Friday, May 22, 2009

കാലാതീത സ്വരം

അപൂര്‍വ്വതകളുടെ പേജുകളാണ്‌ മൈക്കിള്‍ ജാക്‌സണിന്റെ ജീവിതപുസ്‌തകം. സംഗീതത്തിന്റെ വിസ്‌മയലോകത്തില്‍ മറ്റൊരാള്‍ക്കും തുഴഞ്ഞെത്താന്‍ സാധിക്കാത്ത ദൂരത്തില്‍ ചെറുപ്രായത്തില്‍ തന്നെ ജാക്‌സണ്‍ നിസ്‌പ്രയാസം എത്തിച്ചേര്‍ന്നു. പോപ്പ്‌ സംഗീതത്തിന്റെ ചരിത്രത്തില്‍ ജാക്‌സണ്‍ ഉഴുതുമറിച്ച ആലാപനശൈലി ലോകവേദികളില്‍ അദ്ദേഹത്തിന്‌ നേടിക്കൊടുത്തത്‌ അല്‍ഭുതങ്ങളുടെ ജന്മമാണ്‌.

പരമ്പരാഗത സ്വരപ്രപഞ്ചം ജാക്‌സണിന്റെ ശബ്‌ദത്തില്‍ വിസ്‌ഫോടനം തീര്‍ത്തു. ദേശവും ഭാഷയും അതിവര്‍ത്തിച്ച്‌ ലോകത്തെമ്പാടും ജാക്‌സണ്‌ ആരാധകവൃന്ദം രൂപപ്പെടുകയായിരുന്നു. നദിപോലെ ഒഴുകിപ്പരക്കാന്‍ തുടങ്ങിയ ജാക്‌സണ്‍ സംഗീതം യുവമനസ്സുകളെ മാത്രമല്ല, സംഗീതത്തില്‍ മാറ്റം കൊതിക്കുന്നവരെ ആകര്‍ഷിച്ചു. പാശ്ചാത്യ സംഗീതം എന്നു കേള്‍ക്കുമ്പോള്‍ മൈക്കിള്‍ ജാക്‌സണിന്റെ പോപ്പ്‌ ഗീതമെന്ന്‌ വിശ്വസിക്കാന്‍ മാത്രം സംഗീതത്തെ മനുഷ്യമനസ്സുകളില്‍ ആഴത്തില്‍ പതിപ്പിക്കാന്‍ ജാക്‌സണ്‌ സാധിച്ചു. ആട്ടവും പാട്ടും ഇഴചേര്‍ത്തെടുത്ത ജാക്‌സണ്‍രീതി ലോകത്തെ കീഴടക്കി.

ശബ്‌ദഘോഷങ്ങളുടെ പ്രവാഹത്തിനിടയിലും സംഗീതത്തിന്റെ ആത്മസ്‌പര്‍ശം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. ജാകസണിന്റെ ലോകപ്രശസ്‌തിക്ക്‌ അടിസ്ഥാനവും മറ്റൊന്നല്ല.അമേരിക്കയിലെ ഗരി ഇന്‍ഡിയാനയില്‍ 1958-ല്‍ ജനിച്ച മൈക്കിള്‍ ജാക്‌സണ്‍ പന്ത്രാണ്ടമത്തെ വയസ്സിലാണ്‌ സംഗീതത്തില്‍ ഇതിഹാസം തീര്‍ക്കാന്‍ തുടങ്ങിയത്‌. പിന്നീട്‌ ജാക്‌സണിന്റെ ഓരോ ചുവടുവെയ്‌പ്പുകളും താളം പിഴച്ചില്ല. പാശ്ചാത്യ- പൗരസ്‌ത്യ സംഗീതം ജാക്‌സണിന്റെ നാദസാഗരത്തിന്‌ നിരവധി പോരായ്‌മകള്‍ ചൂണ്ടിക്കാട്ടിയെങ്കിലും, പോപ്പ്‌ സംഗീതത്തിന്റെ തെളിനീരൊഴുക്ക്‌ അദ്ദേഹത്തെ പിന്തുടര്‍ന്നു. ജാക്‌സണ്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ആസ്വാദകരുടെ കടലിരമ്പത്തിന്‌ കണ്‍നേര്‍ക്കുകയായിരുന്നു ലോകം. കേള്‍വിയുടെ കലയായി പോപ്പ്‌ ഗാനം വഴിമാറി.

വോക്കലും മള്‍ട്ടിപ്പിളും ഉപോയഗിച്ച ജാക്‌സണിന്റെ ദ്രുതതാളം, പാശ്ചാത്യലോകത്ത്‌ ജാസിന്റെയും ഡ്രമ്മിന്റെയും വിതാനത്തില്‍ വേറിട്ടൊരു കേള്‍വിയായി. സംഗീതം കാഴ്‌ചയുടെ കലയാണെന്ന്‌ അദ്ദേഹം ആസ്വാദകഹൃദയങ്ങളില്‍ എഴുതിച്ചേര്‍ത്തു. അമേരിക്കയിലും ഇതര രാജ്യങ്ങളിലും ജാകസണ്‌ ഫാന്‍സുകള്‍ വളര്‍ന്നുകൊണ്ടിരുന്നു. പോപ്പ്‌ സംഗീതത്തിന്റെ അലയടികളില്‍ ജീവിതപുസ്‌തകത്തിന്റെ പേജുകള്‍ ജാക്‌സണ്‍ പോലും അറിയാതെ മാറിമറിഞ്ഞുകൊണ്ടിരുന്നു.പ്രശസ്‌തിക്കൊപ്പം ജാക്‌സണ്‍ വിവാദങ്ങളുടെ കൂട്ടുകാരുനുമായിത്തീര്‍ന്നു. ജാക്‌സണിന്റെ പേരില്‍ സ്വന്തംനാട്ടിലും മറുനാടുകളിലും നിരവധി പരാതികളും ചൂടന്‍ വാര്‍ത്തകളും നിറഞ്ഞു. അപ്പോഴും ജാക്‌സണ്‍ എന്ന ഗായകന്‍ സംഗീതത്തിന്റെയും നൃത്തത്തിന്റെയും അഭിനയത്തിന്റെയും വിശാലതകളില്‍ വിരാജിച്ചു. സംഗീതം ഉപസാനയായി സ്വീകരിച്ച ജാക്‌സണിന്റെ മനസ്സില്‍ വിള്ളല്‍ തീര്‍ക്കാന്‍ ആരോപണങ്ങള്‍ക്ക്‌ സാധിച്ചില്ല.

സംഗീതത്തിന്റെ സര്‍വ്വ സ്വഭാവങ്ങളും അന്നത്തെ സംഗീതജ്ഞരില്‍ നിന്നും മനസ്സിലാക്കിയ അപൂര്‍വ്വ പ്രതിഭാശാലിയായിരുന്നു ഈ പോപ്പ്‌ ഗായകന്‍. ജീവിതം മുഴുവനും സംഗീതത്തിനായി നീക്കിവച്ച്‌, താളനിബദ്ധമായ ചലനക്രമത്തിലും ആവിഷ്‌കരണവൈഭവത്തിലും അസാമാന്യപാടവം പ്രദര്‍ശിപ്പിച്ചു. പോപ്പ്‌ സംഗീതത്തിന്റെ വേദിയില്‍ ജാക്‌സണ്‍ നില്‍ക്കുന്നത്‌ കാണുമ്പോള്‍ ഒരു മാന്ത്രികനാണെന്നേ തോന്നൂ. പക്ഷേ, അദ്ദേഹം മാസ്‌മരശബ്‌ദം കൊണ്ട്‌ ആസ്വാദകരെ വിസ്‌മയിപ്പിച്ചു.`സംഗീതത്തിനു പ്രായമില്ല. ഏതു വെല്ലുവിളിയും അതിജീവിക്കാനുള്ള കരുത്ത്‌ അതിനുണ്ട്‌'- എന്നിങ്ങനെ പണ്‌ഡിറ്റ്‌ ജസ്‌ രാജ്‌ പറഞ്ഞുവെച്ചിട്ടുണ്ട്‌.

മൈക്കിള്‍ ജാക്‌സണിന്റെ സംഗീതവഴികളും അതിജീവനത്തിന്റെ രസതന്ത്രമായിരുന്നു. ഗായകന്‍, കംപോസര്‍, അഭിനേതാവ്‌, നര്‍ത്തകന്‍, റെക്കോര്‍ഡ്‌ പ്രൊഡ്യൂസര്‍, വ്യവസായി, ഗാനരചയിതാവ്‌ തുടങ്ങി വിവിധ തുറകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജാക്‌സണ്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ ആലാപനത്തിന്റെ ബഹുവിധ വിതാനങ്ങളിലൂടെ സംഗീത ലോകത്ത്‌ ചടുല നൃത്തത്തിന്റെയും കിടിലന്‍ ആലാപനത്തിന്റെയും രാജാവായിത്തീര്‍ന്നു. 1972-ല്‍ ഗോ ടു ബി ദേര്‍, ബെന്‍ എന്നീ ആല്‍ബങ്ങള്‍ പുറത്തിറക്കി. 1973-ല്‍ മ്യൂസിക്‌ ആന്റ്‌ മീ, '75-ല്‍ ഫോര്‍യെവര്‍ മൈക്കിള്‍, 79-ല്‍ ഓഫ്‌ വാള്‍, 82-ല്‍ ത്രില്ലര്‍, '87-ല്‍ ബാഡ്‌, '91-ല്‍ ഡൈയിംജറസ്‌ മുതലായ പുറത്തിറങ്ങിയതോടെ ഗാനലോകത്തിന്റെ ശ്രദ്ധ ജാക്‌സണിലേക്ക്‌ മാത്രമായി. ആലാപനത്തിലും അഭിനയത്തിലും പുതുവസന്തം തീര്‍ത്ത ജാക്‌സണ്‍ ഹോളിവുഡിനോടൊപ്പം ഇതര ഭാഷകളിലും തരംഗമായി.

2001-ല്‍ ഇന്‍വിസിബ്‌ള്‍ എന്ന ആല്‍ബം അല്‌പം പരാജയം നേരിട്ടെങ്കിലും തുടര്‍ന്നും ജാക്‌സണിന്റെ കരിയറില്‍ വിജയത്തിന്റെയും പിന്നാക്കത്തിന്റെയും രേഖാചിത്രം തെളിഞ്ഞു. ഏത്‌ വീഴ്‌ചയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഈ സംഗീതനിര്‍ത്‌ധരിക്ക്‌ സാധിച്ചു. ഗിന്നസ്‌ റെക്കോര്‍ഡുകള്‍ തകര്‍ത്ത ഈ സംഗീത ജീനിയസ്‌ ലോകോത്തരമായ നിരവധി പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹനായി. ജീവിതത്തിന്റെ ഗതിവിഗതികളിലൂടെ ഒഴുകിനടന്ന ഈ സംഗീതചക്രവര്‍ത്തി ഒട്ടേറെ രോഗങ്ങള്‍ക്ക്‌ അടിപ്പെട്ടു. യൗവ്വനം ആഘോഷിച്ച ജാക്‌സണ്‍ രോഗാതുരമായ കാലത്ത്‌ ജീവിതത്തിന്റെ ലക്ഷ്യത്തെ സംബന്ധിച്ചും വിശ്വസാപ്രമാണങ്ങളുടെ ധാര്‍മ്മികതയെപ്പറ്റിയും ചിന്തിച്ചു. ആത്മസംഘര്‍ഷത്തിലും ഉത്‌കണ്‌ഠകളിലും കുതിര്‍ന്ന രോഗശയ്യയില്‍ ജാക്‌സണിന്റെ മനസ്സിന്‌ ആശ്വാസം നല്‍കിയത്‌ മതവിശ്വാസത്തിന്റെ തണലിടമാണ്‌.

വിശുദ്ധിയുടെ നിറവിലേക്കുള്ള പ്രയാണമാണ്‌ ജീവിതത്തിന്‌ അര്‍ത്ഥം നല്‍കുന്നതെന്ന്‌ തിരിച്ചറിഞ്ഞ പോപ്പ്‌ സംഗീതചക്രവര്‍ത്തി അടുത്തകാലത്ത്‌്‌ ഇസ്‌ലാം മതം സ്വീകരിച്ചു. ഒരു ജന്മം മുഴുവനും വോക്കലിലൂടെയുംമള്‍ട്ടിപ്പിളിലൂടെയും പോപ്പ്‌സംഗീതം കോടിക്കണക്കിന്‌ ആരാധകരില്‍ പതിപ്പിച്ച മൈക്കള്‍ ജാക്‌സണ്‍ ഒരു സ്വരപ്രവാഹമാണ്‌.

No comments: