Monday, February 08, 2010
യേശുദാസ് എഴുപതിന്റെ നിറവില്‍
ഗാനങ്ങളിലൂടെ തെളിയുന്ന വ്യക്തിത്വവും ഗായകന്റെ സ്വത്വവും തമ്മില്‍ എപ്പോഴും ഐകരൂപ്യം ഉണ്ടാകണമെന്നില്ല. പുറംകാഴ്‌ചയിലെങ്കിലും രണ്ടു വ്യക്തിത്വങ്ങള്‍ തമ്മിലുള്ള പാരസ്‌പര്യം പ്രകടമാവാത്ത സന്ദര്‍ഭങ്ങളും നിരവധി. ശ്രോതാവിന്, വായനക്കാരന് എപ്പോഴുമിഷ്‌ടം ഒരു ഗായകന്റെ വ്യക്തിത്വമാണ്.യേശുദാസിന്റെ സ്വഭാവവിശേഷതകളും വ്യക്തിത്വവും സംഗീതാസ്വാദകര്‍ക്ക് സുപരിചിതമാണ്. ഒതുക്കമുള്ള വികാരപ്രകടനം, ഭാവമധുരമായ സംഭാഷണം, ദു:ഖങ്ങളിലും സന്തോഷത്തിലും അമിതമായി ആസക്തമാവാത്ത മനസ്സ്, എപ്പോഴും സമകാലികനായിരിക്കാനുള്ള കഴിവ്, ഇന്നലെകളോട് മിതത്വത്തോടെയുള്ള സമീപനം -ഇതൊക്കെ യേശുദാസിന്റെ വ്യക്തിത്വത്തിന്റെ അംശങ്ങളാണ്. സംഗീതപ്രിയര്‍ക്കിത് നന്നായറിയാം. പ്രശസ്‌തരായ മറ്റുപലരേയും പോലെ യേശുദാസിന്റെ ജീവിതത്തിലും ദാരിദ്ര്യത്തിന്റെ കനലും അവഗണനയുടെ എരിച്ചിലുമുണ്ട്. അവയെ തരണം ചെയ്‌ത വഴിയും രീതിയുമാണ് യേശുദാസിനെ വ്യത്യസ്‌തനാക്കുന്നത്.
ഫോര്‍ട്ട് കൊച്ചിയിലെ മട്ടാഞ്ചേരി എന്ന ചരിത്ര ഭൂമി. വിവിധ സംസ്‌ക്കാരം. പാരമ്പര്യത്തിന്റെ അടയാളങ്ങള്‍ പതിഞ്ഞുനില്‍ക്കുന്ന തെരുവുകള്‍. 1912- ല്‍ മട്ടാഞ്ചേരിയിലെ കാട്ടാശ്ശേരി കുടുംബത്തില്‍ ത്രേസ്യാമ്മയുടെയും അഗസ്റ്റിയുടെയും മകനായി അഗസ്റ്റിന്‍ ജോസഫ് ജനിച്ചു. അഗസ്റ്റിന്‍ ജോസഫ് തന്റെ വളര്‍ച്ചയ്‌ക്കൊപ്പം അഭിനയവും സംഗീതവും കൂടപ്പിറപ്പായി കാത്തുപോന്നു. അഗസ്റ്റിന്‍ ജോസഫ് ഭാഗവതര്‍ എന്ന കേരളത്തിന്റെ മഹാനായ കലാകാരന്, ഫോര്‍ട്ട് കൊച്ചിയിലെ പ്രിന്‍സസ് തെരുവില്‍ കച്ചവടക്കാരനായിരുന്ന പുത്തന്‍പുരയ്‌ക്കല്‍ സമ്മി മകള്‍ എലിസബത്തിനെ വിവാഹം ചെയ്‌തുകൊടുത്തു. 1937-ല്‍ ഫോര്‍ട്ട് കൊച്ചിയിലെ സാന്തക്രൂസ് ദേവാലയത്തില്‍ വെച്ചായിരുന്നു വിവാഹം.
വിവാഹച്ചടങ്ങില്‍ ഓച്ചിറ വേലുക്കുട്ടി ഉള്‍പ്പെടെ നിരവധി സംഗീജ്ഞരും കലാകാരന്മാരും പങ്കെടുത്തു. നാടകാഭിനയ രംഗത്ത് പ്രശസ്‌തനായിക്കഴിഞ്ഞ അഗസ്റ്റിന്‍ ജോസഫിന് എലിസബത്ത് പ്രോത്സാഹനവും കൈത്താങ്ങുമായിരുന്നു.അഗസ്റ്റിന്‍ ജോസഫ് എലിസബത്ത് ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായി യേശുദാസ് 1940 ജനുവരി 10-ന് ജനിച്ചു. മൂത്ത സഹോദരി പുഷ്‌പയുടെയും സഹോദരന്‍ ബാബുവിന്റെയും അകാലമരണം, കുടുംബത്തിന്റെ ജീവിതവൈഷമ്യം തുടങ്ങി നിരവധി പ്രതിസന്ധികള്‍ കൊച്ചുനാളില്‍ തന്നെ യേശുദാസിന് അനുഭവിക്കേണ്ടിവന്നു. ഒരുപക്ഷേ, അതായിരിക്കാം യേശുദാസിന്റെ ജീവിതവീക്ഷണം കൂടുതല്‍ സാന്ദ്രമായത്. ആന്റണി ജോസഫ്, വര്‍ഗീസ് ജോസഫ്, ജയമ്മ ആന്റണി, ജസ്റ്റിന്‍ ജോസഫ് എന്നിവരാണ് യേശുദാസിന്റെ മറ്റു സഹോദരങ്ങള്‍. കലാകാരന്റെ സ്വത്വവും സിദ്ധിയും അടിസ്ഥാനപരമായ സഹനത്തിന്റെയും സത്യസന്ധതയുടെയുമാണ്. അവയുടെ ഇഴചേര്‍ച്ചയാണ് അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെയും കുടുംബത്തിന്റെയും ആണിക്കല്ല്.
പിതാവ് അഗസ്റ്റിന്‍ ജോസഫ് 1942-ല്‍ ഓച്ചിറ പരബ്രഹ്‌മോദയ നാടകസഭയില്‍ ചേര്‍ന്ന കാലത്തുതന്നെ രണ്ടു വയസ്സുകാരനായ ദാസിന്റെ മനസ്സ് സംഗീതത്തില്‍ പതിഞ്ഞുനില്‍ക്കാനുള്ള സാഹചര്യമുണ്ടായിരുന്നു. അഗസ്റ്റിന്‍ ജോസഫിന്റെ സ്‌നേഹിതന്‍ ചടയംമുറി ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ മടിയിലിരുന്ന് പങ്കജ് മല്ലിക്കിന്റെയും സൈഗളിന്റെയും പാട്ടുകളുടെ ഈരടികള്‍ കേട്ടു ദാസ് അതിശയിക്കുകയുണ്ടായി.1945 ജൂണില്‍ ഫോര്‍ട്ട് കൊച്ചി സെന്റ് ജോണ്‍ ബ്രിട്ടോ സ്‌കൂളിലാണ് യേശുദാസ് വിദ്യാഭ്യാസത്തിന്റെ തുടക്കം കുറിച്ചത്. ദാസ് സ്‌കൂളില്‍ ലഘുകവിതകള്‍ ഭംഗിയായി ചൊല്ലുമായിരുന്നു. എന്നാല്‍ ആ സ്‌കൂളില്‍ പഠനം തുടരാന്‍ യേശുദാസിന് സാധിച്ചില്ല.
ഒരു വര്‍ഷം കഴിഞ്ഞ് തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളില്‍ ചേര്‍ന്നു. അവിടെവെച്ചാണ് എ. ജെ. പോള്‍ എന്ന കൂട്ടുകാരന്‍ യേശുദാസിന്റെ ജീവിതത്തിലേക്ക് വരുന്നത്. ദാസിന് എട്ടുവയസ്സുള്ളപ്പോള്‍ പ്രാദേശികാടിസ്ഥാനത്തില്‍ നടന്ന സംഗീത മത്സരത്തില്‍ സ്വര്‍ണ്ണമെഡലും കപ്പും ലഭിച്ചിട്ടുണ്ട്. അക്കാലത്ത് പിതാവ് അഗസ്റ്റിന്‍ ജോസഫ് ``നല്ലതങ്ക'', ``വേലക്കാരന്‍'' തുടങ്ങിയ സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ ചെയ്‌തിരുന്നു. അദ്ദേഹം നാടകത്തിലും സിനിമയിലും സജീവമായി. അഗസ്റ്റിന്‍ ജോസഫ് തിരക്കൊഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ മകന് സംഗീതത്തില്‍ പരിശീലനം നല്‍കിയിരുന്നു. 1949-ല്‍ അദ്ദേഹം യേശുദാസിനെ പൊതുവേദിയിലെത്തിച്ചു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കച്ചേരിയില്‍ അഗസ്റ്റിന്‍ ജോസഫ് ഭാഗവതര്‍ക്ക് വായ്‌പ്പാട്ടില്‍ അകമ്പടിക്കാരനായി ഒമ്പതുകാരന്‍ മകനുമുണ്ടായിരുന്നു. ഒരു ക്രിസ്‌ത്യന്‍ ചെറുക്കന്‍ കര്‍ണ്ണാടക സംഗീതം മധുരമായി ആലപിച്ചത് അന്ന് പലരിലും വിസ്‌മയവും ഉല്‍ക്കണ്‌ഠയുമുണര്‍ത്തി.
ബൈജു ബാവരെയില്‍ മുഹമ്മദ് റഫി പാടിയ ``ഭഗ്‌വാന്‍...ഏ ദുനിയാ കെ രഖ് വാലേ..'' എന്ന ഗാനം യേശുദാസ് അനായാസമായി പാടിയിരുന്നു. അപ്പോഴേക്കും സ്‌കൂളിലും പുറത്തും യേശുദാസ് ഗാനാലാപനത്തില്‍ സമ്മാനിതനായിക്കഴിഞ്ഞു.....1957-ല്‍ എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായ യേശുദാസിനെ അഗസ്റ്റിന്‍ ജോസഫ് ഭാഗവതര്‍ ശാസ്‌ത്രീയ സംഗീതാഭ്യാസനത്തിനു വേണ്ടി തൃപ്പൂണിത്തുറ ആര്‍.എല്‍.വി. അക്കാദമിയില്‍ ചേര്‍ത്തു. ?ക്രിസ്‌ത്യാനിക്കെന്തിനാ ശാസ്‌ത്രീയ സംഗീതം . എന്ന ആക്ഷേപം വകവയ്‌ക്കാതെ ഭാഗവതര്‍ മകനെ പഠിപ്പിച്ചു. നല്ലവണ്ണം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡബിള്‍ പ്രൊമോഷന്‍ കൊടുക്കുന്ന സമ്പ്രദായം അക്കാലത്തുണ്ടായിരുന്നു. യേശുദാസിന് ഡബിള്‍ പ്രൊമോഷന്‍ കിട്ടി.പഠനകാലത്ത് വീട്ടില്‍ സാമ്പത്തികമായി പ്രയാസങ്ങളായിരുന്നു. അഗസ്റ്റിന്‍ ഭാഗവതര്‍ രോഗബാധിതനായിരുന്നു.
അക്കാദമിയില്‍ സാമ്പത്തികമായി ഞെരുങ്ങിക്കഴിഞ്ഞ യേശുദാസിനെ പത്മം എന്ന അദ്ധ്യാപിക സഹായിച്ചു. 1960-ല്‍ യേശുദാസ് ഗാനഭൂഷണം പൂര്‍ത്തിയാക്കി. അക്കാദമിയില്‍ നിന്നും ഒന്നാം റാങ്കോടെയാണ് യേശുദാസ് വിജയിച്ചത്.......തൃപ്പൂണിത്തുറയില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്താണ് ഗായകന്‍ വൈക്കം ചന്ദ്രനും സംവിധായകന്‍ കെ. എസ്. ആന്റണിയും യേശുദാസിനെ കാണാന്‍ വന്നത്. കുറെ ഹിന്ദി ഗാനങ്ങളും ലളിതഗാനങ്ങളും യേശുദാസ് അവരെ പാടിക്കേള്‍പ്പിച്ചു........ആള്‍ ഇന്ത്യാ റേഡിയോ തിരുവനന്തപുരം നിലയത്തില്‍ പാടാന്‍ ചെന്ന യേശുദാസിനെ ഓഡിയേഷന്‍ ടെസ്റ്റ് നടത്തി. അധികൃതര്‍ അപേക്ഷാ ഫോറത്തില്‍ കുറിപ്പെഴുതി: കെ. ജെ. യേശുദാസിന്റെ ശബ്‌ദം പ്രക്ഷേപണ യോഗ്യമല്ല, എന്ന്.
എം. ബി. ശ്രീനിവാസന്റെ സംഗീതത്തില്‍ കെ. എസ്. ആന്റണി സംവിധാനം ചെയ്‌ത കാല്‍പ്പാടുകള്‍ എന്ന സിനിമയിലാണ് യേശുദാസ് ആദ്യമായി പിന്നണി പാടുന്നത്.ജാതിഭേദം മതദ്വേഷംഏതുമില്ലാതെ സര്‍വ്വരുംസോദരത്വേന വാഴുന്നമാതൃകാ സ്ഥാനമാണിത്- എന്ന ഗുരുദേവ ശ്ലോകമാണ് യേശുദാസ് ആലപിച്ചത്.പിന്നീട് മലയാള സിനിമകളിലും തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങള്‍ക്കു വേണ്ടിയും യേശുദാസ് പിന്നണി പാടി. തെലുങ്കില്‍ ശാന്തിനിവാസിനു വേണ്ടിയായിരുന്നു അന്ന് പാടിയത്. ആ പാട്ട് കേള്‍ക്കാനിടയായ സംവിധായകന്‍ കുഞ്ചാക്കോ അദ്ദേഹത്തിന്റെ സിനിമയക്ക് വേണ്ടി പാടാന്‍ അവസരം നല്‍കി. വയലാര്‍ രചിച്ച് ബാബുരാജ് സംഗീതം നല്‍കിയ പാലാട്ടു കോമനിലെ രണ്ടു പാട്ടുകള്‍ യേശുദാസ് ആലപിച്ചു.
1962-ല്‍ ശ്രീരാമപട്ടാഭിഷേകത്തിലും പാടി. പിന്നീട് സേതുമാധവന്റെ കണ്ണുംകരളും എന്ന സിനിമയ്‌ക്കുവേണ്ടി എം. ബി. ശ്രീനിവാസന്റെ സംഗീതസംവിധാനത്തില്‍ പാടി. ഭാഗ്യജാതകം എന്ന ചിത്രത്തില്‍ പി. ഭാസ്‌ക്കരന്‍ രചിച്ച് ബാബുരാജ് സംഗീതം നല്‍കിയ ആദ്യത്തെ കണ്‍മണി എന്ന ഗാനം യേശുദാസ് പാടി. ആ പാട്ട് വന്‍ഹിറ്റായി മാറി. വിശപ്പിന്റെ വിളിയില്‍ ദക്ഷിണാമൂര്‍ത്തിയുടെ സംഗീതത്തില്‍ അഭയദേവിന്റെ വരികള്‍ യേശുദാസ് ആലപിച്ചു. ദേവരാജന്റെ സംഗീതത്തില്‍ കുഞ്ചാക്കോയുടെ ഭാര്യ എന്ന സിനിമയിലും പാടി. നിത്യകന്യകയിലെ കണ്ണുനീര്‍മുത്തുമായി കാണാനെത്തിയ കതിരുകാണാക്കിളി എന്ന പാട്ട് എച്ച്.എം.വി. യുടെ റിക്കാര്‍ഡിംഗ് കമ്പനി റെക്കോര്‍ഡ് വില്‌പനയാണ് നടത്തിയത്.
അക്കാലത്ത് യേശുദാസിന്റെ വീട്ടില്‍ പാട്ടുകേള്‍ക്കാന്‍ ഒരു റേഡിയോ പോലുമുണ്ടായിരുന്നില്ല.......1963-ല്‍ ഡോക്‌ടര്‍, സത്യഭാമ, മൂടുപടം, റെബേക്ക തുടങ്ങിയ ചിത്രങ്ങള്‍ക്കുവേണ്ടി യേശുദാസ് പാടി. മണവാട്ടിയിലെ ഇടയകന്യകേ എന്ന ഗാനം വലിയ ജനപ്രീതി നേടി. 1964-ല്‍ പഴശ്ശിരാജ, കറുത്തകൈ, ഒരാള്‍ക്കൂടി കള്ളനായി മുതലായ സിനിമകള്‍ക്കുവേണ്ടി പിന്നണി പാടി. പഴശ്ശിരാജയിലെ ചൊട്ടമുതല്‍ ചുടലവരെ ചുമടുംതാങ്ങി എന്ന ദേശഭക്തിഗാനം ആസ്വാദകരെ ആവേശം കൊള്ളിച്ചു. 1964-ല്‍ തന്നെ ജോബി മാസ്റ്ററും ഭാസ്‌ക്കരന്‍ മാസ്റ്ററും ചേര്‍ന്നൊരുക്കിയ അല്ലിയാമ്പല്‍ കടവില്‍... എന്ന ഗാനം യേശുദാസിന്റെ ആലാപനത്തില്‍ ഹൃദ്യമായി.......അഗസ്റ്റിന്‍ ജോസഫിന്റെ മരണം യേശുദാസിന്റെ കുടുംബത്തിന് വലിയ ആഘാതമായി. അപ്പോഴേക്കും ദാസ് ഗായകന്‍ എന്ന നിലയില്‍ പ്രശസ്‌തി നേടിത്തുടങ്ങി.
സിനിമാ ഗാനങ്ങള്‍ കൂടാതെ ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും യേശുദാസ് പാടിക്കൊണ്ടിരുന്നു......1970 ഫെബ്രുവരി ഒന്നിന് ഫോര്‍ട്ട് കൊച്ചിയിലെ സാന്തക്രൂസ് ദേവാലയത്തില്‍ വെച്ചാണ് യേശുദാസിന്റെ വിവാഹം നടന്നത്. വധു തിരുവനന്തപുരത്തെ അബ്രഹാമിന്റെ മകള്‍ പ്രഭ. യേശുദാസ്-പ്രഭ ദമ്പതികള്‍ക്ക് മൂന്നു ആണ്‍കുട്ടികളാണ്.......യേശുദാസിന്റെ വളര്‍ച്ച ഒരു വന്‍വൃക്ഷംപോലെയായിരുന്നു. സമൂഹത്തിന്റെ നാനാദിശയിലേക്ക് വേരുകള്‍ പടര്‍ത്തി ദാസ് വളര്‍ന്നു. സംഗീത സാര്‍വ്വഭൗമനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായി കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു.
സംഗീത കച്ചേരികളിലും യേശുദാസ് അതുല്യപ്രതിഭയായി മാറി. വരും നൂറ്റാണ്ടുകളിലേക്ക് കേരളത്തിന്റെ മഹത് സംഭാവനയായി യേശുദാസ് മാറി.....വളര്‍ച്ചയുടെ വഴിത്തിരിവുകളില്‍ ഇന്നലെകളെ മറക്കുന്ന ഇന്നത്തെ തലമുറയ്‌ക്ക് യേശുദാസ് ഒരു വിസ്‌മയമാണ്. ഇന്നലെകളുടെ ഇല്ലായ്‌മയും വല്ലായ്‌മയുമാണ് അമൃതസ്‌പര്‍ശിയായ ഈ നാദത്തെയും, ഗന്ധര്‍വ്വനെയും വാര്‍ത്തെടുത്തത്. കീര്‍ത്തിയുടെ സൗഭാഗ്യങ്ങളിലൂടെ അനന്തമായ പടവുകള്‍ താണ്ടി എഴുപതുകളിലെത്തിയിട്ടും ഈ മഹാഗായകന്‍ ഒന്നും മറക്കുന്നില്ല. കൂടുതല്‍ക്കൂടുതല്‍ ഓര്‍മ്മിച്ചുകൊണ്ടേയിരിക്കുന്നു.
എല്ലാം ഈശ്വരനില്‍ സമര്‍പ്പിക്കുന്നു.?എല്ലാം ദൈവത്തിനറിയാം. എല്ലാം ദൈവം നോക്കിക്കൊള്ളും എന്ന് ധരിക്കുവാന്‍ മനസ്സു വരുന്നുവോ, അപ്പോള്‍ മനശ്ശാന്തിയുണ്ടാകും. എന്റെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഞാന്‍ വന്നത് പതിന്നാല് രൂപയും കൊണ്ടാണ്. എനിക്ക് നഷ്‌ടപ്പെടുവാന്‍ ആ പതിന്നാല് രൂപമാത്രം. പിന്നെന്തിനു ഞാന്‍ പേടിക്കണം. ജീവിതത്തില്‍ എനിക്ക് ഭയം എന്നൊന്നില്ല. എല്ലാം ദൈവവിധി പോലെ നടക്കും. നടത്തിത്തരും.എന്റെ പരമഗുരു ദൈവം തന്നെയാണ്. അതിന്റെ സഹായികള്‍ മാത്രമാണ് മറ്റുള്ള ഗുരുക്കന്മാര്‍. ചെമ്പൈ സ്വാമി, ശെമ്മാങ്കുടി, വെച്ചൂര്‍ ഹരിഹര അയ്യര്‍.... പല്ലവി നരസിംഹാചാര്യ, പത്മാ മാഡം, കല്യാണസുന്ദരം അങ്ങനെ എത്രയോ പേര്‍..സംഗീതം തന്നെയാണ് എന്റെ ജീവിതം. അല്ലാതെ മറ്റൊരു ചിന്ത എന്റെ ജീവിതത്തിലില്ല.
ഇനിയും ഒരുപാട് പഠിച്ചുതീര്‍ക്കാനുള്ള ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍. പഠിച്ചുകൊണ്ടേയിരിക്കുന്നു.?- യേശുദാസിന്റെ ഗാനധാരപോലെ അദ്ദേഹത്തിന്റെ ജീവിതദര്‍ശനവും ഇമ്പമാര്‍ന്നതാണ്. -മഹിളാചന്ദ്രിക -ഫെബ്രുവരി 2010
Subscribe to:
Post Comments (Atom)
1 comment:
ദാസേട്ടനെ കുറിച്ച് എത്രയെത്ര കേട്ടാലാണ് എത്രയെത്ര വായിച്ചാലാണ് മതിവരുക?
Post a Comment