Thursday, December 30, 2010
ഒലിവര്‍ അസായസ് അഭ്രപാളിയില്‍ ഓര്‍മ്മപ്പെടുത്തുന്നത്
ഫ്രഞ്ച് സംവിധായകരില്‍ വ്യത്യസ്‌ത ക്യാമറക്കാഴ്‌ചയാണ് ഒലിവര്‍ അസായസ്. അദ്ദേഹത്തിന്റെ ചലച്ചിത്ര സമീപനത്തെപ്പറ്റി...
സംവിധായകനും തിരക്കഥാകൃത്തുമായ ഒലിവര്‍ അസായസ് ഫ്രഞ്ച് നവസിനിമയിലെ ഏറ്റവും കരുത്തുറ്റ പ്രതിഭയാണ്. നവതരംഗത്തിന്റെ പിന്തുടര്‍ച്ചയെ പ്രതിനിധീകരിക്കുന്ന ഒലിവര്‍ അസായസ് സിനിമയെ അഴിച്ചുപണിയുന്ന പരിഷ്‌ക്കരണവാദിയായിട്ടാണ് അറിയപ്പെടുന്നത്. ഫ്രഞ്ച് സിനിമ പലകാലഘട്ടത്തില്‍ നേരിട്ട ശൂന്യതയെ അതിവര്‍ത്തിച്ച നവതരംഗം പ്രമേയ സ്വീകരണത്തിലും ആവിഷ്‌ക്കാരത്തിലും കൈവരിച്ച നേട്ടങ്ങള്‍ തൊണ്ണൂറുകളില്‍ ശക്തമായ സാന്നിധ്യമായിരുന്നു. പുതിയ കാലത്തിന്റെ ക്യാമറക്കണ്ണായി ചലച്ചിത്രത്തെ മാറ്റുന്നതില്‍, പരീക്ഷണാര്‍ത്ഥത്തില്‍ തന്നെ കഠിനാദ്ധ്വാനം നടത്തിയവരില്‍ ഒലിവര്‍ അസായസിന്റെ പങ്ക് വലുതാണ്.
ഓരോ ഫ്രഞ്ചുകാരനിലും സിനിമയുണ്ട്. അല്ലെങ്കില്‍ ഓരോ ഫ്രഞ്ച് സിനിമയും ഫ്രഞ്ചുകാരന്റെ ഭിന്നരൂപങ്ങളെ അടയാളപ്പെടുത്തുന്ന ചരിത്ര പുസ്‌തകമാണ്. ഫ്രഞ്ച് എന്ന സംജ്ഞയുടെ സാമൂഹികവും സര്‍ഗാത്മകവും സാംസ്‌കാരികവും സൗന്ദര്യശാസ്‌ത്രപരവുമായ അനേകം ഇടങ്ങളെ അസായസ് വെളിപ്പെടുത്തുന്നുണ്ട്. ഫ്രഞ്ചുകാരുടെ ദൃശ്യബോധവും ദൈനംദിന ജീവിതവ്യവഹാരങ്ങളും സ്വപ്‌നങ്ങളും അദ്ദേഹത്തിന്റെ സിനിമ അതിന്റെ വിപുലമായ ക്യാന്‍വാസില്‍ വരച്ചുവെച്ചു.
ഫ്രഞ്ച് നവതരംഗത്തിനു ശേഷം പുതിയൊരു തരംഗമായി മാറിയ സംവിധായകരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു ഒലിവര്‍ അസായസ്. സിനിമയെ വൈദ്യുതചാലകമാക്കുകയായിരുന്ന ഈ സംവിധായകന്‍ ചലച്ചിത്രത്തിന്റെ ജനകീയ സംസ്‌കാരം വീണ്ടെടുക്കുകയായിരുന്നു. ഫ്രഞ്ച് ചലച്ചിത്രം പരമ്പരാഗതമായി കാത്തുസൂക്ഷിക്കുന്ന പല രീതികളും അട്ടിമറിക്കുയായിരുന്നു അസായസ്. അദ്ദേഹത്തിന്റെ `ഇര്‍മ വെപ്പ്' എന്ന ചിത്രം ചലച്ചിത്രത്തിന്റെ സാങ്കേതികവും ഘടനാപരവുമായ തലങ്ങളെക്കുറിച്ചുള്ള തീക്ഷ്‌ണമായ ആവിഷ്‌ക്കാരമാണ്. ലെസ്‌വാമ്പര്‍ എന്ന നിശബ്‌ദ സിനിമ പുനര്‍നിര്‍മ്മിക്കാന്‍ തായാറെടുക്കുകയാണ് വൃദ്ധനായ റെനെ വിദാല്‍. അദ്ദേഹം ഹോങ്കോങ്ക് നടി മാഗീ ച്യുങ്ങിനെയാണ് ഈ സിനിമയില്‍ നായികയാക്കുന്നത്. മാഗീ ച്യുങ്ങ് എന്ന പേരില്‍ തന്നെയാണ് റെനെ വിദാല്‍ നടിയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫ്രഞ്ച് ബുദ്ധിജീവി സിനിമയെ പരിഹസിക്കാനും അസായസ് മറക്കുന്നില്ല. ഇങ്ങനെ ശക്തമായ പ്രഹരമാണ് തന്റെ സിനിമകളിലൂടെ പരമ്പരാഗത വാദികള്‍ക്ക് ഏല്‍പ്പിച്ചത്. `ഏ പോര്‍ട്രയിറ്റ് ഹൗ യോ ഹെയിന്‍' തായ്വാന്‍ ചലച്ചിത്രകാരന്‍ ഹു സിയാവോ സിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ്. തായ്‌പെയ് നഗരത്തിലൂടെ അലഞ്ഞുനടന്ന, കുട്ടിക്കാലത്തെ കൂട്ടുകാരനിലൂടെയും ഹൂവിന്റെ ജീവിതത്തിലൂടെയും ചരിത്രങ്ങളിലൂടെയും യാത്രചെയ്യുന്നു. തായ്‌വാനില്‍ ഉണ്ടായ ബൗദ്ധിക മുന്നേറ്റം പ്രതിഫലിപ്പിക്കുന്ന ഹൂ ഉള്‍പ്പെടെയുള്ള നവതരംഗ സംവിധായകരുടെ സിനിമകള്‍ മുന്‍ തലമുറയോട് വിയോജിപ്പ് പ്രകടിപ്പിച്ചു. കഹേന്ദു സിനിമയുടെ വിമര്‍ശകനായിരിക്കുമ്പോള്‍ തന്നെ ഹൂവിന്റെ ചലച്ചിത്രകലയുടെ മേന്മ തിരിച്ചറിയപ്പെട്ടു.
ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ വേട്ടയാടുന്ന ഒരു സ്‌ത്രീയെ-എമിലി വാങ്ങിനെയാണ് `ക്ലീന്‍'എന്ന സിനിമയില്‍ അസായസ് അവതരിപ്പിക്കുന്നത്. ഗായികയാവാന്‍ മോഹിച്ച യുവതി. പക്ഷേ, അമ്മയുടെ ജോലിയില്‍ ഒതുങ്ങിനില്‍ക്കേണ്ടിവന്നു. ഭര്‍ത്താവിന്റെ അകാലമരണവും മയക്കുമരുന്ന് കച്ചവടം നടത്തിയതിനാല്‍ കിട്ടിയ ജയില്‍ ശിക്ഷയും അവളുടെ ജീവിതം സങ്കീര്‍ണ്ണമാക്കി. ഭര്‍ത്താവിന്റെ അമ്മയുടെ ശകാരവും സംശയവും എമിലിയെ വേദനപ്പെടുത്തി. ഭൂതകാലത്തെ ഉപേക്ഷിക്കാന്‍ കഴിയാത്ത ലോകമാണ് നമ്മുടേതെന്ന് അവര്‍ മനസ്സിലാക്കുന്നു. തന്നെ എവിടെയെങ്കിലും അടയാളപ്പെടുത്താനുള്ള ശ്രമമാണ് എമിലി നടത്തുന്നത്.
കൂലിത്തല്ലുകാരനും വിപ്ലവകാരിയുമായ കാര്‍ലോസിനെപ്പറ്റിയുള്ള ജീവചരിത്ര സിനിമയാണ് അസായസിന്റെ `കാര്‍ലോസസ്. ജാപ്പനീസ് ചുകന്ന പട്ടാളത്തോടും പലസ്‌തീന്‍ പോരാട്ടത്തോടും ബന്ധപ്പെടുന്ന ചിത്രമാണിത്. പ്രശസ്‌തി, പണം, അധികാരം, സ്‌ത്രീ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ വിശകലനം ചെയ്യുകയാണ് സംവിധായകന്‍. കഥാഗതിയില്‍ ആസ്‌ട്രിയ, ജര്‍മ്മനി, ഫ്രാന്‍സ്, ഹംഗറി, ലെബനോണ്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലൂടെ ഈ സിനിമ കടന്നുപോവുന്നുണ്ട്. അസായസിന്റെ മറ്റൊരു ചിത്രമായ` സെന്റിമെന്റല്‍ ഡയനീഷസ്' ജാക്‌സ്‌ഷാന്‍ ഡണ്ടിന്റെ നോവലിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചത്. പതിവുരീതിയില്‍ നിന്നും മാറിയാണ് ഈ സിനിമയില്‍ അസായസ് സഞ്ചരിക്കുന്നത്. ബൂര്‍ഷ്വാ കുടുംബ ബന്ധങ്ങളുടെ അടുപ്പമാണ് സംവിധായകന്‍ അന്വേഷിക്കുന്നത്. ദു:ഖത്തിന്റെ അലകടലിലെത്തുന്ന പാസ്റ്ററായ ജീന്‍ ബാര്‍ബെറിക്ക് തന്റേതായ ശൈലിയുണ്ട്. വ്യാഖ്യാനപരതയും. നന്മയെ ചലച്ചിത്രത്തിലൂടെ തിരിച്ചുവിളിക്കുകയാണ് ഈ ഫ്രഞ്ച് സംവിധായകന്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment