Friday, December 18, 2015

കവിതയുടെ ജനകീയതയും ബുദ്ധിജീവിതത്തിന്റെ ജാതിയും









'സ്വയം സ്പഷ്ടമായ യാഥാര്‍ത്ഥ്യങ്ങളുടെ മധ്യത്തില്‍ നിന്നുകൊണ്ട് സംശയകരങ്ങളായ ആശയങ്ങള്‍ നമുക്ക് ഉന്നയിക്കാതിരിക്കാം' എന്ന് കെ.പി.അപ്പന്‍ ഓര്‍മപ്പെടുത്തിയത് നിരൂപകരെ മാത്രമായിരുന്നില്ല. മലയാളത്തില്‍ കവിതയെഴുതിത്തുടങ്ങിയ പുതിയ എഴുത്തുകാരെയുമായിരുന്നു. കവിതയ്ക്ക് ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രം മാത്രമേ പാടുള്ളൂ എന്നു പറയുന്നതുപോലെതന്നെ യാന്ത്രികമാണ് കവിക്ക് യാതൊരു രാഷ്ട്രീയ ആദര്‍ശവും പാടില്ല എന്നു പറയുന്നതും. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ ബോധപൂര്‍വ്വം കവിതയില്‍ ആവിഷ്‌കരിക്കുമ്പോള്‍ കവിതയ്ക്ക് താളവും ശുദ്ധിയും നഷ്ടപ്പെട്ടു പോകുന്നു. കലയില്‍ ജനകീയതയെക്കുറിച്ചും ജനകീയ ജനാധിപത്യത്തെക്കുറിച്ചുമുള്ള സങ്കല്‍പങ്ങളെല്ലാം പൊള്ളയാണ്- ടി.പി.രാജീവന്‍ കവിതാപഠനത്തെപ്പറ്റി നടത്തിയ നിരീക്ഷണത്തില്‍ (പ്രസന്നരാജന്റെ പുസ്തക റിവ്യൂ, ഇന്ത്യാടുഡേ 1996)നിന്നും മലയാളത്തിലെ കവിതയും കാവ്യനിരൂപണവും ഇനിയും മുന്നോട്ട് പോയിട്ടില്ല. സ്തുതിവചനങ്ങളുടെ മുഴക്കത്തില്‍ മലയാളകവിതയും ക്ലാസുമുറി വ്യാഖ്യാനങ്ങളും മുങ്ങിമരിക്കുന്നുവോ?. ഇങ്ങനെയൊരു ചോദ്യത്തിന് പ്രസക്തി വര്‍ധിപ്പിക്കുകയാണ് കെ.ബി. പ്രസന്നകുമാര്‍ എഴുതിയ റസ്‌കിന്‍ ബോണ്ട് തുറക്കുന്ന ജാലകങ്ങള്‍ (സാഹിത്യസമീക്ഷ, മലയാളം വാരിക) എന്ന ലേഖനം. ദൈവത്തിന്റെ കരത്തിലെ ഒരു മഴത്തുള്ളിപോലെ കടലിനെ കാണുന്ന റസ്‌കിന്‍ ബോണ്ട് ഭൂമിയിലെ നമ്മുടെ സ്ഥാനത്തെ ഒരിലപോലെയോ, പെരുമഴയ്ക്കു ശേഷം ഇലയില്‍ നിന്നിറ്റുന്ന ജലകണംപോലെയോ വിനയത്തോടെ കാണുന്നു. 
മലയാളിയുടെ ചരിത്രബോധം ഇടയ്ക്കിടെ അട്ടിമറിച്ച എഴുത്തുകാരനായിരുന്നു കേസരി ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ കാലികപ്രസക്തിയിലേക്ക് വായനക്കാരനെ നടത്തിക്കുകയാണ് എം. എന്‍.വിജയനെ വീണ്ടും വായിക്കപ്പെടുന്ന മൂന്ന് ലേഖനങ്ങള്‍ (ഭാഷാപോഷിണണി, ഡിസംബര്‍ ലക്കം). മറ്റൊരു ചരിത്രം സാധ്യമാണ് എന്ന ലേഖനത്തില്‍ എം. എ. റഹ്മാന്‍ എഴുതി:' അറേബ്യയില്‍ ഉദയം ചെയ്ത സംസ്‌കാരത്തിന്റെ കോളനി മാത്രമാണ് നമ്മുടെ സംസ്‌കാരം എന്നു കേസരി പറഞ്ഞതാണ് ചിലരെ ചൊടിപ്പിച്ചത്. അതിനുള്ള മറുപടിയിലൂടെ ബഹുസ്വരതയുടെ നിമിത്തങ്ങള്‍ ഉല്‍പാദിപ്പിച്ചു എന്നതു തന്നെയാണ് എം. എന്‍. വിജയന്റെ പ്രസക്തി.' പി. എന്‍. ഗോപീകൃഷ്ണന്‍ (എം. എന്‍. വിജയനെ എങ്ങനെ രേഖപ്പെടുത്തും?), ഒ.കെ.ജോണി (ഒരു ദുരന്തപ്രവചനം) എന്നീ ലേഖനങ്ങളും കാഴ്ചപ്പാടിന്റെ പുതുമ അനുഭവപ്പെടുത്തുന്നു.
കാമ്പസ് രാഷ്ട്രീയവും സര്‍ഗാത്മകതയും പലപാട് നമ്മുടെ ആനുകാലികങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പക്ഷേ, ഡോ. ബെറ്റിമോള്‍ മാത്യു എഴുതിയ കാമ്പസിന്റെ ഭാവാന്തരങ്ങള്‍ (പച്ചക്കുതിര മാസിക) വേറിട്ടൊരു സമീപനമായി. 1986 മുതല്‍ 1991വരെ നീണ്ട അഞ്ചുവര്‍ഷത്തിനുള്ളില്‍ കാമ്പസ് രാഷ്ട്രീയത്തിന്റെ നന്മ തിന്മകള്‍ കാണുകയും അനുഭവിക്കുകയും ചെയ്ത ലേഖിക, അവകാശബോധം. ചരിത്രബോധം, രാഷ്ട്രീയവീക്ഷണം എന്നിവ പതിയെ കാമ്പസിനുള്ളില്‍ നിന്നും അകന്നുപോകുന്നത് സൂചിപ്പിക്കുന്നു.
ശ്രദ്ധേയമായ രണ്ട് അഭിമുഖലേഖനങ്ങളാണ് ബുദ്ധിജീവിതത്തിന്റെ ജാതി (എ. എസ്. അജിത്കുമാര്‍/രേഖാചന്ദ്ര, മലയാളം വാരിക), നോവലുകള്‍ പലതും ക്രിയേറ്റീവല്ല... ( പി. വത്സല /പി. എം. ജയന്‍. ചന്ദ്രിക ആഴ്ചപ്പതിപ്പ്). മലയാളനോവലുകള്‍ ക്രിയേറ്റിവല്ല എന്ന് പി. വത്സല ആരോപിക്കുന്നു. ഇത് പുതിയ നോവലുകളെക്കുറിച്ചാകണം. കാരണം നിരവധി നോവലുകള്‍ വത്സലയുടേതായി മലയാളത്തിലുണ്ട്. വത്സലയുടെ ഒന്നില്‍കൂടുതല്‍ നോവലുകള്‍ അന്യഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആരോപണത്തിനുള്ള സാധൂകരണമായിരിക്കണം- 'എഴുത്തില്‍ ക്വാളിറ്റിയില്ലാതെ പി.ആര്‍.ഒ പ്രവര്‍ത്തനത്തിലൂടെ പ്രചാരണം നടത്തിയാല്‍ പണമുണ്ടാക്കാന്‍ കഴിയും. എന്നാല്‍ കൃതി കാലത്തെ അതിവര്‍ത്തിക്കില്ല' എന്ന പ്രസ്താവന. പി.ആര്‍.ഒമാരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയാണ് വത്സല.
ബുദ്ധിജീവിതത്തിന്റെ ജാതി എന്ന ലേഖനത്തില്‍ ജാതിക്കാര്യം പറയുമ്പോള്‍ കേരളത്തിലെ ബുദ്ധിജീവികള്‍ പ്രകടിപ്പിക്കുന്ന സാധാരണ മസ്സിലുപിടുത്തത്തെ അവതരിപ്പിക്കുന്നതിങ്ങനെ: 'മലയാളിയുടെ ബുദ്ധിജീവിതത്തിന് ജാതിയുണ്ടോ? എങ്കില്‍ അത് ഏത് ജാതിയാണ്? ഒരു ശരാശരി മുഖ്യധാരാ ബുദ്ധിജീവിയോടാണ് ചോദിക്കുന്നതെങ്കില്‍ അങ്ങനെയൊന്നുണ്ടെന്ന് സമ്മതിക്കാനിടയില്ല. കേരളത്തിലെ പുരോഗമന പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ ദീര്‍ഘചരിത്രവും ജാതിരഹിത-മതരഹിത ഇടപെടലുകളും ഒരുപാട് നിരത്താനുണ്ടാകും അയാള്‍ക്ക്. അവ അങ്ങനെ തള്ളിക്കളയാവുന്ന ചരിത്രമോ, കാര്യങ്ങളോ അല്ലതാനും...'
ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്ന രണ്ടു ലേഖനങ്ങളാണ് ജനാധിപത്യത്തിന്റെ വാഗ്ദാനവും സമ്മാനവും (സി.ആര്‍.പരമേശ്വരന്‍- മാതൃഭൂമി ആഴ്ചപ്പതിപ്പ്), മായുന്ന ഗാന്ധി പുകയുന്ന അസഹിഷ്ണുത ( പി. സുരേന്ദ്രന്‍- അകം മാസിക). മാധ്യമ പ്രവര്‍ത്തകന്‍ കെ. ജയചന്ദ്രനെ അനുസ്മരിക്കുമ്പോള്‍ സി. ആര്‍.പരമേശ്വരന്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങല്‍ സ്വാഭാവികമായും ചെന്നുപതിക്കുന്നത് അധികാരം, മാധ്യമപ്രവര്‍ത്തനം എന്നിവയുടെ അകംപൊരുളുകളിലേക്കാണ്. പ്രത്യേകിച്ചും സംഘ്പരിവാറിന്റെ ഹിഡന്‍അജണ്ടകളുടെ കാലത്ത്. പി.സുരേന്ദ്രന്‍ പ്രതിരോധം തീര്‍ക്കാന്‍ മുന്‍കരുതല്‍ കൂടി സൂചിപ്പിക്കുന്നു.' ഫാഷിസത്തിനും വംശീയതയ്ക്കുമെതിരെ വലിയൊരു മതേരബദല്‍ രൂപപ്പെടണം. ഗാന്ധിജിയും നെഹ്‌റുവുമൊക്കെയാണ് ഫാഷിസത്തെ ചെറുക്കാനുള്ള ആയുധങ്ങള്‍. ഗാന്ധിജിയുടെ ഭാരതത്തെ ഒരു ഫാഷിസത്തിനും വിഴുങ്ങാന്‍ സാധിക്കില്ല. ഗോഡ്‌സെയല്ല, ഗാന്ധിജി തന്നെയാണ് ജയിക്കുക എന്ന് ബോധ്യപ്പെടാന്‍ നമുക്ക് സാധിക്കണം...'
വാക്കാണ് ജീവിതത്തിന്റെ മഹത്തായ ആയുധം എന്ന് റഷ്യന്‍ നാടകകൃത്ത് വ്‌ളാദിമിര്‍ ക്‌റോലങ്കോവ് പറഞ്ഞുവെച്ചിട്ടുണ്ട്. വാക്കുകളുടെ ഇഴചേര്‍പ്പില്‍ തളിര്‍ക്കുന്ന ആവിഷ്‌കാരത്തിന്റെ മനോഹാരിത വെളിപ്പെടുത്തുന്ന കഥയാണ് വി. ആര്‍. സുധീഷ് എഴുതിയ ഒരു അടുക്കളക്കാരിയുടെ ഓര്‍മ (മാതൃഭൂമി ആഴ്ചപ്പതിപ്പ്). കഥാന്ത്യത്തിലെ അഞ്ജലി പ്രിയദര്‍ശിനിയുടെ വാക്കുകള്‍:'അമ്മ പറയാതെ പോയത് പറഞ്ഞില്ലെങ്കിലും വന്നാല്‍.... എനിക്ക് അതുമാത്രം മതി' വായനക്കാരന്റെ മനസ്സില്‍ പ്രതിധ്വനിക്കും. ഹൃദ്യമായ മറ്റു രണ്ട് കഥകളാണ് ബി. എം. സുഹറ എഴുതിയ ദജ്ജാലിന്റെ വരവ് ( മാധ്യമം ആഴ്ചപ്പതിപ്പ്), കരുണയില്ലാത്തവന്‍ (ഉത്തമന്‍ പാപ്പിനിശ്ശേരി, ദേശാഭിമാനി വാരിക) എന്നിവ.

കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, നിബ്ബ് പംക്തി, 2015. ഡിസംബര്‍ 20


1 comment:

ajith said...

കൊള്ളാം