ഏകാന്തം
കാലഘട്ടത്തിലേക്കും ജീവിതത്തിലേക്കുമുള്ള ക്യാമറയുടെ ഇടപെടലാണ് സിനിമ. സൂക്ഷ്‌മതയോടെ ജീവിതത്തിന്റെ വൈവിദ്ധ്യങ്ങള്‍ പകര്‍ത്തെഴുതുന്ന ചലച്ചിത്രം പ്രേക്ഷക മനസ്സില്‍ അവബോധത്തിന്റെയും പാരസ്‌പര്യത്തിന്റെയും അടയാളമായി പതിഞ്ഞുനില്‍ക്കും. മധു കൈതപ്രത്തിന്റെ `ഏകാന്തം' എന്ന സിനിമയും തിരശ്ശീലയില്‍ എഴുതിച്ചേര്‍ത്തത് മറ്റൊന്നല്ല. അകംനോവിന്റെ ആഴക്കാഴ്‌ചകള്‍ മലയാളത്തില്‍ സംഭവിക്കുന്നത് വല്ലപ്പോഴുമാണ്. ആക്രിസിനിമകളും ക്വൊട്ട്വേഷന്‍ ചിത്രങ്ങളും ഉഴുതുമറിക്കുന്ന മലയാളത്തില്‍ മനുഷ്യപ്പറ്റിന്റെ ശീതളസ്‌പര്‍ശം വരദാനംപോലെയാണ് വന്നുനിറയുന്നത്. ആ നിരയിലൊന്നാണ് `ഏകാന്തം'. കാഴ്‌ചയില്‍ തങ്ങിനില്‍ക്കുന്ന ഫ്രെയിമുകളും തിയേറ്ററില്‍ നിന്നും കൂടെപ്പോരുന്ന കഥാപാത്രങ്ങളും ഓര്‍മ്മയില്‍ പതിയുന്ന സംഭാഷണങ്ങളും കൊണ്ട് സമ്പന്നമായ ഏകാന്തം സംവിധായകന്റെ ചിത്രമെന്നപോലെ തിരക്കഥാകൃത്തിന്റെയും ജിവിതമെഴുത്താണ്. ആലങ്കോട് ലീലാകൃഷ്‌ണന്‍ രചിച്ച `ഏകാന്തം' ദൃശ്യപഥത്തിലും വായനയിലും അനുഭവപ്പെടുത്തുന്നതും കണ്ടെടുക്കുന്നതിന്റെയും അവതരണത്തിന്റെയും കലയാണ്; കലോപാസനയാണ്.
ഒറ്റപ്പെടലിന്റെ പാഠപുസ്‌തകമാണ് ആലങ്കോട് ലീലാകൃഷ്‌ണന്റെ `ഏകാന്തം'എന്ന തിരക്കഥ. ബന്ധങ്ങളുടെ വേര്‍പ്പാടില്‍ മനസ്സുനീറുന്ന കുറെ മനുഷ്യരാണ് ഏകാന്തത്തിന്റെ തിരഭാഷയിലുള്ളത്. അവര്‍ ഓരോരുത്തരും അനുഭവിക്കുന്ന ജീവിതാവസ്ഥ വ്യത്യസ്‌തമാണ്. എങ്കിലും അവരെല്ലാം പങ്കുപറ്റുന്ന നൊമ്പരങ്ങള്‍ ഒന്നുതന്നെയാണ്. ജീവിതത്തിന്റെ വിവിധ സന്ദര്‍ഭങ്ങളില്‍ നിനച്ചിരിക്കാതെ ഒറ്റപ്പെട്ടുപോകുമ്പോള്‍ പലരും പകച്ചുപോകുന്നു. സ്‌നേഹത്തിന്റെ പച്ചപ്പിലൂടെ അതിജീവനം കൊതിക്കുന്നവരുമുണ്ട്. ഏകാന്തത, വാര്‍ദ്ധക്യം, രോഗം തുടങ്ങിയ മനുഷ്യാവസ്ഥകളില്‍ ആരും ആഗ്രഹിച്ചുപോകുന്ന നിരുപാധിക സ്‌നേഹമാണ് `ഏകാന്ത'ത്തിന് അടിസ്ഥാനധാരയായി സ്വീകരിച്ചത്.``നീ പോയാല്‍ എനിക്കു പിന്നെ ആരാടോ ഉള്ളത്''?-(സീന്‍-2) എന്നിങ്ങനെ ഏകാന്തത്തിലെ കേന്ദ്രകഥാപാത്രമായ കെ. പി. എ. മേനോന്‍ (തിലകന്‍) ചോദിക്കുന്നുണ്ട്. ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ക്കൊടുവില്‍ ജാതകം ഒഴുക്കുന്ന മേനോന്റെ ഓര്‍മ്മയുടെ നിറവിലാണ് ബന്ധങ്ങളുടെ അകവരമ്പിലൂടെ അയാള്‍ നടന്നുപോകുന്നത്. കെ. പി. എ. മേനോന് നഷ്‌ടപ്പെടുന്നത് ഭാര്യയും രാവുണ്ണി മേനോനു(മുരളി)മാണ്. രണ്ടുപേരും വിടവാങ്ങിയത് മരണത്തിലേക്കും. പിന്നെയും ജീവിതം താങ്ങി നടക്കുന്ന മേനോന്‍ ചിത്രാന്ത്യത്തില്‍ വിജനതയിലേക്ക് നോക്കിനില്‍ക്കുന്നു. ഒരുതരത്തിലുള്ള അലിഞ്ഞുചേരല്‍.ഏകാന്തത്തിലെ എല്ലാ കഥാപാത്രങ്ങളും മനംപൊള്ളുന്ന പാതയിലൂടെ നടന്നുപോകുന്നവരാണ്. അവര്‍ സ്‌നേഹം കൊതിക്കുന്നു. സാന്ത്വനത്തിന്റെ വിരല്‍സ്‌പര്‍ശം ആഗ്രഹിക്കുന്നു. വേഗതയോടൊപ്പം കുതിക്കാന്‍ വിധിക്കപ്പെട്ട ലോകത്ത് ഒറ്റപ്പെടുന്നവരുടെ മുറിപ്പാടുകള്‍ ആരാണ് തിരിച്ചറിയുന്നത്? അവരുടെ ഹൃദയവേപഥുകളിലേക്കാണ് ഏകാന്തത്തിന്റെ തിരക്കഥാകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. എഴുത്തിന്റെയും ദൃശ്യത്തിന്റെയും പാകപ്പെടുത്തലാണ് തിരക്കഥയുടെ മേന്മകളിലൊന്ന്. സാഹിത്യവും സിനിമയും ഇഴുകിച്ചേരുന്നതിന്റെ മനോഹാരിതയും ആത്മസ്‌പര്‍ശവും ഏകാന്തത്തിലുണ്ട്.
കോട്ടേപാടത്ത് പയ്യാനക്കല്‍ തറവാടും ഗ്രാമവും ഉള്ളുരുക്കം പേറുന്നവരുടെ കഥാഭൂമികയാവുന്നു. തറവാട്ടിലെത്തുന്നവരും അകന്നുപോകുന്നവരും. എല്ലാവരും ദൂരത്തേക്ക് മാറിപ്പോവുന്ന ജീവിതത്തിലൂന്നി രാവുണ്ണി മേനോന്‍ പറയുന്നന്നു: ``സുഖം. ഭാര്യപോയി. മക്കളും അടുത്തില്ല. സുഖം...പരമസുഖം....? (സീന്‍-11). വാര്‍ദ്ധക്യത്തിന്റെ വേവലാതി ഏകാന്തത്തിന്റെ സീനുകളില്‍ ഇരമ്പം തീര്‍ക്കുന്നു. മക്കള്‍ അകലങ്ങളില്‍ ജോലിത്തിരക്കുകളില്‍ മുങ്ങിനില്‍ക്കുന്നു. വീട്ടില്‍ വിങ്ങുന്ന മനസ്സുകള്‍ നോക്കെത്താദൂരത്ത് കണ്ണുകളര്‍പ്പിച്ചു കഴിയുന്നു. വര്‍ത്തമാന ജീവിത്തത്തിന്റെ വിഷമവൃത്തത്തില്‍ നിന്നും മലയാളിക്കും വേറിട്ടുനില്‍പ്പില്ല. കരുണം, തനിയെ, ഏകാന്തം എന്നിവ പറയുന്നത് ഈയൊരു യാഥാര്‍ത്ഥ്യമാണ്. പുതിയകാലത്തിന്റെ ആര്‍ക്കും വിട്ടുനില്‍ക്കാന്‍ സാധിക്കാത്ത ജീവിതാവസ്ഥയാണ്. അത് ആലങ്കോട് ലീലാകൃഷ്‌ണന്‍ ഭംഗിയായി `ഏകാന്ത' ത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. തിലകനും മധുകൈതപ്രത്തിനും ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത `ഏകാന്തം'മലയാളത്തിലെ തിരക്കഥാകൃതികളില്‍ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്‌തകങ്ങളിലൊന്നാണ്.
-ചന്ദ്രിക വാരാന്തപ്പതിപ്പ്
ഏകാന്തം
ആലങ്കോട് ലീലാകൃഷ്‌ണന്‍
ഡിസി ബുക്‌സ്‌വില- 55 രൂപ
No comments:
Post a Comment