Thursday, January 14, 2016

മലയാള കവിതയും വേലയും








കവിയാവുകയെന്നാലെന്തര്‍ത്ഥംഅഗാധമാ/യറിയാനിടവന്നാല്‍, ലോലലോലമാമുടല്‍/സ്വയമേ തൊലിയുരിച്ചന്യരെയെല്ലാം സ്വന്തം/ രുധിരത്തിനാല്‍ സ്‌നാനം ചെയ്യിക്കയെന്നാണര്‍ത്ഥം (വിവ: സച്ചിദാനന്ദന്‍) -എന്നിങ്ങനെ സെര്‍ഗ്യെയ് യെസ്യെനിന്‍ എഴുതിയിട്ടുണ്ട്. കവിതയുടെ നിറവാണ് സെര്‍ഗ്യെയ് വ്യക്തമാക്കിയത്. അത്തലിന്‍ കെടു പായയില്‍നിന്നു/ മുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം- എന്ന് വൈലോപ്പിള്ളിയും ഓര്‍മിപ്പിച്ചു. കവിയുടെ മനമെരിച്ചിലാണ് കവിത. ജീവിതത്തിന് നേരെ കണ്ണടയ്ക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന കവിതയെഴുത്തുകാരുടെ കൂറ്റന്‍പ്രകടനമാണ് ഈ ആഴ്ച വായനക്കാര്‍ കണ്ടത്. ഈ കവിതകള്‍ വായിച്ചിട്ടില്ലെങ്കിലും കവി കൂടിയായ പോള്‍ കല്ലാനോട് അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ:'കവിതയും കൈക്കോട്ട് പണിപോലെ ഒരു മനുഷ്യപ്രവര്‍ത്തനമാണ്. വേണമെങ്കില്‍ അതിന് ഭാഷ ഉപാധിയാവുകയും സംസ്‌കാരം പ്രധാന ഉല്‍പ്പന്നമാവുകയും ചെയ്യുന്ന ഒരു ഉയര്‍ന്നതലം അവകാശപ്പെടാം...'(മധുരമാണെനിക്കെന്നുമീ ജീവിതം- പോള്‍ കല്ലാനോട്/ വി.പി ഷൗക്കത്തലി, ചന്ദ്രിക ആഴ്ചപ്പതിപ്പ്).
കവികള്‍ക്ക് പ്രകോപനം സൃഷ്ടിക്കാന്‍ ഇതില്‍പരമെന്തുവേണം? ലബ്ധപ്രതിഷ്ഠരുടെ കവിതകള്‍ വീണ്ടും വായനക്കാരിലെത്തിയ ആഴ്ചയില്‍ തന്നെയാണ് കവി കൂടിയായ പോള്‍ കല്ലാനോട് കവിതയുടെ സ്വത്വത്തെ ചോദ്യം ചെയ്തത്. കവിയുടെ മനമെരിച്ചിലാണ് കവിത. കവികളില്‍ പലരും കാവ്യരചന ഒന്നര മണിക്കൂറിന്റെ മത്സരപ്പരീക്ഷയായി കരുതുന്ന കാലത്തെ നോക്കിയാണ് പോള്‍ കല്ലാനോട് സംസാരിച്ചത്.
'അറിയാം വെറുതെയാണൊക്കെയു-മെന്നാകിലും
മൊരു തൃക്കയ്യാണല്ലോ തെളിപ്പൂ ഭയാഹീനം...(പൂവഴി മരുവഴി -സുഗതകുമാരി, മാതൃഭൂമി ആഴ്ചപ്പതിപ്പ്). 
'ആരോടും ഒന്നും പറയാതെ
ഒന്നുതിരിഞ്ഞുനോക്കുകപോലും ചെയ്യാതെ
വന്നതുപോലെ
അവര്‍ ഇറങ്ങിപ്പോകും...(മരണാനന്തരം-ടി.പി രാജീവന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്). 
'നിനക്ക് പേടിയില്ലേ
ഒറ്റക്കിതിലെ നടക്കാന്‍
ഉണ്ടായിരുന്നു
മരിക്കും വരെ...'(രക്തസാക്ഷി-കല്‍പ്പറ്റ നാരായണന്‍, മാധ്യമം ആഴ്ചപ്പതിപ്പ്).
'മുന്‍കാല പ്രണയികള്‍ക്കു മുഴുവനും
പെന്‍ഷന്‍ ഏര്‍പ്പെടുത്തണം...'(നരച്ചു ചുളുങ്ങിയ സമ്മേളനം-റഫീഖ് അഹമ്മദ്, മാധ്യമം ആഴ്ചപ്പതിപ്പ്).
മലയാളികള്‍ വീണ്ടും വീണ്ടും വായിച്ചിരിക്കേണ്ട കവിതയാണ് കുഞ്ചന്‍ നമ്പ്യാരുടേത്. പദബോധം തിരിച്ചറിയുന്നതും നമ്പ്യാരുടെ കവിതകളിലാണ്. കുഞ്ചന്‍ നമ്പ്യാരെ ഓര്‍മയിലേക്ക് കൊണ്ടുവന്നത് മലയാളകവിത മാത്രമല്ല, അടൂര്‍ഭാസിയെപ്പറ്റി ഡോ.എം. ജി. ശശിഭൂഷന്‍ എഴുതിയ'ചിരിയുടെ വിധിയെഴുത്തുകള്‍' എന്ന ലേഖനവുമാണ്.'തകില്‍- നാഗസ്വരങ്ങളുടെ അകമ്പടിയോടെ ക്ഷേത്രനടകളില്‍ അരങ്ങേറാറുള്ള തുലാഭാരങ്ങളെയാണ് തമാശക്കഥകള്‍ പറയുന്ന അടൂര്‍ഭാസി എന്നെ ഓര്‍മിപ്പിച്ചത്.'കുഞ്ചന്‍ നമ്പ്യാരുടെയും ഈ. വി കൃഷ്ണപ്പിള്ളയുടെയും ധിഷണാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരുന്നു നടന്‍ അടൂര്‍ഭാസി. 
തുര്‍ക്കിയിലെ എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമുകിന്റെ പുതിയ നോവലിനെപ്പറ്റി വൈക്കം മുരളിയുടെ ലേഖനവും( മലയാളം വാരിക) ഗഹനമായ വിഭവമാണ്. പാമുകിന്റെ ഏറ്റവും പുതിയ നോവലായ 'എന്റെ മനസ്സിനുള്ളിലെ അനുഭവം- എ സ്‌ട്രെയിഞ്ച്‌നെസിസ് പ്രേമവും ചതിയും തുര്‍ക്കിയുടെ ചരിത്രവും പറയുന്നു. സമകാലിക ഇന്ത്യയില്‍ ചൂടുപിടിച്ച ചര്‍ച്ചയിലേക്ക് വായനക്കാരനെ ഒരിക്കല്‍ കൂടി നടത്തിക്കുകയാണ് ഡോ.ടി. കെ.ജാബിര്‍.'ഖാന്‍ സാമ്രാജ്യങ്ങളുടെ ദേശീയ രാഷ്ട്രീയം'(മലയാളം വാരിക). സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ഉയര്‍ത്തിയ ചോദ്യങ്ങളും അതിനോടുണ്ടായ പ്രതികരണങ്ങളും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്വത്വപ്രതിസന്ധിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. ബൃഹത്തായ ബഹുസ്വരതയാണ് ഇന്ത്യയുടെ സ്വത്വം എന്ന് പറയുന്നത്. അത് അട്ടിമറിക്കുന്നത്, ഇന്ത്യയെ അട്ടിമറിക്കുന്നതിന് തുല്യമായിരിക്കും.
നിരൂപകന് വ്യക്തമായി നിലപാടുണ്ടായിരിക്കണ മെന്ന് വിശ്വസിക്കുകയും എഴുതുകയുമായിരുന്നു കെ.പി.അപ്പന്‍. അദ്ദേഹത്തിന്റെ ധീരമായ ശബ്ദം കേള്‍പ്പിക്കുയാണ് 'പുതിയ സംവേദന സൗന്ദര്യസങ്കല്‍പങ്ങള്‍'(പഴയതാളുകൡ നിന്ന്-മലയാളംവാരിക). ചോദ്യം- കഥ എഴുതുന്നതിനെക്കുറിച്ച് കഥയുണ്ടാക്കുന്നു. കഥകള്‍ക്ക് പാരഡികളുണ്ടാകുന്നു. ഈ ഉത്തരാധുനിക സ്വഭാവം തന്നെയാണോ വിമര്‍ശകനായ താങ്കള്‍ക്കു നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നിലുള്ളത്? അപ്പന്റെ മറുപടി ഇങ്ങനെയായിരുന്നു: 'എന്റെ കാര്യത്തില്‍ ഇതു വളരെ ശരിയാണ്. എന്റെ ലേഖനങ്ങള്‍ എല്ലാവരും 3 ഡി കണ്ണടവച്ചാണ് വായിക്കുന്നത്. ഞാന്‍ പറയുന്നതെല്ലാം അവരുടെ നേരെ പാഞ്ഞുചെല്ലുന്നു എന്നാണ് അവര്‍ മിഥ്യയായി കരുതിപ്പോരുന്നത്'.
പാട്ടിന്റെപുതുവത്സരങ്ങള്‍ അടയാളപ്പെടുത്തുകയാണ് ദേശാഭിമാനി വാരിക. മലയാളിയുടെ വേറിട്ട സംഗീതശീലങ്ങളെ അവതരിപ്പിക്കുന്നു.'ഇന്ത്യന്‍ സംഗീതത്തിന് വിപ്ലവകരമായ സംഭാവനകള്‍ സിനിമാസംഗീതം നല്‍കിയിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിന് ഒരുപാട് അപചയങ്ങളും സങ്കുചിതത്വങ്ങളും ഉണ്ടെന്ന് പുതിയ തലമുറ കണ്ടുപിടിക്കുകയാണ്-എന്നാണ് കെ.എം നരേന്ദ്രന്‍ നിരീക്ഷണം. ബാലഭാസ്‌കര്‍ സിനിമയോടുള്ള അതിരുകവിഞ്ഞ താല്‍പര്യത്തെ അഭിമുഖലേഖനത്തില്‍ ചോദ്യം ചെയ്യുന്നു.' സംഗീതം ഹൃദയത്തിലേക്കുള്ള വഴി'(ബാലഭാസ്‌കര്‍/ ഷംസുദ്ദീന്‍കുട്ടോത്ത്). 'എല്ലാവരും സിനിമ മാത്രം സ്വപ്നം കാണുന്ന അവസ്ഥ ഇവിടെയുണ്ട്. പലര്‍ക്കും അതിനപ്പുറം കാണാന്‍ പറ്റുന്നില്ല..'- ബാലഭാസ്‌കര്‍ വ്യക്തമാക്കുന്നു. വേറിട്ടൊരു സംഭാഷണ ലേഖനമാണ് 'പോരാട്ടമാണ് ജീവിതം' (പ്രിതിക യാഷ്‌നി, പി. അഭിജിത്ത്,മാധ്യമം ആഴ്ചപ്പതിപ്പ്). പൊലീസ് സബ് ഇന്‍സ്‌പെക്ടറായ പ്രിതിക യാഷ്‌നിസൂചിപ്പിക്കുന്നു:'ഐ പി എസ് ഓഫീസറാകുക എന്നതാണ് ആഗ്രഹം. ജനങ്ങള്‍ക്ക് സേവനം ചെയ്യണം. സത്യസന്ധയായ ഓഫീസറായി പ്രവര്‍ത്തിക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ അഭിവൃദ്ധിയും ലക്ഷ്യങ്ങളില്‍ ഒന്നാണ്.' ~ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേര്‍പ്പിന്റെ സ്വപ്നം.
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്-നിബ്ബ്, 2016 ജനുവപി 10






Friday, January 01, 2016

വയസ്സാകുന്ന പുസ്തകങ്ങളും കവിത പൂക്കുന്ന കാമ്പസും










അതീവ സാമര്‍ത്ഥ്യമുണ്ടെങ്കിലെ കൊല്‍ക്കത്തയിലെ വളഞ്ഞുപുളഞ്ഞു പോകുന്ന തിരക്കേറിയ വഴികളിലൂടെ നിങ്ങള്‍ക്ക് യാത്ര ചെയ്യാനാകൂ. അതിന് കാഴ്ചശക്തിയും വേണം. പക്ഷേ, 22-കാരന്‍ അജയ് സായുവിന് കാഴ്ചയില്ല. എങ്കിലും മേല്‍വിലാസങ്ങള്‍ കണ്ടെത്താന്‍ ചോരത്തിളപ്പിന്റെ പ്രചോദനമുള്ള സായുവിന് അതിനൊരു താമസമില്ല, കാഴ്ചശക്തിയില്ലാത്ത സായുവിന് കൊറിയര്‍ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ ഒരു പിശകുപോലും സംഭവിച്ചിട്ടുമില്ല. കാഴ്ചശക്തിയില്ലാത്ത കൊല്‍ക്കത്തക്കാരന്‍ സായു കൊറിയര്‍ കമ്പനിയില്‍ വിദഗ്ധമായി ജോലി ചെയ്യുന്നതിനെപ്പറ്റിയുള്ള വാര്‍ത്ത വായിച്ചിട്ട് പതിനഞ്ചു വര്‍ഷം കഴിഞ്ഞു. ആത്മാഭിമാനമുള്ള ഒരാളുടെ ദൃഢനിശ്ചയത്തോടെയുള്ള സ്ഥിരോത്സാഹത്തെ തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് അജയ് സായു വ്യക്തമാക്കി. ഈയൊരു വാര്‍ത്താശകലം ഇപ്പോള്‍ ഓര്‍മയിലെത്തിച്ചത് 2015-ലെ മലയാളകവിതകളാണ്. മലയാളത്തിലെ മുഖ്യധാരയിലും അല്ലാത്തതുമായ ആനുകാലികങ്ങളിലും വിശേഷാല്‍പ്രതികളിലുമായി ആയിരത്തിലധികം കവിതകള്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത എഴുതിയവരില്‍ കെ.ജി. ശങ്കരപ്പിള്ള, കെ. സച്ചിദാനന്ദന്‍, സുഗതകുമാരി, കെ.സി.ഉമേഷ് ബാബു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, കല്‍പ്പറ്റ നാരായണന്‍, റഫീഖ് അഹമ്മദ് തുടങ്ങി ലബ്ധപ്രതിഷ്ഠരും കെ.ആര്‍.ടോണി, എസ്.ജോസഫ്, വീരാന്‍കുട്ടി, പി.രാമന്‍, പി.പി.രാമചന്ദ്രന്‍, എല്‍.തോമസ്‌കുട്ടി മുതലായ അധ്യാപകകവികളും വി.എം.ഗിരിജ, സാവിത്രി രാജീവന്‍, പവിത്രന്‍ തീക്കുനി, റോസ്‌മേരി, സെബാസ്റ്റ്യന്‍, പി.കെ.ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, ജി.സുധാകരന്‍, ബിനോയ് വിശ്വം എന്നിങ്ങനെ ഇതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സോമന്‍ കടലൂരിന്റെ മാര്‍ഗനിര്‍ദേശത്തിലുള്ള പ്ലാവിലക്കവികളും പ്രബന്ധപൂരണ കവികളായ ശൈലനും കുഴൂര്‍ വിത്സനും സജീവമായി രംഗത്തുണ്ടായിരുന്നു. പക്ഷേ, വളഞ്ഞു പുളഞ്ഞു പോകുന്ന മലയാളകവിതയുടെ വഴിയിലൂടെ ഒഴുകിപ്പോകുന്ന മേഘമാലകളെ ആരാണ് തിരിച്ചറിയുക? ഇടിമിന്നലിലൂടെ ശക്തമായി പെയ്തിറങ്ങുമ്പോഴാണ് ഹൃദയം പിളര്‍ക്കപ്പെടുക. അത്തരമൊരു ഗംഭീരനിലയില്‍ സംവേദനം ചെയ്യപ്പെടുന്ന പുതിയ കവിത ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ എന്ന് വായനക്കാരനെ ഓര്‍മിപ്പിച്ച സന്ദര്‍ഭങ്ങള്‍ കൂടിയാണ് പിന്നിട്ട വര്‍ഷം.
മലയാളകവിത തളിര്‍ക്കുന്നതും പൂക്കുന്നതും ആനുകാലികങ്ങളിലെ കാമ്പസ്, കോളജ് മാഗസിന്‍, ബാലപംക്തി, പുതുനാമ്പുകള്‍, പുതുമൊഴി തുടങ്ങിയ പേജുകളിലായിരുന്നു. മലയാളകവിതയുടെ കരുത്തുള്ള പൈതൃകം ഓര്‍മ്മിച്ചിട്ടാകാം പുതുലോകത്തിന്റെ കവിത ഏതെന്ന് ആസ്വാദകന്‍ ഇടയ്ക്കിടെ ചോദിക്കുന്നത്. ഈ ചോദ്യത്തെ അഭിമുഖീകരിച്ചത് വിദ്യാര്‍ത്ഥികളാണ്. അവര്‍ ഉള്‍ക്കാഴ്ചയുടെ കാവ്യാംശമുള്ള കവിതകളില്‍ ജീവിതരഹസ്യങ്ങളുടെ നിധിപ്പുരകള്‍ അന്വേഷിച്ചു. ഇതിന് മികച്ച ഉദാഹരണമാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി അനാമിക ഫസിത എഴുതിയ 'മൂന്നു സെല്‍ഫികള്‍' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, കോളജ് മാഗസിന്‍) എന്ന കവിത. ഫേസ്‌പേജിന്റെയും സെല്‍ഫികളുടെയും ലോകം മനോഹരമായി അടയാളപ്പെടുത്തുന്നു. പ്രണയത്തിനപ്പുറം വിശപ്പ് തന്നെയാണ് ലോകം നേര്‍ക്കുന്നതെന്ന് അനാമിക ഓര്‍മപ്പെടുത്തുന്നു.
പുസ്തകങ്ങള്‍ക്ക് വയസ്സാകുന്നു. ചന്തുമോനോന്റെ ഇന്ദുലേഖ ഒരു നൂറ്റാണ്ട് പിന്നിട്ട, പിറകെ ശാരദയും ആ വഴിയിലെത്തും. രണ്ടു നോവലുകള്‍ക്കും മലയാളത്തില്‍ നാടകരൂപങ്ങളും വന്നു. ആലീസിന്റെ അല്‍ഭുതലോകം ഒന്നര നൂറ്റാണ്ടിലെത്തി. എം.ടിയുടെ മുറപ്പെണ്ണ് (തിരക്കഥ), ഗബ്രിയേല്‍ മാര്‍കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്നിവയും അമ്പത് വയസ്സിലെത്തി. മാര്‍കേസിന്റെ കൃതിയുടെ പ്രശസ്തിക്കു പിന്നിലുള്ള കഥ വിവരിക്കുകയാണ് പോള്‍ എലിയുടെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ രഹസ്യചരിത്രം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, വിവ: സൗമ്യ ഭൂഷണ്‍) എന്ന ലേഖനം.
ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളെ വിലയിരുത്തുന്ന ലേഖനത്തില്‍ 'അധരദളപുടം നീ വിടുത്തീടുമ്പോള്‍ അതിലൊരു ശലഭമായ് ഞാനമരും'- (എസ്. ശാരദക്കുട്ടി, മാതൃഭൂമിആഴ്ചപ്പതിപ്പ്) പറയുന്നു:' ഗാനങ്ങള്‍ക്ക് മേലെയാണ് തങ്ങളുടെ കവിതകള്‍ എന്ന് ഗാനരചയിതാക്കളില്‍ പലരും പറയുന്നത് കേള്‍ക്കാറുണ്ട്. ഇതു രണ്ടും സര്‍ഗപ്രകിയയുടെ രണ്ടുതരം ആവിഷ്‌കാരങ്ങളാണെന്നു വിശ്വാസമുള്ളതു കൊണ്ട് അവ തമ്മില്‍ താരതമ്യത്തിന് പ്രസക്തിയില്ലെന്നു കരുതുന്ന കവിയാണ് ശ്രീകുമാരന്‍ തമ്പി. ഒരിക്കല്‍പോലും തന്റെ കവിതയെ ഗാനത്തിന് മുകളില്‍ പ്രതിഷ്ഠിക്കാനുള്ള അമിതാവേശം അദ്ദേഹം കാണിച്ചിട്ടില്ല.
ജനപ്രിയഗാനങ്ങളുടെ സാധാരണ ആസ്വാദകര്‍ രാഗമോ, താളമോ, സാഹിത്യമോ സാങ്കേതികാര്‍ത്ഥത്തില്‍ അറിയുന്നവരാകണമെന്നില്ല. പാടുന്നയാളും കേള്‍ക്കുന്നയാളും പാട്ടും മാത്രമേ അവിടെയുള്ളൂ. എഴുത്തുകാരന്റെ മരണം എന്നത് കൃത്യമായി സംഭവിക്കുന്നത് ചലച്ചിത്രഗാനത്തിലാണ്'. മലയാളത്തിലെ പ്രശസ്തകവികളുടെ ഗാനരചനകളെപ്പറ്റിയുള്ള നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ലേഖികയുടെ പുതിയ വായന ശ്രദ്ധേയമാണ്.
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, -നിബ്ബ് ,20116 ജനുവരി 3 

Saturday, December 26, 2015

വാക്കിന്റെ വെളിച്ചവും അനുഭവത്തിന്റെ കരുത്തും







നുഷ്യഭാവന നിലനില്‍ക്കുന്നിടത്തോളം കാലം പുസ്തകങ്ങള്‍ തേടിയുള്ള ജിജ്ഞാസയുള്ള മനസ്സിന്റെ യാത്ര തുടര്‍ന്നു കൊണ്ടിരിക്കും. വായനക്ക് ബദലായി ഒന്നുമില്ല. ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ വായന എന്ന സാംസ്‌കാരിക സത്യവും സാങ്കേതികമായ പ്രയോജനവും ഒന്നിച്ചു നീങ്ങുകയാണ്. പുസ്തകങ്ങളുടെ പ്രസക്തിയിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുകയാണ് എം.ടി.വാസുദേവന്‍ നായര്‍ 'വായിച്ച് വേദന മായ്ച്ചുകിടന്ന കുട്ടി' എന്ന ലേഖനത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്).
പലതരം വേദനകളുടെയും അസഹിഷ്ണുതകളുടെയും വര്‍ത്തമാനകാലത്ത് പുസ്തകങ്ങള്‍ക്ക് പലതും ചെയ്യാന്‍ കഴിയുമെന്ന് എം.ടി. അനുഭവത്തിലൂടെ വ്യക്തമാക്കുന്നു. ആകാശം വിസ്മയകരമായി ഇടിമുഴക്കുന്നതുപോലെയാണ് ചില അനുഭവങ്ങള്‍ എഴുത്തുകാരന്റെ ഓര്‍മ്മകളിലേക്ക് കടന്നുവരുന്നത്. രാഹുലന്‍ എന്ന കുട്ടിയുടെ ജീവിതവും മരണവും എഴുതിച്ചേര്‍ത്ത ലേഖനത്തില്‍ എം.ടി എഴുതി: 'പുസ്തകങ്ങളുണ്ടാവുമ്പോള്‍ അവനെന്തോ ഒരു ആശ്വാസമാണെന്ന് തോന്നി. ഒരു ചെറിയ ടിവി സംഘടിപ്പിച്ച് മുറിയില്‍ വെച്ചു കൊടുത്താലോ എന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ അവനോട് ചോദിച്ചു: ഞാനൊരു ചെറിയ ടിവി കൊണ്ടുവന്നു വെച്ചാലോ? അതവനു വേണ്ട, പുസ്തകങ്ങള്‍ മതി.'
അഭിമുഖങ്ങള്‍ പുതിയ ഉള്‍ക്കാഴ്ചപ്പാടുകള്‍ സമ്മാനിക്കുന്നതാകണം. ജീവിതത്തെ സംബന്ധിക്കുന്ന ഉള്‍ക്കാഴ്ചയിലേക്ക് നമ്മുടെ ബുദ്ധിയെ നയിക്കുന്ന പ്രശ്‌നങ്ങളാണ് ഈ ആഴ്ചത്തെ മൂന്ന് അഭിമുഖലേഖനങ്ങള്‍. ജീവിതത്തിലേക്ക് വ്യത്യസ്തമായ വാതിലുകള്‍ തുറന്നിടുകയാണ് 'മുഖ്യമന്ത്രിപദം ഏതു സമുദായക്കാരനും ആകാം'-(പി.കെ.കുഞ്ഞാലിക്കുട്ടി/ വി. ഡി സെല്‍വരാജ്, കലാകൗമുദി), എന്ന അഭിമുഖലേഖനം. അനുഭവത്തിന്റെ തെളിച്ചത്തില്‍ വാര്‍ന്നുവീഴുന്ന വാക്കുകളാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടേത്. ലേഖനത്തില്‍ ഒരിടത്ത് പറയുന്നു: ' രാജ്യങ്ങളുടെ ചരിത്രത്തില്‍ നാം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് യുദ്ധത്തെപ്പറ്റിയാണല്ലോ. യുദ്ധം നല്ല കാര്യമായതു കൊണ്ടല്ലല്ലോ ചര്‍ച്ച ചെയ്യുന്നത്. യുദ്ധങ്ങള്‍ ജയിക്കുകയോ, തോല്‍ക്കുകയോ ചെയ്ത ശേഷം സ്വന്തം രാജ്യം വളര്‍ന്നകാര്യം എല്ലാ രാജ്യക്കാരും അഭിമാനത്തോടെ പറയാറുണ്ട്. പ്രതിസന്ധികള്‍ മനുഷ്യനെ ശക്തനാക്കും, രാജ്യത്തെയും ശക്തിയുള്ളതാക്കും. അതുപോലെ എനിക്കുണ്ടായ അനുഭവങ്ങള്‍ എന്റെ ശക്തിയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ നനഞ്ഞ പഞ്ഞിപോലെ കിടക്കുന്നതല്ല എന്റെ ജീവിതം.'' 
കണ്ണും കാതുമാണ് ദൈവത്തിന്റെ വരദാനം. കണ്ണുതുറന്നാല്‍ കാണാവുന്നതാകണം ചിത്രങ്ങള്‍ എന്നു വിശ്വസിക്കുകയും അതിന് വരചേര്‍ക്കുകയുമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി.'രേഖയുടെ സമാന്തരങ്ങള്‍'- (ആര്‍ട്ടിസ്റ്റ് നമ്പൂതിരി/ എന്‍.പി വിജയകൃഷ്ണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന സംഭാഷണലേഖനത്തില്‍ വരയുടെ ശാസ്ത്രത്തെപ്പറ്റി നമ്പൂതിരി പറയുന്നു:'ഒരു കഥയാണെങ്കില്‍ കഥാപാത്രങ്ങളെ ആവര്‍ത്തിക്കേണ്ടി വരില്ല. നോവലില്‍ പാത്ര പ്രകൃതി നിലനിര്‍ത്തണം. അവരുടെ പ്രായം ഒക്കെ സൂക്ഷ്മമായി മനസ്സിലാക്കണം. ചില അധ്യായങ്ങളില്‍ ഫ്‌ളാഷ്ബാക്കാണെങ്കില്‍ പ്രായം, വസ്ത്രധാരണം, ശരീരഭാഷ എല്ലാം വ്യത്യസ്തമാക്കണം. കഥയില്‍ അല്ലെങ്കില്‍ ഇത്തരം ഓര്‍മ്മകളില്‍ സന്ദര്‍ഭങ്ങള്‍ക്കാണ് പ്രാധാന്യം.'
ഈ ലേഖനങ്ങളോടൊപ്പം വായിക്കാവുന്നതാണ് എം. ബി രാജേഷുമായി സതീശ് സൂര്യന്‍ നടത്തിയ മുഖാമുഖം(മലയാളം വാരിക).'വര്‍ഗീയതയ്ക്കതിരെയുള്ള സമരം നടക്കേണ്ടത്് മൂന്ന് തലത്തിലാണ്. ഒന്ന് പ്രത്യയശാസ്ത്രതലത്തിലാണ്. മറ്റൊന്ന് സാംസ്‌കാരിക മുഖത്താണ്. മൂന്നാമതായാണ് രാഷ്ട്രീയം കടന്നു വരുന്നത്. വര്‍ഗീയതയ്‌ക്കെതിരെയുള്ള നമ്മുടെ സമരങ്ങളുടെ പരിമിതി എന്നു പറയുന്നത് അത് രാഷ്ട്രീയതലത്തില്‍ മാത്രം ഒതുങ്ങുന്നുവെന്നതാണ്.' മനുഷ്യന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള സങ്കീര്‍ണ്ണമായ കെട്ടുകള്‍ അഴിക്കുകയാണ് എം.ബി രാജേഷ്.
എഴുത്തിന്റെ ഉന്മാദങ്ങള്‍ അനുഭവിക്കുന്ന നാടകകൃത്താണ് സാറാ കെയ്ന്‍. ആധുനികോത്തര നാടകകൃത്തും സംവിധായികയുമായ സാറാ കെയ്‌നിന്റെ നാടകലോകത്തെക്കുറിച്ചുള്ള പഠനമാണ് 'മരണം മണക്കുന്ന നാടകം'(എമില്‍ മാധവി- മലയാളം വാരിക). ജീവിതത്തെയും മരണത്തെയും രാഷ്ട്രീയ സാമൂഹിക ശൈഥില്യങ്ങളുടെ മൂര്‍ച്ചയില്‍ കൊണ്ടുചെന്നിരുത്തി പല രചനകളിലും നാടകകൃത്ത് തന്നെ വിചാരണചെയ്യപ്പെടുന്നു.
നഷ്ടമായതൊക്കെ തിരിച്ചുപിടിക്കാന്‍ നാം പലപ്പോഴും ആഗ്രഹിക്കുന്നു. രാജ്യത്തിന് മുതല്‍ക്കൂട്ടാവേണ്ടിയിരുന്ന അത്‌ലറ്റായിരുന്നു പി.സി.ഇന്ദിര. അവരുടെ ട്രാക്ക്ജീവിതം മുടക്കിയത് ദാരിദ്ര്യമാണ്. എങ്കിലും ഇന്ദിര തോല്‍ക്കാന്‍ തയാറല്ല. 'സ്വപ്നങ്ങള്‍ പൂക്കുന്ന ഒരു നാള്‍ വരും' എന്ന ലേഖനം (മാധ്യമം ആഴ്ചപ്പതിപ്പ്) ഇന്ദിരയുടെ ട്രാക്ക്ജീവിതം അവതരിപ്പിക്കുന്നു. മകന്‍ അദിന്‍ ലാലിനെ അത്‌ലറ്റിക് ട്രാക്കിലിറക്കിയാണ് ഇന്ദിര നഷ്ടലോകത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നത്.( എഴുത്ത് എന്‍.എസ് നിസാര്‍).
റഷ്യന്‍ ചിന്തകനായ ബെര്‍ദിയേവ് എഴുതി: മനുഷ്യര്‍ ഒന്നുകില്‍ ടോള്‍സ്റ്റോയിയുടെ മാനസികനിലയുമായി ജീവിക്കുന്നു. അല്ലെങ്കില്‍ ദസ്‌തേവ്‌സ്‌കിയുടെ മാനസികനിലയുമായി ജനിക്കുന്നു. ഇങ്ങനെയൊരു ആശയം ഓര്‍മ്മിപ്പിക്കുകയാണ് 'പലായനങ്ങള്‍' എന്ന ലേഖനം (ആനന്ദ് സച്ചിന്‍- ശാന്തം മാസിക). ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമയിലെ തബലിസ്റ്റ് ഹരിയുടെ മരണം സംബന്ധിച്ച സംഘത്തിലുള്ളവരുടെ അഭിപ്രായങ്ങള്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. ഓരോ വ്യക്തിയുടെയും അപൂര്‍ണമായ ഓര്‍മ്മകളിലൂടെയാണ് ജോണ്‍ ഹരിയുടെ കഥ പറയുന്നത്.
ആനുകാലികങ്ങളില്‍ വരുന്ന നോവലുകളില്‍ വേറിട്ടൊരു വായനാനുഭവം നല്‍കുന്നു സൈമണ്‍ ബ്രിട്ടാസിന്റെ മഞ്ഞുപെയ്യുന്ന ചരിത്രാങ്കം (ചന്ദ്രിക ആഴ്ചപ്പതിപ്പ്). ഷെര്‍ഷാസാഹിബും അക്ബര്‍ഷായും ഖവാലി സംഗീതവും എല്ലാം കഥയില്‍ വിസ്മയം തീര്‍ക്കുന്നു.
കഥയിലൂടെ മറ്റൊരു കഥയുടെ സാങ്കേതികത വീണ്ടും അനുഭവിപ്പിക്കുകയാണ് സേതു എഴുതിയ 'ഓണ്‍ലൈന്‍' (മാതൃഭൂമി ആഴ്ചപ്പതിപ്പ്).'പുറത്ത് അപ്പോഴും ഒരു തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. തലേന്നത്തെ മഴയില്‍ ബാക്കി നിന്നിരുന്നത് പെയ്‌തൊഴിയാനായി മാനം വീണ്ടും മുഖം വീര്‍പ്പിക്കാന്‍ തുടങ്ങി.' ഫോണ്‍കാലങ്ങളുടെ ലോകത്തിലൂടെയാണ് സേതു കഥപറഞ്ഞുപോകുന്നത്. പുതിയ കഥകള്‍ പലതും പാതിവഴിയില്‍ വായന അവസാനിപ്പിക്കുന്ന കാലത്ത്, വി. എച്ച് നിഷാദിന്റെ 'ഞാന്‍ ഒരു ജേണലിസ്റ്റായ കഥ' യുടെ (ചന്ദ്രിക ആഴ്ചപ്പതിപ്പ്) അവസാനവരിയും ആസ്വാദകന്‍ വായിച്ചുതീര്‍ക്കും.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ്-27/12/2015

Friday, December 18, 2015

കവിതയുടെ ജനകീയതയും ബുദ്ധിജീവിതത്തിന്റെ ജാതിയും









'സ്വയം സ്പഷ്ടമായ യാഥാര്‍ത്ഥ്യങ്ങളുടെ മധ്യത്തില്‍ നിന്നുകൊണ്ട് സംശയകരങ്ങളായ ആശയങ്ങള്‍ നമുക്ക് ഉന്നയിക്കാതിരിക്കാം' എന്ന് കെ.പി.അപ്പന്‍ ഓര്‍മപ്പെടുത്തിയത് നിരൂപകരെ മാത്രമായിരുന്നില്ല. മലയാളത്തില്‍ കവിതയെഴുതിത്തുടങ്ങിയ പുതിയ എഴുത്തുകാരെയുമായിരുന്നു. കവിതയ്ക്ക് ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രം മാത്രമേ പാടുള്ളൂ എന്നു പറയുന്നതുപോലെതന്നെ യാന്ത്രികമാണ് കവിക്ക് യാതൊരു രാഷ്ട്രീയ ആദര്‍ശവും പാടില്ല എന്നു പറയുന്നതും. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ ബോധപൂര്‍വ്വം കവിതയില്‍ ആവിഷ്‌കരിക്കുമ്പോള്‍ കവിതയ്ക്ക് താളവും ശുദ്ധിയും നഷ്ടപ്പെട്ടു പോകുന്നു. കലയില്‍ ജനകീയതയെക്കുറിച്ചും ജനകീയ ജനാധിപത്യത്തെക്കുറിച്ചുമുള്ള സങ്കല്‍പങ്ങളെല്ലാം പൊള്ളയാണ്- ടി.പി.രാജീവന്‍ കവിതാപഠനത്തെപ്പറ്റി നടത്തിയ നിരീക്ഷണത്തില്‍ (പ്രസന്നരാജന്റെ പുസ്തക റിവ്യൂ, ഇന്ത്യാടുഡേ 1996)നിന്നും മലയാളത്തിലെ കവിതയും കാവ്യനിരൂപണവും ഇനിയും മുന്നോട്ട് പോയിട്ടില്ല. സ്തുതിവചനങ്ങളുടെ മുഴക്കത്തില്‍ മലയാളകവിതയും ക്ലാസുമുറി വ്യാഖ്യാനങ്ങളും മുങ്ങിമരിക്കുന്നുവോ?. ഇങ്ങനെയൊരു ചോദ്യത്തിന് പ്രസക്തി വര്‍ധിപ്പിക്കുകയാണ് കെ.ബി. പ്രസന്നകുമാര്‍ എഴുതിയ റസ്‌കിന്‍ ബോണ്ട് തുറക്കുന്ന ജാലകങ്ങള്‍ (സാഹിത്യസമീക്ഷ, മലയാളം വാരിക) എന്ന ലേഖനം. ദൈവത്തിന്റെ കരത്തിലെ ഒരു മഴത്തുള്ളിപോലെ കടലിനെ കാണുന്ന റസ്‌കിന്‍ ബോണ്ട് ഭൂമിയിലെ നമ്മുടെ സ്ഥാനത്തെ ഒരിലപോലെയോ, പെരുമഴയ്ക്കു ശേഷം ഇലയില്‍ നിന്നിറ്റുന്ന ജലകണംപോലെയോ വിനയത്തോടെ കാണുന്നു. 
മലയാളിയുടെ ചരിത്രബോധം ഇടയ്ക്കിടെ അട്ടിമറിച്ച എഴുത്തുകാരനായിരുന്നു കേസരി ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ കാലികപ്രസക്തിയിലേക്ക് വായനക്കാരനെ നടത്തിക്കുകയാണ് എം. എന്‍.വിജയനെ വീണ്ടും വായിക്കപ്പെടുന്ന മൂന്ന് ലേഖനങ്ങള്‍ (ഭാഷാപോഷിണണി, ഡിസംബര്‍ ലക്കം). മറ്റൊരു ചരിത്രം സാധ്യമാണ് എന്ന ലേഖനത്തില്‍ എം. എ. റഹ്മാന്‍ എഴുതി:' അറേബ്യയില്‍ ഉദയം ചെയ്ത സംസ്‌കാരത്തിന്റെ കോളനി മാത്രമാണ് നമ്മുടെ സംസ്‌കാരം എന്നു കേസരി പറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്. അതിനുള്ള മറുപടിയിലൂടെ ബഹുസ്വരതയുടെ നിമിത്തങ്ങള്‍ ഉല്‍പാദിപ്പിച്ചു എന്നതു തന്നെയാണ് എം. എന്‍. വിജയന്റെ പ്രസക്തി.' പി. എന്‍. ഗോപീകൃഷ്ണന്‍ (എം. എന്‍. വിജയനെ എങ്ങനെ രേഖപ്പെടുത്തും?), ഒ.കെ.ജോണി (ഒരു ദുരന്തപ്രവചനം) എന്നീ ലേഖനങ്ങളും കാഴ്ചപ്പാടിന്റെ പുതുമ അനുഭവപ്പെടുത്തുന്നു.
കാമ്പസ് രാഷ്ട്രീയവും സര്‍ഗാത്മകതയും പലപാട് നമ്മുടെ ആനുകാലികങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ, ഡോ. ബെറ്റിമോള്‍ മാത്യു എഴുതിയ കാമ്പസിന്റെ ഭാവാന്തരങ്ങള്‍ (പച്ചക്കുതിര മാസിക) വേറിട്ടൊരു സമീപനമായി. 1986 മുതല്‍ 1991വരെ നീണ്ട അഞ്ചുവര്‍ഷത്തിനുള്ളില്‍ കാമ്പസ് രാഷ്ട്രീയത്തിന്റെ നന്മ തിന്മകള്‍ കാണുകയും അനുഭവിക്കുകയും ചെയ്ത ലേഖിക, അവകാശബോധം. ചരിത്രബോധം, രാഷ്ട്രീയവീക്ഷണം എന്നിവ പതിയെ കാമ്പസിനുള്ളില്‍ നിന്നും അകന്നുപോകുന്നത് സൂചിപ്പിക്കുന്നു.
ശ്രദ്ധേയമായ രണ്ട് അഭിമുഖലേഖനങ്ങളാണ് ബുദ്ധിജീവിതത്തിന്റെ ജാതി (എ. എസ്. അജിത്കുമാര്‍/രേഖാചന്ദ്ര, മലയാളം വാരിക), നോവലുകള്‍ പലതും ക്രിയേറ്റീവല്ല... ( പി. വത്സല /പി. എം. ജയന്‍. ചന്ദ്രിക ആഴ്ചപ്പതിപ്പ്). മലയാളനോവലുകള്‍ ക്രിയേറ്റിവല്ല എന്ന് പി. വത്സല ആരോപിക്കുന്നു. ഇത് പുതിയ നോവലുകളെക്കുറിച്ചാകണം. കാരണം നിരവധി നോവലുകള്‍ വത്സലയുടേതായി മലയാളത്തിലുണ്ട്. വത്സലയുടെ ഒന്നില്‍കൂടുതല്‍ നോവലുകള്‍ അന്യഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആരോപണത്തിനുള്ള സാധൂകരണമായിരിക്കണം- 'എഴുത്തില്‍ ക്വാളിറ്റിയില്ലാതെ പി.ആര്‍.ഒ പ്രവര്‍ത്തനത്തിലൂടെ പ്രചാരണം നടത്തിയാല്‍ പണമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ കൃതി കാലത്തെ അതിവര്‍ത്തിക്കില്ല' എന്ന പ്രസ്താവന. പി.ആര്‍.ഒമാരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയാണ് വത്സല.
ബുദ്ധിജീവിതത്തിന്റെ ജാതി എന്ന ലേഖനത്തില്‍ ജാതിക്കാര്യം പറയുമ്പോള്‍ കേരളത്തിലെ ബുദ്ധിജീവികള്‍ പ്രകടിപ്പിക്കുന്ന സാധാരണ മസ്സിലുപിടുത്തത്തെ അവതരിപ്പിക്കുന്നതിങ്ങനെ: 'മലയാളിയുടെ ബുദ്ധിജീവിതത്തിന് ജാതിയുണ്ടോ? എങ്കില്‍ അത് ഏത് ജാതിയാണ്? ഒരു ശരാശരി മുഖ്യധാരാ ബുദ്ധിജീവിയോടാണ് ചോദിക്കുന്നതെങ്കില്‍ അങ്ങനെയൊന്നുണ്ടെന്ന് സമ്മതിക്കാനിടയില്ല. കേരളത്തിലെ പുരോഗമന പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ ദീര്‍ഘചരിത്രവും ജാതിരഹിത-മതരഹിത ഇടപെടലുകളും ഒരുപാട് നിരത്താനുണ്ടാകും അയാള്‍ക്ക്. അവ അങ്ങനെ തള്ളിക്കളയാവുന്ന ചരിത്രമോ, കാര്യങ്ങളോ അല്ലതാനും...'
ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്ന രണ്ടു ലേഖനങ്ങളാണ് ജനാധിപത്യത്തിന്റെ വാഗ്ദാനവും സമ്മാനവും (സി.ആര്‍.പരമേശ്വരന്‍- മാതൃഭൂമി ആഴ്ചപ്പതിപ്പ്), മായുന്ന ഗാന്ധി പുകയുന്ന അസഹിഷ്ണുത ( പി. സുരേന്ദ്രന്‍- അകം മാസിക). മാധ്യമ പ്രവര്‍ത്തകന്‍ കെ. ജയചന്ദ്രനെ അനുസ്മരിക്കുമ്പോള്‍ സി. ആര്‍.പരമേശ്വരന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങല്‍ സ്വാഭാവികമായും ചെന്നുപതിക്കുന്നത് അധികാരം, മാധ്യമപ്രവര്‍ത്തനം എന്നിവയുടെ അകംപൊരുളുകളിലേക്കാണ്. പ്രത്യേകിച്ചും സംഘ്പരിവാറിന്റെ ഹിഡന്‍അജണ്ടകളുടെ കാലത്ത്. പി.സുരേന്ദ്രന്‍ പ്രതിരോധം തീര്‍ക്കാന്‍ മുന്‍കരുതല്‍ കൂടി സൂചിപ്പിക്കുന്നു.' ഫാഷിസത്തിനും വംശീയതയ്ക്കുമെതിരെ വലിയൊരു മതേരബദല്‍ രൂപപ്പെടണം. ഗാന്ധിജിയും നെഹ്‌റുവുമൊക്കെയാണ് ഫാഷിസത്തെ ചെറുക്കാനുള്ള ആയുധങ്ങള്‍. ഗാന്ധിജിയുടെ ഭാരതത്തെ ഒരു ഫാഷിസത്തിനും വിഴുങ്ങാന്‍ സാധിക്കില്ല. ഗോഡ്‌സെയല്ല, ഗാന്ധിജി തന്നെയാണ് ജയിക്കുക എന്ന് ബോധ്യപ്പെടാന്‍ നമുക്ക് സാധിക്കണം...'
വാക്കാണ് ജീവിതത്തിന്റെ മഹത്തായ ആയുധം എന്ന് റഷ്യന്‍ നാടകകൃത്ത് വ്‌ളാദിമിര്‍ ക്‌റോലങ്കോവ് പറഞ്ഞുവെച്ചിട്ടുണ്ട്. വാക്കുകളുടെ ഇഴചേര്‍പ്പില്‍ തളിര്‍ക്കുന്ന ആവിഷ്‌കാരത്തിന്റെ മനോഹാരിത വെളിപ്പെടുത്തുന്ന കഥയാണ് വി. ആര്‍. സുധീഷ് എഴുതിയ ഒരു അടുക്കളക്കാരിയുടെ ഓര്‍മ (മാതൃഭൂമി ആഴ്ചപ്പതിപ്പ്). കഥാന്ത്യത്തിലെ അഞ്ജലി പ്രിയദര്‍ശിനിയുടെ വാക്കുകള്‍:'അമ്മ പറയാതെ പോയത് പറഞ്ഞില്ലെങ്കിലും വന്നാല്‍.... എനിക്ക് അതുമാത്രം മതി' വായനക്കാരന്റെ മനസ്സില്‍ പ്രതിധ്വനിക്കും. ഹൃദ്യമായ മറ്റു രണ്ട് കഥകളാണ് ബി. എം. സുഹറ എഴുതിയ ദജ്ജാലിന്റെ വരവ് ( മാധ്യമം ആഴ്ചപ്പതിപ്പ്), കരുണയില്ലാത്തവന്‍ (ഉത്തമന്‍ പാപ്പിനിശ്ശേരി, ദേശാഭിമാനി വാരിക) എന്നിവ.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ് പംക്തി, 2015. ഡിസംബര്‍ 20


Thursday, December 03, 2015

കാലത്തിന്റെ കണ്ണാടികള്‍










'ജീവിതം ഭയങ്കരമായ ഒരു പൊരുത്തക്കേടാണ്. നാം പുച്ഛത്തോടെ ചിരിക്കുന്നു. ആ ചിരിയില്‍ മനുഷ്യജന്മത്തിന്റെ മുഴുവന്‍ ദു:ഖവും അടങ്ങിയിരിക്കുന്നു...' എന്നിങ്ങനെ എഴുത്തുകാരന്‍ കാക്കനാടന്‍ ഒരിടത്ത് പറഞ്ഞുവെച്ചിട്ടുണ്ട്. വാക്കുകളുടെ കലര്‍പ്പ് അതിന്റെ സകല വിശുദ്ധിയോടുകൂടിയും നല്ല രചനകളില്‍ പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടാണ് ഏകാകിയായ മനുഷ്യന്റെ കലാപവാസന ചരിത്രത്തിന്റെ പ്രധാന പാഠമായി തീരുമെന്ന് പറയുന്നത്. അങ്ങനെയുള്ള ജീവിതം അടുത്തറിയുന്ന അയാള്‍ അവതരിപ്പിക്കുന്ന സൗന്ദര്യശാസ്ത്രം ഉള്‍ക്കാഴ്ചയുടെ സത്തയാണ്. പ്രൊഫ. എം. എന്‍. വിജയന്റെ വാക്കുകള്‍ക്ക് മലയാളികള്‍ കാതോര്‍ത്തതും മറ്റൊന്നല്ല. 
വിജയന്‍മാഷുടെ കൃതികള്‍ വീണ്ടും വീണ്ടും വായിക്കപ്പെടുന്നത് അവ 'ഉപ്പിലിട്ട മാങ്ങ'യായതുകൊണ്ടാണ് (ഉപ്പിലിട്ട മാങ്ങ എന്ന പ്രയോഗം കേസരി ബാലകൃഷ്ണപ്പിള്ളയുടെ ചിന്തകള്‍ക്ക് എം. എന്‍ വിജയന്‍ നല്‍കിയ വിശേഷണം). താഹ മാടായി (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എഴുതിയ അളന്നുമുറിച്ചു നടന്ന അകംപുറം വഴികള്‍ എന്ന ലേഖനം എം. എന്‍. വിജയന്റെ ചിന്തകളിലേക്ക് വായനക്കാരനെ വീണ്ടും കൂട്ടിക്കൊണ്ടുപോകുന്നു. വിജയന്‍മാഷെ അനുസ്മരിക്കുന്ന ലേഖനത്തില്‍ അദ്ദേഹത്തിന്റെ വാക്കുകളിലെ അഗ്നിസ്പര്‍ശം നിറഞ്ഞുനില്‍പ്പുണ്ട്.
നരച്ചമുടി ഭീരുത്വത്തിന്റെ ലക്ഷണം കൂടിയാണെന്ന് ഓര്‍മ്മപ്പെടുത്തിയത് കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ് (കുടിയൊഴിക്കല്‍). എല്ലാ ക്രിമിനലുകളും ഒരുപോലെയാണ് എന്ന് ലേഖനത്തില്‍ ടി. പത്മനാഭന്‍ (മാധ്യമം ആഴ്ചപ്പതിപ്പ്, പ്രതിസ്വരം) മറ്റൊരു യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടുന്നു. ലോകം കണ്ട മാഫിയാത്തലവന്മാരില്‍ ഒരാളായ അല്‍ കപോണ്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ പറഞ്ഞത്: 'എന്റെ കോട്ടിനുള്ളില്‍ ഒരു പരീക്ഷീണമായ ഹൃദയമുണ്ട്. അത് ഒരാള്‍ക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല' എന്നായിരുന്നുവെന്ന് പത്മനാഭന്‍ സൂചിപ്പിക്കുന്നു. ഇരുതല മൂര്‍ച്ചയുള്ള പ്രയോഗം.
ഡോ.എം.ലീലാവതിയുടെ വാക്കുകള്‍ ആര്‍ദ്രതയുടെ തളിര്‍പ്പാണ്. നിരൂപണത്തിനും വിമര്‍ശത്തിനും സ്‌നേഹത്തിന്റെ സൗന്ദര്യശാസ്ത്രം അടയാളപ്പെടുത്തിയ എഴുത്തുകാരിയുമാണ് ലീലാവതി ടീച്ചര്‍. എന്നാല്‍ ആഹാരവും അധികാരവും എന്ന ലേഖനത്തില്‍ (മലയാളം വാരിക) അല്‍പം കര്‍ക്കശനിലപാടാണ് ലീലാവതി സ്വീകരിച്ചത്. 'ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വാളെടുത്ത് വെളിച്ചപ്പെടുന്ന അസഹിഷ്ണുതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ജീവകാരുണ്യം അല്ലതന്നെ. ഭാരതീയ പാരമ്പര്യത്തെക്കുറിച്ചുള്ള മിഥ്യാധാരണകളാണ് ഉറവ. ഉത്തരരാമ ചരിതം നിങ്ങള്‍ നിരോധിക്കുമോ?'- എന്നൊരു ചോദ്യം ലീലാവതി ടീച്ചര്‍ ഉന്നയിക്കുന്നു. ബീഫ് വിവാദത്തില്‍ പ്രസക്തമാണിത്.
പോയവാരത്തില്‍ കരുത്തുറ്റ മറ്റൊരു ചോദ്യം തന്നെയാണ് ടി.വി സുനിതയുടേത്. പെണ്ണിന്റെ എഴുത്തുമുറികള്‍-ആണിന്റേയും (മാധ്യമം ആഴ്ചപ്പതിപ്പ്) എന്ന ലേഖനം. ആണ്‍ എഴുതുമ്പോള്‍ ജീവിതത്തിന്റെ സകല ഉത്തരവാദിത്തവും സ്വയം ഏറ്റെടുത്ത്, ചുരുക്കെഴുത്തുകാരിയായും സെക്രട്ടറിയായും, പ്രണയിനിയായും ഭാര്യയായും സ്ത്രീ ഒതുങ്ങുന്നു. എന്നാല്‍ സ്ത്രീ എഴുതുമ്പോഴോ? എന്താണ് സ്ത്രീയുടെ എഴുത്തുമുറി! അത്തരമൊന്ന് അവള്‍ക്കുണ്ടോ?. 
എന്‍. പി. ഹാഫിസ് മുഹമ്മദ് അഭിമുഖത്തില്‍ അധ്യാപനത്തിന്റെ സവിശേഷത വ്യക്തമാക്കുന്നു. (എന്‍. പി. ഹാഫിസ് മുഹമ്മദ്/വി.കെ.സുരേഷ്, ചന്ദ്രിക ആഴ്ചപ്പതിപ്പ്)) 'എന്റെ മുന്നില്‍, ബിരുദാനന്തര ബിരുദം കഴിഞ്ഞപ്പോള്‍ രണ്ട് ചോദ്യമുണ്ടായിരുന്നു. പത്രപ്രവര്‍ത്തനം വേണോ, അധ്യാപനം വേണോയെന്ന്. രണ്ട് ജോലിയും ഒരേസമയത്തുതന്നെ എനിക്ക് കിട്ടി. പക്ഷേ, ഞാന്‍ തെരഞ്ഞെടുത്തത് അധ്യാപനമാണ്. അധ്യാപനത്തിലൂടെ നമുക്ക് കാലത്തെ സ്പര്‍ശിച്ചറിയാന്‍ സാധിക്കും. അത് വരാനിരിക്കുന്ന തലമുറയുടെ മര്‍മം അറിയാനുള്ള ഒരു പരിശീലനക്കളരികൂടിയാണ്....' .
സമകാലിക സാമൂഹികവിഷയം എഴുതിയ രണ്ട് കഥകളാണ് ഈ ആഴ്ച വായനക്കാരന് ലഭിച്ചത്. കെ.ആര്‍ മീരയുടെ 'ഭഗവാന്റെ മരണം' (മലയാളം വാരിക), എബ്രഹാം മാത്യുവിന്റെ 'അമ്മ' (മാധ്യമം ആഴ്ചപ്പതിപ്പ്). മീര ഗോവധവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കഥയാക്കിയത്. വായനക്കാരനായ പ്രൊഫസറും കഥപറച്ചിലിന് ആക്കം കൂട്ടുന്ന അമരയും. കഥയുടെ ശക്തമായ ഇടപെടലാണ് മീരയുടെ എഴുത്ത്. എബ്രഹാം മാത്യു അമ്മയുടെ വേവലാതി പറയുമ്പോള്‍ ഒരു വീട്ടുകാരനേയും വീട്ടുകാരിയേയും കൊണ്ടുവരുന്നു. കടത്തിണ്ണയിലെ അമ്മയും വീടകത്തെ അമ്മയുമുണ്ട്. ഇങ്ങനെ വ്യത്യസ്ത വിതാനങ്ങളിലൂടെ അമ്മ നേരിടുന്ന പ്രശ്‌നം അവതരിപ്പിക്കുന്നു.
പ്രശസ്ത സംഗീതജ്ഞനായിരുന്ന നെയ്യാറ്റിന്‍കര വാസുദേവന്റെ ജീവിതകഥ- ചിട്ടസ്വരങ്ങള്‍ (കൃഷ്ണ മൂര്‍ത്തി, കലാകൗമുദി) വായനയില്‍ വേറിട്ടു നില്‍ക്കുന്നു. ഉച്ചഭക്ഷണത്തെപ്പറ്റി 'മോഹനചന്ദ്രന്‍ തീര്‍ത്തുപറഞ്ഞു: ഉച്ചയൂണ് എന്റെ വീട്ടില്‍. നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷന്‍ കഴിഞ്ഞ് കാട്ടാക്കടയ്ക്ക് പോകും വഴി. വഴുതൂര്. മിക്ക ദിവസങ്ങളിലും മോഹനചന്ദ്രന്‍ വാസുദേവനെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചു. ചിലപ്പോള്‍ പോകും. വീടിനുള്ളിലേക്ക് കടക്കാന്‍ വാസുദേവന് ശങ്കയായിരുന്നു. തീണ്ടല്‍. തൊടീലിന്റെ കാലം...' (കടല്‍ക്കാക്ക എന്ന വൈലോപ്പിള്ളിക്കവിതയിലെ കുട്ടിയെ പോലെ). സംഗീത മനസ്സിന്റെ രാഗതാളത്തില്‍ വിരിയുന്ന ജീവിതത്തുടിപ്പ്.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്-നിബ്ബ്, 29 നവംബര്‍ 2015

Thursday, November 26, 2015

എഴുത്തിന്റെ ഭംഗിയും കഥയുടെ കരുത്തും


എം. ചന്ദ്രപ്രകാശ് അരങ്ങിനെക്കുറിച്ച് എഴുതിയ 'അമ്മുവിന്റെ മുറിവുകള്‍'(കലാകൗമുദി). സൂര്യകൃഷ്ണ മൂര്‍ത്തിയുടെ ദീര്‍ഘചതുരം എന്ന നാടകത്തെ മുന്‍നിര്‍ത്തി എഴുതിയ ലേഖനം ചില കാര്യങ്ങള്‍ വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു: 'നാടകകലയെ പൊളിച്ചെഴുതി അതിനെ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തരാക്കിയ എത്രയെങ്കിലും നാടകാചാര്യന്മാരും രംഗകലാപ്രതിഭകളും നമുക്കുണ്ടായിട്ടുണ്ട്. അരങ്ങും പ്രേക്ഷകനും തമ്മിലുള്ള അകലം കുറയുകയും അരങ്ങിലെ കഥാപാത്രങ്ങളുമായി കാഴ്ചയുടെ അതിരുകളില്‍ കാണികള്‍ സ്വയം താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്ന രൂപാന്തരീകരണം'.
വ്യത്യസ്തമായ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് ഡോ. ജയകൃഷ്ണന്‍ ടി. ഡോക്ടറുടെ 'ഭരണാധികാരിയായിട്ടും ആരോഗ്യമില്ലാത്ത പെണ്ണുങ്ങള്‍' (മാതൃഭൂമി) എന്ന ലേഖനം ശ്രദ്ധേയമാണ്. ശരീരത്തിന്മേലുള്ള സ്വയം നിര്‍ണയാവകാശം ലോകത്തെവിടെയുമെന്നപോലെ കേരളത്തിലും സ്ത്രീകളില്‍ വളരെയേറെ കുറവാണെന്നാണ് ആരോഗ്യമേഖലയെ മുന്‍നിര്‍ത്തിയുള്ള വസ്തുതാന്വേഷണ പഠനം വ്യക്തമാക്കുന്നത്. പെണ്‍പക്ഷ വായനക്ക് ഇടം നല്‍കുകയാണ് കെ. വി. സുമംഗല- (വാര്‍ത്തയിലെ സ്ത്രീ നിര്‍മ്മിതി-മാധ്യമം). 
വംശനാശം സംഭവിക്കുന്ന പക്ഷികളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ പങ്കുവെക്കുന്ന ലേഖനമാണ് 'സൂര്യനെ മറച്ച ചിറകുകള്‍ '(പി.കെ.ഉത്തമന്‍, മലയാളം). അമേരിക്കന്‍ പക്ഷിശാസ്ത്രത്തിന്റെ പിതാവായ അലക്‌സാണ്ടര്‍ വിന്‍സണ്‍ 1810-ല്‍ കെന്റിലെ ഒരു സംഭവം വിവരിക്കുന്നു. പക്ഷിനിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ തലയ്ക്കു മുകളിലൂടെ ആകാശം മറച്ച് പക്ഷികളുടെ പ്രവാഹം. അദ്ദേഹം പക്ഷികളെ എണ്ണാന്‍ തുടങ്ങി. സഞ്ചാരിപ്രാവുകളുടെ പ്രവാഹത്തിന് 1.6 കിലോമീറ്റര്‍ വീതിയുണ്ടായിരുന്നു ആ ചിറകാര്‍ന്ന നദിക്ക്. 400 മീറ്റര്‍ നീളവും. 223 കോടിലേറെ സഞ്ചാരിപ്രാവുകള്‍. സാങ്കല്‍പികമായ ഒരു സംഖ്യ. 1910-ല്‍ ഒരൊറ്റ സഞ്ചാരിപ്രാവ് മാത്രം. മാര്‍ത്ത, അവള്‍ മരിച്ചതോടെ ഭൂമിയിലുണ്ടായിരുന്ന സഞ്ചാരിപ്രാവുകളുടെ വംശമറ്റു.
അക്ബര്‍ കക്കട്ടിലിന്റെ കഥപറച്ചില്‍ ശൈലിതന്നെ മനോഹരമാണ്. വായനക്കാരന്റെ മനസ്സില്‍ തങ്ങിനില്‍ക്കുംവിധത്തില്‍. അക്ബര്‍ സാധാരണ ചുറ്റുപാടില്‍ നിന്നാണ് കഥ തുടങ്ങുക. കുട്ടികള്‍ ഉണരുന്ന കാലം ( അക്ബര്‍ കക്കട്ടില്‍, മാതൃഭൂമി) എന്ന കഥയും വ്യത്യസ്തമല്ല. 'ക്ഷമിക്കണം സര്‍... ഞാന്‍ വിവരക്കേട് കൊണ്ട് പറഞ്ഞുപോയതാണ്. തുടര്‍ന്ന് സാഹിത്യക്യാമ്പ്, ചര്‍ച്ച, നീലിമയുടെ ഇടപെടല്‍, പ്രതിഷേധിക്കുന്ന മോഹനന്‍ മാഷ്. ക്യാമ്പ് കഴിഞ്ഞ് അമ്മയെ കാത്തുനില്‍ക്കുന്ന നീലിമയാണ് കേന്ദ്രകഥാപാത്രം. ശാന്തന്‍ മാഷും കഥാകൃത്തും. നിലീമയുടെ വാക്കുകളാണ് ഞെട്ടിക്കുന്നത്.'നിങ്ങള്‍ രണ്ടുപേരും ഇവിടെയുള്ളതാ എന്റെ പേടി'- കഥയുടെ ക്ലൈമാക്‌സില്‍ ഇത് വലിയ ചോദ്യമായി നില്‍ക്കുന്നു.
വീടകവും ജീവിതവുമാണ് ഗ്രേസിയുടെ കഥാലോകം. അവിടെയാണ് സ്‌കൂട്ടര്‍ പോലും കടന്നുവരുന്നത്. ഗ്രേസിയുടെ പുതിയ കഥ (മരിച്ചവരുടെ സമയം-മലയാളം) വേദനയുടെ സംഗീതമാണ.് ടൈംപീസ് വാങ്ങാന്‍ പുറപ്പെട്ടുപോയ അച്ഛനും മകളും ഒരു ക്ലോക്ക് കൂടി വാങ്ങി. മകള്‍ പറഞ്ഞു.'തളത്തിലെ പരേതാത്മാക്കള്‍ക്കിടയില്‍ ഒരു ശവപ്പെട്ടിയിലെന്നോണം മരിച്ചു കിടന്ന ആ ക്ലോക്ക് ദ്രവിച്ചുപോയ ഇരുമ്പാണിയോടൊപ്പമാണ് തറയില്‍ വീണ് ചിതറിയത്.'പകരം ഒന്ന് വാങ്ങിച്ചു. പക്ഷേ, രോഗിയായി ആശുപത്രിയില്‍ നിന്ന് അയാള്‍ തിരിച്ചെത്തിയപ്പോള്‍ ചുവരില്‍ നിന്ന് പരേതരായവരൊക്കെയും അപ്രത്യക്ഷരായെന്ന് ഒരു ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു. അവര്‍ ഒഴിഞ്ഞുപോയിട്ടും ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന ചതുരങ്ങള്‍ അയാള്‍ വല്ലായ്മയോടെ നോക്കി'. 
പി.കെ.പാറക്കടവിന്റെ എഴുത്ത് കവിതപോലെയാണ്. 'അവസാനം അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി കഥയുണ്ടാക്കുന്ന കൈവിരുത് കൈമോശം വന്ന ഞാന്‍ സ്വന്തം മാളത്തിലേക്ക് ഇഴയുമ്പോള്‍ മനമിളകി മതിയാവോളം ചിരിക്കുന്ന കറുത്ത ഭൂഖണ്ഡത്തിലെ എന്റെ സുഹൃത്ത് മൊഴിയുന്നു- അനുഗു വന്‍ തകയ്യ ഗുരിക. 'ഈത്തപ്പന' എന്ന കഥയിലെ ഒരു ചെറിയഭാഗം വായിക്കുമ്പോള്‍ ഞാന്‍ വീണ്ടും ബഹ്‌റൈനിലെത്തുന്നു' (ഓര്‍മ്മകളുടെ പായ്ക്കപ്പല്‍, അനുഭവം ഓര്‍മ്മ, യാത്ര). 
സി.രാധാകൃഷ്ണന്റെ 'വീണ്ടുവിചാരം' (മലയാളം പംക്തി) വായനയില്‍ വേറിട്ടു നില്‍ക്കുന്നു. ആഹാരത്തിനായുള്ള ഇടപാടുകളില്‍ എവിടെയാണ് ഹിംസ തുടങ്ങുന്നതെന്നോ അഹിംസ അവാസാനിക്കുന്നതെന്നോ ആരാണ് നിശ്ചയിക്കേണ്ടത്? ബാഹ്യമായ ഇടപെടല്‍ ഒരിക്കലും ന്യായമാവില്ല.
ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ ബാബു ഭരദ്വാജ് എഴുതുന്ന കഥയാഴത്തില്‍ രാത്രിയാണ് കടന്നുവരുന്നത്- ' എന്തൊക്കെയായാലും രാത്രി ലോകം ഉറങ്ങുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉരുത്തിരിയാതിരിക്കില്ല. നാളെയും പ്രശ്‌നപരിഹാരങ്ങള്‍ വേണമല്ലോ. എന്നാലും എപ്പോഴും പരിഹാരം കാണാതെ കുറേ പ്രശ്‌നങ്ങള്‍ ബാക്കിയാവും...അച്ഛനും മകനുമാണ് പമ്പരത്തിലെ കഥാപാത്രങ്ങള്‍. എം.എസ് സുബ്ബലക്ഷ്മിയുടെ ജീവിതവും സംഗീതലോകവും അവതരിപ്പിക്കുന്ന ടി. എം. കൃഷ്ണയുടെ ലേഖനമാണ് ദേശാഭിമാനിയിലെ പ്രധാന വിഭവം. സംഗീതപ്രിയര്‍ക്ക് ഇഷ്ടവിഷയമാകും. 
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ്-നവംബര്‍ 22, 2015

