കേരളത്തിന്റെ പതിമ്മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള സ്‌ത്രീ പ്രതിഭകളുടെ സംഗമവേദിയായിരുന്നു. ചിത്രനിര്‍മ്മിതിയുടെ മുന്നിലും പിന്നിലും നിറഞ്ഞുനിന്ന സ്‌ത്രീ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായ നിരവധി സിനിമകളുണ്ടായിരുന്നു. സ്‌ത്രീകളുടെ സര്‍ഗാത്മകതയുടെ മുന്നേറ്റമായിരുന്നു ഒരര്‍ത്ഥത്തില്‍ കേരളത്തിന്റെ പതിമ്മൂന്നാമത് രാജ്യാന്തര ചലച്ചിത്ര വേദി. ജൂറികളില്‍ അഞ്ചില്‍ നാലുപേരും സ്‌ത്രീകളായിരുന്നു. രാജ്യാന്തര മേളകളില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയവരും പ്രസിദ്ധ സംവിധായികമാരുമാണ് ജൂറിയിലുണ്ടായിരുന്നത്. പല പുരസ്‌കാരങ്ങളുടെയും നിര്‍ണ്ണയ സമിതിയിലും സ്‌ത്രീകളുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സവിശേഷതകള്‍ കൂടാതെ മേളയില്‍ പ്രധാന പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങളും സംവിധാനം ചെയ്‌തത് സ്‌ത്രീകളായിരുന്നു. രാജ്യാന്തരതലത്തില്‍ ചലച്ചിത്രകലയില്‍ സ്‌ത്രീകളുടെ പങ്കും പ്രതിഭാ വിന്യാസവും വര്‍ദ്ധിച്ചുവരുന്നു. ക്യാമറയുടെ മുന്നിലും പിന്നിലും സ്‌ത്രീകള്‍ മുഖ്യപങ്കുവഹിക്കുമ്പോള്‍ വരുന്ന മാറ്റവും കലാത്മകതയും വ്യക്തമാക്കുന്ന ധാരാളം സിനിമകളും പതിമ്മൂന്നാമത് മേളയുടെ തിരശ്ശീലയിലെത്തി. പന്ത്രണ്ടാമത് മേളയുടെ ഉദ്‌ഘാടന ചിത്രം പത്തൊമ്പത് വയസ്സുകാരി ഹന്ന മക്‌മല്‍ ബഫിന്റെ ബുദ്ധ കൊളാപ്‌സ്‌ഡ് ഔട്ട് ഓഫ് ഷെയിം ആയിരുന്നു. ഇറാനിലെ പ്രശസ്‌ത സിനിമാ കുടുംബത്തിലെ ഇളയകുട്ടിയാണ് ഹന്ന. ജീവിതത്തിലെ ഏത് വിഷയവും കരുത്തുറ്റ രീതിയില്‍ ആവിഷ്‌കരിക്കാനും കഥ പറയാനും സ്‌ത്രീകള്‍ക്ക് കഴിയുമെന്ന് ഈ പത്തൊമ്പതുകാരി തന്റെ ആദ്യ ഫീച്ചര്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ബോദ്ധ്യപ്പെടുത്തി. തീവ്രവാദവും അധിനിവേശവും വിതക്കുന്ന വിപത്തുകള്‍ കാഴ്‌ചക്കാരുടെ മനസ്സുകളില്‍ പുതിയ അവബോധം സൃഷ്‌ടിക്കാന്‍ പാകത്തില്‍ ഹന്നയ്‌ക്ക് ബുദ്ധ ഔട്ട് ഓഫ് ഷെയിമിലൂടെ കഴിഞ്ഞിട്ടുണ്ട്. സര്‍ഗാത്മകതയില്‍ പെണ്‍പെരുമ എത്രമാത്രം മുന്നിട്ടുനില്‍ക്കുന്നു എന്നതിന് മികച്ച ഉദാഹരണമാണ് മരിന റോണ്ടന്‍, സമീറ മക്‌മല്‍ ബഫ്, നന്ദിതാ ദാസ്, അഞ്‌ജലി മേനോന്‍ തുടങ്ങിയവര്‍. ഇവരെല്ലാം അവരവരുടെ ചിത്രങ്ങളിലൂടെ നടത്തിയ സാമൂഹിക ഇടപെടലിലൂടെയും സര്‍ഗസാന്നിദ്ധ്യത്താലും അനന്തപുരിയില്‍ കലാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. മരിന റോണ്ടനും അഞ്‌ജലി മേനോനും നന്ദിതാദാസും പുരസ്‌കാരങ്ങളും നേടി.വെനിസ്വലേനിയന്‍ സംവിധായിക മരിന റോണ്ടന്‍ രാജ്യാന്തരതലത്തില്‍ ചലച്ചിത്രപ്രേമികളുടെ പ്രശംസ നേടിയ പ്രതിഭയാണ്. സിനിമയിലും ടെലിവിഷനിലും ഒരുപോലെ പ്രശസ്‌തി കൈവരിക്കാന്‍ മരിനയ്‌ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്.
