Wednesday, September 21, 2016

എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു


അഭിമുഖം

എന്റെ വിമര്‍ശം
ഇന്നും നിലനില്‍ക്കുന്നു
എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍





''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ്വസ്ഥത പൂര്‍ണ്ണമായും നശിച്ചു കഴിഞ്ഞിരുന്നു. മുമ്പൊരിക്കലും ഒരു ഋതുപരിണാമം എന്നെ ഇത്രയധികം നൊമ്പരപ്പെടുത്തിയിട്ടില്ല. സുരക്ഷിതത്വത്തിന്റെ കുരുവിമുട്ടകളുടഞ്ഞ വഴുവഴുപ്പില്‍ എന്റെ മനസ്സു തെന്നിവീണു...ഞാന്‍ സ്വയം സൃഷ്ടിച്ച ഏകാന്തതയില്‍ മസ്തിഷ്‌കം ഒരു പടുകൂറ്റന്‍ യാന്ത്രം പോലെ പ്രവര്‍ത്തിച്ചു.''- അനുയായി എന്ന കഥയില്‍ സുകുമാരന്‍ എഴുതിയതുപോലെ ജീവിതം കഥയായി മാറി.
ഉള്ളുനീറിക്കഴിയുന്നവരുടെ ഹൃദയത്തുടിപ്പുകളാണ് സുകുമാരന്റെ കഥകള്‍. അനീതിയുടെ പീഡിതാവസ്ഥയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ നിസ്സഹായത ഈ കഥാകാരന്റെ രചനകളിലുണ്ട്.' കടലിന്റെ ഉപരിതലത്തിലേക്കെത്തുന്നതിനു മുമ്പായി, ഒരു നേര്‍ത്ത നിമിഷത്തില്‍ ഞാനിത്രയും കേട്ടു, നീന്തി രക്ഷപ്പെടുക. പടിഞ്ഞാറ് അതിശക്തമായ അടിയൊഴുക്കുണ്ട്. ആ വഴി മാത്രം പോകരുത്' (തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക്-കഥ). ഇങ്ങനെ ജീവിതത്തിലും ചുറ്റുപാടിലും പതിഞ്ഞിരിക്കുന്ന അടിയൊഴുക്കുകളിലേക്ക് വായനക്കാരനെ നടത്തിക്കുകയാണ് സുകുമാരന്‍. മലയാളകഥയില്‍ ചുവപ്പിന്റെ രാശി തെളിഞ്ഞു നില്‍ക്കുന്ന കഥകളാണ് സുകുമാരന്റേത്. സമൂഹത്തിന്റെ പുറമ്പോക്കിലും അടിത്തട്ടിലും ഞെരിയുന്ന മനുഷ്യരെയാണ് സുകുമാരന്‍ അവതരിപ്പിച്ചത്.
മലയാളകഥയുടെ പതിവുശീലങ്ങളെ ചോദ്യംചെയ്തു കൊണ്ടാണ് 1960-കളുടെ മധ്യത്തില്‍ എം. സുകുമാരന്‍ കഥയുടെ പ്രമേയങ്ങളിലും രചനാസങ്കേതങ്ങളിലും മാറ്റങ്ങളുണ്ടാക്കിയത്. കഥകള്‍ രാഷ്ട്രീയ പ്രസ്താവങ്ങളും സാമൂഹിക വിമര്‍ശന നിലപാടുകളുമായി മാറി. ചരിത്രബോധത്തിന്റെയും പ്രത്യയശാസ്ത്രധാരണകളുടെയും ഇഴകള്‍ ചേര്‍ന്ന കഥകളായിരുന്നു അവ. മലയാളകഥയില്‍ മാര്‍ക്‌സിയന്‍ ആശയാഭിമുഖ്യം അടയാളപ്പെടുത്തിയ സുകുമാരന്‍, കീഴാളജീവിതത്തിന്റെ ചുവന്ന സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയാദര്‍ശത്തോടൊപ്പം വിമര്‍ശനത്തിന്റെ മുനയും കഥകളില്‍ കരുതിവെച്ചു. വിശ്വാസനഷ്ടം ജീവിതനഷ്ടം തന്നെയാണെന്ന് ഓര്‍മ്മപ്പെടുത്തി സുകുമാരന്‍ എഴുത്തുശീലങ്ങളില്‍ നിന്നും മൗനത്തിലേക്ക് വഴിമാറി. അനിവാര്യമായ നിശബ്ദതയും ദീര്‍ഘമൗനവും സുകുമാരന്റെ രചനാജീവിതത്തിന്റെ ഭാഗമായി. ഏകാന്തതയുടെ ലോകത്ത്, ആഘോഷങ്ങളില്‍ നിന്നും അഭിമുഖങ്ങളില്‍നിന്നും അകന്ന് ജീവിച്ചു. 
തിരുവനന്തപുരത്ത് പടിഞ്ഞാറെകോട്ടയില്‍ ചെറിയ ഫ്‌ളാറ്റില്‍ വെച്ച് എം.സുകുമാരനെ ആദ്യമായി കാണുന്നത് 1990കളിലാണ്. ശേഷക്രിയയും തിത്തുണ്ണിയും സംഘഗാനവും ചരിത്രഗാഥയും തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്കും രഥോത്സവവും മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങളും മറ്റും വായിച്ച ആവേശത്തില്‍ കഥാകാരനെ ചെന്നു കണ്ടു. അദ്ദേഹത്തെ കാണാനെത്തുമ്പോള്‍ മുഖവുരയുടെ ആവശ്യമുണ്ടായിരുന്നില്ല. വെളുക്കെ ചിരിച്ച് എതിരേല്‍ക്കുന്ന പ്രകൃതം. മനസ്സ് സ്‌നേഹത്തണലിന്റെ നനവ് അനുഭവിക്കുന്ന നിമിഷങ്ങള്‍. അതേ ഫ്‌ളാറ്റില്‍ കാല്‍നൂറ്റാണ്ടിന് ശേഷം സുകുമാരനെ കാണുമ്പോഴും അദ്ദേഹത്തിന്റെ ജീവിതത്തില്‍ സാരമായ മാറ്റമൊന്നുമില്ല. അസുഖത്തിന്റെ ബുദ്ധിമുട്ട് നേരിയതോതില്‍ അലോസരപ്പെടുത്തുന്നു. വായന അല്‍പം കുറഞ്ഞു. എല്ലാ പ്രതിസന്ധികളോടും പൊരുതിയും അകലം പാലിച്ചും ജീവിതം മുന്നോട്ടു പോകുന്നു. എങ്കിലും വ്യക്തിജീവിതത്തെപ്പറ്റി സംസാരിക്കുന്നതില്‍ പതിവുപോലെ അല്‍പം വിമുഖത. വിളിച്ചു പറയാവുന്ന സംഭവങ്ങളോ, കയറ്റിറക്കങ്ങളോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരാള്‍ക്ക് എന്താണ് പറയാനുള്ളത,് സുകുമാരന്‍ തിരിച്ചു ചോദിക്കുന്നു. ഒരു ചിരിയില്‍ തന്നെപ്പറ്റിയുള്ള ചരിത്രം അദ്ദേഹം ഒളിപ്പിച്ചു നിര്‍ത്തുന്നു. 'എഴുത്തുകാരനെ വിട്ട്, രചനകളെ വായിക്കുക, എഴുതുക.' സുകുമാരന്‍ സൗമ്യമായി പറയുന്നു.
മലയാളസാഹിത്യത്തിന്റേയും രാഷ്ട്രീയത്തിന്റേയും ചരിത്രത്തിന്റെ ഭാഗമായ എം.സുകുമാരന്‍ പാലക്കാട്ടുകാരനാണ്. ചിറ്റൂര്‍ സ്വദേശിയായ സുകുമാരന്‍ തിരുവനന്തപുരത്തെ എജീസ് ഓഫീസില്‍ ഉദ്യോഗസ്ഥനായി. തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍. സംഘാടകന്‍. ചെറുപ്പത്തിലെ വായനയില്‍ അതിയായ കമ്പം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള കൂറ് എഴുത്തിലും ജീവിതത്തിലും വെച്ചു പുലര്‍ത്തുമ്പോഴും അധികാരസ്ഥാനങ്ങളില്‍ നിന്നും അകലം പാലിച്ചു കഴിഞ്ഞു. ഒരു വേദിയിലും പ്രത്യക്ഷപ്പെടാതിരുന്നിട്ടും കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. എം.സുകുമാരനെ തൊടാതെ, വായിക്കാതെ മലയാളകഥ ഒരിക്കലും മുന്നോട്ട് പോയില്ല. കഥാകൃത്ത് വായനക്കാര്‍ക്ക് എപ്പോഴും സുപരിചിതന്‍. പക്ഷേ, സുകുമാരന്‍ ഒരു വേദിയിലും ഉണ്ടായിരുന്നില്ല. അടുപ്പത്തിന്റേയും കുശലം പറച്ചിലിന്റേയും ഒരു ദിവസം. അനുഭവ സ്പര്‍ശമുള്ള സംസാരം:

ശേഷക്രിയയിലെ നായകന്‍ യാഥാര്‍ത്ഥത്തില്‍ താങ്കള്‍ തന്നെയല്ലേ?
ശേഷക്രിയയിലെ കുഞ്ഞയ്യപ്പന്‍ ഒരുപാടു പേര്‍ ചേര്‍ന്നതാണ്. ഒരു വ്യക്തിയെ മുന്നില്‍ കണ്ടിട്ടല്ല ആ നോവല്‍ എഴുതിയത്. ചിറ്റൂരില്‍ നിന്നും തിരുവനന്തപുരത്ത് വന്നതിന് ശേഷമാണ് എഴുതുന്നത്. ഏജീസ് ഓഫീസിലെ ജോലിയും വായനയും എഴുത്തിന് സഹായകമായി. ഞാന്‍ ഓഫീസ് ജീവനക്കാരുടെ പ്രശ്‌നങ്ങളിലെല്ലാം ഇടപെട്ടിരുന്നു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ വേണ്ടരീതിയില്‍ അവതരിപ്പിക്കാനോ, പരിഹാരം കാണാനോ സാധിക്കാത്ത സ്ഥിതി. അന്നൊക്കെ മനസ്സില്‍ ഒരുപാട് ആലോചനകളുണ്ടായിരുന്നു. അവയൊന്നും ഞാന്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയിലും സമരങ്ങളിലും മാറ്റം വന്നു. എങ്കിലും ആരോടും പരിഭവമില്ല.
ഇന്ത്യയില്‍ ആദ്യമായി കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനെതിരെ സമരം നടന്നത് കല്‍ക്കത്തയിലായിരുന്നു. ഇരുപത്തിനാല് മണിക്കൂര്‍ ധര്‍ണ. എല്‍ ഐ സി ഓഫീസില്‍. ഞങ്ങളും പങ്കെടുത്തു. ഇപ്പോള്‍ അങ്ങനെയൊരു സമരം ആലോലിക്കാന്‍ പറ്റുമോ, പിന്നീട് ഏജീസ് ഓഫീസില്‍ സമരം നടന്നു. അതിന്റെ പളമായി ഞങ്ങള്‍ പത്തുപേരെ സസ്‌പെന്റ് ചെയ്യു. തുടര്‍ന്നു പിരിച്ചുവിട്ടു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴും ജാഥകളില്‍ പോകുമ്പോഴും എല്ലാം എന്റെ മനസ്സ് എഴുത്തിലായിരുന്നുതിരുവനന്തപുരത്ത് വന്നതോടെ എഴുത്തും വായനയും മാറി. രാഷ്ട്രീയാശയങ്ങള്‍ കഥയിലേക്ക് വന്നു.
ശേഷക്രിയയില്‍ മാത്രമല്ല, എന്റെ എഴുത്തില്‍ ആത്മാംശം ഉണ്ടു. അതില്ലാത്തെ എഴുതാന്‍ കഴിയില്ല.സുബ്രഹ്മണ്യം എന്നൊരു സ്‌നേഹിതനുണ്ടായിരുന്നു. അയാള്‍ക്ക് പാര്‍ട്ടിയോട് വലിയ അടുപ്പമായിരുന്നു. എന്തോ കാരണം പറഞ്ഞ് സുബ്രഹ്മണ്യനെ പാര്‍ട്ടി പുറത്താക്കി. പിന്നീട് അയാളുടെ ജീവിതം വലിയ ദുരിതമായിരുന്നു. ശേഷ.ക്രിയ എഴുതുമ്പോള്‍ അതെല്ലാം എന്റെ മനസ്സിലുണ്ടായിരുന്നു. ആ നോവലില്‍ എഴുതിയ വിമര്‍ശനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പാര്‍ട്ടി അന്നത്തേക്കാളും ജീര്‍ണിച്ചു. മുതലാളിത്തത്തെ എതിര്‍ക്കാന്‍ വേണ്ടിയായിരുന്നു പാര്‍ട്ടി ക്കെട്ടിപ്പടുത്തത്. പക്ഷേ, പാര്‍ട്ടി മുതലാളിത്തത്തിന്‍രെ ഭാഗമായി. വലിയ ആസ്തികള്‍ വന്നുചേര്‍ന്നു. ഇതെല്ലാം അനിവാര്യമാണെന്ന് നമുക്ക് തോന്നാം.

ജോലിയില്‍ നിന്നും പിരിച്ചു വിട്ടശേഷം പാര്‍ട്ടി സഹായിച്ചോ?
അങ്ങനെയൊന്നുമുണ്ടായില്ല. എനിക്ക് നേതാക്കന്മാരുമായി സൗഹൃദം ഉണ്ടായിരുന്നില്ല. ചെന്ന് കാണുന്ന സ്വഭാവവുണ്ടായിരുന്നില്ല. മനസ്സിലാക്കും. നിരീക്ഷിച്ചു കഴിയുന്നതാണ് താല്‍പര്യം. തിരുവനന്തപുരത്ത് പ്പാടര്‍ട്ടി പ്രവര്‍ത്തകരെ അറിയാം. കമ്മിറ്റിയില്‍ സംസാരിക്കാറില്ല. അധികാരസ്ഥാനങ്ങളും ആഗ്രഹിച്ചിരുന്നില്ല. ഏജീസ് ഓഫീസില്‍ പാര്‍ട്ടി ഘടകമുണ്ടായിരുന്നു. അതിനാല്‍ മെമ്പര്‍ഷിപ്പു കിട്ടി. ചിലരൊക്കെ എന്റെ അടുത്ത് വരാറുണ്ട്. അവരുമായുള്ള അടുപ്പം ഇപ്പോഴുമുണ്ട്. അക്കാലത്ത് എം. എ ബേബിയെ അറിയും. ഇവിടെ വന്നിട്ടുണ്ട്. എന്റെ എഴുത്തുകള്‍ വായിക്കും.ഞാനടക്കം ജോലിക്കാരെയാണ് ഏജീസില്‍ നിന്നും പിരിച്ചുവിട്ടത്. പി.ടി തോമസ്, എം. ബി ത്രിവിക്രമന്‍, എ. എന്‍. ജി നമ്പ്യാര്‍, എം. ഗംഗാധരക്കുറുപ്പ് ജോമി ജോസപ് തുടങ്ങിയവര്‍. പലരും പലവഴിക്ക് പോയി. പി.ടി.തോമസ് നക്‌സല്‍ പ്രസ്ഥാനത്തിന്റെ നേതാവായി. ഞാന്‍ ഡോ. മാത്യു കുര്യന്റെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ ജോലി യില്‍ ചേര്‍ന്നു. പിന്നീട് ഏജീസില്‍ സഹപ്രവര്‍ത്തകമായിരുന്ന എ എന്‍ ജി നമ്പ്യാര്‍ തുടങ്ങിയ നവചേതന പ്രസ്സില്‍ പ്രൂഫ് റീഡറായി ജോലി ചെയ്തു. നമ്പ്യാര്‍ നല്ലൊരു വിവര്‍ത്തകനായിരുന്നു. സ്പാര്‍ട്ടക്കസ് ഉള്‍പ്പെടെ നല്ല പുസ്തകങ്ങള്‍ നവചേതന പ്രസിദ്ധീകരിച്ചിട്ടുണ്ട്..

'എന്റെ ദു:ഖം അച്ഛനറിയല്ല. അറിഞ്ഞാലും ഉള്‍ക്കൊള്ളാന്‍ കഴിയില്ല.' ജലജീവികളുടെരോദനത്തില്‍ എന്ന കഥയില്‍ എഴുതിയിട്ടുണ്ട്. താങ്കളുടെ അച്ഛന്‍ കമ്മ്യൂണിസ്റ്റായിരുന്നോ?
അച്ഛന്‍ ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ശിപായി ജോലിക്കാരനായിരുന്നു. സര്‍വേയറായി പെന്‍ഷന്‍ പറ്റി. അച്ഛന്റെ വീട് ചിറ്റൂരായിരുന്നു. അമ്മയുടെ വീട് തൃശൂരും. ഞങ്ങള്‍ മന്നാടിയാരാണ്. നായന്മാരിലെ ഒരു വിഭാഗമാണ് മന്നാടിയാര്‍. കൊച്ചിരാജാവിന്റെ പടയാളികളായിരുന്നു മന്നാടിയാര്‍ നായര്‌നാര്‍. ജാതിയുടെ പ്രശ്‌നമൊന്നും അന്നുണ്ടായിരുന്നതായി ഓര്‍ക്കുന്നില്ല. അച്ഛന്‍ ഒരു യാഥാസ്ഥിതികനായിരുന്നു. ചിറ്റൂരിലധികവും കര്‍ഷകരും നെയ്ത്തുതൊഴിലാളികളുമടങ്ങുന്ന ജനവിഭാഗമാണ്. 

ചിറ്റൂരില്‍ പോകാറുണ്ടോ?
അഞ്ച് വര്‍ഷം മുമ്പ് പോയിരുന്നു. അനുജന്‍ അവിടെയുണ്ട്. ഇപ്പോള്‍ യാത്ര പ്രയാസമാണ്. ചിറ്റൂര്‍ അന്നും ഇന്നും ഏതാണ്ട് ഒരുപോലെയാണ്. വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ആളുകളാണ്. വലിയ സാമ്പത്തികശേഷിയുള്ളവര്‍ കുറവാണ്. അതെല്ലാം എന്റെ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.

