Friday, July 15, 2011

അശാന്തമായ മനസ്സുകളിലാണ്‌ എന്റെ കണ്ണുകള്‍


പ്രകൃതിക്കും വ്യക്തികള്‍ക്കും രൂപാന്തരപ്രാപ്‌തികളിലൂടെ നന്മയുടെ മണവും മധുരവും നല്‍കുന്ന മാജിക്കാണ്‌ പെരുമ്പടവം ശ്രീധരന്റെ രചനകള്‍. മലയാളകഥയുടെയും നോവലിന്റെയും വര്‍ത്തമാനകാലത്തും പെരുമ്പടവം എന്ന എഴുത്തുകാരന്‍ ഒറ്റയാനായി,പിന്നെയും പിന്നെയും പൂക്കുന്ന മരമായി അക്ഷരങ്ങളുടെ ഒളിയിടങ്ങളെ പ്രക്ഷുബ്‌ധമാക്കി നിര്‍ത്തുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും പ്രശസ്‌ത എഴുത്തുകാനുമായ പെരുമ്പടവം ശ്രീധരനുമായി നടത്തിയ അഭിമുഖം.

`എഴുതാന്‍ പോകുന്ന ചൂതാട്ടക്കാരന്റെ കഥയ്‌ക്ക്‌ ഒരു തുടക്കം കണ്ടുപിടിക്കാന്‍ അര്‍ദ്ധരാത്രിവരെ എഴുത്തുമേശയ്‌ക്കരികില്‍ ദസ്‌തേവ്‌സ്‌കി ഉറക്കമിളച്ചു. ഏതാണ്ടൊരു ധ്യാനംപോലെയായിരുന്നു അത്‌. പ്രക്ഷുബ്‌ധമായ മനസ്സ്‌ ഏകാന്തമായ ഒരു നിമിഷം പ്രാര്‍ത്ഥിക്കുന്നു. ആ നിമിഷത്തില്‍ നിന്നു വേണം തുടങ്ങാന്‍.ഒരു ചൂതാട്ടക്കാരന്റെ കഥയെന്നു പറയുമ്പോള്‍ എന്താണുദ്ദേശിക്കുന്നത്‌? ജീവിതത്തിന്റെ ആകസ്‌മികതകളെ നേരിടുന്ന ഒരാളിന്റെ മനസ്സ്‌ തന്റെ ദൈന്യം നിറഞ്ഞ അവസ്ഥയില്‍ ഒരു മനുഷ്യന്‌ പിണയുന്ന അബദ്ധങ്ങള്‍, അവനു സംഭവിക്കുന്ന തോല്‍വികള്‍, അവന്‍ സഹിക്കുന്ന അപമാനങ്ങള്‍, അവന്റെ സ്വപ്‌നങ്ങള്‍, നിരാശകള്‍, ദു:ഖങ്ങള്‍ അതിന്റെ കൂടെ ലാഭനഷ്‌ടങ്ങളുടെ വിധി തുലാസില്‍ തൂങ്ങുന്ന നിമിഷങ്ങളുടെ വിക്ഷുബ്‌ധതയും ലഹരിയും പിരിമുറുക്കവും! ഉല്‍ക്കടമായ പ്രേമത്തിന്റെ വികാരമൂര്‍ച്ഛപോലെ എന്തോ ഒന്ന്‌ ചൂതുകളിയിലുണ്ട്‌.
അല്ലെങ്കില്‍ വിധിയുമായുള്ള ഒരു കൂടിക്കാഴ്‌ചയായിട്ടും അതിനെ കണക്കാക്കിയാലെന്ത്‌?
ജീവിതം കൊണ്ട്‌ ഒരാള്‍ ചൂതുകളിക്കുന്നു.'-(ഒരു സങ്കീര്‍ത്തനം പോലെ).

?അശാന്തമായ അലഞ്ഞു തിരിച്ചലുകള്‍, ആത്മീയാന്വേഷണങ്ങള്‍. ഇപ്പോള്‍ ഗൃഹസ്ഥാശ്രമം. സത്യത്തില്‍ എവിടെയാണ്‌ എഴുത്തുകാരന്‍ സ്വസ്ഥനായിരിക്കുന്നത്‌.
എഴുത്തുകാരന്‍ ഒരിടത്തും സ്വസ്ഥനായിരിക്കുന്നില്ല. എനിക്ക്‌ തോന്നുന്നത്‌. ഉറങ്ങുമ്പോഴും അയാളുടെ മനസ്സ്‌ അജ്ഞാതമായ ദേശങ്ങളിലും അജ്ഞാതമായ കാലങ്ങളിലും സഞ്ചരിക്കുകയാണ്‌. ഉണര്‍ന്നിരിക്കുമ്പോള്‍ ആ അനുഭവങ്ങളില്‍ അയാള്‍ ചെന്നെത്തുന്നു. മുമ്പെങ്ങോ കണ്ട ഒരു സ്വപ്‌നത്തിലേക്ക്‌ എന്നപോലെ.
എന്റെ ജീവിതം നീളെ അലച്ചിലായിരുന്നു. എന്റെ ജീവിതം അന്വേഷിച്ച്‌, എന്നെ അന്വേഷിച്ച്‌, ഇതൊരു അത്യന്താധുനിക കഥാപാത്രത്തിന്റെ മൊഴിയല്ല. നഗ്നപാദനായി മുള്ളുകളിലൂടെ, തീക്കനലുകളിലൂടെ, കണ്ണീരിലൂടെ സഞ്ചരിച്ച ഒരു പാവം മനുഷ്യാത്മാവിന്റെ അനുഭവമാണ്‌.
?പാഠശാലകളില്‍ നിന്നും നമ്മുടെ വിദ്യാഭ്യാസ സങ്കല്‍പങ്ങള്‍ മാറുന്നു. മാനവികലോകത്തെ ആരോ അടിച്ചുപുറത്താക്കിക്കൊണ്ടിരിക്കുന്നുണ്ട്‌. എല്ലാവരും സാങ്കേതിക വിദ്യാഭ്യാസത്തിനു പിറകെ മാത്രം മക്കളെ അയക്കുന്നു. ഏതു ലോകത്തെ ഇതു സൃഷ്‌ടിക്കുമെന്നാണ്‌ എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ക്കു തോന്നുന്നത്‌.
മാനവികത നഷ്‌ടപ്പെട്ട ഒരു കാലത്തിന്റെ ഊഷരതകളില്‍ നമ്മുടെ പുതിയ തലമുറ ചെന്നെത്തുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു. അവിടെ പച്ചപ്പുകളില്ല, നനവില്ല, ആര്‍ദ്രതയില്ല, മനുഷ്യബന്ധങ്ങള്‍ നിര്‍ത്ഥകമായിത്തീരുന്നു. ലാഭനഷ്‌ടങ്ങളുടെ കണക്ക്‌ മാത്രമേ അവിടെയുള്ളൂ.ഏറ്റവും കൂടുതല്‍ മാസ ശമ്പളം കിട്ടുന്നവന്‍ മിടുക്കന്‍ എന്ന നിലയിലേക്ക്‌ എത്തുന്നു നമ്മുടെ സാമൂഹിക വീക്ഷണം. പുതിയ സാങ്കേതികവിദ്യകള്‍ വേണ്ടെന്നല്ല. അതുവേണം. പക്ഷേ, ഇതെല്ലാം മനുഷ്യനു വേണ്ടിയുള്ളതാണെന്നും മാനുഷികതയ്‌ക്കു വേണ്ടിയുള്ളതാണെന്നും മറന്നുപോകരുത്‌. മറ്റുള്ളവരെ കുറിച്ച്‌ ആര്‍ദ്രതയോടെ ചിന്തിക്കാനല്ലെങ്കില്‍ ഏത്‌ വിദ്യാഭ്യാസവും പാഴാണ്‌. സാങ്കേതികത മിക്കപ്പോഴും യന്ത്രങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒടുവില്‍ നോക്കുമ്പോള്‍ ഹൃദയമിരുന്ന സ്ഥാനത്ത്‌ ഒരു യന്ത്രമിരിക്കുന്നു. അപ്പോള്‍ മാനവികത നഷ്‌ടപ്പെട്ടുപോവുകയാണ്‌ചെയ്യുക. നമ്മള്‍ യന്ത്രമനുഷ്യരുടെ ഒരു കാലത്തേക്കാണോ നടന്നടുക്കുന്നത്‌. മനുഷ്യബന്ധങ്ങളുടെ പവിത്രതയെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കാത്ത വിദ്യാഭ്യാസം വ്യര്‍ത്ഥമാണ്‌. അത്‌ ശാപഗ്രസ്‌തവുമാണ്‌.
?പുതിയകാലത്തിനും മൂല്യങ്ങള്‍ക്കും മുന്നില്‍ പരുങ്ങിയപ്പോകുന്ന ഏതെങ്കിലും സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നുണ്ടോ.
മൂല്യങ്ങള്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്തിന്റെ വക്കിലാണ്‌ നമ്മള്‍ ചെന്നെത്തിയിരിക്കുന്നത്‌. മൂല്യങ്ങളെക്കുറിച്ച്‌ രാപകല്‍ പ്രസംഗിക്കുകയും സകല മൂല്യങ്ങളും ചവുട്ടിമെതിക്കുകയും ചെയ്യുന്നവരുടെ കാലമാണിത്‌. ആസുരമായ ശക്തികള്‍ വഴിയെ കാത്തുനില്‍ക്കുന്നു. കൂട്ടിക്കൊണ്ടുപോവാന്‍. കൂടെ ചെന്നില്ലെങ്കില്‍ ഇല്ലായ്‌മ ചെയ്യാനും. ആപല്‍ക്കരമായ കാലമാണിത്‌. ആര്‍ക്കാണ്‌ സുരക്ഷിതത്വമുള്ളത്‌? എവിടെയാണ്‌ സുരക്ഷിതത്വമുള്ളത്‌. നോക്കുമ്പോള്‍ കാണുന്നത്‌ മൂല്യങ്ങളൊക്കെയും തകര്‍ന്നടിഞ്ഞ കാലത്തിന്റെ തരിശല്ലെ. മറ്റുള്ളവരുടെ സങ്കടങ്ങളെക്കുറിച്ച്‌ ഓര്‍ക്കാനുള്ള മനസ്സ്‌ നമുക്ക്‌ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ സങ്കടങ്ങള്‍ പങ്കുവെക്കാന്‍ നമ്മള്‍ വിമനസ്‌കരായിരിക്കുന്നു.
ഭൂമിയില്‍ എവിടെയയൊക്കെയോ അപൂര്‍വ്വം ചിലര്‍ ശുദ്ധാത്മാക്കള്‍ ഇപ്പോഴുമുണ്ട്‌. ഇല്ലെങ്കില്‍ ഈ ഭൂമി അതിന്റെ അച്യുതണ്ടില്‍ നിന്ന്‌ തെറിച്ചുപോയേക്കുമോ എന്നാണ്‌ ഞാന്‍ പേടിക്കുന്നത്‌. നമ്മുടെ നാടിന്‌്‌ എന്തുകൊണ്ട്‌ ഇങ്ങനെ സംഭവിച്ചു.
?സമൂഹത്തില്‍ നിന്നും പുറംതിരിഞ്ഞ്‌ അന്തര്‍മുഖനായ മനുഷ്യന്റെ വേവലാതികള്‍ പേറുന്നവരാണ്‌ താങ്കളുടെ ഒട്ടുമിക്ക കഥാപാത്രങ്ങളും. അഭയം എന്ന നോവലില്‍ നിന്നും തുടങ്ങി ഒരു സങ്കീര്‍ത്തനംപോലെ എന്ന കൃതിയിലെത്തുമ്പോള്‍ ഇത്‌ കൂടുതല്‍ പ്രകടമാകുന്നു. ഇങ്ങനെയൊരു സ്ഥായീഭാവം സൂക്ഷിക്കുന്നതെന്താണ്‌.
അങ്ങനെയുള്ളൊരു കാലത്താണ്‌, ലോകത്താണ്‌ നമ്മള്‍ ജീവിക്കുന്നത്‌. ഈ അവസ്ഥകളില്‍ നിന്നും ആരും രക്ഷപ്പെടുന്നില്ല. ഇങ്ങനെയൊരു കാലഘട്ടത്തില്‍ അകപ്പെട്ട നിസ്സഹായനായ മനുഷ്യന്റെ ആധികള്‍ അങ്ങനെയൊക്കെയാണ്‌ എന്നാണ്‌ എനിക്കു തോന്നുന്നത്‌. അതായത്‌ ക്ഷുദ്രമായ മനസ്സുകൊണ്ട്‌ നടക്കുന്നവരൊഴികെ.
?താങ്കളുടെ പ്രശസ്‌തമായ പല നോവലുകളും പ്രശസ്‌തരുടെ ജീവിതമാണ്‌ അടിസ്ഥാനമാക്കിയത്‌. ഒരു സങ്കീര്‍ത്തനത്തില്‍ ദസ്‌തേവ്‌സ്‌കി, നാരായണീയത്തില്‍ ഗുരു, ഒരു കീറ്‌ ആകാശം തുടങ്ങിയവ.
ജീവിതത്തിന്റെ മഹാസങ്കടങ്ങള്‍ അനുഭവിക്കുന്നത്‌ അവരൊക്കെയാണ്‌. അതുകൊണ്ടാണ്‌ ഞാന്‍ അവരെ കഥാപാത്രങ്ങളാക്കിയത്‌. മനുഷ്യസങ്കടങ്ങളുടെ ഉള്‍വനങ്ങളിലൂടെ സഞ്ചരിക്കുവാന്‍ അത്തരം ആധികള്‍കൊണ്ട്‌്‌ ജീവിതത്തെ പൊള്ളിച്ചവരുടെ കൂടെ നടക്കുകയായിരുന്നു ഞാന്‍.
?പന്ത്രണ്ടിലധികം സിനിമകള്‍ക്ക്‌ തിരക്കഥയെഴുതിയിട്ടുണ്ട്‌. സിനിമയും സാഹിത്യവും തമ്മിലുള്ള വ്യത്യാസമെന്താണ്‌.
സാഹിത്യവും സിനിമയും വ്യത്യസ്‌തമായ രണ്ട്‌ കലാരൂപങ്ങളാണ്‌. അതിന്റെ ഭാഷയും വേവ്വേറെ. പക്ഷേ, സിനിമയിലും സാഹിത്യത്തിലും കൈകാര്യം ചെയ്യപ്പെടുന്നത്‌ മനുഷ്യനും ജീവിതവുമാണ്‌. മനുഷ്യസങ്കടങ്ങളിലൂടെയുള്ള ആത്മസഞ്ചാരമാണ്‌ രണ്ടും. പക്ഷേ, അതിന്റെ ഭാഷകള്‍ വേറെ. ആവിഷ്‌ക്കാരം വേറെ. കലാസൃഷ്‌ടികള്‍ എന്ന നിലയില്‍ ഇത്‌ ആസ്വാദകന്റെ മനസ്സിനെ ഉലയ്‌ക്കുകയോ, പ്രക്ഷുബ്‌ധമാക്കി തീര്‍ക്കുകയോ ചെയ്യുമ്പോള്‍ ആ കലാരൂപങ്ങള്‍ക്കിടയിലുള്ള വ്യത്യാസം നമ്മള്‍ മറന്നുപോവുന്നു. മഹത്തായ ഒരു കാവ്യം സിനിമപോലെ അവിസ്‌മരണീയമായ അനുഭവമായി മാറും. മഹത്തായ സിനിമ ഒരു സാഹിത്യകൃതിപോലെ അനശ്വരതയെ സ്‌പര്‍ശിക്കുകയും ചെയ്യുന്നു.
? അക്കാദമിയെ എങ്ങോട്ടു നയിക്കാനാണ്‌ ആഗ്രഹിക്കുന്നത്‌.
അക്കാദമിയിലേക്ക്‌ പോകുമ്പോള്‍ ഞാന്‍ എന്നെ വീട്ടില്‍ വെച്ചിട്ടാണ്‌ പോകുന്നത്‌. അക്കാദമിയിലെ മറ്റ്‌ സഹപ്രവര്‍ത്തകരോടും, അഭ്യുദയകാംക്ഷികളോടും, ഗുരുജനങ്ങളോടും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചോദിച്ച്‌, അവരുടെയെല്ലാം സഹകരണത്തോടും പങ്കാളിത്തത്തോടും കൂടി എന്തെങ്കിലും ചെയ്യണം. ഭാഷയ്‌ക്കും സാഹിത്യത്തിനും സാഹിത്യകാരന്മാര്‍ക്കും പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. ആശയങ്ങള്‍ വരട്ടെ, അഭിപ്രായങ്ങളും വരട്ടെ. എല്ലാം സന്തോഷപൂര്‍വ്വം സ്വീകരിക്കും.
? താങ്കളുടെ പുതിയ വായന, എഴുത്ത്‌.
ഞാന്‍ ജീവിതത്തില്‍ എന്തെങ്കിലും നിരന്തരമായി ചെയ്യുന്നുണ്ടെങ്കില്‍ അത്‌ വായനയാണ്‌. കൈയില്‍ കിട്ടുന്നത്‌ എന്തും വായിക്കുന്ന സ്വാഭാവമാണ്‌. തിരഞ്ഞെടുപ്പൊക്കെ വായിച്ചു കഴിഞ്ഞിട്ടാണ്‌. വായിച്ചതില്‍ എന്തുണ്ടെന്ന്‌ നോക്കി. പിന്നെ ഏഴെട്ടു വര്‍ഷം മുമ്പ്‌ എഴുതിയവച്ച ഒരു നോവലുണ്ട്‌. `അവനി വാഴ്‌വ്‌ കിനാവ്‌' എന്നാണ്‌ പേര്‌. അതൊന്നു മിനുക്കിയെടുക്കണം. ഇപ്പോള്‍ മനസ്സു മുഴുവന്‍ അതിനകത്താണ്‌. 17-7-2011 ചന്ദ്രിക വാരാന്തപ്പതിപ്പ്‌

No comments: