Saturday, December 26, 2015

വാക്കിന്റെ വെളിച്ചവും അനുഭവത്തിന്റെ കരുത്തും







നുഷ്യഭാവന നിലനില്‍ക്കുന്നിടത്തോളം കാലം പുസ്തകങ്ങള്‍ തേടിയുള്ള ജിജ്ഞാസയുള്ള മനസ്സിന്റെ യാത്ര തുടര്‍ന്നു കൊണ്ടിരിക്കും. വായനക്ക് ബദലായി ഒന്നുമില്ല. ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ വായന എന്ന സാംസ്‌കാരിക സത്യവും സാങ്കേതികമായ പ്രയോജനവും ഒന്നിച്ചു നീങ്ങുകയാണ്. പുസ്തകങ്ങളുടെ പ്രസക്തിയിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോവുകയാണ് എം.ടി.വാസുദേവന്‍ നായര്‍ 'വായിച്ച് വേദന മായ്ച്ചുകിടന്ന കുട്ടി' എന്ന ലേഖനത്തില്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്).
പലതരം വേദനകളുടെയും അസഹിഷ്ണുതകളുടെയും വര്‍ത്തമാനകാലത്ത് പുസ്തകങ്ങള്‍ക്ക് പലതും ചെയ്യാന്‍ കഴിയുമെന്ന് എം.ടി. അനുഭവത്തിലൂടെ വ്യക്തമാക്കുന്നു. ആകാശം വിസ്മയകരമായി ഇടിമുഴക്കുന്നതുപോലെയാണ് ചില അനുഭവങ്ങള്‍ എഴുത്തുകാരന്റെ ഓര്‍മ്മകളിലേക്ക് കടന്നുവരുന്നത്. രാഹുലന്‍ എന്ന കുട്ടിയുടെ ജീവിതവും മരണവും എഴുതിച്ചേര്‍ത്ത ലേഖനത്തില്‍ എം.ടി എഴുതി: 'പുസ്തകങ്ങളുണ്ടാവുമ്പോള്‍ അവനെന്തോ ഒരു ആശ്വാസമാണെന്ന് തോന്നി. ഒരു ചെറിയ ടിവി സംഘടിപ്പിച്ച് മുറിയില്‍ വെച്ചു കൊടുത്താലോ എന്ന് ഞാന്‍ ആലോചിച്ചു. ഞാന്‍ അവനോട് ചോദിച്ചു: ഞാനൊരു ചെറിയ ടിവി കൊണ്ടുവന്നു വെച്ചാലോ? അതവനു വേണ്ട, പുസ്തകങ്ങള്‍ മതി.'
അഭിമുഖങ്ങള്‍ പുതിയ ഉള്‍ക്കാഴ്ചപ്പാടുകള്‍ സമ്മാനിക്കുന്നതാകണം. ജീവിതത്തെ സംബന്ധിക്കുന്ന ഉള്‍ക്കാഴ്ചയിലേക്ക് നമ്മുടെ ബുദ്ധിയെ നയിക്കുന്ന പ്രശ്‌നങ്ങളാണ് ഈ ആഴ്ചത്തെ മൂന്ന് അഭിമുഖലേഖനങ്ങള്‍. ജീവിതത്തിലേക്ക് വ്യത്യസ്തമായ വാതിലുകള്‍ തുറന്നിടുകയാണ് 'മുഖ്യമന്ത്രിപദം ഏതു സമുദായക്കാരനും ആകാം'-(പി.കെ.കുഞ്ഞാലിക്കുട്ടി/ വി. ഡി സെല്‍വരാജ്, കലാകൗമുദി), എന്ന അഭിമുഖലേഖനം. അനുഭവത്തിന്റെ തെളിച്ചത്തില്‍ വാര്‍ന്നുവീഴുന്ന വാക്കുകളാണ് പി.കെ.കുഞ്ഞാലിക്കുട്ടിയുടേത്. ലേഖനത്തില്‍ ഒരിടത്ത് പറയുന്നു: ' രാജ്യങ്ങളുടെ ചരിത്രത്തില്‍ നാം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് യുദ്ധത്തെപ്പറ്റിയാണല്ലോ. യുദ്ധം നല്ല കാര്യമായതു കൊണ്ടല്ലല്ലോ ചര്‍ച്ച ചെയ്യുന്നത്. യുദ്ധങ്ങള്‍ ജയിക്കുകയോ, തോല്‍ക്കുകയോ ചെയ്ത ശേഷം സ്വന്തം രാജ്യം വളര്‍ന്നകാര്യം എല്ലാ രാജ്യക്കാരും അഭിമാനത്തോടെ പറയാറുണ്ട്. പ്രതിസന്ധികള്‍ മനുഷ്യനെ ശക്തനാക്കും, രാജ്യത്തെയും ശക്തിയുള്ളതാക്കും. അതുപോലെ എനിക്കുണ്ടായ അനുഭവങ്ങള്‍ എന്റെ ശക്തിയാണ്. തിരിഞ്ഞുനോക്കുമ്പോള്‍ നനഞ്ഞ പഞ്ഞിപോലെ കിടക്കുന്നതല്ല എന്റെ ജീവിതം.'' 
