Thursday, June 18, 2009
കവിതയുടെ ശവഘോഷയാത്ര
`ആശയങ്ങളേക്കാള്‍ അനുഭവങ്ങളുടേതായ ഒരു ജീവിതം'- എന്നിങ്ങനെ കാവ്യകലയെ കീറ്റ്‌സ് വിശേഷിപ്പിച്ചിട്ടുണ്ട്.
ജീവിതമെഴുത്തെന്ന് കവിതയെ പേരിട്ടു വിളിക്കാം.
ജീവിതത്തിന്റെ കുതിപ്പും കിതപ്പും ചാരുതയായും പ്രശ്‌നോത്തരങ്ങളായും കണ്ടെടുക്കുന്ന വിളവെടുപ്പാണ് കവിതയെന്ന് ഇടശ്ശേരിയും പറഞ്ഞുവെച്ചിട്ടുണ്ട്. ``ഇരുളിന്റെ നേര്‍ക്കായൊരായിരം, ശരനികരം തൂകിക്കൊണ്ടുയരും ഭാനുമാന്‍''- (പ്രഭാതം എന്ന കവിത). ഓരോ കവിതയിലും ജീവിതത്തിന്റെതായ കുടിയിരുത്തലും കുടിയിറക്കവുമുണ്ട്. ഇത് തെളിമയോടെ അവതരിപ്പിക്കുന്ന എഴുത്തുകാരന്റെ വരികള്‍ വായനക്കാരുടെ മനസ്സില്‍ കുളിര്‍മയുടെ ഒരടരയായി അടയാളപ്പെടുന്നു. കവിതയുടെ ഈ നീരിറക്കത്തില്‍ ഉള്ളുരയുടെ കാര്‍ക്കശ്യവും മനോഹാരിതയും പതിഞ്ഞുനില്‍ക്കും. മലയാളത്തിലെ പുതുകവികളുടെ രചനകളില്‍ നിന്നും ചോര്‍ന്നുപോകുന്നത് സര്‍ഗ്ഗാത്മകതയുടെ ഈ പശിമയാണ്.
2009 ജൂണ്‍15 തിങ്കളാഴ്‌ച മലയാളികള്‍ കണ്‍തുറന്നത് കവിതയുടെ ശവഘോഷയാത്രയിലേക്കാണ്. കവിതയുടെ ശവമഞ്ചം വഹിച്ചവരുടെ മുന്‍നിരയില്‍ സെബാസ്റ്റ്യനും രാജലക്ഷ്‌മിയും എ. സി. ശ്രീഹരിയും ബാലകൃഷ്‌ണന്‍ മൊകേരിയുമാണ്. ഉള്ളനങ്ങുമ്പോഴൊക്കെ വളര്‍ന്നു വരുന്ന ഒരു ഹനുമല്‍ ചിത്രം ഇടശ്ശേരിയുടെ കവിതകളിലുണ്ട്. കവിയുടെയും കവിതയുടെയും കരുത്തിന്റെ സ്‌പന്ദനമാണത്. സെബാസ്റ്റ്യന്റെ `റിയല്‍ എസ്റ്റേറ്റ്'-(മാധ്യമം ജൂണ്‍ 22- ലക്കം),`ആരണ്യകം'-(കലാകൗമൂദി, ജൂണ്‍ 21), `ഒരു പാനപാത്രത്തിന്റെ മടക്കയാത്ര' (രാജലക്ഷ്‌മി- മലയാളം വാരിക ജൂണ്‍ 19), `പുസ്‌തകമേ' -(എ.സി.ശ്രീഹരി- പച്ചക്കുതിര, ജൂണ്‍ ലക്കം), `കാവ്യനീതി'-(ബാലകൃഷ്‌ണന്‍ മൊകേരി- പച്ചക്കുതിര, ജൂണ്‍ ലക്കം) എന്നീ രചനകള്‍ കവിതയുടെ ശവപ്പെട്ടിയില്‍ അടിച്ച തുരുമ്പാണികളാണ്.
ദിവസം കഴിയുന്തോറും പൊടിഞ്ഞില്ലാതാകുന്നവ.എന്‍. വി. കൃഷ്‌ണവാരിയര്‍ ടി. എസ്. എലിയറ്റിനെ തൊട്ടെഴുതിയാണ് ആധുനികകവിതയുടെ പടിപ്പുരയില്‍ പരസ്യപ്പലക നാട്ടിയത്. അതിപ്പോഴും വായനക്കാരുടെ മനസ്സില്‍ മുനകൂര്‍പ്പിച്ചുനില്‍പ്പുണ്ട്. ഭാഷയിലേക്കും ഭാവത്തിലേക്കും പരകായപ്രവേശം എന്‍. വി. അനായാസം സാധിച്ചെടുത്തു. പുതുകവികള്‍ക്ക് അന്യരുടെ ജീവിതം നോക്കിയെഴുതാനോ, സ്വയം കാഴ്‌ചയിലേക്ക് അടയിരിക്കാനോ കഴിയുന്നില്ലെന്നതിന് ദൃഷ്‌ടാന്തം വായനക്കാര്‍ മറ്റെങ്ങും അന്വേഷിക്കേണ്ടതില്ല- സെബാസ്റ്റ്യന്റെ `റിയല്‍എസ്റ്റേറ്റ്' എന്ന കവിത മുന്നിലുണ്ട്. ``വിറ്റും വാങ്ങിയും, തീര്‍ന്നുപോയ ഭൂമിയുടെ, ഇടപാടുകാരേ, കണ്ണുവെക്കല്ലേ, ഈ മുതലിനെ''- കവിയുടെ വിലാപം ശ്രദ്ധേയം. എല്ലാം ആഹരിച്ചുപോകുന്ന മാഫിയാവല്‍ക്കരണത്തെ ധ്വനിപ്പിക്കാനുള്ള ഈ എഴുത്തുകാരന്റെ യത്‌നം കവിതയാകുന്നില്ല. തലതല്ലിക്കരച്ചിലിന്റെയും മുഖംമൂടിയുരിയലിന്റെയും മര്‍മ്മരങ്ങള്‍ക്ക് കവിതയുടെ ചരിത്രത്തിലും താഴ്‌വേരുകളുണ്ട്. തിരസ്‌കരണത്തിന്റെ വിനിയ വൈഷമ്യം കൊണ്ട് സെബാസ്റ്റ്യന്റെ കവിത കോടാലിപോലെ വായനക്കാരന് മുന്നില്‍ തിളങ്ങിനില്‍ക്കുന്നു.
`ആരണ്യക'ത്തില്‍ ``പെട്ടെന്ന് മഴ പെയ്യും, ചൂളംവിളിച്ച് പാഞ്ഞുപോകും, തീവണ്ടിയായി തീര്‍ന്ന കടല്‍'' എന്ന് സെബാസ്റ്റ്യന്റെ വരികള്‍ വായിക്കുമ്പോള്‍, നിലാവില്‍ മുങ്ങിനില്‍ക്കുന്ന അമ്പലമുറ്റം പാല്‍ക്കടലാണെന്ന് ധരിച്ച് മുങ്ങിമരിച്ച പഴയ കവിഭാവന വായനക്കാരുടെ ഓര്‍മ്മയില്‍ തെളിയാതിരിക്കില്ല. പദങ്ങള്‍ അവയുടെ സ്ഥായീഭാവത്തില്‍ നിന്നും മോചനം നേടി നക്ഷത്രങ്ങളാകുമ്പോള്‍ കവിത വിരിയും. കടമ്മനിട്ട വാക്കുകളെ കര്‍പ്പൂരദീപമായും കസ്‌തൂരിഗന്ധമായും കണ്ടെടുത്തു. സെബാസ്റ്റ്യന്‍ അവയെ ഇഷ്‌ടികക്കട്ടയായി കവിതയില്‍ വിന്യസിച്ചിരിക്കുന്നു.
സായിപ്പ് മലയാളം പഠിച്ച് ബോധംകെട്ടത് അക്കിത്തത്തിന്റെ ?ഇരുപതാം നൂറ്റാണ്ട്' വായിച്ചിട്ടായിരുന്നു. സായിപ്പിന്റെ ഉള്ളിലൊരു ചിരിയും- ഇംഗ്ലീഷ് മലയാളത്തിലെഴുതിയതില്‍. `പാനപാത്രത്തിന്റെ മടക്കയാത്ര'യില്‍ രാജലക്ഷ്‌മി എഴുതി-``ഭാഷയോടുള്ള, ആത്മബന്ധം, ഉപേക്ഷിച്ചിരിക്കുന്നു, ഏതു പദവും, നിര്‍മ്മമതയോടെ, ഉപയോഗിക്കാന്‍, എനിക്കാവുന്നു, പദങ്ങള്‍ ചൂണ്ടുപലക, പദങ്ങള്‍, കറ്റച്ചൂട്ട്''. മലയാള അക്ഷരങ്ങള്‍ രാജലക്ഷ്‌മിയെ കാണുമ്പോള്‍ പ്രാണഭയത്താല്‍ ഓടിയൊളിക്കാതിരിക്കില്ല. ``ചിത കത്തിത്തീരും വരേക്കു നമ്മള്‍, ചിതമായ് പെരുമാറാം ദോഷമില്ല''എന്ന് (ചാക്കാല) കടമ്മനിട്ട എഴുതിയത് രാജലക്ഷ്‌മിയുടെ കാവ്യപ്രേതത്തെ മുന്‍കൂട്ടികണ്ടിട്ടാകാം.
ബാലകൃഷ്‌ണന്‍ മൊകേരിയുടെ `കാവ്യനീതി'യുടെ ആദ്യവരി കാവ്യജൂസുപോലെ മധുരമാണ്-``മരമാണ് രാവണന്‍''. തുടര്‍ന്നുള്ള വരികള്‍ മധുരമാണെന്ന് തെറ്റിദ്ധരിച്ച് അകത്താക്കാതിരിക്കുക.``വനനാശം രാജനീതി താന്‍, അവനീനാശമതില്‍പരം, കാവ്യനീതി നമുക്കാശ, മരമാകുന്നു രാവണന്‍''-എന്നിങ്ങനെ കവിതയിലൂടെയല്ലാതെ കാവ്യശില്‍പത്തിലൂടെ കവി കരയുമ്പോള്‍ വായനക്കാര്‍ കാതുകള്‍ മാത്രമല്ല കണ്ണുകളും പൊത്തും. പദതാളത്തില്‍ രമിക്കാതെ കാവ്യദൃശ്യം അനാവരണം ചെയ്യാനുള്ള ജാഗ്രതയാണ് ബാലകൃഷ്‌ണനെപോലുള്ള എഴുത്തുകാര്‍ക്ക് നഷ്‌ടമാകുന്നത്.
ശ്രീഹരിയുടെ വിലാപം-``പുസ്‌തകമേ, പുനര്‍ജ്ജനിക്കായി, പ്രാര്‍ത്ഥിക്കുന്നുണ്ട്, പുസ്‌തകമേളകള്‍''. ശ്രീഹരിയുടെ പേനത്തുമ്പില്‍ വിരിഞ്ഞത് കാവ്യചഷകമല്ല; കുരുഡാനാണ്. ഭാവനയെ തീപിടിപ്പിച്ച ഒരു അനുഭവം- എന്നൊരിടത്ത് റൊളാങ് ബാര്‍ത്ത് എഴുതിയിട്ടുണ്ട്. ശ്രീഹരി അതിനെ വായനക്കാരന്റെ നെഞ്ചിലേക്ക് കുത്തിയിറക്കുന്ന വാരിക്കുന്തമാക്കുന്നു.
കവിതയുടെ ശവഘോഷയാത്രയില്‍ നിന്നും മാറിനില്‍ക്കുന്ന എഴുത്തുകാരുടെ സാന്നിദ്ധ്യവും മലയാളത്തിലുണ്ട്. അവരുടെ നിരയില്‍ വിജയലക്ഷ്‌മി നില്‍ക്കുന്നതിങ്ങനെ:``ഉച്ചരിക്കാത്ത വാക്കിന്റെ, ചൂടായ് മാറാത്ത രാപ്പനി, ദൂരദൂരം പറന്നിട്ടും, കൊമ്പത്തെത്താത്ത കാക്കകള്‍ ''-(പറന്നിട്ടും- മാതൃഭൂമി, ജൂണ്‍ 21).തന്‍ ചിതയ്‌ക്ക് സ്വയം തീകൊളുത്തുന്ന ജന്മത്തെപ്പറ്റി ഹൃദ്യമായൊരു ചിത്രം വിജയലക്ഷ്‌മി വരച്ചിടുന്നു.
പുതുവഴി
പുതുവഴിയില്‍ വഴി (അലി കെ.വാളാട്),രണ്ടു കവിതകള്‍ (അബ്ദുള്ള നസീഫ്), മൂന്നുകവിതകള്‍(ഇ.എം.ഹസ്സന്‍) എന്നീ രചനകളാണ് ഉള്‍പ്പെടുത്തിയത്. ജനനം മുതല്‍ മരണംവരെ ഒരാളോടൊപ്പം നടക്കുന്ന വഴിയെക്കുറിച്ചാണ് അലി എഴുതിയത്. മനുഷ്യന്റെ മറുപുറം കാണാനുള്ള വെമ്പലാണ് അബ്‌ദുള്ള നസീഫിന്. അന്ത്യയാത്രയുമായി ബന്ധപ്പെട്ടാണ് ഇ.എം.ഹസ്സന്‍ ചിന്തിക്കുന്നത്. ഈ എഴുത്തുകാര്‍ക്ക് ജീവിതത്തില്‍ ഇടപെടണമെന്ന മോഹമുണ്ട്. കവിതയുടെ പ്രമേയങ്ങളില്‍ ഈ ധാരകളുമുണ്ട്. പക്ഷേ കവിതയെഴുത്തിന്റെ കരപറ്റാന്‍ അലിക്കും അബ്‌ദുള്ളക്കും ഹസ്സനും നടക്കാനുള്ള ദൂരം ആര്‍ക്കും തിട്ടപ്പെടുത്താന്‍ കഴിയില്ല. കവിത കണ്ണാടിയായി കണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍, വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്: 'ചെറ്റയാംവിടന്‍ ഞാനെനിമേല്‍, കഷ്‌ടമെങ്ങനെ കണ്ണാടിനോക്കും??. ഈ വരികള്‍ പുതുവഴിയിലെ എഴുത്തുകാര്‍ക്കും ബാധകമാണ്. അക്ഷരങ്ങളെ കഴുത്തുഞെരിച്ചു കൊല്ലുന്നതിനും, പേനയില്‍ കാളകൂടം നിറയ്‌ക്കുന്നതിനും ഉത്തമോദാഹരണമാണ് പുതുവഴിയില്‍ ചേര്‍ത്ത കവിതാരൂപങ്ങള്‍.
സൂചന: ഖലീല്‍ജിബ്രാന്റെയും റൂമിയുടെയും നാട്ടുകാര്‍ മലയാളം വായിക്കാന്‍ പഠിച്ചാല്‍, അവരില്‍ പലര്‍ക്കും ഹൃദയസ്‌തംഭനം വരും. രോഗകാരണം വടക്കന്‍കവികളുടെ പുസ്‌തകങ്ങളല്ലാതെ മറ്റൊന്നായിരിക്കില്ല.
-നിബ്ബ്, ചന്ദ്രിക വാരാന്തപ്പതിപ്പ് 21/6
കവിതകള്
വഴി
അലി കെ. വാളാട്
വളഞ്ഞും തിരിഞ്ഞും
ചിലപ്പോള്‍ നേരെയുംവഴികള്‍
പലതായിപിരിഞ്ഞു പോകുന്നു.
ദൂരക്കാഴ്‌ചയില്‍മണ്ണിരയെപ്പോലെ പുളഞ്ഞും.
അടുക്കുമ്പോള്‍ അകന്നകന്ന്‌അഹങ്കരിക്കുന്നു വഴി.
നടന്നകലുമ്പോള്‍പലതിനും
സാക്ഷിയായ്‌ഓര്‍മ്മയെ വിലക്കെടുത്ത്
വഴിനീളെ നാഴികക്കല്ലുകള്‍.വഴിമുട്ടിയും
പുതിയവ തുറന്നുംനടന്ന് തീര്‍ക്കുമ്പോള്‍ഉ
ടലിലേറ്റാന്‍ കഴിയാത്ത ദൂരമായി
മനസ്സില്‍ കനക്കും.
ഒരു വഴി അവസാനംമറ്റൊരു വഴി തുടക്കം.
തീരാതെ മനസ്സില്‍ വഴി
വീണ്ടുംനീണ്ടും നിവര്‍ന്നും.വളഞ്ഞും
തിരിഞ്ഞും വഴിഇടകലര്‍ന്നു നീളുമ്പോള്‍ജീവിതത്തിനുപമയായിവഴിയമ്പലങ്ങള്‍.
ഇനി നിത്യശാന്തിക്ക് പാഥേയമൊരുക്കാം
അന്ത്യയാത്രക്കായ് അല്‌പം കാത്തിരിക്കാം.
രണ്ട് കവിതകള്
അബ്ദുള്ള നസീഫ് എസ്.എ
(എന്‍.എസ്. എസ് കോളജ്, മഞ്ചേരി)ആര്‍ക്കറിയാം
സന്തോഷംഅതിരുവിടുമ്പോള്‍,
കരയാറുണ്ട്‌എന്നാല്‍,
സങ്കടംഏതറ്റം കണ്ടാലുംചിരിപ്പിക്കാറില്ല,
എന്താണാവോ? ആര്‍ക്കറിയാം.
ഇനി
ഇനിയൊരിക്കലും
ഞാന്‍കള്ളം പറയില്ല
അതിരാവിലെ, ഞാന്‍പ്രതിജ്ഞയെടുത്തു.
രാത്രി മെത്തയില്‍കിടന്നു ഞാനോര്‍ത്തു.
ഇങ്ങനെയെത്ര കള്ളം!
ഇനിയെത്ര കള്ളം,ഇല്ലെയില്ല,
ഇനിയൊരിക്കലുംഇങ്ങനെ പറയില്ല.
മൂന്നു കവിതകള്
ഇ. എം. ഹസ്സന്
യാത്ര
എത്ര വിചിത്രമെന്‍ യാത്ര
സത്രമൊഴിഞ്ഞു.
മിത്രങ്ങളെ വെടിഞ്ഞു.
പുത്രകളത്രാദികളാരു-
മില്ലാത്തേടത്തേക്കൊരു യാത്ര.
ഭവനം
കുടുസ്സായ കല്ലറഇല്ല,
അറയില്‍തെല്ലുംവെളിച്ചം,
തെളിച്ചംകാറ്റില്ല,
പറ്റിയസീറ്റില്ല,
ഉറ്റവരുടയവരില്ല.
കൂട്ടുകാര്
സല്‍ക്കര്‍മ്മങ്ങള്
സല്‍സന്താനങ്ങള്
സദഖകള്‍ അല്ലാതൊന്നും
ഒട്ടുമേ കൂട്ടിനില്ലതിട്ടം
ചിട്ടയോടെ ചരിക്കൂ.
Friday, June 12, 2009
നിബ്ബ്- പംക്തി
പുതുകവിതയിലെ പുഴുക്കുത്തുകള്
മലയാളസാഹിത്യം കവികളുടെ എണ്ണപ്പെരുപ്പം കൊണ്ട് സമ്പന്നമാണ്. പക്ഷേ, ഭാവുകത്വ നിശ്ചലതയെ ചോദ്യംചെയ്യാന്‍ യുവകവികള്‍പോലും തയ്യാറാകുന്നില്ല. എഴുപതുകളിലെ പ്രക്ഷുബ്‌ധതയ്‌ക്കപ്പുറം മലയാളകവിതയില്‍ പാരമ്പര്യം തിരുത്തിക്കുറിക്കാനുള്ള ആര്‍ജ്ജവം പാടെ ഉപേക്ഷിച്ചത് കവികളാണ്. ബംഗാളും പിതൃയാനവും പതിനെട്ടുകവിതകളും ചിത്തരോഗാശുപത്രിയിലെ ഭ്രാന്തന്‍കുറിപ്പുകളും രചനകളിലൂടെ അതിവര്‍ത്തിച്ച പുതുകവികളുടെ നിരയില്‍ മോഹനകൃഷ്‌ണന്‍ കാലടി, റഫീഖ് അഹ്‌മദ്, വി. എം. ഗിരിജ, പി. എം. ഗോപീകൃഷ്‌ണന്‍, കെ. വീരാന്‍കുട്ടി, കെ. ആര്‍. ടോണി, പവിത്രന്‍ തീക്കുനി, ശിവദാസ് പുറമേരി, എം. ആര്‍. രേണുകുമാര്‍, ഗഫൂര്‍ കരുവണ്ണൂര്‍, ശൈലന്‍ എന്നിങ്ങനെ ചുരുക്കം പേരുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വായനക്കാരുടെ അക്ഷരബോധത്തിനപ്പുറം കവിതയുടെ മിന്നലാട്ടം നിഴലിക്കുന്ന രചനകള്‍ കുറയുന്നു. കവിതയെഴുത്ത് സൂത്രപ്പണ്ണിയായി കണ്ടെടുക്കുന്ന എഴുത്തുകാരില്‍ നിന്നും പുതിയ കാവ്യപ്രവണത രൂപപ്പെടാനുള്ള സാധ്യതയും വിരളമാണ്.
രചനാപരമായ നവീകരണത്തിനു പകരം ഭാഷാപ്രയോഗത്തില്‍ ഊറ്റംകൊള്ളുകയാണ് പിന്മുറക്കാരും. എതിരെഴുത്ത്, വേറിട്ടൊരു കാഴ്‌ച, പുതിയൊരു താളം തുടങ്ങിയവ കൊണ്ട് വായനക്കാരുടെ മനസ്സ് പൊള്ളിക്കുന്ന രചനകള്‍ മലയാളത്തിലെ പുതുകവിതയില്‍ വിരളമാണ്. വ്യവസ്ഥാപിത ഭാഷാപ്രയോഗത്തോടും ആശയധാരയോടും കലഹിക്കുന്നതിനു പകരം നിഴല്‍ക്കവിതകളില്‍ അഭിരമിക്കുന്നവരുടെ നീണ്ടനിരയാണ് മലയാളകവിതയുടെ മുന്നില്‍നില്‍ക്കുന്നത്.
കുറുങ്കവിതകളുടെ വിശാലമായ പാരമ്പര്യം മലയാളത്തിലുണ്ട്. പലപ്പോഴും അവ സാംസ്‌കാരിക വിമര്‍ശനത്തിന്റെ അടയാളവുമായിരുന്നു. കവിതയുടെ രൂപത്തില്‍ മാത്രമല്ല, അകമെഴുത്തിലും ഇടഞ്ഞുനില്‍പ്പിന്റെ താളവും ഭാവവും പതിയണം.
-ചന്ദ്രിക വാരാന്തപ്പതിപ്പ് 7/6/09
Tuesday, June 09, 2009
നിബ്ബ്- പംക്തി
അക്ഷരങ്ങള്‍ കൂട്ടിയെഴുതാന്‍ മാത്രമായി കവിത കണ്ടെടുക്കുന്നവരുടെ നീണ്ടനിര തന്നെ മലയാളകവിതയുടെ മുന്‍നിരയിലുണ്ട്. പുതിയ എഴുത്തുകാര്‍ കവിതയില്‍ പ്രകടിപ്പിക്കുന്ന നിസ്സംഗതയ്‌ക്ക് മികച്ച ഉദാഹരണമാണ് പി. രാമന്റെ ``രണ്ടു കവിതകള്‍''- (മാതൃഭൂമി ആഴ്‌ചപ്പതിപ്പ്-ജൂണ്‍7). ``ഉറങ്ങണം എന്ന് നിര്‍ബന്ധമായതുകൊണ്ട്, ഉറക്കം നഷ്‌ടപ്പെട്ട മുഴുവന്‍ രാത്രികളെയും പുച്ഛിച്ചു തള്ളി'' എന്നിങ്ങനെ രാമന്റെ കവിത വായിച്ചു തുടങ്ങുന്നവര്‍ പിന്തിരിഞ്ഞു നോക്കാന്‍പോലും ധൈര്യമില്ലാതെ ഓടി രക്ഷപ്പെടും. പി. രാമനൊക്കെ കവിത എഴുതുന്നത് പേന കൊണ്ടല്ല, പിക്കാസുകൊണ്ടാണെന്നതിന് ഇതിലും വലിയ തെളിവ് മറ്റൊന്നുവേണോ?
``ആകാശം വേഗം വന്ന്, ഭൂമിയുടെ കണ്ണ് പൊത്തിയതാണ്, വിറങ്ങലിച്ച ദൂര വൃക്ഷങ്ങള്‍, നടക്കാന്‍ മറന്ന, മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നു''- (ആവി എന്ന കവിത- ബിജോയ് ചന്ദ്രന്‍, സമയം മാസിക മെയ് 09). ``ചിറകില്ലാത്ത പറവയില്‍, ആകാശത്തിന്റെ ചില്ല, മുളപ്പിച്ചെടുക്കുന്നൊരു സ്വപ്‌നത്തിനിടയില്‍''- നൗഷാദ് പത്തനാപുരത്തിന്റെ ?കൊളസ്‌ട്രോള്‍' എന്ന കവിത.(സമയം മാസിക-മെയ്09). ഈ രചനകള്‍ മനസ്സിരുത്തി വായിച്ചതിനു ശേഷം പ്രസിദ്ധീകരണത്തിന് അയച്ചിരുന്നെങ്കില്‍ കവിതയോട് ഏറെഅടുത്തുനില്‍ക്കാതിരിക്കില്ല.
വ്യവസ്ഥയുടെ മറുപുറം കാഴ്‌ചയിലേക്കുള്ള നിറവാണ് കവിത. വാക്കിന്റെ അര്‍ത്ഥഗരിമയുടെ ആഴക്കാഴ്‌ചയില്‍ എഴുത്തുകാര്‍ വിസ്‌മയിച്ചതും മറ്റൊന്നല്ല. പുതിയ കവിതയെഴുത്തുകാര്‍ക്ക് വാക്കുകള്‍ ഗണിതക്ലാസ്സിലെ അക്കങ്ങളായി മാറുന്നു. സബിത ടി. പി.യുടെ കവിതയില്‍ എഴുതി: : ജയിലിനുള്ളിലേക്ക്, വിപ്ലവംപോലെ മെലിഞ്ഞ്, ചിന്നിച്ചിതറിയെത്തിയ, ഒറ്റയൊറ്റ സൂര്യരശ്‌മികള്‍, അമ്പരപ്പോടെ ചോദിച്ചു.''- (ബിനായക് സെന്നിന്- മാതൃഭൂമി,മെയ് 31). ആലങ്കാരിക സൂചകങ്ങളാവാം. പക്ഷേ, അവ വരച്ചിടുന്ന ഭാവുകത്വം തിരിച്ചറിയുമ്പോഴാണ് എഴുത്തുകാരുടെ മാധ്യമാവബോധം പ്രതിഫലിക്കുന്നത്. സബിതയുടെ രചനയില്‍ ഇല്ലാത്തതും കവിമനസ്സിന്റെ ജാഗ്രതയാണ്.
- ചന്ദ്രിക വാരാന്തപ്പതിപ്പ്
Friday, June 05, 2009
പുതുകവിത
പക്ഷേ, ഭാവുകത്വ നിശ്ചലതയെ ചോദ്യംചെയ്യാന്‍ യുവകവികള്‍പോലും തയ്യാറാകുന്നില്ല. എഴുപതുകളിലെ പ്രക്ഷുബ്‌ധതയ്‌ക്കപ്പുറം മലയാളകവിതയില്‍ പാരമ്പര്യം തിരുത്തിക്കുറിക്കാനുള്ള ആര്‍ജ്ജവം പാടെ ഉപേക്ഷിച്ചത് കവികളാണ്. ബംഗാളും പിതൃയാനവും പതിനെട്ടുകവിതകളും ചിത്തരോഗാശുപത്രിയിലെ ഭ്രാന്തന്‍കുറിപ്പുകളും രചനകളിലൂടെ അതിവര്‍ത്തിച്ച പുതുകവികളുടെ നിരയില്‍ മോഹനകൃഷ്‌ണന്‍ കാലടി, റഫീഖ് അഹ്‌മദ്, വി. എം. ഗിരിജ,
പി. എം. ഗോപീകൃഷ്‌ണന്‍, കെ. വീരാന്‍കുട്ടി, കെ. ആര്‍. ടോണി, പവിത്രന്‍ തീക്കുനി, ശിവദാസ് പുറമേരി, എം. ആര്‍. രേണുകുമാര്‍, ഗഫൂര്‍ കരുവണ്ണൂര്‍, ശൈലന്‍ എന്നിങ്ങനെ ചുരുക്കം പേരുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍
വായനക്കാരുടെ അക്ഷരബോധത്തിനപ്പുറം കവിതയുടെ മിന്നലാട്ടം നിഴലിക്കുന്ന രചനകള്‍ കുറയുന്നു.
കവിതയെഴുത്ത് സൂത്രപ്പണ്ണിയായി കണ്ടെടുക്കുന്ന എഴുത്തുകാരില്‍ നിന്നും പുതിയ കാവ്യപ്രവണത രൂപപ്പെടാനുള്ള സാധ്യതയും വിരളമാണ്. രചനാപരമായ നവീകരണത്തിനു പകരം ഭാഷാപ്രയോഗത്തില്‍ ഊറ്റംകൊള്ളുകയാണ് പിന്മുറക്കാരും. എതിരെഴുത്ത്, വേറിട്ടൊരു കാഴ്‌ച, പുതിയൊരു താളം തുടങ്ങിയവ കൊണ്ട് വായനക്കാരുടെ മനസ്സ് പൊള്ളിക്കുന്ന രചനകള്‍ മലയാളത്തിലെ പുതുകവിതയില്‍ വിരളമാണ്.
വ്യവസ്ഥാപിത ഭാഷാപ്രയോഗത്തോടും ആശയധാരയോടും കലഹിക്കുന്നതിനു പകരം നിഴല്‍ക്കവിതകളില്‍ അഭിരമിക്കുന്നവരുടെ നീണ്ടനിരയാണ് മലയാളകവിതയുടെ മുന്നില്‍നില്‍ക്കുന്നത്. കുറുങ്കവിതകളുടെ വിശാലമായ പാരമ്പര്യം മലയാളത്തിലുണ്ട്. പലപ്പോഴും അവ സാംസ്‌കാരിക വിമര്‍ശനത്തിന്റെ അടയാളവുമായിരുന്നു. കവിതയുടെ രൂപത്തില്‍ മാത്രമല്ല, അകമെഴുത്തിലും ഇടഞ്ഞുനില്‍പ്പിന്റെ താളവും ഭാവവും പതിയണം.
-ചന്ദ്രിക വാരാന്തപ്പതിപ്പ്
Wednesday, June 03, 2009
ഭൂമിമലയാളം
സിനിമയെ കലാപത്തിന്റെയും പ്രതിരോധത്തിന്റെയും മാര്‍ഗ്ഗമായി കണ്ടെടുക്കുന്ന ടി.വി.ചന്ദ്രന്‍ വ്യത്യസ്‌ത കാലങ്ങളിലും ദേശങ്ങളിലും ജീവിക്കുന്ന ഏഴു പെണ്‍കുട്ടികളിലൂടെയാണ് കേരളീയ ജീവിതത്തിന്റെ ദുരന്തമുഖം അനാവരണം ചെയ്യുന്നത്. സ്‌ത്രീ ജീവിതം ചോദ്യചിഹ്നമാക്കി നിര്‍ത്തുന്ന പതിവു വഴക്കം `ഭൂമിമലയാള'ത്തിലും ടി.വി. ചന്ദ്രന്‍ തെറ്റിക്കുന്നില്ല. സൂസന്നമാരും മങ്കമ്മമാരും പിന്തുടര്‍ന്ന പാതയിലേക്ക് ഒരുപറ്റം പെണ്‍കുട്ടികള്‍ വന്നുനിറയുകയാണ് ഈ ചിത്രത്തില്‍. അവര്‍ ഓരോരുത്തരും നേരിടുന്ന പ്രതിസന്ധികള്‍ അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. അധികാരത്തിന്റെയും പുരുഷന്റെയും ചൂഷണം. ഭൂമിമലയാളത്തിലെ നിര്‍മ്മലയും ആനിജോസഫും എല്ലാം സാഹചര്യത്തിന്റെ ഇരകളാണ്. മീനാക്ഷി, സതി, ജാനകി, ഫൗസിയ, ആനിജോസഫ്, ആന്‍സി വര്‍ക്കി, നിര്‍മ്മല എന്നിവര്‍ ഓരോ ദേശത്തിന്റെയും പ്രതിനിധികളാണ്. ഇവരുടെ മനസ്സുകള്‍ പങ്കുപറ്റുന്ന ഏകവികാരം ഭയമാണ്. അധികാരിവര്‍ഗ്ഗത്തിനെതിരെ പടയൊരുക്കം നടത്തിയ അനന്തന്‍ മാസ്റ്ററുടെ ഭാര്യ മീനാക്ഷി, അടിസ്ഥാനവര്‍ഗ്ഗത്തിന്റെ മോചനത്തിനായി ഇറങ്ങിപ്പുറപ്പെട്ട ഭര്‍ത്താവിന്റെ തിരിച്ചുവരവും കാത്തിരിക്കുന്ന ഗര്‍ഭിണിയാണ്. ഒറ്റപ്പെട്ടരാത്രിയുടെ ഉത്‌കണ്‌ഠയും ആധിയും വഹിക്കുന്ന മീനാക്ഷിക്ക് ഭര്‍ത്താവ് അനന്തന്‍ മാസ്റ്ററെ തിരിച്ചുകിട്ടുന്നില്ല. അധികാരിയുടെ നീതി നടപ്പാക്കിയ പോലീസിന്റെ വെടിയേറ്റ് അനന്തന്‍ മാസ്റ്ററും തില്ലങ്കേരിയിലെ സഖാക്കളും മരണം വരിക്കുന്നു. കേരളചരിത്രത്തില്‍ കമ്മ്യൂണിസം നേരിട്ട വെല്ലുവിളികളില്‍ നിന്നും സ്‌ത്രീമനസ്സുകളും വിട്ടുനില്‍ക്കുന്നില്ല. തില്ലങ്കേരി സംഭവം ഉള്‍പ്പെടെ അധികാരിവര്‍ഗ്ഗത്തിന്റെ ചൂഷണത്തിനെതിരെ പടപൊരുതിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ത്യാഗോജ്ജ്വലമുന്നേറ്റത്തില്‍ നിലംപതിക്കുന്നത് പുരുഷന്മാര്‍ മാത്രമല്ല, മീനാക്ഷിമാരുമാണ്. അവരുടെ കാത്തിരിപ്പ്, ഉത്‌കണ്‌ഠയ്‌ക്ക് ശമനമില്ല. വലിയൊരു സമരപാതയിലാണ് സ്‌ത്രീജീവിതങ്ങളും.
1948-ല്‍ തില്ലങ്കേരിയില്‍ ഭൂവുടകളുടെ കിരാതവാഴ്‌ചയെ നേരിടാന്‍ തയ്യാറെടുക്കുന്ന തൊഴിലാളിവര്‍ഗ്ഗം. അവര്‍ക്ക് മാര്‍ഗ്ഗം ദര്‍ശകനായി അനന്തന്‍ മാസ്റ്ററും. അധികാരികളുടെ കണ്ണിലെ കരടായി മാറിയ അനന്തന്‍ മാസ്റ്ററെയും സംഘത്തെയും വകവരുത്താന്‍ തന്ത്രങ്ങള്‍ മെനയുന്ന ജന്മിമാരും പോലീസ്സും. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനെ നാട്ടിലെങ്ങറും പ്രതിഷേധത്തിന്റെ ഇരമ്പം. `കോണ്‍ഗ്രസ് ഭരണം മര്‍ദ്ദക ഭരണം..' കോണ്‍ഗ്രസ്സിനും നെഹ്‌റുവിനുമെതിരെ പ്രകടനം നടത്തിയ തൊഴിലാളികള്‍ക്കു നേരെ പോലീസ് നിറയൊഴിച്ചു. മരിച്ചുവീണത് അനന്തന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ നിരവധി സഖാക്കള്‍. മര്‍ദ്ദകര്‍ക്കെതിരെയുള്ള സമരത്തിന് ഇറങ്ങിപ്പുറപ്പെട്ട ഭര്‍ത്താവിനെ കാത്തരിക്കുകയായിരുന്നു മീനാക്ഷി. അവള്‍ അനുഭവിക്കുന്ന വേവലാതി ഇന്നും തുടരുന്നു. തിരിച്ചുവരാത്തവര്‍ക്കായി വവിയിലേക്ക് കണ്ണുംനട്ടിരിക്കാന്‍ വിധിക്കപ്പെട്ട സ്‌ത്രീജീവിതങ്ങളുടെ അകംനീറ്റലാണ് സംവിധായകന്‍ വടക്കേമലബാറിലെ മീനാക്ഷിയിലൂടെ പറയുന്നത്. നിര്‍മ്മലയ്‌ക്ക് നേര്‍ക്കാനുള്ളത് തലശ്ശേരിയിലെ രാഷ്‌ട്രീയകലാപമാണ്. കണ്‍മുമ്പില്‍ വെട്ടിവീഴുത്തുന്ന യൗവ്വനങ്ങളുടെ ചോരപ്പാടുകള്‍. നിര്‍മ്മലയുടെ അനുജനും പകപോക്കലിന്റെ കുരുതിയില്‍ പിടഞ്ഞുമരിക്കുന്നു. ജന്മിക്ക് പകരംമതഭ്രാമ്‌തും കാവിരാഷ്‌ട്രീയവുമാണ് പുതിയകാലത്തിന്റെ കലാപം വിതയ്‌ക്കുന്നത്. എല്ലാം നേര്‍ക്കാനും എതിര്‍ക്കാനും വര്‍ഗ്ഗാവബോധത്തിന്റെ പ്രവര്‍ത്തകരും. അവര്‍ക്കു സംഭവിക്കുന്ന ഓരോ മുറിപ്പാടുകളും നീറ്റലായി എതിരേക്കേണ്ടിവരുന്ന നിര്‍മ്മലമാര്‍ സമകാലീന കേരളത്തിന്റെ ചിത്രത്തിലുണ്ട്.
മനുഷ്യസത്തയുടെ സനാതനമായ സ്ഥിരീകരണത്തിലേക്ക് `ഭൂമിമലയാള'ത്തിന്റെ ഫ്രെയിമുകള്‍ നീണ്ടുചെല്ലുന്നു.കുടിയേറ്റ മേഖലയിലെ കര്‍ഷകജീവിതത്തിന്റെ പൊള്ളുന്ന മനസ്സാണ് ആനിജോസഫിലൂടെ പ്രതിഫലിപ്പിക്കുന്നത്. ലോങ്‌ജംബ് താരമായി ആനിജോസഫ് ഹൈറേഞ്ചിലെ കടക്കെണിയുടെ ഇരയാണ്. സ്‌പോര്‍ട്‌സില്‍ തിളങ്ങിയ ആനിയുടെ ജീവിതം പണയപ്പെടലിന്റെ ഉപഭോഗസംസ്‌കാരത്തിലേക്ക് പതിക്കുന്നു. സ്‌ത്രീയെ അവള്‍ അര്‍ഹിക്കുന്ന നിലയില്‍ പുലരാന്‍ അനുവദിക്കാത്ത വ്യവസ്ഥിതിക്ക് നേരെ പ്രതികരിക്കുന്ന കഥാപാത്രങ്ങളാണ് ആനിജോസഫും ഫൗസിയയും. ആനിക്ക് ലോംങ്‌ജംബ് താരമാകുക എന്ന സ്വപ്‌നം ഉപേക്ഷിക്കേണ്ടി വരുന്നു. സ്‌ത്രീ വെച്ചുവിളമ്പാനും കൂടെക്കിടക്കാനുമുള്ള ഉപകരണം മാത്രമായി കഴിയുന്ന ഭര്‍ത്താവിന്റെ വിളിപ്പുറത്ത് ജീവിക്കേണ്ടി വരുന്ന ആനി ജോസഫ് സ്വാതന്ത്ര്യത്തിലേക്കു കുതിക്കുന്നു. പക്ഷേ, അവളുടെ ചാട്ടം ഫലവത്താകുമോ എന്നൊരു ചോദ്യം `ഭൂമിമലയാള'ത്തിന്റെ തിരശ്ശീലയില്‍ വീണുകിടപ്പുണ്ട്. ചാനല്‍ റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന ഫൗസിയ നേരിടുന്നത് തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നെ. ആക്‌ടിവിസ്റ്റായ ഫൗസിയ ചാനല്‍റിപ്പോര്‍ട്ട് സാമൂഹ്യ ഇടപെടലിന്റെ ഇടക്കണ്ണിയായി കണ്ടെടുക്കുന്നു. നിര്‍മ്മലയുടെ ദുരിതവും കാമ്പസ്സുകളിലെ പ്രശ്‌നങ്ങളും ഇടവകകളിലെ അധികാരതര്‍ക്കങ്ങളും റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന ഫൗസിയയും ക്യാമറ കൈകാര്യം ചെയ്യുന്ന ഷര്‍മ്മിളയും സാഹസികരംഗങ്ങളെ നേര്‍ക്കുന്നുണ്ട്. ഫൗസിയയുടെ ജോലിക്ക് മുഖ്യ തടസ്സമാകുന്നത് ഭര്‍ത്തൃപിതാവാണ്. അയാള്‍ മുസ്‌ലിം പെണ്‍കുട്ടി ജോലി പോകുന്നത് അംഗീകരിക്കാന്‍ കഴിയുന്നില്ല. പിതാവിന്റെ നിര്‍ദേശത്തിന് അനുസരിക്കുന്നതിലാണ് വിദേശത്ത് ജോലിചെയ്യുന്ന ഫൗസിയയുടെ ഭര്‍ത്താവിനും കമ്പം. ഒടുവില്‍ ഭര്‍ത്താവില്‍ നിന്നും മോചിതയാവാനും ഫൗസിയ താല്‌പര്യം പ്രകടിപ്പിക്കുന്നു.
`ഭൂമിമലയാള'ത്തിന്റെ അകവഴിയില്‍ ഇനിയും വേരുറപ്പുള്ള സ്‌ത്രീ മുഖങ്ങളുണ്ട്. പട്ടാളക്കാരനായ കാമുകന്റെ മരണവാര്‍ത്ത എതിരേല്‍ക്കുന്ന സതി. പോലീസ്സുകാര്‍ ഓടിച്ച് പുഴയിലേക്ക് എടുത്തുചാടിയ, നീന്തലറിയാത്ത യുവാവിന്റെ മുങ്ങിമരണത്തിന് കണ്‍നേര്‍ക്കുന്ന പെണ്‍കുട്ടി, ചേര്‍ത്തലയിലെ ജന്മി ജീവനോടെ ചെളിയിലേക്ക് ചവുട്ടിത്താഴ്‌ത്തിയ പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്ത് ഉല്‍കണ്‌ഠപ്പെടുന്ന ആന്‍സി വര്‍ക്കി. പുരുഷ ചൂഷണത്തോട് കലഹിക്കുകയും പേടിയുടെ തടവറിയില്‍ എരിയുകയും ചെയ്യുകയാണ് ആന്‍സി വര്‍ക്കി. അവള്‍ ഒരു ഘട്ടത്തില്‍ പിതാവിനെ ചോദ്യം ചെയ്യാനും മടിക്കുന്നില്ല. കാസര്‍കോട് മുതല്‍ പാറശ്ശാല വരെയുള്ള പെണ്‍ലോകത്തെ പ്രതിനിധാനം ചെയ്യുന്ന ഇവര്‍ അഭിമുഖീകരിക്കുന്നത് ലിംഗനീതി സംബന്ധിച്ചുള്ള ചോദ്യങ്ങളാണ്.
സാമ്പ്രദായിക മാമൂലുകളിലേക്കും പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കും സുതാര്യമായ രീതിയിലൂടെ ഇറങ്ങിനില്‍ക്കുന്ന സംവിധായകന്റെ ക്യാമറക്കാഴ്‌ച ഭൂമിമലയാളത്തിലുണ്ട്. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫൈന്‍ ദുരന്തം, കേരളത്തില്‍ നടന്ന കര്‍ഷക ആത്മഹത്യ, പുഴയില്‍ മരിച്ച യുവാവിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച സഹായധനം കൈപ്പറ്റാന്‍ സെക്രട്ടേറിയറ്റിലേക്ക് തീരായാത്ര നടത്തുന്ന ഗോപിയാശാന്‍ (വേണു) തുടങ്ങി നിരവധി സന്ദര്‍ഭങ്ങളിലും സാമൂഹികാവസ്ഥയുടെ പ്രതിഫനം അടയാളപ്പെടുത്തുന്നു. ആറുപതിറ്റാണ്ടിന്റെ നേര്‍ക്കാഴ്‌ചയിലേക്ക് വികസിക്കുന്ന ഭൂമിമലയാളത്തിന്റെ ദൃശ്യപഥം സമകാലിക മലയാളസിനിമയിലെ ക്വട്ടേഷന്‍ സംസ്‌കാരത്തിനുള്ള എതിര്‍രേഖയുമാണ്.
സ്‌ത്രീയുടെ അനുഭവലോകത്തിന്റെ തുറന്ന ഫ്രെയിമുകളാണ് സിനിമയില്‍ ടി. വി. ചന്ദ്രന്‍ ഉപയോഗിച്ചിരിക്കുന്നത്. സ്‌ത്രീയുടെ വ്യക്തിത്വവും, സ്വാതന്ത്ര്യവും അസ്വസ്ഥജനകമായ മനസ്സും, ശരീരഭാഷയും പുരുഷനോട്ടങ്ങളും വിശകലനം ചെയ്യുന്ന സംവിധായകന്‍ മലയാളസിനിമ നിര്‍മ്മിക്കപ്പെട്ടുകഴിഞ്ഞ സ്‌ത്രീമുഖങ്ങളിലേക്കല്ല ക്യാമറ പിടിക്കുന്നത്. നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്‌ത്രീവ്യക്തിത്വങ്ങളിലേക്കാണ്. അഥവാ പുതിയ കാലത്തിന്റെ ഭാഗധേയം ഏറ്റെടുക്കാന്‍ തയ്യാറാകുന്ന പെണ്‍മലയാളത്തിലൂടെയാണ് യാത്ര ചെയ്യുന്നത്. ജാഗ്രതയോടൊപ്പം ഇടര്‍ച്ചകളും ഇഴചേര്‍ന്ന `ഭൂമിമലയാളം 'പ്രത്യശാസ്‌ത്ര സമീപനത്തിന്റെ ചിഹ്നസമന്വയമാണ്.
ആലീസിന്റെ അന്വേഷണം, മങ്കമ്മ, സൂസന്ന, പാഠം ഒന്ന് ഒരു വിലാപം, ആടും കൂത്ത്, വിലാപങ്ങള്‍ക്കപ്പുറം തുടങ്ങിയ ചിത്രങ്ങളില്‍ സംവിധാകന്‍ വരച്ചുചേര്‍ത്ത സ്‌ത്രീജീവിതത്തില്‍ നിന്നും പുതിയ സിനിമയിലെത്തുമ്പോള്‍ ചുറ്റിക്കറങ്ങുന്ന ക്യാമറയും ദൃശ്യാംശത്തില്‍ കാത്തുസൂക്ഷിക്കുന്ന ജാഗ്രതയും ഭൂമിമലയാളത്തിലും പിന്തുടരുന്നു. ഭൂമിമലയാളത്തില്‍ കാര്യങ്ങള്‍ സുതാര്യതയില്‍ അവതരിപ്പിക്കാനുള്ള ചലച്ചിത്രകാരന്റെ വെമ്പല്‍ ശ്രദ്ധേയമാണ്. സ്‌ത്രീപക്ഷ ചിത്രമെന്ന ഖ്യാതിയല്ല, ഭൂമിമലയാളത്തിന്‍രെ മേന്മ. ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും മാറിമാറി നോക്കുന്ന പ്രവണതയില്‍ നിന്നും ചരിത്രം മാറുന്നില്ല എന്ന തിരിച്ചറിവിലേക്കുള്ള കുതിപ്പാണ് ഈ സിനിമ. പുരുഷകാഴ്‌ചയില്‍ തളിര്‍ത്ത അധികാരഘടനയും അനീതിയുടെ സാക്ഷ്യപത്രങ്ങളും മനമുരുക്കത്തിന്റെ തിണര്‍പ്പുകളും പൊന്തന്‍മാട, ഡാനി, കഥാവശേഷന്‍ എന്നീ ചിത്രങ്ങളില്‍ ടി.വി.ചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. സംവിധായകന്റെ പ്രത്യയശാസ്‌ത്ര നിലപാടുകളുടെ നീട്ടിയും കു#െരുക്കിയുമുള്ള സെല്ലുലോയിഡ് ഭാഷ്യമാണ് ഓര്‍മ്മകളുണ്ടായിരിക്കണം എന്ന സിനിമ. സമൂഹത്തിന്റെ അകക്കണ്ണിലേക്ക് തീവ്രതയോടെ പതിക്കുന്ന ദൃശ്യരേഖയാണ് ഭൂമിമലയാളം. അതിവര്‍ത്തനത്തിന്റെയും പ്രതിബോധത്തിന്റെയും തിളച്ചുമറിയലിന്റെയും മൗനംകൊള്ളലിന്റെയും സമീപകാല ചലച്ചിത്രമുദ്ര. ഇനിയും പുലരേണ്ട നീതിക്കായി പോടാടുന്ന പെണ്‍മയുടെ ഭീതിയുടെയും ചെറുത്തുനില്‌പിന്റെയും ദൃശ്യാവിഷ്‌കാരം. ഈ സിനിമ ആരുടെ കാഴ്‌ചയിലേക്കാണ് കനല്‍ച്ചീലുകളെറിയുന്നത്? ചലച്ചിത്രകലയുടെ പുതിയ ദൗത്യ#ം ഉത്തരം നല്‌കലല്ല, ചോദ്യം ഉന്നയിക്കാനുള്ള സംവിധാകന്റെ കരളുറപ്പാണ്. ടി. വി. ചന്ദ്രന്റെ `ഭൂമിമലയാള'വും ഈ നിരയില്‍ നില്‌ക്കുന്നു.
Saturday, May 30, 2009
വായന
കാലഘട്ടത്തിലേക്കും ജീവിതത്തിലേക്കുമുള്ള ക്യാമറയുടെ ഇടപെടലാണ് സിനിമ. സൂക്ഷ്‌മതയോടെ ജീവിതത്തിന്റെ വൈവിദ്ധ്യങ്ങള്‍ പകര്‍ത്തെഴുതുന്ന ചലച്ചിത്രം പ്രേക്ഷക മനസ്സില്‍ അവബോധത്തിന്റെയും പാരസ്‌പര്യത്തിന്റെയും അടയാളമായി പതിഞ്ഞുനില്‍ക്കും. മധു കൈതപ്രത്തിന്റെ `ഏകാന്തം' എന്ന സിനിമയും തിരശ്ശീലയില്‍ എഴുതിച്ചേര്‍ത്തത് മറ്റൊന്നല്ല. അകംനോവിന്റെ ആഴക്കാഴ്‌ചകള്‍ മലയാളത്തില്‍ സംഭവിക്കുന്നത് വല്ലപ്പോഴുമാണ്. ആക്രിസിനിമകളും ക്വൊട്ട്വേഷന്‍ ചിത്രങ്ങളും ഉഴുതുമറിക്കുന്ന മലയാളത്തില്‍ മനുഷ്യപ്പറ്റിന്റെ ശീതളസ്‌പര്‍ശം വരദാനംപോലെയാണ് വന്നുനിറയുന്നത്. ആ നിരയിലൊന്നാണ് `ഏകാന്തം'. കാഴ്‌ചയില്‍ തങ്ങിനില്‍ക്കുന്ന ഫ്രെയിമുകളും തിയേറ്ററില്‍ നിന്നും കൂടെപ്പോരുന്ന കഥാപാത്രങ്ങളും ഓര്‍മ്മയില്‍ പതിയുന്ന സംഭാഷണങ്ങളും കൊണ്ട് സമ്പന്നമായ ഏകാന്തം സംവിധായകന്റെ ചിത്രമെന്നപോലെ തിരക്കഥാകൃത്തിന്റെയും ജിവിതമെഴുത്താണ്. ആലങ്കോട് ലീലാകൃഷ്‌ണന്‍ രചിച്ച `ഏകാന്തം' ദൃശ്യപഥത്തിലും വായനയിലും അനുഭവപ്പെടുത്തുന്നതും കണ്ടെടുക്കുന്നതിന്റെയും അവതരണത്തിന്റെയും കലയാണ്; കലോപാസനയാണ്.
ഒറ്റപ്പെടലിന്റെ പാഠപുസ്‌തകമാണ് ആലങ്കോട് ലീലാകൃഷ്‌ണന്റെ `ഏകാന്തം'എന്ന തിരക്കഥ. ബന്ധങ്ങളുടെ വേര്‍പ്പാടില്‍ മനസ്സുനീറുന്ന കുറെ മനുഷ്യരാണ് ഏകാന്തത്തിന്റെ തിരഭാഷയിലുള്ളത്. അവര്‍ ഓരോരുത്തരും അനുഭവിക്കുന്ന ജീവിതാവസ്ഥ വ്യത്യസ്‌തമാണ്. എങ്കിലും അവരെല്ലാം പങ്കുപറ്റുന്ന നൊമ്പരങ്ങള്‍ ഒന്നുതന്നെയാണ്. ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ നിനച്ചിരിക്കാതെ ഒറ്റപ്പെട്ടുപോകുമ്പോള്‍ പലരും പകച്ചുപോകുന്നു. സ്‌നേഹത്തിന്റെ പച്ചപ്പിലൂടെ അതിജീവനം കൊതിക്കുന്നവരുമുണ്ട്. ഏകാന്തത, വാര്‍ദ്ധക്യം, രോഗം തുടങ്ങിയ മനുഷ്യാവസ്ഥകളില്‍ ആരും ആഗ്രഹിച്ചുപോകുന്ന നിരുപാധിക സ്‌നേഹമാണ് `ഏകാന്ത'ത്തിന് അടിസ്ഥാനധാരയായി സ്വീകരിച്ചത്.``നീ പോയാല്‍ എനിക്കു പിന്നെ ആരാടോ ഉള്ളത്''?-(സീന്‍-2) എന്നിങ്ങനെ ഏകാന്തത്തിലെ കേന്ദ്രകഥാപാത്രമായ കെ. പി. എ. മേനോന്‍ (തിലകന്‍) ചോദിക്കുന്നുണ്ട്. ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കൊടുവില്‍ ജാതകം ഒഴുക്കുന്ന മേനോന്റെ ഓര്‍മ്മയുടെ നിറവിലാണ് ബന്ധങ്ങളുടെ അകവരമ്പിലൂടെ അയാള്‍ നടന്നുപോകുന്നത്. കെ. പി. എ. മേനോന് നഷ്‌ടപ്പെടുന്നത് ഭാര്യയും രാവുണ്ണി മേനോനു(മുരളി)മാണ്. രണ്ടുപേരും വിടവാങ്ങിയത് മരണത്തിലേക്കും. പിന്നെയും ജീവിതം താങ്ങി നടക്കുന്ന മേനോന്‍ ചിത്രാന്ത്യത്തില്‍ വിജനതയിലേക്ക് നോക്കിനില്‍ക്കുന്നു. ഒരുതരത്തിലുള്ള അലിഞ്ഞുചേരല്‍.ഏകാന്തത്തിലെ എല്ലാ കഥാപാത്രങ്ങളും മനംപൊള്ളുന്ന പാതയിലൂടെ നടന്നുപോകുന്നവരാണ്. അവര്‍ സ്‌നേഹം കൊതിക്കുന്നു. സാന്ത്വനത്തിന്റെ വിരല്‍സ്‌പര്‍ശം ആഗ്രഹിക്കുന്നു. വേഗതയോടൊപ്പം കുതിക്കാന്‍ വിധിക്കപ്പെട്ട ലോകത്ത് ഒറ്റപ്പെടുന്നവരുടെ മുറിപ്പാടുകള്‍ ആരാണ് തിരിച്ചറിയുന്നത്? അവരുടെ ഹൃദയവേപഥുകളിലേക്കാണ് ഏകാന്തത്തിന്റെ തിരക്കഥാകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. എഴുത്തിന്റെയും ദൃശ്യത്തിന്റെയും പാകപ്പെടുത്തലാണ് തിരക്കഥയുടെ മേന്മകളിലൊന്ന്. സാഹിത്യവും സിനിമയും ഇഴുകിച്ചേരുന്നതിന്റെ മനോഹാരിതയും ആത്മസ്‌പര്‍ശവും ഏകാന്തത്തിലുണ്ട്.
കോട്ടേപാടത്ത് പയ്യാനക്കല്‍ തറവാടും ഗ്രാമവും ഉള്ളുരുക്കം പേറുന്നവരുടെ കഥാഭൂമികയാവുന്നു. തറവാട്ടിലെത്തുന്നവരും അകന്നുപോകുന്നവരും. എല്ലാവരും ദൂരത്തേക്ക് മാറിപ്പോവുന്ന ജീവിതത്തിലൂന്നി രാവുണ്ണി മേനോന്‍ പറയുന്നന്നു: ``സുഖം. ഭാര്യപോയി. മക്കളും അടുത്തില്ല. സുഖം...പരമസുഖം....? (സീന്‍-11). വാര്‍ദ്ധക്യത്തിന്റെ വേവലാതി ഏകാന്തത്തിന്റെ സീനുകളില്‍ ഇരമ്പം തീര്‍ക്കുന്നു. മക്കള്‍ അകലങ്ങളില്‍ ജോലിത്തിരക്കുകളില്‍ മുങ്ങിനില്‍ക്കുന്നു. വീട്ടില്‍ വിങ്ങുന്ന മനസ്സുകള്‍ നോക്കെത്താദൂരത്ത് കണ്ണുകളര്‍പ്പിച്ചു കഴിയുന്നു. വര്‍ത്തമാന ജീവിത്തത്തിന്റെ വിഷമവൃത്തത്തില്‍ നിന്നും മലയാളിക്കും വേറിട്ടുനില്‍പ്പില്ല. കരുണം, തനിയെ, ഏകാന്തം എന്നിവ പറയുന്നത് ഈയൊരു യാഥാര്‍ത്ഥ്യമാണ്. പുതിയകാലത്തിന്റെ ആര്‍ക്കും വിട്ടുനില്‍ക്കാന്‍ സാധിക്കാത്ത ജീവിതാവസ്ഥയാണ്. അത് ആലങ്കോട് ലീലാകൃഷ്‌ണന്‍ ഭംഗിയായി `ഏകാന്ത' ത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. തിലകനും മധുകൈതപ്രത്തിനും ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത `ഏകാന്തം'മലയാളത്തിലെ തിരക്കഥാകൃതികളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്‌തകങ്ങളിലൊന്നാണ്.
-ചന്ദ്രിക വാരാന്തപ്പതിപ്പ്
ഏകാന്തം
ആലങ്കോട് ലീലാകൃഷ്‌ണന്‍
ഡിസി ബുക്‌സ്‌വില- 55 രൂപ
Friday, May 22, 2009
കാലാതീത സ്വരം
അപൂര്‍വ്വതകളുടെ പേജുകളാണ് മൈക്കിള്‍ ജാക്‌സണിന്റെ ജീവിതപുസ്‌തകം. സംഗീതത്തിന്റെ വിസ്‌മയലോകത്തില്‍ മറ്റൊരാള്‍ക്കും തുഴഞ്ഞെത്താന്‍ സാധിക്കാത്ത ദൂരത്തില്‍ ചെറുപ്രായത്തില്‍ തന്നെ ജാക്‌സണ്‍ നിസ്‌പ്രയാസം എത്തിച്ചേര്‍ന്നു. പോപ്പ് സംഗീതത്തിന്റെ ചരിത്രത്തില്‍ ജാക്‌സണ്‍ ഉഴുതുമറിച്ച ആലാപനശൈലി ലോകവേദികളില്‍ അദ്ദേഹത്തിന് നേടിക്കൊടുത്തത് അല്‍ഭുതങ്ങളുടെ ജന്മമാണ്.
പരമ്പരാഗത സ്വരപ്രപഞ്ചം ജാക്‌സണിന്റെ ശബ്‌ദത്തില്‍ വിസ്‌ഫോടനം തീര്‍ത്തു. ദേശവും ഭാഷയും അതിവര്‍ത്തിച്ച് ലോകത്തെമ്പാടും ജാക്‌സണ് ആരാധകവൃന്ദം രൂപപ്പെടുകയായിരുന്നു. നദിപോലെ ഒഴുകിപ്പരക്കാന്‍ തുടങ്ങിയ ജാക്‌സണ്‍ സംഗീതം യുവമനസ്സുകളെ മാത്രമല്ല, സംഗീതത്തില്‍ മാറ്റം കൊതിക്കുന്നവരെ ആകര്‍ഷിച്ചു. പാശ്ചാത്യ സംഗീതം എന്നു കേള്‍ക്കുമ്പോള്‍ മൈക്കിള്‍ ജാക്‌സണിന്റെ പോപ്പ് ഗീതമെന്ന് വിശ്വസിക്കാന്‍ മാത്രം സംഗീതത്തെ മനുഷ്യമനസ്സുകളില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ ജാക്‌സണ് സാധിച്ചു. ആട്ടവും പാട്ടും ഇഴചേര്‍ത്തെടുത്ത ജാക്‌സണ്‍രീതി ലോകത്തെ കീഴടക്കി.
ശബ്‌ദഘോഷങ്ങളുടെ പ്രവാഹത്തിനിടയിലും സംഗീതത്തിന്റെ ആത്മസ്‌പര്‍ശം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ജാകസണിന്റെ ലോകപ്രശസ്‌തിക്ക് അടിസ്ഥാനവും മറ്റൊന്നല്ല.അമേരിക്കയിലെ ഗരി ഇന്‍ഡിയാനയില്‍ 1958-ല്‍ ജനിച്ച മൈക്കിള്‍ ജാക്‌സണ്‍ പന്ത്രാണ്ടമത്തെ വയസ്സിലാണ് സംഗീതത്തില്‍ ഇതിഹാസം തീര്‍ക്കാന്‍ തുടങ്ങിയത്. പിന്നീട് ജാക്‌സണിന്റെ ഓരോ ചുവടുവെയ്‌പ്പുകളും താളം പിഴച്ചില്ല. പാശ്ചാത്യ- പൗരസ്‌ത്യ സംഗീതം ജാക്‌സണിന്റെ നാദസാഗരത്തിന് നിരവധി പോരായ്‌മകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും, പോപ്പ് സംഗീതത്തിന്റെ തെളിനീരൊഴുക്ക് അദ്ദേഹത്തെ പിന്തുടര്‍ന്നു. ജാക്‌സണ്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ആസ്വാദകരുടെ കടലിരമ്പത്തിന് കണ്‍നേര്‍ക്കുകയായിരുന്നു ലോകം. കേള്‍വിയുടെ കലയായി പോപ്പ് ഗാനം വഴിമാറി.
വോക്കലും മള്‍ട്ടിപ്പിളും ഉപോയഗിച്ച ജാക്‌സണിന്റെ ദ്രുതതാളം, പാശ്ചാത്യലോകത്ത് ജാസിന്റെയും ഡ്രമ്മിന്റെയും വിതാനത്തില്‍ വേറിട്ടൊരു കേള്‍വിയായി. സംഗീതം കാഴ്‌ചയുടെ കലയാണെന്ന് അദ്ദേഹം ആസ്വാദകഹൃദയങ്ങളില്‍ എഴുതിച്ചേര്‍ത്തു. അമേരിക്കയിലും ഇതര രാജ്യങ്ങളിലും ജാകസണ് ഫാന്‍സുകള്‍ വളര്‍ന്നുകൊണ്ടിരുന്നു. പോപ്പ് സംഗീതത്തിന്റെ അലയടികളില്‍ ജീവിതപുസ്‌തകത്തിന്റെ പേജുകള്‍ ജാക്‌സണ്‍ പോലും അറിയാതെ മാറിമറിഞ്ഞുകൊണ്ടിരുന്നു.പ്രശസ്‌തിക്കൊപ്പം ജാക്‌സണ്‍ വിവാദങ്ങളുടെ കൂട്ടുകാരുനുമായിത്തീര്‍ന്നു. ജാക്‌സണിന്റെ പേരില്‍ സ്വന്തംനാട്ടിലും മറുനാടുകളിലും നിരവധി പരാതികളും ചൂടന്‍ വാര്‍ത്തകളും നിറഞ്ഞു. അപ്പോഴും ജാക്‌സണ്‍ എന്ന ഗായകന്‍ സംഗീതത്തിന്റെയും നൃത്തത്തിന്റെയും അഭിനയത്തിന്റെയും വിശാലതകളില്‍ വിരാജിച്ചു. സംഗീതം ഉപസാനയായി സ്വീകരിച്ച ജാക്‌സണിന്റെ മനസ്സില്‍ വിള്ളല്‍ തീര്‍ക്കാന്‍ ആരോപണങ്ങള്‍ക്ക് സാധിച്ചില്ല.
സംഗീതത്തിന്റെ സര്‍വ്വ സ്വഭാവങ്ങളും അന്നത്തെ സംഗീതജ്ഞരില്‍ നിന്നും മനസ്സിലാക്കിയ അപൂര്‍വ്വ പ്രതിഭാശാലിയായിരുന്നു ഈ പോപ്പ് ഗായകന്‍. ജീവിതം മുഴുവനും സംഗീതത്തിനായി നീക്കിവച്ച്, താളനിബദ്ധമായ ചലനക്രമത്തിലും ആവിഷ്‌കരണവൈഭവത്തിലും അസാമാന്യപാടവം പ്രദര്‍ശിപ്പിച്ചു. പോപ്പ് സംഗീതത്തിന്റെ വേദിയില്‍ ജാക്‌സണ്‍ നില്‍ക്കുന്നത് കാണുമ്പോള്‍ ഒരു മാന്ത്രികനാണെന്നേ തോന്നൂ. പക്ഷേ, അദ്ദേഹം മാസ്‌മരശബ്‌ദം കൊണ്ട് ആസ്വാദകരെ വിസ്‌മയിപ്പിച്ചു.`സംഗീതത്തിനു പ്രായമില്ല. ഏതു വെല്ലുവിളിയും അതിജീവിക്കാനുള്ള കരുത്ത് അതിനുണ്ട്'- എന്നിങ്ങനെ പണ്‌ഡിറ്റ് ജസ് രാജ് പറഞ്ഞുവെച്ചിട്ടുണ്ട്.
മൈക്കിള്‍ ജാക്‌സണിന്റെ സംഗീതവഴികളും അതിജീവനത്തിന്റെ രസതന്ത്രമായിരുന്നു. ഗായകന്‍, കംപോസര്‍, അഭിനേതാവ്, നര്‍ത്തകന്‍, റെക്കോര്‍ഡ് പ്രൊഡ്യൂസര്‍, വ്യവസായി, ഗാനരചയിതാവ് തുടങ്ങി വിവിധ തുറകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജാക്‌സണ്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ ആലാപനത്തിന്റെ ബഹുവിധ വിതാനങ്ങളിലൂടെ സംഗീത ലോകത്ത് ചടുല നൃത്തത്തിന്റെയും കിടിലന്‍ ആലാപനത്തിന്റെയും രാജാവായിത്തീര്‍ന്നു. 1972-ല്‍ ഗോ ടു ബി ദേര്‍, ബെന്‍ എന്നീ ആല്‍ബങ്ങള്‍ പുറത്തിറക്കി. 1973-ല്‍ മ്യൂസിക് ആന്റ് മീ, '75-ല്‍ ഫോര്‍യെവര്‍ മൈക്കിള്‍, 79-ല്‍ ഓഫ് വാള്‍, 82-ല്‍ ത്രില്ലര്‍, '87-ല്‍ ബാഡ്, '91-ല്‍ ഡൈയിംജറസ് മുതലായ പുറത്തിറങ്ങിയതോടെ ഗാനലോകത്തിന്റെ ശ്രദ്ധ ജാക്‌സണിലേക്ക് മാത്രമായി. ആലാപനത്തിലും അഭിനയത്തിലും പുതുവസന്തം തീര്‍ത്ത ജാക്‌സണ്‍ ഹോളിവുഡിനോടൊപ്പം ഇതര ഭാഷകളിലും തരംഗമായി.
2001-ല്‍ ഇന്‍വിസിബ്‌ള്‍ എന്ന ആല്‍ബം അല്‌പം പരാജയം നേരിട്ടെങ്കിലും തുടര്‍ന്നും ജാക്‌സണിന്റെ കരിയറില്‍ വിജയത്തിന്റെയും പിന്നാക്കത്തിന്റെയും രേഖാചിത്രം തെളിഞ്ഞു. ഏത് വീഴ്‌ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഈ സംഗീതനിര്‍ത്‌ധരിക്ക് സാധിച്ചു. ഗിന്നസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ഈ സംഗീത ജീനിയസ് ലോകോത്തരമായ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. ജീവിതത്തിന്റെ ഗതിവിഗതികളിലൂടെ ഒഴുകിനടന്ന ഈ സംഗീതചക്രവര്‍ത്തി ഒട്ടേറെ രോഗങ്ങള്‍ക്ക് അടിപ്പെട്ടു. യൗവ്വനം ആഘോഷിച്ച ജാക്‌സണ്‍ രോഗാതുരമായ കാലത്ത് ജീവിതത്തിന്റെ ലക്ഷ്യത്തെ സംബന്ധിച്ചും വിശ്വസാപ്രമാണങ്ങളുടെ ധാര്‍മ്മികതയെപ്പറ്റിയും ചിന്തിച്ചു. ആത്മസംഘര്‍ഷത്തിലും ഉത്‌കണ്‌ഠകളിലും കുതിര്‍ന്ന രോഗശയ്യയില്‍ ജാക്‌സണിന്റെ മനസ്സിന് ആശ്വാസം നല്‍കിയത് മതവിശ്വാസത്തിന്റെ തണലിടമാണ്.
വിശുദ്ധിയുടെ നിറവിലേക്കുള്ള പ്രയാണമാണ് ജീവിതത്തിന് അര്‍ത്ഥം നല്‍കുന്നതെന്ന് തിരിച്ചറിഞ്ഞ പോപ്പ് സംഗീതചക്രവര്‍ത്തി അടുത്തകാലത്ത്‌് ഇസ്‌ലാം മതം സ്വീകരിച്ചു. ഒരു ജന്മം മുഴുവനും വോക്കലിലൂടെയുംമള്‍ട്ടിപ്പിളിലൂടെയും പോപ്പ്‌സംഗീതം കോടിക്കണക്കിന് ആരാധകരില്‍ പതിപ്പിച്ച മൈക്കള്‍ ജാക്‌സണ്‍ ഒരു സ്വരപ്രവാഹമാണ്.
കവിതയുടെ സമുദ്ര സംഗീതം
കവിത അകവെളിച്ചത്തിന്റെ അടയാളമാണ്. ജീവിതധാരയായി പെയ്‌തിറങ്ങുന്ന ആത്മഭാഷണം തന്നെ. കവിതയുടെ നീറ്റലും കുറുകലും നിലാവെളിച്ചവും ചേര്‍ന്നുനിന്ന കവിയായിരുന്നു ഒ. എന്‍. വി. കുറുപ്പ്. മലയാളകവിതയിലെ കതിര്‍ക്കനിയുടെ നിറവ്. സ്‌നേഹദീപ്‌തിയില്‍ തളിര്‍ക്കുന്ന സമുദ്രസംഗീതമാണ് ഒ. എന്‍. വി. യുടെ കവിതകള്‍. മനുഷ്യനും പ്രകൃതിയും പ്രത്യയശാസ്‌ത്രങ്ങളുമെല്ലാം ഇഴചേര്‍ന്നുനില്‍ക്കുന്ന ചിത്രകമ്പളമാണ് അക്ഷരക്കൂട്ടില്‍ ഈ കവി നെയ്‌തെടുത്തത്. ഇത്തിരിച്ചുവപ്പും അതിലേറെ പച്ചപ്പും മോഹഭംഗങ്ങളും എല്ലാറ്റിനുമുപരിയായി മാനവീയതയുടെ ഹംസധ്വനിയാണ് ഒ. എന്‍. വി. മലയാളിമനസ്സിലേക്ക് എഴുതിച്ചേര്‍ത്തത്. സാമസംഗീതത്തിന്റെ ആര്‍ദ്രതയോടൊപ്പം മാറ്റത്തിന്റെ കാഹളവും ഇച്ഛാഭംഗത്തിന്റെ വേലിയേറ്റവും ഒ. എന്‍. വി.യുടെ കാവ്യപഥത്തില്‍ പതിഞ്ഞുനില്‌പുണ്ട്.
മലയാളകവിതയില്‍ കാല്‌പനികതയുടെ താളവും രാഗവും നക്ഷത്രദീപ്‌തിയുമുതിര്‍ത്ത ദശാസന്ധിയിലാണ് ഒ. എന്‍. വി. `നീലക്കണ്ണുകളുടെ ' ദ്യൂതിയുമായി എഴുത്തിന്റെ സ്ഥലരാശിയില്‍ പുതിയൊരു ദിശാസൂചിക അടയാളപ്പെടുത്തിയത്. ദുരിതത്തിന്റെ തീക്ഷ്‌ണതയും ജീവിതപ്രശ്‌നങ്ങളുടെ ഒറ്റമൂലിയായ വാഗ്‌ദത്തഭൂമിയെക്കുറിച്ചുള്ള സ്വപ്‌നവും ഒ. എന്‍. വി. യുടെ കവിതകളില്‍ വ്യത്യസ്‌തമാനങ്ങളില്‍ മുദ്രിതമായി. സ്വകാര്യദു:ഖങ്ങളുടെ പച്ചത്തുരുത്തില്‍ ഇരുന്നുകൊണ്ടുതന്നെ സമകാലിക സാമൂഹിക- രാഷ്‌ട്രീയ സംഭവങ്ങളും ഈ കവിയുടെ രചനകളില്‍ കൂടുവെച്ചു. മയില്‍പ്പീലിത്തുണ്ടുകളും വളപ്പൊട്ടുകളും മഞ്ചാടിമണികളും ഇഴചേര്‍ത്ത് മനുഷ്യന്റെ കരാളമുഖവും പ്രകൃതിയുടെ രോദനവും കവി വാക്കുകളിലേക്ക് ചാലിച്ചെടുത്തു. പ്രത്യയശാസ്‌ത്ര വെളിച്ചത്തില്‍ തുടിക്കുന്ന പുലരികാത്തിരുന്ന കവി, തന്റെ സ്വപ്‌നം മണ്ണടിഞ്ഞപ്പോള്‍ അകംനൊന്തു പാടാനും മറന്നില്ല. `കവിയും സുഹൃത്തും ' എന്ന രചനയില്‍ സര്‍ഗാത്മകതയുടെ ഉണ്മ തെരയുന്നവരുടെ ചിത്രമുണ്ട്. `ഇത്തിരിപ്പൂവേ ചുവന്നപൂവേ' എന്ന കവിതയില്‍ ഇച്ഛാഭംഗത്തിന്റെ ചവര്‍പ്പും കയ്‌പ്പും കവി എഴുതിയിട്ടുണ്ട്.
പ്രകൃതി ഒ. എന്‍. വി.യുടെ കവിതയില്‍ പലവിതാനത്തില്‍ നിറഞ്ഞാടുന്നുണ്ട്. മനുഷ്യന്റെ ക്രുരതയ്‌ക്കു മുമ്പില്‍ നിരാലംബയായി മാറിയ ഭൂമിയുടെ നിലവിളിയും മുറിപ്പാടും ` ഭൂമിക്കൊരു ചരമഗീത'ത്തില്‍ നമ്മെ എതിരേല്‍ക്കുന്നു. ചുട്ടുപൊള്ളുന്ന പാതയിലൂടെ വിങ്ങുന്ന മനസ്സുമായി നടന്നലയുന്ന ഭൂമിദേവിയുടെ ചിത്രം അനുവാചകഹൃദയത്തില്‍ വരച്ചിടുകയാണ് ഒ. എന്‍. വി. അര്‍ത്ഥഗരിമയാര്‍ന്ന ബിംബങ്ങളുടെ കനത്തുനില്‍പ്പ് ഈ കവിയുടെ രചനകളില്‍ സദാ ജാഗരൂകമായി നമ്മെ വന്നു തൊട്ടുകൊണ്ടിരുന്നു. സംഗീതത്തിലും സൗന്ദര്യത്തിലും സാരാംശരേഖയാകുന്ന ബൈബിളിലെ നിരവധി ബിംബങ്ങള്‍ നിര്‍ലോഭമായി ഒ. എന്‍. വി. ഉപയോഗപ്പെടുത്തി.ജീവിതത്തിന്റെ അനിശ്ചിതത്വവും ഒഴുകിപ്പോക്കും നിസ്സാരതയും തിരഞ്ഞുപോകുന്ന ഒര തഥാഗത ജന്മം ഒ. എന്‍. വി.യുടെ കാവ്യതട്ടകത്തിലുണ്ട്. ആത്മനൊമ്പരത്തില്‍ പിടയുന്ന യാത്രികനാണയാള്‍. കൊച്ചുകൊച്ചു സുഖദു:ഖ മഞ്ചാടിമണികള്‍ കൊണ്ടുള്ള കളിയാണ് മനുഷ്യജീവിതമെന്ന കാവ്യകാഴ്‌ച ` വാടകവീട്' പോലുള്ള കൃതികളില്‍ അനുവാചകന്റെ മനസ്സില്‍ വരച്ചിടുന്നു.
ഭൂമിയുടെ ഉപ്പും മൃഗയും ഭൈരവന്റെ തുടിയും അപരാഹ്നവും ശാര്‍ങ്‌ഗവപക്ഷികളും അക്ഷരവും ആഗ്രയും സ്വയംവരവും ഉജ്ജയിനിയും ഒ. എന്‍. വി. കവിതകളുടെ വേപഥുകളുടെ നീരൊഴുക്ക് അനുഭവപ്പെടുത്തി.ഒ. എന്‍. വി. കവിതകളിലെ കറുത്തപക്ഷിയുടെ പാട്ടും സ്‌നേഹിച്ചു തീരാത്തവരുമെല്ലാം മലയാളിയെ ഊട്ടിക്കൊണ്ടിരിക്കുന്നത് ഉള്ളില്‍ തുടിക്കുന്ന സ്‌നേഹപ്പെരുമയാണ്. അതിന്റെ വൈതരണിയും വൈവിധ്യവുമാണ് അദ്ദേഹത്തിന്റെ കാവ്യലോകത്തു നിന്നു കേട്ടുകൊണ്ടിരിക്കുന്നത്.`എന്നോ പൊടുന്നനെ-പത്തിവിടര്‍ത്തുവാ-നെങ്ങോ പരുങ്ങി-കിടക്കും ഭുജംഗമേ'- എന്നിങ്ങനെ ഈ ഭാവഗായകന്‍ ജീവിതത്തിന്റെ പരുപരുത്ത പ്രതലങ്ങളെ കണ്ടെടുക്കുന്നു. എങ്കിലും `എന്റെ മകുടിയി-ലൂടെ മൃതൃുഞ്‌ജയ-മന്ത്രമായിത്തീരുന്നുഞാനുമെന്‍ ഗാനവും- കാലഘട്ടത്തിന്റെ പ്രതിസന്ധികളും എഴുത്തുകാരന്റെ വേപഥുകളും കവി അതിജീവിക്കുന്നത് വാക്കിന്റെ അഗ്നി കടഞ്ഞെടുത്താണ്.മനുഷ്യജന്മത്തിന്റെ സൂര്യഗീതം തീര്‍ത്ത കവി കന്നിനിലാവിന്റെ കുളിര്‍മ്മ പരന്ന പ്രണയത്തിന്റെ നൊമ്പരപ്പാട്ടുകള്‍ കാവ്യകലയുടെ ജാലകപ്പഴുതിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തി. തപിച്ചും തളര്‍ന്നും നാട്ടുവഴികളിളും അരുവിയുടെ ഈണത്തിലും പുല്‍ക്കൊടിത്തുമ്പിലും മഞ്ഞിന്‍കണികയിലും ജീവിതത്തിന്റെ അടരുകള്‍ വായ#ിച്ചെടുത്തു.`നിര്‍ത്താതെ നിദ്രയുമില്ലാതെ, മാത്രകള്‍തെറ്റാതെ, യെത്രയോ കാലമിങ്ങനെനിന്റെ കടുംതുടി കൊട്ടുന്നു നീ, യിങ്ങുനിന്റെയുണര്‍വിനെ തന്നെ തോറ്റുന്നു'- എന്ന് സാദരം പാടി കവിതയുടെ വെണ്‍വെളിച്ചത്തിലൂടെ നടക്കുന്നു.
Thursday, May 21, 2009
ശോഭനകാലത്തിന്റെ അമരക്കാരന്
ജീവിതമെഴുതിയ സിനിമകളെന്ന് പരമേശ്വരന്‍ നായരുടെ ചിത്രങ്ങളെ പേരിട്ടുവിളിക്കാം. ഗ്രാമീണ സൗന്ദര്യവും സാധാരണക്കാരുടെ വേദനകളും വെള്ളിത്തിരയിലെത്തിക്കുക എന്ന ദൗത്യം ഏറ്റെടുത്ത കലാകാരനായിരുന്നു പരമേശ്വരന്‍ നായര്‍. മുറപ്പെണ്ണിലൂടെ ഭാരതപ്പുഴയുടെ തീരക്കാഴ്‌ച മലയാളത്തിന്റെ ദൃശ്യപഥത്തില്‍ അടയാളപ്പെടുത്തി. പില്‍ക്കാല മലയാളചിത്രങ്ങളില്‍ ഭാരതപ്പുഴയുടെ തീരച്ചാര്‍ത്ത് ഒഴിഞ്ഞിരുന്നില്ല. രാമുകാര്യാട്ട്, പി. ഭാസ്‌കരന്‍ എന്നിവര്‍ ഒരുക്കിയ നീലക്കുയിലിന്റെ നിശ്ചലഛായാഗ്രഹകനായി ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച ശോഭനപരമേശ്വരന്‍ നായര്‍ രാരിച്ചന്‍ എന്ന പൗരന്‍, ഭാര്‍ഗ്ഗവീനിലയം, മുടിയനായ പുത്രന്‍, തച്ചോളി ഒതേനന്‍ മുതലായ സിനിമകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രേംനസീറിന്റെ സഹപാഠിയായ പരമേശ്വരന്‍ നായര്‍ കെ.വി.ജോസഫും എന്‍.കെ.കരുണാകരന്‍ പിള്ളയും ചേര്‍ന്ന് നവരത്‌ന ഫിലിംസും പ്രേംനവാസുമായി സഹകരിച്ച് ശോഭനാപ്രേം ഫിലിംസും തുടങ്ങി. ചലച്ചിത്ര നിര്‍മ്മിതി ഭാരിച്ച ഉത്തരവാദിത്വമാണെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്ന ഈ പ്രതിഭാശാലി, സാമൂഹിക-സാംസ്‌കാരിക മേഖലയിലെ ചെറിയ ചലനംപോലും എപ്പോഴും ശ്രദ്ധിച്ചിരുന്നു. തൃശൂരില്‍ ആരംഭിച്ച ശോഭനാ സ്റ്റുഡിയോ ഒടുവില്‍ പരമേശ്വരന്‍ നായരുടെ പേരിന്റെ മുമ്പില്‍ സ്ഥാനംപിടിച്ചു. സ്റ്റുഡിയോവിന്റെ പേരിട്ട് അദ്ദേഹത്തെ വിശേഷിപ്പിച്ചത് എം.ടി. വാസുദേവന്‍ നായരാണ്. വായനയും സൗഹൃദവും ജീവിതത്തിന്റെ ഭാഗമായി സൂക്ഷിച്ചിക്കുകയും ജീവിതഗന്ധിയായ സാഹിത്യരചനകളെ ആദരവോടെ എതിരേല്‍ക്കുകയും ചെയ്‌തിരുന്ന പരമേശ്വരന്‍ നായര്‍ നിര്‍മ്മിച്ച ചിത്രങ്ങളുടെ സവിശേഷതയും മറ്റൊന്നല്ല.
മലയാളത്തിലെ തിരക്കഥാരചനയുടെ അടിസ്ഥാനധാര തിരുത്തിക്കുറിച്ച ചിത്രമായിരുന്നു മുറപ്പെണ്ണ്. സാഹിത്യമൂല്യം തിരക്കഥയ്‌ക്ക് കൈവന്നത് എം.ടി.യുടെ രചനകളിലൂടെയായിരുന്നു. ഒരര്‍ത്ഥത്തില്‍ സിനിമയും സാഹിത്യവും തമ്മിലുള്ള അതിര്‍വരമ്പ് മാഞ്ഞുപോയത് ശോഭനപരമേശ്വരന്‍ നായര്‍ നിര്‍മ്മിച്ച `മുറപ്പെണ്ണി'ലൂടെയാണ്. ചലച്ചിത്രത്തിന്റെ സൗന്ദര്യശാസ്‌ത്രത്തിലും പ്രമേയ സ്വീകരണത്തിലും മാറ്റത്തിന്റെ അടയാളവാക്യം എഴുതിച്ചേര്‍ത്ത ശോഭനപരമേശ്വരന്‍ നായര്‍ സിനിമയിലെ അരങ്ങുകാണാത്ത നടനായിരുന്നു. ചരിത്രവിഹിതത്തില്‍ നിര്‍മ്മാണകലയിലെ അമരക്കാരനും.
-ചന്ദ്രിക ദിനപത്രം
Wednesday, April 29, 2009
വായന
ഗുല്‍മോഹറിന്റെ തിരഭാഷ
തിരക്കഥയ്‌ക്ക് നിരവധി നിര്‍വ്വചനങ്ങളുണ്ട്. കാഴ്‌ചപ്പാടിന്റെയും സമീപനത്തിന്റെയും അടിസ്ഥാനത്തില്‍ വൈവിധ്യവും. തിരശ്ശീലയ്‌ക്ക് അനുയോജ്യമായി കഥയെ രൂപപ്പെടുത്തലാണ് തിരക്കഥയെന്ന് സാമാന്യമായി വിശേഷിപ്പിക്കാം. തിരക്കഥാസാഹിത്യത്തെ സംബന്ധിച്ചും വ്യത്യസ്‌ത വിലയിരുത്തലുകള്‍ സ്വാഭാവികം. ഇത്തരം കാര്യങ്ങള്‍ മാനദണ്‌ഡമാക്കി തിരക്കഥകളെ വിലയിരുത്തുന്ന പ്രവണത മലയാളത്തില്‍ അടുത്തിടെയാണ് സജീവമായത്. എണ്‍പത് വയസ്സ് പിന്നിട്ട മലയാളസിനിമയിലെ തിരക്കഥകളുടെ പുസ്‌തകരൂപത്തിലേക്കുള്ള പരകായപ്രവേശത്തിന് ആക്കംകൂടിയത് സിനിമ പാഠപുസ്‌തകങ്ങളില്‍ ഇടംനേടിയതോടുകൂടിയാണ്. മുമ്പ് മലയാളത്തില്‍ തിരക്കഥാപുസ്‌തകങ്ങളുണ്ടായത് എം.ടി.യുടെയും പത്മരാജന്റെയുമാണ്. അവയോടുചേര്‍ന്നു നിന്നത് സത്യജിത് റായിയുടെ ഏതാനും തിരക്കഥകളുടെ വിവര്‍ത്തനങ്ങളും വിജയകൃഷ്‌ണന്‍ വിവര്‍ത്തനം ചെയ്‌ത വിശ്വോത്തര സിനിമകളുടെ തിരക്കഥകളും നിസ്സാര്‍ അഹ്‌മദ് എഡിറ്റുചെയ്‌ത മലയാളത്തിലെ പരീക്ഷണചിത്രങ്ങളുടെ തിരഭാഷകളുമാണ്. ഇത് തിരക്കഥാ പുസ്‌തകങ്ങളുടെ വസന്തകാലമാണ്. എല്ലാവിഭാഗം സിനിമകളുടെയും തിരക്കഥകള്‍ ചിത്രങ്ങളുടെ പ്രദര്‍ശനത്തോടനുബന്ധിച്ചോ, പ്രദര്‍ശനത്തിനു മുമ്പുതന്നെയോ പുസ്‌തകരൂപത്തില്‍ പുറത്തിറങ്ങുന്നു. തിരക്കഥകള്‍ ഏതാനും എഴുത്തുകാരുടെ ക്രെഡിറ്റില്‍ നിന്നും ജനകീയദശയിലേക്ക് പ്രവേശിച്ചതും അടുത്തകാലത്താണ്. ഈ മാറ്റങ്ങളൊക്കെ മലയാളസിനിമയുടെ നേട്ടമോ, കോട്ടമോ എന്ന് മലയാളിയുടെ കാഴ്‌ചയും വായനയും വിലയിരുത്തപ്പെടേണ്ടിയിരുക്കുന്നു. തിരക്കഥയുടെ പുസ്‌തകരൂപത്തിലേക്കുള്ള കുടിയേറ്റത്തെപ്പറ്റി ഇവിടെ സൂചിപ്പിച്ചത് ഡി. സി. ബുക്‌സ് പ്രസിദ്ധീകരിച്ച ദീദി ദാമോദരന്റെ `ഗുല്‍മോഹര്‍' എന്ന പുസ്‌തകം വായനയ്‌ക്കു മുന്നിലുള്ളതു കൊണ്ടാണ്.
``എഴുതപ്പെടുന്ന വാക്കുകള്‍, സാഹിത്യത്തില്‍ അന്തിമമാണ്. പിന്നീടുള്ള അതിന്റെ വളര്‍ച്ചയും വികാസവുമെല്ലാം വായനക്കാരന്റെ മനസ്സിലാണ്. തിരക്കഥയില്‍ അങ്ങനെയല്ല. ഫിലിമിലേക്കു പകര്‍ത്തിയതിനുശേഷംപോലും അതില്‍ വെട്ടിത്തിരുത്തലുകള്‍ ഉണ്ടാവുക അതിസാധാരണമാണ്. എഴുതുന്ന വരികള്‍ പലപ്പോഴും ലൊക്കേഷനുകളില്‍ ആവശ്യമില്ലാതെ വരുന്നു. എഡിറ്റിംഗ് ടേബിളില്‍ അവയില്‍ പലതും അര്‍ത്ഥശൂന്യമായി മാറുന്നു''- ( പത്മരാജന്‍- പത്മരാജന്റെ തിരക്കഥകളുടെ മുഖക്കുറിപ്പ്) എന്നിങ്ങനെ തിരക്കഥാകൃത്തിന്റെ നിയോഗത്തെപ്പറ്റിയാണ് പത്മരാജന്‍ പറഞ്ഞുവച്ചത്. ഒരര്‍ത്ഥത്തില്‍ തിരക്കഥയും സാഹിത്യവും തമ്മിലുള്ള താരതമ്യപ്പെടുത്തലുമാണിത്. മലയാളത്തില്‍ ഒട്ടേറെ സാഹിത്യകൃതികള്‍ക്കും തിരക്കഥകള്‍ക്കും പത്മരാജന്‍ സൂചിപ്പിച്ച വിഷമവൃത്തത്തില്‍ നിന്നും കരകയറാനും സാധിച്ചിട്ടില്ലെന്ന് സിനിമകളില്‍ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ വേണം ദീദി ദാമോദരന്റെ `ഗുല്‍മോഹറി'നെ സമീപിക്കേണ്ടത്. ദീദിയുടെ വാക്കുകള്‍ക്ക് അതിന്റെ സാഹിതീയമൂല്യത്തിന് വലിയ കോട്ടം സംഭവിക്കാതെ തിരശ്ശീലയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ജയരാജിന്റെ ആവിഷ്‌കാരം വ്യക്തമാക്കിയിട്ടുണ്ട്. തിരശ്ശീലയുടെ ക്രമാനുബന്ധം തിരിച്ചറിഞ്ഞ് തിരക്കഥ ഒരുക്കുമ്പോള്‍ രചയിതാവിന് നേടിയെടുക്കാന്‍ സാധിക്കുന്ന വിജയം ദീദി കൈവരിച്ചതും മറ്റൊന്നല്ല.
ഒരു കൂട്ടം ചെറുപ്പക്കാര്‍ അനീതിക്കെതിരെ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ഗുല്‍മോഹറില്‍ ദീദി ദാമോദരന്‍ പറയുന്നത്. അവരില്‍ കൂട്ടംതെറ്റിമേയുന്നവരുണ്ട്. എങ്കിലും അവരുടെ ലക്ഷ്യം ഒന്നാണ്. അരുണും ഹരികൃഷ്‌ണനും അന്‍വറും ഗായത്രിയും ഇന്ദുചൂഡനും റഷീദും എല്ലാം പ്രക്ഷുബ്‌ധതയുടെ വേനലിലൂടെയാണ് നടക്കുന്നത്. വിപ്ലവം സ്വപ്‌നം കാണുന്ന കുറെ മനസ്സുകളുടെ ഘോഷയാത്ര. കഥയും കഥാഗതിയും തീക്ഷ്‌ണതയോടെ പറയുന്നതില്‍ തിരക്കഥാകൃത്ത് കൈയൊതുക്കം നേടിയിട്ടുണ്ട്. ഫ്‌ളാഷ് ബാക്കില്‍ കഥയുടെ ചുരുള്‍നിവരുമ്പോള്‍ കേരളത്തിലെ നക്‌സല്‍ കലാപങ്ങളുടെ മണവും നിറവും ചിത്രത്തിനും ദൃശ്യഭാഷക്കും വന്നുചേരുന്നു. തിളക്കുന്ന യൗവ്വനങ്ങളുടെ വിപ്ലവും പ്രണയവും ഇഴചേര്‍ന്നു നില്‍ക്കുന്ന കഥ. പ്രേക്ഷകന്റെ മനസ്സില്‍ കനലുകോരിയിടുന്ന സംഭാഷണങ്ങള്‍. ഹൃദയത്തില്‍ സ്‌പര്‍ശിക്കുന്ന പ്രണയമൊഴികള്‍. എല്ലാം കൂട്ടുചേരുമ്പോഴും എഴുത്തിന്റെ കാര്‍ക്കശ്യം ചോര്‍ന്നുപോകുന്നില്ല എന്നതാണ് ദീദി ഒരുക്കിയ തിരക്കഥയുടെ മികവ്. ഇന്ദുചൂഡനോട് ഗായത്രി ഒരിക്കല്‍ പറഞ്ഞു: ?മറുപടി എന്തായാലും എന്റെ പ്രേമം അവസാനിക്കുകയില്ല. ഋതുഭേദങ്ങള്‍ വകവയ്‌ക്കാതെ ഞാനീ ഗുല്‍മോഹര്‍ ചുവട്ടില്‍ കാത്തിരിക്കും. കൊടും വേനല്‍ച്ചൂടില്‍ വിയര്‍ക്കുമ്പോഴും മഴ നനയുമ്പോഴും ഓര്‍ക്കുക ഇവിടെ ഈ മരച്ചുവട്ടില്‍ ഒരാള്‍ കാത്തിരിപ്പുണ്ടെന്ന്.'' കഥയുടെ ആരോഹണാവരോഹണത്തില്‍ ഇന്ദുചൂഡന്‍ തലയില്‍ മണ്ണെണ്ണ ഒഴിച്ച് പ്രഖ്യാപിക്കുന്നു: ?ഇതൊരു തോറ്റ ജനതയാണ്. ഇവരെ ഇനിയും തോല്‍പിക്കാന്‍ ആവില്ല നിങ്ങള്‍ക്ക്.'
മലയാളത്തിലെ നിരവധി സിനിമകളില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചേക്കും. പക്ഷേ, അവയില്‍ നിന്നും ഗുല്‍മോഹറും അതിന്റെ തിരഭാഷയും വേറിട്ടുനില്‍ക്കുന്നത് ആഖ്യാനത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്‌മതയാണ്. ഒരേ തൂവല്‍പക്ഷികളുടെ കഥ തിരക്കഥയാക്കി മാറ്റുന്നിടത്ത് മാധ്യമത്തിന്റെ കരുത്തം പരിമിതിയും ദീതി മനസ്സിലാക്കിയിട്ടുണ്ട്. വാക്കുകള്‍ ദൃശ്യങ്ങളായി പുനര്‍ജ്ജനിക്കുമ്പോള്‍ വന്നുചേരാനിടയുള്ള വിള്ളലുകള്‍ പരമാവധി അതിവര്‍ത്തിക്കുന്ന തിരക്കഥകളിലൊന്നാണ് ദീദിയുടെ ഗുല്‍മോഹര്‍.സിനിമയുടെ അരങ്ങിലെന്നപോലെ അണിയറയിലും സ്‌ത്രീ സാന്നിദ്ധ്യം ശക്തമാകുന്നതിന്റെ അടയാളമാണ് ദീദി ഒരുക്കിയ തിരക്കഥ. സീന്‍25-ല്‍ ഇന്ദുചൂഡന്‍ പറയുന്നു: ?അതിതുവരെ മനസ്സിലായിട്ടില്ലേ ഗായത്രിക്ക്. ഞങ്ങള്‍ ആണുങ്ങള്‍ എന്ത് വിപ്ലവം പ്രസംഗിക്കുമ്പോഴും ഞങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഒരു പെണ്ണിനെ ഞങ്ങള്‍ വീടിനുള്ളില്‍ ആഗ്രഹിക്കും. പുരോഗമനവാദത്തിന്റെ അസ്‌കിതയില്ലാത്ത ഒരടുക്കളക്കാരിയെ.'' സ്‌ത്രീശാക്തീകരണത്തിന്റെ കാലത്തുപോലും മലയാളസിനിമയിലെ സ്‌ത്രീകഥാപാത്രങ്ങള്‍ സംസാരിക്കുന്നതും അവര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന ഇടങ്ങളും ഓര്‍മ്മപ്പെടുത്തുന്ന മുഹൂര്‍ത്തങ്ങള്‍ ഗുല്‍മോഹര്‍ വരച്ചിടുന്നു. ചിത്രത്തിലൊരിടത്ത് ഇന്ദുചൂഡന്‍ സന്ദേഹിക്കുന്നതുപോലെ ?ആര്‍ക്കാണ് തെറ്റുപറ്റിയതെന്ന് ആര്‍ക്കറിയാം.? പരമ്പരാഗത തിരക്കഥാ രചനകള്‍ പിന്തുടരുന്ന സാമാന്യബോധത്തിന് ആഴത്തില്‍ മുറിവേല്‍പിക്കുന്ന സമീപകാല മലയാള തിരക്കഥകളില്‍ ഏറെ ശ്രദ്ധേയമാണ് ഗുല്‍മോഹര്‍. കഥയും കഥാപാത്രങ്ങളും അവരുടെ പ്രശ്‌നങ്ങളും പഠിച്ചറിഞ്ഞ് ദൃശ്യാഖ്യാനത്തിന് പാകമാകുന്ന ശൈലിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. കാഴ്‌ചയിലും വായനയിലും സുതാര്യമാണ് ഗുല്‍മോഹര്‍. തിരഭാഷയുടെ സൗന്ദര്യവും കരുത്തും ഒത്തിണങ്ങിയ ഈ പുസ്‌തകം തിരക്കഥാ രചനയിലും സ്‌ത്രീ മുന്നേറ്റത്തിന്റെ നാളുകളിലേക്ക് ചേര്‍ത്തുവായിക്കാന്‍ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രയോജനപ്പെടും.
-ചന്ദ്രിക വാരാന്തപ്പതിപ്പ്
ഗുല്‍മോഹര്‍
ഡിസി ബുക്‌സ്
വില- 90 രൂപ
Tuesday, March 24, 2009
സി. രാധാകൃഷ്‌ണന്റെ ക്യാമറക്കാഴ്‌ചകള്‍
അക്ഷരത്തില്‍ അഗ്നി കടഞ്ഞെടുക്കുന്ന രാധാകൃഷ്‌ണന്‍ ചലച്ചിത്രകലയെ തന്റെ വരുതിയിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. അറുപതുകളില്‍ മലയാളത്തിലെ എഴുത്തുകാര്‍ സിനിമയുമായി അടുത്ത ചങ്ങാത്തം പുലര്‍ത്തിയത് സ്വന്തം കൃതികള്‍ക്ക് തിരക്കഥകളൊരുക്കിയായിരുന്നു. സി. രാധാകൃഷ്‌ണനും ഇതേ വഴി തന്നെയാണ് സ്വീകരിച്ചത്. പക്ഷേ, തന്റെ പഠന മേഖലയിലും ഔദ്യോഗികതലത്തിലും ചലച്ചിത്രവും അതിന്റെ സാങ്കേതികവശങ്ങളും രാധാകൃഷ്‌ണന് അന്യമായിരുന്നില്ല. പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും പി. കെ. നായരുമായുള്ള പരിചയവും സി. ആറിന്റെ ചലച്ചിത്രവീക്ഷണത്തിന് കരുത്തു പകര്‍ന്നു. ലോക ക്ലാസ്സിക്കുകളും സംവിധായകരും അനുഭവപ്പെടുത്തിയ ദൃശ്യസംസ്‌കൃതി സി. ആറിന്റെ തിരഭാഷാ സമീപനം വിപുലപ്പെടുത്തിക്കൊണ്ടിരുന്നു.
തന്റെ ആശയങ്ങളും ഉള്ളുരുക്കങ്ങളും ദൃശ്യപഥത്തിലേക്ക് പകര്‍ത്തിയപ്പോള്‍ പ്രതിലോമപരമായ ചിന്താഗതികളേയും സംസ്‌കാരത്തേയും പ്രതിരോധിക്കാന്‍ രാധാകൃഷ്‌ണന് സാധിച്ചത് സിനിമയെ കുറിച്ചുള്ള ആഴക്കാഴ്‌ചകള്‍ തന്നെയാണ്.ലോകസിനിമ മുന്നോട്ടുവയക്കുന്ന സൗന്ദര്യശാസ്‌ത്രവും പ്രത്യയശാസ്‌ത്രവും മലയാളിയുടെ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടുത്താന്‍ കഴിയുമെന്ന അന്വേഷണം സി. ആറിന്റെ തിരക്കഥകളിലും ചിത്രങ്ങളിലും പതിഞ്ഞുനില്‌പുണ്ട്. നടന്‍ മധുവിന്റെ പ്രേരണയും സഹകരണവുമാണ് രാധാകൃഷ്‌ണന്റെ സിനിമാ പ്രവേശത്തിന് സഹായകമായത്. `തേവടിശ്ശി' എന്ന തന്റെ നോവലിന് തിരക്കഥയൊരുക്കിയാണ് രാധാകൃഷ്‌ണന്‍ ചലച്ചിത്രലോകത്തേക്ക് പ്രവേശിച്ചത്. മധു സംവിധാനം ചെയ്‌ത `പ്രിയ' എന്ന (1970) ചിത്രത്തിന് ഒട്ടേറെ പുതുമകളുണ്ട്. മധുവിന്റെ സംവിധാനകലയും രാധാകൃഷ്‌ണന്റെ തിരക്കഥയും ചലച്ചിത്രഗാന രംഗത്ത് ബാബുരാജ്, പി. ലീല, എസ്. ജാനകി, യൂസഫ് അലി തുടങ്ങിയ പ്രഗല്‍ഭ നിരയും `പ്രിയ'യെ ശ്രദ്ധേയമാക്കി. പിന്നീട് തുലാവര്‍ഷം, പിന്‍നിലാവ്, പാല്‍ക്കടല്‍, അവിടുത്തെപോലെ ഇവിടെയും തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചത് രാധാകൃഷ്‌ണനായിരുന്നു. അക്കാലത്ത് മലയാളസിനിമയില്‍ വേറിട്ട പ്രതിഭകളായി നിറഞ്ഞുനിന്ന അഭിനേതാക്കളായിരുന്നു രാധാകൃഷ്‌ണന്റെ തിരഭാഷക്ക് ജീവന്‍ നല്‍കിയത്.
തിരക്കഥാകാരനായി സിനിമാരംഗത്തെത്തിയ രാധാകൃഷ്‌ണന്‍ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം `അഗ്നി' (1978) ആണ്. അഗ്നി എന്ന തന്റെ നോവലാണ് ഈ സിനിമയ്‌ക്ക് ആധാരമാക്കിയത്. മുസ്‌ലിം സമുദായത്തിന്റെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രണയത്തിന്റെയും കണ്ണീരിന്റെയും മാനുഷികതയുടെയും നിറദീപ്‌തിയിലാണ് സംവിധായകന്‍ ക്യാമറ ഉറപ്പിച്ചുനിര്‍ത്തിയത്. ഇറച്ചിവെട്ടുകാരനായ പിതാവിന്റെ ക്രൗര്യവും വേപഥും ബാലന്‍ കെ. നായരിലൂടെ ശക്തമായി വെള്ളിത്തിരയിലെത്തിക്കാന്‍ സി. ആറിന്റെ സംവിധാനശൈലിക്ക് കഴിഞ്ഞു. ചലച്ചിത്രഗാന രചനയില്‍ ശകുന്തളാ രാജേന്ദ്രന്റെ സാന്നിദ്ധ്യവും `അഗ്നി'യില്‍ ശ്രദ്ധേയമാക്കി. നവീനഭാവുകത്വവും പുതിയ യാഥാര്‍ത്ഥ്യങ്ങളും ഇഴചേര്‍ത്ത് രൂപപ്പെടുത്തിയ `അഗ്നി' എന്ന സിനിമയെ നമ്മുടെ നിരൂപകരും സിനിമയെ ഗൗരവപരമായി സമീപിക്കുന്നവരും വേണ്ടത്ര ഗൗനിച്ചില്ല. ആ ചിത്രത്തില്‍ പ്രയോജനപ്പെടുത്തിയ സംജ്ഞകളുടെ ഇഴപിരിക്കല്‍ ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ രാധാകൃഷ്‌ണന്റെ ജാഗരൂകത അടയാളപ്പെടുത്തുന്നുണ്ട്.
കനലെരിയുന്ന മനസ്സുകളും മുമ്പേപറക്കുന്ന പക്ഷികളും ശാസ്‌ത്രദീപ്‌തിയും കൊണ്ട് ഭാവനയുടെ ആഴക്കടലും ആകാശവിതാനവും അനുഭവിപ്പിക്കുന്ന രാധാകൃഷ്‌ണന്‍ സിനിമകളിലും പുതുമയുടെ അന്വേഷണാത്മകതക്ക് പ്രാധാന്യം നല്‍കി. സമകാലിക കേരളീയ പരിസരത്തിലേക്കാണ് `കനലാട്ടം' എന്ന (1979) സിനിമയിലൂടെ ഈ സംവിധായകന്‍ പ്രേക്ഷകരെ നടത്തിച്ചത്. സ്‌ത്രീശാക്തീകരണവും സ്‌ത്രീപക്ഷ ചിന്തയുമാണ് `കനലാട്ട'ത്തിന്റെ അന്തര്‍ധാര. വാര്യസ്യര്‍ കുട്ടിയുടെ ജീവിതഖണ്‌ഡത്തിലൂടെ, അവളുടെ ദു:ഖങ്ങളിലൂടെ സഞ്ചരിക്കുന്ന ക്യാമറ മനുഷ്യന്റെ ഉള്ളുരുക്കങ്ങളിലേക്കും വികാരവിചാരങ്ങളിലേക്കും ഇറങ്ങിനില്‍ക്കുന്നു. തന്റെ സ്വത്വം സമൂഹത്തിനു മുമ്പില്‍ വരച്ചുചേര്‍ക്കാനുള്ള ഒരു സ്‌ത്രീയുടെ തയ്യാറെടുപ്പുകളാണ് 'കനലാട്ട'ത്തിന്റെ കടുത്ത ഫ്രെയിമുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ജാത്യാചാരങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്തൊഴുകിയ പ്രണയം `കനലാട്ട'ത്തിലെ മുഖ്യവിഷയമാണ്. ഉയര്‍ന്ന ജാതിക്കാരിയായ നായികയുടെ അനുരാഗം ചെന്നുപതിച്ചത് കീഴ്‌ജാതിക്കാരനായ യുവാവില്‍. അവരുടെ അനുരാഗനദിക്ക് വിഘ്‌നം തീര്‍ത്തത് ജാതിയും. യുവാവ് നാട്ടുകാരാല്‍ കൊലച്ചെയ്യപ്പെടുന്നു. മൂകനായ ഏട്ടന്റെ ജീവിതവും തകര്‍ന്നതോടെ യുവതിയുടെ ജീവിതം സമൂഹത്തിന്റെ മുമ്പില്‍ ചോദ്യചിഹ്‌നമായി. ആ സ്‌ത്രീയുടെ കാഴ്‌ചകളിലൂടെയാണ് `കനലാട്ട'ത്തിന്റെ ക്യാമറ ചലിക്കുന്നത്. സംഗീതത്തിലും പരിചരണത്തിലും കേരളീയത്തനിമ പുലര്‍ത്തിയ ചിത്രമാണ് `കനലാട്ടം'. സാങ്കേതികമായി ഈ സിനിമയുടെ മറ്റൊരു സവിശേഷത ആറുദിവസം ഇരുപതു മണിക്കൂര്‍ വീതം ചിത്രീകരിച്ചാണ് പൂര്‍ത്തിയാക്കിയത്.
കനലാട്ടത്തെ തുടര്‍ന്ന് രാധാകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത സിനിമ `പുഷ്യരാഗ'മാണ്. മനുഷ്യബന്ധങ്ങളുടെ അടിയൊഴുക്കുകളും നീര്‍ച്ചോലകളും ഭംഗിയായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തില്‍. ചേച്ചിയും അനുജത്തിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷങ്ങളും ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ ആവിഷ്‌ക്കരിക്കുകയാണ് സംവിധായകന്‍. സാമൂഹികവും സാംസ്‌കാരികവുമായ ചില ധാരകള്‍ ഈ സിനിമയില്‍ കാത്തുസൂക്ഷിക്കാന്‍ രാധാകൃഷ്‌ണന് സാധിച്ചു. മധു, ജയന്‍, കെ. പി. ഉമ്മര്‍, ശാരദ തുടങ്ങിയവര്‍ വേഷപ്പകര്‍ച്ച നടത്തിയ പുഷ്യരാഗം ഹൃദയനൊമ്പരങ്ങളുടെ ദൃശ്യാഖ്യാനമാണ്.
