Sunday, February 15, 2009

മതത്തിന്റെ സാംസ്‌കാരികഇടപെടലുകള്‍

മതത്തിന്റെ സാംസ്‌കാരികഇടപെടലുകള്‍മതം സവിശേഷമായ സാംസ്‌കാരികാവബോധമാണ്‌. ജീവിതത്തെയും പ്രപഞ്ചത്തെയും സംബന്ധിച്ച ആഴമേറിയ കാഴ്‌ചപ്പാട്‌. സനാതനമൂല്യങ്ങളെ മനുഷ്യജീവിതവുമായി ഇണക്കിച്ചേര്‍ക്കുന്നതില്‍ മതങ്ങള്‍ മുഖ്യമായ പങ്കുവഹിക്കുന്നു. എല്ലാ മതങ്ങളുടെയും താത്ത്വികനിലപാടുകളിലും ആചാരാനുഷ്‌ഠാനങ്ങളിലും ചെറിയ ചെറിയ വ്യതിയാനങ്ങളുണ്ടെങ്കിലും അടിസ്ഥാനപരമായി അവ അര്‍ത്ഥമാക്കുന്നത്‌ ഒന്നുതന്നെയാണെന്നു കാണാം. ജീവിതത്തിന്റെ വിശുദ്ധിയും ലക്ഷ്യവും ഉദ്‌ഘോഷിക്കുന്നതില്‍ മതദര്‍ശനങ്ങള്‍ പലപ്പോഴും ഏകതാനതയില്‍ ചേര്‍ന്നുനില്‍ക്കുന്നു. മനുഷ്യജീവിതത്തിന്റെ നൈമിഷികതയും പ്രപഞ്ചത്തിന്റെ വിശാലതയും വിവരിക്കുന്നതില്‍ മതങ്ങള്‍ വഹിക്കുന്ന പങ്കു നിസ്‌തുലമാണ്‌. ജീവിതത്തിന്റെ പരിശുദ്ധി ലക്ഷ്യമാക്കി മതങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്ന കാഴ്‌ചപ്പാടുകള്‍ക്കും ഏകീഭാവം കൈവരുന്നുണ്ട്‌. ഇതൊക്കെ അര്‍ത്ഥമാക്കുന്നത്‌ മതങ്ങളോ, മതദര്‍ശനങ്ങളോ ജീവിതത്തില്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവയല്ലെന്നും അവ അനുഷ്‌ഠിക്കുന്നതിലൂടെ, പരിചയിക്കുന്നതിലൂടെ മനുഷ്യന്‌ സാമൂഹികമായി ഔന്നത്യമാര്‍ന്ന തലത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ്‌.. എങ്കിലും മതസങ്കല്‌പങ്ങളോട്‌ അപൂര്‍വ്വം ധിഷണാശാലികളെങ്കിലും എന്തുകൊണ്ട്‌ അനുരഞ്‌ജനം കൈവരിച്ചില്ല? മതങ്ങളുടെ ആവിര്‍ഭാവം മുതല്‍ (പ്രപഞ്ചോല്‍പത്തി മുതല്‍ മതദര്‍ശനങ്ങള്‍ക്ക്‌ സാംഗത്യമുണ്ടെന്ന കാഴ്‌ചപ്പാട്‌ വിസ്‌മരിക്കുന്നില്ല) ഇന്നുവരെ ഓരോ മതത്തിന്റെയും താത്വിക നിലപാടില്‍ നിന്നും അനുയായികളില്‍ ചിലരെങ്കിലും മാറിനടക്കുന്നു? ഒട്ടേറെ കാര്യങ്ങളില്‍ വീഴ്‌ചവരുത്തുന്നു -എന്നിങ്ങനെയുള്ള വസ്‌തുതകള്‍ പരിശോധിക്കേണ്ടതുണ്ട്‌. പുരോഹിതരോ, അനുയായികളോ തങ്ങളുടെ മതം വിഭാവന ചെയ്യുന്ന മൂല്യങ്ങളില്‍ നിന്നും വഴിമാറി നടക്കാനിടവരുന്നതെന്തുകൊണ്ട്‌? ഇത്തരം കാര്യങ്ങള്‍ ആരെങ്കിലും വസ്‌തുനിഷ്‌ഠമായി