Monday, February 09, 2009
ശ്രീനിയും വിനയനുംസൂപ്പര്‍ വിരുദ്ധചിന്തയും
ക്ഷാമത്തില്‍ മുങ്ങിനില്‍ക്കുന്ന ഗ്രാമത്തിന്റെ മനുഷ്യത്വം വറ്റിപ്പോകുന്നത് പ്രേക്ഷകരുടെ മനസ്സിലേക്ക് ചേര്‍ത്തുപിടിക്കുന്ന ഒരു ജാപ്പനീസ് ചിത്രമുണ്ട്. ഇമാമുറയുടെ `ബാലഡ്‌സ് ഓഫ് നരയാമ. മലമുകളിലെ മരണത്തിലേയ്‌ക്കുള്ള സാഹസിക യാത്രയിലാണ് ഈ സിനിമ അവസാനിക്കുന്നത്. മലയാളസിനിമയുടെ അവസ്ഥയും ഇമാമുറയുടെ ചിത്രത്തിലെ അവസാന സീന്‍ ഓര്‍മ്മപ്പെടുത്തുന്നു.2009- ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ മലയാളസിനിമകള്‍ കൂട്ടമായി തിയേറ്ററില്‍ മൂക്കുകുത്തുകയാണ്. വന്‍ പബ്ലിസിറ്റിയുടെ അകമ്പടിയിലിറങ്ങിയ സൂപ്പര്‍താരചിത്രം പോലും ഇനീഷ്യല്‍ ഫുള്‍ ഉണ്ടാക്കുവാന്‍ സാധിക്കാത്ത സ്ഥിതിയിലാണ്. കവലകളില്‍ സര്‍വ്വരോഗ സംഹാരികളുമായി ചില മുറിവൈദ്യന്മാര്‍ പ്രത്യക്ഷപ്പെടാറുണ്ട്. ആദ്യം ചില്ലറ മാജിക്കുകള്‍ കാണിച്ച് അവര്‍ ജനത്തെ കൈയിലെടുക്കും. പിന്നീടാണ് തകരപ്പെട്ടിയിലെ സര്‍വ്വരോഗ സംഹാരി പുറത്തെടുക്കുക. മലയാളസിനിമയിലും ഇത്തരം സര്‍വ്വരോഗ സംഹാരികളുടെ തകരപ്പെട്ടിയുമായി പ്രത്യക്ഷപ്പെടുന്ന സംവിധായകരുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. ഇവരുടെ ഘോഷയാത്രയാണ് ജനുവരിയില്‍ കേരളത്തിലെ പ്രദര്‍ശനശാലകളില്‍.കഥപറച്ചിലിന്റെ കാര്യത്തില്‍ മലയാളത്തിലെ സംവിധായകര്‍ക്ക് കരുത്തരായിത്തീരാന്‍ സാധിക്കുന്നില്ല. ഇതിന് മികച്ച ഉദാഹരണങ്ങളാണ് റാഫി മെക്കാര്‍ട്ടിന്റെ ലൗ ഇന്‍ സിംഗപ്പോര്‍, വി.എം. വിനുവിന്റെ മകന്റെ അച്ഛന്‍, ദീപുവിന്റെ ക്രേസി ഗോപാലന്‍ എന്നീ സിനിമകള്‍. ആവര്‍ത്തനവിരസങ്ങളായ കഥകള്‍ തല്ലിപ്പഴുപ്പിക്കുമ്പോള്‍ വെള്ളിത്തിരയില്‍ നിന്ന് തെറിച്ചുവീഴുന്നത് മമ്മൂട്ടിയെ പോലുള്ള നടന്മാരാണ്. സ്ഥിരം ശൈലിയില്‍ മലയാളത്തില്‍ പിറന്നു വീഴുന്ന കുറെ ചിത്രങ്ങള്‍ കാണുന്ന ഒരാള്‍ക്ക് ക്രേസി ഗോപാലാനോ, മകന്റെ അച്ഛനോ പോലുള്ള ഒരു സിനിമ അടിച്ചുപരത്തിയെടുക്കാം. സിനിമാ ഫോര്‍മുലകള്‍ കുത്തിനിറച്ച പഴയ ചാക്കുകള്‍ ഒന്നെടുത്തിട്ട് കുടയുക. മലയാളത്തിലെ സംവിധായകര്‍ക്ക് അതുമതി. അഥവാ പടത്തിന് നീളം വേണമെങ്കില്‍ ശ്രീനിവാസനെയോ, സൂരജ് വെഞ്ഞാറമൂടിനെയോ കയറൂരി വിട്ടാല്‍ സംഗതി എളുപ്പമാകും. എഴുപത്തിയഞ്ച് വര്‍ഷം