റസൂല്‍ പൂക്കുട്ടിയെ ആഘോഷിക്കുകയാണ് മാധ്യമങ്ങള്‍. ഓസ്കാര്‍ ലഭിക്കുന്നതുവരെയും ഇവിടെ മാധ്യമങ്ങളും സിനിമയും ശബ്ദലേഖനവും പൂക്കുട്ടിയും ജീവിച്ചിരുന്നതായി ആരും ഓര്‍ത്തിരുന്നില്ലേ? പുരസ്കാരം ലഭിച്ചാലേ വ്യക്തിയുടെ, കലാകാരന്റെ കഴിവുകളെ നാം അംഗീകരിക്കൂ എന്നതിന് മികച്ച ഉദാഹരണമാണ് റസൂല്‍ പൂക്കുട്ടി.
മലയാളികള്‍ എ. ആര്. റഹ്മാന്റെ സര്‍ഗാത്മ തിരിച്ചറിയാന്‍ സായിപ്പിന്റെ അംഗീകാരം വരെ കാത്തിരുന്നു. സ്ലംഡോഗിലൂടെ ഓസ്ക്കാര്‍ കിട്ടുന്നതുവരെ റസുല്‍പൂക്കുട്ടിയുടെ ശബ്ദമിത്രണ വൈഭവം തിരിച്ചറിയാനും. ഓസ്കാര്‍ അവാര്‍ഡുകള്‍ ഇന്ത്യയിലെത്തിച്ചതിനും മലയാളിയായ പൂക്കുട്ടി അതില്‍ മുഖ്യസാന്നിദ്ധ്യമായതിലും നമുക്ക് അഭിമാനിക്കാം. പക്ഷേ, ഇത്തരം പുരസ്കാരങ്ങള്‍ കൈവന്നില്ലെങ്കിലും ഈ കലാകാരന്മാരുടെ പ്രവര്‍ത്തനം രണ്ടാം സ്ഥാനത്തല്ല; ഒന്നാം സ്ഥാനത്തുതന്നെയാണ്. പിന്നെ എന്തുകൊണ്ട് അത് നാം അംഗീകരിക്കാന്‍ മടിച്ചു. ഓരോ ഇന്ത്യക്കാരനും സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. ഇവര്‍ മാത്രമല്ല, അവരവരുടെ മാധ്യമങ്ങള്‍ക്കുവേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന നിരവധി വ്യക്തികള്‍ ഇന്ത്യാ രാജ്യത്തുണ്ട്; ഭൂമിമലയാളത്തിലും. അവര്‍ക്ക് സ്വന്തം ദേശങ്ങളിലെങ്കിലും അംഗീകാരം നല്കേണ്ടതില്ലേ? സായിപ്പ് പറഞ്ഞാലേ എന്തും ശരിയാകൂ എന്ന ചിന്താഗതി മാറ്റേണ്ട കാലമായില്ലേ?
തിലകന് വിവാദം
മലയാളസിനിമ അഞ്ചെട്ടു വര്‍ഷമായി പുകഞ്ഞു കൊണ്ടിരിക്കുന്നു. സാമ്പത്തികകാര്യത്തിലല്ല. ചിത്രങ്ങള്‍ പുറത്തിറങ്ങാത്തതിന്റെ പേരിലല്ല. പിന്നെ സംഘടനകളുടെ കാര്യത്തില്‍. ലോകത്ത് സംഘടനകള്‍ പൊളിഞ്ഞു കൊണ്ടിരിക്കുന്ന കാലമാണ്. ഏത് സംഘടനയുടെയും നിലനില്പ് അത് നിര്‍വ്വഹിക്കുന്ന പ്രവര്‍ത്തനങ്ങളും സമൂഹത്തിന്റെ വിശ്വാസ്യതയും അനുസരിച്ചാണ്. ചരിത്രം പഠിപ്പിക്കുന്നതും മറ്റൊന്നല്ല. കഴിവുറ്റ നടന്മാരില് ഒരാളാണ് തിലകന്. അദ്ദേഹത്തിനു മാത്രം ചെയ്തു ഫലിപ്പിക്കാവുന്ന നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയമികവ് പ്രതിഫലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെയോ, അതിനേക്കാള്‍ മികച്ചതോ ആയ അഭിനേതാക്കളും ഉണ്ട്. മലയാളസിനിമയിലെ വിവാദങ്ങള്‍ അടുത്തകാലത്ത് തികലനുമായി ചേര്‍ത്താണ് പുറത്തുവരുന്നത്.
ഈ വിവാദങ്ങളിലെല്ലാം തിലകന് ഇടപെടുന്നുണ്ടോ ഇല്ലയോ എന്നത് അദ്ദേഹത്തിനു മാത്രം അറിയുന്ന കാര്യം. ഒരു സിനിമയില്‍ തിലകന് കരാര്‍ ചെയ്ത റോള്‍ നല്‍കിയില്ല എന്നതാണ് പുതിയ വിവാദത്തിന് തുടക്കം. സിനിമ കൂട്ടായ കലാപ്രവര്‍ത്തനമാണ്. പല സ്വഭാവത്തിലും താല്പര്യത്തിലും പ്രവര്‍ത്തിക്കുന്നവരുണ്ടാകാം. അവരെയെല്ലാം കോര്‍ത്തിണക്കുക എന്നതാണ് സിനിമ പോലുള്ള ഒരു കലാ മേഖലയുടെ ഏറ്റവും വലിയ യത്നം. വ്യക്തിപിണക്കങ്ങളും ആരോപണങ്ങളും പര്‍വ്വതീകരിച്ചാല്‍ വാര്‍ത്താപ്രാധാന്യം നേടാം. പ്രത്യേകിച്ചും ഇരുപത്തിനാലു മണിക്കൂറും വാര്‍ത്താചാനലുകള്‍ സജീവമായ കാലഘട്ടത്തില്‍. ഇങ്ങനെ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ കലാകാരന്മാര്ക്കിടയില് അനിവാര്യമാകേണ്ട ഐക്യം തിരിച്ചു കിട്ടണമെന്നില്ല. പിണക്കം എപ്പോള്‍ വേണമെങ്കിലും പരിഹരിക്കപ്പെടാം.
ഒരു കലാകാരനെ, അദ്ദേഹത്തിന് നല്കിയ വേഷത്തില്‍ നിന്നും നടനവൈദഗ്ധ്യത്തിന്റെ പേരിലല്ലാതെ നീക്കം ചെയ്യാന്‍ പാടില്ല. അല്ലെങ്കില്‍ തക്കതായ കാരണം അദ്ദേഹത്തെ അറിയിക്കണം. ആ മര്യാദ കരാറുകാര്‍ പാലിച്ചിരിക്കണം. ആരൊക്കെ തന്റെ സിനിമയില്‍ വേണമെന്ന് തീരുമാനിക്കുന്നത് സംവിധായകനാണ്. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരെ സംവിധായകന് തീരുമാനിക്കുന്നു. സിനിമ സംവിധായകന്റെ കലയാണ്. പൊതുസമൂഹത്തില്‍ നിന്നും അന്യമാകുന്ന ചിലര്‍ കയറിക്കൂടാനുള്ള ഇടമായി മലയാളസിനിമാരംഗത്തെ കാണാന്‍ തുടങ്ങിയിരിക്കുന്നു. സംഘടനകളുടെ ബലത്തില്‍ ബലപ്രയോഗം നടത്താനുള്ള ശ്രമമാണ് ഇതില്‍ ചിലര്‍ തുടങ്ങിയത്. അടുത്തകാലത്തിത് ശക്തമായിട്ടുണ്ട്. പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിച്ചാല്‍ ഒരു കലാസംഘടനയും നിലനില്‍ക്കില്ല. കേരളത്തില്‍ പല നാടകസംഘങ്ങളും പൊളിഞ്ഞ കഥ ഇവര്‍ക്ക് അറിയാത്തതല്ല, പക്ഷേ പുര കത്തിയാലും വേണ്ടത് ഞാനെടുക്കും എന്നു തീരുമാനിച്ചിറങ്ങുന്നവര്‍ക്ക് മലയാളസിനിമയോടോ, തിലകനോടോ, മറ്റേതെങ്കിലും അഭിനേതാക്കളോടോ ഉത്തരവാദിത്വമുണ്ടാകണമെന്നില്ല.
സിനിമാരംഗത്തെ സൗഹൃദച്ചോര്‍ച്ച പരിഹരിക്കേണ്ടത് ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാകുന്നതാണ് നല്ലത്. ഉള്ളതിനെ നശിപ്പിക്കാന്‍ എളുപ്പമാണ്. കെട്ടിപ്പടുക്കാന്‍ എളുപ്പമല്ല, അത് സിനിമയായാലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞകാല അനുഭവങ്ങളില്‍ നിന്നും മലയാളി ഇനിയും പഠിക്കാത്ത പാഠമാണിത്.
പി.ടി. അബ്ദുറഹിമാന്
ജീവിതത്തിന്റെ കുട്ടിക്കാലത്തേക്ക് നടന്നുപോകുന്നതില്‍ സന്തോഷം കണ്ടെത്തിയ എഴുത്തുകാരനായിരുന്നു പി.ടി. അദ്ദേഹത്തിന്റെ പിന്നോട്ടു നടത്തം പുതിയൊരു നിധിയുമായി മുന്നോട്ടു തിരിച്ചെത്തുവാനായിരുന്നു. പി.ടി. രചിച്ച കവിതകളും ഗാനങ്ങളും ഓര്‍മ്മപ്പെരുക്കത്തിന്റെ ഇമ്പം കൊണ്ട് വായനക്കാരില്‍ വിസ്മയം സൃഷ്ടിച്ചു. പി. ടി. മനംനോക്കി എഴുതിക്കൊണ്ടിരുന്നു. അവയുടെ അറ്റങ്ങളില്‍ വിയര്‍പ്പിനോടൊപ്പം രക്തവും പൊടിഞ്ഞു. മലയാളകവിതയില്‍ വ്യത്യസ്തമായൊരു ഭാവുകത്വത്തിന്റെ ഉടമ.
കടം വീട്ടുന്ന കവിത
ജീവിതനദി തുഴഞ്ഞുപോകുന്നൊരാളുടെ നിതാന്ത സാന്നിദ്ധ്യം ഹക്കീം വെളിയത്തിന്റെ കവിതകളിലുണ്ട്. എരിഞ്ഞൊടുങ്ങിയ പകലുകളില്‍ നിന്നും വെളിച്ചം പെയ്യാത്ത രാവുകളില്‍ നിന്നും കോരിയെടുത്ത അനുഭവലോകമാണ് ഹക്കീമിന്റെ വേദനയുടെ നോട്ടുപുസ്തകം. കാലം എത്ര കടന്നുപോയാലും കറുത്തിരുണ്ടുപോകാത്ത കാഴ്ചകളുടെ ദീപ്തി ഈ പുസ്തകത്തില്‍ പതിഞ്ഞുനില്‍പ്പുണ്ട്. നാല്പതു കവിതകളാണ് വേദനയുടെ നോട്ടുപുസ്തകം. അവ മണ്ണും മാനവും തൊടുന്നു. സ്നേഹത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും നീരൊഴുക്കാണ് ഈ കവിതകളുടെ അടിസ്ഥാനധാര. അവതാരികയില്‍ എം. എന്‍. വിജയന്: ചവിട്ടിയരക്കപ്പെട്ടവന്റെയും എരിഞ്ഞുതീരുന്നവന്റെയും നൊമ്പരം കൊണ്ടാണ് ഈ കവി ചരിത്രത്തെ അളക്കുന്നത്. അബൂഗുറൈബിലെ ചോരപ്പൂക്കളും, ബുദ്ധന്റെ ബോധക്കേടും- ഈ ബോധം വിളിച്ചു പറയും. മുഞ്ഞിനാട് പത്മകുമാറിന്റെ പഠനം.- (ചിദംബരം ബുക്സ്)- നിബ്ബ്, ചന്ദ്രിക 14-2-2010.
4 comments:
തിലകൻ പ്രശ്നം എത്രയും പെട്ടെന്ന് തീർക്കൻ ശ്രമമുണ്ടാകണം, പക്ഷെ ആർക്കും താല്പര്യമില്ലാത്തത് പൊലെ തോന്നുന്നു. പല നല്ല നടന്മാരും എഴുത്തുകാരും മരണത്തോടെ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജീവിക്കുന്ന നടന്മാരേയും നാം ഇങ്ങനെ നഷ്ടപ്പെടുത്തണോ??? പി.ടി യെ കുറിച്ച് വളരേ കുറച്ചേ എഴുതികണ്ടുള്ളൂ, അതൊരു കുറവായി പറയട്ടെ!! ആദ്ദേഹത്തിന്റെ ഓത്ത് പള്ളിലന്ന് നമ്മൾ ഓതിടുന്ന കാലം..ഓർത്ത് കണ്ണീർ വാർത്തു നിൽക്കയാണ് നീല മേഘം....അങ്ങിനെ പോവുന്നു.
ഓസ്കാറില്ലെങ്കിൽ ഒരു പട്ടിയും തിരിഞ്ഞു നോക്കില്ല....(അച്ചുമാമ കേൾക്കണ്ട്...അയാളുടെ ഡയലോഗാ)
വിദേശികള്‍ അംഗീകരിക്കത്തത് അംഗീകരിക്കാന്‍ നാം അത്ര വിഡ്ഡികളാണോ സര്? മനുഷ്യ ദൈവങ്ങള്‍ വരെ ന്അംഗീകാരത്തിനായി രണ്ടു വിദേശികളെയെങ്കിലും മുറ്റം അടിച്ചുവാരാന്‍ നിര്‍ത്തുന്നതു കണ്ടിട്ടില്ലേ?
മൂന്നു പോസ്റ്റുകളും നന്നായിരിക്കുന്നു. സജീവതയുള്ള പ്രതികരണം. ആള് ദൈവത്തിന്റെ അംഗീകാരവും സിനിമാക്കാരുടെ നിസ്സംഗതയും ചര്‍ച്ച ചെയ്യേണ്ടത് തന്നെ. പിന്നെ പി. ടി. യെക്കുറിച്ച് കുറച്ച് വായിക്കാനും കേള്‍ക്കാനും നാമൊക്കെ ആഗ്രഹിക്കുന്ന കാലമല്ലേ. അതിനാല്‍ പി. ടി. പലരുടെയും ഓര്മ്മയിലെത്തിക്കാനുള്ള ഒരു കുറിപ്പ് മാത്രം. നന്ദി.
Post a Comment