Tuesday, March 24, 2009

സി. രാധാകൃഷ്‌ണന്റെ ക്യാമറക്കാഴ്‌ചകള്‍‍

‍സിനിമ സ്വത്വമുദ്രകളുടെ പാഠപുസ്‌തകമാണ്‌. അത്‌ നിവര്‍ത്തി നോക്കുമ്പോള്‍, ഓരോ കാലഘട്ടത്തിലും, ദേശത്തും സിനിമയെ പാകപ്പെടുത്തിയത്‌ വ്യത്യസ്‌ത സാംസ്‌കാരിക- രാഷ്‌ട്രീയ പരിസ്ഥിതികളാണെന്ന്‌ കാണാം. എഴുപതുകളില്‍ മലയാളസിനിമയില്‍ രൂപപ്പെട്ട നവതരംഗത്തിന്റെ അടിസ്ഥാനധാരയും മറ്റൊന്നല്ല. പാശ്ചാത്യ ചലച്ചിത്ര കൃതികളും സമീപനങ്ങളും മലയാളത്തിന്റെ തിരഭാഷയിലുണ്ടാക്കിയ മാറ്റത്തിന്റെ പ്രതിഫലനമായിരുന്നു ന്യൂസ്‌ പേപ്പര്‍ബോയ്‌, ഓളവും തീരവും, സ്വയംവരം, ഉത്തരായണം, കബനിനദി ചുവന്നപ്പോള്‍, സ്വപ്‌നാടനം, അതിഥി തുടങ്ങിയ ചിത്രങ്ങള്‍. ജീവിതത്തിന്റെ താളഭംഗവും മൃദുലഭാവങ്ങളും അതിജീവനത്തിന്റെ കുതിപ്പും സ്വത്വാവബോധത്തിന്റെ തീക്ഷ്‌ണതയും ഉള്‍ക്കൊള്ളുന്ന ചലച്ചിത്ര സംസ്‌കൃതി മലയാളത്തിലും തളിര്‍ത്തു. സിനിമയുടെ പ്രമേയ സ്വീകരണത്തിലും ആവിഷ്‌കരണത്തിലും നിലനിന്ന പരമ്പരാഗത രീതിയെ വെല്ലുവിളിച്ചവരുടെ നിരയിലാണ്‌ എഴുത്തുകാരനായ സി. രാധാകൃഷ്‌ണന്‍ ഇടം കണ്ടെത്തിയത്‌. പാരമ്പര്യവും കാലികവുമായ ജീവല്‍സന്ധികളിലേക്ക്‌ ക്യാമറ ഉറപ്പിച്ചു നിര്‍ത്തണമെന്ന്‌ സി. ആറിന്റെ ആദ്യകാല ചിത്രങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. എഴുപതിന്റെ ഉത്തരാര്‍ദ്ധത്തില്‍ രണ്ടു ധാരകളായിരുന്നു മലയാളത്തില്‍ സജീവസാന്നിദ്ധ്യമായത്‌. ജീവിതത്തിനു നേരെ ക്യാമറ പിടിക്കുന്നവരും, ജീവിതത്തിന്‌ പുറംതിരിഞ്ഞു നടക്കുന്നവരും കാഴ്‌ചയുടെ തലത്തില്‍ വേറിട്ടവഴികളിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരുന്നു. ഈ രണ്ടു ധാരകളോടും ഇണങ്ങിയും പിണങ്ങിയും നില്‍ക്കാന്‍ തയ്യാറായ സംവിധായകനാണ്‌ രാധാകൃഷ്‌ണന്‍.

അക്ഷരത്തില്‍ അഗ്നി കടഞ്ഞെടുക്കുന്ന രാധാകൃഷ്‌ണന്‍ ചലച്ചിത്രകലയെ തന്റെ വരുതിയിലേക്ക്‌ വലിച്ചടുപ്പിക്കുകയായിരുന്നു. അറുപതുകളില്‍ മലയാളത്തിലെ എഴുത്തുകാര്‍ സിനിമയുമായി അടുത്ത ചങ്ങാത്തം പുലര്‍ത്തിയത്‌ സ്വന്തം കൃതികള്‍ക്ക്‌ തിരക്കഥകളൊരുക്കിയായിരുന്നു. സി. രാധാകൃഷ്‌ണനും ഇതേ വഴി തന്നെയാണ്‌ സ്വീകരിച്ചത്‌. പക്ഷേ, തന്റെ പഠന മേഖലയിലും ഔദ്യോഗികതലത്തിലും ചലച്ചിത്രവും അതിന്റെ സാങ്കേതികവശങ്ങളും രാധാകൃഷ്‌ണന്‌ അന്യമായിരുന്നില്ല. പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടും പി. കെ. നായരുമായുള്ള പരിചയവും സി. ആറിന്റെ ചലച്ചിത്രവീക്ഷണത്തിന്‌ കരുത്തു പകര്‍ന്നു. ലോക ക്ലാസ്സിക്കുകളും സംവിധായകരും അനുഭവപ്പെടുത്തിയ ദൃശ്യസംസ്‌കൃതി സി. ആറിന്റെ തിരഭാഷാ സമീപനം വിപുലപ്പെടുത്തിക്കൊണ്ടിരുന്നു.

തന്റെ ആശയങ്ങളും ഉള്ളുരുക്കങ്ങളും ദൃശ്യപഥത്തിലേക്ക്‌ പകര്‍ത്തിയപ്പോള്‍ പ്രതിലോമപരമായ ചിന്താഗതികളേയും സംസ്‌കാരത്തേയും പ്രതിരോധിക്കാന്‍ രാധാകൃഷ്‌ണന്‌ സാധിച്ചത്‌ സിനിമയെ കുറിച്ചുള്ള ആഴക്കാഴ്‌ചകള്‍ തന്നെയാണ്‌.ലോകസിനിമ മുന്നോട്ടുവയക്കുന്ന സൗന്ദര്യശാസ്‌ത്രവും പ്രത്യയശാസ്‌ത്രവും മലയാളിയുടെ ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടുത്താന്‍ കഴിയുമെന്ന അന്വേഷണം സി. ആറിന്റെ തിരക്കഥകളിലും ചിത്രങ്ങളിലും പതിഞ്ഞുനില്‌പുണ്ട്‌. നടന്‍ മധുവിന്റെ പ്രേരണയും സഹകരണവുമാണ്‌ രാധാകൃഷ്‌ണന്റെ സിനിമാ പ്രവേശത്തിന്‌ സഹായകമായത്‌. `തേവടിശ്ശി' എന്ന തന്റെ നോവലിന്‌ തിരക്കഥയൊരുക്കിയാണ്‌ രാധാകൃഷ്‌ണന്‍ ചലച്ചിത്രലോകത്തേക്ക്‌ പ്രവേശിച്ചത്‌. മധു സംവിധാനം ചെയ്‌ത `പ്രിയ' എന്ന (1970) ചിത്രത്തിന്‌ ഒട്ടേറെ പുതുമകളുണ്ട്‌. മധുവിന്റെ സംവിധാനകലയും രാധാകൃഷ്‌ണന്റെ തിരക്കഥയും ചലച്ചിത്രഗാന രംഗത്ത്‌ ബാബുരാജ്‌, പി. ലീല, എസ്‌. ജാനകി, യൂസഫ്‌ അലി തുടങ്ങിയ പ്രഗല്‍ഭ നിരയും `പ്രിയ'യെ ശ്രദ്ധേയമാക്കി. പിന്നീട്‌ തുലാവര്‍ഷം, പിന്‍നിലാവ്‌, പാല്‍ക്കടല്‍, അവിടുത്തെപോലെ ഇവിടെയും തുടങ്ങിയ സിനിമകള്‍ക്ക്‌ തിരക്കഥ രചിച്ചത്‌ രാധാകൃഷ്‌ണനായിരുന്നു. അക്കാലത്ത്‌ മലയാളസിനിമയില്‍ വേറിട്ട പ്രതിഭകളായി നിറഞ്ഞുനിന്ന അഭിനേതാക്കളായിരുന്നു രാധാകൃഷ്‌ണന്റെ തിരഭാഷക്ക്‌ ജീവന്‍ നല്‍കിയത്‌.

തിരക്കഥാകാരനായി സിനിമാരംഗത്തെത്തിയ രാധാകൃഷ്‌ണന്‍ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം `അഗ്നി' (1978) ആണ്‌. അഗ്നി എന്ന തന്റെ നോവലാണ്‌ ഈ സിനിമയ്‌ക്ക്‌ ആധാരമാക്കിയത്‌. മുസ്‌ലിം സമുദായത്തിന്റെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രണയത്തിന്റെയും കണ്ണീരിന്റെയും മാനുഷികതയുടെയും നിറദീപ്‌തിയിലാണ്‌ സംവിധായകന്‍ ക്യാമറ ഉറപ്പിച്ചുനിര്‍ത്തിയത്‌. ഇറച്ചിവെട്ടുകാരനായ പിതാവിന്റെ ക്രൗര്യവും വേപഥും ബാലന്‍ കെ. നായരിലൂടെ ശക്തമായി വെള്ളിത്തിരയിലെത്തിക്കാന്‍ സി. ആറിന്റെ സംവിധാനശൈലിക്ക്‌ കഴിഞ്ഞു. ചലച്ചിത്രഗാന രചനയില്‍ ശകുന്തളാ രാജേന്ദ്രന്റെ സാന്നിദ്ധ്യവും `അഗ്നി'യില്‍ ശ്രദ്ധേയമാക്കി. നവീനഭാവുകത്വവും പുതിയ യാഥാര്‍ത്ഥ്യങ്ങളും ഇഴചേര്‍ത്ത്‌ രൂപപ്പെടുത്തിയ `അഗ്നി' എന്ന സിനിമയെ നമ്മുടെ നിരൂപകരും സിനിമയെ ഗൗരവപരമായി സമീപിക്കുന്നവരും വേണ്ടത്ര ഗൗനിച്ചില്ല. ആ ചിത്രത്തില്‍ പ്രയോജനപ്പെടുത്തിയ സംജ്ഞകളുടെ ഇഴപിരിക്കല്‍ ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ രാധാകൃഷ്‌ണന്റെ ജാഗരൂകത അടയാളപ്പെടുത്തുന്നുണ്ട്‌.

കനലെരിയുന്ന മനസ്സുകളും മുമ്പേപറക്കുന്ന പക്ഷികളും ശാസ്‌ത്രദീപ്‌തിയും കൊണ്ട്‌ ഭാവനയുടെ ആഴക്കടലും ആകാശവിതാനവും അനുഭവിപ്പിക്കുന്ന രാധാകൃഷ്‌ണന്‍ സിനിമകളിലും പുതുമയുടെ അന്വേഷണാത്മകതക്ക്‌ പ്രാധാന്യം നല്‍കി. സമകാലിക കേരളീയ പരിസരത്തിലേക്കാണ്‌ `കനലാട്ടം' എന്ന (1979) സിനിമയിലൂടെ ഈ സംവിധായകന്‍ പ്രേക്ഷകരെ നടത്തിച്ചത്‌. സ്‌ത്രീശാക്തീകരണവും സ്‌ത്രീപക്ഷ ചിന്തയുമാണ്‌ `കനലാട്ട'ത്തിന്റെ അന്തര്‍ധാര. വാര്യസ്യര്‍ കുട്ടിയുടെ ജീവിതഖണ്‌ഡത്തിലൂടെ, അവളുടെ ദു:ഖങ്ങളിലൂടെ സഞ്ചരിക്കുന്ന ക്യാമറ മനുഷ്യന്റെ ഉള്ളുരുക്കങ്ങളിലേക്കും വികാരവിചാരങ്ങളിലേക്കും ഇറങ്ങിനില്‍ക്കുന്നു. തന്റെ സ്വത്വം സമൂഹത്തിനു മുമ്പില്‍ വരച്ചുചേര്‍ക്കാനുള്ള ഒരു സ്‌ത്രീയുടെ തയ്യാറെടുപ്പുകളാണ്‌ 'കനലാട്ട'ത്തിന്റെ കടുത്ത ഫ്രെയിമുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌.

ജാത്യാചാരങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്തൊഴുകിയ പ്രണയം `കനലാട്ട'ത്തിലെ മുഖ്യവിഷയമാണ്‌. ഉയര്‍ന്ന ജാതിക്കാരിയായ നായികയുടെ അനുരാഗം ചെന്നുപതിച്ചത്‌ കീഴ്‌ജാതിക്കാരനായ യുവാവില്‍. അവരുടെ അനുരാഗനദിക്ക്‌ വിഘ്‌നം തീര്‍ത്തത്‌ ജാതിയും. യുവാവ്‌ നാട്ടുകാരാല്‍ കൊലച്ചെയ്യപ്പെടുന്നു. മൂകനായ ഏട്ടന്റെ ജീവിതവും തകര്‍ന്നതോടെ യുവതിയുടെ ജീവിതം സമൂഹത്തിന്റെ മുമ്പില്‍ ചോദ്യചിഹ്‌നമായി. ആ സ്‌ത്രീയുടെ കാഴ്‌ചകളിലൂടെയാണ്‌ `കനലാട്ട'ത്തിന്റെ ക്യാമറ ചലിക്കുന്നത്‌. സംഗീതത്തിലും പരിചരണത്തിലും കേരളീയത്തനിമ പുലര്‍ത്തിയ ചിത്രമാണ്‌ `കനലാട്ടം'. സാങ്കേതികമായി ഈ സിനിമയുടെ മറ്റൊരു സവിശേഷത ആറുദിവസം ഇരുപതു മണിക്കൂര്‍ വീതം ചിത്രീകരിച്ചാണ്‌ പൂര്‍ത്തിയാക്കിയത്‌.

