കടല്‍മീനും പുഴമീനും ഒരിക്കല്‍ കണ്ടുമുട്ടി. പുഴമീന്‍ വീമ്പു പറഞ്ഞു. നോക്കൂ, എന്നെ പിടിച്ചു പാകം ചെയ്യുമ്പോള്‍ ഒന്നു കഴുകുകപോലും വേണ്ട. പുഴ വെള്ളമാകുന്നു എന്റെ ഊഞ്ഞാല്‍ തൊട്ടില്‍. കടല്‍മീനുണ്ടോ വിട്ടുകൊടുക്കുന്നു? കടല്‍മീന്‍ ചെകിളയുയര്‍ത്തി പറഞ്ഞു. എന്നെ പിടിച്ച് പാകം ചെയ്യാന്‍ ഉപ്പു ചേര്‍ക്കുകപോലും വേണ്ട. ഉപ്പുകടലാകുന്നു എന്റെ ഈരേഴുപതിനാലു ലോകം. എന്നാല്‍ സത്യമെന്താണ്? എറ്റവും കൂടുതല്‍ ചെളിയുള്ളത് പുഴയിലാണ്. ഏറ്റവും കൂടുതല്‍ ഉപ്പു ചേര്‍ക്കേണ്ടത് കടല്‍മീനിനും-(നേര്‍രേഖ- സിവിക്‌ചന്ദ്രന്‍). ഈ കഥ എം. വി. ദേവന്‍ പറഞ്ഞാലും സിവിക് ഏറ്റുപറഞ്ഞാലും അല്‍പം കാര്യമുണ്ട്. കഥയില്‍ നിബ്ബിന് എന്തുകാര്യം? വിരമിച്ച മാധ്യമ പ്രവര്‍ത്തകരെങ്കിലും സംശയിച്ചേക്കും! പുഴമീനും കടല്‍മീനും പറഞ്ഞ കഥയില്‍ നിന്നും വ്യത്യസ്‌തരല്ല കേരളത്തിലെ എന്‍ജിഒമാരും.
പുനത്തിലിന്റെ ഇടപെടല്‍
മലയാള മനോരമ ഞായാറാഴ്‌ച പതിപ്പും സാക്ഷാല്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ളയും ചേരുമ്പോള്‍ സംഗതി ഒന്നു കൊഴുക്കും. വസ്‌തുതകള്‍ തെറ്റാനും ഇടയില്ല. നേര് ഒന്നാം സാക്ഷി (സി. പി. നായരുടെ പുസ്‌തകത്തിനോട് കടപ്പാട്) മേപ്പടി ടിയാന്മാര്‍ മാത്രം. പുനത്തില്‍ സ്വതസിദ്ധമായ ശൈലിയിലും തീക്ഷ്‌ണതയിലും തൊപ്പികള്‍ക്കും ശനിയാഴ്‌ച മുണ്ടുകള്‍ക്കും എന്‍ജിഒമാര്‍ക്കും ഫയലുകള്‍ക്കും നേരെ വെടിപൊട്ടിച്ചു. (ഇത് എഴുതുന്നതുവരെയും പുനത്തിലിന്റെ റിവോള്‍വര്‍ ലൈസന്‍സ് പുതുക്കികിട്ടിയതായി അറിവില്ല). തോക്കില്‍ കയറി വെടിവയ്‌ക്കുന്നവര്‍ (മനോരമ, ജനുവരി 31/2010) എന്ന ലേഖനത്തില്‍ നിന്നും: ഒരു അപേക്ഷ മുന്നില്‍ എത്തിയാല്‍ അത് എങ്ങനെ ചെയ്‌തു കൊടുക്കാതിരിക്കാം എന്നതാവും അതു കൈകാര്യം ചെയ്യുന്ന എന്‍ ജിഒ ആദ്യം ആലോചിക്കുക. ഇത്തരം ആലോചനകളുടെ ഫയലില്‍ ഈ ലൈസന്‍സും അതു സഫലീകരിക്കാതെ പോകുന്ന അവിരാമ മായ യാത്രകളും- പുനത്തില്‍ തന്റെ റിവോള്‍വറിന്റെ ലൈസന്‍സ് പുതുക്കി കിട്ടാത്തതിനെപ്പറ്റിയാണ് പറയുന്നത്. പക്ഷേ ഇത് വര്‍ത്തമാനകാലത്തിന്റെ കണ്ണാടിയാണ്. ഇതുപോലൊരു കാര്യം പറയാനില്ലാത്തവര്‍ സാക്ഷര കേരളത്തിലുണ്ടാവില്ല. സര്‍ക്കാര്‍ ആഫീസുകളുടെ ഫയല്‍കൂമ്പാരങ്ങളിലേക്കാണ് പുനത്തിലിന്റെ തൂലിക നുഴഞ്ഞുകയറിയത്. ഇത്തരം വസ്‌തുതകളുടെ ഉത്തരവാദിത്വത്തില്‍ നിന്നും തൊപ്പികള്‍ക്കും ബൂട്ടുകള്‍ക്കും ശനിയാഴ്‌ച മുണ്ടുകള്‍ക്കും എന്‍ജിഒമാര്‍ക്കും ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല.
ഗൃഹപ്രവേശത്തിന് പതിനൊന്ന് മണിക്കേ ഓഫീസ് കസേരകള്‍ കാലിയാക്കി പോകുന്ന മുഖ്യകാര്യാലയാധികാരികളും പരിവാരങ്ങളും ഉദ്‌ഘാടിക്കാന്‍ ഔദ്യോഗിക ഉത്തരവാദിത്വം ഉപേക്ഷിക്കുന്നവരും കേരളത്തില്‍ നിറഞ്ഞിരിക്കുന്നു. നേര്‍ക്കാഴ്‌ചപോലും വിശ്വസിക്കരുതെന്ന ഭയാനകമായ അന്തരീക്ഷത്തില്‍ തിരിച്ചറിവുകള്‍ക്ക് പ്രസക്തിയെന്ത്? ഒരു ദുസ്വപ്‌നമെങ്കിലും കണ്ട് നമുക്ക് സായൂജ്യമടയാം- പോയിതന്നെ ചവുട്ടി- കാലപ്രവാഹം അല്ല, തൊപ്പികളും ബൂട്ടുകളും ശനിയാഴ്‌ച മുണ്ടുകളും ഫയലുകളും എന്‍ജിഒമാരും. (വൈലോപ്പിള്ളി ക്ഷമിക്കട്ടെ).
ചിന്ത നശിക്കാത്തവരുടെ മുന്നിലൊരു ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു- നാമെന്തു ചെയ്യാന്‍ പോകുന്നു? നമുക്കെന്തു ചെയ്യാന്‍ കഴിയും? ഉയര്‍ത്തിയ കൈകള്‍ താണുപോകുന്ന കാലത്തെ നോക്കി നമുക്കു പാടാം- ദീപസ്‌തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.
അനുഭവം
സാഹിത്യം ഇന്ന് അനുഭവമെഴുത്തായി മാറിയിക്കുന്നു. ജീവിതമെഴുത്ത് എന്നാണ് പുതിയ ആത്മകഥകളുടെ പേര്. അത് സിനിമാക്കാരാകുമ്പോള്‍ സംഗതി കുശാല്‍. പലതും കല്ലുവെച്ച നുണകളും. ഇതില്‍ നിന്നും വ്യത്യസ്‌തമായി ഒരു വിദ്യാര്‍ത്ഥി മാതുഭൂമി ബാലപംക്തിയില്‍(ജനുവരി 31) എഴുതിയതു നോക്കുക: ഇപ്പോള്‍ പൂഴിവാരാന്‍ സമയം കിട്ടാറില്ലെങ്കിലും എന്റെ പ്രിയപ്പെട്ട പുഴയെ ഞാന്‍ മറന്നിട്ടില്ല. എന്റെ ജീവിതത്തില്‍ ശാന്തിയും സമാധാനവും നല്‍കിയ പുഴ. എന്റെ അച്ഛനെ ഞങ്ങള്‍ക്ക് തിരിച്ചു തന്ന പുഴ- (പുഴയും ഞാനും, ശരത്‌ലാല്‍ പി. നരിപ്പറ്റ രാമര്‍ നമ്പ്യാര്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍). വീടു പുലര്‍ത്തുന്നതോടൊപ്പം പഠനവും നിര്‍വ്വഹിക്കേണ്ടി വരുന്ന ഈ വിദ്യാര്‍ത്ഥിയുടെ ആത്മകഥനത്തിന്റെ കരുത്തും പാഠാന്തരവും മലയാളത്തിലെ എത്ര ആത്മകഥകള്‍ക്കുണ്ട്?
കഥയും കവിതയും
കഥയുടെ പുതിയ മുഖം പ്രതിഫലിപ്പിക്കുകയാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ ഇതെല്ലാം എന്താണ് നരജന്മത്തിന്റെ മാനിഫെസ്റ്റോ (മലയാളം വാരിക). സംഭാവ്യതകളും അസംഭാവ്യതകളും ഇഴപിരിച്ചു വിശകലനം ചെയ്യുന്ന കഥ. വായനയെ ചൊടിപ്പിച്ചു നിര്‍ത്തുകയാണ് കഥാകൃത്ത്. കഥയില്‍ നിന്നും: അഞ്‌ജു എന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. അവള്‍ എല്ലാം അറിയുന്നുണ്ടെന്ന് എനിക്ക് ബോദ്ധ്യമായി. ആരാവും അഞ്‌ജനയെ സഹായിക്കുന്നത്. അഞ്‌ജനയുടെ ഗുണ്ട ദൈവമോ, ഭൈരവിയോ.- കാണാമറയത്തേക്ക് നീണ്ടുപോകുന്ന വഴിയിടമാണ് ഈ കഥ.രണ്ടു കവിതകള്‍. അവ മലയാള കവിതയുടെ രണ്ടറ്റം സൂചിപ്പിക്കുന്നു. വി. എസ്. അനില്‍കുമാറിന്റെ ചെമ്പോത്ത് (മാധ്യമം). കവിതയില്‍ നിന്നും: ചെമ്പോത്ത്/അകാര്യകാരണങ്ങളും? വിശ്വാസാവിശ്വാസങ്ങളും/ പുറത്താക്കി വാതിലടച്ച/ ഒരു പക്ഷി.?- പക്ഷി എന്തിന്റെയും പ്രതീകമാകാം. പല വഴി വായിച്ചെടുക്കാവുന്ന കവിത. മറ്റൊന്ന് ആര്യാഗോപിയുടെ ശലഭഗദ്‌ഗദം (കലാകൗമുദി 1796). ആര്യ എഴുതി: ജലശംഖില്‍ പ്രണയത്തി-/അനുഭവത്തീ പടരുന്നൂ.- ചിറകില്‍ വസന്തര്‍ത്തുവിന്‍ പാട്ട് നിറയ്‌ക്കുന്ന ശലഭമന്ത്രമാണ് ഈ രചന.
കോഴിക്കോടന്‍ കാഴ്‌ച
ജെ. ആര്‍. പ്രസാദ് എഡിറ്റു ചെയ്‌ത കോഴിക്കോടന്‍ ചലച്ചിത്രനിരൂപണത്തിന്റെ ചാരുത എന്ന പുസ്‌തകത്തിന്റെ പ്രസക്തി എന്ത്? എം. ടി. മുതല്‍ കോഴിക്കോടന്റെ കുടുംബം വരെ നിറഞ്ഞുനില്‍ക്കുന്ന പുസ്‌തകത്തില്‍ ചലച്ചിത്രനിരൂപത്തിനല്ല, വ്യക്തിബന്ധത്തിനാണ് മുഖ്യസ്ഥാനം നല്‍കിയത്. സിനിമയോട് കോഴിക്കോടന്റെ സമീപനമെന്തായിരുന്നു? ലാവണ്യബോധത്തിനപ്പുറം കഥ കാണുകയും പറയുകയും ചെയ്യുന്നതില്‍ താല്‍പര്യം പ്രകടിപ്പിച്ച എഴുത്തുകാരനായിരുന്നു കോഴിക്കോടന്‍.
ചലച്ചിത്രത്തിന്റെ സിദ്ധാന്തം കോഴിക്കോടന്റെ കാഴ്‌ചയില്‍ പ്രതിബന്ധം സൃഷ്‌ടിച്ചിരുന്നില്ല. കോഴിക്കോടന്റെ നിരൂപണം വായിച്ചാല്‍ പിന്നെ സിനിമ കാണേണ്ടതില്ല.``അനുമോദനം വെറും വ്യര്‍ത്ഥം പിന്നെ അനുശോചനത്തിനെന്തര്‍ത്ഥം? അദ്ദേഹം ആവര്‍ത്തിച്ച് ഉദ്ധരിച്ചിരുന്നതായും ഓര്‍ക്കുന്നു (അശ്വതിയുടെ ലേഖനം). വിമര്‍ശകനെയും കാലത്തെയും സ്‌മരിക്കുന്ന പുസ്‌തകം-(ലിപി, കോഴിക്കോട്).-നിബ്ബ്, ചന്ദ്രിക 7-2-2010
2 comments:
കുഞ്ഞികണ്‍നേട്ടാ,
ഒരുപാട് ഇഷ്ടമായീ.
ആശംസകള്‍
http://tomskonumadam.blogspot.com/
താങ്കളുടെ വായനയ്‌ക്ക് നന്ദി. നമുക്കെന്തു ചെയ്യാന്‍ സാധിക്കും? ഈ ചോദ്യം അവസാനിക്കാതിരിക്കട്ടെ.
Post a Comment