വിലയിരുത്താനോ, ചിന്തിക്കാനോ തുനിയുമ്പോള്‍ അതൊരു തെറ്റിദ്ധാരണയായി പലരും വ്യാഖ്യാനിച്ചെടുക്കുന്നു. ചെറുതും വലുതുമായ തെറ്റിദ്ധാരണകളാണ്‌ ഓരോ സമൂഹത്തെയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്‌. മതത്തിന്റെ പേരിലോ, അനുഷ്‌ഠാനങ്ങളുടെ പേരിലോ നടക്കുന്ന വിപത്തുകള്‍ക്ക്‌ കാരണമാകുന്നത്‌ മിക്കവാറും ചെറിയ ചെറിയ തെറ്റിദ്ധാരണകളാണ്‌. ഇവയെ ചെറുക്കാന്‍ അനുയായികള്‍ തങ്ങളുടെ മതം നിര്‍ദേശിക്കുന്ന ജീവിതമൂല്യങ്ങളിലേക്ക്‌ ഒരിക്കലെങ്കിലും കണ്ണോടിക്കുക. അപ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്നത്‌ പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളോടും നാം പുലര്‍ത്തേണ്ടുന്ന സഹിഷ്‌ണതയുടെ പ്രകാശമാണ്‌. ഈ സഹിഷ്‌ണുത നഷ്‌ടപ്പെടുമ്പോഴാണ്‌ മനുഷ്യന്‍ പ്രപഞ്ചത്തെയും സഹജീവികളെയും വിസ്‌മരിക്കുന്നത്‌. അസഹിഷ്‌ണതയിലാണ്‌ കലാപങ്ങളുടെയും വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും വേരോടിനില്‍ക്കുന്നത്‌. മതതത്ത്വങ്ങളില്‍ അടിസ്ഥാനധാരയായി പതിഞ്ഞുനില്‍ക്കുന്നത്‌ സമഗ്രദര്‍ശനത്തിന്റെ സാംസ്‌കാരികാടയാളങ്ങളാണ്‌. മതങ്ങള്‍ രൂപപ്പെടുത്തിയ ആചാരാനുഷ്‌ഠാനങ്ങളില്‍ നിന്നും വിശ്വാസസംഹിതകളില്‍ നിന്നും അനുയായികള്‍ മാറിനടക്കുന്ന സന്ദര്‍ഭങ്ങളിലാണ്‌ ചില ധിഷണാശാലികള്‍ മതദര്‍ശനത്തെ വകഞ്ഞുമാറ്റിയത്‌. അഥവാ മതത്തിന്റെ കാഴ്‌ചപ്പാടുകള്‍ക്ക്‌ അപ്പുറത്തേക്ക്‌ നടക്കാന്‍ താല്‍പര്യം കാണിച്ചത്‌. ലോകത്തിലെ എല്ലാം മതങ്ങളോടും ചില ധിഷണാശാലികള്‍ ചിന്താപരമായും സര്‍ഗാത്മകപരമായും കലഹിച്ചിട്ടുണ്ട്‌. നീഷേയെ പോലുള്ളവര്‍ അക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നു. സാമ്പത്തികഭ്രമം ലോകത്തെ കീഴടക്കിക്കൊണ്ടിരുന്ന സന്ദര്‍ഭത്തിലാണ്‌ `ദൈവം മരിച്ചെന്നുപോലും' നീഷേയ്‌ക്ക്‌ പറയേണ്ടി വന്നത്‌. ദൈവം അനുശാസിക്കുന്ന മൂല്യങ്ങളില്‍ നിന്നും എന്തുകൊണ്ടാണ്‌ പല വിശ്വാസികളും വഴിമാറി നടക്കുന്നത്‌? അതിന്‌ അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്തൊക്കെ? ഇത്യാദി ചോദ്യങ്ങള്‍ നിരന്തരം ഉയര്‍ത്തുകയും അവയ്‌ക്ക്‌ പരിഹാരം കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുകയും ചെയ്യുന്ന സാമൂഹികാന്തരീക്ഷത്തില്‍ മതത്തോടുള്ള വിയോജിപ്പുകളും തെറ്റിദ്ധാരണകളും ഇല്ലാതാകും. വിശ്വാസമൂല്യങ്ങള്‍ക്ക്‌ കോട്ടംവരാതെ തന്നെ ഇത്തരം അന്വേഷണങ്ങളും കൂട്ടായ്‌മകളും ഫലവത്തായരീതിയില്‍ നടത്താന്‍ മതാനുയായികള്‍ക്ക്‌ സാധിക്കണം.വിശ്വാസപ്രമാണങ്ങളിലും ലോകവീക്ഷണത്തിലും വ്യതിരിക്തവും ഗഹനവുമായ ദര്‍ശനങ്ങള്‍ കൊണ്ട്‌ സമ്പന്നമാണ്‌ ഇസ്‌ലാം മതം. ഇസ്‌ലാമിന്റെ ചരിത്രപരമായ പങ്കിനെക്കുറിച്ച്‌ എം. എന്‍. റോയി `ഹിറ്റോറിക്കല്‍ റോള്‍ ഓഫ്‌ ഇസ്‌ലാം' എന്ന പുസ്‌തകത്തിലൊരിടത്ത്‌ എഴുതി:` ഇസ്‌ലാമിനെ കേവലം ഭൗതിക സൈനിക മേധാവിത്വത്തിന്റെ പ്രതിരൂപം എന്ന നിലയില്‍ മാത്രം കാണുന്നത്‌ ചരിത്രത്തിന്റെ തികച്ചും തെറ്റായ ഒരു വായന ആയിരിക്കും. മുഹമ്മദ്‌ സാരസിയന്‍ (മധ്യകാലഘട്ടത്തില്‍ ഇസ്‌ലാമിനെപ്പറ്റി അറബികളും ടര്‍ക്കികളും വിശേഷിപ്പിക്കുന്ന പേര്‌) പടയാളികളുടെ മാത്രം പ്രവാചകനായിരുന്നില്ല. പിന്നെയോ, അറബ്‌ കച്ചവടക്കാരുടെ കൂടി പ്രവാചകനായിരുന്നു. തന്റെ ആദര്‍ശ സംഹിതകള്‍ സ്വീകരിക്കുന്നവര്‍ക്ക്‌ അദ്ദേഹം നല്‍കിയ പേര്‌ ഇസ്‌ലാം എന്നായിരുന്നു. പദോല്‍പത്തിവിജ്ഞാനീയ പ്രകാരം ഇസ്‌ലാം എന്നാല്‍ സമാധാനം ഉണ്ടാക്കല്‍ എന്നാണര്‍ത്ഥം. മനുഷ്യനുമായി മാത്രമല്ല, ദൈവവുമായി സമാധാനം സ്ഥാപിക്കുക എന്നത്‌ ഇസ്‌ലാമിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. ചിതറിപ്പാര്‍ത്തിരുന്ന വിഭിന്ന അറബിവംശജരെ ഇസ്‌ലാമിന്റെ കൊടിക്കീഴില്‍ ഒന്നിപ്പിക്കുവാനും വ്യാജദൈവങ്ങളുടെ വിഗ്രഹങ്ങളില്‍ ആരോപിക്കപ്പെട്ടിരുന്ന ദൈവത്വത്തെ നിഷേധിച്ചുകൊണ്ട്‌ സത്യദൈവത്തിന്റെ ഏകത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും പ്രവാചകന്‍ തന്റെ അനുയായികളെ ആഹ്വാനം ചെയ്‌തു.'- ഇത്‌ സാംസ്‌കാരികതലത്തില്‍ ഇസ്‌ലാം എവിടെ നില്‍ക്കുന്നു എന്നതിന്‌ നിദര്‍ശനമാണ്‌. ജീവിതത്തിന്റെ എല്ലാ നിലകളിലും ഇറങ്ങിച്ചെന്ന്‌ അവയില്‍ ഇടപെടുകയും സത്യമാര്‍ഗ്ഗത്തിലേക്ക്‌ നയിക്കുകയുമാണ്‌ പ്രപഞ്ചത്തേയും മനുഷ്യവര്‍ഗ്ഗത്തേയും സ്‌നേഹിക്കുന്ന ഏതൊരാളുടെയും കര്‍ത്തവ്യമെന്ന്‌ ഇസ്‌ലാം വ്യക്തമാക്കുന്നു. പ്രവാചകന്റെ സാമൂഹിക സമീപനങ്ങള്‍ സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.നിങ്ങള്‍ വിതയ്‌ക്കുന്നത്‌ നിങ്ങള്‍ക്ക്‌ കൊയ്യാം- എന്നിങ്ങനെ സെന്റ്‌ പോളിന്റെ വചനമുണ്ട്‌. നാം വിതയ്‌ക്കുന്നത്‌ മാത്രമേ നമുക്ക്‌ കൊയ്യാന്‍ സാധിക്കൂ. ജീവിതത്തില്‍ നാം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ അനുസരിച്ചായിരിക്കും നമ്മുടെ ജീവിതം നിര്‍ണ്ണയിക്കപ്പെടുന്നത്‌. ഇത്‌ മതങ്ങള്‍ മുന്നോട്ടു വെയ്‌ക്കുന്ന ജീവിതപാഠാവലിയാണ്‌. നമ്മുടെ കര്‍മ്മങ്ങളാണ്‌ ജീവിതത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കപ്പെടുന്നത്‌. സഹിഷ്‌ണത വിതച്ചാല്‍ സംതൃപ്‌തി കൊയ്യാന്‍ സാധിക്കും. ഇതൊക്കെ ഇന്നത്തെ സാഹചര്യത്തില്‍ കഴിയുമോ എന്ന്‌ ചിന്തിക്കുന്നവരുണ്ടാകാം. സത്യത്തിനും ധര്‍മ്മത്തിനും വിലയില്ലാത്ത സമൂഹത്തില്‍ മതദര്‍ശനങ്ങള്‍ പ്രായോഗികമാണോ എന്ന്‌ കരുതുന്നവരുണ്ടാകാം. അങ്ങനെ സംശയിക്കുന്നവര്‍ക്ക്‌ ഒരു കഥ- വളരെ പ്രശസ്‌തമായ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു കമ്പനിയുടെ മാനേജര്‍ ഒരു ദിവസം മക്കളെയും തൊഴിലാളികളേയും വിളിച്ച്‌ ഒരു സ്വകാര്യം പറഞ്ഞു: അടുത്തുതന്നെ നമ്മുടെ കമ്പനി ഞാന്‍ നിങ്ങളെ ഏല്‌പിക്കാന്‍ പോകുന്നു. പക്ഷേ, അതിന്റെ മാനേജര്‍ സ്ഥാനത്തേക്ക്‌ നിങ്ങളില്‍ ഒരാളെ ചുമതലപ്പെടുത്താനാണ്‌ ഞാന്‍ ഇഷ്‌ടപ്പെടുന്നത്‌. എല്ലാവര്‍ക്കും ആകാംക്ഷ. തങ്ങളില്‍ ആരായിക്കും ആ ഭാഗ്യവാന്‍. മാനേജരുടെ മക്കളും തൊഴിലാളികളും തലപുകഞ്ഞ്‌ നില്‍ക്കുമ്പോള്‍ മാനേജര്‍ മറ്റൊരു കാര്യം അവരെ അറിയിച്ചു. ഞാന്‍ നിങ്ങള്‍ക്ക്‌ കുറെ അമരവിത്തുകള്‍ നല്‍കുന്നു. നിങ്ങള്‍ അവ വീട്ടില്‍ കൊണ്ടുപോയി വേണ്ടവിധത്തില്‍ വിതച്ച്‌ മുളപ്പിച്ചു കൊണ്ടുവരണം. എല്ലാവരും മാനേജരുടെ കൈയില്‍ നിന്നും അമരവിത്തുകള്‍ വാങ്ങി വീട്ടില്‍ കൊണ്ടുപോയി. തൊഴിലാളികളില്‍ ഒരാളായ രാജുവിന്റെ വീട്ടില്‍ കൊണ്ടുപോയ വിത്തു മുളച്ചില്ല. അയാള്‍ക്ക്‌ സങ്കടമായി. മാനേജര്‍ പറഞ്ഞ ദിവസം അടുത്തു. രാജുവിന്‌ പ്രയാസമായി. അയാള്‍ കമ്പനിയില്‍ ലീവെടുക്കാന്‍ തീരുമാനിച്ചു. ഭാര്യ രാജുവിന്റെ അവസ്ഥ കണ്ടപ്പോള്‍ സമാധാനിപ്പിച്ചു. നിങ്ങള്‍ ലീവെടുത്തു പോകാതിരിക്കുന്നത്‌ ശരിയല്ല. സത്യാവസ്ഥ മാനേജരെ ധരിപ്പിക്കുകയാണ്‌ വേണ്ടത്‌. ഭാര്യുടെ നിര്‍ബന്ധത്തിന്‌ വഴങ്ങി രാജു കമ്പനിയില്‍ പോയി. മാനേജര്‍ ഓരോരുത്തരെയായി വിളിച്ചു. അവരെല്ലാം നന്നായി മുളപ്പിച്ച അമരവിത്ത്‌ മാനേജരുടെ മുമ്പില്‍ ഹാജരാക്കി. ഒടുവില്‍ രാജുവിന്റെ ഊഴം വന്നു. അയാള്‍ സങ്കടത്തോടെ മാനേജരുടെ മുമ്പില്‍ ഹാജരായി. തനിക്ക്‌ കിച്ചിട അമരവിത്ത്‌ മുളച്ചില്ലെന്ന്‌ പറഞ്ഞു. അതുകേട്ടപ്പോള്‍ മാനേജര്‍ക്ക്‌ സന്തോഷമായി. അദ്ദേഹം പറഞ്ഞു. ഞാന്‍ എല്ലാവര്‍ക്കും നല്‍കിയ അമരവിത്തുകള്‍ പുഴുങ്ങി ഉണക്കിയതായിരുന്നു. പക്ഷേ, രാജു ഒഴികെയുള്ളവരെല്ലാം അവയ്‌ക്ക്‌ പകരം പുതിയത്‌ വാങ്ങി മുളപ്പിച്ചു. രാജു മാത്രം സത്യം പറഞ്ഞു. കമ്പനി നോക്ക#േണ്ടവര്‍ ആരായാലും സത്യസന്ധത പുലര്‍ത്തുന്നവരായിരിക്കണം. അതിനാല്‍ രാജുവിനെ ഉടനെ മാനേജാരാക്കാന്‍ ഞാന്‍ തീരുമാനിക്കുന്നു. ഈ കഥ അല്‍ഭുതപ്പെടുത്തുന്നതൊന്നുമല്ലെന്ന്‌ കരുതാം. പക്ഷേ, മനുഷ്യജീവിതത്തെ ഏറ്റവും മൂല്യവത്താക്കുന്നത്‌ സത്യസന്ധതതന്നെയാണ്‌. മതദര്‍ശനങ്ങള്‍ വിഭാവന ചെയ്യന്നതും അതുതന്നെയാണ്‌. ആശയങ്ങളെ നിത്യജീവിതത്തിലേക്ക്‌ കൊണ്ടുവരാനുള്ള പാതകളായിരിക്കണം ഓരോ വ്യക്തിയും. മതങ്ങള്‍ നല്‍ക്കുന്ന സാംസ്‌കാരികഭൂമിക നമ്മുടെ ബോധതലത്തിലേക്ക്‌ കൊണ്ടുവരുന്നതും ഇതുതന്നെയാണ്‌. ഇങ്ങനെയുള്ള വസ്‌തുതകള്‍ മതാനുയായികള്‍ തിരിച്ചറിയുകയും അവ തങ്ങളുടെ ജീവിതത്തില്‍ പുലര്‍ത്തുകയും ചെയ്യുമ്പോഴാണ്‌ ഏതു കാലഘട്ടത്തിലും മതദര്‍ശനങ്ങളുടെ സനാതനത്വം വ്യക്തമാകുന്നത്‌. ആധുനിക കാലഘട്ടത്തില്‍ മറ്റെല്ലാ സാമൂഹിക ദര്‍ശനങ്ങളെന്നപോലെ മതം നല്‍കുന്ന ജീവിതമൂല്യങ്ങള്‍ക്കും പ്രസക്തി വര്‍ദ്ധിക്കുന്നു.(സഹായഗ്രന്ഥം: ഹിസ്റ്റോറിക്കല്‍ റോള്‍ ഓഫ്‌ ഇസ്‌ലാം- എം. എന്‍. റോയി. വിവ: കെ. സി. വര്‍ഗീസ്‌, ഒലിവ്‌, കോഴിക്കോട്‌. ലേഖനം: മതം- മലയാളമനോരമ ഓണ്‍ലൈന്‍)

No comments: