ബുദ്ധിജീവികളെ ആര്‍ക്കു വേണം എന്നൊരു ചോദ്യം സക്കറിയ സാക്ഷരകേരളത്തില്‍ ഉയര്‍ത്തിയപ്പോള്‍ പലരും കോപിച്ചു. ബുദ്ധിപ്രയോഗം കേവലം സ്തുതിവചനമായി മാറിക്കൊണ്ടിരുന്നപ്പോഴായിരുന്നു സക്കറിയയുടെ കമന്റ്. ഇതിനോട് ചേര്‍ത്തുവായിക്കാവുന്ന ചോദ്യമാണ് ആര്‍ എസ് ബിമലിന്റെ സിനിമയാണോ യഥാര്‍ത്ഥ പ്രണയം പ്രസരിപ്പിക്കുന്നത്? കോപം അരുത് (ഒരു സംശയം തുറന്നിട്ടു എന്നേയുള്ളൂ).
ടി.പി.രാജീവന്റെ വിവര്‍ത്തകരുടെ ഇരിപ്പിടങ്ങള്‍ (മലയാളം വാരിക) എന്ന ലേഖനം വലിയ ചോദ്യമാണ്. വിവര്‍ത്തകര്‍ക്ക് ലോകത്തെവിടെയും വേണ്ടത്ര പരിഗണന കിട്ടാറില്ലെന്ന് എഡ്വിത്ത് ഗ്രോസ്മാന്റെ നിഗമനം എഴുതി വ്യക്തമാക്കുന്നു. ബൈബിളിന്റെ ആദ്യത്തെ ആധികാരിക ഭാഷ്യമായ കിങ് ജെയിംസ് പതിപ്പിന്റെ ആമുഖത്തില്‍ നിന്നും: 'വിവര്‍ത്തനം, അത് ജനാലകള്‍ തുറന്ന് വെളിച്ചത്തെ അകത്തേക്ക് കൊണ്ടുവരുന്നു. തോടു പൊട്ടിച്ച് അകക്കാമ്പ് നമുക്ക് തിന്നാന്‍ തരുന്നു. തിരശീല നീക്കി വിശുദ്ധസ്ഥലങ്ങള്‍ നമുക്ക് കാണിച്ചു തരുന്നു. ജലസ്രോതസ്സുകളുടെ വായ തുറന്ന് ജലം ഒഴുക്കി വിടുന്നു'. തൃശൂരില്‍ പുസ്തകപ്രകാശന ചടങ്ങില്‍ നിന്ന് ശ്രീദേവി എസ്. കര്‍ത്തയെ (പുസ്തകത്തിന്റെ വിവര്‍ത്തക) മാറ്റി നിര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് രാജീവന്‍ എഴുതിയത്. എങ്കിലും വിവര്‍ത്തനം സര്‍ഗാത്മക സൃഷ്ടിയാണോ എന്ന ചോദ്യം വീണ്ടും വായനാ സമൂഹത്തിന് മുമ്പില്‍ ഉന്നയിക്കുന്നു.
ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച അഭിമുഖങ്ങളില്‍ വേറിട്ടുനില്‍ക്കുന്നു 'കണ്ണാടികള്‍ മുഖം കാണുന്ന നേരത്ത് '(ടി. എന്‍ ഗോപുകുമാര്‍/ കെ .പി റഷീദ,് മാധ്യമം). ഗോപകുമാറിന്റെ എഴുത്തുജീവിതത്തെപ്പറ്റി അദ്ദേഹം സൂചിപ്പിക്കുന്നു: നോണ്‍ ഫിക്ഷന്‍ എഴുതുമ്പോള്‍ ഞാന്‍ കള്ളം എഴുതാറില്ല. ടി. എന്‍.ജി നെഞ്ചുകീറി നേരിനെ കാട്ടുന്നു.(കടപ്പാട്: കവി വൈലോപ്പിള്ളി ശ്രീധര മേനോന്‍).
മലയാളത്തിലെ രണ്ട് കഥാകൃത്തുക്കളുടെ രചനാ സവിശേഷത അവതരിപ്പിക്കുന്ന ലേഖനങ്ങളാണ് മലയാളകഥയിലെ ഒറ്റയാന്‍ (മലയാളം വാരിക, വി. എച്ച് നിഷാദ്), കലാബോധത്തിന്റെ കഥകള്‍ (മാധ്യമം , ഡോ. എന്‍ പി വിജയകൃഷ്ണന്‍) എന്നിവ. ഫാന്റസിയുടെ ഒരു വല്ലാത്ത കഥാലോകം മനോജ് ജാതവേദര്‍ക്ക് സ്വന്തമായുണ്ട്... ആത്മഭാഷണങ്ങളുടെ പുതിയൊരു കണ്ണാടിക്കാഴ്ചയാണിത്...എന്നിങ്ങനെ മനോജ് ജാതവേദരുടെ കഥകളിലെ ബിംബങ്ങളും അവ ഒളിപ്പിച്ചുവെക്കുന്ന വായനകളുമാണ് വി. എച്ച്. നിഷാദ് വ്യക്തമാക്കുന്നത്. സുഭാഷ് ചന്ദ്രന്റെ കഥകളുടെ പ്രകൃതിതാളത്തിലേക്കാണ് ഡോ. എന്‍. പി. വിജയകൃഷ്ണന്‍ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. കവിതയില്‍ പി. കുഞ്ഞിരാമന്‍ നായര്‍ക്ക് മാത്രം അവകാശപ്പെടാവുന്ന കലാതന്ത്രമാണ് കഥയില്‍ സുഭാഷ് ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നതെന്ന് ലേഖകന്‍ നിരവധി ഉദാഹരണങ്ങള്‍ സഹിതം സൂചിപ്പിക്കുന്നു.
സര്‍ഗാത്മകതയെപ്പറ്റി ഏറെ ചിന്തിപ്പിക്കുകയാണ്‌യാണ് എം .ടിയുടെ കുറിപ്പ് (പഴയതാളുകള്‍,മലയാളം വാരിക):'താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ശാസ്ത്രീയമായ വികാസപരിണാമങ്ങള്‍ ഒരെഴുത്തുകാരന്റെ മുഖ്യമായ ആകുലതകളിലൊന്നാണ്. സാഹിത്യനിര്‍മ്മാണം ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് കാട്ടുന്ന ഇന്ദ്രജാലമല്ലല്ലോ'. (എഴുത്തുകാരന്റെ ആകുലതകള്‍ എന്ന ലേഖനം).
നിബ്ബ്- കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, 2015 ഒക്‌ടോബര്‍ 25.
No comments:
Post a Comment