കഥകളിലധികവും ഏകാകികളും നിസ്സാഹത അനുഭവിക്കുന്നവരുമാണ്. അമ്പലവാതിലുകളില്‍ മുടന്തനും വേപ്പിന്‍പഴങ്ങളില്‍ ഊമയും...ആദ്യകാല കഥകളുടെ പശ്ചത്താലം ചിറ്റൂരും പരിസരങ്ങളുമായിരുന്നല്ലോ? 
അതെ. ഞാന്‍ കാണുകയും അറിയുകയും ചെയ്ത ജീവിതങ്ങള്‍ കഥകളില്‍ വന്നിട്ടുണ്ട്. ആദ്യകാല എഴുത്തില്‍ നാട്ടിലെ ഉത്സവങ്ങളും പട്ടിണിയും അതിന്റെ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും കാണും. ചിറ്റൂര്‍ തമിഴ്‌നാടിന്റെ അടുത്താണ്. തമിഴ് സംസാരിക്കുന്ന ധാരാളം പേര്‍ അവിടെയുണ്ട്. അവരുടെ ജീവിതവും എഴുത്തിന്റെ സ്വാധീനിച്ചിട്ടുണ്ട്.

'രഥോത്സവ'ത്തിലെ സുബ്ബലക്ഷ്മി വഞ്ചിതയും ഏകാകിനിയുമാണ്. തിത്തുണ്ണിയിലും ഏതാണ്ട് ഇതുപോലെതന്നെയാണ് സ്ത്രീജിവിതം. മോഹഭംഗങ്ങളുടെ ഇരകള്‍?
അക്കാലത്ത് പട്ടിണിയും ദാരദ്ര്യവും നിലനിന്നിന്നു എന്നു പറഞ്ഞിരുന്നല്ലോ. പല വീടുകളിലും പകല്യാണപ്രായമായിട്ടും വിവാഹിതയാകാന്‍ കഴിയാത്ത നിരവദി പെണ്‍കുട്ടികള്‍ നാട്ടിലുണ്ടായിരുന്നു. അവര്‍ മോഹങ്ങള്‍ ഉള്ളിലൊതുക്കി കുടുംബത്തിനകത്ത് ജീവിച്ചു. തമിഴ് പാട്ടുകളും അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങളുമാണ് അവരുടെ ലോകം. അവരുടെ സന്തോഷം ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും അതുപോലുളള ദിവസങ്ങള്‍ മാത്രം. അങ്ങനെ കഴിയേണ്ടി വന്നരുടെ കഥയാണ് എഴുതിയത്.

തിത്തുണ്ണി എന്ന കഥയാണെല്ലോ കഴകം എന്ന സിനിമയാക്കിയത്.?
അതെ. എം.പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത കഴകം എന്റെ തിത്തുണ്ണി എന്ന കഥയാണ്. വളരെ ചെറിയ കഥയാണ് അത്. സിനിമയ്ക്ക വേണ്ടി ചില കാര്യങ്ങളൊക്കെ അദ്ദേഹം ഭംഗിയായി ചേര്‍ത്തിട്ടുണ്ട്. സുകുമാരന്‍ നായര്‍ ഇവിടെ വരാറുണ്ട്. അടുത്തറിയാം.

താങ്കളുടെ കഥകളില്‍ പലതും ചലച്ചിത്രമായിട്ടുണ്ട്. സിനിമ കാണാറുണ്ടോ?
ചെറുപ്പത്തിലെ സിനിമയോട് താല്‍പര്യമായിരുന്നു. ഞങ്ങളുടെ നാട്ടില്‍ സീതാംറാം എന്നൊരു ടാക്കീസ് ഉണ്ടായിരുന്നു. തമിഴ് ചിത്രങ്ങളാണ് അവിടെ കൂടുതലും വരാറുള്ളത്. തിയേറ്ററിലെ പ്രൊജ്ക്ര്‍ ഓപ്പറേറ്റര്‍ എന്റെ വീട്ടിനടുത്തുള്ള കുട്ടിമാനനാണ്. അയാള്‍ക്ക് രാത്രി ഭക്ഷണം ഞാനായിരുന്നു കൊണ്ടുപോകുക. അതിനാല്‍ അവിടെ വരുന്ന എല്ലാ ചിത്രങ്ങളും കാണും. തിരവനന്തപുരത്ത് വന്നതിന് ശേഷം ചിത്രലേഖ ഫിലിം സൊസൈറ്റിയില്‍ അംഗമായി. ക്ലാസിക്കുകള്‍ കണ്ടു. മലയാളത്തില്‍ #്‌രവിന്ദന്‍ എല്ലാ സിനിമയും കണ്ടിട്ടുണ്ട്. ഇപ്പോള്‍ ചാനലുകളില്‍ വരുന്ന ചിത്രങ്ങല്‍ കാണുന്നു. തിയേറ്ററില്‍ പോയി കാണാന്‍ സാധിക്കില്ല. ഇരാന്‍ സിനികളൊക്കെ ഇഷ്ടമാണ്.
എന്റെ പിതൃതര്‍പ്പണം, സംഘഗാനം, ഉണര്‍ത്തുപാട്ടും, ശേഷക്രിയയും ഒക്കെ സിനിമയായിട്ടുണ്ട്. പി. എ ബക്കറാണ് സംഘഗാനവും ഉണര്‍ത്തുപാട്ടും ചെയ്തത്. രാജീവി വിജയരാഘവനാണ് പിതൃതര്‍പ്പണം മാര്‍ഗം എന്ന സിനിമയാക്കിയത്. രാജീവുമായി നല്ല ബന്ധമാണ്. രാജീവ ഇപ്പോള്‍ വിദേശത്താണ്. ശേഷക്രിയ രവി ആലുംമൂട് സംവിധാനം ചെയ്തു.
അടിയന്തരാവസ്ഥയുടെ അനുഭവമായിരുന്നോ ജലജീവികളുടെ രോദനം എന്ന കഥ?
അടിയന്താവസ്ഥ കാലത്ത് ഞാന്‍ ഉദയം കാണാന്‍ കാത്തിരുന്നവര്‍ എന്നൊരു കഥ എഴുതിയതിന്റെ പേരില്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജയറാം പടിക്കല്‍ എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ആ കഥയില്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ നയരേഖ പരാമര്‍ശിക്കുന്നുണ്ട്. അതാണ് സംഭവം. എന്നെ ചോദ്യം ചെയ്ത് വിട്ടയച്ചു. ആ അനുഭവമാണ് ജലജീവികളുടെ രോദനം. അടിയന്തരാവസ്ഥയില്‍ സമരങ്ങളിലൊന്നും ഞാന്‍ പങ്കെടുത്തിരുന്നില്ല.

പാര്‍ട്ടിയില്‍ പുറത്താക്കിയതിനു ശേഷം നക്‌സല്‍ പ്രസ്ഥാനത്തിനോട് ആഭിമുഖ്യമുണ്ടായിരുന്നോ?
പാര്‍ട്ടിയില്‍ പുറത്തുവന്നപ്പോള്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു. എഴുപതുകളില്‍ നക്‌സല്‍ പ്രസ്ഥാനത്തില്‍ കോളജ് അധ്യാപകരും എന്‍ ജി ഒ മാരും ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. പല യൂണിയനുകളിലും അതിനോട് ആഭിമുഖ്യമുള്ളവരും ഉണ്ടായിരുന്നു. കെ. വേണുവിനെ ഞാന്‍ കണ്ടിരുന്നു. പക്ഷേ ഞാന്‍ നക്‌സല്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നിട്ടില്ല.

ചിറ്റൂരില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നോ?
ഞാന്‍ വലിയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നില്ല. തിരുവനന്തപുരത്ത് വന്നതിന് ശേഷമാണ് സംഘടനകളിലേക്ക് വരുന്നത്. ചിറ്റൂരില്‍ അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പുസ്തകങ്ങല്‍ വായിക്കും. എഴുതും. ഇവിടെ വന്നതോടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടായി.

പാലക്കാട്ട് അധ്യാപകനായി ജോലി ചെയ്തിരുന്നു എന്ന് അറിയാം. അതു ഉപേക്ഷിച്ചിക്കാന്‍ കാരണമെന്തായിരുന്നു?
ചിറ്റൂരിലെ ബോയ്‌സ് സ്‌കൂളിലായിരുന്നു പഠിച്ചത്. പത്താംതരം വരെ. കൂടുതല്‍ പഠിക്കാന്‍ സാധിച്ചില്ല. അനുജന്‍ കോളജിലൊക്കെ പഠിച്ചു. ചിറ്റൂരിലെ കോപ്പറേറ്റീവ് ഷുഗര്‍ മില്ലില്‍ ടൈപ്പിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു. പിന്നീടാണ് വണ്ടിത്താവളം ഹൈസ്‌കുളില്‍ താല്‍ക്കാലിക അധ്യാപകനാത്. പ്രൈമറി വിഭാഗത്തില്‍. ശേഷക്രിയ എന്ന നോവലില്‍ വരുന്ന രാഷ്ട്രീയകാര്യങ്ങള്‍ക്ക് വണ്ടിത്താവളത്തെ ജോലി സഹായകമായിട്ടുണ്ട്. സ്‌കൂളിന് അടുത്തള്ള ബാര്‍ബര്‍ഷോപ്പ് രാഷ്ട്രീയചര്‍ച്ചയുടെ വേദിയായിരുന്നു. നോവലില്‍ അതിന്റെ സ്വാധീനമുണ്ട്. 1963-ലാണ് തിരുവനന്തപുരത്ത് വരുന്നത്. ഇരുപതാമത്തെ വയസ്സില്‍. എന്റെ കഥയില്‍ വലിയ മാറ്റമുണ്ടായത് ഇവിടെ വന്നതിന് ശേഷമാണ്. തുക്കുമരങ്ങള്‍ ഞങ്ങള്‍ക്ക് എന്ന കഥ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.

ആദ്യകഥ കൗമുദിയിലാണോ പ്രസിദ്ധീകരിച്ചത്?
അല്ല. മനോരമ ആഴ്ചപ്പതിപ്പില്‍. വായനയിലേക്ക് എനിക്ക് പ്രചോദനം നല്‍കിയത് ഞങ്ങളുടെ മലയാളം അധ്യാപകന്‍ കെ.കെ വാസുദേവന്‍ നായറാണ്. ചിറ്റൂരിലെ മുനിസിപ്പല്‍ ലൈബ്രറിയില്‍ നിന്നും ധാരാളം പുസ്തകം വായിച്ചു. മഴത്തുള്ളി എന്ന കഥയാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. കളത്തില്‍ വര്‍ഗസ് ആയിരുന്ന് അക്കാലത്ത് മനോര ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍. ഇരപുത് രൂപ പ്രതിഫലവും കിട്ടി. മാതൃഭൂമി ആവ്ചപ്പതിപ്പൊന്നും കാണാറില്ലായിരുന്നു. അവിടെ അതൊന്നും കിട്ടാറില്ല. എന്റെ കഥ വന്ന മനോരയുടെ ലക്കത്തില്‍ എം. മുകുന്ദന്റെ കഥയും ഉണ്ടായിരുന്നു. പിന്നീടാണ് മാതൃഭൂമിയില്‍ വഴിപാട് എന്ന കഥ വരുന്നത്. തിരുവനന്തപുരത്ത് താമസിക്കാന്‍ തുടങ്ങിയോടെ കെ.ബാലകൃഷ്ണന്റെ കൗമുദിയില്‍ എഴുതിത്തുടങ്ങി. എന്‍.വി.കൃഷ്ണവാരിയരും എം.ടിയും ഉള്ളപ്പോള്‍ മാതൃഭൂമിയില്‍ സജീവമായി എഴുതി. കലാകൗമുദിയിലും കഥകള്‍ വന്നുകൊണ്ടിരുന്നു.

എഴുത്തുകാരുമായി അടുപ്പമുണ്ടായിരുന്നോ?
എം.ടിയെ ഷൊര്ന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ഒരിക്കല്‍ കണ്ടിട്ടുണ്ട്. മുകുന്ദനെ ഡല്‍ഹിയില്‍ വെച്ചും. ഈയിടെ മുകുന്ദന്‍ ഇവിടെ വന്നിരുന്നു. എവുത്തുകാരുമായി വലിയ അടുപ്പം ഇല്ല. ഒ.വി വിജയനുമായി നല്ല ബന്ധമായിരുന്നു. വിജയന്‍ ഇവിടെ വന്നിട്ടുണ്ട്. മകള്‍ക്ക് ഒരു ചിത്രം വരച്ചു കൊടുത്തു. പത്മരാജനും ഞാനും ഒരു ലോഡ്ജില്‍ താമസിച്ചിരുന്നു. എന്റെ കഥയാണ് പത്മരാജന്‍ ആദ്യം തിരക്കഥയാക്കിയത്. അത്‌സിനിമയായി വന്നിട്ടില്ല. പുറത്ത് പോകാത്തതിനാല്‍ ബന്ധങ്ങളും കുറഞ്ഞു. കെ.പി നിര്‍മല്‍കുമാര്‍ ഈ ഫ്‌ളാറ്റിലാണ് താമസിച്ചത്. നേരില്‍ കണ്ടിട്ടില്ല. ഇപ്പോള്‍ സി. അനൂപ് ഇവിടെയാണ് താമസിക്കുന്നത്. അനൂപ് ഇടയ്ക്ക് വരാറുണ്ട.്

പാലക്കാട്ടുകാരനായിരുന്നല്ലോ ഒ.വി.വിജയന്‍. അദ്ദേഹത്തെ നേരത്തെ അറിയാമായിരുന്നോ?
എന്റെ ഇഷ്‌പ്പെട്ട എഴുത്തുകാരന്‍ ഒ.വി വിജയനാണ്. ഖസാക്കിന്‍രെ ഇതിഹാസം നിരവധി തവണ വായിച്ചിട്ടുമ്ട്. നോവലിന്റെ പശ്ചാത്തലം ഞങ്ങളുടെ പ്രദേശത്തിനടുത്താണ്. മൂങ്ങാംകോവിയൊക്കെ പരിചയമുണ്ട്.

വിജയനെപ്പോലെ താങ്കളും കമ്മ്യൂണിസ്റ്റ് വിമര്‍ശകനായി മാറി?
വിജയന്‍ മാത്രമല്ല, ആനന്ദും വിമര്‍ശിച്ച് എഴുതിയില്ലേ പാര്‍ട്ടിയെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് അവരെല്ലാം വിമര്‍ശിച്ചത്. പാര്‍ട്ടിയോട് വിരോധമില്ല. ഞാന്‍ ഇപ്പോഴും ഇടതുപക്ഷത്തില്‍ വിശ്വസിക്കുന്നു. മറ്റ് ആരാണ് ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത്. ഇന്ത്യയില്‍ വര്‍ഗീയത വര്‍ധിച്ചു വരുന്നു. എന്നാല്‍ ഇടതുപക്ഷത്തിന് വളര്‍ച്ചയില്ല. അതാണ് എന്നെ ആശങ്കപ്പെടുത്തുന്നത്. 

പിതൃതര്‍പ്പണവും ജനിതകവും നക്‌സല്‍ പ്രസ്ഥാനത്തോടുള്ള ആഭിമുഖ്യമല്ലേ പ്രതിഫലിപ്പിക്കുന്നത്?
നക്‌സല്‍ പ്രസ്ഥാാനത്തിനുവേണ്ടി ജീവിച്ചവരെപറ്റിയാണ് പിതൃതര്‍പ്പണത്തില്‍ പറയുന്നത്. അവരുടെ ത്യാഗം അവഗണിക്കാന്‍ കഴിയില്ല. സമൂഹത്തില്‍ വലിയ മാറ്റമൊന്നും സൃഷ്ടിക്കാന്‍ നക്‌സല്‍പ്രസ്ഥാനത്തിന് കഴിഞ്ഞില്ലെങ്കിലും അതിന് ചരിത്രപരമായ സ്ഥാനമുണ്ട്. ജനിതകത്തില്‍ ആത്മീയതയും വിപ്ലവബോധവും തമ്മിലുള്ള സംഘര്‍ഷമാണ് എഴുതിയത്.

'അരികുപറ്റി ഉമിനീരുപോലെ ഒഴുകുന്ന വരട്ടിയാറിന്റെ ഗതിയാണ് ഒട്ടുമിക്ക മനുഷ്യര്‍ക്കും' വേപ്പിന്‍പഴങ്ങള്‍ എന്ന കഥയില്‍ താങ്കള്‍ എഴുതിയത് എത്ര ശരിയാണ്. ഇപ്പോഴും സാധാരണക്കാരന്റെ അവസ്ഥയില്‍ വലിയ മാറ്റമുണ്ടോ?
ഇല്ല. കഥകളില്‍ അത് പറഞ്ഞിട്ടുണ്ട്. എഴുത്തുകാരനെ വിട്ട്, കഥകള്‍ വായിച്ച് എഴുതുക. സാഹിത്യത്തില്‍ മണ്‍തരിയോലം മാത്രം എനിക്ക് എഴുതാന്‍ സാധിച്ചിട്ടുള്ളൂ....(നിറഞ്ഞ ചിരി). 1995-നുശേഷം എഴുതിയിട്ടില്ല. .മെന്റല്‍ സ്‌ട്രെയിന്‍ വന്നാല്‍ ഉറക്കം കിട്ടില്ല. പൂര്‍ണത ഒരിക്കലും എഴുത്തില്‍ വരില്ല. ആശയങ്ങളും വിമര്‍ശനങ്ങളും മനസ്സിലുണ്ട്. ഞാന്‍ കടുകിട മാറിയിട്ടില്ല.
എഴുത്തുനിര്‍ത്താനുള്ള സാഹചര്യം എന്തായിരുന്നു?
സ്വസ്ഥത കിട്ടാന്‍ വേണ്ടയാണ് എഴുതുന്നത്. കഥകള്‍ ആലോചന മനസ്സിനെയും ശരീരത്തെയും ബുദ്ധിയെയും ബാധിക്കും. കഥ ആലോചിച്ചു തുടങ്ങിയാല്‍ അത് എഴുതിത്തീരാന്‍ മാസങ്ങള്‍ വേണ്ടിവരും. പിന്നീട് വായിച്ചും തിരുത്തിയും അങ്ങനെ നീണ്ടുപപോകും. അത് വല്ലാത്ത അസ്വസ്ഥതയാണ്. പെട്ടെന്ന് എഴുതുന്ന രീതിയല്ല എന്റേത്. ആ പ്രയാസം ഒഴിവാക്കാന്‍ വേണ്ടിയാണ് എഴുത്ത് നിര്‍ത്തിയത്. പുതുതായി ഒന്നും പറയാന്‍ എനിക്കില്ല എന്ന് മനസ്സിലായി. 

ശേഷക്രിയ എന്ന നോവല്‍ പോലെ താങ്കളുടെ മൗനവും ചര്‍ച്ചചെയ്യപ്പെട്ടിരുന്നു?
എന്റെ കഥകള്‍ക്ക് പ്രത്യേകം ആസ്വാദകരാണ്. ഞാന്‍ എഴുതിയ പ്രമേയങ്ങളും അതുപോലെ. സമകാലികരില്‍ പലരും ഇപ്പോഴും എഴുതുന്നുണ്ട്്. അവരുടെ വിഷയങ്ങള്‍ക്ക് ഇപ്പോഴും വായനക്കാര്‍ ഉണ്ടാകും. ഞാന്‍ പാര്‍ട്ടിയെയും പ്രസ്ഥാനത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നു. രാഷ്ട്രീയ ജീര്‍ണതയോടുള്ള എന്റെ പ്രതികരണമാണ് ശേഷക്രിയ. നോവല്‍ കലാകൗമുദിയില്‍ വന്നപ്പോള്‍ നിര്‍ത്തിവെയ്ക്കാന്‍ ശ്രമമുണ്ടായിരുന്നു. അത് സ്വാഭാവികമാണെല്ലോ. ഓര്‍ക്കുമ്പോള്‍ തമാശ തോന്നാറുണ്ട്. ഇതൊക്കെ മതി. ഈ വിധത്തില്‍ തന്നെയാണ് വേണ്ടത്.
മാധ്യമം ആഴ്്ചപ്പതിപ്പ്, 2016, സെപ്തംബര്‍ 24

Tuesday, May 03, 2016

പുതുകവിതകള്‍ക്കുള്ള ഒരടിക്കുറിപ്പും വി.കെ.എന്നിന്റെ ചിരിയും










'ഓര്‍മകള്‍ സൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ പിന്നീടൊരു നാള്‍ പെട്ടെന്ന്, പരാജിതരായി. എല്ലാം ഇട്ടെറിഞ്ഞ്, അവര്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. ധൗളാവീരാ ധൗളാവീരായില്‍ത്തന്നെ കുഴിച്ചു മൂടപ്പെട്ടു. അവരുടെ ഭാഷയും ലിപിയും പിന്നീട്, പഞ്ചാബിലും സിന്ധിലും ഗുജറാത്തിലും രാജസ്ഥാനിലും ഉടലെടുത്ത ഭാഷകളുടെയും ലിപികളുടെയും അടിയില്‍ കുഴിച്ചുമൂടപ്പെട്ടു. കണ്ടെത്തിയിട്ട് മുക്കാല്‍ നൂറ്റാണ്ട് ആകാറായിട്ടും ആര്‍ക്കും ഡിസൈഫര്‍ ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ലാത്ത അക്ഷരങ്ങളില്‍ എഴുതിയ ഒരു വലിയ സൈന്‍ബോര്‍ഡ് ഉണ്ട് അവിടെ. ഒരു വലിയ ലോകത്തിലേക്കുള്ള ക്ഷണവും. അതിന്റെ താക്കോലും. ദില്ലിയിലെ നാഷനല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുള്ള അത് പോയി കാണണമെന്ന് ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു. വെറുതെ കാണുവാന്‍.' എന്നെഴുതി ചേര്‍ത്താണ് ആനന്ദിന്റെ 'വിഭജനങ്ങള്‍' എന്ന നോവല്‍ അവസാനിക്കുന്നത്. ഓര്‍മകളുടെയും ചരിത്രത്തിന്റെയും കലവറ തുറന്നിടുന്ന അകംകാഴ്ചയിലേക്ക് വായനയെ ചേര്‍ത്തുനിര്‍ത്തിയത് പി.എസ് രാധാകൃഷ്ണന്റെ ' രാജ്യത്തെ പ്രവചിച്ച രാഷ്ട്രീയസാഹിത്യം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന ലേഖനമാണ്. വി.കെ എന്നിന്റെ രചനകളുടെ സവിശേഷതകളിലേക്കാണ് രാധാകൃഷണന്‍ വായനക്കാരനെ നടത്തിക്കുന്നത്.
ചരിത്രവും ഇന്ത്യന്‍ജീവിതവും അപഗ്രഥിച്ച എഴുത്തുകാരനായിരുന്നു വി.കെ എന്‍. ഇന്ത്യന്‍ രാഷ്ട്രീയവും ജീവിതവും വി.കെ.എന്നിനെപോലെ ആഴത്തില്‍ അടയാളപ്പെടുത്താന്‍ സാധിച്ച എഴുത്തുകാര്‍ അധികമില്ല. ലേഖനത്തിലൊരിടത്ത് രാധാകൃഷ്ണന്‍ എഴുതി:”'ഇന്നിപ്പോള്‍ ആരും ഏകവചനത്തില്‍ ചരിത്രം പറയുന്നില്ല. ഒറ്റയടിപ്പാതയിലൂടെയുള്ള പ്രയാണം ഇനി ചരിത്രകഥനങ്ങള്‍ക്ക് അസാധ്യം. രാജകീയം വിട്ട് കഥ ജനകീയമായതോടെ ആഖ്യാനവഴികളില്‍ സംഘര്‍ഷം പെരുകി...ദേശീയരാഷ്ട്രീയ ജീവിതത്തെ പ്രവചിക്കുകയും വരാനിരിക്കുന്ന പരിഹാസ്യ നിമിഷങ്ങളെയോര്‍ത്ത് ചിരിക്കുകയും ചെയ്തു...'. ഒരര്‍ത്ഥത്തില്‍ വി.കെ എന്‍ കൃതികള്‍ അകംപൊള്ളുന്ന ഒരു ചിരിയാണ്. ചരിത്രത്തിലേക്കും വര്‍ത്തമാനത്തിലേക്കും ശാഖകള്‍ നീട്ടിനില്‍ക്കുന്ന വടവൃക്ഷം തന്നെ.
പാലക്കാട്ട് നിന്നും പ്രസിദ്ധീകരിക്കുന്ന ശാന്തം മാസികയിലെ 'സമകാലികം' പംക്തി ശ്രദ്ധേയമാണ്. സാംസ്‌കാരിക വിശകലനം ഒരു ഇടപെടലിനപ്പുറം നിരൂപണദൗത്യമായി സമകാലികം ഏറ്റെടുക്കുന്നുണ്ട്. മാര്‍ച്ച് മാസത്തെ സാംസ്‌കാരികരംഗത്തെ മുരളി എസ് കുമാര്‍, ശ്രീജിത്ത് രാമന്‍ എന്നിവര്‍ അവലോകനം ചെയ്യുന്നു. പുതിയകവികള്‍ വിട്ടുപോകാതെ വായിച്ചിരിക്കേണ്ട ചില കാര്യങ്ങളാണ് സമകാലികം ഓര്‍മപ്പെടുത്തുന്നത്. ' മലയാളത്തില്‍ഒരു വാചകം പോലും തെറ്റു കൂടാതെ എഴുതാന്‍ സാധിക്കാത്തവരാണ് കവികളായി ഞെളിയുന്നത്. കുറെ വരികളെഴുതി അത് നാലായി മുറിച്ചാല്‍ കവിതയാകുമോ?..'(ടി.പത്മനാഭന്‍- കലാപൂര്‍ണ മാസിക, ഫെബ്രുവരി). കഥാകൃത്ത് ടി.പത്മനാഭന്റെ വാക്കുകള്‍ എത്ര ശരിയാണെന്ന് വീണ്ടും വീണ്ടും ചിന്തിപ്പിക്കുന്നു ആനുകാലികങ്ങളില്‍ വന്നുനിറയുന്ന (അ)വിശുദ്ധ കവിതകള്‍'. കഥാകൃത്ത് ടി. പത്മനാഭന്റെയും ശാന്തം മാസികയിലെ ലേഖകരുടെയും പുതുകവിതാ നിരീക്ഷണത്തിന് എത്രമാത്രം കാലിക പ്രസക്തിയുണ്ടെന്ന് ആത്മവിശകലനം നടത്തേണ്ടത് കവികളാണ്. വാക്കുകള്‍ ചേര്‍ത്തെഴുതി എങ്ങനെ കവിത സൃഷ്ടിക്കാം എന്ന ആലോചനയ്ക്കും ഇത്തരം പരാമര്‍ശങ്ങള്‍ സഹായകമാകുമെങ്കില്‍ അത് മലയാളകവിതക്കും ഗുണം ചെയ്യാതിരിക്കില്ല.
അഭിമുഖങ്ങളില്‍ വ്യത്യസ്ത വായനാനുഭവമാണ് ' തൊഴിലിടത്തെ പീഡനം സഹിച്ച് ഇന്ദുമേനോന്‍' (ഇന്ദു മേനോന്‍/ വി ജി നകുല്‍, കലാകൗമുദി, ലക്കം 2119). 'കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം' എന്ന ഇന്ദുമേനോന്റെ പുതിയ നോവലിന്റെ രചനാ പശ്ചാത്തലവും എഴുത്തുകാരിയുടെ നിലപാടുകളും വ്യക്തമാക്കുന്നു. സംഭാഷണത്തിലൊരിടത് ഇന്ദു മേനോന്‍:'വിശക്കുമ്പോള്‍ പലവിധ ആഹാരം പാകം ചെയ്ത് കഴിക്കുന്ന അത്ര ലാഘവത്വത്തോടെ സംഭവിക്കുന്ന ഒന്നല്ല എഴുത്ത്. പത്രാധിപരുടെ ആവശ്യമോ പ്രസാധകന്റെ നിര്‍ബന്ധമോ അല്ല യഥാര്‍ത്ഥമായ എഴുത്തിന്റെ പുറകില്‍. അത് സ്വത്വപ്രകാശനമാണ്...' എഴുത്തിന്റെ സംബന്ധിച്ചുള്ള കാഴ്ചപ്പാടാണ് ഇന്ദുമേനോന്‍ സൂചിപ്പിച്ചത്. 
നടന്മാരായ ഇന്ദ്രന്‍സ്, സലിംകുമാര്‍, കവി പി എന്‍ ഗോപീകൃഷ്ണന്‍ എന്നിവരുടെ അഭിമുഖലേഖനങ്ങളും ശ്രദ്ധാര്‍ഹമാണ്. ' എന്റെ രൂപത്തില്‍ നിന്നുണ്ടായ ശബ്ദവും വെളിച്ചവും തന്നെയാണ് ഞാന്‍' (ഇന്ദ്രന്‍സ്/സി.എച്ച് മുഹമ്മദ് തസ്‌നീം, മാധ്യമം ആഴ്ചപ്പതിപ്പ്). ന്യൂജനറേഷനെപ്പറ്റി ഇന്ദ്രന്‍സ് പറയുന്നു:' ഈ അവസ്ഥ എല്ലാ കാലങ്ങളിലും ഉണ്ടായിരുന്നു. ഞാനും ഒരു ന്യൂജനറേഷന്‍ പറയുന്ന കാലത്താണ് വന്നത്. അന്ന് ഇംഗ്ലീഷില്‍ പറഞ്ഞില്ലെന്നേ ഉള്ളൂ. ഞാന്‍ വന്നപ്പോള്‍ എല്ലും തോലും കുഴിഞ്ഞ കണ്ണുകളും കണ്ട് ഒരുത്തന്‍ വന്നിരിക്കുന്നു. ഈ മാലപ്പടക്കം, പൂരപ്പടക്കം അതിപ്പോ തീരും. ഇങ്ങനെയൊക്കെ പറയുമായിരുന്നു.ഓരോരുത്തര്‍ വരുമ്പോള്‍ ഇതിങ്ങനെ പറയും.'- ഇന്ദ്രന്‍സ് ഓര്‍മപ്പെടുത്തിയത് എല്ലാ രംഗത്തുമെന്നതുപോലെ ചലച്ചിത്രത്തിലും സംഭവിക്കുന്നത് സ്വാഭാവികമായ കാര്യങ്ങള്‍ മാത്രമാണെന്നാണ്.
സലിംകുമാറുമായി ഫഹീം ചമ്രവട്ടം നടത്തിയ അഭിമുഖത്തില്‍ (മാടമ്പിത്തങ്ങളുടെ മലയാളസിനിമയും മാറാന്‍ സമയമായിരിക്കുന്നു-മാധ്യമം ആഴ്ചപ്പതിപ്പ്) അവാര്‍ഡുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശമുണ്ട്.' എന്നെ ഞാനാക്കിയ 'ആദാമിന്റെ മകന്‍ അബു' പിന്നീട് അറിയാതെ ഞാനല്ലാതാക്കുകയും ചെയ്തു. മിമിക്രി ഹാസ്യതാരങ്ങളെ പുച്ഛത്തോടെ കണ്ടിരുന്ന അവാര്‍ഡ് കമ്മിറ്റിയുടെ ശീലങ്ങളെ പൊളിച്ചെടുത്തത് ഒരുപക്ഷേ, എന്നിലൂടെയായിരിക്കും'. അവാര്‍ഡിന്റെ അതിര്‍ത്തിക്കപ്പുറം ഇടം നല്‍കിയവരെ കൂടി പരിഗണിക്കപ്പെടേണ്ടി വന്നു എന്നത് ഈ രംഗത്തെ കലാകാരന്മാര്‍ക്കുള്ള അംഗീകാരം കൂടിയാണ്.
സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച കവി പി. എന്‍ ഗോപീകൃഷ്ണന്റെ സംഭാഷണം (നൈതിക പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന കവിത കവിതയല്ല- ഗോപീകൃഷ്ണന്‍/എസ്.കലേഷ്, മലയാളം വാരിക) കവികള്‍ക്കും കവിതാവായനക്കും ചില തുറസ്സുകള്‍ നല്‍കുന്നുണ്ട്. പുതുമക്കുവേണ്ടിമാത്രം ഭാഷ മാറ്റുന്ന പുതിയ കവികള്‍ക്കുള്ള മുന്നറിയിപ്പുകൂടി ഗോപീകൃഷ്ണന്‍ നല്‍കുന്നു:' നാളത്തെ കവിത നമ്മുടെ ബോധ്യത്തിനപ്പുറത്തു നിന്നാണ് തുടങ്ങേണ്ടത്. ഇന്നത്തെ ചീത്ത കവിതപോലും ഇന്നലത്തെ നല്ല കവിതയുടെ ബോധ്യത്തിനപ്പുറത്തു നിന്നേ തുടങ്ങാന്‍ പറ്റൂ. പ്രാദേശിക പ്രയോഗങ്ങളെ ആദര്‍ശവല്‍ക്കരിക്കുന്നത് മാനകഭാഷയെ തള്ളിപ്പറഞ്ഞാവരുത്. മാനകഭാഷ സവര്‍ണ്ണഭാഷയോ, കൂലീനഭാഷയോ അല്ല. അത് ഒരു പൊതുമണ്ഡലമാണ്.'
ഈ ആഴ്ചയിലെ കഥകളില്‍ മികച്ച വായനാനുഭവമാകും തോമസ് ജോസഫിന്റെ 'പ്രിയപ്പെട്ട പുതപ്പുവില്‍പ്പനക്കാരാ' (മലയാളം വാരിക). ' അപ്പോ എല്ലാം പറഞ്ഞതുപോലെ '(പി.എന്‍ വിജയന്‍, ചന്ദ്രിക ആഴ്ചപ്പതിപ്പ്) എന്നിവ. കവിതകളില്‍ രചനാഭംഗിയുള്ളവയാണ് സഹീറാ തങ്ങള്‍ രചിച്ച 'രണ്ടു കവിതള്‍' (മാധ്യമം ആഴ്ചപ്പതിപ്പ്), ഡോ.ദീപാസ്വരന്റെ 'വാക്ക്' (ചന്ദ്രിക ആഴ്ചപ്പതിപ്പ്). 
ചന്ദ്രിക വാരാന്തപ്പതിപ്പ്-നിബ്ബ്,2404/2016
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍




Thursday, January 14, 2016

മലയാള കവിതയും വേലയും








കവിയാവുകയെന്നാലെന്തര്‍ത്ഥംഅഗാധമാ/യറിയാനിടവന്നാല്‍, ലോലലോലമാമുടല്‍/സ്വയമേ തൊലിയുരിച്ചന്യരെയെല്ലാം സ്വന്തം/ രുധിരത്തിനാല്‍ സ്‌നാനം ചെയ്യിക്കയെന്നാണര്‍ത്ഥം (വിവ: സച്ചിദാനന്ദന്‍) -എന്നിങ്ങനെ സെര്‍ഗ്യെയ് യെസ്യെനിന്‍ എഴുതിയിട്ടുണ്ട്. കവിതയുടെ നിറവാണ് സെര്‍ഗ്യെയ് വ്യക്തമാക്കിയത്. അത്തലിന്‍ കെടു പായയില്‍നിന്നു/ മുള്‍ത്തെളിവിന്റെ നെല്ലിപ്പൂന്തോട്ടം- എന്ന് വൈലോപ്പിള്ളിയും ഓര്‍മിപ്പിച്ചു. കവിയുടെ മനമെരിച്ചിലാണ് കവിത. ജീവിതത്തിന് നേരെ കണ്ണടയ്ക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന കവിതയെഴുത്തുകാരുടെ കൂറ്റന്‍പ്രകടനമാണ് ഈ ആഴ്ച വായനക്കാര്‍ കണ്ടത്. ഈ കവിതകള്‍ വായിച്ചിട്ടില്ലെങ്കിലും കവി കൂടിയായ പോള്‍ കല്ലാനോട് അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ:'കവിതയും കൈക്കോട്ട് പണിപോലെ ഒരു മനുഷ്യപ്രവര്‍ത്തനമാണ്. വേണമെങ്കില്‍ അതിന് ഭാഷ ഉപാധിയാവുകയും സംസ്‌കാരം പ്രധാന ഉല്‍പ്പന്നമാവുകയും ചെയ്യുന്ന ഒരു ഉയര്‍ന്നതലം അവകാശപ്പെടാം...'(മധുരമാണെനിക്കെന്നുമീ ജീവിതം- പോള്‍ കല്ലാനോട്/ വി.പി ഷൗക്കത്തലി, ചന്ദ്രിക ആഴ്ചപ്പതിപ്പ്).
കവികള്‍ക്ക് പ്രകോപനം സൃഷ്ടിക്കാന്‍ ഇതില്‍പരമെന്തുവേണം? ലബ്ധപ്രതിഷ്ഠരുടെ കവിതകള്‍ വീണ്ടും വായനക്കാരിലെത്തിയ ആഴ്ചയില്‍ തന്നെയാണ് കവി കൂടിയായ പോള്‍ കല്ലാനോട് കവിതയുടെ സ്വത്വത്തെ ചോദ്യം ചെയ്തത്. കവിയുടെ മനമെരിച്ചിലാണ് കവിത. കവികളില്‍ പലരും കാവ്യരചന ഒന്നര മണിക്കൂറിന്റെ മത്സരപ്പരീക്ഷയായി കരുതുന്ന കാലത്തെ നോക്കിയാണ് പോള്‍ കല്ലാനോട് സംസാരിച്ചത്.
'അറിയാം വെറുതെയാണൊക്കെയു-മെന്നാകിലും
മൊരു തൃക്കയ്യാണല്ലോ തെളിപ്പൂ ഭയാഹീനം...(പൂവഴി മരുവഴി -സുഗതകുമാരി, മാതൃഭൂമി ആഴ്ചപ്പതിപ്പ്). 
'ആരോടും ഒന്നും പറയാതെ
ഒന്നുതിരിഞ്ഞുനോക്കുകപോലും ചെയ്യാതെ
വന്നതുപോലെ
അവര്‍ ഇറങ്ങിപ്പോകും...(മരണാനന്തരം-ടി.പി രാജീവന്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്). 
'നിനക്ക് പേടിയില്ലേ
ഒറ്റക്കിതിലെ നടക്കാന്‍
ഉണ്ടായിരുന്നു
മരിക്കും വരെ...'(രക്തസാക്ഷി-കല്‍പ്പറ്റ നാരായണന്‍, മാധ്യമം ആഴ്ചപ്പതിപ്പ്).
'മുന്‍കാല പ്രണയികള്‍ക്കു മുഴുവനും
പെന്‍ഷന്‍ ഏര്‍പ്പെടുത്തണം...'(നരച്ചു ചുളുങ്ങിയ സമ്മേളനം-റഫീഖ് അഹമ്മദ്, മാധ്യമം ആഴ്ചപ്പതിപ്പ്).
മലയാളികള്‍ വീണ്ടും വീണ്ടും വായിച്ചിരിക്കേണ്ട കവിതയാണ് കുഞ്ചന്‍ നമ്പ്യാരുടേത്. പദബോധം തിരിച്ചറിയുന്നതും നമ്പ്യാരുടെ കവിതകളിലാണ്. കുഞ്ചന്‍ നമ്പ്യാരെ ഓര്‍മയിലേക്ക് കൊണ്ടുവന്നത് മലയാളകവിത മാത്രമല്ല, അടൂര്‍ഭാസിയെപ്പറ്റി ഡോ.എം. ജി. ശശിഭൂഷന്‍ എഴുതിയ'ചിരിയുടെ വിധിയെഴുത്തുകള്‍' എന്ന ലേഖനവുമാണ്.'തകില്‍- നാഗസ്വരങ്ങളുടെ അകമ്പടിയോടെ ക്ഷേത്രനടകളില്‍ അരങ്ങേറാറുള്ള തുലാഭാരങ്ങളെയാണ് തമാശക്കഥകള്‍ പറയുന്ന അടൂര്‍ഭാസി എന്നെ ഓര്‍മിപ്പിച്ചത്.'കുഞ്ചന്‍ നമ്പ്യാരുടെയും ഈ. വി കൃഷ്ണപ്പിള്ളയുടെയും ധിഷണാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായിരുന്നു നടന്‍ അടൂര്‍ഭാസി. 
തുര്‍ക്കിയിലെ എഴുത്തുകാരന്‍ ഓര്‍ഹന്‍ പാമുകിന്റെ പുതിയ നോവലിനെപ്പറ്റി വൈക്കം മുരളിയുടെ ലേഖനവും( മലയാളം വാരിക) ഗഹനമായ വിഭവമാണ്. പാമുകിന്റെ ഏറ്റവും പുതിയ നോവലായ 'എന്റെ മനസ്സിനുള്ളിലെ അനുഭവം- എ സ്‌ട്രെയിഞ്ച്‌നെസിസ് പ്രേമവും ചതിയും തുര്‍ക്കിയുടെ ചരിത്രവും പറയുന്നു. സമകാലിക ഇന്ത്യയില്‍ ചൂടുപിടിച്ച ചര്‍ച്ചയിലേക്ക് വായനക്കാരനെ ഒരിക്കല്‍ കൂടി നടത്തിക്കുകയാണ് ഡോ.ടി. കെ.ജാബിര്‍.'ഖാന്‍ സാമ്രാജ്യങ്ങളുടെ ദേശീയ രാഷ്ട്രീയം'(മലയാളം വാരിക). സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ഉയര്‍ത്തിയ ചോദ്യങ്ങളും അതിനോടുണ്ടായ പ്രതികരണങ്ങളും രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്വത്വപ്രതിസന്ധിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നതാണ്. ബൃഹത്തായ ബഹുസ്വരതയാണ് ഇന്ത്യയുടെ സ്വത്വം എന്ന് പറയുന്നത്. അത് അട്ടിമറിക്കുന്നത്, ഇന്ത്യയെ അട്ടിമറിക്കുന്നതിന് തുല്യമായിരിക്കും.
നിരൂപകന് വ്യക്തമായി നിലപാടുണ്ടായിരിക്കണ മെന്ന് വിശ്വസിക്കുകയും എഴുതുകയുമായിരുന്നു കെ.പി.അപ്പന്‍. അദ്ദേഹത്തിന്റെ ധീരമായ ശബ്ദം കേള്‍പ്പിക്കുയാണ് 'പുതിയ സംവേദന സൗന്ദര്യസങ്കല്‍പങ്ങള്‍'(പഴയതാളുകൡ നിന്ന്-മലയാളംവാരിക). ചോദ്യം- കഥ എഴുതുന്നതിനെക്കുറിച്ച് കഥയുണ്ടാക്കുന്നു. കഥകള്‍ക്ക് പാരഡികളുണ്ടാകുന്നു. ഈ ഉത്തരാധുനിക സ്വഭാവം തന്നെയാണോ വിമര്‍ശകനായ താങ്കള്‍ക്കു നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നിലുള്ളത്? അപ്പന്റെ മറുപടി ഇങ്ങനെയായിരുന്നു: 'എന്റെ കാര്യത്തില്‍ ഇതു വളരെ ശരിയാണ്. എന്റെ ലേഖനങ്ങള്‍ എല്ലാവരും 3 ഡി കണ്ണടവച്ചാണ് വായിക്കുന്നത്. ഞാന്‍ പറയുന്നതെല്ലാം അവരുടെ നേരെ പാഞ്ഞുചെല്ലുന്നു എന്നാണ് അവര്‍ മിഥ്യയായി കരുതിപ്പോരുന്നത്'.
പാട്ടിന്റെപുതുവത്സരങ്ങള്‍ അടയാളപ്പെടുത്തുകയാണ് ദേശാഭിമാനി വാരിക. മലയാളിയുടെ വേറിട്ട സംഗീതശീലങ്ങളെ അവതരിപ്പിക്കുന്നു.'ഇന്ത്യന്‍ സംഗീതത്തിന് വിപ്ലവകരമായ സംഭാവനകള്‍ സിനിമാസംഗീതം നല്‍കിയിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിന് ഒരുപാട് അപചയങ്ങളും സങ്കുചിതത്വങ്ങളും ഉണ്ടെന്ന് പുതിയ തലമുറ കണ്ടുപിടിക്കുകയാണ്-എന്നാണ് കെ.എം നരേന്ദ്രന്‍ നിരീക്ഷണം. ബാലഭാസ്‌കര്‍ സിനിമയോടുള്ള അതിരുകവിഞ്ഞ താല്‍പര്യത്തെ അഭിമുഖലേഖനത്തില്‍ ചോദ്യം ചെയ്യുന്നു.' സംഗീതം ഹൃദയത്തിലേക്കുള്ള വഴി'(ബാലഭാസ്‌കര്‍/ ഷംസുദ്ദീന്‍കുട്ടോത്ത്). 'എല്ലാവരും സിനിമ മാത്രം സ്വപ്നം കാണുന്ന അവസ്ഥ ഇവിടെയുണ്ട്. പലര്‍ക്കും അതിനപ്പുറം കാണാന്‍ പറ്റുന്നില്ല..'- ബാലഭാസ്‌കര്‍ വ്യക്തമാക്കുന്നു. വേറിട്ടൊരു സംഭാഷണ ലേഖനമാണ് 'പോരാട്ടമാണ് ജീവിതം' (പ്രിതിക യാഷ്‌നി, പി. അഭിജിത്ത്,മാധ്യമം ആഴ്ചപ്പതിപ്പ്). പൊലീസ് സബ് ഇന്‍സ്‌പെക്ടറായ പ്രിതിക യാഷ്‌നിസൂചിപ്പിക്കുന്നു:'ഐ പി എസ് ഓഫീസറാകുക എന്നതാണ് ആഗ്രഹം. ജനങ്ങള്‍ക്ക് സേവനം ചെയ്യണം. സത്യസന്ധയായ ഓഫീസറായി പ്രവര്‍ത്തിക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയുടെ അഭിവൃദ്ധിയും ലക്ഷ്യങ്ങളില്‍ ഒന്നാണ്.' ~ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നേര്‍പ്പിന്റെ സ്വപ്നം.
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്-നിബ്ബ്, 2016 ജനുവപി 10






Friday, January 01, 2016

വയസ്സാകുന്ന പുസ്തകങ്ങളും കവിത പൂക്കുന്ന കാമ്പസും










അതീവ സാമര്‍ത്ഥ്യമുണ്ടെങ്കിലെ കൊല്‍ക്കത്തയിലെ വളഞ്ഞുപുളഞ്ഞു പോകുന്ന തിരക്കേറിയ വഴികളിലൂടെ നിങ്ങള്‍ക്ക് യാത്ര ചെയ്യാനാകൂ. അതിന് കാഴ്ചശക്തിയും വേണം. പക്ഷേ, 22-കാരന്‍ അജയ് സായുവിന് കാഴ്ചയില്ല. എങ്കിലും മേല്‍വിലാസങ്ങള്‍ കണ്ടെത്താന്‍ ചോരത്തിളപ്പിന്റെ പ്രചോദനമുള്ള സായുവിന് അതിനൊരു താമസമില്ല, കാഴ്ചശക്തിയില്ലാത്ത സായുവിന് കൊറിയര്‍ പാക്കറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ ഒരു പിശകുപോലും സംഭവിച്ചിട്ടുമില്ല. കാഴ്ചശക്തിയില്ലാത്ത കൊല്‍ക്കത്തക്കാരന്‍ സായു കൊറിയര്‍ കമ്പനിയില്‍ വിദഗ്ധമായി ജോലി ചെയ്യുന്നതിനെപ്പറ്റിയുള്ള വാര്‍ത്ത വായിച്ചിട്ട് പതിനഞ്ചു വര്‍ഷം കഴിഞ്ഞു. ആത്മാഭിമാനമുള്ള ഒരാളുടെ ദൃഢനിശ്ചയത്തോടെയുള്ള സ്ഥിരോത്സാഹത്തെ തടയാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് അജയ് സായു വ്യക്തമാക്കി. ഈയൊരു വാര്‍ത്താശകലം ഇപ്പോള്‍ ഓര്‍മയിലെത്തിച്ചത് 2015-ലെ മലയാളകവിതകളാണ്. മലയാളത്തിലെ മുഖ്യധാരയിലും അല്ലാത്തതുമായ ആനുകാലികങ്ങളിലും വിശേഷാല്‍പ്രതികളിലുമായി ആയിരത്തിലധികം കവിതകള്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിത എഴുതിയവരില്‍ കെ.ജി. ശങ്കരപ്പിള്ള, കെ. സച്ചിദാനന്ദന്‍, സുഗതകുമാരി, കെ.സി.ഉമേഷ് ബാബു, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിജയലക്ഷ്മി, ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍, കല്‍പ്പറ്റ നാരായണന്‍, റഫീഖ് അഹമ്മദ് തുടങ്ങി ലബ്ധപ്രതിഷ്ഠരും കെ.ആര്‍.ടോണി, എസ്.ജോസഫ്, വീരാന്‍കുട്ടി, പി.രാമന്‍, പി.പി.രാമചന്ദ്രന്‍, എല്‍.തോമസ്‌കുട്ടി മുതലായ അധ്യാപകകവികളും വി.എം.ഗിരിജ, സാവിത്രി രാജീവന്‍, പവിത്രന്‍ തീക്കുനി, റോസ്‌മേരി, സെബാസ്റ്റ്യന്‍, പി.കെ.ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, ജി.സുധാകരന്‍, ബിനോയ് വിശ്വം എന്നിങ്ങനെ ഇതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സോമന്‍ കടലൂരിന്റെ മാര്‍ഗനിര്‍ദേശത്തിലുള്ള പ്ലാവിലക്കവികളും പ്രബന്ധപൂരണ കവികളായ ശൈലനും കുഴൂര്‍ വിത്സനും സജീവമായി രംഗത്തുണ്ടായിരുന്നു. പക്ഷേ, വളഞ്ഞു പുളഞ്ഞു പോകുന്ന മലയാളകവിതയുടെ വഴിയിലൂടെ ഒഴുകിപ്പോകുന്ന മേഘമാലകളെ ആരാണ് തിരിച്ചറിയുക? ഇടിമിന്നലിലൂടെ ശക്തമായി പെയ്തിറങ്ങുമ്പോഴാണ് ഹൃദയം പിളര്‍ക്കപ്പെടുക. അത്തരമൊരു ഗംഭീരനിലയില്‍ സംവേദനം ചെയ്യപ്പെടുന്ന പുതിയ കവിത ഇനിയും എഴുതപ്പെടാനിരിക്കുന്നതേയുള്ളൂ എന്ന് വായനക്കാരനെ ഓര്‍മിപ്പിച്ച സന്ദര്‍ഭങ്ങള്‍ കൂടിയാണ് പിന്നിട്ട വര്‍ഷം.
മലയാളകവിത തളിര്‍ക്കുന്നതും പൂക്കുന്നതും ആനുകാലികങ്ങളിലെ കാമ്പസ്, കോളജ് മാഗസിന്‍, ബാലപംക്തി, പുതുനാമ്പുകള്‍, പുതുമൊഴി തുടങ്ങിയ പേജുകളിലായിരുന്നു. മലയാളകവിതയുടെ കരുത്തുള്ള പൈതൃകം ഓര്‍മ്മിച്ചിട്ടാകാം പുതുലോകത്തിന്റെ കവിത ഏതെന്ന് ആസ്വാദകന്‍ ഇടയ്ക്കിടെ ചോദിക്കുന്നത്. ഈ ചോദ്യത്തെ അഭിമുഖീകരിച്ചത് വിദ്യാര്‍ത്ഥികളാണ്. അവര്‍ ഉള്‍ക്കാഴ്ചയുടെ കാവ്യാംശമുള്ള കവിതകളില്‍ ജീവിതരഹസ്യങ്ങളുടെ നിധിപ്പുരകള്‍ അന്വേഷിച്ചു. ഇതിന് മികച്ച ഉദാഹരണമാണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി അനാമിക ഫസിത എഴുതിയ 'മൂന്നു സെല്‍ഫികള്‍' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, കോളജ് മാഗസിന്‍) എന്ന കവിത. ഫേസ്‌പേജിന്റെയും സെല്‍ഫികളുടെയും ലോകം മനോഹരമായി അടയാളപ്പെടുത്തുന്നു. പ്രണയത്തിനപ്പുറം വിശപ്പ് തന്നെയാണ് ലോകം നേര്‍ക്കുന്നതെന്ന് അനാമിക ഓര്‍മപ്പെടുത്തുന്നു.
പുസ്തകങ്ങള്‍ക്ക് വയസ്സാകുന്നു. ചന്തുമോനോന്റെ ഇന്ദുലേഖ ഒരു നൂറ്റാണ്ട് പിന്നിട്ട, പിറകെ ശാരദയും ആ വഴിയിലെത്തും. രണ്ടു നോവലുകള്‍ക്കും മലയാളത്തില്‍ നാടകരൂപങ്ങളും വന്നു. ആലീസിന്റെ അല്‍ഭുതലോകം ഒന്നര നൂറ്റാണ്ടിലെത്തി. എം.ടിയുടെ മുറപ്പെണ്ണ് (തിരക്കഥ), ഗബ്രിയേല്‍ മാര്‍കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ എന്നിവയും അമ്പത് വയസ്സിലെത്തി. മാര്‍കേസിന്റെ കൃതിയുടെ പ്രശസ്തിക്കു പിന്നിലുള്ള കഥ വിവരിക്കുകയാണ് പോള്‍ എലിയുടെ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ രഹസ്യചരിത്രം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, വിവ: സൗമ്യ ഭൂഷണ്‍) എന്ന ലേഖനം.
ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങളെ വിലയിരുത്തുന്ന ലേഖനത്തില്‍ 'അധരദളപുടം നീ വിടുത്തീടുമ്പോള്‍ അതിലൊരു ശലഭമായ് ഞാനമരും'- (എസ്. ശാരദക്കുട്ടി, മാതൃഭൂമിആഴ്ചപ്പതിപ്പ്) പറയുന്നു:' ഗാനങ്ങള്‍ക്ക് മേലെയാണ് തങ്ങളുടെ കവിതകള്‍ എന്ന് ഗാനരചയിതാക്കളില്‍ പലരും പറയുന്നത് കേള്‍ക്കാറുണ്ട്. ഇതു രണ്ടും സര്‍ഗപ്രകിയയുടെ രണ്ടുതരം ആവിഷ്‌കാരങ്ങളാണെന്നു വിശ്വാസമുള്ളതു കൊണ്ട് അവ തമ്മില്‍ താരതമ്യത്തിന് പ്രസക്തിയില്ലെന്നു കരുതുന്ന കവിയാണ് ശ്രീകുമാരന്‍ തമ്പി. ഒരിക്കല്‍പോലും തന്റെ കവിതയെ ഗാനത്തിന് മുകളില്‍ പ്രതിഷ്ഠിക്കാനുള്ള അമിതാവേശം അദ്ദേഹം കാണിച്ചിട്ടില്ല.
ജനപ്രിയഗാനങ്ങളുടെ സാധാരണ ആസ്വാദകര്‍ രാഗമോ, താളമോ, സാഹിത്യമോ സാങ്കേതികാര്‍ത്ഥത്തില്‍ അറിയുന്നവരാകണമെന്നില്ല. പാടുന്നയാളും കേള്‍ക്കുന്നയാളും പാട്ടും മാത്രമേ അവിടെയുള്ളൂ. എഴുത്തുകാരന്റെ മരണം എന്നത് കൃത്യമായി സംഭവിക്കുന്നത് ചലച്ചിത്രഗാനത്തിലാണ്'. മലയാളത്തിലെ പ്രശസ്തകവികളുടെ ഗാനരചനകളെപ്പറ്റിയുള്ള നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ലേഖികയുടെ പുതിയ വായന ശ്രദ്ധേയമാണ്.
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
ചന്ദ്രിക വാരാന്തപ്പതിപ്പ്, -നിബ്ബ് ,20116 ജനുവരി 3