Wednesday, July 21, 2010

ഉണ്ണികളെ ഇതിലെ ഇതിലെ

കുഞ്ഞുമനസ്സുകളിലേക്ക്‌ ജീവിതത്തിന്റെ മൂല്യവത്തായ ആശയങ്ങള്‍ അടയാളപ്പെടുത്തുകയാണ്‌ ബാലസാഹിത്യ കൃതികള്‍. നന്മ-തിന്മകള്‍ വേര്‍തിരിച്ചറിയാന്‍ കുട്ടികളെ പ്രാപ്‌തരാക്കുന്ന പുസ്‌തകങ്ങളുടെ വായന ശക്തമായ അനുഭവമാണ്‌. മികച്ച വായനാനുഭവങ്ങളിലേക്ക്‌ ബാലമനസ്സുകളെ കൂട്ടിക്കൊണ്ടുപോകുന്ന പത്തുപുസ്‌തകങ്ങളാണ്‌ മാതൃഭൂമി ബുക്‌സ്‌ ബാലസാഹിത്യമാല വിഭാഗത്തില്‍ പുതുതായി പ്രസിദ്ധീകരിച്ചത്‌. മഹാകവികളുടെ ബാലകവിതകള്‍ (സമാഹരണം: മലയത്ത്‌ അപ്പുണ്ണി) എന്ന പുസ്‌തകത്തില്‍ മലയാളത്തിലെ വിഖ്യാതരായ കവികള്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ കവിതകളാണ്‌. തുഞ്ചത്ത്‌ എഴുത്തച്ഛന്‍ മുതല്‍ പള്ളത്ത്‌ രാമന്‍ വരെ കവികളുടെ നിരയിലുണ്ട്‌. ചൊല്ലി രസിക്കാനും അറിവ്‌ നേടാനും പ്രയോജനപ്പെടുന്ന കൃതി. മഹാകവി അക്കിത്തം എഴുതിയ ഈ ഏടത്തി നൊണേ പറയൂ എന്ന കൊച്ചുനാടകത്തില്‍ നാട്ടിന്‍പുറത്തെ തറവാടിന്റെ കഥ പറയുന്നു. വിദ്യാലയവും കൂട്ടുകാരും ആഘോഷങ്ങളും ഹൃദ്യമായി ഈ പുസ്‌തകത്തിലുണ്ട്‌.
അയല്‍വാസികളും സഹപാഠികളുമായ ഗോപിയുടെയും ഗീതയുടെയും വീട്ടകാര്‍ തമ്മിലുള്ള പിണക്കത്തിന്റെയും ഇണക്കത്തിന്റെയും കഥയാണ്‌ യു. എ. ഖാദറിന്റെ ഇളം മനസ്സിലെ തിളക്കം എന്ന നോവലില്‍ ആവിഷ്‌കരിക്കുന്നത്‌.ബാലാമണിയമ്മയുടെ വള എന്ന പുസ്‌തകത്തില്‍ ഏഴുകഥകളുണ്ട്‌. സ്‌നേഹവും കനിവും സൂത്രവും എല്ലാം വിഷയങ്ങളാകുന്ന കഥകളാണിത്‌. കുഞ്ഞുമനസ്സുകള്‍ക്ക്‌ ഭാവനയുടെ ചിറകുകള്‍ നല്‍കുകയാണ്‌ ഈ കഥകള്‍. പൊന്‍കുന്നം വര്‍ക്കിയുടെ നല്ല അവസരങ്ങള്‍ കുട്ടികളെ സ്‌നേഹത്തിന്റെയും നന്മയുടെയും ലോകത്തിലേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്ന കഥ പറയുന്നു. കൊച്ചുകുട്ടി കുടുംബത്തിനു വേണ്ടി ചെയ്യുന്ന ത്യാഗങ്ങളുടെ വിവരണം ഭംഗിയായി കഥാകാരന്‍ അവതരിപ്പിക്കുന്നുണ്ട്‌.
സിപ്പി പള്ളിപ്പുറത്തിന്റെ മാന്ത്രിക മയില്‍ രസകരമായ കഥകളുടെ സമാഹാരമാണ്‌. മാന്ത്രിക മയില്‍, മത്തങ്ങാ ഭൂതം, ആനക്കുട്ടിയുടെ അഹങ്കാരം തുടങ്ങി ഇരുപത്തിയഞ്ച്‌ കഥകളാണ്‌ ഈ പുസ്‌തകത്തില്‍. കളിയും ചിരിയും നിറഞ്ഞ ഒരു യാത്രയിലൂടെ വനക്കാഴ്‌ചയാണ്‌ മൃഗങ്ങളുടെ സിനിമാ ഷൂട്ടിംഗ്‌ എന്ന കൃതിയില്‍. സിപ്പി പള്ളിപ്പുറം കാടിന്റെ അകത്തളത്തിലെ കൗതുകകരമായ വിവരണങ്ങള്‍ നല്‍കുന്നു. കുറുക്കനും പക്ഷികളും മറ്റും നമ്മുടെ കണ്‍വെട്ടത്തില്‍ നിറയുന്നു. പ്രസിദ്ധ സാഹിത്യകാരന്‍ ഓസ്‌കാര്‍ വൈല്‍ഡിന്റെ അഞ്ചു കഥകളാണ്‌ ഹാപ്പി പ്രിന്‍സില്‍. കുട്ടികള്‍ക്കെന്നപോലെ മുതിര്‍ന്നവര്‍ക്കും വായിച്ചു രസിക്കാനും വിജ്ഞാനം നുകരാനും ഈ കഥകള്‍ ഉപകരിക്കും. നന്മയുടെ ഗുണപാഠമാണ്‌ ഓസ്‌കാര്‍ വൈല്‍ഡ്‌ അടയാളപ്പെടുത്തുന്നത്‌.
പ്രശസ്‌തരായ കുറെ വ്യക്തികള്‍ അവരുടെ അധ്യാപക- വിദ്യാര്‍ത്ഥി ജീവിതത്തിലെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ്‌ അക്‌ബര്‍ കക്കട്ടിലിന്റെ അധ്യയനയാത്ര എന്ന പുസ്‌തകത്തില്‍. അക്കിത്തം, നിത്യചൈതന്യ യതി, ഒ. വി. വിജയന്‍, ടി. പത്മനാഭന്‍, കുഞ്ഞുണ്ണി, സി. രാധാകൃഷ്‌ണന്‍ തുടങ്ങി നിരവധി പേര്‍ ഈ അധ്യയന യാത്രയിലുണ്ട്‌. മനോഹരവൂം വിജ്ഞാനപ്രദവുമാണ്‌ ഈ ഓര്‍മ്മപ്പുസ്‌തകം. പുനത്തില്‍ കുഞ്ഞബ്‌ദുള്ള രചിച്ച കൊച്ചുനോവലാണ്‌ അമ്മയെ കാണാന്‍. അമ്മയോടുള്ള സ്‌നേഹത്തിന്റെ ചിറകിലേറി സ്വര്‍ഗ്ഗ കവാടത്തിനു മുന്നിലെത്തുന്ന ഒരു കുട്ടി. അവന്‍ അവിടെ കണ്ട വിസ്‌മയക്കാഴ്‌ചകളാണ്‌ പുനത്തില്‍ ഹൃദ്യമായി ഈ കൃതിയില്‍ പ്രതിപാദിക്കുന്നത്‌. ലളിത സുന്ദരമായ ശൈലിയില്‍ രചിച്ച ഈ കൊച്ചുനോവല്‍ കുട്ടികളുടെ വായനയില്‍ പ്രിയപ്പെട്ടതാകും. ഈ പുസ്‌തകങ്ങളില്‍ സഗീര്‍, കെ. സതീഷ്‌. വെങ്കി, മന്‍സൂര്‍ ചെറൂപ്പ എന്നിവരുടെ ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്‌. മലയാളത്തിലെ ബാലസാഹിത്യ വിഭാഗത്തിന്‌ മികച്ച മുതല്‍കൂട്ടാകുന്നവിധത്തിലാണ്‌ ഈ പത്തുപുസ്‌തകങ്ങളും രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. -വായന

2 comments:

shaji.k said...
This comment has been removed by the author.
shaji.k said...

താങ്ക്സ് ഈ പുസ്തകങ്ങള്‍ പരിചയപെടുത്തിയതില്‍.