Thursday, August 28, 2014

ജീവിതത്തിലേക്ക് സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍

കാഴ്ച



ആഗസത് 25-ന് അന്തരിച്ച വിഖ്യാത ചലച്ചിത്രസംവിധായകന്‍ ലോര്‍ഡ് റിച്ചാര്‍ഡ് സാമുവല്‍ ആറ്റന്‍ബറോയുടെ കലാസപര്യയെപ്പറ്റി




വിഖ്യാത ചലച്ചിത്രശില്‍പികളായ ക്ലയര്‍ ഡെനിസ് , ഗൊരാന്‍ പാസ്‌കല്‍ജെവിക്, മാര്‍കോ ബലാച്ചിയോ, ഹാറൂണ്‍ ഫറോകി, ജീന്‍ റിനോയര്‍, താക്ഷി മികി, ബ്രെസര്‍, ഒഷിമ, ആഞ്ചലോ പൗലോസ്, ജിബ്രില്‍ ദിയോങ്, അലന്‍ റെനെ, മാമ്പെട്ടി, ജിറി മല്‍വിന്‍, അല്‍മദോവര്‍, ഇംകോന്‍ തെക എന്നിങ്ങനെ ചലച്ചിത്രത്തിന്റെ പിന്നിട്ട വഴികളും മാറുന്ന വ്യാകരണവും സൗന്ദര്യശാസ്ത്രവും പഠിക്കുമ്പോള്‍ കണ്ടിരിക്കേണ്ട മാസ്‌റ്റേഴ്‌സിന്റെ നിരയിലാണ് ലോര്‍ഡ് റിച്ചാര്‍ഡ് സാമുവല്‍ ആറ്റന്‍ബറോ എന്ന ബ്രിട്ടീഷ് ചലച്ചിത്രസംവിധായകന്റെ സ്ഥാനം. ബറോ ചിത്രങ്ങള്‍ കലങ്ങിമറിഞ്ഞ ജീവിതങ്ങളുടെ അടിച്ചമര്‍ത്തലുകളുടെ അടയാളമാണ്. സമചിത്തതയോടെ ജീവിതാവസ്ഥ നോക്കിക്കാണുന്ന അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളില്‍ വാട്ട് എ ലൗലി വാര്‍ (1969), എ ബ്രിഡ്ജ് ടൂ ഫാര്‍ (1977), ഗാന്ധി (1982) ക്രൈം ഫ്രീഡം (1987) തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു.
ക്ലോസപ്പ് ഷോട്ടുകളോട് വിയോജിക്കുന്ന സംവിധായകനാണ് ആറ്റന്‍ബറോ. നിശ്ചലമായ കാമറയില്‍ വിരിയുന്ന നീണ്ട ടേക്കുകളോടാണ് അദ്ദേഹത്തിന് പ്രിയം. ആഫ്രിക്കയിലെ കൊളോണിയലിസത്തിന്റെ ഇരുണ്ട ചിത്രങ്ങള്‍ ശക്തമായി ആവിഷ്‌കരിച്ച് ക്രൈം ഫ്രീഡം (1987) മനുഷ്യപ്രകൃതിക്കും ശരീരഭാഷക്കും ഊന്നല്‍ നല്‍കി. വെള്ളക്കാരും കറുത്തവരും തമ്മിലുള്ള പോരാട്ടം. ദേശാടനത്തിന്റെ അര്‍ത്ഥമാനങ്ങളും അന്വേഷിക്കുകയാണ് ഈ സംവിധായകന്‍. സ്വത്വബോധം, ദേശീയത, വര്‍ഗബോധം എന്നീ മൂന്നു ഘടകങ്ങളാണ് ബറോ ചിത്രങ്ങളുടെ അന്തര്‍ധാര. കുടിയേറ്റക്കാരുടെ നിത്യജീവിതവും രാഷ്ട്രീയവീക്ഷണവും ഇഴചേര്‍ന്നു നില്‍ക്കുന്ന സിനിമകള്‍. ആത്മകഥാപരമായ ചിത്രങ്ങള്‍ക്ക് മികച്ച ഉദാഹരണമാണ് യങ് വിന്‍സ്റ്റണ്‍ (1972), ഗാന്ധി(1982), ചാപ്ലിന്‍ (1992), ഗ്രേ ഔള്‍ (1999) എന്നിവ.
ബഹുമുഖപ്രതിഭയായിരുന്നു ബറോ. നടന്‍, നിര്‍മ്മാതാവ്, നാടകനടന്‍, ഫുട്‌ബോള്‍ പ്രേമി, ഉന്നതനായ ഉദ്യോഗസ്ഥന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. ഇംഗ്ലീഷ് സിനിമകളുടെ അറുപതുകളെ പിന്തുടര്‍ന്ന ചിത്രഭാഷയിലൂടെ ബറോ ശ്രദ്ധേനേടി. രാഷ്ട്രീയപക്ഷവാദമുള്ള സിനിമകളെന്ന് ബറോ ചിത്രങ്ങളെ വിശേഷിപ്പിക്കാം. സിനിമയെക്കാള്‍ മനുഷ്യനെ സ്‌നേഹിച്ച കലാകാരന്‍. തന്റെ ചിത്രങ്ങളിലൂടെ ആറ്റന്‍ബറോ പറയാനുദ്ദേശിച്ചത് തന്നെ വേട്ടയാടിയ ചരിത്ര- സാമൂഹിക സംഭവങ്ങള്‍ തന്നെ. ‘അദ്ദേഹം അതേപ്പറ്റി പറഞ്ഞതിങ്ങനെ:'ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്, അവ എനിയ്ക്ക് വളരെ പ്രധാനമാണ്. ഒരു എഴുത്തുകാരന്‍ അല്ലാത്തതുകൊണ്ട് ഞാന്‍ സിനിമകള്‍ സംവിധാനം ചെയ്യുന്നു'.’ 
ലോക മഹായുദ്ധങ്ങളുടെ പശ്ചത്തലത്തിലുള്ളതാണ് വാട്ട് എ ലൗലി വാര്‍ (1969), എ ബ്രിഡ്ജ് ടൂ ഫാര്‍ (1977) തുടങ്ങിയ ചിത്രങ്ങള്‍. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തെപ്പറ്റിയാണ് ക്രൈം ഫ്രീഡം (1987). വര്‍ണവിവേചനത്തിന് എതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് ബറോ 'ക്രൈം ഫ്രീഡം' ഒരുക്കിയത്. 
മഹാരഥന്മാരുടെ ജീവചരിത്ര ചിത്രങ്ങളിലൂടെ, അവരെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള വീക്ഷണം നല്‍കാനും ആറ്റന്‍ബറോ ശ്രമിച്ചിട്ടുണ്ട്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചെറുപ്പകാലത്തെ ചിത്രീകരിക്കുന്ന യങ് വിന്‍സ്റ്റണ്‍ (1972), ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി ഗാന്ധി (1982), ചാര്‍ലി ചാപ്ലിന്റെ കഥ പറയുന്ന ചാപ്ലിന്‍ (1992), ആര്‍ക്കിബാള്‍ഡ് ബെലാനിയുടെ ജീവിത വഴികളിലൂടെ നടന്നുനീങ്ങുന്ന ഗ്രേ ഔള്‍ (1999) തുടങ്ങിയ ചിത്രങ്ങള്‍. ഇതില്‍ ഗാന്ധിയാണ് ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ആറ്റണ്‍ബറോയെ ചലച്ചിത്രരംഗത്ത് ഉയരങ്ങളില്‍ എത്തിച്ചത്.
ഗാന്ധി ചിത്രത്തോടെ ആറ്റന്‍ബറോ ഒരു സംവിധായകനെന്ന നിലയില്‍ ലോകസിനിമയില്‍ ചിരപ്രതിഷ്ഠ നേടി. ചിത്രത്തിന്റെ സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ആറ്റന്‍ബറോയ്ക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും ഗാന്ധിയായി വേഷമിട്ട ബെന്‍ കിങ്‌സിലിയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരവും ലഭിച്ചു. എട്ട് ഓസ്‌ക്കാറാണ് ഗാന്ധിചിത്രത്തിന് ലഭിച്ചത്. രണ്ട് ബാഫ്റ്റ പുരസ്‌കാരങ്ങളും രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങളും ഈ ചിത്രം അദ്ദേഹത്തിന് നേടിക്കൊടുത്തു.
ചിരകാല സ്വപ്‌നമായ ഗാന്ധിജിയെക്കുറിച്ചുള്ള സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ ആറ്റന്‍ബറോ അധ്വാനിച്ചത് ഇരുപത് വര്‍ഷമാണ്. ചിത്രം പൂര്‍ത്തിയാക്കാന്‍ തന്റെ കാര്‍ വിറ്റ ആറ്റന്‍ബറോയ്ക്ക് വീടു വരെ പണയപ്പെടുത്തേണ്ട സ്ഥിതിയുണ്ടായി. പണമുണ്ടാക്കാനായി ഇഷ്ടമില്ലാത്ത ചിത്രങ്ങളില്‍പോലും അഭിനയിച്ചിരുന്നു. മാജിക് (1977), എ കോറസ് ലൈന്‍ (1985), ഷാഡോലാന്‍ഡ് (1993), ഇന്‍ ലൗ ആന്‍ഡ് വാര്‍ (1996), ക്ലോസിങ് ദ റിങ് (2007) എന്നിവയാണ് ആറ്റന്‍ബറോയുടെ മറ്റു പ്രധാന ചിത്രങ്ങള്‍. സംവിധാനം ചെയ്ത പന്ത്രണ്ട് ചിത്രങ്ങളില്‍ എ ബ്രിഡ്ജ് ടൂ ഫാര്‍, മാജിക്, എ കോറസ് ലൈന്‍ എന്നിവ ഒഴികെയുള്ള ചിത്രങ്ങളുടെ നിര്‍മാണവും അദ്ദേഹം തന്നെയായിരുന്നു.
സംവിധായകനായാണ് കൂടുതല്‍ അംഗീകാരം നേടിയതെങ്കിലും നടനായാണ് ആറ്റന്‍ബറോ ചലച്ചിത്ര രംഗത്ത് എത്തുന്നത്. പതിനൊന്നാം വയസ്സില്‍ പിതാവിനോടൊപ്പം കണ്ട വിഖ്യാത ചാപ്ലിന്‍ ചിത്രം ഗോള്‍ഡ് റഷ്’ ആണ് അദ്ദേഹത്തെ അഭിനയത്തിലേക്ക് ആകര്‍ഷിക്കുന്നത്. 1942-ല്‍ ഇരുപതാം വയസ്സില്‍ 'ഇന്‍ വിച്ച് വി സര്‍വ്' എന്ന ചിത്രത്തിലൂടെ ആറ്റന്‍ബറോ അഭിനയരംഗത്ത് തുടക്കം കുറിച്ചു. 1947-ല്‍ 'ബ്രിങ്ടണ്‍ റോക്കി'ലെ പിങ്കീ ബ്രൗണ്‍ ആണ് ആറ്റന്‍ബറോയുടെ ആദ്യത്തെ ശ്രദ്ധേയമായ കഥാപാത്രം. ഡലസിമെര്‍ സ്ട്രീറ്റ്, ഐ ആം ഓള്‍റൈറ്റ് ജാക്ക് പോലുള്ള ചിത്രങ്ങളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെ അമ്പതുകളില്‍ തന്നെ അഭിനയരംഗത്ത് അദ്ദേഹം തന്റെ സ്ഥാനമുറപ്പിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയിലും ആറ്റന്‍ബറോ പേരെടുത്തു. 1952-ല്‍ അഗതാ ക്രിസ്റ്റിയുടെ ‘ദ മൗസ്ട്രാപ്പ്’ എന്ന കഥയുടെ നാടകാവതരണത്തില്‍ അദ്ദേഹത്തിന്റെ ഡിറ്റക്ടീവ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആറ്റന്‍ബറോയുടെ ഭാര്യയും ഈ നാടകത്തില്‍ വേഷമിട്ടിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിക്കപ്പെട്ട നാടകം എന്ന റെക്കോര്‍ഡ് മൗസ്ട്രാപ്പിനാണ്.
1960-കളില്‍ ദ ഗ്രേറ്റ് എസ്‌കേപ്പ് പോലുള്ള ചിത്രങ്ങളിലൂടെ ആറ്റന്‍ബറോ ക്യാരക്ടര്‍ റോളുകളിലും ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. 1964-ല്‍ പ്രൈവറ്റ്‌സ് രേപാഗ്രസ്, ഗണ്‍സ് അറ്റ് ബാറ്റസി എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് ബാഫ്റ്റ പുരസ്‌കാരം കിട്ടിയിട്ടുണ്ട്. 1966-ല്‍ ഡോക്ടര്‍ ഡോലിറ്റലില്‍, 1967-ല്‍ ദ സാന്‍ഡ് പെബ്ബിള്‍സ് എന്നിവയിലൂടെ മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നേടി.
അദ്ദേഹത്തിന്റെ സിനിമയുടെ ആത്മാവു തന്നെ മാറുന്ന കാഴ്ചയാണ്. സ്വാഭാവികമായും ചിലപ്പോള്‍ കഥയും കഥാപാത്രങ്ങളും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങള്‍ മാത്രമാണ്. 1969-ല്‍ എ കോറസ് ലൈന്‍ എന്ന ചിത്രത്തിലൂടെ സിനിമയുടെ പാരമ്പര്യവഴിയില്‍ നിന്നും വേറിട്ടൊരു ദൃശ്യ ചാരുതയാണ് . പാരമ്പര്യം നിലനിര്‍ത്താനും യാഥാര്‍ഥ്യങ്ങളെ തുറന്നുകാണിക്കാനും തയാറാകുന്നു.
രണ്ട് യൂണിറ്റുകളായിരുന്നു ‘ഗാന്ധി’ സിനിമയ്ക്ക് ബറോ ഒരുക്കിയത്. ഒന്നാം യൂണിറ്റില്‍ ബ്രിട്ടീഷ് കലാകാരന്‍മാര്‍. രണ്ടാം യൂണിറ്റ് നിഹലാനിയാണ് നയിച്ചത്. ഗാന്ധി’ സിനിമകൊണ്ട് ഇന്ത്യയില്‍ ഏറെ സഞ്ചരിക്കാനും ആറ്റന്‍ബറോക്ക് സാധിച്ചു. 1977-ല്‍ ദ ഹ്യൂമര്‍ ഫാക്ടറിക്ക് ശേഷം 1993-ല്‍ സ്പില്‍ബര്‍ഗിന്റെ ജുരാസിക്ക് പാര്‍ക്കിലാണ് ബറോ അഭിനയിച്ചത്. ഇന്‍ ലവ് ആന്റ് വാര്‍, എലിസബത്, ദ മിറാക്കില്‍ ഓഫ് തേര്‍ട്ടിഫോര്‍ത്ത് മുതലായ സിനിമകളിലും അദ്ദേഹം വേഷമിട്ടു. 2002-ലെ പക്കൂണ്‍ എന്ന ചിത്രത്തിലാണ് ബറോ അവസാനമായി അഭിനയിച്ചത്. ആറ്റന്‍ബറോയുടെ നിര്യാണത്തോടെ കാമറയില്‍ മനുഷ്യഗീതം തീര്‍ത്ത ഒരു സംവിധായകന്‍ കൂടി ഓര്‍മ്മയായി.

മുരളീരവം തിരികെ വരുമ്പോള്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍

സംഗീതം

വി.ടി.മുരളി മൂന്നുപതിറ്റാണ്ടിനു ശേഷം ചലച്ചിത്രരംഗത്ത് സജീവമാകുന്നു. പേടിത്തൊണ്ടന്‍ എന്ന ചിത്രത്തിലെ 'ഇനിയീ മഞ്ഞില്‍... 'എന്ന പാട്ടിലൂടെ


'വ്യത്യസ്തമായ ശബ്ദസൗകുമാര്യവും ആലാപനഭാവുകത്വവും കൊണ്ട് നമ്മുടെ ജനകീയ സംഗീതത്തില്‍ സ്വന്തം ഇടം നിലനിര്‍ത്തിയ പാട്ടുകാരനാണ് വി.ടി.മുരളി. മലയാളിയുടെ പൊതുസംഗീതബോധത്തെ യേശുദാസിന്റെ മാന്ത്രിക സാന്നിധ്യം പൂര്‍ണ്ണമായും നിയന്ത്രിച്ചു കൊണ്ടിരുന്ന കാലത്താണ് നമ്മുടെ തനതു നാടോടിത്തത്തിന്റെ ആഴമേറിയ സംസ്‌കാരബലം കൊണ്ട് വി.ടി.മുരളി തന്റേതുമാത്രമായ ഒരു പാട്ടുവഴി സൃഷ്ടിച്ചത്. കുറച്ചുപാട്ടുകളെ പാടിയുള്ളുവെങ്കിലും നമ്മുടെ ചലച്ചിത്രഗാന ചരിത്രത്തിലും ലളിതഗാന, നാടകഗാന ചരിത്രത്തിലും മുരളിയുടെ പാട്ടുകള്‍ അടയാളപ്പെട്ടുകിടക്കുന്നു.'- എന്നിങ്ങനെ ആലങ്കോട് ലീലാകൃഷ്ണന്‍ വി.ടി.മുരളിയുടെ സംഗീതയാത്രയുടെ ആത്മരേഖ വരച്ചിടുന്നു.
ഏതോ പാട്ടുപെട്ടിയില്‍ നിന്നോ, മൊബൈല്‍ റിങ്‌ടോണില്‍ നിന്നോ ഒഴുകി വരുന്നു...''ഓത്തുപള്ളിലന്നു നമ്മള്‍ പോയിരുന്ന കാലം....ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തു... ''. വി.ടി.മുരളി എന്ന ഗായകനെ മലയാളി നെഞ്ചിനുള്ളില്‍ ചേര്‍ത്തുവെച്ച ഗാനം. കെ.പി. കുമാരന്‍ സംവിധാനം ചെയ്ത 'തേന്‍തുള്ളി' (1979) എന്ന ചിത്രത്തിനുവേണ്ടി കവി പി.ടി. അബ്ദുറഹിമാന്‍ എഴുതിയ വരികള്‍. കെ.രാഘവന്‍ മാഷിന്റെ സംഗീതത്തില്‍ എത്ര കേട്ടാലും മതിവരാത്ത പാട്ട്. തേന്‍തുള്ളിയിലെ ഈ പാട്ടിന് രണ്ടു തരത്തില്‍ പ്രാധാന്യമുണ്ട്. വി.ടി മുരളിയുടെ ആദ്യസിനിമാ ഗാനം. അന്നും ഇന്നും സൂപ്പര്‍ ഹിറ്റ്. രണ്ടാമത് പി.ടി.അബ്ദുറഹിമാന്‍ എന്ന കവിയുടെ രചന. ഓത്തുപള്ളിപോലെ മുരളിയുടെ ശബ്ദത്തില്‍ പിറന്ന 'മാതളത്തേനുണ്ണാന്‍ പാറിപ്പറന്നു വന്ന മാണിക്യകുയിലേ...'. പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തില്‍. ഒ.എന്‍.വി രചിച്ച് കെ. പി. എന്‍ പിള്ള ഈണം നല്‍കി. ഇതേ ചിത്രത്തില്‍ 'തുള്ളി തുള്ളിവാ...' എന്ന ഗാനവും മുരളിയാണ് ആലപിച്ചത്. വി.പി.മുഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച 'കത്തി' എന്ന സിനിമയില്‍ എം.ബി.ശ്രീനിവാസന്റെ സംഗീതത്തില്‍ ഒ.എന്‍.വിയുടെ വരികള്‍ 'പൊന്നരളിപ്പൂവൊന്ന്...' എന്നിങ്ങനെ മുരളി പാടിയ ഗാനങ്ങള്‍ അതുവരെ മലയാളത്തില്‍ നിലനിന്ന ആലാപനരീതിയില്‍ നിന്നും വേറിട്ടുനിന്നു. 
മൂന്ന് പതിറ്റാണ്ടിനുശേഷം മുരളി വീണ്ടും പാടി. പ്രദീപ് ചൊക്ലി സംവിധാനം ചെയ്ത പേടിത്തൊണ്ടന്‍ എന്ന ചിത്രത്തില്‍. ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂട് നായകവേഷത്തിലെത്തുന്ന ഈ ചിത്രം വടക്കന്‍ കേരളത്തിലെ തെയ്യം കലാകാരന്റെ ജീവിതമാണ് പറയുന്നത്. 'ഇനിയീ മഞ്ഞില്‍ നനയാന്‍പോലും ഇരുളുകളുണ്ടോ കൈയില്‍... ' കാഞ്ഞങ്ങാട് രാമചന്ദ്രന്റെ സംഗീതസംവിധാനത്തിലാണ് 'പേടിത്തൊണ്ട'നിലെ ഈ പാട്ട്. മുരളിയുടെ തിരിച്ചുവരവ് മെലഡിയുടേയും നാട്ടുതാളത്തിന്റേയും സാഹിത്യഭംഗിയുടേയും ഇഴചേര്‍പ്പില്‍ മലയാളിക്ക് നെഞ്ചേറ്റാന്‍ ഒരു ഗാനം കൂടി. കേട്ടുപഴകിയ ശബ്ദത്തില്‍ നിന്നും പുതിയ വിതാനത്തിലേക്ക് ഗാനാലാപനത്തിന്റെ വഴിമാറ്റം തെന്നയാണ് ഈ ഗാനത്തെ ശ്രദ്ധേയമാക്കുന്നത്.
മലയാളത്തില്‍ നിലനില്‍ക്കുന്ന ചലച്ചിത്രഗാന രീതിയെപ്പറ്റിയും സംഗീതത്തെക്കുറിച്ചും മുരളിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സംഗീതം പൂര്‍ണ്ണമായും യന്ത്രവല്‍ക്കരിക്കപ്പെടുകയാണിന്ന്. പ്രത്യേകിച്ച്‌ന്യൂജനറേഷന്‍ ചിത്രത്തില്‍, പാടുന്നവരുടെ പ്രായംപോലും അന്വേഷിച്ചാണ് ഗായകരേയും സംഗീതജ്ഞരേയും വിളിക്കുന്നതെന്ന് മുരളി സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സിനിമയിലും സംഗീതത്തിലും പുതുമകള്‍ കൊണ്ടുവന്നവരധികവും യുവാക്കളായിരുന്നില്ല. പ്രായമുള്ളവരായിരുന്നു. ഹിന്ദിയില്‍ പുതിയ തരംഗം സൃഷ്ടിച്ച ആര്‍.ഡി.ബര്‍മനും നൗഷാദും ഗായകരില്‍ കിഷോര്‍കുമാര്‍, മുഹമ്മദ്‌റഫി, ലതാമങ്കേഷ്‌കര്‍, സംവിധായക നിരയില്‍ സത്യജിത്‌റേ, മൃണാള്‍സെന്‍ മുതലായ പ്രതിഭകളുടെ പ്രായം ആരും അന്വേഷിച്ചില്ല. ഇന്ത്യകണ്ട എക്കാലത്തേയും വലിയ കലാകാരന്മാരാണവര്‍. മലയാളത്തില്‍ യേശുദാസിന്റെ പ്രായം ആര്‍ക്കും പ്രശ്‌നമല്ല. കാരണം വിപണിയില്‍ യേശുദാസ് ഇപ്പോഴും ശക്തനാണ്. സംഗീതബാഹ്യമായ കാര്യങ്ങളാണ് വിപണി നിയന്ത്രിക്കുന്നത്. വേറൊരാളുടെ പാട്ടു വേണ്ട എന്നു പറയാന്‍പോലും അവരെപ്പോലുള്ളവര്‍ക്ക് കഴിയും എന്ന് മുരളി അഭിപ്രായപ്പെടുന്നു.
ചെറുപ്പത്തില്‍ അച്ഛന്‍- കവി വി.ടി.കുമാരന്‍ മാഷ് ചൊല്ലിക്കേള്‍പ്പിച്ച കവിതകള്‍ എന്റെ മനസ്സിലുണ്ട്. കവിത ഗദ്യവല്‍ക്കരിക്കുമ്പോള്‍ നഷ്ടമാകുന്നത് താളമാണ്. പി.കുഞ്ഞിരാമന്‍ നായര്‍ക്കും സുഗതകുമാരി ടീച്ചര്‍ക്കും ഒ.എന്‍.വിക്കുമെല്ലാം ഗദ്യം നന്നായി വഴങ്ങും. പക്ഷേ, അവര്‍ താളത്തില്‍ തന്നെയാണ് കവിത എഴുതുന്നത്. മലയാളത്തില്‍ ഏറ്റവും മനോഹരമായ ഗദ്യം പി. കുഞ്ഞിരാമന്‍ നായരുടേതാണ്. അതുപോലെ നാടന്‍പാട്ടിന്റെ പാരമ്പര്യവും മാപ്പിളപ്പാട്ടുകളുമെല്ലാം വിസ്മരിക്കപ്പെടുകയോ, അന്യവല്‍ക്കരിക്കപ്പെടുകയോ ചെയ്യുന്നു.
ഗുരുനാഥനായ കെ.രാഘവന്‍ മാഷിന് മാപ്പിളപ്പാട്ടിന്റെ ഇശലുകളെപ്പറ്റി നല്ല ബോധമുണ്ടായിരുന്നു. മാപ്പിളപ്പാട്ടിന് പൊതുസമൂഹത്തില്‍ ഇടം നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്. രാഘവന്‍ മാഷ് അവസാനമായി സംഗീതം നല്‍കിയ ബാല്യകാലസഖിയിലെ 'കാലം പറക്ക്ണ...' എന്ന പാട്ട് മുരളി തന്നെ പാടി.
തേന്‍തുള്ളിക്ക് ശേഷം രാഘവന്‍ മാഷ് സംഗീതം നല്‍കിയ രണ്ട് ചിത്രങ്ങള്‍ക്കുവേണ്ടി മുരളി പാടിയിരുന്നു. ചിറകുകള്‍, തളിരണിയും കാലം എന്നിവക്ക്. പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് കാസറ്റായി ഇറങ്ങിയെങ്കിലും സിനിമകള്‍ പുറത്തുവന്നില്ല. പിന്നീട് മുരളിയുടെ പാട്ടുജീവിതത്തില്‍ നീണ്ടൊരുവിടവായിരുന്നു. ഇതിനിടയില്‍ മലയാളത്തില്‍ സംഗീതത്തിനുണ്ടായ മാറ്റങ്ങള്‍ പലതാണ്. മുരളിക്ക് പലതിനോടും യോജിക്കാനും സാധിച്ചില്ല. അതേപ്പറ്റി മുരളി: പുതിയകാലത്തിലേക്ക് വരുമ്പോള്‍ മനുഷ്യന്റെ ശബ്ദത്തിന് പ്രാധാന്യം വന്നു. ഇന്‍സ്ട്രുമെന്റ് മ്യൂസിക്കിന്റെ കാലഘട്ടം ഉണ്ടായെങ്കിലും അതിലൂടെ മ്യൂസിക്ക് മാത്രമല്ല, കമ്പ്യൂട്ടര്‍ എന്നൊരു സാധനത്തിലൂടെ അനുപല്ലവി, ചരണം എന്നിവയെല്ലാം വെട്ടിക്കളയുന്ന പ്രവണത വന്നു. പലരുടേയും നോട്ടം സമയലാഭമാണ്. അതിനുവേണ്ടി കത്തിവെക്കുന്നത് പാട്ടിലാണ്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഉണ്ടാക്കിയ പാട്ടിലാണ് സമയം ലാഭിക്കുന്നത്. ഇങ്ങനെ പാട്ട് പൂര്‍ണ്ണമായും സ്റ്റുഡിയോയില്‍ നിന്നും എടുത്തുമാറ്റുകയും സിനിമയില്‍ ഇല്ലാതെ വരികയും ചെയ്യുന്നു. പാട്ട് വല്ലാതെ എഡിറ്റു ചെയ്യുമ്പോള്‍ സത്യത്തില്‍ വിഷമം തോന്നാറുണ്ട്. സംഗീതലോകത്തെ ഇന്നത്തെ പ്രവണതയില്‍ മുരളി ആകുലപ്പെടുന്നു. 
പാട്ട് ഒരു സാംസ്‌കാരിക ഉല്‍പന്നമാണ്. അത് രൂപപ്പെടുന്ന കാലത്തെ സാമൂഹികജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍ പാട്ടുകളില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പാട്ട് വിപണി മാത്രം ലക്ഷ്യമാക്കിയുള്ള ഉല്‍പന്നമായി മാറുന്നു.
മലയാളത്തിലെ പ്രശസ്തരായ സംഗീതസംവിധായകരോടൊപ്പം നിരവധി നാടകഗാനങ്ങള്‍ മുരളി പാടിയിട്ടുണ്ട്. ലളിതഗാനങ്ങളും. കെ.പി.ഏ.സിക്കുവേണ്ടിയും അല്ലാതെയും. കെ.ടി.മുഹമ്മദിന്റെ നാടകത്തിനുവേണ്ടിയും പാടി. ഗാനരചയിതാക്കളില്‍ വയലാര്‍, ഒ. എന്‍.വി, കൈതപ്രം, കാനേഷ് പൂനൂര്, വടകര കൃഷ്ണദാസ് തുടങ്ങി നിരവധി പ്രതിഭകള്‍ രചിച്ച ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരവും ലഭിച്ചു. ഇവയില്‍ ഒട്ടുമിക്കതും മലയാളിക്ക് പ്രിയപ്പെട്ട പാട്ടുകളാണ്. അഞ്ചിന്ദ്രിയങ്ങളും ആരുമറിയാത്ത ബന്ധനത്തിന്‍ തടവറയില്‍..., അന്നൊരിക്കല്‍ പൊന്നരിവാള്‍ അന്തിയില്‍..., വിരുന്നു ചൊല്ലി പദം പറഞ്ഞവളെ.., മണ്ണാന്‍കട്ടയും കരിയിലയും കൂടി..., അരളിപ്പൂ മരംചാരി... അഴകാര്‍ന്നോരീശല്‍ മൂളി... മുതലായവ ആ നിരയിലുണ്ട്. റിയാലിറ്റി ഷോയിലും പങ്കാളിത്തം വഹിച്ചു. സംഗീതത്തോടൊപ്പം എഴുത്തിലും ശ്രദ്ധപതിപ്പിച്ച മുരളി അനുഭവങ്ങളും സംഗീതവും അടിസ്ഥാനധാരയായ ഏഴ് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. രാഘവന്‍ മാഷിന്റെ ഓര്‍മയ്ക്കായി 'നീലക്കുയിലെ നിന്‍ ഗാനം' എന്ന പേരില്‍ സിഡി തയാറാക്കി. രാഘവന്‍ മാഷ് സംഗീതസംവിധാനം നിര്‍വ്വഹിച്ച് മുരളി ആലപിച്ച 20 പാട്ടുകളുടെ സിഡി. 'ഇനിയീ മഞ്ഞിലൂടെ...' ചലച്ചിത്രഗാനത്തില്‍ മുരളി സജീവമാകുന്നു.