Friday, May 22, 2009

കവിതയുടെ സമുദ്ര സംഗീതം

കവിത അകവെളിച്ചത്തിന്റെ അടയാളമാണ്‌. ജീവിതധാരയായി പെയ്‌തിറങ്ങുന്ന ആത്മഭാഷണം തന്നെ. കവിതയുടെ നീറ്റലും കുറുകലും നിലാവെളിച്ചവും ചേര്‍ന്നുനിന്ന കവിയായിരുന്നു ഒ. എന്‍. വി. കുറുപ്പ്‌. മലയാളകവിതയിലെ കതിര്‍ക്കനിയുടെ നിറവ്‌. സ്‌നേഹദീപ്‌തിയില്‍ തളിര്‍ക്കുന്ന സമുദ്രസംഗീതമാണ്‌ ഒ. എന്‍. വി. യുടെ കവിതകള്‍. മനുഷ്യനും പ്രകൃതിയും പ്രത്യയശാസ്‌ത്രങ്ങളുമെല്ലാം ഇഴചേര്‍ന്നുനില്‍ക്കുന്ന ചിത്രകമ്പളമാണ്‌ അക്ഷരക്കൂട്ടില്‍ ഈ കവി നെയ്‌തെടുത്തത്‌. ഇത്തിരിച്ചുവപ്പും അതിലേറെ പച്ചപ്പും മോഹഭംഗങ്ങളും എല്ലാറ്റിനുമുപരിയായി മാനവീയതയുടെ ഹംസധ്വനിയാണ്‌ ഒ. എന്‍. വി. മലയാളിമനസ്സിലേക്ക്‌ എഴുതിച്ചേര്‍ത്തത്‌. സാമസംഗീതത്തിന്റെ ആര്‍ദ്രതയോടൊപ്പം മാറ്റത്തിന്റെ കാഹളവും ഇച്ഛാഭംഗത്തിന്റെ വേലിയേറ്റവും ഒ. എന്‍. വി.യുടെ കാവ്യപഥത്തില്‍ പതിഞ്ഞുനില്‌പുണ്ട്‌.

മലയാളകവിതയില്‍ കാല്‌പനികതയുടെ താളവും രാഗവും നക്ഷത്രദീപ്‌തിയുമുതിര്‍ത്ത ദശാസന്ധിയിലാണ്‌ ഒ. എന്‍. വി. `നീലക്കണ്ണുകളുടെ ' ദ്യൂതിയുമായി എഴുത്തിന്റെ സ്ഥലരാശിയില്‍ പുതിയൊരു ദിശാസൂചിക അടയാളപ്പെടുത്തിയത്‌. ദുരിതത്തിന്റെ തീക്ഷ്‌ണതയും ജീവിതപ്രശ്‌നങ്ങളുടെ ഒറ്റമൂലിയായ വാഗ്‌ദത്തഭൂമിയെക്കുറിച്ചുള്ള സ്വപ്‌നവും ഒ. എന്‍. വി. യുടെ കവിതകളില്‍ വ്യത്യസ്‌തമാനങ്ങളില്‍ മുദ്രിതമായി. സ്വകാര്യദു:ഖങ്ങളുടെ പച്ചത്തുരുത്തില്‍ ഇരുന്നുകൊണ്ടുതന്നെ സമകാലിക സാമൂഹിക- രാഷ്‌ട്രീയ സംഭവങ്ങളും ഈ കവിയുടെ രചനകളില്‍ കൂടുവെച്ചു. മയില്‍പ്പീലിത്തുണ്ടുകളും വളപ്പൊട്ടുകളും മഞ്ചാടിമണികളും ഇഴചേര്‍ത്ത്‌ മനുഷ്യന്റെ കരാളമുഖവും പ്രകൃതിയുടെ രോദനവും കവി വാക്കുകളിലേക്ക്‌ ചാലിച്ചെടുത്തു. പ്രത്യയശാസ്‌ത്ര വെളിച്ചത്തില്‍ തുടിക്കുന്ന പുലരികാത്തിരുന്ന കവി, തന്റെ സ്വപ്‌നം മണ്ണടിഞ്ഞപ്പോള്‍ അകംനൊന്തു പാടാനും മറന്നില്ല. `കവിയും സുഹൃത്തും ' എന്ന രചനയില്‍ സര്‍ഗാത്മകതയുടെ ഉണ്മ തെരയുന്നവരുടെ ചിത്രമുണ്ട്‌. `ഇത്തിരിപ്പൂവേ ചുവന്നപൂവേ' എന്ന കവിതയില്‍ ഇച്ഛാഭംഗത്തിന്റെ ചവര്‍പ്പും കയ്‌പ്പും കവി എഴുതിയിട്ടുണ്ട്‌.

പ്രകൃതി ഒ. എന്‍. വി.യുടെ കവിതയില്‍ പലവിതാനത്തില്‍ നിറഞ്ഞാടുന്നുണ്ട്‌. മനുഷ്യന്റെ ക്രുരതയ്‌ക്കു മുമ്പില്‍ നിരാലംബയായി മാറിയ ഭൂമിയുടെ നിലവിളിയും മുറിപ്പാടും ` ഭൂമിക്കൊരു ചരമഗീത'ത്തില്‍ നമ്മെ എതിരേല്‍ക്കുന്നു. ചുട്ടുപൊള്ളുന്ന പാതയിലൂടെ വിങ്ങുന്ന മനസ്സുമായി നടന്നലയുന്ന ഭൂമിദേവിയുടെ ചിത്രം അനുവാചകഹൃദയത്തില്‍ വരച്ചിടുകയാണ്‌ ഒ. എന്‍. വി. അര്‍ത്ഥഗരിമയാര്‍ന്ന ബിംബങ്ങളുടെ കനത്തുനില്‍പ്പ്‌ ഈ കവിയുടെ രചനകളില്‍ സദാ ജാഗരൂകമായി നമ്മെ വന്നു തൊട്ടുകൊണ്ടിരുന്നു. സംഗീതത്തിലും സൗന്ദര്യത്തിലും സാരാംശരേഖയാകുന്ന ബൈബിളിലെ നിരവധി ബിംബങ്ങള്‍ നിര്‍ലോഭമായി ഒ. എന്‍. വി. ഉപയോഗപ്പെടുത്തി.ജീവിതത്തിന്റെ അനിശ്ചിതത്വവും ഒഴുകിപ്പോക്കും നിസ്സാരതയും തിരഞ്ഞുപോകുന്ന ഒര തഥാഗത ജന്മം ഒ. എന്‍. വി.യുടെ കാവ്യതട്ടകത്തിലുണ്ട്‌. ആത്മനൊമ്പരത്തില്‍ പിടയുന്ന യാത്രികനാണയാള്‍. കൊച്ചുകൊച്ചു സുഖദു:ഖ മഞ്ചാടിമണികള്‍ കൊണ്ടുള്ള കളിയാണ്‌ മനുഷ്യജീവിതമെന്ന കാവ്യകാഴ്‌ച ` വാടകവീട്‌' പോലുള്ള കൃതികളില്‍ അനുവാചകന്റെ മനസ്സില്‍ വരച്ചിടുന്നു.

ഭൂമിയുടെ ഉപ്പും മൃഗയും ഭൈരവന്റെ തുടിയും അപരാഹ്നവും ശാര്‍ങ്‌ഗവപക്ഷികളും അക്ഷരവും ആഗ്രയും സ്വയംവരവും ഉജ്ജയിനിയും ഒ. എന്‍. വി. കവിതകളുടെ വേപഥുകളുടെ നീരൊഴുക്ക്‌ അനുഭവപ്പെടുത്തി.ഒ. എന്‍. വി. കവിതകളിലെ കറുത്തപക്ഷിയുടെ പാട്ടും സ്‌നേഹിച്ചു തീരാത്തവരുമെല്ലാം മലയാളിയെ ഊട്ടിക്കൊണ്ടിരിക്കുന്നത്‌ ഉള്ളില്‍ തുടിക്കുന്ന സ്‌നേഹപ്പെരുമയാണ്‌. അതിന്റെ വൈതരണിയും വൈവിധ്യവുമാണ്‌ അദ്ദേഹത്തിന്റെ കാവ്യലോകത്തു നിന്നു കേട്ടുകൊണ്ടിരിക്കുന്നത്‌.`എന്നോ പൊടുന്നനെ-പത്തിവിടര്‍ത്തുവാ-നെങ്ങോ പരുങ്ങി-കിടക്കും ഭുജംഗമേ'- എന്നിങ്ങനെ ഈ ഭാവഗായകന്‍ ജീവിതത്തിന്റെ പരുപരുത്ത പ്രതലങ്ങളെ കണ്ടെടുക്കുന്നു. എങ്കിലും `എന്റെ മകുടിയി-ലൂടെ മൃതൃുഞ്‌ജയ-മന്ത്രമായിത്തീരുന്നുഞാനുമെന്‍ ഗാനവും- കാലഘട്ടത്തിന്റെ പ്രതിസന്ധികളും എഴുത്തുകാരന്റെ വേപഥുകളും കവി അതിജീവിക്കുന്നത്‌ വാക്കിന്റെ അഗ്നി കടഞ്ഞെടുത്താണ്‌.മനുഷ്യജന്മത്തിന്റെ സൂര്യഗീതം തീര്‍ത്ത കവി കന്നിനിലാവിന്റെ കുളിര്‍മ്മ പരന്ന പ്രണയത്തിന്റെ നൊമ്പരപ്പാട്ടുകള്‍ കാവ്യകലയുടെ ജാലകപ്പഴുതിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തി. തപിച്ചും തളര്‍ന്നും നാട്ടുവഴികളിളും അരുവിയുടെ ഈണത്തിലും പുല്‍ക്കൊടിത്തുമ്പിലും മഞ്ഞിന്‍കണികയിലും ജീവിതത്തിന്റെ അടരുകള്‍ വായ#ിച്ചെടുത്തു.`നിര്‍ത്താതെ നിദ്രയുമില്ലാതെ, മാത്രകള്‍തെറ്റാതെ, യെത്രയോ കാലമിങ്ങനെനിന്റെ കടുംതുടി കൊട്ടുന്നു നീ, യിങ്ങുനിന്റെയുണര്‍വിനെ തന്നെ തോറ്റുന്നു'- എന്ന്‌ സാദരം പാടി കവിതയുടെ വെണ്‍വെളിച്ചത്തിലൂടെ നടക്കുന്നു.

No comments: