Monday, December 29, 2008

നിലാപ്പെയ്‌ത്തിലുംകണ്ണുനീര്‍ത്തുള്ളികള്‍

കുര്‍ദുകളും പലസ്‌തീനികളും അനുഭവിക്കുന്ന അനിശ്ചിതത്വത്തിന്റെ ആഴം പലപ്പോഴും നമുക്ക്‌ തിരിച്ചറിയാന്‍ സാധിക്കാറില്ല. കാരണം അവര്‍ നേരിടുന്ന ജീവിതസാഹചര്യം ലോകത്തില്‍ മറ്റൊരു മേഖലയില്‍ വസിക്കുന്നവര്‍ക്കും ഉണ്ടാകാനിടയില്ല. അന്തിയുറങ്ങുന്ന വീടോ, പിറന്ന ദേശമോ എപ്പോഴാണ്‌ ഒഴിഞ്ഞു പോകേണ്ടി വരികയെന്ന്‌ പറയാന്‍ സാധിക്കാത്ത ഒരു ജനതയുടെ കണ്ണുനീര്‍ച്ചാലുകളാണ്‌ കുര്‍ദ്‌ മേഖലയില്‍ നിന്നും പലസ്‌തീനില്‍ നിന്നും ജനഹൃദയങ്ങളിലേക്ക്‌ നാളുകളായി ഒഴുകിയെത്തുന്നത്‌. കാലത്ത്‌ പാല്‌ വാങ്ങാനോ മറ്റോ പുറത്തിറങ്ങിയ കുട്ടി തിരിച്ചെത്താന്‍ വൈകുമ്പോള്‍ ചങ്കിടിച്ച്‌, വിറപൂണ്ട്‌ ഏങ്ങലടിക്കുന്നവര്‍ക്ക്‌, ഗാസയിലേയും മറ്റ്‌ പ്രദേശങ്ങളിലേയും മനുഷ്യരുടെ ജീവിതത്തിലേക്ക്‌ ഇടിത്തീ കണക്കെ വന്നുപതിക്കുന്ന ദുരന്തങ്ങളുടെ ആഴം തിരിച്ചറിയണമെന്നില്ല. കുടിയിറക്ക്‌ ഭീഷണിയും കൂട്ടക്കുരുതിയുടെ ചോരപ്പാടുകളും നാള്‍തോറും വര്‍ദ്ധിച്ചു വരികയാണ്‌ അവരുടെ ഓരോ ദിവസങ്ങളിലും. പിഞ്ചുകുട്ടികളടക്കം നിരവധിപേര്‍ ഇസ്രേഈലിന്റെ നിഷ്‌ഠൂര സൈനിക നടപടികളില്‍ മരണപ്പെടുകയാണ്‌. പരിക്കേറ്റ പിഞ്ചുകുഞ്ഞുങ്ങളെ മാറോടക്കിപ്പിടിച്ച്‌ ആശുപത്രകളിലേക്ക്‌ ഓടുന്ന സ്‌ത്രീകളുടെ ചിത്രം വാര്‍ത്താ മാധ്യമങ്ങളില്‍ നിറയുന്നു. കൊലക്കളത്തിലൂടെ കുഞ്ഞുങ്ങളുടെ ജീവനുവേണ്ടി ആര്‍ത്തലച്ച്‌ ഓടുന്ന സ്‌ത്രീകള്‍ക്കുപോലും രക്ഷയില്ലാത്ത ഒരവസ്ഥയിലാണ്‌ പലസ്‌തീനികളുടെ ഓരോ ദിനവും പിന്നിടുന്നത്‌.

അധികാരം സ്ഥാപിച്ചെടുക്കാനുള്ള തത്രപ്പാടില്‍ മനുഷ്യത്വം കാറ്റില്‍പ്പറത്തി, മനുഷ്യരെ കീടങ്ങളെപ്പോലെ ചുട്ടുകരിച്ച്‌ മുന്നേറുന്ന ശക്തികളുടെ ക്രൂരതകള്‍ എത്ര ഭീകരമാണെന്ന്‌ ഗാസയിലെ ഓരോ ആക്രമണങ്ങളും ലോകത്തോടു പറഞ്ഞുകൊണ്ടിരിക്കുന്നു. ഭൂമിയും വീടും സ്വന്തമെന്ന്‌ വിളിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ജനതയായി പലസ്‌തീനികള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ദിവസത്തിന്റെ ഏത്‌ നിമിഷത്തിലാണ്‌ തങ്ങള്‍, അതുവരെ തങ്ങളുടേതെന്ന്‌ കരുതിയതെല്ലാം ഉപേക്ഷിച്ച്‌ പോകേണ്ടി വരിക എന്ന ഉത്‌കണ്‌ഠയിലാണ്‌ പലസ്‌തീനികള്‍. രാവെന്നോ, പകലെന്നോ, ഉറക്കെന്നോ, ഉണര്‍വ്വെന്നോ അതിരിട്ടു വിളിക്കാന്‍ അവര്‍ക്ക്‌ സാധിക്കില്ല. തലയ്‌ക്കു മീതെ ബോംബര്‍ വിമാനങ്ങളുടെ ഇരമ്പം മാത്രം. മിന്നായംപോലെ കുതിച്ചെത്തുന്ന മിസൈലുകള്‍. അവയുടെ ഇരകളാകുന്നതോ പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരുമെല്ലാം അടങ്ങുന്ന ജനത. ഇറാഖിലാണെങ്കില്‍ സ്‌ത്രീകളും പെണ്‍കുട്ടികളും തലയ്‌ക്കു മുകളില്‍ നിന്നു മാത്രമല്ല, ഏതുനേരത്തും തങ്ങളുടെ ശരീരത്തിലേക്ക്‌ ചാടിവീഴുന്ന അധിനിവേശസൈനികരെ പേടിച്ചുകഴിയുന്നു. മാനവൂം ആത്മാഭിമാനവും സംരക്ഷിക്കാന്‍ സാധിക്കാത്തവരുടെ കരച്ചിലുകളാണ്‌ ഗാസയില്‍ നിന്നും ഇറാഖില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്‌. അവരുടെ കണ്ണുനീര്‍ച്ചാലുകളില്‍ നിലംപതിക്കാത്ത ഭരണകൂടങ്ങളുണ്ടോ? ഉണ്ടാകിനിടയില്ലെന്നാണ്‌ ലോകചരിത്രം സൂചിപ്പിക്കുന്നത്‌. എങ്കിലും സിംഹാസനങ്ങള്‍ കടപുഴകാനെടുക്കുന്ന കാലമത്രയും അശരണരായി കഴിയേണ്ടി വരുന്ന ജനതയുടെ വേദന എത്രയാണെന്ന്‌ കണക്കുകൂട്ടാന്‍ സാധിക്കില്ല.

ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി പരക്കം പായുന്ന മനുഷ്യരുടെ ഇടയിലേക്കാണ്‌ പൊടുന്നനെ മിസൈലുകള്‍ വന്നു പതിക്കുന്നത്‌. അവരുടെ താമസസ്ഥലങ്ങളാണ്‌ വ്യോമാക്രമണങ്ങള്‍ ലക്ഷ്യമിടുന്നത്‌. അവര്‍ക്കിടിയിലാണ്‌ വന്‍സ്‌ഫോടനങ്ങള്‍ നടക്കുന്നത്‌. ഈയ്യാംപാറ്റകളെപ്പോലെ നിലംപറ്റിപ്പോകുന്ന ജീവിതങ്ങള്‍. കുടുംബങ്ങളുടെ കണ്ണികള്‍ നിമിഷംകൊണ്ട്‌ വേരറ്റുപോകുന്നു. അതുവരെ ജീവിച്ച വീടുകള്‍ മറ്റൊരാളുടേതായി മാറുന്നു. പണം നിക്ഷേപിച്ച ബാങ്കുകള്‍ മാറുന്നു. സ്വന്തം പണംപോലും തിരിച്ചെടുക്കാന്‍ സാധിക്കാത്ത സ്ഥിതി. ആര്‌ അവശേഷിക്കുമെന്നോ, എവിടെ നിലനില്‍ക്കുമെന്നോ പറയാന്‍ കഴിയില്ല. ഒന്നിനും ഒരു നിശ്ചയവുമില്ലാത്ത ഗതികേട്‌. വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ അടുത്തനിമിഷത്തില്‍ കാണുന്നത്‌. തലയറ്റ്‌ വികൃതമായ ശരീരത്തോടു കൂടിയായിരിക്കും. മാര്‍ക്കറ്റിലേക്ക്‌ പോയ സ്‌ത്രീയെ പിന്നീട്‌ ഒരിക്കലും കാണണമെന്നില്ല. ജോലി കഴിഞ്ഞ്‌ തിരിച്ചെത്തുമ്പോള്‍ സ്വന്തം വീടോ, കുടുംബങ്ങളോ അവിടെ ഉണ്ടാകണമെന്നില്ല. ഇത്‌ ഗാസയുടെ മാത്രം പ്രശ്‌നമായിരിക്കില്ല. ഏതാണ്ടെല്ലാ കലാപഭൂമികളുടെയും ചിത്രമിങ്ങനെതന്നെ. കലാപങ്ങള്‍ പടരാനോ, പടര്‍ത്താനോ ആര്‍ക്കും വലിയ അധ്വാനമുണ്ടാകില്ല. പക്ഷേ അത്‌ വിതയ്‌ക്കുന്ന വിതുമ്പലുകള്‍ കെട്ടടങ്ങാന്‍ നൂറ്റാണ്ടുകള്‍ തന്നെ വേണ്ടിവരും. ലോകത്തിലെ യുദ്ധഭൂമികള്‍ നല്‍കുന്ന ജീവല്‍പാഠമിതാണ്‌. പലസ്‌തീനികളുടെയും ചിത്രമിതുതന്നെ. ദാഹിച്ചു വരളുന്ന തൊണ്ട നനയ്‌ക്കാന്‍ ഇത്തിരി കുടിനീരിനുവേണ്ടി സൈനികരുടെ ഇംഗിതങ്ങള്‍ക്ക്‌ കീഴടങ്ങേണ്ടിവരുന്നവരും ചെറിയ ചെറുത്തുനില്‌പിനുപോലും മരണം പ്രതിഫലമായി നല്‍കേണ്ടിവരുന്നവരുമാണ്‌ പലസ്‌തീനികള്‍. അവരുടെ കണ്ണുനീീര്‍ത്തുള്ളികള്‍ക്ക്‌ ചുടുചോരയുടെ നിറമാണ്‌. മനംകത്തിയമരുന്ന ഗന്ധമാണ്‌.

കാമനകളോ, മോഹങ്ങളോ, സ്വപ്‌നങ്ങളോ മനസ്സില്‍ കുടിയിരുത്താന്‍ വകയില്ലാത്ത ജീവിതങ്ങളിലൂടെയാണ്‌ സാമ്രാജ്യത്വത്തിന്റെ വെടിയുണ്ടകള്‍ ചീറിപ്പായുന്നത്‌. മനുഷ്യരെ ഭിന്നിപ്പിച്ച്‌, തമ്മില്‍ തല്ലിച്ച്‌ തങ്ങളുടെ അധികാരം നിലനിര്‍ത്താന്‍ വേട്ടക്കാര്‍ക്ക്‌ സാധിക്കുന്നു. ഉറക്കപ്പായില്‍ നിന്നും ഞെട്ടിയുണരുന്നത്‌ തോക്കുകള്‍ക്ക്‌ മുന്നിലോ, സ്‌ഫോടനത്തിന്റെ ബലിപീഠത്തിലോ ആകാനിടവരുന്നവരുടെ ജീവിതം ഒന്നു സങ്കല്‌പിച്ചു നോക്കുക. നമ്മുടെ മനസ്സിലും കണ്ണിലും എവിടെനിന്നോ ഇരുട്ട്‌ കയറിവരുന്നു. ഒരു നിമിഷത്തേക്ക്‌ ഒന്നും കാണാനോ, പറയാനോ കഴിയാത്ത സ്ഥിതി. യഥാര്‍ത്ഥത്തില്‍ പലസ്‌തീനികളും മറ്റും അകപ്പെട്ടത്‌ ഇത്തരമൊരു ഗര്‍ത്തത്തിലാണ്‌. ഭക്ഷണം കുഴച്ച്‌ ഉരുകളാക്കി കുഞ്ഞിന്റെ വായിലേക്ക്‌ തിരുകി ലാളിക്കുമ്പോഴായിരിക്കും വെടിമുഴക്കം. ചിലപ്പോള്‍ വെടിയുണ്ട നേരെ വന്നുതറയ്‌ക്കുന്നത്‌ മാതാവിന്റെ നെഞ്ചിലായിരിക്കും. അപ്പോള്‍ രക്ഷപ്പെടുന്ന ഒരു കുട്ടിയുടെ മനസ്സ്‌ എന്തായിരിക്കും? ആ കുട്ടി ജീവിക്കുകയാണെങ്കില്‍ വളര്‍ച്ചയില്‍ ഉണ്ടാകാനിടയുള്ള മാനസികാവസ്ഥ എന്തായിരിക്കും?

