നൈര്‍മ്മല്യത്തിന്റെയും തീക്ഷ്‌ണതയുടെയും സ്‌നേഹഗാഥയുടെയും പൂക്കളൊരുക്കിയാണ് പാലാ നാരായണന്‍ നായര്‍ അടയാളപ്പെട്ടത്. കവിത മനമെഴുത്തും കണ്ടെടുപ്പുമാണെന്ന് ഓര്‍മ്മപ്പെടുത്തുകയായിരുന്നു പാലാ നാരായണന്‍ നായര്‍. ജീവിതത്തിന്റെ തളിരും പൂവും വാക്കിന്റെ ചെപ്പിലൊതുക്കുന്നതില്‍ ജാഗരൂകനായിരുന്നു അദ്ദേഹം.
ആധുനികകവിത്രയത്തിലൂടെ വ്യത്യസ്‌തധാരകളായി നിറഞ്ഞും കുറുകിയും ഒഴുകിയ മലയാളകവിതയില്‍ `നിഴല്‍' എന്ന ആദ്യകവിതയിലൂടെ പാലാ നാരായണന്‍ നായര്‍ തന്റേതായ ഒരിടം എഴുതിച്ചേര്‍ത്തിരുന്നു. തെളിനീരിന്റെ ശുദ്ധിയും ആര്‍ദ്രതയുടെ പച്ചപ്പും നിറഞ്ഞ പാലായുടെ കാവ്യലോകം കേരളീയ പ്രകൃതിയും മീനച്ചിലാറിന്റെ സംഗീതവും കോമളപദാവലിയില്‍ അനുഭവപ്പെടുത്തി. വനഭംഗിപോലെ മന:ശുദ്ധിയും നമ്മുടെ കവിതയില്‍ ചേര്‍ത്തുവെക്കുന്നതില്‍ ഈ കവി പ്രകടിപ്പിച്ച ആവേശം മധുരോദാരമായ കവിതകളുടെ പൂക്കാലം വിതച്ചു. പ്രകൃതിയില്‍ നിന്നും മനുഷ്യനു വേറിട്ടൊരസ്‌തിത്വമില്ലെന്ന് പാലാ വിശ്വസിച്ചു. ജീവിതത്തിന്റെ കയറ്റിറക്കവും കലങ്ങലും തെളിയലുമെല്ലാം ആഴക്കാഴ്‌ചയോടെ അവതരിപ്പിച്ച പാലാ എപ്പോഴും ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ വായനക്കാരന്റെ മനസ്സില്‍ പതിപ്പിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തി. അദ്ദേഹത്തിന്റെ കവനകലെ വേറിട്ടുനിര്‍ത്തുന്ന ഒരു ഘടകവുമാണിത്. കൊച്ചു കൊച്ചു ദു:ഖങ്ങളുടെ ഉപാസകനായിരിക്കുമ്പോഴും വേദാന്ത ദര്‍ശനത്തിലേക്കും സമകാലിക സാമൂഹികജീവിതത്തിലേക്കും ദേശീയസമരങ്ങളിലേക്കും അദ്ദേഹം മനസ്സ് ചേര്‍ത്തുവെച്ചിട്ടുണ്ട്. ഖണ്‌ഡകാവ്യങ്ങളും ലഘുഗീതങ്ങളും മലയാളത്തിന്റെ കാവ്യരേഖയില്‍ ശക്തമായ സാന്നിദ്ധ്യമായിട്ടും മഹാകാവ്യകല്‍പനകളോട് ആഭിമുഖ്യം പുലര്‍ത്താനും പാലാ മറന്നില്ല. ``പൊന്നണിയിക്കപ്പെട്ട സുന്ദരി'' എന്ന് പാലായുടെ കവിത മഹാകവി വള്ളത്തോള്‍ വിശേഷിപ്പിച്ചതും മറ്റൊന്നല്ല.പതിനേഴാം വയസ്സില്‍ `നിഴല്‍' എന്ന കവിത എഴുതി ഗ്രാമത്തിന്റെ മഹത്വവും മനുഷ്യത്വത്തിന്റെ തളിര്‍പ്പും പ്രകൃതിലാളനയും കമനീയമായി വരച്ചുചേര്‍ത്ത ഈ കവി പാരമ്പര്യത്തിന്റെ ഊറ്റവും നവഭാവുകത്വത്തിന്റെ അകമെഴുത്തും നിരവധി കൃതികളിലൂടെ ആവിഷ്‌കരിച്ചിട്ടുണ്ട്. ഭാരതീയ സംസ്‌കൃതിയും വിശാലമായ ജീവിതാവബോധവും ഇഴചേര്‍ത്ത് വാക്കിന്റെ ജാലകത്തിലൂടെ മാനുഷികതയുടെ ഈടുവെപ്പുകള്‍ കോര്‍ത്തെടുത്ത് വായനക്കാരെ വെളിച്ചത്തിന്റെ അനന്തതയിലേക്ക് നടത്തിക്കുകയായിരുന്നു. പലതീരങ്ങളെ സ്‌പര്‍ശിച്ച് പതിഞ്ഞൊഴുകിയ നദി പോലെയായിരുന്നു പാലായുടെ കര്‍മ്മരംഗം. പട്ടാളക്കാരന്‍, അധ്യാപകന്‍, സാഹിത്യ അക്കാദമി സെക്രട്ടറി എന്നിങ്ങനെ വിവിധ തുറകളില്‍ അദ്ദേഹം പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. 1943- ല്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ സൈനികസേവനം അനുഷ്‌ഠിച്ചു. തൂലികയേന്തിയ കൈയില്‍ തോക്കെടുത്ത് നാടിനുവേണ്ടി വീറോടെ പൊരുതി. ബര്‍മ്മയുടെ വനാന്തരങ്ങളില്‍ കര്‍മ്മധീരനായ പട്ടാളക്കാരനായിരുന്നു. യുദ്ധത്തില്‍ പങ്കെടുത്ത മഹാകവി എന്ന വിശേഷണവും പാലാ നാരായണന്‍ നായര്‍ക്ക് സ്വന്തം.കാല്‍പനികതയുടെ ശീതളിമയും മഹാകാവ്യ പാരമ്പര്യത്തിന്റെ ഓജസ്സും ഒത്തിണങ്ങിയ കവനഭാവുകത്വമായിരുന്നു പാലായുടെ ശൈലി. പ്രതിപാദ്യ വിഷയത്തിന്റെ സവിസ്‌തര വര്‍ണ്ണനയിലായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ഈ രീതി ഗഹനമായ കവിതയുടെ ചാലില്‍ നിന്നും ചില സന്ദര്‍ഭത്തിലെങ്കിലും പാലായുടെ കവിതയെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. നാടിന്റെ മാറുന്ന മുഖച്ഛായ `കേരളം വളരുന്ന'തിലൂടെ ഭംഗിയായി അവതരിപ്പിച്ചു. ആത്മരേഖയായി വായിച്ചെടുക്കാവുന്ന ധാരാളം കവിതകള്‍ പാലായുടെ കാവ്യതട്ടകത്തിലുണ്ട്.കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നീ മഹാകവികളുടെ കാവ്യാദര്‍ശത്തെ പിന്‍പറ്റി വളരുന്നു വികസിച്ച മലയാളകവിത സാമൂഹികവും വൈയക്തിവുമായ വിഷയങ്ങളില്‍ ആഴ്‌ന്നിറങ്ങി പുതുമയുടെ അന്തരീക്ഷം തീര്‍ത്തു. അത്തരമൊരു കാവ്യകലയുടെ അകംപുറം തലോടിക്കൊണ്ടാണ് പാലാ നാരായണന്‍ നായരും കവിത എഴുതിത്തുടങ്ങിയത്. എന്നാല്‍, നാട്ടിമ്പുറത്തുകാരനായ ഒരാളുടെ ചിന്താശീലങ്ങളും ജീവിതനിറവും ഈ കവിയുടെ രചനകളുടെ അടിസ്ഥാനധാരയായിരുന്നു. മലയാളത്തിന്റെ മണവും രുചിയും നിറഞ്ഞ വരികളെന്ന് പാലായുടെ കവിതകളെ പേരിട്ടുവിളിക്കാം.കേരളം വളരുന്നു ( എട്ടുഭാഗങ്ങള്‍), ശിശുഗാനങ്ങള്‍, പാലാഴി, കുഞ്ഞിക്കവിതകള്‍, ആലിപ്പഴം, വിളക്കു കൊളുത്തൂ, ശാന്തി, കസ്‌തൂര്‍ബ, വൈഖരി തുടങ്ങിയ കാവ്യപുസ്‌തകങ്ങള്‍ ജീവിതത്തിന്റെ ഇടനിലങ്ങളില്‍ വെളിച്ചംനേദിച്ചുള്ള തീര്‍ത്ഥാടക ജന്മത്തിന്റെ മുദുസ്‌പര്‍ശനമാണ്. ആരോരുമറിയാതെ, പതിയെ ജീവന്‍ മണത്തെത്തുന്ന `മരണ'ത്തെ ഈ കവി പല കവിതകളിലും സൂചിപ്പിട്ടുണ്ട്. കാലനെപ്പോലെ തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ഗ്രാമീണനെക്കുറിച്ച് ആത്മകഥനത്തിലൊരിടത്ത് പാലാ അനുസ്‌മരിച്ചിട്ടുണ്ട്. കൊട്ടിയം കോളേജുമായി ബന്ധപ്പെട്ട ഒരു ലേഖനത്തില്‍.ഇരുലോകങ്ങളെ ചേര്‍ത്തുപിടിക്കലാണ് കവിതയെന്ന് സാമാന്യമായി വിശേഷിപ്പിക്കാം. ഒരര്‍ത്ഥത്തില്‍ പാലായുടെ കാവ്യങ്ങള്‍ അത്തരമൊരു വിതാനത്തിലാണ്. ആകാശത്തിലേക്ക് ചില്ലകള്‍ വിരിച്ചുനില്‍ക്കുന്ന ഒരു വടവൃക്ഷംപോലെയാണ് നാരായണന്‍ നായരുടെ കവിത. സ്വപ്‌നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും മേച്ചില്‍പുറങ്ങളിലൂടെ നിതാന്തമായി സഞ്ചിച്ചുകൊണ്ടിരിക്കുന്ന യാത്രാക്കാരന്റെ ഇരുളും വെളിച്ചവും കലര്‍ന്ന കാഴ്‌ചയുടെ ഭുപടം വാക്കുകളില്‍ തീര്‍ക്കുകയായിരുന്നു ഈ കവി.കീപ്പള്ളിയില്‍ ശങ്കരന്‍ നായരുടെയും പുലിയന്നൂര്‍ പുത്തൂര്‍വീട്ടില്‍ പാര്‍വതിയമ്മയുടെയും മകനായി 1911 ഡിസംബര്‍ 11-നാണ് പാലാ നാരായണന്‍ നായര്‍ ജനിച്ചത്. 1928-ല്‍ ആദ്യകൃതി ``പൂക്കള്‍'' പ്രസിദ്ധപ്പെടുത്തി. സ്‌കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ പാലാ കോളേജ് അധ്യാപകനായും ജോലിചെയ്‌തിട്ടുണ്ട്. ദേശീയസമരകാലത്ത് സമകാലിക രാഷ്‌ട്രീയ സംഭവങ്ങള്‍ മലയാളകവിതയില്‍ മുഴങ്ങിയപ്പോള്‍ പാലാ ക്ഷേത്രപ്രവേശന വിളംബരത്തെ ഉപജീവിച്ച് രചിച്ച കവിതയിലൂടെ പുരസ്‌കാരം നേടി. 1937-ല്‍ മഹാകവി ഉള്ളൂരില്‍ നിന്ന് ആദ്യപുരസ്‌കാരം വാങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു. പിന്നീടുള്ള കാവ്യസരണിയില്‍ കേരള സാഹിത്യ അക്കാദമി, വള്ളത്തോള്‍, ആശാന്‍, കാളിദാസ, മാതൃഭൂമി, പുത്തേഴത്ത്, എഴുത്തച്ഛന്‍, മൂലൂര്‍, ഭാരതഭൂഷണ്‍ മുതലായ ഒട്ടേറേ പ്രശസ്‌ത പുരസ്‌കാരങ്ങള്‍ പാലാ നാരായണന്‍ നായരെ തേടിയെത്തി.കവിതകൊണ്ട് മലയാളിയെ ഊട്ടുകയും ഉദാത്ത ജീവിതമാതൃകകളിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ചും നിത്യജീവിതത്തിന്റെ ആരോഹണ അവരോഹണക്രമത്തിലൂടെ ഈ കവി എന്നും ജീവിതത്തിലേക്ക് കണ്ണയച്ച് നിന്നു. കവിത സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനുള്ള വിളക്ക് കൊളുത്തലായി വായിച്ചെടുക്കാന്‍ മലയാളത്തിന്റെ കവികാരണവരായ പാലാ എന്നു ശുഷ്‌കാന്തി പുലര്‍ത്തിയിരുന്നു. ഒരു വിസ്‌മൃതിയായി, പുഞ്ചിരിയായി അമൃതകലയായി മനുഷ്യജീവിതം തലോടിനില്‍ക്കാനായിരുന്നു പാലാ നാരായണന്‍ നായര്‍ക്ക് കൗതുകം. കവനകലയിലൂടെ എഴുത്തിന്റെ വസന്തംവിരിയിച്ച പാലാ നാരായണന്‍ നായര്‍ കവിതയുടെ വെണ്‍ശോഭയിലൂടെ മലയാളഭാഷയില്‍ നിലനില്‍ക്കും.