Wednesday, September 30, 2009

അക്ഷരങ്ങള്‍ പോകുന്നിടം


ക്യാമറയുടെ ഭാഷ.ഫെര്‍ണോ ഒരു സാധ്യതയാണ്‌. ഹിമപര്‍വ്വത പിളര്‍പ്പില്‍ അകപ്പെട്ടുപോയവന്റെ വിഹ്വലതകളാണ്‌ അയാളുടെ കുട്ടിക്കാലത്തിന്‌. മഴനനയുന്ന, ഇരുണ്ട സന്ധ്യകള്‍. നെഞ്ചെരിഞ്ഞു തേങ്ങുന്ന കുട്ടിക്കാലത്തിന്റെ ദൃശ്യപഥങ്ങളില്‍ നിന്നാണ്‌ നാം കണ്ടു തുടങ്ങുന്നത്‌.നിങ്ങള്‍ നോവല്‍ വായിക്കുകയല്ല. ക്യാമറയുടെ ഭാഷ കാണുകയാണ്‌. ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക്‌ എന്നോടുതന്നെ വലിയ സത്യസന്ധത കാണിക്കേണ്ടതുണ്ട്‌. ഞാനുണ്ടാക്കുന്ന സിനിമയില്‍ ഞാന്‍ അനുഭവിച്ച ജീവിതം തിരിച്ചറിയാന്‍ കഴിയണമെന്നു മാത്രമല്ല, എന്റെ പ്രേക്ഷകരെ അത്‌ അനുഭവിപ്പിക്കണമെന്നും എനിക്ക്‌ നിര്‍ബന്ധമുണ്ട്‌.- ഇത്‌ വി. ആര്‍. സുധീഷിന്റെ വിധേയം എന്ന ലഘുനോവലിലെ ഒരു സന്ദര്‍ഭം. എഴുതുന്ന വിഷയം വായനക്കാരുടെ മനസ്സില്‍ പതിയണമെന്ന ആഗ്രഹം മലയാളത്തിലെ എത്ര കവികള്‍ക്കുണ്ട്‌? ഇത്തരമൊരു ചിന്ത ഒട്ടുമിക്ക എഴുത്തുകാര്‍ക്കുമില്ല. സൗന്ദര്യബോധത്തിന്റെ വെളിപാടിലേക്ക്‌ എത്താന്‍ കഴിയാത്തവിധം നമ്മുടെ കവികള്‍ കടുത്ത യുക്തിയുടെ ശാഠ്യങ്ങളില്‍ അകപ്പെട്ടിരിക്കുന്നു. അത്‌ പച്ചിലകളിലും ദര്‍ഭപ്പുല്ലിലും പരിഹരിക്കാന്‍ കഴിയില്ല. വന്യമായ നോവിന്റെ ഇളകിയാടലിലാണ്‌ കവിതയുടെ വ്യത്യസ്‌തമാനം തെളിയുന്നത്‌. പുതിയ കവിതയുടെ ഈയൊരു വിതാനത്തിലെത്താന്‍ മലയാളത്തിലെ പുതുകവിതകള്‍ക്ക്‌ സാധിക്കുന്നില്ല. നക്ഷത്രങ്ങളെ വിതാനിച്ചുകൊണ്ടുള്ള കവിതയെന്ന്‌ പേരിട്ടുവിളിക്കാന്‍ സാധിക്കുന്ന കുറെ രചനകളുമായി കഴിഞ്ഞവാരം ആനുകാലികങ്ങളെത്തി. ഗിരീഷ്‌ പുത്തഞ്ചേരി കഠിനോപനിഷത്ത്‌ എന്ന രചനയില്‍ എഴുതി: അഭിശാപജാതകത്തിന്റെ/ ചിതലരിച്ച പനയോലമേല്‍/ ഗണിതം തെറ്റിപ്പോയൊരു/ ജീവിതത്തിന്റെ ഫലിതം/ പേര്‍ത്തെടുക്കുന്ന ഞാനോ- (മലയാളം വാരിക, ഒക്‌ടോ.2). തിരക്കഥയിലും പാട്ടുകളിലും മാത്രമല്ല, കവിതയിലും ഗിരീഷിന്റെ അഭിശാപജാതക ചിന്ത ഒഴിയുന്നില്ല. എരിക്കിന്‍പൂക്കള്‍ എന്ന കവിതയില്‍ ലക്ഷ്‌മി ദേവി പറയുന്നു: കരളിന്റെ മുറിവിന്റെ പിളരുന്ന നോവിനെ/ തറയോടു പാകി ഞാന്‍ മൂടി/ അതിലൂടെയെങ്കിലുംമൊലിച്ചിറങ്ങുന്നെന്റെ/ കടലാസിലേക്കിറ്റു രുധിരം, വിങ്ങി/ യെരിയുന്ന ഹൃത്തിന്റെ മധുരം- (കലാകൗമുദി 1778). അയ്യപ്പപ്പണിക്കര്‍ ഈ കവിത വായിക്കാന്‍ ഇടവരാത്തത്‌ നന്നായി. രാത്രികള്‍ പകലുകള്‍ ഒരാവര്‍ത്തി വായിക്കാന്‍ പ്രചോദനമാകട്ടെ.

സച്ചിദാനന്ദന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പനി എഴുതിയിട്ടും കേരളത്തില്‍ പനി വ്യാപാരം തുടരുന്നു. പിന്നെന്തിന്‌ രാഘവന്‍ അത്തോളി എഴുതാതിരിക്കണം? സ്‌തുതിപാടുക നാം സ്‌തുതി പാടുക (അയ്യപ്പപ്പണിക്കരോട്‌ കടപ്പാട്‌). രാഘവന്‍ അത്തോളിയുടെ പനികള്‍ സമകാലീനപനികളെല്ലാം വിവരിക്കുന്നു: രാഷ്‌ട്രീയ ദുഷ്‌ടലാക്കു പനികളാകുന്നു/ വംശവെറികളും പനികളാകുന്നു/ മഴകളൊക്കെയും പനികളാകുന്നു/ ഉദയസൂര്യനും ഉദിക്കുന്ന ചന്ദ്രനും/ ഇദയരാഗവും പനികളാകുന്നു/ പനികളൊക്കെയും ശനികളാകുന്നു- (കലാകൗമുദി 1778). ഉറങ്ങുന്ന സുന്ദരി എന്ന വി. എം. ഗിരിജയുടെ കവിതയ്‌ക്ക്‌ മൂന്നുഖണ്‌ഡങ്ങളുണ്ട്‌. ഉറങ്ങുന്ന സുന്ദരി, ഉറങ്ങുന്ന സുന്ദരി കുട്ടികള്‍, അഹല്യ എന്നിവ. അഹല്യയില്‍ ഗിരിജ എഴുതി: ഇല്ല പറയുവാന്‍, ഒന്നു തലോടുവാന്‍/ ഇല്ലാ പരസ്‌പരമൊന്നും/ എന്തിനു പിന്നെയുണര്‍ത്തി, നീയാശ്രമ/ മണ്ണില്‍പ്പറിച്ചുനടാനോ- (മാതൃഭൂമി, ഒക്‌ടോ.4). ഗിരിജയുടെ ചോദ്യമുന രാമന്മാരുടെ മനസ്സ്‌ തുറപ്പിക്കുമെന്ന്‌ പ്രതീക്ഷിക്കാം.യോഗമുദ്രയില്‍ രജനി ആന്‍ഡ്രൂസ്‌: കാലം വിസ്‌തൃതപ്പാത/ ഇറങ്ങേണ്ടിടം പറയാതെ/ നീണ്ടു തരുന്നൂ മുന്നിലേക്ക്‌.- (മാതൃഭൂമി). എന്നിട്ടും ജീവിതം നീണ്ടുപോകുന്നു. തോര്‍ച്ച മാസികയുടെ സപ്‌തംബര്‍ ലക്കത്തില്‍ നിന്നും: മഷി നിറച്ചു വരുമ്പോഴേക്കും/ നീലനിറമുള്ള നിശ്വാസങ്ങള്‍ക്ക്‌/ ലീക്കടിക്കാന്‍ തുടങ്ങിയിരിക്കും- (അജിതന്‍ ചിറ്റാട്ടുകര). എസ്‌. ജോസഫ്‌: എലിയെ പിന്തുടര്‍ന്ന്‌ ഗോവണി/ കേറിപ്പോയ കണ്ണുകള്‍/ ഓടിട്ട മേല്‍ക്കൂരയില്‍/ പുക കേറുക മൂലം/ ചെമ്പിച്ച നിറം കൊണ്ട ചില്ലിലെ/ ചന്ദ്രനെത്തട്ടി നിന്നു. എഴുത്ത്‌ എന്ന രചനയില്‍ രോഷ്‌നി സ്വപ്‌ന എഴുതി: പറഞ്ഞുതീരും മുമ്പ്‌/ കണ്ണടയും/ അടഞ്ഞുതീരും മുമ്പ്‌/ ഉള്ളതും ഇല്ലാത്തതും/ ഒക്കെക്കൂടിയ/ ഒരു തണുത്ത മൗനം മൂടും. പുതുകവിതയുടെ കരുത്ത്‌ തിരിച്ചറിയാന്‍ വിമുഖതകാണിക്കുന്ന രാജേന്ദ്രന്‍ എടത്തുംകരയ്‌ക്കുള്ള(മലയാളം വാരിക-ലേഖനം) മറുപടി തോര്‍ച്ചയിലുണ്ട്‌. നിരൂപകന്‍ വരയ്‌ക്കുന്ന കള്ളിയില്‍ എഴുതുന്നവരല്ല എഴുത്തുകാര്‍. നിരൂപകരെ അധികവായനയിലേക്ക്‌ നടത്തിക്കുന്നവരാണ്‌. പതിരുകള്‍ പുതിയകാലത്തു മാത്രമല്ല, ടി. പത്മനാഭന്‍ കവിത വായിച്ചുശീലിച്ച സംശുദ്ധതയുടെ ശോഭനകാലത്തും ഉണ്ടായിരുന്നു. കാലം തന്നെ കളപറിക്കുമ്പോള്‍ നിരൂപകനെന്തു ജോലി? ഉത്തരം ലളിതം- സ്വന്തമായൊരു സൗന്ദര്യബോധം. കെ. പി. അപ്പന്റെ വാക്കുകള്‍: പുതുതായി എന്തെങ്കിലും പറയാനില്ലെങ്കില്‍ ഞാന്‍ എഴുതുകയില്ല. ശൂന്യമായ പെട്ടി തുറന്നു കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.- (വരകളും വര്‍ണ്ണങ്ങളും).കവിതാപുസ്‌തകം: സഹനം കണ്ട വിറകുകൊള്ളികള്‍ നീറി നീറി തേങ്ങുന്നതിന്റെ ഒച്ചനക്കമാണ്‌ സക്കീര്‍ഹുസൈന്‍ എന്ന എഴുത്തുകാരന്‍ കേള്‍പ്പിക്കുന്നത്‌. എവിടെനിന്നും എപ്പോഴും ഉയരുന്ന തന്റെ കൈകളില്‍ ജീവനുള്ള കവിതയുണ്ടെന്ന്‌ ആത്മവിശ്വാസത്തോടെ വിളിച്ചു പറയുന്നു കവി. മുപ്പത്തിയഞ്ച്‌ കവിതകളുടെ സമാഹാരത്തിന്‌ അക്ഷരങ്ങള്‍ പോകുന്നിടം എന്നാണ്‌ സക്കീര്‍ ഹുസൈന്‍ പേരിട്ടുവിളിച്ചത്‌. ജെ. ആര്‍. പ്രസാദിന്റെ കവിതപറയുന്ന ചിത്രങ്ങളും സക്കീറിന്റെ വരികളുടെ ആഴം അനുഭവപ്പെടുത്തുന്നു. കാഴ്‌ചകള്‍ക്കപ്പുറത്തേക്ക്‌ വായനക്കാരെ നടത്തിക്കുന്ന കവിതകള്‍. പി. കെ. ഗോപി അവതാരികയില്‍: ഭാഷയില്‍ എവിടെയും കുഴിച്ചു നോക്കുക, കവിത കിട്ടും. പക്ഷേ, ജീവിതത്തിന്റെ നന്മയിലും നൈര്‍മല്യത്തിലും വിശ്വാസമുണ്ടാകണമെന്നുമാത്രം. ജീവിത്തിലുള്ള ആത്മവിശ്വാസമാണ്‌ സക്കീറിന്റെ കവിതകളുടെ കരുത്ത്‌- (ഒലിവ്‌, 40രൂപ). ബ്ലോഗ്‌കവിത: ബൂലോകകവിതാ ബ്ലോഗില്‍ നിന്നും രണ്ടുകവിതകള്‍. ഹരീഷ്‌ കീഴാവൂര്‍ എഴുതുന്നു: വെയിലും/ മഴയും/ പിന്നെ കണ്ടവന്റെ/ കണ്ണേറും കൊണ്ട്‌/ നല്ലതാകാതിരിക്കാനായി/ ചീത്തകളെ/ നമ്മള്‍ പൊതിഞ്ഞ്‌/ പിടിക്കുന്നത്‌. കാവ്യാന്ത്യത്തില്‍ ഹരീഷ്‌ ചോദിക്കുന്നു: കവിതയൊരു മുഴുത്ത ചീത്തയാകുമോ?. വി. മോഹനകൃഷ്‌ണന്‍: ഞാന്‍ തൊലിയടര്‍ത്തി നോക്കി/ അപ്പോള്‍ ഉള്ളികള്‍ പറഞ്ഞു/ അടര്‍ന്ന തൊലികളാണ്‌/ ഞങ്ങളുടെ അര്‍ത്ഥം. പുതുകവിതാ ബ്ലോഗില്‍ ടി. എ. ശശിയുടെ കവിതയില്‍ നിന്നും: ഒരിടത്ത്‌ കാറ്റിന്‍/ ശിഷ്‌ടമുണ്ടോ/ ഒരുപിടി മണ്ണില്‍/ അതില്‍ ധൂളിയായ്‌/ തരികളായ്‌ തീര്‍ന്ന/ ശവശിഷ്‌ടം പോലെ.നീഹാരി ബ്ലോഗില്‍ മഹി എഴുതുന്നു: കടലാസുകളില്‍ അവര്‍ പറയുന്നു/ അവര്‍ നിങ്ങളുടെ മിത്രങ്ങളാണെന്ന്‌/ അവര്‍ നിങ്ങള്‍ക്കായി സമാധാനം/ കൊണ്ടുവരുമെന്ന്‌/ ചരിത്രത്തിന്റെ ഓരോ വയലുകളിലും/ അമര്‍ന്ന്‌ നിശബ്‌ദമാവുന്നതിനെക്കുറിച്ച്‌/ നിങ്ങളെക്കാള്‍ നന്നായി ആരറിയാനാണ്‌?- (ആരറിയാനാണ്‌). തര്‍ജ്ജനിയില്‍ നവീന്‍ ജോര്‍ജ്ജ്‌: മരത്തെ ഓക്കാനിച്ചു/ കളയുന്നതിന്റെ ഒരു പാട്‌/ ഇല്ലെങ്കില്‍/ മരം തള്ളുന്നതിന്‌/മരം മണക്കുന്നതിന്‌/ പഴി കേട്ടെന്നു വരും!- (മരം കയറ്റവും മറ്റും.)-നിബ്ബ്‌ 4-10-2009

Friday, September 25, 2009

കഥ: ആയുസ്സിന്റെ അടയാളം

അന്തൂക്ക പെന്‍സില്‍പോലെ മെലിഞ്ഞ ഒരു ചെറുപ്പക്കാരനേയും കൂട്ടി എന്നെ കാണാന്‍ വന്നു. വ്‌ന്റെ നിക്കാഹാണ്‌. പ്രഫസര്‍ ഇവനെ ഒന്നു തടിപ്പിച്ചു തരണം. ഇങ്ങനെയുള്ളവര്‍ക്ക്‌ കോര്‍ട്ടിസോണ്‍ കൊടുത്താല്‍ പെട്ടെന്ന്‌ തടി വെയ്‌ക്കും. കോര്‍ട്ടിസോണ്‍ കൊടുക്കാന്‍ പാടില്ലാത്തതാണ്‌. ചെറുപ്പക്കാരന്റെ നിക്കാഹിന്‌ അധികം മാസങ്ങളുമില്ല. പുതുമാപ്ലയായ താന്‍ ഇത്തിരി മസിലോ, തടിയോ കൊതിച്ചുപോയതില്‍ തെറ്റുണ്ടോ എന്ന ഭാവത്തില്‍ ചെറുപ്പക്കാരന്‍ നോക്കിയതോടെ എന്റെ മനസ്സലിഞ്ഞു. ഞാന്‍ കോര്‍ട്ടിസോണ്‍ ഗുളികകള്‍ കുറിച്ചു കൊടുത്തു.മൂന്നാനാലു മാസങ്ങള്‍ കൊണ്ടു കോര്‍ട്ടിസോണ്‍ പണിപറ്റിച്ചു. പുയ്യാപ്ല കൊഴുത്തുതടിച്ചു. ഇംഗ്ലീഷ്‌ സിനിമകളിലെ നായകന്മാരെപ്പോലെയായി. ഈ ഗുട്ടന്‍സും കൊള്ളാമല്ലോ. അപ്പോഴാണ്‌ മെലിഞ്ഞിരിക്കുന്നതിനാല്‍ നിക്കാഹ്‌ ശരിയാകാതിരുന്ന കുറെ പെണ്ണുങ്ങളുടെ മുഖങ്ങള്‍ അന്തൂക്കയുടെ മുന്നിലൂടെ ഫാസ്റ്റ്‌ ഫോര്‍വേര്‍ഡ്‌ അടിച്ചു പോയത്‌. അന്തൂക്ക പ്രശ്‌നത്തിലിടപ്പെട്ടു. കോര്‍ട്ടിസോണ്‍ ഗുളികകള്‍ ഡോക്‌ടറുടെ കുറിപ്പടി പ്രകാരമേ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന്‌ കിട്ടൂ.അന്തൂക്കയുടെ മെഡിക്കല്‍ സ്വാധീനം അതിനെയൊക്കെ നിഷ്‌പ്രഭമാക്കി. 1 പോലെയിരുന്ന പെണ്ണുങ്ങള്‍ ഠ പോലെ തടിച്ചു. ദേഹമൊക്കെ നന്നാക്കി. അവര്‍ കല്യാണബ്രോക്കര്‍മാരുടെ നോട്ടപ്പുള്ളികളായി പരിലസിച്ചു. നാട്ടില്‍ അന്തൂക്കയുടെ ജനപ്രീതി കുത്തനെ ഉയര്‍ന്നു- ഇത്‌ ഡോ. സി.കെ. രാമചന്ദ്രന്റെ അലിവുള്ള അന്തൂക്ക എന്ന ലേഖനത്തില്‍ നിന്ന്‌. ചികിത്സിച്ചും ചിരിച്ചും (മനോരമ) പോകുന്ന മനോധര്‍മ്മവും ചികിത്സാ വഴക്കവുമുള്ള ഒരു ഡോക്‌ടറുടെ വിവരണം. കഥയിലൂടെ കാര്യം പറച്ചിലിന്റെ ചാരുതയും ഹൃദ്യതയും ഡോ. സി. കെ. രാമചന്ദ്രന്റെ ലേഖനത്തില്‍ പതിഞ്ഞുനില്‍പുണ്ട്‌. പറച്ചിലിന്റെ ഈ ലാളിത്യവും സംവേദനക്ഷമതയും ഒത്തിണങ്ങിയ എത്ര കഥകളും കഥാകാരന്മാരും മലയാളത്തിലുണ്ട്‌. പ്രശസ്‌ത കഥാകൃത്ത്‌ ടി. പത്മനാഭന്‍ മുതല്‍ തനൂജ വരെയുള്ളവരുടെ ലിസ്റ്റ്‌ തയ്യാറാക്കിയാല്‍ അവരുടെ എണ്ണം രണ്ടു കൈവിരലില്‍ എണ്ണിത്തീര്‍ക്കാവുന്നതേയുള്ളൂ. മലയാളകഥയുടെ പുതിയ വഴി അത്രമാത്രം ശോഭനമല്ലെന്നാണ്‌ കഴിഞ്ഞമാസത്തെ ആനുകാലികങ്ങള്‍ നല്‍കുന്ന വായനാനുഭവം. ഭേദപ്പെട്ടവ ചികഞ്ഞെടുക്കുമ്പോള്‍ വായനയില്‍ തങ്ങിനില്‍ക്കുന്ന കുറച്ചു കഥയും കഥാകൃത്തുക്കളും ആശ്വാസമാകുന്നു. ഓണപ്പതിപ്പുകളില്‍ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നവയില്‍ ചിലത്‌. എന്‍. എസ്‌. മാധവന്‍ മനോരമ വാര്‍ഷികത്തില്‍ എഴുതിയ കടപ്പുറത്ത്‌ ഒരു സായാഹ്നം പറയുന്നത്‌ ഭീകരതയുടെ പിന്നാമ്പുറമാണ്‌. കഥാകാരന്‍ എഴുതി: ദൂരം ഞങ്ങളെ വല്ലാതെ അകറ്റിക്കഴിഞ്ഞു വെന്ന്‌ എനിക്ക്‌ ആദ്യമായി തോന്നി. അല്ലെങ്കിലും ദൂരത്തിന്റെ ധര്‍മ്മം അകറ്റുക എന്നല്ലേ? എന്റെ കണ്ണു നിറയുന്നത്‌ കണ്ട്‌ സൈറ എന്നോടു ചേര്‍ന്നിരുന്നു.- കടല്‍ക്കരയില്‍ നിന്നും കുട്ടികളുടെ ഭാവമാറ്റത്തിലേക്ക്‌ കണ്ണോടിക്കുന്ന കുടുംബം. പരസ്‌പരം അപരിചിതരായി മാറുന്ന തലമുറയുടെ ചിത്രമാണ്‌ എന്‍. എസ്‌. മാധവന്‍ അടയാളപ്പെടുത്തിയത്‌. കഥ കാലിക വിഷയത്തിലേക്ക്‌ ശക്തമായി തിരിച്ചുവരികയാണ്‌.ഭീകരതയും വിധ്വംസക പ്രവര്‍ത്തനങ്ങളുമാണ്‌ മലയാളകഥയുടെ പുതിയമുഖം എഴുതിനിറയുന്നത്‌. മാധ്യമം വാര്‍ഷികപതിപ്പില്‍ കെ. രേഖ എഴുതിയ കാലാകില്ല എന്ന കഥയും സൂചിപ്പിക്കുന്നത്‌ മറ്റൊന്നല്ല. കഥാകാരി പറയുന്നു: പ്രതികാരം ഒരു വലിയ തമാശയാണ്‌. ബി. കെ. ജയ്‌നിനെ വീഴ്‌ത്തുക അജയനെ സംബന്ധിച്ച്‌ അത്ര പ്രയാസമുള്ള സംഗതിയല്ല. പിഴച്ചു പോകുന്ന ചില കണക്കുകള്‍.- വിഷയം മുംബൈ സ്‌ഫോടനം തന്നെ. ഇരുട്ടിന്റെ ചരിത്രമുറങ്ങുന്ന കാലാകില്ലകള്‍. അയാള്‍ നടത്തത്തിന്റെ വേഗത കൂട്ടി. പലരും ഈ വേഗതയ്‌ക്ക്‌ ആക്കം കൂട്ടിക്കൊണ്ടിരിക്കുന്ന വിഷമവൃത്തത്തിലേക്കാണ്‌ കഥാകാരി വായനക്കാരുടെ ശ്രദ്ധക്ഷണിക്കുന്നത്‌.ഭീകരതയും കൊലപാതകവും മാത്രമല്ല, എല്ലാ ബഹളത്തിനുമപ്പുറം ഒറ്റപ്പെടുന്ന മനുഷ്യരുടെ ആത്മരോദനവും കഥ കേള്‍പ്പിക്കുന്നുണ്ട്‌. പെരുമ്പടവം ശ്രീധരന്‍ മാധ്യമം വാര്‍ഷികത്തിലെഴുതിയ ഘനശ്യാമം എന്ന കഥ നോക്കുക: വീടു പൂട്ടിയിറങ്ങുമ്പോള്‍ അയാള്‍ക്കുതോന്നി. താന്‍ ജീവിതത്തില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയാണെന്ന്‌. എല്ലാ ബന്ധങ്ങളും നഷ്‌ടപ്പെട്ട്‌ തികച്ചും ഏകാകിയായി തീര്‍ന്നതിന്റെ വ്യസനം അയാള്‍ക്ക്‌ സഹിക്കാവുന്നതിലുമപ്പുറമായിരുന്നു... എന്നിങ്ങനെ പെരുമ്പടവം കഥ പറഞ്ഞു തുടങ്ങുന്നു. നഗരത്തിന്റെ ഒഴുകിപ്പരപ്പില്‍ സ്വയം തിരിച്ചറിയാന്‍ സാധിക്കാത്തവന്റെ നിലവിളിയിലാണ്‌ ഈ കഥ അവസാനിക്കുന്നത്‌.- നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലൂടെ അയാള്‍ കിഴവനെ അന്വേഷിച്ചു നടന്നു. ഒരു സംശയവും ഒരു ചോദ്യവും കൊണ്ട്‌. ആത്മാലാപത്തിന്റെ മഞ്ഞുവീഴ്‌ചയാണ്‌ ഈ കഥ.പാരിസ്ഥിതിക പ്രശ്‌നത്തിലേക്കും ഫ്‌ളാറ്റ്‌ ജീവിതത്തിന്റെ അസഹ്യതയിലേക്കും വാതില്‍ തുറന്നിടുന്ന രണ്ടു കഥകള്‍. സിത്താര. എസ്‌ മാധ്യമം വാര്‍ഷികത്തിലെഴുതിയ ഭൂമിയുടെ അവകാശികള്‍ എന്ന രചന പേരുകൊണ്ട്‌ ബഷീറിനെ കൂടെനടത്തുന്നുണ്ട്‌. പക്ഷേ, വിഷയാവതരണത്തില്‍ സിത്താര പ്രകടിപ്പിക്കുന്ന വൈദഗ്‌ധ്യം മലയാളകഥയുടെ കരുത്ത്‌ വ്യക്തമാക്കുന്നു. കഥയിലൊരിടത്ത്‌ നിന്നും: വലിയൊരു മീനിനെപ്പോലെ ഞാനും ഒഴിഞ്ഞ മനസ്സോടെ, ബാലന്‍സില്ലാതെ, ചേറില്‍ പുതഞ്ഞു നിന്നു. എനിക്കൊഴിച്ച്‌ മറ്റെല്ലാര്‍ക്കും അവകാശമുള്ള മണ്ണ്‌. എന്റെ കാലുകള്‍ക്കിടയില്‍ നിന്നും കുത്തിയൊലിച്ചുപോയി. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ (സപ്‌തം.27) സുസ്‌മേഷ്‌ ചന്ത്രോത്ത്‌ എഴുതിയ കഥയിലും വിഷയം ആധുനികജീവിതത്തിന്റെ പരിച്ഛേദമാണ്‌. സുസ്‌മേഷ്‌ എഴുതി: കൊറേ മരങ്ങളൊക്കെ നില്‍ക്കുന്ന സ്ഥലമാ. വെലയല്ല. ആ മരങ്ങളൊക്കെ സംരക്ഷിക്കപ്പെടണമെന്നാ അതിന്റെ ഉടസ്ഥര്‍ക്ക്‌. അരവിന്ദാക്ഷനാവുമ്പോ അതൊന്നും വെട്ടിമുറിക്കുകേലല്ലോ- ഞാനൊന്നും പറഞ്ഞില്ല. രാജന്‍പിള്ളയോട്‌ സുമന എന്തൊക്കെയോ ആവേശത്തോടെ സംസാരിക്കുന്നുണ്ട്‌. ചെമ്പകപുഷ്‌പസുവാസിതയാമം മൂളിക്കൊണ്ട്‌ ഞാന്‍ കഴുത്തുപൊക്കി നോക്കി. ഏഴാംനിലയില്‍ നിന്ന്‌ ഇലകള്‍ താഴേക്കു നോക്കി തലയാട്ടുന്നു - (ഹരിതമോഹനം). ഒരു സിനിമയിലെന്നപോലെ മാറുന്ന കാലത്തിന്റെ മുഖത്തെഴുത്താണ്‌ ഈ കഥ. യുവകഥയെഴുത്തുകാരുടെ കാര്‍ക്കശ്യവും ആവിഷ്‌ക്കാരത്തിന്റെ സൗന്ദര്യവും ഒത്തിണങ്ങിയ കഥയും കഥപറച്ചിലും.ചന്ദ്രമതിക്കും ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിനും പറയാനുള്ളത്‌ മറ്റൊന്ന്‌. ചന്ദ്രമതി പേന വീടകത്തിലേക്ക്‌ തിരിച്ചുപിടിക്കുന്നു. മനോരമ വാര്‍ഷികത്തിലെ പരമ്പരാഗതമായ പ്രായോഗികഗുണങ്ങള്‍ എന്ന കഥയില്‍. സീരിയലുകള്‍ക്കു മുന്നില്‍ ജീവിതം കൊഴിഞ്ഞുതീരുന്ന ജന്മങ്ങളുടെ കഥ. സ്വകാര്യതപോലും നഷ്‌ടമാകുന്ന കാലം. ഇതെല്ലാം വീടിന്റെ അന്തരീക്ഷത്തില്‍ കൂട്ടിയിണക്കുകയാണ്‌ ചന്ദ്രമതി. കഥാകാരി എഴുതുന്നു: ശാന്തമായുറങ്ങുന്ന ഭാര്യയെ നോക്കി ഉറക്കമില്ലാതെ രാജഗോപാലന്‍ സാര്‍ കിടന്നു. അദ്ദേഹത്തിന്റെ മനസ്സില്‍ ഒരേയൊരു പ്രശ്‌നമായിരുന്നു. സ്വഭാവങ്ങളെ ഉരുക്കി ഐസ്‌ക്രീമാക്കി തിന്നുന്ന ആ രാക്ഷസനെ എങ്ങനെ കണ്ടെത്താനൊക്കും?- അയാള്‍ രാക്ഷസനെ സ്വപ്‌നം കാണുന്നു. ഇത്‌ വര്‍ത്തമാനകാലത്തിന്റെ സ്‌പന്ദനമാണ്‌. ശിഹാബുദ്ദീന്‍ പൊയുത്തുംകടവ്‌ പറയുന്നത്‌ തകര്‍ന്നുപോകുന്ന വ്യവസ്ഥിതിയെപ്പറ്റിയാണ്‌. അതിന്‌ കഥാകൃത്ത്‌ കൂട്ടുപിടിക്കുന്നത്‌ തന്റെ കൂടെ പത്രത്തില്‍ ജോലിചെയ്‌ത കുട്ടിയുടെ കഥയാണ്‌. കഥാകാരന്‍ ഫ്‌ളൈറ്റിന്‌ കാത്തുനില്‍ക്കുന്നു. ഫ്‌ളൈറ്റ്‌ വന്നു അയാള്‍ക്ക്‌ കയറാനുള്ള ഊഴമായി. എയര്‍ഹോസ്റ്റസുമാരുടെ സ്‌നേഹാഭിവാദ്യം സ്വീകരിക്കുന്നു. സുരക്ഷയെക്കുറിച്ചുള്ള വേവലാതിയിലേക്ക്‌ കഥാകാരന്‍ ഇറങ്ങിനില്‍ക്കുന്നു. അപ്പോഴാണ്‌ പത്രത്തില്‍ ഫ്രൂഫ്‌ റീഡറായ കുട്ടിയുടെ ചിത്രം ഓര്‍മ്മയിലെത്തുന്നത്‌. ശിഹാബുദ്ദീന്‍ ആ രംഗം വര്‍ണ്ണിക്കുന്നു: നമുക്കെന്ത്‌ ചെയ്യാന്‍ പറ്റും. ദൈവം സ്വന്തം തടി കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റവും കൂടുതല്‍ നല്‍കിയത്‌ അവനവനു തന്നെ ആയിപ്പോയല്ലോ.- (ഫ്രാഡ്‌- മാധ്യമം ഓണപ്പതിപ്പ്‌) കുട്ടിയുടെ വാക്കുകളില്‍ യുദ്ധവും കലാപവും അനിവാര്യമായിരുന്നു. അയാള്‍ ലോകചരിത്രം നിവര്‍ത്തിപ്പറഞ്ഞത്‌ അയാള്‍ ഓര്‍ത്തു. പത്രം പൂട്ടി മള്‍ട്ടി നാഷണല്‍ ഷോപ്പിംങ്‌ സെന്ററായി മാറിയെങ്കിലും കുട്ടി നല്‍കിയ ലോകത്തിന്റെ ചിത്രം അയാള്‍ക്ക്‌ മറക്കാന്‍ കഴിയുന്നില്ല. ആധുനികകാലത്തിന്റെ വാങ്‌മയചിത്രം. കഥയെഴുത്തിന്റെ തീക്ഷ്‌ണത നല്‍കുന്ന രചനകളിലൊന്ന്‌.കഥയെഴുത്തില്‍ സ്വന്തമായൊരു തട്ടകം കാത്തുസൂക്ഷിക്കുന്ന എഴുത്തുകാരനാണ്‌ അക്‌ബര്‍ കക്കട്ടില്‍. മാധ്യമം വാര്‍ഷികത്തിലെ കക്കട്ടിലിന്റെ കഥയില്‍ നിന്ന്‌: എന്തിനാണ്‌ പയ്യന്‍ പരിസര നിരീക്ഷണം നടത്തുന്നതെന്നറിയാതെ സരള ടീച്ചര്‍ ചുറ്റിലും നോക്കി. പെട്ടെന്ന്‌ അവന്‍ ശബ്‌ദം താഴ്‌ത്തി പറഞ്ഞു- ടീച്ചര്‍ വേഗം പോയ്‌ക്കോ. നമ്മള്‍ രണ്ടാളെയും ഇവിടെ ഈ അവസ്‌ഥേല്‌ ഒന്നിച്ചു കണ്ടാല്‍ ആളുകള്‍ സംശിയിക്കും.-(കുറ്റബോധത്തോടെ സാഗര്‍). സിഗരറ്റ്‌ വലിയില്‍ കമ്പം കയറിയ സാഗറിനെ കഥാകാരന്‍ പ്രതിഷ്‌ഠിക്കുന്നത്‌ യു. പി. സ്‌കൂളില്‍ തന്നെ. പുകവലിയില്‍ ബിരുദം നേടിയ സാഗറിന്‌ ജീവിതത്തിന്റെ വഴിത്തിരിവില്‍ ഡോക്‌ടര്‍ നല്‍കിയ ഉപദേശം പാലിക്കാന്‍ സാധിക്കുന്നില്ല.- സാഗറിന്‌ ടെന്‍ഷന്‍ ആളുകയാണ്‌. ഡോക്‌ടര്‍ പോയപ്പോള്‍ ആരോടെന്നില്ലാതെ പറഞ്ഞു: ഞാന്‍ ബാത്‌റൂമില്‍ പോയി ഒരു സിഗരറ്റ്‌ വലിച്ചുവരട്ടെ! അക്‌ബര്‍ ക്കഥയുടെ നര്‍മ്മവും കാര്യവും ഭംഗിയായി പ്രതിഫലിക്കുന്ന രചന.ഇന്ദു മേനോന്‍ മനോരമയിലെഴുതിയ രക്തകാളീ രക്തകാളീ എന്ന കഥയില്‍ നിന്നൊരു ഭാഗം: അയാളുടെ പ്രേമം കേട്ടപ്പോള്‍ കമല പൊട്ടിച്ചിരിച്ചു. മുല്ലപ്പൂ വിടര്‍ത്തിയ ചുണ്ടുകള്‍ക്കിരുപുറത്തും പുച്ഛരസം വീണുകിടന്നു. ചിരി തീരുംവരെ അയാള്‍ പരിഭ്രമിച്ചുതന്നെ നിന്നു.- കഥാന്ത്യത്തില്‍ : അവള്‍ അയാളുടെ ശവക്കുഴി മാന്താന്‍ തുടങ്ങി. അവളുടെ മടിക്കെട്ടഴിഞ്ഞ്‌ വസൂരി മണക്കുന്ന ഒരു കാറ്റ്‌ അവിടെ നിറഞ്ഞു. - അനുരാഗത്തിന്റെ കരിക്കിന്‍വെള്ളം വറ്റിപ്പോയ കാലത്തിന്റെ സാക്ഷ്യപത്രം. ഈ കഥയോട്‌ ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു കഥ ദേശാഭിമാനിയില്‍(സപ്‌തം.2) കൃഷ്‌ണന്‍ കണ്ണോത്ത്‌ എഴുതിയിട്ടുണ്ട്‌. മണിയനെ കൊല്ലാന്‍ കൃഷ്‌ണമ്മയ്‌ക്ക്‌ കഴിയോ?.കാനേഷ്‌ പൂനൂരിന്റെ ബ്യൂട്ടിപാര്‍ലര്‍ (മാധ്യമം വാര്‍ഷികം) എന്ന കഥയില്‍ ദാരിദ്ര്യത്തിന്റെ കറുത്തചിത്രം തെളിയുന്നു: ഇന്നലെ അമ്മ വൈകിയാണെത്തിയത്‌. കൈയിലെ സഞ്ചിയില്‍ പാതിയോളം അരി. അപ്പോഴെ വിചാരിച്ചു. അടുത്തവീട്ടിലെ പിന്നാമ്പുറത്തു നിന്ന്‌ കുറച്ചു പച്ചമുളക്‌ പൊട്ടിക്കാം. കുറ്റിയില്‍ ഉപ്പ്‌ കാണാതിരിക്കില്ല. ചമ്മന്തിയും കൂട്ടി. -കഥയിലെ ചിന്നനെന്ന കുട്ടിയുടെ ചിന്തകള്‍ ഇങ്ങനെ പോകുന്നു. ബാലമനസ്സാണ്‌ കാനേഷ്‌ എഴുതിയത്‌. ഹൃദ്യമായ രീതിയില്‍തന്നെ.കഥാപുസ്‌തകം: ഇടപെടലിന്റെ 12 കഥകള്‍. ആയുസ്സിന്റെയും കാലത്തിന്റെയും അടയാളങ്ങളാണ്‌ കഥകളെന്ന്‌ സാക്ഷ്യപ്പെടുത്തുന്ന പുസ്‌തകം. കഥയ്‌ക്ക്‌ ചന്ദ്രന്‍ പൂക്കാട്‌ പേരിട്ടുവിളിക്കുന്നത്‌ ആയുസ്സിന്റെ അടയാളങ്ങള്‍ എന്നാണ്‌. ജീവിതം എഴുതുന്നത്‌ കഥയുടെ ദാര്‍ശനിക കണ്ണാടിക്കാഴ്‌ചയിലൂടെയാണ്‌. പ്രതിരോധത്തിന്റെയും പ്രതിബോധത്തിന്റെയും പരാഗങ്ങള്‍ വീണുകിടക്കുന്ന കഥാപുസ്‌തകം. മരുഭൂമി ഹരിതകങ്ങള്‍ അപഹരിക്കുമ്പോള്‍ നോക്കുകുത്തിയായി മാറിനില്‍ക്കേണ്ടി വരുന്നവരുടെ ഗദ്‌ഗദം പൂക്കാടിന്റെ കഥകളില്‍ മുഴങ്ങുന്നു. കഥാപ്രവാഹം വായനക്കാരുടെ മനസ്സുകള്‍ കവിഞ്ഞൊഴുകുന്നു. കഥപറച്ചിലും കഥകളും ഹൃദ്യമാക്കുന്ന കൃതി.-(പൂര്‍ണ, 65രൂപ).

