മലയാളിക്ക് എക്കാലവും നെഞ്ചേറ്റിലാളിക്കാന്‍ ഒരുപിടി ഗാനങ്ങള്‍ സമ്മാനിച്ചിട്ടാണ് എം. ജി. രാധാകൃഷ്ണന് വിടപറഞ്ഞത്. വ്യക്തിമുദ്രയുള്ള ചലച്ചിത്ര സംഗീതത്തിന്റെ കരുത്തുറ്റ കണ്ണിയായിരുന്നു എം. ജി. രാധാകൃഷ്ണന്. `തമ്പ്' (1978)എന്ന ചിത്രത്തില്‍ നിന്നാരംഭിച്ച് `അനന്തഭ്രദ്ര'ത്തില്‍ (2005) അവസാനിച്ച ആ സംഗീതയാത്ര മലയാള സംഗീതചരിത്രത്തിന്റെ സുവര്‍ണ്ണരേഖകള്‍കൂടിയാണ്. ലളിതഗാനങ്ങള്‍, ശാസ്ത്രീയസംഗീതം, നാല്പതിലധികം ചലച്ചിത്രങ്ങളുടെ സംഗീതസംവിധാനം എന്നിങ്ങനെ വിവിധതലത്തില്‍ രാധാകൃഷ്ണന്റെ സംഗീതയാത്ര ശ്രോതാക്കളുടെ ആത്മാവില്‍ തൊട്ടുനില്‍ക്കുന്നതാണ്.
കര്‍ണ്ണാടക സംഗീതത്തിന്റെ രാഗഭാവങ്ങളും ലളിതസംഗീതത്തിന്റെ ലാവണ്യവും ഇഴചേര്‍ത്തു രാധാകൃഷ്ണന്. കേരളീയ സംഗീതപരിസരവും നാടോടിത്തവും വാഴ്ത്താരികളുടെ താളവും എം. ജി.യുടെ ഗാനങ്ങളുടെ സവിശേഷതയാണ്. ലളിതഗാനത്തില്‍ തുടങ്ങിയതാണ് എം. ജി. ശൈലിയുടെ വേറിട്ടുനില്‍പ്പ്. ഘനശ്യാമ സന്ധ്യാഹൃദയവും(യേശുദാസ്), ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും(സുജാത), ജയദേവ കവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കാമയോ (ജയചന്ദ്രന്) എന്നിങ്ങനെ എം. ജി. യുടെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞ ലളിതസംഗീതലോകം ആസ്വാദക മനസ്സുകളില്‍ പതിഞ്ഞുനിന്നു. രാധാകൃഷ്ണനും കാവാലം നാരായണപണിക്കരുമായുള്ള കൂട്ടുകെട്ട് മലയാളത്തിന് നല്‍കിയത് മനോഹരമായ നിരവധി ഗാനങ്ങളാണ്.
കേരളത്തിലെ സ്കൂള്‍വേദികളില്‍ ഒരു കാലഘട്ടത്തില്‍ മുഴങ്ങി നിന്നത് എം. ജി.യുടെ ലളിതഗാനങ്ങളായിരുന്നു. ചലച്ചിത്രഗാനത്തിന്റെ മാസ്മരികത ലളിതസംഗീതത്തിന്റെ ഹൃദ്യതകൊണ്ട് അതിവര്ത്തിച്ച എം. ജി. ലളിതസംഗീതവും ഗാനാലാപനവും കൂടെ നടത്തിച്ചാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്.രവീന്ദ്രന് മാഷിന്റെയും ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും ബാബുരാജിന്റെയും കെ. രാഘവന് മാസ്റ്ററുടെയുമൊക്കെ സവിശേഷ പരിലാളനയേറ്റ മലയാള ചലച്ചിത്രസംഗീതം അതിന്റെ ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴാണ് തമ്പ് എന്ന ചിത്രത്തിലൂടെ വേറിട്ട ഈണവുമായി എം. ജി. രംഗപ്രവേശം നടത്തിയത്. തനിക്കു മുമ്പേ ഉന്നതിയില്‍ നില്ക്കുന്നവര് സൃഷ്ടിച്ചെടുത്ത അടിത്തറയില്‍ നിന്നുകൊണ്ടുതന്നെ സ്വതന്ത്രമായ പുതിയൊരു ശൈലി രൂപപ്പെടുത്താന്‍ എം. ജി. രാധാകൃഷ്ണന് സാധിച്ചതോടെ മലയാളസിനിമാ സംഗീതത്തില്‍ പുതിയൊരു ഭാവമാറ്റം പ്രതിഫലിച്ചു. രാധാകൃഷ്ണന്റെ ഈണങ്ങള്‍ ശ്രോതാവിന്റെ മനസ്സിലേക്ക് എത്ര ഹൃദ്യവും മൃദുലവുമായാണ് ഒഴുകിയെത്തുന്നത്.
ശാസ്ത്രീയ സംഗീതത്തിന്റെയും നാടന്‍പാട്ടിന്റെയും അഗാധതയില്‍ നിന്നും ഉയിര്‍ക്കൊള്ളുന്നവയാണ് എം. ജി. യുടെ മിക്ക ഗാനങ്ങളും. എങ്കിലും അവ എല്ലാതരത്തിലുമുള്ള ആസ്വാദകരെ തൃപ്തിപ്പെടുത്തുന്നവയാണ്. നേര്‍ത്തനൊമ്പരങ്ങളെയും വിഷാദങ്ങളെയും പുണരുന്ന മധുരമനോഹരമായ ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി. കവിതയുടെ കല്‍പ്പനാചിമിഴുകളെ താലോലിച്ചുണര്‍ത്തിയെടുക്കുകയായിരുന്നു സാഹിത്യപ്രണയി കൂടിയായ എം.ജി. രാധാകൃഷ്ണന്. `തകര'യിലെ മൗനമേ നിറയും മൗനമേ എന്ന ഗാനത്തോടെ രാധാകൃഷ്ണന്റെ സംഗീതം വേറിട്ടൊരു വിതാനത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുകയായിരുന്നു.
പിന്നീട് എത്രയോ ഗാനങ്ങള്‍ രാധാകൃഷ്ണന് ഹൃദ്യമാക്കി. നാഥാ നീ വരും കാലൊച്ച..(ചാമരം), ഒരു ദളം മാത്രം (ജാലകം), ശലഭം വഴിമാറുമാ (അച്ഛനെയാണെനിക്കിഷ്ടം), കാറ്റേ നീ വീശരുതിപ്പോള്‍... (കാറ്റുവന്നു വിളിച്ചപ്പോള്‍), ഓ... മൃദുലേ... (ഞാന്‍ ഏകനാണ്), പൂമുഖ വാതില്ക്കല്... (രാക്കുയിലിന്‍ രാഗസദസ്സില്‍), നിലാവിന്റെ നീലഭസ്മക്കുറി (അഗ്നിദേവന്), തിരനുരയും (അനന്തഭദ്രം), അമ്പപ്പുഴ ഉണ്ണിക്കണ്ണനോട് (അദൈ്വതം), പ്രണയവസന്തം തളിരണിയും (ഞാന്‍ ഏകനാണ്) തുടങ്ങി രാധാകൃഷ്ണന് സംഗീതം പകര്‍ന്ന ഗാനങ്ങള്‍ സംഗീതത്തിന്റെ തള്ളിക്കയറ്റം കൊണ്ടോ, ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ ആധിക്യത്താലോ വികൃതമല്ല. കവിതയ്ക്ക് അനുയോജ്യമായ ഈണം കണ്ടെടുക്കുന്നതിലായിരുന്നു അദ്ദേഹം സൂക്ഷ്മത പുലര്‍ത്തിയത്.എം. ജി. രാധാകൃഷ്ണന് എന്ന സംഗീതജ്ഞന് വഴിത്തിരിവായത് ഫാസിലിന്റെ മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്കു വേണ്ടി അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ്. പഴംതമിഴ് പാട്ടിഴയും..., ഒരു മുറയെ... വരുവാനില്ലാരുമീ തുടങ്ങിയവ എത്ര കേട്ടാലും ആസ്വാദകര്‍ക്ക് ഇപ്പോഴും മതിവരില്ല. വരുവാനില്ലാരുമീ എന്ന ഗാനം വിഷാദാര്‍ദ്ര ഈണത്തിന്റെ പാരമ്യമാണെന്ന് ശ്രോതാക്കള്‍ തിരിച്ചറിഞ്ഞു. പിന്നീട് ആ നിരയില്‍ നിരവധി ഗാനങ്ങള്‍ പിറന്നെങ്കിലും മണിച്ചിത്രത്താഴിലെ ഈ ഗാനത്തെ മറികടക്കാന്‍ അവയ്ക്കൊന്നും സാധിച്ചില്ല.
തമ്പിലെയും കുമ്മാട്ടിയിലെയും പാട്ടുകള്‍ അരവിന്ദന് എന്ന സംവിധായകന്റെ മനസ്സറിഞ്ഞ് രൂപപ്പെടുത്താന്‍ എം. ജി. ക്ക് കഴിഞ്ഞു. കാവാലത്തിന്റെ വരികള്‍ക്ക് തികച്ചും വ്യത്യസ്തമായ ഈണം ചേര്‍ക്കുന്നതില്‍ രാധാകൃഷ്ണന് പുലര്‍ത്തിയ നിഷ്ഠയെപ്പറ്റി കാവാലം ഒരിടത്ത് സൂചിപ്പിച്ചതിങ്ങനെ: ഘനശ്യാമസന്ധ്യാ ഹൃദയം നിറയെ മുഴങ്ങി, മഴവില്ലിന് മാണിക്യവീണ... എന്ന വരികളിലെ ഘനം മാറ്റണമെന്ന് രാധാകൃഷ്ണന് നിര്‍ബന്ധം. പറ്റില്ലെന്നു ഞാനും. ഒടുവില്‍ അദ്ദേഹം എന്റെ വാശിക്കു കീഴടങ്ങി. ഈ വരികളിലെ ഘനം തന്നെയാണ് ഹിറ്റായി മാറിയ ഈ പാട്ടിന്റെ കനമെന്ന് രാധാകൃഷ്ണന് പിന്നീട് പറഞ്ഞിട്ടുണ്ട്. അങ്ങനെ തുറന്നു സമ്മതിക്കാന്‍ സാധിക്കുന്നതുതന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായിരുന്ന രാധാകൃഷ്ണന് ലളിതസംഗീതത്തില്‍ സജീവമാക്കുന്നതിനിടയിലും പിന്നണി ഗായകനായും ശോഭിച്ചിരുന്നു. നിര്‍മ്മാതാവ് ശോഭനാപരമേശ്വരന് നായരുടെ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തില്‍ കെ. രാഘവന് മാസ്റ്ററുടെ സംഗീതത്തില്‍ പാടിയ ഉണ്ണിഗണപതിയെ എന്ന ഗാനമാണ് രാധാകൃഷ്ണന്റെ അരങ്ങേറ്റം. തുടര്‍ന്ന് ശാരികേ ശാരികേ (ശരശയ്യ), പല്ലനയാറ്റിന്‍ത്തീരത്ത് (നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി), നാവാമുകന്ദേ (കീര്‍ത്തനം-ദേവാസുരം) എന്നിങ്ങനെ രാധാകൃഷ്ണന് ആലപിച്ചവ കുറവാണെങ്കിലും പുതുശൈലി അടയാളപ്പെടുത്തി.സംഗീതത്തിന്റെ നേര്‍ത്ത പ്രതലങ്ങളിലൂടെ വളരെ ശ്രദ്ധയോടെ നടന്നുനീങ്ങിയ സംഗീതപ്രിയനായിരുന്നു എം. ജി. രാധാകൃഷ്ണന്. അങ്ങനെ നടക്കുമ്പോഴും ഇളംതലമുറയുടെ ആത്മശക്തി ആവാഹിക്കാനും അവരുടെ പാതകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കാനും രാധാകൃഷ്ണന് ഏറെ ശ്രദ്ധിച്ചിരുന്നു.
ചലച്ചിത്രസംഗീതത്തിന്റെയും സിനിമയുടെയും ലോകത്ത് ഞെരുങ്ങി കഴിയുമ്പോഴും ഇഷ്ടപ്പെടാത്ത ഈണവും രാഗവും രാധാകൃഷ്ണന് സൃഷ്ടിച്ചിട്ടില്ല. സാഹിത്യത്തിലെ, കവിതയിലെ ശൂന്യസ്ഥലങ്ങളെ പരിഗണിച്ചു കൊണ്ടായിരുന്നു രാധാകൃഷ്ണന് വരികള്‍ക്ക് ഈണം പകര്‍ന്നത്.എം. ജി. ആദ്യമായി ഈണമിട്ട ഗാനം ആകാശവാണിക്കു വേണ്ടി പാടിയത് കരമന കൃഷ്ണന് നായരായിരുന്നു. പില്ക്കാലത്ത് കൃഷ്ണന് നായരുടെ മകള്‍ കെ. എസ്. ചിത്രയെയും പിന്നണിഗാന രംഗത്തേക്ക് കൊണ്ടുവന്നതും രാധാകൃഷ്ണനാണ്. ചിത്രയുടെ അഞ്ചാം വയസ്സില്‍ ആകാശവാണിക്കു വേണ്ടിത്തന്നെ` എന്റെ പേര് കണ്ണനുണ്ണി..' എന്നു തുടങ്ങുന്ന പാട്ട് രാധാകൃഷ്ണന് പാടിച്ചിരുന്നു. ചിത്രയുടെതായി പുറത്തുവന്ന ആദ്യ ചലച്ചിത്രഗാനത്തിനും ഈണം നല്കിയതും അദ്ദേഹം തന്നെ- (അട്ടഹാസം എന്ന സിനിമയില്‍ ചെല്ലം ചെല്ലം..) തടുര്‍ന്ന് സ്നേഹപൂര്‍വ്വം മീര എന്ന ചിത്രത്തിലെ ഗാനങ്ങളിലും ചിത്രയെ ഉള്‍പ്പെടുത്തി. കെ. എസ്. ചിത്രയുടെ ഗാനാലാപനത്തില്‍ വഴിത്തിരിവായ രജനീ പറയൂ എന്ന ഗാനത്തിനും (ഞാന്‍ ഏകനാണ്) സംഗീതം നല്‍കിയത് എം. ജി.യായിരുന്നു. ഗായിക സുജാത പതിനൊന്നാം വയസ്സില്‍ ആലപിച്ച ഓടക്കുഴല്‍വിളി ഒഴുകിയൊഴുകിവരും എന്ന ലളിതഗാനത്തിനും രാധാകൃഷ്ണന്റെതായിരുന്നു സംഗീതം. എസ്. ജാനകിക്ക് സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത മൗനമേ നിറയും മൗനമേ (തകര) എന്ന പാട്ടും രാധാകൃഷ്ണന് ചിട്ടപ്പെടുത്തിയതാണ്. ഗായകന് ജി. വേണുഗോപാലിന് കേരള സര്‍വ്വകലാശാലാതലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ലളിതഗാനത്തിന്റെയും ഈണം എം. ജി. യുടെതാണ്. വേണുഗോപാലിനെ ആദ്യമായി സിനിമയിലെത്തിച്ചതും രാധാകൃഷ്ണന്റെ സംഗീതത്തിലൂടെയാണ്. ഗായകന് എം. ജി. ശ്രീകുമാറിനെ പ്രശസ്തിയിലേക്കുയര്‍ത്തിയ `ദേവാസുര'ത്തിലെ സൂര്യകിരീടം വീണുടഞ്ഞു... എന്ന ഗാനത്തിനും സംഗീതം ഒരുക്കിയത് എം. ജി. യാണ്. ഗായിക അരുന്ധതിക്കും പിന്തുണ അദ്ദേഹം തന്നെ. ഇങ്ങനെ പുതുതലമുറയ്ക്ക് അവര്‍ അര്‍ഹിക്കുന്ന സ്ഥാനം എം. ജി. രാധാകൃഷ്ണന് നല്‍കിയിരുന്നു.
സംഗീതപാരമ്പര്യത്തില്‍ ജനിച്ചു വളര്‍ന്ന രാധാകൃഷ്ണന് സര്‍വ്വം സംഗീതമായിരുന്നു. ഗുരു ശെമ്മാങ്കുടിയും ക്ലാസിലെ സഹപാഠികള്‍ യേശുദാസും നെയ്യാറ്റിന്‍കരയും എല്ലാം എം. ജി. യുടെ സംഗീതജീവിതത്തിന്റെ ഭാഗമായിരുന്നു. സംഗീതത്തിലെ അപൂര്‍വ്വരാഗങ്ങളെ( ആഹരി പോലുള്ളവ) ഉപയോഗപ്പെടുത്താന്‍ അദ്ദേഹം സദാ സന്നദ്ധനായിരുന്നു.തമ്പ്, തകര, ആരവം, ഞാന്‍ ഏകനാണ്, പൂച്ചയ്ക്കൊരു മൂക്കുത്തി, പറയാനും വയ്യ പറയാതിരിക്കാനുംവയ്യ, അയല്‍വാസി ഒരു ദരിദ്രവാസി, ഗീതം, സര്‍വ്വകലാശാല, ജാലകം, നൊമ്പരത്തിപ്പൂവ്, വെള്ളാനകളുടെ നാട്, അദൈ്വതം, മണിച്ചിത്രത്താഴ്, ചെങ്കോല്‍, അഗ്നിദേവന്, കണ്ണെഴുതിപ്പൊട്ടും തൊട്ട്, നരസിംഹം, അച്ഛനെയാണെനിക്കിഷ്ടം, യാനം, അനന്തഭദ്രം തുടങ്ങി നാല്പതിലേറെ മലയാളചിത്രങ്ങള്‍ക്ക് എം. ജി. വൈവിധ്യമാര്‍ന്ന ഈണങ്ങളൊരുക്കി. അച്ഛനെയാണെനിക്കിഷ്ടം (ശലഭം), അനന്തഭദ്രം (തിരനുരയും) എന്നീ ചിത്രങ്ങളിലൂടെ രണ്ടുതവണ സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി. സംഗീതം ആത്മാര്‍പ്പണത്തില്‍ സൃഷ്ടിച്ചെടുത്ത് കൈരളിയെ ധന്യമാക്കിയ എം. ജി. രാധാകൃഷ്ണന് മലയാളിയുടെ മനസ്സിലും നഭസ്സിലും നിറഞ്ഞുനില്ക്കും. 3-7-2010