സി. രാധാകൃഷ്‌ണന്‍ എന്ന സംവിധായകന്റെ ചലച്ചിത്ര സമീക്ഷയാണ് `ഒറ്റയടിപ്പാതകള്‍' എന്ന സിനിമ. 1998-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒരു എഴുത്തുകാരന്റെ അകംകാഴ്‌ചയുടെ ദീപ്‌തി പ്രസരിപ്പിച്ചു. ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും കണ്ടെടുത്ത വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഒറ്റയടിപ്പാതകള്‍. രാധാകൃഷ്‌ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ സിനിമയും കുടുംബങ്ങളുടെയും വ്യക്തിമനസ്സുകളുടെയും വൈവിധ്യമാര്‍ന്ന ദൃശ്യപംക്തികളാണ്. റിട്ടേര്‍ഡ് ജഡ്‌ജിയുടെ മകള്‍ സുന്ദരിയും സുശീലയുമാണ്. അവളുടെ അനുജന്‍ വൈകല്യംബാധിച്ച കുട്ടിയും. പ്രണയത്തിനുവേണ്ടി ജീവിതം നീക്കിവെച്ച മുറച്ചെറുക്കനും. കഥയുടെ കുഴമറിച്ചിലില്‍ മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി പിതാവ് തന്നെ അനുജനെ കൊല്ലുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ മകള്‍ കാമുകനെയും തന്റെ പ്രണയത്തെയും ഉപേക്ഷിക്കുന്നു. അച്ഛനെ വെറുക്കുന്നു. നിറഞ്ഞ സ്‌നഹവും വറ്റിപ്പോകുന്ന സ്‌നേഹവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഒറ്റയടിപ്പാതകളിലെ പ്രതിപാദ്യം. മാനസികാപഗ്രഥനത്തിന് നിരവധി നീക്കിയിരിപ്പുകള്‍ നല്‍കുന്ന മലയാളസിനിമകളിലൊന്നാണ് സി. രാധാകൃഷ്‌ണന്റെ `ഒറ്റയടിപ്പാതകള്‍'.സിനിമ ജീവിതത്തിന്റെ കണ്ണാടിയായി കാണാനാഗ്രഹിക്കുന്ന എഴുത്തുകാരനാണ് സി. രാധാകൃഷ്‌ണനെന്ന്, അദ്ദേഹത്തിന്റെ ചിത്രലോകം പ്രതിഫലിപ്പിക്കുന്നു. വാക്കിന്റെ തിരമാലകള്‍ക്കുള്ളില്‍ തെളിയുന്ന വെളിച്ചവും മധുരിമയും സംഗീതവും മാനവീയതയും സാഹിത്യകൃതികളിലെന്നപോലെ ദൃശ്യപഥത്തിലും അനുഭവപ്പെടുത്താന്‍ രാധാകൃഷ്‌ണന് സാധിക്കുന്നു. ചലച്ചിത്രകലയില്‍ തന്റേതായ ഒറ്റയടിപ്പാതയുടെ അമരത്തുനില്‍ക്കാന്‍ ഈ പ്രതിഭാശാലിക്ക് കഴിയുന്നത് മാധ്യമങ്ങളില്‍ നിവര്‍ത്തിക്കുന്ന ആത്മസമര്‍പ്പണത്തിന്റെ അഗ്നിസ്‌പര്‍ശം കൊണ്ടാണ്. അക്ഷരങ്ങളായി, ദൃശ്യാംശങ്ങളായി വഴിമാറുന്ന കലാത്മകഭൂമികയാണത്.
Tuesday, March 03, 2009
പ്രതിഭ-എത്രയും പറയാംതിരിച്ചെഴുത്ത് റെഡി!
അക്ഷരമോ, അക്ഷരക്കൂട്ടങ്ങളോ മാത്രമല്ല, ഖണ്‌ഡികകളും പുസ്‌തകം മുഴുവനോ ആയാലും പെട്ടെന്ന് അതിന്റെ തിരിച്ചെഴുത്ത് റെഡിയാണ്. മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലെ ഏത് വാചകമായാലും കവിതകളായാലും പുസ്‌തകങ്ങളായാലും ആര്യ സുരേന്ദ്രന്‍ നിമിഷത്തിനുള്ളില്‍ തിരിച്ചെഴുതി കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കും. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തിരിച്ചെഴുത്തില്‍ പുതിയ വേഗതയും അത്ഭുതവും സൃഷ്‌ടിക്കുന്ന ആര്യ വായനക്കാരുടെയും പറച്ചിലുകാരുടെയും സദസ്സുകളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. പിന്നീട് നിരവധി വേദികളിലും ആര്യ സുരേന്ദ്രന്‍ തിരിച്ചെഴുത്തിലെ കലാപാടവം അടയാളപ്പെടുത്തിയിട്ടുണ്ട്.
പ്രശസ്‌ത കഥാകാരി പ്രിയ എ. എസിന്റെ കഥയും അനില്‍പാച്ചൂരാന്റെ കവിതയും അവരെ വേദിയിലിരുത്തി വളരെ പെട്ടെന്ന് ആര്യ തിരിച്ചെഴുതി. അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന പുസ്‌തകത്തിന്റെ സുവര്‍ണ്ണ ജൂബിലിയാഘോഷ ചടങ്ങില്‍ കവിയുടെ സാന്നിധ്യത്തില്‍ കൃതി തിരിച്ചെഴുതി അദ്ദേഹത്തിന്റെ അനുഗ്രഹം നേടി. ഇങ്ങനെ പൊതുവേദികളിലും സ്‌കൂള്‍ തലത്തിലും ധാരാളം മത്സരങ്ങളിലും മറ്റും പങ്കെടുത്ത് ആര്യ ഈ രംഗത്ത് തന്റെ കഴിവ് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.
തിരിച്ചെഴുത്തിന്റെ തുടക്കത്തെക്കുറിച്ച് ആര്യ സുരേന്ദ്രന്‍ പറഞ്ഞു: ``ഒരു ദിവസം വെറുതെ അക്ഷരങ്ങള്‍ തിരിച്ചെഴുതാന്‍ ശ്രമിച്ചപ്പോള്‍ അനായാസമായി തോന്നി. പിന്നീട് എന്തും തിരിച്ചെഴുതാമെന്ന് മനസ്സിലായി.'' ആര്യയുടെ അഭിരുചിയും പ്രാവീണ്യവും ആദ്യം തിരിച്ചറിഞ്ഞത് അമ്മ മോളിയാണ്. ജോലി ആവശ്യാര്‍ത്ഥം കുടുംബം കാസര്‍കോട്ട് താമസിക്കുമ്പോഴാണ് ആര്യ കന്നഡ പഠിച്ചത്. പിന്നീട് കന്നഡയിലെ ഖണ്‌ഡികകളും മറ്റും നിമിഷം കൊണ്ട് തിരിച്ചെഴുതി ശീലിച്ചു. അക്ഷരങ്ങളും അക്കങ്ങളും ആര്യ തിരിച്ചെഴുതും.ആര്യ ഇപ്പോള്‍ കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. തിരിച്ചെഴുത്തിന് പുറമെ ക്യൂബുകള്‍ വിവിധ രീതിയില്‍ ക്രമീകരിക്കല്‍, ചിത്രരചന, സംഗീതം എന്നിവയും ആര്യയുടെ ഇഷ്‌ട മേഖലയാണ്. ചേച്ചി ആതിരയുടെ സംഗീത പഠനം കേട്ടുപഠിച്ച ആര്യ ശാസ്‌ത്രീയസംഗീതത്തില്‍ ഉപജില്ലാ തലത്തില്‍ സമ്മാനം നേടിയിട്ടുണ്ട്. ചുമരില്‍ തൂക്കിയ കലണ്ടറിന്റെ പ്രതിരൂപം കണ്ണാടിയില്‍ കണ്ടപ്പോള്‍ തോന്നിയ കുസൃതിയാണ് ആര്യയെ തിരിച്ചെഴുത്തിന് പ്രചോദനമായത്. നിലത്ത് ചോക്ക് ഉപയോഗിച്ചായിരുന്നു ആദ്യകാലത്ത് എഴുത്ത്. സഹപാഠികള്‍ക്ക് മുന്‍പില്‍ ഇത് അവതരിപ്പിച്ചു. പിന്നീട് കടലാസിലേക്ക് മാറ്റി. ചിത്രകഥകളൊക്കെ നിലത്ത് തിരിച്ചെഴുതി അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രശംസ നേടിയതോടെ മാതാപിതാക്കളും ആര്യയുടെ കഴിവ് ശ്രദ്ധിക്കാന്‍ തുടങ്ങി.
സാധാരണ എഴുത്തിന്റെ വേഗതയില്‍ തന്നെ തിരിച്ചെഴുതാനും ആര്യക്കു സാധിക്കുന്നു.കണ്ണൂര്‍ ചാലാട് സ്വദേശിയാണ് ആര്യ. കണ്ണൂര്‍ പി. എസ്. സി. ഓഫീസിലെ സെക്‌ഷന്‍ ഓഫീസര്‍ വി. വി. സുരേന്ദ്രന്റെയും സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസില്‍ ക്ലാര്‍ക്ക് പി. മോളിയുടെയും ഇളയമകളാണ് ആര്യ. സഹോദരി ആതിര മമ്പറം ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.
Monday, March 02, 2009
നാല് പെണ്ണുങ്ങള്‍ക്യാമറയിലൂടെജീവിതം കാണുമ്പോള്‍
കേരളത്തിന്റെ പതിമ്മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള സ്‌ത്രീ പ്രതിഭകളുടെ സംഗമവേദിയായിരുന്നു. ചിത്രനിര്‍മ്മിതിയുടെ മുന്നിലും പിന്നിലും നിറഞ്ഞുനിന്ന സ്‌ത്രീ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ നിരവധി സിനിമകളുണ്ടായിരുന്നു. സ്‌ത്രീകളുടെ സര്‍ഗാത്മകതയുടെ മുന്നേറ്റമായിരുന്നു ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ പതിമ്മൂന്നാമത് രാജ്യാന്തര ചലച്ചിത്ര വേദി. ജൂറികളില്‍ അഞ്ചില്‍ നാലുപേരും സ്‌ത്രീകളായിരുന്നു. രാജ്യാന്തര മേളകളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയവരും പ്രസിദ്ധ സംവിധായികമാരുമാണ് ജൂറിയിലുണ്ടായിരുന്നത്. പല പുരസ്‌കാരങ്ങളുടെയും നിര്‍ണ്ണയ സമിതിയിലും സ്‌ത്രീകളുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സവിശേഷതകള്‍ കൂടാതെ മേളയില്‍ പ്രധാന പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങളും സംവിധാനം ചെയ്‌തത് സ്‌ത്രീകളായിരുന്നു. രാജ്യാന്തരതലത്തില്‍ ചലച്ചിത്രകലയില്‍ സ്‌ത്രീകളുടെ പങ്കും പ്രതിഭാ വിന്യാസവും വര്‍ദ്ധിച്ചുവരുന്നു. ക്യാമറയുടെ മുന്നിലും പിന്നിലും സ്‌ത്രീകള്‍ മുഖ്യപങ്കുവഹിക്കുമ്പോള്‍ വരുന്ന മാറ്റവും കലാത്മകതയും വ്യക്തമാക്കുന്ന ധാരാളം സിനിമകളും പതിമ്മൂന്നാമത് മേളയുടെ തിരശ്ശീലയിലെത്തി. പന്ത്രണ്ടാമത് മേളയുടെ ഉദ്‌ഘാടന ചിത്രം പത്തൊമ്പത് വയസ്സുകാരി ഹന്ന മക്‌മല്‍ ബഫിന്റെ ബുദ്ധ കൊളാപ്‌സ്‌ഡ് ഔട്ട് ഓഫ് ഷെയിം ആയിരുന്നു. ഇറാനിലെ പ്രശസ്‌ത സിനിമാ കുടുംബത്തിലെ ഇളയകുട്ടിയാണ് ഹന്ന. ജീവിതത്തിലെ ഏത് വിഷയവും കരുത്തുറ്റ രീതിയില്‍ ആവിഷ്‌കരിക്കാനും കഥ പറയാനും സ്‌ത്രീകള്‍ക്ക് കഴിയുമെന്ന് ഈ പത്തൊമ്പതുകാരി തന്റെ ആദ്യ ഫീച്ചര്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ബോദ്ധ്യപ്പെടുത്തി. തീവ്രവാദവും അധിനിവേശവും വിതക്കുന്ന വിപത്തുകള്‍ കാഴ്‌ചക്കാരുടെ മനസ്സുകളില്‍ പുതിയ അവബോധം സൃഷ്‌ടിക്കാന്‍ പാകത്തില്‍ ഹന്നയ്‌ക്ക് ബുദ്ധ ഔട്ട് ഓഫ് ഷെയിമിലൂടെ കഴിഞ്ഞിട്ടുണ്ട്. സര്‍ഗാത്മകതയില്‍ പെണ്‍പെരുമ എത്രമാത്രം മുന്നിട്ടുനില്‍ക്കുന്നു എന്നതിന് മികച്ച ഉദാഹരണമാണ് മരിന റോണ്ടന്‍, സമീറ മക്‌മല്‍ ബഫ്, നന്ദിതാ ദാസ്, അഞ്‌ജലി മേനോന്‍ തുടങ്ങിയവര്‍. ഇവരെല്ലാം അവരവരുടെ ചിത്രങ്ങളിലൂടെ നടത്തിയ സാമൂഹിക ഇടപെടലിലൂടെയും സര്‍ഗസാന്നിദ്ധ്യത്താലും അനന്തപുരിയില്‍ കലാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. മരിന റോണ്ടനും അഞ്‌ജലി മേനോനും നന്ദിതാദാസും പുരസ്‌കാരങ്ങളും നേടി.വെനിസ്വലേനിയന്‍ സംവിധായിക മരിന റോണ്ടന്‍ രാജ്യാന്തരതലത്തില്‍ ചലച്ചിത്രപ്രേമികളുടെ പ്രശംസ നേടിയ പ്രതിഭയാണ്. സിനിമയിലും ടെലിവിഷനിലും ഒരുപോലെ പ്രശസ്‌തി കൈവരിക്കാന്‍ മരിനയ്‌ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.
തിരക്കഥാരചനയും സംവിധാനവും കൂടാതെ നിര്‍മ്മാതാവുമാണ് മരിന റോണ്ടന്‍. സംവിധാനകലയില്‍ മരിനയ്‌ക്കുള്ള പാടവം പ്രതിഫലിപ്പിക്കുന്ന ചിത്രമാണ് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പോസ്റ്റ് കാര്‍ഡ്‌സ് ഫ്രം ലെനിന്‍ഗാഡ്. കേരളത്തിന്റെ രാജ്യാന്തരമേളയില്‍ ഏറ്റവും മികച്ച സംവിധായികയ്‌ക്കുള്ള ഫിപ്രസി പുരസ്‌കാരം മരിന റോണ്ടനാണ് കരസ്ഥമാക്കിയത്. വെനിസ്വലേയിലെ വിപ്‌ളവകാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ സിനിമയില്‍ പെണ്‍ജീവിതത്തിന്റെ വേദനപ്പാടുകളും ജീവിതപ്രതിസന്ധിയുമാണ് അവതരിപ്പിക്കുന്നത്. വിപ്‌ളവകാരികള്‍ക്ക് ജനിക്കുന്ന ഒരു പെണ്‍കുഞ്ഞിന്റെ കണ്ണിലൂടെ വെനിസ്വലേയുടെ ഒളിപ്പോരാളികളുടെ സാഹസികതയും ആത്മവീര്യവുമാണ് ഈ ചിത്രത്തില്‍ മരിന ആവിഷ്‌കരിച്ചത്. സൂക്ഷ്‌മതയോടെ ചിട്ടപ്പെടുത്തിയ സിനിമയുടെ ഓരോ ഫ്രെയിമും പ്രേക്ഷകരെ കീഴ്‌പ്പെടുത്തുന്നു. ക്യാമറ കൊണ്ട് മനുഷ്യജീവിതമെഴുതുകയാണ് ഈ സംവിധായിക. അല മെഡിനോചി യ മീഡിയ, ലോ ഗൂസീ ഹെറിഡനോ സീ ഹര്‍ട്ട (ടിവി-ചിത്രം) തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് മരിന റോണ്ടനാണ്. ലോക ചലച്ചിത്ര വേദികളില്‍ ശ്രദ്ധേയ വെനിസ്വലേനിയന്‍ സാന്നിദ്ധ്യമാണ് ഇപ്പോള്‍ മരിന റോണ്ടന്‍.
പ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ മുഹ്‌സിന്‍ മക്‌മല്‍ ബഫിന്റെ മകളാണ് സമീറ മക്‌മല്‍ ബഫ്. നൂറുകണക്കിന് രാജ്യാന്തര ഫിലിം ഫെസ്റ്റ്‌വെലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ദ ആപ്പില്‍ എന്ന ചിത്രത്തിലൂടെ ലോകസിനിമയില്‍ മാറ്റത്തിന്റെ തരംഗം സൃഷ്‌ടിച്ചാണ് സമീറ മുന്നേറിയത്. ഇറാനിലെ സാമൂഹിക ജീവിതത്തില്‍, പ്രത്യേകിച്ച് സ്‌ത്രീകള്‍ നേരിടുന്ന പ്രതിബന്ധങ്ങളാണ് സമീറ തന്റെ ചിത്രങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധയില്‍ ചേര്‍ത്തുപിടിക്കുന്നത്. സിനിമ ഇടപെടലിന്റെ കലയായി കാണുന്ന സമീറ ചെയ്‌ത ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്‌തമാണ്. ബ്‌ളാക്ക് ബോര്‍ഡ്, അറ്റ് ഫൈവ് ഇന്‍ ദ ആഫ്‌റ്റര്‍നൂണ്‍, ടൂ ലഗ്‌ഡ് ഹോസസ്, ഗോഡ് കണ്‍സ്‌ട്രക്‌ഷന്‍ ആന്റ് ഡിസ്‌ട്രക്‌ഷന്‍, സപ്‌തംബര്‍ പതിനൊന്ന് മുതലായ സിനിമകള്‍ സമീറക്ക് സ്വന്തം നാട്ടില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്. എങ്കിലും ഒരു കലാകാരി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ സദാ ജാഗരൂകയാണ് സമീറ മക്‌മല്‍ ബഫ്. കേരളത്തിന്റെ പതിമ്മൂന്നാമത് രാജ്യാന്തരമേളയില്‍ ജൂറിമാരിലൊരാളായിരുന്നു സമീറ.1998-ല്‍ ലണ്ടന്‍ ഫെസ്റ്റില്‍ സുതര്‍ലാന്റ് ട്രോഫി, സ്വിറ്റ്‌സര്‍ലാന്റില്‍ ഇന്റര്‍നാഷണല്‍ ക്രിട്ടിക്‌സ് പ്രൈസ്, ഗ്രീസില്‍ തസ്ലോണിക്ക ഫെസ്റ്റില്‍ സ്‌പെഷ്യല്‍ പുരസ്‌കാരം, 1999-ല്‍ അര്‍ജന്റീന ഇന്റിപെന്റര്‍ സിനിമ സ്‌പെഷ്യല്‍ അവാര്‍ഡ്, ക്രിട്ടിക്‌സ് പ്രൈസ്, ഓഡിയന്‍സ് പ്രൈസ്, 2000-ല്‍ കാനില്‍ ജൂറി സ്‌പെഷ്യല്‍ അവാര്‍ഡ്, യുനസ്‌കോയുടെ ഫെഡറിക്കോ ഫെല്ലനി മെഡല്‍, ഗിഫോണി ഫെസ്റ്റില്‍ ഗിഫോണി മേയര്‍ പ്രൈസ്, ഫ്രാന്‍സ്‌കോയിസ് പ്രൈസ്, സ്‌പെഷ്യല്‍ കള്‍ച്ചറല്‍ പ്രൈസ്, അമേരിക്കയില്‍ ഗ്രാന്റ് ജൂറി പ്രൈസ്, 2003-ല്‍ കാനില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, കാനില്‍ ഇക്യുമെനിക്കല്‍ ജൂറി പ്രൈസ്, ഇന്ത്യന്‍ ഫിലിം ഫെസ്റ്റില്‍ രജത ചകോരം, 2004-ല്‍ സിങ്കപ്പൂര്‍ യൂത്ത് സിനിമ അവാര്‍ഡ്, 2008-ല്‍ സാന്‍സബാസ്റ്റ്യന്‍ ഫെസ്റ്റില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം തുടങ്ങിയവക്ക് സമീറ അര്‍ഹയായിട്ടുണ്ട്. പിതാവും പ്രശസ്‌ത ഇറാനിയന്‍ സംവിധായകനുമായ മൊഹ്‌സന്‍ മക്‌മല്‍ ബഫിന്റെ ചിത്രമായ ദ ബൈസിക്കളില്‍ ഏഴാമത്തെ വയസ്സില്‍ അഭിനയിക്കാനും സമീറക്ക് സാധിച്ചു. സംവിധായിക, തിരക്കഥാകൃത്ത്, അഭിനേത്രി എന്നിങ്ങനെ സര്‍ഗാത്മകതലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതിഭയാണ് സമീറ മക്‌മല്‍ ബഫ്.
നന്ദിതാ ദാസ് നടിയെന്ന നിലയില്‍ മലയാളിക്ക് സുപരിചിതയാണ്. അഭിനയകലയോടൊപ്പം സംവിധാനവും തനിക്ക് വഴങ്ങുമെന്ന് നന്ദിതാ ദാസ് വ്യക്തമാക്കിയ സിനിമയാണ് ഫിറാഖ്. രാജ്യാന്തര മേളയില്‍ പ്രേക്ഷകപങ്കാളിത്തം നേടിയ ചിത്രങ്ങളിലൊന്ന്. ഗുജറാത്ത് കലാപാനന്തര നാളുകളുടെ പശ്ചാത്തലത്തില്‍ ജനജീവിതം നേരിടുന്ന വിഷമവൃത്തങ്ങളാണ് നന്ദിത ഈ സിനിമയിലൂടെ പറയുന്നത്. ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രതിബന്ധങ്ങളുടെ ആഴക്കാഴ്‌ചയിലേക്കാണ് സംവിധായിക പ്രേക്ഷകരെ നടത്തിക്കുന്നത്. അഭിനയലോകത്ത് മികച്ച പ്രകടനം കാഴ്‌ചവച്ച നന്ദിത്‌ക്ക് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2001-ല്‍ ഭവാന്ദര്‍ എന്ന സിനിമയിലൂടെ മികച്ചനടിക്കുള്ള സാന്താമോണിക്ക ഫിലിം ഫെസ്റ്റ് അവാര്‍ഡ് നേടി. തുടര്‍ന്ന് 2002-ല്‍ അമര്‍ഭവനിലൂടെ കെയ്‌റോ, സീ സിനി എന്നീ അവാര്‍ഡുകളും 2006-ല്‍ കാംലിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം, ഫിറാഖിന് 2008-ല്‍ മികച്ച ചിത്രത്തിനും തിരക്കഥയ്‌ക്കും ഏഷ്യന്‍ ഫെസ്റ്റ് അവാര്‍ഡ്, മികച്ച ചിത്രത്തിനുള്ള പര്‍പ്പിള്‍ ഓര്‍ച്ചിഡ് അവാര്‍ഡ്, 2008-ല്‍ കേരളത്തിന്റെ രാജ്യാന്തര മേളയില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം. 2009-ല്‍ താസലോണിയ ഫെസ്റ്റില്‍ സ്‌പെഷ്യല്‍ പ്രൈസ്സ് എന്നിവ നേടി. ചിത്രകാരനായ ജതിന്‍ ദാസിന്റെയും എഴുത്തുകാരി വര്‍ഷാ ദാസിന്റെയും മകളാണ് നന്ദിത. ഭര്‍ത്താവ് സൗമ്യ സെന്‍.
മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ നിരവധി അവാര്‍ഡുകള്‍ നേടിയ സംവിധായികയാണ് അഞ്‌ജലി മേനോന്‍. യു. കെ.-യില്‍ ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ അഞ്‌ജലി ഫീച്ചര്‍- നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ കൃതികള്‍ ചെയ്യുന്നു. ടെലിവിഷനിലും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തും സിനിമയുമായും ചാനല്‍ പരിപാടികളുമായും ഉറ്റബന്ധം പലുര്‍ത്തുന്ന അഞ്‌ജലി നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്‌തിട്ടുണ്ട്.മഞ്ചാടിക്കുരു എന്ന സിനിമയില്‍ ഒരു മലയാളിയുടെ ഗൃഹാതുരത്വമാണ് ആവിഷ്‌കരിക്കുന്നത്. അമേരിക്കയില്‍ ജീവിക്കുന്ന പത്തുവയസ്സുകാരനായ വിക്കി എന്ന കുട്ടിയുടെ ഓര്‍മ്മകളിലൂടെ കേരളീയമായ ജീവിതചിത്രം അവതരിപ്പിക്കുന്നു. തറവാട്ടിലെ ഒരു മരണാനന്തരച്ചടങ്ങിന് എത്തിയവരുടെ നിരയിലാണ് ഈ കുട്ടിയും. കേരളീയ പ്രകൃതിയും സാഹചര്യങ്ങളും പ്രവാസികളായ മലയാളികളുടെ പ്രശ്‌നങ്ങളാണ് ഈ ചിത്രത്തില്‍ അഞ്‌ജലി ക്യാമറയിലൂടെ അടയാളപ്പെടുത്തുന്നത്. മഞ്ചാടിക്കുരുവില്‍ ഓര്‍മ്മകളുടെ നനുത്ത സ്‌പര്‍ശവും മനോഹാരിതയും ഒത്തിണങ്ങുന്നു.നാലു സ്‌ത്രീകള്‍ ക്യാമറക്കണ്ണുകളിലൂടെ ജീവിതം ആവിഷ്‌കരിക്കുമ്പോള്‍ അവരവരുടെ സാംസ്‌കാരിക ഭൂപടവും സര്‍ഗാത്മകതയുടെ ഇരമ്പവും അനുഭവിപ്പിക്കുന്നു. പ്രതിഭകളുടെ മാറ്റുരയ്‌ക്കലില്‍ ഈ കലാകാരികള്‍ പ്രേക്ഷകലോകത്തിന്റെ പ്രീതി സമ്പാദിച്ചു. നിരന്തര പ്രയത്‌നവും അന്വേഷണാത്മകതയുമാണ് കലയുടെ രംഗത്തും ജീവിതത്തിലും വിജയത്തിനുള്ള പ്രചോദനമെന്ന് ഇവരുടെ ജീവിതരേഖ വ്യക്തമാക്കുന്നു.
കലഓരോ ബജറ്റ് വരുമ്പോഴും
Friday, February 20, 2009
Monday, February 16, 2009
വായന
ഭാരതീയഗീതം
അല്ലാമാ ഇഖ്‌ബാലിന്റെ സാരേ ജഹാന്‍ സെ അച്ഛാ എന്ന ഗാനത്തിന്റെ മൂലരൂപവും അതിന്റെ പരിഭാഷയും. സ്വാതന്ത്ര്യസമര കാലഘട്ടത്തിന്റെ വികാരസ്‌പര്‍ശം ഹൃദയത്തില്‍ നിറയ്‌ക്കുന്ന കൃതി. വിവര്‍ത്തനം എം. പി. അബ്‌ദുസ്സമദ് സമദാനി. അവതാരിക ഡോ. സുകുമാര്‍ അഴീക്കോട്.
പ്രസാധനം: അല്ലാമാ ഇഖ്‌ബാല്‍ അക്കാദമിപേജ്- 64 വില- 75 രൂപ
ചിതറിയ ചിന്തയിലെരത്‌നശതകം
അല്ലാമാ ഇഖ്‌ബാലിന്റെ നോട്ട് ബുക്കിലെ കുറിപ്പുകളുടെ സമാഹാരം. ജീവിതത്തിന്റെ വ്യത്യസ്‌തതലങ്ങളെ സമഗ്രമായി വിലയിരുത്തുന്ന ഇഖ്‌ബാലിന്റെ കുറിപ്പുകളുടെ വിവര്‍ത്തനവും വ്യാഖ്യാനവും എം. പി. അബ്‌ദുസ്സമദ് സമദാനി. അവതാരിക എം. ടി. വാസുദേവന്‍ നായര്‍.
പ്രസാധനം: അല്ലാമാ ഇഖ്‌ബാല്‍ അക്കാദമി,കോഴിക്കോട്‌പേജ്-370 വില- 200
രൂപവ്രതം, വിശ്വാസം, വിമോചനം
ഡോ. ശാഫി അബ്‌ദുല്ല സുഹൂരി എഴുതിയ പുസ്‌തകം. യാന്ത്രിക കര്‍മ്മങ്ങളായി വ്രതാചരണം മാറാതിരിക്കാനുള്ള ഒരു വ്രതസൂക്ത പഠനം. ഈമാന്‍ കാര്യങ്ങളോരോന്നും വര്‍ദ്ധിപ്പിക്കാനുതകുന്ന, ആത്മചൈതന്യം ലഭിക്കുന്ന കാര്യങ്ങള്‍ ലളിതമായും സൂക്ഷ്‌മതയോടെയും വിവരിക്കുന്നു.
പ്രസാധനം: സൈത്തൂന്‍ ബുക്‌സ്, കോഴിക്കോട്‌പേജ്-170 വില- 70
രൂപതിരുനബിയുടെമുഅ്‌ജിസത്തുകള്‍
മുത്തു നബിയില്‍ നിന്നുണ്ടായ അമാനുഷിക സംഭവങ്ങള്‍ കുരുന്നുകള്‍ക്ക് പറഞ്ഞു കൊടുക്കാനും പ്രഭാഷണങ്ങളില്‍ ഉള്‍പ്പെടുത്താനും സഹായകമാകുന്ന പുസ്‌തകം.
പ്രസാധനം: ശറഫീ പബ്ലിക്കേഷന്‍സ്, കൊടുവള്ളിപേജ്-50 വില- 20
രൂപകുരുടന്‍
മൂങ്ങസാദിക് ഹിദായത്തിന്റെ നോവല്‍. ആധുനിക പേര്‍ഷ്യന്‍ സാഹിത്യകാരന്റെ പ്രശസ്‌തമായ കൃതിയുടെ വിവര്‍ത്തനം നിര്‍വ്വഹിച്ചത് വിലാസിനിയാണ്. വായനയില്‍ വേറിട്ട അനുഭവമാകുന്ന കൃതി.
പ്രസാധനം: പൂര്‍ണ, കോഴിക്കോട്‌പേജ്- 146 വില- 90 രൂപ
വട്ടപ്പാട്ട്
ഇഖ്‌ബാല്‍ കോപ്പിലാന്‍ രചിച്ച പുസ്‌തകം. മാപ്പിള കലകളില്‍ അന്യം നിന്നുപോകുന്ന കലാരൂപമായ വട്ടപ്പാട്ടിനെക്കുറിച്ചുള്ള ഗഹനമായ പുസ്‌തകങ്ങളിലൊന്ന്. ഫോക്‌ലോര്‍ പഠിതാക്കള്‍ക്ക് പ്രയോജനപ്പെടും.
പ്രസാധനം: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്‌മാരക സെന്റര്‍, കൊണ്ടോട്ടിപേജ്- 128 വില- 60 രൂപ
ജനനിഅമ്മ, മകള്‍, മാതൃത്വം
സ്‌ത്രീപക്ഷ പ്രസ്ഥാനങ്ങളിലൂടെയും പഠനങ്ങളിലൂടെയും പ്രശസ്‌തരായ ഇരുപതോളം സ്‌ത്രീകളുടെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെ വിവരണം. മാതൃത്വത്തെ പലവിതാനത്തില്‍ കാണുന്ന പുസ്‌തകം. റിങ്കി ഭട്ടാചാര്യ എഡിറ്റ് ചെയ്‌ത ഈ പുസ്‌തകത്തിന്റെ പരിഭാഷ വിജയലക്ഷ്‌മി എസ്.
പ്രസാധനം: ഡി.സി. ബുക്‌സ്, കോട്ടയംപേജ്-250 വില- 125 രൂപകറുത്തപൊന്നിന്റെ കഥ
അനുരാധയുടെ നോവല്‍. വാസ്‌കോഡ ഗാമയുടെ ആഗമനവും തുടര്‍ന്നുള്ള ചരിത്രവുമാണ് ഈ നോവലിലൂടെ പറയുന്നത്. വായനയില്‍ ഹൃദ്യമാകുന്ന കൃതി.
പ്രസാധനം: ഡി.സി. ബുക്‌സ്‌പേജ്- 268 വില- 140 രൂപ
പുരാണ ക്വിസ്
പുരാണങ്ങളുമായി ബന്ധപ്പെട്ട ചോദ്യാവലിയും അവയുടെ ഉത്തരങ്ങളുമാണ് ഈ പുസ്‌തകത്തില്‍. നിരവധി പുരാണ കൃതികളുമായി പഠിതാക്കള്‍ക്ക് ഇടപഴകാന്‍ സഹായകമാകുന്ന പുസ്‌തകം. ഗ്രന്ഥകാരന്‍ സന്തോഷ്‌കുമാര്‍ ചേപ്പാട്
.പ്രസാധനം: പൂര്‍ണ, കോഴിക്കോട്‌പേജ്- 190 വില- 95
രൂപപക്ഷിസംഭാഷണം
ഫരീദുദ്ദീന്‍ അത്താര്‍ രചിച്ച പക്ഷിസംഭാഷണം എന്ന കൃതിയുടെ വിവര്‍ത്തനം. ആദ്ധ്യാത്മിക സാഫല്യത്തിലെത്തിയ ഒരു കൂട്ടം പക്ഷികളുടെ കഥയാണ് ഈ ഗാനപുസ്‌തകത്തില്‍ പറയുന്നത്. വിവര്‍ത്തകന്‍ ശിവപുരം സി. പി. ഉണ്ണിനാണു നായര്‍.
പ്രസാധനം: പൈതൃകം പബ്ലിക്കേഷന്‍സ്,കോഴിക്കോട്‌പേജ്- 58 വില- 35 രൂപ
വായന
എഴപതുകളുടെപുസ്‌തകത്തില്‍ നിന്നും ബാബു കുഴിമറ്റത്തിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം. അനവധി രാഷ്‌ട്രീയ, സാമൂഹ്യാനുഭവങ്ങളുടെ അടിവേരുകള്‍ കൊണ്ട് സമ്പന്നമാണ് ഈ പുസ്‌തകം. സൗഹൃദത്തിന്റെ തണലും ആത്മബലികളുടെ പെരുപ്പവും നിറഞ്ഞ ഈ ഓര്‍മ്മകള്‍ നല്ലൊരു വായനാനുഭവമാകും. പ്രസാധനം: ഡിസി ബുക്‌സ്‌പേജ്: 82 വില- 50 രൂപ
ദൈവവും കളിപ്പന്തും
പി. എ. നാസിമുദ്ദീന്‍ രചിച്ച കവിതകള്‍. വര്‍ത്തമാനകാലത്തിന്റെയും യൗവ്വനത്തിന്റെയും കിതപ്പുകളും വിഭ്രാന്തികളും മനോഹരമായ കവിതയില്‍ ലയിപ്പിക്കുന്ന രചനാതന്ത്രം ഈ കൃതി വേറിട്ടൊരനുവഭമാക്കുന്നു. അവതാരികയില്‍ സച്ചിദാനന്ദന്‍ എഴുതി: സമകാലീന ജീവിതത്തിലെ വിരോധാഭാസങ്ങള്‍ നാസിമുദ്ദീനെ നിരന്തരം അസ്വസ്ഥനാക്കുന്നു.
പ്രസാധനം: ഡിസി ബുക്‌സ്‌പേജ്: 100 വില- 55 രൂപ
പ്രകാശ് രാജുംഞാനും
രേഖ കെ.യുടെ കുറിപ്പുകള്‍. വ്യത്യസ്‌തമായ ജീവിതമുഖങ്ങള്‍ ഭംഗിയായി അവതരിപ്പിക്കുന്ന ഈ ലേഖനങ്ങള്‍ വായനയില്‍ മധുരവും കയ്‌പ്പും നല്‍കുന്നു. കാരണം ഓരോന്നും ആവിഷ്‌കരിച്ച കലാത്മകത തന്നെ. ഹൃദ്യമായ കാര്യങ്ങള്‍ പകര്‍ന്നുകൊടുക്കാനുള്ള കഥാകാരിയുടെ മികവ് ഈ കുറിപ്പുകളെയും മികവുറ്റതാക്കുന്നു
.പ്രസാധനം: ഡിസി ബുക്‌സ്‌പേജ്: 74 വില- 42 രൂപ
ഉറുമ്പുകളുടെ കാലൊച്ച
മണിയൂര്‍ ഇ. ബാലന്റെ കഥകള്‍.വരണ്ടുപോകുന്ന ജീവിതങ്ങളെ കണ്മൂരില്‍ നനച്ച് പ്രത്യാശയുടെ വിത്തുകള്‍ മുളപ്പിക്കാന്‍, ജീവിതത്തിന്റെ കനല്‍വഴികള്‍ താണ്ടുന്നവരുടെ കഥകള്‍. ദുരിതജീവിതത്തിന്റെ കാണാക്കയങ്ങളില്‍ നിന്നും ഉയരുന്ന നിലവിളി ഈ കഥകളില്‍ പതിഞ്ഞുനില്‍പ്പുണ്ട്.
പ്രസാധനം: പൂര്‍ണ, കോഴിക്കോട്‌പേജ്: 62 വില- 40
അണിയറ
ഉറൂബിന്റെ നോവല്‍. ജീവിതമെന്ന മഹാ നാടകത്തിന്റെ അണിയറയില്‍ നിന്ന് ഉറൂബ് കളിയരങ്ങിലെ കളികള്‍ നോക്കിക്കാണുകയാണ്. ഏറെ വ്യത്യസ്‌തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളുടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക് ഒരാത്മീയാന്വേഷണം നടത്തുകയാണ് നോവലിസ്റ്റ്.
പ്രസാധനം: പൂര്‍ണ, കോഴിക്കോട്‌പേജ്: 166 വില- 100
രൂപരക്തസാക്ഷികള്‍സകരിയ്യ(അ)യഹ്‌യ(അ)
പ്രൊഫ. കൊടുവള്ളി അബ്‌ദുല്‍ഖാദിര്‍ രചിച്ച പുസ്‌തകം. മനുഷ്യസമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ അല്ലാഹു നിയോഗിച്ച രണ്ട് പുണ്യപ്രവാചകന്മാരെ കുറിച്ചുള്ള ചരിത്രമാണ് ഈ പുസ്‌തകത്തില്‍.
പ്രസാധനം: ശറഫീ പബ്ലിക്കേഷന്‍സ്‌പേജ്: 74 വില- 30 രൂപ