Monday, March 02, 2009
ഓരോ ബജറ്റ് വരുമ്പോഴും
റ്ഫെ ബ്രുവരി-മാര്‍ച്ച് മാസങ്ങള്‍ ഇന്ത്യയിലെ ഓരോ കുടുംബങ്ങളും പലവിധ വേവലാതികള്‍ നേരിടുന്നു. വരും വര്‍ഷത്തെ സാമ്പത്തിക സംബന്ധമായ കാര്യങ്ങളാണ് പ്രധാനം. അതാകട്ടെ കേന്ദ്ര-സംസ്ഥാന ബജറ്റുകളെ ആശ്രയിച്ചിരിക്കും. അവശ്യ സാധനങ്ങളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും വിലയില്‍ വരുന്ന മാറ്റം അടുക്കളയെയാണ് നേരിട്ട് ബാധിക്കുക. ഭക്ഷ്യവസ്‌തുക്കളുടെ വിലനിലവാരം കൂടുന്ന രീതിയിലാണെങ്കില്‍ ഗ്രാമീണരുടെ വീടുകളില്‍ മാത്രമല്ല, നഗരവാസികളുടെ അടുക്കളയിലും അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകും. യാത്രാക്കൂലിയും ചരക്കുകൂലിയും വര്‍ദ്ധിക്കുമ്പോള്‍ ഓരോ വീട്ടിലും രൂപപ്പെടുന്ന പരാതികളും പരിഭവങ്ങളും നമ്മുടെ മുഖ്യധാരാക്കണക്കുകളില്‍ പലപ്പോഴും കടന്നുവരാറില്ല. സന്തുലിതമായി മുന്നോട്ടു പോകുന്ന ഒരു കുടുംബത്തില്‍ പെട്ടെന്ന് ഒരു അലയുണ്ടാകുമ്പോള്‍ തളരുന്നത് ഗൃഹനാഥനോ, ഗൃഹനായികയോ മാത്രമല്ല കുട്ടികളുമാണ്. വീട്ടിലെ ചെറിയ അലോസരങ്ങള്‍ പോലും കുട്ടികളുടെ മനസ്സില്‍ ചെറുതും വലുതുമായ പോറലുകള്‍ ഏല്‌പിക്കും. സാമ്പത്തിക കാര്യത്തില്‍ വ്യതിയാനങ്ങള്‍ വരുമ്പോള്‍ ഏതൊരു വീട്ടിലും അതിന്റെ അസ്വാരസ്യം ഉടലെടുക്കാം.ഉപ്പു തൊട്ട് കര്‍പ്പൂരം വരെ സ്വന്തം തൊടിക്കു പുറത്തുനിന്നു വരുന്നതും കാത്തുകഴിയുന്നവരെ സംബന്ധിച്ചിടത്തോളം ഓരോ വാര്‍ഷിക ബജറ്റും ഉള്‍ക്കിടിലമുണ്ടാക്കുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വസ്‌ത്രങ്ങള്‍ക്കും പുറമെ വീട്ടാവശ്യത്തിനുള്ള സാധനങ്ങളും ഭക്ഷ്യവസ്‌തുക്കളും കൂടിച്ചേരുമ്പോള്‍ ഒരു കുടുംബത്തിന്റെ പ്രധാന വാര്‍ഷിക പട്ടിക തയ്യാറാകുന്നു. പിന്നെ ചികിത്സക്കും യാത്രകള്‍ക്കും ആഘോഷങ്ങള്‍ക്കുമുള്ളതാണ്. അതില്‍ ചികിത്സ ഒഴികെ മറ്റുള്ളവ ഞെരുങ്ങിയാല്‍ കുറയ്‌ക്കാവുന്നതാണ്. ചികിത്സാ ചെലവ് വര്‍ഷന്തോറും കൂടിവരുന്ന പ്രവണതയാണ്. കുടുംബ ബജറ്റ് എപ്പോഴും തെറ്റുന്നത് ചികിത്സയിനത്തിലാണ്. ഭക്ഷ്യവസ്‌തുക്കളുടെ വിലയില്‍ മാറ്റം വരുമ്പോഴും മറ്റ് അവശ്യവസ്‌തുക്കളുടെ വിലയിലുണ്ടാകുന്ന വര്‍ദ്ധനയും പല കുടുംബങ്ങളുടെയും മാസ ബജറ്റ് തെറ്റിക്കുന്നു. മാസത്തിന്റെ ആദ്യ ആഴ്‌ചയില്‍ തന്നെ കടം വാങ്ങി ബാക്കിയുള്ള ദിവസം നീന്തിക്കയറാന്‍ പാടുപെടുന്നവരുടെ എണ്ണം പതിന്മടങ്ങ് കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ പ്രശ്‌നമല്ല. എന്നാല്‍ മാറിവരുന്ന സാമ്പത്തിക വ്യതിയാനങ്ങളെ സൂക്ഷ്‌മമായി വിലയിരുത്തി അതിനനുസരിച്ച് ജീവിക്കാന്‍ ശ്രമിച്ചാല്‍ പല വേവലാതികളില്‍ നിന്നും ഒരു പരിധിവരെ മോചനം നേടാം.എങ്ങനെയാണ് ചെലവു നിയന്ത്രിച്ച് ജീവിക്കാന്‍ സാധിക്കുക. ഈ ചോദ്യം നാം പലപ്പോഴും കേള്‍ക്കുന്നതാണ്. അല്‌പം ആലോചിച്ചാല്‍ ഈ നിയന്ത്രണം നമുക്ക് സാധിക്കാവുന്നതേയുള്ളൂ. ആദ്യമേ ഓരോ കുടുംബവും അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ തിരിച്ചറിയുക. അതിനനുസരിച്ച് ഒരു ധാരണ ഉണ്ടാക്കണം. എവിടുന്നൊക്കെ വരുമാനം ഉണ്ടാകും. എവിടുന്നൊക്കെ വരുമാനം ഉണ്ടാകില്ല എന്ന് മനസ്സിലാക്കിയാല്‍ ചെലവിനത്തിലും മാറ്റം വരുത്താന്‍ തയാറാകണം. തീരെ അവഗണിക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‌കണം. എങ്കിലും നമ്മുടെ ഒരു കണക്കുകൂട്ടലിലും പെടാത്ത ചില സംഭവങ്ങള്‍ പൊടുന്നനെ വരാവുന്നതാണ്. അതിലേക്കായി ഒരു നിശ്ചിത സംഖ്യ എപ്പോഴും കാണണം. മുന്‍കൂട്ടി ഗണിക്കാന്‍ കഴിയാത്ത ചെലവിനത്തിലാകും മിക്ക കുടുംബങ്ങളും വേവലാതി അനുഭവിക്കുന്നത്. വരവുചെലവുകള്‍ കൂട്ടിക്കിഴിക്കുന്നവരുടെ അവസ്ഥ ഇങ്ങനെയൊക്കെയാണെങ്കില്‍ അതൊന്നും ഗണിക്കാത്തവരുടെ സ്ഥിതിയോ? അവര്‍ക്ക് മാത്രമല്ല, കുടുംബത്തിന്റെ മൊത്തം താളം തെറ്റുന്നു. ഇത്തരം താളപ്പിഴകള്‍ ചിലരെ ആത്മഹത്യയിലേക്കും മറ്റുചിലരെ രോഗശയ്യയിലേക്കും എത്തിക്കാം. കുടുംബത്തിന്റെ താളംപിഴച്ചാല്‍ കുട്ടികളടക്കമുള്ളവരുടെ ജീവിതത്തിലും അത് പ്രതിഫലിക്കും. അതിനാല്‍ പ്രശ്‌നങ്ങളെ സമീപിക്കുമ്പോള്‍ ഏതുതരത്തിലുള്ള പ്രശ്‌നമാണെന്നും എന്താണ് അതിന് ഇടയാക്കിയെതെന്നോ, ഇടവരുത്തുന്നതെന്നോ വ്യക്തമായി മനസ്സിലാക്കണം. അല്ലാത്തപക്ഷം നമുക്ക് ഫലപ്രദമായി ഇടപെടാന്‍ സാധിക്കില്ല.കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ബജറ്റുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കുന്നതിന് പ്രധാന കാരണം ഭക്ഷ്യവസ്‌തുക്കളുടെ ഉല്‍പാദനത്തില്‍ വരുന്ന കുറവാണ്. അരിക്കും പച്ചക്കറിക്കും മാത്രമല്ല, ഭക്ഷണം കഴിക്കാനുള്ള ഇലയ്‌ക്കു പോലും അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ചുകഴിയുന്ന സംസ്ഥാനം ചരക്കുകൂലിയിലോ, ഭക്ഷ്യവസ്‌തുക്കളുടെ വിലയിലോ നേരിയ വ്യത്യാസം വന്നാല്‍ തളര്‍ന്നുപോകും. ആന്ധ്രയേയും തമിഴ്‌നാട്ടിനേയും വടക്കന്‍ സംസ്ഥാനങ്ങളേയും അമിതമായി ആശ്രയിക്കുന്ന കേരളത്തിന് ഓരോ ബജറ്റ് സമ്മേളനവും ഉറക്കംകെടുത്തുന്ന സംഗതിയാണ്. കേരളം നിലനില്‍ക്കുന്നതുപോലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തിലാണ്.വൈദ്യുതി, പാചകവാതകം എന്നിവയുടെ ഉപയോഗത്തില്‍ അല്‌പം നിയന്ത്രണം പാലിച്ചാല്‍ കുടുംബ ബജറ്റില്‍ ഗണ്യമായ സംഖ്യ ലാഭിക്കാം. അതുപോലെ ആഢംബര വസ്‌തുക്കളുടെ ഉപയോഗം സാധിക്കുന്നത്ര കുറച്ചാലും വന്‍തുക ലാഭിക്കാവുന്നതാണ്. ചെലവു ചുരുക്കല്‍ പദ്ധതി എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുവോ അതിനനുസരിച്ചായിരിക്കും ഓരോ മലയാളിയുടെയും ഭാവിജീവിതത്തിന്റെ തുലാസ് തിട്ടപ്പെടുത്തുന്നത്. കാരണം പാശ്ചാത്യ അനുകരണത്തില്‍ നിന്നും സ്വയം ഏറ്റുവാങ്ങിയ വിപത്തുകള്‍ മലയാളികളുടെ വസ്‌ത്രധാരണത്തിലും ഭക്ഷണത്തിലും മാത്രമല്ല, വീടു നിര്‍മ്മാണത്തില്‍ വരെ എത്തിയിട്ടുണ്ട്. അതിന്റെ പ്രത്യാഘാതങ്ങളും ഇപ്പോള്‍ കേരളീയര്‍ നേരിടുന്നു. ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ ഇനിയും എന്തൊക്കെ പ്രശ്‌നങ്ങളാണ് വന്നുപതിക്കുന്നതെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.പാചകവാതകത്തിന്റെ ഉപയോഗത്തിലേക്ക് മിക്ക കേരളീയ കുടുംബങ്ങളും വഴിമാറിയിട്ടുണ്ട്. പ്രകൃതി വിഭവങ്ങളുടെ ലഭ്യതയില്ലായ്‌മയാണ് ഇതിലേക്ക് തള്ളിവിടുന്ന മുഖ്യ പ്രവണത. എന്നാല്‍ പ്രകൃതിവിഭവങ്ങള്‍ യാതൊരു ലക്കുംലഗാനുമില്ലാതെ ഉപയോഗിച്ചതിന്റെയും നശിപ്പിച്ചതിന്റെയും തിക്തഫലം കൂടിയാണിതെന്ന് തിരിച്ചറിയണം. ഇന്ധനവില വര്‍ദ്ധന വരുമ്പോള്‍ മലയാളി ഭയപ്പെടുന്നത് യാത്രയുടെ കാര്യത്തില്‍ മാത്രമല്ല, പാചകവാതക പ്രശ്‌നവുമാണ്. പാചകവാതകത്തിന് ചെറിയ വര്‍ദ്ധനപോലും വരുമ്പോള്‍ കേരളീയരെ സംബന്ധിച്ചിടത്തോളം ഉത്‌കണ്‌ഠയ്‌ക്ക് ഇടവരുത്തിയിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മറിച്ചാണ്. സകലര്‍ക്കും വേവലാതിലാണ്. കാരണം നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത നിലയിലേക്ക് ജീവിതരീതി കൊണ്ട് മലയാളി മാറിയിരിക്കുന്നു. ആഗോളീകരണ കാലഘട്ടത്തില്‍ മലയാളിക്ക് മാത്രം പാരമ്പര്യവ്രതത്തില്‍ ജീവിക്കാന്‍ സാധിക്കില്ലെന്ന് പറയാം. ലോകം ഒരു കുടക്കീഴിലാകുമ്പോള്‍ ജീവിതനിലവാരത്തിലും ഭക്ഷണക്രമത്തിലും ഇത് ബാധകമാണ്. പക്ഷേ, ഇതൊക്കെ സംഭവിക്കുമ്പോഴും അല്‌പം പ്ലാനിംഗോടെ മുന്നേറാന്‍ ശ്രമിച്ചാല്‍ ഭേദപ്പെട്ട അവസ്ഥയില്‍ ജീവിതം തുഴയാന്‍ സാധിക്കും. ഇത്തരമൊരു കാഴ്‌ചപ്പാടുണ്ടെങ്കില്‍ ബജറ്റ് വരുമ്പോള്‍ ഉള്‍ക്കിടിലം അനുഭവിക്കേണ്ടി വരില്ല. ആഗോളതലത്തില്‍ തൊഴില്‍മേഖലയില്‍ വന്നുചേരുന്ന വ്യതിയാനങ്ങള്‍ കേരളത്തെ നന്നായി ബാധിക്കാന്‍ ഇടവരും. മറുനാടന്‍ ജോലികള്‍ ശീലിച്ചു കഴിയുന്നവരെന്ന നിലയില്‍ സാങ്കേതികവിദ്യയുടെ രംഗത്തും സോഫ്‌റ്റ്‌വെയര്‍ തൊഴില്‍മേഖലയിലും മറ്റും സംഭവിക്കുന്ന തകര്‍ച്ചകളും തൊഴില്‍രാഹിത്യവും പാശ്ചാത്യരാജ്യങ്ങളിലെന്ന പോലെ മലയാളി കുടുംബങ്ങളിലും വേവലാതികള്‍ സൃഷ്‌ടിക്കാതിരിക്കില്ല. ഇതിന്റെ പ്രത്യാഘാതങ്ങള്‍ വരുമ്പോള്‍ കേരളത്തിന്റെ ജീവിതഭൂപടം മാറ്റി വരയ്‌ക്കേണ്ടി വരാം.ബജറ്റില്‍ തുടങ്ങി മലയാളിയുടെ വീടകം വരെ കടന്നുചെല്ലുന്ന ആലോചനകള്‍ കൊണ്ട് സമൃദ്ധമാണ് ഫെബ്രുവരി-മാര്‍ച്ച് മാസം. കടുത്ത വേനല്‍ചൂടില്‍ അകവും പുറവും പൊള്ളുമ്പോള്‍ കേരളീയരുടെ മനസ്സും തലയും ഒരുപോലെ തിളയ്‌ക്കുന്നു. ഇതിന്റെ ആഘാതം വരുംനാളില്‍ കൂടിക്കൊണ്ടിരിക്കാനാണ് സാദ്ധ്യത.അമിത ലാളന കൊണ്ട് ചിട്ടപ്പെടുത്തുന്ന വീട്ടുകാര്യങ്ങളും വിട്ടുവീഴ്‌ചകളില്ലാത്ത പ്രലോഭനങ്ങളില്‍ കുടുങ്ങുന്ന ജീവിതരീതികളും ശക്തമായി വിശകലനം ചെയ്യാന്‍ മടിക്കുന്നവര്‍ക്ക് ആഗോളീകരണം വിപത്തുകളുടെ പറുദീസയാകും. നിയന്ത്രണത്തോടെ ജീവിക്കാന്‍ പഠിക്കുന്നവര്‍ക്ക് ആഗോളീകരണത്തിന്റെ ദൂഷ്യവശങ്ങളെപോലും തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ സാധിക്കും. അങ്ങനെ ചെയ്‌താല്‍ ബജറ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സൃഷ്‌ടിക്കുന്ന മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും ഒരു പരിധിവരെ കരകയറാന്‍ കഴിയും. സൂക്ഷ്‌മതയോടെ ജീവിതത്തെ സമീപിക്കുക എന്നതാണ് മുഖ്യം. ഒരുവേള പഴക്കമേറിയാല്‍ ഇരുളും മെല്ലെ വെളിച്ചമായി വരും എന്ന കവി വാക്യം ഓര്‍ക്കുക.
Subscribe to:
Post Comments (Atom)
1 comment:
നല്ല പോസ്റ്റ്...
Post a Comment