പിന്നിട്ട മലയാളസിനിമ പണ്ടെന്നോ ഉപേക്ഷിച്ചുപോയ വിഡ്‌ഢിക്കുപ്പായങ്ങള്‍ തകരപ്പെട്ടിക്കുള്ളില്‍ നിന്നും പുറത്തെടുത്ത് പേര് ലൗ ഇന്‍ സിംഗപ്പോര്‍ എന്നാക്കിയാല്‍ പ്രേക്ഷകര്‍ തിയേറ്ററുകളില്‍ ഇടിച്ചു കയറുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഈ സ്ഥിതി തിരിച്ചറിയാത്തവര്‍ നടന്മാരും സംവിധായകരുമാണ്. നല്ലൊരു തിരക്കഥ കിട്ടിയിട്ടും അത് പ്രേക്ഷകന്റെ യുക്തിയെ ചോദ്യം ചെയ്യാത്തവിധം ചിത്രീകരിക്കാന്‍ വി.എം. വിനുവിന്റെ സംവിധാനശൈലിക്ക് സാധിച്ചില്ല. തിരക്കഥയിലെ വികാരങ്ങള്‍ കാഴ്‌ചക്കാരിലേക്ക് സന്തോഷമായോ, ദു:ഖമായോ സംക്രമിപ്പിക്കാന്‍ കഴിയണം. ഇതൊന്നുമില്ലെങ്കില്‍ ശൂന്യമായ മനസ്സോടെയാകും പ്രേക്ഷകര്‍ തിയേറ്റര്‍ വിടുന്നത്. ജനുവരിലെത്തിയ സിനിമകള്‍- മകന്റെ അച്ഛന്‍, ലൗ ഇന്‍ സിംഗപ്പോര്‍, കളേഴ്‌സ് തുടങ്ങിയവ കണ്ടിറങ്ങിയ പ്രേക്ഷകര്‍ അനുഭവിക്കുന്നതും മറ്റൊന്നല്ല.നടന്മാരെ ആശ്രയിച്ച് കഥമെനഞ്ഞെടുക്കുന്ന മലയാളത്തില്‍ നല്ല കഥയില്ലെങ്കില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും മാത്രമല്ല, ശ്രീനിവാസനും പൃഥ്വിരാജിനും ദിലീപിനുപോലും കാണികളുണ്ടാകില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ജനുവരിയില്‍ പുറത്തിറങ്ങിയ മലയാളസിനിമകളുടെ പരാജയം. ഒന്നിനുപിറകെ ഒന്നായി മലയാളചിത്രങ്ങള്‍ തിയേറ്ററുകളില്‍ പൊട്ടിത്തകരുമ്പോള്‍ ആത്മപരിശോധന നടത്താന്‍ നടന്മാരോ, സംവിധായകരോ തയാറാകുന്നില്ല. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമകളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. 250-ഓളം സിനിമകള്‍ പുറത്തിറങ്ങയതില്‍ തിയേറ്ററില്‍ നിന്നും മുടക്കുമുതല്‍ തിരിച്ചു പിടിച്ചവയുടെ എണ്ണം 20-ല്‍ താഴെയാണ്. റാഫി മെക്കാര്‍ട്ടിന്റെ ലൗ ഇന്‍ സിംഗപ്പോര്‍ എന്ന ചിത്രം മമ്മൂട്ടിയുടെ ഫാന്‍സുകാര്‍ക്കുപോലും മുഴുവന്‍സമയം തിയേറ്ററില്‍ കണ്ടിരിക്കാന്‍ കഴിയില്ല. ജീവിതത്തിന്റെ ഗതിവിഗതികള്‍ക്കിടയില്‍ മച്ചു (മമ്മൂട്ടി) പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന കഥ. അഭിനയകലയുടെ വിസ്‌മയങ്ങള്‍ തീര്‍ത്ത മമ്മൂട്ടിയെപ്പോലുള്ള നടനെക്കൊണ്ട് ( നടന്‍ താല്‍പര്യം കാണിച്ചാലും) ചെയ്യിക്കുന്ന ആട്ടവും പാട്ടും അസഹ്യമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ല. ഇത്തരം പൊള്ളയായ കഥാപാത്രങ്ങളെ തിരിച്ചറിയാന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സാധിക്കുന്നില്ല എന്നത് അവരുടെ കരിയറിനെ ബാധിച്ചുകൊണ്ടിരിക്കുന്ന വിപത്താണ്. കുടുംബചിത്രങ്ങളെന്ന ലേബിളിലെത്തുന്ന വിലകുറഞ്ഞ കോമഡിചിത്രങ്ങളാണ് മലയാളസിനിമയുടെ തകര്‍ച്ച് മറ്റൊരു കാരണം. പ്രേക്ഷകരല്ല മലയാളചിത്രങ്ങളെ തകര്‍ക്കുന്നത്. ചലച്ചിത്രപ്രവര്‍ത്തകരാണ്. ഉള്‍ക്കനമുള്ള മികവുറ്റ സിനിമകള്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദീപുവിന്റെ ദിലീപ് ചിത്രം ക്രേസി ഗോപാലന്‍, രാജ് ബാബുവിന്റെ കളേഴ്‌സ് എന്നിവ ആസ്വദിക്കണമെങ്കില്‍ കാലത്തിന്റെ സൂചി പത്തിരുപത് വര്‍ഷം പിറകോട്ട് തിരിച്ചുവയക്കണം. നായകന്മാരുടെ വണ്‍മാന്‍ഷോ കണ്ട് മലയാളികള്‍ തിയേറ്ററില്‍ കയറാന്‍ മടിക്കുന്ന ഇക്കാലത്ത് ക്രേസി ഗോപാലന്‍ പോലുള്ള ഗിമ്മിക്കുകളില്‍ ദിലീപോ, ശ്രീനിവാസനോ പ്രത്യക്ഷപ്പെട്ടാലും ജനം കൈയൊഴിയും.സ്വന്തം ചിത്രത്തില്‍ ആളാവുക എന്ന ദൗത്യം ഭംഗിയായി നിറവേറ്റിയ സമാന്തര സൂപ്പര്‍സ്റ്റാറാണെല്ലോ നടന്‍ ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ വടക്കുനോക്കിയന്ത്രവും ചിന്താവിഷ്‌ടയായ ശ്യാമളയും സത്യന്‍ അന്തിക്കാടിന്റെ ആദ്യകാലചിത്രങ്ങളും മലയാളി കയ്യടിച്ചു സ്വീകരിച്ചു. എന്നാല്‍ ശ്രീനിവാസന്‍ പില്‍ക്കാലത്ത് നടത്തുന്ന അഥവാ ഞാനൊന്നുമറിഞ്ഞില്ല എന്ന നാട്യത്തില്‍ പുലര്‍ത്തുന്ന ജനവിരുദ്ധതകളെ പ്രേക്ഷകര്‍ തിരിച്ചറിയുന്നു. ശ്രീനിവാസന്റെ സിനിമകള്‍ പ്രദര്‍ശനശാലകളില്‍ നേരിടുന്ന പ്രതിസന്ധിക്ക് പുതിയ ഉദാഹരണമാണ് മകന്റെ അച്ഛന്‍. നല്ലൊരു തിരക്കഥയുണ്ടായിട്ടും സംവിധായകനോ, ബുദ്ധികൂര്‍മ്മതയുള്ള നടനോ പ്രേക്ഷകരെ ഇടവേളക്ക് ശേഷം തിയേറ്ററില്‍ പിടിച്ചിരുത്താന്‍ കഴിയുന്നില്ല. വെള്ളരിനാടകങ്ങളുടെ കാവല്‍ക്കാരാവാന്‍ മലയാളികളും തയാറെല്ലെന്ന് മകന്റെ അച്ഛന്‍ പ്രദര്‍ശിപ്പിക്കുന്ന കേന്ദ്രങ്ങള്‍ അടയാളപ്പെടുത്തുന്നു. സൂപ്പര്‍താരങ്ങള്‍ സെലക്‌ടീവാകണം എന്ന് മുറവിളിക്കൂട്ടുന്ന ( കടപ്പാട്-കോഴിക്കോട്ടെ പത്രസമ്മേളനം) നടന്‍ ശ്രീനിവാസന്‍ സ്വന്തം കാര്യത്തില്‍ കാണിക്കുന്ന അലംഭാവം പരിഹരിച്ചാലും പ്രേക്ഷകരും നിര്‍മ്മാതാക്കളും രക്ഷപ്പെടും. വിനീത് ശ്രീനിവാസന്‍ മകന്റെ അച്ഛന്‍ എന്ന ചിത്രത്തിലൊരിടത്ത് സൂചിപ്പിക്കുന്നത് പോലെ `ഇത്തരം തറവിറ്റുകളെ' പ്രോത്സാഹിപ്പിച്ചാല്‍ മലയാളസിനിമയുടെ നാശം എളുപ്പമാകും. മികച്ച സാങ്കേതികതയും മനോഹരമായ നൃത്തങ്ങളും കൊണ്ട് കേരളത്തിലെ യുവജനങ്ങള്‍ക്ക് അന്യഭാഷാ ചിത്രങ്ങള്‍ ഹരമായിക്കഴിഞ്ഞു. വില്ല് പോലുള്ള തമിഴ് സിനിമകള്‍ മലയാളചിത്രങ്ങളേക്കാള്‍ കളക്‌ഷന്‍ നേടി മുന്നേറുകയാണ്.പഴഞ്ചന്‍ സൂത്രവാക്യങ്ങളില്‍ തറഞ്ഞുനില്‍ക്കുന്ന നടന്മാരുടെ തറവേഷങ്ങള്‍ക്ക് കയ്യടിക്കാന്‍ പ്രേക്ഷകര്‍ മടികാണിച്ചു തുടങ്ങി. വളരെ പ്രതീക്ഷയോടെയെത്തിയ ലൗ ഇന്‍ സിംഗപ്പോര്‍ താരാരാധകര്‍പോലും ഉപേക്ഷിക്കുന്നു. മിമിക്രിയിലൂടെ സ്വയം അവഹേളിതനാകാന്‍ താരത്തെ നിര്‍ബന്ധിതനാക്കിയ റാഫിമെക്കാര്‍ട്ടിന്‍ ടീം മലയാളികളോട് നടത്തുന്ന വെല്ലുവിളിയാണ് ഈ സിനിമ. മകന്റെ അച്ഛന്‍ എന്ന വി. എം. വിനു ചിത്രത്തിന്റെ സ്ഥിതിയും വ്യത്യസ്‌തമല്ല. അന്യഭാഷാ ചിത്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോഴാണ് മലയാളസിനിമയുടെ വളര്‍ച്ചയില്ലായ്‌മ എത്രത്തോളം വലുതാണെന്ന് തിരിച്ചറിയുന്നത്. ഊതിവീര്‍പ്പിച്ച പെരുങ്കളിയാട്ടങ്ങള്‍ ഹിന്ദിയിലും തമിഴിലും കന്നഡത്തിലും എട്ടുനിലിയില്‍ പൊട്ടുമ്പോഴും കാമ്പുള്ള ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ വന്‍ സ്വീകരണമാണ് നല്‍കുന്നത്. മലയാളത്തിലാകട്ടെ മികച്ച ചിത്രങ്ങളെന്ന് സംവിധായകര്‍ സ്വയം പ്രഖ്യാപിക്കുന്നവ കണ്ടിരിക്കാന്‍ കാണികള്‍ തയാറാകാത്തത് സിനിമാസംബന്ധമായ അറിവില്ലായ്‌മ കൊണ്ടല്ല, സിനിമകള്‍ പൊറാട്ടുനാടകങ്ങളാകുന്നതാണ് കാരണം. സൂപ്പര്‍ താരങ്ങളാണ് മലയാളസിനിമയുടെ പ്രതിസന്ധിയെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ഡോ. ബിജുവിന്റെ രാമന്‍ എന്ന ചിത്രം പ്രതിഫലിപ്പിക്കുന്നതും മറ്റൊന്നല്ല. സോഹന്‍ലാല്‍ സംവിധാനം ചെയ്‌ത ഓര്‍ക്കുക വല്ലപ്പോഴും തിയേറ്ററുകളില്‍ വന്‍ പരാജയമായതും പരിശോധിച്ചാല്‍ തിരക്കഥയില്‍ നിന്നും സിനിമയിലേക്കുള്ള ദൂരം വ്യക്തമാകുന്നതേയുള്ളൂ.മലയാളത്തിലെ ചലച്ചിത്രപ്രവര്‍ത്തകരുടെ മുഖ്യ അജണ്ട വാര്‍ത്താസമ്മേളനങ്ങളായിമാറിക്കൊണ്ടിരിക്കുന്നു. സിനിമയേക്കാള്‍ വലുത് സംഘടനയാണെന്ന് കരുതുന്നവര്‍ക്ക് ആലോചിക്കാന്‍ സാധിക്കാതെ പോകുന്നത് വ്യവസായത്തിന്റെ നിലനില്‍പ്പാണ്. സൂപ്പര്‍താരങ്ങളാണ് സിനിമയുടെ പ്രതിസന്ധിയെന്ന് വാദിക്കുന്ന സംവിധായകന്‍ വിനയനെപ്പോലുള്ളവരുടെ സംഘടന മികച്ച ഒരു ചിത്രം ഒരുക്കുന്നതിനെക്കുറിച്ചോ, വ്യവസായത്തെ നിലനിര്‍ത്തുന്നതിനെപ്പറ്റിയോ എന്ത് ആലോചനകളാണ് നടത്തുന്നത്. ജനാധിപത്യ സംവിധാനത്തില്‍ സംഘടനകളും അവകാശങ്ങളും അനിവാര്യമാണ്. പക്ഷേ, സിനിമയില്ലാതെ സംഘടനകൊണ്ട് മാത്രം പ്രയോജനമുണ്ടാകില്ല. മലയാളസിനിമ കാത്തുസൂക്ഷിച്ച (പുറമെയെങ്കിലും) ഐക്യവും സര്‍ഗോന്മുഖതയും കെട്ടപോകുന്ന അഥവാ കെടുത്തുന്ന ശബ്‌ദഘോഷങ്ങളിലാണ് മിക്കവര്‍ക്കും താല്‍പര്യം. ക്യാമറകള്‍ക്ക് പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ക്യാമറകളുടെ മുന്നില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത ആവേശം. മലയാളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ പകപോക്കലിന്റെയും വിഴുപ്പലക്കിന്റെയും വീറും വാശിയും നിലനില്‍ക്കുന്നതിനിടയില്‍, തട്ടുപൊളിപ്പന്‍ ചിത്രങ്ങളില്‍ ചിലതെങ്കിലും വിജയം നേടി വ്യവസായത്തെ മുന്നോട്ട് നയിക്കുമ്പോള്‍ വിവാദ പ്രസ്‌താവനായുദ്ധം കൊണ്ട് പ്രതിസന്ധി രൂക്ഷമാക്കാനേ സാധിക്കൂ. സൂപ്പര്‍താരങ്ങള്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കണം ( ശ്രീനിവാസന്‍), മമ്മൂട്ടി തൊഴിലാളിവര്‍ഗ്ഗത്തിന്റെ ആരാച്ചാര്‍ (വിനയന്‍-ചാനല്‍ വാര്‍ത്ത) രാജമാണിക്യം മമ്മൂട്ടിയേയും മോഹന്‍ലാലിനേയും രക്ഷിക്കില്ല (ഡോ. ബിജു- മാതൃഭൂമി ആഴ്‌ചപ്പതിപ്പ്) തുടങ്ങിയ ആപ്‌തവാക്യങ്ങളുടെ ചുമരെഴുത്ത് മലയാളത്തിന്റെ ദൃശ്യപഥത്തിന് എന്തുരീതിയില്‍ ഗുണം ചെയ്യും! ഇത്തരം സമവാക്യങ്ങളല്ല, ജനുവരി റിലീസുകളായ ലൗ ഇന്‍ സിംഗപ്പോര്‍, മകന്റെ അച്ഛന്‍, ക്രേസി ഗോപാലന്‍, കളേഴ്‌സ്, രാമന്‍, ലോലിപോപ്പ് (ക്രിസ്‌തുമസ് ചിത്രം) മുതലായവയുടെ പോരായ്‌മകള്‍ ഡോ. ബിജു, ശ്രീനിവാസന്‍, റാഫി മെക്കാര്‍ട്ടിന്‍, ഷാഫി, ദിപു ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചറിയണം. മലയാളസിനിമയുടെ പ്രധാന പ്രതിസന്ധി മാധ്യമാവബോധം നേടിയ പ്രേക്ഷകരും കാലത്തിന് നേരെ മുഖം തിരിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment