Thursday, February 25, 2010

‌പ്രതിരോധത്തിന്റെ ക്യാമറക്കാഴ്‌ചകള്‍

മഗ്‌രിബ്‌ രാജ്യങ്ങളുടെ ഭൂമിശാസ്‌ത്രപരവും രാഷ്‌ട്രീയപരവുമായ നേര്‍ക്കാഴ്‌ചകളിലൂടെ മഗ്‌രിബ്‌ സിനിമകളെ വിശകലനം ചെയ്യുകയാണ്‌ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ മഗ്‌രിബ്‌ സിനിമ ചരിത്രവും വര്‍ത്തമാനവും എന്ന പുസ്‌തകത്തില്‍.മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങളിലെ ചലച്ചിത്രങ്ങളെ വിശേഷിപ്പിക്കുന്നത്‌ മഗ്‌രിബ്‌ സിനിമകളെന്നാണ്‌. മഗ്‌രിബ്‌ ജനതയുടെ ചരിത്രത്തിലേക്കും ചലച്ചിത്ര സംസ്‌കാരത്തിലേക്കും വായനക്കാരെ നടത്തിക്കുകയാണ്‌ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍.

ലോകസിനിമയുടെ ഭൂപടത്തില്‍ മഗ്‌രിബ്‌ ചിത്രങ്ങളുടെ പ്രസക്തി ഈ പുസ്‌തകം ചര്‍ച്ചചെയ്യുന്നുണ്ട്‌.ഒരു ജനതയുടെ പൊള്ളുന്ന ജീവിതത്തിന്റെ അകം കാഴ്‌ചകള്‍ അഭ്രപാളിയിലൂടെ പ്രേക്ഷകരെ വിസ്‌മയിക്കുന്ന കാഴ്‌ചാനുഭവമാക്കുകയാണ്‌ മഗ്‌രിബിന്റെ സംവിധായകര്‍. ജീവിതത്തില്‍ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന സംവിധായകരുടെ സാന്നിദ്ധ്യമാണ്‌ മഗ്‌രിബിന്റെ സവിശേഷതകളിലൊന്ന്‌. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ നിന്നും ലോകസിനിമയുടെ സൗന്ദര്യശാസ്‌ത്രം അട്ടിമറിക്കുന്ന നിരവധി സംവിധായികമാര്‍ മഗ്‌രിബിലുണ്ട്‌.ആര്‍ക്കുവേണ്ടി? എന്തിനു വേണ്ടി സിനിമ ചെയ്യുന്നു എന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം മഗ്‌രിബ്‌ സംവിധായകര്‍ നല്‍കുന്നുണ്ട്‌.

ജീവിതത്തിന്റെ കണ്ണാടിക്കാഴ്‌ചയായി അവര്‍ സിനിമ തെരഞ്ഞെടുക്കുകയാണ്‌. ഒട്ടേറെ സാമൂഹിക പ്രതിസന്ധികള്‍ അതിജീവിച്ചുകൊണ്ടാണ്‌ മഗ്‌രിബിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ ക്യാമറ പിടിക്കുന്നത്‌. രാഷ്‌ട്രീയവും മതപരവുമായ ചുറ്റുപാടുകളും മഗ്‌രിബ്‌ ചിത്രങ്ങള്‍ക്ക്‌ മുന്നിലുണ്ട്‌.കൊളോണിയല്‍ കെട്ടുപാടുകളില്‍ നിന്നും സ്വാതന്ത്ര്യം നേടിയതോടുകൂടിയാണ്‌ മഗ്‌രിബില്‍ സിനിമകളുടെ മുന്നേറ്റും ആരംഭിച്ചത്‌. കൊളോണിയല്‍ സംസ്‌കാരത്തിനെതിരെ പോരടിച്ചു കൊണ്ടാണ്‌ മഗ്‌രിബ്‌ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒരു ജനതയുടെ സ്വത്വാവബോധം അടയാളപ്പെടുത്താന്‍ തുടങ്ങിയത്‌. ഈ വിഷയത്തിലേക്കാണ്‌ പുസ്‌തകത്തിന്റെ ഉള്ളടക്കം ഊന്നല്‍ നല്‍കുന്നത്‌.

മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ മഗ്‌രിബില്‍ ഒരുമിച്ചു നില്‍ക്കുമ്പോഴും അതത്‌ രാജ്യങ്ങളുടെയും ജനതയുടെയും സാമൂഹികവും സാംസ്‌കാരികവുമായ വൈവിധ്യവും വ്യത്യസ്‌ത ജീവിത സമീപനവും പ്രതിഫലിപ്പിക്കുന്നുണ്ട്‌. മഗ്‌രിബ്‌ ചരിത്രം, സമൂഹം, രാഷ്‌ട്രീയം എന്നിവയിലൂന്നി പുതിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും ശക്തമായി മഗ്‌രിബ്‌ ചിത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. മൊറോക്കോ ചിത്രങ്ങളുടെ ജാഗ്രതയ്‌ക്ക്‌ ലത്തീഫ്‌ ലാഹോര്‍, ഹസന്‍ ബിന്‍ജിലോഹ്‌, അഹ്‌മദ്‌ ബൗലിനി തുടങ്ങിയവരുടെ സിനിമകള്‍ ഉദാഹരണമാണ്‌.

ടുണീഷ്യന്‍ ചിത്രലോകം ജീവല്‍ പ്രതിസന്ധികളുടെ തിരഭാഷയാണ്‌ അനുഭവപ്പെടുത്തുന്നത്‌. അള്‍ജീരിയയിലും സിനിമ തീക്ഷ്‌ണമായ കലാബോധത്തോടെ തിരഭാഷയുടെ പാഠവും പാഠാന്തരവും വ്യക്തമാക്കുന്നു.ആശയാനുഭവങ്ങളുടെ കൂട്ടായ ചിത്രീകരണമാണ്‌ മഗ്‌രിബ്‌ പ്രവിശ്യയിലെ സിനിമകളെ ലോകവേദിയില്‍ ശ്രദ്ധാര്‍ഹമാക്കുന്നത്‌. മഗ്‌രിബ്‌ രാജ്യങ്ങളിലെ സമീപകാല ചരിത്രവും മനുഷ്യാവകാശ പ്രശ്‌നങ്ങളും സ്വത്വാവബോധവും സ്‌ത്രീ സമൂഹം നേരിടുന്ന പാര്‍ശ്വവല്‍കരണവും വിചാരണ ചെയ്യപ്പെടുന്ന ഈ പുസ്‌തകം ക്യാമറയുടെ പ്രതിഭാഷയാണ്‌ വായിച്ചെടുക്കുന്നത്‌.

മഗ്‌രിബ്‌ സിനിമ ചരിത്രവും വര്‍ത്തമാനവും എന്ന പുസ്‌തകം സാര്‍ത്ഥമാക്കുന്നത്‌ അന്വേഷണത്തിലും ആസ്വാദനത്തിലും ഗ്രന്ഥകാരന്‍ പ്രകടിപ്പിക്കുന്ന നിരീക്ഷണപാടവമാണ്‌. അലിസൊവ, ദ സൈലന്‍സ്‌ ഓഫ്‌ പാലസ്‌, വാട്ട്‌ എ വണ്ടര്‍ഫുള്‍ വേള്‍ഡ്‌, ബ്ലഡ്‌ നമ്പര്‍ വണ്‍ തുടങ്ങിയ ചിത്രങ്ങളുടെ ഹ്രസ്വ വിവരണം വായനയില്‍ മികച്ച അനുഭവമാകുന്നു. സംവിധായകരായ റജി അമരി, നാദിയ ഇല്‍ ഫാനി, ഒസാമ മുഹമ്മദ്‌ എന്നിവരുമായുള്ള സംഭാഷണം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്‌.കുഞ്ഞിക്കണ്ണന്‍ വാണിമേലിന്റെ സിനിമാ സംബന്ധിയായ പുതിയ കൃതിയാണിത്‌. ലോകസിനിമയുടെ ഭൂപടത്തില്‍ മഗ്‌രിബ്‌ സിനിമകള്‍ക്കുള്ള ഇടം ഗൗരവമായി ഈ പുസ്‌തകം സൂചിപ്പിക്കുന്നു.

മഗ്‌രിബ്‌ സിനിമയെ അടുത്തറിയാന്‍ സഹായകമായ മലയാളത്തിലെ ആദ്യ പുസ്‌തകമാണ്‌ മഗ്‌രിബ്‌ സിനിമ: ചരിത്രവും വര്‍ത്തമാനവും.
മഗ്‌രിബ്‌ സിനിമ: ചരിത്രവും വര്‍ത്തമാനവും
കുഞ്ഞിക്കണ്ണന്‍ വാണിമേല്
‍അടയാളം പബ്ലിക്കേഷന്‍സ്‌, തൃശൂര്‍വില- 75 രൂ.
-രാധാകൃഷ്‌ണന്‍ എടച്ചേരി


No comments: