ഇങ്ങനെയൊരു തലവാചകം ഉപയോഗിച്ചത് ക്ഷുഭിത യൗവ്വനം ജീവിതത്തില്‍ കാത്തു സൂക്ഷിക്കുന്ന അഴീക്കോട് മാഷുടെ ക്ഷോഭം വര്‍ദ്ധിപ്പിക്കാനല്ല. മലയാളസിനിമയില്‍ തിലകനുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദ പരാമര്‍ശങ്ങളാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ടാര്‍ജറ്റ് ചെയ്ത് അരങ്ങേറുന്ന അഭിപ്രായപ്രകടനങ്ങള്‍ കൊണ്ട് മലയാളസിനിമയെ രക്ഷിക്കാന്‍ സാധിക്കുമോ? തിലകന്റെ മമ്മൂട്ടി പരാമര്‍ശം മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഫെബ്രു.21).
ഉള്‍ക്കടല്‍ എന്ന ചിത്രം മുതല്‍ മലയാളസിനിമയില്‍ നടനവൈഭവം അനുഭവപ്പെടുത്തുന്ന തിലകനും സിനിമാ സംഘടനകളും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടായിട്ടുണ്ട്. അത് വീണ്ടും തലപ്പൊക്കിയിരിക്കുന്നു. തിലകനും സംഘടനകളും തമ്മില്‍ പറഞ്ഞുതീര്‍ക്കാവുന്ന വിഷയം. പക്ഷേ, സുകുമാര്‍ അഴീക്കോട് മാഷ് പ്രശ്നത്തിലിടപെട്ടതോടെ നടന്മാരിലേക്ക് കേന്ദ്രീകരിച്ചു. നാടകത്തിലും സിനിമയിലും പൗഡറും വിഗ്ഗും ഒന്നും അല്‍ഭുതമല്ലെന്ന് അഴീക്കോട് മാഷക്കും ജനങ്ങള്‍ക്കും അറിയാവുന്നതാണെല്ലോ. മധ്യവയസ്സ് പിന്നിട്ടവര്‍ അദ്ദേഹമെന്നും അയാളെന്നും സംബോധന ചെയ്യുന്നത് അത്ര വലിയ തെറ്റാണോ?
ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും പുതുമയുണ്ടോ? അഴീക്കോട് മാഷെ പോലുള്ള സാംസ്കാരികനായകന്മാര്ക്ക് പ്രശ്നത്തില്‍ ഇടപെടാം. അത് കാര്‍ട്ടൂണിസ്റ്റുകള്‍ക്കും മിമിക്രിക്കാര്‍ക്കും വിഷയമാകുന്ന തരത്തിലാകാതെ സൂക്ഷിക്കേണ്ടുന്ന ഉത്തരവാദിത്വവും ഇടപെടുന്നവര്‍ക്കുണ്ട്. വാനപ്രസ്ഥനാകുമ്പോള്‍ മാത്രം വായിക്കേണ്ട പുസ്തകമല്ല തത്ത്വമസി. വായനാസമൂഹം ആ പുസ്തകത്തെ അങ്ങനെയാണ് സ്വീകരിക്കുന്നത്. ഒരു നടന്റെ പേരിലേക്ക് അത് ചേര്‍ത്ത് ചെറുതാക്കേണ്ടിയിരുന്നില്ല.
ഇത്തരം പ്രസ്താവനകള്‍ കേള്‍ക്കുമ്പോഴും വായിക്കാനിടവരുമ്പോഴുമാണ് സ്റ്റുവര്‍ട്ടിന്റെ വാക്കുകള്‍ ഓര്‍മ്മയില്‍ നിറയുന്നത്: പരസ്യം ചെയ്യാതെ ബിസിനസ് ചെയ്യുന്നത് ഒരു പെണ്‍കുട്ടിയെ ഇരുട്ടില്‍ നിന്ന് കണ്ണിറുക്കിക്കാണിക്കുന്നതുപോലെയാണ്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാം. പക്ഷേ, മറ്റാര്‍ക്കും അതറിയില്ല-(സ്റ്റുവര്‍ട്ട് ഹെന്ഡേഴ്സണ് ബ്രൈറ്റ്).സുകുമാര്‍ അഴീക്കോട് കേരളത്തിലെ മികച്ച പ്രാസംഗികനായതും വര്‍ഷങ്ങളുടെ സപര്യയിലൂടെയാണ്. പുനത്തില്‍ കുഞ്ഞബ്ദുള്ള വലിയ എഴുത്തുകാരനായതും വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെയാണ്.