തിരക്കഥാരചനയും സംവിധാനവും കൂടാതെ നിര്‍മ്മാതാവുമാണ് മരിന റോണ്ടന്‍. സംവിധാനകലയില്‍ മരിനയ്‌ക്കുള്ള പാടവം പ്രതിഫലിപ്പിക്കുന്ന ചിത്രമാണ് നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പോസ്റ്റ് കാര്‍ഡ്‌സ് ഫ്രം ലെനിന്‍ഗാഡ്. കേരളത്തിന്റെ രാജ്യാന്തരമേളയില്‍ ഏറ്റവും മികച്ച സംവിധായികയ്‌ക്കുള്ള ഫിപ്രസി പുരസ്‌കാരം മരിന റോണ്ടനാണ് കരസ്ഥമാക്കിയത്. വെനിസ്വലേയിലെ വിപ്‌ളവകാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ സിനിമയില്‍ പെണ്‍ജീവിതത്തിന്റെ വേദനപ്പാടുകളും ജീവിതപ്രതിസന്ധിയുമാണ് അവതരിപ്പിക്കുന്നത്. വിപ്‌ളവകാരികള്‍ക്ക് ജനിക്കുന്ന ഒരു പെണ്‍കുഞ്ഞിന്റെ കണ്ണിലൂടെ വെനിസ്വലേയുടെ ഒളിപ്പോരാളികളുടെ സാഹസികതയും ആത്മവീര്യവുമാണ് ഈ ചിത്രത്തില്‍ മരിന ആവിഷ്‌കരിച്ചത്. സൂക്ഷ്‌മതയോടെ ചിട്ടപ്പെടുത്തിയ സിനിമയുടെ ഓരോ ഫ്രെയിമും പ്രേക്ഷകരെ കീഴ്‌പ്പെടുത്തുന്നു. ക്യാമറ കൊണ്ട് മനുഷ്യജീവിതമെഴുതുകയാണ് ഈ സംവിധായിക. അല മെഡിനോചി യ മീഡിയ, ലോ ഗൂസീ ഹെറിഡനോ സീ ഹര്‍ട്ട (ടിവി-ചിത്രം) തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് മരിന റോണ്ടനാണ്. ലോക ചലച്ചിത്ര വേദികളില്‍ ശ്രദ്ധേയ വെനിസ്വലേനിയന്‍ സാന്നിദ്ധ്യമാണ് ഇപ്പോള്‍ മരിന റോണ്ടന്‍.
പ്രസിദ്ധ ഇറാനിയന്‍ സംവിധായകന്‍ മുഹ്‌സിന്‍ മക്‌മല്‍ ബഫിന്റെ മകളാണ് സമീറ മക്‌മല്‍ ബഫ്. നൂറുകണക്കിന് രാജ്യാന്തര ഫിലിം ഫെസ്റ്റ്‌വെലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ദ ആപ്പില്‍ എന്ന ചിത്രത്തിലൂടെ ലോകസിനിമയില്‍ മാറ്റത്തിന്റെ തരംഗം സൃഷ്‌ടിച്ചാണ് സമീറ മുന്നേറിയത്. ഇറാനിലെ സാമൂഹിക ജീവിതത്തില്‍, പ്രത്യേകിച്ച് സ്‌ത്രീകള്‍ നേരിടുന്ന പ്രതിബന്ധങ്ങളാണ് സമീറ തന്റെ ചിത്രങ്ങളിലൂടെ ലോകത്തിന്റെ ശ്രദ്ധയില്‍ ചേര്‍ത്തുപിടിക്കുന്നത്. സിനിമ ഇടപെടലിന്റെ കലയായി കാണുന്ന സമീറ ചെയ്‌ത ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്‌തമാണ്. ബ്‌ളാക്ക് ബോര്‍ഡ്, അറ്റ് ഫൈവ് ഇന്‍ ദ ആഫ്‌റ്റര്‍നൂണ്‍, ടൂ ലഗ്‌ഡ് ഹോസസ്, ഗോഡ് കണ്‍സ്‌ട്രക്‌ഷന്‍ ആന്റ് ഡിസ്‌ട്രക്‌ഷന്‍, സപ്‌തംബര്‍ പതിനൊന്ന് മുതലായ സിനിമകള്‍ സമീറക്ക് സ്വന്തം നാട്ടില്‍ നിരവധി പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചിട്ടുണ്ട്. എങ്കിലും ഒരു കലാകാരി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ സദാ ജാഗരൂകയാണ് സമീറ മക്‌മല്‍ ബഫ്. കേരളത്തിന്റെ പതിമ്മൂന്നാമത് രാജ്യാന്തരമേളയില്‍ ജൂറിമാരിലൊരാളായിരുന്നു സമീറ.1998-ല്‍ ലണ്ടന്‍ ഫെസ്റ്റില്‍ സുതര്‍ലാന്റ് ട്രോഫി, സ്വിറ്റ്‌സര്‍ലാന്റില്‍ ഇന്റര്‍നാഷണല്‍ ക്രിട്ടിക്‌സ് പ്രൈസ്, ഗ്രീസില്‍ തസ്ലോണിക്ക ഫെസ്റ്റില്‍ സ്‌പെഷ്യല്‍ പുരസ്‌കാരം, 1999-ല്‍ അര്‍ജന്റീന ഇന്റിപെന്റര്‍ സിനിമ സ്‌പെഷ്യല്‍ അവാര്‍ഡ്, ക്രിട്ടിക്‌സ് പ്രൈസ്, ഓഡിയന്‍സ് പ്രൈസ്, 2000-ല്‍ കാനില്‍ ജൂറി സ്‌പെഷ്യല്‍ അവാര്‍ഡ്, യുനസ്‌കോയുടെ ഫെഡറിക്കോ ഫെല്ലനി മെഡല്‍, ഗിഫോണി ഫെസ്റ്റില്‍ ഗിഫോണി മേയര്‍ പ്രൈസ്, ഫ്രാന്‍സ്‌കോയിസ് പ്രൈസ്, സ്‌പെഷ്യല്‍ കള്‍ച്ചറല്‍ പ്രൈസ്, അമേരിക്കയില്‍ ഗ്രാന്റ് ജൂറി പ്രൈസ്, 2003-ല്‍ കാനില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്, കാനില്‍ ഇക്യുമെനിക്കല്‍ ജൂറി പ്രൈസ്, ഇന്ത്യന്‍ ഫിലിം ഫെസ്റ്റില്‍ രജത ചകോരം, 2004-ല്‍ സിങ്കപ്പൂര്‍ യൂത്ത് സിനിമ അവാര്‍ഡ്, 2008-ല്‍ സാന്‍സബാസ്റ്റ്യന്‍ ഫെസ്റ്റില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം തുടങ്ങിയവക്ക് സമീറ അര്‍ഹയായിട്ടുണ്ട്. പിതാവും പ്രശസ്‌ത ഇറാനിയന്‍ സംവിധായകനുമായ മൊഹ്‌സന്‍ മക്‌മല്‍ ബഫിന്റെ ചിത്രമായ ദ ബൈസിക്കളില്‍ ഏഴാമത്തെ വയസ്സില്‍ അഭിനയിക്കാനും സമീറക്ക് സാധിച്ചു. സംവിധായിക, തിരക്കഥാകൃത്ത്, അഭിനേത്രി എന്നിങ്ങനെ സര്‍ഗാത്മകതലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതിഭയാണ് സമീറ മക്‌മല്‍ ബഫ്.
നന്ദിതാ ദാസ് നടിയെന്ന നിലയില്‍ മലയാളിക്ക് സുപരിചിതയാണ്. അഭിനയകലയോടൊപ്പം സംവിധാനവും തനിക്ക് വഴങ്ങുമെന്ന് നന്ദിതാ ദാസ് വ്യക്തമാക്കിയ സിനിമയാണ് ഫിറാഖ്. രാജ്യാന്തര മേളയില്‍ പ്രേക്ഷകപങ്കാളിത്തം നേടിയ ചിത്രങ്ങളിലൊന്ന്. ഗുജറാത്ത് കലാപാനന്തര നാളുകളുടെ പശ്ചാത്തലത്തില്‍ ജനജീവിതം നേരിടുന്ന വിഷമവൃത്തങ്ങളാണ് നന്ദിത ഈ സിനിമയിലൂടെ പറയുന്നത്. ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രതിബന്ധങ്ങളുടെ ആഴക്കാഴ്‌ചയിലേക്കാണ് സംവിധായിക പ്രേക്ഷകരെ നടത്തിക്കുന്നത്. അഭിനയലോകത്ത് മികച്ച പ്രകടനം കാഴ്‌ചവച്ച നന്ദിത്‌ക്ക് ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2001-ല്‍ ഭവാന്ദര്‍ എന്ന സിനിമയിലൂടെ മികച്ചനടിക്കുള്ള സാന്താമോണിക്ക ഫിലിം ഫെസ്റ്റ് അവാര്‍ഡ് നേടി. തുടര്‍ന്ന് 2002-ല്‍ അമര്‍ഭവനിലൂടെ കെയ്‌റോ, സീ സിനി എന്നീ അവാര്‍ഡുകളും 2006-ല്‍ കാംലിയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരം, ഫിറാഖിന് 2008-ല്‍ മികച്ച ചിത്രത്തിനും തിരക്കഥയ്‌ക്കും ഏഷ്യന്‍ ഫെസ്റ്റ് അവാര്‍ഡ്, മികച്ച ചിത്രത്തിനുള്ള പര്‍പ്പിള്‍ ഓര്‍ച്ചിഡ് അവാര്‍ഡ്, 2008-ല്‍ കേരളത്തിന്റെ രാജ്യാന്തര മേളയില്‍ സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം. 2009-ല്‍ താസലോണിയ ഫെസ്റ്റില്‍ സ്‌പെഷ്യല്‍ പ്രൈസ്സ് എന്നിവ നേടി. ചിത്രകാരനായ ജതിന്‍ ദാസിന്റെയും എഴുത്തുകാരി വര്‍ഷാ ദാസിന്റെയും മകളാണ് നന്ദിത. ഭര്‍ത്താവ് സൗമ്യ സെന്‍.
മഞ്ചാടിക്കുരു എന്ന സിനിമയിലൂടെ നിരവധി അവാര്‍ഡുകള്‍ നേടിയ സംവിധായികയാണ് അഞ്‌ജലി മേനോന്‍. യു. കെ.-യില്‍ ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ അഞ്‌ജലി ഫീച്ചര്‍- നോണ്‍ഫീച്ചര്‍ വിഭാഗത്തില്‍ കൃതികള്‍ ചെയ്യുന്നു. ടെലിവിഷനിലും പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തും സിനിമയുമായും ചാനല്‍ പരിപാടികളുമായും ഉറ്റബന്ധം പലുര്‍ത്തുന്ന അഞ്‌ജലി നിരവധി ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും ചെയ്‌തിട്ടുണ്ട്.മഞ്ചാടിക്കുരു എന്ന സിനിമയില്‍ ഒരു മലയാളിയുടെ ഗൃഹാതുരത്വമാണ് ആവിഷ്‌കരിക്കുന്നത്. അമേരിക്കയില്‍ ജീവിക്കുന്ന പത്തുവയസ്സുകാരനായ വിക്കി എന്ന കുട്ടിയുടെ ഓര്‍മ്മകളിലൂടെ കേരളീയമായ ജീവിതചിത്രം അവതരിപ്പിക്കുന്നു. തറവാട്ടിലെ ഒരു മരണാനന്തരച്ചടങ്ങിന് എത്തിയവരുടെ നിരയിലാണ് ഈ കുട്ടിയും. കേരളീയ പ്രകൃതിയും സാഹചര്യങ്ങളും പ്രവാസികളായ മലയാളികളുടെ പ്രശ്‌നങ്ങളാണ് ഈ ചിത്രത്തില്‍ അഞ്‌ജലി ക്യാമറയിലൂടെ അടയാളപ്പെടുത്തുന്നത്. മഞ്ചാടിക്കുരുവില്‍ ഓര്‍മ്മകളുടെ നനുത്ത സ്‌പര്‍ശവും മനോഹാരിതയും ഒത്തിണങ്ങുന്നു.നാലു സ്‌ത്രീകള്‍ ക്യാമറക്കണ്ണുകളിലൂടെ ജീവിതം ആവിഷ്‌കരിക്കുമ്പോള്‍ അവരവരുടെ സാംസ്‌കാരിക ഭൂപടവും സര്‍ഗാത്മകതയുടെ ഇരമ്പവും അനുഭവിപ്പിക്കുന്നു. പ്രതിഭകളുടെ മാറ്റുരയ്‌ക്കലില്‍ ഈ കലാകാരികള്‍ പ്രേക്ഷകലോകത്തിന്റെ പ്രീതി സമ്പാദിച്ചു. നിരന്തര പ്രയത്‌നവും അന്വേഷണാത്മകതയുമാണ് കലയുടെ രംഗത്തും ജീവിതത്തിലും വിജയത്തിനുള്ള പ്രചോദനമെന്ന് ഇവരുടെ ജീവിതരേഖ വ്യക്തമാക്കുന്നു.
കല
No comments:
Post a Comment