ഓരോ കഥപറയുമ്പോഴും അവള്‍ പേരയ്‌ക്ക തിന്നുന്നതും ആ പരല്‍ക്കണ്ണുകള്‍ ചലിക്കുന്നതും അവന്‍ കണ്ടിരുന്നു. ഹോ! എന്തു ഭംഗിയാണതിന്.ഒരാള്‍ ഇത്ര ഭംഗിയായി തിന്നുന്നതുപോലും അവന്‍ ആദ്യമായി കാണുകയാണ്. അവന്റെ പപ്പപോലും ഭക്ഷണം കഴിക്കുന്നത് വലിയ ശബ്‌ദത്തിലാണ്.കഥകള്‍ ഉണ്ടാക്കുമ്പോള്‍ ഒരിക്കല്‍, ഒരിടത്ത്, പണ്ടൊരിക്കല്‍ തുടങ്ങിയ വാക്കുകള്‍ ലാസര്‍ ബോധപൂര്‍വ്വം ഒഴിവാക്കുമായിരുന്നു. അങ്ങനെ പറഞ്ഞാല്‍ കഥ ഉണ്ടാക്കിയതാണെന്നു അവള്‍ക്കു തോന്നിയാലോ എന്നായിരുന്നു ലാസറിന്റെ പേടി- വി. എച്ച്. നിഷാദിന്റെ പേരയ്‌ക്ക എന്ന നോവലിലെ ലാസറിന്റെ സംശയം. ഇങ്ങനെയൊരു സംശയം മലയാളത്തിലെ പുതുകവികള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ കാവ്യമാലിന്യങ്ങള്‍ കുറയുമായിരുന്നു.
കെ. ജി. ശങ്കരപ്പിള്ളയുടെ ഓണസമ്മാനമിങ്ങനെ: മഴ നനയാതിരിക്കാന്‍/ ഞാനെപ്പോഴും ശ്രദ്ധിക്കും/വെയിലേറ്റ് കറുക്കാതിരിക്കാനും/ പഴിയോ വിമര്‍ശനമോ പറഞ്ഞ്/ പ്രമുഖരെ ദുര്‍മുഖരാക്കാതിരിക്കാന്‍/ ഞാനെപ്പോഴും മനസ്സ്/ തിരിതാഴ്‌ത്തിവെക്കും-(എന്താ ഡോക്‌ടര്‍ എനിക്കിങ്ങനെ-മലയാളമനോരമ വാര്‍ഷികം). വര്‍ത്തമാനകാല മനുഷ്യന്റെ അകംപൊരുളാണ് കെ. ജി. എസ്. കുറിച്ചിട്ടത്. എഴുത്തുകാര്‍ക്കും മുഖംനോക്കാനുള്ള നല്ലൊരു കണ്ണാടി.
കുഞ്ഞപ്പ പട്ടാന്നൂര്‍ പനി എഴുതി: വളരുകയാണ്/ വിളിപ്പേരില്ലാത്ത/ വൈറസ്സിന്റെ പേരക്കുട്ടിയായ്/ വിനാശത്തിന്റെ/ പടവേറിയെത്തുമ്പോള്‍- (കലാകൗമുദി,ഓഗസ്‌റ്റ്‌്30). ഇനി പനി നോവലും കഥയും സിനിമയും കഥകളിയും കൂടി വന്നാല്‍ പന്നിപ്പനിപോലും ഭയന്ന് കേരളം വിടും. വായനക്കാര്‍ മാത്രമല്ല, ആരോഗ്യവകുപ്പും രക്ഷപ്പെടും.
കാനായി കുഞ്ഞിരാമന്‍ കവിത (കലാകൗമുദി) എന്ന പേരിലെഴുതിയ അക്ഷരക്കളിയില്‍ നിന്നും: കളിചിത്രമായി/ ചിത്രം മിത്രമായി/ മിത്രം ആത്മമിത്രം/ ഇതാ എന്റെ/ ആത്മസൃഷ്‌ടി, കലാസൃഷ്‌ടി-(കലിഭാഷ). ശില്‍പകലയില്‍ ഔന്നത്യമാര്‍ജ്ജിക്കുന്ന കലാകാരന്‍ കവിതയെഴുതി ഉയരംകുറയ്‌ക്കുന്നത് കാണുമ്പോള്‍ വായനക്കാരോടൊപ്പം ന്യൂസ്‌പ്രിന്റുകളും മനംപൊട്ടിച്ചിരിക്കുന്നു. കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും മികച്ച കവിതകളെഴുതി എന്നതൊഴിച്ചാല്‍ വലിയ പാതകം മലയാളഭാഷയോട് ചെയ്‌തിട്ടില്ല. പക്ഷേ, അവരുടെ പേര് സൂചിപ്പിച്ച് അന്‍ലര്‍ അലി തയ്യാറാക്കിയ ഹരജി കാണുക: കാതിലിരുന്നാ കൊച്ചേട്ടാ/ കണ്ണുകലങ്ങിക്കഴുവേറികള്‍/ ഒരു വണ്ടിക്കവികള്‍..(രാമകൃഷ്‌ണയ്യപ്പപ്പണിക്കം ഒരു ചാവുപാട്ട്, മനോരമ വാര്‍ഷികം). അന്‍വര്‍ അലി എഴുതി: ശ്ശെടാ.. ഇവിടെ മുഴുവന്‍/ വെള്ളമാണല്ലോ/ ചേട്ടാ, എന്റെ വീടൊന്ന് കാണിച്ച്/ തരാവോ... ചേട്ടാ/ ഇവിടെയായിരുന്നല്ലോ-( ഒരിച്ചരെ സ്വാതന്ത്ര്യം, മലയാളം ഓഗസ്‌റ്റ് 28).
പി. രാമന്‍ ഇപ്പോള്‍ തിരിച്ചുപോക്കിന്റെ ബദ്ധപ്പാടിലാണ് (മാതൃഭൂമി ആഴ്‌ചപ്പതിപ്പും ഭാഷാപോഷിണിയും പത്രാധിപ സാര്‍വ്വഭൗമരും കോപിക്കാതിരിക്കട്ടെ!). തെറിക്കെട്ടിടത്തില്‍ പി. രാമന്‍ എഴുതി: വര്‍ഷങ്ങള്‍ക്കു ശേഷം എന്റെയൊരു കത്ത്/ ഇന്നു നിനക്കു കിട്ടും/ വിളവെടുത്തു വിട്ട പടലോരം വാടുകയാവും/ എന്റെ കൈപ്പടയുടെ രൂപത്തില്‍-(മനോരമ വാര്‍ഷികം). എഴുത്തുകാരന്റെ കൈപ്പട മാത്രമല്ല, മലയാളഭാഷയും വാടാതിരക്കില്ല.
കവിത എന്ന പേരില്‍ അക്ഷരക്കൂട്ടങ്ങള്‍ക്കൊണ്ട് ഇങ്ങനെയും കളിക്കാം. വികടകാവ്യരൂപങ്ങളുടെ പകര്‍ച്ചപ്പനിതന്നെയാണ് കഴിഞ്ഞ ആഴ്‌ചയിലെ ആനുകാലികങ്ങളില്‍. ചില ഉദാഹരണങ്ങള്‍-ജനശക്തിയില്‍ (ഓഗസ്‌റ്റ്22) പ്രവീണ്‍ പുതുശ്ശേരി: ജീവിതം സമരമായ/ നാള്‍ മുതല്‍/ പതാക തേടിയാണ്/ നടത്തം-(പതാക). ദേശമംഗലം രാമകൃഷ്‌ണന്‍ ചിറകിലേക്കു നടക്കണം എന്ന രചനയില്‍ പറയുന്നതിങ്ങനെ: അവരുടെ കൂടെ ഞാന്‍ നടക്കും/ അവരെന്നെ കൊണ്ടുപോവാതെങ്ങാവോ/ കൊടും മഞ്ഞുകട്ടയായ് പൊട്ടിച്ചിതറുന്നുവോ/ എന്‍ മിത്രരോദനം-(മലയാളം, ഓഗസ്‌റ്റ്‌്28). ലത്തീഫ് പറമ്പില്‍ പഴയവീടിനെക്കുറിച്ച് എഴുതി: ഉപ്പയുടെ ഓര്‍മ്മകളില്‍/ അടയിരുന്ന്/ ഉമ്മ നാളുകളെണ്ണി./ ഉപ്പപോയ വഴിയേ/ ഇപ്പോള്‍ ഉമ്മയും/യാത്രയായി-( വാരാദ്യമാധ്യമം,ഓഗസ്‌റ്റ്23). ഉപ്പ നിര്‍മ്മിച്ച വീട് ഗള്‍ഫുകാരന്‍ ജ്യേഷ്‌ഠന്‍ പൊളിച്ചുപണിയുന്ന ചിത്രമാണ് ലത്തീഫ് വരച്ചത്.
ആദിശങ്കരന്‍ എഴുതിയ പ്രബന്ധത്തില്‍ നിന്നും: അപ്പോള്‍ ദൈവം അവര്‍ക്കു വേണ്ടി ടി. വി കണ്ടുപിടിച്ചു.-(ദൈവം ആനിമേഷന്‍ പഠിച്ചകാലത്ത്). ശ്രീകുമാര്‍ കരിയാട്: പാഠങ്ങളൊക്കെ മറന്നേക്കൂ/ പാടക്കതിരും കളഞ്ഞേക്കൂ/ കോരിച്ചൊരിയും മഴവന്നു കൂടുവാന്‍/ കാമിച്ചനൃത്തം തടര്‍ന്നോളൂ-(പച്ചക്കുതിര, ഓഗസ്റ്റ്). വിജിലേഷ് ചെറുവണ്ണൂര്‍: പുഴ മുറിഞ്ഞ/ ആഴത്തില്‍ നാമിന്ന്/ തിരിച്ചെത്താത്തതിരയില്‍/കണ്ണുംനട്ട്-(യുവധാര, ഓഗസ്റ്റ്). ഗിരിജ പി. പാതേക്കര: ഞാനിപ്പോള്‍ പിറന്നതേയുള്ളൂ/ പറഞ്ഞു തുടങ്ങുന്നതേയുള്ളൂ/ നടന്നു പഠിക്കുന്നതേയുള്ളൂ/ ഇനി! ഊഴം എന്റെതാണ്-( ഭാഷാപോഷിണി). ഈ വക രചനകള്‍ വഹിച്ച് മലയാളകവിതയുടെ നടുവൊടിഞ്ഞുകൊണ്ടിരിക്കുന്നു. പൊള്ളയായ രചനകള്‍ തൂത്തുവാരാന്‍ എഴുത്തിന്റെ ഒരു കൊടുങ്കാറ്റാണ് വായനക്കാര്‍ കാത്തിരിക്കുന്നത്.
വാക്കളിയുടെ (പ്രയോഗം കുഞ്ഞുണ്ണി മാഷ്) വേട്ടയാടലില്‍ നിന്നും വായനക്കാരുടെ രക്ഷക്ക് സുഗതകുമാരിയുടെ ഒരു കാവ്യസ്‌പര്‍ശം: കണ്‍നിറയുകയാലോ പെട്ടെന്നു പൊന്നോണത്തിന്‍/ മഞ്ഞവെയില്‍ മുഷിയുന്നു മങ്ങുന്നു പിന്‍വാങ്ങുന്നു- (ഇന്ന് മാസിക, ഓഗസ്റ്റ്). കാവ്യരൂപത്തിലുള്ള ചവറുകള്‍ നിറഞ്ഞ് ഓണനിറവുപോലും വറ്റിപ്പോകുന്ന കാലത്തിന്റെ ചിത്രം.
ബ്ലോഗ്‌കവിത
പുതുകവിതാബ്ലോഗില്‍ നിന്നും ഒരു കാവ്യരൂപം: പറയൂ/ ഏതാണു വിശുദ്ധ ജീവിതം/ ഒരേ നേര്‍രേഖയില്‍ ജീവിച്ചു/ പൊഴിഞ്ഞ ഇലകളോ/പലതായി പടര്‍ന്ന്/ ഇരുട്ടിലേക്കാഴ്‌ന്ന വേരുകളോ- (അനൂപ് ചന്ദ്രന്‍- മരിച്ചവരുടെ പരേഡ്.ഓഗസ്‌റ്റ്17).
ബൂലോകകവിതാ ബ്ലോഗില്‍ പി. എ. അനീഷ്: സ്വന്തമല്ലൊരു വീടു/മെന്നറിഞ്ഞാല്‍പ്പിന്നെ/യെന്തിനു വിഷമിക്കണം-(പ്രായമാകുന്നവരുടെശ്രദ്ധയ്‌ക്ക്).
ചിന്തയിലെ തര്‍ജ്ജനിയില്‍ നിന്നും: എതിര്‍പ്പിന്റെ ഇരമ്പം മാത്രം/ ചോരയില്‍ നങ്കൂരമിട്ട്/ നമ്മുടേതായിട്ടു ശേഷിക്കും/ എന്തിനുനേരെയും/ തിളച്ചു തൂകാവുന്ന ഒന്നായി- (ഡി. യേശുദാസ്-രണ്ടുകവിതകള്‍,ബാക്കി). ആശയം വിസ്‌മരിച്ച് അക്ഷരഭ്രമത്തില്‍ കൂപ്പുകുത്തുകയാണ് മിക്ക ബ്ലോഗെഴുത്തുകാരും. വാക്കിന്റെ ഉചിതമായ പ്രയോഗം കവിതയില്‍ പ്രധാനമാണ്. ബ്ലോഗെഴുത്തുകാരില്‍ മിക്കവരും ഇക്കാര്യം തിരിച്ചറിയുന്നില്ല.