Friday, April 11, 2014

വെയില്‍ പൂത്ത നാളില്‍ നന്മ വരും നേരം

വിഷുവിന് ആര്യ -ദ്രാവിഢ കാലഘട്ടത്തോളം പഴക്കമുണ്ട്. സംഘകാലത്തെ പതിറ്റുപത്തില്‍ വിഷു ആഘോഷം പരാമര്‍ശ വിഷയമാണ്. ഐതിഹ്യ പ്രകാരം നരകാസുരനെ ശ്രീകൃഷ്ണന്‍ വധിച്ച ദിനമാണ് വിഷു. നരകാസുരന്റെ ഭരണത്തില്‍ ജനത പൊറുതിമുട്ടിയപ്പോള്‍ അതില്‍ നിന്നുള്ള പ്രതീക്ഷയായിരുന്നു ശ്രീകൃഷ്ണന്‍ നല്‍കിയത.് 
ഉത്തര ദക്ഷിണായനങ്ങള്‍ക്കിടയില്‍ സൂര്യന്‍ ഒത്ത മധ്യത്തിലെത്തി നല്‍ക്കുന്ന ശുഭദിനത്തെ ഇന്ത്യയിലെമ്പാടുമുള്ള കര്‍ഷക സമൂഹം ഏതെങ്കിലും വിധത്തില്‍ വരവേല്‍ക്കുന്നുണ്ട്. കേരളത്തില്‍ അത് വിഷു ആഘോഷമായി കൊണ്ടാടുന്നു. കൊന്നപ്പൂക്കളുടെയും കണിക്കൊന്നയുടെയും പൊന്‍നിറ ശോഭയായി മാറുന്നു.
''പുത്തന്‍ വരിഷത്തിന്‍
പുലരിക്കളി കാണാന്‍
എത്തും കിളി പാടീ
'വിത്തും കൈക്കോട്ടും'
ഒത്തു നിരക്കട്ടെ
വിത്തും കൈക്കോട്ടും''- (വൈലോപ്പിള്ളി)

കൃഷി എന്ന വേലയേയും ഉത്സവമെന്ന വേലയേയും മേളിപ്പിച്ചു കൊണ്ടാണ് വേനലും വിഷുവും വരുന്നത്. മഴയും വിത്തും ഫലങ്ങളും കാണിയൊരുക്കുന്നത്.
ചിങ്ങത്തിലേയും മേടത്തിലേയും മാസപ്പിറവികള്‍ക്കു പ്രാധാന്യം ഏറും. വിഷുഫലം ഒരു വര്‍ഷത്തേക്കുള്ളതാണ്. കണികാണാനും കൈനീട്ടം നല്‍കാനും അലിഞ്ഞു പ്രാര്‍ത്ഥിക്കും. കണികാണല്‍ ചടങ്ങിനുമുണ്ട് സവിശേഷത. ശ്രീകൃഷ്ണവിഗ്രഹത്തിനു മുന്നില്‍ ശുദ്ധമാക്കിയ ദൈവത്തറയില്‍ പിച്ചളത്താലത്തില്‍ അരിയും തേങ്ങാപ്പൂളും വെള്ളരിയും വാല്‍ക്കണ്ണാടിയും കസവും രാശിയും നാരായവും പുസ്തകവും പറയും നിറയും ഗണപതിക്കുള്ള ഒരുക്കങ്ങളും നിറനാഴിയും കതിര്‍ക്കുലയും വെച്ചിരിക്കും. തലേന്ന് കുടുംബത്തിലെ സ്ത്രീകള്‍ അല്ലെങ്കില്‍ മുതിര്‍ന്നവര്‍ ഒരുക്കിവെച്ചിരിക്കുന്ന കണിയുടെ മുമ്പില്‍ തിരിതെളിഞ്ഞാല്‍, കുട്ടികളെ എഴുന്നേല്‍പ്പിച്ച് കണ്ണുംപൂട്ടി കണിയുടെ മുമ്പില്‍ കൊണ്ടുനിര്‍ത്തി കണികാണിക്കുകയാണ് പതിവ്. കണി തരുന്നത് ഒരു പണമായിരിക്കും. എല്ലാവരും കണികണ്ടാല്‍ പിന്നീട് കിഴക്കുവശത്ത് വെച്ച് പ്രകൃതിക്ക് കണികാണിക്കും.
അപകടകരമായ ആലസ്യത്തിന്റേയും അതിരുകടന്ന ആത്മവിശ്വാസത്തിന്റേയും നടുവിലാണ് ഇന്ന് മലയാളി. ഉദാരീകരണത്തിന്റേയും ആഗോളീകരണത്തിന്റേയും മധുരവാഗ്ദാനങ്ങള്‍ മലയാളിയെ ആവോളം ആവേശം കൊള്ളിക്കുന്നുണ്ട്. മതില്‍ക്കെട്ടിനുള്ളില്‍ ഗൃഹാന്തരീക്ഷത്തിന്റെ തടവറയില്‍ വിശാലമായ ലോകം രുചിച്ചറിയുന്ന നൂതന മധ്യവര്‍ഗത്തിന്റെ ജ്വരങ്ങള്‍ കേരളത്തില്‍പോലും സ്വീകരിക്കപ്പെട്ടിരിക്കുന്നു. കലുങ്കല്‍ഭിത്തിയില്‍ പെട്ടിക്കടകൡും ഇരുന്ന് ദക്ഷിണാഫ്രിക്കന്‍ മുന്നേറ്റവും ലാറ്റിനമേരിക്കന്‍ ചെറുത്തിനില്‍പ്പും ചര്‍ച്ച ചെയ്തിരുന്ന മലയാളി ഇപ്പോള്‍ സൈബര്‍യുഗത്തിന്റെ ലാഭോത്തേജിതമായ സ്വപ്നങ്ങളില്‍ അമര്‍ന്നിരിക്കുകയാണ്. ജീവിതം മത്സരങ്ങളാക്കി മാറ്റി ചരിത്രവും ഐതിഹ്യങ്ങളും സങ്കല്‍പങ്ങളും ആകാവുന്നത്ര ദൂരത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്ന മലയാളിയുടെ പ്രകൃതിയിലേക്ക് വീണ്ടും പ്രകൃതിയുടെ ഉത്സവമായി വിഷുപ്പുലരി വന്നുപെടുന്നു.
പണ്ട് മലയാളി കാത്തിരുന്ന നാളാണ് മേടപ്പുലരിയുടെ പൊന്‍കണി. മലയാളിയുടെ മനസ്സിലേക്ക് പുതുവര്‍ഷ നിനവുകളുടെ മഞ്ഞനാമ്പുകള്‍ ചൂടി കണിക്കൊന്ന നിറയുന്ന കാലം. കച്ചവടതന്ത്രങ്ങളുടെ വലയത്തിലും സ്‌നേഹവും അകവെളിച്ചവും കെട്ടുപോകുന്ന ദുരന്തത്തിലും ഇറങ്ങിനില്‍ക്കുന്ന മലയാളിക്ക് വസന്തത്തിന്റെ ശ്രുതികളുതിര്‍ത്ത് എങ്ങുനിന്നോ പറന്നെത്തുന്ന വിഷുപ്പക്ഷികളെ എതിരേല്‍ക്കാന്‍ സമയം അനുവദിക്കുമോ? ജീവിതത്തിന്റെ ബദല്‍ക്കാഴ്ച നഷ്ടപ്പെടുന്ന മലയാളിയുടെ ജഡാവസ്ഥയിലേക്കാണ് വിഷു-സംക്രമണോല്‍ത്സവം വന്നു നിറുന്നത്.
വേനലിന്റെ ദുരിതഭൂമിയില്‍ കനത്തുനില്‍ക്കുന്ന മീനത്തിന്റെ അറുതി. കിനാവിന്റെ നിറകുംഭവുമായി മേടത്തിന്റെ നാന്ദി.... അറിയപ്പെടാത്ത പാതാള തമസ്സില്‍ നിന്നും ആര്‍ദ്രമനസ്‌കയായി പെരുമാള്‍ തിരിച്ചെഴുന്നെള്ളുകയാണ് ഭൂമിയിലേക്ക്...മലയാളത്തിലേക്ക്...മേടവെയില്‍ പൊന്നുരുക്കുന്ന കുന്നിന്‍പുറങ്ങളും നാട്ടുവഴികളും കണിക്കൊന്ന പൂത്തുനില്‍ക്കുന്നതും പ്രകൃതിയുടെ ചന്തം വര്‍ദ്ധിപ്പിക്കുന്നു. കണിക്കൊന്ന ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളമാണ്. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധി തരുന്ന വൃക്ഷം എന്നാണ് പുരാണങ്ങളില്‍ കൊന്നക്ക് നല്‍കുന്ന വിശേഷണം.
മലയാളിക്ക് മറ്റ് വിശേഷങ്ങളോടൊപ്പം കാര്‍ഷികവൃത്തിയുടെ ഉത്സവം കൂടിയാണ് വിഷു. ഓണം വിളവെടുപ്പിന്റേയും വിഷു വിളയിറക്കലിന്റേയും കാലമാണ്. മീനച്ചൂടില്‍ വരണ്ടുണങ്ങി നില്‍ക്കുന്ന മണ്ണിലേക്ക് വേനല്‍മഴയെത്തുന്നതോടെ കുംഭത്തില്‍ കുഴികുത്തിയ ചേമ്പും ചേനയും നാമ്പെടുക്കുന്നു. വൃശ്ചികത്തില്‍ നട്ട വാഴത്തൈകള്‍ മഴയില്‍ കുതിര്‍ന്ന പുതുമണ്ണിന്റെ ഗന്ധത്തില്‍ തളിര്‍ക്കുന്നു. ചൈത്രത്തിന്റെ സൂര്യസംക്രമത്തില്‍ വിഷുവേലക്കും തുടക്കമാവും. വിഷുപ്പക്ഷിയുടെ സംഗീതം മുണ്ടകന്‍പാടങ്ങളില്‍ നിറയുന്നു. വിത്തും കൈക്കോട്ടും പാടി വിഷുഫലത്തിന്റെ കിനാവില്‍ കുളിരണിഞ്ഞ് ഞാറ്റുകണ്ടങ്ങളില്‍ പുള്ളുവവീണകള്‍ വാഴ്ത്താന്‍ തുടങ്ങുന്നു. നിറവാര്‍ന്ന് വാഴണമെന്ന കാലത്തിന്റെ പ്രാര്‍ത്ഥന. പക്ഷേ, കാക്കക്കാലിന്റെ തണലുപോലുമില്ലാത്ത ദുര്‍വിധിയിലേക്ക് പതിഞ്ഞുപോവുന്ന കര്‍ഷകനും കര്‍ഷകജീവിതത്തിനും ഇനിയുമെത്ര നാള്‍ പ്രതീക്ഷയില്‍ മനം കുളിര്‍പ്പിക്കാന്‍ കഴിയും?
വിഷു എന്ന വാക്കിന് തുല്യതയോടു കൂടിയത് എന്നാണര്‍ത്ഥം. ഗണിതശാസ്ത്രപരമായും ഇതിന് അടിസ്ഥാനം കിട്ടുന്നു. സൂര്യന്‍ ഭൂമധ്യരേഖക്ക് നേരെ വരുന്ന ദിനം കൂടിയണ് മേടം ഒന്ന്. കൊന്നപ്പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത് പൂക്കുമ്പോള്‍ പട്ടിണി എന്നൊരു ചൊല്ലുതന്നെയുണ്ട്. ഇത് കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടതാണ്. കൃഷി തുടങ്ങേണ്ട കാലത്താണ് കൊന്നപൂക്കുന്നത്. എന്നാല്‍ പ്രകൃതി താളംതെറ്റിക്കൊണ്ടിരിക്കുന്ന കാലത്തിലേക്കാണ് നാം ഞെട്ടിയുണരുന്നത്. അങ്ങനെ അമ്പരന്നു കൊണ്ടിരിക്കുന്ന നിമിഷത്തില്‍ ഓര്‍മകളും സങ്കല്‍പങ്ങളും കാലത്തിന് സൂക്ഷിക്കാന്‍ വേണ്ടി മാത്രമാവുന്ന ദുര്‍ദശ.
മീനരാവറുതി തപ്തനിശ്വാസത്തില്‍ പൊതിഞ്ഞുനില്‍ക്കുന്ന കുട്ടിയുടെ മനസ്സായി എം.ടി. പടക്കം എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. മറ്റു കുട്ടികള്‍ പടക്കം പൊട്ടിക്കുമ്പോള്‍ തനിക്കു മാത്രം പടക്കം വാങ്ങാന്‍ കാശില്ലാതെ അപമാനവും സങ്കടവും സഹിക്കാതെ മുറിയില്‍ ഒളിച്ചിരിക്കണ്ടേി വന്ന ഒരു കുട്ടിയുടെ നിസ്സഹായത. മലയാളി പരസ്പരം നഷ്ടപ്പെടുന്ന ലോകത്തില്‍ അവനവനിലേക്ക് തലതിരിച്ചുപിടിച്ചു കൊണ്ടിരിക്കുന്ന ദശാസന്ധിയിലാണിപ്പോള്‍. അതേ, ഓരോ ഉത്സവത്തിനു മുമ്പിലും ലോകത്തിന്റെ നെടുങ്കന്‍ പകര്‍പ്പെന്നപോലെ കേരളീയാന്തരീക്ഷവും പരുങ്ങി നില്‍ക്കുന്നു.
വിഷുവിന്റെ ഭാഗമായി കേരളത്തിന്റെ പലഭാഗത്തും വേലയും കൊണ്ടാടുന്നു. പാലക്കാടന്‍ ഗ്രാമങ്ങളില്‍ കണിയാര്‍ക്കളി, വേലന്‍കളി തുടങ്ങിയവ അരങ്ങേറ്റം കുറിക്കും. ഇങ്ങനെ കാര്‍ഷികവൃത്തിയുടെയും കളികളുടെയും മേളനമായിമാറുന്നു ഈ ഉത്സവം. വിഷുവിഭവങ്ങള്‍ക്കും പ്രത്യേകതയുണ്ട്. മിക്കവാറും ചക്കയായിരിക്കും മുഖ്യം. വള്ളുവനാടന്‍ ഭാഗങ്ങളില്‍ കഞ്ഞിയാണ്. വാഴപ്പോള വൃത്താകൃതിയില്‍ ചുരുട്ടി അതില്‍ വാഴയില വിരിക്കും. കഞ്ഞി ഒഴിച്ച്, പഴുത്ത പ്ലാവില കുത്തിയാണ് കുടി.
മേടപ്പുലരിയിലെ മംഗള മുഹൂര്‍ത്തത്തില്‍ ഓര്‍മകളുടെ കിളിവാതിലൂടെ പോയകാലം കാണാന്‍ കഴിയും. വിത്തുവിതക്കലിന്റേയും വിളവിറക്കലിന്റേയും ആഘോഷവും ഗൃഹാതുരതയുടെ വേനല്‍പ്പച്ചകളും അനുഭവിക്കാനുള്ള ത്വരയിലമരാന്‍ ഒരിക്കല്‍ കൂടി പ്രകൃതി വിളിക്കുന്നു. പി. കുഞ്ഞിരാമന്‍ നായര്‍ കുറിച്ചിട്ടപോലെ:
''ഉദയാചല പീഠത്തിന്‍
കോവില്‍നട തുറക്കയായ്
കാത്തുനില്‍ക്കുന്നിതാ നിന്നെ
നവജീവിത സംക്രമം...''(പൂമൊട്ടിന്റെ കണി)
അവിടെ നിറുയന്നതാകട്ടെ, ഗ്രാമത്തിന്റെ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും' (വൈലോപ്പിള്ളി).

ചന്ദ്രിക വാരാന്തപ്പതിപ്പ്- ഏപ്രില്‍ 13/2014
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

Monday, April 07, 2014

നമ്മുടെ ഇന്ത്യയല്ല മോഡിയുടെ ഇന്ത്യ (അഭിമുഖം) സക്കറിയ/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍


മതരാഷ്ട്രവാദം, മതഭീകരവാദം മുതലായവയെപ്പറ്റി മതേതര ജനാധിപത്യത്തിന്റെ താത്ത്വിക വീക്ഷണത്തിലും കേരളീയ സമൂഹത്തിന്റെ സവിശേഷ പരിസ്ഥിതിയിലും നിര്‍ത്തി വിശകലനം ചെയ്യുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന എഴുത്തുകാരനാണ് സക്കറിയ. ജനാധിപത്യവും മതേതരത്വവും മനുഷ്യാവകാശങ്ങളും ഇന്ത്യയില്‍ ഇനിയുള്ള കാലവും നിലനില്‍ക്കാന്‍വേണ്ടി ശക്തമായി പോരാടുന്ന പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ, നരേന്ദ്ര മോഡി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വിലയിരുത്തുന്നു.
? മോഡിയുടെ ഇന്ത്യ
നമ്മുടെ ഇന്ത്യ എന്നു പറയുന്നത് മതേതരത്വം, ജനാധിപത്യം, ദരിദ്രരോടും അധ:സ്ഥിതരോടുമുള്ള പ്രത്യേക ശ്രദ്ധ, മനുഷ്യസ്വാതന്ത്ര്യം അല്ലെങ്കില്‍ മനുഷ്യാവകാശങ്ങള്‍, ശാസ്ത്രബോധം അതായത് ഇന്ത്യന്‍ ഭരണഘടയില്‍ പറയുന്ന സയന്റിഫിക് ടെമ്പര്‍ എന്നിവയില്‍ അധിഷ്ഠിതമായിട്ടുള്ള ഒരു ഇന്ത്യയാണ്. അതിനോടൊപ്പം ചേര്‍ക്കാവുന്ന മറ്റൊന്ന് പരിസ്ഥിതിബോധമാണ്. 
മതഭീകരവാദ സംഘടനകളുടെ കൂട്ടായ്മയുടെ സന്തതിയാണ് മോഡി . അതില്‍ നിന്നുണ്ടായിവന്ന രാഷ്ട്രീയ പാര്‍ട്ടിയെയാണ് പ്രധാനമന്ത്രിപദം അനൗണ്‍സ് ചെയ്തുകൊണ്ട് അയാള്‍ നയിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം രക്തച്ചൊരില്‍ നടത്തിയിട്ടുള്ള, എന്നാല്‍ ആട്ടിന്‍തോല്‍ പുതച്ച ഈ ഹിംസ്ര ജീവി വരുന്നത്. ആ നിലയ്ക്ക് അയാളുടെ ഇന്ത്യയില്‍ ഒരു കാരണവശാലും ജനാധിപത്യം പുലരാന്‍ വഴിയില്ല. കാരണം ഹിന്ദുമതഭീകരവാദികള്‍ ജനാധിപത്യത്തിന് എതിരാണ്. മതേതരത്വം തീര്‍ച്ചയായും ഉണ്ടാവില്ല. അവരെ സംബന്ധിച്ചിടത്തോളം മതേതരത്വം ഒരു വിഷമാണ്. സംഘ്പരിവാര്‍ സാമ്രാജ്യത്തിന്റെ അടിസ്ഥാന ശൈലി ഫാഷിസമായതിനാല്‍ മനുഷ്യാവകാശങ്ങള്‍ തികച്ചും ഉണ്ടാവില്ല.
മോഡിയടെ പിറകില്‍ നില്‍ക്കുന്നവര്‍ ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും മതേതരത്വത്തിനും വില കല്‍പിക്കാത്ത ഇന്ത്യന്‍ മുതലാളിത്തമാണ്. ആ മുതലാളിത്തത്തിന്റെ ഭാഗമായിട്ട് കോര്‍പറേറ്റ് മാധ്യമങ്ങളും പ്രവര്‍ത്തിക്കുന്നു. ഇവരെല്ലാവരും ചേര്‍ന്ന് ഇന്ത്യയെ പിടിച്ചടക്കാനുള്ള ഒരു അവസാന യുദ്ധമാണ് മോഡിയെ മുന്‍നിര്‍ത്തി ചെയ്യുന്നത്. മുതലാളിത്തവും കോര്‍പറേറ്റ് മാധ്യമങ്ങളും വര്‍ഗീയശക്തികളും ചേര്‍ന്ന് ഇന്ത്യ പിടിച്ചടക്കാനുള്ള യുദ്ധം. ആ യുദ്ധത്തില്‍ മോഡി വിജയിച്ചാല്‍ നമ്മള്‍ സ്വപ്നം കാണുന്ന ഒരു കാര്യവും അവിടെ ഉണ്ടാവില്ല.
അംബാനി, ടാറ്റ തുടങ്ങിയവരുടെ ഏറ്റവും വലിയ പ്രശ്‌നം അവരുടെ ഇഷ്ടം പോലെ പരിസ്ഥിതിയെ കൈയ്യടക്കാന്‍ സാധിക്കുന്നില്ല എന്നതാണ്. അതിനൊരു ഉദാഹരണമാണ് അവരുടെ വ്യവസായ താല്‍പര്യത്തിനുവേണ്ടി ട്രൈബല്‍ ഏരിയകളിലെ ഭൂമി കയ്യടക്കാനുള്ള ശ്രമം. മോഡിയുടെ നേതൃത്വം ഈ ശക്തികളെയെല്ലാം കെട്ടഴിച്ചുവിടും. അതോടെ പരിസ്ഥിതിയുടെ സമൂല നാശം ഉറപ്പാണ്.
യഥാര്‍ത്ഥ ഹിന്ദുമതത്തിന് സംഘ്പരിവാറുമായി ബന്ധമൊന്നുമില്ല. ഹിന്ദുമതത്തിന്റെ പ്രമാണങ്ങള്‍ എവിടെ കിടക്കുന്നു. ഹിന്ദുമതത്തിന്റെ നാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷുദ്രജീവികളുടെ അജണ്ഡ എവിടെ കിടക്കുന്നു. താലിബന്‍ ഇസ്‌ലാമിന്റെ പേരില്‍ ലോകമെമ്പാടും വിഷം കലര്‍ത്തുന്നതുപോലെയാണത്.

? സോഷ്യല്‍ മീഡിയകളുടെ പങ്ക്
ഇന്നത്തെ മുഖ്യധാരാ മീഡിയകളില്‍ സ്ഥാനം ലഭിക്കാത്തതും നല്‍കപ്പെടാത്തതുമായ വാര്‍ത്തകള്‍ക്കും ആശയങ്ങള്‍ക്കും ഇടം കൊടുക്കുന്ന മീഡിയയാണത്. ആ സ്വാതന്ത്ര്യമാണ് സോഷ്യല്‍ മീഡിയയുടെ ഏറ്റവും വലിയ മൂല്യം. മുഖ്യധാര മീഡിയയില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് നേരിട്ട് ആളുകളിലെത്താനുള്ള വഴിയാണ് സോഷ്യല്‍ മീഡിയ. ലോകമൊട്ടാകെ ഇതിന് വലിയ സ്വാധീനം കിട്ടിയിട്ടുണ്ട്. മുഖ്യധാരയുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചിട്ടുള്ളതും അവരുടെ അനുമതിയുള്ള വാര്‍ത്തകളും ആശയങ്ങളും മാത്രമേ സമൂഹമധ്യത്തില്‍ വരൂ എന്നുള്ള അവസ്ഥക്ക് മാറ്റം വരുത്തുകയാണ് സോഷ്യല്‍ മീഡിയ. വളരെ ഉദ്ദേശ്യശുദ്ധിയോടുകൂടി, ആദര്‍ശശുദ്ധിയോടുകൂടി സോഷ്യല്‍ മീഡിയ നടത്തുന്ന ഇടപെടലുകള്‍ ധാരാളമുണ്ട്. പ്രത്യേകിച്ചും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി. അത്രത്തോളം തന്നെ വഷളും മലിനവുമായ ഇടപെടലുകളും നടക്കുന്നുണ്ട്. ഉദാഹരണത്തിന് മോഡിക്കു വേണ്ടി വര്‍ഗീയത ഏറ്റവും കൂടുതല്‍ പരത്തുന്നത് സോഷ്യല്‍ മീഡിയയാണ്. 
? പ്രെയ്‌സ് ദ ലോര്‍ഡ് കണ്ടപ്പോള്‍
എന്റെ സുഹൃത്തായ ഷിബു ഗംഗാധരന് 'പ്രെയ്‌സ് ദ ലോര്‍ഡ്' സിനിമയാക്കുമ്പോള്‍ അവരുടെ ഇഷ്ടം പോലെ മാറ്റങ്ങള്‍ വരുത്താനുള്ള അനുമതി നല്‍കിയിരുന്നു. അവര്‍ ബുദ്ധിമുട്ടി ഒരു കമേഴ്‌സ്യല്‍ ചിത്രമാണ് െചയ്തത്. അതിന്റെ ജനപ്രിയതക്ക് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തേണ്ടി വരും എന്നത് വ്യക്തമാണ്. ആ നിലയില്‍ എന്റെ കൃതിയുമായി അതിനെ താരതമ്യം ചെയ്യരുത്. സാഹിത്യകൃതി അതിന്റെ സംവേദനതലമായ അക്ഷരങ്ങളുമായി ആസ്വാദന ലോകത്ത് വ്യാപരിക്കുന്നു. സിനിമയുടെ ലോകവും സംവേദനതലവും മറ്റൊന്നാണ്. മാത്രമല്ല, ഈ സിനിമ 50000 പേര്‍ കണ്ടിട്ടുണ്ടെങ്കില്‍ അതില്‍ 500 പേര്‍ പോലും ഒരുപക്ഷേ എന്റെ കൃതി വായിച്ചിട്ടുണ്ടാവില്ല. മറിച്ച് സിനിമ കണ്ടതിന് ശേഷം കുറേ പേരെങ്കിലും എന്റെ നോവല്‍ വായിച്ചു നോക്കാന്‍ ആഗ്രഹിക്കാനിടയുണ്ട്. സിനിമ വിജയിച്ചോ എന്നുള്ളത് സംവിധായകന്റെ സുഹൃത്ത് എന്ന നിലയില്‍ എന്റെ പ്രധാന പരിചിന്തനം. ഭാഗ്യവശാല്‍ സിനിമ വിജയിച്ചു.
ചന്ദ്രികവാരാന്തപ്പതിപ്പ് ഏപ്രില്‍ 6

Saturday, April 05, 2014

ഒറ്റയാന്റെ വഴിയിടങ്ങള്‍


''മരണത്തെ 
കണ്ടില്ലെന്നു നടിച്ച്
കുന്നുകയറേണ്ടതുണ്ട്...''
മരണം എഴുതി മടുക്കാത്ത മനസ്സ്. അതുകൊണ്ടാകാം പ്രകൃതിയെ എപ്പോഴും കൂടെ നടത്തിക്കുന്നതില്‍ ഡി. വിനയചന്ദ്രന്‍ ജാഗ്രത പുലര്‍ത്തിയത്. മലയാളകവിതയില്‍ ചൂണ്ടുവഴിമാത്രമല്ല, ചൊല്ലുവഴിയും തിരുത്താന്‍ കഴിയുമെന്ന് അടയാളപ്പെടുത്തിയ ഈ കവി യാത്രയിലും പ്രണയത്തിലും ജീവിതത്തിന്റെ അര്‍ത്ഥം തിരയുകയായിരുന്നു. ഒരു വ്രണിത തീര്‍ത്ഥാടകന്റെ വിലാപങ്ങള്‍ വിനയചന്ദ്രന്റെ കവിതകളില്‍ പതിഞ്ഞുനില്‍പ്പുണ്ട്. 
'ഈ രാത്രിപഥികന്റെ വീണയാകുന്നു
ഈ സുഗന്ധികള്‍ അവന്റെ മുറിവുകളാകുന്നു
കുന്നിലേക്കുള്ള യാത്ര അവന്റെ സന്ദേശമാകുന്നു
കുന്നിറങ്ങുന്ന മഴ അവന്റെ കുടുംബസ്വത്താകുന്നു
ഈ പ്രണയിയും ഒറ്റയ്ക്കു നടന്നുപോകുന്നു...'
(പ്രണയകവിത)
പ്രണയത്തിലും യാത്രയിലും കുതിര്‍ന്ന് വിനയപര്‍വ്വം മലയാളകവിത മുറിച്ചുകടക്കുമ്പോള്‍ തിരിച്ചുവിളിക്കാന്‍ നമുക്കൊരു ചൊല്ലുവഴിവാതില്‍ തുറന്നിടാന്‍ വിനയചന്ദ്രന്‍ മാഷ് മറന്നില്ല. കവിത സാമൂഹികജീവിതത്തിന്റെ മറപറ്റി വീണ്ടും തിടംവയ്ക്കുന്ന കാലത്താണ് ഡി.വിനയചന്ദ്രന്‍ എഴുത്തിലേക്ക് സജീവമായത്. കവിതയും കഥയും നോവലും കൊണ്ട് നവഭാവുകത്വത്തെ രാകിമിനുക്കി. കാവ്യവിവാദവ്യവസായത്തോട് ഒട്ടിനിന്നില്ല. ജനാധിപത്യപരമായ ഉല്‍ക്കണ്ഠകളേ വിനയചന്ദ്രന്റെ കവിതകള്‍ ഏറ്റുപാടിയുള്ളൂ. എങ്കിലും അവ ആത്മാര്‍ത്ഥയുടെ ആഴവും പരപ്പുമായി ഒഴുകിക്കൊണ്ടിരുന്നു. നട്ടുവഴികളും പാടവരമ്പുകളും സമുദ്രനീലിമയും തൊട്ടുണര്‍ത്താന്‍ വിനയചന്ദ്രന് എളുപ്പം കഴിഞ്ഞു.
വീട്ടിലേക്കുള്ളവഴി പുറപ്പാടുകാരന്റെ ആശങ്കകള്‍ നിറഞ്ഞതാണെങ്കിലും അവയൊന്നും കവിയുടെ യാത്രയല്‍ തടസ്സമായില്ല.
'ഇമവെട്ടുന്നതിനിടയിലെ ഇരുട്ടും
ഇരുട്ടിനപ്പുറമുള്ള ഇടനാഴികളും 
എന്താണെന്നറിയാം...'
(വീട്ടിലേക്കുള്ള വഴി) 
വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക് പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ കവിതകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തിന്റെ കനല്‍പ്പാടും കവി കാത്തു സൂക്ഷിച്ചിട്ടുണ്ട്. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്ന രചനാതന്ത്രവും വിനയചന്ദ്രന്‍ മാഷുടെു ആഖ്യാനധാരയില്‍ ഋതുഭേദത്തിന് പ്രതലമൊരുക്കി. അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കവിതയുടെ ജൈവസ്വ‘ഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ ആധുനിക കവിതയില്‍ പുതുകാലത്തിന്റെ ഉപ,സംസ്‌ക്കാരമെന്ന നിലയില്‍ വരുന്നുണ്ട്. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കാവ്യസങ്കല്‍പ്പങ്ങളും കവിതകളില്‍ പരുക്കനും ഒപ്പം സൂക്ഷ്മവുമായ സ്വരവിന്യാസത്തിന് വഴങ്ങുന്നുണ്ട്. ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ് വിനയചന്ദ്രന്റൈ കവിത പിറക്കുന്നത്.പക്ഷേ, ശീലുകള്‍ താളക്രമത്തിന്റെ ചാലുകളില്‍ വന്നു വീഴുന്നു. അതില്‍ നാട്ടിന്‍പുറത്തുകാരന്റെ ഗ്രാമ്യതയുണ്ട്.
കവിത സംസ്‌ക്കാരത്തിന്റെ തനതായ ഉറവകളിലേക്ക് പോവുകയാണെന്ന ആശയം ഈ കാവ്യപഥികന്റെ് കവിതകളുടെ അന്തരീക്ഷത്തിലുണ്ട്. ഉള്ളിലെ ‘ഭാവങ്ങളെ ബാഹ്യവല്‍ക്കരിക്കുന്ന ഒരു രസബോധം സാമൂഹ്യ ശുദ്ധീകരണക്രിയയായാണ് ഈ കവി കണ്ടെടുക്കുന്നത്. അതുകൊണ്ടുതന്നെ ഗദ്യത്തിന്റെ കാവ്യപരമായ വിനിയോഗം സൂക്ഷ്മതയോടെ ഉദാസീനതയെ ധിക്കരിക്കുന്ന കവിയുടെ മാനുഷികത ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിമിഷങ്ങളും ഡി.വിനയചന്ദ്രന്റെ ‘കവിതകളില്‍ വായിക്കാം, സ്വന്തം കാഴ്ചയുടെ നിഴലായിത്തീരാന്‍ നടത്തുന്നഎഴുത്തുകാരന്റെ സാന്നിധ്യവും. ഇങ്ങനെ എരിയുന്ന മനസ്സില്‍ ഫണം വിടര്‍ത്തിയാടുന്ന ആത്മരോഷങ്ങളെ, പൊള്ളുന്ന വാക്കുകളാക്കി താന്‍ ജീവിക്കുന്ന കാലത്തില്‍, എല്ലാം ഒരു പൊട്ടിത്തെറി കാത്തുനില്‍ക്കുന്നു എന്ന തിരിച്ചറിവുണ്ട്.
‘മധുരത്തിന്റെ ചെടിപ്പുകളും അദൃശ്യമായ മരണത്തിന്റെ വേട്ടയാടലും എഴുത്തില്‍ തെളിഞ്ഞോ, മെലിഞ്ഞോ ഒഴുകുന്നു.‘വേരിലേക്കും ഊരിലേക്കും തിരിച്ചുവരാനുള്ള യാത്രക്കാരന്റെ വെമ്പലാണത്. ഇത്തരം തിരിച്ചുവരവുകളുടെ പ്രമേയം വിനയചന്ദ്രന്റെ കവിതകളില്‍ കടന്നുവരുന്നുണ്ട്. അനുഭവത്തിന്റെ നേര്‍സ്പര്‍ശവും ദേശത്തനിമയുടെ മുദ്രകളും ഉള്ളതാണ് മാഷുടെ കവിതകള്‍.
മഴനനഞ്ഞ് ഓടവെള്ളത്തിലൂടെ
കവിതയും യാത്രയും പോലെ വിനയചന്ദ്രന്‍ മാഷ് കാഴ്ചക്കാലത്തിന്റേയും ചങ്ങാതിയായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ സജീവ സാന്നിധ്യമാകുന്ന അപൂര്‍വ്വം മലയാള എഴുത്തുകാരില്‍ മുന്‍നിരയില്‍ വിനയചന്ദ്രന്‍ മാഷുണ്ടാകും. തിയേറ്ററുകളില്‍ നിന്ന് തിയേറ്ററുകളിലേക്ക് ഓടിച്ചാടി സിനിമ കാണുന്നതില്‍ മാഷ്‌ക്ക് ഹരമായിരുന്നു. ലോകസിനിമ വായിച്ചറിയുകയായിരുന്നില്ല; അവ കണ്ടറിയുന്നതിലാണ് വിനയചന്ദ്രന്റെ മാഷുടെ വേറിട്ടു നടപ്പ്. താന്‍ കണ്ട ചിത്രങ്ങളെ ആഴത്തില്‍ വിലയിരുത്തി സംസാരിക്കാനും കാണാനിരിക്കുന്ന സിനിമയുടെ സവിശേഷത ചോദിച്ചറിയാനും അദ്ദേഹത്തിന് താല്‍പര്യമായിരുന്നു.
പതിനഞ്ചാമത് കേരളത്തിന്റെ രാജ്യാന്ത ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കുന്നു. പലപ്പോഴും കാണുമ്പോള്‍ കുശലം ചോദിച്ച് പിരിയല്‍ മാത്രമായിരുന്നു ഞാന്‍. എന്നാല്‍ ഒരു ദിവസം വിനയചന്ദ്രന്‍ മാഷും കഥാകൃത്ത് എം.ചന്ദ്രപ്രകാശും പി.ആര്‍.ഡി യില്‍ ജോലി ചെയ്യുന്ന സ്‌നേഹിതനും കൂടി ന്യൂ തിയേറ്ററില്‍. കണ്ടപ്പോള്‍ ആ സിനിമ അവരുടെയിരുന്നു കാണാന്‍ മാഷ്‌ക്ക താല്‍പര്യം. സിനിമ കഴിഞ്ഞപ്പോള്‍ പെരുമഴ. ന്യൂതിറ്റേറര്‍ പരിസരം മാത്രമല്ല; തിരുവനന്തപുരം തന്നെ മുങ്ങിപ്പോകും വിധത്തില്‍ മഴതിമിര്‍ത്തു പെയ്യുന്നു. നഗരത്തിലെ മാലിന്യം കുത്തിയൊലിച്ച് ഓവര്‍ബ്രിഡ്ജിനടിയിലൂടെ ഒഴുകുന്നു. മാഷക്ക് ബ്രാന്‍ഡ് തൊപ്പി തലയിലുണ്ട്. മറുത്തൊന്നും പറയാന്‍ അവസരം തരാതെ മാഷ് എന്റെ കൈയും പിടിച്ച് മഴയിലേക്കിറങ്ങി. കൂടെ നനയാതെ നിവൃത്തിയില്ല. മഴ നനയുന്നതിലല്ല പ്രശ്‌നം മാലിന്യം നിറഞ്ഞുകവിയുന്ന വെള്ളത്തിലൂടെ ഇരുട്ടില്‍ നടത്തം. മുട്ടിന് മീതെ മഴവെള്ളത്തിന്റെ കൂത്ത്. ഞങ്ങളോടൊപ്പം ചന്ദ്രപ്രകാശും കൂട്ടുകാരനും ഇറങ്ങി. ചന്ദ്രപ്രകാശിന്റെ കാറിലേക്കായിരുന്നു മാഷ് എന്നെയും കൂട്ടി ഓടിയത്. ചന്ദ്രപ്രകാശിനോട് കാര്‍ തമ്പാനൂരിലെ ഒരു ബാറിലേക്ക് വിടാന്‍ പറഞ്ഞു. പക്ഷേ, ബാര്‍ അടച്ചുകഴിഞ്ഞിരുന്നു. അന്ന് മാഷക്ക് മദ്യം കിട്ടിയോ എന്ന് പിറ്റേന്ന് കണ്ടപ്പോള്‍ മന:പൂര്‍വ്വം ചോദിച്ചില്ല. അക്കാര്യം ഓര്‍മ്മപ്പെടുത്തി രസിക്കാനും ആഗ്രഹിച്ചില്ല. കവിതയും യാത്രയും കാഴ്ചയും ലഹരിയും വിസ്മയം കൊള്ളിച്ച ജീവിതം. അദ്ദേഹത്തിന്റെ കവിതപോലെ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന ജീവിതം.
വര്‍ത്തമാനം ആഴ്ചപ്പതിപ്പ്-2013 ഫെബ്രുവരി ( സ്മരണ)
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

Friday, April 04, 2014

എന്നെ സ്വാധീനിച്ച പുസ്തകം ചരിത്രത്തിന്റെ മഹാഭാഷണം



Book Title:
Stalin’s nemesis: exile and murder of leon trotsky
-Bertrand M Patenaude

ജീവിതം മാറ്റിമറിച്ച പുസ്തകം ഏതെന്ന ചോദ്യത്തിന് ഏപ്പോഴും ഞാന്‍ ബേജാറാവാറുണ്ട്. ഏറ്റവും സ്വാധീനിച്ചത് എന്നത് പോലും ഒരു മിഥ്യയാണ്. ഉത്കണ്ഠകള്‍ ഉണ്ടാക്കുന്ന മിഥ്യ. മനുഷ്യന്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാല്‍ എല്ലാ സ്വാധീനവും അയഥാര്‍ത്ഥ്യമാണ്. പല പുസ്തകങ്ങളും കാഴ്ചകളും എന്റെ ചിന്തയിലൂടെ പലവട്ടം കടന്നുപോയിട്ടുണ്ട്. ബൗദ്ധിക ഉയരങ്ങള്‍ കാണിച്ചുതന്ന കൃതികള്‍ ചിന്തയെ സ്വാധീനിക്കാറുണ്ട്. ഇടയ്ക്ക് ഒരു മിന്നലാട്ടം പോലെ ചിന്തയെ ഒന്നടങ്കം കീഴ്‌മേല്‍ മറിക്കുന്ന പുസ്തകങ്ങള്‍ ഉണ്ടാകും. അതിലൊന്നാണ് സ്റ്റാലിന്‍സ് നെമസിസ് ദ എക്‌സൈല്‍ ആന്റ് മര്‍ഡര്‍ ഓഫ് ലിയോണ്‍ ട്രോട്‌സ്‌കി. 

വായന കണിശമായി കൊണ്ടുപോകാന്‍ ആഗ്രഹിച്ച നാളുകളില്‍ തന്നെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന ക്രൂരതകള്‍ മനസ്സ് കീഴടക്കിയിട്ടുണ്ട.് പക്ഷേ, ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും കുപ്രസിദ്ധി നേടിയ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ഒക്‌ടോബര്‍ വിപ്ലവത്തിന്റെ ആസൂത്രകരില്‍ പ്രധാനിയായ ലിയോണ്‍ ട്രോട്‌സ്‌കിയുടേത്. സ്റ്റാഫോര്‍ഡ് സര്‍വ്വകലാശാലയിലെ അധ്യാപകനും ചരിത്രകാരനുമായ ബെര്‍ട്രാന്‍ഡ് എം. പാറ്റനൗദ് എഴുതിയ ഈ പുസ്തകം റഷ്യന്‍ ചരിത്രത്തിന്റെ നിഗൂഢതകളിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചതിന്റെ അടയാളമാണ്. സ്റ്റാലിന്റെ പ്രതികാരദേവത, ലിയോണ്‍ ട്രോട്‌സ്‌കിയുടെ നാടുകടത്തലും എന്ന പുസ്തകം 2009-ലാണ് ഫേബര്‍ ആന്റ് ഫേബര്‍ പ്രസിദ്ധീകരിച്ചത്. 

സ്റ്റാലിന്‍ അധികാരത്തിന്റെ പടവുകള്‍ കയറിപ്പോയതിന്റെ ക്രൂരമായ രേഖാചിത്രങ്ങളില്‍ ഒന്നുമാത്രമാണ് ഈ കൃതി. റഷ്യയില്‍ നിന്ന് നിഷ്‌കാസിതനായ ട്രോട്‌സ്‌കി വിവിധ രാജ്യങ്ങളില്‍ അലഞ്ഞുതിരിഞ്ഞ് ഒടുവിലില്‍ മെക്‌സിക്കോയില്‍ അഭയം കണ്ടെത്തി. ട്രോട്‌സ്‌കിയിസ്റ്റുകളുടെ പിന്തുണയോടെ ജീവിക്കുന്ന ട്രോട്‌സ്‌കിക്കു നേരെ നടന്ന പരാജയപ്പെട്ട വധശ്രമത്തെ സ്പര്‍ശിച്ചാണ് പുസ്തകത്തിന്റെ തുടക്കം. ഭാര്യ നടാലിയ, പൗത്രന്‍ സേവ എന്നിവരോടൊത്തായിരുന്നു ട്രോട്‌സ്‌കി താമസിച്ചിരുന്നത്. അതിനിടയില്‍ ട്രോട്‌സ്‌കിയുടെ രണ്ട് പുത്രന്മാരെ റഷ്യയില്‍ സ്റ്റാലിന്‍ കൊലപ്പെടുത്തിയിരുന്നു. രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും ഭ്രഷ്ടനായ ട്രോട്‌സ്‌കി ഒരു ദുരന്തകഥാപാത്രത്തെ പോലെയായിരുന്നു ജീവിച്ചത്. ലേഖനങ്ങളെഴുതി ജീവിതം നയിച്ച ട്രോട്‌സ്‌കി സ്റ്റാലിന്റെ ചാരപ്പടയുടെ നിരീക്ഷണത്തിലായിരുന്നു. ഒടുവില്‍ ട്രോട്‌സ്‌കിസ്റ്റായ ജാക്‌സണെ തന്നെ ഉപയോഗിച്ച്് ട്രോട്‌സ്‌കിയെ വധിച്ചു. അനുയായിയായ ജാക്‌സണ്‍ ട്രോട്‌സ്‌കിക്കു നേരെ നിറയൊഴിക്കുമ്പോള്‍ നടാലിയ മുറിക്കു പുറത്തുണ്ടായിരുന്നു. ട്രോട്‌സ്‌കിയുടെ മരണത്തെപ്പറ്റി ഒരു കപ്പല്‍ച്ഛേദമെന്നാണ് ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നത്. വിപ്ലവത്തിന്റെ മാറില്‍ തുളച്ചുകയറിയ ആ വെടിയുണ്ടകള്‍... ഇപ്പോഴും എന്റെ ഉറക്കം കെടുത്താറുണ്ട്. ഹിറ്റ്‌ലറും മുസ്സോളിനിയും മാത്രമല്ല; രാഷ്ട്രീയപ്രവര്‍ത്തകരും ദാഹഗ്രസ്തരായ ഗറില്ലകളെപ്പോലെ പെരുമാറുന്നു. ഒരു ബദല്‍ സമൂഹം ചരിത്രത്തിനുള്ളിലെ ചുംബനമായി എത്രകാലം മറച്ചുവെക്കാന്‍ കഴിയും?

ഹെര്‍ബര്‍ട്ട് മാര്‍ക്യൂസിന്റെയും നെവിന്‍ ഷൂട്ടിന്റെയും എഴുത്തുപോലെ അസുഖകരവും സ്‌തോഭനജനകവുമായ വായനാനുഭവമാണ് സ്റ്റാലിന്‍സ് നെമസിസ്. കാലവും ചരിത്രവും ആര്‍ക്കാണ് മാപ്പു കൊടുക്കുക എന്ന ചോദ്യം ഒരു മുഴക്കമായി മനസ്സിലുണ്ട്. ലോകത്തിന്റെ ഏതു കോണിലും ക്രൂരതകളും പലായനങ്ങളും അരങ്ങേറുമ്പോള്‍ ഓര്‍മ്മയില്‍ സ്റ്റാലിന്‍സ് നെമസിസ് തെളിയുന്നു. 
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
(ശാന്തം മാസിക-എഡിറ്റര്‍ : കെ.പി.രമേഷ്, പാലക്കാട്)

Thursday, March 27, 2014

പി. ശങ്കരന്‍ /കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ സ്ഥാനാര്‍ത്ഥിയുടെ പങ്കപ്പാടുകള്‍





നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതോടെ സ്ഥാനാര്‍ത്ഥികള്‍ അനുഭവിക്കുന്ന പങ്കപ്പാടുകളെപ്പറ്റി മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുഭവം പങ്കുവെക്കുന്നു



ലോകസഭാ തെരഞ്ഞടുപ്പിന് ചൂട് പടരുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മനസ്സ് ചുട്ടുപൊള്ളുന്നു. ഓരോ സ്ഥാനാര്‍ത്ഥിയുടെയും ഹൃദയമിടിപ്പ് കൂടിവരുന്ന ദിവസങ്ങള്‍. ഏതാണ് തമാശ... ഏതാണ് കാര്യം എന്നൊന്നും വേണ്ടവിധത്തില്‍ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ...എല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന ദിനങ്ങളാണ് സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പുകാലം... വോട്ടിംഗ് തിയതി അടുക്കുന്തോറും അറിയാതെ, അറിയാതെ യാന്ത്രികത്വം നിറയുന്ന ജീവിതം...
രാഷ്ട്രീയരംഗത്ത് വ്യത്യസ്തമായ ഒരു വഴിയിലൂടെ നടക്കാനിഷ്ടപ്പെടുന്ന പ്രവര്‍ത്തകനാണ് അഡ്വ. പി. ശങ്കരന്‍. ചരിത്രബോധവും രാഷ്ട്രീയാര്‍പ്പണ മനസ്സും അതിനോടുള്ള പ്രതിപത്തിയുമാണ് അദ്ദേഹത്തെ ശ്രദ്ധാര്‍ഹനാക്കുന്നത്...യു ഡി എഫിന്റെ കോഴിക്കോട് പാര്‍ലമെന്ററി മണ്ഡലം കണ്‍വീനറും മുന്‍ മന്ത്രിയുമായ പി. ശങ്കരന് പറയാനുള്ളത്:
നെഞ്ച് തുറന്ന് മിടിക്കുന്ന ഹൃദയം കാണിച്ചാലും ചിലപ്പോള്‍ ആളുകള്‍ വിശ്വസിക്കണമെന്നില്ല. നമ്മള്‍ പറയുന്നതും ചെയ്യുന്നതും ശരിയായിരിക്കും. പക്ഷേ, അതെല്ലാം അംഗീകരിച്ചു തരാന്‍ പലര്‍ക്കും സാധിക്കാറില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മനസ്സില്‍ നേരിയ സങ്കടം തോന്നിയിട്ടുണ്ട്. അപ്പോഴൊക്കെ ഞാന്‍ എന്റെ റോള്‍ ഭംഗിയാക്കി എന്നു കരുതി സമാധാനിക്കും. സത്യം പറഞ്ഞാല്‍ സര്‍ജറിക്കു കയറുന്ന രോഗിയുടെ അവസ്ഥയായിരിക്കും. 
പഠനകാലത്ത് കോളജ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീട് സാക്ഷാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പങ്കെടുക്കാന്‍ അവസരം ലഭിച്ചു.അതുകൊണ്ട് തെരഞ്ഞെടുപ്പിനെ അതിന്റെ ആവേശത്തില്‍ എടുക്കും. വലിയ വേവലാതിയും കുറയും..
അടവുനയങ്ങളും തന്ത്രങ്ങളും
ഓരോ തെരഞ്ഞെടുപ്പു കാലത്തും എനിക്ക് തിരുമുറിവുകളായിരുന്നു. അടവുനയങ്ങളും തന്ത്രങ്ങളും എപ്പോഴും ഭംഗിയായി നോക്കണം. ആദര്‍ശം മാറ്റിവെച്ച് തല്‍ക്കാലം തന്ത്രങ്ങളെ സ്വീകരിച്ചപ്പോള്‍ തോറ്റുപോയിട്ടുണ്ട്. തന്റെ അമ്പും ആവനാഴിയും അസ്ത്രങ്ങളും എല്ലാം ഒരിക്കല്‍ നഷ്ടപ്പെട്ടത് കൊയിലാണ്ടിയിലാണ്. ഡി ഐ സി സ്ഥാനാര്‍ത്ഥിയായപ്പോള്‍.
ഉള്‍ക്കിടിലം
സ്ഥാനാര്‍ത്ഥിയാകുന്ന അവസരത്തില്‍ ഒരു ഉള്‍ക്കിടിലം ഉണ്ടാകും. എന്നെ എങ്ങനെ ജനങ്ങള്‍ കാണും. ഞാന്‍ ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിക്കാര്‍, അല്ലെങ്കില്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുന്നണിയിലെ ആളുകള്‍...അവര്‍ക്ക് ഞാന്‍ സ്വീകാര്യനാണോ? പ്രതിപക്ഷം എനിക്കെതിരെ എന്തൊക്കെ വിമര്‍ശനങ്ങളാണ് തൊടുത്തുവിടുന്നത്? അതിന് മറുപടി പറയുമ്പോള്‍ എനിക്കെതിരെ ആരോപണം വരാന്‍ സാധ്യതയുണ്ടോ? തന്റെ സമീപനത്തില്‍ വല്ല ന്യൂനതയുമുണ്ടോ...സഹപ്രവര്‍ത്തകര്‍ എന്നോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടോ. അതെല്ലാം എന്റെ തോന്നല്‍ മാത്രമായിരിക്കുമോ? എന്നിങ്ങനെ ഒട്ടേറെ സംശയങ്ങള്‍. 
മത്സരിക്കുന്ന മണ്ഡലത്തിന്റെ സര്‍വ്വമൂലയിലും എത്തണം. കഴിയുന്നതും കൃത്യസമയത്തുതന്നെ. വല്ലവിധത്തിലും അല്‍പം വൈകിയാല്‍ ക്ഷമാപണം പറയാന്‍ വിട്ടുപോകരുത്. മരണവീടുകള്‍ ഒരു കാരണവശാലും മറന്നുപോകരുത്. സകലകാര്യങ്ങള്‍ക്കും മുന്‍പന്തിയിലുണ്ടാകണം. അല്ലെങ്കില്‍ മറുപക്ഷം തുരുപ്പുശീട്ടുകളിറക്കാം... അതിനാല്‍ ശരിയാംവിധത്തില്‍ ഭക്ഷണമോ, ഉറക്കമോ ഇല്ലാത്ത കാലം.
ചിരിയുടെ പൊരുള്‍
കവി പാടിയതുപോലെ- 'ഒരു ചിരി എന്തതിനര്‍ത്ഥമോര്‍ത്തു ഞാന്‍ പല രാത്രി നിദ്ര കടഞ്ഞൂ'. എന്നെ നോക്കി ചിരിക്കുന്നവര്‍ ആത്മാര്‍ത്ഥമായി സഹായിക്കുമോ, അല്ല വെളുക്കെ ചിരിക്കുകയും പുറകില്‍ നിന്നും കുത്തുകയും ചെയ്യുന്നവരാണോ? ഇങ്ങനെയുള്ള കാര്യങ്ങള്‍ ആലോചിച്ച് മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കും. നടന്നും ഇരുന്നും ചിരിച്ചും കൈവീശിയും കൈകൊടുത്തും ശാരീരികമായി വല്ലാത്ത അവസ്ഥയിലാകുന്ന നാളുകള്‍... 
ആദ്യ തെരഞ്ഞെടുപ്പിന് ബാലുശ്ശേരി മത്സരിച്ചപ്പോള്‍ കന്നിക്കാരന്‍ എന്ന നിലയില്‍ വല്ലാത്ത സമ്മര്‍ദം ഉണ്ടായിരുന്നു. സാമാന്യം വെളുത്ത ദേഹപ്രകൃതിക്കാരനായ ഞാന്‍ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ കറുത്തുപോയി. കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത പരുവത്തിലായി.
ദേഷ്യം പിടിച്ചുകെട്ടി
ആരോടും ദേഷ്യപ്പെടാന്‍ പറ്റില്ല. നമുക്ക് ദേഷ്യം വന്നാല്‍പോലും അത് മറച്ചുവെച്ച് അഭിനയിക്കേണ്ടി വരും. ചിലരുടെ മുഖഭാവം കാണുമ്പോള്‍ ഉള്ള് കിടുങ്ങും. ' ഇവന്‍ എവിടുന്നാ എഴുന്നള്ളിയത്... മറ്റുചിലര്‍ കുത്തുവാക്ക് പറയും...ഇവിടെ പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ചവരൊക്കെ എത്രയുണ്ട്... പിന്നെ നിങ്ങളെന്തിനാണ് വന്നത്... വേറെ എവിടെയെങ്കിലും നിന്നൂടെ...അങ്ങനെ ചോദിക്കുമ്പോള്‍ നമുക്ക് കുറ്റബോധം വരാം... പക്ഷേ, അവിടെ ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ വരും... അവിടെയുള്ളവരായിരിക്കണമെന്നില്ല. തെരഞ്ഞെടുപ്പിന്റെ ഒരു സ്വഭാവമാണത്...അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ എന്നെ അലട്ടാറില്ല. കാരണം പാര്‍ട്ടിക്കുവേണ്ടി വിദ്യര്‍ത്ഥിയായ സമയം മുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 
കുശലം ചോദിക്കല്‍
കൂടെ വരുന്നവരെ വീണ്ടും വീണ്ടും പരിചയപ്പെടുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടാകും. എല്ലാവരുടെയും കൈപിടിക്കും. ചിലപ്പോള്‍ കുശലം ചോദിക്കും. അവര്‍ എന്നോടൊപ്പെം വന്നവരായിരിക്കും. പക്ഷേ, ആള്‍ക്കൂട്ടത്തിനിടയിലൂടെ അവര്‍ വരുമ്പോള്‍ തിരിച്ചറിയാന്‍ സാധിക്കില്ല. അപ്പോള്‍ പുതുതായി കണ്ടുമുട്ടുന്നവരെപോലെ കൈ കൊടുത്ത് പരിചയപ്പെടും. ഹലോ... എന്ന് പറഞ്ഞ് കൈകൊടുക്കുമ്പോഴായിരിക്കും - ഞാന്‍ നിങ്ങളുടെ കൂടെ വന്നയാളാണെന്ന് പറയുന്നത്. അന്നേരം ചെറിയ ചമ്മല്‍...എങ്കിലും മുഖത്ത് കാണിക്കരുത്.
ടെന്‍ഷനില്‍ മുങ്ങുന്ന ദിനങ്ങള്‍
ശരിക്കു പറഞ്ഞാല്‍ നോമിനേഷന്‍ കൊടുത്തു തുടങ്ങിയാല്‍ ടെന്‍ഷനായിരിക്കും.. ജനങ്ങള്‍ അവരുടെ വിവിധ പ്രശ്‌നങ്ങള്‍ പറയും... ഇതൊക്കെ എനിക്ക് ചെയ്തു കൊടുക്കാന്‍ സാധിക്കുമോ... മുമ്പുണ്ടായിരുന്ന ജനപ്രതിനിധി എന്തുകൊണ്ടാണിത് പരിഹരിച്ചു കൊടുക്കാന്‍ ശ്രമിക്കാതിരുന്നത്... ഞാനെത്ര പരിശ്രമിച്ചാലും നിറവേറ്റിക്കൊടുക്കാന്‍ സാധിക്കുമോ എന്ന പേടിയുണ്ടാകും. ഇടവഴികളും ഊടുവഴികളും താണ്ടി വീടുകയറി വോട്ടു ചോദിക്കല്‍. രാത്രിയാകുമ്പോഴേക്കും തളര്‍ന്നു അവശനാകും. പക്ഷേ, ഏത് പാതിരാവിലും ആരെങ്കിലും വന്ന് എന്തെങ്കിലും പ്രശ്‌നം പറഞ്ഞാല്‍ അതു കേള്‍ക്കണം. ആരേയും പിണക്കാന്‍ പാടില്ല. അന്നൊക്കെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ധാരാളം ദിവസങ്ങളുണ്ടാകും വോട്ടെടുപ്പിന്. അത്രയും കാലം ടെന്‍ഷനും നീളും. ഇപ്പോള്‍ ദിവസം കുറഞ്ഞു. അത്രയും ആശ്വാസമാകും. യോഗങ്ങളിലെ പ്രസംഗങ്ങള്‍ കഴിഞ്ഞ് വീട്ടിെലത്തിയാല്‍ അടുത്ത ദിവസത്തെ തന്ത്രങ്ങള്‍ ആലോചിക്കണം. ചുരുക്കത്തില്‍ ഉറക്കം നഷ്ടപ്പെടുന്ന നാളുകളാണ് സ്ഥാനാര്‍ത്ഥിയുടേത്. മുഖ്യമായും നാക്കുപിഴക്കാതെ നോക്കണം. 
മറുപക്ഷത്തുള്ളവര്‍ കേമന്മാരാകുമ്പോള്‍
ആദ്യമായി ബാലുശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിയായ പ്പോള്‍ എനിക്ക് വലിയ ടെന്‍ഷന്‍ ഇല്ലായിരുന്നു. നല്ലൊരു മത്സരം കാഴ്ചവെക്കുക മാത്രമായിരുന്നു എന്റെ ദൗത്യം. കാരണം ബാലുശ്ശേരി അന്ന് ഇടതുപക്ഷത്തിന്റെ ഉറച്ച സീറ്റായിരുന്നു. മാത്രമല്ല എ സി ഷണ്‍മുഖദാസ് ആ മണ്ഡലത്തില്‍ സുപരിചിതനും. അദ്ദേഹം മന്ത്രിയുമായിരുന്നു. ഞാന്‍ പുതുമുഖവും. അവിടെ അന്ന് ഷണ്‍മുഖദാസിന്റെ ഭൂരിപക്ഷം കുറക്കാന്‍ സാധിക്കുമോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. നല്ല പ്രവര്‍ത്തനം ഞങ്ങള്‍ നടത്തിയതിനാല്‍ ആ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം നടത്താന്‍ യു ഡി എഫിന് കഴിഞ്ഞു. 
ഞാന്‍ സാധാരണക്കാരന്‍. അതിനാല്‍ എത്ര വോട്ടിന് പരാജയപ്പെടും എ
ന്നേ അറിയാനുണ്ടായിരുന്നുള്ളൂ. അന്ന് പാര്‍ലമെന്റിലും നിയമസഭയിലേക്കും ഒന്നിച്ചായിരുന്നു തെരഞ്ഞെടുപ്പ്. സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയില്‍ ഞാന്‍ പ്രസംഗിച്ചു-ഞാന്‍ ബാലുശ്ശേരിയില്‍ മത്സരിക്കുന്നത് ജയിക്കാനാണ്. അതുകേട്ടപ്പോല്‍ എല്ലാവരും ചിരിച്ചു. പിന്നീടാണ് കൊയിലാണ്ടിയില്‍ മത്സരിച്ചത്. നല്ല ഭൂരിപക്ഷത്തിന് ജയിച്ചു.
വോട്ടു എണ്ണുന്ന ദിനം
ബി. പി കുതിച്ചു കയറുന്ന മറ്റൊരു സന്ദര്‍ഭം വോട്ടെണ്ണല്‍ ദിവസമാണ്. വോട്ടെണ്ണല്‍ നടക്കുന്ന കേന്ദ്രത്തിന് ചുറ്റും കൂടെയുള്ളവര്‍ തമ്പടിച്ചിരിക്കും. അപ്പോള്‍ വോട്ട് എണ്ണിക്കൊണ്ടിരിക്കുന്ന സമയത്ത് മനസ്സില്‍ വല്ലാത്ത അവസ്ഥയായിരിക്കും. ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിലും, അല്ലെങ്കില്‍ നമ്മള്‍ പരാജയപ്പെടുമെന്ന് മുമ്പേ തിരിച്ചറിയാമെങ്കിലും മറിച്ച് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക... 
മൊബൈലും ഇന്റര്‍നെറ്റും ചാനലുകളും എന്തൊക്കെയുണ്ടായാലും സ്ഥാനാര്‍ത്ഥികളുടെ നെഞ്ചിടിപ്പിന്റെ താളത്തിന് ഇപ്പോഴും മാറ്റമുണ്ടാകില്ല.
ചന്ദ്രിക വാരാന്തപ്പതിപ്പ്/ മാര്‍ച്ച് 30

Thursday, March 20, 2014

പുസ്തകപരിചയം കടമ്മനിട്ടക്കവിത സ്ത്രീ വായിക്കുമ്പോള്‍



വിട്ടുവീഴ്ചയില്ലാത്ത കാഴ്ചപ്പാടുകളുടെ ശിക്ഷണ തീവ്രതയോടെ സ്ഥാപനവല്‍കരിക്കപ്പെട്ട കവിതാ വായനക്കും ദാര്‍ശനികശീലങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടാണ് ഡോ. ബെറ്റിമോള്‍ മാത്യു മലയാള നിരൂപണത്തില്‍ ശ്രദ്ധേയയാകുന്നത്. മൂല്യങ്ങളെ പുരുഷപക്ഷത്തുനിര്‍ത്തി വിഗ്രഹവല്‍കരിക്കുന്ന കാവ്യശീലം ജീര്‍ണ്ണവും മാനസികഷണ്ഡത്തവും സൃഷ്ടിക്കുകയാണെന്നും, നാം ആര്‍ജ്ജിക്കുന്ന അറിവിന്റെ ഏറിയ പങ്കും കവിതയ്ക്കു പുറത്തു നിന്നാണെന്നും ബെറ്റിമോള്‍ ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. കടമ്മനിട്ടയുടെ കവിതകള്‍ ചരിത്രം,വര്‍ത്തമാനം, സ്ത്രീപക്ഷം എന്നീ നിലകളില്‍ നോക്കിക്കാണുകയാണ് ഗവേഷണവിഷയാധിഷ്ഠിതമായ ഈ കൃതിയില്‍.
‘ഭാഷയിലും ‘ഭാവനയിലും കടമ്മനിട്ട നടത്തുന്ന ഇടപെടലുകളും പ്രതികരണങ്ങളും അവ പ്രകടിപ്പിക്കുന്ന മൗലികതയും എടുത്തുപറയുന്നുണ്ട്. എഴുത്തിനെ സംബന്ധിച്ച് ഗ്രന്ഥകാരിയുടെ തികഞ്ഞ സ്ത്രീപക്ഷ നിലപാട് ഈ പുസ്തകത്തിലുണ്ട്. വിമര്‍ശനം ജീവിതത്തിന്റെ കലയാണ്; അത് നിഴല്‍ച്ചിത്രമല്ല. വിമര്‍ശനത്തില്‍ മനസ്സ് മനസ്സിനോട് സംസാരിച്ചു കൊണ്ടിരിക്കണം. കടമ്മനിട്ടക്കവിതകളുടെ ഉളളറകള്‍ തുറന്നിട്ടുകൊണ്ട് ആ ലക്ഷ്യം സാധൂകരിക്കുകയാണ് ബെറ്റിമോള്‍ മാത്യു.

പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു: 'മലയാളത്തിലെ ആധുനിക കവികളില്‍ ശ്രദ്ധേയനും വ്യത്യസ്തനുമാണ് കടമ്മനിട്ട രാമകൃഷ്ണന്‍. മലയാളത്തിന്റെ തനതായ ചൊല്ലിയാട്ട പാരമ്പര്യം പ്രിന്റിംഗ് ടെക്‌നോളജിയുടെ ആവിര്‍ഭാവത്തോടെ ഏറക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞ ഘട്ടത്തിലാണ് കവിത പാടിക്കേള്‍പ്പിച്ചു കൊണ്ട് കടമ്മനിട്ട കടന്നുവരുന്നത്. ഇതിലൂടെ ആധുനികതയുടെ അക്കാദമീകാന്തരീക്ഷത്തിന് പുറത്തേക്ക് തന്റെ കവിതയെ എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.'‘-എന്നിങ്ങനെ കാലികമായാലും നിരന്തരമായാലും കടമ്മനിട്ടക്കവിതകള്‍ പ്രതിഫലിപ്പിക്കുന്ന നീതിബോധത്തെയും ധിഷണയെയും നിര്‍മ്മാണപ്രക്രിയയെയും സര്‍ഗാത്മകതയെയും വിശകലനം ചെയ്യുകയാണ് 'കടമ്മനിട്ടയുടെ കവിതകള്‍ ഒരു സ്ത്രീപക്ഷ വായന.'
സംവാദാത്മക സ്ത്രീവാദം, സ്ത്രീവാദം ചരിത്രവും വികാസവും, സ്ത്രീവാദം വ്യത്യസ്തധാരകള്‍, പുനര്‍വിചാരണകള്‍ തുടങ്ങി വിവിധ പഠനങ്ങളില്‍ സ്ത്രീജീവിതവും ചിന്താപദ്ധതിയും അടയാളപ്പെടുത്തുന്നു. ഈ യുക്തി വിചാരങ്ങള്‍ കടമ്മനിട്ടക്കവിതകളുമായി ചേര്‍ത്തുനിര്‍ത്തി പരിശോധിക്കുകയാണ് ഡോ. ബെറ്റിമോള്‍ മാത്യു. വിമര്‍ശനത്തിന്റെ സാങ്കേതികമായ ചില വിചാരങ്ങള്‍ മാത്രമല്ല; കവിതയുടെ സാഫല്യങ്ങള്‍ അന്വേഷിക്കുന്ന ഒരു മനസ്സിന്റെ തീക്ഷ്ണ സാന്നിധ്യവും ഈ പുസ്തകത്തിലുണ്ട്.
പരമ്പരാഗ സാഹിത്യ സമീപനങ്ങളെയും ദാര്‍ശനികധാരകളെയും പുനര്‍വായനക്ക് വിധേയമാക്കുന്നതില്‍ ബെറ്റിമോള്‍ പ്രകടിപ്പിക്കുന്ന ജാഗ്രത പുസ്തകത്തിലുടനീളം തെളിഞ്ഞുനില്‍ക്കുന്നുണ്ട്. കവിതയുടെയും ജീവിതത്തിന്റെയും വായന പുതിയ വിതാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. നിരൂപണത്തില്‍ നിന്നും നാം പ്രതീക്ഷിക്കുന്നതും ഇത്തരത്തിലുള്ള വേറിട്ട വിലയിരുത്തലാണ്. കടമ്മനിട്ടയുടെ കവിതകള്‍ പൂര്‍വ്വനിശ്ചിതമല്ലാത്തവിധത്തില്‍ അവതരിപ്പിക്കുന്നിടത്താണ് ഡോ.ബെറ്റിമോളുടെ സാഹിത്യനിരീക്ഷണ ഗരിമ അനുഭവപ്പെടുന്നത്.

ജീവിതം കൊണ്ടും എഴുത്തുകൊണ്ടും കാലത്തെ സ്വാധീനിച്ച കടമ്മനിട്ടയുടെ ആണെഴുത്തധികാരത്തെ വിലയിരുത്തുകയും കവിതയെ വ്യത്യസ്തമായൊരു സൗന്ദര്യപക്ഷത്തുനിര്‍ത്തി വായനയ്‌ക്കെടുക്കുകയുമാണ് ഗ്രന്ഥകാരി. പെണ്‍പക്ഷ കാഴ്ചപ്പാടിലേക്ക് അലമുറകളില്ലാതെ പുതിയൊരു വായനാനുഭവം തുറന്നിടുന്നു. കടമ്മനിട്ടക്കവിതയുടെ സൂക്ഷ്മാപഗ്രഥനത്തിലേക്കും സമഗ്രതയിലേക്കും ഒരേസമയം ബെറ്റിമോള്‍ മാത്യു വായനക്കാരെ നടത്തിക്കുന്നു. 

കടമ്മനിട്ടയുടെ കവിതകളിലെ ജീവിതനിരീക്ഷണത്തിലും പ്രതിമാനങ്ങളിലും മിത്തുകളിലും കാമനകളിലും ഒളിച്ചുറങ്ങുന്ന വസ്തുതകള്‍ ചികഞ്ഞെടുക്കുന്നു. ഇത്തരമൊരു വായന മലയാളത്തില്‍ ഇത:പര്യന്തമല്ല; എങ്കിലും കവിതകളിലൂടെ, ലോകസാഹിത്യത്തില്‍ നിന്നും കടഞ്ഞെടുത്ത ചില നൂതന ചിന്താധാരകള്‍ അടിസ്ഥാനമാക്കിയുള്ള കാവ്യപാരായണം അപൂര്‍വ്വമാണ്. ബെറ്റിമോള്‍ മാത്യുവിന്റെ ' കടമ്മനിട്ടയുടെ കവിതകള്‍ ഒരു സ്ത്രീപക്ഷ വായന' എന്ന പുസ്തകം ഗവേഷകരുടെയും സാഹിത്യവിദ്യാര്‍ത്ഥികളുടെയും കാവ്യാസ്വാദകരുടെയും ശ്രദ്ധനേടുന്നതും മറ്റൊന്നല്ല.
ചന്ദ്രിക വാരാന്തപ്പതിപ്പ് 2014 മാര്‍ച്ച് 23

കടമ്മനിട്ടയുടെ കവിതകള്‍
ഒരു സ്ത്രീപക്ഷ വായന

ബെറ്റിമോള്‍ മാത്യു
ഡിസി ബുക്‌സ് കോട്ടയം. 110രൂപ

Tuesday, March 18, 2014

അഭിമുഖം സെബാസ്റ്റിയന്‍ പോള്‍/കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പത്രപ്രവര്‍ത്തനത്തില്‍ ജനാധിപത്യവല്‍കരണം


പത്ര/ മാധ്യമപ്രവര്‍ത്തനത്തിലെ മാറ്റം?
പത്രപ്രവര്‍ത്തനം സദാ പരിവര്‍ത്തനത്തിനു വിധേയമാണ്. നാനൂറ് വര്‍ഷത്തെ ചരിത്രമാണ് പത്രപ്രവര്‍ത്തനത്തിനുള്ളത്. ഗുട്ടന്‍ബര്‍ഗില്‍നിന്നു തുടങ്ങി ഗൂഗിളില്‍ എത്തിനില്‍ക്കുന്ന മാധ്യമലോകം സാങ്കേതികവിദ്യ നിരന്തരം തുറക്കുന്ന അപരിചിതമായ വഴികളിലൂടെയാണ് മുന്നേറുന്നത്. നേരവും ദൂരവും അപ്രസക്തമാകുന്ന കാലത്ത് പത്രപ്രവര്‍ത്തനത്തില്‍ പുതിയ പ്രവണതകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അര നൂറ്റാണ്ട് മുമ്പ് ഞാന്‍ പത്രപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് വാര്‍ത്ത എത്തിക്കണമെങ്കില്‍ ആറു മണിക്കൂര്‍ വേണമായിരുന്നു. ഇന്ന് എല്ലാം ഞൊടിയിടയില്‍ സംഭവിക്കുന്നു. എഡിഷനുകള്‍ പലതുള്ളതിനാല്‍ പത്രം അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സാവകാശമുണ്ട്. ഭൗതികസാഹചര്യങ്ങളില്‍ വന്ന മാറ്റങ്ങള്‍ പത്രപ്രവര്‍ത്തനത്തിന്റെ സ്വഭാവത്തെയും ബാധിക്കും. ഭാഷയിലും അവതരണത്തിലും മൗലികമായ മാറ്റമുണ്ടായി. തലക്കെട്ടിലും രൂപകല്‍പനയിലും വന്ന മാറ്റങ്ങള്‍ ശ്രദ്ധേയമാണ്. പത്രപ്രവര്‍ത്തനത്തില്‍ അടിസ്ഥാനയോഗ്യതയുള്ളവരും സര്‍വകലാശാലാവിദ്യാഭ്യാസം നേടിയവരും ധാരാളമായി പ്രതിജ്ഞാബദ്ധതയോടെ കടന്നുവന്നത് ഈ പരിവര്‍ത്തനത്തിനു കാരണമായിട്ടുണ്ട്. 

വാര്‍ത്തകള്‍ മാറുന്നു- സൃഷ്ടിക്കുന്ന കാലം?

വാര്‍ത്തയിലെ വൈവിധ്യത്തിലൂടെയാണ് പത്രപ്രവര്‍ത്തനത്തിലെ വിപ്‌ളവകരമായ മുന്നേറ്റം സംഭവിച്ചത്. അടിയന്തരാവസ്ഥയിലെ സെന്‍സര്‍ഷിപ് സ്വതന്ത്രമായ പത്രപ്രവര്‍ത്തനത്തിന് തടസ്സമായെങ്കിലും വാര്‍ത്തയുടെ പുനര്‍നിര്‍വചനത്തിനു സഹായകമായി. വ്യത്യസ്തമായ വിഷയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ പത്രത്താളുകളിലേക്കു കടന്നുവന്നു. സാക്ഷരതയുടെ വ്യാപനം നിമിത്തം വായനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായി. അതോടെ വ്യത്യസ്തവിഭാഗങ്ങള്‍ക്ക് പത്രങ്ങളില്‍ ഇടമുണ്ടായി. പത്രപ്രവര്‍ത്തനത്തിലെ ജനാധിപത്യവല്‍കരണമാണ് ഇതോടെ സംഭവിച്ചത്. പ്രചാരവും വരുമാനവും വര്‍ദ്ധിച്ചതോടെ പത്രം വ്യവസായമായി. മൂലധനത്തിന്റെ അധിനിവേശത്തില്‍ പരമ്പരാഗതമായ മൂല്യങ്ങള്‍ അപ്രത്യക്ഷമായി. ലാഭേച്ഛയുടെ ആധിക്യത്തില്‍ സാമ്പത്തികവിഭാഗം വാര്‍ത്താവിഭാഗത്തെ കീഴ്‌പ്പെടുത്തിയെന്നതാണ് ആധുനികകാലത്തെ അപചയം. പ്രമുഖപത്രങ്ങള്‍ക്ക് പത്രാധിപര്‍ ഇല്ലാതായി. പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വ്യഗ്രതയില്‍ വാര്‍ത്തയെന്നത് വില്‍പനയ്ക്കുള്ള ഉല്‍പന്നമായി. പലവിധ ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കി വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുകയും യഥാര്‍ത്ഥ വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. വാര്‍ത്തയും വീക്ഷണവും വേറിട്ടു നില്‍ക്കണമന്ന സി പി സ്‌കോട്ടിന്റെ തത്വം പൂര്‍ണമായും വിസ്മരിക്കപ്പെട്ടു. അനുനിമിഷം വാര്‍ത്ത നല്‍കികൊണ്ടിരിക്കുന്ന ടെലിവിഷനുമായുള്ള മത്സരത്തില്‍ വാര്‍ത്തയുടെ സ്വഭാവത്തില്‍ അനിവാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. തലേന്ന് അറിഞ്ഞ വിശേഷം അടുത്ത പ്രഭാതത്തില്‍ വായനയ്ക്കായി നിലനില്‍ക്കണമെങ്കില്‍ വീക്ഷണവും വ്യാഖ്യാനവും ഉള്‍ച്ചേര്‍ക്കേണ്ടിവരും. എന്നാല്‍ പരിധി വിട്ട് പെയ്ഡ് ന്യൂസിന്റെ തലത്തിലേക്ക് ഈ അവസ്ഥ മാറുമ്പോള്‍ പത്രപ്രവര്‍ത്തനത്തില്‍ അവശ്യം വേണ്ടതായ വിശ്വാസ്യത നഷ്ടമാകുന്നു. മര്യാദയുടെ സീമ ലംഘിക്കുന്നതും സ്വകാര്യതയെ മാനിക്കാത്തതുമായ പത്രപ്രവര്‍ത്തനം അസ്വീകാര്യമാണ്. കരുത്തനായ മര്‍ഡോക്കിനുപോലും അടി പതറിയത് വിശ്വാസ്യത നഷ്ടമായപ്പോഴാണ്. അറിയുന്നതിനുള്ള മൗലികമായ അവകാശത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമലോകം വാര്‍ത്തയെ മലിനപ്പെടുത്തുമ്പോള്‍ സമൂഹവുമായുള്ള ഭരണഘടനാപരമായ ഉടമ്പടിയാണ് ലംഘിക്കപ്പെടുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിലേക്കുള്ള മാറ്റം- ഇടപെടല്‍? 

പത്രം, റേഡിയോ, ടെലിവിഷന്‍ എന്നീ വാര്‍ത്താമാധ്യമങ്ങള്‍ക്കു പിന്നാലെ വാര്‍ത്താലോകത്തെ നിയന്ത്രിക്കുന്ന പുതിയ സംവിധാനമാണ് ഇന്റര്‍നെറ്റ്. ഫേസ്ബുക്, ട്വിറ്റര്‍, യുട്യൂബ് എന്നിങ്ങനെ നിരവധി ഇന്റര്‍നെറ്റ് സൈറ്റുകള്‍ ചേര്‍ന്ന് രൂപപ്പെട്ട ഡിജിറ്റല്‍ മീഡിയ പുതിയ സാധ്യതകള്‍ അനുദിനം കണ്ടെത്തുന്നു. എന്നാല്‍ ഈ നവമാധ്യമം പരമ്പരാഗത വാര്‍ത്താമാധ്യമങ്ങള്‍ക്കു പകരമാകുമോ?പ്രഫഷണല്‍ വൈദഗ്ധ്യമോ ഉത്തരവാദിത്വമോ ഇല്ലാതെ ആര്‍ക്കും എന്തും പ്രചരിപ്പിക്കാന്‍ കഴിയുമെന്നല്ലാതെ ഇവയ്ക്ക് മാധ്യമലോകവുമായി ബന്ധമില്ല. അതേസമയം പത്രപ്രവര്‍ത്തകരും ബ്‌ളോഗര്‍മാരും തമ്മില്‍ ഒരു പാരസ്പര്യം വളര്‍ന്നു വന്നിട്ടുണ്ട്. പത്രപ്രവര്‍ത്തനത്തിലെ തത്വങ്ങളും മര്യാദകളും ഇന്റര്‍നെറ്റ് സൈറ്റുകളില്‍ കാണുന്നില്ല. സെന്‍സര്‍ഷിപ് തുടങ്ങിയ നിയന്ത്രണങ്ങളെ അതിജീവിക്കാനുള്ള കഴിവാണ് ഇന്റര്‍നെറ്റിനെ ശ്രദ്ധേയമാക്കുന്നത്. ഇന്റര്‍നെറ്റ് പത്രങ്ങളും വെബ് സൈറ്റുകളും ദ്രുതഗതിയിലുള്ള വിവരവിനിമയത്തിനു കാരണമാകുന്നുണ്ട്. പൊതുജനാഭിപ്രായം രൂപീകരിക്കുന്ന ആശയസംവാദത്തിനും കൂടിച്ചേരലുകള്‍ക്കും ഡിജിറ്റല്‍ മീഡിയ സഹായകമാകുന്നു എന്നതിനപ്പുറം ഇന്നത്തെയോ നാളത്തെയോ മാധ്യമമായി സോഷ്യല്‍ നെറ്റ്‌വര്‍ക്കിനെ കാണാനാവില്ല. ഉത്തരവാദിത്വമുള്ള എഡിറ്റോറിയല്‍ നിയന്ത്രണമാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം. ഈ നിയന്ത്രണത്തിന്റെ അഭാവമാണ് സോഷ്യല്‍ മീഡിയയെ ബദല്‍ മീഡിയമാക്കി മാറ്റാത്തത്. 
ചന്ദ്രിക വാരാന്തപ്പതിപ്പ്.മാര്‍ച്ച് 16

Thursday, March 06, 2014

മേളപ്പെരുക്കത്തില്‍ സ്വപ്നത്തിന്റെ ഇതളുകള്‍

ആന്തരിക ജീവിതത്തെയും മൂല്യസംഘര്‍ഷങ്ങളെയും ആഴത്തിലന്വേഷിക്കുന്ന ചലച്ചിത്രകാരനാണ് ഷാജി എന്‍ കരുണ്‍. കേന്ദ്രകഥാപാത്രത്തിന്റെ ശരീര-ഭാവ ചലനങ്ങളെ സമന്വയിപ്പിച്ച് യാഥാര്‍ത്ഥ്യത്തെ സമഗ്രമായും ഇടമുറിയാതെയും പകര്‍ത്തുന്ന രീതിയാണ് സ്വീകരിക്കാറുള്ളത്. പിറവി, സ്വം, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് എന്നീ നാല് മുന്‍ മലയാളചിത്രങ്ങള്‍ വ്യക്തിയുടെ/ കലാകാരന്റെ ജീവിതത്തിലെ പ്രഹരസ്വഭാവിയായ യാഥാര്‍ത്ഥ്യത്തെയാണ് അടയാളപ്പെടുത്തുന്നത്. പിറവിയില്‍ മകനെ കാത്തിരിക്കുന്ന അച്ഛന്റെയും സ്വമ്മില്‍ ഒരമ്മയുടെ നീറുന്ന മനസ്സും വാനപ്രസ്ഥത്തില്‍ കഥകളിനടന്റെ ജീവിതദുരന്തവും കുട്ടിസ്രാങ്കില്‍ കലാകാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നവരിലൂടെ രൂപപ്പെടുന്ന ആത്മസംഘര്‍ഷവും ഭംഗിയായി അവതരിപ്പിച്ച ഷാജിയുടെ പുതിയ ചിത്രം സ്വപാനം പറയുന്നതും മുന്‍കാല ചിത്രങ്ങളുടെ തുടര്‍ച്ചതന്നെയാണ്. ഈ സിനിമയില്‍ ചെണ്ടക്കാരന്‍ ഉണ്ണിയുടെ ജീവിത സങ്കീര്‍ണ്ണതകളാണ് മുഖ്യപ്രമേയം. വാനപ്രസ്ഥവുമായി അടുത്തുനില്‍ക്കുന്ന കഥയും കഥാഗതിയും സ്വപാനത്തിലും സംവിധായകന്‍ പിന്തുടരുന്നുണ്ട്.

ഉണ്ണി മാരാരുടെ(ജയറാം) മോഹം മേളപ്പെരുക്കത്തില്‍ പൂര്‍ണ്ണത കൈവരിക്കലാണ്. അതിനുവേണ്ടി ഉണ്ണി ജീവിതം തന്നെ സമര്‍പ്പിക്കുന്നു. അസുരവാദ്യമായി കരുതുന്ന ചെണ്ടയില്‍ താളഘോഷങ്ങളുടെ വിസ്മയം തീര്‍ക്കാന്‍ ഉണ്ണിക്ക് സാധിക്കുന്നുണ്ട്. മേളപ്പെരുക്കത്തില്‍ ഉണ്ണി കുടുംബകാരണവരായ അപ്പുമാരാരെപ്പോലും പിറകിലാക്കുന്നുണ്ട്. ഉത്സവപ്രമാണത്തിന് ഉണ്ണിക്കാണ് പ്രിയം. ഇത് കുടുംബത്തില്‍ താളപ്പിഴക്ക് ആക്കം കൂട്ടുന്നുണ്ട്. ഇതൊക്കെ സ്വപാനത്തിന്റെ കഥയിലെ പ്രധാനകണ്ണികള്‍. ഗുരുനാഥന്റെ മകള്‍ കല്യാണി (ലക്ഷ്മി ഗോപാല സ്വാമി)യെ ഉണ്ണി വിവാഹം കഴിക്കുന്നു. വാനപ്രസ്ഥത്തിലെ നായിക കഥാപാത്രമായ അര്‍ജ്ജുനനെ സ്‌നേഹിക്കുകയും കലാകാരനെ അവഗണിക്കുയും ചെയ്യുന്നു. സ്വപാനത്തില്‍ ചെണ്ടയുടെ ശബ്ദംപോലും കല്യാണി വെറുക്കുന്നു. ഉണ്ണിയുടെ ചെണ്ടക്കമ്പം കല്യാണിയെ അയാളില്‍ നിന്നും അകറ്റുന്നു. തിരക്കഥാകൃത്ത് ഉണ്ണിക്കായി പിന്നീട് കണ്ടുവെക്കുന്നത് മോഹിനിയാട്ട കലാകാരി നളിനി (കാദംബരി)യെയാണ്. പാരമ്പര്യശാസ്ത്രവും ആധുനിക വിജ്ഞാനവും ഒരുപോലെ ഹൃദിസ്ഥമാക്കിയ നാരായണന്‍ നമ്പൂതിരിയുടെ (സിദ്ധീഖ്) സഹോദരിയാണ് നളിനി. നാരായണന്‍ നമ്പൂതിരിയെ വട്ടന്‍ എന്നാണ് നാട്ടുകാര്‍ പേരിട്ടുവിളിക്കുന്നത്.
കഥയുടെ കയറ്റിറക്കത്തില്‍ സംവിധായകനും തിരക്കഥാകൃത്തുകളും (ഹരികൃഷ്ണന്‍, സജീവ് പാഴൂര്‍) ചെണ്ടക്കാരനായ ഉണ്ണിയും മോഹിനിയാട്ട നര്‍ത്തകി നളിനിയും തമ്മിലുള്ള കണ്ടുമുട്ടലും തുടര്‍സംഘര്‍ഷങ്ങളും ഒരുക്കുന്നു. ഉണ്ണിയുടെ ഭാര്യ കല്യാണി കാര്‍ ഡ്രൈവര്‍ പ്രകാശന്റെ (ശരത്) കുട്ടിയെ ഗര്‍ഭം ധരിക്കുകയും അയാളോടൊത്ത് സേലത്തേക്ക് പോകുന്നു. അവര്‍ അവിടെ സുഖമായി ജീവിക്കുന്നു എന്ന് ചിത്രത്തിലൊരിടത്ത് ഉണ്ണിയുടെ വാക്കുകളിലൂടെ സംവിധായകന്‍ പ്രേക്ഷകരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 

വട്ടന്‍ നമ്പൂതിരിയുടെ ജ്യോതിഷപലകയില്‍ ഉണ്ണിയുടെ ജീവിതം ഗണിച്ച് കഥയില്‍ തുടര്‍ന്നുവരാവുന്ന ഗതിവിഗതികള്‍ ധ്വനിപ്പിക്കുന്നുണ്ട്. നളിനി അര്‍ദ്ധനാരീശ്വരനായ തുപ്പനെ (വിനീത്) വിവാഹം കഴിച്ചു. കഥാന്ത്യം ഉണ്ണിയുടെ ജീവിതത്തിലെ അഗ്നിപ്പടര്‍പ്പുകളിലാണ്. സേലത്ത് മനോരോഗികളെ അധിവസിപ്പിച്ച കേന്ദ്രത്തിലുണ്ടായ തീപ്പിടുത്തമായി (1980) ചേര്‍ത്തുനിര്‍ത്തുന്നു. ഉണ്ണിയുടെ നിസ്സഹായതയുടെ, ഉന്മാദത്തിന്റെ ബാക്കിപത്രമായി സ്വപാനത്തില്‍ ആദ്യാവസാനം തീപ്പടര്‍പ്പ് തെളിയുന്നു. 

സ്വപാനം വാദ്യകലാകാരന്റെ ദുരിതമാണ് സിിമ പറയാന്‍ ശ്രമിക്കുന്നത്. പക്ഷേ, പൊടിപ്പും തൊങ്ങലും ചേര്‍ക്കാതെ തന്നെ ഇത് മനോഹരമായി അവതരിപ്പിക്കാന്‍ ഷാജി എന്‍ കരുണിന് സാധിക്കും. അതിന് മികവുറ്റ ഉദാഹരണമാണ് വാനപ്രസ്ഥം. എന്നാല്‍ സ്വപാനം ചിത്രത്തിന്റെ ദൈര്‍ഘ്യം കൊണ്ടുതന്നെ വിരസമാകുന്നു. പ്രണയവും ജീവിതവും ഒറ്റപ്പെടലും എല്ലാം വാക്കുകളിലേക്ക് പകര്‍ത്തുമ്പോള്‍, ആഖ്യാതതാവിന്റെ വാക്കുകള്‍ ആത്മസംഗീതത്തിലേക്ക് വഴുതിവീഴാവുന്നതാണ്. എന്നാല്‍ ചിത്രത്തില്‍ മൗനത്തിന് ഇടം നല്‍കേണ്ട സന്ദര്‍ഭത്തില്‍ പോലും സംഭാഷണം തിരുകി കയറുന്നു. ഇങ്ങനെ മികച്ചൊരു ചിത്രത്തിനുവേണ്ടുന്ന ഘടകങ്ങളെല്ലാം ഉണ്ടായിട്ടും ഷാജി എന്‍ കരുണിന് സ്വപാനം ഉള്ളുപൊള്ളുന്ന ദൃശ്യാനുഭവമാക്കി മാറ്റാന്‍ സാധിച്ചില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍, അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. രണ്ടരമണിക്കൂര്‍ സ്വപാനം നല്‍കുന്നതും മറ്റൊന്നല്ല.
ന്യൂജനറേഷന്‍ സിനിമ പിറക്കുമ്പോള്‍ അതിന്റെ വിദേശ മാതാപിതാക്കളെ അന്വേഷിക്കുന്നവര്‍ക്ക് സ്വപാനം കറക്കിക്കുത്താന്‍ മലയാളത്തില്‍ തന്നെ നിരവധി മുഹൂര്‍ത്തങ്ങളുണ്ട്. സിബി മലയിലിന്റെ ഭരതം (ഗായകരായ ജ്യേഷ്ഠാനുജന്മാര്‍), കമലദളം , രാജിവ്കുമാറിന്റെ ശേഷം എന്നിങ്ങനെയുള്ള മലയാള ചിത്രങ്ങള്‍ സ്വപാനം കാണുമ്പോള്‍ നമ്മുടെ മനസ്സിലൂടെ കടന്നുപോയേക്കാം. ചെറിയ സാജാത്യങ്ങള്‍ സിനിമ എന്ന കലാരൂപത്തില്‍ സ്വാഭാവികമാണ്. പക്ഷേ. അത്തരം നിമിഷങ്ങളെ അതിവര്‍ത്തിക്കാന്‍ ചിത്രത്തിന് സാധിക്കണം. സ്വപാനം ണ്ട് തിയേറ്റര്‍ വിട്ടുപോരുമ്പോള്‍ നമ്മുടെ കൂടെ നടക്കുന്നത് ഒറ്റ കഥാപാത്രമാണ്; നാരായണന്‍ നമ്പൂതിരി. നടന്‍ സിദ്ധീഖിന്റെ ഈ കഥാപാത്ര പരകായപ്രവേശ വിസ്മയമാണ് സ്വപാനത്തെ താങ്ങിനിര്‍ത്തുന്നത്. ജയറാമിന്റെ ചെണ്ടക്കാരനും കാദംബരിയുടെ നളിനിയും പലപ്പോഴും അതിഭാവുകത്വത്തിലേക്ക് കൂപ്പുകുത്തുന്നു. ഇന്ദ്രന്‍സ്, സജിത മഠത്തില്‍, സുരേഷ് കുറുപ്പ് തുടങ്ങിയവരോടൊപ്പം നിരവധി വാദ്യകലാകാരന്മാരും ചിത്രത്തില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

സ്വപാനം തിരക്കഥയിലും സംഭാഷണത്തിലും ആവിഷ്‌കാരത്തിലും ഏറ്റുവാങ്ങുന്ന പോരായ്മകള്‍ അതിജീവിക്കുന്നത് സംഗീതം (ശ്രീവത്സന്‍ ജെ. മേനോന്‍) , ഗാനം (കവി മനോജ് കുറൂര്‍) , ഛായാഗ്രഹണം (സജിത് നായര്‍) എന്നീ ഘടകങ്ങളാണ്. പ്രത്യേകിച്ചും ക്ലാസിക്കും ഫോക്കും കീര്‍ത്തനങ്ങളും പദങ്ങളുമെല്ലാം ഇഴചേര്‍ന്ന ഗാനങ്ങള്‍. പാലക്കാടന്‍ പ്രകൃതിഭംഗിപോലെ സംഭാഷണഭാഷയും സ്വപാനത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ - 2014 മാര്‍ച്ച് 9/ ചന്ദ്രിക വാരാന്തപ്പതിപ്പ്

Thursday, July 04, 2013

മഴക്കാലരോഗങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം

മഴക്കാലത്ത്‌ പടര്‍ന്നുപിടിക്കുന്ന രോഗങ്ങളും അവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും വിശദമായി പ്രതിപാദിക്കുന്ന പുസ്‌തകം. പ്രശസ്‌ത ഡോക്‌ടര്‍മാരുടെ ലേഖനങ്ങള്‍. അലോപ്പതി, ആയുര്‍വേദം, ഹോമിയോ, പ്രകൃതിചികിത്സ രംഗങ്ങളിലെ പ്രശസ്‌തരുടെ ലേഖനങ്ങള്‍. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പനി, ആസ്‌ത്മ മുതല്‍ കൊളസ്‌ട്രോള്‍, ബിപി, വീട്ടുചികിത്സ, കുട്ടികളുടെ രോഗങ്ങള്‍..... എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഉക്കൊള്ളുന്ന ലേഖനങ്ങളുടെ സമാഹാരം. ചികിത്സയേക്കാള്‍ പ്രതിരോധവിധികള്‍ക്ക്‌ ഊന്നല്‍ നല്‍കുന്ന ലേഖനങ്ങള്‍. കര്‍ക്കിടകത്തിലെ സുഖചികിത്സ തുടങ്ങി പ്രശസ്‌ത ആയുര്‍വേദ ഡോക്‌ടര്‍മാരുടെ ലേഖനങ്ങളുമുണ്ട്‌. മഴക്കാലഭക്ഷണം എങ്ങനെ? എന്തൊക്കെയാവാം, മഴക്കാലത്തെ ദാമ്പത്യപ്രശ്‌നങ്ങള്‍ വിവരിക്കുന്നു. കുടുംബത്തിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യസംബന്ധകാര്യങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്ന കൃതി. ലളിതമായ ഭാഷയില്‍ ആര്‍ക്കും വായിച്ചു മനസ്സിലാക്കാവുന്നവിധം ലേഖനങ്ങള്‍ ക്രോഡീകരിച്ചിരിക്കുന്നു.

മഴക്കാലരോഗങ്ങള്‍
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ഒലിവ്‌ ബുക്‌സ്‌ കോഴിക്കോട്‌. 70രൂപ

Monday, June 03, 2013

നന്മപൂത്ത കഥയിടങ്ങള്‍

നാട്ടെഴുത്തിന്റെ പച്ചപ്പിലേക്ക്‌ മലയാളകഥ വീണ്ടും തിരിച്ചെത്തുകയാണ ്‌നര്‍ഗീസ്‌ ഷിഹാബിന്റെ കഥകളിലൂടെ. എല്ലാം നഗരവല്‍ക്കരിക്കപ്പെടുന്ന കാലത്തില്‍ നാട്ടുപഴമയും പച്ചിലക്കാടുകളും ഇടവഴികളും കൗതുകങ്ങളും നമ്മുടെ ഓര്‍മ്മയിലേക്ക്‌ ചേര്‍ത്തുപിടിക്കുന്ന പന്ത്രണ്ട്‌ കഥകളുടെ സമാഹാരമാണ്‌ കാടേറ്റം എന്ന പുസ്‌തകം. �കാടേറ്റം, സ്‌പന്ദനങ്ങള്‍, ചതുരക്കണ്ണുകള്‍ പിതൃദേവോഭവ, ഗൈഡ്‌, പൂച്ചെടക്കാരന്‍, കതിരുതേടി, അന്നപൂര്‍ണ്ണേശ്വരികള്‍, തണുപ്പ്‌, സിന്‍ഡ്രോം, ഞണ്ട്‌, ഉറവ്‌ എന്നീ കഥകളിലൂടെ മനുഷ്യന്‍ ജീവിക്കുന്നത്‌ ചില ചിഹ്നവ്യവസ്ഥകളിലൂടെ സൃഷ്‌ടിച്ചെടുക്കുന്ന ഒരു ലോകത്തിലാണെന്ന്‌ എഴുത്തുകാരി ഓര്‍മ്മപ്പെടുത്തുന്നു. കഥകളുടെ വികാസത്തിലൂടെ മൃത്യുവിനോടുള്ള രതിഭാവവും ഇരുള്‍പ്പരപ്പിലേക്ക്‌ വെളിച്ചത്തിന്റെ ഇഴകളും നര്‍ഗീസിന്റെ എഴുത്തില്‍ കടന്നുവരുന്നു. പ്രണയത്തെക്കുറിച്ച്‌, ജീവിതത്തെക്കുറിച്ച്‌ ചില അകംപുറം ചൂടിന്റെ തിളച്ചുമറിയലിലൂടെയാണ്‌ ഈ കഥകള്‍ വായനക്കാരന്റെ മനസ്സിലേക്ക്‌ പ്രവേശിക്കുന്നത്‌. കഥയുടെ തിളച്ചുമറിയലില്‍ ഗ്രാമീണസത്യങ്ങളുടെ അടയാളമുണ്ട്‌. ആസരതകളോടെ കാലം വാ പിളര്‍ത്തുമ്പോഴും നന്മയുടെ ഉറവകളെ സ്വപ്‌നം കാണുന്ന കഥകള്‍. താളഭംഗം വന്ന ജീവിതവും ചിതലരിച്ച പ്രണയങ്ങളും ചോരത്തിളപ്പിന്റെ ആവേശവും ഉല്‍ക്കണ്‌ഠയും നര്‍ഗീസിന്റെ കഥളില്‍ ഇഴചേര്‍ന്നിട്ടുണ്ട്‌. പുതിയ കാലത്തിന്റെ നിസ്സംഗതയോടും സങ്കുചിതത്തോടുമുള്ള പ്രതിഷേധവും പ്രതിബോധവും കഥകളുടെ അടിയൊഴുക്കുകളാകുന്നുണ്ട്‌.

നഗരവിരുദ്ധതയുടെ പൊരുതിനില്‍പ്പും പതിഞ്ഞുനില്‍പ്പുണ്ട്‌. ചോദ്യചിഹ്നത്തിന്റെ വളവും ഒടിവുമായി നമ്മുടെ വായനയെ നേര്‍ക്കുന്ന കഥകളാണിത്‌. എന്നീ കഥകള്‍ തലമുറകളായി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളെ മുഖാമുഖം നിര്‍ത്തുന്നു.മനുഷ്യനെയും അവന്റെ ചുറ്റുപാടും ആഴത്തിലറിയാന്‍ കഴിയുക അനുപമമായ വരദാനമാണ്‌. ഇത്‌ നര്‍ഗീസിന്റെ രചനകളില്‍ സജീവസാന്നിദ്ധ്യമാണ്‌. 


അമീന, അസ്‌റ, കറീന്‍, സുഹാന, അമല, സൈദ, റസിയ, സോനാലലി, അമിത എന്നിവരെല്ലാം നര്‍ഗീസിന്റെ നായികമാരാണ്‌. ഇവരെല്ലാം പങ്കുപറ്റുന്നത്‌ എരിവുള്ള വാക്കുകള്‍ക്കൊപ്പം കരിമഷിയോ കരിതന്നെയോ പടര്‍ന്നു കലങ്ങിയ കണ്ണുകളാണ്‌. മരണം, തണുപ്പ്‌, കാറ്റ്‌ തുടങ്ങിയ പ്രതീകങ്ങള്‍ കഥകളില്‍ പലപാട്‌ കടന്നുവരുന്നു. കാടേറ്റം എന്ന കഥ നല്‍കുന്ന പാഠാവലിയും മറ്റൊന്നല്ല. ഏത്‌ ഇരുട്ടിലും വെളിച്ചത്തിന്റെ സാന്നിദ്ധ്യം അന്വേഷിച്ചറിയുന്ന എഴുത്തുകാരിയെ ഈ പുസ്‌തകത്തില്‍ കാണാം.�ഭാഷാതലത്തിലും ആവിഷ്‌കാരത്തിലും നര്‍ഗീസ്‌ ഷിഹാബ്‌ പരമ്പരാഗത ശൈലിയോട്‌ പൊരുതി മുന്നേറുന്നു. �ഭാഷാ നാഗരികതയുടെ ഉരഗസഞ്ചാരം അനുഭവിപ്പിക്കുന്ന രചനാ സങ്കേതമാണ്‌ കഥാകാരി സ്വീകരിച്ചത്‌. സാധാജീവിതങ്ങളെ അവയുടെ കരുത്തോടെ കുറിച്ചുവെച്ചു. പുതിയ സാഹിത്യത്തിന്റെതായി പറയാവുന്ന പൊതുസ്വഭാവം അത്‌ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരെ ആഖ്യാനത്തിലേക്ക്‌ കൊണ്ടുവരുന്നു എന്നതാണ്‌. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരോടൊപ്പം മുഖ്യധാരാ ട്രെന്റുകള്‍ക്കിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സത്യങ്ങളേയും സധൈര്യം വീണ്ടെടുക്കുന്നു എന്നതാണ്‌ നര്‍ഗീസ്‌ ഷിഹാബിന്റെ കഥകളെ നിസ്‌തുലമാക്കുന്നത്‌.� നാട്ടുവഴക്കത്തിന്റെ ഇടപെടലുകള്‍ കൊണ്ട്‌ നമ്മുടെ മഹിത സംസ്‌കാരത്തെ വീണ്ടെടുക്കാനുള്ള എഴുത്തുകാരിയുടെ ഉത്തരവാദിത്വം ഈ കഥാപുസ്‌തകം നിര്‍വ്വഹിക്കുന്നുണ്ട്‌.

കാടേറ്റം(കഥകള്‍) -നര്‍ഗീസ്‌ ഷിഹാബ്‌

്‌ഗ്രീന്‍ ബുക്‌സ്‌, തൃശൂര്‍ 60രൂപ
വാരാദ്യമാധ്യമം
2/06/2013

Wednesday, May 08, 2013

കഥയുടെ കന്മദം

കാഴ്‌ചയുടെയും മനനത്തിന്റെയും കഥകളാണ്‌ പി.കെ.പാറക്കടവിന്റെ കഥാലോകം. വര്‍ത്തമാനകാലത്തിന്റെ സങ്കീര്‍ണ്ണതയും ഉല്‍കണ്‌ഠയും അടയാളപ്പെടുത്തുന്ന കഥകള്‍. വഴിതെറ്റുന്ന യാത്രകളും ഒടുക്കം ലോകത്തിലേക്ക്‌ പടിയിറങ്ങുന്ന വിലാപയാത്രകളും ഇഴചേര്‍ത്തെഴുതിയ ഈകഥകളില്‍ പ്രണയത്തിന്റെ രക്തധമനികളും വിരഹത്തിന്റെ കനല്‍പ്പാടുമുണ്ട്‌. വേട്ടക്കാരന്റെ നിതാന്ത ജാഗ്രതയോടൊപ്പം ഇരയുടെ പിടച്ചിലും സൂക്ഷ്‌മമായി അനുഭവപ്പെടുത്തുന്നു. വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ ഖനിജങ്ങളെ വെളിപ്പെടുത്തുന്നു.
അന്വേഷണത്തിന്മേലുള്ള ഊന്നല്‍, കഥയുടെ ജൈവസ്വഭാവത്തിലുള്ള വിശ്വാസം, പൊള്ളയായ മൂല്യബോധത്തോടുള്ള നിരാസം എന്നിവ പാറക്കടവിന്റെ കഥയില്‍ പുതുകാലത്തിന്റെ ഉപസംസ്‌കാരമെന്ന നിലയില്‍ വരുന്നുണ്ട്‌. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച സങ്കല്‍പങ്ങളും ഈ കഥാകാരന്റെ രചനകളില്‍ പരുക്കനും ഒപ്പം സൂക്ഷ്‌മവുമായ സ്വരവിന്യാസത്തിന്‌ വഴങ്ങുന്നുണ്ട.്‌ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ്‌ പാറക്കടവിന്റെ കഥ പറയുന്നത്‌.
കണ്ടെടുപ്പിന്റെ മുഴക്കവും സൗന്ദര്യവും കഥയെഴുത്തുകാരുടെ വാക്കുകളില്‍ സ്വാഭാവികം. കഥ ജീവിത യാഥാര്‍ത്ഥ്യത്തെ സഹജവും ചൈതന്യപൂര്‍ണ്ണവുമായ ഊഷ്‌്‌മള വികാരത്തോടെ പ്രതിഫലിപ്പിക്കുന്നു. അത്‌ ജീവിതത്തിന്റെ നേര്‍ക്കുള്ള പ്രത്യര്‍പ്പണമായി മാറ്റിയെടുക്കുകയാണ്‌ വര്‍ത്തമാന കഥയെഴുത്തുകാര്‍.
ജീവിതത്തിന്റെ അടുത്ത്‌ നിന്നു രചന നിര്‍വ്വഹിക്കുന്ന കഥയെഴുത്തുകാരുടെ വലിയനിര തന്നെ മലയാളത്തിലുണ്ട്‌. സ്‌നേഹത്തിന്റേയും ആര്‍ദ്രതയുടേയും ആത്മീയതയുടേയും മൂല്യത്തെ പുനര്‍നിര്‍ണയിക്കുന്നതോടൊപ്പം സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ കാഴ്‌ചകളുടെ പ്രതലവും മലയാളകഥയില്‍ ഇഴചേര്‍ത്ത എഴുത്തുകാരുടെ നിരയിലാണ്‌ പി.കെ.പാറക്കടവിന്റെ ഇടം.
വികാരപരത നിയന്ത്രിച്ച്‌, കാഴ്‌ചപ്പാടിനും വിവരണത്തിനും സമചിത്തതയുടെ ദൃഢസ്വരം നല്‍കുന്ന ഈ കഥാകൃത്ത്‌. പ്രകൃതിയും മനുഷ്യമുഗ്‌ധതകളും മേളിച്ചു നില്‍ക്കുന്ന കഥകള്‍ സംവേദനാത്മകതയും ബഹുസ്വരതയും പാഠതലത്തിലേക്ക്‌ കൊണ്ടുവരുന്നു. അതിനാല്‍ പാറക്കടവിന്റെ രചനകള്‍ ചാട്ടുളിപോലെ വായനക്കാരന്റെ മനസ്സില്‍ ആഞ്ഞുപതിക്കുന്നു. അവ ഓര്‍ക്കാപ്പുറത്ത്‌ പൊട്ടുന്ന അമിട്ടുകളാണ്‌. ജീവിതത്തിന്റെ സമസ്‌തതലങ്ങളിലേക്കും യഥേഷ്‌ടം വ്യാപരിക്കുന്ന കഥാകൃത്ത്‌ ജീവിതത്തെ അതിസൂക്ഷ്‌മ നിരീക്ഷണത്തിന്‌ വിധേയമാക്കുന്നു. ഗ്രാമീണത്തനിമയോടൊപ്പം കറുത്ത ഫലിതവും ഈ കഥാകാരന്റെ ആവിഷ്‌കാരതലത്തില്‍ പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളുടെ നിര്‍ത്ഥകതയും അന്യതാബോധവും പ്രശ്‌നങ്ങളുടെ നൈതികതയില്‍ തൊട്ടുകൊണ്ട്‌ സജീവമായി ചര്‍ച്ചചെയ്യുന്ന പി.കെ.പാറക്കടവിന്റെ ഏറ്റവും പുതിയ കഥാസാമാഹാരമാണ്‌ `കഥ പാറക്കടവ്‌'.
പാറക്കടവ്‌ എഴുത്തുകാരനല്ല; എഴുത്തുകള്‍ക്ക്‌ മധ്യത്തിലെ വരകള്‍ മായ്‌ച്ചുകളയുന്ന കഥപറച്ചിലുകാരനാണ്‌. മായ്‌ച്ചു കളയുന്ന ആ വരകളുടെ ചുവടെ കൊച്ചുകഥ എന്ന്‌ എഴുതി അദ്ദേഹം ഒരു ചിരി ചിരിക്കുന്നു.അതിനാല്‍ പാറക്കടവിന്റെ കഥാലോകം തുറന്നിടാന്‍ അല്‍പം ബുദ്ധിയും സമയവും വിനിയോഗിക്കേണ്ടതുണ്ട്‌. `കഥ പാറക്കടവ്‌' എന്ന പുസ്‌തകത്തിലെ 137 കഥകളും ഗദ്യത്തിന്റെയും പദ്യത്തിന്റെയും ഉഭയദശ പ്രതിനിധാനം ചെയ്യുന്നു. കഥയുടെ ഒരു മാതൃക: `ഇരുള്‍ തിങ്ങിനിറഞ്ഞ ചായ്‌പില്‍ ഒളിച്ചിരിക്കാമെന്ന്‌ നിന്റെ വ്യാമോഹം. കത്തിയുടെ വാള്‍ത്തലയുടെ തിളക്കമായി, വെളിച്ചമായി ഞാന്‍ നിന്നെ തേടിയെത്തുന്നു. ചായ്‌പിലെ ഇതുളകലുന്നു. പ്രകാശം കൊണ്ടൊരു സുന്ദരമേനി.'- (ചായ്‌പ്‌ എന്ന കഥ). കഥ സംസ്‌കാരത്തിന്റെ തനതായ ഉറവകളിലേക്ക്‌ പോവുകയാണെന്ന ആശയം പാറക്കടവിന്റെ രചനകളുടെ അന്തരീക്ഷത്തിലുണ്ട്‌. ഉള്ളിലെ �ഭാവങ്ങളെ ബാഹ്യവല്‍ക്കരിക്കുന്ന ഒരു രസബോധം. കഥയെഴുത്ത്‌ സാമൂഹ്യ ശുദ്ധീകരണക്രിയയായാണ്‌ ഈ കഥപറച്ചിലുകാരന്‍ കണ്ടെടുക്കുന്നത്‌. അതുകൊണ്ടുതന്നെ ഗദ്യത്തിന്റെ കാവ്യപരമായ വിനിയോഗം സൂക്ഷ്‌മതയോടെ അടയാളപ്പെടുത്തുന്നു.
വിശപ്പ്‌ എന്ന കഥയില്‍ എഴുതുന്നു:``സൈബര്‍ കഫേയുടെ തണുപ്പിലേക്ക്‌ കയറി അവള്‍ വാതിലടച്ചു.` ചൂടുള്ളതെന്തെങ്കിലും' അയാള്‍ പറഞ്ഞു. കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ വിരലുകള്‍ അമര്‍ത്തിയതിനും കെട്ടിയിട്ട ചുണ്ടെലിയെ ചലിപ്പിച്ചെതിനുമൊടുവില്‍ കമ്പ്യൂട്ടറില്‍ നിന്നിറങ്ങിവന്നത്‌ പൂര്‍ണ്ണ നഗ്നയായ ഒരു യുവതി. പിന്നെ കത്തിയും മുള്ളും''. ഇങ്ങനെ ജീവിതത്തിന്റെ മേച്ചില്‍പുറങ്ങളെ പാറക്കടവ്‌ സൂക്ഷ്‌മതയോടെ അവതരിപ്പിക്കുന്നു. കുറഞ്ഞ വാക്കുകളില്‍ വിസ്‌തൃത ലോകമാണ്‌ ഇദ്ദേഹത്തിന്റെ ശൈലി. യാഥാര്‍ത്ഥ്യത്തേയും കല്‍പനയേയും സംബന്ധിക്കുന്ന ഗൂഢാര്‍ത്ഥദ്യോതകമായ ഒരുപാട്‌ അര്‍ത്ഥങ്ങള്‍ക്കൊണ്ട്‌ വായനക്കാരന്റെ മനസ്സും ചിന്തയും പൊള്ളിക്കുകയാണ്‌ പാറക്കടവ്‌.
`പാതയുടെ അവസാനം കണ്ടെത്താനാണ്‌ അയാള്‍ യാത്രയാരംഭിച്ചത്‌. പകുതി ദൂരം പിന്നിട്ടപ്പോള്‍ അയാള്‍ക്ക്‌ സംശയം. പാതയുടെ ആരംഭമെവിടെയായിരുന്നു. അയാള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങങ്ങി-(ലക്ഷ്യം എന്ന കഥ). ഫലിതബോധത്തിന്റെ സജീവയില്‍ തിളച്ചുമറിയുന്ന വിമര്‍ശനമുന കാത്തുസൂക്ഷിക്കാനും കഥാകാരന്‍ തയാറാകുന്നു. കേരളം എന്ന കഥ നോക്കുക:
ശങ്കരന്‍ വീണ്ടും തെങ്ങിന്മേല്‍ കേറി.
രണ്ട്‌ പെപ്‌സി. ഒരു സെവന്‍ അപ്‌. മൂന്ന്‌ കൊക്കോകോള. ഇത്രയും താഴേക്കെറിഞ്ഞു.'
പ്രണയവും സ്‌ത്രീജീവിതവും വരച്ചിടുമ്പോള്‍ കഥാകാരന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നു. ഉദാസീനതയെ ധിക്കരിക്കുന്ന എഴുത്തുകാരന്റെ മാനുഷികത ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നിമിഷങ്ങളും ഈ പുസ്‌തകത്തില്‍ കാണാം.
`ഒരു പൂ ചോദിച്ചു. ഞാനൊരു പുഷ്‌പചക്രം നല്‍കി.
ഒരു പുടവ ചോദിച്ചു. ഞാനൊരു ശവക്കച്ച നല്‍കി.
ഇത്തിരി തീ ചോദിച്ചു, ഞാനൊരു ചിത തന്നെയൊരുക്കി- (ദാനം).
നര്‍മ്മവും നിര്‍മമതയും മിക്കവാറും കഥയിലൊളിപ്പിക്കുന്നതു കൊണ്ടുകൂടിയാണ്‌ ഇത്തരം രചനകള്‍ നമുക്ക്‌ പ്രിയപ്പെട്ടതാകുന്നത്‌.
`ആദ്യം അവനെത്തൊട്ട്‌ അവളോടി. അവളെ പിന്തുടര്‍ന്ന്‌ ഓടിയോടി അവന്‍ അവളെതൊട്ടു.
ഇപ്പോള്‍ അവന്റെ ഊഴമാണ്‌. അവന്‍ ഓടിയോടി ഭൂമിവാതില്‌ക്കലെത്തി.
അവള്‍ അവനെ തൊടാനെത്തി അറച്ചുനിന്നു.
ഇനിയും ഓടിയാല്‍ അവന്‍ ഭൂമിയില്‍ നിന്നും പുറത്താകും'-(ഭൂമിവാതില്‍ക്കല്‍ എന്ന കഥ)
കാലം നക്ഷത്രങ്ങള്‍ കൊരുത്തെടുത്ത്‌ നഭസ്സൊരുക്കുമ്പോലെയാണ്‌ പാറക്കടവ്‌ കഥയെഴുതുന്നത്‌. അതില്‍ ജീവിതത്തിന്റെ രക്തിവും കണ്ണൂരിന്റെ ഉപ്പും കിനാവിന്റെ മുന്തിരിച്ചാറും ഒരുപോലെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. പാറക്കടവിന്റെ രചനകളില്‍ ഫിലോസഫിയുണ്ട്‌. ജീവിതത്തിന്റെ കടലിരമ്പവും പ്രാണന്റെ തുടിപ്പും. അതാ ചെടികള്‍ക്കിടയില്‍ അയാള്‍ എന്ന കഥ മുതല്‍ കാക്ക വരെ 137 കൊച്ചുകഥകളാണ്‌ ഈ പുസ്‌തകത്തില്‍. ആഖ്യാനത്തിലുടനീളം കവിതയുടെ കന്മദം ഏറ്റിനില്‍ക്കുന്ന കഥകള്‍.
വായനാമുറി-ചന്ദ്രിക വാരാന്തപ്പതിപ്പ്‌ മെയ ്‌5, 2013 

Wednesday, March 06, 2013

മഞ്ഞുകാല കഥകള്‍

                                     മഞ്ഞുകാല കഥകള്‍ പ്രകാശനം ചെയ്‌തു
കേരള സാഹിത്യ അക്കാദമി ദേശീയ പുസ്‌തകോത്സവ വേദിയില്‍ ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച മൂന്നു പുസ്‌തകങ്ങള്‍ പ്രകാശിതമായി. കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ മഞ്ഞുകാല കഥകള്‍ ഗായത്രിക്കു നല്‍കി വൈശാഖന്‍ പ്രകാശനം ചെയ്‌തു. പ്രകാശന്‍ ചുനങ്ങാടിന്റെ മുക്കുറ്റികള്‍ പൂക്കുന്ന ഗ്രാമം എന്ന നോവല്‍ വൈശാഖന്‍ പ്രൊഫ.. കെ.കെ ഹിരണ്യനു നല്‍കി പ്രകാശനം ചെയ്‌തു. എം ഗോകുല്‍ദാസിന്റെ മഴ പെയ്യുമ്പോള്‍്‌ എന്ന പുസ്‌തകം ഡോ.റോസി തമ്പിക്കു നല്‍കി അശോകന്‍ ചരുവില്‍ പ്രകാശനം ചെയ്‌തു. കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, പ്രകാശ്‌ ഒറ്റപ്പാലം, എന്‍. ബാലകൃഷ്‌ണന്‍. പ്രകാശന്‍ ചുനങ്ങാട്‌, എം ഗോകുല്‍ദാസ്‌ പ്രസംഗിച്ചു

Thursday, January 24, 2013

മഞ്ഞുകാലകഥകള്‍


എന്റെ പുതിയ പുസ്‌തകം പ്രസിദ്ധീകരിച്ചു. മഞ്ഞുകാലകഥകള്‍-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍- ലിപി പബ്ലിക്കേഷന്‍സ്‌, കോഴിക്കോട്‌. 175രൂപ 

Tuesday, October 30, 2012

ഇന്ത്യന്‍സിനിമ 100 പിന്നിടുമ്പോള്‍

1895 ഡിസംബര്‍ 28-ന്‌ പാരീസിലെ ഗ്രാന്റ്‌കഫേയില്‍ ലോകസിനിമക്ക്‌ ലൂമിയര്‍ സഹോദരന്മാര്‍ തുടക്കം കുറിച്ചു. ക്യാമറ കണ്ണുകളിലൂടെ ജീവിതത്തിന്റെ വ്യത്യസ്‌ത തലങ്ങള്‍ പ്രേക്ഷകന്‌ മുന്നിലെത്തി. ഏതാണ്ട്‌ ഇതേ കാലയളവില്‍ തന്നെ ഇന്ത്യയിലും സിനിമാപ്രദര്‍ശനം നടന്നു. 1896 ജൂലൈ 7-ന്‌ `ഈ നൂറ്റാണ്ടിന്റെ അല്‍ഭുതം ഇന്നുമുതല്‍ വാട്ട്‌സണ്‍ ഹോട്ടലില്‍' എന്നിങ്ങനെ ഇന്ത്യയിലെ ചലച്ചിത്ര പ്രദര്‍ശനത്തിന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ വിശേഷണം നല്‍കി. ഒരു തീവണ്ടി വരവ്‌, സമുദ്രസ്‌നാനം, ഒരു ആക്രമണം എന്നിവയായിരുന്നു അന്ന്‌ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍. പിന്നീടുള്ള നാളുകളില്‍ ദൃശ്യ-ശ്രാവ്യ ഭാഷയിലൂടെ ജീവിതത്തെ വെള്ളിത്തിര അപഗ്രഥിച്ചു; വ്യാഖ്യാനിച്ചു വിനിമയം ചെയ്‌തു. ഇന്ത്യന്‍ സിനിമയുടേയും ലോകസിനിമയുടേയും ചരിത്രം സാങ്കേതികാര്‍ത്ഥത്തില്‍ ഒരു നൂറ്റാണ്ടാണ്‌. രാജ്യത്തിന്റേയും സമൂഹത്തിന്റേയും വ്യക്തികളുടേയും സംഘര്‍ഷങ്ങളുടെ ഭാവപകര്‍ച്ചകളിലൂടെയാണ്‌ ചലച്ചിത്രം വികസിച്ചത്‌.
വിദേശചിത്രങ്ങളെ അനുകരിച്ചും മറാത്തി നാടകങ്ങളെ അടിസ്ഥാനമാക്കിയുമാണ്‌ ഇന്ത്യന്‍സിനിമ ആദ്യകാലത്ത്‌ മുന്നോട്ട്‌ നീങ്ങിയത്‌. മറാത്തി നാടകം ക്യാമറയില്‍ പകര്‍ത്തിയാണ്‌ ഇന്ത്യന്‍സിനിമയ്‌ക്ക്‌ തുടക്കം കുറിച്ചത്‌. 1912-ല്‍ പുറത്തിറങ്ങിയ രാമചന്ദ്രഗോപാലിന്റെ `പുണ്‌ഡലിക്‌' എന്ന സിനിമ. എന്നാല്‍ 1913 മെയ്‌3-ന്‌ പ്രദര്‍ശനത്തിനെത്തിയ ദാദാ സാഹിബ്‌ ഫാല്‍ക്കെ ഇന്ത്യയില്‍ പൂര്‍ണമായും ചിത്രീകരിച്ച ചിത്രമാണ്‌ `രാജാഹരിശ്ചന്ദ്ര'. ഈ ചിത്രത്തിന്റെ നിര്‍മ്മിതിയിലൂടെ ഫാല്‍ക്കെ ഇന്ത്യന്‍ചലച്ചിത്ര വ്യവസായത്തിന്റെ സ്ഥാപകനായി.
ജര്‍മ്മന്‍ യാത്രയ്‌ക്കിടെ ഫാല്‍ക്കെ കണ്ട `ദി ലൈഫ്‌ ഓഫ്‌ ക്രൈസ്റ്റ'്‌ എന്ന നിശബ്‌ദ ചിത്രമാണ്‌ രാജാഹരിഹരിശ്ചന്ദ്ര നിര്‍മ്മിക്കാന്‍ പ്രചോദനമായത്‌. രാമായണത്തിലും മഹാഭാരത്തിലും പരാമര്‍ശിക്കപ്പെടുന്ന ഇതിഹാസതുല്യനായ കഥാപാത്രമാണ്‌ ഹരിശ്ചന്ദ്രന്‍, വിശ്വാമിത്ര മഹര്‍ഷിക്ക്‌ കൊടുത്ത വാഗ്‌ദാനം പാലിക്കാന്‍ രാജ്യം ഉപേക്ഷിച്ച ഹരിശ്ചന്ദ്രന്‌ ഈശ്വരന്‍ നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചു നല്‍കി. അദ്ദേഹത്തെ അനുഗ്രഹിക്കുന്നു. ഈ കഥാസന്ദര്‍ഭമാണ്‌ ഫാല്‍ക്കെ ചിത്രം. ധാര്‍മ്മികതയുടെ വിജയമാണ്‌ രാജാഹരിശ്ചന്ദ്ര ഉദ്‌ഘോഷിച്ചത്‌. ബോംബെയിലെ കോറണേഷന്‍ തിയേറ്ററിലായിരുന്നു സിനിമയുടെ പ്രദര്‍ശനം നടന്നത്‌. സാമൂഹിക അസ്‌പൃശ്യത കാരണം സ്‌ത്രീകള്‍ സിനിമയില്‍ അഭിനയിച്ചിരുന്നില്ല. അതിനാല്‍ പുരുഷന്മാരാണ്‌ സ്‌ത്രീവേഷം ചെയ്‌തത്‌. ഫാല്‍ക്കെയായിരുന്നു ഇന്തയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോയുടെ സ്ഥാപകനും. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള `രാജാഹരിശ്ചന്ദ്ര'യുടെ തിരക്കഥയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചത്‌ ഫാല്‍ക്കെയാണ്‌. രാജാഹരിശ്ചന്ദ്ര എന്ന നിശബ്‌ദചിത്രത്തെ പിന്‍പറ്റിയാണ്‌ പതിനെട്ടുവര്‍ഷം ഇന്ത്യന്‍സിനിമ സഞ്ചരിച്ചത്‌.
1931-ല്‍ അര്‍ദേഷീര്‍ ഇറാനി നിര്‍മ്മിച്ച `ആലം ആര'യില്‍ ഇന്ത്യന്‍സിനിമ ശബ്‌ദിക്കാനാരംഭിച്ചു.1935-ല്‍ `ദേവദാസ്‌' പ്രദര്‍ശനത്തിനെത്തി. കെ.എസ്‌.സൈഗള്‍ അഭിനയിച്ച ഈ സിനിമ വന്‍ജനപ്രീതി നേടി. ശബ്‌ദചിത്രകാലഘട്ടത്തിലെ ജനപ്രീതി നേടിയ ആദ്യനടന്‍ സൈഗളാണ്‌. സംഗീതാലാപന ശൈലിയാണ്‌ ഈ നടനെ പ്രശസ്‌തനാക്കിയത്‌. 1937-ല്‍ ഇറാനി തന്നെ നിര്‍മ്മിച്ച `കിസാന്‍ കന്യ'യാണ്‌ ഇന്തയിലെ ആദ്യത്തെ വര്‍ണ്ണ സിനിമ. 1967-ല്‍ രാജ്‌കപൂര്‍ നിര്‍മ്മിച്ച `എറൗണ്ട്‌ ദ വേള്‍ഡ്‌' എന്ന ചിത്രമാണ്‌ ഇന്ത്യയിലെ ആദ്യത്തെ 70 എം എം സിനിമ. കാകസ്‌ കാഫൂല്‍ (നിര്‍മ്മാണം ഗുരുദത്ത്‌) ആണ്‌ ആദ്യത്തെ സിനിമാസ്‌കോപ്പ്‌ ചിത്രം. സാങ്കേതികമായ വികാസത്തോടൊപ്പം ഇന്ത്യന്‍സിനിമ കലാപരമായും വളര്‍ന്നുകൊണ്ടിരിക്കുന്നു. ബോംബെ ടാക്കിസീന്റെ പരമ്പരാഗത വാണിജ്യമൂല്യ ചിത്രങ്ങളോടൊത്ത്‌ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പരീക്ഷണ ചിത്രങ്ങള്‍ പുറത്തിറങ്ങി. കലാപരവും ജീവിതയാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളുന്ന തിരഭാഷ സജീവമായി.
1936-ല്‍ ഹിമാംശു റായുടെ `അചള കന്യ' എന്ന സിനിമ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്‌തു. ദുനിയാമാനയ്‌, പഡോസി തുടങ്ങിയ ചിത്രങ്ങളും സാമൂഹികമായ ഇടപെടലുകള്‍ നടത്തി. കെ.എ. അബ്ബാസ്‌ നിര്‍മ്മിച്ച നയാസന്‍സര്‍ (1941) നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ബാംഗാള്‍ ക്ഷാമത്തെ ചിത്രീകരിക്കുകയായിരുന്നു `ധര്‍ത്തികെ ലാല്‍' എന്ന സിനിമ. വിമല്‍റോയിയുടെ ദോ ബിഘാ സമീന്‍ (1953) കാന്‍ മേളയില്‍ അംഗീകാരം നേടി. ഇന്ത്യ കഥാചിത്രങ്ങളുടെ നിരയില്‍ നാഴിക്കല്ലാണ്‌ വിമല്‍റോയിയുടെ ഈ സിനിമ. കര്‍ഷകജീവിതത്തിന്റെ ശക്തമായ ആവിഷ്‌കാരമാണ്‌ ചിത്രം. വെനീസ്‌ ചലച്ചിത്ര മേളയില്‍ കലാമൂല്യ സിനിമയായി പരിഗണിച്ചത്‌ ഇന്ത്യയുടെ `സന്ത്‌തുക്കാറാം' എന്ന മറാത്തി സിനിമയായിരുന്നു.
ഹിന്ദി, ബംഗാളി എന്നീ ഭാഷകളെപോലെ ദക്ഷിണേന്ത്യന്‍ ഭാഷകളിലും സിനിമാനിര്‍മ്മാണം വളര്‍ച്ച നേടിക്കൊണ്ടിരുന്നു. മലയാളത്തില്‍ മാര്‍ത്താണ്‌ഡവര്‍മ്മ, വിഗതകുമാരന്‍ തുടങ്ങിയ നിശബ്‌ദചിത്രത്തിനുശേഷം 1938-ല്‍ എസ്‌ സുന്ദര്‍രാജ്‌ നിര്‍മ്മിച്ച `ബാലന്‍' ശബ്‌ദിക്കാന്‍ തുടങ്ങി. ബാലനായി കെ.കെ.അരൂര്‍ അഭിനയിച്ചു. പ്രഹാളാദനും ജ്ഞാനാംബികയും പ്രദര്‍ശനത്തിനെത്തി. നിര്‍മ്മല, വെള്ളിനക്ഷത്രം എന്നിവ പുറത്തിറങ്ങി. ജീവിതനൗക (1951) പ്രദര്‍ശനവിജയം നേടി. കണ്ടംവെച്ചകോട്ട്‌(1961) വര്‍ണ്ണത്തിലേക്കും പ്രവേശിച്ചു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ത്രീഡിയും പടയോട്ടം സിനിമാസ്‌കോപ്പും ആയി.
ടി.കെ.പരീക്കുട്ടി നിര്‍മ്മിച്ച്‌, പി.ഭാസ്‌കരനും രാമുകാര്യാട്ടും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത നീലക്കുയില്‍ (1954) വളരെക്കാലം മലയാളസിനിമയുടെ കഥാചിത്രഘടന നിര്‍ണയിച്ചു. പി.രാമദാസിന്റെ നേതൃത്വത്തില്‍ പരീക്ഷണചിത്രങ്ങള്‍ക്ക്‌ തുടക്കമിട്ടു. മലയാളത്തില്‍ നവസിനിമയുടെ ആരംഭമായി ന്യൂസ്‌പേപ്പര്‍ബോയ്‌ പ്രദര്‍ശനത്തിനെത്തി. സാമൂഹ്യവിഷയങ്ങള്‍ പശ്ചാത്തലമാകുന്ന ചിത്രങ്ങളാണ്‌ മലയാളത്തില്‍ ഏറെക്കാലം പുറത്തിറങ്ങിയത്‌. നിരവധി നോവലുകളും കഥകളും തിരക്കഥയായിമാറി. ഓളവും തീരവും മുറപ്പണ്ണും ചെമ്മീനും മുടിയനായ പുത്രനും തിയേറ്ററിലെത്തി.
എഴുപതുകള്‍ മലയാളത്തില്‍ കലാമൂല്യചിത്രങ്ങളുടെ പരീക്ഷണത്തിന്‌ കരുത്ത്‌ പകര്‍ന്നു. അടൂരിന്റെ സ്വയംവരം, എം.ടിയുടെ നിര്‍മ്മാല്യം, ബക്കറിന്റെ കബനിനദി ചുവന്നപ്പോള്‍, അരവിന്ദന്റെ ഉത്തരായണം, കെ.ജി.ജോര്‍ജിന്റെ സ്വപ്‌നാടനം, കെ.പി.കുമാരന്റെ അതിഥി, കെ.ആര്‍.മോഹന്റെ അശ്വത്ഥാമാവ്‌, പത്മരാജന്റെ ഒരിടത്തൊരു ഫയല്‍മാന്‍, ജി.എസ്‌.പണിക്കരുടെ ഏകാകിനി, ഷാജി എന്‍ കരുണിന്റെ പിറവി എന്നിങ്ങനെ തെന്നിന്ത്യയില്‍ മലയാളം വേറിട്ടൊരു വഴിയിലൂടെ ഇന്ത്യന്‍ തിരശീലയില്‍ പ്രശസ്‌തി നേടി. കന്നഡയില്‍ `മദര്‍ഇന്ത്യ' കര്‍ഷകരുടെ പ്രശ്‌നം വെള്ളിത്തിരയില്‍ വരച്ചുചേര്‍ത്തു. നര്‍ഗീസിന്‌ ഏറ്റവും മികച്ച നടിക്കുള്ള അംഗീകാരം കാന്‍മേളയില്‍ ലഭിച്ചത്‌ `മദര്‍ഇന്ത്യ'യിലെ അഭിനയത്തിനാണ്‌. ഈ ചിത്രം ഓസ്‌കാര്‍ നോമിനേഷനും അര്‍ഹമായി. തമിഴില്‍ അന്തനാള്‍, ഹിന്ദിയില്‍ കാന്തൂന്‍ എന്നിവ ഗാനങ്ങള്‍ ഒഴിവാക്കി.
സത്യജിത്‌റേയുടെ പഥര്‍പഞ്ചാലി എന്ന സിനിമ ലോകവേദിയില്‍ ഇന്ത്യന്‍ ചലച്ചിത്രസംസ്‌കാരത്തിന്‍ പുതിയ ഭാഷയും ഭാവവും പകര്‍ന്നു. കലാപരമായ സമീപനം ഉള്‍പ്പെടുന്ന സിനിമകളുടെ നിരയില്‍ റേയുടെ അപുത്രയം, ജല്‍സര്‍, ചാരുലത, ഋച്വിക്‌ ഘട്ടകിന്റെ സുവര്‍ണ്ണരേഖ, അജാന്ത്രിക്‌, നാഗരിക്‌, മൃണാസെന്നിന്റെ ഇന്റര്‍വ്യൂ, കല്‍ക്കട്ട 71, ശ്യാം ബെനഗലിന്റെ അങ്കുര്‍, കുമാര്‍ സാഹ്നിയുടെ മായാദര്‍പ്പണ്‍, മണികൗളിന്റെ ഉസ്‌കിറോട്ടി, സത്യുവിന്റെ ഗരംഹവ, അവ്‌ദാര്‍കൗളിന്റ 27ഡൗണ്‍, കന്നഡയില്‍ ഗിരീഷ്‌ കര്‍ന്നാടിന്റെ കാട്‌, വി.ബി.കാരന്തിന്റെ ചോമനധുഡി, തമിഴില്‍ ജയകാന്തന്റെ ഉന്നെപോല്‍ ഒരുവന്‍, കെ.ബാലചന്ദ്രറിന്റെ തണ്ണീര്‍തണ്ണീര്‍, മലയാളത്തില്‍ ജോണ്‍ എബ്രാമിന്റെ സിനിമകള്‍, പുതിയ കാലത്ത്‌ അപര്‍ണാസെന്നിന്റെ മിസ്റ്റര്‍ ആന്റ്‌ മിസ്സിസ്‌, ചൗരംഗിലെയിന്‍, ദീപാമേത്തയുടെ വാട്ടര്‍, കേതന്‍മേത്തയുടെ ഭവാനി ഭവായ്‌, മിര്‍ച്ചമസാല, ഉല്‍പലേന്ദു ചക്രവര്‍ത്തിയുടെ ചോക്ക്‌, ഗോവിന്ദ്‌ നിഹലാനിയുടെ ആക്രോശ്‌, മോഹന്‍ പത്രയുടെ മായാമൃഗ്‌ തുടങ്ങി ജീവിതത്തിന്റെ അകംപുറം കാഴ്‌ചകളുടെ കനലുകള്‍ക്കൊണ്ട്‌ തിരഭാഷയുടെ അവബോധം സൃഷ്‌ടിച്ചു. ഇത്തരം ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ കരുത്തും സൗന്ദര്യശാസ്‌ത്രവും അടയാളപ്പെടുത്തുന്നു.
പ്രദര്‍ശനവിജയത്തിലും ചേരുവകളിലും ഇടപെടുകയും പുതുമ സ്വീകരിക്കുകയും ചെയ്യുന്ന ചലച്ചിത്ര സംസ്‌കാരമാണ്‌ ഇന്ത്യയിലുള്ളത്‌. അത്‌ ലോകസിനിമയോടൊത്ത്‌ നില്‍ക്കുകയും ചെയ്യുന്നു. നവീനമായ ആഖ്യാനത്തിനും പ്രേക്ഷണശീലത്തിനും വിസ്‌മയം തീര്‍ക്കാന്‍ സാധിക്കുന്നു എന്നതാണ്‌ ഇന്ത്യന്‍സിനിമയുടെ നൂറുവര്‍ഷത്തിന്റെ സാക്ഷ്യപത്രം.

Thursday, August 16, 2012

എന്റെ പുതിയ പുസ്തകം:


മഞ്ഞുകാലകഥകള്‍-ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്‌ 

Tuesday, July 31, 2012

സംഗീതമേ ജീവിതം


സംഗീതമേ ജീവിതം
എഡിറ്റര്‍: കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ലിപി പബ്ലിക്കേഷന്‍സ്, കോഴിക്കോട്
വില-225രൂപ
ഗായകന്‍ യേശുദാസിനെപ്പറ്റിയുള്ള സമഗ്ര പഠന കൃതി. എഴുത്തുകാര്‍, രാഷ്ട്രീയരംഗത്തെ പ്രഗല്‍ഭര്‍, നടന്മാര്‍, സംവിധായകര്‍, സംഗീതജ്ഞര്‍, ഗായകര്‍, ഗാനരചയിതാക്കള്‍ എന്നിങ്ങനെ വിവിധ മേഖലയിലെ 76 പേരുടെ ലേഖനങ്ങള്‍. അഴീക്കോട്, എം.എന്‍.വിജയന്‍, പെരുമ്പടവം ശ്രീധരന്‍, വി.ആര്‍.സുധീഷ്, വി.ടി.മുരളി, സുനില്‍ പി ഇളയിടം, കെ.എം.നരേന്ദ്രന്‍, ഡോ.ഓമനക്കുട്ടി, ലീല ഓംചേരി, ഡോ.സുലോചന, ചെമ്പൈ ശ്രീനിവാസന്‍, ഒ.എന്‍.വി, കെ.ജയകുമാര്‍, ബിച്ചുതിരുമല, കൈതപ്രം, പ്രിയ എ.എസ്, നടന്‍ മധു, മമ്മൂട്ടി, മോഹന്‍ലാല്‍, മുരളി, ജയറാം, കവിയൂര്‍പൊന്നമ്മ, എം.എ.ബേബി, ഡോ.എം.കെ.മുനീര്‍, പന്തളം സുധാകരന്‍, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, രവീന്ദ്രന്‍, ഇളയരാജ, രവീന്ദ്ര ജെയ്ന്‍,എസ്.പി.ബാലസുബ്രഹ്മണ്യം, ജയചന്ദ്രന്‍, ജാനകി, ചിത്ര തുടങ്ങിയവര്‍ എഴുതുന്നു. നിരീക്ഷണം, അനുഭവം, അഭിമുഖം, ജീവിതരേഖ എന്നിങ്ങനെ നാലുഭാഗങ്ങള്‍. ഫോട്ടോകളും സഗീറിന്റെ വരകളും ചേര്‍ത്തിട്ടുണ്ട്. അവതാരിക യൂസഫലി കേച്ചേരി. സംഗീതപ്രിയര്‍ക്ക് റഫറന്‍സ് ഗ്രന്ഥം.
-ചന്ദ്രിക വാരാന്തപ്പതിപ്പ് 29/7

Saturday, July 21, 2012

അവാര്‍ഡ് 2011 ചാഞ്ഞിരുന്ന് സിനിമ കാണുമ്പോള്‍


നവസിനിമ, സമാന്തരസിനിമ, കമ്പോളസിനിമ എന്നീ സവിശേഷ പ്രയോഗവിധികള്‍ കൂട്ടിയിണക്കാന്‍ പറ്റുമോ? ചെയര്‍മാന്‍ ഭാഗ്യരാജും ജൂറിയംഗങ്ങളും നിര്‍വഹിച്ച കൃത്യവും മറ്റൊന്നല്ല. രഞ്ജിത്തിന് നല്ല ചിത്രം, ബ്ലെസിക്ക് നല്ല സംവിധാനം, ദിലീപിന് നടനവൈഭവം, ജഗതിക്ക് മികച്ച ഹാസ്യം, നവാഗതന്‍ ഷെറി, തിരക്കഥ സഞ്ജ്‌ബോബി. അവാര്‍ഡാനന്തര വിവാദ ചര്‍ച്ചകള്‍ക്ക് ഉത്തരം. പക്ഷേ, ഈ തീരുമാനത്തില്‍ ജൂറിയുടെ കണ്ണുകളില്‍ പതിയാതെപോയ ഒരു ചിത്രമുണ്ടായിരുന്നു മേല്‍വിലാസം. അവാര്‍ഡ് പട്ടികയില്‍ ഒരിടത്തും മേല്‍വിലാസമില്ലാതെപോയി. സാള്‍ട്ട് ആന്റ് പെപ്പറിലെ ബാബുരാജിന്റെ അഭിനയവും ഇന്ത്യന്‍ റുപ്പിയില്‍ തിലകന്‍ ചെയ്ത വേഷവും വഴിമാറുന്ന സിനിമാകാഴ്ചയില്‍ ഇടം പിടിച്ചില്ല.
പാശ്ചാത്യനാടുകളിലെ വ്യവസായ സമൂഹത്തിന്റെ ആവിഷ്‌കാരരീതികളെയും ആസ്വാദനശീലങ്ങളെയും തൃപ്തിപ്പെടുത്താന്‍ മലയാളസിനിമയ്ക്ക് കഴിഞ്ഞെന്നുവരില്ല. എന്നാല്‍, വ്യവസായ പുരോഗതിയില്‍ അത്രയൊന്നും മലിനപ്പെടാത്ത മലയാളസിനിമ ഒരു കാര്‍ഷിക ഫ്യൂഡല്‍ വ്യവസ്ഥയെ പിന്‍പറ്റുന്ന സമൂഹത്തിലേക്ക് എങ്ങനെ പ്രവേശിക്കുന്നു എന്നത് പരിശോധിക്കേണ്ടതാണ്. ചാപ്പാകു രിശും അകവും ഉന്നയിക്കുന്ന പ്രശ്‌നവുമാണിത്.
ഓരോ പ്രദേശത്തിനും തനതായ സംസ്‌കാരവും ഭാഷയും ആവിഷ്‌കാരരീതികളുമുണ്ട്. ഒരേ സമയം ഏകവും വിഭിന്നവുമായി നിലകൊള്ളുന്ന ഒരു ജനതയ്ക്കു വേണ്ടി നിര്‍മിക്കുന്ന സിനിമയുടെ രൂപം എന്തായിരിക്കണം എന്നതാണ് മലയാള ചലച്ചിത്ര പുര്‌സകാര നിര്‍ണയത്തില്‍ മുഖ്യമായും മാനദണ്ഡമാകേണ്ടത്. വെള്ളരിപ്രാവിന്റെ ചങ്ങാതിയില്‍ നടനെ കണ്ടെത്തിയപ്പോള്‍ ജൂറി, പ്രണയത്തില്‍ അനുപംഖറിന്റെ പരിമിതിയില്‍ നോട്ടം അവസാനിപ്പിച്ചു. പഴയകാല തമിഴ് ചേരുവയില്‍ തളംകെട്ടിനില്‍ക്കുന്ന ഭാര്യരാജിന് സന്തോഷിക്കാന്‍ ഇതില്‍പരം മറ്റെന്തുവേണം!
മലയാളസിനിമയെ സംബന്ധിച്ച് പ്രധാനപ്പെട്ട വര്‍ഷമായിരുന്നു 2011. തമിഴ്‌സിനിമയുടെ വിരസങ്ങളായ ചട്ടക്കൂടുകള്‍ക്കു മുന്നില്‍ തലകുനിച്ചു കൊണ്ടിരുന്ന മലയാളസിനിമയെ മലയാള‘ഭാഷയുടേയും സംസ്‌കൃതിയുടേയും തനിമയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച കുറെ യുവ ചലച്ചിത്ര പ്രവര്‍ത്തകരുടെ സജീവമായ സാന്നിദ്ധ്യമാണ് കഴിഞ്ഞ വര്‍ഷത്തിന്റെ ഈടുവെയ്പ്പ്.
ജൂറിയുടെ മുന്നിലെത്തിയ 41 ചിത്രങ്ങളില്‍ മേല്‍വിലാസം, ബ്യൂട്ടിഫുള്‍, ഇന്ത്യന്‍ റുപ്പി, സാള്‍ട്ട് ആന്റ് പെപ്പര്‍, ട്രാഫിക്, ചാപ്പാകുരിശ്, ആകാശത്തിന്റെ നിറം, ഇവന്‍ മേഘരൂപന്‍ (റിലീസ് ചെയ്തിട്ടില്ല) പ്രണയം, അകം, ആദിമധ്യാന്തം തുടങ്ങിയവ പുതിയ ചില ആലോചനകള്‍ക്കും തുടക്കമിട്ടു. മലയാളി പുതുമ കൊതിക്കുന്നു. പക്ഷേ, നവീനതയിലേക്ക് പ്രവേശിക്കുമ്പോള്‍ എന്തൊക്കെ തയാറെടുപ്പുകള്‍ വേണം? സിനിമയുടെ കഥയിലും ആവിഷ്‌കാരത്തിലും മാത്രമല്ല, നാം കാണാന്‍കൊതിക്കുന്ന സിനിമയെപ്പറ്റിയുള്ള ചില നന്മകളൊക്കെയാണ് ഈ ചിത്രങ്ങളില്‍ പ്രതിപാദിക്കപ്പെട്ടത്.
ഓരോ കലാരൂപവും കാലഘട്ടത്തിന്റെ സവിശേഷ നിര്‍മ്മിതി കൂടിയാണ.് കാലത്തിന്റേയും സാമൂഹികാന്തരീക്ഷത്തിന്റേയും സൂക്ഷ്മ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുമ്പോഴാണ് കലാരൂപംപൂര്‍ണ്ണതയിലെത്തുന്നത.്ചലച്ചിത്രങ്ങളും മാറിനില്‍ക്കുന്നില്ല. സിനിമ പ്രജ്ഞയുടെയും അന്വേഷണത്തിന്റെയും മാറ്റുരയ്ക്കലാണെന്ന് തിരിച്ചറിയുന്നവര്‍, കാലത്തിന് നേരെ പിടിക്കുന്ന കണ്ണാടിയായി സിനിമയെ മാറ്റീത്തീര്‍ക്കുന്നു. മേല്‍വിലാസം പോലുള്ള ചിത്രങ്ങള്‍ ഇങ്ങനെയുള്ള പരീക്ഷണമാണ് തിരശീലയില്‍ നടത്തിയത്.
ഓര്‍മ്മിക്കുന്നതിലൂടെയാണ് ഒരു സമൂഹം സ്വത്വത്തെ അറിയുന്നത്. ഓര്‍മ്മ ബുദ്ധിയില്‍ തങ്ങിനില്‍ക്കുന്ന കാലം മാത്രമല്ല, ഓര്‍മ്മയുടെ വൈയക്തികവും സഞ്ചിതവുമായ ഘടകങ്ങളിലൂടെയാണ് നാം ഇന്ദ്രിയാനുഭവങ്ങളുടെ നൈമിഷികതയെ അതിജീവിക്കുക. ഓര്‍മ്മയെ സംബന്ധിച്ച രണ്ടു കാലങ്ങളെ കൂട്ടിയിണക്കുന്ന ചിത്രമാണ് പ്രണയവും വെള്ളരിപ്രാവിന്റെ ചങ്ങാതിയും. ഈ യാഥാര്‍ത്ഥ്യം മനസ്സിലിരുത്തി സര്‍ഗാത്മകമായ പ്രതിബോധം സൃഷ്ടിക്കുകയെന്നതാണ് ചലച്ചിത്രത്തിന്റെ ദൗത്യം. പക്ഷേ, നടനെ കണ്ടപ്പോള്‍ സിനിമയുടെ സമഗ്രത കാണാതെപോകുന്നു. പുതിയ കാലത്തിന്റെ കാഴ്ചകളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതിലെ പിഴവുകളും മുന്നേറ്റവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഒട്ടുമിക്ക സിനിമകളിലും രാഷ്ട്രീയവും സാമൂഹികവും മാനങ്ങളുമുണ്ട്. പക്ഷേ അവയുചടെ കരുത്തും കലാത്മകതയും തിരിച്ചറിയുന്നതില്‍ ജൂറിക്ക് സാധിച്ചില്ല.
പതിവുപോലെ പുരസ്‌കാരം പ്രതീക്ഷിച്ചവരും ലഭിക്കാത്തവരും വാദപ്രതിവാദത്തിന് കച്ചകെട്ടുന്നു. പക്ഷേ, എന്തുകൊണ്ടോ മുന്‍കാലങ്ങളില്‍ നടന്ന രീതിയിലുള്ള പൊട്ടിത്തെറികളൊന്നുമുണ്ടായില്ല. മലയാളികള്‍ സാംസ്‌കാരികതലത്തില്‍ ഉയര്‍ന്നതുകൊണ്ടോ, അവാര്‍ഡ് വിമര്‍ശനങ്ങള്‍ക്ക് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കാത്തതോ, പ്രതികരിച്ചവര്‍ ചലച്ചിത്രരംഗത്തെ പ്രഗത്ഭമതികളല്ലാത്തതുകൊണ്ടോ ആകാം വിഴുപ്പലക്കലിന് വലിയ കോപ്പ് ലഭിക്കുന്നില്ല. ആദിമധ്യാന്തത്തെ തലോടി ഷെറിയുടെ പരിഭവം തീര്‍ത്തത് ആശ്വാസം. ഒരു ചിത്രത്തിന്റെ മേന്മ സംവിധായകന്‍ സ്വയം നിര്‍ണയിക്കപ്പെടുമ്പോഴല്ല യാഥാര്‍ത്ഥ്യമാകുന്നത്. അത് പ്രേക്ഷകരില്‍ സൃഷ്ടിക്കുന്ന കാഴ്ചാനുഭവമാണ.് ആദിമധ്യാന്തത്തില്‍ ഈയൊരംശം കണ്ടില്ലെങ്കില്‍ അല്‍ഭുതപ്പെടാനില്ല.
കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രം അവാര്‍ഡ് നേടിയത് രജ്ഞിത്താണ്. തന്റെ ചലച്ചിത്ര സംബന്ധിയായ നിലപാടുകള്‍ പാലേരിമാണിക്യം, കയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ തുടങ്ങിയ സിനിമകളിലൂടെ ഇതിനകം രജ്ഞിത്ത് വ്യക്തമാക്കിയിട്ടുണ്ട്. കാലികപ്രാധാന്യമുള്ള പ്രമേയമാണ് ഇന്ത്യന്‍ റുപ്പിയില്‍ അടയാളപ്പെടുത്തിയത്. മികച്ച നടന്റെ കാര്യത്തില്‍ മോഹന്‍ലാലും അനുപംഖറും ദിലീപും മത്സരിച്ചു. പ്രണയത്തിലെ വേഷത്തില്‍ മോഹന്‍ലാല്‍ പ്രകടിപ്പിച്ച അഭിനയപാടവത്തില്‍, വെള്ളരിയുടെ മിമിക്രിച്ചന്തം കണ്ടവരുടെ കാഴ്ച പരിമിതപ്പെട്ടത് സ്വാഭാവികം. മികച്ച നടിയുടെ സ്ഥാനത്തേക്ക് ശ്വേതയെ പിന്തള്ളാന്‍ പാകപ്പെട്ട മറ്റൊരു കഥാപാത്രാവിഷ്‌കാരം കഴിഞ്ഞ വര്‍ഷം മലയാളത്തിലുണ്ടായില്ല. രണ്ടാമത്തെ നടനും നടിയും വലിയ അഭിപ്രായ വ്യത്യാസത്തിന് ഇടം നല്‍കിയില്ല. ഗാനാലാപനം, സംഗീതം, മേയ്ക്കപ്പ്ഗാനരചന, ഛായാഗ്രഹണം എന്നിങ്ങനെ ഇതര പുരസ്‌കാരങ്ങള്‍ എതിരെഴുത്തിന് വിധേയമായില്ല. ശ്രീകുമാരന്‍ തമ്പിയും ആലാപനത്തില്‍ യേശുദാസ് തരംഗത്തിന് വഴിമാറ്റം നല്‍കി സുദീപിനെ ശ്രദ്ധിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ മികച്ച ഗാനരചനാ കാലഘട്ടം മലയാളത്തിലെ അവാര്‍ഡ് പലപ്പോഴും മറന്നിട്ടുണ്ട്.മികച്ച ചലച്ചിത്രഗ്രന്ഥ നിര്‍ണ്ണയത്തിലും പാനലിന് പ്രയാസപ്പെടേണ്ടി വന്നില്ല. ജി.പി.രാമചന്ദ്രനും സി.എസ്.വെങ്കിടേഷും ലേഖനത്തിന് നീലനും അവാര്‍ഡ് നേടി. ലോകസിനിമയുമായി മലയാളിയെ അടുപ്പിച്ചുനിര്‍ത്തുന്നതിലും ചലച്ചിത്ര സമീപനത്തില്‍ അവലംബിക്കാവുന്ന പുതിയ വഴികളും ചര്‍ച്ചക്ക് വിധേയമാക്കുകയായിരുന്നു ജി.പി.രാമചന്ദ്രന്‍. നാടകത്തിലും സിനിമയിലും വ്യത്യസ്ത വേഷങ്ങള്‍ നിരവധി ചെയ്ത നിലമ്പൂര്‍ ആയിഷ ഊമക്കയില്‍ പാടുന്നു എന്ന ചിത്രത്തിലൂടെയും കലാമൂല്യത്തില്‍ ആഷിക് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പറിനും അംഗീകാരം ലഭിച്ചത് നിര്‍ദേശങ്ങള്‍ക്കും പ്രീണനത്തിനുമപ്പുറം സിനിമാസ്വാദകരുടെ പ്രശംസ നേടാതിരിക്കില്ല. വിമര്‍ശനങ്ങള്‍ വരാനിരിക്കുന്ന പ്രതലങ്ങള്‍ മുന്‍കൂട്ടിക്കാണുകയും പരാമവധി പ്രതിരോധവും പ്രതിഷേധവും ഒഴിവാക്കിക്കൊണ്ടുമുള്ള പുരസ്‌കാര വിളംബരം മലയാളസിനിമയുടെ ആരോഗ്യദശയാണോ എന്ന ചോദ്യം അവശേഷിക്കുന്നു.

Tuesday, April 24, 2012

എന്റെ പുതിയ പുസ്തകങ്ങള്‍

എന്റെ പുതിയ പുസ്തകങ്ങള്‍ 

1-സംഗീതമേ ജീവിതം- ലിപി, കോഴിക്കോട്. വില-225 രൂപ.
2-സ്ത്രീരോഗം: പ്രശ്‌നങ്ങളും പ്രതിവിധിയും-ഒലിവ്, കോഴിക്കോട്, 70രൂപ
3-ആയുര്‍വേദം:ചികിത്സയും അനുഭവങ്ങളും-ഒലിവ്, കോഴിക്കോട്,75രൂപ
4-മരുന്നും ചികിത്സയും-ഒലിവ്, കോഴിക്കോട്‌