വ്യക്തികളുടെ കഴിവും അധ്വാനവും പ്രശസ്തിക്ക് പിന്നിലുണ്ട്. എഴുത്തിനും പ്രസംഗത്തിനും അധ്യാപനത്തിനും പ്രതിഫലം വാങ്ങുന്നുണ്ടെങ്കില്‍ അഭിനയത്തിനും വാങ്ങാവുന്നതെയുള്ളൂ. അഴീക്കോട് മാഷുടെ പ്രസംഗം കേട്ടിട്ടാണ് കേരളത്തിന്റെ സാംസ്കാരികരംഗം മലിനപ്പെടുന്നതെന്നും പുനത്തിലിന്റെ എഴുത്ത് വായിച്ചിട്ടാണ് കേരളം അധോഗതിയിലേക്ക് വഴുതിവീഴുന്നതെന്നും ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ മറുപടി എന്താകും! തൊഴില്‍ ചെയ്യാനുള്ള ആരോഗ്യം അനുവദിക്കുന്ന കാലത്തോളം മമ്മൂട്ടിയും ലാലും അത് ചെയ്യട്ടെ. അശ്ലീലമെന്ന് തോന്നുവര്‍ കാണാതിരിക്കട്ടെ. അഴീക്കോട് മാഷക്ക് ഇതെന്തു പറ്റി!
ഒരു വ്യക്തിയെ കാലാതീതനാക്കുന്നത് അദ്ദേഹം എഴുതിയ പുസ്തകങ്ങളുടെ എണ്ണം നോക്കിയല്ല. ജീവിതത്തില്‍ ആ വ്യക്തി പുലര്‍ത്തിയ നീതിബോധവും നിലപാടുകളുമാണ്. അക്കാര്യം നന്നായി ബോധ്യമുള്ളതും അഴീക്കോട് മാഷക്കാണ്. വസ്തുതകള്‍ നന്നായി പഠിച്ചതിനു ശേഷം സംസാരിക്കുന്ന വ്യക്തിത്വമാണ് അഴീക്കോട് മാഷിന്റേത്. എങ്കിലും അടുത്തകാലത്ത് അദ്ദേഹം നടത്തുന്ന പല ഇടപെടലും വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള വെപ്രാളമാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല. തിലകനെപ്പോലുള്ള തലമുതിര്‍ന്ന നടനും മിതത്വം അനിവാര്യം. പ്രതികരണമില്ലാതിടത്ത് പരസ്യപ്രസ്താവന മാധ്യമ ശ്രദ്ധയില്‍ കവിഞ്ഞൊന്നുമല്ല.
കാനം സഖാവിന്റെ പ്രചോദനത്തില്‍ പ്രകോപിച്ചു രസിക്കട്ടെ. വാക്കിന് അച്ചടക്കമില്ലാത്തവരെ പട്ടാളത്തില്‍ ചേര്‍ത്താല്‍ നന്നാകുമെന്ന് പ്രേക്ഷകരും വായനക്കാരും ആഗ്രഹിച്ചുപോകുന്നു. ചലച്ചിത്രനടന്‍ ക്യാപ്റ്റന്‍ രാജു ധ്വനിപ്പിച്ചതും മറ്റൊന്നല്ല (മുഖാമുഖം). പ്രായമായവരുടെ കാര്യത്തില്‍ ഇത് സാധ്യമാണോ എന്നാണ് സംശയം!
പാട്ടിന്റെ കോട്ടക്കല്‍ പെരുമ
ഹൃദയത്തില്‍ പാട്ടിന്റെ കയ്യൊപ്പു പതിഞ്ഞ ഗായകനാണ് അബ്ദുറഹിമാന് കോട്ടക്കല്‍. മാപ്പിളപ്പാട്ട് നമുക്ക് ഏറെ പ്രതിഭകളെ തന്നു. പക്ഷേ, പാട്ട് പുതിയ ശൈലിയിലേക്ക് വഴിമാറിയതോടെ ഈ പ്രതിഭകളില്‍ പലരും വിസ്മൃതിയിലായി. അല്ലെങ്കില്‍ പലരും പുതിയ മാപ്പിളപ്പാട്ടിന് വിധേയരാകാത്തവരായി. പക്ഷേ, അബ്ദുറഹിമാന് കോട്ടക്കല്‍ അങ്ങനെയല്ല. മാപ്പിളപ്പാട്ടിന്റെ അരങ്ങിലും അണിയറയിലും മാത്രമല്ല, സിനിമയിലേക്കും കടന്നുചെല്ലാന്‍ ഒരുങ്ങിനില്ക്കുന്നു.
കെ. എം. സി. സി.യുടെയും മുസ്ലിംലീഗിന്റെയും സാംസ്കാരിക വേദികളിലും ആകാശവാണിയിലും ഗള്‍ഫുനാടുകളിലെ ഗാനസദസ്സുകളിലും അബ്ദുറഹിമാന്റെ പാട്ടുകള്‍ സഹൃദയ പ്രശംസ നേടിക്കഴിഞ്ഞു. ബഹ്റൈനിലെ പ്രിയഗായകരില്‍ ഒരാളാണ് ഇദ്ദേഹം. ദുബൈ, സഊദി അറേബ്യ തുടങ്ങി ഇതര സ്ഥലങ്ങളിലും നിരവധി വേദികളില്‍ അബ്ദുറഹിമാന് പാടിയിട്ടുണ്ട്. ഇപ്പോള്‍ സഊദിയിലാണ്.പാട്ടിന്റെ പിറകെ നടക്കുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടില്‍ കഴിയുന്ന പ്രവാസിയുടെ വേദനകളും ഈ പാട്ടുകാരന് പേറുന്നു. എല്ലാ പ്രതിബന്ധങ്ങളിലും തളരാതെ ദൈവത്തോട് പ്രാര്‍ത്ഥിച്ച് തനിക്ക് ലഭിച്ച ആലാപന വൈഭവം കാത്തുസൂക്ഷിക്കുന്നു. മാപ്പിളപ്പാട്ട് രചയിതാവുകൂടിയാണ് ഈ ഗായകന്. ആലാപനത്തിലും ഗാനരചനയില്‍ ഒട്ടേറെ പുരസ്കാരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.
അല്ലാഹു നീയല്ലാതാരുണ്ടെനിക്ക്... എന്ന പി. ടി. അബ്ദുറഹിമാന്റെ പ്രശസ്ത ഗാനം കെ. രാഘവന് മാസ്റ്ററുടെ സംഗീതത്തില്‍ കോഴിക്കോട് ആകാശവാണിക്കുവേണ്ടി പാടിയാണ് അബ്ദുറഹിമാന് മാപ്പിളപ്പാട്ട് രംഗത്തേക്ക് വരുന്നത്. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനായ ഈ പാട്ടുകാരന് കെ. എം. സി. സി.യും ഗള്‍ഫിലെ കലാസംഘടനകളും നല്കുന്ന സ്നേഹവും പ്രോത്സാഹനവും തനിക്ക് ലഭിച്ച സൗഭാഗ്യമാണെന്ന് പറയുന്നു. മൈലാഞ്ചി മലര്‍ക്കൈയും മധുവര്‍ണ്ണപ്പൂക്കളും കുഞ്ഞാലിമരയ്ക്കാറും മുസ്ലിം ലീഗിന്റെ നിരവധി ചരിത്രഗാനങ്ങളും മഹാന്മാരായ ലീഗ് നേതാക്കളെക്കുറിച്ചുള്ള ഗാനങ്ങളും അബ്ദുറഹിമാന്റെ ശബ്ദത്തില്‍ നിറയുന്നു. ജീവകാരുണ്യ പ്രവര്ത്തകന് കൂടിയായ അബ്ദുറഹിമാന് മാപ്പിളപ്പാട്ട് രംഗത്ത് പുതിയ സംഭാവനകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.
നമ്മളെപ്പോലുള്ളവന്റെ ജീവിതം തന്നെ പോക്കറ്റടിച്ചു പോയിട്ട് കാലം കൊറേയായി- ഹൃദയത്തില്‍ നിന്നും ഉയിര്‍ക്കൊള്ളുന്ന വാക്കുകള്‍ കൊണ്ട് പന്തലിച്ചു നില്ക്കുന്ന വടവൃക്ഷമാണ് കെ. ടി. ബാബുരാജിന്റെ കഥകള്‍. കഥയുടെ ഘടന തകര്‍ക്കുന്ന 28 രചനകളാണ് ബാബൂരാജിന്റെ ബിനാമി എന്ന കഥാസമാഹാരത്തിലുള്ളത്. കണ്‍നേര്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ് ബാബുരാജിന്റെ കഥകളുടെ പ്രമേയം. അവ ആറ്റിക്കുറുക്കി വായനക്കാരന്റെ മനസ്സില്‍ പതിപ്പിക്കാന്‍ കഥാകൃത്തിന്റെ ശൈലിക്ക് സാധിക്കുന്നു. കഥകളുടെ ദൈര്‍ഘ്യമല്ല, ജീവിതത്തിന്റെ ചൂടാണ് ബിനാമിയിലെ കഥകളെ ശ്രദ്ധേയമാക്കുന്നത്. ഈ പുസ്തകത്തിലെ കഥകളെ നമ്മുടെ ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ കഴിയില്ല. അവ നിത്യജീവിതത്തിന്റെ പാഠാവലികളാണ്-(പായല്‍ ബുക്സ്).
-നിബ്ബ്, ചന്ദ്രിക 28-02-2010
6 comments:
കുഞ്ഞിക്കണ്ണേട്ടാ,
ഈ തലക്കെട്ട് ഒഴിക്കാമായിരുന്നു.
പിന്നെ അഴീക്കോട് മാഷ് പറ്ഞ്ഞ്തില് എന്താ തെറ്റായിട്ടുള്ളത്.
താങ്കള്‍ പറഞ്ഞത് പോലെ മാഷിന്റെ ഇടക്കാലത്തെ ചില പ്രസംഗങ്ങളും ചിന്തകളും പഴയത് പോലെ തീയായി ആളുന്നില്ല എന്നുള്ലത് സത്യം തന്നെ. പക്ഷേ മാഷ് തിലകന് സംഭവത്തില്‍ പറഞ്ഞതിനഒട് അത്രയ്ക്ക് നീരസം വേണോ..?
ഇവിടെ മധ്യസ്ഥൻ ഒരുവിഭാഗത്തെ കുറ്റപറഞ്ഞാണ് അതിനു വന്നത് അതായിരുന്നു ഏറ്റവും വലിയം പാപ്പരത്വം. അവർ പരസ്പരം അഛനേയും അച്ചന്റെ അഛനേയും പറയുമ്പോൽ ചിരിക്കുകയല്ലാതെ എന്ത് ചെയ്യും, പകരക്കാർ വരുമ്പോൽ മമ്മൂട്ടിയും ലാലും സ്വമേധയാ മാറിക്കൊള്ളും അതിന് ഒരു പ്രഫസറുടെ മധ്യസ്ഥത വേണോ??
വാക്ക് കസർത്ത് കാട്ടീ മാക്ഷ് t.v ചാനലിൽ നിറജു നിൽക്കട്ട അതു ന്നമ്മുക്ക് സഹിക്കാo പട്ടാത്തെ കുടീ നശിപ്പിക്കൻ നൊക്കന്നൊ,,,,,,,,,
സ്നേഹിതരുടെ പ്രതികരണം വായിച്ചു. റ്റോംസിന്റെ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധിച്ചു. അഴീക്കോട് മാഷെ തെറ്റുകാരനെന്ന് പറഞ്ഞില്ല. മാഷ് ഇത്ര ചെറുതാകേണ്ടിയിരുന്നില്ല എന്നേ അര്‍ത്ഥമാക്കിയുള്ളൂ. തലവാചകം കൊടുത്തത് വായനയിലെത്തിക്കാനുള്ള പത്രക്കാരുടെ തന്ത്രത്തിന്റെ ഭാഗം മാത്രമാണ്. നന്ദി.
സ്നേഹിതരുടെ പ്രതികരണം വായിച്ചു. റ്റോംസിന്റെ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധിച്ചു. അഴീക്കോട് മാഷെ തെറ്റുകാരനെന്ന് പറഞ്ഞില്ല. മാഷ് ഇത്ര ചെറുതാകേണ്ടിയിരുന്നില്ല എന്നേ അര്‍ത്ഥമാക്കിയുള്ളൂ. തലവാചകം കൊടുത്തത് വായനയിലെത്തിക്കാനുള്ള പത്രക്കാരുടെ തന്ത്രത്തിന്റെ ഭാഗം മാത്രമാണ്. നന്ദി.
അഴീക്കോട് മാഷെ പോലുള്ള സാംസ്കാരികനായകന്മാര്ക്ക് പ്രശ്നത്തില്‍ ഇടപെടാം. അത് കാര്‍ട്ടൂണിസ്റ്റുകള്‍ക്കും മിമിക്രിക്കാര്‍ക്കും വിഷയമാകുന്ന തരത്തിലാകാതെ സൂക്ഷിക്കേണ്ടുന്ന ഉത്തരവാദിത്വവും ഇടപെടുന്നവര്‍ക്കുണ്ട്
അഴീക്കോട് അടുത്ത കാലത്തായ് ഇരക്ക് വേണ്ടിയുള്ള വേട്ടക്കാരനായതാണു വിനയായത് ........
Post a Comment