നവംബറിന്റെ നേട്ടവും മേതിലിന്റെ അടുക്കളയും






'നവംബറിന്റെ നഷ്ടത്തെപ്പറ്റി ഭംഗിയായി ഓര്‍ത്തെടുത്തത് പി. പത്മരാജനായിരുന്നു. ടി. എസ് എലിയറ്റിന് ഏപ്രിലിനോട് തോന്നിയ അടുപ്പം പത്മരാജന് നവംബറിനോടായിരുന്നു. (നവംബറിന്റെ നഷ്ടം എന്ന ചിത്രം). മഞ്ഞുകാലം, തണുത്തവെളുപ്പാന്‍ കാലം, കരിയിലകള്‍ എന്നിവയോട് പത്മരാജന്റെ മനസ്സ് ഒരുപാട് ഇഷ്ടം കൂടിയിരുന്നു. നവംബര്‍ പത്മരാജന് നഷ്ടത്തിന്റേതാണെങ്കില്‍ കഥാകൃത്ത് വി. ആര്‍.സുധീഷിന് നവംബര്‍ നേട്ടങ്ങളുടെ കാലമാണ്. സുധീഷിന്റെ സംഗീതസ്പര്‍ശമുള്ള വാക്കുകളില്‍ നവംബര്‍ കടന്നുവരുന്നത് മനസ്സടുപ്പത്തിന്റെ മനോഹരമായ ചിത്രം വരച്ചുകൊണ്ടാണ്. സുധീഷ് നവംബറിനെപ്പറ്റി എഴുതിയ ഒരു സന്ദര്‍ഭം: 'ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നവംബറിലാണ് ശ്രീനാരായണഗുരുദേവന്റെ പേരിലുള്ള കോളജില്‍ അധ്യാപകനായി എത്തുന്നത്. പ്രിയപ്പെട്ടതൊക്കെ എനിക്ക് നല്‍കിയത് നവംബറാണ്. ജീവിതത്തിലെ ഭാഗ്യങ്ങളും സമ്പാദ്യങ്ങളും... ഡിഗ്രിക്ക് എന്റെ കഥ പഠിക്കാനുണ്ട്. അവള്‍ ഒരു കുട്ടിയായിരുന്നപ്പോള്‍' ഞാന്‍ തന്നെ പഠിപ്പിക്കണമെന്ന് സഹാധ്യാപകര്‍. പണ്ട് അതൊരു കുറച്ചിലാണ്. ഞാന്‍ ചെന്ന് കഥയ്ക്ക് പിന്നിലെ കഥ പറയുന്നു. കുട്ടികള്‍ക്ക് അത് മതി. വ്യാഖ്യാനം പഠനസഹായിയില്‍ കിട്ടും. കഥ പറഞ്ഞും പാടിയും പ്രണയിച്ചും ക്ലാസുമുറിയില്‍ അങ്ങനെ ജീവിതത്തിന് ശ്രുതി ചേര്‍ക്കുമ്പോള്‍ ആരൊക്കെയോ കൂടെവന്ന് നില്‍ക്കുന്നുണ്ട്. (ഇടനാഴികള്‍ തുറന്ന വാതില്‍- മാതൃഭൂമി ഓണ്‍ലൈന്‍).
രാഷ്ട്രീയ വിശകലനത്തില്‍ ശ്രദ്ധേയമായ അഭിമുഖമാണ് 'അവര്‍ ചോരപ്പുഴ ആഗ്രഹിക്കുന്നു'(കെ വേണു/ താഹാ മാടായി, പച്ചക്കുതിര). നേരത്തെ സംഘ്പരിവാറിന് നിയമവാഴ്ചയെ അല്‍പം ഭയമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്കും നിയമവാഴ്ചയെ കുറെയൊക്കെ ഭയമുണ്ടായിരുന്നു. ഇപ്പോഴത് ഒട്ടും ഇല്ല. നിയമവാഴ്ചയെ അവര്‍ ഒട്ടും പരിഗണിക്കുന്നില്ല. ഈ അന്തരീക്ഷമാറ്റത്തിന്റെ കാരണം മോദി- അമിത്ഷാ രംഗപ്രവേശമാണ്... -വേണു വര്‍ത്തമാനകാലത്തെ നിരീക്ഷിക്കുന്നു.
എസ്.ജയചന്ദ്രന്‍ നായരുടെ വാക്കുകളും എഴുത്തും വായനക്കാരനെ കൂടെ നടത്തിക്കുന്നത് അവ നല്‍കുന്ന അറിവിന്റെ തീരങ്ങളാണ്. നിസ്സഹായരാകുന്ന ഞാന്‍ (മാധ്യമം) എന്ന ലേഖനത്തിലും ജയചന്ദ്രന്‍ നായര്‍ പതിവുശൈലി തെറ്റിക്കുന്നില്ല.
കേരളത്തില്‍ മുഴങ്ങിയ മേഘഗര്‍ജ്ജനത്തില്‍ സാര്‍വദേശീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്വാധീനം പ്രകടമായിരുന്നു. തന്നെ കാത്തിരുന്ന പ്രാദേശികമായ ഭാവിയെ ഇടങ്കൈകൊണ്ട് തെന്നിത്തെറിപ്പിച്ച് കലാപത്തിന്റെ വഴിയിലെത്തിയ കെ.വേണു അതിന്റെ തിളങ്ങുന്ന ഒരു ഉദാഹരണമായിരുന്നു...'എന്ന് പറയുന്നു. പ്രക്ഷുബ്ധകാലത്തിന്റെ 
മുഴക്കം ഈ ലേഖനത്തിലുണ്ട്. എഴുത്തിടത്തിന്റെ മാറ്റത്തെപ്പറ്റിയാണ് എം. ആര്‍. വിഷ്ണുപ്രസാദ് എഴുതുന്നത്: പത്രമാധ്യമങ്ങളോ മുന്‍തലമുറ എഴുത്തുകാരോ സമ്മാനിച്ച സ്ഥലത്തല്ല പുതുതലമുറ അവരുടെ ആവിഷ്‌കാരങ്ങള്‍ പ്രകാശിപ്പിക്കുന്നത്. നവമാധ്യമം നല്‍കിയ എഴുത്തിടത്തില്‍ ഓരോരുത്തരും അവരവരുടെ അച്ചടിശാലകള്‍ പണിതു... (പച്ചക്കുതിര, സാഹിത്യവും ടെക്‌നോളജിയും).
ബാലസാഹിത്യത്തിന്റെ മാമ്പഴക്കാലം അടയാളപ്പെടുത്തിയ പി. നരേന്ദ്രനാഥിനെപ്പറ്റി മകള്‍ സുനീത നെടുങ്ങാടി എഴുതിയ ലേഖനം ശ്രദ്ധേയമാണ് (ചന്ദ്രിക ആഴ്ചപ്പതിപ്പ്). എല്ലാം എളുപ്പം വിസ്മരിക്കപ്പെടുന്ന കാലത്ത് നരേന്ദ്രനാഥിനെപോലുള്ള പ്രതിഭയെ ഓര്‍മ്മിക്കുക എന്നത് ചെറിയ കാര്യമല്ല. വായനയില്‍ കനപ്പെട്ട വിഭവമാണിത്.
സമയത്തെ സംഗീതകലയാക്കിയ, ദിനോസറുകളില്‍ ജീവിതത്തിന്റെ ആരോഹണം വായിച്ചെടുത്ത എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണനുമായി കഥാകൃത്ത് ടി.കെ. ശങ്കരനാരായണന്‍ നടത്തിയ അഭിമുഖത്തില്‍ മേതിലിന്റെ വ്യക്തിചിത്രം വരച്ചിടുന്നു: പറയുന്ന പലതും മനസ്സിലാകാതിരുന്നിട്ടും സാമ്പിള്‍ നിറച്ച മരുന്നു ബാഗും ചുമന്ന് ഷര്‍ട്ട് ഇന്‍ചെയ്ത് ബൈക്കില്‍ ഇറങ്ങിയിരുന്ന എന്നെ ജോലിയില്‍ നിന്നും വിലക്കി ആ പടിവാതിക്കല്‍ എത്തിച്ചിരുന്നത് മേതിലിന്റെ കളങ്കമില്ലാത്ത പെരുമാറ്റമായിരുന്നു. സ്‌നേഹം മാത്രമല്ല, മേതിലിനടുത്തിരിക്കുമ്പോള്‍ എന്തിനെന്നറിയാത്ത ഒരു സുരക്ഷിതത്വംപോലും തോന്നിയിരുന്നു.' ഇങ്ങനെ വായിക്കുമ്പോള്‍ വലിയൊരു ചോദ്യം മനസ്സില്‍ നിറയുന്നു-ഇത്തരമൊരു വ്യക്തിചിത്രം ഇക്കാലത്ത് എത്ര എഴുത്തുകാരെപ്പറ്റി എഴുതാന്‍ സാധിക്കും? (അടുക്കളയുടെ രാഷ്ട്രീയം ഞാനറിഞ്ഞു- മാതൃഭൂമി).
വിഷയം ഏതായാലും കഥ എങ്ങനെ പറയണം എന്നതില്‍ കണിശമായ നിലപാടുള്ള എഴുത്തുകാരനാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. മികച്ചൊരു ഉദാഹരണമാണ് ഭാഷാപോഷിണിയില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ 'നഗരത്തിലെ കുയില്‍' എന്ന കഥ. ഒരിടത്ത് ഒരാളുണ്ടായിരുന്നു. അയാള്‍ ഒരു ദിവസം മൊറാവി എന്ന സ്ഥലത്തേക്ക് ഒരു വിനോദയാത്ര പോയി...എന്നിങ്ങനെ പതിഞ്ഞതാളത്തില്‍ തുടങ്ങുന്നു. ക്രമേണ കുടുംബജീവിതം, യാത്ര, ഭാര്യ, മൊബൈല്‍ഫോണ്‍, ഐടി ലോകം, ദാമ്പത്യപ്പോര് തുടങ്ങി കഥയില്‍ ഒട്ടേറെ അടരുകള്‍.' അയാളുടെ വിലകൂടിയ മൊബൈല്‍ഫോണ്‍ ഒട്ടും ഉപയോഗിക്കപ്പെടാത്ത ഹൃദയംപോലെ ഏകാന്തമായി നശിച്ചുതുടങ്ങി. ജീവിതത്തിന്റെ പൊരുള്‍ മനോഹരമായി പറഞ്ഞുവെക്കുന്ന കഥ.
ചില പംക്തികള്‍ വായനക്കാരന്റെ മനസ്സില്‍ ഇടംപിടിക്കുന്നത് അത് നിവര്‍ത്തിയിടുന്ന അറിവിന്റെ വിശാലത കൊണ്ടാണ്. ദേശാഭിമാനിയില്‍ വി.സുകുമാരന്റെ ഓപ്പണ്‍ വിന്റോ ഇങ്ങനെയൊരു പംക്തിയാണ്. ഈ ലക്കത്തില്‍ നോവലിന്റെ നീളമാണ് സുകുമാരന്റെ വിഷയം. മാര്‍സല്‍ഫ്രൂസ്റ്റിന്റെ കൃതിയാണോ, റിച്ചാര്‍ഡ്‌സിന്റെ ക്ലാരിസ ആണോ വലിയ നോവല്‍? ചോദ്യത്തിലൂടെ മലയാളത്തിലെ സി.വി.രാമന്‍പിള്ളയെ വരെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നു. കവിതയുടെ ഹൃദ്യത അനുഭവപ്പെടുത്തുകയാണ് ഡോണ മയൂര. 'ഏതു ദേശത്തുമുണ്ട്/പല ഭാഷകളില്‍/ ഒരേ സങ്കടം...' (വെയില്‍പൂക്കളാല്‍..., മാധ്യമം).
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍,
ചന്ദ്രിക വാരാന്തപ്പതിപ്പ് നവംബര്‍ 15, 2015-നിബ്ബ്