Thursday, November 26, 2015

നവംബറിന്റെ നേട്ടവും മേതിലിന്റെ അടുക്കളയും






'നവംബറിന്റെ നഷ്ടത്തെപ്പറ്റി ഭംഗിയായി ഓര്‍ത്തെടുത്തത് പി. പത്മരാജനായിരുന്നു. ടി. എസ് എലിയറ്റിന് ഏപ്രിലിനോട് തോന്നിയ അടുപ്പം പത്മരാജന് നവംബറിനോടായിരുന്നു. (നവംബറിന്റെ നഷ്ടം എന്ന ചിത്രം). മഞ്ഞുകാലം, തണുത്തവെളുപ്പാന്‍ കാലം, കരിയിലകള്‍ എന്നിവയോട് പത്മരാജന്റെ മനസ്സ് ഒരുപാട് ഇഷ്ടം കൂടിയിരുന്നു. നവംബര്‍ പത്മരാജന് നഷ്ടത്തിന്റേതാണെങ്കില്‍ കഥാകൃത്ത് വി. ആര്‍.സുധീഷിന് നവംബര്‍ നേട്ടങ്ങളുടെ കാലമാണ്. സുധീഷിന്റെ സംഗീതസ്പര്‍ശമുള്ള വാക്കുകളില്‍ നവംബര്‍ കടന്നുവരുന്നത് മനസ്സടുപ്പത്തിന്റെ മനോഹരമായ ചിത്രം വരച്ചുകൊണ്ടാണ്. സുധീഷ് നവംബറിനെപ്പറ്റി എഴുതിയ ഒരു സന്ദര്‍ഭം: 'ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നവംബറിലാണ് ശ്രീനാരായണഗുരുദേവന്റെ പേരിലുള്ള കോളജില്‍ അധ്യാപകനായി എത്തുന്നത്. പ്രിയപ്പെട്ടതൊക്കെ എനിക്ക് നല്‍കിയത് നവംബറാണ്. ജീവിതത്തിലെ ഭാഗ്യങ്ങളും സമ്പാദ്യങ്ങളും... ഡിഗ്രിക്ക് എന്റെ കഥ പഠിക്കാനുണ്ട്. അവള്‍ ഒരു കുട്ടിയായിരുന്നപ്പോള്‍' ഞാന്‍ തന്നെ പഠിപ്പിക്കണമെന്ന് സഹാധ്യാപകര്‍. പണ്ട് അതൊരു കുറച്ചിലാണ്. ഞാന്‍ ചെന്ന് കഥയ്ക്ക് പിന്നിലെ കഥ പറയുന്നു. കുട്ടികള്‍ക്ക് അത് മതി. വ്യാഖ്യാനം പഠനസഹായിയില്‍ കിട്ടും. കഥ പറഞ്ഞും പാടിയും പ്രണയിച്ചും ക്ലാസുമുറിയില്‍ അങ്ങനെ ജീവിതത്തിന് ശ്രുതി ചേര്‍ക്കുമ്പോള്‍ ആരൊക്കെയോ കൂടെവന്ന് നില്‍ക്കുന്നുണ്ട്. (ഇടനാഴികള്‍ തുറന്ന വാതില്‍- മാതൃഭൂമി ഓണ്‍ലൈന്‍).
രാഷ്ട്രീയ വിശകലനത്തില്‍ ശ്രദ്ധേയമായ അഭിമുഖമാണ് 'അവര്‍ ചോരപ്പുഴ ആഗ്രഹിക്കുന്നു'(കെ വേണു/ താഹാ മാടായി, പച്ചക്കുതിര). നേരത്തെ സംഘ്പരിവാറിന് നിയമവാഴ്ചയെ അല്‍പം ഭയമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിക്കും നിയമവാഴ്ചയെ കുറെയൊക്കെ ഭയമുണ്ടായിരുന്നു. ഇപ്പോഴത് ഒട്ടും ഇല്ല. നിയമവാഴ്ചയെ അവര്‍ ഒട്ടും പരിഗണിക്കുന്നില്ല. ഈ അന്തരീക്ഷമാറ്റത്തിന്റെ കാരണം മോദി- അമിത്ഷാ രംഗപ്രവേശമാണ്... -വേണു വര്‍ത്തമാനകാലത്തെ നിരീക്ഷിക്കുന്നു.
എസ്.ജയചന്ദ്രന്‍ നായരുടെ വാക്കുകളും എഴുത്തും വായനക്കാരനെ കൂടെ നടത്തിക്കുന്നത് അവ നല്‍കുന്ന അറിവിന്റെ തീരങ്ങളാണ്. നിസ്സഹായരാകുന്ന ഞാന്‍ (മാധ്യമം) എന്ന ലേഖനത്തിലും ജയചന്ദ്രന്‍ നായര്‍ പതിവുശൈലി തെറ്റിക്കുന്നില്ല.
കേരളത്തില്‍ മുഴങ്ങിയ മേഘഗര്‍ജ്ജനത്തില്‍ സാര്‍വദേശീയമായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്വാധീനം പ്രകടമായിരുന്നു. തന്നെ കാത്തിരുന്ന പ്രാദേശികമായ ഭാവിയെ ഇടങ്കൈകൊണ്ട് തെന്നിത്തെറിപ്പിച്ച് കലാപത്തിന്റെ വഴിയിലെത്തിയ കെ.വേണു അതിന്റെ തിളങ്ങുന്ന ഒരു ഉദാഹരണമായിരുന്നു...'എന്ന് പറയുന്നു. പ്രക്ഷുബ്ധകാലത്തിന്റെ 
മുഴക്കം ഈ ലേഖനത്തിലുണ്ട്. എഴുത്തിടത്തിന്റെ മാറ്റത്തെപ്പറ്റിയാണ് എം. ആര്‍. വിഷ്ണുപ്രസാദ് എഴുതുന്നത്: പത്രമാധ്യമങ്ങളോ മുന്‍തലമുറ എഴുത്തുകാരോ സമ്മാനിച്ച സ്ഥലത്തല്ല പുതുതലമുറ അവരുടെ ആവിഷ്‌കാരങ്ങള്‍ പ്രകാശിപ്പിക്കുന്നത്. നവമാധ്യമം നല്‍കിയ എഴുത്തിടത്തില്‍ ഓരോരുത്തരും അവരവരുടെ അച്ചടിശാലകള്‍ പണിതു... (പച്ചക്കുതിര, സാഹിത്യവും ടെക്‌നോളജിയും).
ബാലസാഹിത്യത്തിന്റെ മാമ്പഴക്കാലം അടയാളപ്പെടുത്തിയ പി. നരേന്ദ്രനാഥിനെപ്പറ്റി മകള്‍ സുനീത നെടുങ്ങാടി എഴുതിയ ലേഖനം ശ്രദ്ധേയമാണ് (ചന്ദ്രിക ആഴ്ചപ്പതിപ്പ്). എല്ലാം എളുപ്പം വിസ്മരിക്കപ്പെടുന്ന കാലത്ത് നരേന്ദ്രനാഥിനെപോലുള്ള പ്രതിഭയെ ഓര്‍മ്മിക്കുക എന്നത് ചെറിയ കാര്യമല്ല. വായനയില്‍ കനപ്പെട്ട വിഭവമാണിത്.
സമയത്തെ സംഗീതകലയാക്കിയ, ദിനോസറുകളില്‍ ജീവിതത്തിന്റെ ആരോഹണം വായിച്ചെടുത്ത എഴുത്തുകാരന്‍ മേതില്‍ രാധാകൃഷ്ണനുമായി കഥാകൃത്ത് ടി.കെ. ശങ്കരനാരായണന്‍ നടത്തിയ അഭിമുഖത്തില്‍ മേതിലിന്റെ വ്യക്തിചിത്രം വരച്ചിടുന്നു: പറയുന്ന പലതും മനസ്സിലാകാതിരുന്നിട്ടും സാമ്പിള്‍ നിറച്ച മരുന്നു ബാഗും ചുമന്ന് ഷര്‍ട്ട് ഇന്‍ചെയ്ത് ബൈക്കില്‍ ഇറങ്ങിയിരുന്ന എന്നെ ജോലിയില്‍ നിന്നും വിലക്കി ആ പടിവാതിക്കല്‍ എത്തിച്ചിരുന്നത് മേതിലിന്റെ കളങ്കമില്ലാത്ത പെരുമാറ്റമായിരുന്നു. സ്‌നേഹം മാത്രമല്ല, മേതിലിനടുത്തിരിക്കുമ്പോള്‍ എന്തിനെന്നറിയാത്ത ഒരു സുരക്ഷിതത്വംപോലും തോന്നിയിരുന്നു.' ഇങ്ങനെ വായിക്കുമ്പോള്‍ വലിയൊരു ചോദ്യം മനസ്സില്‍ നിറയുന്നു-ഇത്തരമൊരു വ്യക്തിചിത്രം ഇക്കാലത്ത് എത്ര എഴുത്തുകാരെപ്പറ്റി എഴുതാന്‍ സാധിക്കും? (അടുക്കളയുടെ രാഷ്ട്രീയം ഞാനറിഞ്ഞു- മാതൃഭൂമി).
വിഷയം ഏതായാലും കഥ എങ്ങനെ പറയണം എന്നതില്‍ കണിശമായ നിലപാടുള്ള എഴുത്തുകാരനാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. മികച്ചൊരു ഉദാഹരണമാണ് ഭാഷാപോഷിണിയില്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ 'നഗരത്തിലെ കുയില്‍' എന്ന കഥ. ഒരിടത്ത് ഒരാളുണ്ടായിരുന്നു. അയാള്‍ ഒരു ദിവസം മൊറാവി എന്ന സ്ഥലത്തേക്ക് ഒരു വിനോദയാത്ര പോയി...എന്നിങ്ങനെ പതിഞ്ഞതാളത്തില്‍ തുടങ്ങുന്നു. ക്രമേണ കുടുംബജീവിതം, യാത്ര, ഭാര്യ, മൊബൈല്‍ഫോണ്‍, ഐടി ലോകം, ദാമ്പത്യപ്പോര് തുടങ്ങി കഥയില്‍ ഒട്ടേറെ അടരുകള്‍.' അയാളുടെ വിലകൂടിയ മൊബൈല്‍ഫോണ്‍ ഒട്ടും ഉപയോഗിക്കപ്പെടാത്ത ഹൃദയംപോലെ ഏകാന്തമായി നശിച്ചുതുടങ്ങി. ജീവിതത്തിന്റെ പൊരുള്‍ മനോഹരമായി പറഞ്ഞുവെക്കുന്ന കഥ.
ചില പംക്തികള്‍ വായനക്കാരന്റെ മനസ്സില്‍ ഇടംപിടിക്കുന്നത് അത് നിവര്‍ത്തിയിടുന്ന അറിവിന്റെ വിശാലത കൊണ്ടാണ്. ദേശാഭിമാനിയില്‍ വി.സുകുമാരന്റെ ഓപ്പണ്‍ വിന്റോ ഇങ്ങനെയൊരു പംക്തിയാണ്. ഈ ലക്കത്തില്‍ നോവലിന്റെ നീളമാണ് സുകുമാരന്റെ വിഷയം. മാര്‍സല്‍ഫ്രൂസ്റ്റിന്റെ കൃതിയാണോ, റിച്ചാര്‍ഡ്‌സിന്റെ ക്ലാരിസ ആണോ വലിയ നോവല്‍? ചോദ്യത്തിലൂടെ മലയാളത്തിലെ സി.വി.രാമന്‍പിള്ളയെ വരെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നു. കവിതയുടെ ഹൃദ്യത അനുഭവപ്പെടുത്തുകയാണ് ഡോണ മയൂര. 'ഏതു ദേശത്തുമുണ്ട്/പല ഭാഷകളില്‍/ ഒരേ സങ്കടം...' (വെയില്‍പൂക്കളാല്‍..., മാധ്യമം).
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍,
ചന്ദ്രിക വാരാന്തപ്പതിപ്പ് നവംബര്‍ 15, 2015-നിബ്ബ്

No comments: