Friday, October 08, 2010

ആത്മശാന്തിയുടെ അമൃതാക്ഷരം

കവിത അകവെളിച്ചത്തിന്റെ അടയാളമാണ്‌. ജീവധാരയായി പെയ്‌തിറങ്ങുന്ന ആത്മഭാഷണം തന്നെ. കവിതയുടെ നീറ്റലും കുറുകലും നിലാവെളിച്ചം ചേര്‍ന്നുനില്‍ക്കുന്ന ഒരു കവി മലയാളത്തിലുണ്ട്‌ -ഒ.എന്‍.വി. കുറുപ്പ്‌. മലയാളകവിതയിലെ കതിര്‍ക്കനിയുടെ നിറവ്‌. സ്‌നേഹദീപ്‌തിയില്‍ തളിര്‍ക്കുന്ന സമുദ്രസംഗീതമാണ്‌ ഒ.എന്‍.വി.യുടെ കവിതകള്‍. മനുഷ്യനും പ്രകൃതിയും പ്രത്യയശാസ്‌ത്രങ്ങളുമെല്ലാം ഇഴചേര്‍ന്നുനില്‍ക്കുന്ന ചിത്രകമ്പളമാണ്‌ അക്ഷരക്കൂട്ടില്‍ ഈ കവി നെയ്‌തെടുക്കുന്നത്‌.

ഇത്തിരി ചുവപ്പും അതിലേറെ പച്ചപ്പും അതിലേറെ മോഹഭംഗവും. എല്ലാറ്റിനുമുപരി മാനവീയതയുടെ ഹംസധ്വനിയുമാണ്‌ ഒ.എന്‍.വി. മലയാളി മനസ്സിലേക്ക്‌ എഴുതിച്ചേര്‍ക്കുന്നത്‌. സാമസംഗീതത്തിന്റെ ആര്‍ദ്രതയോടൊപ്പം മാറ്റത്തിന്റെ കാഹളവും ഇച്ഛാഭംഗത്തിന്റെ വേലിയേറ്റവും ഒ.എന്‍.വി.യുടെ കാവ്യപഥത്തില്‍ പതിഞ്ഞുനില്‍പ്പുണ്ട്‌. മലയാള കവിതയില്‍ കാല്‍പ്പനികതയുടെ താളവും രാഗവും നക്ഷത്രദീപ്‌തിയുതിര്‍ത്ത ദശാസന്ധിയിലാണ്‌ ഒ.എന്‍.വി. ``നീലക്കണ്ണുകളുടെ'' ദ്യുതിയുമായി എഴുത്തിന്റെ സ്ഥലരാശിയില്‍ പുതിയൊരു ദിശാസൂചിക അടയാളപ്പെടുത്തിയത്‌. ദുരിതത്തിന്റെ തീക്ഷ്‌ണതയും ജീവിതപ്രശ്‌നങ്ങള്‍ക്ക്‌ ഒറ്റമൂലിയായ വാഗ്‌ദത്തഭൂമിയുടെ സ്വപ്‌നവും ഒ.എന്‍.വി.യുടെ കവിതകളില്‍ വ്യത്യസ്‌തമാനങ്ങളില്‍ മുദ്രിതമായി. സ്വകാര്യ ദു;ഖങ്ങളുടെ പച്ചത്തുരുത്തില്‍ നിന്നുകൊണ്ടുതന്നെ സമകാലിക സാമൂഹിക-രാഷ്‌ട്രീയസംഭവങ്ങളും ഈ കവിയുടെ വരികളില്‍ കൂടുവച്ചു. മയില്‍പ്പീലിത്തുണ്ടുകളും വളപ്പൊട്ടുകളും മഞ്ചാടിമണികളും മനുഷ്യന്റെ കരാളമുഖവും പ്രകൃതിയുടെ രോദനവും കവി വാക്കുകളില്‍ ചാലിച്ചെടുത്തു. പ്രത്യയശാസ്‌ത്ര വെളിച്ചത്തില്‍ തുടിക്കുന്ന പുലരി കാത്തിരുന്ന കവി. തന്റെ സ്വപ്‌നം മണ്ണടിഞ്ഞപ്പോള്‍ അകംനൊന്തുപാടാനും മറന്നില്ല.

`കവിയും സുഹൃത്തും' - എന്ന രചനയില്‍ സര്‍ഗ്ഗാത്മകതയുടെ ഉണ്മ തിരയുന്നവരുടെ ചിത്രമുണ്ട്‌. ``ഇത്തിരിപ്പുവേ ചുവന്നപൂവേ''യില്‍ ഇച്ഛാഭംഗത്തിന്റെ ചവര്‍പ്പും കയ്‌പ്പും എഴുതിച്ചേര്‍ക്കുകയാണ്‌ കവി. പ്രകൃതി ഒ.എന്‍.വി.യുടെ കവിതകളില്‍ പല വിതാനത്തില്‍ നിറഞ്ഞാടുന്നുണ്ട്‌. മനുഷ്യന്റെ ക്രൂരതയ്‌ക്കുമുന്നില്‍ നിരാലംബയായി മാറിയ ഭൂമിയുടെ നിലവിളിയും മുറിപ്പാടും `ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയിലുണ്ട്‌. ചുട്ടുപൊള്ളുന്ന പാതയിലൂടെ വിങ്ങുന്ന മനസ്സുമായി നടന്നലയുന്ന ഭൂമിദേവിയുടെ ചിത്രം നമ്മുടെ ഹൃദയത്തില്‍ വരച്ചിടുകയാണ്‌ ഒ.എന്‍.വി. അര്‍ത്ഥഗരിമായര്‍ന്ന ബിംബങ്ങളുടെ കനത്തുനില്‍പ്പ്‌ ഈ കവിയുടെ രചനകളില്‍ സദാജാഗരൂകമായി അനുവാചകനെ വന്നുതൊട്ടുകൊണ്ടിരിക്കുന്നു. സംഗീതത്തിലും സൗന്ദര്യത്തിലും സാരാംശരേഖയാകുന്ന നിരവധി ബൈബിള്‍ ബിംബങ്ങള്‍ രചനകളില്‍ ഉപയോഗപ്പെടുത്തുന്ന ഒ.എന്‍.വി.യെപ്പോലെ മറ്റൊരു കവി മലയാളത്തിലില്ല.

എഴുത്തിന്റെ വഴിയില്‍ ഈ കവിയുടെ പാഥേയം വിശ്വസംസ്‌കൃതിതന്നെ.ജീവിതത്തിന്റെ അനിശ്ചിതത്വവും ഒഴുകിപ്പോക്കും നിസ്സാരതയും തിരഞ്ഞുപോകുന്ന ഒരു തഥാഗത ജന്മം ഒ.എന്‍.വി.യുടെ കവിതാതട്ടകത്തിലുണ്ട്‌. ആത്മവേദനയില്‍ പിടയുന്ന യാത്രികനാണയാള്‍. കൊച്ചുസുഖദു:ഖ മഞ്ചാടിമണികള്‍ കൊണ്ടുള്ള കളിയാണ്‌ മനുഷ്യജീവിതമെന്ന കാവ്യ കാഴ്‌ച ``വാടകവീട്‌'' പോലുള്ള കൃതികള്‍ അനുവാചകന്റെ മനസ്സില്‍ വരച്ചിടുന്നു. ഭൂമിയുടെ ഉപ്പും മൃഗയയും ഭൈരവന്റെ തുടിയും അപരാഹ്നവും ആഗ്രയും സ്വയംവരവും ഉജ്ജയിനിയും ,കറുത്തപക്ഷിയുടെ പാട്ടും സ്‌നേഹിച്ചുതീരാത്തവരുമെല്ലാം മലയാളിയെ ഊട്ടിക്കൊണ്ടിരിക്കുന്നത്‌ ഉള്ളില്‍ തുടിക്കുന്ന സ്‌നേഹപ്പെരുമയാണ്‌. അതിന്റെ വൈതരണിയും വൈവിധ്യവുമാണ്‌ ഒ.എന്‍.വി.യുടെ കാവ്യലോകത്തു നിന്നു മലയാളി കേട്ടുകൊണ്ടിരിക്കുന്നത്‌.``എന്നോ പൊടുന്നനെ-പത്തിവിടര്‍ത്തുവാ-ന്നെങ്ങോ പതുങ്ങി-ക്കിടക്കും ഭുജംഗമേ''-എന്നിങ്ങനെ ഈ ഭാവഗായകന്‍ ജീവിതത്തിന്റെ പരുപരുത്ത പ്രതലങ്ങളെ കണ്ടെടുക്കുന്നു.

എങ്കിലും-``എന്റെ മകുടിയി-ലൂടെ മൃത്യുഞ്‌ജയ-മന്ത്രമായ്‌ത്തീരുന്നുഞാനുമെന്‍ ഗാനവും''-ആത്മവിശ്വാസത്തിന്റെ തുടിപ്പും പുലര്‍ത്തുന്നു. കാലഘട്ടത്തിന്റെ പ്രതിസന്ധികളും എഴുത്തുകാരന്റെ വേപഥുകളും കവി അതിജീവിക്കുന്നത്‌ വാക്കിന്റെ അഗ്നികടഞ്ഞെടുത്ത കാവ്യങ്ങളിലൂടെയാണ്‌. ഒ.എന്‍.വി.യുടെ കൃതികള്‍ വായനക്കാരുടെ ഉള്ളുപൊള്ളിക്കുന്നതും ഇളംതെന്നലിന്റെ തലോടല്‍പോലെ സ്‌പര്‍ശിക്കുന്നതും കവിതയുടെ ധ്വനിച്ചുനില്‍പ്പുകൊണ്ടാണ്‌.മനുഷ്യജന്മത്തിന്റെ സൂര്യഗീതം തീര്‍ത്ത കവി കന്നിനിലാവിന്റെ കുളിര്‍മ പരന്ന പ്രണയത്തിന്റെ നൊമ്പരപ്പാടുകള്‍ കാവ്യകലയുടെ ജാലകപ്പഴുതിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ``പേരറിയാത്തൊരു പെണ്‍കിടാവിന്റെ നേരറിയുന്ന...'' ഒരു നിത്യകാമുകന്‍ ഒ.എന്‍.വി.യുടെ മനമെഴുത്തിലുണ്ട്‌. തപിച്ചും തളര്‍ന്നും നാട്ടുവഴിയിലും അരുവിയുടെ ഈണത്തിലും പുല്‍ക്കൊടിത്തുമ്പിലും മഞ്ഞിന്‍കണികയിലും ജീവിതത്തിന്റെ അടരുകള്‍ വായിച്ചെടുക്കുകയാണ്‌ അയാള്‍.``നിര്‍ത്താതെ നി്രദയുമില്ലാതെ, മാത്രകള്‍തെറ്റാതെ,യെത്രയോ കാലമായിങ്ങനെനിന്റെ കടുംതുടി കൊട്ടുന്നു നീ, യിങ്ങുനിന്റെയുണര്‍വിനെ തന്നെ തോറ്റുന്നു.'' - ഈ പ്രകീര്‍ത്തനങ്ങള്‍ കവിതയുടെ വെണ്‍വെളിച്ചമാണ്‌.

പോക്കുവെയിലിന്റെ പൊന്നാട തെറുത്തേറ്റി പോകാനൊരുങ്ങുന്ന പകലിനെയും, കൊക്കും പിളര്‍ത്തി അടുക്കുന്ന കഴുകുകള്‍ ശുദ്ധവായു വില്‍ക്കുന്നതും കവി കണ്ടെടുക്കുന്നുണ്ട്‌. ജന്മഗേഹത്തിലേക്കുള്ള വഴിതേടുന്ന പ്രവാസിയുടെ മൗനദു:ഖവും അറിയുന്നു. വിശ്വദര്‍ശനത്തിലേക്ക്‌ ഉറ്റുനോക്കുന്ന കവിക്ക്‌ കാളിദാസനും യവനദേശവും ചിത്രകലയും സംഗീതവും ക്രിസ്‌തുവും കൃഷ്‌ണനും ബുദ്ധനും മുഹമ്മദും മാര്‍ക്‌സുമെല്ലാം ജീവിതത്തിന്റെ പാഥേയമാണ്‌. അമാവാസിക്ക്‌ ഊര്‍ന്നിറങ്ങുന്ന വെളിച്ചത്തിന്റെ ഇത്തിരിക്കീറുപോലെ ഏതു സങ്കടക്കടലില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുന്നത്‌, കൈത്താങ്ങായി മാറുന്നത്‌ കവിത തന്നെയാണ്‌. മലയാളത്തിന്റെ സുകൃതവും അഗ്നിസ്‌പര്‍ശമാര്‍ന്ന കവനകലയുടെ സജീവസാന്നിദ്ധ്യവുമാണ്‌ ഈ കാവ്യപഥികന്‍. കവിതയുടെ പാലാഴി തീര്‍ത്ത്‌ വാക്കിന്റെ അമരമധുരം നേദിക്കുന്ന കവിതയുടെ ഉള്‍ക്കരുത്ത്‌.ഹൃദയം പാടുന്നു രാഗാര്‍ദ്രമായ്‌

