Friday, October 14, 2011

ഉടയുന്ന ജീവിതവും വേനല്‍ക്കിനാവിന്റെ കവിതകളും

`എന്തെങ്കിലുമാട്ടെ,
മുറിയിന്ന്‌ തൂത്തുവാരണം'
-ഒറ്റമുറിയുള്ള വീട്‌ എന്ന പുസ്‌തകത്തിലേക്ക്‌ ഇങ്ങനെയൊരു വാതില്‍തുറന്നിടുകയാണ്‌ രാധാകൃഷ്‌ണന്‍ എടച്ചേരി. മുപ്പത്തിയേഴ്‌ കവിതകളുടെ സമാഹാരത്തിലെ രചനകളെല്ലാം ധ്വനിയുടേയും മൗനത്തിന്റേയും ഭാഷയിലെഴുതിയവയാണ്‌. ഇവ സാമൂഹികജീവിതത്തിന്റെ മറപറ്റി തിടംവയ്‌ക്കുന്ന കാവ്യവിവാദവ്യവസായത്തോട്‌ ഒട്ടിനില്‍ക്കുന്നില്ല. അതിനാല്‍ ജനാധിപത്യപരമായ ഉല്‍ക്കണ്‌ഠകളേ ഈ പുസ്‌തകത്തിലുള്ളൂ. `മൂന്നാമത്തെ/ കാല്‍ വെക്കാന്‍/ശിരസ്സ്‌, പക്ഷേ/എന്റേതല്ലല്ലോ-(അധിനിവേശം എന്ന കവിത) -എന്ന ആശങ്കയും ഈ എഴുത്തുകാരനുണ്ട്‌.
വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണ്ണതയും ഉല്‍ക്കണ്‌ഠയും അടയാളപ്പെടുത്തുന്ന കവിതകള്‍. വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക്‌ പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ ഈ കവിതകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തി്‌ന്റെ കനല്‍പ്പാടുമുണ്ട്‌. വേട്ടക്കാരന്റെ നിതാന്ത ജാഗ്രതയോടൊപ്പം ഇരയുടെ പിടച്ചിലും സൂക്ഷ്‌മമായി അനുഭവപ്പെടുത്തുന്നു. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്നു.
അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ ആധുനിക കവിതയില്‍ പുതുകാലത്തിന്റെ ഉപ,സംസ്‌ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്‌. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്‍പ്പങ്ങളും രാധാകൃഷ്‌ണന്‍ എടച്ചേരിയുടെ കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്‌മവുമായ സ്വരവിന്യാസത്തിന്‌ വഴങ്ങുന്നുണ്ട്‌. ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ്‌ രാധാകൃഷ്‌ണന്റെ കവിത പിറക്കുന്നത്‌.പക്ഷേ, ശീലുകള്‍ താളക്രമത്തിന്റെ ചാലുകളില്‍ വന്നു വീഴുന്നു. നാട്ടിന്‍പുറത്തുകാരന്റെ ഗ്രാമ്യതയുണ്ട്‌.
കവിത സംസ്‌ക്കാരത്തിന്റെ തനതായ ഉറവകളിലേക്ക്‌ പോവുകയാണെന്ന ആശയം രാധാകൃഷ്‌ണന്റെ കവിതകളുടെ അന്തരീക്ഷത്തിലുണ്ട്‌. ഉള്ളിലെ ഭാവങ്ങളെ ബാഹ്യവല്‍ക്കരിക്കുന്ന ഒരു രസബോധം സാമൂഹ്യ ശുദ്ധീകരണക്രിയയായാണ്‌ ഈ കവി കണ്ടെടുക്കുന്നത്‌. അതുകൊണ്ടുതന്നെ ഗദ്യത്തിന്റെ കാവ്യപരമായ വിനിയോഗം സൂക്ഷ്‌മതയോടെ ഉദാസീനതയെ ധിക്കരിക്കുന്ന കവിയുടെ മാനുഷികത ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിമിഷങ്ങളും ഈ പുസ്‌തകത്തില്‍ കാണാം.`ഇടപ്പള്ളിക്ക്‌/വണ്ടികേറാന്‍/എന്തെളുപ്പം/ഒരു കയര്‍വട്ടത്തില്‍/ അകലമേയുള്ളൂ'-(അകലം).
സ്വന്തം കാഴ്‌ചയുടെ നിഴലായിത്തീരാന്‍ നടത്തുന്നഎഴുത്തുകാരന്റെ സാന്നിധ്യവും രാധാകൃഷ്‌ണന്റെ രചനകളിലുണ്ട്‌.`ഏതുരാത്രിയിലാവും/അച്ഛനും/അമ്മയും/മുറ്റത്തെ/കിണറിന്‍/ആഴമളക്കാന്‍/ഞങ്ങളേയും/കൊണ്ടുപോകുക'-(പേടി).ഇങ്ങനെ എരിയുന്ന മനസ്സില്‍ ഫണം വിടര്‍ത്തിയാടുന്ന ആത്മരോഷങ്ങളെ, പൊള്ളുന്ന വാക്കുകളാക്കി താന്‍ ജീവിക്കുന്ന കാലത്തില്‍, എല്ലാം ഒരു പൊട്ടിത്തെറി കാത്തുനില്‍ക്കുന്നു എന്ന തിരിച്ചറിവുണ്ട്‌.
`സഹിക്കില്ല/മൂലയില്‍ തനിച്ചിരുന്ന്‌/ദഹിക്കുമ്പോള്‍/ചൂലെന്ന/തെറിവിളി'(ചൂല്‌)-നിഷേധാത്മകത വാക്കിന്റെ തുടരെത്തുടരെയുള്ള ആവര്‍ത്തനവുമായിട്ടാണ്‌. ഒപ്പം കരയാനും നടക്കാനും ആരുമില്ല. ഓര്‍ത്തീടുവാനും മറക്കാനുമില്ലാതിരിക്കുന്ന ഇരുണ്ട ലോകത്തിന്റെ വിത്തുകളും പൊള്ളയായ മധുരത്തിന്റെ ചെടിപ്പുകളും അദൃശ്യമായ മരണത്തിന്റെ വേട്ടയാടലും രാധാകൃഷ്‌ണന്‍ എടച്ചേരിയുടെ കവിതകളില്‍ തെളിഞ്ഞോ, മെലിഞ്ഞോ ഒഴുകുന്നു.`ആഴങ്ങളില്‍/ഞാനും/നീയും/ഉടലുകളില്ലാതെ/ഒറ്റമരമായി/കത്തും' (ശിരോവസ്‌ത്രം). വേരിലേക്കും ഊരിലേക്കും തിരിച്ചുവരാനുള്ള യാത്രക്കാരന്റെ വെമ്പല്‍. ഇത്തരം തിരിച്ചുവരവുകളുടെ പ്രമേയം രാധാകൃഷ്‌ണന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്‌. അനുഭവത്തിന്റെ നേര്‍സ്‌പര്‍ശവും ദേശത്തനിമയുടെ മുദ്രകളും ഉള്ളതാണ്‌ ഈ കവിതകള്‍.
സിവിക്‌ ചന്ദ്രന്‍ ആമുഖക്കുറിപ്പില്‍ എഴുതുന്നു:`ഈ കവിതകള്‍ കവിതകളാകുന്നത്‌ കവിതയുടെ മുഹൂര്‍ത്തങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതു കൊണ്ടുമാത്രമല്ല, നര്‍മ്മവും നിര്‍മമതയും മിക്കവാറും കവിതയിലൊളിപ്പിക്കുന്നതു കൊണ്ടുകൂടിയാണ.്‌ നമ്മിലോരോരുത്തരിലുമുള്ള ആ കള്ളനെ, ചെറ്റയെ അഭിമുഖീകരിക്കാതെ നമുക്കിനിമുതല്‍ കവിതയെഴുതാനാവില്ല. അതികാല്‌പനികതയുടെ ചുഴികളിലേക്ക്‌ നമുക്ക്‌ നമ്മെ തന്നെ എറിഞ്ഞുകൊടുക്കാനും വയ്യ. `മുമ്പെങ്ങും/കണ്ടിട്ടില്ല/കണ്ണടച്ച്‌/ശാന്തമായുള്ള/ ഈ കിടപ്പ്‌/പക്ഷേ/കൈത്താങ്ങില്ലാതെ/ എങ്ങനെ പോകും....(പോക്കിരി)..പുതിയ കാലത്തെയും ലോകത്തെയും ഈ കവിതകള്‍ അഭിമുഖീകരിക്കുകതന്നെ ചെയ്യുന്നു'. പുതുകവിതയുടെ വേറിട്ടുനില്‍പ്പ്‌ ഈ കൃതിയില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌. -ഒക്‌ടോബര്‍16, ചന്ദ്രിക വാരാന്തപ്പതിപ്പ്‌. (പുസ്‌തകം, 16-10-2011 എം.മുകുന്ദന്‍ വടകരയില്‍ പ്രകാശനം ചെയ്യുന്നു.)
ഒറ്റമുറിയുള്ള വീട്‌, രാധാകൃഷ്‌ണന്‍ എടച്ചേരി, അടയാളം പബ്ലിക്കേഷന്‍സ്‌, തൃശൂര്‍,വില-40രൂപ

1 comment:

അജിത് said...

തന്തേ,ഇര എന്നീ കവിതകൾ ഈ സമാഹാരത്തിലുണ്ട്..