‌. സ്‌ത്രീ ജീവിതം ചോദ്യചിഹ്നമാക്കി നിര്‍ത്തുന്ന പതിവു വഴക്കം `ഭൂമിമലയാള'ത്തിലും ടി.വി. ചന്ദ്രന്‍ തെറ്റിക്കുന്നില്ല. സൂസന്നമാരും മങ്കമ്മമാരും പിന്തുടര്‍ന്ന പാതയിലേക്ക്‌ ഒരുപറ്റം പെണ്‍കുട്ടികള്‍ വന്നുനിറയുകയാണ്‌ ഈ ചിത്രത്തില്‍. അവര്‍ ഓരോരുത്തരും നേരിടുന്ന പ്രതിസന്ധികള്‍ അടിസ്ഥാനപരമായി ഒന്നുതന്നെയാണ്‌. അധികാരത്തിന്റെയും പുരുഷന്റെയും ചൂഷണം. ഭൂമിമലയാളത്തിലെ നിര്‍മ്മലയും ആനിജോസഫും എല്ലാം സാഹചര്യത്തിന്റെ ഇരകളാണ്‌. മീനാക്ഷി, സതി, ജാനകി, ഫൗസിയ, ആനിജോസഫ്‌, ആന്‍സി വര്‍ക്കി, നിര്‍മ്മല എന്നിവര്‍ ഓരോ ദേശത്തിന്റെയും പ്രതിനിധികളാണ്‌. ഇവരുടെ മനസ്സുകള്‍ പങ്കുപറ്റുന്ന ഏകവികാരം ഭയമാണ്‌. അധികാരിവര്‍ഗ്ഗത്തിനെതിരെ പടയൊരുക്കം നടത്തിയ അനന്തന്‍ മാസ്റ്ററുടെ ഭാര്യ മീനാക്ഷി, അടിസ്ഥാനവര്‍ഗ്ഗത്തിന്റെ മോചനത്തിനായി ഇറങ്ങിപ്പുറപ്പെട്ട ഭര്‍ത്താവിന്റെ തിരിച്ചുവരവും കാത്തിരിക്കുന്ന ഗര്‍ഭിണിയാണ്‌. ഒറ്റപ്പെട്ടരാത്രിയുടെ ഉത്‌കണ്‌ഠയും ആധിയും വഹിക്കുന്ന മീനാക്ഷിക്ക്‌ ഭര്‍ത്താവ്‌ അനന്തന്‍ മാസ്റ്ററെ തിരിച്ചുകിട്ടുന്നില്ല. അധികാരിയുടെ നീതി നടപ്പാക്കിയ പോലീസിന്റെ വെടിയേറ്റ്‌ അനന്തന്‍ മാസ്റ്ററും തില്ലങ്കേരിയിലെ സഖാക്കളും മരണം വരിക്കുന്നു. കേരളചരിത്രത്തില്‍ കമ്മ്യൂണിസം നേരിട്ട വെല്ലുവിളികളില്‍ നിന്നും സ്‌ത്രീമനസ്സുകളും വിട്ടുനില്‍ക്കുന്നില്ല. തില്ലങ്കേരി സംഭവം ഉള്‍പ്പെടെ അധികാരിവര്‍ഗ്ഗത്തിന്റെ ചൂഷണത്തിനെതിരെ പടപൊരുതിയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ത്യാഗോജ്ജ്വലമുന്നേറ്റത്തില്‍ നിലംപതിക്കുന്നത്‌ പുരുഷന്മാര്‍ മാത്രമല്ല, മീനാക്ഷിമാരുമാണ്‌. അവരുടെ കാത്തിരിപ്പ്‌, ഉത്‌കണ്‌ഠയ്‌ക്ക്‌ ശമനമില്ല. വലിയൊരു സമരപാതയിലാണ്‌ സ്‌ത്രീജീവിതങ്ങളും.

1948-ല്‍ തില്ലങ്കേരിയില്‍ ഭൂവുടകളുടെ കിരാതവാഴ്‌ചയെ നേരിടാന്‍ തയ്യാറെടുക്കുന്ന തൊഴിലാളിവര്‍ഗ്ഗം. അവര്‍ക്ക്‌ മാര്‍ഗ്ഗം ദര്‍ശകനായി അനന്തന്‍ മാസ്റ്ററും. അധികാരികളുടെ കണ്ണിലെ കരടായി മാറിയ അനന്തന്‍ മാസ്റ്ററെയും സംഘത്തെയും വകവരുത്താന്‍ തന്ത്രങ്ങള്‍ മെനയുന്ന ജന്മിമാരും പോലീസ്സും. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനെ നാട്ടിലെങ്ങറും പ്രതിഷേധത്തിന്റെ ഇരമ്പം. `കോണ്‍ഗ്രസ്‌ ഭരണം മര്‍ദ്ദക ഭരണം..' കോണ്‍ഗ്രസ്സിനും നെഹ്‌റുവിനുമെതിരെ പ്രകടനം നടത്തിയ തൊഴിലാളികള്‍ക്കു നേരെ പോലീസ്‌ നിറയൊഴിച്ചു. മരിച്ചുവീണത്‌ അനന്തന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ നിരവധി സഖാക്കള്‍. മര്‍ദ്ദകര്‍ക്കെതിരെയുള്ള സമരത്തിന്‌ ഇറങ്ങിപ്പുറപ്പെട്ട ഭര്‍ത്താവിനെ കാത്തരിക്കുകയായിരുന്നു മീനാക്ഷി. അവള്‍ അനുഭവിക്കുന്ന വേവലാതി ഇന്നും തുടരുന്നു. തിരിച്ചുവരാത്തവര്‍ക്കായി വവിയിലേക്ക്‌ കണ്ണുംനട്ടിരിക്കാന്‍ വിധിക്കപ്പെട്ട സ്‌ത്രീജീവിതങ്ങളുടെ അകംനീറ്റലാണ്‌ സംവിധായകന്‍ വടക്കേമലബാറിലെ മീനാക്ഷിയിലൂടെ പറയുന്നത്‌. നിര്‍മ്മലയ്‌ക്ക്‌ നേര്‍ക്കാനുള്ളത്‌ തലശ്ശേരിയിലെ രാഷ്‌ട്രീയകലാപമാണ്‌. കണ്‍മുമ്പില്‍ വെട്ടിവീഴുത്തുന്ന യൗവ്വനങ്ങളുടെ ചോരപ്പാടുകള്‍. നിര്‍മ്മലയുടെ അനുജനും പകപോക്കലിന്റെ കുരുതിയില്‍ പിടഞ്ഞുമരിക്കുന്നു. ജന്മിക്ക്‌ പകരംമതഭ്രാമ്‌തും കാവിരാഷ്‌ട്രീയവുമാണ്‌ പുതിയകാലത്തിന്റെ കലാപം വിതയ്‌ക്കുന്നത്‌. എല്ലാം നേര്‍ക്കാനും എതിര്‍ക്കാനും വര്‍ഗ്ഗാവബോധത്തിന്റെ പ്രവര്‍ത്തകരും. അവര്‍ക്കു സംഭവിക്കുന്ന ഓരോ മുറിപ്പാടുകളും നീറ്റലായി എതിരേക്കേണ്ടിവരുന്ന നിര്‍മ്മലമാര്‍ സമകാലീന കേരളത്തിന്റെ ചിത്രത്തിലുണ്ട്‌.

മനുഷ്യസത്തയുടെ സനാതനമായ സ്ഥിരീകരണത്തിലേക്ക്‌ `ഭൂമിമലയാള'ത്തിന്റെ ഫ്രെയിമുകള്‍ നീണ്ടുചെല്ലുന്നു.കുടിയേറ്റ മേഖലയിലെ കര്‍ഷകജീവിതത്തിന്റെ പൊള്ളുന്ന മനസ്സാണ്‌ ആനിജോസഫിലൂടെ പ്രതിഫലിപ്പിക്കുന്നത്‌. ലോങ്‌ജംബ്‌ താരമായി ആനിജോസഫ്‌ ഹൈറേഞ്ചിലെ കടക്കെണിയുടെ ഇരയാണ്‌. സ്‌പോര്‍ട്‌സില്‍ തിളങ്ങിയ ആനിയുടെ ജീവിതം പണയപ്പെടലിന്റെ ഉപഭോഗസംസ്‌കാരത്തിലേക്ക്‌ പതിക്കുന്നു. സ്‌ത്രീയെ അവള്‍ അര്‍ഹിക്കുന്ന നിലയില്‍ പുലരാന്‍ അനുവദിക്കാത്ത വ്യവസ്ഥിതിക്ക്‌ നേരെ പ്രതികരിക്കുന്ന കഥാപാത്രങ്ങളാണ്‌ ആനിജോസഫും ഫൗസിയയും. ആനിക്ക്‌ ലോംങ്‌ജംബ്‌ താരമാകുക എന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടി വരുന്നു. സ്‌ത്രീ വെച്ചുവിളമ്പാനും കൂടെക്കിടക്കാനുമുള്ള ഉപകരണം മാത്രമായി കഴിയുന്ന ഭര്‍ത്താവിന്റെ വിളിപ്പുറത്ത്‌ ജീവിക്കേണ്ടി വരുന്ന ആനി ജോസഫ്‌ സ്വാതന്ത്ര്യത്തിലേക്കു കുതിക്കുന്നു. പക്ഷേ, അവളുടെ ചാട്ടം ഫലവത്താകുമോ എന്നൊരു ചോദ്യം `ഭൂമിമലയാള'ത്തിന്റെ തിരശ്ശീലയില്‍ വീണുകിടപ്പുണ്ട്‌. ചാനല്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന ഫൗസിയ നേരിടുന്നത്‌ തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നെ. ആക്‌ടിവിസ്റ്റായ ഫൗസിയ ചാനല്‍റിപ്പോര്‍ട്ട്‌ സാമൂഹ്യ ഇടപെടലിന്റെ ഇടക്കണ്ണിയായി കണ്ടെടുക്കുന്നു. നിര്‍മ്മലയുടെ ദുരിതവും കാമ്പസ്സുകളിലെ പ്രശ്‌നങ്ങളും ഇടവകകളിലെ അധികാരതര്‍ക്കങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യാനെത്തുന്ന ഫൗസിയയും ക്യാമറ കൈകാര്യം ചെയ്യുന്ന ഷര്‍മ്മിളയും സാഹസികരംഗങ്ങളെ നേര്‍ക്കുന്നുണ്ട്‌. ഫൗസിയയുടെ ജോലിക്ക്‌ മുഖ്യ തടസ്സമാകുന്നത്‌ ഭര്‍ത്തൃപിതാവാണ്‌. അയാള്‍ മുസ്‌ലിം പെണ്‍കുട്ടി ജോലി പോകുന്നത്‌ അംഗീകരിക്കാന്‍ കഴിയുന്നില്ല. പിതാവിന്റെ നിര്‍ദേശത്തിന്‌ അനുസരിക്കുന്നതിലാണ്‌ വിദേശത്ത്‌ ജോലിചെയ്യുന്ന ഫൗസിയയുടെ ഭര്‍ത്താവിനും കമ്പം. ഒടുവില്‍ ഭര്‍ത്താവില്‍ നിന്നും മോചിതയാവാനും ഫൗസിയ താല്‌പര്യം പ്രകടിപ്പിക്കുന്നു.

`ഭൂമിമലയാള'ത്തിന്റെ അകവഴിയില്‍ ഇനിയും വേരുറപ്പുള്ള സ്‌ത്രീ മുഖങ്ങളുണ്ട്‌. പട്ടാളക്കാരനായ കാമുകന്റെ മരണവാര്‍ത്ത എതിരേല്‍ക്കുന്ന സതി. പോലീസ്സുകാര്‍ ഓടിച്ച്‌ പുഴയിലേക്ക്‌ എടുത്തുചാടിയ, നീന്തലറിയാത്ത യുവാവിന്റെ മുങ്ങിമരണത്തിന്‌ കണ്‍നേര്‍ക്കുന്ന പെണ്‍കുട്ടി, ചേര്‍ത്തലയിലെ ജന്മി ജീവനോടെ ചെളിയിലേക്ക്‌ ചവുട്ടിത്താഴ്‌ത്തിയ പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത്‌ ഉല്‍കണ്‌ഠപ്പെടുന്ന ആന്‍സി വര്‍ക്കി. പുരുഷ ചൂഷണത്തോട്‌ കലഹിക്കുകയും പേടിയുടെ തടവറിയില്‍ എരിയുകയും ചെയ്യുകയാണ്‌ ആന്‍സി വര്‍ക്കി. അവള്‍ ഒരു ഘട്ടത്തില്‍ പിതാവിനെ ചോദ്യം ചെയ്യാനും മടിക്കുന്നില്ല. കാസര്‍കോട്‌ മുതല്‍ പാറശ്ശാല വരെയുള്ള പെണ്‍ലോകത്തെ പ്രതിനിധാനം ചെയ്യുന്ന ഇവര്‍ അഭിമുഖീകരിക്കുന്നത്‌ ലിംഗനീതി സംബന്ധിച്ചുള്ള ചോദ്യങ്ങളാണ്‌.

സാമ്പ്രദായിക മാമൂലുകളിലേക്കും പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കും സുതാര്യമായ രീതിയിലൂടെ ഇറങ്ങിനില്‍ക്കുന്ന സംവിധായകന്റെ ക്യാമറക്കാഴ്‌ച ഭൂമിമലയാളത്തിലുണ്ട്‌. കാസര്‍കോട്‌ ജില്ലയിലെ എന്‍ഡോസള്‍ഫൈന്‍ ദുരന്തം, കേരളത്തില്‍ നടന്ന കര്‍ഷക ആത്മഹത്യ, പുഴയില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന്‌ മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച സഹായധനം കൈപ്പറ്റാന്‍ സെക്രട്ടേറിയറ്റിലേക്ക്‌ തീരായാത്ര നടത്തുന്ന ഗോപിയാശാന്‍ (വേണു) തുടങ്ങി നിരവധി സന്ദര്‍ഭങ്ങളിലും സാമൂഹികാവസ്ഥയുടെ പ്രതിഫനം അടയാളപ്പെടുത്തുന്നു. ആറുപതിറ്റാണ്ടിന്റെ നേര്‍ക്കാഴ്‌ചയിലേക്ക്‌ വികസിക്കുന്ന ഭൂമിമലയാളത്തിന്റെ ദൃശ്യപഥം സമകാലിക മലയാളസിനിമയിലെ ക്വട്ടേഷന്‍ സംസ്‌കാരത്തിനുള്ള എതിര്‍രേഖയുമാണ്‌.

സ്‌ത്രീയുടെ അനുഭവലോകത്തിന്റെ തുറന്ന ഫ്രെയിമുകളാണ്‌ സിനിമയില്‍ ടി. വി. ചന്ദ്രന്‍ ഉപയോഗിച്ചിരിക്കുന്നത്‌. സ്‌ത്രീയുടെ വ്യക്തിത്വവും, സ്വാതന്ത്ര്യവും അസ്വസ്ഥജനകമായ മനസ്സും, ശരീരഭാഷയും പുരുഷനോട്ടങ്ങളും വിശകലനം ചെയ്യുന്ന സംവിധായകന്‍ മലയാളസിനിമ നിര്‍മ്മിക്കപ്പെട്ടുകഴിഞ്ഞ സ്‌ത്രീമുഖങ്ങളിലേക്കല്ല ക്യാമറ പിടിക്കുന്നത്‌. നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്‌ത്രീവ്യക്തിത്വങ്ങളിലേക്കാണ്‌. അഥവാ പുതിയ കാലത്തിന്റെ ഭാഗധേയം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന പെണ്‍മലയാളത്തിലൂടെയാണ്‌ യാത്ര ചെയ്യുന്നത്‌. ജാഗ്രതയോടൊപ്പം ഇടര്‍ച്ചകളും ഇഴചേര്‍ന്ന `ഭൂമിമലയാളം 'പ്രത്യശാസ്‌ത്ര സമീപനത്തിന്റെ ചിഹ്നസമന്വയമാണ്‌.

ആലീസിന്റെ അന്വേഷണം, മങ്കമ്മ, സൂസന്ന, പാഠം ഒന്ന്‌ ഒരു വിലാപം, ആടും കൂത്ത്‌, വിലാപങ്ങള്‍ക്കപ്പുറം തുടങ്ങിയ ചിത്രങ്ങളില്‍ സംവിധാകന്‍ വരച്ചുചേര്‍ത്ത സ്‌ത്രീജീവിതത്തില്‍ നിന്നും പുതിയ സിനിമയിലെത്തുമ്പോള്‍ ചുറ്റിക്കറങ്ങുന്ന ക്യാമറയും ദൃശ്യാംശത്തില്‍ കാത്തുസൂക്ഷിക്കുന്ന ജാഗ്രതയും ഭൂമിമലയാളത്തിലും പിന്തുടരുന്നു. ഭൂമിമലയാളത്തില്‍ കാര്യങ്ങള്‍ സുതാര്യതയില്‍ അവതരിപ്പിക്കാനുള്ള ചലച്ചിത്രകാരന്റെ വെമ്പല്‍ ശ്രദ്ധേയമാണ്‌. സ്‌ത്രീപക്ഷ ചിത്രമെന്ന ഖ്യാതിയല്ല, ഭൂമിമലയാളത്തിന്‍രെ മേന്മ. ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും മാറിമാറി നോക്കുന്ന പ്രവണതയില്‍ നിന്നും ചരിത്രം മാറുന്നില്ല എന്ന തിരിച്ചറിവിലേക്കുള്ള കുതിപ്പാണ്‌ ഈ സിനിമ. പുരുഷകാഴ്‌ചയില്‍ തളിര്‍ത്ത അധികാരഘടനയും അനീതിയുടെ സാക്ഷ്യപത്രങ്ങളും മനമുരുക്കത്തിന്റെ തിണര്‍പ്പുകളും പൊന്തന്‍മാട, ഡാനി, കഥാവശേഷന്‍ എന്നീ ചിത്രങ്ങളില്‍ ടി.വി.ചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്‌. സംവിധായകന്റെ പ്രത്യയശാസ്‌ത്ര നിലപാടുകളുടെ നീട്ടിയും കു#െരുക്കിയുമുള്ള സെല്ലുലോയിഡ്‌ ഭാഷ്യമാണ്‌ ഓര്‍മ്മകളുണ്ടായിരിക്കണം എന്ന സിനിമ. സമൂഹത്തിന്റെ അകക്കണ്ണിലേക്ക്‌ തീവ്രതയോടെ പതിക്കുന്ന ദൃശ്യരേഖയാണ്‌ ഭൂമിമലയാളം. അതിവര്‍ത്തനത്തിന്റെയും പ്രതിബോധത്തിന്റെയും തിളച്ചുമറിയലിന്റെയും മൗനംകൊള്ളലിന്റെയും സമീപകാല ചലച്ചിത്രമുദ്ര. ഇനിയും പുലരേണ്ട നീതിക്കായി പോടാടുന്ന പെണ്‍മയുടെ ഭീതിയുടെയും ചെറുത്തുനില്‌പിന്റെയും ദൃശ്യാവിഷ്‌കാരം. ഈ സിനിമ ആരുടെ കാഴ്‌ചയിലേക്കാണ്‌ കനല്‍ച്ചീലുകളെറിയുന്നത്‌? ചലച്ചിത്രകലയുടെ പുതിയ ദൗത്യ#ം ഉത്തരം നല്‌കലല്ല, ചോദ്യം ഉന്നയിക്കാനുള്ള സംവിധാകന്റെ കരളുറപ്പാണ്‌. ടി. വി. ചന്ദ്രന്റെ `ഭൂമിമലയാള'വും ഈ നിരയില്‍ നില്‌ക്കുന്നു.