Friday, June 12, 2009

നിബ്ബ്‌- പംക്തി

പുതുകവിതയിലെ പുഴുക്കുത്തുകള്

‍മലയാളസാഹിത്യം കവികളുടെ എണ്ണപ്പെരുപ്പം കൊണ്ട്‌ സമ്പന്നമാണ്‌. പക്ഷേ, ഭാവുകത്വ നിശ്ചലതയെ ചോദ്യംചെയ്യാന്‍ യുവകവികള്‍പോലും തയ്യാറാകുന്നില്ല. എഴുപതുകളിലെ പ്രക്ഷുബ്‌ധതയ്‌ക്കപ്പുറം മലയാളകവിതയില്‍ പാരമ്പര്യം തിരുത്തിക്കുറിക്കാനുള്ള ആര്‍ജ്ജവം പാടെ ഉപേക്ഷിച്ചത്‌ കവികളാണ്‌. ബംഗാളും പിതൃയാനവും പതിനെട്ടുകവിതകളും ചിത്തരോഗാശുപത്രിയിലെ ഭ്രാന്തന്‍കുറിപ്പുകളും രചനകളിലൂടെ അതിവര്‍ത്തിച്ച പുതുകവികളുടെ നിരയില്‍ മോഹനകൃഷ്‌ണന്‍ കാലടി, റഫീഖ്‌ അഹ്‌മദ്‌, വി. എം. ഗിരിജ, പി. എം. ഗോപീകൃഷ്‌ണന്‍, കെ. വീരാന്‍കുട്ടി, കെ. ആര്‍. ടോണി, പവിത്രന്‍ തീക്കുനി, ശിവദാസ്‌ പുറമേരി, എം. ആര്‍. രേണുകുമാര്‍, ഗഫൂര്‍ കരുവണ്ണൂര്‍, ശൈലന്‍ എന്നിങ്ങനെ ചുരുക്കം പേരുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ വായനക്കാരുടെ അക്ഷരബോധത്തിനപ്പുറം കവിതയുടെ മിന്നലാട്ടം നിഴലിക്കുന്ന രചനകള്‍ കുറയുന്നു. കവിതയെഴുത്ത്‌ സൂത്രപ്പണ്ണിയായി കണ്ടെടുക്കുന്ന എഴുത്തുകാരില്‍ നിന്നും പുതിയ കാവ്യപ്രവണത രൂപപ്പെടാനുള്ള സാധ്യതയും വിരളമാണ്‌.

രചനാപരമായ നവീകരണത്തിനു പകരം ഭാഷാപ്രയോഗത്തില്‍ ഊറ്റംകൊള്ളുകയാണ്‌ പിന്മുറക്കാരും. എതിരെഴുത്ത്‌, വേറിട്ടൊരു കാഴ്‌ച, പുതിയൊരു താളം തുടങ്ങിയവ കൊണ്ട്‌ വായനക്കാരുടെ മനസ്സ്‌ പൊള്ളിക്കുന്ന രചനകള്‍ മലയാളത്തിലെ പുതുകവിതയില്‍ വിരളമാണ്‌. വ്യവസ്ഥാപിത ഭാഷാപ്രയോഗത്തോടും ആശയധാരയോടും കലഹിക്കുന്നതിനു പകരം നിഴല്‍ക്കവിതകളില്‍ അഭിരമിക്കുന്നവരുടെ നീണ്ടനിരയാണ്‌ മലയാളകവിതയുടെ മുന്നില്‍നില്‍ക്കുന്നത്‌.

കുറുങ്കവിതകളുടെ വിശാലമായ പാരമ്പര്യം മലയാളത്തിലുണ്ട്‌. പലപ്പോഴും അവ സാംസ്‌കാരിക വിമര്‍ശനത്തിന്റെ അടയാളവുമായിരുന്നു. കവിതയുടെ രൂപത്തില്‍ മാത്രമല്ല, അകമെഴുത്തിലും ഇടഞ്ഞുനില്‍പ്പിന്റെ താളവും ഭാവവും പതിയണം.

-ചന്ദ്രിക വാരാന്തപ്പതിപ്പ്‌ 7/6/09

No comments: