``കണ്ടാണിശ്ശേരിക്കാരെ മറ്റുള്ളവര്‍ക്ക് ഭയമാണ്. അവര്‍ കണ്ടത് പറയും''- സ്വന്തം തട്ടകത്തെപ്പറ്റി കോവിലന് പറഞ്ഞതിങ്ങനെയായിരുന്നു. കണ്ടാണിശ്ശേരിയെപ്പറ്റി കവി കെ. ജി. ശങ്കരപ്പിള്ളയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കോവിലന്. കണ്ടാല്‍ ശരി പറയുന്നവരുടെ നാടെന്നാണ് കോവിലന്റെ വ്യാഖ്യാനം. സ്വകാര്യ സംഭാഷണത്തിലും അഭിമുഖങ്ങളിലും മാത്രമല്ല, കോവിലന്റെ എഴുത്തിലും നിറഞ്ഞുനില്ക്കുന്നത് തുറന്നുപറച്ചിലിന്റെ കരുത്താണ്.
എല്ലുറപ്പുള്ള വാക്കുകളുടെ കാമുകനായിരുന്നു കോവിലന്. മലയാളകഥയില്‍ തന്റേടിത്തത്തിന്റെ ശബ്ദം കേള്‍പ്പിച്ച എഴുത്തുകാരന്.പട്ടാളക്കഥകളെന്ന് പേരിട്ടു വിളിക്കുമ്പോഴും കോവിലന് പറഞ്ഞത് പച്ചയായ മനുഷ്യന്റെ വേവലാതികളാണ്. ഒടുങ്ങാത്ത വിശപ്പിന്റെ വെല്ലുവിളികള്‍. തിളച്ചുമറിയുന്ന മനസ്സുകളും കലങ്ങിയ കണ്ണുകളും ഉശിരിന്റെ ശരീരഭാഷയും കൊണ്ട് കൂടെനില്‍ക്കുന്നവര്‍ക്ക് ആത്മധൈര്യം നല്കുന്ന പട്ടാളക്കാരന്. അയാള്‍ അകമെരിയുമ്പോഴും പ്രസന്നത കൈവെടിയുന്നില്ല. അനുഭവത്തിന്റെ ഭൂഖണ്ഡമാണ് ഈ കഥാകൃത്ത് രേഖപ്പെടുത്തിയത്.പ്രായം കൊണ്ട് മുമ്പെനാണെങ്കിലും കഥയെഴുത്തില്‍ കോവിലന് മലയാളത്തിലെ ആധുനികരോടൊപ്പമാണ് നിലയുറപ്പിച്ചത്. സ്വത്വാവബോധവും അസ്തിത്വപ്രശ്നവും കേരളത്തിന്റെ ഭൂമികയിലൂന്നി ചര്‍ച്ച ചെയ്ത കഥപറച്ചിലുകാരന്. യാഥാര്‍ത്ഥ്യത്തിന്റെ തീക്ഷ്ണതയില്‍ കാല്പനികതയെ തൊഴിച്ചകറ്റാനും കോവിലന് മടികാണിച്ചില്ല.
മനുഷ്യരോദനത്തിന്റെയും ആത്മസംഘര്‍ഷങ്ങളുടെയും ഗോത്രസംസ്കൃതിയുടെയും പട്ടിണിയുടെയും കഥകളാണ് കോവിലന് എഴുതിയത്. മുനകൂര്‍ത്ത വാക്കുകളും വജ്രസമാനമായ ആവിഷ്കാരശൈലിയും കോവിലന്റെ രചനകളെ വേറിട്ടു നിര്‍ത്തുന്നു. നടപ്പുവായനാ രീതികളോട് കോവിലന്റെ രചനകള്‍ കലഹിച്ചുകൊണ്ടിരുന്നു. ഒരു കഷ്ണം അസ്ഥി പോലുള്ള കോവിലന്റെ കൃതികള്‍ മലയാളകഥയില്‍ ജീവിതത്തിന്റെ കറുപ്പും വെളുപ്പും ശക്തമായി അടയാളപ്പെടുത്തി. ധ്വന്യാത്മകമായ ഭാഷയും ചെറു വാക്കുകളും ഇഴചേര്‍ത്ത് കോവിലന് വരച്ചെടുത്ത ജീവിതത്തിന്റെ തട്ടകങ്ങള്‍ വായനക്കാരുടെ മനസ്സില്‍ നിന്നു മാഞ്ഞുപോകുന്നില്ല.
ബോധധാരാ സങ്കേതത്തിന്റെയും മാജിക്കല്‍ റിയലിസത്തിന്റെയും സങ്കലനം കോവിലന്റെ രചനകളിലുണ്ട്. തോറ്റങ്ങള്‍, ഭരതന്, ഏഴാമിടങ്ങള്‍, ഹിമാലയം തുടങ്ങിയ കൃതികള്‍ നോവല്‍ശില്പത്തിന്റെയും കലയുടെയും തിരുത്തിയെഴുത്തുകളാണ്. ``എനിക്ക് എന്റെ ഏകാന്തതയില്‍ എഴുതണം, എങ്കിലേ സംഗീതം വരൂ''- എന്നിങ്ങനെ എഴുത്തൊരുക്കത്തിന്റെ പ്രകൃതി വ്യക്തമാക്കിയ കോവിലന്റെ തട്ടകം അനുഭവപ്പെടുത്തുന്നതും മറ്റൊന്നല്ല. ഓര്‍മ്മയുടെ കോള്‍വരമ്പ് പൊട്ടുമ്പോള്‍ തോറ്റങ്ങളിലെ ഉണ്ണിമോള് ചേന്നന് മകന് ചേന്നപ്പനെ പുതിയ കാഴ്ചയിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. ഒരര്‍ത്ഥത്തില്‍ സ്ത്രീശാക്തീകരണവും പ്രതിരോധവുമാണ് തോറ്റങ്ങളിലൂടെ കോവിലന് കേള്‍പ്പിച്ചത്.മലയാളത്തിലെ പട്ടാളക്കഥകളുടെ അമരക്കാരനായ കോവിലന് പ്രവാസത്തിന്റെ ഉള്ളുരുക്കങ്ങള്‍ എഴുതി നിറയുമ്പോഴും നിശ്ചയദാര്‍ഢ്യത്തിന്റെയും അതിജീവനത്തിന്റെയും കനലെരിച്ചല്‍ അനുഭവപ്പെടുത്തി.
ഹിമാലയവും ഏ മൈനസ് ബിയും പട്ടാളക്കാരന്റെ ഹൃദയ മന്ത്രധ്വനികളാണ്. അതിര്‍ത്തിയിലെ നീറിപ്പുകയുന്ന മനസ്സുകളാണ്. കോവിലന്റെ മനുഷ്യനും പട്ടിയുമെല്ലാം ദൈന്യത കൂടെ വഹിക്കുന്നവരാണ്. അവര്‍ക്ക് എല്ലിന് തുണ്ടുപോലും വിശപ്പു മാറ്റാനുള്ളതാണ്. വിശപ്പിന്റെ നിലവിളികളാണ് കോവിലന്റെ കഥകളും നോവലുകളും. ജീവിതത്തിന്റെ അനാഥത്വം പേറിനടക്കുമ്പോഴും ലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കുന്നവരല്ല കോവിലന്റെ കഥാപാത്രങ്ങള്‍. അവര്‍ അനുസരണക്കേടിന്റെ താഴ്വാരങ്ങളില് ഇറങ്ങി നില്‍ക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ സമഗ്രദര്‍ശനവും കൂടെ നിര്‍ത്തുന്നു. മലയാളത്തിന്റെ മണവും കരുത്തും പകര്‍ന്ന കോവിലനും അദ്ദേഹത്തിന്റെ രചനകളും എഴുത്തിലെ കലാപമായും ചൊടിപ്പിച്ചുണര്‍ത്തുന്ന സൗന്ദര്യബോധമായും നിലനില്ക്കുകതന്നെ ചെയ്യും.