മലയാളകവിതയില്‍ ഏറ്റവും മുഴക്കമുള്ള ശബ്‌ദമാണ്‌ ഒ.എന്‍.വി. 1949-ല്‍ തൃശ്ശൂരില്‍ നടന്ന പുരോഗമന സാഹിത്യ സമ്മേളനത്തില്‍ കവിതയ്‌ക്കുള്ള ചങ്ങമ്പുഴ പുരസ്‌കാരം വാങ്ങിക്കൊണ്ടായിരുന്നു ഒ.എന്‍.വി. കാവ്യസപര്യയുടെ മുഖ്യപഥത്തിലെത്തിയത്‌. അന്ന്‌ മലയാള കവിത ചങ്ങമ്പുഴയുടെ മാസ്‌മര സ്വാധീനത്തിലായിരുന്നു.എഴുതി മുന്നേറുന്നവര്‍ക്ക്‌ വഴിവിളക്കായി ചങ്ങമ്പുഴയുടെ നിതാന്ത സാന്നിദ്ധ്യമുണ്ടായിരുന്നു. സ്വാഭാവികമായും ഒ.എന്‍.വി.യും ചേര്‍ന്നുനിന്നത്‌ ചങ്ങമ്പുഴയുടെ തട്ടകത്തിലാണ്‌. എന്നാല്‍, ചങ്ങമ്പുഴയെ അതിശയിക്കുന്ന സംഗീതാത്മകത ഒ.എന്‍.വി.യെ വേറിട്ടുനിര്‍ത്തുകയായിരുന്നു. നാടകഗാനങ്ങളും വിപ്ലവകവിതകളും വായനാലോകത്ത്‌ ഒ.എന്‍.വി.ക്ക്‌ ഏറെ പ്രചാരം നേടിക്കൊടുത്തു.

ചങ്ങമ്പുഴക്കവിതയുടെ അതിഭാവുകത്വമോ, വാചാലതയോ, ആവര്‍ത്തനവിരസതയോ ഒ.എന്‍.വി.യുടെ രചനകളില്‍ തങ്ങിനിന്നിരുന്നില്ല. പ്രതിഭയുടെ കരുത്തും ഉര്‍വരതയും ഒ.എന്‍.വി.യുടെ വാക്കിലും താളത്തിലും അന്തര്‍ധാരയായി. മനുഷ്യവേദനയെ ഒപ്പിയെടുക്കുന്ന സംഗീതമായി ഒ.എന്‍.വി.ക്കവിത എളുപ്പം വഴിമാറി. ആര്‍ദ്രഹൃദയം ഈ കവിയുടെ വലിയ സിദ്ധിയാണ്‌. പ്രത്യയശാസ്‌ത്രത്തിന്റെ അനുഗാതാവായിട്ടും വാചാലതയും ബഹുരംഗസ്‌പര്‍ശിത്വവും ഒ.എന്‍.വി.യെ അലോസരപ്പെടുത്തിയില്ല.നിസ്വവര്‍ഗത്തോടുള്ള അഭിജാതമായ ആഭിമുഖ്യം ഒ.എന്‍.വി.യുടെ വാക്കിലും പൊരുളിലും തുടിച്ചുനിന്നു. സൗന്ദര്യപരമായ പരിണാമം കാവ്യലോകത്ത്‌ അനുഭവപ്പെടുത്തുന്നതില്‍ ഒ.എന്‍.വി.യോളം വൈദഗ്‌ധ്യം പ്രകടിപ്പിച്ച എഴുത്തുകാര്‍ മലയാളത്തില്‍ കുറവാണ്‌. വേദന കണ്ട്‌ ആത്മാവിലൂറിയ വേദാന്തവും നീര്‍ച്ചാലുകളുമാണ്‌ ഒ.എന്‍.വി.യുടെ കവിത. അത്‌ മനസ്സില്‍ ആഴത്തില്‍ പതിയുന്നു. അനുഭവധാരകളുടെ ഇരമ്പം തീര്‍ക്കുന്ന ഒ.എന്‍.വി.യുടെ വരികള്‍ വായനയുടെ ഭൂമികയില്‍ `സന്ധ്യതന്‍ ചുംബനമുദ്രയായ്‌, നിര്‍വൃതി സ്‌പന്ദനമായ്‌'- വിടര്‍ന്നു നില്‍ക്കുന്നു.കാല്‍പ്പനിക കവിതയുടെ നിത്യഭാസുരമുഖമാണ്‌ ഒ.എന്‍.വി.യുടെരചനകളില്‍ തിളങ്ങിനില്‍ക്കുന്നത്‌. എല്ലാ പ്രതിബദ്ധതകള്‍ക്കും അതീതമായി കലാപരമായ ചാരുത നേദിക്കുന്ന അംശമായി കാല്‍പ്പനികത ഒ.എന്‍.വി.യുടെ കവിതകളിലുണ്ട്‌. അതുകൊണ്ടാണ്‌ കവി വിചാരരമണീയതയെ അതിക്രമിക്കുന്ന വികാരതരളത അനുഭവപ്പെടുന്നത്‌.

വാക്കിന്റെ ഇണക്കത്തില്‍ സൂക്ഷ്‌മമായ ജീവിതസത്യത്തിന്റെ ആവിഷ്‌കാരമാണ്‌ ഒ.എന്‍.വി. സാധിച്ചെടുക്കുന്നത്‌. കാലദേശഭേദമില്ലാതെ കവിതയെ സാമാന്യമായി സ്‌പര്‍ശിക്കുന്ന വസ്‌തുതയുമാണത്‌. `നരനായിങ്ങനെ' എന്ന കവിതയില്‍ മനുഷ്യ ദു:ഖങ്ങളെ പാടിയതിന്‌ ശാസ്‌ത്രസംഭാവനകള്‍ ഉയര്‍ത്തിക്കാട്ടിയ പ്രഭാഷകന്റെ ചിത്രത്തിന്‌ താഴെ അച്ഛന്‍ അത്താഴമുണ്ണാനുഴക്കരിയുമായെത്തുന്നത്‌ കാത്തുകഴിയുന്ന പിഞ്ചുകിടാവിന്റെ ചിത്രം ഒ.എന്‍.വി. വരച്ചിട്ടുണ്ട്‌. ലോകം നരകവാരിധിയാക്കാന്‍ എത്ര എളുപ്പമാണെന്ന്‌ കവി സൂചിപ്പിക്കുകയാണിവിടെ. താന്‍ പോറ്റിവളര്‍ത്തിയ കിളി യജമാനന്റെ തീന്‍മേശയില്‍ വിഭവമായി തീരുന്നത്‌ കണ്ട്‌ നെഞ്ചകം പിളരുന്ന ചെറുമിയുടെ ചിത്രവുമുണ്ട്‌ കവിതയില്‍. ദു:ഖത്തിന്റെ വെയിലാറുന്ന കവി മനസ്സില്‍ പൂവിരിയുന്ന സന്ദര്‍ഭവും ഒ.എന്‍.വി.യുടെ കാവ്യപഥത്തിലുണ്ട്‌.തപ്‌തദു:ഖത്തിന്റെ തണലിലിരുന്ന്‌ ഭൂതഭാവികളെ ഇരുപുറത്തുംവച്ച്‌ നോക്കിക്കാണുന്ന കവിയെ `മധ്യാഹ്നഗീത'ത്തില്‍ കാണാം. നിഴലിനെ സംബോധനചെയ്‌ത്‌ സ്വയം വെളിപ്പെടുന്ന കവിമനസ്സ്‌ `ആവു നട്ടുച്ചയായ്‌' എന്ന്‌ ഉള്‍ക്കിടിലത്തോടെ നിഴലിനെ ആശ്വസിപ്പിക്കുന്നു. `കരയേണ്ട' എന്നും തന്റെ തപ്‌ത പാദങ്ങളില്‍ തന്നെ തലചായ്‌ച്ചുകൊള്‍ക എന്ന്‌ സാന്ത്വനിപ്പിക്കുന്നു. ഹരിതസ്‌മൃതികളും കൗതുകങ്ങളുടെ മുത്തുക്കുടകളും ശീതളസ്വപ്‌നങ്ങളും തൊട്ടുരുമ്മിനില്‍ക്കുന്ന ജീവിതത്തിന്റെ ഇടവേളകളില്‍ വിശ്രമിക്കുകയും ആറിത്തണുക്കാത്ത ദു:ഖങ്ങള്‍ നീട്ടിത്തരുന്ന ഗ്രീഷ്‌മപുഷ്‌പങ്ങളില്‍ മധുനുകര്‍ന്നും നിലക്കൊള്ളുന്നു.മനുഷ്യസ്‌നേഹത്തിന്റെ ഉദാത്തമായ ജ്വാലാ കലാപത്തെ വാക്കില്‍ നിറയ്‌ക്കുന്ന കവിയാണ്‌ ഒ.എന്‍.വി. `കോതമ്പുമണി'കളിലെ പേരറിയാത്ത പെണ്‍കിടാവിന്റെ നേരറിയുന്ന കവി ശാമ്യമായ അസ്വാസ്ഥ്യം അനുഭവപ്പെടുത്തുന്നു. `ഞങ്ങളിലെ സൂര്യന്‍ കെട്ടുപോയ്‌' എന്നിങ്ങനെ `സൂര്യഗീത'ത്തില്‍ ചാന്ദ്രശിലകളെപ്പോലും കണ്ണീരില്‍ നനയ്‌ക്കുന്നു.

തന്റെ പ്രിയപ്പെട്ട ഭൂമിക്കും ഇതേ അനുഭവം ഉണ്ടാകുമോ എന്ന്‌ സന്ദേഹിച്ച്‌ `ഭൂമിക്കൊരു ചരമഗീതം' എഴുതിത്തീര്‍ക്കുകയും ചെയ്‌തു.സര്‍വനഷ്‌ടത്തിന്റെ കനത്തഭാരം നെഞ്ചുകൊണ്ടറിയുന്ന എഴുത്തുകാരനെ ഒ.എന്‍.വി.യുടെ അക്ഷരഖനിയില്‍ കണ്ടെത്താം. അപ്പോഴും കടല്‍ക്കാറ്റില്‍ നിലവിളിയും, മണ്ടചീയുന്ന തെങ്ങിന്‍ നിരയില്‍ ദൈന്യവും, ഞണ്ടുകളുടെ കാലില്‍ ചതിയന്ത്രവും, ചന്ദനമരത്തില്‍ വിഷപ്പത്തിയും, പൊന്തക്കുള്ളില്‍ പതിയിരിക്കുന്ന ഭയവും കണ്ടു നടുങ്ങാതിരിക്കാന്‍ ഈ കവിക്ക്‌ കഴിയുന്നില്ല.``തമസ്സില്‍ തുരുമ്പിച്ച കൂടാരമൊന്നില്‍തളച്ചിട്ട ദുഃഖങ്ങള്‍, ഞങ്ങള്‍'' എന്നിങ്ങനെ തിരിച്ചറിവിന്റെ തീക്ഷ്‌ണതയോടൊപ്പം മൃത്യുബോധത്തിന്റെ അകപ്പൊരുളും ഒ.എന്‍.വി. പകരുന്നു. ഇരുണ്ട സത്യങ്ങളും മര്‍തൃവീര്യവും ബൈബിളിന്റെ അകത്തളവും കവിതയുടെ നീരുറവയായി മാറ്റുന്നതില്‍ ഒ.എന്‍.വി. കാണിക്കുന്ന കലാത്മകത അന്യാദൃശ്യമാണ്‌.

ജീവിത വൈചിത്ര്യങ്ങളെ `പാഥേയ'മായി പൊതിഞ്ഞെടുത്ത്‌ യാനം നടത്തുന്ന ഒ.എന്‍.വിയുടെ മനസ്സ്‌ സംഗീതത്തിന്റെ വിശാലതയില്‍ ചേര്‍ന്നുനില്‍ക്കുന്നു. അത്‌ ഈടുവെപ്പായി, സര്‍ഗാത്മകതയുടെ അമൃതവര്‍ഷമായി മലയാളത്തിന്റെ കാവ്യരേഖയില്‍ വേരുകളാഴ്‌ത്തി, തലയുയര്‍ത്തി നില്‍ക്കുകയാണ്‌. അമരഗീതത്തിന്റെ ഹൃദയധ്വനിയായി.വാക്കിന്റെയും യാത്രയുടെയും അടയാളമാണ്‌ കവിത. കവിയുടെ വെളിപാടിന്റെ മുദ്രയും മണ്ണിന്റെ മണവും മനുഷ്യശക്തിയും ഇഴചേര്‍ന്നുനിലല്‍ക്കുന്ന ഭാഷയുടെ അമൃതകുംഭങ്ങളാണ്‌ ഈടുറ്റ കവിതകള്‍. സ്‌നേഹത്തിന്റെ നാനാര്‍ത്ഥവും സ്‌നേഹിച്ചുതീരാത്ത ഒരാത്മാവിന്റെ ആലാപവിലാപങ്ങളും മാനവികതയുടെ വ്യംഗ്യമാധുരിയൂറുന്ന സല്ലാപങ്ങളുമാണവ. മഹത്തായ കവിതകളുടെ അര്‍ത്ഥവും ഈണവും നിറഞ്ഞുനില്‍ക്കുന്ന മുഴക്കമുള്ള ഒരു ശബ്‌ദം മലയാളത്തിലുണ്ട്‌; ഒ.എന്‍.വി. ചങ്ങമ്പുഴക്കളരിയില്‍ പൂത്തും തളിര്‍ത്തും പന്തലിച്ച കാല്‍പ്പനികകവി.

മനുഷ്യവേദനയൊപ്പിയെടുക്കാന്‍ പോന്ന ആര്‍ദ്രമായ ഹൃദയം ഈ എഴുത്തുകാരന്റെ സവിശേഷതയാണ്‌. നടന്നുപോയ വഴികളത്രയും സംഗീതാത്മകരക്തം പൊടിഞ്ഞുനിന്ന വിപ്ലവകവിത. അര്‍ത്ഥാവബോധം വേണ്ടുവോളം നിറയുന്ന ഭൂമിഗീതങ്ങള്‍. പ്രതിഭയുടെ കരുത്തും ഉര്‍വരതയുമലങ്കരിക്കുന്ന കാവ്യതല്ലജങ്ങളുടെ ശില്‍പ്പപരമായ പൂര്‍ണ്ണതയാണ്‌ ഒ.എന്‍.വി.ക്ക്‌ കവിത.`ഏകാന്തതയുടെ അമാവാസിയില്‍ എനിക്കു കൈവന്ന ഒരു തുള്ളി വെളിച്ചമാണ്‌ കവിത' - എന്ന്‌ പേരിട്ടുവിളിച്ചുകൊണ്ട്‌ കവിതയെ ജീവിതത്തിലേക്ക്‌ ക്ഷണിച്ചിരുത്തിയ കവിഹൃദയം പാടുന്നു: `കരളിലിന്നുമിടയ്‌ക്ക പാടുന്നൂ-വീണക്കിടാവുംഒരു കടുംതുടി പുള്ളിക്കുടവും!- (സ്‌മൃതിതാളങ്ങള്‍). ***`എന്നെന്നും വിടര്‍കണ്ണാല്‍കാണട്ടേ നിന്നെ! സ്‌നേഹ-മെന്ന സത്യമേ! നിന്നെസ്‌നേഹിപ്പേന്‍, നീയെന്‍ പാതി'-(സ്‌നേഹത്തെക്കുറിച്ചൊരു ഗീതം).കാല്‍പ്പനികതയുടെ നിത്യഭാസുരതയില്‍ ഇണങ്ങിയും പിണങ്ങിയും നില്‍ക്കുന്ന ആത്മവേദന ഒ.എന്‍.വി.ക്കുണ്ട്‌. പരമദുഃഖത്തിന്റെ ചുട്ടുപൊള്ളിക്കുന്ന സാന്നിദ്ധ്യവും മറ്റൊരാളുടെ നിദ്രയ്‌ക്ക്‌ കാവലിരിക്കാനുള്ള സൗമ്യമനസ്‌കതയും. ദൈന്യതയില്‍ പൂക്കുന്ന വനജ്യോത്സന, ജീവിതത്തിന്റെ കയ്‌പുനീര്‌ വാറ്റി മധുരമാക്കുന്ന രാസവിദ്യയില്‍ കത്തിയെരിയുന്ന സൂര്യനും ഓര്‍മ്മയില്‍ പൊതിഞ്ഞ ശീതളഛായയുമുണ്ട്‌. കവിയുടെ കൊച്ചുകൊച്ചു മൊഴികളില്‍ ചിതറിക്കിടക്കുന്ന ജീവിതദര്‍ശനം മാനവികതയുടെ തലങ്ങളിലേക്ക്‌ വളര്‍ന്നുയര്‍ന്നുനില്‍ക്കുന്നു. അധികാരത്തിനും ധിക്കാരത്തിനുമെതിരെ നിലകൊള്ളുന്നു.

ഇതിഹാസങ്ങളുടെ ചാരുതയില്‍ തീര്‍ത്ത കൃതികളില്‍ വര്‍ത്തമാനകാലത്തിന്റെ നീറ്റല്‍ അനുഭവപ്പെടുന്നു. മരണവും വിരഹവും ഒ.എന്‍.വി.യുടെ കവിതകളില്‍ പലപ്പോഴും കൂടുവച്ചിട്ടുണ്ട്‌. യാത്രാമൊഴിയുടെ വര്‍ണ്ണപ്പകര്‍ച്ചയും കണ്ണീരുവാറ്റി ഉപ്പായി ഉരുവമെടുക്കുന്ന കവിതകള്‍ നേഞ്ചേറ്റിനില്‍ക്കുന്ന ഒ.എന്‍.വി.യുടെ മുപ്പതിലധികം കൃതികള്‍ ഇതിനകം പ്രസിദ്ധീകരിച്ചു. `അഗ്നിശലഭങ്ങള്‍ക്ക്‌' കേരള സാഹിത്യ അക്കാദമി അവാര്‍ഡും `ഉപ്പി'ന്‌ വയലാര്‍ അവാര്‍ഡും സോവിയറ്റ്‌ലാന്റ്‌ നെഹ്‌റു അവാര്‍ഡും `കറുത്ത പക്ഷിയുടെ പാട്ടി'ന്‌ പന്തളം കേരളവര്‍മ്മ പുരസ്‌കാരവും `ഭൂമിക്ക്‌ ഒരു ചരമഗീത'ത്തിന്‌ വിശ്വദീപ്‌തി പുരസ്‌കാരവും `ശാര്‍ങ്‌ക പക്ഷികള്‍'ക്ക്‌ ഉള്ളൂര്‍ അവാര്‍ഡും ആശാന്‍ പ്രൈസും `മൃഗയ'ക്ക്‌ ഓടക്കുഴല്‍ അവാര്‍ഡും `അപരാഹ്ന'ത്തിന്‌ ആശാന്‍ പ്രൈസും ലഭിച്ചിട്ടുണ്ട്‌. സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തനത്തിന്‌ 1992-ല്‍ എം.കെ.കെ. നായര്‍ അവാര്‍ഡും 1995-ല്‍ ജോഷ്വാ പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്‌. ചലച്ചിത്ര ഗാനരചനയ്‌ക്ക്‌ പന്ത്രണ്ട്‌ തവണ കേരളസംസ്ഥാന അവാര്‍ഡും 1989-ല്‍ ദേശീയ അവാര്‍ഡും 1998-ല്‍ പത്മശ്രീയും 2007-ല്‍ കേരള സര്‍വ്വകലാശാലയുടെ ഡോക്‌ടറേറ്റും 2008-ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും നേടിയ ഒ.എന്‍.വി.ക്ക്‌ 2007-ലെ ജ്ഞാനപീഠ പുരസ്‌കാരം നല്‍കി രാഷ്‌ട്രം ആദരിച്ചു. 1931-ല്‍ കൊല്ലം ജില്ലയില്‍ ചവറയിലാണ്‌ ഒ.എന്‍.വി. (ഒറ്റപ്ലാക്കല്‍ നീലകണ്‌ഠന്‍ വേലുക്കുറുപ്പ്‌) ജനിച്ചത്‌.

No comments: