വായിക്കാന്‍ സമയമില്ലെന്നു പറയുന്നതു ജീവിക്കാന്‍ സമയമില്ലെന്നു പറയുന്നതുപോലെയാണെന്നു സ്റ്റാലിന്‍ പറഞ്ഞ കാര്യം ഞാന്‍ മനസ്സിലാക്കിയത് ആലപ്പുഴയിലെ ഐക്യഭാരത വായനശാലയില്‍ നിന്നെടുത്ത ഒരു പുസ്തകത്തില്‍ നിന്നാണ്. ഒരുപാടു പാതകം ചെയ്യുന്നവര്‍ ചിലപ്പോള്‍ വിശുദ്ധമായ പരാമര്‍ശങ്ങള്‍ വിളിച്ചു പറയാറുണ്ട്.- കെ. പി. അപ്പന്‍ (കാറ്റും കഥകളും ജീവിതവും മനോരമ വാര്‍ഷികം 2001). ആത്മാര്‍ത്ഥമായ വായനയില്‍ നിന്നാണ് നമ്മുടെ മനസ്സില്‍ സംവാദ സാമര്‍ത്ഥ്യം രൂപപ്പെടുന്നത്. വിമര്‍ശകന്‍ ചരിത്രത്തിന്റെ മുന്നിലേക്ക് കുതിക്കുന്നവനായിരിക്കണം. കെ. പി. അപ്പന്‍ വായനയുടെ പ്രാധാന്യം സൂചിപ്പിച്ച് ഓര്‍മ്മപ്പെടുത്തിയതും മറ്റൊന്നല്ല.
ഫാഷിസം ഇന്ത്യയില്‍ മനുഷ്യാവസ്ഥക്ക് മുന്നില്‍ നിന്ദ്യവും ഹീനവുമായ ദുരന്തങ്ങളും ദുരവസ്ഥകളും സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സാംസ്‌കാരികരംഗം കയ്യടക്കി ഹിഡന്‍ അജന്‍ഡ നടപ്പാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍. പുസ്തകപ്രകാശനംപോലും വെറുതെ വിടാന്‍ അവര്‍ തയാറല്ല. ഇതിന് പ്രതിവിധിയെന്ത്? സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും സ്വപ്‌നങ്ങള്‍ പൊലിപ്പിച്ചെടുത്ത് സമകാലിക ഉത്കണ്ഠകളെ അതിജീവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുകയാണ് എഴുത്തുകാര്‍. ഇത് എന്റെ ആത്മകഥയല്ല (-മാതൃഭൂമി) എന്ന ലേഖനത്തില്‍ ആനന്ദിന്റെ കാഴ്ചപ്പാടുകള്‍ക്ക് സമകാലിക ഇന്ത്യയുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തിയുണ്ട്. മനുഷ്യന്‍ നേടിരുന്ന നവദുരിതങ്ങളിലേക്കാണ് ആനന്ദ് വീണ്ടും വായനക്കാരനെ നടത്തിക്കുന്നത്. ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന കവര്‍സ്റ്റോറിയാണ് ഭാഷാപോഷിണിയുടേത് (2015,ഒക്‌ടോബര്‍,ലക്കം)-കൊലയും സെന്‍സര്‍ഷിപ്പും. എഴുത്തുകാരെ കൊല്ലുന്നതും സെന്‍സര്‍ഷിപ്പാണ്. നാസികള്‍ പുസ്തകം കത്തിച്ചതും സ്റ്റാലിന്‍ നാടുകടത്തിയതും ആഫ്രിക്കയിലെ ഏകാധിപതികള്‍ എഴുത്തുകാരെ ചുട്ടുകൊന്നതുംപോലെ. ഇത് ധ്വനിപ്പിക്കുകയാണ് നിശബ്ദതയാണ് ഏറ്റവും വലിയ പ്രഹരമെന്ന ലേഖനത്തില്‍ (ശാന്തന്‍- ഭാഷാപോഷിണി)
വൈരുധ്യാത്മകമായ സാംസ്‌കാരിക തീര്‍ത്ഥാടനങ്ങള്‍ക്കൊണ്ട് ജാഗരൂകമായിരുന്നു ആനുകാലികങ്ങളുടെ പേജുകള്‍. ഒഴിഞ്ഞ കസേരയില്‍ കയറിയിരിക്കരുത് (ബാലചന്ദ്രന്‍ വടക്കേടത്ത്, മാധ്യമം) എന്ന ലേഖനം ഫാഷിസത്തിന്റെ മറ്റൊരു മുഖം തുറന്നിടുന്നു. ഒഴിഞ്ഞ കസേരകള്‍ പലേയിടങ്ങളിലുമായി നിറച്ചിട്ടിരിക്കുകയാണ് ഇന്ത്യന്‍ ഫാഷിസം. കലാകാരന്മാരേയും എഴുത്തുകാരേയും അവര്‍ പ്രതീക്ഷിക്കുന്നു. ചില എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കുമുള്ള മുന്നറിയിപ്പുകൂടിയാണ് ബാലചന്ദ്രന്‍ നല്‍കിത്.
പെണ്‍മൊഴികളുടെ തുറന്നുപറച്ചിലുകളും നിലപാടുകളുമാണ് ദേശാഭിമാനിയുടെ പേജുകളെ സജീവമാക്കി നിര്‍ത്തിയത്. പെണ്‍കൂട്ടങ്ങള്‍ ഇറങ്ങി നടക്കട്ടെ (അഭിമുഖം, സിത്താര എസ്/ എ പി സജിഷ), അരങ്ങിലേക്കൊരു പെണ്‍ദൂരം (അഭിമുഖം, സജിത മഠത്തില്‍/ വി കെ ജോബിഷ്). എഴുത്തിലും ദൃശ്യകലയിലും സ്വാതന്ത്ര്യത്തിന്റെ വായുസഞ്ചാരത്തിനുള്ള പ്രസക്തിയാണ് ഈ രണ്ടു സംഭാഷണങ്ങളും ഊന്നല്‍ നല്‍കുന്നത്. സാമൂഹിക സാഹചര്യത്തിന്റെ സമ്മര്‍ദം സ്ത്രീജീവിതത്തെ എങ്ങനെയെല്ലാം ബന്ധിക്കപ്പെടുന്നുവെന്ന് ഇതില്‍ സൂചിപ്പിക്കുന്നു.
മണ്ണും വിത്തും ഭാഷയും നഷ്ടപ്പെടുന്നതോടെ മനുഷ്യരുടെ മാത്രമല്ല, ജീവരാശിയുടെതന്നെ തനതു ജീവിതവും സര്‍ഗാത്മകതയും അപകടകരമായ രീതിയില്‍ ഇല്ലാതാകുമെന്ന് കല്ലേന്‍ പൊക്കുടന്‍ പറഞ്ഞത് കടങ്കഥയല്ല. അദ്ദേഹത്തിന്റെ ജീവിതം തുറന്നുവായിക്കാന്‍ പ്രചോദനമാകുന്നു എ.വി അനില്‍കുമാര്‍ എഴുതിയ പൊക്കുടനെക്കുറിച്ചുള്ള അനുസ്മരണലേഖനം- ഓര്‍മകളുടെ ശാഠ്യങ്ങള്‍ (ചന്ദ്രിക ആഴ്ചപ്പതിപ്പ്). പ്രകൃതിയുടെ മണം അന്യമാകുന്ന മനുഷ്യദുരിതത്തെക്കുറിച്ചുള്ള ഉത്കണ്ഠയാണ് പൊക്കുടന്റെ സ്മരണയില്‍ ലേഖകന്‍ അനുഭവപ്പെടുത്തിയത.്
കലയുടെയും ജീവിതത്തിന്റെയും അസാധാരണ മുദ്രകളാണ് ശ്രീകുമാരന്‍ തമ്പി എഴുതിയ പ്രതിസ്വരം (കുന്നും കുഴിയും-മാധ്യമം). മനസ്സില്‍ അണയാത്ത കനലായി മാറിയ കവിതകളാണ് കെ.ടി സുപ്പി (രണ്ടു കവിതകള്‍, മാധ്യമം) പവിത്രന്‍ തീക്കുനി (മഴ- മാധ്യമം), വി. എച്ച്. നിഷാദ് (തിരിച്ചറിയല്‍ പരേഡ്- ചന്ദ്രിക) എന്നിവര്‍ എഴുതിയത്. കവിത ചിന്തയും പ്രതിബോധവും സൃഷ്ടിച്ചെടുക്കാനുള്ള വഴിയാണെന്ന് പറഞ്ഞുറപ്പിക്കാനുള്ള ജാഗ്രതയാണ് ഈ കാവ്യപാഠാവലികള്‍.
്-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്, 18/10/2015
1 comment:
നല്ല പോസ്റ്റ്.
നന്ദി
Post a Comment