കനലാട്ടത്തെ തുടര്‍ന്ന്‌ രാധാകൃഷ്‌ണന്‍ സംവിധാനം ചെയ്‌ത സിനിമ `പുഷ്യരാഗ'മാണ്‌. മനുഷ്യബന്ധങ്ങളുടെ അടിയൊഴുക്കുകളും നീര്‍ച്ചോലകളും ഭംഗിയായി അവതരിപ്പിക്കുകയാണ്‌ ഈ ചിത്രത്തില്‍. ചേച്ചിയും അനുജത്തിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷങ്ങളും ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലൂടെ ആവിഷ്‌ക്കരിക്കുകയാണ്‌ സംവിധായകന്‍. സാമൂഹികവും സാംസ്‌കാരികവുമായ ചില ധാരകള്‍ ഈ സിനിമയില്‍ കാത്തുസൂക്ഷിക്കാന്‍ രാധാകൃഷ്‌ണന്‌ സാധിച്ചു. മധു, ജയന്‍, കെ. പി. ഉമ്മര്‍, ശാരദ തുടങ്ങിയവര്‍ വേഷപ്പകര്‍ച്ച നടത്തിയ പുഷ്യരാഗം ഹൃദയനൊമ്പരങ്ങളുടെ ദൃശ്യാഖ്യാനമാണ്‌.

സി. രാധാകൃഷ്‌ണന്‍ എന്ന സംവിധായകന്റെ ചലച്ചിത്ര സമീക്ഷയാണ്‌ `ഒറ്റയടിപ്പാതകള്‍' എന്ന സിനിമ. 1998-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഒരു എഴുത്തുകാരന്റെ അകംകാഴ്‌ചയുടെ ദീപ്‌തി പ്രസരിപ്പിച്ചു. ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്നും കണ്ടെടുത്ത വൈകാരിക മുഹൂര്‍ത്തങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ഒറ്റയടിപ്പാതകള്‍. രാധാകൃഷ്‌ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ സിനിമയും കുടുംബങ്ങളുടെയും വ്യക്തിമനസ്സുകളുടെയും വൈവിധ്യമാര്‍ന്ന ദൃശ്യപംക്തികളാണ്‌. റിട്ടേര്‍ഡ്‌ ജഡ്‌ജിയുടെ മകള്‍ സുന്ദരിയും സുശീലയുമാണ്‌. അവളുടെ അനുജന്‍ വൈകല്യംബാധിച്ച കുട്ടിയും. പ്രണയത്തിനുവേണ്ടി ജീവിതം നീക്കിവെച്ച മുറച്ചെറുക്കനും. കഥയുടെ കുഴമറിച്ചിലില്‍ മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടി പിതാവ്‌ തന്നെ അനുജനെ കൊല്ലുന്നു. ഇക്കാര്യം തിരിച്ചറിഞ്ഞ മകള്‍ കാമുകനെയും തന്റെ പ്രണയത്തെയും ഉപേക്ഷിക്കുന്നു. അച്ഛനെ വെറുക്കുന്നു. നിറഞ്ഞ സ്‌നഹവും വറ്റിപ്പോകുന്ന സ്‌നേഹവും തമ്മിലുള്ള ഏറ്റുമുട്ടലാണ്‌ ഒറ്റയടിപ്പാതകളിലെ പ്രതിപാദ്യം. മാനസികാപഗ്രഥനത്തിന്‌ നിരവധി നീക്കിയിരിപ്പുകള്‍ നല്‍കുന്ന മലയാളസിനിമകളിലൊന്നാണ്‌ സി. രാധാകൃഷ്‌ണന്റെ `ഒറ്റയടിപ്പാതകള്‍'.സിനിമ ജീവിതത്തിന്റെ കണ്ണാടിയായി കാണാനാഗ്രഹിക്കുന്ന എഴുത്തുകാരനാണ്‌ സി. രാധാകൃഷ്‌ണനെന്ന്‌, അദ്ദേഹത്തിന്റെ ചിത്രലോകം പ്രതിഫലിപ്പിക്കുന്നു. വാക്കിന്റെ തിരമാലകള്‍ക്കുള്ളില്‍ തെളിയുന്ന വെളിച്ചവും മധുരിമയും സംഗീതവും മാനവീയതയും സാഹിത്യകൃതികളിലെന്നപോലെ ദൃശ്യപഥത്തിലും അനുഭവപ്പെടുത്താന്‍ രാധാകൃഷ്‌ണന്‌ സാധിക്കുന്നു. ചലച്ചിത്രകലയില്‍ തന്റേതായ ഒറ്റയടിപ്പാതയുടെ അമരത്തുനില്‍ക്കാന്‍ ഈ പ്രതിഭാശാലിക്ക്‌ കഴിയുന്നത്‌ മാധ്യമങ്ങളില്‍ നിവര്‍ത്തിക്കുന്ന ആത്മസമര്‍പ്പണത്തിന്റെ അഗ്നിസ്‌പര്‍ശം കൊണ്ടാണ്‌. അക്ഷരങ്ങളായി, ദൃശ്യാംശങ്ങളായി വഴിമാറുന്ന കലാത്മകഭൂമികയാണത്‌.

No comments: