മലയാളിയുടെ കണ്ണിലും കാതിലും നിറഞ്ഞ രണ്ടു പ്രതിഭകളായിരുന്നു കൊച്ചിന്‍ ഹനീഫയും ഗിരീഷ് പുത്തഞ്ചേരിയും. രണ്ടുപേരും എഴുത്തിന്റെ തട്ടകത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. ഹനീഫ തിരക്കഥയെഴുതിയും ഗിരീഷ് പാട്ടെഴുതിയും സിനിമയില്‍ ഇടം നേടി. തിരക്കഥാകൃത്ത്, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ഹനീഫ അടയാളപ്പെട്ടു. ഗിരീഷ് ഗാനരചയിതാവ്, കവി, തിരക്കഥാകൃത്ത്, കഥാകൃത്ത് എന്നീ നിലകളിലും.
കൊച്ചിന്‍ ഹനീഫ ഏറെയും ഹാസ്യത്തിന് മുന്‍തൂക്കം കൊടുക്കുന്ന വേഷങ്ങളിലായിരുന്നു. അദ്ദേഹം മറ്റ് കഥാപാത്രങ്ങളായി തിരശ്ശീലയില്‍ നിറഞ്ഞപ്പോഴും പ്രേക്ഷകര്‍ ചിരിച്ചുകൊണ്ടാണ് എതിരേറ്റത്. കാരണം ഹാസ്യമെന്നത് ഈ നടന്റെ കരിയറില്‍ ചേര്‍ത്തുവെച്ചു. ഗൗരവമുള്ള കഥാപാത്രങ്ങളിലും വില്ലന്‍വേഷങ്ങളിലും ഹനീഫ ചടുലത സൃഷ്‌ടിച്ചിട്ടുണ്ട്. സംവിധായകനായ ഹനീഫ ചിത്രത്തിലെ നായകന്മാരെയോ, ഇതര പ്രവര്‍ത്തകരെയോ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന് അദ്ദേഹത്തിന്റെ മലയാളം, തമിഴ് ചിത്രങ്ങള്‍ വിളിച്ചുപറയുന്നു. കാരണം ഹനീഫ നടനാണ്. നടനെ ഒളിച്ചുവയ്‌ക്കാന്‍ കൊച്ചിന്‍ ഹനീഫയ്‌ക്ക് സാധിക്കില്ല. അഭിനയത്തെ മനസ്സില്‍ ചേര്‍ത്തുപിടിച്ച വ്യക്തിയായിരുന്നു ഹനീഫ.ചിരിക്കുന്ന ഹനീഫയെ, അല്ലെങ്കില്‍ ചിരിപ്പിക്കുന്ന ഹനീഫയെയാണ് വെള്ളിത്തിരയില്‍ കാണാന്‍ സാധിച്ചത്.
ഹനീഫയെ നേരില്‍ കാണുമ്പോള്‍ അദ്ദേഹം ഏത് തരക്കാരനായിരിക്കും? ഇങ്ങനെയൊരു ചോദ്യം അലട്ടിക്കൊണ്ടിരുന്ന ഒരു കാലത്തായിരുന്നു കൊച്ചിന്‍ ഹനീഫയെ കാണാന്‍ സാധിച്ചത്. അദ്ദേഹം തലശ്ശേരിയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടയില്‍ കോഴിക്കോട്ട് ചന്ദ്രികയില്‍ വന്നു. അദ്ദേഹത്തിന്റെ സുഹൃത്തും പീരിയോഡിക്കല്‍സ് എഡിറ്ററുമായ നവാസ് പൂനൂരിനെ കാണാന്‍ വേണ്ടിയായിരുന്നു സന്ദര്‍ശനം. ചന്ദ്രികയുടെ ഗേറ്റു കടന്നു ഹനീഫ വരുമ്പോഴേ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. കറുത്ത ഷര്‍ട്ടും പാന്റും ധരിച്ച ഗൗരവക്കാരനായ ഒരു മനുഷ്യന്‍. വാക്കുകള്‍ പിശുക്കി ഉപയോഗിക്കുന്ന പ്രകൃതം. അദ്ദേഹം തിരിച്ചുപോകുന്നതുവരെയും മുഖത്തെ ഭാവത്തില്‍ വ്യത്യാസം വരുത്തിയില്ല. എല്ലാവര്‍ക്കും മുഖംകൊടുത്തും കുറച്ചുവാക്കുകള്‍ പങ്കുവെച്ചും ഹനീഫ തിരിച്ചുപോയി.
ഹനീഫ അഭിനയിച്ച സീനുകള്‍ ഓരോന്നായി മനസ്സിലൂടെ കടന്നുപോയി. വാക്കുകള്‍ ശുഷ്‌കമായി ഉപയോഗിക്കുമ്പോഴും ഗൗരവം നടിക്കുമ്പോഴും ഹനീഫ മനസ്സില്‍ നന്നായി ചിരിക്കുന്നുണ്ടാകണം. ടിക്കറ്റില്ലാതെ പഹന്മാരെ ഞാന്‍ ചിരിപ്പിക്കില്ലെന്നോര്‍ത്ത്. നന്മയുടെ ഭാഗമായി നിന്നുകൊണ്ട് ജീവിതാവസാനം വരെ സിനിമാലോകത്ത് നില്‍ക്കുക എന്നത് ഭഗീരഥപ്രയത്‌നമായ കാലത്തും ഹനീഫക്ക് കുലുക്കമുണ്ടായില്ല. കര്‍മ്മത്തിലും സ്വഭാവത്തിലും മാറ്റമില്ലാതെ ഹനീഫ ജീവിച്ചു.
ഗിരീഷിന് പാട്ടും പാട്ടെഴുത്തും ഉന്മാദമായിരുന്നു. ആത്മാര്‍പ്പണം. ഗിരീഷ് വാക്കുകളെ നക്ഷത്രങ്ങളെപ്പോലെ സ്‌നേഹിച്ചിരുന്നു. അവയ്‌ക്ക് ആടയാഭരണങ്ങളൊരുക്കാന്‍ എത്ര സമയവും അദ്ദേഹം നീക്കിവെച്ചു. ഗിരീഷിന്റെ മനസ്സില്‍ വാക്കുകള്‍ പൂത്ത്, മൊട്ടുകളായി വിരിഞ്ഞ് ഫലങ്ങളായി മാറിക്കൊണ്ടിരുന്നു. വിരാമമില്ലാതെ. ഗംഗാപ്രവാഹമായി. പല രാവറുതിയിലും ഗിരീഷിന്റെ മനസ്സിലും കണ്ണിലും സൂര്യകിരീടങ്ങള്‍ വീണുടഞ്ഞു.ശബ്‌ദതാരാവലിയാണ് എന്റെ നിധി എന്ന് അഭിമാനിച്ച മലയാളത്തിലെ ഏക ഗാനരചയിതാവായിരുന്നു ഗിരീഷ് പുത്തഞ്ചേരി.
ഭാഷാവബോധമാണ് ഈ എഴുത്തുകാരന്റെ കരുത്ത്. പാട്ടെഴുതുന്ന ഗിരീഷിനു മുമ്പില്‍ കവിതയും തിരക്കഥയും പതുങ്ങിനിന്നുകൊണ്ടിരുന്നു. അവ മുന്നിലേക്ക് വന്ന സന്ദര്‍ഭങ്ങളിലെല്ലാം മലയാളത്തിന് കനപ്പെട്ട കവിതയും തിരക്കഥയും ലഭിച്ചിട്ടുണ്ട്.സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും സജ്ജമായ ജന്മമായിരുന്നു ഗിരീഷിന്റേത്. ഗുരുനാഥന്മാരെയും സഹപ്രവര്‍ത്തകരെയും സ്‌നേഹിതരെയും ഒരുപോലെ ഗിരീഷ് നെഞ്ചേറ്റിയിരുന്നു.
ഗിരീഷിന്റെ സുഹൃത്ത് വലയത്തില്‍ എത്തിപ്പെട്ടത്. സമാന്തര കോളജ് അദ്ധ്യാപകനായി വടകരയില്‍ ജോലി ചെയ്‌തുകൊണ്ടിരുന്നപ്പോഴാണ്. ഒരിക്കല്‍ ഞാന്‍ ജോലി ചെയ്യുന്ന കോളജില്‍ പ്രശസ്‌ത കഥാകൃത്തും അദ്ധ്യാപകനുമായ വി. ആര്‍. സുധീഷിനോടൊപ്പം ഗിരീഷ് വന്നു. സുധീഷും അന്ന് ആ കോളജില്‍ ജോലി ചെയ്യുന്ന കാലം. പല എഴുത്തുകാരും വടകര വന്നാല്‍ കോളജിലെത്തി സുധീഷിനെ കാണാറുണ്ട്. ആ നിരയില്‍ ഗിരീഷും ഒരു ദിവസം എത്തി. അദ്ദേഹം ഗാനരചയിതാവായ സാഹചര്യം വിവരിച്ചു. അക്കാലത്ത് ഏറെ പ്രശസ്‌തി നേടിയ ദേവാസുരം എന്ന ചിത്രത്തിലെ സൂര്യകിരീടം വീണുടഞ്ഞു.... എന്ന ഗാനം രചിച്ച സാഹചര്യമൊക്കെ ഗിരീഷ് വിദ്യാര്‍ത്ഥികളോട് പങ്കുവച്ചു. കുറെ പാട്ടുകളും പാടി. അന്നുമുതല്‍ ഗിരീഷ് ഞങ്ങളുടെയെല്ലാം കൂട്ടുകാരില്‍ ഒരാളായി.
പിന്നീട് പത്രരംഗത്തെത്തിയപ്പോള്‍ പല കാര്യത്തിനും ഗിരീഷിനെ വിളിക്കാനും സംസാരിക്കാനും സ്വകാര്യവേദനകള്‍ പങ്കുവയ്‌ക്കാനും കഴിഞ്ഞിട്ടുണ്ട്.നാലഞ്ച് വര്‍ഷത്തിനുമുമ്പ് യേശുദാസിനെക്കുറിച്ച് ഒരു പുസ്‌തകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അതേപ്പറ്റി ഞാന്‍ ആദ്യം സംസാരിച്ചവരില്‍ ഒരാള്‍ ഗിരീഷായിരുന്നു. അന്ന് പല നിര്‍ദ്ദേശങ്ങളും എനിക്ക് നല്‍കി. പലരുടെയും ഫോണ്‍ നമ്പരും തന്നു. വയലാര്‍ ശരത്‌ച്ചന്ദ്ര വര്‍മ്മ ഉള്‍പ്പെടെയുള്ളവരെ ഗിരീഷിന്റെ വീട്ടില്‍ നിന്നും വിളിച്ച് ലേഖനത്തിനുള്ള ഏര്‍പ്പാട് ചെയ്‌തു. കൂടാതെ ഹിന്ദി സിനിമാ സംഗീതലോകത്തെ ചില വ്യക്തികളെ പരിചയപ്പെടുത്തിത്തരാനും ശ്രമിച്ചു.
ചില ദിവസങ്ങളില്‍ കാലത്ത് ഭക്ഷണം കാരപ്പറമ്പിലെ തുളസീദളത്തില്‍ നിന്നായിരുന്നു. ടൗണില്‍ നിന്നും ഏറെ അകലെയുള്ള ഗ്രാമത്തില്‍ നിന്നും ഗിരീഷിനെ കാണാനെത്തുമ്പോള്‍ എനിക്കു വേണ്ടി ചായയും പലഹാരവുമായി ഗിരീഷ് തുളസീദളത്തിലുണ്ടാവും. അരികിലൊരു വെറ്റിലത്താമ്പാളവും. വെറ്റില മുറുക്ക് ഗിരീഷിന് ഹരമായിരുന്നു. അല്ലെങ്കില്‍ ജീവിതത്തിന്റെ അഭിവാജ്യഘടകമായിരുന്നു.ഇടയ്‌ക്കൊരു പിണക്കവും.
കടലുപോലെ സ്‌നേഹം നിറഞ്ഞ മനസ്സില്‍ ചിലപ്പോള്‍ പിണക്കത്തിന്റെ കാര്‍മേഘം ഒളിച്ചുകളിക്കാറുണ്ട്. അക്കാര്യം ഗിരീഷ് തന്നെ പറഞ്ഞിട്ടുണ്ട്. വടക്കുംനാഥന്‍ എന്ന ഗിരീഷിന്റെ തിരക്കഥ പുസ്‌തകമാക്കാന്‍ വേണ്ടി കോഴിക്കോട്ടെ ഒരു പ്രസാധക സുഹൃത്ത് ഗിരീഷിനോട് ചോദിക്കാന്‍ ആവശ്യപ്പെട്ട പ്രകാരം ഞാന്‍ സൂചിപ്പിച്ചു. എന്റെ മറ്റൊരു സ്‌നേഹിതന്‍ അത് പുസ്‌തകമാക്കുന്ന കാര്യം അറിയില്ലായിരുന്നു. പ്രസാധകര്‍ക്കിടയിലെ ക്ലിക്കുകളില്‍ ഞാന്‍ അകപ്പെട്ടത് അറിഞ്ഞുകൊണ്ടായിരുന്നില്ല. എന്റെ നിരപരാധിത്വം ഗിരീഷിനോടും വടക്കുനാഥന്റെ തിരക്കഥ പുസ്‌തകമാക്കിയ സ്‌നേഹിതനോടും തുറന്നുപറഞ്ഞപ്പോള്‍ ആ പിണക്കം മാറിക്കിട്ടി. അതോടെ ഒരു തീരുമാനവും എടുത്തു.
ജീവിതത്തില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ ഇനി ഇടപെടില്ലെന്ന്. ഒരു സൗഹൃദം നഷ്‌ടപ്പെടുമ്പോള്‍ ജന്മസുകൃതമാണ് നഷ്‌ടമാകുക. ഗിരീഷ് ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിരുന്നു. അനുഭവങ്ങളുടെ പാഠപുസ്‌തകമായി മനസ്സില്‍ നിറയുന്ന രണ്ടുമുഖങ്ങള്‍. അവര്‍ അടയാളപ്പെടുത്തിയ സ്‌നേഹത്തിന്റെ, പ്രതിഭാ ജാഗരൂകതയുടെ ദീപ്‌തി മങ്ങുന്നില്ല.
4 comments:
nalla kure ormakal
രണ്ട് പേർക്കും ആദരാഞ്ജലികൾ അർപ്പിക്കട്ടെ
iniyum vitu maraatha vedanakal....
Oormakalkku nandhi Kunjikkannan.
Post a Comment