Thursday, December 31, 2009

കവിത-2009. കവിത കൊണ്ട്‌ ജീവിതം തൊടുന്നവര്‍


നെറികെട്ട കാലത്തോടുള്ള ദാക്ഷിണ്യമില്ലാത്ത പോരാട്ടമാണ്‌ 2009-ലെ മലയാളം കവിതയുടെമുഖമെഴുത്ത്‌. ഭാഷണ പാരമ്പര്യവും എഴുത്ത്‌ പാരമ്പര്യവും ചോദ്യം ചെയ്യുന്ന രചനകളുടെ അടയാളപ്പെടാലായിരുന്നു പിന്നിട്ട വര്‍ഷത്തെ കവിതകളുടെ സവിശേഷതകളിലൊന്ന്‌. കവിത യുക്തികൊണ്ട്‌ കാലത്തെയും ജീവിതത്തെയും സംശയിച്ച നാളുകളിലൂടെയാണ്‌ മലയാളി കടന്നുപോയത്‌. ഉള്ളറിവുകൊണ്ട്‌ ഉച്ച-നീചത്വങ്ങളെ അട്ടിമറിച്ച കവിതകള്‍ വായനയില്‍ ഇടംനേടിയിട്ടുണ്ട്‌. ജീവിതത്തിന്റെ കറുപ്പും വെളുപ്പും വേര്‍തിരിച്ചെടുക്കുന്നതിലും വാക്കുകളില്‍ അടയാളപ്പെടുത്തുന്നതിലും കവികള്‍ ജാഗരൂകരായിരുന്നു. നോവല്‍, കഥ എന്നീ ഇതര സാഹിത്യരൂപങ്ങളെ എണ്ണംകൊണ്ട്‌ എളുപ്പത്തില്‍ പിന്നിലാക്കാന്‍ കവിത എക്കാലത്തും മുന്നിലാണ്‌. 2009-ലും ആ പതിവ്‌ തെറ്റിച്ചില്ല. എളുപ്പത്തില്‍ എഴുതിനിറയാന്‍ സാധിക്കുന്ന രൂപമാണ്‌ കവിതയുടേതെന്ന തെറ്റിദ്ധാരണയും കവികളുടെ എണ്ണത്തിലുള്ള വര്‍ദ്ധവിന്‌ ആക്കംകൂട്ടി. വ്യാജ കാവ്യരൂപങ്ങള്‍ മാറ്റിനിര്‍ത്തിയാലും സര്‍ഗ്ഗാത്മകതയുടെ രസതന്ത്രം പതിഞ്ഞുനില്‍ക്കുന്ന നിരവധി കവിതകള്‍ പോയവര്‍ഷവും മലയാളത്തിലുണ്ടായി. പരമ്പരാഗത നിരൂപണത്തെ ചൊടിപ്പിച്ചെങ്കിലും വായനയും എഴുത്തിന്റെ രാശിചക്രവും തിരുത്തിയത്‌ കവികളായിരുന്നു. (നോവലില്‍ അംബികാസുതന്‍ മാങ്ങാടിന്റെ എന്‍മകജെയും വി. അരവിന്ദാക്ഷന്റെ ഭോപ്പാലും വിസ്‌മരിക്കുന്നില്ല). 2009-ല്‍ കവിതയുടെ മുഖ്യധാരയില്‍ ഋതുഭേദത്തിന്‌ പ്രതലമൊരുക്കിയവരില്‍ നിന്നും ഓര്‍മ്മയില്‍ നിറയുന്ന ഏതാനും രചനകളാണ്‌ ഈ കുറിപ്പിന്‌ ആധാരമാക്കിയത്‌.
ജീവിതംപോലെ മികച്ച കവിതകളും എഴുത്തുകാരും ഓര്‍മ്മകള്‍പ്പുറത്തുണ്ട്‌. അനുഭവത്തിന്റെ അക്ഷരച്ചീളുകളിലൂടെ ജീവിതത്തിന്റെ പുതിയ വഴികള്‍ അപഗ്രഥിക്കുകയാണ്‌ കല്‍പ്പറ്റ നാരായണന്‍ ഛായാഗ്രഹിണി എന്ന കവിതയില്‍. കല്‍പ്പറ്റ കണ്ണാടി പിടിക്കുന്നത്‌ നോക്കുക:
നിഴല്‍പിടിച്ചു നിര്‍ത്തുന്ന
ഈ രാക്ഷസിയെവീട്ടുചുമരില്‍
തറച്ചതെന്തിന്‌ഇപ്പോഴെന്തിനും
ഏതിനുംഈ മൂധേവിയെ മുഖം കാട്ടണം.
പുറത്തിറങ്ങാനാദ്യംഇവളുടെ
ദേഹപരിശോധന കഴിയണം
...........
എത്ര വായിച്ചാലും തീരില്ല
എത്ര പഠിച്ചാലും പഠിയില്ല
എത്ര കണ്ടാലും
ഓര്‍മിക്കാനാവില്ല
വഴിയില്‍ കണ്ടാലറിയില്ല.- (മാതൃഭൂമി). -ഇങ്ങനെ മനുഷ്യന്‍ നേരിടുന്ന നിഴല്‍യുദ്ധത്തിന്റെ ഭീതി അവതരിപ്പിക്കുകയാണ്‌ ഈ കവിത.
രാഷ്‌ട്രീയ വായന കവിതയില്‍ എക്കാലത്തും സജീവമാണ്‌. നവീന കാലത്തിന്റെ രാഷ്‌ട്രീയ പുസ്‌തകത്തിലേക്കാണ്‌ എന്‍. പ്രഭാകരന്റെ ബാബേല്‍ വായനക്കാരെ നയിച്ചത്‌. പ്രഭാകരന്റെ കവിതയില്‍ നിന്നും:
ഇങ്ങേ പണിക്കാര്‍ മാര്‍ക്‌സ്‌ എന്നു പറയുമ്പോള്‍
അങ്ങേ പണിക്കാര്‍ ഹെഗല്‍ എന്നു കേള്‍ക്കുന്നു
......
എങ്കിലും, സ്വര്‍ഗ്ഗത്തേക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ ഇപേക്ഷിക്കേണ്ടതില്ല
പണി പക്ഷേ, മേലിലെങ്കിലും കരാറുകാരെ ഏല്‌പിക്കരുത്‌
മേസ്‌തിരിമാര്‍ മീശ പിരിക്കുകയുമരുത്‌- (മാതൃഭൂമി). തലകീഴ്‌മറിയുന്ന പ്രത്യയശാസ്‌ത്രമാണ്‌ കവി വരച്ചുചേര്‍ത്തത്‌.
എല്ലാം കടലെടുത്തു പോകുന്ന ദശാസന്ധിയില്‍ സ്‌നേഹം കൊതിക്കുന്ന മനസ്സാണ്‌ പി. കെ. പാറക്കടവ്‌ നമ്മുടെ കണ്‍മുന്നില്‍ തൂക്കിനിര്‍ത്തുന്നത്‌. സ്‌നേഹം കായ്‌ക്കുന്ന മരം എന്ന കവിതയില്‍ സൂചിപ്പിക്കുന്നതുപോലെ:
ഏതോ സുകൃതികളുടെ പ്രതിഫലമായി
നീ തുറന്നുതന്ന സ്വര്‍ഗ്ഗത്തില്‍
നീ പറഞ്ഞതെല്ലാമുണ്ട്‌
.........
ദൈവമേ
എനിക്കൊന്നും വേണ്ട
നീയെനിക്കൊരു
നീര്‍മാതളംനട്ടുതരിക
നിറയെ സ്‌നേഹം കായ്‌ക്കുന്ന
നീര്‍മാതളം-(ഭാഷാപോഷിണി). സ്‌നേഹത്തിന്റെ നീര്‍മാതളം നട്ടുവളര്‍ത്താന്‍ കഴിഞ്ഞെങ്കിലെന്ന്‌ ആഗ്രഹിച്ചുപോകുന്ന കാലത്തിനുനേരെയുള്ള നോക്കിയിരിപ്പാണ്‌ എഴുത്തുകാരന്‍ കുറിക്കുന്നത്‌.
പുതിയ കവിയും കവിതയും സ്വയം പ്രകടിപ്പിക്കുന്ന തിരിച്ചറിവാണ്‌. കൊല്ലുന്നതിനു മുന്‍പെ എന്ന രചനയിലൂടെ സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌ എഴുതി:
കൊല്ലുന്നതിനു മുന്‍പെ
പൂവന്‍കോഴി പറഞ്ഞു
ഒരു മിനിറ്റേ ഞാനൊന്ന്‌
ഉദയാ സ്റ്റുഡിയോയുടെ
മുദ്രയാവട്ടെമൗനം സമ്മതമാക്കി
പൂവന്‍ കൂവിനിന്നും.
പ്രേനസീറും ജയനുംഗോവിന്ദന്‍കുട്ടിയും
എഴുപതുകളും ഓര്‍ത്ത്‌
വിരുന്നുകാരനെ മറന്നു ഞാന്‍-(മാതൃഭൂമി).സ്വപ്‌നങ്ങള്‍ക്കൊണ്ട്‌ യാഥാര്‍ത്ഥ്യങ്ങളെ എതിരേല്‍ക്കുന്ന ദുരിതത്തിന്റെ പച്ചിലയാണ്‌ സത്യചന്ദ്രന്റെ കവിത.
കേരളപ്പിറവിയില്‍ പി. പി. രാമചന്ദ്രന്‍:
എങ്ങനെ പുറത്തെടുക്കേണ്ടൂ
ഞാന്‍, ചങ്കിനുള്ളില്‍ത്തങ്ങുമീ ദുരന്തത്തെ
ദുര്‍ബലപദങ്ങളില്‍- (മാതൃഭൂമി). ചിതലരിക്കുന്ന ഓര്‍മ്മകള്‍ക്കും കായംകലക്കുന്ന കാഴ്‌ചകള്‍ക്കും ഇടയിലൂടെ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടവരുടെ വൃത്താന്തമാണ്‌ പി. പി. രാമചന്ദ്രന്‍ അനുഭവപ്പെടുത്തുന്നത്‌.
ഭാവനയില്‍ ഉടക്കിനില്‍ക്കുന്ന ഭൗതികപ്രതലത്തിലേക്കാണ്‌ പവിത്രന്‍ തീക്കുനി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്‌. പുക്കളുടെ അച്ഛന്‍ എന്ന കവിതയില്‍ പവിത്രന്‍ തീക്കുനി:
ഓര്‍മ്മകളുടെഅങ്ങേ
അറ്റത്ത്‌ചരിഞ്ഞ്‌
കത്തുന്ന ഒരു നദിയുണ്ട്‌
അതിനു കുറുകെചുവന്ന കൈവരികളുള്ള
ഒരിടുങ്ങിയ സ്വപ്‌നമുണ്ട്‌
............
ഈ സ്വപ്‌നങ്ങളുടെയൊക്കെ
അച്ഛനാരാണ്‌-(പച്ചക്കുതിര മാസിക). അധികാരത്തിനും അണിയറനീക്കങ്ങള്‍ക്കും നേര്‍ക്കുള്ള എതിരെഴുത്താണ്‌ പവിത്രന്റെ ശബ്‌ദം.
എല്ലാം ഒടുങ്ങുമ്പോഴും നന്മയ്‌ക്കായി വിത്തൊരിത്തിരി കരുതി വയ്‌ക്കുന്നതില്‍ ജാഗ്രത പ്രകടിപ്പിക്കുന്ന കവിയാണ്‌ ആലംങ്കോട്‌ ലീലാകൃഷ്‌ണന്‍. സൊബര്‍യുഗത്തിലും വെള്ളിനിലാവും കിളിശബ്‌ദവും അരുവിയുടെ കിലുക്കവും ഈ കവി കരുതി വയ്‌ക്കുന്നു. നന്മകള്‍ക്കായി ഒരു പേജ്‌ മണല്‍പ്പരിപ്പിലും കണ്ടെടുക്കുന്നു. ആലംങ്കോടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്‌ എന്ന കവിതയില്‍ നിന്നും:
ഒരിളം കുഞ്ഞിന്‍ ചിരിതെളിഞ്ഞു കാണുന്നുണ്ട്‌ഘോരാന്ധകാരങ്ങള്‍ക്കും
നോവിനുനങ്ങേക്കരെ
ഒരു കൈത്തിരിയാരോകത്തിച്ചു വച്ചിട്ടുണ്ട്‌
.............
ആകയാല്‍, മരിച്ച ഞാ-
നുയിര്‍ക്കാതിരിക്കില്ലപ്രാണനില്‍ തറച്ചതാം
യുഗവേദനയ്‌ക്കൊപ്പം- (ഗ്രന്ഥാലോകം).മലയാളകവിതയിലെ വിവരണാത്മകതയോട്‌ പോരടിക്കുന്ന എഴുത്തുകാരനാണ്‌ മണമ്പൂര്‍ രാജന്‍ബാബു. കവിതയുടെ സംക്ഷിപ്‌ത നിറഞ്ഞാടുന്ന കവിതാക്കാഴ്‌ചയുമാണത്‌.
മണമ്പൂരിന്റെ പ്രചോദനം എന്ന കവിതയില്‍ എഴുതി:
മൂകമുറങ്ങുംസാഗരമാണെ
ന്‍കീഴ്‌മേല്‍ മറിയുംമന,
മെന്നാല്‍നിന്‍ നിഴലിന്‍ ചെറുമിന്നായത്തില്‍തിരതല്ലുന്ന
പെരുമ്പറയാം
.........
ഏതു ശിലാഹൃദ-യത്തിനു
കഴിയുംകാതുകള്‍
പൂട്ടിയുറങ്ങീടാന്‍- (ഗ്രന്ഥാലോകം). മനമുരുക്കത്തിന്റെ തീക്ഷ്‌ണതയാണ്‌ ഈ കവിത നേദിക്കുന്നത്‌.കെ.ടി. സൂപ്പിയുടെ ഒഴിവ്‌ എന്ന കവിത (മലയാളം വാരിക) ഉറക്കത്തിന്റെ വിവിധമാനങ്ങളിലേക്കാണ്‌ വായനക്കാരെ നയിക്കുന്നത്‌.
കവിത വാക്കുകളുടെ ശില്‍പമാണ്‌. കെ. ടി. സൂപ്പിയുടെ കവിത പ്രതിഫലിപ്പിക്കുന്നതും വാങ്‌മയത്തിന്റെ മനോഹാരിതയും ആശയധാരയുമാണ്‌. കവി ഉറങ്ങാതിരിക്കുന്നു. പക്ഷേ, എഴുന്നേല്‍ക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. പതിവുപോല ഉറക്കമുണരുന്നു. ഉറക്കത്തിന്റെയും ഉറക്കമില്ലായ്‌മയുടെയും ഇരുകാലങ്ങളാണ്‌ ഈ കവിത ചര്‍ച്ചചെയ്യുന്നത്‌. സ്വപ്‌നഭരിതമായ ഒരു രാവിന്റെ പകര്‍പ്പെഴുത്താണ്‌ ഒഴിവ്‌. ആരും ആരെയും ഭയപ്പെടാത്ത സ്വപ്‌നത്തിന്റെ തെരുവിലൂടെ നടക്കുമ്പോള്‍ വ്യക്തികള്‍ക്ക്‌ ഒരു നിറമാണെന്ന്‌ കവി തിരിച്ചറിയുന്നു. വരികള്‍ക്കിടയില്‍ വിരിയുന്ന പ്രകൃതിമുഖമാണ്‌ കെ. ടി. സൂപ്പിയുടെ ഒഴിവ്‌ എന്ന കവിതയും അനുഭവപ്പെടുത്തുന്നത്‌. കവിതയില്‍ നിന്നും:ഉറങ്ങാതെയാണ്‌നേരം വെളുത്തതെങ്കിലുംഉറക്കമുണര്‍ന്നപോലെ എണീറ്റിരുന്നു.-ചില നിമിഷത്തിന്റെ തോന്നലുകളാണ്‌ കവിത. ഇത്തരമൊരു ചിത്രത്തില്‍ നിന്നും ഈ എഴുത്തുകാരന്‍ തെന്നിമാറുന്നതിങ്ങനെ:ഉറങ്ങുമ്പോളെന്തായാലുംആരും ആരേയും ഭരിക്കുന്നില്ലസ്വപ്‌നത്തെരുവുകളില്‍മേഞ്ഞുനടക്കുമ്പോള്‌!എല്ലാവരുംരാജാക്കന്മാര്‍ തന്നെ.- കവിയുടെ ചോദ്യം മുനകൂര്‍ത്തു വരുന്നുണ്ട്‌. പകല്‍ ഓടിക്കൊണ്ടിരിക്കുന്നത്‌ രാത്രിയുടെ കയ്യൊപ്പ്‌ വാങ്ങാനോ? അടയാളപ്പെടലാണ്‌ ജീവിതത്തിന്റെ ലക്ഷ്യമെന്ന്‌ ധ്വനിപ്പിക്കാന്‍ ഒഴിവിന്‌ കഴിയുന്നു.
മലയാളകവിതയില്‍ നിവര്‍ന്നെഴുത്തിന്‌ ഉദാഹരണമാണ്‌ റോഷ്‌നി സ്വപ്‌നയും മുഞ്ഞിനാട്‌ പത്മകുമാറും. പക്ഷംചായുന്നതിലല്ല, പറയേണ്ടത്‌ പറയുന്നതിലാണ്‌ ഈ കവികള്‍ക്ക്‌ താല്‍പര്യം. റോഷ്‌നി സ്വപ്‌നയുടെ കവിതയില്‍ പറയുന്നു:പഴകിയഒരു ഇരുമ്പ്‌ താക്കോലുണ്ട്‌എന്നിലേക്ക്‌എത്ര ഉരുകിയിറങ്ങിയാലുംഎന്നെ തുറക്കാന്‍ കഴിയാത്തത്‌...........എന്റെ ഓര്‍മ്മഉരച്ചുരച്ച്‌ആ തുരുമ്പു കളയാമോആ ഓര്‍മ്മയാല്‍ത്തന്നെമറവിയുടെയൊരിമ്പു ദണ്‌ഡ്‌ഉണ്ടാക്കാമോ.- (തുരുമ്പ്‌- മാധ്യമം വാര്‍ഷികപ്പതിപ്പ്‌). അനിശ്ചിതത്വത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ്‌ തുരുമ്പിലൂടെ റോഷ്‌നി വ്യക്തമാക്കുന്നത്‌.
മിശിഹായും പൂവും എന്ന കവിതയില്‍ മുഞ്ഞിനാട്‌ പത്മകുമാറിന്റെ കവിതയിലെ പ്രണയ പര്‍വ്വത്തില്‍ പറയുന്നു:ഞാന്‍സമുദ്രം വിട്ടിറങ്ങിയതിമിംഗലമാണെന്ന്‌ നീ.നീജലാശയത്തില്‍ മുങ്ങിമരിച്ചകിനാവാണെന്നു ഞാന്‍നമ്മളെങ്ങനെ പ്രണയിക്കും.- എയ്‌തു മുറിക്കുന്ന ചോദ്യാവലിയാണ്‌ പത്മകുമാര്‍ അനുഭവപ്പെടുത്തുന്നത്‌.
കവിതാ ബാലകൃഷ്‌ണന്‍ സാരിയുടെ സാധ്യതകള്‍ എന്ന കവിതയില്‍ എഴുതി:വെള്ളം കുടത്തിന്റെആകൃതിയെടുക്കുംപോലെഅത്‌ എന്റെ മനോമുകുരത്തിന്റെആകൃതിയെടുക്കുന്നുഎത്രായിരം സാദ്ധ്യതകള്‍.-(മാധ്യമം ആഴ്‌ചപ്പതിപ്പ്‌). ഉയിരിന്‍ കൊലക്കുടുക്കാകുന്നതും സാരി തന്നെ എന്നിടമാണ്‌ ഈ കവിത ധ്വനിപ്പിക്കുന്നത്‌. മറുപുറം കാഴ്‌ചയുടെ അടയാളവാക്യമാണ്‌ കവിതാ ബാലകൃഷ്‌ണന്റെ കവിത.
കാലത്തിന്റെ വേദനാഭരിതമായ അവസ്ഥ പ്രതിഫലിപ്പിച്ച രചനകള്‍ കൊണ്ട്‌ ശ്രദ്ധേയരായ കവികളുടെ നിരയില്‍ ലളിതാ ലെനില്‍ (ആദിയില്‍ മുറിഞ്ഞവാക്ക്‌), കുഞ്ഞപ്പ പട്ടാന്നൂര്‍ (ഉപമകള്‍ക്കൊപ്പം), റോസ്‌മേരി (അപൂര്‍വ്വമായൊരു വനപുഷ്‌പം), റഫീഖ്‌ അഹ്‌മദ്‌ (താര്‍ക്കികം), എസ്‌. ജോസഫ്‌ (രണ്ട്‌ നഗരങ്ങള്‍ക്കിടയില്‍), രാവുണ്ണി (പരിപാലനം), പി. കെ. ഗോപി (ഭാഷ), നൗഷാദ്‌ പത്തനാപുരം (ചോറിലേയ്‌ക്കുള്ള പടികള്‍), പി. ആര്‍. രതീഷ്‌ (രക്തസാക്ഷികളുടെ വീട്‌), സാദിര്‍ തലപ്പുഴ (നാട്ടുപൂവ്‌), ശ്രീജിത്ത്‌ അരിയല്ലൂര്‍ (മൂന്ന്‌ കവിതകള്‍), സി. പി. അബൂബക്കര്‍ (കണ്ണി), ചി. പി. സബിത (അമ്പിളിനടത്തം), ആര്യാഗോപി(ഇളംതൂവലുകള്‍) എന്നിവരുണ്ട്‌.
ടി. പി. രാജീവന്‍, കെ. വി. ബേബി, വീരാന്‍ കുട്ടി, വി. എം. ഗിരിജ, സെബാസ്റ്റ്യന്‍, ശിവദാസ്‌ പുറമേരി, വിഷ്‌ണുപ്രസാദ്‌, ബിജോയ്‌ ചന്ദ്രന്‍, രാധാകൃഷ്‌ണന്‍ എടച്ചേരി, ബാലകൃഷ്‌ണന്‍ മൊകേരി, ബിന്ദു കൃഷ്‌ണന്‍ എന്നിവരും കവിതകളിലൂടെ വാമൊഴിവഴക്കത്തിലും വായനയുടെ രീതിശാസ്‌ത്രത്തിലും ഇടപെട്ടു- വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌ 03-01-2010.

പുസ്‌തക പ്രകാശനം

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ രചിച്ച മഗ്‌രിബ്‌ സിനിമ: ചരിത്രവും വര്‍ത്തമാനവും എന്ന പുസ്‌തകം മന്ത്രി എം. എ. ബേബി കഥാകൃത്ത്‌ കെ. പി. രാമനുണ്ണിക്ക്‌ നല്‍കി പ്രകാശിപ്പിക്കുന്നു. സമീപം പ്രിയനന്ദനന്‍, എം. പി. സുകുമാരന്‍, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, അരവിന്ദന്‍, ശങ്കര്‍. പതിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേള ഓപ്പണ്‍ഫോറം വേദി-തിരുവനന്തപുരം.

അറയും അട്ടപ്പാടിയും പഴശ്ശിരാജാ വിമര്‍ശനവും

ഈ ലക്കം നിബ്ബിന്‌ എന്തിനാണ്‌ ഇത്ര നീണ്ട പേര്‌ എന്ന്‌ ആരെങ്കിലും സംശയിച്ചേയ്‌ക്കും. പേരിലെന്തിരിക്കുന്നു എന്നൊക്കെ പറയാം. എങ്കിലും പുതിയ വര്‍ഷമല്ലേ. എല്ലാം മാറുമ്പോള്‍ നിബ്ബും മാറണ്ടെ? മാറ്റം എപ്പോഴും രൂപത്തിലും ഭാവത്തിലുമാണെല്ലോ! മാറ്റത്തിനു മാത്രം മാറ്റമില്ല എന്ന ആപ്‌തവാക്യം ഓര്‍ത്തുകൊണ്ട്‌ പ്രതിപാദ്യവിഷയത്തിലേക്ക്‌ കടക്കാം.

പഴശ്ശിരാജയെ വെട്ടിനിരത്തുന്നു
ഡോ. എം. ജി.എസ്‌. നാരായണന്‍ പഴശ്ശിരാജയ്‌ക്കെതിരെ ചരിത്രത്തിന്റെ സിംഹഗര്‍ജ്ജനം തൊടുത്തുവിട്ടിരിക്കുന്നു. സിനിമയുടെ കുലപതികളായ സംവിധായകനും അണിയറ പ്രവര്‍ത്തകരും കുറിച്യപ്പടയുടെ അകമ്പടിയോടെ എം. ജി. എസിനെ നേരിടുന്നത്‌ നമുക്ക്‌ ഭാവനയില്‍ കാണാം. എം. ജി. എസ്‌ സംവിധായകന്‍ ഹരിഹരന്റെ കരണക്കുറ്റിക്ക്‌ തന്നെയാണ്‌ തലോടിയത്‌. പഴശ്ശിരാജവല്ല. യുദ്ധവും നടത്തിയിട്ടില്ല. അയാള്‍ക്ക്‌ അത്തരമൊരു ആവശ്യവുമുണ്ടായിരുന്നില്ല. എം. ജി. എസ്‌ എഴുതി: പഴശ്ശിരാജ ഒരിക്കലും രാജ്യം ഭരിച്ച രാജാവായിരുന്നില്ല. നാടുവാഴി കുടുംബത്തില്‍ മൂത്തയാളാണല്ലോ രാജാവാകുന്നത്‌. അദ്ദേഹത്തിന്‌ അങ്ങനെ ഒരു സന്ദര്‍ഭമുണ്ടായില്ല. കോട്ടയം രാജകുടുംബത്തിലെ പഴശ്ശി കോവിലകത്തെ (പൈച്ചി എന്ന്‌ ഇംഗ്ലീഷ്‌ കമ്പനി രേഖകള്‍) ഒരംഗമെന്ന നിലയ്‌ക്കാണ്‌ രാജശബ്‌ദം പ്രയോഗിക്കുന്നത്‌. രാജ്യമോ, രാജകീയ സൈന്യമോ ഉണ്ടായിരുന്നില്ല. കുതിരപ്പുറത്തു യുദ്ധത്തിന്‌ അവസരമുണ്ടായില്ല. ഒരു യുദ്ധവും അദ്ദേഹം നയിച്ചില്ല. (തൂലിക മാസിക ഡിസം. ലക്കം).

മലയാളത്തില്‍ തിരക്കഥയുടെ കുലപതി എം. ടി. വാസുദേവന്‍ നായരാണ്‌ പഴശ്ശിരാജയ്‌ക്ക്‌ തിരഭാഷ ഒരുക്കിയത്‌. അദ്ദേഹത്തിന്‌ എളുപ്പത്തില്‍ തെറ്റുപറ്റാനിടയില്ല. ചരിത്രം പലതരത്തില്‍ വായിക്കാം. അങ്ങനെയൊരു വായന മാത്രമായി എം. ജി. എസിനെ തള്ളാന്‍ പറ്റുമോ? അതാണ്‌ കാഴ്‌ചക്കാരെയും വായനക്കാരെയും കുഴക്കുന്നത്‌. എം. ജി. എസ്‌ ഇന്ത്യാ ഉപഭൂഖണ്‌ഡത്തിലെങ്കിലും അറിയപ്പെടുന്ന ചരിത്രപണ്‌ഡിതനാണെല്ലോ. അപ്പോള്‍ തെറ്റുപറ്റാന്‍ സാദ്ധ്യത കുറയും. മറുഭാഗത്ത്‌ എം. ടി ആണ്‌. അദ്ദേഹം കാര്യം നന്നായി ഗ്രഹിച്ചല്ലാതെ ഒന്നും കുറിക്കില്ല. പിന്നെ ആര്‍ക്കായിരിക്കും പിഴവു വന്നത്‌. സിനിമയുടെ രൂപരേഖ മുഴുവനായും സ്വന്തം കണ്ണിലൂടെ കാണുന്ന സംവിധായകനോ? പഴശ്ശിരാജ പ്രദര്‍ശനത്തിനെത്തി. ഏതാണ്ട്‌ അമ്പത്‌ ദിവസം ഒപ്പിച്ചെടുക്കുന്ന ബദ്ധപ്പാടിലുമാണ്‌. ചിലരെങ്കിലും 2009-ലെ സൂപ്പര്‍ ഹിറ്റെന്നും വിധിയെഴുതിക്കഴിഞ്ഞു. ചിത്രം തിയേറ്ററുകളിലെത്തിയപ്പോള്‍ സാക്ഷാല്‍ നടികര്‍ തിലകം മമ്മൂട്ടിയെക്കാള്‍ പ്രാധാന്യം തമിഴ്‌ പേശുന്ന ശരത്‌ കുമാറിനാണ്‌ എന്നുള്ള ചര്‍ച്ചയും പൊടിപ്പും തൊങ്ങലുമായി നടന്നതും ഒ. എന്‍. വിയെ ഇളയരാജ വിമര്‍ശിച്ചതും ഓര്‍ക്കുക. ഇതൊക്കെയും സ്‌നേഹപൂര്‍വ്വം മമ്മൂക്കയും ഫാന്‍സുകാരും അങ്ങ്‌ സഹിച്ചു. മുതല്‍ മുടക്കിയവര്‍ എങ്ങനെയെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ്‌. അപ്പോഴാണ്‌ നമ്മുടെ ചരിത്രപണ്‌ഡിതന്‍ ഇങ്ങനെപ്രഖ്യാപിച്ചത്‌. അതും ചരിത്രനിരീക്ഷണത്തിലും.

പഴശ്ശിരാജയുടെ പരാജയം ആദ്യം ആഘോഷിച്ചത്‌ ജി. പി. രാമചന്ദ്രനായിരുന്നു- (ദേശാഭിമാനി വാരിക- ലേഖനം). അതിന്‌ അമര്‍ന്നിരുന്ന്‌ ഒത്തടിവെച്ച്‌ ഉയര്‍ന്ന്‌ ചാടി മാതൃഭൂമിയില്‍ മറുപടിയും വന്ന്‌. പക്ഷേ പാവം വായനക്കാര്‍ മാതൃഭൂമിയില്‍ കത്തുകളായി പ്രത്യക്ഷപ്പെട്ടു. പഴശ്ശിരാജയെ ഇങ്ങനെ കീറിമുറിക്കുന്നതെന്തിനാണ്‌. ലഗാനും അക്‌ബറും അശോകയും വന്നപ്പോള്‍ കാണാത്ത ഈ ആവേശം ഇപ്പോള്‍ പഴശ്ശിയ്‌ക്കെതിരെ ഉയരാന്‍ കാരണമെന്ത്‌? ഗോവയില്‍ പനോരമയില്‍ ഇടം കിട്ടാതെ വന്നപ്പോള്‍ മലയാളസിനിമയിലെ ചെറുപ്പക്കാര്‍ക്ക്‌ കലിയടക്കാന്‍ കഴിഞ്ഞില്ല. പഴശ്ശി കേരളത്തിന്റെ പതിനാലാമത്‌ ചലച്ചിത്രമേളയില്‍ ലോകസിനിമയുടെ ഭാഗമായി വന്നപ്പോള്‍ എത്രപേര്‍ ഹരിഹരന്റെ മൂന്നുമണിക്കൂര്‍ ചിത്രത്തിന്റെ മുന്നിലിരുന്നു? നമുക്ക്‌ പലപ്പോഴും ചരിത്രവും സിനിമയും യാഥാര്‍ത്ഥ്യബോധവും അല്ല പ്രശ്‌നം. നാലാള്‍ അറിയുന്ന വാര്‍ത്തകളുണ്ടാക്കുന്നതിലാണ്‌. പാവം പഴശ്ശിരാജയും ആ വഴിയിലേക്ക്‌ ചെന്നു വീഴുമോ? എം. ജി. എസിലേക്ക്‌ തിരിച്ചുവരാം. ഒരു ഫിനാന്‍സ്‌ കമ്പനി 27 കോടി മുടക്കി പഴശ്ശി നിര്‍മ്മിച്ചിട്ടും ആ സിനിമയെ വിടാതെ പിന്തുടരുന്ന ആരോപണങ്ങള്‍ ആര്‍ക്കാണ്‌ ഗുണം ചെയ്യുക.

ഹരിഹരന്‌ സിനിമ അറിയില്ലെന്ന്‌ ആരെങ്കിലും പറയുമോ? അദ്ദേഹം വടക്കനും തെക്കനും വെള്ളംപോലെ കൈകാര്യം ചെയ്യും. ഒരു നഖക്ഷതംപോലും ഏല്‍പ്പിക്കാതെ തന്നെ. പക്ഷേ, പഴശ്ശിരാജയില്‍ ഹരിഹരന്‍ പിന്നോക്കം മാറിയോ? ഇല്ലെന്നാണ്‌ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ഒളിയുദ്ധത്തിന്റെ തന്ത്രങ്ങള്‍ ഒരുക്കുന്നതിനിടയില്‍ ചലച്ചിത്രഭാഷ വിസ്‌മരിച്ചുവെങ്കില്‍ ഹരിഹരനെ കുറ്റപ്പെടുത്താന്‍ പാടില്ല. കാരണം മലയാളത്തില്‍ യുദ്ധചിത്രം ഒരുക്കിയ ശീലം മേജര്‍രവിയെപ്പോലെ ഹരിഹരന്‌ ഇല്ലല്ലോ. അദ്ദേഹം വടക്കന്‍ കളരിയുടെ ആശാനാണെല്ലോ. ഇതൊന്നും തിരിച്ചറിയാതെയാണോ എം. ജി. എസ്‌ ഇങ്ങനെയൊരു ലേഖനം എഴുതിയത്‌. കൊട്ടാരക്കരയുടെ പഴശ്ശിരാജ വൈരമോതിരം വിഴുങ്ങി ആത്മഹത്യ ചെയ്‌തു. മമ്മൂട്ടിയുടെ പഴശ്ശി വെടിയേറ്റ്‌ വിജയം ആഘോഷിക്കുമ്പോഴും, പഴശ്ശി യുദ്ധസാമര്‍ത്ഥ്യമുള്ള ആളാണോ എന്ന ചോദ്യം ചരിത്രം നമുക്ക്‌ മുന്നില്‍ തൂക്കിയിടുന്നു. കെ. കെ. എന്‍. കുറുപ്പും എം. ജി. എസും ചെറുതും വലുതുമായ സകല ചരിത്രപണ്‌ഡിതന്മാരും ഇനിയെങ്കിലും വാസ്‌തവത്തിലേക്ക്‌ പ്രവേശിക്കുമെന്ന്‌ കരുതാം.

അറ
അറ എന്നു കേള്‍ക്കുമ്പോള്‍ രണ്ടു സംഗതികളാണ്‌ ആദ്യം ഓര്‍മ്മ വരിക. മുസ്‌ലിം വിവാഹവുമായി ബന്ധപ്പെടുന്ന പദം. പുതുമണവാളനെ അറിയിലിരുത്തുക എന്ന ചടങ്ങ്‌. മറ്റൊന്ന്‌ പി. കെ. പാറക്കടവിന്റെ അറ എന്ന കഥ.അറ എന്ന കഥയില്‍ നിന്നും: നോക്കിയിരിക്കെ അയാളുടെ മുഖത്ത്‌ രണ്ടു കൊമ്പുകള്‍ മുളയ്‌ക്കുന്നു.
ഇപ്പോള്‍ വാക്കുകളില്ല.
പകരം മുക്രയിടുന്ന ശബ്‌ദം.
ദൈവമേ, ഇനി താമസിച്ചു കൂടാ.
ഞാന്‍ കട്ടിലിനടിയില്‍ കരുതിവെച്ച കയറെടുക്കുന്നു.
മുക്രയിടുന്ന ജന്തുവിനെ കുടുക്കുന്നു.***
നോക്കൂ, അമ്മയും അച്ഛനും ഉടപ്പിറന്നോരും ശിലകളായി പുറത്ത്‌- ശിലകളില്‍ കണ്ണീരിന്റെ നനവ്‌. എന്റെ കെട്ടുപോകാത്ത ബോധം തിരിച്ചറിയുന്നു. ഇത്‌ മറ്റൊരറ.
പി. കെ. പാറക്കടവിന്റെ കഥയ്‌ക്ക്‌ ടി. പി. ചെറുപ്പയും സുരേഷ്‌ അച്ചൂസും തിരക്കഥ ഒരുക്കി. ആംബിയലിന്റെ ബാനറില്‍ സുരേഷ്‌ അച്ചൂസ്‌ സംവിധാനം ചെയ്‌ത അറ എന്ന ടെലിഫിലിം കാഴ്‌ചയില്‍ വേറിട്ടൊരു അനുഭവമാകുന്നു. ദൃശ്യാഖ്യാനത്തിന്റെ കരുത്താണ്‌ അറയെ മറ്റ്‌ ടെലിഫിലിംമുകളില്‍ നിന്നും വ്യത്യസ്‌തമാക്കുന്നത്‌. അറയുടെ വിഷയം മലബാറിലെ സ്‌തീധന സമ്പ്രദായം തന്നെ. സുകൂളില്‍ പഠിക്കുമ്പോള്‍ തന്നെ അവള്‍ക്ക്‌ പോത്തിനെ പേടിയാണ്‌. വിവാഹം കഴിഞ്ഞ്‌ ആദ്യരാത്രി. മണവാളന്‍ അവള്‍ അണിഞ്ഞ പൊന്നിന്റെ തൂക്കം നോക്കുന്നിടത്താണ്‌ അവളുടെ കണ്ണില്‍ പോത്ത്‌ വന്നു നിറയുന്നത്‌. പോത്ത്‌ അവളെയും ചുഴറ്റി ഓടുന്നു. അവളും മനോരോഗാശുപത്രിയിലെ അഴികള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന സുഗതകുമാരി കവിതക്ക്‌ കേള്‍വിയാകുന്നു. സ്‌ത്രീജീവിതത്തിന്റെ പൊള്ളുന്ന ചിത്രം. അറയായി നമ്മുടെ കണ്ണില്‍ വന്നുതറയ്‌ക്കുന്നു. മനസ്സിലും. എളുപ്പത്തില്‍ അടര്‍ത്തിമാറ്റാന്‍ കഴിയാത്തവിധത്തില്‍.

അട്ടപ്പാടി
ബഷീര്‍ മാടാല അട്ടപ്പാടിയുടെ സമഗ്ര ചിത്രമാണ്‌ വികസനത്തിന്റെ രാസവിദ്യ എന്ന പുസ്‌തകത്തില്‍ എഴുതുന്നത്‌. പുസ്‌തകത്തില്‍ നിന്നും: ജപ്പാന്‍ ബാങ്കുകാരുടെ ഉദ്ധാരണ ശ്രമങ്ങള്‍ക്കൊടുവില്‍ അട്ടപ്പാടിയുടെ കാര്‍ഷികോല്‍പ്പാദന രംഗം തകര്‍ന്നു കഴിഞ്ഞു. ആദിവാസി വികസന പദ്ധതികളുടെ പേരില്‍ ഒരു നിര്‍ദ്ദിഷ്‌ട ആദിവാസി സമൂഹത്തെ ലോകസാമ്പത്തിക ശക്തികള്‍ എങ്ങനെ കഴുത്തു ഞെരിച്ചു എന്നതിന്‌ ആധുനിക അട്ടപ്പാടി സാക്ഷി.- എന്നിങ്ങനെ ബഷീര്‍ മാടാല അട്ടപ്പാടിയുടെ മനസ്സും നഭസ്സും ആഴത്തില്‍ വിശകലനം ചെയ്യുന്നു.ബഷീറിനെപ്പോലെ അട്ടപ്പാടിയുടെ ഭൂപ്രകൃതിയും സാംസ്‌കാരിക ഭൂമികയും തൊട്ടറിയുന്നവര്‍ വിരളമാണ്‌. സൈലന്റ്‌ വാലിയുടെ ഹരിതവനവും മഴനിഴല്‍ക്കാടുകളും പ്രാദേശികമായ സാമ്പത്തികനിലകളും വിഭവസമൃദ്ധിയും ദൃശ്യരേഖയിലെന്നപോലെയാണ്‌ ബഷീര്‍ മാടാല ഈ പുസ്‌തകത്തില്‍ പ്രതിപാദിക്കുന്നത്‌.-(ലിപി ബുക്‌സ്‌)

കവിത
തണല്‍ തേടുന്ന ശിഖരങ്ങള്
‍സി. പി. ദിനേശ്‌
തണുത്തു പെയ്യുന്ന കര്‍ക്കിട മഴ
കേട്ടുകുതിര്‍ന്ന വിത്തിന്‍
മനമൊന്നുണര്‍ന്നു.
പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്‌നമായ്‌ നോക്കിച്ചിരിപ്പൂ!
കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത
ഞരക്കംദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്‌തു!
തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു.
ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്‌നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!.
- നിബ്ബ്‌ ചന്ദ്രിക 03-01-2010

Thursday, December 24, 2009

കഥ, കവിത, തിരക്കഥ-2009

മലയാളത്തിന്റെ സര്‍ഗപഥം ഒരു വര്‍ഷം കൂടി പിന്നിടുന്നു. പോയവര്‍ഷത്തിന്റെ ശേഷപത്രത്തിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ചില പുസ്‌തകങ്ങളും എഴുത്തുകാരും രചനകളുമാണ്‌ നിബ്ബ്‌ ഈ ലക്കത്തില്‍ സ്‌പര്‍ശിക്കുന്നത്‌.
കെ. എം. സുധീഷ്‌
ശാരീരികമായ വേദനകളെ മാറ്റി നിര്‍ത്തി കവിതയുടെ ആത്മഭാവത്തില്‍ ലയിച്ച ഒരു മനസ്സായിരുന്നു കെ. എം. സുധീഷിന്റേത്‌. കടുത്ത രോഗപീഢയില്‍ പിടയുമ്പോഴും സുധീഷിന്‌ ആശ്വാസം പകര്‍ന്നത്‌ അക്ഷരങ്ങളുടെ രസധ്വനികളായിരുന്നു. വാക്കിന്റെ അര്‍ത്ഥസാഗരത്തിലൂടെ ഭാവനയുടെ വഞ്ചി തുഴയുമ്പോഴും സുധീഷിന്റെ രചനകള്‍ പൊള്ളുന്ന വര്‍ത്തമാനകാലത്തിന്റെ ദുരന്തഭൂമികയും ജീവിതത്തിന്റെ പ്രതിസന്ധികളും കണ്ടെടുക്കുകയായിരുന്നു. വേദന പറയാതെ, ഭ്രഷ്‌ടിന്റെ നിറം, കല്ലുപ്പ്‌ തുടങ്ങിയ സുധീഷിന്റെ കാവ്യസമാഹാരങ്ങള്‍ വായനക്കാരോട്‌ സംവദിക്കുന്നതും മറ്റൊന്നല്ല.കാലത്തിന്റെ പ്രതിരോധത്തെ അതിവര്‍ത്തിക്കാന്‍ ഈ ചെറുപ്പക്കാരന്‌ അധികകാലം സാധിച്ചില്ല. കെ. എം. സുധീഷും മരണത്തിന്‌ കീഴടങ്ങി. ചിതയെരിയുന്ന വാക്കുകളില്‍ സര്‍ഗ്ഗാത്മകതയുടെ വസന്തം നെയ്‌തിട്ടുകൊണ്ടാണ്‌ സുധീഷ്‌ ഭൂമിവിട്ടുപോയത്‌. വായനക്കാരുടെ മനസ്സില്‍ കാലത്തിന്‌ ഇളക്കിമാറ്റാന്‍ സാധിക്കാത്ത കൂടൊരുക്കിക്കൊണ്ടു തന്നെ.
പുസ്‌തകങ്ങള്‍-2009
പുസ്‌തകങ്ങളില്‍ മുന്നിലേത്‌, പിന്നിലേത്‌ എന്ന രീതിയിലുള്ള വേര്‍തിരിവിന്‌ അടിസ്ഥാനമില്ല. കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്‌ ഏതെന്ന ചോദ്യവും മാറ്റി നിര്‍ത്തിയാല്‍ വായനയില്‍ ശ്രദ്ധേയമായ ചില കൃതികളാണ്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌. മുഖ്യധാരയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വിധേയമായ പുസ്‌തകങ്ങളെയും മാറ്റി നിര്‍ത്തിക്കൊണ്ടാണ്‌ ഈ കുറിപ്പ്‌. ജിനേഷ്‌ മടപ്പള്ളിയുടെ കച്ചിത്തുരുമ്പ്‌, ശിഹാബ്‌ പറാട്ടിയുടെ ഒരു മിനിട്ട്‌ ഞാനെന്റെ മൊബൈലെടുത്തില്ല, സുകുമാര്‍ അഴീക്കോടിന്റെ ജനാലക്കാഴ്‌ചകള്‍, ലൂയിബുനുവലിന്റെ വിറിഡിയാന, ഡോ. രഘുറാമിന്റെ ദേശാടന ശലഭങ്ങള്‍ എന്നിവയിലേക്ക്‌ ഒരു തിരനോട്ടം.
കച്ചിത്തുരുമ്പ്‌
പുതിയ കവികളില്‍ കവിതയുടെ അകത്തളത്തിലേക്ക്‌ പ്രവേശിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരനാണ്‌ ജിനേഷ്‌ മടപ്പള്ളി. കച്ചിത്തുരുമ്പ്‌ എന്നാണ്‌ ജിനേഷ്‌ ആദ്യകവിതാ സമാഹാരത്തിന്‌ പേരിട്ടത്‌. ഈ പേരില്‍ തന്നെ കവിയുടെ ജീവിതനിരീക്ഷണവും ജീവിതത്തില്‍ തന്നെ എവിടെയാണ്‌ അടയാളപ്പെടുത്തേണ്ടത്‌ എന്ന കാഴ്‌ചപ്പാടും നിറഞ്ഞുനില്‍ക്കുന്നു. എഴുത്തുകാരന്‌ ധിക്കാരവും ദാര്‍ഢ്യവും ആവാം. പക്ഷേ, അനുയോജ്യമായ രീതിയിലായിരിക്കണമെന്ന്‌ ജിനേഷിന്‌ നിര്‍ബന്ധമുണ്ട്‌. കച്ചിത്തുരുമ്പില്‍ ഒറ്റപ്പെടുന്നവന്റെ മര്‍മ്മരങ്ങളുണ്ട്‌. അതിജീവനത്തിന്റെ ത്വരയും. പുറപ്പെട്ടുപോകുന്നതിന്റെ ഉത്‌കണ്‌ഠയും എതിര്‍ക്കാഴ്‌ചകളുടെ ഉത്തരവാദിത്വവും ജിനേഷ്‌ ഉപേക്ഷിക്കുന്നില്ല. ഉറക്കം വരാത്ത/ രാത്രികളില്‍ നിന്നും/ ഇറങ്ങിനടന്ന സ്വപ്‌നങ്ങള്‍- എന്നാണ്‌ ജിനേഷ്‌ തന്റെ കവിതയെ നിര്‍വ്വചിക്കുന്നത്‌. കവിത എങ്ങനെ എഴുതണമെന്ന്‌ ആരും പറഞ്ഞുതരാത്ത കാലത്തോളം എഴുത്ത്‌ സ്വാതന്ത്ര്യപ്രഖ്യാപനമാണെന്ന്‌ ഈ എഴുത്തുകാരന്‍ വിശ്വസിക്കുന്നു.-(കളേഴ്‌സ്‌ ബുക്‌സ്‌).
ഒരു മിനിട്ട്‌ ഞാനെന്റെ മൊബൈലെടുത്തില്ല
ഒറ്റവരിയില്‍ കഥാലോകം പണിയുകയാണ്‌ ശിഹാബ്‌ പറാട്ടി. നല്ല കഥ എന്തിന്‌ വലിച്ചുനീട്ടണം. കുറഞ്ഞ വാക്കുകളില്‍ വലിയ കഥാലോകം തീര്‍ക്കാന്‍ സാധിക്കുമോ എന്നാണ്‌ എഴുത്തുകാരന്‍ സ്വയം ചോദിക്കുന്നത്‌. അതിനുള്ള ഉത്തരമാണ്‌ ശിഹാബിന്റെ ഈ കഥാപുസ്‌തകം- ഒരു മിനിട്ട്‌ ഞാനെന്റെ മൊബൈലെടുത്തില്ല. ആഗ്രഹങ്ങള്‍ അതിരുകടന്നപ്പോള്‍ ജീവിതം കണ്ണീര്‍ക്കയത്തില്‍ മുങ്ങി.- (അതിര്‌ എന്ന കഥ). ചെറിയ വാക്കുകളില്‍ വടവൃക്ഷം പോലുള്ള കഥകളാണ്‌ രചനയുടെ രസതന്ത്രത്തിലൂടെ ശിഹാബ്‌ പറാട്ടി വളര്‍ത്തിയെടുക്കുന്നത്‌.-(ലിപി).
ജനാലക്കാഴ്‌ചകള്
‍ഞാന്‍ അദ്ധ്യാപകന്‍ മാത്രമായി ജീവിച്ചൊരാളാണ്‌- എന്നിങ്ങനെ സ്വയം നിര്‍വ്വചിച്ചാണ്‌ ഡോ. സുകുമാര്‍ അഴീക്കോടിന്റെ ജനാലക്കാഴ്‌ചകള്‍ തുടങ്ങുന്നത്‌. അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്നും സാംസ്‌കാരിക ഇടപെടലിന്റെ മേഖലകളില്‍ നിന്നും തെരഞ്ഞെടുത്ത ഏതാനും ലേഖനങ്ങളാണ്‌ ഈ പുസ്‌തകം. വിദ്യാഭ്യാസവും സംസ്‌കാരവും മുതല്‍ വീടുമാറ്റം വരെ. നമ്മുടെ ചിന്തയെ ചൊടിപ്പിച്ചുണര്‍ത്തുന്ന അഴീക്കോടന്‍ ശൈലിയുടെ കരുത്തും ആര്‍ദ്രതയും ഈ പുസ്‌തകത്തിലുണ്ട്‌. ഇടംകണ്ണുകൊണ്ടുള്ള ഒരു നോട്ടം എപ്പോഴും ഈ വീടിനുണ്ട്‌ എന്ന വിശ്വാസം ഈ എഴുത്തിന്റെ ഉള്ളിലുള്ള ഭാവനയല്ല, സത്യമാണ്‌ എന്നു പറഞ്ഞ്‌ ഈ എഴുത്ത്‌ ചുരുക്കുന്നു- എന്നാണ്‌ ജനാലക്കാഴ്‌ചകളിലെ വീടുമാറ്റം എന്ന ലേഖനത്തിന്റെ അവസാനഭാഗത്ത്‌ സുകുമാര്‍ അഴീക്കോട്‌ എഴുതിയത്‌-(ലിപി).
വിറിഡിയാന
അധികാരത്തിന്റെ സമസ്‌ത മേഖലകള്‍ക്കുമെതിരെ വെള്ളിത്തിരയിലൂടെ കലാപം സൃഷ്‌ടിച്ച ലൂയിബുനുവലിന്റെ വിറിഡിയാന എന്ന തിരക്കഥ കാഴ്‌ചയിലെന്നപോലെ, വായനയിലും വേറിട്ടൊരു അനുഭവമാണ്‌. ചലച്ചിത്രകലയുടെ ബഹുവിധമാനങ്ങളിലൂടെ നോട്ടസംസ്‌കാരത്തെ അട്ടിമറിച്ച ബുനുവല്‍ സമീപനം ശക്തമായി പതിഞ്ഞുനില്‍ക്കുന്ന പുസ്‌തകമാണ്‌ വിറിഡിയാന. പരിഭാഷ നിര്‍വ്വഹിച്ചത്‌ എം. ഡി. മനോജ്‌ ആണ്‌. മൂലകഥയും കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും അനുധാവനം ചെയ്യുന്നതോടൊപ്പം പരിഭാഷകന്റെ ഔചിത്യപൂര്‍വ്വമുള്ള ഇടപെടലും ഈ പുസ്‌തകത്തിലുണ്ട്‌.- (അടയാളം ബുക്‌സ്‌).
ദേശാടന ശലഭങ്ങള്‍
പരിഭാഷയുടെ കരവിരുത്‌ അനുഭവപ്പെടുത്തുന്ന പുസ്‌തകമാണ്‌ ഡോ. ടി. എം. രഘുറാമിന്റെ ദേശാടന ശലഭങ്ങള്‍. സമകാലിക തമിഴ്‌ കവിതകളുടെ വിവര്‍ത്തനം ഭംഗിയായി അവതരിപ്പിക്കുന്ന പുസ്‌തകം. മുത്തുക്കുമാര്‍, കനിമൊഴി, മുരുകേഷ്‌, സല്‍മ, വെണ്ണില, ഇളയഭാരതി, കൃഷാംഗിനി, കരികാലന്‍, പല്ലവികുമാര്‍ എന്നിവരുടെ കവിതകളാണ്‌ ഈ കൃതിയില്‍ ഡോ. രഘുറാം അവതരിപ്പിക്കുന്നത്‌. തമിഴ്‌ കവിതയുടെ പുതിയമുഖം ശക്തമായി പ്രതിഫലിപ്പിക്കാന്‍ രഘുറാമിന്റെ വരമൊഴിവഴക്കത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.-(വോയ്‌സ്‌ ബുക്‌സ്‌)
.കവിതകള്
‍സ്‌നേഹരാക്ഷസം
എസ്‌. വി. ഉസ്‌മാന്‍
തൃപ്‌തിയായില്ലേ സുഹൃത്തേ,
നിനക്കെന്റെ
പൊള്ളുന്ന രക്തം കുടിച്ചന്ധമൂര്‍ച്ഛയില്
‍വീണ്ടും കുളമ്പടിച്ചില്ലേസിരകളില്‍
ദൂരകാന്താരസ്ഥലിയില്‍
നീ പിന്നിട്ടക്രൂരകിരാത പുരാതന-
ജീവിതം.എങ്കിലും നിന്നോടെനിക്കേറെ നന്ദിയു-
ണ്ടെന്റെ ചങ്കിന്റെയാഴത്തിലേക്കെത്തുവാന്
‍നിന്റെ തേറ്റക്കില്ലശക്തിയും
മൂര്‍ച്ചയുംഎന്ന്‌ ബോധത്തിലേ-
ക്കൂര്‍ജ്ജം നിറച്ചതില്‍.
ഞാന്‍കൊത്തിവെച്ച വാക്കിന്റെ
ശില്‌പങ്ങളോ-ടേറ്റ്‌ മുട്ടിത്തകര്‍ന്നല്ലോ;
വിഷം ചേര്‍ത്ത്‌നീ ഉരുക്കില്‍ തീര്‍ത്ത
കാലന്‍ഫലായുധം.
നിന്റെതീന്‍മേശമേലുണ്ടസ്ഥിനിര്‍മ്മിത-
മെത്രയോ വര്‍ണ്ണാഭമാംവീഞ്ഞ്‌ മൊന്തകള്‍.
കത്തും കനലടുപ്പത്ത്‌ തിളക്കുന്ന-
തെപ്പോഴുംമോരോ നിരാലംബജീവിതം!
ഇഞ്ചിഞ്ച്‌പൊള്ളിച്ചുരുക്കിയ
നിന്നുടല്‍മൃത്യുപോലും സ്വീകരിക്കൂ..
കെടുംമുമ്പ്‌കീറിപ്പറിഞ്ഞ
മലിന വസ്‌ത്രങ്ങളായ്‌വന്ന്‌ വീഴും
മുഖത്തേ,ക്കര്‍ത്ഥശൂന്യമായ്‌നീ
പണ്ടുരുവിട്ട പ്രാര്‍ത്ഥനാഗീതികള്‍.
നിന്‍മൃതജീര്‍ണ്ണമാം
ഓര്‍മ്മകള്‍ക്കെന്നുമെന്‍ശാപം പുരണ്ട്‌
നീലിച്ചപുഷ്‌പാഞ്‌ജലി.
ദൈവത്തിന്റെ ഗറില്ലാഭാഷ
സത്യന്‍ മാടാക്കര
കാക്കകള്‍ കൂട്ടംകൂടി
ആഗോള എച്ചിലിനെക്കുറിച്ച്‌ വീതം പറയുന്നു.
മത്സ്യങ്ങള്‍ ഏത്‌ മുള്ള്‌ കൊണ്ട്‌
തൊണ്ടയില്‍ കുത്തണമെന്ന്‌ തീരുമാനിക്കുന്നു.
ആട്‌ കുടല്‍പുറത്താക്കിയ
ഇറച്ചിക്കാരനെ കശാപ്പ്‌ ചെയ്യാന്‍
ഒരുക്കം കൂട്ടുന്നു.കോഴി,
കൊത്തിനുറുക്കിയവന്റെ
കുടലില്‍ദഹനക്കേട്‌ വരുത്താന്‍ വയറില്‍ തപ്പുന്നു.
കൂമ്പ്‌ ചീയല്‍ മനുഷ്യരിലേക്ക്‌,
സുഖിക്കണോ, മുട്ടുവിന്‍ ബീവറേജ്‌ തുറക്കപ്പെടും
കണ്ണ്‌ ചോപ്പിച്ച്‌ രസത്തിലങ്ങനെയിരിക്കാം.
ഒരു കവിത ഒന്നുമല്ലപക്ഷേ,
ആളുകള്‍ നിരാലംബരാകുന്നു
മണലൂറ്റിയൂറ്റി പുഴ മരണശ്വാസം വലിക്കുന്നു
തീവിലക്ക്‌ പെണ്ണ്‌ കച്ചവടം നടക്കുന്നു.
കവിക്ക്‌ കാണാതിരിക്കാനാവുമോ?
ആവാസത്തിലും ഗറില്ലകളൊരുങ്ങുന്നു
കടലില്‍ സുനാമി
കരയില്‍ പല പനി.
പരിഭാഷകളുടെ പ്രളയകാലത്ത്‌
ദൈവമേ, നിന്റെ ഗരില്ലാഭാഷ
എനിക്ക്‌ മനസ്സിലാകുന്നില്ലല്ലോ...!-നിബ്ബ്‌ ചന്ദ്രിക 27-12-2009

Wednesday, December 23, 2009

ജീവിതം കവിതയോട്‌പറഞ്ഞത്‌

ചോദ്യം: വിശ്വസാഹിത്യകാരനായ തകഴിയെ കുറെ വര്‍ഷങ്ങളായി നിങ്ങള്‍ കുറ്റം പറയുന്നു. നിങ്ങള്‍ക്ക്‌ ചെമ്മീന്‍ പോലെ ഒരു പുസ്‌തകമെഴുതാന്‍ കഴിയുമോ?ഉത്തരം: സര്‍ഗ്ഗാത്മകത വേറെ, വിമര്‍ശനപ്രക്രിയ വേറെ. അമ്പലപ്പുഴ ബ്രദേഴ്‌സ്‌ നാഗസ്വരം വായിക്കുമ്പോള്‍ താളം തെറ്റിയാല്‍ എനിക്ക്‌ പറയാന്‍ സാധിക്കും. ഞാന്‍ താളം തെറ്റിയെന്നു പറഞ്ഞാല്‍ കുഴല്‍ പിടിച്ചു വാങ്ങിച്ച്‌ എന്റെ നേരെ നീട്ടി എന്നാല്‍ നീയൊന്ന്‌ ഊതെടാ എന്നു പറഞ്ഞാല്‍ ഞാന്‍ ചുറ്റിപ്പോവുകയില്ലെ- ഇത്‌ എം. കൃഷ്‌ണന്‍ നായരുടെ സാഹിത്യവാരഫലത്തില്‍ നിന്നും (മലയാളം വാരിക, 2006). വായനയുടെ വിശാലതയിലേക്ക്‌ മനസ്സ്‌ ചേര്‍ക്കാതെ, സംശയത്തിന്റെ ആനുകൂല്യം പിന്‍പറ്റുന്ന എഴുത്തുകാരും/ വായനക്കാരും ബോധപൂര്‍വ്വം മറക്കുന്നതും മറ്റൊന്നല്ല.
ആനുകാലികം
എ. അയ്യപ്പന്റെ ജീവിതം കവിതയോട്‌ പറഞ്ഞത്‌ എന്ന കവിതയില്‍ നിന്നും:പുഴ
മരിച്ചു
അക്കരെയെത്താന്‍ വഞ്ചിവേണ്ട
ചകോരം
നിലാവിനെത്തിന്നു
തീര്‍ക്കുമ്പോള്‍
മുളന്തണ്ടില്‍രന്ധ്രങ്ങള്‍
നിര്‍മിക്കുകയായിരുന്നു ഞാന്‍****
മൃത്യുവിനെ ഭയന്നില്ല
ശവങ്ങളെത്തിന്നുന്നതീയുടെ
നാവുകള്‍കറുത്തു.- (മാതൃഭൂമി, ഡിസം.6) താക്കോല്‍ നഷ്‌ടപ്പെട്ട അടഞ്ഞ വാതിലായി ജീവിതത്തെ നോക്കിക്കാണുന്ന കവിയുടെ വേപഥുകളും പ്രതിരോധവും ഈ കവിത ഓര്‍മ്മപ്പെടുത്തുന്നു.അറവ്‌ എന്ന കവിതയില്‍ വിനു ജോസഫ്‌ എഴുതുന്നു:
അറവു പല്ലുകള്‍തിരിയുന്ന
തടിമില്ലില്‍വേരറ്റ്‌
തലയറ്റ്‌ഒരു മരം-( സമയം മാസിക).- മരത്തിന്‌ പകരം ജീവിതം ചേര്‍ത്ത്‌ വായിക്കുമ്പോഴാണ്‌ വിനു ജോസഫിന്റെ കവിതയുടെ ആഴവും പരപ്പും വ്യക്തമാകുന്നത്‌.
ഉയിര്‍ത്തെഴുന്നല്‍പ്‌ എന്ന കവിതയില്‍ ആലംങ്കോട്‌ ലീലാകൃഷ്‌ണന്‍:
ഒരിളം കുഞ്ഞിന്‍
ചിരിതെളിഞ്ഞു കാണുന്നുണ്ട്‌
ഘോരാന്ധകാരങ്ങള്‍ക്ക്‌
ഗോവിനുമങ്ങേക്കരെ****ആകയാല്‍ മരിച്ച ഞാ-നുയിര്‍ക്കാതിരിക്കില്ല.പ്രാണനില്‍ തറച്ചതാംയുഗവേദനയ്‌ക്കൊപ്പം- (ഗ്രന്ഥാലോകം, നവം.)- മനുഷ്യജന്മത്തിന്റെ അപരതീരങ്ങളിലൂടെ വായനക്കാരെ നടത്തിക്കുകയാണ്‌ ആലംങ്കോട്‌ ലീലാകൃഷ്‌ണന്‍.
ശിവദാസ്‌ പുറമേരിയുടെ കവിതയില്‍ നിന്നും:
ചില്ലയില്‍ തളിര്‍-പ്പച്ച
തഴച്ചിടുംപുത്തനായ്‌
മാറുമെല്ലാംകരുത്തിന്റെവിത്തുകായ്‌ച്ചിടും
ഓരോ മനസ്സിലും- (മണ്ണെഴുത്ത്‌, മലയാളംവാരിക ഡിസം.11)
പി. പി. രാമചന്ദ്രന്‍ (കേരളപ്പിറവി, മാതൃഭൂമി)എഴുതി:
എങ്ങനെ പുറത്തെടുക്കേണ്ടൂ
ഞാന്‍ ചങ്കിനുമുള്ളില്‍ത്തങ്ങുമീ
ദുരന്തത്തെദുര്‍ബല പദങ്ങളില്‍?- കവിതയുടെയും കവിയുടെയും ഉള്ളുനീറ്റല്‍ അനുഭവപ്പെടുത്തുന്ന കവിത.
കവിതാപുസ്‌തകങ്ങള്
ദാരിദ്ര്യത്തിനും കരിങ്കൊടിക്കും ഇടയിലുള്ള ദൂരമാണ്‌ ഷൗക്കത്തലീഖാന്റെ കവിതകള്‍. ജീവിതത്തിന്റെ വലിഞ്ഞുമുറുകല്‍. അതിനാല്‍ നിസ്സംഗതയും ചോദ്യമുനകളും കൊണ്ട്‌ തുളവീണ ജീവിതമാണ്‌ ഷൗക്കത്തലീഖാന്‍ എഴുതുന്നത്‌. പ്രഥമ കാവ്യസമാഹാരത്തിന്‌ ആസുരനക്രങ്ങള്‍ എന്നാണ്‌ പേരിട്ടു വിളിക്കുന്നത്‌. ആസുരകാലത്തിന്റെ താളവും താളഭംഗവും അടയാളപ്പെടുത്തുന്ന 32 കവിതകളാണ്‌ ഈ പുസ്‌തകത്തിലുള്ളത്‌. അവ വിപണിയുടെ വേതാളക്കാഴ്‌ചകളിലേക്കും മാനുഷികമൂല്യങ്ങള്‍ വിളറിക്കൊണ്ടിരിക്കുന്ന വ്രണിതമുഖങ്ങളിലേക്കും വെളിച്ചംവീശുന്നു. അഥവാ ബീഭത്സ കാഴ്‌ചകളും ജീവിതസംഘര്‍ഷങ്ങളും നിറഞ്ഞുനില്‍ക്കുന്ന കാലത്തിന്റെ സ്‌പന്ദനമാണ്‌ ഷൗക്കത്തലീഖാന്‍ കേള്‍പ്പിക്കുന്നത്‌. ദലമര്‍മ്മരങ്ങള്‍പോലെ. വെളിച്ചം അലിഞ്ഞു പോകുന്ന ഇരുട്ട്‌ ഈ എഴുത്തുകാരനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. അവ ഇരുട്ടുകുഴികളായി ജീവിതത്തിന്റെ വഴിയിടങ്ങളില്‍ പതുങ്ങിനില്‍പ്പുണ്ടെന്ന്‌ ഷൗക്കത്തലീഖാന്‍ തിരിച്ചറിയുന്നു. കാലത്തിന്റെ ക്രൂരതകളെപ്പറ്റിയുള്ള അറിവടയാളമാണ്‌ ആസുരനക്രങ്ങളിലെ കവിതകള്‍. ദാരിദ്ര്യത്തിന്റെ ജിംനേഷ്യത്തില്‍ സ്വപ്‌നത്തിന്റെ മസ്സില്‍ പെരുക്കങ്ങള്‍ക്ക്‌ കണ്‍നേര്‍ക്കുകയും ജപ്‌തിയുടെ മുട്ടുവിളികള്‍ക്ക്‌ കാതോര്‍ക്കുകയും ചെയ്യുന്ന ഒരു മനുഷ്യാത്മാവിന്റെ വിങ്ങലും തേങ്ങലും പോരാട്ടവീര്യവുമാണ്‌ ഈ കൃതി.ഉണര്‍വ്വിന്റെ ബാധ്യതയാണ്‌ എഴുത്ത്‌. നിറകണ്‍ ജാഗ്രതയുടെ മുദ്രയുമാണത്‌. അതുകൊണ്ട്‌ ഷൗക്കത്തലീഖാന്‍ തന്റെ ദൗത്യം ഇങ്ങനെ വ്യക്തമാക്കുന്നു: രുധിരം തിളയ്‌ക്കുന്ന ഹരിതതീരങ്ങളെ/ പിന്‍തുടരേണ്ടത്‌/ എന്റെ/ ഉണര്‍വ്വിന്റെ ബാദ്ധ്യത- (ഉണര്‍വ്വിന്റെ ബാദ്ധ്യത എന്ന കവിത). കാല്‍പനികതക്കും യാഥാര്‍ത്ഥ്യത്തിന്റെ തിളച്ചു മറിയലിനുമിടയില്‍ തലകീഴ്‌മറിയുന്ന കാലത്തിന്റെ ഒതുക്കുകല്ലില്‍ ജീവിതം വിറങ്ങലിച്ചുനില്‍ക്കുന്ന ചിത്രമാണ്‌ ഈ പുസ്‌തകത്തിലെ കവിതകളില്‍ പ്രതിഫലിക്കുന്നത്‌. അവതാരിക കെ. ഇ. എന്‍.-(ചിന്ത, 35 രൂപ)
ബാലസാഹിത്യത്തിന്റെ പെരുപ്പം അനുഭവിക്കുമ്പോഴും മലയാളത്തില്‍ ഈടുറ്റ ബാലസാഹിത്യ കൃതികളുടെ എണ്ണം കുറവാണ്‌. മിക്ക ബാലസാഹിത്യ പുസ്‌തകങ്ങളും മുതിര്‍ന്നവര്‍ മുതിര്‍ന്നവര്‍ക്ക്‌ വേണ്ടി രചിച്ച്‌ ബാലസാഹിത്യം എന്ന ലേബല്‍ ഒട്ടിച്ച്‌ പുറത്തിറക്കുന്നവയാണ്‌. കുഞ്ഞുമനസ്സുകളെ തൊട്ടറിയുകയും അവരുടെ ഭാവനയിലേക്ക്‌ ഇഴചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന മികച്ച ബാലരചനകളുടെ മുന്‍നിരയില്‍ സ്ഥാനം നേടുന്ന കൃതിയാണ്‌ മണമ്പൂര്‍ രാജന്‍ബാബുവിന്റെ ആനയും കുഞ്ഞുറുമ്പും. മണമ്പൂരിന്റെ ഇരുപത്തിയഞ്ച്‌ കുട്ടിക്കവിതകളുടെ സമാഹാരം. കവിതകളോളം പൊക്കംവരുന്ന ചിത്രങ്ങളും ഈ പുസ്‌തകത്തിലുണ്ട്‌.മലയാളത്തില്‍ വാക്കിന്റെ കരുത്തും അര്‍ത്ഥവിശാലതയും കണ്ടെടുക്കുന്ന കവികളിലൊരാളാണ്‌ മണമ്പൂര്‍ രാജന്‍ബാബു. അദ്ദേഹത്തിന്റെ കുട്ടിക്കവിതകള്‍ക്കും രാഗവും താളവും മാത്രമല്ല, ധ്വനിസാന്ദ്രതയും ഉണ്ട്‌. വരികളുടെ ധാരാളിത്തമല്ല; കവിത്വസിദ്ധിയാണ്‌ എഴുത്തുകാരന്റെ മൂലധനം. മണമ്പൂരിന്റെ രചനകളില്‍ അതുണ്ട്‌. അതീവ സൂക്ഷ്‌മതയോടെ വാക്കുകള്‍ ചേര്‍ത്തുവയ്‌ക്കുന്നു. കുട്ടികള്‍ക്ക്‌ ആനന്ദവും അറിവും പകര്‍ന്നുനല്‍കുന്ന ഈ കവിതകള്‍ക്ക്‌ മഴവില്ലിന്റെ മനോഹാരിതയുമുണ്ട്‌. മഴയെക്കുറിച്ച്‌ എഴുതിയത്‌ നോക്കുക: ഇമ പൂട്ടാതെ/യിരുന്നീ മഴയുടെ/ കിന്നാരത്തിന്നു / കാതോര്‍ക്കല്‍!- ഈ കാതോര്‍പ്പ്‌ പ്രപഞ്ചത്തിലെ സകല ജീവികളുടെയും ജീവന്റെ വില തുല്യമാണെന്ന്‌ ഓര്‍മ്മപ്പെടുത്തുന്നു. ആനച്ചേട്ടനും കുഞ്ഞുനുറുമ്പിനും ഒരേ ജീവന്‍. മികച്ച പാഠാവലികളാണ്‌ ബാലമനസ്സുകളുമായി ഈ പുസ്‌തകം പങ്കുവയ്‌ക്കുന്നത്‌.-(എന്‍ ബി എസ്‌, 30രൂപ).
ബ്ലോഗ്‌കവിത
ബൂലോക കവിതാബ്ലോഗില്‍ ടി. എ. ശശി എഴുതിയ ചോദ്യം എന്ന കവിത നിശ്ശബ്‌ദതയെച്ചൊല്ലിയുള്ള ആകുലതകളാണ്‌. ചോദ്യം ഉത്തരം തേടിയുള്ള അന്വേഷണമാണ്‌. കവിതയില്‍ നിന്നും:
താങ്കള്‍ കണ്ണട ഊരുമ്പോഴൊവയക്കുമ്പോഴൊ
അതല്ലെങ്കില്‍ക
ണ്ണടവയ്‌ക്കാതിരുന്നകാലത്തോ
കണ്ടിട്ടുണ്ടോ
ഇത്തരം നിശ്ശബ്‌ദതകള്‍.- അസഹ്യമായ നിശ്ശബ്‌ദതകളോട്‌ പൊരുതി ജയിക്കാനുള്ള വെമ്പലാണ്‌ ശശിയുടെ ചോദ്യത്തിലും ജീവിതം തുഴയുന്നത്‌.
കാവ്യനിരീക്ഷണം
കവിതകള്‍ പിറക്കുന്നത്‌ സങ്കല്‌പ വായുവിമാനങ്ങളില്‍ സഞ്ചരിക്കുമ്പോഴല്ല. ജീവിതപരമാര്‍ത്ഥങ്ങളില്‍ സ്വയം പൊട്ടിപ്പിളരുമ്പോഴാണ്‌. കീഴാളരെ സംബന്ധിച്ചിടത്തോളം അത്‌ ഭാവിക്കുവേണ്ടിയുള്ള ബലിയാണ്‌. ഇക്കിളികളിലല്ല, സൂചിമുനയുടെ മൂര്‍ച്ചകളിലാണത്‌ കൂര്‍ത്തുനില്‍ക്കുന്നത്‌.- കെ. ഇ. എന്‍- നിബ്ബ്‌ ചന്ദ്രിക, 20-12-2009

Tuesday, December 22, 2009

ക്യാമറയിലും കവിത


മുപ്പത്തിരണ്ടുകാരിയായ ജസ്‌മില സബാനിക്കിന്റെ ഗ്രബേവിക്ക എന്ന ചലച്ചിത്രത്തിന്‌ ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ പരമോന്നത പുരസ്‌കാരമായ ഗോള്‍ഡന്‍ ബെയര്‍ നല്‍കുമ്പോള്‍ തിരുത്തിക്കുറിച്ചത്‌ ചലച്ചിത്രങ്ങളെക്കുറിച്ചുള്ള പരമ്പരാഗതങ്ങളായ സങ്കല്‌പങ്ങളായിരുന്നു. ബോസ്‌നിയയിലെ വംശഹത്യകള്‍ ചരിത്രമായി കഴിഞ്ഞെങ്കിലും അതിന്റെ കനലുകള്‍ നിരവധി മനസ്സുകളില്‍ നീറിക്കൊണ്ടിരിക്കുന്നുണ്ട്‌. സാഹിത്യത്തിലും സിനിമയിലും അതിന്റെ ബഹിര്‍പ്രകടനം ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്‌. അതിന്റെ വാചാലമായ പ്രഖ്യാപനമായിരിക്കുന്നു. ഈ ചലച്ചിത്രം.

ജസ്‌മില സബാനിക്കിന്റെ ചലച്ചിത്രമായ ഗ്രബേവിക്ക ഭീമന്‍ കമ്പനികളുടെ മേല്‍വിലാസത്തില്‍ ആയിരുന്നില്ല ബെര്‍ലിനിലെത്തിയത്‌. യാതൊരു അകമ്പടിയും ഈ ചലച്ചിത്രത്തിനുണ്ടായിരുന്നില്ല. എന്നാല്‍ ഗ്രബേവിക്കയും അതിന്റെ സംവിധായികയായ ജസ്‌മില സബാനിക്ക്‌ നിശ്ശബ്‌ദം ബര്‍ലിനില്‍ കടന്നുവരികയും കീഴടക്കുകയും ചെയ്‌തു- ഇത്‌ ഉണ്ണിനാരായണന്റെ ലേഖനത്തില്‍ നിന്നും (മലയാളം വാരിക). ചലച്ചിത്രമേളയിലെത്തുമ്പോള്‍ നമ്മുടെ പല ചലച്ചിത്ര പ്രതിഭകളും വിസ്‌മരിക്കുന്നതും ഇതുതന്നെ.

പതിനാലാമത്‌ മേള

ഇത്‌ കാഴ്‌ചയുടെ വാരം. ചലച്ചിത്രോത്സവം, ചര്‍ച്ച, അനുസ്‌മരണം. കാന്‍ മുതല്‍ മറക്കേഷ്‌, ടൊറന്റോ വരെയുള്ള മേളകളുടെ പരാമര്‍ശം. ഇറാനിയന്‍ സംവിധായകന്‍ ബഹ്‌മന്‍ ഘൊബാരി മുതല്‍ ചേരന്‍ വരെയുള്ളവര്‍ തിരഭാഷയുടെ വിധിനിര്‍ണ്ണയിക്കുന്നു. രാജ്യാന്തരതലത്തില്‍ പ്രശസ്‌തരായ നിരവധി വ്യക്തികളും ചലച്ചിത്രപ്രവര്‍ത്തകരും. പല ഭാഷ, പല ജനത. ഏവര്‍ക്കും ഏറെ പരിചിതം. ഇന്ന്‌ കേരളത്തിന്റെ രാജ്യാന്തരമേള പ്രചുരപ്രചാരം നേടിക്കഴിഞ്ഞിരിക്കുന്നു. എങ്കിലും മലയാള സിനിമയ്‌ക്ക്‌ ഇതൊക്കെ ഏതെങ്കിലും രീതിയില്‍ പ്രചോദനപ്പെടുത്താന്‍ സാധിക്കുന്നുണ്ടോ? ഇത്തരം ചോദ്യങ്ങള്‍ക്ക്‌ വ്യക്തമായ ഉത്തരമാകുന്നില്ല നമ്മുടെ ചിത്രങ്ങള്‍.

ഓരോ ഭാഷയിലും അതാതിന്റെ സവിശേഷമായ സംസ്‌കാരത്തിനനുരൂപമായി ചലച്ചിത്ര നിര്‍മ്മിതി നടക്കേണ്ടതില്ല? പതിനാലാമത്‌ രാജ്യാന്തര മേളയുടെ കാഴ്‌ചയ്‌ക്കു മുന്നിലും മലയാളസിനിമയുടെ വളര്‍ച്ച ഏതുവരെ എന്ന ചോദ്യമാണ്‌ ഉയര്‍ന്നു നില്‍ക്കുന്നത്‌.പ്രാചീനമായ ഏതോ ഒരു പൗരസ്‌ത്യ കലാരൂപം കാണുന്ന കൗതുകവും ജിജ്ഞാസയുമാണ്‌ മേളയില്‍ മലയാളി അനുഭവിക്കുന്നത്‌. കാരണം പനോരമയില്‍ ഇടംനേടുന്നതിന്റെ പഴുതുകളെക്കുറിച്ചുള്ള ആലോചനകള്‍ക്കിടയില്‍ സിനിമ മറന്നുപോകുകയാണ്‌ നമ്മുടെ പല പ്രതിഭകളും.

പുതിയ കാലത്തിന്റെ നോട്ട സംസ്‌കാരവും ചിത്രണശൈലിയും വിശകലനം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ക്ക്‌ സമയമില്ല. ഇന്ത്യന്‍ സിനിമയുടെ ലാവണ്യപൂരത്തില്‍ നിന്നും വിടുതല്‍ നേടാന്‍ പ്രാദേശിക ചിത്രങ്ങള്‍ക്കും കഴിയുന്നില്ല. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷാചിത്രങ്ങളുടെ സ്ഥിതി ദയനീയമാണ്‌. ആരുടെയും സഹായമില്ലാതെ പൊരുതി നില്‍ക്കേണ്ട അവസ്ഥയുമാണ്‌. വിപണി വിളര്‍ത്തു ശോഷിച്ചു വരുന്നു. പ്രേക്ഷകാഭിരുചിക്ക്‌ അനുസരിച്ച്‌ പൊള്ളയായ പുതുമകളും ചതിക്കുഴികളും ഒരുക്കുന്നു. സാങ്കേതികമേന്മയും അതീവ ദയനീയമാണ്‌. എന്നാല്‍ ഭാഷ, സംസ്‌കാരം എന്നിവയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രാദേശിക ചിത്രങ്ങള്‍ക്കാണ്‌ ഇന്ന്‌ ഏറ്റവും വലിയ മാര്‍ക്കറ്റ്‌. ആ രംഗത്തും മലയാളത്തിന്‌ ഉയര്‍ന്നുനില്‍ക്കാന്‍ സാധിക്കുന്നില്ല.

ചലച്ചിത്രമേളയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌ ഗുണനിലവാരമാണ്‌. മുതല്‍മുടക്കുകളുടെ പേരിലല്ല സിനിമ വിലയിരുത്തപ്പെടുന്നത്‌. തുടക്കക്കാരുടെ കാര്യത്തിലും പെരുന്തച്ഛന്മാരുടെ കാര്യത്തിലും ഇത്‌ ഒരുപോലെയാണ്‌. നമ്മുടെ സിനിമയ്‌ക്ക്‌ ടെലിവിഷന്‍ സീരിയലുകളിലെ വ്യാജജീവിതങ്ങളുമായി എങ്ങനെ ഇഴുകിച്ചേരാനാകും എന്നതിന്‌ വ്യക്തമായ അടയാളമാണ്‌ മേളയിലെത്തിയ മിക്ക മലയാളചിത്രങ്ങളും. അനീതിയും അനാഥത്വവും കൊണ്ട്‌ തിരശീല പൊള്ളിക്കുന്ന ഭേദപ്പെട്ട ഒരു സിനിമ എന്നായിരിക്കും നമ്മുടെ ഭാഷയില്‍ പിറവിയെടുക്കുക? വിഖ്യാത പ്രഞ്ച്‌ സംവിധായകന്‍ മാറിന്‍ കാര്‍മിറ്റ്‌സ്‌ പറഞ്ഞു: ലോകത്തെ മാറ്റിമറിക്കാനുള്ള ദൃഢമായ ആഗ്രഹമില്ലെങ്കില്‍ ലോകത്തു ജീവിക്കാന്‍ കഴിയില്ല, എന്നതാണ്‌ എന്റെ അടിയുറച്ച വിശ്വാസം.- അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രചോദനവും വിശ്വാസവും അതായിരുന്നു.

സിനിമ പ്രദാനം ചെയ്യുന്ന അനുഭവത്തിന്റെ മാന്ത്രികതയിലേക്ക്‌ നയിക്കുന്ന ചിത്രങ്ങളുടെ നിരയില്‍ എ സ്റ്റെപ്പ്‌ ഇന്‍ ടു ഡാര്‍ക്ക്‌നസ്സ്‌, ഒറദ, ജേര്‍മല്‍, ഡാര്‍ബയര്‍ യെല്ലി, നത്തിംഗ്‌ പേഴ്‌സണല്‍, എംപ്‌റ്റി നെസ്റ്റ്‌, ഷിറിന്‍, ആന്റി ക്രൈസ്റ്റ്‌ തുടങ്ങിയവയുണ്ട്‌. അധിനിവേശത്തിന്റെയും സ്വത്വാവബോധത്തിന്റെയും തീവ്രചിന്തകളുടെയും ഇടനിലമായിത്തീരുന്ന മനസ്സിന്റെ ആഖ്യാനമാണ്‌ തുര്‍ക്കിയുടെ എ സ്റ്റെപ്പ്‌ ഇന്‍ ടു ഡാര്‍ക്ക്‌നസ്‌. മാധ്യമത്തിന്റെ ചില സവിശേഷതകളില്‍ ഊന്നല്‍ നല്‍കുന്നതാണ്‌ ഈ ചിത്രം. പ്രമേയത്തിലും പ്രതിപാദനത്തിലും വിസ്‌മയകരമായ വൈവിധ്യം പുലര്‍ത്തുന്ന ഈ തുര്‍ക്കി സിനിമ സാമ്പ്രദായിക കെട്ടുപാടുകളില്‍ നിന്ന്‌ കുതറിമാറുന്നു.

കവിതയുടെയും സാഹിത്യത്തിന്റെയും പിന്നില്‍ സഞ്ചരിച്ച ചലച്ചിത്രഭാഷയെ ഔന്നത്യത്തിലേക്ക്‌ പൊലിപ്പിച്ചെടുക്കുകയാണ്‌ അതില്‍ ഇനാക്കിന്റെ എ സ്റ്റെപ്പ്‌ ഇന്‍ ടു ഡാര്‍ക്ക്‌നസ്‌.മാതാവിന്റെ മരണാനന്തരം പിതാവിനെ തേടിപ്പോകുന്ന ജയ എന്ന കുട്ടിയുടെ കഥയാണ്‌ ജെര്‍മല്‍ എന്ന ഇന്റോനേഷ്യന്‍ സിനിമ. ജയയുടെ പിതാവ്‌ ജോഹര്‍ കുട്ടിയെ കണ്ടപ്പോള്‍ സ്‌തംഭിച്ചു. അയാള്‍ ഒരിക്കലും ഇങ്ങനെയൊരു മകനെ ഓര്‍ക്കുന്നില്ല. ജോഹര്‍ മകനെ നിരസിച്ചു. എങ്കിലും ഒരു ജോലിക്കാരനായി അവനെ കൂടെ നിര്‍ത്താന്‍ അയാള്‍ തയ്യാറായി. മനുഷ്യമനസ്സിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ ഈ ചിത്രം തീക്ഷ്‌ണാനുഭവത്തിന്റെ കാഴ്‌ചയാണ്‌.

മഴവില്ലിന്റെ ഹൃദ്യതയും മഴയുടെ സ്‌പര്‍ശാനുഭവവും തിരശീലയില്‍ അടയാളപ്പെത്തുന്ന ഇറാനിയന്‍ തിരഭാഷയുടെ വേറിട്ടൊരു മുഖമാണ്‌ എബൗട്ട്‌ യെല്ലി. ഇറാനിലെ ആധുനിക ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചയാണ്‌ ഈ സിനിമ പറയുന്നത്‌. കാസ്‌പിയന്‍ കടല്‍ത്തീര റിസോര്‍ട്ടിലെത്തിയ കുറെ ചെറുപ്പക്കാരെ തൊട്ടുകൊണ്ടാണ്‌ എബൗട്ട്‌ യെല്ലിയുടെ കഥ അസ്‌ഗര്‍ ഫറാദി അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്റെ ആദ്യഭാഗം സാമൂഹിക കോമിക്കാണ്‌. രണ്ടാംപാതി ദുരന്തത്തിന്റെ ജാലകക്കാഴ്‌ചയാണ്‌- രേഖചിത്രംപോലെ. ഇറാനിയന്‍ സാമൂഹിക ജീവിതത്തിലേക്ക്‌ പ്രേക്ഷകരെ അടുപ്പിച്ച്‌ നിര്‍ത്തിയാണ്‌ ഫറാദി ചിത്രം രൂപപ്പെടുത്തിയത്‌.

അമിത്‌ റായിയുടെ റോഡ്‌ ടു സംഗം ഹസ്‌മത്തുള്ള എന്ന മെക്കാനിക്കിന്റെ ജീവിതമാണ്‌ അനാവരണം ചെയ്യുന്നത്‌. മെക്കാനിക്കായ ഹസ്‌മത്തുള്ള ദൈവഭയത്തിലാണ്‌. അയാള്‍ പഴയൊരു ഫോര്‍ഡ്‌കാര്‍ റിപ്പേര്‍ ചെയ്യുന്നു. 1948-ല്‍ ഗാന്ധിയുടെ അന്ത്യനാളുകളുമായി ആ വാഹനത്തിന്‌ ബന്ധമുണ്ട്‌. ഗാന്ധിജിയുടെ സമാധാന സന്ദേശവും ഈ ചിത്രത്തില്‍ പതിഞ്ഞുനില്‍ക്കുന്നു. സൗത്താഫ്രിക്കന്‍ സിനിമ ഇറുളു ലാമി (എന്റെ രഹസ്യവാനം) അനാഥരായ കുട്ടികളുടെ കഥ പറയുന്നു. രോഗങ്ങളും പീഢകളും നിറഞ്ഞ അനാഥരുടെ ജീവിതത്തിന്‌ നേരെയാണ്‌ മഡോഡ ക്യാമറ പിടിച്ചത്‌. നിരവധി രാജ്യാന്തര പുരസ്‌കാരം നേടിയ ഇറുളുലാമി മനുഷ്യോല്‍ക്കണ്‌ഠകള്‍ വ്യക്തികളുടെയും സമൂഹത്തിന്റെയും കാഴ്‌ചപ്പാടിലൂടെ സമീക്ഷിക്കപ്പെടുന്നു. ഏകാകിയായ ഒരു സ്‌ത്രീയുടെ കഥയാണ്‌ നത്തിംഗ്‌ പേഴ്‌സനല്‍ എന്ന അയര്‍ലെന്റ്‌ ചിത്രം. മാര്‍ട്ടിനുമായി അവര്‍ കരാറിലെത്തുന്നു. അവര്‍ ഒരുമിച്ച്‌ കഴിയുന്നു. പക്ഷേ അവരുടെ കാര്യത്തില്‍ ഇടപെടാന്‍ പാടില്ല. ഒരു ദിവസം മാര്‍ട്ടിന്‍ കരാര്‍ തെറ്റിക്കുന്നു. ചിത്രാന്ത്യത്തില്‍ ആ സ്‌ത്രിയും മാറുന്നു. രണ്ടുപേരും സന്തോഷിക്കുന്നു. ആത്മാവ്‌, സ്‌നേഹം എന്നിവയുമായി ബന്ധപ്പെട്ട ആഴങ്ങളാണ്‌ ഈ സിനിമ വിവരിക്കുന്നത്‌.

ഒരു പേഷ്യന്‍ മിത്തിന്റെ അടിസ്ഥാനധാരയിലാണ്‌ ഇറാനിയന്‍ സംവിധായകന്‍ കിരസ്‌തോമിയുടെ ചിത്രം- ഷിറിന്‍. ക്ലോസപ്പ്‌ ഷോട്ടുകളും ഫെയറി കഥയുടെ ചുരുളും ഒരു റൊമാന്റിക്‌ പരിവേഷം നല്‍കുന്നു. ഖൊസ്‌റോവും ഷിറിനും ഓര്‍മ്മപ്പെടുത്തുന്ന കഥ ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളിലൂടെ കടന്നുപോകുന്നു. കരസ്‌തോമിയുടെ ഈ സിനിമയുടെ ഘടനയും ശ്രദ്ധേയമാണ്‌. കരസ്‌തോമി ചിത്രത്തിലെ പെണ്ണുങ്ങളും ചര്‍ച്ചാവിഷയമാകുന്നു.കുടുംബബന്ധങ്ങല്‍ ശിഥിലമായവര്‍ അമ്മയുടെ മരണശേഷം ഒത്തുചേരുന്ന തിരഭാഷയാണ്‌ ഒറദ പറയുന്നത്‌. ഹക്കി കേര്‍ട്ട്‌്‌ലസ്‌ സംവിധാനം ചെയ്‌ത ഈ സിനിമ നിരവധി അടരുകളിലൂടെ പ്രേക്ഷകരെ നയിക്കുന്നുണ്ട്‌. ചിത്രീകരണത്തിലും പുതുമ അനുഭവപ്പെടുത്തുന്നു.

ലാസ്‌ വോന്‍തെയറിന്റെ ആന്റി ക്രൈസ്റ്റ്‌, ഡാനിയല്‍ ബര്‍മന്റെ എംപ്‌റ്റി നെസ്റ്റ്‌ എന്നീ ചിത്രങ്ങളും ലോകസിനിമയുടെ വ്യത്യസ്‌തമുഖമാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. ക്യാമറയിലൂടെ ജീവിതമെഴുതുന്ന കലാവിദ്യയാണ്‌ ഈ ചിത്രങ്ങളെല്ലാം പ്രേക്ഷകരുമായി സംവദിക്കുന്നത്‌. കവിതപോലെ, കഥ പറച്ചിലിന്റെ പുതുമയും അഗാധതയും ആസ്വദിക്കാന്‍ സാധിക്കുന്ന ചിത്രങ്ങളുടെ വഴിയില്‍ ഈ സിനിമകളും നിര്‍ണ്ണായക സ്ഥാനത്ത്‌ നില്‍ക്കുന്നു. ദൃശ്യരേഖയുടെ കരുത്തും മനോഹാരിതയും നിറയുന്ന മേളയുടെ തിരശീലയെ കവിതയോട്‌ അടുപ്പിച്ചുനിര്‍ത്തുകയാണ്‌ പ്രതിഭാശാലികളായ ചലച്ചിത്ര പ്രവര്‍ത്തകര്‍. സിനിമ ലക്ഷ്യം വയ്‌ക്കുന്നതും മറ്റൊന്നല്ല.-നിബ്ബ്‌ ചന്ദ്രിക 13-12-2009

Thursday, December 03, 2009

മൊബൈല്‍ കവിത

അമേരിക്കയില്‍ രോഗിക്ക്‌ ഇഷ്‌ടമുള്ള ഡോക്‌ടറെ ചെന്നു കണ്ട്‌ ചികിത്സ എടുക്കാനുള്ള സ്വാതന്ത്ര്യമില്ല. ഇന്‍ഷൂറന്‍സ്‌ കമ്പനിയാണ്‌ അവര്‍ക്കിഷ്‌ടമുള്ള ഡോക്‌ടറുടെ അടുത്തേക്ക്‌ രോഗിയെ പറഞ്ഞയയ്‌ക്കുന്നത.്‌ രോഗി തങ്ങളുടെ മുന്നില്‍ എത്തിപ്പെട്ടാല്‍ ഒരു ഡോക്‌ടറും പൂര്‍ണമായ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. കാരണം തൊട്ടതിനും തൊടുന്നതിനും അവിടെ ഡോക്‌ടര്‍മാരുടെ പേരില്‍ കേസു കൊടുക്കും. അതുകൊണ്ട്‌ ഓരോ ഡോക്‌ടറും രണ്ടാം പ്രാവശ്യം രോഗി ചെന്നാല്‍ വേറൊരു സ്‌പെഷലിസ്റ്റിന്റെ അടുത്തേക്ക്‌ പറഞ്ഞുവിടും. അങ്ങനെ ഒരു രോഗത്തിന്‌ തന്നെ മൂന്നും നാലും ഡോക്‌ടര്‍മാരെ രോഗി കാണേണ്ടി വരുന്നു. എല്ലാവരും മരുന്നും കൊടുക്കും. ഈ മരുന്നെല്ലാം വെച്ച്‌ ഏത്‌ കഴിക്കണം ഏതു കഴിക്കരുത്‌ എന്ന ആശയക്കുഴപ്പത്തിലായിരിക്കും രോഗി. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കയില്‍ രോഗം പിടിപെട്ടാല്‍ സാധാരണക്കാരന്‍ തെണ്ടിയതു തന്നെ- ഇത്‌ പുനത്തില്‍ കുഞ്ഞബ്‌ദുള്ളയുടെ മരുന്നും മന്ത്രവും (മാതൃഭൂമി) എന്ന പുസ്‌തകത്തില്‍ നിന്നും. മലയാള കവിതയുടെ വായനക്കാരുടെ സ്ഥിതിയും വ്യത്യസ്‌തമല്ല.

ആനുകാലികം
തിരക്കിനിടയില്‍ മന്ത്രി ബിനോയ്‌ വിശ്വം കവിത കുറിക്കുന്നു (കലാകൗമുദി 1786). കവിതയുടെ പേര്‌ ദീര്‍ഘയാത്രകള്‍. ബിനോയ്‌ വിശ്വത്തിന്‌ പറയാനുള്ളത്‌ ദീര്‍ഘയാത്രയെപ്പറ്റിയാണ്‌. ഉറക്കവും ഉണര്‍വ്വും മാറിമാറി തലോടുന്ന യാത്രകള്‍. യാത്രാക്കുറിപ്പ്‌ കവിതയുടെ വിഭാഗത്തില്‍ അച്ചടിച്ചു വന്നത്‌ കലാകൗമുദിയുടെ പത്രാധിപര്‍ക്ക്‌ തെറ്റിയതാകാം എന്നു കരുതി വായനക്കാര്‍ ആശ്വസിക്കുന്നു. എങ്കിലും നിങ്ങള്‍ക്ക്‌ തെറ്റി. സാക്ഷാല്‍ പുതിയ കവിത തന്നെയാണ്‌ മന്ത്രി എഴുതിയത്‌. ഉള്ളിലെ വിങ്ങലുകള്‍ തിരിച്ചറിയുന്ന യാത്രയാണ്‌ മന്ത്രിയുടെ ലക്ഷ്യം. ഭരണത്തിലെ വിങ്ങലുകള്‍ പരസ്യമാകുമ്പോള്‍ ഇങ്ങനെയൊരു കവിതപറച്ചില്‍ എന്തിനാണ്‌ സാറേ? എന്ന്‌ വായനക്കാര്‍ ചോദിച്ചാല്‍ മന്ത്രിയും കലാകൗമുദിയുടെ പത്രാധിപരും ക്ഷോഭിക്കില്ലെന്ന്‌ ആശ്വസിക്കാം. കാരണം ബിനോയ്‌ വിശ്വത്തിന്റെ കവിതാ സംസാരത്തില്‍ വേണ്ടത്ര തെളിവുകളുണ്ട്‌. സ്വയം സംസാരിച്ച്‌ തീര്‍ക്കാവുന്നത്‌ എഴുതി വായനക്കാരെ ശ്വാസംമുട്ടിക്കുന്നതില്‍ ആര്‍ക്ക്‌ നേട്ടം? കവിത എന്ന പേരില്‍ മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന മിക്ക രചനകളുടെയും പൊതു സ്വഭാവമാണിത്‌.

മണമ്പൂര്‍ രാജന്‍ബാബുവിന്റെ ഭൂകമ്പം (ഭാഷാപോഷിണി) എന്ന കവിത മണല്‍മൊഴിയാണ്‌. പ്രളയത്തിലൂടെ തിരിച്ചുപോകുന്ന മണല്‍ത്തരിയുടെ യാത്രാമൊഴി മണമ്പൂര്‍ അടയാളപ്പെടുത്തുന്നതിങ്ങനെ:
മണലായ്‌,
കരിങ്കല്ലായ്‌
ചിതറിക്കിടക്കുന്നു
ഒരു ജന്മത്തില്‍
സ്വപ്‌ന
സമ്പാദ്യസൗധം മുന്നില്‍.- ഈയൊരു ചിത്രം തകരാനുള്ളതാണ്‌. അലറിക്കൊണ്ട്‌ അമ്മ വന്നപ്പോള്‍ കൂടെ പോകാതിരിക്കാന്‍ കഴിയില്ലെന്ന്‌ മണല്‍ത്തരി മനസ്സിലാക്കുന്നു. ഓരോ വസ്‌തുവും മനുഷ്യന്‍ സൃഷ്‌ടിക്കുന്ന ബന്ധനം അറുത്തുമാറ്റി തിരികെ പ്രകൃതിയിലേക്ക്‌ തിരിച്ചുപോകുന്നതിന്റെ സൂചകമായി ഭൂകമ്പം വായിച്ചെടുക്കുകയാണ്‌ മണമ്പൂര്‍ രാജന്‍ബാബു.

രണ്ടു കവിതയില്‍ (ഭാഷാപോഷിണി) സത്യചന്ദ്രന്‍ പൊയില്‍ക്കാവ്‌ അറിവടയാളമാണ്‌ എഴുതിയത്‌. കുമ്മായത്തിന്റെ ചൂടും വേവുമാണ്‌ നിറമെന്ന്‌ തിരിച്ചറിയുന്നു. കുമ്മായം എന്ന കവിതയില്‍ നിന്നും:നിനക്കറിയില്ല
എത്ര വെന്തിട്ടാണ്‌
ഈ നിറമെന്ന്‌.- എല്ലാ നിറത്തിനും എല്ലാ ജീവിതത്തിനും പിറകില്‍ ഒരു ദൈന്യതയുടെ കഥയുണ്ടെന്ന്‌ സത്യചന്ദ്രന്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഏകാന്തതയ്‌ക്ക്‌ പേര്‌ കണ്ടെത്തുന്നതിങ്ങനെ;
ഏകാന്തതയ്‌ക്കൊരു
പേരു നല്‍കാം
എന്നില്‍ നീ പൂക്കും
നിമിഷമെന്ന്‌.- പരസ്‌പരം പൂത്തുനില്‍ക്കുകയും കൊഴിഞ്ഞില്ലാതാകുകയും ചെയ്യുന്ന ജന്മത്തിന്റെ കയറ്റിറക്കമാണ്‌ ഈ കവിതയില്‍ സത്യചന്ദ്രന്‍ അവതരിപ്പിച്ചത്‌.

റോഡ്‌ഷോ എന്ന കവിതയില്‍ (മലയാളം വാരിക) മരണം എഴുതി ജീവിതത്തിന്റെ നൈമിഷികത അനുഭവപ്പെടുത്തുകയാണ്‌ ഗഫൂര്‍ കരുവണ്ണൂര്‍. പേരിട്ടുവിളിക്കാന്‍ കഴിയാത്ത ഒരിടത്തേക്കാണ്‌ ഒരു മെലിഞ്ഞ വെയില്‍ ബൈക്കില്‍ കയറി യാത്ര തിരിച്ചത്‌. പിന്നീട്‌ കവിതയില്‍ നിറയുന്നത്‌ അപകടമരണത്തിന്റെ വിവിധ ദൃശ്യങ്ങളാണ്‌. കവിതയുടെ അവസാനഭാഗത്താണ്‌ ഗഫൂര്‍ സിനിക്കായി മാറുന്നത്‌. വര്‍ത്തമാനകാല ജീവിതത്തിന്റെ മുഖം. അല്‌പം സറ്റയറായി മാറുകയും ചെയ്യുന്നു:
അടുത്ത ബുള്ളറ്റിനില്
‍ലൈവ്‌ കാണാമെന്ന്‌
മനസ്സില്‍ കുറിച്ച്‌
ഉച്ചവെയിലിന്റെ
നെഞ്ചിലൂടെ
കാണികള്‍ ഉണ്ണാന്‍പോയി.-കാഴ്‌ചകളുടെ ലഹരിയില്‍ അമര്‍ന്നുപോകുന്ന ജനതയിലേക്ക്‌ ഗഫൂര്‍ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. നിസ്സംഗതയെ തൊഴിച്ചുണര്‍ത്തലാണ്‌ കവിതയുടെ ഒരു മുഖം. ഗഫൂര്‍ കരുവണ്ണൂരിന്റെ റോഡ്‌ഷോ എന്ന രചനയില്‍ അതുണ്ട്‌.

ശ്രീധരന്‍ ചെറുവണ്ണൂരിന്റെ ആത്മവൃക്ഷം (മലയാളം വാരിക) എന്ന കവിത അനുരാഗം വിശകലനം ചെയ്യുന്നു. കവിതയില്‍ നിന്നും:
നിന്റെ ഹേമന്തമിഴികള്
‍എന്റെ സഹയാത്രികന്‍
നിന്റെ കുപ്പിവിളക്കിന്റെ ഈറന്‍
എന്റെ മൗനവും.- അനുരാഗത്തിന്റെ പച്ചപ്പില്‍ മലയാളി നെഞ്ചേറ്റിയ പ്രണയനദികളെ പുതിയ കാലത്തില്‍ വായിക്കുകയാണ്‌ ശ്രീധരന്‍ ചെറുവണ്ണൂര്‍.

ബ്ലോഗ്‌ മാസിക
ലെജിസ്ലേറ്റീവ്‌ സെക്രട്ടേറിയറ്റ്‌ ജീവനക്കാരുടെ മാസികയാണ്‌ ബ്ലോഗ്‌. പേരു സൂചിപ്പിക്കുന്നതുപോലെ ഇത്‌ ബ്ലോഗില്‍ ചെയ്യുന്ന മാസികയല്ല. ലഘുരൂപത്തില്‍ ലെജിസ്ലേറ്റീവ്‌ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സര്‍ഗ്ഗാത്മക വിഭവങ്ങള്‍ അവതരിപ്പിക്കുന്ന കൊച്ചു പുസ്‌തകം. കവിതകളും കഥകളും കാര്‍ട്ടൂണുകളും മാത്രമല്ല, സ്‌ത്രീപതിപ്പ്‌, എം. എല്‍. എ. മാര്‍ വരച്ച ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചിത്രകലാ പ്രത്യേകപതിപ്പ്‌ തുടങ്ങിയവയും ബ്ലോഗ്‌ മാസിക അതിന്റെ ഹ്രസ്വരൂപത്തിലും തനിമയിലും പുറത്തിറക്കിയിട്ടുണ്ട്‌. മലയാളസാഹിത്യത്തിലെ പ്രധാന എഴുത്തുകാരെ പങ്കെടുപ്പിച്ചുള്ള വിശേഷാല്‍ പ്രതിയും അടുത്തുതന്നെ പുറത്തിറങ്ങും. ഇതിന്റെ പ്രധാന ശില്‍പികള്‍ നിയമസഭയിലെ ഉദ്യോഗസ്ഥരായ രാജ്‌ കാഞ്ഞിരമറ്റം, ബിജു ഡേവിഡ്‌ ജോണ്‍, മോഹന്‍ദാസ്‌ മൊകേരി തുടങ്ങിയവരാണ്‌. നിയമസഭയ്‌ക്ക്‌ അകത്തും പുറത്തും ജീവിതം നേര്‍ക്കുന്നവരുടെ അകംപുറം കാഴ്‌ചകള്‍ക്ക്‌ ബ്ലോഗ്‌ മാസിക വേദിയൊരുക്കുന്നത്‌ ശ്രദ്ധേയ ദൗത്യമാണ്‌. സവിശേഷമായൊരു വായനാനുഭവവും.

കവിതാപുസ്‌തകങ്ങള്
‍നീര്‍മാളത്തിനും വളയുടെ തേങ്ങലുകള്‍ക്കും ഇടയിലുള്ള ദൂരമാണ്‌ രാധാകൃഷ്‌ണന്‍ പനയാല്‍ എഴുതുന്നത്‌. രാഗത്തിന്റെയും ശോകത്തിന്റെയും അറിവടയാളങ്ങളിലൂടെയുള്ള സഞ്ചാരമാണ്‌ രാധാകൃഷ്‌ണന്‌ കവിത. അന്തരാളത്തിലെ കനലെഴുത്ത്‌. പ്രണയമഴയുടെ നിറച്ചാര്‍ത്തെന്ന്‌ രാധാകൃഷ്‌ണന്‍ പനയാലിന്റെ മൊബൈല്‍ ചിലന്തികള്‍ എന്ന കാവ്യസമാഹാരത്തെ വിശേഷിപ്പിക്കാം. കത്തുന്ന കാലത്തില്‍ നിന്നും മഴയേറ്റ്‌, മധുതേടി, കണ്‌ഠം തുറന്നുപാടാന്‍ കൊതിക്കുന്ന ഒരു പക്ഷി ഈ പുസ്‌തകത്തിലെ കവിതകളിലുണ്ട്‌. ദാഹത്തിന്റെയും വേര്‍പാടിന്റെയും ധന്യതയുടെയും നിമിഷങ്ങളിലൂടെ ആ കിളി ചിറകുവിരിച്ച്‌ പറക്കുന്നു. ചേക്കേറാന്‍ കൊതിച്ച ചില്ലകളൊക്കെ അടര്‍ന്നു പോകുന്നു. ഇടം നഷ്‌ടപ്പെടുന്ന ജീവിതത്തിന്റെ വാമൊഴികളാണ്‌ മൊബൈല്‍ ചിലന്തിയിലെ കവിതകള്‍. മഴമുറുക്കി തുപ്പിയ ചെമ്മണ്‍പാതകളും മഞ്ഞുവീഴുന്ന ഡിസംബറും മാത്രമല്ല, എഴുത്തുകാരന്റെ കണ്ണില്‍നിറയുന്നത്‌. അച്ഛന്‍ പടിയിറങ്ങിയ കര്‍ക്കിടവും ഒന്നാം തിയതി എല്ലാം മറക്കുന്ന അധ്യാപകരും ഈ കൃതിയിലുണ്ട്‌. മഴനാരുപോലെ നിറഞ്ഞുപതയുന്ന പ്രണയം. ഉടഞ്ഞുപെയ്യുന്ന നിലവിളികള്‍ക്കും കാവ്യപഥികന്‍ ചെവികൊടുക്കുന്നു. കവിതയെഴുത്തിന്റെ ശാഠ്യങ്ങളില്ലായ്‌മയിലേക്ക്‌ വായനക്കാരെ നടത്തിക്കുകയാണ്‌ രാധാകൃഷ്‌ണന്‍ പനയാല്‍. കാലത്തിലേക്ക്‌ കണ്ണുതുറന്നു പിടിക്കുന്ന ഒരു ഒറ്റയാന്റെ തലയെടുപ്പ്‌ ഇതിലെ കവിതകള്‍ക്കുണ്ട്‌. രാധാകൃഷ്‌ണ്‍ എഴുതിയതുപോലെ: കാഴ്‌ച നഷ്‌ടമായപ്പോള്‍/ കരളറിയാതെ/ ഒരു നൊമ്പരം/ അടര്‍ന്നു വീണു/ മാപ്പ്‌- (പ്രണയാനന്തരം). സാമൂഹിക പരിസരത്തിന്റെ കിലുക്കം കേള്‍പ്പിക്കുന്ന കാവ്യസമാഹാരം.-(കൈരളി ബുക്‌സ്‌, കണ്ണൂര്‍. 35 രൂപ).

കവിയില്‍ നിന്നും ഉതിരുന്ന വേദനയാണ്‌ കവിത എന്നൊരു മുഖമൊഴിയോടെയാണ്‌ അശ്‌റഫ്‌ കല്ലോടിന്റെ ആളൊഴിഞ്ഞ ഇടവഴികള്‍ എന്ന കാവ്യപുസ്‌തകം ആരംഭിക്കുന്നത്‌. കവിത ബോധ്യപ്പെടുത്തലിന്റെ നക്ഷത്രദീപ്‌തിയായി അശ്‌റഫിന്റെ കവിതകളില്‍ നിറയുന്നു. ഏതോ ചില്ലയില്‍ നിന്ന്‌ അക്ഷരം കൊത്തിപ്പറക്കുന്ന പക്ഷിയെപ്പോലെയാണ്‌ എഴുത്തുകാര്‍. കവിയുടെ വാക്കില്‍ നിന്നും അഗ്നിപടരുമ്പോഴാണ്‌ എഴുത്തിന്റെ രസവിദ്യ പ്രതിഫലിപ്പിക്കുന്നത്‌. അശ്‌റഫ്‌ കല്ലോടിന്റെ ആളൊഴിഞ്ഞ ഇടവഴികള്‍ എന്ന പുസ്‌തകത്തില്‍ നാം അനുഭവിക്കുന്നതും മറ്റൊന്നല്ല. ബദ്ധപ്പാടിനിടയില്‍ ഒന്നിനും നേരമില്ലാതെ പോകുന്ന വര്‍ത്തമാനകാല ജീവിതം നോക്കി അശ്‌റഫ്‌ എഴുതുന്നു: നേരമില്ലൊന്നിനും/ നേരെയാവാനും-(നേരം എന്ന കവിത). ആകാശവും ഭൂമിയും തൊട്ടുനില്‍ക്കുന്ന കവിതകളാണ്‌ ഈ പുസ്‌തകത്തില്‍. അവതാരിക കുരീപ്പുഴ ശ്രീകുമാര്‍.-(ഓറഞ്ച്‌, കോഴിക്കോട്‌. 35 രൂപ)

ബ്ലോഗ്‌ കവിത
ബൂലോക കവിതാബ്ലോഗില്‍ വാഴയിലയെക്കുറിച്ചാണ്‌ മനോജ്‌ കാട്ടാമ്പള്ളി എഴുതിയത്‌.ഏറെനാള്‍അഴുക്കു നനഞ്ഞഒരില മതിപ്രണയത്താല്‍ പാളിയെരിയുംഎനിക്കിങ്ങനെനിവര്‍ന്നു വീഴാന്‍.
ഉരുകി വാടുമെന്നറിഞ്ഞിട്ടും
എത്ര ശക്തമായിമേനിയിലൊട്ടുന്നു
തണുപ്പിന്റെചതുങ്ങിയ
കയ്യൊപ്പുകള്‍.- പ്രണയത്തിന്റെ പാഠപുസ്‌തകത്തില്‍ ദുരിതത്തിന്റെ കയ്യൊപ്പു പതിയുന്നതും കവി കാണുന്നു. കവിത കാഴ്‌ചയ്‌ക്കുമപ്പുറത്തേക്ക്‌ നീണ്ടു ചെല്ലുന്നു.

കവിമൊഴി
ഓരോ കവിതയുടെ ബോധ്യപ്പെടുത്തലിന്റെ ചെറുതുള്ളികളായി നമ്മള്‍ക്ക്‌ അനുഭവപ്പെടുന്നു. ചെറു സസ്യങ്ങള്‍ പ്രകാശവും സുഗന്ധവും പരത്തിനില്‍ക്കുന്ന വഴിയാണ്‌ കവിക്ക്‌ ഇഷ്‌ടം.-കുരീപ്പുഴ ശ്രീകുമാര്‍.- നിബ്ബ്‌ ചന്ദ്രിക,6-12-2009