ഇസ്രാഈല്‍ വേട്ടയാടുന്ന ഗാസയില്‍ മാത്രമല്ല, അധിനിവേശ സേനയുടെ സകലമാന ക്രൂരതകളും നേരിട്ടുകഴിയാന്‍ വിധിക്കപ്പെട്ട ഇറാഖികളുടെയും സ്ഥിതി ഇതുതന്നെയാണ്‌. വീടിനു പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥ. കുട്ടികളുടെ വിദ്യാഭ്യാസം നിവര്‍ത്തിച്ചു കൊടുക്കാന്‍ കഴിയുന്നില്ല. തൊഴിലിടങ്ങളില്‍ സുരക്ഷിതത്വമില്ലായ്‌മ. സ്‌ത്രീകള്‍ക്ക്‌ വീടിനകത്തുപോലും രക്ഷയില്ലാത്ത സ്ഥിതി. പിഞ്ചുകുഞ്ഞുങ്ങള്‍ കൊലച്ചെയ്യപ്പെടുന്നു. എവിടെയും അരക്ഷിതത്വം. ഇതിനൊക്കെ ഈ ജനത എന്തുപിഴച്ചു? അവരവരുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും ജീവിതക്രമങ്ങളും അനുസരിച്ച്‌ കഴിയാനുള്ള അവകാശം ആര്‍ക്കുമുണ്ട്‌. പക്ഷേ, ഗാസയിലേയോ, ഇറാഖിലെയോ അല്ലെങ്കില്‍ അതുപോലെ അരക്ഷിതത്വം നിറഞ്ഞുനില്‍ക്കുന്ന സ്ഥലങ്ങളിലെയോ മനുഷ്യര്‍ക്ക്‌ ഇല്ലാതെ പോകുന്നത്‌ ഈ അവകാശമാണ്‌. പൊലിഞ്ഞുപോകുന്ന ജീവനും തകര്‍ന്നടിയുന്ന മാനത്തിനും പിച്ചിച്ചീന്തപ്പെടുന്ന ശരീരങ്ങള്‍ക്കും കരിഞ്ഞുപോകുന്ന പിഞ്ചുമനസ്സുകള്‍ക്കും ആര്‌ സമാധാനം പറയും. എന്ത്‌ പകരം നല്‍കും. ഒരു നേരം യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ക്ക്‌ കണ്ണുതുറക്കുന്നവര്‍ക്ക്‌ ഉത്തരമില്ല. എവിടെയാണ്‌ മനുഷ്യത്വം കടലെടുത്തുപോകുന്നത്‌? എവിടെയാണ്‌ സഹജീവികള്‍ക്കുള്ള നീതി നിഷേധിക്കപ്പെടുന്നത.്‌ അവിടങ്ങളിലൊക്കെയും വേദനയുടെ കണ്ണുനീര്‍ക്കയങ്ങളാണ്‌. ഇതിനെന്തു പരിഹാരം? ഓരോ സുമനസ്സുകളും സ്വയം ചോദിക്കുന്നു. ഉത്തരം ലളിതമായിരിക്കും. പക്ഷേ, അത്‌ നടപ്പില്‍ വരുത്താന്‍ സാധിക്കാതെ പോകുന്നതെന്തു കൊണ്ട്‌. ഓരോ ദിവസവും കരിഞ്ഞുപോകുന്ന ശലഭച്ചിറകുകള്‍ ലോകത്തിനോട്‌ പറയുന്നത്‌ എന്താണ്‌? ദ്രോഹമരുത്‌. മണ്ണില്‍ പുലരാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്‌. അത്‌ നിഷേധിക്കരുത്‌. അധികാരത്തിനുവേണ്ടി മണ്ണുംവിണ്ണും പങ്കുവയ്‌ക്കാന്‍ ശ്രമിക്കരുത്‌. പരസ്‌പരം തിരിച്ചറിയുന്ന, പരസ്‌പരം ആദരിക്കുന്ന, ഒരുമയുടെ ലോകം എന്തുകൊണ്ട്‌ പുലരുന്നില്ല? ഉത്തരം ഒന്നേയുള്ളൂ, അപരന്റെ വേദന കാണുക. അതിന്റെ കാരണം തിരയുക. പരിഹരിക്കാനുള്ള മനസ്സ്‌, നന്മയുടെ വെളിച്ചം എവിടെയും നിറയ്‌ക്കാന്‍ കൊതിക്കുക. വേദനപുരളുന്ന ജീവിതങ്ങളെ, കരിപുരണ്ട മനസ്സുകളെ തേയ്‌ച്ചുമിനുക്കി പ്രതീക്ഷയുടെ വെട്ടത്തിലേക്ക്‌ നയിക്കുക. അങ്ങനെയുള്ള നവലോകക്രമത്തില്‍ മാംസത്തിന്റെ കരിഞ്ഞമണവും, മാനം നഷ്‌ടപ്പെട്ടവരുടെ വിതുമ്പലും കുഞ്ഞുപൂക്കള്‍ വാടിക്കരിയുന്ന ദീനരോദനവും താനേ നിലയ്‌ക്കാതിരിക്കില്ല.

Saturday, December 27, 2008

വിലാപങ്ങള്‍ക്കപ്പുറം

‍നമ്മുടെ കുട്ടികള്‍ക്ക്‌ എന്തുപറ്റി? ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും നാം പരസ്‌പരം പഴിചാരുകയും നിലവിളിക്കുകയും ചെയ്യന്നു. അപ്പോഴും സംഭവങ്ങളുടെ യഥാര്‍ത്ഥ കാരണം പരിഹരിക്കാതെ നിലനില്‌ക്കുന്നു. അത്‌ തീവ്രവാദമായാലും വാഹനാപകടമായാലും ദുര്‍നടത്തമായാലും ഒരുവിധത്തിലും പരിഹരിക്കുന്നില്ല. കണ്ണീര്‍കഥകളെഴുതിയും കുറ്റപ്പെടുത്തലിന്റെ കെട്ടഴിച്ചും പകലുകളും രാത്രികളും കടന്നുപോകുന്നു. നമ്മുടെ കുട്ടികള്‍ക്ക്‌ എവിടെയാണ്‌ വഴിതെറ്റുന്നത്‌. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കളുടെ നിരീക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ശാസനകളും വേണ്ടുംവിധത്തില്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടോ. അഥവാ അതിന്‌ നാം സമയം കണ്ടെത്താറുണ്ടോ? ഇല്ലാത്തപക്ഷം കുട്ടികള്‍ വഴിതെറ്റുമ്പോള്‍ സങ്കപ്പെട്ടിട്ട്‌ എന്ത്‌ പ്രയോജനമാണുള്ളത്‌. ചെടിയുടെ വളര്‍ച്ചപോലെയാണ്‌ കുട്ടികളുടെ വളര്‍ച്ചയും. രണ്ടും ശരിയായ രീതിയില്‍ പരിചരിച്ചാല്‍ ആരോഗ്യകരമായ വളര്‍ച്ചയായിരിക്കും. ഈയിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കലാപത്തിലും മറ്റ്‌ തീവ്രവാദ സംഭവങ്ങളിലും മുമ്പെങ്ങുമില്ലാത്തവിധത്തില്‍ കേരളത്തിലെ യുവാക്കളുടെ പേരുകള്‍ ഉയര്‍ന്നു വരുന്നു. അവര്‍ അപരാധികളോ, നിരപരാധികളോ എന്നത്‌ അന്വേഷണത്തിനും നിയമത്തിനും വിട്ടുകൊടുക്കാമെങ്കിലും കുട്ടികളുടെ, യുവാക്കളുടെ കാര്യത്തില്‍ പ്രബുദ്ധരെന്ന്‌ കരുതുന്ന മലയാളികള്‍പോലും എത്രമാത്രം ഉദാസീനരാണെന്ന്‌ വ്യക്തമാകും.സംഭവങ്ങള്‍ എവിടെ നടന്നാലും അതിന്റെ ആത്യന്തികഫലം അനുഭവിക്കുന്നത്‌ മാതാപിതാക്കളാണ്‌. പ്രത്യേകിച്ചും അമ്മമാര്‍. മക്കള്‍ നഷ്‌ടപ്പെടുമ്പോഴും, ചതിക്കുഴിയില്‍ അകപ്പെടുമ്പോഴും ഓരോ മാതാവും അനുഭവിച്ചു തീര്‍ക്കുന്ന കണ്ണീരിനും വേദനയ്‌ക്കും പരിധിയില്ല. കലാപങ്ങളിലും സംഘര്‍ഷങ്ങളിലും തകരുന്നത്‌ കുടുംബങ്ങളാണ്‌. കുടുംബിനികളാണ്‌. മാതൃഹൃദയങ്ങളാണ്‌. അവരുടെ തേങ്ങല്‍ ശമിപ്പിക്കാന്‍ നാം കെട്ടിപ്പടുക്കുന്ന ഉപജാപങ്ങള്‍ക്കോ, ദുര്‍വാശിക്കോ സാധിക്കില്ല. മാതാപിതാക്കള്‍ ശ്രദ്ധിക്കാതിരുന്നാല്‍ കൂട്ടുകാരിലൂടെയും മറ്റും കുട്ടികള്‍ വഴിമാറിപ്പോകാനിടയുണ്ട്‌. സാംസ്‌കാരികവും ധാര്‍മ്മികവുമായ മൂല്യങ്ങളില്‍ നിന്നും അകന്ന്‌ എന്തെങ്കിലും കാര്യലാഭത്തിനുവേണ്ടി വഴിതെറ്റിക്കുന്നവരുടെ വലയില്‍ കുട്ടികള്‍ അകപ്പെട്ടാല്‍, ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്തവിധത്തില്‍ അവരെ നമുക്ക്‌ നഷ്‌ടപ്പെടുന്നു. പിന്നീട്‌ തീവ്രവാദികളായി മറ്റും വിശേഷിപ്പിക്കുന്നവരുടെ പേരുകളോട്‌ ചേര്‍ത്തും അല്ലാതെയും വാര്‍ത്തകളില്‍ നിറയുമ്പോഴായിരിക്കും കുട്ടികളുടെ മുഖം നമ്മുടെ കണ്‍മുന്നില്‍ തെളിയുന്നത്‌.റോഡുകളിലെ നിലവിളിനാം ഓരോ ദിവസത്തേയും എതിരേല്‍ക്കുന്നത്‌ റോഡപകടങ്ങളുടെ വാര്‍ത്തകള്‍ കൊണ്ടാണ്‌. റോഡപകടങ്ങളെക്കുറിച്ചും, അപകടം വരാതിരിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മുറപോലെ നടക്കുന്നു. ഇതിന്‌ ആരാണ്‌ ഉത്തരവാദി? വാഹനമോടിക്കുന്നവരും റോഡിന്റെ സൗകര്യമില്ലായ്‌മയും വാഹനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും യാത്രക്കാരും എല്ലാം ഒരുപോലെ കുറ്റക്കാരോ, പങ്കാളികളോ ആണ്‌. കാരണം റോഡില്‍ പാലിക്കേണ്ട നിരവധി സംഗതികളുണ്ട്‌. അവ ഓരോരുത്തരും എത്രമാത്രം കര്‍ക്കശമായി പാലിക്കുന്നുണ്ട്‌. ഒരാത്മ പരിശോധന നടത്തിയാല്‍ മിക്ക അപകടങ്ങളിലും നമുക്കും ചെറിയ പങ്കില്ലേ. യാത്രാവാഹനം അല്‌പം വേഗത കുറയുമ്പോള്‍ അസ്വസ്ഥത അനുഭവിക്കുന്നവരാണ്‌ നമ്മളില്‍ ഏറെയും. അമിതവേഗതയില്‍ വാഹനമോടിക്കാനുള്ള സംവിധാനം നമ്മുടെ നാട്ടിലെ റോഡുകള്‍ക്കുണ്ടോ. അതുപോലെ ഡ്രൈവര്‍മാരും ശ്രദ്ധിക്കേണ്ട പല കാര്യങ്ങളും പാലിക്കുന്നുണ്ടോ. കാല്‍നട യാത്രക്കാര്‍ റോഡുമുറിച്ചു കടക്കുമ്പോഴും മറ്റും ട്രാഫിക്‌ നിയമങ്ങള്‍ അനുസരിക്കുന്നുണ്ടോ. പലരും ഇതൊന്നും കാര്യമാക്കാറില്ല. ഓരോ ദിവസവും നഗരങ്ങളിലും നാട്ടിലെ കവലകളില്‍പോലും നടക്കുന്ന അപകട മരണങ്ങളുടെ കണ്ണീര്‍ച്ചാലുകള്‍ ഒഴുകിയെത്തുന്നത്‌ അമ്മമനസ്സുകളിലേക്കാണ്‌. പിതൃവേദന സഹനത്തിലൊതുങ്ങുമ്പോഴും മാതൃവേദന കടുത്തനീറ്റലായി വീടകങ്ങളില്‍ പതിഞ്ഞുനില്‌ക്കുന്നു.ഇത്തരം സംഭവങ്ങളിലെല്ലാം നിറയുന്ന യാഥാര്‍ത്ഥ്യം, നാം ഇനിയും ജീവിതത്തില്‍ പാലിക്കേണ്ട പാഠങ്ങളിലേക്ക്‌ മനസ്സ്‌ ചേര്‍ക്കുന്നില്ലെന്നാണ്‌. ദുര്‍വിധികള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മിക്ക സംഭവങ്ങളും ലഘൂകരിക്കാന്‍ നമുക്ക്‌ സാധിക്കും. ഇത്തിരിനേരം ജീവിതത്തെക്കുറിച്ചും ചുറ്റുപാടിനെ സംബന്ധിച്ചും അതിലുപരി നാം പാലിക്കേണ്ട ചുമതലാബോധത്തെക്കുറിച്ചും ഓര്‍ത്താല്‍ കണ്ണീര്‍ച്ചാലുകളും ചോരപ്പുഴകളും ജീവിതത്തില്‍ നിന്നും ഒരു പരിധിവരെ അകന്നുനില്‌ക്കും. കാലത്തിന്റെ മാറ്റം അംഗീകരിക്കുമ്പോഴും തിരിച്ചറിവിന്റെ കണ്ണും കാതും നാം ഉപേക്ഷിക്കാതിരിക്കുക. അത്‌ ധാര്‍മ്മിക സമ്പന്നവും ആശ്വാസകരവുമായ ജീവിതത്തിന്റെ നടുത്തളത്തിലേക്ക്‌ നമ്മെ നയിക്കാതിരിക്കില്ല. ഒരു പൂ വിരിയുമ്പോള്‍ അനുഭവിക്കുന്ന സന്തോഷത്തേക്കാള്‍ പതിന്മടങ്ങായിരിക്കും ഒരു പൂ കൊഴിയുമ്പോള്‍ സുമനസ്സുകള്‍ നേരിടുന്നത്‌.