Saturday, October 10, 2015

നാവടക്കത്തിന്റെ വേവലാതികള്‍







സമൂഹം, ചരിത്രം, ഭാഷ, സിനിമ, യാത്ര, സാഹിത്യം, മതം എന്നിങ്ങനെ ജീവിതത്തിന്റേയും സമൂഹത്തിന്റേയും സാഹിത്യത്തിന്റേയും വിവിധ വശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേഖനങ്ങള്‍ കൊണ്ട് സമ്പന്നമാണ് കഴിഞ്ഞ വാരത്തിലെ മുഖ്യധാരാ ആനുകാലികങ്ങള്‍. ഗഹനമായ വിഷയങ്ങളോടെപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി പുതിയ ഭാവുകത്വം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഒട്ടുമിക്ക ആനുകാലികങ്ങളും വിഷയങ്ങളുടെ പ്രസക്തിക്കനുസരിച്ച് അവതരിപ്പിക്കുന്നതിലും ശ്രദ്ധിച്ചിട്ടുണ്ട്. 
വാക്‌സിനേഷന്‍ തിരിച്ചുകൊണ്ടുവരുന്നതിനെപ്പറ്റിയാണ് ഡോ. പി എന്‍ എന്‍ പിഷാരോടി രണ്ടു പ്രസിദ്ധീകരണങ്ങളില്‍ എഴുതിയത്. വാക്‌സിനുകള്‍ ഉറങ്ങുന്നില്ല (പച്ചക്കുതിര മാസിക), വാസ്‌കിന്‍ ശാസ്ത്രവും മിഥ്യയും (മാതൃഭൂമി) എന്നിവ. വാക്‌സിനെപ്പറ്റിയുള്ള ചര്‍ച്ചകളുടെ പോരായ്മയാണ് ഡോക്ടര്‍ സൂചിപ്പിക്കുന്നത്. ഡിഫ്തീരിയപോലുള്ള രോഗങ്ങള്‍ തിരിച്ചുവരുന്ന സാഹചര്യത്തില്‍ വാക്‌സിനേഷന്റെ പ്രസക്തി വര്‍ധിക്കുന്നതായി അദ്ദേഹം എഴുതുന്നു. വരും നാളുകളില്‍ ആരോഗ്യക്കുറിപ്പുകള്‍ സജീവമാകാനുള്ള വകുപ്പ് ഡോക്ടര്‍ നല്‍കിക്കഴിഞ്ഞു. ആരോഗ്യപ്രശ്‌നവുമായി ബന്ധപ്പെട്ട ഗൗരവ വിഷയത്തില്‍ ഇടപെടുകയാണ് ഡോക്ടര്‍ എന്ന് നമുക്ക് മനസ്സിലാക്കാം. വാക്‌സിന്‍ ഉല്‍പാദനം വന്‍വ്യവസായമായി മാറിയപ്പോള്‍ ഇതിന്റെ പിറകില്‍ നടക്കുന്ന ചതിക്കുഴികള്‍ പലപ്പോഴും പുറംലോകം അറിയുന്നില്ല. ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ലേഖനമാണ് 'ആരോഗ്യ ഉട്ടോപ്യയിലെ വാക്‌സിന്‍ വ്യാപാരം' (ജീവന്‍ ജോബ് തോമസ്. മാതൃഭൂമി-മാര്‍ച്ച് 9, 2014) മരുന്നു കമ്പനികളുടെ വ്യാപാര മനോഭാവത്തിലേക്ക് സംശയത്തിന്റെ വാതിലുകളാണ് ജീവന്‍ ജോബ് ലേഖനത്തില്‍ തുറന്നിട്ടത്. 
മലയാളിയുടെ സാഹിത്യവീക്ഷണത്തിലും വായനയിലും അട്ടിമറികള്‍ സൃഷ്ടിക്കുന്ന കഥാകൃത്താണ് ഉണ്ണി. കഥാകൃത്ത് എസ്. ഹരീഷ് ഉണ്ണിയുമായി നടത്തിയ അഭിമുഖം (മലയാളം വാരിക) ചില അടയാളപ്പെടുത്തലുകള്‍ കൊണ്ട് ശ്രദ്ധേയമാണ്. കഥയുടെ രാഷ്ട്രീയവും എഴുത്തിലെ നിലപാടുകളുമാണ് ഉണ്ണിയുടെ രചനകളുടെ സവിശേഷത. ലീല മുതലുള്ള ഉണ്ണിയുടെ കഥകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നതും മറ്റൊന്നല്ല. ' സ്വന്തം രചനകളില്‍ ഒട്ടും ആത്മരതിയുള്ളയാളല്ല ഞാന്‍ എന്ന് ഉണ്ണി നയം വ്യക്തമാക്കുന്നു. തന്റേത് ഒഴികെ മറ്റൊന്നും വായിക്കാത്തവര്‍ക്ക് ഉണ്ണിയുടെ തുറന്നുപറച്ചില്‍ അസ്വസ്ഥത സൃഷ്ടിച്ചെന്നു വരാം.
കഥപറച്ചിലില്‍ വീണ്ടും നവീന ഭാവുകത്വം തീര്‍ക്കുകയാണ് കാട്ടുപന്നികള്‍ (മാതൃഭൂമി) എന്ന കഥയിലൂടെ ജോര്‍ജ് ജോസഫ് കെ. ചാരായം കൊണ്ട് അസ്ഥികള്‍ വെന്ത ദിവസമാണ് കഥാപുരുഷന്‍ തബീഥയെ വിവാഹം കഴിച്ചത്. ജീവിതത്തില്‍ മാറ്റങ്ങള്‍ ഒന്നൊന്നായി അയാള്‍ സ്വീകരിക്കുന്നു. കഥാന്ത്യത്തില്‍ ഇരകളെ രക്ഷപ്പെടുത്തുന്ന വെടിയൊച്ച കേള്‍ക്കുന്നു. പക്ഷെ, ആരാണ് ഇര? ആരാണ് സംരക്ഷകന്‍ എന്ന ചോദ്യമാണ് കഥാകൃത്ത് ഭംഗിയായി ധ്വനിപ്പിക്കുന്നത്. 
മനുഷ്യന്റെ സങ്കടം നിവാരണം ചെയ്യാനുള്ള മാര്‍ഗം എന്താണെന്ന ആലോചനയാണ് വിജയലക്ഷ്മിക്കും വീരാന്‍കുട്ടിക്കും കവിത. 'എതിരൊച്ച കേള്‍പ്പിക്കുന്നവരെ തട്ടിക്കളയുമെന്ന പേടി ബാധിക്കുന്നേയില്ല'-എന്നിങ്ങനെ നാവടക്കം (മാതൃഭൂമി) എന്ന കവിതയില്‍ വീരാന്‍കുട്ടി എഴുതി. നാവടക്കി പണിചെയ്യേണ്ടുന്ന മറ്റൊരു ജീവിതസാഹചര്യം ഇരുളായി, കാര്‍മേഘമായി തലയ്ക്കുമുകളില്‍ നിറയുന്ന ജീവിതാവസ്ഥയാണ് വീരാന്‍കുട്ടി വരച്ചിടുന്നത്. വിജയലക്ഷ്മി തച്ചന്റെ മകള്‍ എന്ന കവിത എഴുതിയതിനുശേഷം വീണ്ടും അച്ഛന്റെ ചിരി (മാതൃഭൂമി) എഴുതുന്നു. അച്ഛന്‍ മരങ്ങളെചുറ്റുന്ന കാറ്റായി മാറുന്ന കാഴ്ചയാണ് ഈ കവിത. 
രണ്ടു പ്രണയ ചിത്രങ്ങളാണ് അടുത്തകാലത്ത് കേരളത്തിലെ തിയേറ്ററുകളെ ചലിപ്പിച്ചത്. ഒന്നില്‍ മോഹവും മറ്റൊന്നില്‍ ശോകവുമായി പര്യവസാനിക്കുന്ന പ്രണയം. മലരും കാഞ്ചനയും രണ്ടു നായികമാര്‍. ഒരാള്‍ക്കുവേണ്ടി മാത്രമുള്ള ആത്മമബലിക്ക് പിന്തുണ പുരുഷപക്ഷത്തും പ്രതീക്ഷിക്കാമോ എന്ന ചോദ്യം കൊണ്ടാണ് കാഞ്ചനയുടെയും മൊയ്തീന്റെയും കഥപറയുന്ന സിനിമയെ താഹമാടായി വിലയിരുത്തുന്നത്(കാഞ്ചനയാണ് കാമുകി- മാധ്യമം ആഴ്ചപ്പതിപ്പ്). 
നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ്് 2015, ഒക്ടോബര്‍ 11

No comments: