Tuesday, April 24, 2012
Monday, March 26, 2012
ഭാവപ്പകര്‍ച്ചയുടെ പാഠപുസ്തകം
ഗായകനായി തുടങ്ങി മലയാളസിനിമയില്‍ വില്ലന്‍ വേഷത്തില്‍ പ്രേക്ഷകമനസ്സില്‍ ഇടംനേടിയ നടനാണ് ജോസ് പ്രകാശ്. എ.എം.രാജയും കെ.ജെ.യേശുദാസും ശബ്ദസൗഭാഗ്യം കൊണ്ട് ശ്രദ്ധപതിപ്പിച്ചു കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ജോസ്പ്രകാശിന്റെ ഗാനങ്ങള്‍ ആസ്വാദകരെ ആകര്‍ഷിച്ചത്.മനസ്സാക്ഷി എന്ന ചിത്രത്തിനുവേണ്ടി ജോസ്പ്രകാശ് ആലപിച്ച നീലിപ്പെണ്ണേ എന്ന ഗാനം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അറുപതോളം ഗാനങ്ങള്‍ ജോസ്പ്രകാശ് ആലപിച്ചിട്ടുണ്ട്. കണ്ണൂനീര്‍ ചൊരിയാതെ..., വാര്‍മഴിവില്ലിന്റെ... തുടങ്ങിയവ ഇദ്ദേഹത്തിന്റെ ഹിറ്റ്ഗാനങ്ങളില്‍ ഉള്‍പ്പെടുന്നു. വി.ദക്ഷിണാമൂര്‍ത്തിയുടെ സംഗീതസംവിധാനത്തില്‍ ജോസ്പ്രകാശ് ആലപിച്ച പാട്ടുകള്‍ മലയാളത്തിന്റെ മധുവും മധുരവുമായി അക്കാലത്ത് ആസ്വാകര്‍ നെഞ്ചേറ്റി. സംഗീതത്തില്‍ പാരമ്പര്യമോ,വേണ്ടത്ര ശിക്ഷണമോ ഒന്നും അവകാശപ്പെടാനില്ലാത്ത ജോസ്പ്രകാശ് സൈനികരംഗത്തു നിന്നാണ് ആലാപനത്തിലേക്ക് തിരിഞ്ഞത്.ഗായകനായി നില്ക്കുമ്പോള് തന്നെ സിനിമാഭിനയത്തിലേക്കും പ്രവേശിച്ചു.'ഭക്തകുചേല'യില്‍ പാടി അഭിനയിച്ച് സിനിമയില്‍ തുടക്കമിട്ടെങ്കിലും അദ്ദേഹത്തിന്റെ നടനവൈഭവം തിരിച്ചറിയുന്നത് പി.എന്‍.മേനോന് സംവിധാനം ചെയ്ത 'ഓളവും തീരവും' എന്ന സിനിമയിലെ കുഞ്ഞാലി എന്ന കഥാപാത്രമാണ്. ജോസ്പ്രകാശിന് മേല്‍വിലാസം നല്കി. സത്യനും നസീറിനും പിന്നണി പാടിയ ജോസ്പ്രകാശ് പിന്നീട് അവരുടെ സിനിമകളില്‍ കിടിലന്‍ വില്ലന്‍ വേഷത്തിലൂടെ മുന്നേറി. തൊണ്ണൂറുകള്‍ വരെ ജോസ്പ്രകാശ് വില്ലന്‍ വേഷങ്ങള്‍ കൈവിട്ടിരുന്നില്ല.സൗമ്യശീലനായ ജോസ്പ്രകാശിന്റെ വില്ലന്‍ വേഷങ്ങള്‍ ക്രൗര്യത്തിന്റെ അടയാളമായിത്തീര്‍ന്നു. ചുണ്ടില്‍ എരിയുന്ന സിഗരറ്റും, പുകയുന്ന പൈപ്പും,വളഞ്ഞ പിടിയുള്ള വാക്കിംഗ് സ്റ്റിക്കും വെളുത്ത കോട്ടും ഊറിച്ചിരിയുമില്ലാത്ത ഒരു വില്ലനെ സങ്കല്പിക്കാന് മലയാളികള്‍ക്ക് സാധിക്കാത്ത വിധം ജോസ്പ്രകാശ് വെള്ളിത്തിര കീഴടക്കി .ലാളിത്യത്തിന്റേയും ഉദാരതയുടേയും ത്യാഗത്തിന്റേയും ഔന്നത്യമാര്‍ന്ന സ്നാപക യോഹന്നാനും, ഭീഷ്മരും ഒക്കെയായിരുന്ന ജോസ്പ്രകാശിന് 'ലൗ ഇന്‍ കേരളയി'ലെ സില്‍വര്‍ഹെഡ് എന്ന കഥാപാത്രം അധോലോകനായക പരിവേഷം നല്കി. ശരിയും തെറ്റും, വിശപ്പിന്റെ വിളി,ബാബുമോന്, അച്ഛന്റെ ഭാര്യ, സി.ഐ.ഡി.നസീര്‍, ജീസ്സസ്, തൃഷ്ണ, ശരവര്‍ഷം, ലൗ ഇന്‍ സിംഗപ്പൂര്‍(1980),പഞ്ചതന്ത്രം,പുതിയവെളിച്ചം,മാമാങ്കം, അവനോ അതോ അവളോ,അഹിംസ, കൂടെവിടെ,ഇന്ദ്രജാലം, വാഴുന്നോര്‍, പത്രം, മിസ്റ്റര്‍ ബ്രഹ്മചാരി, എന്റെ വീട് അപ്പൂന്റേം,ഭീഷ്മാചാര്യ, കോട്ടയം കുഞ്ഞച്ചന്, സ്നേഹമുള്ളസിംഹം, ലിസ, ഈറ്റ, ആകാശദൂത്, രാജാവിന്റെ മകന് എന്നിങ്ങനെ മുന്നൂറിലധികം സിനിമകളില്‍ വേഷമിട്ടു. ആകാശദൂത, മിഖേയലിന്റെ സന്തികള്‍ തുടങ്ങിയ ടെലി സീരിയലുകളിലും അഭിനയിച്ചു.ഏറ്റവും ഒടുവില്‍ ജോസ്പ്രകാശ് അഭിനയിച്ചത് ട്രാഫിക്കിലാണ്. സ്വഭാവനടനിലേക്ക് ജോസ്പ്രകാശ് വീണ്ടും മാറുകയായിരുന്നു. രോഗപീഡകളും ശാരീരിക അവശതയും ജോസ്പ്രകാശിന്റെ അഭിനയചാതുരിക്ക് കോട്ടം വരുത്തിയില്ല.
മലയാളസിനിമയില്‍ നെഗറ്റീവ് കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്ത മുഖം നല്‍കിയും സംഭാഷണത്തില്‍ സ്വീകരിച്ച സവിശേഷ ശൈലിയും കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ജോസ്പ്രകാശിന് കഴിഞ്ഞത് അഭിനേതാവ് എന്ന നിലയില്‍ ജോസ്പ്രകാശ് കാത്തുസൂക്ഷിച്ച നിരീക്ഷണപാടവമാണ്. കഥാപാത്രം എന്തായാലും അതിലേക്ക് പരകായപ്രവേശം നടത്തുന്നതില്‍ ഇദ്ദേഹം ജാഗരൂകനായിരുന്നു. ഓരോ കഥാപാത്രവും നവീന ഭാവുകത്വത്തിലൂടെ കാഴ്ചയുടെ ഉത്സവമാക്കിമാറ്റുന്നതില്‍ ജോസ്പ്രകാശ് നിര്‍ണ്ണായക പങ്ക് വഹിച്ചു. കൊട്ടാരക്കരയും കെ.പി.ഉമ്മറും ഗോവിന്ദന്‍കുട്ടിയും ടി.ജി.രവിയും മറ്റും വില്ലന്‍വേഷങ്ങളില്‍ വെള്ളിത്തിരയില്‍ മാറ്റുരച്ച കാലത്ത് മിന്നിമറിയുന്ന ഭാവപകര്‍ച്ചയുടെ പാഠപുസ്തകവുകയായിരുന്നു ജോസ്പ്രകാശ്.
ക്രൂരനായ പോലീസ് ഉദ്യോഗസ്ഥനായും, തന്ത്രശാലിയായ ബിനിനസ്സുകാരനായും രാഷ്ട്രീയക്കാരന്റെ വേഷത്തിലും ഈ നടന് വരുമ്പോള്‍ പല സന്ദര്‍ഭത്തിലും തിരശ്ശീലയില്‍ വിസ്മയം തീര്‍ത്തിരുന്നു. ശരീരഭാഷയും കനത്തശബ്ദവും ഏതുരസവും വിരിയിച്ചെടുക്കാന്‍ സാധിക്കുന്ന മുഖഭാവവും മാണ് ജോസ്പ്രകാശിനെ ശ്രദ്ധേയനാക്കിയത്.കണ്ണിലെ ചിരിയില്‍ ക്രൂരതയ്ക്കുപോലും ആകര്‍ഷണീയതയേറിയിരുന്നു. ദാര്‍ഢ്യം കലര്‍ത്തി, ഊന്നിനില്ക്കുന്ന വാചകങ്ങള്‍ കഥാപാത്രത്തിന്റെ ശക്തി പ്രേക്ഷകമനസ്സില്‍ ആഞ്ഞുപതിപ്പിക്കാന്‍ ഈ നടന് സഹായകമായിരുന്നു. അഭിനയകലയുടെ രസതന്ത്രം തീര്‍ത്ത് ജോസ്പ്രകാശ് നാടകത്തിലും സിനിമയിലും നിറസാന്നിധ്യമായി. മലയാളസിനിമയുടെ ചരിത്രവിഹിതത്തില്‍ ഡാനിയേല്‍ പുരസ്കാര ജേതാവായ ജോസ്പ്രകാശ് എന്ന നടന്, ഗായകന് തിളങ്ങിനില്ക്കും. ചന്ദ്രിക ദിനപത്രം-26/3/12
Saturday, February 18, 2012
ചെപ്പില്‍ നിറച്ച കഥോപനിഷത്ത്

പി.കെ.പാറക്കടവിന്റെ ആദ്യനോവല്കഥ പറയുന്നവരും കഥ കേള്‍ക്കുന്നവരും ഇല്ലാതായിപ്പോകുന്ന ഒരു ലോകത്തെപ്പറ്റിയാണ് വാള്‍ട്ടര്‍ ബെന്യാമിന് `കഥപറയുന്ന ആള്' എന്ന ലേഖനത്തില്‍ വിശലനം ചെയ്യുന്നത്. കഥപറച്ചിലിന്റെ കല നശിച്ചുകൊണ്ടിരിക്കുന്ന കാലത്തെ നോക്കി പരിതപിക്കുകയാണ് വാള്‍ട്ടര്‍ ബെന്യാമിന്. കഥ കേള്‍ക്കാന്‍ കൊതിക്കുന്നവരുടെ ഇടയിലേക്ക് കഥപറച്ചിലുകാരായി വരുന്നവരുടെ എണ്ണം കുറയുന്നു. അനുഭവങ്ങള്‍ കൈമാറാനുള്ള കഴിവ് നഷ്ടപ്പെടുകയാണെന്ന് വാള്‍ട്ടര്‍ ബെന്യാമിന് സൂചിപ്പിക്കുന്നു. ഇതിന് ഉദാഹരണമായി പറഞ്ഞത് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സൈനികരുടെ അവസ്ഥയാണ്. അവര്‍ മൗനികളായിരുന്നു. യുദ്ധരംഗത്തെ അനുഭവത്തെക്കുറിച്ച് അവര്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. യുദ്ധം അനുഭവജ്ഞാനത്തെ അട്ടിമറിക്കുകയായിരുന്നു. കഥപറച്ചിലിന് സംഭവിച്ച ഈ വ്യതിയാനത്തിന് ആധുനികതയുടെ പിറവിയോളം പഴക്കമുണ്ട്. കഥപറിച്ചലിനെക്കുറിച്ച് ഇവിടെ പരാമര്‍ശിക്കാനിടയായത് പി.കെ.പാറക്കടവിന്റെ ആദ്യ നോവല്‍ `മീസാന്‍കല്ലുകളുടെ കാവലാണ്'. പാറക്കടവിന്റെ നോവല്‍ നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കും കുറുകെ നടക്കുന്ന കഥകളുടേയും കഥപറിച്ചലിന്റേയും അരങ്ങും അണിയറയും വീണ്ടും സൃഷ്ടിക്കുന്നു.
കഥയും കാലവും വടവൃക്ഷംപോലെ ശാഖകള്‍ വിടര്‍ത്തി പന്തലിച്ചു നില്‍ക്കുകയാണ് `മീസാന്‍കല്ലുകളുടെ കാവലില്‍'. കഥാപാത്രങ്ങള്‍ അവരുടെ കാലത്തിന്റെ രേഖീയതയും ഭേദിച്ച് കീഴ്പ്പോട്ടുപോയവരുടെ ചരിത്രം കുഴിച്ചെടുക്കുന്നു. ധര്‍മ്മവും ധര്‍മ്മസങ്കടവും ആസക്തിയും നിരാസക്തിയും പ്രണയവും പ്രണയനിരാസവും എല്ലാം പാറക്കടവിന്റെ നോവലിലുണ്ട്. മുഖ്യകഥാപാത്രങ്ങളായ സുല്‍ത്താനും ഷഹന്‍സാദയും കഥകളുടെ ലോകത്താണ് ജീവിക്കുന്നത്.
മലയാളത്തിലെ ഹൈക്കുനോവലാണ് `മീസാന്‍കല്ലുകളുടെ കാവല്‍'.നോവല്‍ശില്‍പ്പത്തിലും കഥാപ്രതിപാദനത്തിലും പാറക്കടവ് അനുഭവിപ്പിക്കുന്ന രചനാവൈദഗ്ധ്യം ശ്രദ്ധേയമാണ്. ആറ്റിക്കുറുക്കി, മൂര്‍ച്ചയേറിയ ഫലിതം ഉള്ളിലൊളിപ്പിപ്പ് കഥപറയുന്ന പി.കെ.പാറക്കടവിന്റെ ശൈലി ഈ നോവലിലും ഔന്നത്യമാര്‍ന്നു നില്ക്കുന്നു. ചരിത്രവും വര്‍ത്തമാനവും യാഥാര്‍ത്ഥ്യവും സ്വപ്നവും വാക്കുകളുടെ ചെപ്പില്‍ അടുക്കിവെക്കുന്നു. ചിന്തയുടേയും ഏകാഗ്രതയുടേയും തീക്ഷ്ണശിലയാണ് പാറക്കടവിന്റെ നോവല്‍. ആര്‍ദ്രതയൊഴുകുന്ന നീര്‍ച്ചോലയാണിത്. മനം പൊള്ളലിന്റെ വേദനയും സുഖവും നല്കുന്ന കൃതി. നോവലിസ്റ്റ് തന്നെ ഇങ്ങനെ പറഞ്ഞുവെച്ചിട്ടുണ്ട്:`ജീവിതം പിഴിഞ്ഞു സത്തുണ്ടാക്കി ഇത്തിരി കിനാവും കണ്ണീരും ചേര്‍ത്തു തപസ്സു ചെയ്യുമ്പോള്‍ ഒരു കലാസൃഷ്ടിയുണ്ടാവുന്നു'. മീസാന്‍കല്ലുകളുടെ കാവല്‍ വായിച്ചു തീരുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്നതും മറ്റൊന്നല്ല.
ദേശപ്പെരുമയും അധികാരപ്പൊലിമയും നാട്ടാചാരങ്ങളും നാട്ടുമൊഴികളും നാട്ടിടവഴിയും മഴനാരുകളും രാക്കഥകളും രാവിന്റെ നടുമുറ്റത്ത് നടക്കാനിറങ്ങുന്ന ജിന്നുകളും നിലാവെട്ടത്തില്‍ കുതിരപ്പുറത്തേറി യാത്രചെയ്യുന്ന ആലിമുസ്ലിയാര് അസീസധികാരിയുടെ കാലില്‍ സ്പര്‍ശിക്കുന്നതും ഉമ്മാച്ചോമയുടെ ആത്മഹത്യാശ്രമവും കഥാവഴിയിലുണ്ട്. ഉപകഥകളായും കേള്‍വികളായും അതിവിദൂരമല്ലാത്ത ഭൂതകാലത്തിന്റെ അടയാളങ്ങളും നോവലില്‍ കാണാ. കക്കയം ക്യാമ്പും രാജനും വിപ്ളവമുന്നേറ്റങ്ങളും തിളച്ചു മറിയുന്ന യൗവ്വനങ്ങളും കഥയുടെ സൂര്യന് കെട്ടുപോകാതെ നിര്‍ത്തുന്നു.
കഥയുടെ ദാര്‍ശനികമാനങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന പതിനാറ് അധ്യായങ്ങളില്‍ സുല്‍ത്താന്‍ സ്വയം മറന്ന് കഥപറയുന്നു. ജീവിതത്തിലും മരണത്തിലും ഷഹന്‍സാദക്ക് കാവലായി അവന് കഥപറഞ്ഞുകൊണ്ടേയിരിക്കുന്നു. `നീ സ്വസ്ഥമായുറങ്ങ്. നിനക്ക് ഒരു മീസാന്‍കല്ലായി ഞാനിതാ കാവലിരിക്കുന്നു. അനന്തമായ കാവല്‍. ഞാന്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കാം.' അകം നോവുന്ന പ്രാര്‍ത്ഥനപോലെ നോവല്‍ സമാപിക്കുന്നിടത്ത് പുതിയ കാലവും കഥയും പിറക്കുന്നു. ഓരോ അധ്യായത്തിനും അനുയോജ്യമായി മജിനിയുടെ രേഖാഖ്യാനവുമുണ്ട്. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച ഈ നോവല്‍ മലയാളനോവല്‍ സാഹിത്യത്തിന് അതിന്റെ സാങ്കേതികതലത്തിലും സംവേദനതലത്തിലും ചെറുതല്ലാത്ത മുതല്‍ക്കൂട്ടാണ്.-;ചന്ദ്രിക വാരാന്തപ്പതിപ്പ്
മീസാന്‍കല്ലുകളുടെ കാവല്‍
പി.കെ.പാറക്കടവ്
ഡിസി ബുക്സ്, കോട്ടയം
വില-40 രൂപ
Thursday, January 05, 2012
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ റിപ്പോര്‍ട്ട്-1
പതിനാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം. 65 രാജ്യങ്ങളില്‍ നിന്നായി 15 വിഭാഗങ്ങളിലായി 196 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മത്സരവിഭാഗത്തില്‍ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 11 ചിത്രങ്ങള്‍ മാറ്റുരക്കും. ലാറ്റിനമേരിക്കന്‍ ചിത്രങ്ങള്‍ നാലെണ്ണമുണ്ട്. രണ്ട് ഇന്ത്യന്‍ ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും. ഹിന്ദി സിനിമാതാരം ജയാബച്ചന്, ഓംപുരി, ഇന്നസെന്റ്, മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചലച്ചിത്ര വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഫെസ്റ്റിവല്‍ കാറ്റ്ലോഗ് പ്രകാശനം ചെയ്യും. ശശിതരൂര്‍ എം.പി, ഫെസ്റ്റിവല്‍ ഡെയ്ലി ബുള്ളറ്റിന്റെ ആദ്യ പതിപ്പ് മന്ത്രി വി.എസ് ശിവകുമാറിന് നല്കി പ്രകാശനം നടത്തും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി.പി.നായര്‍, എം.എല്‍.എമാരായ കെ. മുരളീധരന്, വി. ശിവന്‍കുട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഉദ്ഘാടനച്ചടങ്ങിന് ശേഷം സംവിധായകന് ടി.കെ. രാജീവ് കുമാര്‍ തയാറാക്കിയ കലാപരിപാടി ഉണ്ടായിരിക്കും.
ഉദ്ഘാടനച്ചടങ്ങിന് ശേഷം സാങ്യിമോവീ സംവിധാനം ചെയ്ത അണ്ടര്‍ ദി ഹോതോണ്‍ ട്രീ എന്ന ചൈനീസ് ചിത്രം പ്രദര്‍ശിപ്പിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. ഉദ്ഘാടനം വൈകീട്ടാണെങ്കിലും പ്രധാന വേദികളില്‍ ഇന്ന് കാലത്തുതന്നെ സിനിമകളുടെ പ്രദര്‍ശനം തുടങ്ങും.
പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പതിനൊന്ന് ചിത്രങ്ങളാണ് മാറ്റുരക്കുന്നത്. മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ ഇത്തവണ മത്സരവിഭാഗത്തിലില്ല. കഴിഞ്ഞ വര്‍ഷം പുരസ്ക്കാരം നേടിയത് കൊളംബിയന്‍ ചിത്രം പോര്‍ട്രൈയിറ്റ് ഇന്‍ എ സീ ഓഫ് ലൈസ്്, അര്‍ജന്റീനിയന്‍ ചിത്രം ദ ലാസ്റ്റ് സമ്മര്‍ ഓഫ് ലാ ബൊയിറ്റ,് തുര്‍ക്കി ചിത്രമായ സഫയര്‍ എന്നിവയാണ്. ഇത്തവണ തുര്‍ക്കിയില്‍ നിന്നും രണ്ടു ചിത്രങ്ങളും കൊളംബിയയില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നും ഓരോ ചിത്രവും മത്സരവിഭാഗത്തിലുണ്ട്. മിയാങ് ഷാങിന്റെ ദ ബ്ലാക്ക്ബ്ലഡ്, മുഹമ്മദ് നൂറിയുടെ ബോഡി, ഫ്യൂച്ചര്‍ ലാസ്റ്റ് ഫോര്‍ എവരി (തുര്‍ക്കി), ഹാമിദ് റാസയുടെ ഇറാനിയന്‍ ചിത്രം ഫെമിംഗോ നമ്പര്‍13, കാര്‍ലോസിന്റെ ദ കളര്‍ഓഫ് മൗണ്ടന്‍, പാബ്ലോ പെരന്‍മാന്റെ ദ പെയിന്റിംഗ്ലെവ്, ഇന്ത്യയില്‍ നിന്ന് പ്രശാന്ത് നായരുടെ ഡല്‍ഹി ഇന്‍ എ ഡേ, അതിഥി റോയിയുടെ അറ്റ് ദ എന്റ് ഓഫ് ഇറ്റ് ഓള് എന്നിവയുമുണ്ട്. മത്സരവിഭാഗം ജൂറി ചെയര്മാന് ബ്രൂസി ബെറിസ്ഫോഡാണ്.
ഇന്ത്യന്‍ സിനിമയുടെ നിരയില്‍ വെട്രിമാരന്റെ ആടുകളം,സുശീന്ദ്രന്റെ അഗ്രാസ്മിസ്ഹോഴ്സ്, രാജേഷ് പിഞ്ചാനിയുടെ ബാബുബാന്റ്പാര്‍ട്ടി, അനിന്റോയുടെ ചാപ്ളിന്‍, സൗരഭ് കുമാറിന്റെ ഹാന്‍ഡ്ഹോവര്‍, സമുറോദിയുടെ ഐ വാംഡ്് എ മദര്‍, ഋതുപര്‍ണഘോഷിന്റെ നൗകദുബി എന്നിവയും സമകാലിക മലയാളസിനിമയില്‍ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന് ആന്റ് ദ സെയിന്റ്, വി.കെ.പ്രകാശിന്റെ കര്‍മ്മയോഗി, ജയരാജിന്റെ പകര്‍ന്നാട്ടം, ഉഷാനായരുടെ അകം, ടി.വിചന്ദ്രന്റെ ശങ്കരനും മോഹനനും, രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്നീ ചിത്രങ്ങളുണ്ട്.
ലോകസിനിമാവിഭാഗത്തില്‍ സെപ്പറേഷന്‍, ഡാന്‍സ്,എലീന, ദ പ്രൈസ്, ഗുഡ്ബൈ, ഉറുമി എന്നിങ്ങനെ എഴുപതിലധികം സിനിമകളുണ്ട്.റെട്രോപെക്റ്റീവില്‍ അഡോള്‍ഫാസ്(യു.എസ്.എ)ഒഷിമ (ജപ്പാന്) റോബര്‍ട്ട് ബ്രിസ്റ്റാണ്‍(ഫ്രാന്‍സ്) പൗലോ (ഗ്രീസ്)യാസുറോ (ജപ്പാന്) മാബെട്ടി(സെനഗല്‍), തിയോ അഞ്ചലോ (ജര്‍മ്മനി) എന്നീ വിശ്രുതസംവിധായകരുടെ ചിത്രങ്ങളുണ്ട്. ഹോമേജ് വിഭാഗം, ബെസ്റ്റ് ഓഫ് ഫിപ്രസി തുടങ്ങിയ വിഭാഗവും വ്യത്യസ്ത അനുഭവം പകരും.
പതിനാറാമത് മേളയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകശ്രദ്ധ പതിയുന്നത് അറബ് വസന്തം, സോക്കര്‍സിനിമകള്‍ എന്നീ പാക്കേജുകള്‍ക്കാണ്. അറബ് രാജ്യങ്ങളില്‍ നടക്കുന്ന പുതിയ മാറ്റങ്ങളുടെ തിരകാഴ്ചകളാണ് ഈജിപ്ത്, മൊറോക്കോ,ടുണീഷ്യ, സിറിയ, ലെബനന് എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.
Friday, December 30, 2011
മലയാളസിനിമ -2011 നിറംമങ്ങിയ കെട്ടുകാഴ്ച
മലയാളസിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട വര്‍ഷമാണ് 2011. തമിഴ്സിനിമയുടെ വിരസങ്ങളായ ചട്ടക്കൂടുകള്‍ക്കു മുന്നില്‍ തലകുനിച്ചു കൊണ്ടിരുന്ന മലയാളസിനിമയെ മലയാളഭാഷയുടേയും സംസ്കൃതിയുടേയും തനിമയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച കുറെ യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ സജീവമായ സാന്നിദ്ധ്യമാണ് കഴിഞ്ഞ വര്‍ഷത്തിന്റെ ഈടുവെയ്പ്പ്. ചലച്ചിത്ര പരീക്ഷണങ്ങള്‍ ചര്‍ച്ചചെയ്യുമ്പോഴും വന്‍ പ്രതീക്ഷകളുമായി വിപണി കീഴടക്കാന്‍ അരങ്ങേറിയ ഒട്ടുമിക്ക ചിത്രങ്ങളും ബോക്സോഫീസില്‍ തറപറ്റി. തിയേറ്ററുകളിലെത്തിയ എഴുപതു ശതമാനം ചിത്രങ്ങള്‍ക്കും മുടക്കുമുതലിന്റെ പത്തിലൊന്നുപോലും ലഭിച്ചില്ല. തെറ്റുന്ന കണക്കുകൂട്ടലുകളും പാളുന്ന ധാരണകളും എവിടെയാണ് മലയാളസിനിമക്ക് പിഴച്ചത്?പിന്നിട്ട വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ വിചിത്ര വിജയം നേടിയത് സാള്‍ട്ട് ആന്റ് പെപ്പറും ട്രാഫിക്കും ചാപ്പാകുരിശുമാണ്. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്കും ആഷിക്ക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പറും സമീര്‍ താഹിര്‍
എഴുത്തുകാരുടെ പ്രതിസ
2011-ല്‍ എണ്‍പത്തിയൊമ്പത് ചിത്രങ്ങളാണ് തിയേറ്ററുകളിലെത്തിയത്. വിജയിച്ച ഏതാനും സിനിമകള്‍ മാറ്റിവെ
ച്ചാല്‍ പരാജയത്തിലേക്ക് വീണ ചിത്രങ്ങള്‍ വന്‍ സാമ്പത്തിക ബാധ്യതകളാണ് മലയാളസിനിമയില്‍ ഉണ്ടാക്കിയത്. 90-ലധികം കോടികളുടെ നഷ്ടക്കണക്കാണ് സിനിമാരംഗം സൂചിപ്പിക്കുന്നത്. ഇത് മുന്‍കാലങ്ങളെ അപേക്ഷിച്ച് അതിഭീകരമാണ്. ഓരോ വര്‍ഷം പിന്നിടുമ്പോഴും മലയാളിയുടെ സിനിമയോടുള്ള മോഹം വന്വീഴ്ചകളുടെ കണക്കുകളാണ് നല്‍കുന്നത്. ഇതിനുള്ള പരിഹാരം സ്വയം തിരിച്ചറിയും യാഥാര്‍ത്ഥ്യബോധത്തോടെ ചലച്ചിത്രരംഗത്തെ സമീപിക്കുകയമാണ് വേണ്ടത്.
സാറ്റലെറ്റ് വിപണനം കൊണ്ടുമാ

ജയറാമും പൃഥ്വിരാജും അഭിനയിച്ച ചിത്രങ്ങളുടെ സാമ്പത്തിക നിലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും അഭിനയത്തില്‍ ഉയരത്തിലെത്തിയത് ജയസൂര്യയും കുഞ്ചാക്കോ ബോബനുമാണ്. യുവനിരയില്‍ തിളങ്ങിയത് ആസിഫ് അലി. പുതുമുഖനടന്മാരില് ഉണ്ണിമുകുന്ദനും ശ്രദ്ധിക്കപ്പെട്ടു. മേല്‍വിലാസം , വീട്ടിലേക്കുള്ള വഴി, മകരമഞ്ഞ് തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിച്ചില്ല.
ആദാമിന്റെ മകന് അബു, ഗദ്ദാമ എന്നിവ നേടിയെടുത്ത അവാര്‍ഡുകളും പ്രശംസയും ഗൗരവമുള്ള സിനിമകള്‍ ചെയ്യാന്‍ മലയാളത്തില്‍ സാധ്യത വര്‍ദ്ധിപ്പിച്ചു. മലയാളസിനിമയില്‍ തീവ്രവാദത്തിന്റെയും താന്തോന്നിത്തത്തിന്റെയും മൊത്തക്കച്ചവടം ചാര്‍ത്തിയ മുസ്ലിം കഥാപാത്രാവതരണത്തിന് മങ്ങലേല്‍പ്പിക്കാന്‍ ആദാമിന്റെ മകന് അബുവിന് സാധിച്ചു. ജീവിത വേവലാതിയും അതിജീവനത്തിന്റെ ത്വരയും വിശുദ്ധിയും അടയാളപ്പെടുത്തുന്ന മുസ്ലിം കഥാപാത്രം അബുവില്‍ പ്രേക്ഷകന്റെ മനസ്സ് തൊട്ടു. എന്നാല്‍ ഗദ്ദാമയില്‍ അറബികള്‍ വില്ലന്മാര് മാത്രമായി വീണ്ടും ചിത്രീകരിക്കുകയായിരുന്നു. അടിച്ചും അടികൊണ്ടും പരിക്കുപറ്റി ഓടി രക്ഷപ്പെടുന്ന ബാബുരാജിനെപോലുള്ള പല നടന്മാര്ക്കും സോള്‍ട്ട് ആന്റ് പെപ്പറും ആദാമിന്റെ മകനും പുതിയ താരപദവി നല്കി.
സ്ത്രീകഥാപാത്രങ്ങള്‍ക്ക് ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞ കുറച്ചുചിത്രങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഗദ്ദാമ, കഥയിലെ നായിക, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, സ്വപ്നസഞ്ചാരി മുതലായ ചിത്രങ്ങള്‍. നായികയിലൂടെ ശാരദയും സ്നേഹവീടിലൂടെ ഷീലയും പ്രത്യക്ഷപ്പെട്ടു. ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ അനൂപ് മേനോന് തിരക്കഥയില്‍ മികവു പുലര്‍ത്തി. സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെ പ്രത്യുഷയും നഖരത്തിലൂടെ അര്‍പ്പിതയും കളഭമഴയില്‍ ദീപികയും കൗസ്തുഭത്തില് കാര്‍ത്തികയും ലിവിംഗ്ടുഗെദറില്‍ ശ്രീലേഖയും പുതുമുഖനടിമാരായി. ഗദ്ദാമയില്‍ കാവ്യയും കയത്തില്‍ ശ്വേതാമേനോനും തിളങ്ങി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ ഗുണനിലവാരം കുറഞ്ഞു. പ്രണയം, ഒരു മരുഭൂമിക്കഥ, ബ്യൂട്ടിഫിള്‍,മാണിക്യക്കല്ല്, സ്നേഹവീട് എന്നിങ്ങനെ ഏതാനും ചിത്രങ്ങളിലെ പാട്ടുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹിറ്റുകളും കുറഞ്ഞു.
ഹാസ്യനിരയില്‍ ജഗതിയും സൂരജ് വെഞ്ഞാറമൂടും തന്നെ സൂപ്പറുകളായി. മനോജ് കെ.ജയന് തിരിച്ചുവരവിന്റെ വര്‍ഷമായിരുന്നു. മുകേഷിന് ഒരു മരുഭൂമിക്കഥ മുതല്‍ക്കൂട്ടായി.ചെറുതുംവലുതുമായ വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞുനില്‍ക്കുമ്പോഴും പുതി.യൊരു കാഴ്ചാസംസ്ക്കാരത്തിന്റെ ആരോഗ്യകരമായ സാന്നിധ്യമാകാന്‍ മലയാളസിനിമയ്ക്ക് സാധിക്കുന്നില്ല.
സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകര്‍ എന്‍ ലേബിള്‍ പലര്‍ക്കും നഷ്ടമാകുന്നതിനും കഴിഞ്ഞ വര്‍ഷം സാക്ഷിയായി. ജോഷി, ഫാസില്‍, പ്രിയദര്ശന്,രാജസേനന്,കമല്‍ എന്നിവര്‍ കരിയറില്‍ ഉയര്‍ച്ചനേടിയില്ല. ശക്തമായ ആശയങ്ങളുള്ള സംവിധായകര്‍ മലയാളത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. സലീം അഹ്മ്മദ്, വൈശാഖ്, മാധവ് രാമദാസ്, ബോബന് സാമുവല്‍, ഡോ.ബിജു,സാമിര്‍ താഹിര്‍, വി.െക.പ്രകാശ് തുടങ്ങിയവര്‍ പ്രതീക്ഷ നല്കി. നിര്‍മ്മാതാക്കള്‍ റിസ്ക് എടുത്ത് പുതിയവരെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത മലയാളത്തില്‍ ഇനിയും കരുത്താര്‍ജ്ജിച്ചിട്ടില്ല. സിനിമയുടെ വിജയത്തിന് ഇവിടെ ആരും അവസാന വാക്കല്ല എന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുകയാണ് പോയവര്‍ഷം. പൊതുവില്‍ മലയാളസിനിമയുടെ അടിത്തറ ഭദ്രമല്ല. എവിടെയോ ചില അപാകതകള്‍ നിഴലിക്കുന്നു. അത് തിരിച്ചറിഞ്ഞ് പരിക്കാന്‍ ആരാണ് തയാറാകുക? പുതുവര്‍ഷത്തെ ആശങ്കപ്പെടുത്തുന്ന ചോദ്യവും മറ്റൊന്നല്ല. -വര്‍ത്തമാനം ആഴ്ചപ്പതിപ്പ് 1/1/201
2
Saturday, December 03, 2011
ഇനി നല്ല സിനിമ കാണാം
കേരളത്തിന്റെ പതിനാറാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക് ഈ ആഴ്ച തുടക്കം. ലോകസിനിമയുടെ വിവിധതലങ്ങളിലേക്ക് കണ്ണുതുറക്കുന്ന തിരഭാഷകളിലേക്ക്ഓരോ കലാരൂപവും കാലഘട്ടത്തിന്റെ സവിശേഷ നിര്‍മ്മിതി കൂടിയാണ്.കാലത്തിന്റേയും സാമൂഹികാന്തരീക്ഷത്തിന്റേയും സൂക്ഷ്മ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് കലാരൂപം പൂര്‍ണ്ണതയിലെത്തുന്നത്.ചലച്ചിത്രങ്ങളും അര്‍ത്ഥമാക്കുന്നത് മറ്റൊന്നല്ല. സിനിമ പ്രജ്ഞയുടെയും അന്വേഷണത്തിന്റെയും മാറ്റുരയ്ക്കലാണെന്ന് തിരിച്ചറിയുന്നവര്‍, കാലത്തിന് നേരെ പിടിക്കുന്ന കണ്ണാടിയായി സിനിമയെ മാറ്റീത്തീര്‍ക്കുന്നു. ലോകജീവിതത്തിന്റെ പരിച്ഛേദത്തിലേക്ക് ഇറങ്ങിനില്ക്കുന്ന ചലച്ചിത്രഭാഷ തൊട്ടറിയാനുള്ള വേദിയായി മാറിയിരിക്കയാണ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള. മനുഷ്യബന്ധങ്ങള്‍ക്കും ലോകരാഷ്ട്രീയത്തിനും നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെ ദൃഢവും സുതാര്യവുമായ തിരഭാഷയാണ് ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ലോകരാഷ്ട്രീയത്തിലും ജീവിത വ്യവസ്ഥയിലും ചലച്ചിത്രകാരന്മാരുടെ ഇടപെടല്‍ പ്രതിഫലിപ്പിക്കുന്ന നിരവധി ചിത്രങ്ങള്‍ പതിനാറാമത് മേളയിലുണ്ട്. പ്രത്യേകിച്ചും അറബ് സിനിമകളുടെ ശക്തമായ സാന്നിധ്യം. ആഭ്യന്തര കലഹങ്ങളും അധിനിവേശത്തിന്റെ പുതിയ പ്രവണതകളും പ്രതിരോധത്തിന്റെ ജനമുന്നേറ്റവും തിരകാഴ്ചയില്‍ നടത്തുന്ന പകര്‍പ്പെഴുത്തുകളാണ് അറബ് ചിത്രങ്ങളുടെ പാക്കേജ്. ലോകരാഷ്ട്രങ്ങളിലെ കലാകാരന്മാര് ജീവിതത്തെയും സിനിമയെയും എങ്ങനെ സമീപിക്കുന്നു എന്നതിന്റെ വ്യക്തമായ അടയാളങ്ങള്‍ ഈ മേളയുടെ സന്ദേശമായി മാറുന്നു. മനുഷ്യര്‍പാര്‍ക്കുന്ന ലോകത്തെപ്പറ്റിയുള്ള ആകുലതകള്‍ പങ്കുപറ്റുന്ന ചിത്രങ്ങള്‍ക്കാണ് മേള മുന്‍ഗണന നല്‍കുന്നത.
ഏകാന്തത, അവഗണന, പീഡനം,നിന്ദ,ഭീതി തുടങ്ങി അനേകം വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകള്‍ പതിനാറാമത് മേളയുടെ പൊതുസ്വഭാവമാണ്. അവ ഇറാനില്‍ നിന്നോ, മഗ്രിബ് പ്രവശ്യയില്‍ നിന്നോ, ഈജിപ്തില്‍ നിന്നോ പകര്‍ത്തിയതാവാമെങ്കിലും എല്ലാ ഫ്രെയിമുകളിലും മനുഷ്യന്റെ ആഗോളപ്രശ്നങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയും. ദൃശ്യസമൃദ്ധിയില്‍ നിന്നും ഓരം ചേര്‍ത്തു നിര്‍ത്തിയ ചില കാഴ്ചകളുടെ വേദിയാവുകയാണ് രാജ്യാന്തര മേള.
60-ലധികം രാജ്യങ്ങളില്‍ നിന്നും 185 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മത്ലവിഭാഗത്തില്‍ മെക്സിക്കന്‍ സംവിധായകനന് സെബാസ്റ്റ്യന്‍ ഹിറിയാറ്റിന്റെ എ സ്റ്റോണ്‍സ് ത്രോ എവേ, ബ്ലാക്ക് ബ്ലഡ്(മൈയോന്‍ഷാങ്-ചൈന), ബോഡി (മുസ്തഫ-തുര്‍ക്കി), ഫ്ലാമിംഗോ (ഹാമിദ്-ഇറാന്),കെനിയുടെ ഇല്‍ബിഡി, ഫിലിപ്പെന്‍സിന്റെ പാലവാന്‍, സിറിയന്‍ ചിത്രം സെപ്തംബര്‍റെയ്ന്‍,
കൊളംബിയയുടെ കളര്‍ഓഫ് മൗണ്ടന്‍സ്, പാബ്ലോ പില്മാന് സംവിധാനം ചെയ്ത ദ പെയിന്റിംഗ് ലെസ്സണ്‍, മലയാളത്തില്‍ നിന്ന് ആദിമധ്യാന്തം, ആദാമിന്റെ മകന് അബു, ഡല്‍പി ഇന്‍ ഡേ(ഹിന്ദി) ബംഗാളി ചിത്രം അറ്റ് ദി എന്റ് ഓഫ് ഓള് എന്നിവയാണ് മാറ്റുരക്കുന്നത്.
ജനാധിപത്യ പ്രക്ഷോഭങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള അറബ് സിനിമകളാണ് മേളയിലെ ഏറ്റവും ആകര്‍ഷണീയമായ. പാക്കേജ്. ഈജിപ്ത്, മൊറോക്കോ, സിറിയ,ലെബനന്, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പുതിയ കാലത്തിന്റെ വേലിയേറ്റങ്ങളും വേലിയിറക്കവും അനുഭവപ്പെടുത്തുന്നു. ഡീഫ ഫിലിംസ് യുദ്ധാനന്തര ജര്‍മ്മനിയുടെ പരിച്ഛേദം പ്രതിഫലിപ്പിക്കും. ഇതര മേളകളില്‍ നിന്നും വ്യത്യസ്തമാകുന്ന പാക്കേജാണ് പഴയ ജര്‍മ്മന്‍ സിനിമകള്‍. കൂടാതെ ഫുട്ബോള്‍ ചിത്രങ്ങളുടെ പ്രദര്‍ശനവും പതിനാറാമത് മേളയിലുണ്ട്. കിക്കിങ് ആന്റ് സ്ക്രീനിങ് വിഭാഗം. ആഫ്രിക്കന്‍ സിനിമയുടെ വിപ്ലകാരി മെംബേറ്റിയുടെ സിനിമകള്‍,അമേരിക്കന്‍ ചലച്ചിത്രകാരന് അഡോള്‍ഫാസിന്റെ ചിത്രങ്ങള്‍. നവ അമേരിക്കന്‍ വ്യവസ്ഥിതി പ്രേക്ഷകരുമായി പങ്കുവെക്കുന്നു. ഫിലിപ്പെന്‍സ് പാക്കേജ്, റെസ്ട്രോപറ്റീവ് വിഭാഗത്തില്‍ ഒഷിമ, മഖ്മുറെ,റോബര്‍ട്ട് ബെസ്നി കെയിഡന്‍ ഹൊറോര്‍, മലയാളത്തില്‍ നിന്ന് നടന് മധു അഭിനയിച്ച സ്വയംവരം, ഓളവും തീരവും, ചെമ്മീന്‍ ഉള്‍പ്പെടെ നാല് ചിത്രങ്ങളുമുണ്ട്. ലോകസിനിമാ വിഭാഗത്തില്‍ ജപ്പാന്, ശ്രീലങ്ക, ഫ്രാന്‍സ്, റഷ്യ,തായ്ലന്റ്, പോളണ്ട്,ബംഗ്ലാദേശ്,ബെല്‍ജിയം, പെറു,തുര്‍ക്കി,ഇറ്റലി,പെയിന്‍,ബ്രസീല്‍,ചൈന,ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമ, മലയാളത്തിലെ നവസിനിമ വിഭാഗവുമുണ്ട്. ഇങ്ങനെ പ്രതീക്ഷയുടെ ഒരു കാഴ്ചാ സംസ്ക്കാരത്തിന്റെ വേദിയാവുകയാണ് കേരളത്തിന്റെ പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേള.
ലോകസിനിമയില്‍ വന്വീഴ്ചകളുടെ കാലം
കാഴ്ചകളുടെ നദി ഒഴുകുകയാണ്. കാലദേശങ്ങളിലൂടെ ക്യാമറ തൊട്ടുകാണിക്കുന്ന ദൃശ്യപംക്തികള്‍ നമ്മുടെ മുന്നില്‍ വിരിച്ചിടുന്ന ലോകജീവിതമാണ് സിനിമ അനുഭവപ്പെടുത്തുന്നത്.ലോകസിനിമയുടെ പുതിയ കാഴ്ചകളെപ്പറ്റി മധു ഇറവങ്കര സംസാരിക്കുന്നു:ലോകസിനിമ?
ലോകസിനിമയുടെ പുതിയ കാഴ്ചകള്‍ എന്നെ പലപ്പോഴും നിരാശപ്പെടുത്തുന്നു. പൊതുവെ പഴയകാല പ്ര
താപം കാത്തുസൂക്ഷിക്കാന്‍
അറബ് സിനിമകളുടെ വസന്തം?
അങ്ങനെയൊന്ന് ഇപ്പോഴില്ല. കാരണം പല അറബ്് രാജ്യങ്ങളിലും അവരുടെ സിനിമകള്‍ നേരത്തെ കൈകാര്യം ചെയ്ത പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ഇറാഖ്, ഇറാന് സിനിമകള്‍. ഈ സിനിമകളില്‍ ശക്തമായി നിലനിന്നത് കുര്‍ദുകളുടെ പ്രശ്നമാണ്. സദ്ദാമിന്റെ മരണത്തോടെ അങ്ങനെയുള്ള പ്രശ്നങ്ങള്‍ കുറഞ്ഞു. ഇപ്പോള്‍ ഫലസ്തീന് പ്രശ്നം മാത്രമാണ് പരിഹരിക്കപ്പെടാതെ യുള്ളത്. മാത്രമല്ല, ഇസ്രേയല്‍, ടര്‍ക്കി എന്നിങ്ങനെ ചില രാജ്യങ്ങളില്‍ നിന്നുള്ള കൊച്ചുചിത്രങ്ങള്‍ അല്ഭുതപ്പെടുത്തുന്നുണ്ട്.
എന്തുകൊണ്ടാണ് ലോകസിനിമയില്‍ പ്രമേയപരമായ മാറ്റം സംഭവിക്കുന്നത്?
കമ്മ്യൂണിസമായിരുന്നു ഒട്ടേറെ സിനിമകളുടെ പ്രമേയം. കമ്മ്യൂണിസത്തിന്റെ ഭീകരതയും മറ്റും വിഷയീഭവിക്കുന്ന ചിത്രങ്ങളായിരുന്നു പ്രേക്ഷക ശ്രദ്ധനേടിയിരുന്നത്. എന്നാല്‍ കമ്മ്യൂണിസം തകര്‍ന്നതോടെ ആ

മലയാളത്തില്‍ പുതിയ സിനിമകള്‍ ഉണ്ടാകുന്നില്ല?
ഇന്ത്യന്‍ സിനിമയിലും ഈ പ്രശ്നമുണ്ട്. മുന്‍കാല സംവിധായകരുടെ സിനിമകളോട് താരതമ്യം ചെയ്യുമ്പോള്‍ വളരെ പിന്നോട്ടു പോകുന്ന സ്ഥിതി. എന്നാല്‍ ചരിത്രത്തെ ഉപജീവിച്ചെടുക്കുന്നതുകൊണ്ട് മാത്രം സിനിമ പഴഞ്ചനാകുന്നില്ല. അടൂര്‍ ഗോപാലകൃഷ്ണനും ഷാജി എന്‍ കരുണും എല്ലാം ചരിത്രത്തെ സ്വീകരിക്കുന്നു. എന്നാല്‍ അവരുടെ ചിത്രങ്ങളില്‍ പ്രതിപാദിക്കുന്ന വിഷയത്തിന് ഇപ്പോഴും പ്രാധാന്യമുണ്ട്. തകഴിയുടെ കഥകളെ ആസ്പദമാക്കിയുള്ള അടൂരിന്റെ നാല് പെണ്ണുങ്ങള് വിശകലനം ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്. അതുപോലെ ഷാജിയുടെ കുട്ടിസ്രാങ്കിലെ ചവിട്ടുനാടക വിഷയത്തിനും പ്രാധാന്യമുണ്ട്.
ഇറാന് സിനിമകള്‍ക്കൊക്കെ എന്താണ് സംഭവിച്ചത്?
ഇറാനില്‍ നിന്ന് നേരത്തെ പുറത്തുവന്ന സിനിമകള്‍ മിക്കതും സ്ത്രീയുടെ സ്വത്വപ്രതിസന്ധികളും അസ്വാതന്ത്ര്യവുമൊക്കെയാണ് അവതരിപ്പിച്ചത്. അതൊക്കെ ഇപ്പോള്‍ അവിടെ അത്രമാത്രം അനുഭവപ്പെടുന്നില്ല. അതുകൊണ്ട് പുതിയ ഇറാന് ചിത്രങ്ങള്‍ ബോളിവുഡിന്റെ പാതയിലേക്ക് മാറുകയാണ്. സമീറ മക്ബല്‍വഫിന്റെ സിനിമകളിലൊക്കെ കൈകാര്യം ചെയ്ത പ്രശ്നങ്ങള്‍ ഇറാനികളുടെ സാമൂഹികജീവിത്തില്‍ നിന്നും മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു മാറ്റമാണ് ഇറാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സിനിമകള്‍ വ്യക്തമാക്കുന്നത്. ടര്‍ക്കി ചിത്രങ്ങളില്‍ ചില പ്രശ്നങ്ങള്‍ ഇപ്പോഴും സജീവമായി തുടരുന്നു. പ്രത്യേകിച്ചും കുട്ടികളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍. അവ മുന്നോട്ട് വെക്കുന്ന പ്രശ്നങ്ങളും പൂര്‍ണ്ണമായും ഇല്ലാതായിട്ടില്ല. ഈയിടെ `ഡസ്ക'് എന്ന ചിത്രം കണ്ടു. വിസ്മയകരമായിരുന്നു ആ ചിത്രം. മനുഷ്യന്റെ നീറുന്ന പ്രശ്നങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
ഏത് രീതിയിലാണ് ലോകസിനിമ പുതുമ സൃഷ്ടിക്കുന്നത്.
സിനിമയുടെ ട്രീറ്റ്മെന്റിലാണ് പുതുമ കൈവരിക്കുന്നത്. പഴയ വിഷയമാണെങ്കിലും അത് പുതിയ കാലത്തോട് സംവദിക്കുന്ന രീതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കണം.
ശ്രീലങ്കന്‍ സിനിമകള്‍?
സിംഹളരുടെ ജീവിതത്തിലേക്ക് പലപ്പോഴും ശ്രീലങ്കന്‍ ചിത്രങ്ങള്‍ ഇറങ്ങിച്ചെല്ലാറില്ല. അവര്‍ ബുദ്ധമതത്തിന്റെ ചില സവിശേഷതകളാണ് ആവിഷ്ക്കരിക്കുന്നത്. പക്ഷേ, തമിഴ് സിനിമകള്‍ സിംഹളവിഷയങ്ങള്‍ ചെയ്യുന്നുണ്ട്.
ആഫ്രിക്കന്‍ സിനിമകള്‍ നവഭാവുകത്വം നല്കുന്നു?
ആഫ്രിക്കന്‍ സിനിമാപ്രേക്ഷകര്‍ ഒരുകാലഘട്ടം വരെ ഇന്ത്യന്‍ സിനിമകളുടെ ആരാധകരായിരുന്നു. അവര്‍ക്ക് പ്രിയപ്പെട്ട നടന് അമിതാഭ് ബച്ചന് ആയിരുന്നു. അവിടെ സന്ദര്‍ശിക്കുമ്പോഴും ജോലി ചെയ്യുമ്പോഴുംു അവര്‍ എന്നോട് അമിതാഭ് ബച്ചനെപ്പറ്റിയൊക്കെ ചോദിച്ചിട്ടുണ്ട്. പിന്നീട് യൂറോപ്യന്‍ വാണിജ്യസിനിമകള്‍ ആഫ്രിക്കന്‍ പ്രേക്ഷകരെ കീഴടക്കി. ഇതിനിടയിലും ഫ്രാന്‍സിന്റേയും മറ്റും സഹകരണത്തോടെ ചില ആഫ്രിക്കന്‍ സംവിധായകര്‍ സിനിമകള്‍ ചെയ്യുന്നുണ്ട്. സെനഗല്‍, ചാഡ് തുടങ്ങിയ രാജ്യങ്ങളുടെ ചിത്രങ്ങള്‍ ചെറിയ തരത്തിലുള്ള പ്രാദേശിക പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാറുണ്ട്. മറ്റൊരു രസകരമായ സംഭവം എറിട്രിയ സിനിമയുടെ പയനിയറില്‍ ഞാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ചെറിയ സിനിമകള്‍ അവരെ കാണിച്ച് മാറ്റങ്ങളിലേക്ക് അവരുടെ ശ്രദ്ധ കൊണ്ടുവരാന്‍ എനിക്ക് സാധിച്ചു.
ഇന്ത്യന്‍ സിനിമയുടെ അവസ്ഥ?
ബംഗാളി സിനിമ ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമ പുതുമയില്ലാത്ത സ്ഥിതിയിലാണ്. സത്യജിത്റേ, മൃണാള്‍സെന്‍, ജത്വിക് ഘട്ടക് തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങള്‍ ഉണ്ടാക്കിയ ചടുലതയോ, ജീവിതത്തുടിപ്പോ ഇപ്പോഴത്തെ ബംഗാളി സിനിമ നല്‍കുന്നില്ല. ഗൗതംഘോഷിന്റെ ചിത്രങ്ങളാണെല്ലോ ഇപ്പോള്‍ വരുന്നത്.
പ്രതീക്ഷ നല്കുന്ന ലോകസിനിമ?
ഇസ്രായേലി സിനിമകളും കെനിയന്‍ സിനിമകളും ചൈനീസ് ചിത്രങ്ങളുമാണ് പുതുമയിലേക്ക് മുന്നേറുന്നത്. കൊറിയയിലും ചില മുന്നേറ്റ സംരംഭങ്ങളുണ്ട്. പൊതുവെ വാണിജ്യവല്ക്കരണമാണ് ലോകസിനിമാ മേഖലയില്‍ സജീവമാകുന്നത്.
മലയാളത്തിലെ പുതിയ സിനിമകള്‍?
മലയാളത്തില്‍ പുതുമ എന്നുപറയാന്‍ കഴിയുന്നവ കുറച്ചുമാത്രമാണ്. ട്രാഫിക്കോ, സാള്‍ട്ട് ആന്റ് പെപ്പറോ അല്ലെങ്കില്‍ അതുപോലുള്ള സിനിമകള്‍ ഏതെങ്കിലും തരത്തില്‍ മാറിയിട്ടുണ്ടെന്ന് പറയാന്‍ കഴിയില്ല. `ആദാമിന്റെ മകന് അബു' നല്ല ചിത്രമാണ്. അതിന്റെ വിഷയം പുതിയ കാലവുമായി ബന്ധപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ആ നിലയില്‍ അതുമെച്ചപ്പെട്ട വര്‍ക്കാണ്. നമ്മുടെ സിനിമയില്‍ ട്രീറ്റുമെന്റില്‍ പുതുമവരുത്തണം.
കേരളത്തിന്റെ രാജ്യാന്ത ചലച്ചിത്രമേളയെക്കുറിച്ച്?
ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന മേളകളിലൊന്നാണിത്. പ്രേക്ഷക പങ്കാളിത്തമാണ് നമ്മുടെ മേളയുടെ സവിശേഷത. അതുപോലെ ഇവിടെ എത്തുന്ന ചിത്രങ്ങളും. ഗോവയില്‍ മറ്റും നടക്കുന്നത് കാര്‍ണിവല്‍ മൂഡാണ്. സിനിമയെ ഗൗരവപൂര്‍വ്വം കാണുകയും വിലയിരുത്തുകയും ചെയ്യുന്ന രീതി നമ്മുടെ രാജ്യാന്തര മേളക്ക് മാറ്റുകൂട്ടുന്നു. എങ്കിലും ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ കുറച്ചുകൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ലോകസിനിമകള്‍ കാണുന്നവരുടെ നിര്‍ദേശവും പരിഗണിക്കാവുന്നതാണ്.
ഓപ്പണ്‍ഫോറത്തിന്റെ സ്ഥിതി?
ഓപ്പണ്‍ഫോറത്തിന്റെ അവസ്ഥ വളരെ ശോച്യാവസ്ഥയാണ്. സിനിമയെപ്പറ്റി ഗഹനമായി ചര്‍ച്ചചെയ്യപ്പെടുന്നില്ല. കുറച്ചു സമയം വെറുതെ ചെലവഴിക്കുന്ന ഏര്‍പ്പാടായിപ്പോകുന്നു. അത് മാറണം. കണ്ട സിനിമയെക്കുറിച്ച്, അതിന്റെ സംവിധായകരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകണം.
പുതിയ പ്രൊജക്ടുകള്‍?
സുനില്‍ ഗംഗോപാധ്യായുടെ `രക്തം' എന്ന കൃതി സിനിമയാക്കണെമെന്ന് നേരെത്ത ആലോചിച്ചിരുന്നു. അതിനുള്ള അനുവാദം അദ്ദേഹം നല്‍കിയിരുന്നു. ഒന്നുരണ്ട് പദ്ധതികള്‍ വേറെയും മനസ്സിലുണ്ട്. അതോടൊപ്പം അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ചുള്ള പുസ്തകം. അദ്ദേഹത്തെപ്പറ്റിയുള്ള സമഗ്രപഠനം. എന്റെ ഏറ്റവും പുതിയ ഡോക്യുമെന്ററി `പുനര്‍ജ്ജനി' അട്ടപ്പാടിയെക്കുറിച്ചായിരുന്നു.
Friday, October 14, 2011
ഉടയുന്ന ജീവിതവും വേനല്‍ക്കിനാവിന്റെ കവിതകളും
`എന്തെങ്കിലുമാട്ടെ,മുറിയിന്ന് തൂത്തുവാരണം'
-ഒറ്റമുറിയുള്ള വീട് എന്ന പുസ്തകത്തിലേക്ക് ഇങ്ങനെയൊരു വാതില്‍തുറന്നിടുകയാണ് രാധാകൃഷ്ണന് എടച്ചേരി. മുപ്പത്തിയേഴ് കവിതകളുടെ സമാഹാരത്തിലെ രചനകളെല്ലാം ധ്വനിയുടേയും മൗനത്തിന്റേയും ഭാഷയിലെഴുതിയവയാണ്. ഇവ സാമൂഹികജീവിതത്തിന്റെ മറപറ്റി തിടംവയ്ക്കുന്ന കാവ്യവിവാദവ്യവസായത്തോട് ഒട്ടിനില്ക്കുന്നില്ല. അതിനാല്‍ ജനാധിപത്യപരമായ ഉല്‍ക്കണ്ഠകളേ ഈ പുസ്തകത്തിലുള്ളൂ. `മൂന്നാമത്തെ/ കാല് വെക്കാന്‍/ശിരസ്സ്, പക്ഷേ/എന്റേതല്ലല്ലോ-(അധിനിവേശം എന്ന കവിത) -എന്ന ആശങ്കയും ഈ എഴുത്തുകാരനുണ്ട്.
വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണ്ണതയും ഉല്‍ക്കണ്ഠയും അടയാളപ്പെടുത്തുന്ന കവിതകള്‍. വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക് പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ ഈ കവിതകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തി്ന്റെ കനല്‍പ്പാടുമുണ്ട്. വേട്ടക്കാരന്റെ നിതാന്ത ജാഗ്രതയോടൊപ്പം ഇരയുടെ പിടച്ചിലും സൂക്ഷ്മമായി അനുഭവപ്പെടുത്തുന്നു. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്നു.
അന്വേഷ
ണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ ആധുനിക കവിതയില്‍ പുതുകാലത്തിന്റെ ഉപ,സംസ്ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്പ്പങ്ങളും രാധാകൃഷ്ണന് എടച്ചേരിയുടെ കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്മവുമായ സ്വരവിന്യാസത്തിന് വഴങ്ങുന്നുണ്ട്. ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ് രാധാകൃഷ്ണന്റെ കവിത പിറക്കുന്നത്.പക്ഷേ, ശീലുകള്‍ താളക്രമത്തിന്റെ ചാലുകളില്‍ വന്നു വീഴുന്നു. നാട്ടിന്‍പുറത്തുകാരന്റെ ഗ്രാമ്യതയുണ്ട്.കവിത സംസ്ക്കാരത്തിന്റെ തനതായ ഉറവകളിലേക്ക് പോവുകയാണെന്ന ആശയം രാധാകൃഷ്ണന്റെ കവിതകളുടെ അന്തരീക്ഷത്തിലുണ്ട്. ഉള്ളിലെ ഭാവങ്ങളെ ബാഹ്യവല്‍ക്കരിക്കുന്ന ഒരു രസബോധം സാമൂഹ്യ ശുദ്ധീകരണക്രിയയായാണ് ഈ കവി കണ്ടെടുക്കുന്നത്. അതുകൊണ്ടുതന്നെ ഗദ്യത്തിന്റെ കാവ്യപരമായ വിനിയോഗം സൂക്ഷ്മതയോടെ ഉദാസീനതയെ ധിക്കരിക്കുന്ന കവിയുടെ മാനുഷികത ഉയിര്ത്തെഴുന്നേല്ക്കുന്ന നിമിഷങ്ങളും ഈ പുസ്തകത്തില്‍ കാണാം.`ഇടപ്പള്ളിക്ക്/വണ്ടികേറാന്‍/എന്തെളുപ്പം/ഒരു കയര്‍വട്ടത്തില്‍/ അകലമേയുള്ളൂ'-(അകലം).
സ്വന്തം കാഴ്ചയുടെ നിഴലായിത്തീരാന്‍ നടത്തുന്നഎഴുത്തുകാരന്റെ സാന്നിധ്യവും രാധാകൃഷ്ണന്റെ രചനകളിലുണ്ട്.`ഏതുരാത്രിയിലാവും/അച്ഛനും/അമ്മയും/മുറ്റത്തെ/കിണറിന്/ആഴമളക്കാന്‍/ഞങ്ങളേയും/കൊണ്ടുപോകുക'-(പേടി).ഇങ്ങനെ എരിയുന്ന മനസ്സില്‍ ഫണം വിടര്‍ത്തിയാടുന്ന ആത്മരോഷങ്ങളെ, പൊള്ളുന്ന വാക്കുകളാക്കി താന്‍ ജീവിക്കുന്ന കാലത്തില്‍, എല്ലാം ഒരു പൊട്ടിത്തെറി കാത്തുനില്ക്കുന്നു എന്ന തിരിച്ചറിവുണ്ട്.
`സഹിക്കില്ല/മൂലയില്‍ തനിച്ചിരുന്ന്/ദഹിക്കുമ്പോള്‍/ചൂലെന്ന/തെറിവിളി'(ചൂല്)-നിഷേധാത്മകത വാക്കിന്റെ തുടരെത്തുടരെയുള്ള ആവര്‍ത്തനവുമായിട്ടാണ്. ഒപ്പം കരയാനും നടക്കാനും ആരുമില്ല. ഓര്‍ത്തീടുവാനും മറക്കാനുമില്ലാതിരിക്കുന്ന ഇരുണ്ട ലോകത്തിന്റെ വിത്തുകളും പൊള്ളയായ മധുരത്തിന്റെ ചെടിപ്പുകളും അദൃശ്യമായ മരണത്തിന്റെ വേട്ടയാടലും രാധാകൃഷ്ണന് എടച്ചേരിയുടെ കവിതകളില്‍ തെളിഞ്ഞോ, മെലിഞ്ഞോ ഒഴുകുന്നു.`ആഴങ്ങളില്‍/ഞാനും/നീയും/ഉടലുകളില്ലാതെ/ഒറ്റമരമായി/കത്തും' (ശിരോവസ്ത്രം). വേരിലേക്കും ഊരിലേക്കും തിരിച്ചുവരാനുള്ള യാത്രക്കാരന്റെ വെമ്പല്‍. ഇത്തരം തിരിച്ചുവരവുകളുടെ പ്രമേയം രാധാകൃഷ്ണന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്. അനുഭവത്തിന്റെ നേര്‍സ്പര്‍ശവും ദേശത്തനിമയുടെ മുദ്രകളും ഉള്ളതാണ് ഈ കവിതകള്‍.
സിവിക് ചന്ദ്രന് ആമുഖക്കുറിപ്പില്‍ എഴുതുന്നു:`ഈ കവിതകള്‍ കവിതകളാകുന്നത് കവിതയുടെ മുഹൂര്‍ത്തങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നതു കൊണ്ടുമാത്രമല്ല, നര്‍മ്മവും നിര്‍മമതയും മിക്കവാറും കവിതയിലൊളിപ്പിക്കുന്നതു കൊണ്ടുകൂടിയാണ.് നമ്മിലോരോരുത്തരിലുമുള്ള ആ കള്ളനെ, ചെറ്റയെ അഭിമുഖീകരിക്കാതെ നമുക്കിനിമുതല്‍ കവിതയെഴുതാനാവില്ല. അതികാല്പനികതയുടെ ചുഴികളിലേക്ക് നമുക്ക് നമ്മെ തന്നെ എറിഞ്ഞുകൊടുക്കാനും വയ്യ. `മുമ്പെങ്ങും/കണ്ടിട്ടില്ല/കണ്ണടച്ച്/ശാന്തമായുള്ള/ ഈ കിടപ്പ്/പക്ഷേ/കൈത്താങ്ങില്ലാതെ/ എങ്ങനെ പോകും....(പോക്കിരി)..പുതിയ കാലത്തെയും ലോകത്തെയും ഈ കവിതകള്‍ അഭിമുഖീകരിക്കുകതന്നെ ചെയ്യുന്നു'. പുതുകവിതയുടെ വേറിട്ടുനില്‍പ്പ് ഈ കൃതിയില്‍ പതിഞ്ഞുനില്‍പ്പുണ്ട്. -ഒക്ടോബര്‍16, ചന്ദ്രിക വാരാന്തപ്പതിപ്പ്. (പുസ്തകം, 16-10-2011 എം.മുകുന്ദന് വടകരയില്‍ പ്രകാശനം ചെയ്യുന്നു.)
ഒറ്റമുറിയുള്ള വീട്, രാധാകൃഷ്ണന് എടച്ചേരി, അടയാളം പബ്ലിക്കേഷന്‍സ്, തൃശൂര്‍,വില-40രൂപ
Friday, September 02, 2011
ബാംസുരി സ്കെച്ചുകള്‍
``മധുവര്‍ണ്ണ പൂവല്ലേ
നറുനിലാ പൂമോളല്ലേ
മധുര പതിനേഴില്‍
ലങ്കി മറിയുന്നോളേ''
പി.സി.ലിയാഖത്തിന്റെ ശബ്ദത്തില്‍ മലയാളികളുടെ മനസ്സില്‍ തളിര്ത്തുനില്ക്കുന്ന ഈ മാപ്പിളപ്പാട്ട് എഴുതിയത് നാലുപതിറ്റാണ്ടു മുമ്പ് വടകരയിലെ എസ്.വി. ഉസ്മാന്. സംഗീതത്തിന്റേയും ആയുര്‍വേദത്തിന്റേയും മണവും സ്പര്‍ശവും ആവോളം നുകരുന്ന ഉസ്മാന്റെ ഓര്‍മ്മയില്‍ വടക്കന്‍ മലബാറിന്റെ ചരിത്രത്താളുകളും ചിത്രപംക്തികളും നിറയുന്നു.
പോയകാലത്തിന്റെ ധൂളീപടലങ്ങളിലുറങ്ങുന്ന നാട്ടറിവുകളും കഥകളും ചരിത്രാംശങ്ങളും എപ്പോഴും നമ്മെ മാടിവിളിക്കാറുണ്ട്. ഒരു കുട്ടിയുടെ കൗതുകമനസ്സോടെ ഇന്നലേകളുടെ ആഴങ്ങളിലേക്കിറങ്ങുമ്പോള്‍ നമ്മെ വലയം ചെയ്യുന്ന അനുഭൂതി അനിര്‍വ്വചനീയമാണ്. ബാല്യകാലം ഓര്‍ത്തെടുക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത് വടകര താഴെഅങ്ങാടിയിലെ വ്യാപാര കേന്ദ്രമാണ്. ഗുജറാത്തി സേട്ടുമാരുടെ കൊപ്രവ്യാപാരവും വടകര കടപ്പുറത്ത് നങ്കൂരമിടുന്ന ചരക്കുകപ്പലുകളും. നാലുുവയസ്സുകാരന്‍ ഉസ്മാന് ബാപ്പയുടെ കൂടെ കടപ്പുറത്തും താഴെഅങ്ങാടിയിലും വൈകുന്നേരങ്ങളില്‍ ചുറ്റിക്കറങ്ങുമായിരുന്നു. വടകര എന്നാല്‍ താഴങ്ങാടിയായിരുന്നു. കച്ചവടത്തിന്റെ മാത്രമല്ല, സംഗീതത്തിന്റേയും ലോകം. ഉസ്മാന്റെ പിതാവ് കടവത്ത് ബാബ വടകരയിലെ ആദ്യകാല സ്റ്റേഷനറിക്കച്ചവടക്കാരനായിരുന്നു. കലാകാരന്മാരുമായും പാട്ടുകാരുമായും ഉറ്റ ചങ്ങാത്തം പുലര്‍ത്തിയ അദ്ദേഹം നല്ലൊരു ഹാര്‍മോണിയം വായനക്കാരനുമായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ വടകരയില്‍ കച്ചേരിക്ക് വന്നപ്പോള്‍ (ഭാഗവതരുടെ സംഗീതകച്ചേരിക്ക് സ്ഥിരം ഹാര്‍മോണിയം വായിച്ചിരുന്ന ആള് സ്ഥലത്ത് എത്തിച്ചേരാന്‍ പത്തുമിനിറ്റ് വൈകി.) കച്ചേരി തുടങ്ങാന്‍ ചെമ്പൈക്കു വേണ്ടി പത്തുമിനിറ്റു ഹാര്‍മോണിയത്തില്‍ ശ്രുതിയിട്ടത് ബാബയായിരുന്നു. ക്ലാസിക്കലും ഖവാലിയും ഹിന്ദുസ്ഥാനിയും എല്ലാം ബാബക്ക് പ്രിയമാണ്. ഒപ്പം കഥകളിയും നാടകവും. താഴെഅങ്ങാടിയില് അക്കാലത്ത് നിരവധി നാടകങ്ങള്‍ അദ്ദേഹവും കൂട്ടുകാരും കളിപ്പിച്ചിട്ടുണ്ട്. വടക്കേ മലബാറിലെ, പ്രത്യേകിച്ച് കടത്തനാട് പ്രദേശങ്ങളിലെ ജനസഞ്ചയത്തിന്റെ ആചാരവിശ്വാസങ്ങളില്‍ വേരു പടര്‍ത്തിനില്‍ക്കുകയാണ് ഉസ്മാന്റെ ഓര്‍മ്മകള്‍.
ഫോര്‍ ബ്രദേഴ്സ്
ഉസ്മാന്റെ പിതാവ് ബാബയും അദ്ദേഹത്തിന്റെ മൂന്നു സഹോദരന്മാരും ചേര്‍ന്ന് വടകരയില്‍ ഒരു സംഗീത ട്രൂപ്പുണ്ടാക്കി. സഹോദരന്മാര് പാടുകയും ഇന്‍സ്ട്രുമെന്റുകള്‍ വായിക്കുകയും ചെയ്തു. അക്കാലത്ത് വടകരയില്‍ സംഗീത സംവിധായകന് ബാബുരാജിന്റെ പിതാവ് ജാന്‍ മുഹമ്മദ്, കെ.ജി.സത്താറുടെ പിതാവ് ഗുല്‍ മുഹമ്മദ് എന്നിവരെല്ലാം ഒത്തുകൂടും. അവര്‍ക്കൊപ്പം ബാബയും ഉണ്ടാകും. പില്ക്കാലത്ത് സംഗീതവൃന്ദത്തില്‍ എസ്. എം. കോയയും ബാബുരാജും മറ്റും എത്തി. ബാബയുടെ ഗ്രൂപ്പില്‍ ഖവാലി പാട്ടുകാരന് ബാര്‍ദ്ദാന്‍ അബ്ദുറഹിമാനും ഉണ്ടായിരുന്നു. അങ്ങനെ സംഗീതത്തിന്റെ അന്തരീക്ഷത്തിലായിരുന്നു ഉസ്മാന്റെ ബാല്യം.
മലബാര്‍ കലാപം
മലബാര്‍ കലാപത്തിന്റെ കാലത്താണ് ഉസ്മാന്റെ പിതാവ് ബാബ വടകര എത്തുന്നത്. മലപ്പുറത്തെ നാലകത്ത് തറവാട്ടിലെ അംഗമായ ബാബയുടെ സ്ഥലം വെട്ടത്തു പുതിയങ്ങാടിയാണ്. വടകര കോട്ടക്കലിലാണ് വിവാഹം ചെയ്തത്. കലാപത്തിന്റെ ദുരിതങ്ങളും അന്നത്തെ സാമൂഹികാന്തരീക്ഷവും ബാബയുടെ മനസ്സില്‍ തീക്കനലുകളായി. പിന്നീട് അദ്ദേഹം ഹാര്‍മോണിയത്തിന്റെ ശ്രുതിയില്‍ അലിയിച്ചെടുത്തത് ആ വേദനകള്‍ തന്നെയായിരുന്നെന്ന് ഉസ്മാന് കരുതുന്നു.
കൊപ്രക്കച്ചവടം
താഴെഅങ്ങാടിയിലെ കൊപ്രക്കച്ചവടം അന്ന് പ്രസിദ്ധമായിരുന്നു. സേട്ടുമാരും അവരുടെ വ്യാപാരവും. സോട്ടുമാര്‍ സംഗീതത്തോട് ആഭിമുഖ്യമുള്ളവരും. കൊപ്രവ്യാപാരത്തില്‍ പ്രശസ്തി നേടിയ വടകരയിലെ പെരുവാട്ടിന്‍താഴ ചരിത്രത്തിലിടം നേടാന്‍ തുടങ്ങിയത് പില്ക്കാലത്താണ്. കിഴക്കന്‍മലയോരത്തു നിന്ന് കാളവണ്ടിയിലായിരുന്നു ആദ്യകാലത്ത് കൊപ്ര എത്തിയിരുന്നത്. നാദാപുരം, കുറ്റിയാടി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൊപ്ര എത്തിയത്. പിന്നീട് വാനുകളിലും ലോറികളിലുമായിട്ടാണ് കൊപ്ര എത്തിയത്. പെരുവാട്ടിന്‍താഴയിലെ വ്യാപാരത്തിന്റെ നല്ലനാളുകള്‍ കടന്നുപോയി. തലച്ചുമട് എടുക്കുന്ന സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്തിരുന്നതും പെരുവാട്ടിന്‍ താഴെയായിരുന്നു. വടകര കോട്ടപ്പറമ്പ് പിന്നീടാണ് അങ്ങാടിയായി മാറിയത്. കോട്ടപ്പറമ്പിലെ ആഴ്ചച്ചന്തയും കുലച്ചന്തയും വടകരയുടെ ചരിത്രത്തില്‍ ഇടംനേടി. പട്ടണത്തിന്റെ മാറ്റവും വ്യാപാര കേന്ദ്രങ്ങള്‍ വ്യാപിച്ചതും ഉസ്മാന്റെ കണ്ണുകളില്‍ നിറഞ്ഞുനില്ക്കുന്നു. ഇന്ന് കോട്ടപ്പറമ്പിലെ ചന്തകള്‍ ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു. വടകരയിലെ അരിമുറുക്കും ശര്‍ക്കരയും ഓര്‍മ്മകളിലേക്കും. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ `സ്മാരകശിലകള്‍'എന്ന നോവലില്‍ അരിമുറുക്ക് വില്‍പ്പനക്കാര്‍ ജീവിക്കുന്നു. ഉസ്മാന്റെ യൗവ്വനത്തോടൊപ്പം പുതിയ ബസ്സ്റ്റാന്റും നാരായണനഗരവും എല്ലാം രൂപപ്പെട്ടു. പഴയ വടകര മാറി. ഉസ്മാന്റെ ജീവിതവും.
ആയുര്‍വേദ ഏജന്‍സി
കോട്ടക്കല്‍ ആര്യവൈദ്യശാല വടകരയില്‍ ഏജന്‍സി തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ അതിന്റെ ചുമതല ഏല്‍പ്പിച്ചത് ഉസ്മാന്റെ ബാപ്പയെ ആയിരുന്നു. കാരണം വടകരയില്‍ വ്യാപാരത്തിന്റേയും കലയുടേയും രംഗത്ത് അന്ന് കടവത്ത് ബാബ നിറഞ്ഞുനില്‍ക്കുന്നകാലം. പി.എം.വാര്യര്‍ ആയിരുന്നു അന്ന് ഏജന്‍സി ബാബക്ക് നല്‍കിയത്. ഉസ്മാന് വളര്‍ന്നപ്പോള്‍ ബാപ്പ തുടങ്ങിവെച്ച ആയുര്‍വേദ സ്ഥാപനം ഏറ്റെടുത്തു. സംഗീതം നിറഞ്ഞ മനസ്സില്‍ ആയുര്‍വേദവും മരുന്നുകളുടെ ഗന്ധവും പച്ചപിടിച്ചു. ഇപ്പോഴും ഉസ്മാന്റെ ലോകം ആയുര്‍വേദ കട തന്നെ.
സൂഫിസവും
സംഗീതവും
സുകൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തുടര്‍ന്നു പഠിക്കാന്‍ ഉസ്മാന് കഴിഞ്ഞില്ല. ഉത്തരവാദിത്വങ്ങളുടെ ഇടയില്‍ പിടഞ്ഞനാളുകളായിരുന്നു. ഹാര്‍മോണിയത്തിന്റെ താളരാഗങ്ങള്‍ പതിഞ്ഞ വിരല്‍ത്തുമ്പില്‍ പേര്‍ഷ്യന്‍ സൂഫി ഹല്ലാജിയുടെ വെളിപാടുകളും പാക്കിസ്ഥാനി ഗായകന് മേഹ്ജി ഹസ്സന്റേയും ലതാമങ്കേഷ്കറിന്റേയും ഗാനങ്ങള്‍ കുടിയേറി. ബൂല്‍ബിസ്ലി, നിസാര്‍ ഖബ്ബാനി,ഷജാത്ത് ഹുസൈന് ഖാനും ഇറാനിഖാനും (സിത്താര്‍) എല്ലാം ചേരുകയായിരുന്നു ഉസ്മാന്റെ തട്ടകത്തില്‍. `ആപ് കീ നസ്റോ....' ചുണ്ടിലും മനസ്സിലും തിളങ്ങി.
കടയുടെ ഒറ്റമുറിയില്‍ പ്രിജ്റ്റ് കാപ്രയും ഖലീല്‍ ജിബ്രാനും ജിദ്ദു കൃഷ്ണമൂര്‍ത്തിയും ഉസ്മാന്റെ വായനയെ വിശാലതകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. തലതാഴ്ത്തി മുട്ടുമടക്കി, മുതുക് വളച്ച് ജീവിതത്തില്‍ അനുസരണത്തിന്റെ ഒരു രൂപകംപോലെ എസ്.വി.ഉസ്മാന്. അധികാര സ്വരൂപങ്ങള്‍ക്ക് മുമ്പില്‍ വ്യക്തിജീവിതം നിസ്സാരവും തുച്ഛവുമായി പോകുന്നത് സിവില്‍ സമൂഹത്തിന്റെ പ്രത്യേകതയാണെന്ന് ഉസ്മാന് തിരിച്ചറിഞ്ഞു. ആത്മഭാഷണമായി ജീവിതം പകര്‍ത്തെഴുതുമ്പോള്‍ വിട്ടുപോകുന്നത് പറയാന്‍ കരുതിവെച്ച കാര്യങ്ങള്‍ തന്നെയാണെന്ന് എസ്,വി,യും തിരിച്ചറിഞ്ഞു.
ആരോ കൊളുത്തിവെച്ച
മാന്ത്രികവിളക്ക്
സാധാരണ ഒരു തിരശീലക്ക് പിന്നിലാണ് കവിയുടെ പണിപ്പുര. ഈ കീഴ്വഴക്കം ഇവിടെ തലകീഴ്മേല്‍ മറിയുകയാണ്. ഉസ്മാന്റെ കാവ്യലോകം തിടംവെക്കുന്നത് ജോലി ചെയ്യുന്ന ഒറ്റമുറിയില്‍ത്തന്നെ. അദ്ദേഹം എഴുതിയതുപോലെ: `മസിലുകള്‍ മുഴുവന്‍, എഴുന്ന് കാണത്തക്കവിധം, നിര്‍ഭയം നെഞ്ച് വിരിച്ച്, കറങ്ങുന്ന സീലിംങ് ഫാനില്‍ കണ്ണുംനട്ട് നീണ്ട് മലര്‍ന്ന്...' കവിതയുടെ ഈ കിടപ്പ് ജീവിതത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് ഉസ്മാന്.
വൈലോപ്പിള്ളിയെ കവിതാ വായനയില്‍ തിടമ്പേറ്റി നടത്തിക്കുന്ന ഉസ്മാന് എഴുത്തിലും ഒറ്റയാനിരിപ്പ് കൂടെചേര്‍ത്തു. അധികം എഴുതിയില്ല. എഴുതിക്കഴിഞ്ഞവ പ്രസിദ്ധീകരണത്തിന് അയക്കുന്നതും കുറവ്. ആദ്യകവിത പ്രസിദ്ധപ്പെടുത്തിയത് വയലാറിന്റെ പത്രാധിപത്യത്തിലിറങ്ങിയ `അന്വേഷണ'ത്തില്‍.
മരണം, മഴ, പ്രണയം
മരണത്തിന്റെ കാല്പ്പെരുമാറ്റത്തിന് കാതോര്‍ത്ത ദിനങ്ങള്‍ നിരവധി ഉസ്മാന്റെ ജീവിതത്തിലൂടെ കടന്നുപോയി. പ്രിയപ്പെട്ടവരുടെ മരണത്തിന് കാവലാളായി. രണ്ടര വയസ്സുകാരി മകളെയും മരണം വന്നുവിളിച്ചു. മരണത്തിന്റെ കാലൊച്ചയുടെ നാളുകള്‍. ഉസ്മാന്റെ കവിതകളിലും മരണം മുന്നറിയിപ്പില്ലാതെ കയറിവരുന്നുണ്ട്.``ഓരോ പിറവിയും, തിരോധാനവും, മരണത്തിന്, എത്തിപ്പെടാനാവാത്ത, പ്രാണന്റെ, ഒളിത്താവളങ്ങളാണ്''-(കാഴ്ചയ്ക്കപ്പുറം).
മഴയുടെ സംഗീതം ഉസ്മാനെ ഇപ്പോഴും ഹരംപിടിപ്പിക്കുന്നു. കുഞ്ഞുനാളില്‍ മഴയുടെ ശബ്ദത്തിന് കാത്തിരുന്നു. അത് ജീവിത്തിന്റെ ഭാഗമായി. എഴുത്തിലും മഴപെയ്തുകൊണ്ടിരിക്കുന്നു.:`` മഞ്ഞും മഴയും, പാട്ടുമണക്കുന്ന കാറ്റും, ചിറക് വെച്ചെത്തുന്ന, പ്രണയവും മൊഴിയുന്നു''.
മഴയോടൊപ്പം പ്രണയത്തിലും നനഞ്ഞതാണ് ഉസ്മാന്റെ മനസ്സ്. മൂന്നുകടുത്ത പ്രണയങ്ങള്‍ യൗവ്വനത്തിലൂടെ കടന്നുപോയി. അവരെല്ലാം ജീവിതത്തിന്റെ തുഴച്ചിലിനിടയില്‍ മറുകരതേടി. ``മുറിയടച്ച് ആദ്യം, വാക്ക്, മൗനത്തിലേക്ക് പടിയിറങ്ങി. പിറകെ, നിലവിളിച്ച്, പ്രണയം....''-അത് ഒന്നാളിക്കത്തിയ ശേഷം ഓര്‍മ്മയില്‍ പൊടുന്നനെ ഒരു തിരിയായി എരിഞ്ഞടങ്ങി. ഉസ്മാന് അതേപ്പറ്റി അത്രമാത്രമേ പറയാനുള്ളൂ. അധിനിവേശകാലത്തെ പ്രണയം കുറിക്കുമ്പോഴും ആദ്യപ്രണയകഥകള്‍ എവിടെയോ ഒളിപ്പിച്ചു വെക്കുകയായിരുന്നു എസ്.വി. ഉസ്മാന്.
ഒറ്റപ്പെട്ട ഒലിമുഴക്കം
പേനയുടെ സ്കൂളില്‍ നിന്ന് യുണിഫോമിട്ട് വാക്കുകള്‍ നടന്നുപോകുന്നത് ഒറ്റമുറിയിലിരുന്ന് എസ്.വി. ഉസ്മാന് കണ്ടെടുക്കുന്നു. എന്നെ എന്റെ പാട്ടിന് വിട് എന്നൊരഭ്യര്‍ത്ഥനയും. മലയാളകവിതയില്‍ വേറിട്ട ഒരൊളിത്തിളക്കമായി നില്ക്കുന്ന ഉസ്മാന്റെ ആദ്യകവിതാ സമാഹാരത്തിന് പേര് `ബലിമൃഗങ്ങളുടെ രാത്രി' എന്നാണ്. രണ്ടാമത്തേത് `അധിനിവേശകാലത്തെ പ്രണയവും'. തികഞ്ഞ ആത്മവിശ്വാസത്തോടെ, വേറിട്ടു കേള്‍ക്കുന്ന തന്റെ ശബ്ദത്തെക്കുറിച്ച്, എഴുതാനുള്ള തന്റേടവും ഈ കവിക്കുണ്ട്. ഇടിവെട്ടുമ്പോള്‍ മാത്രം ചില്ലകളില്‍ തളിരുപൊട്ടുന്നതുപോലെയാണ് എസ്.വി.യുടെ കവിത. ഒട്ടേറെ മാപ്പിളപ്പാട്ടുകള്‍ ആല്‍ബങ്ങള്‍ക്കുവേണ്ടി എഴുതി. `ഇത്രയും പോരെ' എന്നാണ് എസ്.വി.ഉസ്മാന്റെ ചോദ്യം.
Thursday, August 25, 2011
കഥാപുസ്തകം
അകാലത്തില്‍ പൊലിഞ്ഞുപോയ റസാഖ് കുറ്റിക്കകത്തിന്റെ `കഥാപുസ്തകം
കഥകള്‍ മരണത്തിന്റെ മൗനഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത എഴുത്തുകാരന്റെ പത്തുകഥകളുടെ സമാഹാരം. മരണത്തിന്റേയും വേവലാതിയുടേയും പ്രതിരോധത്തിന്റേയും കഥകളാണ് റസാഖ് കുറ്റിക്കകം എഴുതിയത്. സാധാരണവും അസാധാരണവുമായ
ജീവിതചിത്രങ്ങള്‍. നാട്ടുഭാഷയുടെ താളത്തിലും സൗമ്യതയിലും അടയാളപ്പെടുത്തുകയാണ് ഈ കഥാകാരന്. തെളിമയുള്ള ഭാഷയും അനാര്‍ഭാടമായ ശൈലിയും കൊണ്ട് മലയാളകഥയെ വായനക്കാരിലേക്ക് തിരിച്ചുപിടിക്കുകയാണ് ഈ പുസ്തകം. അഴിമതിയും അതിന്റെ പൊരുളും ചെക്കുപോസ്റ്റിലെ ജോലിക്കാരന് ശങ്കരന്‍കുട്ടിയുടെ ജീവിതത്തിലൂടെ വരച്ചുകാണിക്കുകയാണ് `പാപത്തിന്റെ ശമ്പളം' എന്ന കഥയില്‍. പുസ്തകത്തിലെ അവസാനകഥ `റോജാ മിസ്സി'ല്‍ വസ്ത്രധാരവും പെരുമാറ്റവും കൊണ്ട് നിമിഷ എന്ന വിദ്യാര്‍ത്ഥിനിയുടെ ഇഷ്ടപ്പെട്ട റോജ ടീച്ചറെക്കുറിച്ചാണ് പറയുന്നത്.
കടക്കെണി മൂലം ആത്മഹത്യ ചെയ്ത കുടുംബമാണ് `നാലാമത്തെ ചിത്രം' എന്ന കഥയില്‍. പാസഞ്ചര്‍ വ
ണ്ടിയില്‍ സഹയാത്രികരായ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയാണ് വിഷയം. വര്‍ത്തമാന ജീവിതാവസ്ഥയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ് ഈ കഥയിലൂടെ റസാഖ്. കഥയും കഥാപാത്രങ്ങളും നമുക്ക് ചുറ്റും ജീവിക്കുന്നവരാണ്. അവരും അവര്‍ നേരിടുന്ന പ്രശ്നങ്ങളും നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു. പക്ഷേ, നാം അത് തിരിച്ചറിയുന്നില്ല. കഥാകൃത്തിന് അത് കാണാതിരിക്കാനാവുന്നില്ല. `അജ്ഞാതന്റെ വിളികളി'ലും കലാപവും കുടുംബങ്ങളും ഇഴചേരുകയാണ്. മൊബൈലില്‍ ഇടയ്ക്കിടെ തന്നെ വിളിക്കുന്ന അജ്ഞാതനില്‍ പ്രതീക്ഷയമര്‍പ്പിക്കുന്ന ഒരു അച്ഛന്റെ മനസ്സാണ് ഈ കഥയില്‍ ആവിഷ്ക്കരിക്കുന്നത്.
കുടുംബകലഹത്തിന്റെ തീരാക്കഴങ്ങളിലേക്ക് ഇറങ്ങിനില്‍ക്കുകയാണ് `ദൃക്സാക്ഷി' എന്ന കഥ. മനുഷ്യന്റെ അകംപുറം കാഴ്ചയാണ് ഈ കഥ അനുഭവിപ്പിക്കുന്നത്. ശ്യാമനൗനത്തിന്റെ പാട്ടുകാരനായ കഥയെഴുത്തുകാരന്റെ കാഴ്ചകളും നമ്മുടെ മനസ്സില്‍ വന്നുതൊടുന്നു. അകാലത്തില്‍ പൊലിഞ്ഞുപോയ റസാഖ് കുറ്റിക്കകത്തിന്റെ `അജ്ഞാതന്റെ വിളികള്‍' എന്ന പുസ്തകം ജീവിതത്തിലേക്കുള്ള പിന്‍വിളിയാണ്. മറുകാഴ്ചയിലേക്കുള്ള ഉണര്‍ത്തലും.
അജ്ഞാതന്റെ വിളികള്‍
റസാഖ് കുറ്റിക്കകം
ലിഖിതം ബുക്സ്, കണ്ണൂര്‍
വില-40രൂപ
Thursday, July 21, 2011
പുസ്തകം

സ്ത്രീരോഗം:
പ്രശ്നങ്ങളും പ്രതിവിധികളും
സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന രോഗങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും പ്രമുഖരായ ഡോക്ടര്‍മാര്‍ തങ്ങളുടെ പഠനത്തില്‍ നിന്നും അനുഭവത്തില്‍ നിന്നും എഴുതിയ ലേഖനങ്ങളുടെ സമാഹാരം. രോഗങ്ങളെ തടയാനും ചികിത്സിക്കാനും ഓരോ സ്ത്രീയും എങ്ങനെയെല്ലാം തയ്യാറെടുക്കണമെന്ന് വ്യക്തമാക്കുന്ന പുസ്തകം. ആരോഗ്യപൂര്‍ണ്ണവും സൗന്ദര്യപരവുമായ ജീവിതത്തിന് ഈ പുസ്തകം സഹായകമാകുന്നു.
എഡിറ്റര്‍: കുഞ്ഞിക്കണ്ണന് വാണിമേല്‍
ഒലിവ്,കോഴിക്കോട്
വില-70 രൂപ
നാടുനീങ്ങുന്ന ജനതയിലേക്ക്
സിനിമ കാഴ്ചയുടേയും? ചിന്തയുടേയും കലയാണ്. ക്യാമറ കൊണ്ടെഴുതുന്ന പാഠപുസ്തകമായി സിനിമമാറിക്കൊണ്ടിരിക്കുകയാണ്. ചലച്ചിത്രത്തിന്റെ കാഴ്ചയിലും വായനയിലും പുതിയ പരീക്ഷണങ്ങളും കണ്ടെത്തലുകളും നടക്കുന്നു. ലോകസിനിമയില്‍ നിര്‍മ്മിതിയുടെയും വ്യാഖ്യാനത്തിന്റെയും തലത്തില്‍ അട്ടിമറികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. മേളകളിലെത്തുന്ന മിക്ക ചിത്രങ്ങളും പ്രേക്ഷകനോട് സംസാരിക്കുന്നത് ചലച്ചിത്രകലയുടെ പുതിയ മേച്ചില്‍പ്പുറങ്ങളെപ്പറ്റിയാണ്. കഥാകഥനത്തിനപ്പുറം യാഥാര്‍ത്ഥ്യങ്ങളുടെ തീക്ഷ്ണതകള്‍ പങ്കുവയ്ക്കുന്നു. അണ്ടര്‍ഗ്രൗണ്ട് ചിത്രങ്ങളിലും ഡോക്യമെന്ററികളിലുമാണ് ക്യാമറയുടെ ഉണര്‍ത്തുപാട്ടുകള്‍ ആദ്യം കേള്‍ക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രങ്ങളിലും രാഷ്ട്രീയവും സാമൂഹികവും മാനുഷികവുമായ അവസ്ഥകളെക്കുറിച്ചുള്ള ആകുലതകള്‍ നിറയുന്നുണ്ട്. അസുഖകരവും അത്യന്തം സംഘര്‍ഷാത്മകവുമായ സാഹചര്യങ്ങളുടെ ഡോക്യുമെന്ററി ഫൂട്ടേജുകള്‍ സൂക്ഷ്മതയോടെ ഉപയോഗപ്പെടുത്തുന്നതില്‍ ചലച്ചിത്രകാരന്മാര് താല്പര്യം കാണിച്ചു തുടങ്ങി. ഇതിന്റെ ശക്തമായ പ്രതിഫലനം ഡോക്യുമെന്ററികളിലും ഷോര്‍ട്ടുഫിലിമുകളിലും കാണാം.മനുഷ്യര്‍ വളരെ ചുരുങ്ങിയ വാക്കുകളില്‍ സംസാരിക്കുകയും വികാരപ്രകടനങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യു
ന്ന മൂന്ന് ഗിരിവര്‍ഗ വിഭാഗത്തിലേക്കാണ് ഉണ്ണികൃഷ്ണന് ആവളയുടെ `ഒടുവിലത്തെ താള്' എന്ന ഡോക്യുമെന്ററി നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.നിലമ്പൂര്‍ വനത്തില്‍ താമസിക്കുന്ന ചോലനായ്ക്കരുടെയും ആളരുടെയും അറനാടരുടെയും ജീവിതപ്രതിസന്ധികളാണ് ഉണ്ണികൃഷ്ണന് ആവള രചനയും സംവിധാനവും നിര്‍വ്വഹിച്ച `ഒടുവിലത്തെ താളി'ലൂടെ പറയുന്നത്. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് വംശനാശത്തിലേക്ക് പതിച്ചു കഴിഞ്ഞവരാണ് ഏഷ്യയിലെ പ്രാക്തന ആദിവാസികളില്‍പെട്ട ചോലനായ്ക്കരും ആളരും അറനാടരും(കാടിറങ്ങി നാട്ടിലെത്താത്തവര്‍). ഈ രണ്ടു വിഭാഗം ആദിവാസികളും അനുഭവിക്കുന്ന ദുരിതങ്ങളും നേരിടുന്ന ചൂഷണങ്ങളും അവരുടെ ആചാരങ്ങളും എല്ലാം 55 മിനിറ്റ് ദൈര്‍ഘ്യമുള്ള `ഒടുവിലത്തെ താളില്‍' അടയാളപ്പെടുത്തുന്നുണ്ട്. ഒരു ജനവര്‍ഗ്ഗം കുറ്റിയറ്റുപോകുന്നതിന്റെ കണ്ണീര്‍പ്പാടമാണ് ഈ ഡോക്യുമെന്ററി. വിറകും പച്ചമരുന്നും ശേഖരിച്ച് ജീവിക്കുന്ന ഈ കാട്ടുജാതികളെ ഏതൊക്കെവിധത്തിലാണ് നാഗരികര്‍ ഇരകളാക്കുന്നത്? ഇതിന്റെ ദൃശ്യരേഖ ഭംഗിയായി ഇത് വ്യക്തമാക്കുന്നുണ്ട്. ചോലനായ്ക്കരുടെയും അറനാടുകാരുടെയും ആളരുടെയും വംശനാശം ഒരു സംസ്കാരത്തിന്റെയും ഭാഷയുടെയും അറുതിയാകും. അത് സംബന്ധിച്ച വേവലാതിയാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത തേക്കിന്‍തോപ്പാണ് നിലമ്പൂര്‍ വനം. ഇവിടെ വസിക്കുന്ന ചോലനായ്ക്കന്മാരെപ്പറ്റി 1972-ലാണ് പുറംലോകമറിയുന്നത്. പണ്ട് 1000 പുരുഷന്മാര്ക്ക് 1069 സ്ത്രീകള്‍ എന്നതായിരുന്നു ചോലനായ്ക്കരുടെ സ്ത്രീപുരുഷ അനുപാതം. ഇപ്പോള്‍ ഇവരില്‍ സ്ത്രീകളുടെ എണ്ണം വളരെ കുറഞ്ഞു. പുരുഷന്മാര് 223ഉം സ്ത്രീകള്‍ 186ഉം എന്നാണ് ഇപ്പോഴത്തെ കണക്ക്. ആകെ 43 കുടുംബങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് ഈ ഡോക്യുമെന്ററി ഓര്‍മ്മപ്പെടുത്തുന്നു. തമിഴ്, കന്നഡ, മലയാളം കലര്‍ന്ന സങ്കരഭാഷയാണ് ഈ ആദിവാസികള്‍ സംസാരിക്കുന്നത്. 1300 അടി ഉയരത്തിലുള്ള മലമടക്കുകളിലാണ് ഇവര്‍ വസിക്കുന്നത്. 2500 വര്‍ഷത്തെ പാരമ്പര്യമുള്ള സംസ്കാരം. മക്കത്തായികളായ ഇവര്‍ വിധവാവിവാഹം അനുകൂലിക്കുന്നില്ല. അധിനിവേശത്തിന്റെ പാടുകളും നിലമ്പൂര്‍പാട്ടും, സര്‍വാണിസദ്യയും എല്ലാം ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യശാസ്ത്രവും ഫോക്ലോറും കലര്‍ന്ന ജീവിതാന്തരീക്ഷം പിന്തുടരുന്ന ഈ ഡോക്യുമെന്ററിയില്‍ ആദിവാസികളുടെ യാതനകളും രോഗങ്ങളും ശീലങ്ങളും ഇരകളാകുന്നവഴികളും ദൃശ്യപംക്തികളായി ഇഴചേര്‍ന്നിരിക്കുന്നു. വൈദേഹി ക്രിയേഷന്‍സിന്റെ `ഒടുവിലത്തെ താള്' അകംനീറ്റലിന്റേയും പുറംകാഴ്ചയുടേയും തിരഭാഷയാണ്. പ്രേംകുമാര്‍, മുഹസിന് കോട്ടക്കല്‍, പ്രദീപന് പാമ്പിരിക്കുന്ന്, മൈന ഉമൈബാന്‍, ജിനു ശോഭ, ഡാറ്റസ്, ഷമീര്‍ മച്ചിങ്ങല്‍, പ്രീത, ഹിഷാം തുടങ്ങിയവരാണ് അണിയറ പ്രവര്‍ത്തകര്‍. -ചന്ദ്രിക വാരാന്തപ്പതിപ്പ്
Friday, July 15, 2011
സങ്കടങ്ങളുടെ നേര്‍ക്കാഴ്ച

പൊതുനിരത്തുകളില്‍ ദിവസവും പൊലിയുന്നത് നിരവധി ജീവനാണ്. റോഡപകടങ്ങളുടെ വിവിധ കാരണങ്ങളെക്കുറിച്ച് കേരളത്തില്‍ ആദ്യമായി ബി. സുജാതന്‍ നടത്തിയ സമഗ്രമായ പഠനത്തെപ്പറ്റി
മോട്ടോര്‍വാഹനങ്ങളുടെ വരവോടെ യാത്രാസൗകര്യങ്ങള്‍ക്ക് ഏറെ സഹായം ലഭിക്കുന്നുവെന്നത് ഒരു വസ്തുത തന്നെ. വാഹനങ്ങളുടെ ലഭ്യതയില്‍ ആഹ്ലാദിക്കുന്നതോടൊപ്പം ദു:ഖങ്ങളുടെയും രോദനങ്ങളുടെയും നേര്‍ക്കാഴ്ചയില്‍ നിസ്സഹായരായി നില്ക്കുന്ന സമൂഹവും. യാഥാര്‍ത്ഥത്തില്‍ ഇത് വാഹനങ്ങളുടെ കുഴപ്പംകൊണ്ടല്ല, ശകടങ്ങളെ നിയന്ത്രിക്കുന്ന മനുഷ്യരുടെ വകതിരിവില്ലായ്മയും അഹങ്കാരവും നിയമലംഘനവുമാണ് കാരണം. രാജ്യത്ത് പ്രതിവര്‍ഷം 10 ലക്ഷത്തിലധികം റോഡപകടങ്ങളിലായി ഒരു ലക്ഷത്തിലേറെ പേര് മരണമടയുന്നു. ഓരോ മണിക്കൂറിലും ശരാശരി 13 പേരാണ് അകാലത്തില്‍ മരണപ്പെടുന്നത്. കേരളത്തിലെ സ്ഥിതിയും വിഭിന്നമല്ലെന്നുള്ളതാണ് സത്യം. സംസ്ഥാനത്ത് സംഭവിക്കുന്ന റോഡപകടങ്ങളില്‍ 40 ശതമാനവും വാഹനമോടിക്കുന്നവര്‍ മദ്യം ഉപയോഗിക്കുന്നതുകൊണ്ടാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജനസാന്ദ്രതപോലെ വാഹനസാന്ദ്രതയ്ക്കും കേരളം ഇന്നു മുന്നിലാണ്.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളില്‍ മരിക്കുകയും ഗുരുതരമായ പരിക്കുകള്‍ മൂലം ദു:ഖം അനുഭവിക്കുകയും ചെയ്യുന്ന ചില സംഭവങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യമാണ് `കണ്ണീര്‍ച്ചാലുകളേ സാക്ഷി'യിലൂടെ വെളിപ്പെടുത്തുന്നത്. അപകടങ്ങളില്‍ മരിച്ച് അനാഥമാകുന്ന കുടുംബങ്ങളെക്കുറിച്ചോ, പരിക്കേറ്റ് വിദഗ്ധ ചികിത്സയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ സങ്കടങ്ങളുടെ നേര്‍ക്കാഴ്ചകളെക്കുറിച്ചോ ഒരു ഗ്രന്ഥം മലയാളത്തില്‍ ഇതുവരെയുണ്ടായില്ല. അതുതന്നെ ഈ പുസ്തകത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.
ലക്ഷ്യസ്ഥലത്തെത്തുവാന്‍ എത്രദൂരം വേണമെങ്കിലും മനുഷ്യന് നടന്നുപോയിരുന്ന ഒരു ഗതകാലം. യാത്രകള്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങളൊന്നുമില്ലാതിരുന്നതിനാല്‍ നടത്തം എല്ലാവര്ക്കും അന്ന് വളരെ പ്രിയം. രോഗങ്ങളും തീരെ കുറവുള്ള ഒരു കാലഘട്ടം, അരോഗദൃഢഗാത്രരായ ആള്ക്കാര്. ഇന്ന് അങ്ങനെയൊരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. ഇന്ന് ഒരു കീ.മീറ്റര്‍ ദൂരം പെട്ടെന്ന് നടന്നെത്താവുന്നതാണെങ്കിലും നമ്മള് അരമണിക്കൂര്‍ സമയം ബസ്സ് കാത്തുനില്ക്കും. നടന്നുപോകുന്നത് അന്തസ്സിന്റെ പ്രശ്നമായും ചിലര്‍ കാണുന്നുണ്ട്. തീരെ നടക്കാത്തതുകൊണ്ട് രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു.
മോട്ടോര്‍ വാഹനങ്ങള്‍ പ്രചാരത്തിലാകുന്നതിനു മുമ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കരിഗ്യാസ് വണ്ടികള്‍ യാത്രാ സൗകര്യത്തിന് നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ റോഡുകള്‍ മത്സരവേദികളാവുകയാണ്. വാഹനപ്പെരുപ്പം കൊണ്ട് വീര്‍പ്പുമുട്ടുന്ന സംസ്ഥാനത്തെ നിരത്തുകളില്‍ വാഹനമോടിക്കുന്നവരുടെ കര്‍ശനനിയന്ത്രണങ്ങളും അച്ചടക്കവും കാല്‍നടക്കാരുടെ അതീവ ശ്രദ്ധയുമുണ്ടെങ്കില്‍ എത്രയോ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. അമേരിക്കയില്‍ ഏഴുപേര്‍ക്ക് ഒരു വാഹനമുള്ളപ്പോള്‍ കേരളത്തില്‍ ആറുപേര്‍ക്ക് ഒരു വാഹനമുണ്ട്.
ചക്രത്തില്‍ കയറ്റിവച്ച അപായമാണ് മോട്ടോര്‍ വാഹനം. അതിന്റെ ചക്രം പിടിക്കുന്നവര്‍ കൂടി അപകടകാരിയാണെങ്കില്‍ കുരങ്ങന്റെ കൈയില്‍ പൂമാല കിട്ടിയതുപോലിരിക്കും. മൂന്ന് ഋ യുടെ അഭാവം കൊണ്ടാണ് വാഹന അപകടങ്ങള്‍ പെരുകാന്‍ കാരണം. മൂന്ന് ഋ എന്നാല്‍ എഞ്ചിനിയറിംഗ്, എന്‍ഫോഴ്സ്മെന്റ്, എജ്യുക്കേഷന്‍ എന്നാണ് അര്‍ത്ഥമാക്കേണ്ടത്.
ദിവസേന
സംസ്ഥാനത്തെ നിരത്തുകളിലുണ്ടായിക്കൊണ്ടിരിക്കുന്ന ഭയാനകമായ വാഹനാപകടങ്ങള്‍ കണ്ടും കേട്ടും വായിച്ചും മനം മടുത്ത ഒരു മനുഷ്യസ്നേഹി അതിന് അല്പമെങ്കിലും തടയിടാനോ ജനത്തെ ബോധവല്‍ക്കരിക്കുവാനോ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ പുസ്തകം രചിച്ചത്.റോഡപകടങ്ങളുടെ വിവിധ കാരണങ്ങളെക്കുറിച്ചും നിയന്ത്രണ മാര്‍ഗ്ഗങ്ങളെപ്പറ്റിയും അവയോട് ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും അപകടത്തെത്തുടര്‍ന്ന് ഉടനെ ഉണ്ടാവേണ്ട കാര്യങ്ങളെപ്പറ്റിയും സുജാതന്‍ സവിസ്തരം ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അവതാരിക കല്ലേലി രാഘവന്‍പിള്ള.
കണ്ണീര്‍ച്ചാലുകളേ സാക്ഷി, ബി.സുജാതന്‍, സാഷണല്‍ ബുക്ക് സ്റ്റാള്‍, വില-100 രൂപ
അശാന്തമായ മനസ്സുകളിലാണ് എന്റെ കണ്ണുകള്‍

പ്രകൃതിക്കും വ്യക്തികള്‍ക്കും രൂപാന്തരപ്രാപ്തികളിലൂടെ നന്മയുടെ മണവും മധുരവും നല്കുന്ന മാജിക്കാണ് പെരുമ്പടവം ശ്രീധരന്റെ രചനകള്‍. മലയാളകഥയുടെയും നോവലിന്റെയും വര്‍ത്തമാനകാലത്തും പെരുമ്പടവം എന്ന എഴുത്തുകാരന് ഒറ്റയാനായി,പിന്നെയും പിന്നെയും പൂക്കുന്ന മരമായി അക്ഷരങ്ങളുടെ ഒളിയിടങ്ങളെ പ്രക്ഷുബ്ധമാക്കി നിര്‍ത്തുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടും പ്രശസ്ത എഴുത്തുകാനുമായ പെരുമ്പടവം ശ്രീധരനുമായി നടത്തിയ അഭിമുഖം.
`എഴുതാന്‍ പോകുന്ന ചൂതാട്ടക്കാരന്റെ കഥയ്ക്ക് ഒരു തുടക്കം കണ്ടുപിടിക്കാന്‍ അര്‍ദ്ധരാത്രിവരെ എഴുത്തുമേശയ്ക്കരികില്‍ ദസ്തേവ്സ്കി ഉറക്കമിളച്ചു. ഏതാണ്ടൊരു ധ്യാനംപോലെയായിരുന്നു അത്. പ്രക്ഷുബ്ധമായ മനസ്സ് ഏകാന്തമായ ഒരു നിമിഷം പ്രാര്‍ത്ഥിക്കുന്നു. ആ നിമിഷത്തില്‍ നിന്നു വേണം തുടങ്ങാന്‍.ഒരു ചൂതാട്ടക്കാരന്റെ കഥയെന്നു പറയുമ്പോള്‍ എന്താണുദ്ദേശിക്കുന്നത്? ജീവിതത്തിന്റെ ആകസ്മികതകളെ നേരിടുന്ന ഒരാളിന്റെ മനസ്സ് തന്റെ ദൈന്യം നിറഞ്ഞ അവസ്ഥയില്‍ ഒരു മനുഷ്യന് പിണയുന്ന അബദ്ധങ്ങള്‍, അവനു സംഭവിക്കുന്ന തോല്‍വികള്‍, അവന് സഹിക്കുന്ന അപമാനങ്ങള്‍, അവന്റെ സ്വപ്നങ്ങള്‍, നിരാശകള്‍, ദു:ഖങ്ങള്‍ അതിന്റെ കൂടെ ലാഭനഷ്ടങ്ങളുടെ വിധി തുലാസില്‍ തൂങ്ങുന്ന നിമിഷങ്ങളുടെ വിക്ഷുബ്ധതയും ലഹരിയും പിരിമുറുക്കവും! ഉല്‍ക്കടമായ പ്രേമത്തിന്റെ വികാരമൂര്‍ച്ഛപോലെ എന്തോ ഒന്ന് ചൂതുകളിയിലുണ്ട്.
അല്ലെങ്കില്‍ വിധിയുമായുള്ള ഒരു കൂടിക്കാഴ്ചയായിട്ടും അതിനെ കണക്കാക്കിയാലെന്ത്?
ജീവിതം കൊണ്ട് ഒരാള്‍ ചൂതുകളിക്കുന്നു.'-(ഒരു സങ്കീര്‍ത്തനം പോലെ).
?അശാന്തമായ അലഞ്ഞു തിരിച്ചലുകള്‍, ആത്മീയാന്വേഷണങ്ങള്‍. ഇപ്പോള്‍ ഗൃഹസ്ഥാശ്രമം. സത്യത്തില്‍ എവിടെയാണ് എഴുത്തുകാരന് സ്വസ്ഥനായിരിക്കുന്നത്.
എഴുത്തുകാരന് ഒരിടത്തും സ്വസ്ഥനായിരിക്കുന്നില്ല. എനിക്ക് തോന്നുന്നത്. ഉറങ്ങുമ്പോഴും അയാളുടെ മനസ്സ് അജ്ഞാതമായ ദേശങ്ങളിലും അജ്ഞാതമായ കാലങ്ങളിലും സഞ്ചരിക്കുകയാണ്. ഉണര്‍ന്നിരിക്കുമ്പോള്‍ ആ അനുഭവങ്ങളില്‍ അയാള്‍ ചെന്നെത്തുന്നു. മുമ്പെങ്ങോ കണ്ട ഒരു സ്വപ്നത്തിലേക്ക് എന്നപോലെ.
എന്റെ ജീവിതം നീളെ അലച്ചിലായിരുന്നു. എന്റെ ജീവിതം അന്വേഷിച്ച്, എന്നെ അന്വേഷിച്ച്, ഇതൊരു അത്യന്താധുനിക കഥാപാത്രത്തിന്റെ മൊഴിയല്ല. നഗ്നപാദനായി മുള്ളുകളിലൂടെ, തീക്കനലുകളിലൂടെ, കണ്ണീരിലൂടെ സഞ്ചരിച്ച ഒരു പാവം മനുഷ്യാത്മാവിന്റെ അനുഭവമാണ്.
?പാഠശാലകളില്‍ നിന്നും നമ്മുടെ വിദ്യാഭ്യാസ സങ്കല്പങ്ങള് മാറുന്നു. മാനവികലോകത്തെ ആരോ അടിച്ചുപുറത്താക്കിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാവരും സാങ്കേതിക വിദ്യാഭ്യാസത്തിനു പിറകെ മാത്രം മക്കളെ അയക്കുന്നു. ഏതു ലോകത്തെ ഇതു സൃഷ്ടിക്കുമെന്നാണ് എഴുത്തുകാരന് എന്ന നിലയില്‍ താങ്കള്‍ക്കു തോന്നുന്നത്.
മാനവികത നഷ്ടപ്പെട്ട ഒരു കാലത്തിന്റെ ഊഷരതകളില്‍ നമ്മുടെ പുതിയ തലമുറ ചെന്നെത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അവിടെ പച്ചപ്പുകളില്ല, നനവില്ല, ആര്‍ദ്രതയില്ല, മനുഷ്യബന്ധങ്ങള്‍ നിര്‍ത്ഥകമായിത്തീരുന്നു. ലാഭനഷ്ടങ്ങളുടെ കണക്ക് മാത്രമേ അവിടെയുള്ളൂ.ഏറ്റവും കൂടുതല്‍ മാസ ശമ്പളം കിട്ടുന്നവന് മിടുക്കന് എന്ന നിലയിലേക്ക് എത്തുന്നു നമ്മുടെ സാമൂഹിക വീക്ഷണം. പുതിയ സാങ്കേതികവിദ്യകള്‍ വേണ്ടെന്നല്ല. അതുവേണം. പക്ഷേ, ഇതെല്ലാം മനുഷ്യനു വേണ്ടിയുള്ളതാണെന്നും മാനുഷികതയ്ക്കു വേണ്ടിയുള്ളതാണെന്നും മറന്നുപോകരുത്. മറ്റുള്ളവരെ കുറിച്ച് ആര്‍ദ്രതയോടെ ചിന്തിക്കാനല്ലെങ്കില്‍ ഏത് വിദ്യാഭ്യാസവും പാഴാണ്. സാങ്കേതികത മിക്കപ്പോഴും യന്ത്രങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒടുവില്‍ നോക്കുമ്പോള്‍ ഹൃദയമിരുന്ന സ്ഥാനത്ത് ഒരു യന്ത്രമിരിക്കുന്നു. അപ്പോള്‍ മാനവികത നഷ്ടപ്പെട്ടുപോവുകയാണ്ചെയ്യുക. നമ്മള് യന്ത്രമനുഷ്യരുടെ ഒരു കാലത്തേക്കാണോ നടന്നടുക്കുന്നത്. മനുഷ്യബന്ധങ്ങളുടെ പവിത്രതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കാത്ത വിദ്യാഭ്യാസം വ്യര്‍ത്ഥമാണ്. അത് ശാപഗ്രസ്തവുമാണ്.
?പുതിയകാലത്തിനും മൂല്യങ്ങള്‍ക്കും മുന്നില്‍ പരുങ്ങിയപ്പോകുന്ന ഏതെങ്കിലും സന്ദര്‍ഭങ്ങള്‍ ഉണ്ടാകുന്നുണ്ടോ.
മൂല്യങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലത്തിന്റെ വക്കിലാണ് നമ്മള് ചെന്നെത്തിയിരിക്കുന്നത്. മൂല്യങ്ങളെക്കുറിച്ച് രാപകല്‍ പ്രസംഗിക്കുകയും സകല മൂല്യങ്ങളും ചവുട്ടിമെതിക്കുകയും ചെയ്യുന്നവരുടെ കാലമാണിത്. ആസുരമായ ശക്തികള്‍ വഴിയെ കാത്തുനില്ക്കുന്നു. കൂട്ടിക്കൊണ്ടുപോവാന്‍. കൂടെ ചെന്നില്ലെങ്കില്‍ ഇല്ലായ്മ ചെയ്യാനും. ആപല്‍ക്കരമായ കാലമാണിത്. ആര്‍ക്കാണ് സുരക്ഷിതത്വമുള്ളത്? എവിടെയാണ് സുരക്ഷിതത്വമുള്ളത്. നോക്കുമ്പോള്‍ കാണുന്നത് മൂല്യങ്ങളൊക്കെയും തകര്‍ന്നടിഞ്ഞ കാലത്തിന്റെ തരിശല്ലെ. മറ്റുള്ളവരുടെ സങ്കടങ്ങളെക്കുറിച്ച് ഓര്‍ക്കാനുള്ള മനസ്സ് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ സങ്കടങ്ങള്‍ പങ്കുവെക്കാന്‍ നമ്മള് വിമനസ്കരായിരിക്കുന്നു.
ഭൂമിയില്‍ എവിടെയയൊക്കെയോ അപൂര്‍വ്വം ചിലര്‍ ശുദ്ധാത്മാക്കള്‍ ഇപ്പോഴുമുണ്ട്. ഇല്ലെങ്കില്‍ ഈ ഭൂമി അതിന്റെ അച്യുതണ്ടില്‍ നിന്ന് തെറിച്ചുപോയേക്കുമോ എന്നാണ് ഞാന്‍ പേടിക്കുന്നത്. നമ്മുടെ നാടിന്് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു.
?സമൂഹത്തില്‍ നിന്നും പുറംതിരിഞ്ഞ് അന്തര്‍മുഖനായ മനുഷ്യന്റെ വേവലാതികള്‍ പേറുന്നവരാണ് താങ്കളുടെ ഒട്ടുമിക്ക കഥാപാത്രങ്ങളും. അഭയം എന്ന നോവലില്‍ നിന്നും തുടങ്ങി ഒരു സങ്കീര്‍ത്തനംപോലെ എന്ന കൃതിയിലെത്തുമ്പോള്‍ ഇത് കൂടുതല്‍ പ്രകടമാകുന്നു. ഇങ്ങനെയൊരു സ്ഥായീഭാവം സൂക്ഷിക്കുന്നതെന്താണ്.
അങ്ങനെയുള്ളൊരു കാലത്താണ്, ലോകത്താണ് നമ്മള് ജീവിക്കുന്നത്. ഈ അവസ്ഥകളില്‍ നിന്നും ആരും രക്ഷപ്പെടുന്നില്ല. ഇങ്ങനെയൊരു കാലഘട്ടത്തില്‍ അകപ്പെട്ട നിസ്സഹായനായ മനുഷ്യന്റെ ആധികള്‍ അങ്ങനെയൊക്കെയാണ് എന്നാണ് എനിക്കു തോന്നുന്നത്. അതായത് ക്ഷുദ്രമായ മനസ്സുകൊണ്ട് നടക്കുന്നവരൊഴികെ.
?താങ്കളുടെ പ്രശസ്തമായ പല നോവലുകളും പ്രശസ്തരുടെ ജീവിതമാണ് അടിസ്ഥാനമാക്കിയത്. ഒരു സങ്കീര്‍ത്തനത്തില്‍ ദസ്തേവ്സ്കി, നാരായണീയത്തില്‍ ഗുരു, ഒരു കീറ് ആകാശം തുടങ്ങിയവ.
ജീവിതത്തിന്റെ മഹാസങ്കടങ്ങള്‍ അനുഭവിക്കുന്നത് അവരൊക്കെയാണ്. അതുകൊണ്ടാണ് ഞാന്‍ അവരെ കഥാപാത്രങ്ങളാക്കിയത്. മനുഷ്യസങ്കടങ്ങളുടെ ഉള്‍വനങ്ങളിലൂടെ സഞ്ചരിക്കുവാന്‍ അത്തരം ആധികള്‍കൊണ്ട്് ജീവിതത്തെ പൊള്ളിച്ചവരുടെ കൂടെ നടക്കുകയായിരുന്നു ഞാന്‍.
?പന്ത്രണ്ടിലധികം സിനിമകള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. സിനിമയും സാഹിത്യവും തമ്മിലുള്ള വ്യത്യാസമെന്താണ്.
സാഹിത്യവും സിനിമയും വ്യത്യസ്തമായ രണ്ട് കലാരൂപങ്ങളാണ്. അതിന്റെ ഭാഷയും വേവ്വേറെ. പക്ഷേ, സിനിമയിലും സാഹിത്യത്തിലും കൈകാര്യം ചെയ്യപ്പെടുന്നത് മനുഷ്യനും ജീവിതവുമാണ്. മനുഷ്യസങ്കടങ്ങളിലൂടെയുള്ള ആത്മസഞ്ചാരമാണ് രണ്ടും. പക്ഷേ, അതിന്റെ ഭാഷകള്‍ വേറെ. ആവിഷ്ക്കാരം വേറെ. കലാസൃഷ്ടികള്‍ എന്ന നിലയില്‍ ഇത് ആസ്വാദകന്റെ മനസ്സിനെ ഉലയ്ക്കുകയോ, പ്രക്ഷുബ്ധമാക്കി തീര്‍ക്കുകയോ ചെയ്യുമ്പോള്‍ ആ കലാരൂപങ്ങള്‍ക്കിടയിലുള്ള വ്യത്യാസം നമ്മള് മറന്നുപോവുന്നു. മഹത്തായ ഒരു കാവ്യം സിനിമപോലെ അവിസ്മരണീയമായ അനുഭവമായി മാറും. മഹത്തായ സിനിമ ഒരു സാഹിത്യകൃതിപോലെ അനശ്വരതയെ സ്പര്‍ശിക്കുകയും ചെയ്യുന്നു.
? അക്കാദമിയെ എങ്ങോട്ടു നയിക്കാനാണ് ആഗ്രഹിക്കുന്നത്.
അക്കാദമിയിലേക്ക് പോകുമ്പോള്‍ ഞാന്‍ എന്നെ വീട്ടില്‍ വെച്ചിട്ടാണ് പോകുന്നത്. അക്കാദമിയിലെ മറ്റ് സഹപ്രവര്‍ത്തകരോടും, അഭ്യുദയകാംക്ഷികളോടും, ഗുരുജനങ്ങളോടും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചോദിച്ച്, അവരുടെയെല്ലാം സഹകരണത്തോടും പങ്കാളിത്തത്തോടും കൂടി എന്തെങ്കിലും ചെയ്യണം. ഭാഷയ്ക്കും സാഹിത്യത്തിനും സാഹിത്യകാരന്മാര്ക്കും പ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. ആശയങ്ങള്‍ വരട്ടെ, അഭിപ്രായങ്ങളും വരട്ടെ. എല്ലാം സന്തോഷപൂര്‍വ്വം സ്വീകരിക്കും.
? താങ്കളുടെ പുതിയ വായന, എഴുത്ത്.
ഞാന്‍ ജീവിതത്തില്‍ എന്തെങ്കിലും നിരന്തരമായി ചെയ്യുന്നുണ്ടെങ്കില്‍ അത് വായനയാണ്. കൈയില്‍ കിട്ടുന്നത് എന്തും വായിക്കുന്ന സ്വാഭാവമാണ്. തിരഞ്ഞെടുപ്പൊക്കെ വായിച്ചു കഴിഞ്ഞിട്ടാണ്. വായിച്ചതില്‍ എന്തുണ്ടെന്ന് നോക്കി. പിന്നെ ഏഴെട്ടു വര്‍ഷം മുമ്പ് എഴുതിയവച്ച ഒരു നോവലുണ്ട്. `അവനി വാഴ്വ് കിനാവ്' എന്നാണ് പേര്. അതൊന്നു മിനുക്കിയെടുക്കണം. ഇപ്പോള്‍ മനസ്സു മുഴുവന്‍ അതിനകത്താണ്. 17-7-2011 ചന്ദ്രിക വാരാന്തപ്പതിപ്പ്
Thursday, July 14, 2011
വാഗണ്‍- 1711 ഓര്‍മ്മയുടെ മൂന്ന് കാലങ്ങള്‍

ഓര്‍മ്മിക്കുന്നതിലൂടെയാണ് ഒരു സമൂഹം സ്വത്വത്തെ അറിയുന്നത്. ഓര്‍മ്മ ബുദ്ധിയില്‍ തങ്ങിനില്ക്കുന്ന കാലം മാത്രമല്ല, ഓര്‍മ്മയുടെ വൈയക്തികവും സഞ്ചിതവുമായ ഘടകങ്ങളിലൂടെയാണ് നാം ഇന്ദ്രിയാനുഭവങ്ങളുടെ നൈമിഷികതയെ അതിജീവിക്കുക. ഓര്‍മ്മയെ സംബന്ധിച്ച മൂന്നു കാലങ്ങളെ കൂട്ടിയിണക്കുന്ന ഹ്രസ്വചിത്രമാണ് ഹസീം ചെമ്പ്ര രചനയും സംവിധാനം നിര്‍വ്വഹിച്ച `വാഗണ്‍ നമ്പര്‍- 1711(1921)'. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വാഗണ്‍ ട്രാജഡിയില്‍ മരിച്ച വല്യുപ്പാന്റെ ഖബറിടം തേടിയെത്തുന്ന വിദ്യാര്‍ത്ഥിയിലൂടെയാണ് കഥ പറയുന്നത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ പയ്യനാട്ടുകാരന്‍ കടക്കാരോടും സ്റ്റേഷന് ടിക്കറ്റ് കൗണ്ടറിലും അന്വേഷണം തുടങ്ങുന്നു. തിരൂരിലെ ബേക്കറിയിലും കടകളിലും തന്റെ ചോദ്യം ആവര്‍ത്തിച്ചു. ട്രാജഡിയുടെ സ്മാരകമായി നിലനിര്‍ത്തിയ വാഗണ്‍ സന്ദര്‍ശിക്കുന്നു. മരിച്ചവരുടെ പേരുവിവര പട്ടികയില്‍ നിന്നും വല്യുപ്പാന്റെ പേര് കുറിച്ചെടുക്കുന്നു. തുടര്‍ന്ന് നഗരസഭാ ഓഫീസിലും വ്യക്തികളോടും മരിച്ചവരെ മറവുചെയ്ത സ്ഥലം ചോദിച്ചറിയുന്നു. കോരങ്ങത്ത് പള്ളിയിലും കോട്ടുപള്ളിയിലുമുള്ള ഖബര്സ്ഥാന് സന്ദര്‍ശിക്കുന്നു. ഒരിടത്തും വല്യുപ്പാന്റെ ഖബറിടം വ്യക്തമായി അടയാളപ്പെട്ടുകാണുന്നില്ല. ചിത്രാന്ത്യത്തില്‍ ഉമ്മയുടെ ആഗ്രഹനിവൃത്തിക്കായി വാഗണ്‍ ട്രാജഡിയില്‍ മരിച്ചവരുടെ മുഴുവന്‍ ഖബറിടങ്ങളിലും പ്രാര്‍ത്ഥിക്കുന്നു. വളരെ ലളിതമായ കഥാഖ്യാനം പൂര്‍ണമാകുന്നിടത്താണ് ഈ ചിത്രത്തിന്റെ പ്രസക്തി നിറയുന്നത്.
പൂര്‍വ്വ സംസ്കൃതിയുടെ ജൈവപരിസരത്തു നിന്നും അധിനിവേശത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിലേക്ക് വികസിക്കുന്ന തിരഭാഷയാണ് ഹസീമിന്റെ ചിത്രത്തിന്റേത്. രാഷ്ട്രീയപരമായും ഭൂമിശാസ്ത്രപരമായും അധിനിവേശാനന്തര സമൂഹങ്ങളിലുണ്ടാവുന്ന സ്വത്വാവബോധത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഴ്ചയാണ് വാഗണ്‍ നമ്പര്‍- 1711. വ്യക്തിപരമായ ഓര്‍മ്മയില്‍ നിന്നും തുടങ്ങി സമൂഹത്തിന്റെ മൊത്തം ഓര്‍മ്മയിലേക്ക് സിനിമ ഇറങ്ങിനില്‍ക്കുന്നു. അടിസ്ഥാനപരമായി കാലബന്ധിതരാണ് എല്ലാ മനുഷ്യരും. ഓര്‍മ്മയുടെ ആ ധാര കാഴ്ച, കേള്‍വി, സ്പര്‍ശം, രുചി എന്നിങ്ങനെ വ്യക്തിപരമായി മാത്രമല്ല, സാമൂഹികവുമാണ്. ഈ ചിത്രത്തില്‍ പല സന്ദര്‍ഭങ്ങളില്‍ ഈ ഘടകങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്. ഇരുപത് മിനിറ്റ് ദൈര്‍ഘ്യമുള്ള വാഗണ്‍ നമ്പറില്‍ കഥയ്ക്കും പശ്ചാത്തലത്തിനും അനുയോജ്യമായ ദൃശ്യാംശങ്ങളെല്ലാം
സന്നിവേശിപ്പിച്ചിട്ടുണ്ട്.വാഴയൂര്‍ സാഫി ഇന്‍സ്റ്റിറ്റിയീട്ടിലെ പഠനവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച ഈ ഡോക്യുഫിക്ഷന് -കാമ്പസ് ചിത്രം ഇന്റര്‍ നാഷണല്‍ ഡോക്യുമെന്ററി -ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്വെലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാഗണ്‍ ദുരന്തത്തെ പ്രമേയമാക്കിയ വാഗണ്‍ നമ്പര്‍-1711(1921) ചലച്ചിത്രപഠനത്തിന്റെയും കാഴ്ചയുടെയും പുതിയതലങ്ങളിലേക്ക് െനമ്മുടെ ശ്രദ്ധക്ഷണിക്കുന്നു. ക്യാമറ, വെളിച്ചം, വര്‍ണ്ണം,സംഗീതക്ലിപ്പിങ്ങുകള്‍ എന്നിവയോടൊപ്പം ചിത്രസംയോജനത്തിലും സൂക്ഷ്മത പാലിച്ചിട്ടുണ്ട്. മീഡിയാ വിദ്യാര്‍ത്ഥിയും ഷോര്‍ട്ട്ഫിലിം സംവിധായകനുമായ സക്കരിയ എടയുരാണ് വിദ്യാര്‍ത്ഥിയുടെ വേഷം ചെയ്തത്. ഗോപി ചരിത്രാന്വേഷിയായ അഹമ്മദിനെ അവതരിപ്പിച്ചു.
തിരൂര്‍ ചെമ്പ്ര അബ്ദുള്‍ ഖരീമിന്റെയും സഫിയയുടെയും മകനായ ഹസീം ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദധാരിയും തിരൂര്‍ മണ്ഡലം എം.എസ്.എഫിന്റെ ഭാരവാഹിയുമാണ്. എം. എസ്. എഫ്. സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ `ഔട്ട് ഓഫ് കവറേജ് 2010' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തു. പ്രസംഗമത്സരത്തിലും മറ്റുമായി കോളജ്തലത്തില്‍ നിരവധി പുരസ്ക്കാരങ്ങള്‍ ഹസീമിന് ലഭിച്ചിട്ടുണ്ട.്
ചരിത്രാവബോധം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന മലയാളിമനസ്സിനെ ചോദ്യം ചെയ്യുന്ന ഈ ഹ്രസ്വചിത്രം കാമ്പസിന്റെ സാമൂഹ്യ പ്രതിബദ്ധത ഓര്‍മ്മിപ്പിക്കുന്നു. ഉമേഷ് ക്യാമറയും ഷഹല്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. എം.നൗഷാദ്, നസ്റുള്ള ഖാന്, ജുമാന്, കബീര്‍ തിരൂര്‍, വി.കെ.എം. ശാഫി, പി.കെ.ഫിറോസ്, ആഷിക് ചെലവൂര്‍, എന്നിങ്ങനെ നിരവധി പേര് ചിത്രത്തിന്റെ പിന്നണിയില്‍ സഹകരിച്ചിട്ടുണ്ട്.
Tuesday, June 07, 2011
വിജയമാര്ഗം
ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കാര്യങ്ങളോടും എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ് നമ്മുടെ വിജയവും പരാജയവും നിര്‍ണ്ണയിക്കുന്നത്. എല്ലാം തകര്‍ന്നെന്നു നാം കരുതുന്ന നിമിഷങ്ങളിലും ഗ്രൗണ്ട് സീറോയില്‍ നിന്ന് ബിഗ് ഹീറോയാകാന്‍ ആര്‍ക്കും കഴിയും. അതിനായി ഏതു മനോഭാവത്തോടെ എപ്രകാരം പ്രവര്‍ത്തിക്കണമെന്ന് - കാണിച്ചുതരുന്ന പുസ്തകമാണ് ഐ ക്യാന്‍ വിന്.ലളിതമായ ഇംഗ്ലീഷ് ഭാഷയില്‍ ഉദാഹരണങ്ങളിലൂടെയും കഥകളിലൂടെയും വിജയത്തിന്റെ സൂത്രവാക്യങ്ങളിലേക്ക് വായനക്കാരെകൊണ്ടുചെന്നെത്തിക്കുകയാണ് ഐ ക്യാന്‍ വിന്. നിരാശയിലും പരാജയഭീതിയിലും ആത്മവിശ്വാസം നഷ്ടപ്പെട്ട് നിഷ്ക്രിയരായിരിക്കുന്നവര്‍ക്ക്പ്രവര്‍ത്തനോര്‍ജം പകരുകയാണ് ഈ പുസ്തകത്തിലൂടെ. സാഹചര്യങ്ങളോ സമ്പത്തോ, കുടുംബമഹിമയോ, ഉന്നത വിദ്യാഭ്യാസമോ ഒന്നുമല്ല ഇച്ഛാശക്തിയും ദൈവവിശ്വാസവും പ്രസാദാത്മകമനോഭാവവും എങ്ങനെ ഒരാളെ വിജയത്തിലേക്ക് നയിക്കുന്നുവെന്ന് ഗ്രന്ഥകര്‍ത്താക്കള്‍ ഈ പുസ്തകത്തിലൂടെ വിശദീകരിക്കുന്നു. തുടര്‍ച്ചയായ പാരായണക്ഷമത നിലനിര്‍ത്തുന്ന 248 പേജുകളിലായുള്ള 58 അധ്യായങ്ങളിലൂടെ ഓരോ വായനക്കാരനേയും വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഐ ക്യാന്‍ വിന് രാജ്യാന്തര വിപണിയില്‍ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.ഓരോ അധ്യായവും അവസാനിക്കുന്നത് മനസ്സില്‍ പ്രചോദനത്തിന്റെ അഗ്നിജ്വലിപ്പിക്കുന്ന ഓരോ ചിന്തകളുമായാണ്. ഏതൊരു സാധാരണക്കാരനും അസാധാരണമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് എളിയ നിലയില്‍ നിന്ന് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച ഒട്ടേറെ പ്രമുഖ വ്യക്തികളുടെ ഉദാഹരണങ്ങള്‍ സഹിതം ഈ പുസ്തകത്തിലൂടെ പറഞ്ഞുതരുന്നു.
അവഹേളനങ്ങളിലും വീഴ്ചകളിലും രോഗങ്ങളിലും ജീവിതത്തില്‍ പരാജയപ്പെട്ടുവെന്ന് തോന്നുന്ന നിമിഷങ്ങളിലും മൂന്നേറാനുള്ള പാഠങ്ങളാണ്. ഐ ക്യാന്‍ വിന്നിലൂടെ പകര്‍ന്നു തരുന്നത്. കുറവുകളെ എങ്ങനെ കഴിവുകളാക്കി മാറ്റാം. വിജയത്തിലേക്ക് എങ്ങനെ തയാറെടുക്കാം. കഴിവുകളെ എങ്ങനെ തിരിച്ചറിയാം. താല്‍ക്കാലിക തിരിച്ചടികളെ എങ്ങനെ വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കാം. നല്ല തീരുമാനങ്ങളുടെ വില, പ്രതിസന്ധികളെ അവസരങ്ങളാക്കാം, ബന്ധങ്ങളെ ഊഷ്മളമാക്കാം, സ്വപ്നം യാഥാര്‍ത്ഥ്യങ്ങളാക്കാം, ആശയങ്ങളുടെ വില, പ്രസന്റേഷന് മികവുറ്റതാക്കാം, പുഞ്ചിരി നല്കുന്ന നേട്ടം, ടൈം മാനേജ്മെന്റ്, മൂലക്കല്ലുകളെ നാഴികക്കല്ലുകളാക്കാം, അവഹേളനങ്ങളെ വിജയമാക്കി മാറ്റിയെഴുതാം, ആത്മവിശ്വാസം, ഉയര്‍ത്താം, വിഷാദത്തെ തൂത്തെറിയാം, അസാധ്യത്തെ സാധ്യമാക്കാം, സ്വന്തം മൂല്യം തിരിച്ചറിയാം, തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് ഓരോ അധ്യായങ്ങളിലൂടെയും അനാവരണം ചെയ്യുന്നത്.മോട്ടിവേഷനല്‍ സ്പീക്കറും ധീരതയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ രാഷ്ട്രപതിയുടെ ജീവന്‍രക്ഷാപഥക് ദേശീയ അവാര്‍ഡ് ജേതാവുമാണ് സെബിന്.എസ് കൊട്ടാരം. പ്രമുഖ ഹ്യൂമന്‍ റിസോഴ്സസ് മാനേജ്മെന്റ് വിദഗ്ധനും മോട്ടിവേഷനല്‍ സ്പീക്കറുമാണ് ജോബിന് എസ് കൊട്ടാരം, ഇരുവരുമെഴുതുന്ന പത്താമത്തെ പ്രചോദനാത്മക ഗ്രന്ഥമാണ് ഐ ക്യാന്‍ വിന്.
ഐ ക്യാന്‍ വിന്, സെബിന്.എസ് കൊട്ടാരം,ജോബിന് എസ് കൊട്ടാരം, ഡോള്‍ഫിന്‍ ബുക്സ് (94478 74887) വില- 240 രൂപ.
Tuesday, May 24, 2011
സേതു: സമഗ്രവായന
മലയാളകഥയിലും നോവലിലും സേതു ഒറ്റപ്പെട്ട ശബ്ദമാണ്. എഴുത്തുശീലത്തിന്റെയും വായനയുടെയും വഴിയില്‍ സേതു രൂപപ്പെടുത്തിയ നവീനധാരയില്‍ അധികമാരും സഞ്ചരിക്കുന്നില്ല എന്നത് തന്നെ ഈ കഥാകാരന് ലഭിക്കുന്ന അംഗീകാരമാണ്. എന്നാല്‍ സേതുവിന്റെ സാഹിത്യരചനകളെ സംബന്ധിച്ച് മലയാളത്തില്‍ സമഗ്രപഠനങ്ങള്‍ ഉണ്ടായിട്ടില്ല. പി.എം.ഷുക്കൂര്‍ എഡിറ്റ് ചെയ്ത് കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച `സേതു എഴുത്തും വായനയും' എന്ന പുസ്തകം വായനാലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. മലയാളത്തില്‍ ആധുനികതയും അനുബന്ധ രചനാരീതികളും അട്ടിമറികള്‍ സൃഷ്ടിച്ച കാലഘട്ടത്തിലാണ് സേതു എഴുതിത്തുടങ്ങിയത്.ആധുനികതയുടെ ഉപരിവിപ്ലതയോ, ക്ലിഷ്ടതയോ, ഈ കഥാകൃത്തിനെ അലട്ടിയില്ല. എന്നാല്‍ മാജിക്കല്‍ റിയലിസം പോലുള്ള ആവിഷ്കാര സങ്കേതത്തില്‍ സേതു താല്പര്യം കാണിച്ചിട്ടുണ്ട്. സേതുവിന്റെ നൂലേണി പോലുള്ള കഥകളും പാണ്ഡവപുരം എന്ന നോവലും കൗതുകത്തോടെ വായിക്കപ്പെടുകയും ചെയ്തു. സേതു കഥ പറയുമ്പോഴും കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോഴും കാണിക്കുന്ന ജാഗ്രതയും സൂക്ഷ്മതയും ശ്രദ്ധേയമാണ്.സേതുവിന്റെ രചനകളിലേക്ക് കടക്കുമ്പോള്‍ ജീവിതപ്രതിസന്ധികളോട് ഏറ്റുമുട്ടുകയും ആണ്നോട്ടങ്ങളുടെ മുനയൊടിക്കുയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങളെ കാണാം. ഇവര്‍ ഫെമിനിസ്റ്റു മുദ്രാവാക്യങ്ങളില്‍ അഭിരമിക്കുന്നവരല്ല എന്നത് തിരിച്ചറിയേണ്ടതുണ്ട്. എള്ളെണ്ണയുടെ ഗന്ധമാണ് സ്ത്രീത്വം എന്നു തെറ്റിദ്ധരിക്കുകയോ, വെളിച്ചം പരത്തി അല്‍ഭുതപ്പെടുത്തുകയോ ചെയ്യുന്നവരല്ല; നിലനില്പിനായ് കര്‍ക്കശ നിലപാടുകളെടുക്കുന്നവരാണ്സേതുവിന്റെ സ്ത്രീകഥാപാത്രങ്ങള്‍. ശരീരവും മനസ്സും തൊട്ടറിയുന്നതില്‍ സേതുവിന്റെ കഥാപാത്രങ്ങള്‍ പുലര്‍ത്തുന്ന തന്റേടവും കണിശതയും വേറിട്ടുനില്ക്കുന്നു. സേതുവിനെക്കുറിച്ചുള്ള വിവിധ വായനയും കാഴ്ചയും ഉള്‍ക്കൊള്ളുന്ന ഈ പുസ്തകത്തില്‍ രണ്ടു ഭാഗങ്ങളിലായി 31 ലേഖനങ്ങളും അനുബന്ധമായി കെ.എം.നരേന്ദ്രന്, ഡോ.വത്സലന്‍ വാതുശ്ശേരി, ജോര്‍ജ് ജോസഫ് കെ തുടങ്ങിയവരുടെ പഠനങ്ങളും ചേര്‍ത്തിട്ടുണ്ട്.
പുസ്തകത്തിന്റെ ഒന്നാം ഭാഗത്ത് എം.ടി., കെ.പി.അപ്പന്, വി.രാജകൃഷ്ണന്, ആഷാമേനോന്, വി.സി.ശ്രീജന് തുടങ്ങിയവരുടെയും രണ്ടാംഭാഗത്ത് കെ.ആര്.മീര, രോഷ്നി സ്വപ്ന, ജ്യോതിലക്ഷ്മി മുതലായവരുടെയും ലേഖനങ്ങളുമുണ്ട്. എം.ടി. `സേതുബന്ധനം' എന്ന ലേഖനത്തിലെഴുതുന്നു:` എപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുള്ള ഒരു കാര്യമുണ്ട്. മാസികക്കാരുടെയോ, വിശേഷാല്‍പ്രതികളുടെയോ നിര്‍ബന്ധത്തിനു വഴങ്ങി ,സേതു ഒന്നും എഴുതാറില്ല. പലരും ഓട്ടപ്പാത്രങ്ങളെപ്പോലെ കലമ്പല്‍ കൂട്ടുമ്പോള്‍ അക്കൂട്ടത്തില്‍ സേതുവിനെ കാണാറില്ല...' - ഇതുപോലെ കെ.പി.അപ്പന് സേതുവിനെ നിരീക്ഷിക്കുന്നു:` കഥ എഴുതുന്നതും സംവാദത്തെ രൂപപ്പെടുത്തുന്നതും ജ്ഞാനത്തെ സൃഷ്ടിക്കുന്നതും ഒന്നുതന്നെയാണെന്ന് ഈ ആഖ്യാനം വ്യക്തമാക്കുന്നു. ഇതു സേതുവിന്റെ കഥാരചനയിലെ പുതുമയുറ്റ ആരോഗ്യമാണ്.' ഇങ്ങനെ തികച്ചും പുതുമയുള്ള ഈടുറ്റ വിലയിരുത്തുലുകള്‍ പുസ്തകത്തിലുണ്ട്. പുതുതലമുറ സേതുവിനെ ചര്‍ച്ച ചെയ്യുന്നതിലും കാണാം കാതലായ മാറ്റം. കെ.ആര്.മീര എഴുതി:` സേതു കഥപറയുന്നതു നിറങ്ങള്‍ കൊണ്ടാണെന്നു തോന്നും. പക്ഷേ, ആ നിറങ്ങളുടെ എണ്ണം കുറവാണ്. മഞ്ഞ, കറുപ്പ്. പിന്നെ ഇടയ്ക്കിടെ ചുവപ്പും റോസും തീര്‍ന്നു. സേതുവിന്റെ നിറക്കൂട്ടിലെ ചായങ്ങള്‍..'-എന്നിങ്ങനെ വ്യത്യസ്ത വായനകള്‍ തുറന്നുതരികയാണ് ഓരോ ലേഖനങ്ങളും.
`മനുഷ്യത്വനിര്‍ഭരമായ രചനകള്‍' എന്ന ആമുഖക്കുറിപ്പില്‍ പി.എം.ഷുക്കൂര്‍ സേതുവിനെ അടയാളപ്പെടുത്തുന്നു:` ഏറെ മികച്ച കഥകളെഴുതിയിട്ടും ഈ കഥാകാരന് അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്ന ധാരണയില്‍ നിന്നുമാണ് ഈ പുസ്തകത്തിന്റെ പിറവി. ഇതു വലിയ കര്‍മ്മമാണെന്ന യാതൊരു മിഥ്യാധരണയും ഈ കുറിപ്പെഴുതുന്നയാള്‍ക്കില്ല. എങ്കിലും സേതുവിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഇതൊരു നിമിത്തമാകും എന്ന പ്രതീക്ഷയാണുള്ളത്.'- ഇതുതന്നെയാണ് `സേതു എഴുത്തും വായനയും' എന്ന പുസ്തകത്തിന്റെ സവിശേഷതയും.
സേതുഎഴുത്തും വായനയും, എഡിറ്റര്‍: പി.എം.ഷുക്കൂര്‍, കറന്റ് ബുക്സ്, കോട്ടയം, വില-150 രൂപ
Saturday, May 14, 2011
നമുക്കിടയില്‍ ചില ഗോപുരങ്ങള്‍

എഴുത്തുകാരന് എന്ന നിലയില്‍ സുപരിചിതനാണ് കല്‍പ്പറ്റ നാരായണന്. എന്നാല്‍ ഈ പരിചിതത്വത്തെ ഭേദിക്കുന്ന അസാധാരണമായ പല സവിശേഷതകളും കല്‍പ്പറ്റ നാരായണന്റെ `തത്സമയം' എന്ന പുസ്തകത്തിലുണ്ട്. സ്ഥാപനവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞ കാപട്യങ്ങളെ ഈ ലേഖനങ്ങള്‍ ചോദ്യംചെയ്യുന്നു. വിട്ടുവീഴ്ചയില്ലാത്ത കാഴ്ചപ്പാടുകളുടെ നിശിതത്വവും ശിക്ഷണ തീവ്രതയും ഈ ലേഖനങ്ങളിലുണ്ട്. ഓര്മ, വിവരണം, വ്യക്തിചിത്രങ്ങള്‍ എന്നിങ്ങനെ തന്നോടുതന്നെയും സമൂഹത്തോടും ഒരാള്‍ നടത്തുന്ന ആത്മസംവാദങ്ങളുടേയും നിരീക്ഷണങ്ങളുടേയും സമാഹാരമാണ് തത്സമയം.
ഭാഷയിലും ഭാവനയിലും കല്‍പ്പറ്റ നടത്തുന്ന ഇടപെടലുകളും പ്രതികരണങ്ങളും അവ പ്രകടിപ്പിക്കുന്ന മൗലികതയും എടുത്തുപറയേണ്ടതാണ്. മുപ്പതു ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്.എഴുത്തിനെ സംബന്ധിച്ച് തികഞ്ഞ രാഷ്ട്രീയ നിലപാട് ഈ പുസ്തകത്തിലെ രചനകളുടെ തെരഞ്ഞെടുപ്പിന് പിന്നിലുണ്ട്. വിമര്‍ശനം ജീവന്റെ കലയാണ്. അത് നിഴല്‍ച്ചിത്രമല്ല. മനസ്സ് മനസ്സിനോട് സംസാരിച്ചു കൊണ്ടിരിക്കണം. ആ ലക്ഷ്യം സാധൂകരിക്കുകയാണ് കല്‍പ്പറ്റ നാരായണന് `തത്സമയ'ത്തില്‍.
പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു:` നിങ്ങളുടെ യുക്തിയെയല്ല, ഭാവനയെയാണ് ഞാനാശ്രയിക്കുന്നത്. അതുകൊണ്ട് കവിതയുടെയോ കഥയുടെയോ ഉടലുകള്‍ ചിലപ്പോള്‍ ഈ രചനകളുടെ ഉടലുകളാവുന്നുണ്ട്.'മറ്റൊരിടത്ത് കല്‍പ്പറ്റ എഴുതി: `തത്സമയമേ' കേരളത്തിലിന്നുള്ളൂ. ഭൂത, വര്‍ത്തമാന, ഭാവി കാലങ്ങളൊക്കെ തത്സമയമായി ചുരുങ്ങി മലയാളിയുടെ കാലം ഒരല്‍ഷൈമേഴ്സ് രോഗിയുടെ കാലംപോലൊന്നായി മാറുകയാണോ?'പൂര്‍ണമായും കാഴ്ചപ്പുറങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഒരു നാഗരികതയെക്കുറിച്ചുള്ള വ്യസനങ്ങളാണ് കല്‍പ്പറ്റ നാരായണന്റെ ലേഖനങ്ങള്‍. കുറിക്കുകൊള്ളുന്ന നര്‍മ്മഭാഷയും നിശിത വിമര്‍ശനവും സൂക്ഷ്മ നിരീക്ഷണവും ഒത്തിണങ്ങിയ ലേഖനങ്ങളാണിവ.
`മുതിര്‍ന്നവരുടെ കലഹം മുഴുവനായി തീരലില്ല, ഏതോ ചിലത് ഉണര്‍ന്നത് വീണ്ടും ഉറങ്ങുന്നുണ്ട്. അടുത്ത സന്ദര്‍ഭത്തില്‍ കൂടുതല്‍ വീര്യത്തോടെ ഉണരാന്‍. മുതിര്‍ന്നവരുടെ കലഹം കലഹകാരണം ഇല്ലാതാകുന്നതോടെ ഇല്ലാതാകുന്നില്ല'-(കുട്ടികളെക്കണ്ട് പഠിക്കാം)`കവിതയുടെ ജലവിതാനം താഴുമ്പോള്‍' എന്ന ലേഖനത്തില്‍: `സംഭാഷണഭാഷ കേവലം അറിയിക്കലിന്റേതായി ചുരുങ്ങിക്കൊണ്ടിരിക്കുന്ന, ജലവിതാനം നന്നേ താണ ഭൂമിയിലെ കവിതകളാണ് ഇന്ന് ഏറെ എഴുതപ്പെടുന്നതും. കവിയെ കുറ്റപ്പെടുത്തി കൂടാ. ഭാഷ കവിതയില്‍പ്പോലും ഗദ്യമാവുന്നതില്‍ അവര്‍ മാത്രമല്ല കുറ്റക്കാര്‍. മലയാളഭാഷ മങ്ങുകയാണ്.'-എന്നിങ്ങനെ വിഷയത്തിലേക്ക് നേരിട്ട് ഇറങ്ങി നില്ക്കുന്ന എഴുത്തുശീലമാണ് കല്‍പ്പറ്റയുടേത്.
`എന്തിനാണ് എം.ടി. ഡൈ ചെയ്യുന്നത്'എന്ന ലേഖനം കടുത്ത വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ലേഖനം ഉന്നയിക്കുന്ന പ്രശ്നം വിവാദമല്ല. ഗ്രന്ഥകാരന് എഴുതി: `ഇതൊരു വ്യക്തിയുടെ സ്വകാര്യപ്രശ്നമല്ലേ എന്ന് നിങ്ങളുടെ പുരികം ഞാന്‍ കാണുന്നു. കേരളത്തില്‍ ഒരു പ്രത്യേക ചരിത്രഘട്ടത്തില്‍ അതിന്റെ ഏറ്റവും പ്രമുഖനായ എഴുത്തുകാരന്‍പോലും മുടി കറുപ്പിച്ചേ പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ എന്നത് ചെറിയൊരു സ്വകാര്യ പ്രശ്നമല്ല.'കവിതയിലും നോവലിലുമെന്നപോലെ മറ്റു മേഖലകളിലും കല്‍പ്പറ്റ നാരായണന്റെ സര്‍ഗ്ഗാത്മകവും ചിന്താപരവുമായ വ്യാപാരം ശക്തമായി മുദ്രണം ചെയ്ത `തത്സമയം' ആര്‍ജ്ജവമുള്ള ആഖ്യാനവും തെളിമയാര്‍ന്ന കാഴ്ചയുമാണ്. അതുതന്നെയാണ് ഈ പുസ്തകത്തെ മികച്ച വായനാനുഭവമാക്കി മാറ്റുന്നത്.
തത്സമയം, കല്‍പ്പറ്റ നാരായണന്, മാതൃഭൂമി ബുക്സ്, കോഴിക്കോട്, വില- 90 രൂപ
Tuesday, April 12, 2011
പടികടന്നെത്തുന്ന പദനിസ്വനം
`നാദവിശുദ്ധിനേര്‍ത്ത നൂലിഴപോലെനെഞ്ചില്‍ നെയ്തെടുക്കുന്നുഭാവതീവ്രം ലയഭാരം' (ഷഡ്ജം എന്ന കവിത)- എന്നിങ്ങനെ തടസ്സങ്ങളില്ലാതെ ഉറന്നൊഴുകുന്ന കവിതയെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി എഴുതി. കവിതയ്ക്കും ഗാനത്തിനും ഇടയിലെ വരമ്പ് നേര്‍ത്ത് നേര്‍ത്തില്ലാതാകുന്ന എഴുത്തിനെപ്പറ്റി ഗിരീഷിന് കരളുറപ്പുണ്ടായിരുന്നു. അറിവിന്റെ സമഗ്രത നിറഞ്ഞ മനസ്സില്‍ പൊന്‍വേണുവിന്റെ മൃദുമന്ത്രണം തുളുമ്പി നില്‍ക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഗിരീഷിന്റെ വിരല്പ്പാടുകളില് കാലവും ജീവിതവും ഭാവങ്ങളും തീവ്രതയോടെ നിറഞ്ഞത്.`പിന്നെയും പിന്നെയും ആരോ കിനാവിന്റെപടികടന്നെത്തുന്ന പദനിസ്വനം! -(കൃഷ്ണഗുഡിയിലെ പ്രണയകാലത്ത്).കിനാവിന്റെ പടികടന്ന്, ആസ്വാദകമനസ്സില്‍ പൂത്തുനില്ക്കുകയാണ് പുത്തഞ്ചേരിയുടെ ഗാനങ്ങള്‍. നിലാവില് കുളിച്ചുനില്ക്കുന്ന രാത്രിയില്‍ ആരോ പൊന്‍വേണു ഊതുന്ന കേള്‍വിയില്‍ ആസ്വാദകര്‍ ലയിക്കുന്നു. വര്‍ണ്ണനയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഗിരീഷ് കാണിച്ച ഔന്നത്യം വിസ്മയാവഹമാണ്. ശ്രീരാഗത്തെ മാത്രം പുല്കിയുണര്ത്താന് കൂരിരുള്‍ക്കാവിന്റെ മുറ്റത്ത് മുല്ലയെപ്പോലെ ഒറ്റയ്ക്ക് നില്ക്കുന്ന നായകന് ഈ എഴുത്തുകാരന് തന്നെയല്ലേ എന്നു നാം സംശയിച്ചുപോകും. ജീവിതപ്പാതയില്‍ ഇനി നമ്മള് കാണുമോ എന്ന് നിശ്ചയമില്ലാത്ത ഒരു മനസ്സിന്റെ തേങ്ങല്‍ ഗിരീഷിന്റെ ഗാനലോകത്ത് തങ്ങിനില്‍പ്പുണ്ട്.`ഉള്ളിന്നുള്ളിലെയക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു-കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെ വന്നുജീവിതപ്പാതകളില്‍ ഇനി തമ്മില്‍ കാണുമോ- (ബാലേട്ടന്)-എന്ന ആശങ്ക പേറിനടക്കുമ്പോഴും പെയ്തൊഴിഞ്ഞ വാനവും, അകമെരിഞ്ഞ ഭൂമിയും, മതിമറന്നു പാടുമെന്റെ ശ്രുതിയിടഞ്ഞ ഗാനമെന്ന് ഏറ്റുപറയാനും ഗിരീഷ് മറക്കുന്നില്ല.`ഞാനെന്റെ ശ്യാമജന്മം, ശുഭസാന്ദ്രമാക്കവേ...(അഗ്നിദേവന്)എന്നോര്‍ത്ത് ആശ്വസിക്കുകയും ചെയ്യുന്നു.പ്രണയത്തിന്റെ നാനാവര്‍ണ്ണങ്ങള്‍ മുത്തുകണങ്ങളായി, വെള്ളിവെളിച്ചമായി ഗിരീഷിന്റെ പാട്ടുകളില്‍ പടരുന്നു. അതിന്റെ പ്രഭാവലയത്തില്‍ എത്രയെത്ര ഗാനങ്ങളാണ് രൂപപ്പെട്ടത്. മധുരാഗ വരകീര്‍ത്തനം ഇങ്ങനെ എഴുതി നിറയുന്നു:`കൈക്കുടന്നനിറയെതിരുമധുരം തരുംകുരുന്നിളം തൂവല്‍ക്കിളിപ്പാട്ടുമായി'..മഞ്ഞും ഓര്‍മ്മകളെഴുതും തരളനിലാവും ഒരിടത്തും ഉപേക്ഷിക്കാന്‍ തയറാകാത്ത മനസ്സാണ് ഈ എഴുത്തുകാരന്റേത്. പക്ഷേ, മരവുരിയും വിണ്‍ഗംഗയും ആ മനസ്സിലേക്ക് യഥേഷ്ടം കയറിവരുന്നു. യമുനയുടെ രാപ്പാട്ട് കേള്‍ക്കുകയും നീലക്കൂവളമിഴിയില്‍ ജലബിന്ദുക്കള്‍ നിറയ്ക്കുകയും ചെയ്യുമ്പോള്‍ ജന്മാന്തരങ്ങളിലൂടെ ഇനിയും അലയാനുള്ള ദാഹം കവിയുടെ കൂടെ നടക്കുന്നു.`ഒരു കടലായ് ഞാന്‍ നിറയുന്നുവെറുതെ തിരനുരയായ് ചിതറുന്നുതീരാത്ത സങ്കടക്കാടിന്‍ കടല്‍കണ്ണില്‍ വാഴ്വിന്റെ കാവല്‍ക്കടല്‍...' (ഒരേകടല്‍).ലളിതമായ വരികളില്‍ ആശയപ്രപഞ്ചം സൃഷ്ടിക്കുന്ന ഗിരീഷിന്റെ രചനാ വൈദഗ്ധ്യത്തിന് മികച്ച ഉദാഹരണമാണ് `ദേവാസുര'ത്തിലെ ഗാനങ്ങള്‍.`സൂര്യകിരീടം വീണുടഞ്ഞുരാവിന്‍ തിരുവരങ്ങില്‍പടുതിരിയാളും പ്രാണനിലാരോനിഴലുകളാടുന്നു- നീറും...'സൂര്യകിരീടം വീണുടയുകയാണ്. പടുതിരിയാളുന്ന പ്രാണനില്‍ നീറുന്നനിഴലുകളാടുന്നു. കഥകളിയുടെ ഭാവതീവ്രതയും മനുഷ്യജന്മത്തിന്റെ കളിയരങ്ങും ഇഴചേര്‍ത്തെടുക്കയാണ് കവി. സമാഗമം പോലെ വിയോഗവും ഗിരീഷിന്റെ ഗാനലോകത്ത്ആവര്‍ത്തിച്ചു വരുന്നുണ്ട്.`ഇപഹപരശാപം തീരാനമ്മേഇനിയൊരു ജന്മം വീണ്ടും തരുമോ?-(ദേവാസുരം).ഇന്നലെയെന്റെ നെഞ്ചിലെ കുഞ്ഞുമണ്‍വിളക്കൂതിയില്ലേ, കാറ്റെന്‍മണ്‍വിളക്കൂതിയില്ലേകൂരിരുള്‍ക്കാവിന്റെ മുറ്റത്തെമുല്ലപോ-ലൊറ്റയ്ക്ക് നിന്നില്ലേ ഞാന്‍-നൊറ്റയ്ക്ക് നിന്നില്ലേ'-(ബാലേട്ടന്).ആരാണ് തന്റെ മണ്‍വിളക്ക് ഊതിക്കെടുത്തിയത്. അത് കാറ്റാണ്. എങ്കിലും കാറ്റിന് കൈകളില്‍ സ്നേഹദീപവും എഴുത്തുകാരന് കാണുന്നുണ്ട്.അറിവിന്റെ പ്രകാശം കെട്ടുപോകുകയും തന്റെ അനാഥത്വം തിരിച്ചറിയും ചെയ്യുന്നു.അനുരാഗത്തിന്റെ നിറപ്പകിട്ടുകള്‍ പുത്തഞ്ചേരിയുടെ കാവ്യലോകത്ത് ധാരാളിത്തത്തോടെ പതിഞ്ഞുനില്‍പ്പുണ്ട്.`ചന്ദനവളയിട്ട കൈകൊണ്ടു ഞാന്‍ മണി-ച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍പിറകിലൂടാരൊരാള്‍ മിണ്ടാതെ വന്നെത്തിമഷിയെഴുതാത്തൊരന്‍ മിഴികള്‍പൊത്തി-(ഉത്സവഗാനങ്ങള്‍)ഓര്‍മ്മകളെ താരാട്ടുപാടി താലോലിക്കുകയാണ് കവി.`എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നുഅത്രമേല്‍ ഇഷ്ടമായ് നിന്നെയെന്‍ പുണ്യമേദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികള്‍'-(സമ്മര്‍ ഇന്‍ ബത്ലേഹം)മറ്റൊരു സന്ദര്‍ഭത്തില്‍ എഴുതുന്നു: `പാതിരാപ്പുള്ളുണര്‍ന്നുപരല്‍മുല്ലക്കാവുണര്‍ന്നുപാഴ്മുളം കൂട്ടിലെ കാറ്റുണര്‍ന്നു'-(ഈ പുഴയും കടന്ന്)പ്രകൃതിയും സഹജീവികളും നിര്‍ലോഭമായി പുത്തഞ്ചേരിയുടെ പാട്ടുകളിലുണ്ട്. അവ ജീവിതത്തിന്റെ വേദനയും സന്തോഷവും പങ്കുപറ്റുന്നു.`തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ വരിനെല്ലിന് കതിരാല്‍ വിരുന്നൂട്ടാം നിന്നെ..'(ഒരു യാത്രാമൊഴി)`മുറ്റത്തെത്തും തെന്നലേമൊട്ടിട്ടെന്നോ ചെമ്പകംഅവളെന്‍ കളിത്തോഴീ..ഓ അഴകാം കളിത്തോഴീ...'-(ചന്ദ്രോത്സവം)-എന്നിങ്ങനെ കളിത്തോഴിയെ പല രൂപത്തിലും ഭാവത്തിലും കാമുകമനസ്സ് വരച്ചിടുന്നു. ഗാനമായും രാഗമായും പൂജാവിഗ്രഹമായും എതിരേല്‍ക്കുകയാണ് പാട്ടുകാരന്.`മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേമനസ്സിനുള്ളില്‍-മാരിക്കാവടി ചിന്തും ചിന്തുണ്ടേ.'.-(കന്മദം)`കളഭംതരാം ഭഗവാനെന്‍മനസ്സും തരാംമഴപ്പക്ഷി പാടും പാട്ടില്‍ മയില്‍പ്പീലി...'(വടക്കംനാഥന്‍).ക്ലാസിക്കല്‍ സംഗീതത്തിന് വഴങ്ങുംവിധം ഭാവനയും പദങ്ങളും ചിട്ടപ്പെടുത്താനും ഗിരീഷ് താല്പര്യം കാണിച്ചു. സംഗീതത്തിന്റെ ജലരാശിയില്‍ കുളിര്‍ത്തെന്നലായ് പ്രണയപൂരിതമാകുന്ന അന്തരംഗത്തോട് പുത്തഞ്ചേരിക്ക് പ്രിയമായിരുന്നു.`ഹരിമുരളീരവംഹരിതവൃന്ദാവനംപ്രണയസുധാമയ മോഹനഗാനം'-(ആറാംതമ്പുരാന്)കരിമിഴിക്കുരുവിയെ കണ്ടീലാ, നിന്‍ചിരിമണിച്ചിലമ്പൊലി കേട്ടീലാ നീ...-(മീശമാധവന്)പോരുനീ വാരിളം ചന്ദ്രലേഖേഷാജഹാന്‍ തീര്‍ത്തൊരീ രംഗഭൂവില്‍-(കാശ്മീരം)`ഗോപികേഹൃദയമൊരു വെണ്‍ശംഖുപോലെതീരാവ്യഥകളില്‍ വിങ്ങുന്നുവോ..'-(നന്ദനം)മഴയും മഴമേഘവും കാറ്റും കൂടുവെച്ചുപോകാത്ത പാട്ടുകള്‍ ഗിരീഷിന്റെ തട്ടകത്തില്‍ കുറയും. അത്രമാത്രം മഴയെ സ്നേഹിക്കുന്നു. പ്രണയത്തിന്റെ മധുവായ്, മധുരമായ് മഴയെ ഇളവേല്‍ക്കുകയാണ് ഈ പാട്ടുകാരന്. `ആറ്റിന്‍കരയോരത്തെ ചാറ്റല്‍മഴ ചോദിച്ചുകാറ്റേ കാറ്റേ വരുമോ..'(രസതന്ത്രം)`ആരോ വിരല്‍ നീട്ടി മനസ്സിന് മണിവീണയില്‍ഏതോ മിഴിനീരിന്..'.-(പ്രണയവര്‍ണ്ണങ്ങള്‍).ഗിരീഷ് പുത്തഞ്ചേരി എന്ന പ്രിയ പാട്ടെഴുത്തുകാരന് ഓര്‍മ്മയായെങ്കിലും നമ്മുടെ വിളിപ്പുറത്ത് പടികടന്നെത്തുന്ന പദനിസ്വനമാണ്. സ്വപ്നങ്ങളിലും ഓര്‍മ്മയിലും വന്നുനിറയുന്ന എഴുത്തുകാരന്.
Monday, March 07, 2011
പെണ് ജീവിതങ്ങള്‍

എല്ലാവിഭാഗങ്ങളിലുംപെട്ട സ്ത്രീകളുടെ താല്പര്യങ്ങളും പ്രശ്നങ്ങളും എങ്ങനെ ഏകോപിപ്പിക്കാം എന്ന ചിന്തായായിരുന്നു `മയൂരി'യിലെ ജീവിതപ്പാതയില്‍ എന്ന എല്‍സി ജോണിന്റെ പംക്തിയുടെ പ്രചോദനം. വിവിധ ജാതി -മത വിഭാഗങ്ങളില്‍പ്പെട്ടവരും ദേശപരമായും സാംസ്കാരികമായും വ്യത്യസ്ത ജീവിതം നയിക്കുന്നവരുമായ സ്ത്രീകളുടെ ജീവിതാനുഭവങ്ങളെ എങ്ങനെ ഒരു കുടക്കീഴില് കൊണ്ടുവരാം എന്ന ചോദ്യം `ജീവിതപ്പാതയില്‍' അടിസ്ഥാനധാരയായിരുന്നു.ജീവിതപ്പാതയില്‍ പതിമൂന്ന് സ്ത്രീകളെയാണ് എല്‍സി ജോണ്‍ പരിചയപ്പെടുത്തുന്നത്. അയ്യക്കുട്ടി, വിമല, കുറുമ്പ, മേരി, അമ്മിണിയേട്ടത്തി, ഷീജ,പാറുക്കുട്ടി, രാധിക മുതല്‍ അമ്മിണി വരെ. ഇവരില്‍ ഓരോരുത്തരുടെയും ജീവിതം അടുത്തറിയുമ്പോള്‍ നമ്മുടെ മനസ്സ് പൊള്ളും.
കണ്ണുകള്‍ കലങ്ങും. ജീവിതത്തിന്റെ അതിരുകളില്‍ ഉള്ള സാധാരണക്കാരായ സ്ത്രീകള്‍.അതികഠിനമായ യാതനകളോടും പ്രതികൂല സാഹചര്യങ്ങളോടും പോരാടി ജീവിതായോധനത്തില്‍ ഇവര്‍ പുറംതിരിഞ്ഞ് ഓടിയില്ല. മാരകമായ മുറിവുകളും ദുരിതങ്ങളും ഏറ്റുവാങ്ങി നിര്‍ഭയരായി മുന്നേറി. ഇങ്ങനെയുള്ള പെണ്‍കരുത്താണ് ജീവിതപ്പാതയില്‍ നിറഞ്ഞുനില്ക്കുന്നത്. അവതാരികയില്‍ എം.ടി.വാസുദേവന്‍ നായര്‍ എഴുതി:`അറിയപ്പെടാത്ത,പക്ഷേ നമ്മുടെ കാലവും സമൂഹവും അറിയേണ്ടതും ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടതുമായ ചില ജീവിതരേഖകള്‍'.ജീവിതത്തിന്റെ കത്തുന്ന ഏടുകള്‍ തന്നെയാണ് ഈ പുസ്തകം പകരുന്നത്.-മഹിള ചന്ദ്രിക
ജിവിതപ്പാതയില്‍ - എല്‍സി ജോണ്‍
കൈരളി ബുക്സ്, കണ്ണര് വില-85രൂപ