ബ്ലോഗ്‌കഥ: തര്‍ജ്ജനിയില്‍ എം. ഫൈസലിന്റെ കഥ വര്‍ത്തമാനകാലത്തിലേക്കാണ്‌ ഇറങ്ങിനില്‍ക്കുന്നത്‌. സാമൂഹ്യപാഠങ്ങളുടെ വായന എന്നാണ്‌ കഥയ്‌ക്ക്‌ ഫൈസല്‍ പേരിട്ടിരിക്കുന്നത്‌. മകന്‍ സോഷ്യല്‍സ്റ്റഡീസ്‌ പുസ്‌തകം സ്‌കൂളിലേക്ക്‌ കൊണ്ടുപോകാന്‍ മറന്നു. അതേപ്പറ്റി വെറോണിക്കയും ഭര്‍ത്താവ്‌ ഹുമയൂണും തമ്മില്‍ നടക്കുന്ന സംഭാഷണമാണ്‌ കഥാവിഷയം. കഥ പറച്ചിലിനിടയില്‍ ഇന്ത്യയും രാഷ്‌ട്രീയവും വിദ്യാഭ്യാസവും എല്ലാം കടന്നുവരുന്നു. കഥ ഒരു പ്രബന്ധമായി നീണ്ടുനീണ്ടുപോകുന്നു. ഫൈസലിന്‌ ലക്ഷ്യമില്ലാതിരിക്കില്ല. പക്ഷേ, കഥ പറച്ചിലിനു കടമ്പകളേറെയുണ്ട്‌. ബ്ലോഗിലെ മിക്ക കഥാകാരന്മാരുടെയും സ്ഥിതി ഇതുതന്നെ. മനസ്സില്‍ കഥയുണ്ട്‌. അത്‌ സ്‌ക്രീനിലേക്ക്‌ പകര്‍ത്തുമ്പോള്‍ വായനക്കാര്‍ ഞെട്ടുന്നു. കഥ കാണുമ്പോള്‍ ഓടിരക്ഷപ്പെടുന്നു. മറ്റൊരു കഥയിലേക്ക്‌, കഥയുടെ പേര്‌ മരിയവേഗസ്‌. എഴുതിയത്‌ ഇഞ്ചിപ്പെണ്ണ്‌. മധു എന്ന യുവാവ്‌ ഒരു ഹോട്ടലില്‍ വേശ്യയായ മരിയയുമായി ചെലവിടുന്ന മണിക്കൂറുകള്‍ വിവരിക്കുന്ന കഥ. ഇതിലും കഥയുടെ പുതുമയോ, ആവിഷ്‌ക്കാര വൈഭവമോ ഇല്ല.- നിബ്ബ്‌ 29/9/09

Thursday, September 17, 2009

കവിത പൊട്ടുന്നത്‌

അച്ഛന്റെ വ്രതനിഷ്‌ഠകള്‍ നോക്കിപ്പഠിച്ച്‌ ശിവരാജന്‍ കൂടെത്തന്നെയുണ്ട്‌. മറ്റെല്ലാ തെയ്യവും കെട്ടിയാടുമെങ്കിലും പന്നിക്കുളത്തു ചാമുണ്‌ഡിയായി ഉറഞ്ഞാടാന്‍ ഇതുവരെയും ശിവരാജന്‌ ധൈര്യമുണ്ടായില്ല. അത്രയധികം ശക്തിസ്വരൂപിണിയാണ്‌ അമ്മ.മുറ്റത്ത്‌ ക്യാമറ തയ്യാറാക്കി സെയ്‌ദ്‌ മുഹമ്മദും സംഘവും നില്‌പുണ്ട്‌. എന്താണ്‌ പന്നിക്കുളത്തമ്മയുടെ കഥ? സെയ്‌ദ്‌ മുഹമ്മദ്‌ ലളിതയോട്‌ ചോദിച്ചു.ദാരികനെ കൊല്ലാന്‍ ദുര്‍ഗ ഉഗ്രമൂര്‍ത്തിയായി അവതരിച്ചു. മൂന്നുലോകവും വിറപ്പിച്ച്‌ ദേവി തുളുസ്വരൂപത്തിലെത്തി. രാവും പകലുമല്ലാത്ത നേരത്ത്‌ ആകാശത്തിലും ഭൂമിയിലുമല്ലാതെ ചാമുണ്‌ഡി ദാരികനെ വധിച്ച്‌ രക്തം പാനം ചെയ്‌തു.- ലളിത വിശദീകരിച്ചു.വ്രതപ്പുരയില്‍ നിന്ന്‌ ശിവരാജന്‍ അവള്‍ക്കരികിലേക്ക്‌ വന്നു. ലളിത ശിവരാജനോട്‌ ചോദിച്ചു: മുഖത്തെഴുതി വേഷമണിഞ്ഞ്‌ തെയ്യമായി മാറുമ്പോള്‍ എന്താണ്‌ അകത്തുണ്ടാവുക?അല്‌പനേരം ആലോചിച്ചു ശിവരാജന്‍ പറഞ്ഞു: തെയ്യങ്ങള്‍ നമുക്കുള്ളിലുള്ളതാണ്‌. അതുണര്‍ത്തിയെടുക്കലാണ്‌ ആചാരത്തിലൂടെയും തോറ്റത്തിലൂടെയും ചെയ്യുന്നത്‌. ഏതൊരു വേഷം അണിയുമ്പോഴും അതിനുള്ളിലെ മറുശക്തി നമ്മുടെ ഇന്ദ്രിയങ്ങളെ പ്രകൃതിയിലേക്കുണര്‍ത്തും. ആ ഉണര്‍വ്വിന്റെ താളത്തില്‍ പഞ്ചഭൂതങ്ങളും ജ്വലിക്കും. ആ ജ്വലനമാണ്‌ അകത്ത്‌ സംഭവിക്കുന്നത്‌.- ഇത്‌ എം. ചന്ദ്രപ്രകാശിന്റെ ദൈവപ്പനിയിലെ ഒരു സന്ദര്‍ഭം. സര്‍ഗാത്മകതയുടെ അകമെരിച്ചലിലേക്കാണ്‌ നോവലിസ്റ്റ്‌ വായനക്കാരുടെ ഉള്ളുണര്‍ത്തിയത്‌. മലയാളത്തിലെ പുതുകവികളുടെ രചനകളില്‍ ഉള്ളുണര്‍ത്തലിലേക്കുള്ള ചോദ്യമുനകളാണ്‌ തേഞ്ഞുപോകുന്നത്‌. അക്ഷരത്തിന്റെ ദീപ്‌തി കണ്ടെടുക്കലാണ്‌ എഴുത്ത്‌. കവിതയും വ്യത്യസ്‌തമല്ല.

ഓണം കഴിഞ്ഞുണര്‍ന്ന ആനുകാലികങ്ങളില്‍ കവിത എന്ന വ്യാജേന അക്ഷരം കൂട്ടിയെഴുതിയവരുടെ നിരയില്‍ ശ്രീകുമാര്‍ കരിയാട്‌, എല്‍. തോമസ്‌കുട്ടി, ബി. ശ്രീരേഖ, ബിന്ദു ഒ. എന്‍, കെ. സി. ചന്ദ്രന്‍, മൈനാഗപ്പള്ളി ശ്രീരംഗന്‍ തുടങ്ങിയവര്‍ മുന്നിലുണ്ട്‌. എഴുത്തിനോടും പ്രമേയത്തോടുമുള്ള ആത്മാര്‍ത്ഥയുടെ ഭാഗമാണ്‌ കവിത. ഒട്ടുമിക്ക എഴുത്തുകാരും സജീവമായി നില്‍ക്കുന്നു. പക്ഷേ, ജീവിതത്തിന്റെ ഉരുണ്ടുപോക്കില്‍ കവിതയോട്‌ സത്യസന്ധത പുലര്‍ത്താന്‍ പലര്‍ക്കും സാധിക്കുന്നില്ല.

അക്ഷരങ്ങള്‍ കൊണ്ടല്ല; അക്ഷരങ്ങള്‍ക്കിടയിലെ മൗനം കൊണ്ടാണ്‌ കവിത രചിക്കേണ്ടത്‌. വാക്കിന്റെ തുയിലുണര്‍ത്തു കേള്‍പ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍ എന്ന കവിതയില്‍ പ്രഭാവര്‍മ്മ: എങ്കിലും വീണ്ടും/ ക്യൂവില്‍ നില്‍ക്കുന്നു/ നേരം പോവാ-/നെന്തിതിന്മീതേയൊരു/ സംഗതിയിരിക്കുന്നു- (മലയാളംവാരിക, സപ്‌തം.18). കവിത ആഘോഷങ്ങളില്ലാതെ, നിവര്‍ന്നു നില്‍ക്കുമ്പോള്‍ ചന്തമേറും. ജീവിതത്തിന്റെ ചുമരെഴുത്ത്‌ നടത്തിയ നീലന്‍: അശ്ലീല നഗ്നമാം/ വിള്ളല്‍ മറച്ചു/തൂക്കാം/ നമ്മുടെയീ ചുമരില്‍/നാളെയോര്‍മിപ്പി-/ച്ചൊരക്കക്കലണ്ടര്‍- (ചുമരുകള്‍- മാതൃഭൂമി, സപ്‌തം.20). ഓരോ നിമിഷത്തിലും, വിട്ടുപോകുന്ന ഇടങ്ങളിലും ഇടപെടുന്ന ഒരു എഴുത്തുകാരന്റെ സാന്നിദ്ധ്യം രാവുണ്ണിയുടെ കവിതകളിലുണ്ട്‌. ഒഴിവുകാലം എന്ന കവിതയില്‍ രാവുണ്ണി എഴുതി: ജീവിതത്തില്‍ ഒഴിവുകാലമില്ലല്ലോ/ മരണത്തിനും ഒഴിവുകാലമില്ലല്ലോ.-(ഭാഷാപോഷിണി സപ്‌തംബര്‍).

കവിത ജീവിതത്തിന്റെ നേര്‍ക്കുള്ള കണ്‍നേര്‍പ്പാണ്‌ കാഴ്‌ചയിലും കേള്‍വിയിലും പതിഞ്ഞ വഴികളിലൂടെയുള്ള ഒരു സഞ്ചാരം. വാക്കുകളുടെ വനാന്തരങ്ങളിലൂടെയാണ്‌ ലളിതാ ലെനിന്‍ യാത്ര നടത്തുന്നത്‌. വഴിയറിയാതെ എന്ന രചനയില്‍ ലളിതാലെനില്‍: കല്ലുകളും ചവിട്ടി/വിശന്ന്‌ തളര്‍ന്ന്‌/ നടക്കുക തന്നെ/ വാക്കിന്‍ വിപിനത്തിലൂടെ/ വഴിയറിയാതെ നടക്കുക തന്നെ !-(കലാകൗമുദി 1776).അനിത തമ്പി: നീയില്ല;/ കണ്ണെത്തുന്നിടത്തെങ്ങും കരയില്ല/ കരതേടുന്ന കടല്‍ക്കാക്കകളുമില്ല./ അങ്ങനെയാണ്‌/ ഇത്രമേല്‍ ആഴത്തില്‍/ഞാന്‍/ഒറ്റക്കായത്‌-(കടലിന്റെ അടിത്തട്ടില്‍, മാധ്യമം ആഴ്‌ചപ്പതിപ്പ്‌). ഒറ്റപ്പെടലിന്റെ കാവ്യഭാഷ്യം. ഹൃദ്യവും തീക്ഷ്‌ണവുമാണിത്‌.

ശ്രീകുമാര്‍ കരിയാട്‌: ഇടയ്‌ക്കു മാത്രം/ ഒരു പടക്കം പൊട്ടുംപോലെ/ പണക്കാര്‍/ മിഠായിയുമായെത്തി/ ചിരിക്കുന്നു- ( മനുഷ്യത്തുമ്പികള്‍, ഭാഷാപോഷിണി). എല്‍. തോമസുകുട്ടി: എങ്കിലും/ മണ്ണ്‌/ വേരിനെ/ അറിഞ്ഞു കൊണ്ടേയിരിക്കും/ അറ്റുവീണതിന്‍/ ശേഷവും- (വേര്‌, ഭാഷാപോഷിണി).കെ. സി. ചന്ദ്രന്‍ ദേശാഭിമാനിയിലും (ഇല്ല,നിങ്ങള്‍ക്ക്‌ തോല്‍പിക്കാനാവില്ല), ഭാഷാപോഷിണിയില്‍ ബി. ശ്രീരേഖയും (ദൂരത്ത്‌), ബിന്ദു ഒ. എന്‍ (കറുപ്പ്‌), മൈനാഗപ്പള്ളി ശ്രീരംഗന്റെ അരൂപിയും (ദേശാഭിമാനി) തുടങ്ങിയവ മലയാളകവിതയുടെ മരണ വെപ്രാളം പ്രകടിപ്പിക്കുന്നു.

കവിതാ പുസ്‌തകം

സുറാബിന്റെ പുതിയ കവിതാ സമാഹാരത്തിന്‌ പൊട്ടുന്നത്‌ എന്നാണ്‌ പേരിട്ടത്‌. കടലും കരയും, കവിയരങ്ങ്‌, ഭാവങ്ങള്‍, ഉത്സവങ്ങള്‍, പുതിയ വര്‍ത്തമാനം, കൂട്ടക്ഷരങ്ങള്‍ എന്നിങ്ങനെ ആറുഭാഗങ്ങളില്‍ എഴുപതിലധികം കവിതകള്‍. പ്രവാസം എന്ന കവിതയില്‍ സുറാബ്‌ എഴുതി: കേള്‍ക്കുന്നില്ലേ, എന്റെ കുര/ ഞാനിപ്പോഴും ഈ വരാന്തയില്‍/ ഒറ്റയ്‌ക്കാണ്‌, കാവലാണ്‌.- കവി കാലത്തിന്റെ ശബ്‌ദം കേള്‍പ്പിക്കുന്നു. ജീവിതത്തിന്റെ കാവല്‍ക്കാരനുമാകുന്നു. ഒരു ജന്മത്തില്‍ രണ്ടുവേഷം ആടിത്തീര്‍ക്കുന്നവന്റെ ആത്മവ്യഥയും ആത്മഹര്‍ഷവും ഈ പുസ്‌തകത്തിലുണ്ട്‌. പൊള്ളുന്ന അക്ഷരങ്ങള്‍ കൊണ്ട്‌ കുറിച്ചിട്ട വാക്കുകള്‍ക്ക്‌ കവിതയെന്നു പേരിടുന്നു- അവതാരിക എഴുതിക്കാത്ത കാവ്യസമാഹാരത്തില്‍ സുറാബിന്റെ പിന്‍കുറിപ്പ്‌ ഭംഗിയും അഗാധതയും അനുഭവപ്പെടുത്തുന്നു. പ്രണയിനിക്ക്‌ കാതുമുറിച്ചു കൊടുത്ത കാമുകന്‍- വിന്‍സന്റ്‌ വാന്‍ഗോഗ്‌ കവിതയില്‍ ഒരു കടങ്കഥയായി മാറുന്ന രസതന്ത്രമാണ്‌ ഈ കൃതി.(പ്രസാ: ഒലിവ്‌. 60രൂപ)

ബ്ലോഗ്‌ കവിത

സ്വന്തം വഴിയിലൂടെ തിരുത്തും വെട്ടും ശീലിച്ച്‌ സഞ്ചരിക്കുന്നവരാണ്‌ ബ്ലോഗെഴുത്തുകാര്‍. ഉല്‍ക്കട വിഷാദവും കടുത്ത അതിജീവനത്വരയും ബ്ലോഗുകളില്‍ കൂടുതലായി അനുഭവപ്പെടുന്നു. ഉണങ്ങാത്ത മുറിവുമായി സഞ്ചരിക്കുന്നവരാണ്‌ ബ്ലോഗിലധികവും. സ്വാതന്ത്ര്യവും തടവറയും ജീവിതവും ഒരുമിച്ച്‌ വിധിച്ച്‌ പങ്കുപറ്റുന്നവര്‍. കെ. പി. റഷീദും രഘുനാഥും രാധാമണിയും സാജൂസോമനും എല്ലാം ഓര്‍മ്മപ്പെടുത്തുന്നതും മറ്റൊന്നല്ല. പുതുകവിതാബ്ലോഗ്‌ പെരുന്നാള്‍ പതിപ്പായി അറബ്‌ കവിതകളുടെ മലയാളവിവര്‍ത്തനം ഒരുക്കിയിരിക്കുന്നു.

ബ്ലോഗില്‍ കെ. പി. റഷീദ്‌ എഴുതി: മണ്ണിന്‍ മറവിയില്‍നിന്ന്‌/ പുനര്‍ജനിക്കും/ അന്നേരം ചില കിളിപ്പേച്ചുകള്‍-(കിളി, ചിലപ്പോള്‍). പുതുകവിതാബ്ലോഗില്‍ രഘുനാഥ്‌ ഒ. എഴുതി: പ്രണയത്തിനകല/ മിരു മിഴി ദൂരം/സൗഹൃദത്തിനു/മൗനം.-(അകലം).ബൂലോക കവിതാബ്ലോഗില്‍ നിന്നും: അമ്മ പിന്നെയും/ പാലൂട്ടും നാള്‍/ അമ്മയില്ലാത്ത കുട്ടിക്ക്‌/ പിറന്നാളില്ല- (രാധാമണി അയിങ്കലത്ത്‌- പിറന്നാള്‍).ചിന്തയിലെ തര്‍ജ്ജനിയില്‍ നിന്നും: എന്നാകിലും/ നഷ്‌ടസന്ധ്യയില്‍/ കരഞ്ഞ പെണ്ണിന്റെ/ നീരുണങ്ങാത്ത/ മുഖമാണ്‌ മഴയ്‌ക്ക്‌- (സാജൂ സോമന്‍- മഴ).-നിബ്ബ്‌ 20/09/09

Saturday, September 12, 2009

റേഷന്‍കാര്‍ഡിലെ കവിത

വിശ്വസനീയതയോടെ ഞാന്‍ ആ മനുഷ്യനെ സൂക്ഷിച്ചുനോക്കി. ഒരു നേര്‍ത്ത ചിരിയോടെ എന്റെ മുമ്പില്‍ അയാള്‍ നിന്നു.ഈ ജീവിതം എന്തൊക്കെ അല്‍ഭുതങ്ങളാണ്‌, വിചിത്രമായ കാഴ്‌ചകളാണ്‌ നമുക്ക്‌ തരുന്നത്‌. അയാളോടൊപ്പം അയാളുടെ സാധുവായ ഭാര്യയും പതിമൂന്നും പതിനഞ്ചും വയസ്സ്‌ പ്രായമുള്ള പെണ്‍മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ എന്റെ സുഹൃത്ത്‌ ഇല്യാസ്‌ വന്നു പറയുന്നതുവരെ ഇങ്ങനെയൊരു മനുഷ്യന്‍ ഈ ഭൂമുഖത്തുണ്ടാകുമെന്ന്‌ ഞാന്‍ ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല- ഇത്‌ സംവിധായകന്‍ കമലിന്റെ ഓര്‍മ്മച്ചിത്രം. പെരുമഴക്കാലം എന്ന സിനിമയിലെ അക്‌ബര്‍ എന്ന നായക കഥാപാത്രം മനസ്സില്‍ വന്നുനിറഞ്ഞതിനെപ്പറ്റിയാണ്‌ കമല്‍ പറഞ്ഞത്‌. കല മനസ്സില്‍ വന്നുനിറയലാണ്‌. കവിതയും വ്യത്യസ്‌തമല്ല. പുതുകവികളില്‍ എത്രപേര്‍ക്ക്‌ ഇത്തരമൊരു കണ്ടെടുക്കലിന്റെ സിദ്ധിയുണ്ട്‌? ഉത്തരം വിരലിലെണ്ണാവുന്നവര്‍ എന്നാകും.
കഴിഞ്ഞ ആഴ്‌ചയിലെ ആനുകാലികങ്ങളും ബ്ലോഗുകളും കുറെ നല്ല കാവ്യരചനകളുമായി പുറത്തിറങ്ങി. വായനക്കാര്‍ക്ക്‌ അത്രയും ആശ്വാസം. കവിത എന്ന പേരില്‍ അക്ഷരങ്ങള്‍ കൊണ്ട്‌ കാല്‍പ്പന്തു കളിച്ചവരും നിരവധി. ബാലചന്ദ്രന്‍ ചുള്ളിക്കാട്‌, പി. എന്‍. ഗോപീകൃഷ്‌ണന്‍, സി. പി. അബുബക്കര്‍, പി. കെ. ഗോപി എന്നിവര്‍ ആദ്യ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്നു. രണ്ടാമത്തെ വിഭാഗത്തില്‍ സഹീറാ തങ്ങളും അമൃതയും പന്ന്യന്‍ രവീന്ദ്രനും രാഘവന്‍ അത്തോളിയും മേലൂര്‍വാസുദേവനും സജീവമായി നില്‍ക്കുന്നു.
ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ മണിനാദം എന്ന കവിതയില്‍ എഴുതി: നൃത്തവേദിയില്‍ മിന്നി/ നില്‍ക്കുമിക്കുമാരിതന്‍/ സ്വപ്‌നദീപ്‌തമാം മുഖം/ മറന്നു കഴിഞ്ഞെന്നോ?- (മാതൃഭൂമി, സപ്‌തം:13). പോയകാലത്തിന്റെ പ്രണയപഥം വായിച്ചെടുക്കാനൊരു ശ്രമം. പക്ഷേ, ഇതൊക്കെ ഭംഗിയായി പഴയ കവിതയില്‍ ബാലചന്ദ്രന്‍ തന്നെ പറഞ്ഞതുപോലെ വരണ്ടുപോയിരിക്കുന്നു. സി. പി. അബൂബക്കര്‍ പുതിയകാലത്തിന്റെ ചിത്രം നല്‍കുന്നതിങ്ങനെ: കടം വന്ന ശരീരങ്ങള്‍/ തൂങ്ങിക്കിടന്നു/ പാവം പന്നികള്‍/ ബുദ്ധിജീവികളെപ്പോലെ/ ആരെയോ പഴിച്ചുകൊണ്ടിരുന്നു- (പന്നികളിറങ്ങിയ രാത്രികള്‍- ദേശാഭിമാനി ,സപ്‌തം:13). ഇതേലക്കത്തില്‍ പി. കെ. ഗോപിയും (ഭൂതക്കണ്ണാടിയിലെ ഫോസിലുകള്‍), മേലൂര്‍ വാസുദേവനും (കെണിക്കാലം) എഴുതിയിട്ടുണ്ട്‌. നോക്കെഴുത്തിന്റെ പുതിയ പാഠങ്ങളാണിവ.
അസ്‌മോ പുത്തന്‍ചിറ വാരാദ്യമാധ്യമത്തില്‍: പാപത്തിലേക്ക്‌ നടക്കരുതേയെന്ന്‌/ കാലുകളോട്‌ പറഞ്ഞ്‌/ സ്വര്‍ഗവാതില്‍/ തുറന്നുകൊടുക്കുന്നു.- (വ്രതം). ഇനിയെങ്കിലും ജീവിതമൊന്ന്‌ കരകയറട്ടെ. മാര്‍ഗനിര്‍ദേശവുമായി അസ്‌മോ നില്‍ക്കുന്നുണ്ട്‌.ഇരട്ടക്കവിതകളോട്‌ നമ്മുടെ എഴുത്തുകാര്‍ക്കും പത്രാധിപര്‍ക്കും പ്രിയം കൂടിയിരിക്കുന്നു! ഇതിന്‌ വേണ്ടത്ര തെളിവ്‌ സമീപകാലത്തുണ്ട്‌. അവയില്‍ രണ്ടെണ്ണം. സഹീറാ തങ്ങള്‍ രണ്ടുകവിതകളില്‍ (വാരാദ്യമാധ്യമം ,സപ്‌തംബര്‍6): മുല്ലവള്ളിക്കു പടരാന്‍/ ഒരു തേന്മാവിന്‍ വിത്തുണ്ടവിടെ- (ഗാര്‍ഡന്‍ ലാന്‍ഡ്‌). പരിപൂര്‍ണതയില്‍/ കോപിച്ചാണോ/ ദൈവം ആ ദ്വീപിനെ-/ ഒഴുക്കിക്കളയുന്നതെന്ന്‌/ ഞാന്‍ ചോദിച്ചില്ല/ നീ പറഞ്ഞതുമില്ല.-(സ്വപ്‌ന ദ്വീപ്‌).തേജസിന്റെ ആഴ്‌ചവട്ട(സപ്‌തം:6)ത്തില്‍ രാഘവന്‍ അത്തോളി എഴുതുന്നു: എന്നോടാരും മിണ്ടാനുള്ളത്‌/ കുന്നോടൊത്ത്‌ കുലുങ്ങിക്കോ/ കന്നുകളൊക്കെ മുളച്ചാല്‍ പിന്നെ/ കിന്നാരങ്ങള്‍ക്കെന്തു രസം- (രസം). ചത്തതാരെന്നു/ കൊന്നവന്‍ ക്ഷോഭിച്ചു/ കൊന്നതാരെന്ന്‌/ ചത്തവനങ്ങനെ/ വാര്‍ത്തയാകുവാന്‍/ പത്രമെത്ര വിചിത്രം- (പത്രം).

പി. കെ. ഗോപി എഴുതുന്നു: വെയിലും മഴയും/ മാറി മാറി വന്ന്‌/ കാതില്‍ മന്ത്രിച്ചതൊന്നും/ ആരുടെയും/ ഓര്‍മ്മകളില്ലായിരുന്നു-(കൊമ്പും കുളമ്പും, മാധ്യമം സപ്‌തം:14). ഓര്‍മ്മകളുണ്ടായിരിക്കണമെന്ന്‌ ടി. വി. ചന്ദ്രന്‍ എത്ര ഉറപ്പിച്ചു പറഞ്ഞിട്ടും ജനത്തിനു ബോധ്യമായില്ലെന്ന്‌ കണ്ടിട്ടാകാം ഗോപിയും അതേറ്റു പറഞ്ഞത്‌.

കേരളത്തില്‍ ഒരു കവിതയെങ്കിലും എഴുതാത്തവരുണ്ടോ? ഇങ്ങനെയുള്ള ചോദ്യം അപ്രസക്തമാണെന്ന്‌ ആരും പറയും. കാരണം കാസര്‍ക്കോടു മുതല്‍ തിരുവനന്തപുരം വരെ കവികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്‌. ആഗോളമായാലും ആസിയാനായാലും കവിതയില്‍ മുഖ്യം പ്രണയം തന്നെ. പിന്നെ മൊബൈലും ഇന്റര്‍നെറ്റുമാകുമ്പോള്‍ സംഗതിയൊന്നു കൊഴുക്കും. പന്ന്യന്‍ രവീന്ദ്രനും ഒരു കവിത ഇങ്ങനെ കുറിക്കുന്നു: പണ്ടൊരു പ്രണയത്തിന്‍ ദൂതുമായരയന്നം/ ഇന്നിതാ പ്രണയത്തിന്‍ മന്ത്രമായ്‌ മൊബൈല്‍ഫോണും- (മൊബൈല്‍പ്രണയം-കലാകൗമുദി ലക്കം1775) സിനിമ കാണാന്‍ തിയേറ്ററില്‍പോയ സന്ദര്‍ഭമാണ്‌ കവിതയ്‌ക്ക്‌ ആധാരം. ദയവു ചെയ്‌ത്‌ ഇതുപോലുള്ള കവിത എഴുതികൊല്ലരുതെന്നാണ്‌ വായനക്കാരുടെ പക്ഷം. രേവതി സംവിധാനം ചെയ്‌ത മിത്ര്‌ എന്ന സിനിമ സഖാവ്‌ ഒന്നു കണ്ടാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ. പന്ന്യന്‍ പ്രത്യയശാസ്‌ത്രം മാത്രമല്ല, നളചരിതവും പഠിച്ചിട്ടുണ്ടെന്ന്‌ വ്യക്തം.

അമൃത: തപം ചെയ്‌തെടുക്കട്ടെ ഞാന്‍/ ഇനിയും വറ്റാത്ത കാല്‍പനിക പ്രണയത്തിന്റെ/ മധ്യമഞ്ഞുതുള്ളി കാത്തുവയ്‌ക്കുന്നു ഞാന്‍- (കാല്‍പനികം- മാധ്യമം ആഴ്‌ചപ്പതിപ്പ്‌, സപ്‌തം: 14). പറച്ചിലിന്റെ സുഖം ഈ രചനയ്‌ക്ക്‌ ഉണ്ടോ? അമൃത തന്നെ തീരുമാനിക്കട്ടെ.

കവിതാപുസ്‌തകം

വിമീഷ്‌ മണിയൂരിന്റെ ആദ്യ കവിതാ സമാഹാരത്തിന്‌ റേഷന്‍ കാര്‍ഡ്‌ എന്ന്‌ പേരിട്ടുവിളിച്ചു. സാധാരണക്കാര്‍ക്കും പരിചിതമായ പേരുതന്നെ. പുസ്‌തകത്തിന്റെ ഉള്ളടക്കപേജ്‌ മറിക്കുമ്പോള്‍ 30 കവിതകള്‍. ഓരോ കവിതയും വായിക്കുമ്പോള്‍ മനസ്സിലൊരു പെടപെടപ്പ്‌. വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന കുറെ നല്ല കവിതകള്‍. നിശ്ചലം ദൂരം/ ഞാനോ കുതിക്കുന്നു/ വിട്ടുപോയൊരു വാക്കിന്‍/ വള്ളിച്ചെരുപ്പുമായ്‌-(വിമാനം). ഗിമ്മിക്കുകളൊന്നുമില്ല. എല്ലാം നെഞ്ചിടിപ്പിന്റെ താളത്തിലും ജീവിതത്തിന്റെ വൃത്തത്തിലും എഴുതിയിരിക്കുന്നു. ഇനി വൃത്തത്തിലെഴുതിയില്ലെന്ന്‌ പണ്‌ഡിത ശിരോമണി മഹാരഥന്മാര്‍ ആക്രോശിക്കേണ്ടെന്ന്‌ സാരം. പുതുകവിതയുടെ മാത്രമല്ല പുതുജീവിതത്തിന്റെയും ചൂരുംചൂടും ഈ പുസ്‌തകത്തിലുണ്ട്‌.-(പ്രസാ: പായല്‍. 40 രൂപ).

ബ്ലോഗ്‌കവിത

പുതുകവിതാബ്ലോഗില്‍ നിന്നും: ടെലിഫോണ്‍/ എറിഞ്ഞുടച്ച ഒരാള്‍ക്ക്‌/ നോബല്‍ സമ്മാനം ലഭിച്ചേക്കും/ ഒച്ചയില്‍ നിന്നും/ നിശബ്‌ദത കണ്ടെത്തിയതിന്‌- (പി. എന്‍. ഗോപീകൃഷ്‌ണന്‍- അങ്ങനെയും ഒരു ലോകമുണ്ട്‌)ബൂലോകകവിതാ ബ്ലോഗില്‍ ഹാരിസ്‌ എടവന: വാക്കിനെ മെരുക്കി/ കവിതയാക്കിയൊന്നടുക്കി വെക്കുവാന്‍/ രാവിലുറങ്ങാതിരിക്കുമ്പോഴും/ ഉമ്മ മാത്രമൊരു വരിയായെത്തുന്നില്ല.-(ഉമ്മ സ്വപ്‌നം). ചിന്തയിലെ തര്‍ജ്ജനിയില്‍ നിന്നും ടി. പി. വിനോദ്‌: നമ്മളെക്കുറിച്ചുള്ള/ സ്വപ്‌നത്തില്‍ വീഴ്‌ത്തണം/ ജീവിതം ചൊവ്വിനു/ പഠിപ്പിക്കാന്‍ നമ്മളെ- (അനുശീലനം).ബ്ലോഗില്‍ നിലവാരമുള്ള കവിതകള്‍ രംഗപ്രവേശം തുടങ്ങിയിരിക്കുന്നു. നൂറും നൂറ്റൊന്നും വരട്ടുകവിതകളെഴുതി വായനക്കാരെ ബോറടിപ്പിക്കുന്ന ക്രൂരത ഒഴിഞ്ഞു കിട്ടുന്നു എന്നു മാത്രമല്ല, പി. എന്‍. ഗോപീകൃഷ്‌ണന്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാര്‍ സജീവമായി ഇടപെടുകയും ചെയ്യുന്നത്‌ ആശ്വാസമാണ്‌. പുതുകവിതാബ്ലോഗില്‍ ഓണക്കാലം ഭംഗിയാക്കിയവരില്‍ മുന്നില്‍ നില്‍ക്കുന്നത്‌ ഗോപീകൃഷ്‌ണനാണ്‌. ബുലോക കവിതാബ്ലോഗില്‍ ഹാരിസ്‌ എടവന എഴുതിയ കവിത- ഉമ്മ സ്വപ്‌നവും തര്‍ജ്ജനിയില്‍ ടി. പി. വിനോദ്‌ എഴുതിയ അനുശീലനവും ന്യൂസ്‌ പ്രിന്റുകള്‍ ഓണക്കാലത്ത്‌ നടത്തിയകഴുത്തറപ്പന്‍ വിനോദത്തില്‍ നിന്നും വായനക്കാരെ രക്ഷിക്കുന്നു (മലയാളത്തിലെ ആനുകാലികങ്ങളുടെ പത്രാധിപര്‍ കോപിക്കാതിരിക്കുക). വാക്കിന്റെ കരുത്തും എഴുത്തിന്റെ അടയിരിപ്പും തെളിഞ്ഞുനില്‍ക്കുന്ന രചനകളാണ്‌ ഓണക്കാലത്ത്‌ ബ്ലോഗുകളില്‍ അടയാളപ്പെട്ടത്‌.-നിബ്ബ്‌

Monday, September 07, 2009

കവിതയില്‍ വീണ്ടും ധൂമകേതുവീഡിയോ ലൈബ്രറിയില്‍ നിന്ന്‌ എപ്പോഴും അടുപൊളിപ്പടങ്ങളുടെ കാസറ്റുകള്‍ മാത്രമെടുത്തു കണ്ടിരുന്ന മകളെ ഞാന്‍ ഉപദേശിച്ചു. മോളേ ആലചാര്യാല്‌ ചാണകമേ മണക്കൂ; ചന്ദനം മണക്കണമെങ്കില്‍ ചന്ദനം തന്നെ ചാരണം. അപ്പോള്‍ അവള്‍ എന്നോടു ചോദിച്ചു: ആലയുടെ തൂണ്‌ ചന്ദനം കൊണ്ടാണെങ്കിലോ ഉപ്പാവാ?അതിനു ശേഷം ഞാനവളെ ഉപദേശിക്കാറില്ല- ഇത്‌ അക്‌ബര്‍ കക്കട്ടിലിന്റെ ഉപദേശം എന്ന കഥ. കഥാകാരന്റെ ഭാഷയില്‍ തോക്കില്‍ക്കയറി വെടിപൊട്ടിക്കുന്ന തലമുറ. ഏതാണ്ടിതുപോലെയാണ്‌ മലയാളത്തിലെ ഒട്ടുമിക്ക പുതുകവികളും. ആത്മബോധം കൈവെടിഞ്ഞ്‌ എഴുത്തിന്റെ കാര്‍ക്കശ്യം വിസ്‌മരിക്കുന്നു.
നൂറുകവിതകള്‍ മുതല്‍ പുരീഷ കവിത വരെ കുത്തിനിറച്ചുകൊണ്ടാണ്‌ കഴിഞ്ഞവാരം കാവ്യവണ്ടി മാര്‍ക്കറ്റിലെത്തിയത്‌. മാതൃഭൂമി ടി. പി. രാജീവനെക്കൊണ്ട്‌ നൂറുകവിതയാണ്‌ എഴുതിച്ചത്‌ (മാതൃഭൂമി ഓണപ്പതിപ്പ്‌). മാതൃഭൂമി ആരോഗ്യമാസികയുടെ പഴയ ലക്കങ്ങള്‍ പരിശോധിച്ചാല്‍ ഡോ. കെ. ആര്‍. രാമന്‍ നമ്പൂതിരിയുടെ നൂറ്റൊന്ന്‌ ഒറ്റമൂലികള്‍ വിവരണം ഉണ്ടാകുമായിരുന്നു. നമ്മുടെ ഓരോ കവിയും ഒരു രചനവീതം നടത്തി വായനക്കാരെ ശ്വാസം മുട്ടിക്കുമ്പോഴാണ്‌ ടി. പി. രാജീവനും പത്രാധിപരും ഇരകള്‍ക്ക്‌ നേരെ ഏകപക്ഷീയമായ ഭീകരാക്രമണം നടത്തിയത്‌. ഇറാഖില്‍ അമേരിക്കപോലും ഇത്രയും ക്രുരമായ അവകാശലംഘനം നടത്തിയിട്ടില്ല. പാലേരിയില്‍പോലും ഇവ്വിധം പീഡനം നടന്നിട്ടില്ലെന്നാണ്‌ കേള്‍വി (പാലേരിമാണിക്യത്തില്‍ രഞ്‌ജിത്ത്‌ എന്തൊക്കെ കാണിക്കുമെന്ന്‌ കാത്തിരുന്നു കാണാം). ഞാന്‍ സഞ്ചരിക്കുന്ന കുതിരവണ്ടി മുതല്‍ ഞാനൊരു ദൈവമായിരുന്നെങ്കില്‍ വരെയാണ്‌ രാജീവന്റെ നൂറുതിരുവോല. ഒടുവില്‍ എഴുത്തുകാരന്‍ സമാധാനം കൊള്ളുന്നതിങ്ങനെ: എല്ലാ ചുമതലകളും/ ആ ദൈവത്തെ ഏല്‌പിച്ച്‌/ നിന്റെ കണ്ണില്‍ മാത്രം/ നോക്കിയിരിക്കും.- പക്ഷേ, അസഹ്യതയുടെ പാരമ്യതയില്‍ കണ്ണുകളില്‍ ജീവനുണ്ടായിരിക്കാനിടയില്ല.
പച്ചക്കുതിര മാസിക വായനക്കാരില്‍ പലപ്പോഴും ആദരവുണ്ടാക്കിയിട്ടുണ്ട്‌. പ്രത്യേകിച്ചും അതില്‍ വരുന്ന വിഭവങ്ങള്‍. ഓഗസ്റ്റ്‌ ലക്കം പച്ചക്കുതിരയുടെ മനോഹരമായ രണ്ടുപേജുകള്‍ അപഹരിച്ചിക്കുന്നു സുകേതു. പുരീഷമെഴുത്തിന്‌ മലയാളകവിതയിലും പുതുമയില്ല. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലും സഹ്യന്റെമകനിലും ഭംഗിയായി കവി അത്‌ നിര്‍വ്വഹിച്ചിട്ടുണ്ട്‌. സുകേതുവിന്റെ വരികള്‍ കവിതയല്ല. കവിത എന്ന തെറ്റിദ്ധാരണയില്‍ എഴുതിപ്പോയ പാഷാണമാണ്‌. പച്ചക്കുതിര വില്‍ക്കുന്ന ന്യൂസ്‌സ്റ്റാളുകളുടെ അടുക്കല്‍ ആളുകള്‍ മൂക്കുപൊത്തിയാണ്‌ നടക്കുന്നത്‌. മലയാളകവിതയില്‍ അടുത്തകാലത്തിറങ്ങിയ ധൂമകേതു പുരീഷ വര്‍ണ്ണനയുടെ രൂപത്തിലാണ്‌ എത്തിയത്‌. ഹ്രസ്വരൂപത്തില്‍ വര്‍ത്തമാനകാലത്തിനോട്‌ പ്രതികരിക്കാനറിയുന്ന സുകേതുവാണ്‌ എഴുതിയത്‌. എഴുത്തുകാരന്റെ വകയിലൊരു ഭീഷണിയും- എങ്കില്‍ മറ്റൊരു കഥപറഞ്ഞുതരാം അടുത്തലക്കത്തിലെന്ന്‌!
എ. അയ്യപ്പന്‍ കുലം എന്ന രചനയില്‍ എഴുതി: മറയ്‌ക്കരുത്‌ മക്കളേ/ മഷി വീണു പടര്‍ന്ന ഭൂപടം/ ഞാന്‍/ ദാഹത്തിന്‌/ അരുചി/ ഉപ്പുവറ്റിയ/ ഉടല്‍-(മലയാളംവാരിക ഓണപ്പതിപ്പ്‌). വിജയലക്ഷ്‌മിയുടെ അലക്ക്‌ എന്ന കവിതയില്‍ നിന്ന്‌: വസ്‌ത്രങ്ങളോടു സംസാരിപ്പൂ ഞാന്‍/ വെയിലുച്ചമായെന്ന്‌ കഴുകിയുണങ്ങുവാന്‍/ ഇത്തരിനേരെമേയുള്ളെന്ന്‌ കാറ്റിന്റെ/ കൊച്ചു വിരല്‍ത്തുമ്പു യാത്രയാവുന്നെന്ന്‌/ മുറ്റത്തു വീഴുന്നിതാ നിഴല്‍പ്പാടെന്ന്‌-(കലാകൗമുദി, സപ്‌തംബര്‍6). മലയാളത്തില്‍ വീണ്ടും കവിതയുടെ തളിര്‍പ്പാണ്‌ ഈ രചനകള്‍.വീരാന്‍കുട്ടി എഴുതുന്നു: മേഘങ്ങള്‍/ മലകളായി രൂപം മാറി/ അവള്‍ക്ക്‌ മുന്നിലൂടെ/ ഒഴുകി നീങ്ങും/ നദിയെപ്പറ്റി- (രണ്ടുകവിതകള്‍, മാധ്യമം ഓണപ്പതിപ്പ്‌). ഒ. വി. ഉഷ അദൃശ്യത്തില്‍ പറയുന്നു: വെട്ടമായ്‌ക്കാണ്‍മൂ കാണേണ്ടതൊക്കെയും/ തിട്ടമായ്‌ത്തന്നെ വേണ്ട നേരങ്ങളില്‍/ ആകയാലുറപ്പാണു പോന്നെത്തുന്ന/ വേളയില്‍ ദൃശ്യമദൃശ്യവും- (മാധ്യമം ഓണപ്പതിപ്പ്‌). അബ്‌ദുള്ള പേരാമ്പ്ര എഴുതി: ഇലകള്‍ കൊണ്ട്‌ ആകാശത്തോടും/ വേരുകളാല്‍ മണ്ണിനോടും സംസാരിക്കുന്നുണ്ട്‌ ഒരു മരം-( ഭാഷ, ഗ്രന്ഥാലോകം ഓഗസ്റ്റ്‌ ലക്കം). പുതുകവിതയുടെ കരുത്തും ഭാവനാവിശാലതയും അനുഭവിപ്പിക്കുകയാണ്‌ ഇവ.
ആത്മഹത്യക്കുമുമ്പ്‌ എന്ന രചനയില്‍ എം. എം. സചീന്ദ്രന്‍ എഴുതി: പലവട്ടമെന്തിന്‌ വെട്ടും തിരുത്തലും/ ആത്മഹത്യക്കുമുമ്പവസാനമായി/ ആര്‍ക്കുമൊന്നും എഴുതിവെക്കരുത്‌-(ജനയുഗം വാരാന്തപ്പതിപ്പ്‌). കെ. എന്‍. ഷാജികുമാര്‍: കവിതയെഴുതുമ്പോള്‍/ ഇടത്തും വലത്തും കൊതുകുകള്‍/ പാറിപ്പറന്നു വന്നരിക്കുന്നു-(കൊതുകുകള്‍- ജനയുഗം ഓഗസ്റ്റ്‌23). സോമന്‍ കടലൂര്‍ തോര്‍ച്ച മാസികയില്‍(ഓഗസ്റ്റ്‌): കഷ്‌ടപ്പെട്ട്‌/ എട്ട്‌ സെന്റ്‌ സ്ഥലം/ സ്വന്തമാക്കുമ്പോള്‍/ കണ്ണുനിറഞ്ഞു/ മരിച്ചുവീഴാന്‍ ഒരിടമായി.-(നഷ്‌ടപ്പാടുകള്‍). ഇത്തരം രചനകള്‍ അബദ്ധത്തില്‍ വായിച്ച്‌ മുറിവേറ്റുപിടയുന്ന വായനക്കാരെ ആര്‌ ശ്രദ്ധിക്കുന്നു!

യാത്രയില്‍ കണ്ണില്‍ പതിയുന്ന കാഴ്‌ചകളിലേക്ക്‌ പൂനൂര്‍ കെ. കരുണാകരന്‍ വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നതിങ്ങനെ: മുനകള്‍ തേയുന്ന/ വാക്കുകളാല്‍ നഷ്‌ട/ വിനിമയത്തിന്റെ/ ഭാരമേറ്റുന്നു നാം- (യാത്രയുടെ കാണാപ്പുറങ്ങള്‍- മാധ്യമം വാര്‍ഷികം). കരുണാകരന്‍ മനോഹരമായി ദൃശ്യപംക്തികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്‌.
കവിതകളുടെ ഓണപ്പാച്ചിലില്‍ നിന്നും വേറിട്ടു നില്‍ക്കുന്നൊരു രചനയില്‍ നിന്നും: ഈ ഫാനിന്റെയുള്ളില്‍ നിന്ന്‌/ വീശിയെത്തുന്നത്‌/ ചുടുനിശ്വാസമാണ്‌/ ഈ പേനയിലൂടെ/ ഒഴുകി വീഴുന്നത്‌/ ചുടുമഷിയാണ്‌/ ഈ മുറിയൊരു മരുഭൂമിയാണ്‌.-(മോഹനകൃഷ്‌ണന്‍ കാലടി- മരീചിക, ഇന്ന്‌മാസിക ഓണപ്പതിപ്പ്‌). പുസ്‌തകത്തിന്റെയും എഴുത്തിന്റെയും വായനയുടെയും പൊള്ളുന്ന ചിത്രമാണിത്‌.
ബ്ലോഗ്‌കവിത
ബ്ലോഗില്‍ ഇപ്പോള്‍ ഓണപ്പതിപ്പുകളുടെ കാലമാണ്‌. ആചാരങ്ങളുടെ പുറംപൂച്ചുകളില്‍ നിന്നും മോചനം കിട്ടുമെന്ന പ്രതീക്ഷയിലാണ്‌ പലപ്പോഴും ബ്ലോഗ്‌ വായനയിലെത്തുന്നത്‌. അവിടെയും ആചാരവെടികളുടെ ശബ്‌ദകോലാഹലം! ഒരു കവി നൂറുകവിത എഴുതി വായനക്കാരെ പേടിപ്പിക്കുന്ന പതിപ്പുകളുടെ ഭീകരത ബ്ലോഗിലില്ലെന്ന ധാരണയിലാണ്‌ ബുലോക കവിതാബ്ലോഗ്‌ തുറന്നത്‌. അവിടെ പതിവുവഴക്കങ്ങളുടെ ചെടിപ്പുകള്‍ തന്നെ. ഓണപ്പുലരിയില്‍ ചാന്ദ്‌നി: കടലിനെ കരയെന്ന്‌ വിളിയ്‌ക്കാന്‍/ കടം കൊള്ളാതൊരു പുഞ്ചിരി/ കരുതണമെന്നും കൊതിച്ചതാണ്‌.പിറവിയില്‍ മുഹമ്മദ്‌ കവിരാജ്‌ എഴുതുന്നു: വാരിക്കൊടുത്ത/ ഓരോ പൊതിച്ചോറിലും/ മല്ലിക്കും മുളകിനുമൊപ്പം/ ഓരോ വീട്ടിലും രുചിഭേദങ്ങളായി/ തിളച്ചു മറിഞ്ഞു.സറീന അകംവാഴ്‌വില്‍ കുറിച്ചിടുന്നു: ഒരു മരം തളിര്‍ക്കുംപോലെ/ അകം നിറയെ ചിരിയ്‌ക്കുന്നുണ്ട്‌/ ഒരിയ്‌ക്കലും ഭൂമിയുടെ വെട്ടിമറിയാത്ത ഒരുവള്‍/ കഴുകിക്കമഴ്‌ത്തിയ പാത്രത്തില്‍ ഒരു തുണ്ട്‌. ചിന്തയിലെ തര്‍ജ്ജനിയില്‍ നിന്നും അനൂപ്‌ ചന്ദ്രന്‍: ഓരോ ഷോപ്പിങ്‌ മാളിലേക്കു കയറുമ്പോഴും/ താനിതിനു പാകമാകാത്തതെന്നു/ ഉള്ളിലേക്കവന്‍ തുറിച്ചുനോക്കി-(ഹോട്ട്‌ ഡോഗ്‌). പുതുകവിതാബ്ലോഗില്‍ നിന്നും: സിനു കക്കട്ടില്‍ മൈക്കിള്‍ ജാക്‌സണിനെ എഴുതുന്നു: മെലിഞ്ഞുണങ്ങിയ/ ദേഹവുമായി/ നിദ്രക്കുവേണ്ടി/ കേണുകൊണ്ട്‌/ ജാക്‌സണ്‍/ നീയെന്റെ സ്വപ്‌നത്തില്‍ വന്നുപാടുന്നു/ എന്റെ, ആത്മവിശ്വാസവുമതുപോലെയാണ്‌.
സൂചന: നാമെല്ലാം വര്‍ത്തമാനപത്രങ്ങളില്‍ നിന്ന്‌ അയല്‍ക്കാരനെ അറിയുന്നവരാണ്‌. പക്ഷേ, ഒരു കലാകാരന്‍ തന്റെ നഗ്നമായ കാലടികള്‍ കൊണ്ട്‌, തന്റെ കവചരഹിതമായ ശരീരം കൊണ്ട്‌, തന്റെ കൈയുറയിടാത്ത കൈകള്‍ കൊണ്ട്‌, തന്റെ വേദന അറിയുന്ന മനസ്സുകൊണ്ട്‌ ഈ ലോകത്തിന്റെ ചലനങ്ങള്‍ അറിയാന്‍ വിധിക്കപ്പെട്ടവനാണ്‌- എം. എന്‍ .വിജയന്‍ (വര്‍ണ്ണങ്ങളുടെ സംഗീതം എന്ന പുസ്‌തകം).-നിബ്ബ്‌