കണ്ണും കാതുമാണ് ദൈവത്തിന്റെ വരദാനം. കണ്ണുതുറന്നാല്‍ കാണാവുന്നതാകണം ചിത്രങ്ങള്‍ എന്നു വിശ്വസിക്കുകയും അതിന് വരചേര്‍ക്കുകയുമാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി.'രേഖയുടെ സമാന്തരങ്ങള്‍'- (ആര്‍ട്ടിസ്റ്റ് നമ്പൂതിരി/ എന്‍.പി വിജയകൃഷ്ണന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന സംഭാഷണലേഖനത്തില്‍ വരയുടെ ശാസ്ത്രത്തെപ്പറ്റി നമ്പൂതിരി പറയുന്നു:'ഒരു കഥയാണെങ്കില്‍ കഥാപാത്രങ്ങളെ ആവര്‍ത്തിക്കേണ്ടി വരില്ല. നോവലില്‍ പാത്ര പ്രകൃതി നിലനിര്‍ത്തണം. അവരുടെ പ്രായം ഒക്കെ സൂക്ഷ്മമായി മനസ്സിലാക്കണം. ചില അധ്യായങ്ങളില്‍ ഫ്‌ളാഷ്ബാക്കാണെങ്കില്‍ പ്രായം, വസ്ത്രധാരണം, ശരീരഭാഷ എല്ലാം വ്യത്യസ്തമാക്കണം. കഥയില്‍ അല്ലെങ്കില്‍ ഇത്തരം ഓര്‍മ്മകളില്‍ സന്ദര്‍ഭങ്ങള്‍ക്കാണ് പ്രാധാന്യം.'
ഈ ലേഖനങ്ങളോടൊപ്പം വായിക്കാവുന്നതാണ് എം. ബി രാജേഷുമായി സതീശ് സൂര്യന്‍ നടത്തിയ മുഖാമുഖം(മലയാളം വാരിക).'വര്‍ഗീയതയ്ക്കതിരെയുള്ള സമരം നടക്കേണ്ടത്് മൂന്ന് തലത്തിലാണ്. ഒന്ന് പ്രത്യയശാസ്ത്രതലത്തിലാണ്. മറ്റൊന്ന് സാംസ്‌കാരിക മുഖത്താണ്. മൂന്നാമതായാണ് രാഷ്ട്രീയം കടന്നു വരുന്നത്. വര്‍ഗീയതയ്‌ക്കെതിരെയുള്ള നമ്മുടെ സമരങ്ങളുടെ പരിമിതി എന്നു പറയുന്നത് അത് രാഷ്ട്രീയതലത്തില്‍ മാത്രം ഒതുങ്ങുന്നുവെന്നതാണ്.' മനുഷ്യന്റെ നിലനില്‍പ്പിനെപ്പറ്റിയുള്ള സങ്കീര്‍ണ്ണമായ കെട്ടുകള്‍ അഴിക്കുകയാണ് എം.ബി രാജേഷ്.
എഴുത്തിന്റെ ഉന്മാദങ്ങള്‍ അനുഭവിക്കുന്ന നാടകകൃത്താണ് സാറാ കെയ്ന്‍. ആധുനികോത്തര നാടകകൃത്തും സംവിധായികയുമായ സാറാ കെയ്‌നിന്റെ നാടകലോകത്തെക്കുറിച്ചുള്ള പഠനമാണ് 'മരണം മണക്കുന്ന നാടകം'(എമില്‍ മാധവി- മലയാളം വാരിക). ജീവിതത്തെയും മരണത്തെയും രാഷ്ട്രീയ സാമൂഹിക ശൈഥില്യങ്ങളുടെ മൂര്‍ച്ചയില്‍ കൊണ്ടുചെന്നിരുത്തി പല രചനകളിലും നാടകകൃത്ത് തന്നെ വിചാരണചെയ്യപ്പെടുന്നു.
നഷ്ടമായതൊക്കെ തിരിച്ചുപിടിക്കാന്‍ നാം പലപ്പോഴും ആഗ്രഹിക്കുന്നു. രാജ്യത്തിന് മുതല്‍ക്കൂട്ടാവേണ്ടിയിരുന്ന അത്‌ലറ്റായിരുന്നു പി.സി.ഇന്ദിര. അവരുടെ ട്രാക്ക്ജീവിതം മുടക്കിയത് ദാരിദ്ര്യമാണ്. എങ്കിലും ഇന്ദിര തോല്‍ക്കാന്‍ തയാറല്ല. 'സ്വപ്നങ്ങള്‍ പൂക്കുന്ന ഒരു നാള്‍ വരും' എന്ന ലേഖനം (മാധ്യമം ആഴ്ചപ്പതിപ്പ്) ഇന്ദിരയുടെ ട്രാക്ക്ജീവിതം അവതരിപ്പിക്കുന്നു. മകന്‍ അദിന്‍ ലാലിനെ അത്‌ലറ്റിക് ട്രാക്കിലിറക്കിയാണ് ഇന്ദിര നഷ്ടലോകത്തെ അതിജീവിക്കാന്‍ ശ്രമിക്കുന്നത്.( എഴുത്ത് എന്‍.എസ് നിസാര്‍).
റഷ്യന്‍ ചിന്തകനായ ബെര്‍ദിയേവ് എഴുതി: മനുഷ്യര്‍ ഒന്നുകില്‍ ടോള്‍സ്റ്റോയിയുടെ മാനസികനിലയുമായി ജീവിക്കുന്നു. അല്ലെങ്കില്‍ ദസ്‌തേവ്‌സ്‌കിയുടെ മാനസികനിലയുമായി ജനിക്കുന്നു. ഇങ്ങനെയൊരു ആശയം ഓര്‍മ്മിപ്പിക്കുകയാണ് 'പലായനങ്ങള്‍' എന്ന ലേഖനം (ആനന്ദ് സച്ചിന്‍- ശാന്തം മാസിക). ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന സിനിമയിലെ തബലിസ്റ്റ് ഹരിയുടെ മരണം സംബന്ധിച്ച സംഘത്തിലുള്ളവരുടെ അഭിപ്രായങ്ങള്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. ഓരോ വ്യക്തിയുടെയും അപൂര്‍ണമായ ഓര്‍മ്മകളിലൂടെയാണ് ജോണ്‍ ഹരിയുടെ കഥ പറയുന്നത്.
ആനുകാലികങ്ങളില്‍ വരുന്ന നോവലുകളില്‍ വേറിട്ടൊരു വായനാനുഭവം നല്‍കുന്നു സൈമണ്‍ ബ്രിട്ടാസിന്റെ മഞ്ഞുപെയ്യുന്ന ചരിത്രാങ്കം (ചന്ദ്രിക ആഴ്ചപ്പതിപ്പ്). ഷെര്‍ഷാസാഹിബും അക്ബര്‍ഷായും ഖവാലി സംഗീതവും എല്ലാം കഥയില്‍ വിസ്മയം തീര്‍ക്കുന്നു.
കഥയിലൂടെ മറ്റൊരു കഥയുടെ സാങ്കേതികത വീണ്ടും അനുഭവിപ്പിക്കുകയാണ് സേതു എഴുതിയ 'ഓണ്‍ലൈന്‍' (മാതൃഭൂമി ആഴ്ചപ്പതിപ്പ്).'പുറത്ത് അപ്പോഴും ഒരു തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. തലേന്നത്തെ മഴയില്‍ ബാക്കി നിന്നിരുന്നത് പെയ്‌തൊഴിയാനായി മാനം വീണ്ടും മുഖം വീര്‍പ്പിക്കാന്‍ തുടങ്ങി.' ഫോണ്‍കാലങ്ങളുടെ ലോകത്തിലൂടെയാണ് സേതു കഥപറഞ്ഞുപോകുന്നത്. പുതിയ കഥകള്‍ പലതും പാതിവഴിയില്‍ വായന അവസാനിപ്പിക്കുന്ന കാലത്ത്, വി. എച്ച് നിഷാദിന്റെ 'ഞാന്‍ ഒരു ജേണലിസ്റ്റായ കഥ' യുടെ (ചന്ദ്രിക ആഴ്ചപ്പതിപ്പ്) അവസാനവരിയും ആസ്വാദകന്‍ വായിച്ചുതീര്‍ക്കും.
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ്-27/12/2015

No comments: